Tuesday, January 29, 2008

മാതാ അമൃതാനന്ദമയിയും ഞാനും

മാതാ അമൃതാനന്ദമയിയുമായുള്ള എന്റെ അഭിമുഖത്തിന്റെ സാന്ദര്‍ഭിക വിവരണം.

വള്ളിക്കാവിലെ അമ്മ സ്ഥലത്തെത്തുമ്പോള്‍ ഇന്റെര്‍വ്യൂ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ പലപ്പോഴും വാര്‍ത്ത വായനക്കാരനായും ഇന്റെര്‍വ്യൂവറായും മറ്റും വിവിധ വേഷങ്ങള്‍ കെട്ടാറുള്ള മലയാളം റ്റി. വി.സ്റ്റേഷന്‍ തകൃതിയില്‍ ചെയ്തുവച്ചു. പ്രൈവറ്റ് ഇന്റെര്‍വ്യൂ അമൃതാനന്ദമയി‍ ഒരിക്കലും നല്‍കാറില്ല. ഭക്തരെ സ്വീകരിക്കുമ്പോള്‍ തന്നെ അമ്മയുമായി സംഭാഷണത്തില്‍ ഇടപെടാം. ആശ്ലേഷാശീര്‍വാദങ്ങള്‍ ഇടമുറിയാന്‍ സമ്മതിയ്ക്കുകയില്ല അവര്‍. ബി. ബി. സിയ്ക്കോ എന്‍. ബി. സിയ്ക്കോ മറ്റു ലോകത്തിലെ വിഖ്യാത മീഡിയയ്ക്കോ പോലും ഇങ്ങനെയുള്ള അഭിമുഖമേ തരപ്പെടാറുള്ളു. ക്യാമ്പ് സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചോദ്യങ്ങള്‍ ഇ മെയിലായി നേരത്തെ അയച്ചു കൊടുത്തു. ഏഴോ എട്ടോ ചോദ്യങ്ങള്‍ മതി, സംഘാടകര്‍ നിര്‍ദ്ദേശിച്ചു. ഞാനൊരു ഭക്തനോ വിശ്വാസിയോ അല്ലാത്തതിനാല്‍ അമ്മയുടെ ഭക്തരായ സുഹൃത്തുക്കളോട് കാര്യങ്ങള്‍ അന്വേഷിച്ചു. ഒന്നോ രണ്ടോ നിമിഷം മാത്രം അമ്മയുമായുള്ള കൂടിക്കാഴ്ച ലഭിക്കാറുള്ള അവര്‍ അദ്ഭുതപ്പെട്ടു, മാതാ അമൃതാനന്ദമയിയെ ഇന്റെര്‍വ്യൂ ചെയ്യുകയോ? വിശ്വസിക്കാന്‍ പ്രയാസം. എങ്കിലും അഭിനന്ദനങ്ങള്‍ അറിയിച്ചു. അസൂയയുണ്ടെന്നു മറ്റു ചിലര്‍. ഒരു ഇന്റെര്‍വ്യൂവില്‍ അമ്മ എങ്ങനെ പെരുമാറുമെന്ന് അവര്‍ക്ക് അറിവില്ല. സാമീപ്യത്തില്‍ വിദ്യുത് തരംഗങ്ങള്‍ നമ്മിലേക്കു പ്രവഹിക്കുമെന്നും അവാച്യമായ ഊര്‍ജ്ജം നമുക്കനുഭവപ്പെടുവുമെന്നായി മറ്റു ചില സുഹൃത്തുക്കള്‍. അതുകൊണ്ട് സാധാരണ ഇന്റെര്‍വ്യൂകളില്‍ കൂടുതല്‍ മന:സാന്നിധ്യം വേണ്ടിവന്നേയ്ക്കുമെന്ന് ഞാന്‍ കരുതി.

സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ അമ്പരന്നു. ജനസഹസ്രം. തലേ ദിവസം മുതല്‍ ക്യൂ നില്‍ക്കുന്ന ഭക്തര്‍. ഭക്തരെ ആലിംഗനം ചെയ്യുന്നതിനിടയ്ക്കു തന്നെ ചോദ്യങ്ങള്‍ ചോദിക്കണം. സ്റ്റുഡിയോയിലെ പരിചയം പോര. സ്റ്റുഡിയോയ്ക്കു പുറത്തും ഇന്റെര്‍വ്യൂകള്‍ നടത്തിയിട്ടുണ്ടെങ്കിലും തുടക്കവും ഒടുക്കവുമൊക്കെ ഞാന്‍ നിശ്ചയിക്കാറാണ് പതിവ്. ഇവിടെ എപ്പോള്‍, എങ്ങനെ തുടങ്ങണമെന്നു പിടിയില്ല. സ്ഥിതിഗതികള്‍ കൃത്യവും നിയന്ത്രിതവുമാണ്. അവരുടെ സംഘത്തിലെ രണ്ടു ക്യാമെറമെന്‍, ഒരു അമേരിക്കനും ഒരു ജാപ്പനീസും അവരുടെ ക്യാമെറകളില്‍ വെവ്വേറെ നോക്കി എന്റെ പേര്‍ പറയാന്‍ നിര്‍ദ്ദേശിച്ചു. This is for our record. അവര്‍ പറഞ്ഞു. ആളുകള്‍ നിരനിരയായി വന്നു പോകുകയാണ്, അമ്മ ആലിംഗനം ചെയ്യുന്നു, ചെവിയില്‍ ആശ്വാസവചനങ്ങള്‍ ഓതുന്നു. പരിചാരികമാര്‍ പൂവും പ്രസാദവും നല്‍കി വിടുന്നു. അമ്മയോടൊപ്പം ഒരുവശത്ത് ഞാനും കുന്തിച്ചിരുന്നു. ശങ്കിച്ചു നില്ക്കുന്ന എന്നോട് പുറകില്‍ നില്‍ക്കുന്ന സ്വാമിജിമാര്‍ നിര്‍ദ്ദേശിച്ചു. തുടങ്ങിക്കോളൂ. അമ്മ തലകുലുക്കി സമ്മതം അറിയിച്ചു.

ചോദ്യങ്ങളടങ്ങിയ ഇ-മെയില്‍ കൈപ്പറ്റിയ സംഘാടകരെ ഒന്നും കാണുന്നില്ല. എന്നാല്‍ എനിയ്ക്കു ചില സ്വാതന്ത്ര്യങ്ങള്‍ കാണുമായിരിക്കുമല്ലൊ. അല്ലെങ്കിലും ചോദ്യങ്ങള്‍ നേരിടാതെ വഴുതാന്‍ സാദ്ധ്യതയുള്ളവ ചോദിക്കാനോ അത്തരം കാര്യങ്ങളിലേക്കു കടക്കാനോ എനിയ്ക്ക് പദ്ധതിയില്ലായിരുന്നു. അതുകൊണ്ട് ആദ്യത്തെ ചോദ്യം സ്വല്‍പ്പം കുസൃതി കലര്‍ന്ന ഇതുതന്നെ: “എപ്പോഴും ഒരു ചിരിയാണല്ലൊ. ഇതെവിടുന്നു വരുന്നു ഈ ചിരി? ഉള്ളിലും ചിരിയാണോ?” ഇതു കേട്ടതും അവര്‍ ആര്‍ത്തു ചിരിച്ചതും ഒന്നിച്ചായിരുന്നു. ഇത്തരം ഒരു ചോദ്യം ആരും അവരോട് ചോദിച്ചിട്ടില്ലെന്ന മട്ടില്‍. കുലുങ്ങിച്ചിരിച്ചപ്പോള്‍ പുറകോട്ട് ആഞ്ഞതിനാല്‍ ആലിംഗനം ചെയ്യാന്‍ നിന്ന ചെറുപ്പക്കാരനില്‍ നിന്നും പിടി വിട്ട പോലെയായി. “മോന്റെ ചിരി എവിടുന്നു വരുന്നു? കണ്ണാടിയില്‍ പോയി നോക്കിക്കേ എന്തു നല്ലതാ മോന്റെ ചിരി “എന്ന മറുപടിയാല്‍ എന്നെ നേരിട്ടു. ഇതോടെ ഞങ്ങള്‍ “ വണ്‍-ഓണ്‍ വണ്‍” എന്ന പോലത്തെ സ്ഥിതിയിലായ, രണ്ടു പരിചയക്കാരുടെ കുശലപ്രശ്നം എന്ന തലത്തിലേക്ക് നീങ്ങി. പിന്നെയങ്ങോട്ട് എളുപ്പമായി കാര്യങ്ങള്‍.ഇടതടവില്ലാതെ സംഭാഷണം. എല്ലാ വാചകവും “എന്റെ മോനേ” എന്നു തുടങ്ങിയാണ്. അവരിലെ സാധാരണ സ്ത്രീ എന്റെ മുന്നില്‍ അവതരിച്ച പോലെ തോന്നി. മാതാ അമൃതാനന്ദമയി വള്ളിക്കാവില്‍ നിന്നുള്ള സുധാമണിയമ്മ ആയി. ഈ പാട്ടൊക്കെ എങ്ങനെ പാടുന്നു, പഠിച്ചിട്ടുണ്ടോ എന്നതിനു തെല്ലു ക്ഷമാപണം കലര്‍ന്ന മറുപടി വിസ്മയിപ്പിച്ചു എന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതോ അദൃശ്യ ശക്തികള്‍ പ്രവഹിച്ച് ഇല്ലാത്ത കഴിവുകള്‍ ദൈവീകമായി ഉണ്ടായി വരുന്നതാണെന്നൊക്കെയാണ് ഗുരു/ഗോഡ്മെന്‍ സ്ഥാനീയര്‍ ഇന്റെര്‍വ്യൂകളില്‍ പറയാറ്. “എന്റെ മോനെ ഞാന്‍ വളര്‍ന്ന സ്ഥലത്ത് നല്ല ഒരു അമ്പലം പോലുമില്ലായിരുന്നു. ഞാനെവിടുന്നാ പാട്ടു പഠിയ്ക്കുന്നത്. മനസ്സില്‍ തോന്നിയത് പാടുന്നു. അത്ര തന്നെ”.‍അമ്മയുടെ വാക്കുകള്‍ക്ക് വിലയുള്ള കാലമാണെന്നും ബാലപീഡന (child abuse)ത്തിനെതിരെ സര്‍വ്വശക്തിയോടെയും നീങ്ങണമെന്നും എന്റെ അപേക്ഷ ഞാന്‍ നിരത്തി. ചോദ്യത്തിനു കൂടുതല്‍ വിശദീകരണത്തിനു‍ പുറകില്‍ നിന്നിരുന്ന സ്വാമിജിയെ നോക്കി. അദ്ദേഹം ബാലവേല എന്ന വാക്കാണ് പറഞ്ഞു കൊടുത്തത്. അതു കൊണ്ട് മറുപടിയും ബാലവേലയില്‍‍ ചുരുങ്ങിപ്പോയി. “പഷ്ണി (“പഷ്ണി” എന്ന നാടന്‍ വാക്കുതന്നെയാണ് അവര്‍ ഉപയൊഗിച്ചത്) കാരണമാ മോനേ കുഞ്ഞുങ്ങള്‍ ജോലി ചെയ്യേണ്ടി വരുന്നത്. ആദ്യം അവരുടെ പഷ്ണി മാറട്ടെ”. ഭക്തി, വിശ്വാസം, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ, മദ്യപാനശീലം ഇതൊക്കെ പിന്നെ അഭിമുഖവിഷയങ്ങളായി.

ഞാനുമായുള്ള സംഭാഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടോ എന്തോ ആദ്യം ആശ്ലേഷിച്ച ഭക്തനെ വിട്ട് അടുത്തയാളെ സ്വീകരിച്ചില്ല അവര്‍. അങ്ങനെ എന്റെ അഭിമുഖം തീരുന്നതുവരെ അവിടെ എല്ലാം നിലച്ചതുപോലെയായി. ചെറുപ്പക്കാരന് ഇതില്‍പ്പരം സന്തോഷമുണ്ടായിട്ടില്ല എന്ന് പിന്നീട് പറഞ്ഞു. ആര്‍ക്കും ഇത്രയും നീണ്ട ആശ്ലേഷം കിട്ടാറില്ലല്ലൊ. സ്റ്റുഡിയോയില്‍ നിന്നും എനിയ്ക്കു കിട്ടിയ, ഇന്റെര്‍വ്യൂ റെക്കോര്‍ഡ് ചെയ്ത ഡി. വി. ഡി ‍ എന്നില്‍ നിന്നും വാങ്ങിയത് അയാള്‍ പൊന്നു പോലെ സൂക്ഷിച്ച് വച്ചിരിക്കുന്നു.

Saturday, January 26, 2008

എം. ടി. യും ഞാനും

നാലഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പു ശ്രീ എം.ടി. വാസുദേവന്‍ നായരുമായി നടത്തിയ ഒരു ഇന്റെര്‍വ്യൂവിന്റെ ഓര്‍മ്മക്കുറിപ്പ്.

ഭാരതീയ ഭാഷാകൃതികളുടെ ഇംഗ്ലീഷ് തര്‍ജ്ജിമകളെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ എം. ടി. ക്യാമ്പസില്‍‍ വന്നിട്ടുണ്ടെന്നറിഞ്ഞു. സ്ഥലത്തെ ഒരു പ്രാദേശിക മലയാള-റ്റെലിവിഷന്‍ ചാനലില്‍ വാര്‍ത്ത വായിക്കുകയും പ്രോഗ്രാം അവതരിപ്പിക്കുകയും സെലിബ്രിറ്റീസ്നെ ഇന്റെര്‍വ്യൂ ചെയ്യലും ഒക്കെ എന്റെ വിനോദങ്ങളില്‍ പെടാറുള്ളതുകൊണ്ട് അദ്ദേഹവുമായി ഒരു അഭിമുഖം തരപ്പെടുത്താന്‍ ആശിച്ചു. സെമിനാറില്‍ പങ്കെടുത്ത് ചില ചോദ്യങ്ങളൊക്കെ ചോദിച്ച് ഞാന്‍ മനപൂര്‍വം“നോട്ടപ്പുള്ളി“ യായി. കാപ്പി/ചായ കുടിയ്ക്കാനുള്ള ഇടവേളയില്‍ അദ്ദെഹവുമായി കുശലപ്രശ്നങ്ങളായി. ഇന്റെര്‍വ്യൂവിന് സമ്മതം. റ്റെലിവിഷന്‍ പ്രോഗ്രാം ഇന്‍ ചാര്‍ജ് സതീഷ് മേനോന്‍ (“ഭവം”‘ എന്ന അവാര്‍ഡ് സിനിമയുടെ സംവിധായകന്‍.ജ്യോതിര്‍മയിക്ക് കേന്രസര്‍ക്കാറിന്റെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് കിട്ടി ഭവത്തിലെ അഭിനയത്തിന്) ബാക്കി കാര്യങ്ങള്‍ ഏറ്റെടുത്തു. എം. ടിയ്ക്ക് എളുപ്പത്തിന് ദൂരെയുള്ള സ്റ്റുഡിയോയില്‍ പോകാതെ ക്യാമ്പസില്‍ തന്നെ ഇന്റെര്‍വ്യൂ നടത്താം. സ്ഥിരം ക്യാമെറാമാന്‍ അവധിയിലാണ്. സതീഷിന്റെ പരിശ്രമത്താല്‍ ഒരു പോളിഷ് സ്റ്റുഡിയോയിലെ ക്യാമെറാമാന്‍ വരാമെന്നു സമ്മതിച്ചു.

രാത്രിയില്‍ തന്നെ ഇന്റെര്‍വ്യൂവിനു ഒരു ഫോര്‍മാറ്റും ചോദ്യങ്ങളും എഴുതിയുണ്ടാക്കി. സ്വതവേ മിതഭാഷിയായ എം. ടി യില്‍ നിന്നും എന്തൊക്കെ പുറത്തെടുക്കാന്‍ പറ്റും? വേവലാതിയുണ്ട്. പിറ്റേന്ന് വൈകുന്നേരം എല്ലാവരും റെഡി. ക്യാമ്പസിലെ ഒരു ഹോടലിന്റെ റിസപ്ഷന്‍ സ്ഥലം വെടിപ്പാക്കി എടുത്തിട്ടുണ്ട് സതീഷ്. “പതിനഞ്ചു മിനുട്ടു വല്ലതും മതി” എം. ടി. പറഞ്ഞു. വളരെ നീണ്ട ചോദ്യാവലിയുമായി റെഡിയായ ഞാന്‍ എന്തൊക്കെ, ഏതൊക്കെ ചോദിക്കുമെന്ന കുഴപ്പത്തിലായി. കഥയെഴുത്തുകാരനോട് “കഥയുടെ ഡി. എന്‍. എ“ എന്ന വിഷയം തന്നെ ചോദ്യമായി തുടക്കമിട്ടു. പെട്ടെന്ന് വാചാലനായ അദ്ദെഹം മനം തുറന്നു സംസാരിച്ചു തുടങ്ങി. കഥയുടെ ഉറവ്, കഥകളിലെ സ്ത്രീ സാന്നിദ്ധ്യം, സിനിമയുമായുള്ള ബന്ധം,, സ്ക്രിപ്റ്റ് എഴുത്ത്, അങ്ങനെ എന്റെ ചോദ്യങ്ങളുമായി സംഭാഷണം മുറുകി. ചുളുവില്‍ അദ്ദേഹത്തിന്റെ പണ്ടത്തെ ചില ദുശ്ശീലങ്ങളെക്കുറിച്ച് ആരാഞ്ഞു. മദ്യപാനത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. പതിനഞ്ചു മിനുട്ട് അനുവദിച്ചു തന്നിരുന്നത് ഒരു മണിക്കൂറ് ഇരുപതു മിനുട്ട് നീണ്ടു. ഇത് എന്റെ ചോദ്യങ്ങളുടെ രസം കൊണ്ടായിരുന്നു എന്ന് എന്റെ അഹങ്കാരം. അന്നു രാത്രിയില്‍ ഉറക്കം വരാതിരുന്നത് സന്തോഷം കൊണ്ടു മാത്രമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

പിറ്റേന്നും അദ്ദേഹത്തിന്റെ ചില്ലറ യാത്രകള്‍ക്കു ഞാന്‍ തന്നെ സാരഥി. പൊടുന്നനവേ നിശബ്ദത പിളര്‍ന്ന് നമ്മോട് വളരെ അടുപ്പത്തില്‍ സംസാരിക്കുമെന്നത് കൌതുകമായി. സാഹിത്യം, കല,സിനിമ,കഥകളി, സാമൂഹ്യപ്രശ്നങ്ങള്‍, മലയാളിയുടെ വിഹ്വലതകള്‍‍ എന്നിങ്ങനെ സംഭാഷണം പലപ്പോഴും കാടുകയറി. മലയാളികളുടെ കയ്യിലൊക്കെ ഓരൊ ഓടക്കുഴല്‍ ഉണ്ടെന്നും അത് ചങ്ങമ്പുഴ വച്ചു കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു’ എന്നത് അതുകൊണ്ട് അന്വര്‍ത്ഥമാണെന്നും അഭിപ്രായപ്പെട്ടു. പിറ്റേന്നുള്ള ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചത് ങങ്ങളുടെ സംഭാഷണ വിഷയങ്ങളെ ആസ്പദമാക്കിയതുകൊണ്ട് എന്റെ പേരു ആവര്‍ത്തിച്ചു വന്നുകയറീ. കൂടെ ചെറിയ ചില പുകഴ്ത്തലുകളും. സദസ്സിന്റെ കോണില്‍ “ഞാനാരാ മോന്‍“ എന്നു ഞെളിഞ്ഞു നില്‍ക്കാന്‍ ഞാനും.

പിറ്റേ ദിവസം അവസാനം കൂടിക്കാഴച്ചയ്ക്കു അദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ ചെന്നു. കണ്ണടയ്ക്കിടയിലൂടുള്ള ആ ചുഴിഞ്ഞനോട്ടം സമ്മാനിച്ചിട്ട് പെട്ടെന്നു അകത്തേയ്ക്കു കയറിപ്പോയി. ഞാന്‍ അന്ധാളിച്ചു. താമസിച്ചു പോയോ? എന്നെ മറന്നു പോയോ? നേരത്തെ ഒരു സിനിമാ-സാഹിത്യകാരനില്‍ നിന്നും സ്വല്‍പ്പം താമസിച്ചതിനു വയറു നിറയേ ശകാരം കിട്ടിയത് ഓര്‍മ്മിച്ചു. അധികം താമസിയാതെ അദ്ദേഹം ഇറങ്ങിവന്നു ഒരു പുസ്തകം വച്ചു നീട്ടി, നിസ്സംഗഭാവം വെടിയാതെ. “ ഈ ഒരു കോപ്പിയേ കയ്യിലുള്ളു”. രണ്ടാമൂഴം! Author's copy എന്ന സീലടിച്ചത്! “സ്നേഹപുരസ്സരം” എന്നും
എന്റെ പേരും എഴുതിയതിനു താഴെ ചരിത്രപ്രസിദ്ധമായ ആ കയ്യൊപ്പും.

അന്നു രാത്രിയും ഉറക്കം വരാതിരിക്കാന്‍ എനിയ്ക്കു വേറേ കാരണമൊന്നും വേണ്ടി വന്നില്ല.

------------------------------------------------------------------
അടുത്തത്: മാതാ അമൃതാനന്ദമയിയും ഞാനും

Thursday, January 3, 2008

“കേളി”യില്‍ എന്റെ ലേഖനം

പ്രിയപ്പെട്ടവരെ:
ഈ ജനുവരിയിലെ ലക്കം “കേളി” എന്ന ദ്വൈമാസികയില്‍ എന്റെ “ഭരതനാട്യം-ഒരു ആധുനിക നൃത്തരൂപം” എന്ന ലേഖനം പ്രസിദ്ധീകരിച്ചു വരികയാണ്. കേരള സംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം ആണ് ‘കേളി’. ബ്ലോഗില്‍ എന്റെ ലേഖനം വായിച്ച ഒരു സാഹിത്യകാരന്‍ റെക്കമെന്റ് ചെയ്തതാണ്. പ്രിന്റ് മീഡിയത്തില്‍ ബ്ലോഗ് വരുന്നതിനെച്ചൊല്ലി കോലാഹലം ഉണ്ടെന്നറിയാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് അംഗീകാരത്തിന്റെ ലക്ഷണം മാത്രമാണ്. കഴിഞ്ഞ ഏപ്രിലില്‍ എഴുത്തു പരിചയം അത്രയൊന്നുമില്ലാതെ വെറുതെ കയറി വന്നവനാണു ഞാന്‍. എന്നെ ഇത്രയും എത്തിച്ചത് നിങ്ങളെല്ലാവരുമാണ്. കമന്റുകളിലൂടെ പ്രോത്സാഹിപ്പിച്ചും കൂടുതല്‍ വായിച്ചും “ഇവിടെത്തന്നെ നിന്നോളൂ‘ എന്നു പറഞ്ഞ നിങ്ങളോട് എങ്ങനെയാണ് നന്ദി പറയുക? എന്നെ ബലമായി ഇവിടെക്കൊണ്ടു നിറുത്തിയ സിബു ജോണിയെ പ്രത്യേകം സ്മരിക്കുന്നു.

എന്റെ മറ്റൊരു ലേഖനം (“വാസന്തപഞ്ചമി നാളിലും സൂര്യകാന്തിയും”) വേറൊരു പ്രസിദ്ധീകരണം പരിഗണനയില്‍ എടുത്തിട്ടുണ്ട്. “പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്” എന്ന നീണ്ടകഥയും ആ വഴി സഞ്ചരിച്ചേക്കും.

എല്ലാ സുഹൃത്തുക്കള്‍ക്കും ഒന്നു കൂടി-നന്ദി