Sunday, December 23, 2007

ചിക്കന്‍ പൊതി- ക്രിസ്ത് മസിനു പുതിയ പലഹാരം

ക്രിസത് മസിനു പുതിയ സ്നാക് ഉണ്ടാക്കുക. ആഘോഷം വ്യത്യസ്തമാക്കുക.

ചിക്കന്‍ ബ്രെസ്റ്റ് 2-3 ഇഞ്ച് വീതിയും നീളവുമുള്ള കനം കുറഞ്ഞ കഷണങ്ങളാക്കി മുറിച്ചെടുക്കുക. മടക്കിയ wax paper നു ഇടയ്ക്കു വച്ച് ഒരു ചുറ്റിക കൊണ്ടോ മറ്റൊ മെല്ലെ ഇടിച്ച് ചിക്കന്‍ സ്ട്രിപ്സ് പരത്തുക. ഇതില്‍ സ്റ്റഫിങ് (പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചമുളക്,ഇഞ്ചി എന്നിവ മസാലപ്പൊടിയോടൊപ്പം വഴറ്റിയത്,ബദാമിന്റേയോ കശുവണ്ടിയുടേയോ ധാരാളം കഷണങ്ങള്‍ സഹിതം)വച്ച് ചുരുട്ടിയെടുത്ത് കോണ്‍ പൊടി(corn flour)യില്‍ മുക്കുക. വശങ്ങള്‍ അമര്‍ത്തി യോജിപ്പിക്കുക. ചുരുട്ട് അഴിഞ്ഞുവരുന്നുണ്ടെങ്കില്‍ ഈര്‍ക്കിലിയോ ടൂത് പിക്കോ നെടുകെ കയറ്റി വയ്ക്കുക. രണ്ടു കപ്പ് മൈദയും കാല്‍ക്കപ്പ് അരിപ്പൊടിയും രണ്ടു സ്പൂണ്‍ മുളകുപൊടിയും ഉപ്പും ഒന്നിച്ച് അധികം അയയാതെ കലക്കിയതില്‍ സ്റ്റഫ് ചെയ്ത ചിക്കന്‍ മുക്കി തിളച്ച എണ്ണയില്‍ വറത്തെടുക്കുക. സോയാ‍ സോസ് സ്വാദ് ഇഷ്ടമാണെങ്കില്‍ മൈദ കലക്കുമ്പോള്‍ അതും ചേര്‍ക്കാം.

(wax paper നു പകരം വാട്ടിയ വാഴയില ഉപയോഗിക്കാം)

Merry Christmas!

Wednesday, December 19, 2007

കേള്‍വിയുടെ കാഴ്ച-കാര്‍ത്തികവിളക്കോ?



തൃക്കാര്‍ത്തികയ്ക്ക് കത്തിച്ചു വച്ച മണ്‍ചെരാതുകളോ? ദീപാവലി വിളക്കുകളോ?
അല്ല. നമ്മുടെ ചെവിയിലെ നാലുനിര സൂക്ഷ്മശ്രവണകോശങ്ങളുടെ ഫോടോ ആണ്. പച്ചനിറത്തില്‍ തിരി പോലെ കാണുന്നത് tubulin‍ തന്തുക്കള്‍. അതിനു താഴെ പരന്ന 'റ' പോലെ ചുവപ്പില്‍ തെളിഞ്ഞുകാണുന്നത് കുഞ്ഞു സിലിയ(അതിസൂക്ഷ്മ നാരുകള്‍)കളുടെ വൃന്ദം. മുകളില്‍ നിന്നും ആദ്യത്തെ മൂന്നു നിര സെല്ലുകള്‍ ശബ്ദതരംഗങ്ങളെ ഒരു ലേസര്‍ ആമ്പ്ലിഫയര്‍ പോലെ വിപുലീകരിക്കും (cochlear amplification). താഴത്തെ നിര കോശങ്ങള്‍ വൈദ്യുത തരംഗമാക്കിയ ശബ്ദത്തെ ഞരമ്പ് (nerve) വഴി മസ്തിഷ്കത്തിലെത്തിയ്ക്കും. നമ്മള്‍ ശബ്ദം കേള്‍ക്കും. മില്ലിസെക്കന്‍ഡ് കൊണ്ടു നടക്കുന്ന കാര്യം. Confocal Microscopy ഉപയോഗിച്ച് എന്റെ സഹപ്രവര്‍ത്തകന്‍ വിശ്വാസ് പരേഖ് എടുത്ത ചിത്രം.


കൂടുതല്‍ വിവരങ്ങള്‍ ഉടന്‍.