ജലസഞ്ചാരം ചെയ്യുന്നവനാണ് കുട്ടിസ്രാങ്ക്. വെള്ളത്തിന്റെ പരന്നൊഴുകലും പടർപ്പും പോലെ അയാളും നിതാന്തമായി സഞ്ചരിച്ച് എത്തിപ്പെടുന്നത് കാലം ദേശം എന്നെ ഭേദങ്ങളെ മറികടന്നാണ്. ഒഴുകിയണയുന്ന വെള്ളം എതു മണ്ണിലും നവഭാവുകത്വത്തിന്റെ സുപ്തബീജങ്ങൾ കുതിർത്തുണർത്തും. സ്ഥിരജീവിതത്തിൽ മാറ്റങ്ങളൂടെ പുതുനാമ്പ് പൊടിപ്പിക്കാൻ പ്രേരണ തന്നെ ഇത്. കുട്ടിസ്രാങ്കിന്റെ വരവ് പുതുവെള്ളം വരവ് തന്നെ. പ്രളയപയോധിയിൽ നീന്തിത്തുടിയ്ക്കും പ്രഭാമയൂഖം കാലം എന്ന കവിപ്രോക്തമായ വിശേഷണം സ്രാങ്കിനും ചേരും. ജലസാന്നിദ്ധ്യത്തിൽ സ്വത്വം രൂപീകരിക്കപ്പെടുന്നവനുമാണ് സ്രാങ്ക്.
മലയാളസിനിമയിൽ അതിലെ നായകൻ ഒരു സങ്കൽപ്പമോ മനോഭാവമോ മാത്രമായി ചിത്രീകരിക്കപ്പെടുന്നത് വളരെ അപൂർവ്വമാണ്. നായകൻ നായകനായി നിലകൊള്ളുകയും കഥയും കഥാപാത്രങ്ങളും എന്തിന് സിനിമ മുഴുവനും അയാളെ ചുറ്റിയും ആ പ്രാഭവത്തിന്റെ വെട്ടത്തിൽ മാത്രം തിളങ്ങുകയും ചെയ്യുകയാണ് പൊതുപ്രമാണം. സിനിമാവ്യവസായം കനിഞ്ഞ് നൽകിക്കൊടുത്ത താരപഭ പ്രസരിപ്പിക്കുന്ന നടൻ ഇതിനു സമാന്തരമായി മറ്റൊരു ഉജ്ജ്വലവെളിച്ചവും ലോഭമെന്യേ ചിത്രഗാത്രത്തിൽ വാരിപ്പൂശും. നായകൻ-താരം എന്ന ഈ ഒന്ന് രണ്ടായിപ്പിരിഞ്ഞുകണ്ടളവിൽ ഉണ്ടാക്കുന്ന ഇണ്ടൽ മാത്രമായി സിനിമ മാറുന്നത് നിത്യാനുഭവം. പണ്ടേക്കണക്കു വരുവാൻ കൃപാവലികൾ ആരും തീർത്തിട്ടുമില്ല. എന്നാൽ സ്രാങ്ക് എന്ന കഥാപാത്രം ആട്ടുന്ന ഊഞ്ഞാലോ മമ്മുട്ടി എന്ന അഭിനേതാവ്/താരം ചുമക്കുന്ന മഞ്ചലോ അല്ല കുട്ടിസ്രാങ്ക് എന്ന സിനിമ. പ്രമേയവും അതുളവാക്കുന്ന ചിന്താപദ്ധതിയും ദൃശ്യങ്ങളിലെ വ്യക്തവും അവ്യക്തവുമായ സൂചനകളും കൂടെ സൃഷ്ടിച്ചെടുക്കുന്ന മാന്ത്രികപരിവേശങ്ങളും സാമൂഹ്യ-രാഷ്ട്രീയ പരിപ്രേക്ഷ്യ നിലപാടുകളും കൃത്യമായി നിർവ്വചിക്കപ്പെട്ട ആദി മദ്ധ്യാന്തങ്ങളില്ലാത്ത മിഥ്യാശക്തിയാർന്ന കഥയും സംശ്ലേഷണം ചെയ്യുന്ന ഭാാവനാസൃഷ്ടിയായി നിലകൊള്ളുകയാണ് സിനിമ.
വടക്കൊരിടത്താണ് സ്രാങ്കിനെ ആദ്യം കാണപ്പെടുന്നത്. തെക്കോട്ട് ഒഴുകിപ്പരക്കുന്ന സ്രാങ്ക് ആലപ്പുഴയ്ക്കടുത്ത ഭാഗത്തുകൂടി അമ്പലപ്പുഴ-കൊല്ലം വരെ ചെന്ന് സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. എന്നാൽ ഈ നേർ രേഖയിൽ ഒരു സഞ്ചാരമൊരുക്കുന്നതല്ല പ്രയാണവീഥി യുടെ മാനചിത്രങ്ങൾ. തിരിവലയമാർന്നതോ ചിലപ്പോൾ വർത്തുളമോ ആണത്. തിരിച്ചും ഈ പ്രദേശങ്ങളിലേക്ക് സ്രാങ്ക് പ്രവാഹസമാനം സഞ്ചാരണം ചെയ്യുന്നുണ്ട്. ജലസഞ്ചയങ്ങളാൽ ബന്ധിതമായ പരന്ന ഭൂമികയാണ് സ്രാങ്കിന്റെ പ്രദേശങ്ങൾ. അതുകൊണ്ടുതന്നെ നേർ രേഖയിൽ സഞ്ചരിക്കുന്ന കാലം മറികടക്കാൻ സ്രാങ്കിനു ആവുന്നുമുണ്ട്. മൂന്നാമത്തെ കഥയിൽ നിന്നും ഒന്നാമത്തേയും രണ്ടാമത്തേയും കഥകളിലേക്ക് എളുപ്പം പ്രവേശിച്ചു തിരിച്ചെത്തുന്നുണ്ട് സ്രാങ്ക്. അതേ സമയം ഒന്നാമത്തെ കഥയിലെ കഥാപാത്രങ്ങൾ രണ്ടിലും മൂന്നിലും വന്നുചേരുന്നുമുണ്ട്. മൂന്നുഋതുക്കളാണ് കുട്ടിസ്രാങ്കിന്റെ ദേഹധാരണയ്ക്ക് കുപ്പായങ്ങൽ തുന്നുന്നത്.
സ്രാങ്കിന്റെ ജലയാത്രയിൽ അയാൾ എത്തിപ്പെടുന്നിടത്ത് മതാാധീശത്വത്തിന്റെ കെടുതികൾ ക്ലിഷ്ടപ്പെടുത്തുന്ന നരജീവിതങ്ങളാണുള്ളത്. വടക്ക് സമ്പത്തിന്റെ ബലതന്ത്രങ്ങൾ ഇല്ലാതാക്കുന്ന പാവങ്ങളാണ്, അധികാരത്തിന്റെ ഗർവ്വ് മുക്കിത്താഴത്തുന്നന്ന നിരാലംബതയാണ്. തന്നെപ്പോലെ ജലപ്രതലത്തിൽ തെന്നി നടക്കുന്ന ജീവികളൂടെ ആക്രന്ദനം ശ്രുതിപ്രകാശങ്ങളാകുകയാണ് സ്രാങ്കിനെ സംബന്ധിച്ചിടത്തോളം. കൊട്ടാരപ്രൌഢിയുടെ മായാക്കോവണിയിന്മേൽ എത്തിപ്പെട്ട് ആരും കേൾക്കാത്ത നിലവിളി പാതി തൊണ്ടയിൽ മറയുന്ന താറാവിന്റേതു തന്നെ അത്. ജല അഗാധതയിൽ നടന്ന മരണപ്പിടച്ചിലുകളായിരിക്കണം കുറ്റബോധത്തിന്റെ പങ്കായം തുഴഞ്ഞ് തെക്കോട്ട് പായാൻ പ്രേരിപ്പിച്ചത്. അല്ലെങ്കിലും വടക്കു നിന്നും തെക്കോട്ട് ചെരിഞ്ഞുകിടക്കുന്ന കേരളത്തിൽ ഭൂപ്രകൃത്യാ തെക്കോട്ടെ ജലസഞ്ചയസഞ്ചാരത്തിനു സാദ്ധ്യതയുള്ളു. നാനാ വിയോഗാൽ കേണീടുന്നവൾക്ക് വേണ്ടി നീചത്വം വിട്ട് ഔചിത്യം ആചരിക്കുന്നതിനാൽ പീഡിതരുടെ രക്ഷകൻ എന്ന കുപ്പായം സ്രാങ്കിനു മേൽ വന്നു വീഴുന്നുമുണ്ട് . മദ്ധ്യകേരളത്തിലാവട്ടെ പുരോഗമനത്തിന്റേയും സ്ത്രീ സമത്വത്തിന്റേയും അനുരണനങ്ങൾക്ക് സാക്ഷി എന്ന നിലയിലല്ല സ്രാങ്കിന്റെ സാന്നിദ്ധ്യമാണ് ഇവയ്ക്ക് ഗതിശക്തിയണയ്ക്കുന്നത്. ഉചിതമായിത്തന്നെയാണ് നിയന്ത്രണസ്വരൂപമായ രാജാവിന്റെ വേഷം സ്രാങ്കിനു എടുത്തണിയാനുള്ള അവസരം വന്നു ചേരുന്നത്. മതാനുഗതമായ അപചയങ്ങളോടുള്ള ചെറുത്തു നിൽപ്പിനോടൊപ്പം വിപ്ലവാശയങ്ങൾ സമൂഹത്തിൽ ഇഴ നെയ്യുന്നതും സ്രാങ്കിന്റെ സാന്നിദ്ധ്യത്തിൽ തന്നെ. കന്യാസ്ത്രീയെ വശഗയാക്കാൻ കൂട്ടുകാരനോടൊപ്പം ചേരാൻ സ്രാങ്കിനു വിഷമമില്ലാത്തത് അതുകൊണ്ടുതന്നെ. പിന്നെയും തെക്ക് എത്തിപ്പെട്ട സ്രാങ്ക് നേരിട്ടിടപെടുകയാണ് പെണ്ണിനു തുണയും തണലുമേകേണ്ട അവശ്യസ്ഥിതിയിൽ. മൂന്നു കാലത്തിൽ മൂന്നു ദേശത്തിൽ ഉറവെടുക്കുന്ന കഥകളിൽ മുൻപോട്ടും പുറകോട്ടും യഥേഷ്ടം സഞ്ചരിക്കാനും മൂന്നു കഥകളിലും പ്രവേശിക്കാനും സ്രാങ്കിനു പ്രയാസമില്ല എന്നത് വസ്തുനിഷ്ഠതയ്ക്ക് പ്രതികൂലം തന്നെ.
അധികാരത്തിന്റേയും മതനേതൃത്വത്തിന്റേയും നൃശംസതയാണ് സ്രാങ്കിന്റെ സാന്നിദ്ധ്യത്താൽ ലഘൂകരിക്കപ്പെടുന്നത്. ഒരു ദൌത്യനിർവ്വഹണത്തിനു നിയുക്തനല്ലെങ്കിലും ഈ ദൌത്യങ്ങൾ നിറവേറപ്പെടൂനതിൽ സ്രാങ്കിന്റെ സ്വത്വം ഒരു മായാ സാന്നിദ്ധ്യമാണ്, അതിപ്രബലമാർന്നതാണീ ഉപസ്ഥിതി. കാലത്തിലൂടെ മുൻപോട്ടും പിറകോട്ടും സഞ്ചരിക്കുന്ന സ്രാങ്ക് അപ്രത്യക്ഷനും പ്രത്യക്ഷനുമാണ് ഒരേ സമയത്ത്. മൂന്നുകാലഘട്ടങ്ങളിലും പ്രായവ്യത്യാസങ്ങളില്ലതെയാണ് സ്രാങ്ക് പ്രത്യക്ഷനാവുന്നത്. കാളിയുടെ പ്രാണനാഥനായ സ്രാങ്ക് ഒരു കഥാകാരിയുടെ മെറ്റാഫിക്ഷൻ ഇമേജും മാത്രമായിത്തീരുന്നുണ്ട്. അലൌകിക ഘടനയാണ് സ്രാങ്കിന്റെ ശരീരത്തിനു. ചോര ചിന്താത്ത ഒരിടം രേവമ്മയുടെ അഭ്യർത്ഥനപ്രകാരം സ്രാങ്ക് അന്വേഷിച്ചുറപ്പിക്കുമ്പോൾ അതേ ചോര ജൈവസാരത്തിന്റേയും നിലനിൽപ്പിന്റെ ആധാരത്തിന്റേയും സൂചകമെന്നവണ്ണം സ്രാങ്കിൽ നിന്നും ബഹിർഗ്ഗമിക്കുന്നുണ്ട്. പ്രപഞ്ചവുമായുള്ള സംബന്ധങ്ങളിലേക്ക് സമ്പർക്കമെന്നോണം ചില സന്നിഗ്ധാാവസരങ്ങളിൽ പ്രകടമാവുന്നുമുണ്ട് സ്രാങ്കിനുതന്നെയും പിടികിട്ടാത്ത ഇത്തരം അടയാളങ്ങൾ. സ്രാങ്കിന്റെ തനി സ്വത്വം സിനിമയിൽ ദുരൂഹമായാാണു അവതരിപ്പിച്ചിരിക്കുന്നത്. ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്നത് യുക്തിഭദ്രമാകുന്ന അവസ്ഥാവിശേഷം. മാറ്റങ്ങൾക്ക് വാതാനുകൂലത സൃഷ്ടിയ്ക്കുന്ന കാലം തന്നെ സ്രാങ്ക് എന്ന് വിവക്ഷിക്കുന്നതിലും തെറ്റില്ല. എന്നാൽ നേർ രേഖയിൽ സഞ്ചരിക്കുന്ന കാലസങ്കൽപ്പതിനു എതിരേ തിരിയുന്നുമുണ്ട്, മനുഷ്യജന്മത്തിന്റെ ഭാവനയുടേയും സങ്കൽപ്പങ്ങളുടേയും ഭൌമേതരസമ്പർക്കങ്ങുളുടേയും ഡിമെൻഷനിൽ മാത്രം സ്വരൂപിക്കപ്പെടുന്ന ഈ മായാരൂപം.
പ്രത്യക്ഷവും അനുഭവഭേദ്യവുമായ കാലവുമായി ഇടപെടുകയോ സന്ധി ചെയ്യുകയോ സ്രാങ്കിന്റെ സ്വഭാവവിശേഷമല്ല. അതുകൊണ്ടാണ് മരണം എന്നത് സ്രാങ്ക് നിർവ്വചിക്കുന്നത് മറ്റൊന്നാകുന്നത്. കടൽത്തീരത്തടിഞ്ഞ, കാലത്തിന്റെ ഓരത്ത് അരികുപറ്റിക്കിടക്കുന്ന ദേഹം അവ്യക്തതയിൽ ലയിച്ച ഭ്രമജാലക്കാഴ്ചയാണ്. രേവമ്മയ്ക്കും പെമേണയ്ക്കും കാളിയ്ക്കും ഓർമ്മിച്ചെടുക്കാൻ -അതും ഒരു ഫാന്റസിയുടെ പരിവേഷനിർഭരര സാഹചര്യത്തിൽ- വന്നുചേരുന്ന ഭൌതികവസ്തു മാത്രമേ ഉള്ളു അത്. ഇതു സ്രാങ്കല്ല, എന്റെ പുരുഷനെ എനിയ്ക്ക് അറിയാതിരിക്കുവാൻ പറ്റുമോ എന്ന് കാളി നിരുപാധികം വെളിവാക്കുന്നുമുണ്ട്. സ്വയംഹത്യക്കൊരുങ്ങുന്ന ആത്മശോഷണം സ്രാങ്കിന്റേതാവാനും വഴിയില്ല. മരിച്ചത് സ്രാങ്കു തന്നെയോ എന്നതിലെ ദുരൂഹത- രഹസ്യമയവും ഗൂഢവുമാണെങ്കിൽപ്പോലും- തന്നെ സത്യമാവുന്നു. സ്രാങ്ക് മരിച്ചെങ്കിൽ എങ്ങനെ, കൊന്നതാണോ, കൊന്നതാണെങ്കിൽ ആരു കൊന്നു, എന്തിനു കൊന്നു എന്ന ചോദ്യങ്ങളും അപ്രസക്തമാവുന്നു. തികച്ചും നാടകീയവും അതിഗംഭീരവുമായ ഒരു ഷോടിലൂടെയാണ് സ്രാങ്കിന്റെ അന്ത്യ (?) പ്രയാണം ചിത്രീകരിച്ചിരിക്കുന്നത്. ചവിട്ടുനാടകരാജാവിന്റെ വേഷത്തിനു കൂട്ടായി ഒരു സംഘം അനുചരന്മാരോടൊപ്പം അനന്തവിഹായസ്സു പൃഷ്ഠഭൂമിക ചമയ്ക്കുന്ന സാഗരത്തിലേക്ക് നടന്നുനീങ്ങുന്ന സ്രാങ്ക്. തികച്ചും അസ്വാഭാവികമായ പ്രണാലി തന്നെ ഇത്. നിസ്സഹായനായ ബുദ്ധഭിക്ഷുവിന്റെ അവസാനപിടച്ചിലും വെള്ളത്തിനടിയിൽ ആയിരുന്നതിനാൽ, അതിനു പരോക്ഷമായെങ്കിലും ഉത്തരവാദി ആയ സ്രാങ്ക് പാപമോചനം എന്നനിലയ്ക്ക് ഒരു ജലസമാധി കാംക്ഷിച്ചിരുന്നുവോ? സാദ്ധ്യതയുണ്ട്. അടിഞ്ഞുകൂടിയ ദേഹം നശ്വരമായ മജ്ജമാംസാദികളാൽ നിർമ്മിതമാണെങ്കിലും അപക്ഷയശോഷണങ്ങൾ സമയബന്ധിതമല്ല. നോക്കി നിൽക്കെയാണ് അതിന്മ്മേൽ കൂണൂകൾ മുളച്ചു പൊന്തുന്നത്. ജൈവയോഗത്തിന്റെ നൈര്യന്തര്യം, പക്ഷേ അവസ്ഥാന്തരത്തിലെ ശീഘ്രത കാലഭേദിയാകുകയാണ്. കാളിയുടെ വയറ്റിൽ വളരുന്നത് സ്രാങ്കുതന്നെ എന്ന സാദ്ധ്യത ഈ നൈര്യന്തര്യത്തിന്റെ നടുക്കണ്ണി തന്നെ.
വടക്കു നിന്നും തെക്കോട്ട് പരതിപ്പരക്കുന്ന സ്രാങ്കിന്റെ പ്രത്യക്ഷവും സാന്നിദ്ധ്യവും പുരോഗമന- വിപ്ലവ പരിവർത്തനോന്മുഖമായ സമൂഹങ്ങളിലൂടെയാണ് വെളിവാക്കപ്പെടുന്നത്. ഉത്തരകേരളത്തിൽ നിന്നും തെക്കോട്ട് പടർന്നു പിടിച്ച് ആ മണ്ണിൽ നനവൂറിച്ച പുരോഗമനപ്രസ്ഥാനങ്ങളുടെ സമാന്തരമായി ഇതിനെ ദർശിക്കാവുന്നതാണ്, ചരിത്രപരമായി ഭാഗികമായേ ശരിയുള്ളുവെങ്കിൽക്കൂടി. മത നിരപേക്ഷനും എന്നാൽ എല്ലാ മതങ്ങളെയും മടികൂടാതെ സ്വാംശീകരിക്കുന്നവനും ആണു സ്രാങ്ക് എന്നതും കണക്കിലെടുക്കേണ്ടതാണ്. നെറ്റിയിൽ കുരിശടയാളം പേറാനും ദേവീവിഗ്രഹത്തിൽ മഞ്ഞളെറിയാനും ഔത്സുക്യമുള്ളവൻ. നിശ്ചേതനായി കടൽപ്പുറത്ത് കിടന്നുപോകുന്നത് സ്രാങ്കാണെങ്കിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ മൂല്യച്യുതിയും പാൻ മലയാളി ഐഡെന്റിറ്റിയുടെ നിരാകരണവും വന്നുഭവിച്ചതിന്റെ ലക്ഷണചിഹ്നങ്ങൾ വ്യക്തമാക്കപ്പെടുകയാണ്. എന്നാൽ മറ്റൊരു സ്രാങ്കിനു ബീജാവാപം ചെയ്തതിനു ശേഷമാണ് ഈ നിപാതം എന്നത് ശുഭസൂചകമാണു താനും.
സ്വത്വബോധത്തെക്കുറിച്ചുള്ള ആവലാതികൾ രാഷ്ട്രീയപരിപ്രേക്ഷ്യത്തിൽ കൊയ്യാനുള്ള വിളവുകൾ എന്ന വ്യാമോഹത്തിനു വഴിതെളിയ്ക്കുന്ന ഇക്കാലത്ത് മലയാളിമനഃസാക്ഷിയുടെ ജഡം അപചയസംസ്കാരം വിരിച്ചിട്ട മണൽപ്പുറത്ത് അടിയുകയാണ്.
Friday, April 22, 2011
Sunday, April 17, 2011
വേൾഡ് കപ്പ് ഏന്തിയ കൈകൾ
ധോണിയും സച്ചിനുമൊക്കെ വേൾഡ് കപ്പ് പിടിച്ചു നിൽക്കുന്ന പടം കണ്ടു.
ഈ കപ്പ് ഒന്നും അടുത്തു കണ്ടിട്ടില്ലെങ്കിലും വേൾഡ് കപ്പ് പിടിച്ച കൈകൾ എനിക്കു പരിചയമുണ്ട്. സത്യമായിട്ടും.
ക്രിക്കറ്റ് മഹാസംഭവമാണെന്ന് കേട്ടിട്ടു മാത്രം ഉള്ള എനിക്ക് ഇങ്ങനെയൊരു അപൂർവ്വ ഭാഗ്യം (?) വന്നത് വിധിവൈപരീത്യം എന്നൊക്കെപ്പറയാവുന്ന കിടിലൻ സംഭാവ്യത കൊണ്ടായിരിക്കും. കൊച്ചിലേ ആരെങ്കിലും ട്രാൻസിസ്റ്റർ റേഡിയോ ചെവിയോടു ചേർത്തുപിടിച്ച് ഇടയ്ക്കിടയ്ക്ക് ഭ്രാന്തനെപ്പോലെ ആവേശം കൊണ്ട് ചിരിക്കുന്നതു കാണുമ്പോൾ ‘എതാണ്ടും ഒരു കളി എങ്ങാണ്ടു നടക്കുകാ‘ എന്ന് അമ്മ പറയുന്നത് കേട്ടിടൂണ്ട്. ‘ ഇതു ചുമ്മാ കേൾക്കേണ്ട കളിയാണോ അമ്മേ? കളി കാണുകേം ഒന്നും വേണ്ടെ കൂവിയാർക്കാൻ?‘ എന്ന ചോദ്യങ്ങളൊക്കെ പിള്ളേരുടെ വിവരക്കേടാണെന്ന മാതിരി അമ്മ തള്ളിക്കളഞ്ഞു. ഒരു കുഞ്ഞു റേഡിയോ കിട്ടാൻ ചാൻസൊന്നുമില്ലെങ്കിലും അമ്മയോട് വിറയലോടെ കാര്യം അവതരിപ്പിച്ചു ഒരിയ്ക്കൽ. “എന്റെ മോന് ഇപ്പം മേടിച്ചു തരാം കേട്ടൊ. അച്ഛനിങ്ങു വരട്ടെ”എന്ന് ഭർസിച്ച് ബാലമനസ്സിനെ പീഡനം ഏൽപ്പിച്ചെങ്കിലും രാത്രിയിൽ എന്റെ സങ്കടം കണ്ടിട്ടായിരിക്കണം ‘മക്കളേ, മക്കൾക്കു പറ്റിയ കളി ഒന്നുമല്ലത്” എന്നൊക്കെപ്പറഞ്ഞ് ലോകക്രിക്കറ്റ് ചരിത്രത്തിൽ എന്റെ സ്ഥാനമുറപ്പിച്ചു.
എന്നാലും കായികാഭ്യാസസാംസ്കാരികസമൂഹത്തിൽ നിന്നും പിൻതള്ളപ്പെട്ടു പോകെണ്ടെന്നു വിചാരിച്ച് ക്രിക്കറ്റിനു സമമായ ബേസ് ബോൾ കളി കാണാൻ പോയിട്ടുണ്ട്. മകൾ സ്കൂളിൽ എന്തോ വൻ മത്സരത്തിൽ ജയിച്ചു. ഒരു വൻപൻ ബേസ്ബോൾ കളിയ്ക്കുള്ള രണ്ടു ടിക്കറ്റാണ് അവൾ നേടിയെടുത്തത്. തീർച്ചയായും എനിക്ക് “സ്പോറ്ട്സ് ലോകമേ ഇതാ ഞാൻ നിന്നിലേക്ക് പ്രവേശിക്കുന്നു” എന്ന് വിളിച്ചുകൂവി ആഘോഷിക്കാൻ പറ്റിയ വേള. കളിയ്ക്കുന്നതോ രണ്ടു പ്രസിദ്ധ യു എസ് ടീംസ്. കിട്ടിയ സീറ്റും എന്നെപ്പോലെ തുടക്കക്കാരനു കണ്ടാസ്വദിക്കാൻ മുൻനിരയിൽ തന്നെ. കളി തുടങ്ങി കുറച്ചായപ്പോൾ കാണികൾ എന്തോ വൻ സംഭവത്താാൽ കൂകിയാർത്തു. “എന്താ എന്താ സംഭവിച്ചേ”? ഞാൻ മകളോടു ചോദിച്ചു. അച്ഛൻ എവിടെയാ നോക്കിയേ’ അവൾക്ക് നിരാശ. ഒരാൾ പന്തെറിയുന്നു, മറ്റൊരാൾ അതടിച്ചു തെറിപ്പിയ്ക്കുന്നു, എറിഞ്ഞവൻ ഓടുന്നു….എവിടെയാ നോക്കേണ്ടേ? ഏതായാലും ഞാൻ നോക്കിയിടത്തൊന്നുമല്ല സംഭവം നടന്നത്.
“ദാ അവിടെ നോക്കിക്കെ… അവിടെ…’ മോൾ കാണിച്ചു തന്നു. അതു ശരി അവിടെയാണോ. അവിടെ കണ്ണും നട്ട് ഇരുന്നു. ദാ വരുന്നു പിന്നെയും ആർപ്പു വിളി. ‘എന്താ സംഭവിച്ചേ? എന്താ എന്താ?‘ ഞാൻ കണ്ണു നട്ടിടത്തല്ല ഇത്തവണ കാര്യം നടന്നത്. മറ്റേ കോണിലാണ്. എവിടെയാ നോക്കണ്ടേ മോളേ? ഏറിയുന്നവന്റെ അടുത്തോ അടിച്ചു തെറിപ്പിയ്ക്കുന്നവന്റെ അടുത്തോ? “എല്ലാം നോക്കണം അച്ഛാ’ എന്ന് വാണിങ്ങ് തന്നു അവൾ. നാടൻ തിയേറ്ററിൽ ചെറിയ സ്ക്രീനിൽ സിനിമാ കണ്ടവൻ പെട്ടെന്ന് 70 എം എം കാണുമ്പോൾ ഇടത്തു നിന്നു വലത്തേയ്ക്കും വലത്തു നിന്ന് ഇടത്തേയ്ക്കും കണ്ണ് പോകുന്നതനുസരിച്ച് തലയും തിരിയ്ക്കുന്നതു പോലെ ഞാൻ തല അങ്ങോട്ടുമിങ്ങോട്ടും 180 ഡിഗ്രിയിൽ തിരിച്ചുതുടങ്ങി. പിന്നെ കാണുന്നത് വടി കൊണ്ട് പന്ത് അടിച്ചു തെറിപ്പിക്കുന്നവൻ വലിയ ആവേശത്തോടെ ഒരു വീക്കു വച്ചു കൊടുക്കുന്നതാണ്. പന്ത് ദാ ഉയരത്തിൽ പറന്ന് ആൾക്കാരുടെ മേൽ. അവർ ആവേശത്തോടെ പിടിച്ചെടുത്തു.
‘നമ്മുടെ ടീം ജയിക്കുകയാണ് അച്ഛാ.’ മോൾക്ക് വല്യ സന്തോഷമാണ്.
തീർച്ചയായും. നമ്മൾ നാട്ടുകാർ തന്നെ പന്തു പിടിച്ചു അപ്പോ നമ്മളു തന്നെ ജയിക്കും. ഞാൻ യുക്തി നിരത്തി. “അച്ഛൻ കളി ഒന്നും കാണുന്നില്ല” (‘I should have brought somebody else” എന്ന് അവൾ പതുക്കെ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. അച്ഛനാണെന്നു വച്ച് ആത്മാഭിമാനം തീരെ ഇല്ലെന്നു വരരുതല്ലൊ)
സ്പോർട്സ് ലോകത്തിനു മിസ് ഫിറ്റ് ആണു ഞാൻ എന്നൊക്കെപ്പറയാൻ വരട്ടെ. വൺ ഓൺ വൺ എന്നൊക്കെപ്പറയാവുന്ന “റാൻഡെ വൂ’ ഒക്കെയാണു വിധി എനിക്കു വേണ്ടി കാത്തു വച്ചത്.
കുറച്ചു നാൾ മുൻപാണ്. നാട്ടിക്കുള്ള യാത്ര. ന്യൂ യോർക്ക്- ബോംബേ ഫ്ലൈറ്റ് ലണ്ടൻ വഴിയാണ്. ലണ്ടൻ ഹീ ത്രൂ എയർ പോറ്ടിൽ ഇറങ്ങിക്കേറണം. അവിടെ ബോംബേ ഫ്ലൈറ്റിനുള്ള എയർ ഇൻഡ്യാ കൌണ്ടറിൽ ഞാൻ നേരത്തെ എത്തി. വേറെ ആരുമില്ല അവിടെങ്ങും. എന്നെക്കൂടാതെ ആദ്യം എത്തിയ മറ്റൊരു യാത്രക്കാരൻ അടുത്ത് വന്ന് ഇരുന്നു. ശരിക്കും ഒരു മലയാളി ലുക്ക് ഉണ്ട്. സ്വൽപ്പം കറുത്ത്. മീശയുണ്ട്. തലമുടി അൽപ്പം ചുരുണ്ടതുമല്ലെ എന്ന് സംശയം. എവിടെയോ കണ്ടിട്ടുണ്ടല്ലൊ ഇയാളേ? ഓർമ്മയില്ലേ ഈ മുഖം? മലയാളി അസോസിയേഷനിൽ ഓണത്തിനും ക്രിസ്തുമസ്സിനും സ്ഥിരം കാണാറുള്ള ആൾ? വറ്ഗീസ് ചേട്ടൻ? അതോ ജോൺ ഓലിപ്പുരയ്യ്ക്കലോ? ആൾ എന്നെക്കണ്ട് പുഞ്ചിരിച്ചു. ദൈവമേ എന്നെ ഓർക്കുന്ന ഇയാളെ ഞാൻ മറന്നോ? ജാള്യത മറ്യക്കാൻ ഞാനും ചിരിച്ചു കൊണ്ട് കൈ നീട്ടി ഹലോ പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ സുന്ദരമായി ഒരു ഷേക് ഹാൻഡ് തന്നു. “എന്നാ വറുഗീസ് ചേട്ടാ കുറച്ചു കറുത്തു പോയല്ലോ, മരുഭൂമിലാണോ ഈയിടെയായിട്ടു ജോലി” എന്നൊക്കെ ചോദിച്ചാൽ അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം കാണാത്ത ഇയാൾക്ക് അതിലെ സെൻസ് ഓഫ് ഹ്യൂമർ പിടികിട്ടിയില്ലെന്നു വരും. മിണ്ടാണ്ടിരിക്കുക തന്നെ ഭേദം. വറുഗീസ് ചേട്ടന്റെ അടുത്ത് മറ്റൊരു വട്ടമുഖക്കാരൻ (ക്ലീൻ ഷേവ്, നോർത് ഇൻഡ്യൻ ലുക്ക്) വന്നിരുന്ന് വർത്തമാനം തുടങ്ങി. തൊട്ടപ്പുറത്ത് വല്യ കറുത്ത കണ്ണടവച്ച മീശക്കാരൻ സുന്ദരനും ഇവരോടു ചേർന്നു. വറുഗീസ് ചേട്ടൻ ഈയിടെയായിട്ട് ഇച്ചിരെ പോപുലർ ആയല്ലോ എന്നൊക്കെ പറയാൻ തോന്നിയെങ്കിലും ഞാൻ ഗമ വിടാതെ ഇരുന്നു.
യാത്രക്കാർ വന്നു തുടങ്ങിയതോടെ വറുഗീസ് ചേട്ടനെ പൊതിയാൻ തുടങ്ങി. ഓടോഗ്രാഫിനുമൊക്കെയായി വൻ തിരക്കും ബഹളവും. ഒന്നു രണ്ടു പേർ എന്റെ കാലു ചവിട്ടു മെതിച്ചതിനാൽ ഞാൻ ഊരി ഇറങ്ങി മാറിപ്പോയി. ഇയാൾ ഈയിടെ വല്ല സിനിമയിലും അഭിനയിച്ച് സൂപ്പർ സ്റ്റാറായോ?
ഞാൻ കാര്യമന്വേഷിച്ച് ഒരാളോടു ചോദിച്ചു. അയാൾ എന്നെ കൊല്ലാനുള്ള നോട്ടമാ നോക്കിയത്. അറിയില്ലേ? അതാരാ?
ആരാ അത്?
കപിൽ ദേവ്.
കപിൽ ദേവ് ആണ് നമ്മുടെ വറുഗീസ് ചേട്ടൻ. ആ മലയാളി ലുക്ക് ആണ് എന്നെ തെറ്റിദ്ധരിപ്പിച്ചത്. ലണ്ടനിൽ ഒരു സൌഹൃദ ക്രിക്കറ്റ് മാച്ചിനു വന്നതാണ്. ആ ക്ലീൻ ഷേവ് വട്ടമുഖക്കാരൻ- സുനിൽ ഗവാസ്കർ എന്നു പറയും. മറ്റെ മീശക്കാരൻ സുന്ദരൻ രവി ശാസ്ത്രി ആണ്. 83 ഇൽ വേൾഡ് കപ്പ് നേടിയ ടീമിലെ പലരും ഉണ്ട് ആ കൂട്ടത്തിൽ.
‘വറുഗീസ് ചേട്ടാ അല്ല കപിലൻ ചേട്ടാ വേൾഡ് കപ്പ് പിടിച്ച ആ കയ്യേൽ ഒന്നൂടെ തൊട്ടോട്ടെ' എന്നു ചോദിക്കാനൊന്നും പോയില്ല. എനിക്ക് പറ്റിയ കളിയല്ല ഇതൊന്നും എന്ന് അമ്മ പണ്ടേ പറഞ്ഞു തന്നിട്ടുണ്ടല്ലൊ.

Monday, April 11, 2011
വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും
ഒരു വിഷു കൂടി കടന്നു പോകുന്നു.
പണ്ടത്തെ വിഷുവല്ല ഇന്നത്തെ വിഷു. ഓണവും വിഷുവും മതനിരപേക്ഷമായ ഉത്സവങ്ങളാണെന്നുള്ള അഭിമാനം പ്രത്യക്ഷമാക്കി മറ്റു സംസ്ഥാനക്കരുടെ ഇടയില്‍ ഞെളിഞ്ഞിരുന്നു മലയാളി. എന്നാൽ മാനവീകമായിരുന്ന, സാര്‍വലൗകിക പ്രതിച്ഛായയുണ്ടായിരുന്ന വിഷു ഒരു ദൈവത്തിന്റേതു മാത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്ന്.
എന്നാൽ ഇത്തരം ആശങ്കകൾ ഇല്ലാാതാകുന്ന പൊതു സാംസ്കാരികചിഹ്നങ്ങളെക്കുറിച്ചാണെങ്കിലും ചരിത്രത്തിൽ സംഭവിക്കുന്ന അധിനിവേശങ്ങളൂടെ പട്ടികയിൽ ഒന്നായി തള്ളിക്കളയാൻ എളുപ്പമല്ല. കാലത്തിന്റെ ദിശാസൂചികള്‍ ആചാരങ്ങള്‍ ശീലങ്ങള്‍, ജീവിതഘടനകള്‍ ഇവയിലൊക്കെ പുതിയ മുഖപടം തയ്ച്ചിടും."തനിമ“ എന്നത് കൂടു വിട്ട് കൂടു മാറുന്ന സംസ്കാരചിഹ്നങ്ങളുടെ ഒരു ഫ്ലാഷ് പോയിന്റിലെ നിശ്ചലമാക്കപ്പെട്ട ദൃശ്യമാണ്. സൂക്ഷ്മരൂപത്തില്‍ തനിമയ്ക്ക് ഏറെ പഴക്കം കാണുമെങ്കിലും ബാഹ്യരൂപത്തില്‍ അതു ക്ഷണപ്രഭാചഞ്ചലമാണ്. ഈ തത്ത്വപ്പഴുതിൽക്കൂടെ കയറിപ്പറ്റാൻ ശ്രമിക്കുന്നത് മതങ്ങളുടെ കയ്യേറ്റസ്വഭാവമാണ്. വിഷുവിൽ ശ്രീകൃഷ്ണൻ വന്നു കയറിയത് അതീവ തന്മ്മയത്വത്തോടെയാണ്.
വിഷുവിന്റെ സാംഗത്യം വിളവെടുപ്പിന്റെ മഹോല്‍സവത്തിലും ജീവജാലങ്ങളുടെ നിത്യതയ്ക്കു പ്രദാനമായ സൂര്യന്റെ രാശിപ്പകര്‍ച്ച കുറിച്ചുവയ്ക്കപ്പെടലിലുമാണ്. അതിജീവനത്തിനാധാരമായ വസ്തുക്കളുടെ പ്രതിരൂപാത്മകമായ നവ്യദര്‍ശനം ആണ് വിഷുക്കണി. ദര്‍ശനത്തിന്റെ അര്‍ത്ഥവ്യാപ്തി കണ്ണാടിയുടെ സാന്നിധ്യത്താല്‍ വിസ് തൃതമാക്കപ്പെടുന്നുമുണ്ട്. സമ്പത്ത് അടുത്ത തലമുറയിലേക്കു കൈമാറ്റംചെയ്യപ്പെടുന്നതിന്റേയും അതിന്റെ ഉത്തരവാദിത്തതിന്റെ നിഷ്കര്‍ഷയുടേയും "ടോക്കണ്‍" ആണ് വിഷുക്കൈനീട്ടം. ഈ സിംബോളിക് കൃത്യദൃശ്യത്തിനിടയിലാണ് കഴിഞ്ഞ ഒരു നാൽപ്പതുകൊല്ലത്തിനിടയിൽ ശ്രീകൃഷ്ണപ്രതിമ പ്രതിഷ്ഠിക്കപ്പെട്ടത്.
കത്തിച്ചുവച്ച നിലവിളക്കിനുമുന്‍പില്‍ നാമം ചൊല്ലലാണ് ഒരു മലയാളി ഹിന്ദുവിന്റെ വീട്ടിലെ ആരാധനാക്രമം. 60-കളോടു കൂടിയാണ് ശിവകാശി കലണ്ഡര്‍ ചിത്രങ്ങള്‍ കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ കാണപ്പെട്ടു തുടങ്ങിയത്. ചില്ലിട്ട ദേവരൂപങ്ങള്‍ നൂല്‍ക്കമ്പിയാല്‍ ബന്ധിക്കപ്പെട്ട് 45 ഡിഗ്രിയില്‍ ചെരിഞ്ഞ് പൂമുഖങ്ങളില്‍ ഭിത്തിയ്ക്കും സീലിങ്ങിനുമിടയ്ക്കു സ്ഥാനം പിടിച്ചു. നിലവിളക്കിനടുത്തൊന്നും അത്രയ്ക്കെത്തിയില്ല. ചെറിയ പ്രതിമകള്‍ ഷോ കേസില്‍ ഇരുന്ന് അതിഥികള്‍ക്കു സ്വാഗതമരുളിയതല്ലാതെ നാമം ചൊല്ലല്‍ വേദിയിലേയ്ക്കെത്തി നോക്കിയതു പോലുമില്ല. വടക്കെ ഇന്ത്യയില്‍ യാത്ര പോയവര്‍ ബിര്‍ളാ മന്ദിരത്തിലും മറ്റും ഗര്‍ഭഗൃഹത്തില്‍ മാര്‍ബിളില്‍ തീര്‍ത്ത അലങ്കരിച്ച വിഗ്രഹങ്ങള്‍ കണ്ട് ഈശ്വരാരാധന ഇങ്ങനെയോ എന്നു അദ്ഭുതം കൂറി. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പെരുകിയപ്പോള്‍ "പൂജാമുറി"എന്ന പരിഷ്കാരത്തളത്തിലേക്കു ചിലപ്പോള്‍ ചില്ലിട്ട കലണ്ഡര്‍ ചിത്രങ്ങള്‍ നിലവിളക്കിനോടൊപ്പം സ്ഥാനചലനം നടത്തിയിട്ടുണ്ട്. എങ്കിലും ഉത്തരേന്ത്യന്‍ ശില്‍പമാതൃകയില്‍ പണിഞ്ഞ, നിറം കയറ്റിയ പ്രതിമകള്‍ പൂജാവിഗ്രഹങ്ങളായി സിനിമയിലാണു ഏറെയും കാണപ്പെട്ടത്.
വിഷുക്കണിയില്‍ ഇടം തേടിയ കൃഷ്ണവിഗ്രഹം മിക്കവാറും പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്തവയാണ്. ആദ്യനോട്ടത്തില്‍ തന്നെ ശ്രദ്ധ പിടിച്ചെടുക്കുന്നരീതിയില്‍ കണിവെള്ളരിയുടേയും കൊന്നപ്പൂക്കളുടേയും പിന്നിലായി നിലകൊള്ളുന്ന നീലയും മഞ്ഞയും അത്യുദാരമായി നിറമേകിയ ഈ വിഗ്രഹം മയില്‍പ്പീലി ചാര്‍ത്തി ഓടക്കുഴലൂതുന്ന രൂപത്തിലാണ്. ഇളം അഞ്ജനക്കല്ലിലോ ലോഹത്തിലോ കൊത്തിയെടുത്ത പ്രതിമയുമല്ല ഇവയൊന്നും. കേരളീയശില്‍പ്പമാതൃകയില്‍ തീര്‍ത്തതോ ഭിത്തിച്ചിത്രങ്ങളിലെ കൃഷ്ണരൂപശൈലിയില്‍ മെനഞ്ഞെടുത്തതോ ആയ പ്രതിമകള്‍ വിഷുക്കണിയില്‍ ഇടം തേടാറില്ല. പേപ്പര്‍ മാഷിലോ പ്ലാസ്റ്റര്‍ ഓഫ് പാരീസിലോ തീര്‍ത്തവയായിരിക്കണമെന്ന നിര്‍ബന്ധമുള്ളതുപോലെയാണ് ഇവ പ്രത്യക്ഷപ്പെടുക. ഗുരുവായൂര്‍ തന്നെയായിരുന്നു (ഇപ്പോഴും അതെ) ഈ പ്രതിമയുടെ വിപണന കേന്ദ്രം. 70-കളുടെ ആരംഭത്തോടെയാണ് ഈ പ്രതിമകളുടെ വിപണന വ്യാസം വര്‍ദ്ധിച്ചു തെക്കന്‍ തിരുവിതാംകൂറില്‍ വരെ എത്തിച്ചേര്‍ന്നത്. മാധ്യമങ്ങളുടെ പ്രചരണശക്തികൊണ്ടും ദൃശ്യശ്രാവ്യമാധ്യമങ്ങളിലും സാഹിത്യത്തിലും ഗുരുവായൂര്‍ കൃഷ്ണാപദാനം വിളങ്ങിവിലസിയതുകൊണ്ടും ഗുരുവായൂരമ്പലം തെക്കുള്ളവരുടേയും കൂടി തീര്‍ത്ഥാടനലക്ഷ്യമായതും ഇക്കാലത്തായിരുന്നു. ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ കൃഷ്ണക്ഷേത്രത്തിന്റെ ജനപ്രിയത അങ്ങിനെ ഗുരുവായൂരിലേക്കു മാറ്റപ്പെട്ടു. വര്‍ദ്ധിച്ചഗതാഗതസൗകര്യങ്ങളും എളുപ്പത്തില്‍ ലഭ്യമാകുന്ന വാഹനങ്ങളും ഗുരുവായൂര്‍ യാത്രകളുടെ ഫ്രീക്വെന്‍സി കൂട്ടി. ചുവന്ന സുതാര്യമായ പ്ലാസ്റ്റിക് കല്ലില്‍പ്പൊതിഞ്ഞ "ഗുരുവായൂരപ്പന്‍ ലോക്കറ്റ്"കളും മോതിരങ്ങളും ഫാഷന്‍ പ്രസ്താവനയായി; സുസ്മേരവദനനായ ചതുര്‍ബാഹു കേരളത്തിലുടനീളം കാറുകളിലെ ഡാഷ് ബോര്‍ഡില്‍ വഴികാട്ടിയായി നിലകൊണ്ടു. ഗുരുവായൂര്‍ ദര്‍ശനത്തിനു തെളിവായി പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൃഷ്ണവിഗ്രഹങ്ങള്‍ ഓരോ ഭക്തനും കയ്യിലേന്തി വീട്ടിലെത്തിച്ചു.
കല്ലിലോ ലോഹത്തിലോ അല്ലാതെ തീര്‍ത്ത ഈ പ്രതിമകള്‍ക്കു വേറൊരു സവിശേഷതയുമുണ്ട്. മലയാളികളുടെ കണ്‍സ്യൂമെറിക് മനോഭാവത്തിനു സമമായി "ഡിസ്പോസബിള്‍" എന്ന ആംഗലേയ പദത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും ഇവ പേറുന്നു. ഉടഞ്ഞുപോവാന്‍ എളുപ്പമുള്ളതും ഉടഞ്ഞാല്‍ എടുത്തു കളയാനും മറ്റൊന്നു കൈക്കലാക്കനും ഈ ഉദാത്തദൈവസങ്കല്‍പ്പത്തെ ഉപയോഗിച്ചു. അംഗഭംഗം വന്ന കായാമ്പൂമേനികളും കൗസ്തുഭമണിമാറും ഓടക്കുഴലോടെ വിച്ഛേദിക്കപ്പെട്ട കൈകളും മകരകുണ്ഡലമിട്ട മലര്‍ക്കാതുകളും കുപ്പത്തൊട്ടിയിലും കുപ്പിവളക്കടകളിലെ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലും കിടന്നു അവഗണനയേറ്റുവാങ്ങിയത് ദൈവസങ്കല്‍പം അത്രയൊന്നും മലയാളി ഈ പ്രതിമകള്‍ക്കു കല്‍പിച്ചുകൊടുക്കാതിരുന്നതിനാലാണ്. പ്ലാസ്റ്റിക് ലോക്കറ്റുകളിലേയും മോതിരത്തിലേയും ഗുരുവായൂരപ്പവിഗ്രഹശകലങ്ങള്‍ കുളക്കടവിലും തോട്ടുവക്കിലും കുളിമുറികളിലും അപമാനമേറ്റ് കിടന്നത് മലയാളിയുടെ ഫാഷന്‍ ഭ്രമത്തിന്റെ ദാരുണ ദൃഷ്ടാന്തമായിരുന്നു.
ഈ ഓടക്കുഴലൂതുന്ന കൃഷ്ണരൂപം എങ്ങനെ വിഷുക്കണിയിലെ അത്യാവശ്യ ഘടകമായി എന്നന്വേഷിക്കാം. വിഷുക്കണി എന്ന വാക്കിലെ "കണി" എന്ന പദപരിച്ഛേദത്തിനു രാവിലെ കാണുന്ന കാഴ്ച എന്ന അര്‍ത്ഥം വന്നു ചേര്‍ന്നിരുന്നു. അതിനു നല്ലതം ചീത്തയും ആയ ഉദ്ദേശഭാവം നിലവില്‍ വന്നു."നിന്നെയാണല്ലോ ഇന്നു കണികണ്ടത് "എന്ന പ്രയോഗത്തില്‍ ഒരു മോശം സൂചനയാണല്ലൊ. ഗുരുവായൂരപ്പനെ കണി കാണുന്നത് അതി വിശേഷമാണെന്നു പറയുമ്പോള്‍ വിഷുവുമായി ബന്ധപ്പെട്ടല്ല. ഇത് പിന്നീട് ഗുരുവായൂരപ്പനെ വിഷുവിനു കണി കാണുന്നതായി ഭവിച്ചത് ഒരു മറിമായമാണ്. വിഷുക്കണി എന്ന വിശേഷ പദത്തില്‍ നിന്നു "കണി"വേര്‍പെട്ടു സാമാന്യമായ ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുകയും പിന്നീട് ഇത് ഗുരുവായൂരപ്പന്റെ വിഷുക്കണി എന്ന ചുരുങ്ങിയവ്യവഹാരസൂചകത്തിലെത്തുകയും ചെയ്തു. ഇവിടെ സംഭവിച്ചതു വിഷുക്കണിയും ഗുരുവായൂരപ്പനെ കണികാണുന്നതും ഒന്നായിത്തീരലാണ്. ഭാഷയും ശീലവും തമ്മില്‍ നടന്ന ഒരു അപൂര്‍വ ഒത്തുകളി. ഈ കെട്ടുപിണയലിനുശേഷം വിഷുവിനു കണി കാണുന്നത് ശ്രീകൃഷ്ണനായിരിക്കണം എന്ന നിബന്ധന അറിഞ്ഞോ അറിയാതെയോ മലയാളിഹൈന്ദവമനസ്സില്‍ വളര്‍ന്നു. അങ്ങനെ വിഷുക്കണിയില്‍ നിന്നും വേര്‍പെട്ടു നടന്ന കണി ഗുരുവായൂര്‍ വഴി തിരിച്ചു വിഷുക്കണിയിലെത്തിയപ്പോഴേയ്ക്കും ഗുരുവായൂരപ്പനും കൂടെയുണ്ടായിരുന്നു.
കണികാണലിനേയും ശ്രീകൃഷ്ണനെ കണി കാണലിനേയുമൊന്നിപ്പിക്കാന്‍ ഇക്കാലത്തു മറ്റുചില കാര്യങ്ങള്‍ സഹായകമായിത്തീര്‍ന്നു. ഓമനക്കുട്ടന്‍ എന്ന സിനിമയിലെ "കണികാണുന്നേരം കമലനേത്രന്റെ"(പാടിയത് പി. ലീല, രേണുക) എന്ന, "നരകവൈരിയാം അരവിന്ദാക്ഷന്റെ" എന്ന പഴയകീര്‍ത്തനതിന്റെ പുതുക്കിയ പതിപ്പ്, സിനിമാഗാനങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന മലയാളി മനസ്സില്‍ കണി-ശ്രീകൃഷ്ണ കണി എന്ന ആശയത്തെ രൂഢമൂലമാക്കി. കസ്സെറ്റുകളുടേയും കസ്സെറ്റ് പ്ലേയറുകളുടേയും സുലഭത ഇതിനു ആക്കംകൂട്ടി. വിഷുവിനു ഈ ഗാനം അമ്പലങ്ങളിലെ ഉച്ചഭാഷിണികളും ആവര്‍ത്തിച്ചു. വിഷുവിനു പാടേണ്ട ഭക്തിഗാനമണെന്നു പരക്കെ ധാരണയുണ്ടായി. 'നമശിവായ‘ എന്നതിലെ ഓരോ അക്ഷരത്തിലുമാണ് മൂലരൂപകീര്‍ത്തനത്തിലെ ഓരോ ഈരടിയും തുടങ്ങുന്നത്. നേരത്തെ സിനിമക്കാര്‍ 'നരകവൈരിയാം' എന്നു തുടങ്ങുന്ന ആദ്യത്തെ ഈരടി ഉപേക്ഷിച്ചിരുന്നതിനല്‍ ഇത് നൂറു ശതമാനവും കൃഷ്ണകീര്‍ത്തനം ആയി മാറ്റിയെടുക്കാന്‍ എളുപ്പമായി. ശിവസമര്‍പ്പണത്തിന്റെ ക്രമം കൃഷ്ണലീലാവര്‍ണനത്തിനുപയോഗിച്ച ഭക്തകവിയുടെ ശൈവ-വൈഷ്ണവസമന്വയാഭിലാഷം ഇതോടെ പുച്ഛിക്കപ്പെട്ടു. ഇതിനോടൊപ്പം "വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ" (ഇരുട്ടിന്റെ ആത്മാവ്, എസ്. ജാനകി/ബാബുരാജ്), പിന്നീട് വന്ന 'ചെത്തി മന്ദാരം തുളസി" (അടിമകള്‍, പി.സുശീല/ദേവരാജന്‍) ഒക്കെ ഓടക്കുഴലൂതുന്ന കൃഷ്ണനെ/ഗുരുവായൂരപ്പനെ കണികാണുന്നത് മലയാളി മനസ്സില്‍പതിച്ചുവച്ചു.
അതിരസാവഹമായ ഒരു കാര്യം ഗുരുവായൂരിലെ പ്രതിഷ്ഠാവിഗ്രഹം ഓടക്കുഴല്‍ ഊതുന്ന കൃഷ്ണന്റെ അല്ലെന്നുള്ളതാണ്. ശംഖ്, ചക്ര ഗദാ പദ്മധാരിയായ വിഷ്ണുവിഗ്രഹമാണ് അവിടത്തെ പ്രതിഷ്ഠ, "രൂപമണ്ഡന'യനുസരിച്ചു വിഗ്രഹലക്ഷണം നോക്കിയാല്‍ ജനാര്‍ദ്ദനന്‍, ബാലവിഷ്ണു എന്നു സങ്കല്‍പം. പദ്മപുരാണമനുസരിച്ചു വാസുദേവന്‍. കൃഷ്ണസങ്കല്‍പം ആരോപിച്ചിരിക്കയാണെന്നു സാരം(ക്ഷേത്ര വിജ്ഞാനകോശം, പി.ജി. രാജേന്ദ്രന്‍). നാരായണീയത്തിലെ നൂറാം ദശകത്തിലാണ് മേല്‍പ്പത്തൂര്‍ ഗുരുവായൂരപ്പനെ മയില്‍പ്പീലി ചാര്‍ത്തിയ വേണുഗോപാലനായി കാണുന്നത്. ഗുരുവായൂരപ്പന്‍ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനാണെന്ന തോന്നല്‍ ഇതോടെ വേരുറയ്ക്കപ്പെട്ടു. പിന്നാലെ വന്ന കാവ്യങ്ങളും കീര്‍ത്തനങ്ങളും നേരത്തെ സൂചിപ്പിച്ച സിനിമാഗാനങ്ങളും മറ്റ് കവിതകളും ഇത് പിന്തുടര്‍ന്നു.(കേരളത്തിലെ ഒരു ക്ഷേത്രത്തിലും ഓടക്കുഴല്‍കൃഷ്ണരൂപം പ്രധാനപ്രതിഷ്ഠയല്ല). ഗുരുവായൂരിലെ ഉപ്പേരിക്കടകളില്‍ നിന്നും വാങ്ങിയ ഓടക്കുഴലൂതുന്ന വിഗ്രഹത്തെ ഗുരുവായൂരപ്പന്റെ വിഗ്രഹമാണെന്നുകരുതി വീട്ടിലെത്തിച്ചു ദര്‍ശനത്തിനെത്തിയവര്‍.
ഈ സമയത്ത് മലയാളിക്കു മയില്‍പ്പീലി ചാര്‍ത്തിയ, മഞ്ഞപ്പട്ടാട ഞൊറിഞ്ഞുടുത്ത അതീവ സുന്ദരനായ മദനവേണുഗോപാലനെയായിരുന്നു ആവശ്യം താനും. ആത്മഹത്യാ നിരക്കിലും മദ്യപാനശീലത്തിലും പണ്ടെ മുന്‍പന്തിയില്‍ നിന്നിരുന്ന മലയാളിവിഹ്വലതയ്ക്കു മുറുകെപ്പിടിയ്ക്കനുള്ള റൊമാന്റിക്‌സ്വരൂപമായിരുന്നു അത്. എല്ലാ പ്രണയഭാവങ്ങളും ആവാഹിച്ച മോഹനമുരളീധരന്‍ അവരുടെ ഇല്ലാത്ത തരളിതയെപൂര്‍ത്തീകരിച്ചു നിന്നു.
വിഷു ഒരു കണ്‍സ്യുമെരിക് പരിപാടിയാക്കന്‍ കാത്തുനിന്നിരുന്ന മാധ്യമങ്ങള്‍ക്കു അതിമോഹനമായ ഈ പ്രതിമാരൂപം ഉത്സാഹമേറ്റി. ആഴ്ചപ്പതിപ്പുകളുടെ വിഷുപ്പതിപ്പുകളില്‍ (ഇതിനോടകം കളര്‍ പ്രിന്റിംഗ് സുലഭമായിരുന്നു) മുഖചിത്രമായി അലങ്കരിക്കപ്പെട്ട ഒന്നാന്തരം കളര്‍ കോംബിനേഷന്‍-നീലയും മഞ്ഞയും- തുടിയ്ക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസ്‌വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ ഭക്തരേയും അല്ലാത്തവരേയും പുളകമണിയിക്കാന്‍ പോന്നവയായിരുന്നു. വിഷുവിനു ഒരു നല്ല മോടിഫ് കണ്ടുപിടിക്കാന്‍ പണിപ്പെട്ടിരുന്ന പേജ് ഡിസൈനര്‍മാര്‍ക്ക് ഇതു ആശ്വാസമരുളി. റ്റെലിവിഷനിലും വിഷു മോടിഫായി വിക്ഷേപിക്കപ്പെടുന്നത് ഇതേ പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രതിമകളുടെ ത്രിമാനചിത്രങ്ങള്‍ തന്നെ. ഇത്തവണ ഏഷ്യാനെറ്റിലെ മൂന്നു ചാനലുകളിലും അമൃതാ റ്റി.വിയിലും കൃഷ്ണപ്രതിമകള്‍ മാത്രമാണ് വിഷുവിനെ വിളംബരം ചെയ്തത്. കൊന്നപ്പൂക്കള്‍ ഒരു "സ്ക്രീന്‍ഫില്ലര്‍' ആയി പുറകില്‍.
ഇക്കൊല്ലത്തെ വിഷുവിന് എനിയ്ക്കു കിട്ടിയ വിഷുആശംസാക്കാര്‍ഡുകള്‍ വിഷു ഐകണൊഗ്രാഫി പുതിയ ദിശകള്‍ തേടുന്നതിനെ സൂചിപ്പിക്കുന്നു. ഒന്ന് വിഷു കൃഷ്ണഭക്തിയുടെ മാത്രം ആഘോഷമാകാമെന്ന സൂചന നല്‍കുന്നു. കാര്‍ഡിലെ ചിത്രത്തില്‍ ഉദ്യാനത്തിലിരിക്കുന്ന കൃഷ്ണന്റെ ചിത്രം മാത്രമേ ഉള്ളു. മറ്റൊരു കാര്‍ഡില്‍ ശ്രീകൃഷ്ണനോടൊപ്പം മാതാ അമൃതാനന്ദമയിയുടെ ചില്ലിട്ട ചിത്രവും കണിവസ്തുക്കളിലൊന്നാണ്. ഇതില്‍ നിന്നും മനസ്സിലാകണ്ടത് വിഷുക്കണിയിലെ ഒരു "ഐറ്റം"ആയ കൃഷ്ണപ്രതിമയ്ക്കു അഭീഷ്ടദായകന്റേയും ആശ്വാസപ്രദായകന്റേതുമായ ചുമതലകള്‍ ഉണ്ടായിരിന്നു; ആ ഗുണവിശേഷങ്ങള്‍ മാതാ അമൃതാനന്ദമയിക്കും വിഷുക്കണിയില്‍ ഭാഗഭാക്കാകാനുള്ള അവകാശം നല്‍കുന്നുവെന്നുമാണ് . മൂന്നാമത്തെ കാര്‍ഡ് ഇനിയും ഒരു പടി മുന്‍പോട്ടാണ്. നിലവിളക്കിനു മുന്‍പില്‍ ഒരു കുട്ടി മേല്‍പ്പറഞ്ഞതരം കൃഷ്ണപ്രതിമയെ ആലിങ്ഗനം ചെയ്ത് നമ്മെ നോക്കുന്നു. കണിവസ്തുക്കള്‍ വളര പിന്നില്‍ ഒരു ബാക് ഡ്രോപ് മാതിരി. ആലിങ്ഗനം ഈശ്വരസാക്ഷാത്കാരത്തിന്റെ പ്രത്യക്ഷപ്രക്രിയയായി ഈയിടെ മാറിയത് അനുഷ്ഠാനചിഹ്നമായി കയറിക്കൂടുകയാണെന്നുള്ള സൂചനയാണിത്.
അല്ലെങ്കിലും കാര്‍ഷികവൃത്തി തമിഴനു നല്‍കിക്കഴിഞ്ഞ മലയാളിക്കു വിളവെടുപ്പും സൂര്യന്റെ രാശി സംക്രമണവും ഒക്കെ ആഘോഷിക്കേണ്ട കാര്യമില്ലല്ലൊ. ഇതെഴുതുമ്പോള്‍ത്തന്നെ വേറൊരു മഹോല്‍സവം മലയാളി വടക്കെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നു പൊടിപൊടിയ്ക്കുകയാണ്. അക്ഷതൃതീയ! ഈ ദിവസം സ്വര്‍ണം വാങ്ങിയാല്‍ അതീവ ഗുണകരമാണത്രെ. 250 കിലോ സ്വര്‍ണം ഒരുദിവസം കൊണ്ട് നമ്മള്‍ വാങ്ങിക്കഴിഞ്ഞു. ആചാരങ്ങള്‍, ശീലങ്ങള്‍,വഴക്കങ്ങള്‍ എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. എന്നും അങ്ങിനെയായിരുന്നു. ഈ മാറ്റങ്ങള്‍ കണ്മുന്‍പില്‍ കാണുമ്പോള്‍ കുണ്ഠിതപ്പെടുകയല്ല ചരിത്രദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നതില്‍ ആഹ്ലാദിക്കുകയാണ് വേണ്ടത്.
Subscribe to:
Posts (Atom)