Sunday, April 17, 2011

വേൾഡ് കപ്പ് ഏന്തിയ കൈകൾ

ധോണിയും സച്ചിനുമൊക്കെ വേൾഡ് കപ്പ് പിടിച്ചു നിൽക്കുന്ന പടം കണ്ടു.

ഈ കപ്പ് ഒന്നും അടുത്തു കണ്ടിട്ടില്ലെങ്കിലും വേൾഡ് കപ്പ് പിടിച്ച കൈകൾ എനിക്കു പരിചയമുണ്ട്. സത്യമായിട്ടും.

ക്രിക്കറ്റ് മഹാസംഭവമാണെന്ന് കേട്ടിട്ടു മാത്രം ഉള്ള എനിക്ക് ഇങ്ങനെയൊരു അപൂർവ്വ ഭാഗ്യം (?) വന്നത് വിധിവൈപരീത്യം എന്നൊക്കെപ്പറയാവുന്ന കിടിലൻ സംഭാവ്യത കൊണ്ടായിരിക്കും. കൊച്ചിലേ ആരെങ്കിലും ട്രാൻസിസ്റ്റർ റേഡിയോ ചെവിയോടു ചേർത്തുപിടിച്ച് ഇടയ്ക്കിടയ്ക്ക് ഭ്രാന്തനെപ്പോലെ ആവേശം കൊണ്ട് ചിരിക്കുന്നതു കാണുമ്പോൾ ‘എതാണ്ടും ഒരു കളി എങ്ങാണ്ടു നടക്കുകാ‘ എന്ന് അമ്മ പറയുന്നത് കേട്ടിടൂണ്ട്. ‘ ഇതു ചുമ്മാ കേൾക്കേണ്ട കളിയാണോ അമ്മേ? കളി കാണുകേം ഒന്നും വേണ്ടെ കൂവിയാർക്കാൻ?‘ എന്ന ചോദ്യങ്ങളൊക്കെ പിള്ളേരുടെ വിവരക്കേടാണെന്ന മാതിരി അമ്മ തള്ളിക്കളഞ്ഞു. ഒരു കുഞ്ഞു റേഡിയോ കിട്ടാൻ ചാൻസൊന്നുമില്ലെങ്കിലും അമ്മയോട് വിറയലോടെ കാര്യം അവതരിപ്പിച്ചു ഒരിയ്ക്കൽ. “എന്റെ മോന് ഇപ്പം മേടിച്ചു തരാം കേട്ടൊ. അച്ഛനിങ്ങു വരട്ടെ”എന്ന് ഭർസിച്ച് ബാലമനസ്സിനെ പീഡനം ഏൽപ്പിച്ചെങ്കിലും രാത്രിയിൽ എന്റെ സങ്കടം കണ്ടിട്ടായിരിക്കണം ‘മക്കളേ, മക്കൾക്കു പറ്റിയ കളി ഒന്നുമല്ലത്” എന്നൊക്കെപ്പറഞ്ഞ് ലോകക്രിക്കറ്റ് ചരിത്രത്തിൽ എന്റെ സ്ഥാനമുറപ്പിച്ചു.

എന്നാലും കായികാഭ്യാസസാംസ്കാരികസമൂഹത്തിൽ നിന്നും പിൻതള്ളപ്പെട്ടു പോകെണ്ടെന്നു വിചാരിച്ച് ക്രിക്കറ്റിനു സമമായ ബേസ് ബോൾ കളി കാണാൻ പോയിട്ടുണ്ട്. മകൾ സ്കൂളിൽ എന്തോ വൻ മത്സരത്തിൽ ജയിച്ചു. ഒരു വൻപൻ ബേസ്ബോൾ കളിയ്ക്കുള്ള രണ്ടു ടിക്കറ്റാണ് അവൾ നേടിയെടുത്തത്. തീർച്ചയായും എനിക്ക് “സ്പോറ്ട്സ് ലോകമേ ഇതാ ഞാൻ നിന്നിലേക്ക് പ്രവേശിക്കുന്നു” എന്ന് വിളിച്ചുകൂവി ആഘോഷിക്കാൻ പറ്റിയ വേള. കളിയ്ക്കുന്നതോ രണ്ടു പ്രസിദ്ധ യു എസ് ടീംസ്. കിട്ടിയ സീറ്റും എന്നെപ്പോലെ തുടക്കക്കാരനു കണ്ടാസ്വദിക്കാൻ മുൻനിരയിൽ തന്നെ. കളി തുടങ്ങി കുറച്ചായപ്പോൾ കാണികൾ എന്തോ വൻ സംഭവത്താ‍ാൽ കൂകിയാർത്തു. “എന്താ എന്താ സംഭവിച്ചേ”? ഞാൻ മകളോടു ചോദിച്ചു. അച്ഛൻ എവിടെയാ നോക്കിയേ’ അവൾക്ക് നിരാശ. ഒരാൾ പന്തെറിയുന്നു, മറ്റൊരാൾ അതടിച്ചു തെറിപ്പിയ്ക്കുന്നു, എറിഞ്ഞവൻ ഓടുന്നു….എവിടെയാ നോക്കേണ്ടേ? ഏതായാലും ഞാൻ നോക്കിയിടത്തൊന്നുമല്ല സംഭവം നടന്നത്.

“ദാ അവിടെ നോക്കിക്കെ… അവിടെ…’ മോൾ കാണിച്ചു തന്നു. അതു ശരി അവിടെയാണോ. അവിടെ കണ്ണും നട്ട് ഇരുന്നു. ദാ വരുന്നു പിന്നെയും ആർപ്പു വിളി. ‘എന്താ സംഭവിച്ചേ? എന്താ എന്താ?‘ ഞാൻ കണ്ണു നട്ടിടത്തല്ല ഇത്തവണ കാര്യം നടന്നത്. മറ്റേ കോണിലാണ്. എവിടെയാ നോക്കണ്ടേ മോളേ? ഏറിയുന്നവന്റെ അടുത്തോ അടിച്ചു തെറിപ്പിയ്ക്കുന്നവന്റെ അടുത്തോ? “എല്ലാം നോക്കണം അച്ഛാ’ എന്ന് വാണിങ്ങ് തന്നു അവൾ. നാടൻ തിയേറ്ററിൽ ചെറിയ സ്ക്രീനിൽ സിനിമാ കണ്ടവൻ പെട്ടെന്ന് 70 എം എം കാണുമ്പോൾ ഇടത്തു നിന്നു വലത്തേയ്ക്കും വലത്തു നിന്ന് ഇടത്തേയ്ക്കും കണ്ണ് പോകുന്നതനുസരിച്ച് തലയും തിരിയ്ക്കുന്നതു പോലെ ഞാൻ തല അങ്ങോട്ടുമിങ്ങോട്ടും 180 ഡിഗ്രിയിൽ തിരിച്ചുതുടങ്ങി. പിന്നെ കാണുന്നത് വടി കൊണ്ട് പന്ത് അടിച്ചു തെറിപ്പിക്കുന്നവൻ വലിയ ആവേശത്തോടെ ഒരു വീക്കു വച്ചു കൊടുക്കുന്നതാണ്. പന്ത് ദാ ഉയരത്തിൽ പറന്ന് ആൾക്കാരുടെ മേൽ. അവർ ആവേശത്തോടെ പിടിച്ചെടുത്തു.

‘നമ്മുടെ ടീം ജയിക്കുകയാണ് അച്ഛാ.’ മോൾക്ക് വല്യ സന്തോഷമാണ്.

തീർച്ചയായും. നമ്മൾ നാട്ടുകാർ തന്നെ പന്തു പിടിച്ചു അപ്പോ നമ്മളു തന്നെ ജയിക്കും. ഞാൻ യുക്തി നിരത്തി. “അച്ഛൻ കളി ഒന്നും കാണുന്നില്ല” (‘I should have brought somebody else” എന്ന് അവൾ പതുക്കെ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. അച്ഛനാണെന്നു വച്ച് ആത്മാഭിമാനം തീരെ ഇല്ലെന്നു വരരുതല്ലൊ)

സ്പോർട്സ് ലോകത്തിനു മിസ് ഫിറ്റ് ആണു ഞാൻ എന്നൊക്കെപ്പറയാൻ വരട്ടെ. വൺ ഓൺ വൺ എന്നൊക്കെപ്പറയാവുന്ന “റാൻഡെ വൂ’ ഒക്കെയാണു വിധി എനിക്കു വേണ്ടി കാത്തു വച്ചത്.

കുറച്ചു നാൾ മുൻപാണ്. നാട്ടിക്കുള്ള യാത്ര. ന്യൂ യോർക്ക്- ബോംബേ ഫ്ലൈറ്റ് ലണ്ടൻ വഴിയാണ്. ലണ്ടൻ ഹീ ത്രൂ എയർ പോറ്ടിൽ ഇറങ്ങിക്കേറണം. അവിടെ ബോംബേ ഫ്ലൈറ്റിനുള്ള എയർ ഇൻഡ്യാ കൌണ്ടറിൽ ഞാൻ നേരത്തെ എത്തി. വേറെ ആരുമില്ല അവിടെങ്ങും. എന്നെക്കൂടാതെ ആദ്യം എത്തിയ മറ്റൊരു യാത്രക്കാരൻ അടുത്ത് വന്ന് ഇരുന്നു. ശരിക്കും ഒരു മലയാളി ലുക്ക് ഉണ്ട്. സ്വൽ‌പ്പം കറുത്ത്. മീശയുണ്ട്. തലമുടി അൽ‌പ്പം ചുരുണ്ടതുമല്ലെ എന്ന് സംശയം. എവിടെയോ കണ്ടിട്ടുണ്ടല്ലൊ ഇയാളേ? ഓർമ്മയില്ലേ ഈ മുഖം? മലയാളി അസോസിയേഷനിൽ ഓണത്തിനും ക്രിസ്തുമസ്സിനും സ്ഥിരം കാണാറുള്ള ആൾ? വറ്ഗീസ് ചേട്ടൻ? അതോ ജോൺ ഓലിപ്പുരയ്യ്ക്കലോ? ആൾ എന്നെക്കണ്ട് പുഞ്ചിരിച്ചു. ദൈവമേ എന്നെ ഓർക്കുന്ന ഇയാളെ ഞാൻ മറന്നോ? ജാള്യത മറ്യക്കാൻ ഞാനും ചിരിച്ചു കൊണ്ട് കൈ നീട്ടി ഹലോ പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ സുന്ദരമായി ഒരു ഷേക് ഹാൻഡ് തന്നു. “എന്നാ വറുഗീസ് ചേട്ടാ കുറച്ചു കറുത്തു പോയല്ലോ, മരുഭൂമിലാണോ ഈയിടെയായിട്ടു ജോലി” എന്നൊക്കെ ചോദിച്ചാൽ അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം കാണാത്ത ഇയാൾക്ക് അതിലെ സെൻസ് ഓഫ് ഹ്യൂമർ പിടികിട്ടിയില്ലെന്നു വരും. മിണ്ടാണ്ടിരിക്കുക തന്നെ ഭേദം. വറുഗീസ് ചേട്ടന്റെ അടുത്ത് മറ്റൊരു വട്ടമുഖക്കാരൻ (ക്ലീൻ ഷേവ്, നോർത് ഇൻഡ്യൻ ലുക്ക്) വന്നിരുന്ന് വർത്തമാനം തുടങ്ങി. തൊട്ടപ്പുറത്ത് വല്യ കറുത്ത കണ്ണടവച്ച മീശക്കാരൻ സുന്ദരനും ഇവരോടു ചേർന്നു. വറുഗീസ് ചേട്ടൻ ഈയിടെയായിട്ട് ഇച്ചിരെ പോപുലർ ആയല്ലോ എന്നൊക്കെ പറയാൻ തോന്നിയെങ്കിലും ഞാൻ ഗമ വിടാതെ ഇരുന്നു.

യാത്രക്കാർ വന്നു തുടങ്ങിയതോടെ വറുഗീസ് ചേട്ടനെ പൊതിയാൻ തുടങ്ങി. ഓടോഗ്രാഫിനുമൊക്കെയായി വൻ തിരക്കും ബഹളവും. ഒന്നു രണ്ടു പേർ എന്റെ കാലു ചവിട്ടു മെതിച്ചതിനാൽ ഞാൻ ഊരി ഇറങ്ങി മാറിപ്പോയി. ഇയാൾ ഈയിടെ വല്ല സിനിമയിലും അഭിനയിച്ച് സൂപ്പർ സ്റ്റാറായോ?

ഞാൻ കാര്യമന്വേഷിച്ച് ഒരാളോടു ചോദിച്ചു. അയാൾ എന്നെ കൊല്ലാനുള്ള നോട്ടമാ നോക്കിയത്. അറിയില്ലേ? അതാരാ?
ആരാ അത്?

കപിൽ ദേവ്.

കപിൽ ദേവ് ആണ് നമ്മുടെ വറുഗീസ് ചേട്ടൻ. ആ മലയാളി ലുക്ക് ആണ് എന്നെ തെറ്റിദ്ധരിപ്പിച്ചത്. ലണ്ടനിൽ ഒരു സൌഹൃദ ക്രിക്കറ്റ് മാച്ചിനു വന്നതാണ്. ആ ക്ലീൻ ഷേവ് വട്ടമുഖക്കാരൻ- സുനിൽ ഗവാസ്കർ എന്നു പറയും. മറ്റെ മീശക്കാരൻ സുന്ദരൻ രവി ശാസ്ത്രി ആണ്. 83 ഇൽ വേൾഡ് കപ്പ് നേടിയ ടീമിലെ പലരും ഉണ്ട് ആ കൂട്ടത്തിൽ.

‘വറുഗീസ് ചേട്ടാ അല്ല കപിലൻ ചേട്ടാ വേൾഡ് കപ്പ് പിടിച്ച ആ കയ്യേൽ ഒന്നൂടെ തൊട്ടോട്ടെ' എന്നു ചോദിക്കാനൊന്നും പോയില്ല. എനിക്ക് പറ്റിയ കളിയല്ല ഇതൊന്നും എന്ന് അമ്മ പണ്ടേ പറഞ്ഞു തന്നിട്ടുണ്ടല്ലൊ.

21 comments:

എതിരന്‍ കതിരവന്‍ said...

എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും സമർപ്പണം.

ദിലീപ് വിശ്വനാഥ് said...

വർഗ്ഗീസ് ചേട്ടാ... അല്ല, എതിരൻ മാഷേ, ഈയിടെയായി ഹ്യൂമർ സെൻസ് സ്വൽ‌പ്പം കൂടിയിട്ടുണ്ടല്ല്!!!

കുഞ്ഞന്‍ said...

അമ്പോ..ഇന്ന് ഏപ്രിൽ ഫൂളൊന്നുമല്ലല്ലൊ.. :(((

എതിരൻ മാഷേ...മാടമ്പ് കുഞ്ഞിക്കുട്ടൻ വീമാനത്താവളത്തിൽ വച്ച് തൊട്ടടുത്ത് വന്നിരുന്നിട്ടും ഞാൻ തിരിച്ചറിഞ്ഞില്ല,, എന്നോട് കഴിക്കൊ എന്നു ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടിയിൽ, ഹെ യുവാവെ തന്റെ ക്വാട്ട എനിക്ക് മേടിച്ചുതരിക എന്നു പറയുകയും, പിന്നീട് സന്ദേഹത്തോടെ അങ്ങ് ഒരു എഴുത്തുകാരനല്ലെ എന്നുള്ള എന്റെ ചോദ്യത്തിൽ എഴുത്തുകാരൻ മാത്രമല്ല, സിനിമാ പ്രവർത്തകൻ കൂടിയാണെന്നും മറ്റും പറഞ്ഞു. ഖത്തറിൽ മലയാള സാഹിത്യകാരന്മാരെ ആദരിക്കുന്നതിന് ക്ഷണം ലഭിച്ച് ഓഎൻ‌വിയോടൊപ്പം വന്നതാണെന്നും,ഓ എൻ വി നാളെയെ തിരിച്ചുപോകുകയൊള്ളുവെന്നും അതുകൊണ്ട് ഞാനൊറ്റക്കായിപ്പോയെന്നും അദ്ദേഹം പറഞ്ഞു..

അല്ലെങ്കിലും കൂപ മണ്ഡൂപത്തിന് എന്തറിയാം (ഞാൻ)

prasanna raghavan said...

എതിരാ ഇതു ഹ്യൂമറിനു വേണ്ടി ഹ്യൂമര്‍ എഴുതുന്നതു പോലൊണ്ടല്ലോ എതിരാ.

എഴുത്തു രസമായിട്ടുണ്ട്.:)

മാവേലികേരളം.

Villagemaan/വില്ലേജ്മാന്‍ said...

നന്നായിട്ടുണ്ട് കേട്ടോ..ഈയിടെ കമന്ററി പറഞ്ഞ രവി ശാസ്ത്രിയെ കണ്ടു ഞാനും ഓര്‍ത്തു..ഇങ്ങേരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് !

എനിക്കുണ്ടായ ഒരു അനുഭവം പറയാം..

ജോലി സംബന്ധമായി ഒരിക്കല്‍ മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരന്റെ വീട്ടില്‍ ചെല്ലാന്‍ ഇടയായി...ചെറുപ്പത്തില്‍ ഒരുപാട് പുഷ്തകങ്ങള്‍ വയിചിട്ടുണ്ടായിരുന്നതിനാല്‍ എനിക്ക് അദ്ദേഹത്തിന്റെ നാമം പരിചിതമായിരുന്നു.. എന്നാല്‍ തികച്ചും അക്ഷരവിരോധിയായിരുന്ന സുഹുര്‍ത്ത് ചോദിച്ചു. സര്‍ എന്ത് ചെയ്യുന്നു എന്ന് ! അദ്ദേഹം ഒന്ന് ഇരുതിനോക്കിയിട്ടു അദ്ദേഹത്തിന്റെ പേര്‍ ഒരിക്കല്‍ കൂടി പറഞ്ഞു..സുഹുര്തിനെ കണ്ണടച്ച് കാട്ടിയിട്ടൊന്നും അയാള്‍ വിടാനുള്ള പരിപാടി ഇല്ല.."പേരല്ല സാര്‍ ചോദിച്ചത്, എന്ത് ചെയ്യുന്നു എന്നാണ് "! സാഹിത്യകാരന്‍ അല്പം ദേഷ്യത്തോടെ ...എടൊ..ഞാന്‍ ....... ആണ് ! താനൊന്നും എന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ലേ എന്ന്!

ചെന്ന കാര്യം നടന്നില്ല എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ !

എതിരന്‍ കതിരവന്‍ said...

മാവേലി കേരളം:
ഹ്യൂമറിനു വേണ്ടി ഹ്യൂമർ എഴുതിയതൊന്നുമല്ല. സത്യമായിട്ടും കപിൽ ദേവ് വന്ന് അടുത്തിരുന്നിട്ടും ഷേയ്ക് ഹാൻഡ് തന്നിട്ടും കണ്ടു മറന്ന ഏതോ മലയാളിയാണെന്നാ ഞാൻ വിചാരിച്ചത്.

Irvin Calicut said...

ഗംഭീര പെര്‍ഫോര്‍മന്‍സ് ചേട്ടായി ...........

Vinayaraj V R said...

Forrest Gump ഓര്‍മ്മ വരുന്നല്ലോ

Kiranz..!! said...

ഞാൻ കണ്ണു നട്ടിടത്തല്ല ഇത്തവണ കാര്യം നടന്നത്...!

:)))))

Muralee Mukundan , ബിലാത്തിപട്ടണം said...

കപിലിനെ അറിയാത്ത കതിരവനോ...!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"സ്പോർട്സ് ലോകത്തിനു മിസ് ഫിറ്റ് ആണു ഞാൻ "
ഹേയ്‌ ഇതു ശരിക്കും മിസ്റ്റര്‍ ഫിറ്റ്‌ തന്നെ
:)

ശ്രീ said...

കാര്യം അബദ്ധത്തിലാണെങ്കിലും മഹാനായ ഒരു കളിക്കാരനെ അടുത്തു കാണാനും ഷേക്ക് ഹാന്‍ഡ് കൊടുക്കാനുമെല്ലാം സാധിച്ചത് ഒരു ഭാഗ്യം തന്നെ
:)

Unknown said...

കപിലിന് മനസിലാവും( i think so ) സില്മാക്കാര്‍ക്കും മുകളില്‍ ഒരു കമന്റില്‍ പറഞ്ഞ സാഹിത്യകാരനും കതിരവന്‍റെ അവസ്ഥ മനസിലാവുമോ എന്ന് സംശയമാണ്. ലോകം മുഴുവന്‍ തങ്ങളെ പറ്റി മാത്രം ധ്യാനിച്ച്‌ കൊണ്ടേ ഇരിക്കുന്നു എന്നാണു മിക്ക സെലിബ്രിട്ടി കളുടെയും വിചാരം

thahseen said...

“അച്ഛൻ കളി ഒന്നും കാണുന്നില്ല” (‘I should have brought somebody else” എന്ന് അവൾ പതുക്കെ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. അച്ഛനാണെന്നു വച്ച് ആത്മാഭിമാനം തീരെ ഇല്ലെന്നു വരരുതല്ലൊ)
:)

എതിരന്‍ കതിരവന്‍ said...

മുരളീമുകുന്ദൻ (ബിലാത്തിപ്പട്ടണം):
പല സ്പോർട്സ് സെലിബ്രിറ്റികളെ പെട്ടെന്ന് തിരിച്ചറിയുകയില്ല എന്നു മാത്രമല്ല, ചില സ്പോറ്ട്സ് വാർത്തകളും എനിക്ക് മനസ്സിലാവുകയില്ല.
ഇന്നാള് കണ്ടൂ:
“ആനന്ദിനു സമനില”
എന്താണിത്? ഇത്രേം നാളും ഇയാൾക്കു സമനില തെറ്റിക്കിടക്കുവാരുന്നോ?

Vinnie said...

Really like it..thanks...'Anadinu samnila' nice one love it..gr8

വികടശിരോമണി said...

കിളിത്തട്ട്, തലമ, സാറ്റ്, ഏറുപന്ത് തുടങ്ങിയ കളികളിൽ പരിശീലിച്ചുനോക്കൂ. ഭാവിയിൽ വലിയ കളികളിലേക്കു പോവാം. ആദ്യമേ ബേസ് ബാളൊക്കെ പോയി കണ്ടാൽ എവിടെയാ 'സംഭവം' നടക്കുന്നേന്നു മനസ്സിലാവില്ല. പുവർ ബോയ്!

ലേഖാവിജയ് said...

ചെലപ്പൊ ഇവരെയൊന്നും ടിവീൽ കാണുമ്പോലെയാവില്ല നേരിൽക്കാണാൻ..:)

Manikandan said...

കപിൽ ദേവിനും ഒരു പക്ഷെ അത് ആദ്യത്തെ അനുഭവമായിരുന്നിരിക്കും എതിരേട്ടാ :)

Manikandan said...

മുൻപ് എഴുതിയ പല പോസ്റ്റുകളും ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്, ഈ പോസ്റ്റുകൾ ആകട്ടെ ബ്ലോഗെഴുത്തിന്റെ സുവർണ്ണകാലത്ത് എഴുതിയതും. എന്നിട്ടും കാണാതെപോയതിൽ വിഷമം തോന്നുന്നു. കിരൺസിനേയും വികടനേയും ബിലാത്തിപ്പട്ടണത്തേയും ഒക്കെ കണ്ടപ്പോഴാണ് പോസ്റ്റിന്റെ ഡേറ്റ് നോക്കിയത്.

ശ്രീ said...

മുന്‍പ് വായിച്ചതാണേലും വീണ്ടും വേള്‍ഡ് കപ്പ് ടൈമല്ലേ, ഒന്നൂടെ, കുറച്ച് അസൂയയോടെ വായിയ്ക്കുന്നതില്‍ പ്രശ്നമൊന്നുമില്ല :)