Monday, November 14, 2022

മനുഷ്യൻ ഒരു സ്പീഷീസ് മാത്രം


   ‘മനുഷ്യൻ എത്ര സുന്ദരമായ പദംഎന്ന് തോന്നുന്നത് മനുഷ്യർക്ക് മാത്രമാണ്. ഏതു ജീവിക്കും ലോകം അവരുടേത് മാത്രമാണെന്ന് അനുഭവഭേദ്യമാക്കുന്നത് അതിജീവനത്തിന്റെ ആവശ്യമാണ്. മില്ല്യൺ കൊല്ലങ്ങൾക്ക് മുൻപ് ഉരുത്തിരിഞ്ഞ വൈറസുകൾ, അതിനും മുൻപേ വന്ന ബാക്റ്റീരിയകൾ ഒക്കെ വൻ പ്രതിസന്ധികൾ അതിജീവിച്ച് മുന്നേറിയവരാണ്. അവരെ സംബന്ധിച്ച് ഇന്ന് വെളുപ്പിനു പരിണമിച്ച് പ്രത്യക്ഷപ്പെട്ട ജീവികളാണ് മനുഷ്യർ. ഏറ്റവും പുരാതനമായ ജീവന്റെ തുടിപ്പുകൾ ഉദ്ഭവിച്ചതുമുതൽ ഇന്നുവരെയുള്ള കാലദൈർഘ്യത്തിൽ മനുഷ്യൻ വളരെച്ചെറിയ ഒരു സമയമേ ഭൂവിൽ ചെലവഴിച്ചിട്ടുള്ളൂ. അതുകൊണ്ട്ദാ മറ്റൊരു ജീവിഎന്ന്  പണ്ടേയ്ക്ക് പണ്ടേയുള്ള വൈറസുകളും ബാക്ടീരിയകളും  ഇന്നത്തെ മനുഷ്യനെ പരിഹസിച്ചു തള്ളാനും മതി. ആക്രമിച്ച് കീഴ്പ്പെടുത്താൻ സാധിച്ചെങ്കിൽ അതും ചെയ്യും. മനുഷ്യർ സ്വസൗന്ദര്യത്തിൽ ഭ്രമിച്ച്, സങ്കീർണ്ണമായ ഘടനയോടെ വളർന്ന മസ്തിഷ്ക്കം ഉണ്ടെന്ന വീമ്പിൽ രാജാപ്പാർട് കെട്ടി വിലസുമ്പോൾ മോളിക്യുലാർ ബയോളജിയുടെ സർവ്വ സൂത്രങ്ങളും ഉപയോഗിച്ച് മണിക്കൂറുകൾക്കകം വേഷം മാറി നിയന്ത്രണങ്ങൾ ഏറ്റെടുക്കുന്ന വൈറസുകൾ കുറച്ചു ദിവസങ്ങൾക്കകം വിഭജിച്ചു പെരുകി പുറത്തുകടക്കാനുള്ള മറ്റൊരു ശരീരം എന്ന്  തുച്ഛത കൽപ്പിക്കുന്ന ജീവികളാണ് ശുദ്ധ പാവം ഹോമോ സാപിയൻസ്.  നമ്മളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽനിശ്ചലം ശൂന്യമീ ലോകംഎന്ന് ഊറ്റം കൊള്ളുന്നതിനെ ചിരിച്ചു തള്ളുകയാണ് വൈറസുകൾ; അവയ്ക്ക് ചിരിയ്ക്കാൻ കഴിവില്ലെങ്കിൽക്കൂടി.

 

     നമ്മൾ ഇല്ലാതെയുള്ള ലോകം (The World Without Us) അലൻ വൈസ്മാൻ 2007 ഇൽ എഴുതിയ വിസ്മയപ്പെടുത്തുന്ന  കാഴ്ച്ചാവ്യാഖ്യാനമാണ്. ഒരു നോവൽ പോലെ വായിച്ചു പോകാമെങ്കിലും ശാസ്ത്രമാണ് പ്രതിപാദ്യവിഷയം. സയൻസ് ഫിക്ഷൻ എന്ന് തോന്നുമെങ്കിലും ഫിക്ഷനേ അല്ല, സത്യത്തോട് അടുത്തുനിൽക്കുന്ന വീക്ഷണമാണ്.  ഒരു പ്രത്യേകതരം അണുബാധമൂലം മനുഷ്യർ മാത്രം മരിച്ചു പോകുകയും, പ്രകൃതിയും ജന്തുസസ്യജാലങ്ങളും അതേപടി നിലനിൽക്കുകയുമാണെങ്കിൽ എന്താണ് സംഭവിക്കുക എന്നതിന്റെ അന്വേഷണമാണ് വൈസ്മാൻ നടത്തുന്നത്. മനുഷ്യർ നിർമ്മിച്ചെടുത്തവ, സാങ്കേതികതയുടെ സംഭാവനകൾ, ലോഹനിർമ്മിതങ്ങൾ, ഇവയൊക്കെ നൈസർഗ്ഗിക രാസ ഭൗതികപ്രവർത്തനങ്ങൾ കാരണം രൂപാന്തരപ്പെടുമ്പോൾ ആശ്ചര്യപെടുത്തുന്ന അദ്ഭുതങ്ങളാണ് സംഭവിക്കുക. ഭൂപ്രകൃതി വൻമാറ്റങ്ങൾക്കാണ് വിധേയമാവുക. ന്യൂയോർക്കിലെ സബ് വേയിൽ നിന്ന് നിത്യേന വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്, അത് നിലയ്ക്കുമ്പോൾ തുരങ്കങ്ങൾ വെള്ളം വന്ന് നിറയും, മുകളിലുള്ള വീഥികൾക്കടിയിൽ നിന്ന് മണ്ണ് ഊർന്നു പോകും, അവ നദികൾ തന്നെ ആയി  മാറിയേക്കാം. കോൺക്രീറ്റ് കെട്ടിടങ്ങളുടെ മുകളിൽ, മട്ടുപ്പാവുകളിൽ പക്ഷികൾ കൊണ്ട് വന്നിടുന്ന വിത്തുകൾ മുളച്ചു പൊന്തും അവയെല്ലാം സസ്യങ്ങളാൽ മൂടപ്പെടുകയാണ്. മനുഷ്യർ ഇട്ടുകൊടുക്കുന്ന തടസ്സങ്ങൾ അപ്രത്യക്ഷമാകുന്നതിനാൽ ജന്തുക്കളും സസ്യങ്ങളും സ്വാഭാവികമായ പരിണാമോർജ്ജം ഉപയോഗിച്ച് മാറപ്പെടുകയാണ്. അവയുടെ വലിപ്പത്തിലും സ്വഭാവങ്ങളിലും വരുന്ന മാറ്റങ്ങൾ അചിന്ത്യമായിരിക്കും. 

 

ഏകദേശം ചിത്രത്തിന്റെ ഒരു പ്രാഗ് രൂപം ഇന്ന് നമ്മൾ കാണുന്നുണ്ട്.. നഗരങ്ങളിൽ യഥേഷ്ടം വിഹരിക്കുന്ന മലയൻ ചെമ്മരിയാടുകൾ, കോൺക്രീറ്റ് റോഡുകളിൽ കുറുകേ കുതിച്ചോടുന്ന കംഗാരുക്കൾ, നഗരമദ്ധ്യത്തിലെ പുൽത്തകിടികളിൽ വിഹരിക്കുന്ന നീർനായകൾ, ഗോൾഫ് ഗ്രൗണ്ടുകളിൽ സ്വൈര്യം മയങ്ങുന്ന സിംഹങ്ങൾ, കടൽത്തീരങ്ങളിൽ സോല്ലാസം നീന്തിത്തിമിർക്കുന്ന ഡോൾഫിനുകളും  കൊച്ചു തിമിംഗലങ്ങളും, വഴിനടുവിൽ മുളച്ചുപൊന്തുന്ന പുല്ലും ചെടികളും ഇങ്ങനെ അലൻ വൈസ്മാന്റെ ഭാവനാദൃശ്യങ്ങൾ നമ്മൾ ഇപ്പോൾത്തന്നെ നേരിൽക്കാണുകയാണ്. ആ ഭാവനയിൽ നിന്നും വളരെ വ്യത്യസ്തമല്ല ഒരു വൈറസിന്റെ നിർബ്ബന്ധത്താലാണെങ്കിലും ഇന്ന് മനുഷ്യൻ സൃഷ്ടിച്ച സ്വയം പിൻവാങ്ങൽ. ഭൂമി സൗമ്യയായിരിക്കുന്നു. Seismic ചലനങ്ങൾ റെക്കോർഡ് ചെയതപ്പോൾ ചലനങ്ങളുടെ തീവ്രത കുറഞ്ഞിരിക്കുന്നു. നിരത്തുകളെ മാന്തിപ്പൊളിച്ച് ഭൂമിയുടെ ഉപരിതലത്തിൽ സമ്മർദ്ദം സൃഷ്ടിച്ച് നീങ്ങുന്ന വലിപ്പവും ഭാരവുമേറുന്ന വാഹനങ്ങൾ ഒഴിഞ്ഞതോടെ മേൽപ്പാളിയിന്മേലുള്ള ആഘാതം കുറഞ്ഞിരിക്കുന്നു. മാനം തെളിഞ്ഞേ നിന്നാൽ ഹിമാലയം കാണാം. അന്തരീക്ഷമലിനീകരണം കുറഞ്ഞതിനാൽ പഞ്ചാബിന്റെ വടക്കൻ ഭാഗങ്ങളിൽ ഹിമാലയത്തിന്റെ ഉന്നത ശൃംഗങ്ങൾ ദൃശ്യമാകുന്നുവത്രേ. 

 

    ഉള്ളിലാക്കപ്പെട്ട നമ്മൾ ജനാലയിലൂടെ കാണുന്ന കാഴ്ച്ചകളാണിവ.  അകത്തു നിന്നും പുറത്തേയ്ക്കുള്ള നോട്ടത്തിനു സാദ്ധ്യതയേറിയിരിക്കുന്നു എന്നർത്ഥം.നമ്മളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകംഎന്നത് കവിഭാവന മാത്രമായി അവശേഷിക്കും എന്ന താക്കീതാണിത്.മരണം വാതിൽക്കലൊരുനാൾ മഞ്ചലുമായ് വന്ന് നിൽക്കുമെന്നഭീതിയിൽ പുറത്തേയ്ക്ക് നോക്കുമ്പോൾ സുന്ദരമായ കാഴ്ച്ചകളും പ്രകൃതി ഒരുക്കിത്തരികയാണ്. പുറത്തു നിന്ന് പ്രകൃതിയുടെ ഉള്ളിലേക്ക് നോക്കിയാലും കാഴ്ച്ച ഇതു തന്നെ. അകം പുറം തിരിയൽ സംഭാവനചെയ്യുന്ന ഭ്രമാത്മകത. രണ്ട് വീക്ഷണങ്ങൾ ഒരേ സമയത്ത്. അകത്തുനിന്ന് പുറത്തോട്ടും പുറത്തുനിന്ന് അകത്തേയ്ക്കും. ഈ അകം പുറം തിരിയൽ അലൻ വൈസ്മാൻ ഭാവനയിൽപ്പെടുത്തിയ ലോകത്തിന്റെ ഒരു ലഘുതരമോഡൽ മാത്രം. പക്ഷേ നിസ്സഹായത മനുഷ്യനു നൽകിയതാണിത് എന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു; അത്   പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണവൻ എന്നത് നിശിതമായി ധരിപ്പിച്ചിരിക്കുന്നു അവനെ.

 

      മനുഷ്യനിർമ്മിതമല്ല നിസ്സഹായത. മറ്റ് ജന്തുക്കൾക്കില്ലാത്തവിധത്തിൽ സ്വയം നിർമ്മിച്ചെടുത്ത ദൈന്യതകളാണ് സാധാരണയായി മനുഷ്യനെ കഷ്ടപ്പെടുത്താറ്. പരിണാമം അവനു സങ്കീർണ്ണമായി പ്രവർത്തിയ്ക്കുന്ന അദ്ഭുതയന്ത്രമായ മസ്തിഷ്ക്കം നൽകിയപ്പോൾ അവനെ ക്ഷിപ്രവശംവദനനു(vulnerable)മാക്കി. ഈ അസുരക്ഷാഭീതി അവനെ സ്വന്തം സ്പീഷീസിനെത്തന്നെ സംശയത്തോടെയും ഭീതിയോടെയും നോക്കിക്കാണാൻ പ്രേരിപ്പിച്ചു. സ്വന്തം സ്പീഷീസിനെ വൻതോതിൽ കൊലചെയ്യുന്ന മറ്റ് ജന്തുക്കൾ ഇല്ല തന്നെ. അതിജീവനത്തിനുള്ള എല്ലാ വിഭവങ്ങളും ലഭ്യമാണെന്നുറപ്പു വരുത്താനുള്ള തന്ത്രങ്ങൾ കൈവശമുണ്ടെന്നിരിക്കെയും അവൻ അനാവശ്യമായി ജന്തുസഹജമായ പ്രാദേശികാവകാശത്തിന്റെ (territorial rights) പ്രാകൃതരൂപത്തിൽ കുടുങ്ങിക്കിടക്കുകയും അതിനുവേണ്ടി യുദ്ധങ്ങൾ നടത്തി സ്വയം നശിക്കുകയും ചെയ്യുന്നവനായി. എന്നാൽ ഇന്നത്തെ അവന്റെ ആത്മഭീതി മറ്റൊരു  കണികാസമാനമായ സ്പീഷീസിന്റെ സംഭാവനയാണ് എന്നത് വൻ വിരോധാഭാസം തന്നെ. അതിജീവനപ്പോരാട്ടത്തിൽ ഒരു ജീവി ജയിക്കണമെന്നാണ് പരിണാമനിയമമെങ്കിലും രണ്ടും ചില മാറ്റങ്ങളോടെ വംശം നില നിറുത്തുകയാണ് പതിവ്. പെട്ടെന്ന് മ്യൂടേറ്റ് ചെയ്യാനുള്ള കഴിവ് വൈറസുകളെ എതു വിഷമകാലഘട്ടത്തിലൂടെയും കടന്നുപോകാൻ പ്രാപ്തരാക്കുകയാണ്. ഒരു വൈറസിന്റെ സ്വാഭാവികപരിണാമത്തിന്റെ പരിണിതഫലം മാത്രമാണ് ഇന്നത്തെ കോവിഡ്-19 ആക്രമണ പശ്ച്ചാത്തലം. നമ്മൾ നിർമ്മിച്ച സാങ്കേതികത ആധാരമാക്കി ഏറ്റവും കൂടുതൽ പെരുകുക എന്ന പരിണാമോദ്ദേശം സാധിച്ചെടുത്തു കൊറോണ വൈറസ്. രാജ്യങ്ങൾ തമ്മിലുള്ള ദൂരത്തിന്റെ ദൈർഘ്യം എന്ന മാനത്തെ സാങ്കേതികത കൊണ്ട് ചെറുതാക്കിക്കൊണ്ട്, സമയത്തെ ചുരുക്കിയെടുത്തുകൊണ്ടു  മനുഷ്യൻ  ലോകം മുഴുവൻ വൈറസിനു പകരാനും പെറ്റുപെരുകാനും അവസരം സൃഷ്ടിയ്ക്കുകയാണുണ്ടായത്.  ‘കീഴടക്കി പോൽ മർത്യൻ പ്രകൃതിയെഎന്ന് കവികൾ പാടിയ  മനുഷ്യവിജയത്തിന്റെ കാഹളങ്ങളിലെ അലയൊലിയിൽത്തന്നെ ലയിച്ച് വൈറസുകൾ അവയുടെ പരിണാമവിജയം പ്രഖ്യാപിച്ചു. പരിണാമത്തിൽ വിജയം എന്നൊന്ന് ഇല്ല, അതിജീവനമാണ് വിജയം എന്നത് സത്യമാണെങ്കിൽക്കൂടി.

 

നമ്മളുടെ ഫിസിയോളജിയുടെ ചില പ്രത്യേക പരിണാമഫലത്തിലാണ് പുതിയ കൊറോണ വൈറസ് പിടുത്തമിട്ടത്. അതിജീവനത്തിനുള്ള വഴികൾ തേടുമ്പോൾ സഹജമായ പ്രജനനം (reproduction) എന്നുള്ളതാണ് ജീവന്റെ പ്രധാന ആധാരം. വൈറസുകൾക്ക് ഇതിനു വേണ്ടി ഏതെങ്കിലും കോശത്തിൽ (ബാക്റ്റീരിയ അല്ലെങ്കിൽ സസ്യ/ജന്തു കോശങ്ങളിൽ) കയറിപ്പറ്റേണ്ടതുണ്ട്. നമ്മുടെ കോശങ്ങളുടെ ഉപരിതലത്തിൽ പറ്റിപ്പിടിയ്ക്കാൻ വേണ്ടിയുള്ള   ചില പ്രത്യേക സംവിധാനങ്ങളുണ്ട് കൊറോണ വൈറസിന്മേൽ.  അവയുടെ ചിത്രങ്ങളിൽ കാണാറുള്ള, എഴുന്നു നിൽക്കുന്നസ്പൈക്കുകൾ. ഈ സ്പൈക് പ്രൊടീനിന്റെ അഗ്രത്ത് കൊളുത്തുപോലെ ഒരു രൂപഘടനയുണ്ട്.  അത് പ്രത്യേകം പരിണമിച്ച് ഉണ്ടായതാണ്. നമ്മുടേ കോശങ്ങളുടെ ഉപരിതലത്തിലുള്ള ACE2 എന്ന പ്രോടീൻ തന്മാത്രമേൽ ആണ് കൊളുത്ത് ഉപയോഗിച്ച്  വൈറസ് പറ്റിപ്പിടിയ്ക്കുന്നത്. ഉടൻ സ്പൈക് പ്രോടീൻ അതിന്റെ ഉൾഭാഗം തുറന്ന് നമ്മുടെ കോശോപരിതലവുമായി വൈറസിന്റെ ഉപരിചർമ്മസ്തരത്തെ ലയിപ്പിച്ച് അകത്തു കയറുകയാണ്. നമ്മുടെ കോശങ്ങൾ വിചാരിയ്ക്കുന്നത് അകത്തു കയറ്റി വിടേണ്ട വസ്തുവാണിത് എന്നാണ്. ഈ ACE2 എന്ന പ്രോടീൻ നമ്മുടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കാനുള്ളതാണ്. മൂക്കിലെ കോശങ്ങളുടെ ഉപരിതലത്തിൽ ഇത് ധാരാളമായുണ്ട്. തൊണ്ടയിലും ശ്വാസകോശത്തിലും ACE2 വാരിവിതറിയിട്ടുണ്ട്.  വൈറസ് പ്രത്യേകത വസൂലാക്കുകയാണ്. വായുവിൽക്കൂടി, ശ്വാസത്തിൽക്കൂടി അകത്തുപ്രവേശിക്കുക. ACE2 എന്ന സ്വീകരിണി പട്ടികളിലും പൂച്ചകളിലും ഉണ്ടെങ്കിലും ഇന്നത്തെ കൊറോണ വൈറസിനു മനുഷ്യരോടാണു താൽപ്പര്യം. വൈറസുകൾ കയറിക്കൂടുന്ന പലേ ജന്തുക്കളിൽ ഒരു സ്പീഷീസ് മാത്രമാണ് നമ്മൾ. ലോകം മുഴുവൻ നിർബാധം സഞ്ചരിക്കുന്ന ഒരേ ഒരു സ്പീഷീസ്. അതുകൊണ്ടുതന്നെ ഭൂഗോളമാകെ പടരാൻ, വിഭജിച്ചു പെരുകാൻ മനുഷ്യനെത്തന്നെ കൂട്ടുപിടിയ്ക്കണം എന്ന് വൈറസുകൾ തീരുമാനമെടുത്താൽ അവരെ കുറ്റം പറയാനില്ല. 

 

മഹാമാരികൾ ധാരാളം ജീവനാശങ്ങൾ സൃഷ്ടിച്ച് കടന്നു പോയിട്ടുണ്ട്.  1890 ഇൽ OC43 എന്ന കൊറോണവൈറസ് ഇന്ന് കോവിഡ്-19 കൊന്നതിലും കൂടുതൽ ആൾക്കാരെ വകവരുത്തി.   H1N1 എന്ന  പക്ഷിപ്പനി വൈറസ് 1920 കളിൽ സ്പാനിഷ് ഫ്ലു സൃഷ്ടിച്ചു 5 മില്ല്യൺ ആൾക്കാരെ കൊന്നൊടുക്കി. സാമൂഹികവും സാമ്പത്തികവുമായുള്ള പദ്ധതികൾ എത്ര ലാഘവത്തോടെ ഉടഞ്ഞുപോകുന്നവയാണെന്ന് വളരെ പെട്ടെന്നാണ് നമ്മൾക്ക് ബോദ്ധ്യം  വന്നത്. ലോകമെമ്പാടും ഒരേ സമയം പടർന്ന് ലോകസാമ്പത്തികരംഗത്തെ ഒറ്റയടിക്ക് നിലം പരിശാക്കി വൈറസ്. ക്രൂഡ് ഓയിൽ വിലയും തൊഴിലില്ലായ്മയും ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത മാതിരി കൂപ്പുകുത്തി. വൈറസിനോടൊപ്പം തകർച്ചയും രാജ്യാതിർത്തികൾ ഭേദിച്ച് പടർന്ന് പരന്നു. മാനസികനിലയിലെ അപഭ്രംശങ്ങൾ എല്ലാ സമൂഹങ്ങളിലും പ്രത്യക്ഷമായി. 1920 ഇലെ സ്പാനിഷ് ഫ്ലു മഹാമാരിയുമായി യാതൊരു സാമ്യമില്ലാത്തവണ്ണം മനുഷ്യകുലം ആകെ പീഡിതരായി.  ഒറ്റപ്പെടൽ എന്നത് ഇന്നത്തെപ്പോലെ ഇല്ല അന്ന്. മറുരാജ്യങ്ങളിൽ എത്തിപ്പെട്ടവർ തങ്ങൾ ആരുമല്ലെന്ന് തോന്നിയത് വളരെ തീവ്രമായാണ്. ഇറ്റലിയിൽ മരണത്തിനു നടുക്ക് പെട്ടുപോയവർ, ഗൾഫ് രാജ്യങ്ങളിൽ നിസ്സഹായരായിപ്പോയവർ, ന്യൂയോർക്ക് ആശുപത്രികളിൽ ഭീകരമായ മരണങ്ങൾ നേരിൽ കണ്ട നേഴ്സുമാർ ഒക്കെ നമ്മുടെ സ്വന്തക്കാരായ മലയാളികൾ തന്നെ. ആഗോളവൽക്കരണം സൗഭാഗ്യങ്ങൾ കൊണ്ടു വന്നത് സ്വീകരിച്ചപ്പോൾ അതേ ആഗോളവൽക്കരണം വൈറസിനെ പടർത്തി, ശാപങ്ങൾ തിരിച്ചുനൽകി. വൈറസ് ബാധ നീട്ടിയെറിഞ്ഞ വലയുടെ കണ്ണികൾ ലോകത്താകമാനം പരന്ന് കിടക്കുന്നു. പാരീസിലെ ഒരു റെസ്റ്റൊറന്റിൽ ജോലി ചെയ്യുന്നവൾ മാസാമാസം അയയ്ക്കുന്ന പണം കൊണ്ട് ഇക്വഡോറിലെ ഒരു കുടുംബം കഴിയേണ്ടതുണ്ട്. റ്റൊറന്റോയിൽ റ്റാക്സി ഓടിച്ചതിന്റെ  കൂലി പഞ്ചാബിലെ ഒരു ഗ്രാമവീട്ടിലെ അടുപ്പിൽ തീ പുകയ്ക്കേണ്ടതുണ്ട്. ഷിക്കാഗോയിലെ ഒരു ഇറച്ചി സംസ്കരണസ്ഥാപനം അടച്ചുപൂട്ടിയാൽ പട്ടിണിയാകുന്നത് മെക്സിക്കോയിലെ ഒരു കുടുംബമാണ്. സമൂഹം എത്ര പരസ്പരബന്ധിതമായിരിക്കുന്നു എന്ന അറിവ് നിശിതമായി എത്തപ്പെട്ടിരിക്കുന്നു. മരണത്തെ, ഒറ്റപ്പെടലിനെ നേരിടുന്ന പ്രവാസികളുടെ വ്യഥകൾ അത്ര പെട്ടെന്ന് കെട്ടൊടുങ്ങുന്നതല്ല. സാമ്പത്തികരംഗം തകരുമ്പോൾ കാർഷികവൃത്തിയെ, വിളവിനെ, ഉദ്പ്പാദനത്തിനെ, കയറ്റുമതിയെ അത് ബാധിക്കുമ്പോൾ പട്ടിണിയുടെ കാലങ്ങളായിരിക്കും ലോകത്ത്  പലേ ഭാഗങ്ങളിലും വന്നണയുക എന്ന മുൻകൂർ കാഴച്ചപ്പാടിലെത്താൻ പ്രയാസമില്ല. ഒരുരാജ്യവും ഭരണകൂടവും സ്വതന്ത്രമായി നിലനിൽക്കുന്നില്ല എന്നത് പതിവിൽക്കൂടുതൽ സംഗതമായിത്തീർന്നിരിക്കയാണ്. രാജ്യങ്ങളോ സമൂഹങ്ങളോ ഭരണകൂടങ്ങളോ സ്വയം നിർമ്മിച്ചെടുക്കാത്ത, സ്വാഭാവികമായും ഭൂമുഖത്ത് വ്യാപരിക്കുന്ന വൈറസ് പരിണാമത്തിന്റെ ബലതന്ത്രസഹായത്താൽ മനുഷ്യനെ വളരെ ചെറുതാക്കിയിരിക്കുന്നു.

 

   എന്നാൽ ഭരണകൂടത്തിന്റെ  തീരുമാനങ്ങളാണ് കോവിഡ്-19 വൈറസിന്റെ ഭാഗധേയം തീരുമാനിക്കുന്നത് എന്നത് വിചിത്രമായ സത്യമാണ്.  ഒരു ലോകമഹായുദ്ധം തന്നെ ഇത്. മനുഷ്യരല്ല, നശിപ്പിക്കാൻ എളുപ്പമല്ലാത്ത കണികകളാണ് ശത്രുവായി വന്നിരിക്കുന്നത് എന്ന് ലജ്ജയോടെയും സങ്കോചത്തോടെയും തിരിച്ചറിയുകയാണ് നമ്മൾ. സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങൾ യുദ്ധത്തിൽ വിജയിക്കുന്നു എന്നത് കൗതുകകരമായ ഒരു കാഴ്ച്ചയാണ്. പല സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ഇതാണ് സംഭവിച്ചത്. കേരളത്തിലെ  ആരോഗ്യമന്ത്രി ശൈലജ ടീച്ചറും വാദത്തിന്റെ ശരിവയ്ക്കലിന് കാരണമാകുന്നു. യുദ്ധക്കൊതിയന്മാരായ ആണുങ്ങൾക്ക് പകരം മാനുഷികമൂല്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന സ്ത്രീകളല്ലെ രാജ്യം ഭരിക്കേണ്ടത്? ചോദ്യം ഇപ്പോൾ സംഗതമാണ്. യുദ്ധം വരാൻ സാദ്ധ്യതയുണ്ടെന്ന് കരുതി ആയുധങ്ങൾ വൻ ചെലവിൽ വാങ്ങിച്ചു കൂട്ടുന്നവരാണ് നമ്മുടെ ഭരണാധികാരികൾ. വരാത്ത യുദ്ധത്തിനു വേണ്ടി ദുർച്ചെലവ് നടത്തുന്നവർ. വീടിനു തീ പിടിയ്ക്കുമെന്ന് കരുതി ഫയർ ഇൻഷ്വറൻസ് വാങ്ങിവയ്ക്കുന്ന മുൻ കരുതൽ പോലെയല്ലിത്, തികച്ചും വ്യർത്ഥം. എന്നാൽ ഒരു മഹാമാരി (Pandemic) വരാൻ സാദ്ധ്യതയുണ്ടെന്ന് കരുതി ഒരു തയാറെടുപ്പും നടത്താത്തതെന്തേ ഭരണാധികാരികൾ? ഇബോളയും നിപ്പയും സാർസും മെർസും പടർന്നു കയറിയത് ഇങ്ങനെ ഒരു സദ് ചിന്തയിലേക്ക് എന്തേ വഴിതെളിച്ചില്ല? ധാരാളം മുൻകൂർ അപായസൂചനകൾ ഉണ്ടായിരുന്നിട്ടും ഏപ്രിലിൽ പോലും അമേരിക്കൻ പ്രസിഡന്റ് എന്തേ ഉദാസീനതയുടെ അവതാരമായി ഉത്തരവാദിത്തരഹിതമായി പ്രവർത്തിച്ചത്? മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന മരുന്ന്, ചില വൈറസുകളുടെ വിഭജനം തടയുന്നതും എന്നാൽ കോവിഡ്-19 പ്രതിരോധത്തിനു ഫലപ്രദമല്ലെന്ന് തെളിഞ്ഞതുമായ  ഹൈഡ്രോക്സിക്ലോറോക്വിൻ ഇൻഡ്യയിൽ നിന്ന്  ഇറക്കുമതി ചെയ്യുന്നതിനു സാങ്കേതികതടസ്സം മാത്രം ഇൻഡ്യ ഉന്നയിച്ചപ്പോൾപ്രത്യാഘാതം ഉണ്ടാകും” (There will be consequence) എന്ന് ട്രമ്പ് പ്രതിവചിച്ചത് ഒരു മുരടൻ പടയാളിയുടെ യുദ്ധക്കൊതിയിൽ മൂപ്പിച്ചെടുത്ത വെല്ലുവിളിയായിരുന്നു എന്ന് ആർക്കാണറിയാത്തത്? മനുഷ്യന്റെ ജീവനു വിലയില്ലാതാകുന്നത് യുദ്ധത്തിൽ മാത്രമാണ്. കൊറോണ വ്യാധിയിൽ മരിച്ചതിനും ആയിരം മടങ്ങ് മനുഷ്യരെ നമ്മൾ തന്നെ കൊന്നിട്ടുണ്ട് എന്നത് എന്തുകൊണ്ടാണ് നമ്മുടെ സാംസ്കാരികബോധം മറന്നു പോകുന്നത്? ഒന്നാം ലോകമഹായുദ്ധം 9 മില്ല്യൺ മനുഷ്യരെ കൊന്നെങ്കിൽ രണ്ടാം യുദ്ധം 75 മില്ല്യണെ ആണ് കൊന്നത്. സിറിയയിൽ 6 ലക്ഷം ജീവനുകളെ ഈയിടെയാണ് ഇല്ലാതാക്കിയത്, അത് തുടരുന്നുണ്ടു താനും. കുരിശുയുദ്ധത്തിൽ ദൈവത്തിന്റെ പേരിൽ നമ്മൾ കൊന്നത് 10 ലക്ഷം ആണെങ്കിൽ വിയറ്റ് നാമിൽ കൊന്നതും 10 ലക്ഷത്തെ ആണ്. മറ്റ് ഒരു ജന്തുക്കളും യുദ്ധം ചെയ്യാറില്ല, സ്വന്തം സ്പീഷിസിനെ കൂട്ടക്കൊല ചെയ്യാറില്ല. പക്ഷേ അവയും വൈറസ് ബാധയാൽ ഒന്നോടെ മരിയ്ക്കാറുണ്ട്. പ്രകൃതിയുടെ സ്വാഭാവികതയിൽപ്പെടുത്താവുന്ന അണുബാധ, അതും പെരുമാറ്റ വിന്യാസക്രമങ്ങളാലും കർശനമായ നിയമപാലനത്താലും നിയന്ത്രിക്കാനാവുന്നതായ വ്യാധി. അത് രാഷ്ട്രീയവൽക്കരിക്കപ്പെട്ട് കൂടുതൽ കെടുതിയിലേക്ക് നയിക്കുന്ന ദയനീയ കാഴ്ചയ്ക്കുള്ള ചിത്രം വരയ്ക്കുന്നത് യുദ്ധത്തിലൂന്നിയ ചിന്താഗതിയുടെ പരിണിതഫലത്തിന്റെ കടും ചായങ്ങളാലാണ്.

 

            ഇത്തരം സന്ദർഭങ്ങളിൽ ഭരണകൂടത്തിന്റെ ചായ്വുകൾ  ആണ് ജീവന്റേയും മരണത്തിന്റേയും ത്രാസ് പൊങ്ങുന്നതും താഴുന്നതും തീരുമാനിക്കുന്നത് എന്നത് ഭീതിദമാണ്. അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്കും പാവപ്പെട്ട സ്പാനിഷ് വംശജർക്കും ഇടയിലാണ് കോവിഡ്-19 വൈറസ് കൂടുതൽ പടരുന്നതും മരണങ്ങൾ സംഭവിക്കുന്നതും. റിപബ്ലിക്കൻ പാർടിയുടെ വോട്ട് ബാങ്ക് ലിസ്റ്റിൽ പെടാത്തവർ. ഒരു ഗൂഢാലോചന സിദ്ധാന്തം (conspiracy theory) ഇവിടെ മണക്കുന്നുണ്ടെങ്കിലും ശാസ്ത്ര മാഗസീനുകളിൽ വന്ന സ്റ്റാറ്റിറ്റിക്സ് പഠനങ്ങൾ ഗവണ്മെന്റിന്റെ നിസ്സംഗതയേയും അവഗണനയേയും  ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഇവരുടെ വോട്ടിന്റെ വില സ്വന്തം ജീവന്റെ വിലയും ആയി മാറുകയാണ് എന്നത് ജനായത്തസമ്പ്രദായത്തോടുള്ള വെല്ലുവിളിയാണ്. ഡെൽഹിയിൽ നിന്നും ബോംബെയിൽ നിന്നും ആയിരക്കണക്കിനു ഇതരസംസ്ഥാനതൊഴിലാളികൾക്ക് നിൽക്കക്കള്ളിയില്ലാതെ സ്വന്തം വീട്ടിലേക്ക് നൂറുകണക്കിനു മൈലുകൾ നടന്നു പോകേണ്ടിവന്നതും അടുത്ത തെരഞ്ഞെടുപ്പിൽ അവരുടെ വോട്ടിനു  തുച്ഛമായ വിലയെന്ന്  കണക്കാക്കി അതിനുള്ള ശിക്ഷ നൽകലായിരുന്നു. ജൈവപരവും പ്രകൃതിപരവുമായി സംഭവിച്ച ഒരു അവസ്ഥയാണ് വൈറസ് വ്യപനവും കൊണ്ട് ഉരുത്തിരിഞ്ഞത്. ഈ സമയത്ത് അതിജീവനത്തിനുള്ള സഹജജ്ഞാനം (survival instinct)   വഴിതിരിച്ചുവിട്ടവരെ പ്രാകൃതമായ മുൻവിധികൾ --ഇത് ജനാധിപത്യത്തിന്റെ സംവിധാനഘടനയിൽ ഉൾപ്പെടുത്തിത്തന്നെയാണെന്നുള്ളത് ഓർമ്മിക്കേണ്ടതാണ്-- ദൈന്യതയിലേക്കും ആപത്പീഡകളിലേക്കും തള്ളിവിട്ടത് നമ്മൾ നേരിൽ കണ്ട വേളയാണിത്. 

 

            ആരോഗ്യപരിപാലനപദ്ധതി (Health Care system) യിലെ വൻ പാളിച്ചകൾ വൈറസ് വ്യാധി വിവേചനരഹിതമായി പുറത്താക്കിയിട്ടുണ്ട് പല രാജ്യങ്ങളിലും.  അധഃസ്ഥിതർക്കും ഇൻഷ്വറൻസ് ഇല്ലാത്തവർക്കും ചികിൽസ വേണ്ടത്ര ലഭ്യമാകാതെ പോയിട്ടുണ്ട് അമേരിക്കയിലും ഇംഗ്ലണ്ടിലും.  അത്യാവശ്യമായ ചികിൽസാ സംവിധാനങ്ങൾ -വെന്റിലേറ്ററുകൾ, മരുന്നുകൾ, സുരക്ഷാസാമഗ്രികൾ ഇവയൊക്കെ സമൂഹത്തിലെ കീഴ്ശ്രേണിയിൽ പെട്ടുപോയവർക്ക് അപ്രാപ്യമായിട്ടുണ്ട്. ഗ്രാമവാസികൾ വിവേചനം നേരിട്ടു എന്നതും ആരോഗ്യരംഗസംവിധാനത്തിന്റെ പരിമിതികൾ ഏറെ വെളിവാക്കി.   തകർന്ന സമ്പദ് വ്യവസ്ഥയിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ പ്രശ്നകലുഷിതമായ ആരോഗ്യരംഗം അത് ദുഷ്കരമാക്കും എന്നത് ആർക്കും മനസ്സിലാക്കാവുന്നതാണ്. അമേരിക്കൻ ഹെൽത് കെയർ രംഗം പണ്ടേ ചികിൽസ തേടേണ്ടതായിരുന്നു, അത് ദയനീയമായി ഊർദ്ധ്വശ്വാസം വലിയ്ക്കുകയാണ്. പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരനും ഡോക്റ്ററുമായ സിദ്ധാർത്ഥ മുഖർജി ഈയിടെ ന്യൂയോർക്കർ മാസികയിൽ വളരെ ദീർഘമായി ഇത് പ്രതിപാദിച്ചിട്ടുണ്ട്.  “അമേരിക്കൻ ആരോഗ്യരംഗത്തെ വൻ പാളിച്ചകൾ അനാവൃതമായിരിക്കുന്നു, നമുക്ക് അറ്റകുറ്റപ്പണി സാദ്ധ്യമോ?” അദ്ദേഹം ചോദിയ്ക്കുന്നു.ആരോഗ്യസംരക്ഷണം എത്രയും വേഗം പരിപാലിക്കാൻ ഉദ്ദേശിക്കപ്പെട്ട പദ്ധതി തന്നെ അതിനു പ്രതിബന്ധമായിരിക്കുന്നുഎന്നും അദ്ദേഹം നീണ്ട ലേഖനത്തിൽ തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. സർവ്വജനബന്ധിയായ ആരോഗ്യപാലനം (Socialized medicine) എന്ന ആശയം നിർവ്വാഹമില്ലാതെ പ്രായോഗികമാക്കേണ്ടി വന്നിരിക്കുന്നു പദ്ധതിയില്ലാത്ത രാജ്യങ്ങളിലും. കോവിഡ് ടെസ്റ്റിങ് സൗജന്യമാക്കുക, ചികിൽസയുടെ ഭൂരിഭാഗവും ആശുപത്രിയോ ഭരണകൂടമോ വഹിക്കുക എന്നതൊക്കെ ജനതയെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ആവശ്യമാണെന്ന് കണ്ടും കൊണ്ടും അറിഞ്ഞിരിക്കുന്നു ഭരണ കയ്യാളികൾ.

 

            എന്നാൽ ചില ഭരണകൂടങ്ങൾ attention deficit disorder ബാധിച്ച പോലെയും പെരുമാറുന്നുണ്ട്. രാജ്യങ്ങളുടെ അതിർത്തികൾ മായ്ച്ചുകൊണ്ടാണ് കോറോണ വൈറസ് മുന്നേറിയത്. ബലവത്തായി കൊളുത്തിപ്പിടിയ്ക്കാൻ  മനുഷ്യകോശങ്ങളുടെ ഉപരിതലത്തിലെ ചില പ്രത്യേക പ്രോടീനിനെ മാത്രം തേടുന്ന വൈറസ്  മനുഷ്യരെ ഒരു സ്പീഷീസ് ആയി മാത്രമേ പരിഗണിയ്ക്കുന്നുള്ളു. ഇതേ മനോഭാവം ആധാരമാക്കിയാൽ മാത്രമേ ഒരു തിരിച്ചടി മനുഷ്യനു സാദ്ധ്യമാവുകയുള്ളു എന്ന് മനസ്സിലാക്കാനുള്ള ലളിതയുക്തി പിടികിട്ടാത്തവരാണ് രാജ്യഭാരം വഹിക്കുന്നത്. ആഗോളസഹകരണം എന്നത്  ബുദ്ധിജീവികൾ രാജ്യപരമാധികാരത്തെ നശിപ്പിക്കാനും ജനതയുടെ വ്യക്തിത്വത്തേയും സ്വത്വബോധത്തേയും  മോഷ്ടിച്ച് മാറ്റാനും മെനയുന്ന തന്ത്രങ്ങളോ മായാദർശനങ്ങളോ ആണെന്ന് ധരിച്ചു വശാകുന്നു ഇവർ. ഈ ഗോത്രാഭിനിവേശ താൽപ്പര്യങ്ങളെ അടക്കിവയ്ക്കുന്നതിനു പകരം  അവസരവാദികൾ സ്വന്തം അനുയായികളുടെ ഭയത്തെ ചൂഷണം ചെയ്ത് അവരുടെ മേൽ സ്വന്തം ആധിപത്യം ഉറപ്പിക്കുകയാണ്. ലോകം അധീശസ്വഭാവത്തിനു വലിയ വില കൊടുക്കുകയാണ്. ജനങ്ങളെ വിശ്വസിക്കാത്ത, അറിവുകൾ പരസ്പരം പകരാൻ സ്വാതന്ത്ര്യം നൽകാത്ത, സത്യം പറയുന്നത് തടയുന്ന രാജ്യത്തു തന്നെ കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടു എന്നത്  യാദൃശ്ചികമല്ല. വൈറസിനെ ഊർജ്ജസ്വലതയോടെയും ഫലപ്രദമായും നേരിട്ടത് ശക്തമായ ജനാധിപത്യരാജ്യങ്ങളായ ജെർമ്മനി, ഐസ് ലാന്റ്, ന്യൂ സിലാണ്ട്, നോർവെ, തെയ് വാൻ, ഫിൻലണ്ട് എന്നിവയാണെന്ന് ഓർക്കുക. ഇവയെല്ലാം സ്ത്രീകളാൽ നയിക്കുന്ന രാജ്യങ്ങളാണെന്നതും മറക്കേണ്ട. ജനങ്ങൾക്ക് വിശ്വസിക്കാവുന്നതും ജനങ്ങളെ വിശ്വസിക്കുന്നതുമായ ഗവണ്മെന്റുകളാണ് ഇത്തരം സന്ദർഭങ്ങളിൽ ജയിച്ച് നിൽക്കുന്നത് എന്നത് സത്യമാണ്. ഇത് സാമ്പത്തിക സംവിധാനവുമായി ബന്ധപ്പെട്ടതു തന്നെ. 1939 ഇലെ കടുത്ത സാമ്പത്തികമാന്ദ്യം (Great depression) സാമ്പ്രദായിക ഗവണ്മെന്റുകളിൽ ഉള്ള വിശ്വാസം നശിപ്പിച്ചതുംഅതിദേശീയത മറ്റൊരു മാനം കൈവരിച്ച് യൂറോപ്പിൽ  മില്ല്യൻ കണക്കിനു കൊലപാതകങ്ങൾക്ക് കാരണമായതും ചരിത്രം പറഞ്ഞു തരുന്നുണ്ട്.

 

എന്നാൽ പരിഭ്രമിച്ചു നിൽക്കുന്ന ജനതയുടെ ബലഹീനത ചൂഷണം ചെയ്ത് ജനാധിപത്യധ്വംസനം നടപ്പാക്കാൻ ഹംഗറിയും മറ്റ് ചില രാജ്യങ്ങളും  തുനിഞ്ഞു എന്നതും സ്മരിക്കേണ്ടതാണ്. ഈജിപ്റ്റിൽ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും ചൈന ഹോങ് കോങ്ങിൽ അധികാരം സ്ഥാപിച്ചെടുത്തതും ചൂഷണബലതന്ത്രത്തിന്റെ ഉദാഹരണങ്ങളാണ്. ശാസ്ത്രത്തെ വെല്ലുവിളിച്ച് പഴകിയ ആചാരങ്ങളെ പ്രചലിതമാക്കി സ്വന്തം അജണ്ടകൾ ഉറപ്പിച്ചെടുക്കാൻ നമ്മുടെ ഭരണകൂടം തന്നെ തുനിഞ്ഞത് നമ്മൾ കണ്ടതാണ്. അടുക്കളയിലെ കിണ്ണങ്ങൾ കൂട്ടിയിടിപ്പിച്ച് ഒരു അനുഷ്ഠാനപ്രതീതി കൈവരുത്തി വൈറസിനെ നേരിടാൻ ഇതാണൊരുമാർഗ്ഗം എന്ന് പ്രഖ്യാപിക്കപ്പെട്ട വേള.  ഇന്നത്തെ അടിയന്തിരാവസ്ഥ ഒഴികഴിവ് ആയി സ്വീകരിച്ച് ജനാധിപത്യസ്ഥാപനങ്ങൾക്ക് പരിക്കേൽപ്പിക്കുന്ന എല്ലാ സംരംഭങ്ങളേയും ഉടൻ നേരിടുകയും തുറന്നുകാട്ടുകയും ചെയ്യേണ്ടത് ആവശ്യമായി വരുന്നു.

 

            സ്വയം നശിക്കുന്ന, സ്വയം നശിപ്പിക്കുന്ന മറ്റൊരു സ്പീഷീസും ലോകത്തിലില്ല. വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടത് ഒരു ജൈവായുധമാണ് എന്ന conspiracy theory നിലവിലുണ്ട്. അവന്റെ തലച്ചോറ് പറഞ്ഞുകൊടുത്ത് നിർമ്മിക്കപ്പെട്ട അണുബോംബുകളെക്കാൾ 500 മില്ല്യൺ വർഷങ്ങൾക്ക് മുൻപ് ഉരുത്തിരിഞ്ഞ അർദ്ധജീവികളായെ വൈറസുകളെ ആശ്രയിക്കുന്നത് അത്ര മിടുക്കൊന്നുമല്ല.    വൈറസുകൾ പ്രദാനം ചെയ്ത പലേ അതിജീവനതന്ത്രങ്ങളുമാണ് മനുഷ്യനെ പല കാലഘട്ടങ്ങളിൽ നില നിർത്തിയിട്ടുള്ളത്, വൈവിദ്ധ്യമിയന്ന ജീനോം പേറുന്നവരാക്കിയത്, വൈറസുകളാണ്. സസ്തനികളുടെ മറുപിള്ള (placenta) രൂപീകരിക്കപ്പെട്ടത് ചില വൈറസ് പ്രോടീനുകളുടെ ജീൻ കടം വാങ്ങിയിട്ടാണ്. മനുഷ്യരുടെ ഡി എൻ യിൽ ഒരു നല്ല ശതമാനം ഇന്നും വൈറസിന്റെ ഡി എൻ ആണ്. അവയിൽ ചിലവ പെട്ടെന്നുണർന്ന് ക്യാൻസർ ജീനുകളായി മാറിയെങ്കിൽ ഒന്നും ചെയ്യാനാവാതെ വിറങ്ങലിക്കുന്നവനാണ് മനുഷ്യൻ. നിർമ്മിതബുദ്ധിയും  (artificial intelligence) ക്വാണ്ടം കമ്പ്യൂടിങ്ങും ജന്തുസഹജമായ ചോദനകൾക്കപ്പുറം മനുഷ്യനെ മാറ്റിയെടുക്കുകയില്ല എന്ന്  വൈറസുകൾക്ക് നന്നായറിയാം. ആക്രമിയ്ക്കാൻ മനുഷ്യനെ കിട്ടിയില്ലെങ്കിൽ മ്യൂടേറ്റ് ചെയ്ത് മറ്റൊരു ജീവിയിൽ വാസമുറപ്പിക്കാൻ എളുപ്പമാണെന്ന തന്റേടവും അവർക്കുണ്ട്. 

 

ലേഖനത്തിന്റെ തുടക്കത്തിൽ അലൻ വൈസ്മാൻ പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ പരിണിതഫലം ചിത്രീകരിക്കാൻ നാം പിൻവാങ്ങുമ്പോൾ സംഭവിക്കുന്ന സുന്ദരദൃശ്യങ്ങൾ ഉള്ളിൽ തട്ടുംപടി വിശദമാക്കിയെങ്കിൽ ഡേവിഡ് ആർച്ചെർ നമ്മൾ സൃഷ്ടിച്ചു തുടങ്ങിയ ആക്രമണങ്ങൾ ഭൂമിയെ ഒരു ദുരന്തഭൂമിയായി എങ്ങനെ മാറ്റുന്നു എന്ന് ഭീതിദമായി വിവരിച്ചിട്ടുണ്ട് തന്റെ ദി ലോങ് തോ (The Long Thaw) എന്ന പുസ്തകത്തിൽ. ഫോസ്സിൽ ഇന്ധനം കത്തിച്ച് വമിക്കപ്പെടുന്ന കാർബൺ ഡയോകസൈഡ് നൂറോ ഇരുനൂറോ അല്ല ആയിരത്തോളം വർഷങ്ങൾ നീണ്ടു നിൽക്കുന്ന വൻ പ്രത്യാഘാതങ്ങളാണ് സൃഷ്ടിയ്ക്കുന്നത് എന്ന് നിശിതമായി സൂചിപ്പിക്കുന്നു ആർച്ചെർ. ആമുഖത്തിൽത്തന്നെ മനുഷ്യൻ ഒരു വിശിഷ്ടജീവിയൊന്നുമല്ലെന്ന് ഡാർവിൻ പ്രസ്താവിച്ചതും ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലെന്ന് കോപ്പർനിക്കസ് പ്രഖ്യാപിച്ചതും അനുസ്മരിച്ച് മനുഷ്യനു ലോകത്തിനു മേലോ പ്രകൃതിയ്ക്ക് മേലോ അധീശത്വം ആരും കൽപ്പിച്ചരുളിയിട്ടില്ല എന്ന് കൃത്യമായി ഓർമ്മപ്പെടുത്തുന്നുണ്ട്.  സമ്പൂർണ്ണനാശം (apocalypse) ലക്ഷക്കണക്കിനുള്ള ജീവികളിൽ ഒന്നുമാത്രമായ മനുഷ്യന്റെ അവകാശമായി ആരും തീറെഴുതിയിട്ടില്ല, വൈറസുകളുടെയും അവകാശമല്ലത്.

 

വൈറസുകൾ കനിഞ്ഞ്നൽകിയ സമയമുപയോഗിച്ച് തേനീച്ചകൾക്ക് പൂവിന്റെ സുഗന്ധം മണത്തറിഞ്ഞ് പറക്കാൻ അവസരമൊരുക്കിയിരിക്കുന്നു നമ്മൾ. ചീറിപ്പായുന്ന മോടോർ ബോട്ടുകളുടെ ഘോരശബ്ദങ്ങളും പ്രകമ്പനങ്ങളും അനുഭവിക്കേണ്ടിവരാതെ നീന്തിത്തുടിയ്ക്കാൻ ഡോൾഫിനുകൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുന്നു നമ്മൾ. അവരോടൊപ്പം മറ്റൊരു സ്പീഷീസ് മാത്രമാണ് മനുഷ്യൻ എന്ന വിചാരം പരിസ്ഥിതിവാദികളുടേത് മാത്രമല്ലാതായിരിക്കുന്നു. ലോലവും ഭംഗുരവും ആയ പ്രകൃതിയിൽ അതുപോലെ ലോലനായ മനുഷ്യൻ ഒരു ചെറിയ കണികയായ വൈറസിനാൽ ഉടഞ്ഞുപോകുന്നു. മനുഷ്യനല്ല, ഒരു ജീവിയ്ക്കും പ്രത്യേക മഹത്വം ഉണ്ടെന്ന് വൈറസുകൾ കരുതുന്നില്ല.  പരിണാമവഴിയിലെ നിയതകാലഘട്ടത്തിലൂടെ കടന്നു പോകുന്ന പാവം മനുഷ്യൻ, ബയോളജി പാഠപ്പുസ്തകത്തിൽ ഹോമോസാപിയൻസ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഒരു  സ്പീഷീസ് മാത്രം.

 

പരാമർശിത കൃതികൾ:

 

Abrams A. “For organizer Ady Barkan, Covid-19 is yet another reason to pass Medicare for all”  Time Magazine April 6, 2020  https://time.com/5810489/medicare-for-all-coronavirus-2/

Archer, D. The Long Thaw. Princeton University Press 2008. 

Callaway E . Ledford H. and Mallapaty S. “Six months of coronavirus:the mysteries scientists are still racing to solve.” Nature 583: 178-179, 2020. 

Mukherjee, S. “What the corona virus crisis reveals about American medicine.” The New Yorker, May 2020.

Weisman A. The World Without Us. St. Martin’s Thomas Dunne Books.  2007