Sunday, May 3, 2009

മദ്ധ്യവേനലവധിയായീ.........

എല്ലാ മദ്ധ്യവേനലവധിക്കാലത്തും ചന്ദ്രു വരും വീട്ടിൽ. 6C യിലെ ഞാനും 6A യിലെ രാമചന്ദ്രയ്യർ എന്ന ചന്ദ്രുവും അടുത്ത കൂട്ടുകാർ ആയത് എനിയ്ക്ക് വേറേ ആത്മാർത്ഥന്മാർ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ സ്കൂളടച്ചപ്പോൾ നാലുകിലോമീറ്റർ ദൂരെയുള്ള ടൌണിൽ നിന്നും എന്റെ വീട്ടിൽ അവൻ പൊടുന്നനവേ എത്തിയപ്പോൾ അത്തവണത്തെ അവധിക്കാലം പൊടിപൊടിയ്ക്കാം എന്ന മനസ്സറിവിൽ സന്തോഷം കവിഞ്ഞു. അച്ഛൻ വക്കീലയ്യർ വല്ലയിടത്തും പോയപ്പോൾ നിന്നെ ഇവിടെ ഇറക്കിയതാണോ ചന്ദ്രൂ? അല്ല നിന്നെക്കാണാൻ തന്നെ എത്തിയതാ-അവൻ. പിന്നെ ഒന്നെങ്കിൽ അവൻ ഇവിടെ അല്ലെങ്കിൽ ഞാൻ അവിടെ എന്ന മട്ടായി. പുതുതായിക്കണ്ട തമിഴ് സിനിമയുടെ കഥ പറയുന്നതുമാത്രമാണെങ്കിലും മതി ഒരു ദിവസം പോകാൻ.

നീ തോട്ടിൽ ചാടുന്നോ? തോർത്തു ഞാൻ തരാം. തോട്ടിലേക്കു ചാഞ്ഞുകിടക്കുന്ന മുട്ടൻ മരക്കൊമ്പിന്മേൽ ക്കൂടെ ഓടി വെള്ളത്തിലേക്കു ചാടുക. നീന്തിക്കയറി നട കയറി പിന്നെയും ചാടുക. എന്റെ പുറകെ ചന്ദ്രുവും ചാടി. ഞാൻ നീന്തിത്തുടിയ്ക്കുമ്പോൾ അതാ കാണുന്നു ചന്ദ്രു കൈകാലിട്ടടിച്ച് മരണപരാക്രമം കാണിയ്ക്കുന്നു! വലിച്ചു കയറ്റി നടയിലിരുത്തി. ചുമച്ചു ഛർദ്ദിച്ചു വശം കെട്ട അവനോട് എനിയ്ക്ക് ദേഷ്യം വന്നു. നീന്താനറിയാൻ മേലെങ്കിൽ പറയേണ്ടെ? മൂന്നു ദിവസം കൊണ്ട് നീന്താനല്ലെങ്കിലും വെള്ളത്തിൽ പൊങ്ങിക്കിടക്കാ‍നെങ്കിലും വശമാക്കി. അതു കഴിഞ്ഞ് വയറു നിറെ ചക്കപ്പഴം തീറ്റ. ചിലപ്പോൾ ഒന്നുകൂടെ തോട്ടിൽ ചാടാൻ തോന്നും. ഒറ്റ ഓട്ടം.പിന്നെ ഒരു ചാട്ടം. മാമ്പഴം പിഴിഞ്ഞ് പാളയിൽ തേച്ച് വെയിലത്തുണക്കിയെടുക്കുന്ന മാമ്പഴത്തെര അവനു വേണ്ടി പ്രത്യേകം വച്ചിരിക്കും. “മദ്ധ്യവേനലവധി യായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ…” ചന്ദ്രു നീട്ടിപ്പാടും. അവന്റെ വീട്ടിൽ ചെന്നാൽ വക്കീലയ്യർ പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ്- കണക്ക് പുസ്തകങ്ങളിലെ എക്സൈർസൈസ് ചെയ്തു തീർക്കാൻ ഉത്തരവാദിത്തമുണ്ട്. എനിയ്ക്കു മാർക്കു കൂടുതൽ കിട്ടാറുള്ളതുകൊണ്ട് ഈ ബോറടിപ്പരിപാടി ഞാൻ ഏറ്റെടുത്ത് ചന്ദ്രുവിനെ ഇമ്പ്രൂവ് ചെയ്യുക എന്നണ് വക്കീലയ്യരുടെ നിർദ്ദേശം.ഒരു ഉത്സവരാത്രി വളരെ വൈകി അവന്റെ മഠത്തിൽ ഉറങ്ങാൻ കിടന്ന നേരം എന്റെ ഒരു ഭംഗിയുമില്ലാത്ത വൃത്തികെട്ട തലയുടെ പുറകിലെ കൂർത്തഭാഗം തൊട്ട് “ഇതൊക്കെ ബുദ്ധി ആണോ” എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ ഉള്ളാലെ ചിരിക്കുകയായിരുന്നെന്ന് അവനറിഞ്ഞോ? ഏതായാലും അവധിക്കാലം ഇങ്ങനെ പഠിച്ചു തുലയ്ക്കാനുള്ളതല്ലെന്നു ഞങ്ങൾക്ക് തീർച്ചയുണ്ടായിരുന്നു. അതുകൊണ്ടല്ലെ ചന്ദ്രു എന്റെ വീട്ടിൽ മിക്ക ദിവസവും എത്തുന്നത്.

ഏഴാം ക്ലാസിലെ അവധിക്കാലവും ഇതു തന്നെ. നീന്തൽ പഠിച്ചതു കൂടാതെ അത്യാവശ്യം മരത്തിൽ കയരാനും ചന്ദ്രു പഠിച്ചെടുത്തു. “മദ്ധ്യവേനലവധിയായീ…’ അവൻ പാട്ടു തുടരും. എടാ അവധി പകുതിയായി. നിർത്ത് ചന്ദ്രൂ നിന്റെ ഈ പാട്ട്. അപ്പോൾ അവൻ തമിഴ് പാട്ടു പാടും. എന്നെ തോൽ‌പ്പിക്കാൻ.എന്റെ വെല്യേട്ടന്റെ കൂളിങ്ങ് ഗ്ലാസ് എടുത്ത് വച്ച് ശിവാജി ഗണേശൻ കളിച്ച് താഴെ വീണ് അതേൽ വിള്ളലുണ്ടാക്കിയത് നീയാണെന്ന സത്യം ഞാൻ പറയും എന്നതാണ് എന്റെ തുരുപ്പു ചീട്ട്. അവൻ ചിരിക്കുമ്പോൾ മുൻവശത്തെ വലിയ രണ്ടു പല്ല് മുഴുവൻ വെളിയിൽ വരുന്നത് എന്റെ തലയുടെ വൈകല്യത്തെ തുല്യപരിഹാരം ചെയ്യാനല്ലെ?

എട്ടാം ക്ലാസിലേക്കു കയറാൻ സ്കൂൾ തുറക്കുന്നതിനു ഒരാഴ്ച മുൻപാൺ അതു സംഭവിച്ചത്. ഞാൻ പഠിച്ചിരുന്ന ഗവണ്മെന്റ് സ്കൂൾ പോരാ, ഹൈ സ്കൂളിൽ ആകുമ്പോൾ ടൌണിലെ സെന്റ് തോമസിൽ പഠിയ്ക്കുന്നതാണു നല്ലതെന്ന് അച്ഛൻ തീരുമാനിച്ചു. പെട്ടെന്ന് ഒരു ദിവസം അച്ഛൻ എന്നെ സെന്റ് തോമസിൽ ചേർത്തതായി അറിയിക്കുകയാണ് ഉണ്ടായത്. ചന്ദ്രുവിനെ അറിയിക്കാൻ എനിയ്ക്ക് ടൌണിൽ പോകാൻ പറ്റിയില്ല. സ്കൂൾ തുറക്കുമ്പോൾ അവന്റെ സ്കൂളിൽ ഞാനില്ല! എനിയ്ക്ക് പരിഭ്രമം ആയി. ചന്ദ്രുവിനോട് ഇങ്ങനെ ചെയ്തത് ശരിയോ? എന്നാലും അവധിക്കാലത്തു കൂടാൻ എന്താ പ്രയാസം? പക്ഷെ സംഗതി കൈവിട്ടുപോയി. ടൌണിൽ വച്ച് പാട്ടുകാരൻ സഹദേവൻ വിവരം പറഞ്ഞു. സ്കൂൾ തുറന്ന ദിവസം ചന്ദ്രു കാര്യം അറിഞ്ഞു. വീട്ടിൽ പോയി കരഞ്ഞു ബഹളമുണ്ടാക്കി. ഉടൻ സെന്റ് തോമസ്സിലെക്കു മാറ്റുക. അല്ലെങ്കിൽ സ്കൂളിൽ പോകുന്നില്ല എന്നായി ചന്ദ്രു. കണിശക്കാരനും കാർക്കശ്യക്കാരനുമായ വക്കീലയ്യർ ക്ക് കനിയാൻ തോന്നി. അദ്ദേഹം ട്രാൻസ്ഫർ വാങ്ങിച്ചു കൊടുത്തു.

മൂന്നാലു ദിവസത്തിനകം ചന്ദ്രുവിനെ സെന്റ് തോമസിൽ കണ്ടപ്പോഴേ എന്റെ ശ്വാസം നേരേ വീണുള്ളു. പക്ഷെ അവൻ മിണ്ടുന്നില്ല. അസെംബ്ലിയ്ക്ക് ലൈൻ നിന്നപ്പോൾ 8C യിലായിരുന്ന ചന്ദ്രുവിന്റെ ക്ലാസ് ലൈൻ 8D യിലായിരുന്ന എന്റെ ലൈനിന്റെ അടുത്തുതന്നെ. ഞാൻ തിരിഞ്ഞ് അവനെ നോക്കിയപ്പോൾ വശത്തേക്കു മാറി മുഖം തിരിച്ചു. ഒരു ദിവസം എന്റെ ക്ലാസിൽ വന്ന് ഒരു എഴുത്ത് എന്റെ പുസ്തകക്കെട്ടിനിടയിൽ വച്ചിട്ടു പോയി. സ്നേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ഒരു എട്ടാം ക്ലാസുകാരന് ആവുന്ന വിധത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുനു. മൂന്നാലു പേജു നിറയെ ചന്ദ്രുവിന്റെ മുഖം പോലെ ഉരുണ്ട അക്ഷരങ്ങൾ. ചിലടത്ത് സുഹൃത്ബന്ധത്തെ ചുറ്റിപ്പറ്റിയുളള ചില തമിഴ് ഡയലൊഗുകളുമുണ്ട്. അവസനം “ഇനി ഒരു മദ്ധ്യവേനലവധിക്കാലം വരുമോ?” എന്നെഴുതിയത് എന്നെ വല്ലായ്മപ്പെടുത്താൻ തന്നെ അല്ലെ? സ്കൂൾ വിട്ടപ്പോൾ ആ എഴുത്തുമായി ചന്ദ്രു വരുന്ന വഴിയിൽ കാത്തു നിന്നു. മുഖം കുനിച്ച് അവൻ മിണ്ടാതെ നടന്നകന്നു.

എട്ടാം ക്ലാസു കഴിഞ്ഞുള്ള മദ്ധ്യവേനൽ അവധിയ്ക്ക് ഞാൻ അവന്റെ വീട്ടിൽ ചെന്നു. വലിയ മിണ്ടാട്ടമില്ല. ചേച്ചി പാമ്പു കടിച്ചു മരിച്ചതിനാലായിരിക്കും ഈ വൈമുഖ്യം എന്നു ഞാൻ കരുതി. ആ അവധിയ്ക്ക് “ചന്ദ്രു വിനെ കാണുന്നില്ലല്ലൊ“ എന്ന് അമ്മ ഓർമ്മിപ്പിക്കുമ്പോൾ ഞാൻ മാറി നടന്നു. കഴിഞ്ഞ മൂന്നു കൊല്ലമായി വേറെ കൂട്ടുകാർ ഇല്ലാതിരുന്ന ഞാൻ ഏറെ വിഷമിച്ചു. തോട്ടിൽ ചാടാൻ ഉത്സാഹമില്ല.അവധിക്കാലം വെറും വിരസദിനങ്ങൾ.

ഒൻപതിലായപ്പോൾ സ്കൂൾ തുറന്ന് അധികം കഴിയാതെ തന്നെ ചന്ദ്രു എന്നെ കാണാൻ വന്നു. അവൻ പോവുകയാണ്. വീടൊക്കെ വിറ്റു. കുടുംബം മുഴുവൻ മദ്രാസിലേക്കു പറിച്ചു നടുകയാണ്. ചേച്ചിയുടെ മരണം, വക്കീലയ്യർക്കു പണ്ടത്തെപ്പോലെ കേസുകൾ കിട്ടുന്നില്ല, ആകെ വിഷമങ്ങൾ. മദ്രാസിൽ ചെന്നിട്ട് നീ എഴുത്തയക്കുമോ? ചോദിക്കാൻ തന്നെ എനിയ്ക്കു വിഷമം. ഇനി ഒരു മദ്ധ്യവേനലവധിക്കാലം വരുമോ? ഞാൻ ചോദിക്കേണ്ടതല്ലെ?

ആകസ്മികമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ എം. എസ്സ്. സിയ്ക്കു പഠിയ്ക്കുന്ന എനിയ്ക്ക് ചന്ദ്രുവിന്റെ എഴുത്തു കിട്ടുന്നത്. ഞാൻ അവിടെയുണ്ടെന്ന് എങ്ങനെയോ അറിഞ്ഞത്രെ. മദ്രാസിൽ ചെന്നിട്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് കുടുംബം വഴുതി വീഴുകയാണ് ഉണ്ടായത്. വക്കീലയ്യർ താമസിയാതെ മരിച്ചു. പെട്ടെന്ന് ഒരു ജോലി തേടേണ്ടി വന്നു. കോളേജു പഠിത്തം മുടങ്ങി. “പഠിച്ചിരുന്ന കോളേജിനു മുൻപിൽ കൂടെ പോകുമ്പോൾ കരച്ചിലു വരുമെടാ” അവൻ എഴുതി. സ്വന്തം അഡ്രസ്സ് വച്ചിട്ടില്ല. അറിഞ്ഞുകൊണ്ട്? പോസ്റ്റൽ മുദ്രയിൽ നിന്നും അറിയാം, എഴുത്ത് മദ്രാസിൽ നിന്നും തന്നെ പോസ്റ്റ് ചെയ്തത്. എഴുത്തിന്റെ താഴെ വലിയ അക്ഷരങ്ങളിൽ “ മദ്ധ്യവേനലവധിയായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ” എന്ന് എഴുതിയതു കണ്ട് എന്റെ നിയന്ത്രണം വിട്ടു.

വർഷങ്ങൾക്കു ശേഷമാണ് ചന്ദ്രുവിന്റെ അകന്ന ബന്ധുവായ നാരായണയ്യരെ കാണുന്നത്. മദ്രാസിൽ സ്ഥിരതാസക്കാരൻ.

“ ചന്ദ്രുവിന്റെ വിവരം വല്ലതുമുണ്ടോ? ഞാൻ ചോദിച്ചു.

“ചന്ദ്രുവൊ? അവൻ…...നേരത്തെ ..…പോയല്ലൊ”

നാരായണയ്യർ കണ്ണുകൾ ചുരുക്കി എന്നെ നോക്കി.

“ആത്മഹത്യ ആയിരുന്നു”

എനിയ്ക്കു ശിക്ഷ തന്നിരിക്കുന്നു അവൻ.

പണ്ടു വന്ന എഴുത്തിലെ ഒരു വാചകം അപ്പോഴാണ് എന്റെ മുൻപിൽ കൂടുതൽ മിഴിഞ്ഞു വന്നത്. ‘അന്നു മുങ്ങിച്ചാകാൻ പോയ എന്നെ നീ രക്ഷപെടുത്തിയില്ലെ? അതു വേണ്ടായിരുന്നു”

“മദ്ധ്യവേനലവധിയായീ
ഓർമ്മകൾ ചിത്രശാല തുറക്കുകയായീ…..“
ചന്ദ്രു എവിടെ ഇരുന്നോ പാടുന്നു.