Thursday, March 5, 2009

“ഭാവയാമി രഘുരാമം.........” സ്വാതിതിരുനാളിന്റെ ശ്രീരാമന്‍

          “ഇതാ രാമനെ ഞാന്‍ മനസ്സില്‍ കാണുന്നു, ഭവ്യസുഗുണങ്ങളുടെ പൂന്തോട്ടമായി” ( ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം) എന്നിങ്ങനെ വിരിഞ്ഞുവിടരുന്ന സ്വാതിതിരുനാളിന്റെ ഈ പ്രസിദ്ധ കീര്‍ത്തന്ം എം. എസ്. സുബ്ബലക്ഷ്മിയുടെ കളകണ്ഠത്തിലൂടെ സുപരിചിതമാക്കപ്പെട്ടതാണ്. രാമായണകഥ നാലുവരിഖണ്ഡങ്ങൾ‍ വീതമുള്ള ആറു ചരണങ്ങളില്‍ അദ്ഭുതാവഹമായി ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്ന അതികവിപടുത്വവിസ്മയം. രഘുരാമൻ‍‍ വിശ്വാമിത്രനോടൊപ്പം  തപസ്സുകാവലിനു പോകുന്നതുമുതല്‍ പട്ടാഭിഷേകവിലസിതനാകുന്നതു  വരെയുള്ള കഥാകാവ്യത്തെ  സാവേരി രാഗത്തിലാണ് തിരുനാള്‍ ചിട്ടപ്പെടുത്തിയിരുന്നത്, അതിമോഹനരാഗമാലികയാക്കിയത് ശെമ്മാങ്കുടി.  പല്ലവിയും അനുപല്ലവിയും സാവേരിയിൽ   തന്നെ സ്ഥിരപ്പെടുത്തിയിട്ട് മറ്റ് ആറുചരണങ്ങളും ആറു രാഗങ്ങളിലാക്കി. നാട്ടക്കുറിഞ്ഞി,ധന്യാസി, മോഹനം, മുഖാരി, പൂര്‍വികല്യാണി, മധ്യമാവതി എന്നിങ്ങനെയാണി ശെമ്മാങ്കുടിയുടെ നിജപ്പെടുത്തല്‍. ഒരു പൂര്‍ണസംഗീതശില്‍പ്പം ഇങ്ങനെ മെനഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. അതെസമയം ‍ കടക്കേണ്ണേറു കൊണ്ട് ഭാവുകങ്ങള്‍ വിതരണം ചെയ്തു ലസിക്കുന്ന രഘൂത്തമന്‍ സുഗുണാരാമനായി ലസിക്കുകയാണ് കാവ്യത്തിലുടനീളം.

  രാമന്റെ കഥകള്‍ ‍ 24000 ശ്ലോകങ്ങളില്‍ക്കൂടി വാല്‍മീകി പാടിപ്പറഞ്ഞത് ആറു് ശ്ലോകങ്ങളിലൊതുക്കക്കണമെങ്കില്‍ അസാമാന്യ കയ്യടക്കം വേണം.  മുഴു ഘടനയൊത്ത കഥ പറയാന്‍ ആറു നാൽ വരി ഖണ്ഡങ്ങൾ‍ അപര്യാപ്തം. കഥയിലെ സന്ദര്‍ഭങ്ങൾ‍  ശ്രീരാമപ്രത്യക്ഷം മാത്രം ദൃശ്യങ്ങളാക്കി  ഒരു ചിത്രപുസ്തകമാണു സ്വാതിതിരുനാള്‍ ‘ഭാവയാമി’യില്‍ക്കൂടി വരച്ചെടുത്തിട്ടുള്ളത്. കാര്യകാരണയുക്തികള്‍ വിട്ടിട്ട് നിശ്ചലദൃശ്യങ്ങള്‍  ഒരുക്കിയെടുത്തിരിക്കയാണ് . ഒരു സ്ലൈഡ് ഷോ പോലെ ഓരോരൊ കഥാസന്ദര്‍ഭചിത്രങ്ങള്‍ മാറിമാറി വരികയാണ്.  വേഗതയാര്‍ന്ന നിശ്ചലദൃശ്യപ്രകടനം അനുസ്യൂതക്രിയാപരിണാമമാകുന്ന ചലച്ചിത്ര വിശേഷം തന്നെ ഇവിടെയും.  വിവിധജീവിതഘട്ടങ്ങളില്‍ക്കൂടെ പരിണാമഗതിയാര്‍ജ്ജിക്കുന്ന നായകന്‍ അതിഗം‍ഭീരകാര്യങ്ങളാണു ചെയ്യുന്നതെങ്കിലും  സ്വച്ഛതയാര്‍ന്ന പുഴയൊഴുകുംവഴിയാണ് അയത്നലളിതമായാണ് ജീവിതസന്ധികളില്‍ക്കൂടി കടന്നുപോകുന്നതെന്ന പ്രതീതിയാണുണര്‍ത്തുന്നത്. നിരവധി വധങ്ങൾ‍, സഖ്യം ചേരല്‍, അനുചരരോടും സേവകരോടും ഒത്തുകൂടല്‍ ഇതൊക്കെ അനയാസമായി തനിക്കു ചുറ്റിനും വന്നുഭവിക്കുന്നുവെന്ന സുഗമലളിത  അവതരണം. ഈ ഋജുരേഖാപ്രതിപാദനപ്രയാണമാണ് ഏകാഗ്രത നല്‍കുന്നതും.  കഥാഘടനയില്‍ കേന്ദ്രീകരിച്ചല്ലാതെ പാത്രസൃഷ്ടി നടത്തുന്ന അപൂര്‍വ്വവിദ്യ. സ്ഥൂലതയെ വെട്ടിച്ചുരുക്കി കൃശകോമളമായ കലാശില്‍പ്പം  മര്യാദാപുരുഷോത്തമന്റെ ഭവ്യസുഗുണങ്ങള്‍‍ വിസ്തൃതമാക്കുന്നു, അതേസമയം കാവ്യഭംഗി ചോരാതെയും സംഗീതമയമാക്കുകയും ചെയ്യേണ്ടുന്നതിലെ ക്ലിഷ്ടത അതിധീരമായി ത്തന്നെയാണ് വാഗ്ഗേയകാരന്‍  നേരിട്ടിരിക്കുന്നത്. ‍ അപാംഗലീലാലസിതനായിക്കണ്ടു തുടങ്ങിയ രഘൂത്തമനെ പട്ടാഭിഷേകത്താല്‍ വിലസിതനായി അവതരിപ്പിക്കുന്നതോടെ അവസാനിക്കുന്നു.

ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം
ഭാവുകവിതരണപരാപാംഗലീലാലസിതം

ബാലകാണ്ഡം
ദിനകരാന്വയതിലകം ദിവ്യഗാധിസുതസവനാ-
വനരചിതസുബാഹുമുഖ വധമഹല്യാപാവനം
അനഘമീശചാപഭംഗം ജനകസുതാപ്രാണേശം
ഘനകുപിതഭൃഗുരാമഗർവ്വഹരമിത സാകേതം

അയോദ്ധ്യാകാണ്ഡം
വിഹതാഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൌമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരതദത്ത
മഹിതരത്നമയപാദുകം മദനസുന്ദരാംഗം

ആരണ്യകാണ്ഡം
വിതതദണ്ഡകാരണ്യഗതവിരാധദലനം
സുചരിതഘടജദത്താനുപമിതവൈഷ്ണവാസ്ത്രം
പതഗവരജടായുനുതം പഞ്ചവടീവിഹിതവാസം
അതിഘോരശൂർപ്പണഖാവചനാഗതഖരാദിഹരം

കിഷ്കിന്ധ കാണ്ഡം
കനകമൃഗരൂപധരഖലമാരീചഹരം ഇഹ
സുജനവിമതദശാസ്യഹൃതജനകജാന്വേഷണം
അനഘപമ്പാതീരസംഗതാഞ്ജനേയ നഭോമണീ
തനുജസഖ്യകരം വാലി തനുദലനമീശം

സുന്ദരകാണ്ഡം
വാനരോത്തമസഹിത വായുസൂനു കരാർപ്പിത
ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം
തേനപുനരാനീതാന്യൂനചൂഡാമണിദർശനം
ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം

യുദ്ധകാണ്ഡം
കലിതവരസേതുബന്ധം ഖലനിസ്സീമപിശിതാശന
ദലനമുരുദശകണ്ഠവിദാരണമതിധീരം
ജ്വലനപൂതജനകസുതാസഹിതയാതസാകേതം
വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌മനാഭം

ഈ കീർത്തനം ഇവിടെ കേൾക്കാം.
  “ഭവ്യസുഗുണാരാമം” എന്ന വിശേഷണം അന്വര്‍ത്ഥമാക്കാനെന്ന മട്ടിലാണ് കൃതി വിടരുന്നത്. ഓരോ വരിയും  നവഗുണപരിമളം വീശിയുണര്‍ത്തുന്ന പൂവുകളാകണമെന്ന നിർബ്ബന്ധം ഉള്ളപോലെ. ആകപ്പാടെ ഒരു പൂന്തോട്ടപ്രകൃതി വന്നണയുക ഉദ്ദേശം. രഘുരാമന്‍ പ്രത്യക്ഷപ്പെടുന്ന സീനുകള്‍ മാത്രമേയുള്ളു ഈ ചിത്ചലച്ചിത്രത്തില്‍.. ചെയ്തികളൊക്കെ അതീവഗുണമേറിയതാക്കിയിരിക്കുകയാണ്‍ മനഃപൂര്‍വ്വം. സീത രണ്ടു ‍, ഏറിയാൽ മൂന്ന് സീനിൽ മാത്രം പ്രത്യക്ഷപ്പെടുന്നു.  ഗാംഭീര്യവും പ്രാഭവവും പ്രദാനം ചെയ്യുന്ന രീതിയിലാണ് ക്രിയാകൃത്യങ്ങള്‍, അതിനുവേണ്ടി പ്രത്യേകനിഷ്കര്‍ഷയില്‍ തെരഞ്ഞെടുത്ത പദങ്ങള്‍.. വീരപരാക്രമങ്ങള്‍ക്ക് സ്വയംകൃതമായ സാധുത നല്‍കാനുള്ള അതിര്‍വിട്ട ശ്രമവും പ്രത്യക്ഷം.ചില ഒളിച്ചുവയ്ക്കലുകള്‍. ഐശ്വര്യവും ധൈര്യവും  നല്‍കാന്‍ വാല്‍മീകി വിട്ടുപോയിടത് സ്വാതി തിരുനാള്‍ തന്നെ താങ്ങുമായെത്തുന്നു.   എന്നാല്‍ പൂത്തും തളിര്‍ത്തും ഉല്ലസിയ്ക്കുന്ന ആരാമദൃശ്യമായി  കൃതി വിടരുന്നകൃത്യം  ശില്പഭംഗിയില്‍ കൃതഹസ്തനായ കവി എളുപ്പം സാധിച്ചെടിത്തിട്ടുണ്ട്.  സുന്ദരപദങ്ങൾ ഇതിനുവേണ്ടി വാരിവിതറിയിട്ടുണ്ട്.  അനുപ്രാസനിബന്ധിതമാണ് പല വരികളും. 

         വൈവിധ്യമാർന്ന ആരാമദൃശ്യം വെളിവാക്കാനെന്നവണ്ണം വ്യത്യസ്തമായ പദനിബന്ധനയാണ് വിവിധ ഖണ്ഡങ്ങള്‍ക്കും. ദീർഘാക്ഷരങ്ങൾ ധാരാളം നിബന്ധിച്ചതാണ് “വാനരോത്തമ സഹിത ..”എന്ന സുന്ദരകാണ്ഡഭാ‍ഗം. ഒരുപാടുകാര്യങ്ങള്‍ ഒന്നിച്ചു പറയാന്‍ സമസ്തപദങ്ങള്‍ ഉപയോഗിക്കുക എന്ന ഹസ്തലാഘവത്തിന്റെ ഉദാഹരണമായി  വിളങ്ങുന്നു പല കഥാഭാഗവും.  “ദിവ്യഗാധിസുതസവനാവനരചിതസുബാഹുമുഖവധം’ എന്നതില്‍ വിശ്വാമിത്രന്റെ യാഗവേളയില്‍ സുബാഹുവും മറ്റുരാക്ഷസരും ഉപദ്രവം ഉണ്ടാക്കിയതും അവരെ വധിച്ചതുമായ് കാര്യങ്ങള്‍ ഒറ്റയടിയ്ക്കു തീര്‍ത്തിരിക്കയാണ്. “അതിഘോരശൂര്‍പ്പണഘാവചനാഗതഖരാദിഹരം” എന്നതും വലിയ സംഘട്ടനാത്മകമായ പലേ കാര്യങ്ങളും ഒരു പദത്തില്‍ ഘടിപ്പിച്ചത്. വിശിഷ്ടമോ സുന്ദരമോ പദങ്ങള്‍ നിബന്ധിയ്ക്കാനുള്ള നിഷ്കര്‍ഷയില്‍ വിശ്വാമിത്രനു ദിവ്യഗാധിസുതനും സുഗ്രീവന്‍ “ന‍ഭോമണീതനുജനും‍”  അഗസ്ത്യന്‍ “സുചരിതഘടജനും ” ആയി മാറുന്നു.  സംഗീതമയമാക്കാനുമത്രെ ഈ നിയുക്തപദവിന്യാസങ്ങള്‍‍.

വ്യത്യസ്തനായ ശ്രീരാമന്‍

ധൈര്യം, വീര്യം, ശമം, സൌന്ദര്യം, പ്രൌഢി, സത്യനിഷ്ഠ, ക്ഷമ,,ശീലഗുണം,അജയ്യത ഈ ഗുണങ്ങളൊക്കെ വേണ്ടുവോളും പേറുന്ന രഘൂത്തമന് ഇവയൊക്കെ പോരാ പോരാ എന്നമട്ടിൽ ഇനിയും വാരിയണിയ്ക്കാനാണു സ്വാതി തിരുനാളിനു വ്യഗ്രത.നല്‍ച്ചെയ്തികള്‍ എണ്ണിപ്പറഞ്ഞാല്‍ പോരാ അവ്യ്ക്കു സാധൂകരനം നല്‍കുന്നത് വിശിഷ്ഠവ്യക്തികളുമായിരിക്കണം.  രാജ്യാഭിഷേകപരിത്യാഗവും വനവാസവും  പ്രൌഢപ്രൊജ്വലരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്താലാണത്രെ! (വിഹതാഭിഷേകമഥ വിപിനഗതം  ആര്യവാചാ) കൈകെയിയെ ആണു ‘ആര്യയാക്കിയിരിക്കുന്നത്! രാമായണത്തിലുടനീളം കൈകേയീ ആര്യയാട്ടൊന്നുമല്ല കാണപ്പെടുന്നത്.  ഭരതനുൾപ്പടെ കൈകേയിയെ തള്ളിപ്പറയുന്നത് പലെ  കഥാഭാഗങ്ങളിൽ വ്യക്തമാണ്. വനയാത്രാസമയത്ത് സംയമനം ദീക്ഷിച്ചെങ്കിലും (ശാന്തതമശീലം) വിരാധന്‍ ബലമായി സീതയെ പിടിച്ചെടുത്ത് തോളില്‍ വച്ച് ഓടിയപ്പോള്‍ കൈകേയി അത്ര ആര്യയായിട്ടൊന്നുമല്ല രാമനു തോന്നിയത്. അമ്മായിയമ്മപ്പോരിനാല്‍ സീതയെ കഷ്ടപ്പെടുത്തിയെന്നും “ഏവര്‍ക്കും പ്രിയനാമെന്നെ അവള്‍ കാട്ടിലയച്ചല്ലൊ, ഇപ്പോള്‍ കൃതാര്‍ത്ഥയായിക്കാണും“ എന്നൊക്കെ കൈകേയീഭര്‍സനം ‍ പുറത്തിട്ട ആളാണ് അദ്ദേഹം.  അതിനും മുൻപു ഗംഗാതരണത്തിനു ശേഷം  വ്യാകുലനായ രാമൻ കൌസല്യക്കും സുമിത്രയ്ക്കും വിഷം നൽകിയേക്കും കൈകേയി  എന്നും ശങ്കിക്കുന്നുണ്ട്. സ്വാതി തിരുനാളിന്റെ രാമന്‍ സജ്ജനങ്ങള്‍ പറഞ്ഞിട്ടു വനയാത്ര ചെയ്തവന്‍ മാത്രമാണ്. അനുസരണ മാത്രമല്ല  അതു നല്ലവരുടെ അനുജ്ഞപ്രകാരവുമായിരിക്കണം. അങ്ങനെയാണ് കൈകേയി സ്വാതിതിരുനാളിന് ആര്യയായി മാറുന്നത്.  .

ശ്രീരാമസൌന്ദര്യം-രാമായണകഥയുടെ വഴിത്തിരിവ്

           അതിമനോഹരമായ പഞ്ചവടിയിൽ താമസമുറപ്പിച്ച ശ്രീരാമൻ സ്വാസ്ഥ്യവാനായിരുന്നു. തനിയിക്കിഷ്ടപ്പെട്ട പ്രകൃതി വിളങ്ങുന്ന സ്ഥലം. “ഭംഗി വേണം വനത്തിനി ഭംഗിവേണം സ്ഥലത്തിന്നു‘ എന്ന് ഇച്ഛയക്കൊത്ത സുന്ദരവനസ്ഥലി. കഥ ഇവിടെ സ്വച്ഛതയോടെ വന്നു നിലയുറപ്പിക്കുകയാണ്. അപ്പോഴാണ് ശൂർപ്പണഖയുടെ വരവ്. ശ്രീരാമന്റെ ദേഹകാന്തിയാൽ ആകൃഷ്ഠയായിത്തന്നെ. ഇതേവരെ ശ്രീരാമസൌന്ദര്യത്തെക്കുറിച്ച് ഒന്നോരണ്ടോ വാക്കുകൾ മാത്രം ഇട്ടുപോയ വാൽമീകി ഇവിടെ വാഗ്ധോരണി തുറക്കുകയാണ് ആ പുരുഷസൌന്ദര്യം അപ്പാടെ വെളിവാക്കാൻ.
സിംഹോരസ്കം മഹാബാഹും
പദ്‌മപത്രനിഭേക്ഷണം
വള്ളത്തോൾ തർജ്ജിമ:
ദീപ്താനനൻ മഹാബാഹു താമരത്താർ ദളേക്ഷണൻ
ഗജവിക്രാന്തഗമനൻ വട്ടച്ചിട വഹിച്ചവൻ
സുകുമാരൻ, മഹാസത്വൻ, രാജലക്ഷണസംയുതൻ
ഇന്ദ്രാഭനി,ന്ദീവരനേർവർണ്ണൻ, കന്ദർപ്പസുന്ദരൻ

അതിതീവ്രമായ ഗാഢാലിംഗനത്തിനു കൊതിയ്ക്കുന്ന കാമുകി കാണുന്ന ചിത്രമാണ് വാൽമീകി വരച്ചിരിക്കുന്നത്. ശൂർപ്പണഖ കാമമോഹിതയായിച്ചമയുകയുകയാണ് ഈ പുരുഷസൌന്ദര്യത്തിൽ മയങ്ങി. കഥാശൃംഖലയുടെ ഒരു കണ്ണി വിളക്കിച്ചേർക്കപ്പെടുകയാണ് വന്യതയിൽ വെളിവാകുന്ന പുരുഷസൌന്ദര്യത്തിൽ.   സ്വാതി   തിരുനാൾ ഈ കഥാഗതിയുടെ ഉത്തരവാദിത്തം ശ്രീരാമനിൽ നിന്നും എടുത്തുമാറ്റുകയാണ്. അതിനുവേണ്ടി ചിത്രകൂടാചലത്തിൽ  ഭരതനു മെതിയടി നൽകിയഭാഗത്ത് പൊടുന്നനവേ നിബന്ധിച്ചിരിക്കയാണ്  ശ്രീരാമൻ
 കാമോപമനാണെന്ന കാര്യം.  ‘മഹിതരത്നമയപാദുകം മദനസുന്ദരാംഗം“ എന്ന് അയോദ്ധ്യാകാണ്ഡത്തിൽ തന്നെ പറഞ്ഞു വച്ചിരിക്കയാണ്.  രാവണൻ കഥയിൽ വരാനുള്ള കാരണം ശ്രീരാമന്റെആകാരസൌഷ്ഠവത്തിൽ   നിന്നാണ് ഉറവകൊള്ളുന്നതെന്ന് സമ്മതിക്കാൻ സ്വാതി തിരുനാൾ തയാറല്ല.  ലക്ഷ്മണിലെക്കു ശൂർപ്പണഖയെ തിരിച്ചുവിടുകയും തനിക്കു പറ്റാത്തതു അനുജന ആയീക്കോട്ടെ എന്നു ധരിക്കുകയും ചെയ്യുന്നത് മര്യാദാപുരുഷോത്തമനു ചേർന്നതല്ല താനും. ഭവ്യസുഗുണാരാമത്തിനു ചേരാത്ത പൂവ്. തിരസ്കൃതമായ രതിവാഞ്ഛ മാത്രമല്ല ശൂർപ്പണഖയെ കുപിതയാക്കുന്നത്. ചേട്ടനും അനുജനും കൂടി സ്ത്രീസമീപനത്തിൽ നടത്തുന്ന വ്യാജക്കളികൾ ആണ്.   പോരാഞ്ഞ് അവളുടെ  കോപത്തിനു കൊടുത്ത ശിക്ഷ അതിഭീകരവുമാണ്.    മൂക്കും ചെവിയും   മുറിച്ചുമാറ്റപ്പെടൽ (അദ്ധ്യാത്മരാമായണത്തിൽ  മുറിയ്ക്കപ്പെടുന്നത് മൂക്കും മുലയുമായി ).  ജേഷ്ഠനായ ഖരനോട് ഇക്കാര്യമുണർത്തിക്കയും യുദ്ധത്തിനെത്തിയ ഖരനും കൂട്ടരും വധിക്കപെടുകയും ചെയ്ത സംഭവം മാത്രമാൺ സ്വാതിതിരുനാൾ സൂചിപ്പിക്കുന്നത്. ‘അതിഘോരശൂർപ്പണഖാവചനാഗത ഖരാദിഹരം” എന്നു മാത്രം.  എല്ലാകഥസന്ദർഭങ്ങളും നിബന്ധിക്കാനുള്ള കോപ്പില്ല ഈ കൃതിയൽ എങ്കിലും ഒന്നോരണ്ടൊ വാക്കുകൾ കൊണ്ട് വിസ്തൃതകഥാഭാഗം തെര്യപ്പെടുത്താൻ നിപുണനായ സ്വാതി ഇവിടെ ഒരു ഒളിച്ചു കളിയിൽ ഏർപ്പെടുന്നു.   ശൂർപ്പണഖ അതിഘോരയായെങ്കിൽ അതിൽ തനിക്കു പങ്കൊന്നുമില്ലെന്ന ഒപ്പിച്ചുമാറൽ. പഞ്ചവടിയിൽ അത്യന്തസുന്ദരൻ വിളങ്ങിയതിന്റെ പിൻ ഗതി യാണ്  സീതാപഹരണം എന്ന സത്യം ഒളിപ്പിയ്ക്കൽ.  .രാമനെ വലയ്ക്കാൻ വേണ്ടിയാണ് രാവണൻ സീതാപഹരണത്തിനു മുതിരുന്നത്. ഈ ഉദ്ദേശം പടത്തലവനായ അകമ്പനൻ രാവണനോടു പറഞ്ഞു തെര്യപ്പെടുത്തുന്നുണ്ട്:

 തദ്ഭാര്യയെക്കക്കുക, വൻ കാട്ടിലിട്ടു വലച്ചു നീ
ആക്കാമി, രാമൻ അവളായ് പിരിഞ്ഞാലുയിർ കൈവിടും

സ്വർണ്ണമാനായിച്ചമയാനുള്ള അഭ്യർത്ഥനയുമായി മാരീചന്റെ പക്കലെത്തിയ രാവണൻ  ഇതേ ഉദ്ദേശം വിശദമാക്കുന്നുണ്ട്:

“എന്നിട്ടു സുഖമായ്ബ്ഭാര്യ പോയഴൽ‌പ്പെട്ടരാമനെ
ഉപദ്രവിപ്പൻ കൂസാതെ കൃതാർത്ഥമതിയായി ഞാൻ’

അന്തഃപുരത്തിലെ സുന്ദരിമാരുടെ എണ്ണം കൂട്ടാനുള്ള ഉദ്യമമല്ല   രാവണന്റേത്.  ഖരനുൾപ്പെടെ പതിനാലായിരം പേരെയാണു രാമൻ വധിച്ചത്.  സഹോദരിയെ വെട്ടി മുറിവേൽ‌പ്പിച്ചിരിക്കുന്നു. ഇതിനൊക്കെ പ്രതികാരം ചെയ്യുക തന്നെ.  സീതാപഹരണകാരണം രാമനിൽ തുടങ്ങുന്നു  കാമതിരസ്കാരത്തിനു കാമനാശനോപകൃതി പകരം. രഘൂത്തമന്റെ നാരദപ്രോക്തമായ ഗുണഗണങ്ങിളിലൊന്നായ സൌന്ദര്യം വിതച്ച് വിത്ത്.

   കിഷ്ക്കിന്ധാകാണ്ഡത്തിലെ ആദ്യവരി (കനകമൃഗരൂപധരഖലമാരീചഹരം ഇഹ) യിലും ചില തമസ്കരണങ്ങൾ കാണാം. ഖലനായ മാരീചന വെറുതെ പൊന്മാനായി  വേഷം മാറി വന്നു പറ്റ്യ്ക്കാൻ ശ്രമിച്ചതിനാൽ  കൊന്നുകളഞ്ഞു എന്ന മാതിരി പ്രസ്താവന.  മാരീചനാകട്ടെ  ഈ ആൾമാറാട്ടത്തിനു  സമ്മതവുമില്ലായിരുന്നു.   പ്രാണഭയം ഒന്നുകൊണ്ടുമാത്രമാൺ  മാരീചൻ തയാറായത്. മരിയ്ക്കുകയാനെങ്കിൽ ശ്രീരാമന്റെ കയ്കൾ കൊണ്ടു തന്നെയാകട്ടെ എന്ന നിശ്ചയവും. പക്ഷെ ‘ഖല’എന്ന വിശേഷണം ചേർത്ത് ശ്രീരാമനു കൊല്ലാൻ പാകത്തിലുള്ള കഥാപാത്രമാകി മാറ്റി ഇവിടെയും കാരണത്തെ അമർത്തിയിരിക്കുന്നു..സ്വർണ്ണമാനിൽ സീത ഭ്രമിയ്ക്കുമെന്നും  രാമൻ അതിനു പുറകേ പോകുമെന്നും കണക്കാക്കിയ രാവണന്റെ അതിബുദ്ധിയ്ക്കു അടിയറവുപറയൽ സുഗുണാരാമനു ദോഷം.

വാലി തനുദലനം ശം
രാമന്റെ മനസ്സ് രാജനീതിയിൽ അധിഷ്ഠിതമാണ്, പക്ഷേ  ആത്യന്തികമായി മാനവനാണ് രാമൻ. അതിന്റെ ദുർബലത ഏറുന്നുമുണ്ട്. ബലഹീനത എറ്റവും പ്രകടമായ സന്ദർഭങ്ങളാണ് ബാ‍ലി വധവും സീതയെ വീണ്ടെടുത്ത സമയവും.  വാനരസൈന്യത്തെ വശഗമാക്കാൻ വേണ്ടി മുങ്കൂർ നിശ്ചയിച്ച പദ്ധതിപ്രകാരമാണ് ധർമ്മിഷ്ഠന്റെ അനുശീലങ്ങൾ മറന്ന് ബാലിയെ ഒളിയമ്പെയ്തു വധിക്കുന്നത്. രാവണനെ കക്ഷത്തിലിടുക്കിക്കൊണ്ടുനടന്നവനാണു ബാലി. അതിനു ശേഷം രണ്ടു പേരും അഗ്നിസാക്ഷിയായി സഖ്യം ചെയ്തവരും. “തമ്മിൽ കെട്ടിപ്പുണർന്നിട്ടങ്ങണ്ണൻ തമ്പികളായിനാർ“. ബാലിയോട് സഹായം ചോദിച്ചാൽ കിട്ടാൻ സാദ്ധ്യതയില്ലെന്ന സന്ദേഹമുണ്ട്. സുഗ്രീവനുമായാണു സഖ്യമുണ്ടാക്കേണ്ടത്,പ്രത്യുപകാരലാഭം തന്നെ, അതുമാത്രം നോട്ടം, നേട്ടം. രാജാധികാരം കൈവന്ന സുഗ്രീവൻ സുഖഭോഗങ്ങളിൽ മുഴുകി  യപ്പോൾ പ്രത്യുപകാരം മറന്നെന്നു തോന്നിപ്പോയി രഘൂത്തമന്. ലക്ഷ്മണൻ ചെന്നു പറയുന്നത്:
അധമൻ വാക്കു തെറ്റിച്ചോൻ, കൃതഘ്നൻ നീ പ്ലവംഗമ,
പകരം ചെയ്‌വതില്ലല്ലൊ മുൻ ചെയ്തതിനു രാമനിൽ”

പകരത്തിനു പകരം തന്നെ ലാക്ക്. ബാലിയെ കൊന്നത് വെറുതെ ആയോ എന്ന പേടി. “എന്തിനാ എന്നെ കൊല്ലുന്നത്, നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ പോയി രാവണനെ വെന്ന് സീതയെ കൊണ്ടുവരുമായിരുന്നല്ലൊ“ എന്ന കളിയാക്കൽ സത്യം ബാലി പുറത്തുവിടുമ്പോൾ ശ്രീരാമനു മറുപടിയൊന്നുമില്ല താനും.മൃതപ്രായനായ  ബാലിയുടെ ധർമ്മവാദങ്ങൾക്കു മുൻപിൽ രാമന് യുക്തികളൊന്നുമില്ല. അനുജന്റെ ഭാര്യയെ അപഹരിച്ചതിനുള്ള ശിക്ഷയാണ് ഈ കൊലപാതകം എന്ന കള്ളമാണ് ശ്രീരാമൻ  വച്ചു നീട്ടിയത്. രാജ്യഭാരവും ഭാര്യയും നഷ്ടപ്പെട്ടവൻ ജീവിതം തിരിച്ചുപിടിക്കാൻ ചെയ്ത ഹീനപ്രവർത്തിയെ വിശുദ്ധിയിൽ പൊതിയേണ്ടത്   സ്വാതി തിരുനാളിന്റെ കാവ്യോദ്ദെശമാണ്. അതിനാൽ ബാലിയുടെ ശരീരത്തെ പിളർന്ന (തനുദലനം)തിനോടു കൂടി “ഈശം” എന്ന വാക്കു ഘടിപ്പിച്ചിരിക്കയാണ്.  ഐശ്വര്യമായിട്ട് കൊന്നു കളഞ്ഞത്രേ.

ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം


             തെറ്റിനിൽക്കുന്ന അനുജൻ വഴി ജ്യേഷ്ഠനെ പിടികൂടുക എന്ന തന്ത്രം വീണ്ടും രാമൻ പ്രയോഗിക്കുന്നു വിഭീഷണസഖ്യം മൂലം. ലങ്കയിലെ  പുറത്തറിയാത്ത രഹസ്യങ്ങൾ മുഴുവൻ രാമൻ പിടിച്ചെടുക്കുന്നത് വിഭീഷണൻ വഴിയാണ്.  വിഭീഷണനും രാജ്യാധികാരത്തിലാണു കണ്ണ്. സ്വന്തം ജ്യേഷ്ഠനെ വെടിഞ്ഞ് എന്റെ കൂടെ കൂടിയതിന്റെ ഫലം കിട്ടിയല്ലൊ എന്നു രാമൻ പിന്നീട് പറയുന്നുമുണ്ട്.  ഇതിലെ സത്യങ്ങൾ ഇന്ദ്രജിത്ത് സഹിക്കവയ്യാതെ  വലിച്ചെറിയുന്നുണ്ട് വിഭീഷണന്റെ മുഖത്തു തനെ.

ന ഞ്ജാതിത്വം ന സൌഹാർദ്ദം
ന ജാതിസ്തവ ദുർമതേ
പ്രമാണം ന ച സൌദര്യം
ന ധർമോ ധർമ്മദൂഷണ
 (യുദ്ധകാണ്ഡം, സർഗ്ഗം 87)
(ധർമ്മത്തെ ദുഷിപ്പിച്ചവനേ, ദുഷ്ടബുദ്ധിയാർന്നവനേ, അങ്ങേയ്ക്ക് ഉറ്റബന്ധുവെന്നത് ഇല്ല; നല്ല വിചാരവുമില്ല; ജാതിമുറയുമില്ല; ധർമ്മമെന്നതുമില്ല; ഭ്രാതൃഭാവമെന്നതിനും വിലയില്ല).
ശത്രുവിനു ദാസ്യവേല ചെയ്യുന്നവനും സ്വജനത്തെ നിന്ദിക്കുന്നവനുമാണെന്നു ഭർസിക്കുന്നുമുണ്ട് ഇന്ദ്രജിത്. ഗുണാഢ്യനായ മറ്റുള്ളവനെക്കാൾ ഗുണഹീനരായ സ്വജനങ്ങൽ തന്നെ നല്ലതെന്നും ഇന്ദ്രജിത് വാദിക്കുന്നത് കുടുംബം എന്ന കെട്ടുപാടും പരസ്പരവിശ്വാസതയും  ആപൽഘട്ടത്തിൽ നിലനിർത്താനാണ്. രാമൻ രാജ്യപരിത്യാഗം ചെയ്തത് അച്ഛൻ കൈകേയിക്കു കൊടുത്ത വാക്കുപാലിക്കാൻ മാത്രമല്ല കുടുംബകലഹം ഒഴിവാക്കാനും കൂടിയാണ്.. പക്ഷെ മറ്റൊരു രാജകുടുംബത്തിൽ ഭവിക്കുന്ന ഛിദ്രതയെ തൻ`കാര്യത്തിനു കൂട്ടുപിടിക്കുന്നത് ആത്മാഭിമാനപ്രശ്നമൊന്നുമല്ല  രഘുവംശകുലാധിപചന്ദ്രന്. ശ്രീരാമനും വാനരസേനയ്ക്കും മാത്രം ചെയ്യാൻ പറ്റുന്ന കാര്യമല്ലായിരുന്നു രാവണനിഗ്രഹം.  വിഭീഷണന്റെ സഹായം അത്യന്താപേക്ഷിതം. ഇക്കാര്യം പിന്നീട് ഭരതൻ വിഭീഷണനോട് എറ്റുപറയുന്നുണ്ട്.
ഭാഗ്യം നിൻ തുണയാലല്ലൊ
ചെയ്തൂ ദുഷ്കരമാം തൊഴിൽ
തന്റെയടുത്തെത്തിയ വിഭീഷണനോട് ആദ്യം  ചോദിച്ചറിയേണ്ടതും രാവണന്റെ ബലാബലരഹസ്യങ്ങളായിരുന്നു. വേണ്ടുവോളം ശത്രുരഹസ്യങ്ങൾ ആർജ്ജിച്ചതേ വിഭീഷണനെ പ്രതീകത്മകമായി ലങ്കാപതിയായിട്ട് അഭിഷേകം ചെയ്യുകയാണ് പ്രത്യുപകാരമായി.  ഈ തന്ത്രത്തെ ഐശ്വര്യപൂർണ്ണമാക്കുവാനായി “ശ്രീനിധിം” എന്ന വിശേഷണത്തോടെയാണ് സ്വാതി തിരുനാൾ വിഭീഷണ സംഗമം അവതരിപ്പിക്കുന്നത്.


അതിധീരം ജ്വലനപൂത ജനകസുത...

  അതീവധൈര്യത്തോടെ അഗ്നിയാൽ ശുദ്ധിയാക്കിയ സീതയുമായി ശ്രീരാമൻ സാകേതത്തിലെത്തുന്നതായാണ് യുദ്ധകാണ്ഡത്തിലെ മൂന്നാം വരി സൂചിപ്പിക്കുന്നത്. ഇവിടെ “അതിധീരം” എന്ന വാക് സ്വാതിതിരുനാൾ ചേർത്തത് കൃത്യമായ ഉദ്ദേശങ്ങളോടെയാണ്. മുകളിത്തെ വരിയോടു കൂടിയാൺ അതിധീരം ഇണക്കിയിരിക്കുന്നതെങ്കിലും  “ജ്വലന പൂത” സമയത്തെ രാമമനോനിലാവിശേഷണം തന്നെ ഇത്. “അഗ്നിപരീക്ഷ നടത്തീ തൻ പരിശുദ്ധത കാട്ടീ ശ്രീരാമൻ” എന്ന ചിന്താഗതി പ്രചുരപ്രചാരം സിദ്ധിച്ചതാണ്, അതു പിന്തുടരുകയണ് സ്വാതി തിരുനാൾ. എന്നാൽ ധീരോദാത്തനായകൻ  അങ്ങനെയല്ലാതായി പ്രാകൃതമനുഷ്യനാകുന്ന ദൃഷ്ടാന്തമാണ് യുദ്ധാനന്തരം ഉള്ള സീതാദർശന വേള. വീര്യവും ശൌര്യവും കളഞ്ഞുകുളിച്ച് അതി പാമരസമാനമാകുന്ന ദയനീയതിലേക്ക് വഹിക്കപ്പെടുന്ന ശ്രീരാമൻ.  രാവണൻ അധികനാൾ സഹിച്ചിരുന്നുകാണുമോ നിന്റെ സൌന്ദര്യം കണ്ട്? നേത്രരോഗിക്ക് ദീപം കാണുന്നതുപോലെയാണ് നിന്നെ ഇപ്പോൾ കാണുന്നത്.
പ്രാപ്തചാരിത്ര സന്ദേഹാ
മമ പ്രതിമുഖേ സ്ഥിതാ
ദീപോ നേത്രാതുരസ്യേവ
പ്രതികൂലാസി മേ ദൃഢം

യുദ്ധകാണ്ഡത്തിലെ നൂറ്റിപ്പതിനെട്ടാം സർഗ്ഗമാണ് രാമപരുഷവാക്യം. രാമായണകഥ ഏകതാനതയോടെ പിന്തുടരുന്ന അനുവാചകരെ ഞെട്ടിയ്ക്കുന്നതാണ്  പൊടുന്നനവേ ഉള്ള  സീതാഭർസനം.മർത്ത്യമാനം രക്ഷിയ്ക്കുവാൻ വേണ്ടി മാത്രമാണു രാവണനെ കൊന്നതെന്ന്‌  നിർല്ലജ്ജം വെളിപാടുണർത്തിക്കുന്നു രാമൻ.

ഞാൻ മിത്രജനവീര്യത്തിലിസ്സാധിച്ച രണശ്രമം
നിനക്കായ് ചെയ്തതല്ലെന്നും ഭദ്രേ, ബോധിച്ചു കൊൾക നീ”

“ഇച്ചെയ്തതൊക്കെ പേരുകേട്ട എന്റെ വംശത്തിന് ഇളപ്പവും ദുഷ്പ്പേരും വരാതിരിക്കാനും നീതിപാലനത്തിനും മാത്രം. നീ ഇഷ്ടം പോലെ എവിടെങ്കിലും പൊയ്ക്കൊൾക.  പത്തു ദിക്കിലെവിടെയെങ്കിലും. വേറൊരു വീട്ടിൽ‌പ്പോയി വസിച്ചവളെ ഏതു കുലീനൻ തിരിച്ചെടുക്കും? രാവണന്റെ മടിയിൽ കയറി ഇരുന്നവൾ നീ, ആ ദുഷ്ടന്റെ കണ്ണാലെ കണ്ടവൾ, കുലവൻപ് ഓതിടുന്ന ഞാൻ നിന്നെ അങ്ങനെ തിരിചെടുക്കുകയോ? എന്തിനു വേണ്ടി നിന്നെ വീണ്ടെടുത്തുവോ അതു കിട്ടിക്കഴിഞ്ഞു എനിയ്ക്ക്. ഇനി ഒരു ആസക്തിയുമില്ല. സ്വന്തം വീട്ടിൽ  നിന്നെക്കണ്ടിട്ടു രാവണൻ ഏറെ നാൾ സഹിച്ചിരുന്നു കാണുകയില്ല”. രാമനിലെ അതിസംശയരോഗം ബാധിച്ച ഭർത്താവ് പച്ചയായി പുറത്തുവന്ന് ക്രൂരസ്വഭാവം കാട്ടുകയാണ്. ക്രൌര്യം സീമാതീതമാവുകയാണ്. നികൃഷ്ടനായ ഒരു ഭർത്താവുപോലും പറയാൻ ധൈര്യപ്പെടാത്ത വാക്കുകളാണു പിന്നീട് ; ഭരതനേയോ ലക്ഷ്മണനേയോ ഭർത്താ‍ാവാക്കിക്കൊള്ളാനും അല്ലെങ്കിൽ ശത്രുഘ്നനേയോ സുഗ്രീവനേയോ വിഭീഷണനേയോ സേവിച്ച് സുഖിച്ചുകൊള്ളാനുമാണ് അടുത്ത നിർദ്ദേശം. ഭാര്യയെ പരിത്യജിക്കുക മാത്രമല്ല തനിക്കു യോജ്യമല്ലാത്തവൾ അനുജന്മാർക്കു പറ്റിയതാണേന്ന് പറയുക വഴി അവരേയും ഇകഴ്ത്തുകയാണ്.

“ഈ വണ്ണമിതു ഞാൻ ഭദ്രേ, തീർപ്പു ചെയ്തിട്ടുരച്ചതാം
പാർക്കാം യഥേഷ്ടം ഭരതൻ തങ്കലോ ലക്ഷ്മണങ്കലോ
സീതേ, ശത്രുഘ്നസുഗ്രീവരാ, ശരേന്ദ്രൻ വിഭീഷണൻ,
സേവിച്ചുകൊൾകിവരാരെയോ, സുഖം തോന്നുമിടത്തെയോ”

ഇതുകേട്ട് ഞെട്ടിവിറച്ച സീത അഗ്നിയിൽ സ്വയമേവ ചാടാൻ തീരുമാനിക്കുകയാണ്.  ചിത കൂട്ടാനൊരുമ്പെട്ട ലക്ഷ്മണൻ കണ്ടത്  മുഖഭാവത്താൽ അനുജ്ഞ നൽകുന്ന ശ്രീരാമനെയാണ്. സീതയുടെ ചാരിത്ര്യത്തിൽ വിശ്വാസമില്ലെന്ന ഉറപ്പിന്റെ പ്രത്യ്ക്ഷം.ഭവിഷ്യത്തു ചിന്തിക്കാതെ അധമവികാരങ്ങൾക്ക് വശംവദനാകൽ..സീതയുടെ ദേഹം പങ്കിലമാവാതെ കിട്ടുക എന്നത് സ്നേഹത്തേക്ക്ക്കാൾ ഏറെ കാമത്തിനു വശംവദനായ ശ്രീരാമൻ പ്രതീക്ഷിക്കേണ്ടി വന്നതിൽ ആശ്ചര്യമില്ല. സേതുബന്ധനത്തിനു മുൻപ് മടി കൂടാതെ സ്വന്തം അനുജനോട് തുറന്നു പറയുന്നത്  കാമാഗ്നിയാൽ ദേഹം എരിയുന്നുവെന്നും കടലിൽ പോയിക്കിടന്നാലോ “നീരിൽക്കിടന്നാൽ കാമത്തീ എന്നെ ചിക്കെന്നെരിച്ചിടാ” എന്നൊക്കെയാണ്. മാത്രമല്ല വിരഹതാപം പൊള്ളിച്ചെടുക്കുന്ന വിലാപം ഇങ്ങനെയൊക്കെയുമാണ്:

എന്നു നൽത്തൊണ്ടിനേർച്ചുണ്ടുള്ളവൾതൻ വദനാംബുജം
ആർത്തൻ രസായനം  പോലെ, തെല്ലുയർത്തി നുകർന്നിടും!
തിങ്ങിവിങ്ങിപ്പനന്തേങ്ങയ്ക്കൊത്തതാം നൽകുചദ്വയം
പുൽകുന്നേരം തുളുമ്പിക്കൊണ്ടെങ്കലെന്നൊന്നു ചേർന്നിടും!
                       (യുദ്ധകാണ്ഡം, സർഗ്ഗം5)

  ശുദ്ധി തെളിയിക്കേണ്ടത് തന്റെ ആവശ്യമാണെന്നു കരുതിയല്ല സീത അഗ്നിപ്രവേശിതയാകുന്നത്..ജ്വലനപൂതം -അഗ്നിയാൽ ശുദ്ധിയാക്കപ്പെട്ട- എന്ന പ്രയോഗം മൂലം സ്വാ‍തിയും ശ്രീരാമപക്ഷത്തു തന്നെ. ഈ അതിദൌർബ്ബല്യാ‍വസ്ഥയെ മറികടക്കാനുള്ള ശ്രമം  ‘അതിധീരമായി  ശ്രീരാമൻ മനസ്സുറപ്പിച്ചു ചെയ്ത കൃത്യമാണ് അഗ്നികൊണ്ടുള്ള ശുദ്ധിവരുത്തൽ എന്നു മാറ്റിയെഴുതാൻ സ്വാതി തിരുനാളിനെ പ്രേരിപ്പിച്ചിരിക്കുന്നു..

ശുദ്ധവെജിറ്റേറിയനാകുന്ന ശ്രീരാമൻ

       യുദ്ധകാണ്ഡത്തിലെ ആദ്യവരിയിലെ ‘ഖലനിസ്സീമപിശിതാശന ദലനം‘ ഒരു സോദ്ദേശപ്രക്രിയയാൽ ചേർക്കപ്പെട്ടതാണ്.. നിസ്സീമമായ ഖലത്വമുള്ള പിശിതാശനരെ-മാംസാഹാരികളെ-കൊന്ന കാര്യം. സേതുബന്ധനത്തിനു മുൻപ് കള്ളന്മാരും ഉഗ്രകർമ്മികളുമായ ആഭീരന്മാരുടെ വാസസ്ഥലത്തേയ്ക്കു അമ്പയക്കാൻ സാ‍ാഗരരാജാവിന്റെ അപേക്ഷയാൽ തുനിയുകയും മരുഭൂവായിരുന്ന പ്രദേശം  സമൃദ്ധിയാൽ പരിലസിക്കുകയും ചെയ്തതായിട്ടാണു വാൽമീകിയുടെ കഥനം. മരുകാന്താരം എന്ന ഈ സ്ഥലം ശോഭനമായിത്തീർന്നു അതിനാൽ. ആഭീരന്മാർ മാംസഭുക്കുകളാണെന്നു ഒരു പൌരാണികകൃതികളിലും പരാമർശം ഇല്ല തന്നെ.  രാമായണസമഗ്രതയിൽ  വളരെ അപ്രധാനവും തീരെ ചെറുതും ആണ് ഈ കഥാഭാഗം അതിനെ മാംസാ‍ഹാരികൾക്കെതിരായുള്ള രാമചേഷ്ടയാക്കിയിരിക്കുകയാണ് സ്വാതി തിരുനാ‍ൾ. ശ്രീരാമനെന്നല്ല അഗസ്ത്യമുനിയുൾപ്പടെ എല്ലാവരും മാംസാഹാരികളാണ് രാമായണത്തിൽ കൃത്യമായി ഇത് രേഖപ്പെടുത്തിയിരിക്കുന്നു. ഗുഹൻ ഭരതനെ സൽക്കരിക്കുന്നത് മത്സ്യമാംസാദികൾ കൊണ്ടു മാത്രമല്ല മദ്യവും ചേർത്താണ്. ഭരദ്വാജമുനിയുടെ ആശ്രമത്തിൽ ഭരതനും പരിവാരങ്ങൾക്ക് പന്നി, ആട്, മാൻ കോഴി  എന്നിവയാണു കറി വച്ചു വിളമ്പിയത്. ബ്രാഹ്മണരുടെ ഇഷ്ടഭോജ്യം ആടിന്റെ മാംസം ആയിരുന്നു എന്ന് അഗസ്ത്യമുനി യുടെയും വാതാപി-ഇല്വല രാക്ഷസന്മാരുടെയും കഥയിൽ ആഖ്യാനമുണ്ട്.  വാതാപിയും ഇല്വലനും ബ്രാഹ്മണവേഷം പൂണ്ട് ഒരുക്കിക്കൊടുത്ത ആടുമാംസം അഗസ്ത്യമുനി മൃഷ്ടാന്നം കഴിച്ചിട്ടുണ്ട്.  ചിത്രകൂടത്തിലെത്തിയപ്പോൾ ശ്രേഷ്ഠമൃഗങ്ങളെ വധിച്ചു മാംസം ഭക്ഷിച്ചു തൃപ്തിയടഞ്ഞവരാണു രാമസീതാലക്ഷ്മണന്മാർ (അയോദ്ധ്യാകാണ്ഡം, സർഗ്ഗം 55). ചിത്രകൂടത്തിൽ വച്ചുതന്നെ ‘കുറ്റിപൂജ’നടത്താൻ കൃഷ്ണമൃഗത്തിന്റെ വേവിച്ച മാംസമാണ് ഉപയോഗിക്കുന്നത്. കബന്ധവധത്തിനു ശേഷം ദനു ആയി മാറിയപ്പോൾ പമ്പാതീരത്ത് നെയ്യുപോലെ രുചികരമായ പക്ഷികളെ സ്വാദോടെ ഭക്ഷിക്കാമെന്നും പമ്പയിലെ മുള്ളു ക്ഉറഞ്ഞ മീനുകളെ പൊരിച്ചു തിന്നാമെന്നുമാണ് രാമലക്ഷ്മണന്മാരോടു പറയുന്നത്.   ഇതൊന്നുമല്ലാതെ  ജയന്തൻ കാക്കയായി വന്നു സീതയുടെ മാറിൽ കൊത്തുന്ന കഥഭാഗത്താണ്    രാമന്റേയും സീതയുടെയും ഗ്രാമ്യചിത്രം തെളിയുന്നത്. ഇറച്ചി ഉണക്കാനിട്ടീട്ട്   കാക്കയെ ഓടിയ്ക്കാൻ കാവലിരിക്കുന്ന ശ്രീരാമനും സീതയും. ലങ്കയിലെത്തിയ ഹനുമാനോടു സീത പറയുന്ന അടയാളവാക്യഭാഗം. അതിഭക്തിയിൽ തൂലിക മുക്കിയെഴുതി  തോരാതെ ശ്രീരാമഭജനം  ചൊല്ലുന്ന എഴുത്തച്ഛനും ഈ ഇറച്ചിയുണക്കൽ വിട്ടുകളയുന്നില്ല
പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ
പാർത്തതും കാത്തിരുന്നീടും ദശാന്തരേ
 (പലലം=ഇറച്ചി) .
 ഭരദ്വാശ്രമപ്രവേശസമയത്തും മാംസം തന്നെ ഭക്ഷണമെന്നു എഴുത്തച്ഛൻ വീണ്ടും ഓർമ്മിപ്പിയ്ക്കുന്നു.
വൈദേഹി തന്നൊടു കൂടവേ രാഘവൻ
സോദരനോടുമൊരു മൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു...
(ഭുക്ത്വാ=ഭുജിച്ചിട്ട്)
സീതയ്ക്കാവട്ടെ  പൊരിച്ച മാംസം അതിപ്രിയവുമാണ്. ചിത്രകൂടത്തിലെത്തിയപ്പോൾ ഭാര്യയെ സന്തോഷിപ്പിക്കാൻ രാമനു തിടുക്കം

ആ മലമ്പുഴയവ്വണ്ണം കാട്ടി വൈദേഹി സീതയെ
മാംസത്താൽ പ്രീതയാക്കിക്കൊണ്ടിരുന്നാൻ ഗിരിസാനുവിൽ;
“ഇതു മൃഷ്ടമിതോ സ്വാദു, വിതു തീയിൽ പൊരിച്ചതാം‘
എന്നങ്ങിരുന്നാൻ ധർമ്മിഷ്ഠൻ സീതയോടൊത്തു രാഘവൻ
(അയോദ്ധ്യാകാണ്ഡം, സർഗ്ഗം 96)

അശോകവനത്തിൽ  ഹനുമാൻ സീതയോടു പറയുന്നത് വിഷാദഗ്രസ്തനായ ശ്രീരാമൻ സീതകൂടെയില്ലാത്തതിനാൽ മാംസം കഴിക്കുന്നതും മദ്യം സേവിക്കുന്നതും പാടേ നിറുത്തി എന്നാണ്!
“”നിന്നെക്കാണായ്കയാലാര്യേ മാലിൽ മുങ്ങിയ രാ‍ാഘവൻ
നേടുന്നീലാ സുഖം, സിംഹാർദ്ദിതമാമാന പോലവേ
......................................................
മാംസം തിന്നില്ല കാകുത്സ്ഥൻ, കുടിയ്ക്കാറില്ല മദ്യവും
നിത്യം, വിധിച്ച വന്യാന്നം  അഞ്ചാം നേരത്തശിച്ചിടും
(സുന്ദരകാണ്ഡം, സർഗ്ഗം36)
പക്ഷെ പ്രകൃതകൃതിയിൽ മാംസാഹാരികൾ വധമർഹിക്കുന്നവരാണ്. അത് സ്വാതിയുടെ ശ്രീരാമന്റെ ഭവ്യഗുണങ്ങളിലൊന്നായി മാറുകയും ചെയ്യുന്നു.

ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം.... അന്യൂന ചൂഡാമണി ദർശനം

വാൽമീകി രാമായണത്തിൽ നിന്നും അദ്ധ്യാത്മരാമായണത്തിലേക്കുള്ള ശ്രീരാമന്റെ പകർച്ച അത്ര എളുപ്പമുള്ളതായിരുന്നില്ല. വെറും മനുഷ്യൻ വിഷ്ണുവിന്റെ അവതാരവും ദൈവവുമായി മാറ്റപ്പെടുമ്പോൾ മാനുഷികമായബുദ്ധിമുട്ടുകളും ദൌർബല്യങ്ങളും ഒളിപ്പിക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ പുതിയ ആവരണത്താൽ പുതപ്പിക്കുകയോ വേണ്ടി വരും. അത്ര ദൈവീകപ്രഭയുള്ളവനായിരുന്നെങ്കിൽ ഭാര്യയെ ഒരു രാക്ഷസൻ കട്ടുകൊണ്ടു പോകുമോ?  രാവണ നിഗ്രഹം അവതാരോദ്ദേശവും കഥാസന്ദർഭങ്ങൾ ഇതിനായി ഒരുക്കിയ നിമിത്തങ്ങളുമാക്കിയാണ്  ഈ കാ‍ര്യം സാധിക്കപ്പെട്ടിരിക്കുന്നത്. അദ്ധ്യാത്മരാമായണത്തിൽ പഞ്ചവടിയിൽ വച്ച് സീതയെ അഗ്നിയെ ഏൽ‌പ്പിച്ചിട്ട് പകരം മായാസീതയുമായാണ് പിന്നീടുള്ള രാമന്റെ അയണങ്ങൾ. രാവണനു പിടിച്ചുകൊണ്ടുപോകാൻ എളുപ്പം കരുവാകുന്ന  മായാ സീത. ഭർത്താവെന്ന നിലയിൽ ശ്രീരാമനു  സീതയ്ക്കേൽക്കുന്ന അപമാനവും പീഡനവും ഒന്നും ധാർമ്മികോത്തരവാദിത്തമല്ലാതാകുന്നു.   “ഭാവയാമി...”യിലും സീത ഏരെക്കുറെ അദൃയക്കപ്പെട്ടിരിക്കയാണ്.  ഏതാണ്ട് സാമാന്യനാമം പോലെ തോന്നുന്ന ‘ജനകജ‘ എന്നോ ‘ജനകസുത‘ എന്ന പേരാണ്  ഉപയോഗിച്ചിട്ടുള്ളത്. സീതാപഹരണം വസ്തുതയാക്കാതെ ‘ദശാസ്യൻ അപഹരിച്ച ജനകസുതയെ  അന്വേഷിക്കൽ’ എന്ന് ഒരു സാമൂഹ്യസേവനമെന്നു തോ‍ാന്നിപ്പിക്കുന്ന തരത്തിലാണ് പ്രതിപാദ്യം  (ദശാസ്യാഹൃതജനകജാന്വേഷണം).   എല്ലാ ഗുണവും തികഞ്ഞവനാണെങ്കിൽ ഭാര്യയ്ക്ക് ദുർഗ്ഗതി വരരുതല്ലൊ. സീതയെ തമസ്കരിക്കുക തന്നെ പോം വഴി. അതീവതന്ത്രശാലികൾ കളിച്ച നാടകം അറിയാതെ പോയി ഭാര്യക്ക് അവമതി വന്നത് പറയാതിരിക്കുക തന്നെ ഭേദം. ഹനുമാൻ വശം അടയാളമൊതിരം കൊടുക്കൽ, സമുദ്രലംഘനം സീതയെ കാണൽ,  അടയാളവാക്യം  ലങ്കാദഹനം, ഇവയൊക്കെ പ്രതിപാദിക്കുന്ന  68 സർഗ്ഗങ്ങളുള്ള സുന്ദരകാണ്ഡം  ഇല്ലാതാക്കിയിരിക്കുന്നു സ്വാതി തിരുനാൾ. ശ്രീരാമൻ അധികം പ്രത്യക്ഷപ്പെടാത്ത ഒരേ ഒരു കാണ്ഡമാണ് സുന്ദരകാണ്ഡം.  ശ്രീരാമന്റെ ധർമ്മചര്യകളൊക്കെയും വൃഥാവിലായെന്നു പരിതപിച്ച് അത്യന്തം ഖിന്നയായി ആത്മഹത്യക്കൊരുങ്ങുന്ന സീതയെ സുന്ദരകാണ്ഡത്തിൽ കാണാം.  വിഷമോ ആയുധമോ കിട്ടാൻ വഴിയില്ലാതെ സ്വന്തം തലമുടി തന്നെ കുരുക്കിട്ട് മരണം കൈവരിക്കാനുഴറുന്ന സീത.  സീതാമൃതിനിശ്ചയവും സീതാമരണോദ്യമവും ഇക്കാര്യം പ്രതിപാദിക്കുന്ന രണ്ടു സർഗ്ഗങ്ങളാണ്. കിഷിക്കിന്ധാകാണ്ഡത്തിന്റെ അവസാനം (ഹനുമാന്റെ കയ്യിൽ മോതിരം ഏൽ‌പ്പിക്കൽ) കഴിഞ്ഞ് സുന്ദരകാണ്ഡത്തിന്റെ അവസാനസർഗ്ഗത്തിലാണ്  ‘ഭാവയാമി...’‘യിലെ ബാക്കി കഥ തുടരുന്നത്. വായുസൂനു കരാർപ്പിത ഭാനുശത ഭാസ്വര ഭവ്യരത്നാംഗുലീയം’ കഴിഞ്ഞ് പൊടുന്നനവേ  ‘തേന പുനരാനീതാന്യൂന ചൂഡാമണി ദർശനം”  എന്നാണ്. മുദ്രമോതിരം കൊടുത്തു വിടുന്നതു കഴിഞ്ഞാൽ ഹനുമാൻ തിരിച്ചു കൊണ്ടു വന്ന ചൂഡാമണി കാണുന്നതിലേക്കു ദൃശ്യം മാറുകയാണ് പൊടുന്നനെ.  ചൂഡാമണി അന്യൂനമായിട്ടു കാണുന്നതിൽ നിന്നും സീതയ്ക്കു അപകടമൊന്നും പറ്റിയിട്ടില്ലെന്നു തോന്നുന്നതായി വ്യഞ്ജിപ്പിച്ചിരിക്കുന്നു.  ഭവ്യസുഗുണാരാമത്തിൽ വിലക്ഷണമായ വാടിയ പൂവ് ഒഴിവാക്കേണ്ടതു തന്നെ. അതു സീതയായാലും. ഹനുമാന്റെ കയ്യിൽ കൊടുത്തുവിടുന്നത് പേരു കൊത്തിയ മോതിരം എന്നു മാത്രമേ വാൽമീകി -എഴുത്തച്ഛൻ രാമായണങ്ങളിലുള്ളു. നൂറു സൂര്യന്മാരുടെ ഭാസുരത്വമുള്ള ഭവ്യമായ, രത്നക്കല്ലു പതിച്ച അംഗുലീയമാണ്   സ്വാതി തിരുനാളിന്റെ ശ്രീരാമൻ കൊടുത്തു വിടുന്നത്. അടയാളമായി സീത അറിയാൻ വേണ്ടി മാത്രമുള്ള ഈ ചെയ്തി പ്രൌഢിയുടെ മുദ്രയാക്കി മാറ്റിയിരിക്കുകയാണ്. സർവ്വവും ത്യജിച്ച് ജടാവൽക്കലം ധരിച്ച് സന്യാസി രൂപമെടുത്ത വനചരനായ ശ്രീരാമനെയല്ല ഇവിടെ ദർശിക്കുന്നത്. നൂറുസൂര്യതേജസ്സുള്ള രത്നക്കല്ലു പതിച്ച മോതിരം കൈവശം വച്ചിരുന്ന്,  ഭാര്യയ്ക്കു കൊടുത്തിട്ട് തിരിച്ച് കിട്ടിയ ചൂഡാമണി നോക്കി നിർവൃതിയടയുന്ന ശ്രീരാമൻ.

സുജനവിമതൻ മാത്രമായ രാവണൻ

               സജ്ജനങ്ങൾ പറഞ്ഞാൽ കേൾക്കാത്തവൻ മാത്രമാണ് ‘ഭാവയാമി....’യിലെ രാവണൻ. എതിരിടേണ്ട മറ്റു കഥാപാത്രങ്ങൾക്ക് കഠിനപദവിശേഷണങ്ങൾ നൽകിയ സ്വാതി തിരുനാൾ ഇവിടെ ലഘുവായാ‍ണ് രാവണനെ വിശേഷിപ്പിക്കുന്നത്. അതിഘോരയെന്ന്‌ ശൂർപ്പണഖയേയും മാരീചനെ ഖലനെന്നും ആഭീരന്മാരെ ഖലനിസ്സീമരായും കോറിയ തൂലിക ദശാസ്യന്റെ അടുക്കൽ വഴുതുകയാണ്.  മാത്രമല്ല  തെല്ല് മഹത്വം വച്ചു ചേർക്കാനും (‘ഉരു ദശകണ്ഠം‘=മഹത്വമാർന്ന രാവണൻ) കവിയ്ക്കു താൽ‌പ്പര്യം. രാവണവധം ചെറിയ പരാമർശം മാത്രം.  ധികൃതശക്രപരാക്രമിയായ അസുരദുഷ്ടനെ വധിക്കുന്ന അവതാരത്തിന്റെ ലളിതകഥയല്ല  കവിയ്ക്കു ചൊല്ലാൻ താൽ‌പ്പര്യം. തന്ത്രങ്ങൽ മെനയുന്ന, അധാർമ്മികനോടു നേരിടുന്നതാണ്  ‘ആര്യവാക്കുകൾ‘ മാത്രം അനുസരിയ്ക്കുന്ന ധർമ്മാസക്തനു വൻ വെല്ലുവിളി.  ‘സുജന വിമത’ എന്ന വിശേഷണത്തിൽ പരാമർശിക്കപ്പെടുന്ന സുജനങ്ങൾ ആരാണെന്നും വ്യക്തമല്ല. സീതാപഹരണത്തെ നിരുത്സാഹപ്പെടുത്തിയത് മാരീചനാണ്. മാരീചനെ ‘ഖലൻ’ എന്ന പേർ വിളിച്ചും കഴിഞ്ഞു. ശ്രീരാമന്റെ സ്വഭാവവിശേഷങ്ങൾക്ക് എതിരും നേർവിപരീതവും ആയ രാവണവ്യക്തിത്വത്തെ ഉദാഹരിക്കാനുള്ള ഉദ്യമമകാം ഇത്. ‘സുജന ജീവനാ രാമാ സുഗുണഭൂഷണാ” എന്ന ത്യാഗരാഗകീർത്തനം ചെലുത്തിയ ഉൾപ്രേരണ അബോധമായിട്ടെങ്കിലും സുജനവിമത എന്ന വാക്കിന്റെ നിബന്ധനയിൽ  കണ്ടേക്കാം.സീതാപഹരണം ലഘൂകരിക്കപ്പെട്ടിരിക്കയാണ്.  അന്വേഷണത്തിനാണു പ്രസക്തി. രാവണവധം ആത്യന്തിക ഉദ്ദേശമായിട്ടുമല്ല ‘ഭാവയാമി..’വിരചിക്കപ്പെട്ടിട്ടുള്ളത്.  പലേ സംഭവങ്ങളിൽ ഒന്നു പോലെ മാത്രം ഒരു സമസ്തപദത്തിൽ ഒതുക്കിയിരിക്കുയാണ്. (ഉരു ദശകണ്ഠവിദാരണം). .  കീർത്തനമാണെങ്കിലും ഭക്തിരസം ഏറെ ലുബ്ധോടെയാണു ചാലിച്ചു കൂട്ടിയിട്ടുള്ളത്. അനുഗ്രഹവും അഭീഷ്ഠവും യാചിച്ചുകൊണ്ടു ശ്രീ തിരുനാൾ വിരചിച്ച ധാരാളം ശ്രീരാമകീർത്തനങ്ങളിൽ നിന്നും ഇത് വേറിട്ടു നിൽക്കുന്നു.  'രാമചന്ദ്ര പാഹി  സതതം’ രാമരാമ പാഹി രാമാ’, പാലയ രഘു നായക’,  ‘രഘുകുലതിലകമയി ഭജാനിശമിഹ’ എന്നിവപോലുള്ളവ കൃത്യമായ രക്ഷാസങ്കേത പ്രാർത്ഥനയാണ്. ‘ഭാവയേ ശ്രീ ജാനകീകാന്ത’, കോസലേന്ദ്രമാമവാമിതഗുണ” ഇവയൊക്കെ പരോക്ഷഭക്തി തുല്യം ചാർത്തപ്പെട്ടവയാണ്. ഭാവയാമി..യിൽ പാഹി, ഭജാമ്യഹം, നമാമി, പാലയ, മാമവ  മുതലായ ഭക്തികൃതിസാധാരണനിബിഡപദങ്ങൾ ഇല്ല. രൂപശിൽ‌പ്പത്തിലും ഘടനയിലും കഥനരീതിയിലും ഏകദേശം സമാന്തരമാണ് സ്വാതിയുടെ തന്നെ ‘ഭാവയേ ശ്രീ ഗോപബാലം ഭവവിനുത ഭവ്യസുഗുണാലവാലം”. പക്ഷേ ഈ കീർത്തനത്തിൽ ഓരോ ചരണങ്ങൾക്കു ശേഷവും കൃഷ്ണാപദാനം നിറച്ചിരിക്കുകയാണെന്നുള്ളത് ഭക്തിനിർഭരസാധൂകരണമാണ്.  മറ്റു പല കീർത്തനങ്ങളിലും ‘രാവണാന്തക’, ‘രാവണസംഹാരക’ എന്നുപയോഗിച്ചിട്ടുണ്ടെങ്കിലും ഇവിടെ.  രാവണനിഗ്രഹത്തെ ലഘൂകരിച്ചിരിക്കുകയാണ്. അവതാരം എന്ന ഉത്തരവാദിത്തത്തിന്റേയും ലഘൂകരണം..  വാൽമീകിയുടെ രാമന്റേയും അദ്ധ്യാത്മരാമായണത്തിലെ രാമന്റേയും ഇടയ്ക്കാണ് ‘ഭാവയാമി.....’യിലെ സ്വാതി തിരുനാളിന്റെ ശ്രീരാമൻ.

          രാമനു മതിപ്പുളവാക്കിയ പോരാളിയും അപ്രതിഹതശത്രുവുമാണ് രാവണൻ. വിഭീഷണനോട് ഇക്കാര്യം തുറന്നു സമ്മതിയ്ക്കുൻന്ുണ്ട്, യുദ്ധാനന്തരം.
തേജസ്വി ബലവാൻ ശൂരൻ, എന്നെന്നും സമരങ്ങളിൽ
തോറ്റതായ് കേൾവിയില്ലല്ലൊ ശക്രാദിസുരർതമ്മൊടും
ബലശാലി, മഹാത്മാവു, രാവണൻ, ലോകരാവണൻ
                (യുദ്ധകാണ്ഡം, സർഗ്ഗം 114)
വിഭീഷനനും രാവണമഹത്വത്തെക്കുറിച്ചും വീര്യത്തെക്കുറിച്ചും അഭിമാനമാണ്. രാവണന്റെ ശവസംസ്കാരസമയത്ത്
ദാനങ്ങൾ ചെയ്താനിവനർത്ഥികൾക്കു
ഭോഗം ഭുജിച്ചാൻ, ശ്രിതരെബ്ഭരിച്ചാൻ,
ധനങ്ങൽ കൂട്ടാളികളിൽച്ചൊരിഞ്ഞാൻ,
മാറ്റാരിലേറ്റം പക വീട്ടിവിട്ടാൻ.
ഇങ്ങോർ മഹാതാപസനാ,ഹിതാഗ്നീ,
വേദാന്ത വിത്തു, ത്തമകർമ്മശൂരൻ,
പഞ്ചത്വമാർന്നോരിവനൊത്ത കൃത്യം
ഞാൻ ചെയ്തു കൊള്ളട്ടെ തവപ്രസാദാൽ.
               (യുദ്ധകാണ്ഡം, സർഗ്ഗം111)
എന്ന്  വ്യക്തമായി പ്രസ്താവിക്കുന്നു. മറ്റുമഹത്വങ്ങൾ രാവണനിൽ ആരോപിക്കപ്പെടാൻ സ്വാതി തിരുനാളിന്റെ ദർശനത്തിനും ആസക്തികൾക്കും അനുയോജ്യവുമാണ്  രാവണന്റെ ഐശ്വരാഭിവൃത്തി ലക്ഷ്യമാക്കുന്ന രാജവീക്ഷണവും  സംഗീത-നൃത്ത അഭിരുചികളും. ഹനുമാൻ ലങ്കയിൽ കാണുന്നത് അദ്ഭുതപ്പെടുത്തുന്ന ഐശ്വര്യമാണ്. കൊട്ടാരമോ നിരുപമം.
എന്തു ലക്ഷ്മി കുബേരങ്കലെന്തു ഹര്യശ്വനിന്ദ്രനിൽ
അതെല്ലാമിടിവേൽക്കാതുണ്ടെപ്പൊഴും രാവണാലയേ

അതിവിസ്മയത്തോടെയാണു പുരുഷസൌന്ദര്യം  മുറ്റിനിൽക്കുന്ന രാവണന്റെ സുഷുപ്തി ഹനുമാൻ വീക്ഷിയ്ക്കുന്നത്. ശ്രീരാമസൌന്ദര്യം വിവരിക്കാൻ എട്ടുവരി വാൽമീകി വിനിയോഗിച്ചെങ്കിൽ രാവണനു വേണ്ടി എൺപതുവരിയാണ്  ആ പീലിത്തണ്ട് വരയുന്നത്. (യുദ്ധകാണ്ഡം, സർഗ്ഗം 10) അന്തഃപുരത്തിലെ സുന്ദരികൾ രാവണന്റെ ആകാരസൌഷ്ഠവത്തിൽ മയങ്ങി സ്വമേധയാ അദ്ദേഹത്തിനു വഴിപ്പെട്ടവരാണ്,  ബലപ്രയോഗം വേണ്ടി വന്നിട്ടില്ല.  മണ്ഡോദരിയെക്കണ്ടിട്ട് ഒരു നിമിഷനേരത്തേയ്ക്ക് സീത തന്നെയല്ലേ ഇത് എന്ന് ഹനുമാൻ ആശ്ചര്യവിസ്മയം ഉൾവാകുന്നുണ്ട്. രാവണൻ രാമന്റെ അപരവ്യക്തിത്വം അല്ലേ എന്ന ലാഞ്ഛന വാൽമീകി ഒന്നു മിന്നിച്ചു പോകാൻ ഒരുമ്പെടുന്നെന്ന് തോന്നിയാൽ കുറ്റമില്ല. സുന്ദരികൾ  ശയ്യാശാലയിൽ എമ്പാടും വീണുറങ്ങുന്നതോ ഗംഭീര നൃത്ത-സംഗീത വിലാസ കേളിയ്ക്കു ശേഷം. വീണ, തുടി,ചെണ്ട, ഓടക്കുഴൽ, മൃദംഗം, മദ്ദളം, ഡിണ്ഡിമം, ഭേരി എന്നിങ്ങനെ നാനാ വാദ്യോപകരണങ്ങൾ തിമിർത്തു കളിച്ചശേഷമാണ് അവയെ കെട്ടിപ്പിടിച്ച് സുരതോത്സാഹയത്നമയക്കത്താലെന്ന പോലെ നിർ വൃതിയിൽ ഈ സുന്ദരിമാർ ലീനരാകുന്നത്. സ്വാതിതിരുനാളിന്റെ ഒരു സ്വപ്നദർശനത്തിന്റെ തനതുദൃശ്യമായി വിളങ്ങുകയാണ് ഈ കലാനിശാന്തവേളാവിവരണം.

        പുരാണകഥാപാത്രങ്ങൾ നവപരിചിന്തനങ്ങൾക്ക് വശംവദരാവുകയും വിപരീതമാനങ്ങളിൽ പ്രതിഷ്ഠിയ്ക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിന്റെ ഉദയം കുറിച്ചിരുന്നു സ്വാതി തിരുനാൾ ഇതെഴുതുന്ന കാലം. വീക്ഷണകോണുകളുടെ നിലപാടും പ്രാപ്തിയും പ്രമേയഘടനാ വിശകലനവും കഥാപാത്രത്തിന്റെ വ്യക്തിത്വം പുനർനവീകരിക്കുകയോ അതേ പാത്രത്തിന്റെ പുതുസൃഷ്ടിയ്ക്ക് കളിമണ്ണൂ കുഴയ്ക്കാൻ നനവൂറിയ്ക്കുകയോ സാദ്ധ്യമായി ഈ ഭാവനാപാളി തുറക്കൽ മൂലം.. സ്വാതിതിരുനാളിന്റെ സന്തതസഹചാരിയായിരുന്ന കരീന്ദ്രൻ (കിളിമാനൂർ രാജരാജവർമ്മ  കോയിത്തമ്പുരാൻ)  ഈവഴി അണ തുറന്ന കാവ്യസരിണിയാണ് രാവണവിജയം എന്ന ആട്ടക്കഥ. നായകവേഷത്തിൽ പ്രൌഢിയോടെ വിളങ്ങുന്ന രാവണനെ ധൈര്യപൂർവ്വം അവതരിപ്പിക്കുന്നതിലൂടെ നായക-പ്രതിനായക വില്ലൻ കഥാപാത്രങ്ങൽക്കു സംഭ്യവ്യഭാവനാപ്രതി വന്നുചേരാവുന്ന തിരിമറിവുകൾക്ക് ആദ്യമായി സാധൂകരണം ലഭിയ്ക്കുകയായിരുന്നു കരീന്ദ്രന്റെ ഈ സാഹിതീസാഹസത്തിലൂടെ.  ഉറ്റതോഴനായ കരീന്ദ്രന്റെ നവപാത്രനിർമ്മിതിയോട് ഒത്തുപോകുന്ന മാനസികനില സ്വാതി തിരുനാൾ ആർജ്ജിച്ചതായിരിക്കനം രാവണനെ കടും കരിമഷികൊണ്ട് വരച്ചെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിച്ചത്.

        കവിതയോ കഥയോ ആത്മസത്തയുടെ പ്രതിഫലനമോ പ്രകാശനമോ ബഹിർസ്ഫുരണമോ   ആകുന്നതിൽ സ്വാഭാവികത ആവോളമുണ്ട്. ജീവിതാനുഭവങ്ങൾ സൃഷ്ടിച്ച തീവ്രപ്രതികരണങ്ങളുടെ ആവിഷ്കാരമാകാം കലാസൃഷ്ടി എന്ന പ്രസ്താവനയിൽ പുതുമയൊട്ടില്ല താനും. ഈയൊരു പശ്ചാത്തലത്തിൽ പൌരാണികമായ കഥാപാത്രങ്ങളും 
  ആനുകാലികപ്രസക്തികളിൽ പരിശോധിക്കപ്പെടാം, സ്വാനുഭവപ്രകാശനത്തിനു അവരെ കരുവാക്കാം. രാവണന്റെ കറുപ്പും വെളുപ്പും കലർന്ന  ഉഭയവ്യക്തിത്വം, അതിലെ വെൺപകുതിയോട് ശ്രീരാമനുള്ള മതിപ്പ് ഇവയൊക്കെ സ്വാതി തിരുനാളിനും ബോധിച്ച മട്ടാണ്, ‘ഭാവയാമി....’യിലെ രാവണനെ സ്വരൂക്കൂട്ടുന്നതിലെ ബോധചാലകം ഇതു തന്നെയാവാൻ സാദ്ധ്യതയും ഉണ്ട്.  പ്രത്യേകിച്ചും സമാന്തരമായ സാഹചര്യങ്ങൾ ഇതിനു ചാലു കീറുന്ന സ്ഥിതിവിശേഷത്തിൽ. ബ്രിടീഷ് മേൽക്കോയ്മ കണിശത്തിലും കാർക്കശ്യത്തിലും ഉഗ്രതരമായി, പ്രത്യേകിച്ചും വേലുത്തമ്പി ദളവയ്ക്കു ശേഷം,  തിരുവിതാംകൂറിനു മേൽ പിടിമുറുക്കിയ കാലം. പലപ്പോഴും ഇത് നിഷ്ഠൂരതയുടെ അതിർവരമ്പു ഭേദിച്ചിട്ടുമുണ്ട്.  ഇതിന്റെ കെടുതിയിൽ പെട്ടുപോയിട്ടുണ്ട് സ്വാതി തിരുനാൾ. അതേസമയം പാശ്ചാത്യരീതികൾ സ്വായത്തമാക്കാനും ഭരണപരിഷ്കാരങ്ങളിൽ ഉൾക്കൊള്ളിക്കാനും ജാഗ്രത പുലർത്തുന്നതിനോടൊപ്പം സാ‍ങ്കേതികമായ പുരോഗമനത്തിന് ബ്രിടീഷ് സഹായം ഉപയോഗപ്പെടുത്തുന്നതിൽ അതിനിഷ്ണാതനുമായിരുന്നു അദ്ദേഹം. ആദ്യമായി ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചതും പട്ടാളക്കാർക്ക് ബ്രിടീഷ് രീതിയിലുള്ള യൂണിഫോം വ്യവസ്ഥപ്പെടുത്തിയതും നിയമ-കോടതി വ്യവസ്ഥകൾ പുതുക്കിയതും പബ്ലിക് ലൈബ്രറിയും പ്രിന്റിങ് പ്രസ്സും സ്ഥാപിച്ചതും ബെയിലിയെക്കൊണ്ട് മലയാളം-ഇംഗ്ലീഷ് നിഘണ്ഡു എഴുതിച്ചതുമൊക്കെ ശത്രുപക്ഷത്തിന്റേതാണെങ്കിലും അഭിലഷണീയമായതിന്റെ സമാകലന ഉദാഹരണങ്ങൾ മാത്രം. ഗണിതശാസ്ത്രവിദഗ്ദ്ധനായ കാൽഡികട് എന്ന ബ്രിടീഷ് വണിഗ്വരന്റെ സേവനങ്ങളോടെ വാനനിരീക്ഷണാലയം (നക്ഷ്ത്രബംഗ്ലാവ്) സ്ഥാപിച്ചതും അതിന്റെ അധിപനായി ഡോക്ടർ എ. ജി. ബ്രൌണിനെ നിയമിച്ചതും  പാശ്ചാത്യസാങ്കേതികത്വം ഈ മണ്ണിൽ പറിച്ചുനടാനുള്ള അഭിനിവേശസാക്ഷാൽക്കാരം. കാഴ്ചബംഗ്ലാവും പക്ഷിസങ്കേതവും   പിന്നീട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആയി മാറിയ ധർമാശുപത്രിയും ഇതേ പാശ്ചാത്യാ‍ഭിനിവേശത്തിന്റെ ഫലനിർമ്മിതികൾ.  ഭരണകാര്യങ്ങളിൽ മാത്രമല്ല തന്റെ കലാസപര്യയിലും  ഇടങ്കോലിടുന്ന പ്രവൃത്തികൾ ബ്രിടീഷ്  നേതൃത്വത്തിൽ  നിന്നും, പ്രത്യേകിച്ചും റസിഡന്റ് കല്ലൻ സായ്പ്പിൽ നിന്നും നേരിടെണ്ട അവസരത്തിലും നേർവിപരീതമെന്നു തോന്നിയ്ക്കുന്ന, ശത്രുവിന്റെ ഗുണശീലങ്ങൽ സ്വായത്തമാക്കുന്ന മനോധർമ്മങ്ങൾ തന്നെ ഇത്.  എതിരാളിയിൽ ദർശിച്ച ഉഭയവ്യക്തിത്വം ആയിരിക്കണം രാവണനെ വരച്ചുണ്ടാക്കാൻ തൂലിക  ചലിപ്പിച്ചപ്പോഴുള്ള മനോവ്യാപാരം. കാവ്യം  ആത്മനിഷ്ഠാപരമാകുന്ന സവിശേഷസന്ദർഭം. വിഭാവനം ചെയ്ത രാമരാജ്യം സാക്ഷാത്കാരമാകുന്ന സ്വപ്നം “വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌നാഭം’ എന്ന വരിയിൽ അന്തർലീനമാകുന്നുണ്ടായിരിക്കണം.തഞ്ചാവൂർക്കാരി നർത്തകി സുഗന്ധവല്ലിയോടുള്ള അതിരുവിട്ട അടുപ്പം മൂലം അകന്നു പോയ പ്രിയ പത്നി നാരായണിപ്പിള്ളയ്ക്ക് കുറ്റബോധത്തോടെ
സമർപ്പിക്കപ്പെടുന്നതായിരിക്കണം നൂറുസൂര്യതേജസ്സുള്ള ആ രത്നമോതിരം. ശ്രീരാമന്റെ കയ്യിൽ അതില്ലെങ്കിൽ സ്വാതി തിരുനാളിന്റെ പക്കൽ അതുണ്ട്.