Thursday, March 5, 2009

“ഭാവയാമി രഘുരാമം.........” സ്വാതിതിരുനാളിന്റെ ശ്രീരാമന്‍

          “ഇതാ രാമനെ ഞാന്‍ മനസ്സില്‍ കാണുന്നു, ഭവ്യസുഗുണങ്ങളുടെ പൂന്തോട്ടമായി” ( ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം) എന്നിങ്ങനെ വിരിഞ്ഞുവിടരുന്ന സ്വാതിതിരുനാളിന്റെ ഈ പ്രസിദ്ധ കീര്‍ത്തന്ം എം. എസ്. സുബ്ബലക്ഷ്മിയുടെ കളകണ്ഠത്തിലൂടെ സുപരിചിതമാക്കപ്പെട്ടതാണ്. രാമായണകഥ നാലുവരിഖണ്ഡങ്ങൾ‍ വീതമുള്ള ആറു ചരണങ്ങളില്‍ അദ്ഭുതാവഹമായി ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്ന അതികവിപടുത്വവിസ്മയം. രഘുരാമൻ‍‍ വിശ്വാമിത്രനോടൊപ്പം  തപസ്സുകാവലിനു പോകുന്നതുമുതല്‍ പട്ടാഭിഷേകവിലസിതനാകുന്നതു  വരെയുള്ള കഥാകാവ്യത്തെ  സാവേരി രാഗത്തിലാണ് തിരുനാള്‍ ചിട്ടപ്പെടുത്തിയിരുന്നത്, അതിമോഹനരാഗമാലികയാക്കിയത് ശെമ്മാങ്കുടി.  പല്ലവിയും അനുപല്ലവിയും സാവേരിയിൽ   തന്നെ സ്ഥിരപ്പെടുത്തിയിട്ട് മറ്റ് ആറുചരണങ്ങളും ആറു രാഗങ്ങളിലാക്കി. നാട്ടക്കുറിഞ്ഞി,ധന്യാസി, മോഹനം, മുഖാരി, പൂര്‍വികല്യാണി, മധ്യമാവതി എന്നിങ്ങനെയാണി ശെമ്മാങ്കുടിയുടെ നിജപ്പെടുത്തല്‍. ഒരു പൂര്‍ണസംഗീതശില്‍പ്പം ഇങ്ങനെ മെനഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. അതെസമയം ‍ കടക്കേണ്ണേറു കൊണ്ട് ഭാവുകങ്ങള്‍ വിതരണം ചെയ്തു ലസിക്കുന്ന രഘൂത്തമന്‍ സുഗുണാരാമനായി ലസിക്കുകയാണ് കാവ്യത്തിലുടനീളം.

  രാമന്റെ കഥകള്‍ ‍ 24000 ശ്ലോകങ്ങളില്‍ക്കൂടി വാല്‍മീകി പാടിപ്പറഞ്ഞത് ആറു് ശ്ലോകങ്ങളിലൊതുക്കക്കണമെങ്കില്‍ അസാമാന്യ കയ്യടക്കം വേണം.  മുഴു ഘടനയൊത്ത കഥ പറയാന്‍ ആറു നാൽ വരി ഖണ്ഡങ്ങൾ‍ അപര്യാപ്തം. കഥയിലെ സന്ദര്‍ഭങ്ങൾ‍  ശ്രീരാമപ്രത്യക്ഷം മാത്രം ദൃശ്യങ്ങളാക്കി  ഒരു ചിത്രപുസ്തകമാണു സ്വാതിതിരുനാള്‍ ‘ഭാവയാമി’യില്‍ക്കൂടി വരച്ചെടുത്തിട്ടുള്ളത്. കാര്യകാരണയുക്തികള്‍ വിട്ടിട്ട് നിശ്ചലദൃശ്യങ്ങള്‍  ഒരുക്കിയെടുത്തിരിക്കയാണ് . ഒരു സ്ലൈഡ് ഷോ പോലെ ഓരോരൊ കഥാസന്ദര്‍ഭചിത്രങ്ങള്‍ മാറിമാറി വരികയാണ്.  വേഗതയാര്‍ന്ന നിശ്ചലദൃശ്യപ്രകടനം അനുസ്യൂതക്രിയാപരിണാമമാകുന്ന ചലച്ചിത്ര വിശേഷം തന്നെ ഇവിടെയും.  വിവിധജീവിതഘട്ടങ്ങളില്‍ക്കൂടെ പരിണാമഗതിയാര്‍ജ്ജിക്കുന്ന നായകന്‍ അതിഗം‍ഭീരകാര്യങ്ങളാണു ചെയ്യുന്നതെങ്കിലും  സ്വച്ഛതയാര്‍ന്ന പുഴയൊഴുകുംവഴിയാണ് അയത്നലളിതമായാണ് ജീവിതസന്ധികളില്‍ക്കൂടി കടന്നുപോകുന്നതെന്ന പ്രതീതിയാണുണര്‍ത്തുന്നത്. നിരവധി വധങ്ങൾ‍, സഖ്യം ചേരല്‍, അനുചരരോടും സേവകരോടും ഒത്തുകൂടല്‍ ഇതൊക്കെ അനയാസമായി തനിക്കു ചുറ്റിനും വന്നുഭവിക്കുന്നുവെന്ന സുഗമലളിത  അവതരണം. ഈ ഋജുരേഖാപ്രതിപാദനപ്രയാണമാണ് ഏകാഗ്രത നല്‍കുന്നതും.  കഥാഘടനയില്‍ കേന്ദ്രീകരിച്ചല്ലാതെ പാത്രസൃഷ്ടി നടത്തുന്ന അപൂര്‍വ്വവിദ്യ. സ്ഥൂലതയെ വെട്ടിച്ചുരുക്കി കൃശകോമളമായ കലാശില്‍പ്പം  മര്യാദാപുരുഷോത്തമന്റെ ഭവ്യസുഗുണങ്ങള്‍‍ വിസ്തൃതമാക്കുന്നു, അതേസമയം കാവ്യഭംഗി ചോരാതെയും സംഗീതമയമാക്കുകയും ചെയ്യേണ്ടുന്നതിലെ ക്ലിഷ്ടത അതിധീരമായി ത്തന്നെയാണ് വാഗ്ഗേയകാരന്‍  നേരിട്ടിരിക്കുന്നത്. ‍ അപാംഗലീലാലസിതനായിക്കണ്ടു തുടങ്ങിയ രഘൂത്തമനെ പട്ടാഭിഷേകത്താല്‍ വിലസിതനായി അവതരിപ്പിക്കുന്നതോടെ അവസാനിക്കുന്നു.

ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം
ഭാവുകവിതരണപരാപാംഗലീലാലസിതം

ബാലകാണ്ഡം
ദിനകരാന്വയതിലകം ദിവ്യഗാധിസുതസവനാ-
വനരചിതസുബാഹുമുഖ വധമഹല്യാപാവനം
അനഘമീശചാപഭംഗം ജനകസുതാപ്രാണേശം
ഘനകുപിതഭൃഗുരാമഗർവ്വഹരമിത സാകേതം

അയോദ്ധ്യാകാണ്ഡം
വിഹതാഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൌമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരതദത്ത
മഹിതരത്നമയപാദുകം മദനസുന്ദരാംഗം

ആരണ്യകാണ്ഡം
വിതതദണ്ഡകാരണ്യഗതവിരാധദലനം
സുചരിതഘടജദത്താനുപമിതവൈഷ്ണവാസ്ത്രം
പതഗവരജടായുനുതം പഞ്ചവടീവിഹിതവാസം
അതിഘോരശൂർപ്പണഖാവചനാഗതഖരാദിഹരം

കിഷ്കിന്ധ കാണ്ഡം
കനകമൃഗരൂപധരഖലമാരീചഹരം ഇഹ
സുജനവിമതദശാസ്യഹൃതജനകജാന്വേഷണം
അനഘപമ്പാതീരസംഗതാഞ്ജനേയ നഭോമണീ
തനുജസഖ്യകരം വാലി തനുദലനമീശം

സുന്ദരകാണ്ഡം
വാനരോത്തമസഹിത വായുസൂനു കരാർപ്പിത
ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം
തേനപുനരാനീതാന്യൂനചൂഡാമണിദർശനം
ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം

യുദ്ധകാണ്ഡം
കലിതവരസേതുബന്ധം ഖലനിസ്സീമപിശിതാശന
ദലനമുരുദശകണ്ഠവിദാരണമതിധീരം
ജ്വലനപൂതജനകസുതാസഹിതയാതസാകേതം
വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌മനാഭം

ഈ കീർത്തനം ഇവിടെ കേൾക്കാം.
  “ഭവ്യസുഗുണാരാമം” എന്ന വിശേഷണം അന്വര്‍ത്ഥമാക്കാനെന്ന മട്ടിലാണ് കൃതി വിടരുന്നത്. ഓരോ വരിയും  നവഗുണപരിമളം വീശിയുണര്‍ത്തുന്ന പൂവുകളാകണമെന്ന നിർബ്ബന്ധം ഉള്ളപോലെ. ആകപ്പാടെ ഒരു പൂന്തോട്ടപ്രകൃതി വന്നണയുക ഉദ്ദേശം. രഘുരാമന്‍ പ്രത്യക്ഷപ്പെടുന്ന സീനുകള്‍ മാത്രമേയുള്ളു ഈ ചിത്ചലച്ചിത്രത്തില്‍.. ചെയ്തികളൊക്കെ അതീവഗുണമേറിയതാക്കിയിരിക്കുകയാണ്‍ മനഃപൂര്‍വ്വം. സീത രണ്ടു ‍, ഏറിയാൽ മൂന്ന് സീനിൽ മാത്രം പ്രത്യക്ഷപ്പെടുന്നു.  ഗാംഭീര്യവും പ്രാഭവവും പ്രദാനം ചെയ്യുന്ന രീതിയിലാണ് ക്രിയാകൃത്യങ്ങള്‍, അതിനുവേണ്ടി പ്രത്യേകനിഷ്കര്‍ഷയില്‍ തെരഞ്ഞെടുത്ത പദങ്ങള്‍.. വീരപരാക്രമങ്ങള്‍ക്ക് സ്വയംകൃതമായ സാധുത നല്‍കാനുള്ള അതിര്‍വിട്ട ശ്രമവും പ്രത്യക്ഷം.ചില ഒളിച്ചുവയ്ക്കലുകള്‍. ഐശ്വര്യവും ധൈര്യവും  നല്‍കാന്‍ വാല്‍മീകി വിട്ടുപോയിടത് സ്വാതി തിരുനാള്‍ തന്നെ താങ്ങുമായെത്തുന്നു.   എന്നാല്‍ പൂത്തും തളിര്‍ത്തും ഉല്ലസിയ്ക്കുന്ന ആരാമദൃശ്യമായി  കൃതി വിടരുന്നകൃത്യം  ശില്പഭംഗിയില്‍ കൃതഹസ്തനായ കവി എളുപ്പം സാധിച്ചെടിത്തിട്ടുണ്ട്.  സുന്ദരപദങ്ങൾ ഇതിനുവേണ്ടി വാരിവിതറിയിട്ടുണ്ട്.  അനുപ്രാസനിബന്ധിതമാണ് പല വരികളും. 

         വൈവിധ്യമാർന്ന ആരാമദൃശ്യം വെളിവാക്കാനെന്നവണ്ണം വ്യത്യസ്തമായ പദനിബന്ധനയാണ് വിവിധ ഖണ്ഡങ്ങള്‍ക്കും. ദീർഘാക്ഷരങ്ങൾ ധാരാളം നിബന്ധിച്ചതാണ് “വാനരോത്തമ സഹിത ..”എന്ന സുന്ദരകാണ്ഡഭാ‍ഗം. ഒരുപാടുകാര്യങ്ങള്‍ ഒന്നിച്ചു പറയാന്‍ സമസ്തപദങ്ങള്‍ ഉപയോഗിക്കുക എന്ന ഹസ്തലാഘവത്തിന്റെ ഉദാഹരണമായി  വിളങ്ങുന്നു പല കഥാഭാഗവും.  “ദിവ്യഗാധിസുതസവനാവനരചിതസുബാഹുമുഖവധം’ എന്നതില്‍ വിശ്വാമിത്രന്റെ യാഗവേളയില്‍ സുബാഹുവും മറ്റുരാക്ഷസരും ഉപദ്രവം ഉണ്ടാക്കിയതും അവരെ വധിച്ചതുമായ് കാര്യങ്ങള്‍ ഒറ്റയടിയ്ക്കു തീര്‍ത്തിരിക്കയാണ്. “അതിഘോരശൂര്‍പ്പണഘാവചനാഗതഖരാദിഹരം” എന്നതും വലിയ സംഘട്ടനാത്മകമായ പലേ കാര്യങ്ങളും ഒരു പദത്തില്‍ ഘടിപ്പിച്ചത്. വിശിഷ്ടമോ സുന്ദരമോ പദങ്ങള്‍ നിബന്ധിയ്ക്കാനുള്ള നിഷ്കര്‍ഷയില്‍ വിശ്വാമിത്രനു ദിവ്യഗാധിസുതനും സുഗ്രീവന്‍ “ന‍ഭോമണീതനുജനും‍”  അഗസ്ത്യന്‍ “സുചരിതഘടജനും ” ആയി മാറുന്നു.  സംഗീതമയമാക്കാനുമത്രെ ഈ നിയുക്തപദവിന്യാസങ്ങള്‍‍.

വ്യത്യസ്തനായ ശ്രീരാമന്‍

ധൈര്യം, വീര്യം, ശമം, സൌന്ദര്യം, പ്രൌഢി, സത്യനിഷ്ഠ, ക്ഷമ,,ശീലഗുണം,അജയ്യത ഈ ഗുണങ്ങളൊക്കെ വേണ്ടുവോളും പേറുന്ന രഘൂത്തമന് ഇവയൊക്കെ പോരാ പോരാ എന്നമട്ടിൽ ഇനിയും വാരിയണിയ്ക്കാനാണു സ്വാതി തിരുനാളിനു വ്യഗ്രത.നല്‍ച്ചെയ്തികള്‍ എണ്ണിപ്പറഞ്ഞാല്‍ പോരാ അവ്യ്ക്കു സാധൂകരനം നല്‍കുന്നത് വിശിഷ്ഠവ്യക്തികളുമായിരിക്കണം.  രാജ്യാഭിഷേകപരിത്യാഗവും വനവാസവും  പ്രൌഢപ്രൊജ്വലരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്താലാണത്രെ! (വിഹതാഭിഷേകമഥ വിപിനഗതം  ആര്യവാചാ) കൈകെയിയെ ആണു ‘ആര്യയാക്കിയിരിക്കുന്നത്! രാമായണത്തിലുടനീളം കൈകേയീ ആര്യയാട്ടൊന്നുമല്ല കാണപ്പെടുന്നത്.  ഭരതനുൾപ്പടെ കൈകേയിയെ തള്ളിപ്പറയുന്നത് പലെ  കഥാഭാഗങ്ങളിൽ വ്യക്തമാണ്. വനയാത്രാസമയത്ത് സംയമനം ദീക്ഷിച്ചെങ്കിലും (ശാന്തതമശീലം) വിരാധന്‍ ബലമായി സീതയെ പിടിച്ചെടുത്ത് തോളില്‍ വച്ച് ഓടിയപ്പോള്‍ കൈകേയി അത്ര ആര്യയായിട്ടൊന്നുമല്ല രാമനു തോന്നിയത്. അമ്മായിയമ്മപ്പോരിനാല്‍ സീതയെ കഷ്ടപ്പെടുത്തിയെന്നും “ഏവര്‍ക്കും പ്രിയനാമെന്നെ അവള്‍ കാട്ടിലയച്ചല്ലൊ, ഇപ്പോള്‍ കൃതാര്‍ത്ഥയായിക്കാണും“ എന്നൊക്കെ കൈകേയീഭര്‍സനം ‍ പുറത്തിട്ട ആളാണ് അദ്ദേഹം.  അതിനും മുൻപു ഗംഗാതരണത്തിനു ശേഷം  വ്യാകുലനായ രാമൻ കൌസല്യക്കും സുമിത്രയ്ക്കും വിഷം നൽകിയേക്കും കൈകേയി  എന്നും ശങ്കിക്കുന്നുണ്ട്. സ്വാതി തിരുനാളിന്റെ രാമന്‍ സജ്ജനങ്ങള്‍ പറഞ്ഞിട്ടു വനയാത്ര ചെയ്തവന്‍ മാത്രമാണ്. അനുസരണ മാത്രമല്ല  അതു നല്ലവരുടെ അനുജ്ഞപ്രകാരവുമായിരിക്കണം. അങ്ങനെയാണ് കൈകേയി സ്വാതിതിരുനാളിന് ആര്യയായി മാറുന്നത്.  .

ശ്രീരാമസൌന്ദര്യം-രാമായണകഥയുടെ വഴിത്തിരിവ്

           അതിമനോഹരമായ പഞ്ചവടിയിൽ താമസമുറപ്പിച്ച ശ്രീരാമൻ സ്വാസ്ഥ്യവാനായിരുന്നു. തനിയിക്കിഷ്ടപ്പെട്ട പ്രകൃതി വിളങ്ങുന്ന സ്ഥലം. “ഭംഗി വേണം വനത്തിനി ഭംഗിവേണം സ്ഥലത്തിന്നു‘ എന്ന് ഇച്ഛയക്കൊത്ത സുന്ദരവനസ്ഥലി. കഥ ഇവിടെ സ്വച്ഛതയോടെ വന്നു നിലയുറപ്പിക്കുകയാണ്. അപ്പോഴാണ് ശൂർപ്പണഖയുടെ വരവ്. ശ്രീരാമന്റെ ദേഹകാന്തിയാൽ ആകൃഷ്ഠയായിത്തന്നെ. ഇതേവരെ ശ്രീരാമസൌന്ദര്യത്തെക്കുറിച്ച് ഒന്നോരണ്ടോ വാക്കുകൾ മാത്രം ഇട്ടുപോയ വാൽമീകി ഇവിടെ വാഗ്ധോരണി തുറക്കുകയാണ് ആ പുരുഷസൌന്ദര്യം അപ്പാടെ വെളിവാക്കാൻ.
സിംഹോരസ്കം മഹാബാഹും
പദ്‌മപത്രനിഭേക്ഷണം
വള്ളത്തോൾ തർജ്ജിമ:
ദീപ്താനനൻ മഹാബാഹു താമരത്താർ ദളേക്ഷണൻ
ഗജവിക്രാന്തഗമനൻ വട്ടച്ചിട വഹിച്ചവൻ
സുകുമാരൻ, മഹാസത്വൻ, രാജലക്ഷണസംയുതൻ
ഇന്ദ്രാഭനി,ന്ദീവരനേർവർണ്ണൻ, കന്ദർപ്പസുന്ദരൻ

അതിതീവ്രമായ ഗാഢാലിംഗനത്തിനു കൊതിയ്ക്കുന്ന കാമുകി കാണുന്ന ചിത്രമാണ് വാൽമീകി വരച്ചിരിക്കുന്നത്. ശൂർപ്പണഖ കാമമോഹിതയായിച്ചമയുകയുകയാണ് ഈ പുരുഷസൌന്ദര്യത്തിൽ മയങ്ങി. കഥാശൃംഖലയുടെ ഒരു കണ്ണി വിളക്കിച്ചേർക്കപ്പെടുകയാണ് വന്യതയിൽ വെളിവാകുന്ന പുരുഷസൌന്ദര്യത്തിൽ.   സ്വാതി   തിരുനാൾ ഈ കഥാഗതിയുടെ ഉത്തരവാദിത്തം ശ്രീരാമനിൽ നിന്നും എടുത്തുമാറ്റുകയാണ്. അതിനുവേണ്ടി ചിത്രകൂടാചലത്തിൽ  ഭരതനു മെതിയടി നൽകിയഭാഗത്ത് പൊടുന്നനവേ നിബന്ധിച്ചിരിക്കയാണ്  ശ്രീരാമൻ
 കാമോപമനാണെന്ന കാര്യം.  ‘മഹിതരത്നമയപാദുകം മദനസുന്ദരാംഗം“ എന്ന് അയോദ്ധ്യാകാണ്ഡത്തിൽ തന്നെ പറഞ്ഞു വച്ചിരിക്കയാണ്.  രാവണൻ കഥയിൽ വരാനുള്ള കാരണം ശ്രീരാമന്റെആകാരസൌഷ്ഠവത്തിൽ   നിന്നാണ് ഉറവകൊള്ളുന്നതെന്ന് സമ്മതിക്കാൻ സ്വാതി തിരുനാൾ തയാറല്ല.  ലക്ഷ്മണിലെക്കു ശൂർപ്പണഖയെ തിരിച്ചുവിടുകയും തനിക്കു പറ്റാത്തതു അനുജന ആയീക്കോട്ടെ എന്നു ധരിക്കുകയും ചെയ്യുന്നത് മര്യാദാപുരുഷോത്തമനു ചേർന്നതല്ല താനും. ഭവ്യസുഗുണാരാമത്തിനു ചേരാത്ത പൂവ്. തിരസ്കൃതമായ രതിവാഞ്ഛ മാത്രമല്ല ശൂർപ്പണഖയെ കുപിതയാക്കുന്നത്. ചേട്ടനും അനുജനും കൂടി സ്ത്രീസമീപനത്തിൽ നടത്തുന്ന വ്യാജക്കളികൾ ആണ്.   പോരാഞ്ഞ് അവളുടെ  കോപത്തിനു കൊടുത്ത ശിക്ഷ അതിഭീകരവുമാണ്.    മൂക്കും ചെവിയും   മുറിച്ചുമാറ്റപ്പെടൽ (അദ്ധ്യാത്മരാമായണത്തിൽ  മുറിയ്ക്കപ്പെടുന്നത് മൂക്കും മുലയുമായി ).  ജേഷ്ഠനായ ഖരനോട് ഇക്കാര്യമുണർത്തിക്കയും യുദ്ധത്തിനെത്തിയ ഖരനും കൂട്ടരും വധിക്കപെടുകയും ചെയ്ത സംഭവം മാത്രമാൺ സ്വാതിതിരുനാൾ സൂചിപ്പിക്കുന്നത്. ‘അതിഘോരശൂർപ്പണഖാവചനാഗത ഖരാദിഹരം” എന്നു മാത്രം.  എല്ലാകഥസന്ദർഭങ്ങളും നിബന്ധിക്കാനുള്ള കോപ്പില്ല ഈ കൃതിയൽ എങ്കിലും ഒന്നോരണ്ടൊ വാക്കുകൾ കൊണ്ട് വിസ്തൃതകഥാഭാഗം തെര്യപ്പെടുത്താൻ നിപുണനായ സ്വാതി ഇവിടെ ഒരു ഒളിച്ചു കളിയിൽ ഏർപ്പെടുന്നു.   ശൂർപ്പണഖ അതിഘോരയായെങ്കിൽ അതിൽ തനിക്കു പങ്കൊന്നുമില്ലെന്ന ഒപ്പിച്ചുമാറൽ. പഞ്ചവടിയിൽ അത്യന്തസുന്ദരൻ വിളങ്ങിയതിന്റെ പിൻ ഗതി യാണ്  സീതാപഹരണം എന്ന സത്യം ഒളിപ്പിയ്ക്കൽ.  .രാമനെ വലയ്ക്കാൻ വേണ്ടിയാണ് രാവണൻ സീതാപഹരണത്തിനു മുതിരുന്നത്. ഈ ഉദ്ദേശം പടത്തലവനായ അകമ്പനൻ രാവണനോടു പറഞ്ഞു തെര്യപ്പെടുത്തുന്നുണ്ട്:

 തദ്ഭാര്യയെക്കക്കുക, വൻ കാട്ടിലിട്ടു വലച്ചു നീ
ആക്കാമി, രാമൻ അവളായ് പിരിഞ്ഞാലുയിർ കൈവിടും

സ്വർണ്ണമാനായിച്ചമയാനുള്ള അഭ്യർത്ഥനയുമായി മാരീചന്റെ പക്കലെത്തിയ രാവണൻ  ഇതേ ഉദ്ദേശം വിശദമാക്കുന്നുണ്ട്:

“എന്നിട്ടു സുഖമായ്ബ്ഭാര്യ പോയഴൽ‌പ്പെട്ടരാമനെ
ഉപദ്രവിപ്പൻ കൂസാതെ കൃതാർത്ഥമതിയായി ഞാൻ’

അന്തഃപുരത്തിലെ സുന്ദരിമാരുടെ എണ്ണം കൂട്ടാനുള്ള ഉദ്യമമല്ല   രാവണന്റേത്.  ഖരനുൾപ്പെടെ പതിനാലായിരം പേരെയാണു രാമൻ വധിച്ചത്.  സഹോദരിയെ വെട്ടി മുറിവേൽ‌പ്പിച്ചിരിക്കുന്നു. ഇതിനൊക്കെ പ്രതികാരം ചെയ്യുക തന്നെ.  സീതാപഹരണകാരണം രാമനിൽ തുടങ്ങുന്നു  കാമതിരസ്കാരത്തിനു കാമനാശനോപകൃതി പകരം. രഘൂത്തമന്റെ നാരദപ്രോക്തമായ ഗുണഗണങ്ങിളിലൊന്നായ സൌന്ദര്യം വിതച്ച് വിത്ത്.

   കിഷ്ക്കിന്ധാകാണ്ഡത്തിലെ ആദ്യവരി (കനകമൃഗരൂപധരഖലമാരീചഹരം ഇഹ) യിലും ചില തമസ്കരണങ്ങൾ കാണാം. ഖലനായ മാരീചന വെറുതെ പൊന്മാനായി  വേഷം മാറി വന്നു പറ്റ്യ്ക്കാൻ ശ്രമിച്ചതിനാൽ  കൊന്നുകളഞ്ഞു എന്ന മാതിരി പ്രസ്താവന.  മാരീചനാകട്ടെ  ഈ ആൾമാറാട്ടത്തിനു  സമ്മതവുമില്ലായിരുന്നു.   പ്രാണഭയം ഒന്നുകൊണ്ടുമാത്രമാൺ  മാരീചൻ തയാറായത്. മരിയ്ക്കുകയാനെങ്കിൽ ശ്രീരാമന്റെ കയ്കൾ കൊണ്ടു തന്നെയാകട്ടെ എന്ന നിശ്ചയവും. പക്ഷെ ‘ഖല’എന്ന വിശേഷണം ചേർത്ത് ശ്രീരാമനു കൊല്ലാൻ പാകത്തിലുള്ള കഥാപാത്രമാകി മാറ്റി ഇവിടെയും കാരണത്തെ അമർത്തിയിരിക്കുന്നു..സ്വർണ്ണമാനിൽ സീത ഭ്രമിയ്ക്കുമെന്നും  രാമൻ അതിനു പുറകേ പോകുമെന്നും കണക്കാക്കിയ രാവണന്റെ അതിബുദ്ധിയ്ക്കു അടിയറവുപറയൽ സുഗുണാരാമനു ദോഷം.

വാലി തനുദലനം ശം
രാമന്റെ മനസ്സ് രാജനീതിയിൽ അധിഷ്ഠിതമാണ്, പക്ഷേ  ആത്യന്തികമായി മാനവനാണ് രാമൻ. അതിന്റെ ദുർബലത ഏറുന്നുമുണ്ട്. ബലഹീനത എറ്റവും പ്രകടമായ സന്ദർഭങ്ങളാണ് ബാ‍ലി വധവും സീതയെ വീണ്ടെടുത്ത സമയവും.  വാനരസൈന്യത്തെ വശഗമാക്കാൻ വേണ്ടി മുങ്കൂർ നിശ്ചയിച്ച പദ്ധതിപ്രകാരമാണ് ധർമ്മിഷ്ഠന്റെ അനുശീലങ്ങൾ മറന്ന് ബാലിയെ ഒളിയമ്പെയ്തു വധിക്കുന്നത്. രാവണനെ കക്ഷത്തിലിടുക്കിക്കൊണ്ടുനടന്നവനാണു ബാലി. അതിനു ശേഷം രണ്ടു പേരും അഗ്നിസാക്ഷിയായി സഖ്യം ചെയ്തവരും. “തമ്മിൽ കെട്ടിപ്പുണർന്നിട്ടങ്ങണ്ണൻ തമ്പികളായിനാർ“. ബാലിയോട് സഹായം ചോദിച്ചാൽ കിട്ടാൻ സാദ്ധ്യതയില്ലെന്ന സന്ദേഹമുണ്ട്. സുഗ്രീവനുമായാണു സഖ്യമുണ്ടാക്കേണ്ടത്,പ്രത്യുപകാരലാഭം തന്നെ, അതുമാത്രം നോട്ടം, നേട്ടം. രാജാധികാരം കൈവന്ന സുഗ്രീവൻ സുഖഭോഗങ്ങളിൽ മുഴുകി  യപ്പോൾ പ്രത്യുപകാരം മറന്നെന്നു തോന്നിപ്പോയി രഘൂത്തമന്. ലക്ഷ്മണൻ ചെന്നു പറയുന്നത്:
അധമൻ വാക്കു തെറ്റിച്ചോൻ, കൃതഘ്നൻ നീ പ്ലവംഗമ,
പകരം ചെയ്‌വതില്ലല്ലൊ മുൻ ചെയ്തതിനു രാമനിൽ”

പകരത്തിനു പകരം തന്നെ ലാക്ക്. ബാലിയെ കൊന്നത് വെറുതെ ആയോ എന്ന പേടി. “എന്തിനാ എന്നെ കൊല്ലുന്നത്, നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ പോയി രാവണനെ വെന്ന് സീതയെ കൊണ്ടുവരുമായിരുന്നല്ലൊ“ എന്ന കളിയാക്കൽ സത്യം ബാലി പുറത്തുവിടുമ്പോൾ ശ്രീരാമനു മറുപടിയൊന്നുമില്ല താനും.മൃതപ്രായനായ  ബാലിയുടെ ധർമ്മവാദങ്ങൾക്കു മുൻപിൽ രാമന് യുക്തികളൊന്നുമില്ല. അനുജന്റെ ഭാര്യയെ അപഹരിച്ചതിനുള്ള ശിക്ഷയാണ് ഈ കൊലപാതകം എന്ന കള്ളമാണ് ശ്രീരാമൻ  വച്ചു നീട്ടിയത്. രാജ്യഭാരവും ഭാര്യയും നഷ്ടപ്പെട്ടവൻ ജീവിതം തിരിച്ചുപിടിക്കാൻ ചെയ്ത ഹീനപ്രവർത്തിയെ വിശുദ്ധിയിൽ പൊതിയേണ്ടത്   സ്വാതി തിരുനാളിന്റെ കാവ്യോദ്ദെശമാണ്. അതിനാൽ ബാലിയുടെ ശരീരത്തെ പിളർന്ന (തനുദലനം)തിനോടു കൂടി “ഈശം” എന്ന വാക്കു ഘടിപ്പിച്ചിരിക്കയാണ്.  ഐശ്വര്യമായിട്ട് കൊന്നു കളഞ്ഞത്രേ.

ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം


             തെറ്റിനിൽക്കുന്ന അനുജൻ വഴി ജ്യേഷ്ഠനെ പിടികൂടുക എന്ന തന്ത്രം വീണ്ടും രാമൻ പ്രയോഗിക്കുന്നു വിഭീഷണസഖ്യം മൂലം. ലങ്കയിലെ  പുറത്തറിയാത്ത രഹസ്യങ്ങൾ മുഴുവൻ രാമൻ പിടിച്ചെടുക്കുന്നത് വിഭീഷണൻ വഴിയാണ്.  വിഭീഷണനും രാജ്യാധികാരത്തിലാണു കണ്ണ്. സ്വന്തം ജ്യേഷ്ഠനെ വെടിഞ്ഞ് എന്റെ കൂടെ കൂടിയതിന്റെ ഫലം കിട്ടിയല്ലൊ എന്നു രാമൻ പിന്നീട് പറയുന്നുമുണ്ട്.  ഇതിലെ സത്യങ്ങൾ ഇന്ദ്രജിത്ത് സഹിക്കവയ്യാതെ  വലിച്ചെറിയുന്നുണ്ട് വിഭീഷണന്റെ മുഖത്തു തനെ.

ന ഞ്ജാതിത്വം ന സൌഹാർദ്ദം
ന ജാതിസ്തവ ദുർമതേ
പ്രമാണം ന ച സൌദര്യം
ന ധർമോ ധർമ്മദൂഷണ
 (യുദ്ധകാണ്ഡം, സർഗ്ഗം 87)
(ധർമ്മത്തെ ദുഷിപ്പിച്ചവനേ, ദുഷ്ടബുദ്ധിയാർന്നവനേ, അങ്ങേയ്ക്ക് ഉറ്റബന്ധുവെന്നത് ഇല്ല; നല്ല വിചാരവുമില്ല; ജാതിമുറയുമില്ല; ധർമ്മമെന്നതുമില്ല; ഭ്രാതൃഭാവമെന്നതിനും വിലയില്ല).
ശത്രുവിനു ദാസ്യവേല ചെയ്യുന്നവനും സ്വജനത്തെ നിന്ദിക്കുന്നവനുമാണെന്നു ഭർസിക്കുന്നുമുണ്ട് ഇന്ദ്രജിത്. ഗുണാഢ്യനായ മറ്റുള്ളവനെക്കാൾ ഗുണഹീനരായ സ്വജനങ്ങൽ തന്നെ നല്ലതെന്നും ഇന്ദ്രജിത് വാദിക്കുന്നത് കുടുംബം എന്ന കെട്ടുപാടും പരസ്പരവിശ്വാസതയും  ആപൽഘട്ടത്തിൽ നിലനിർത്താനാണ്. രാമൻ രാജ്യപരിത്യാഗം ചെയ്തത് അച്ഛൻ കൈകേയിക്കു കൊടുത്ത വാക്കുപാലിക്കാൻ മാത്രമല്ല കുടുംബകലഹം ഒഴിവാക്കാനും കൂടിയാണ്.. പക്ഷെ മറ്റൊരു രാജകുടുംബത്തിൽ ഭവിക്കുന്ന ഛിദ്രതയെ തൻ`കാര്യത്തിനു കൂട്ടുപിടിക്കുന്നത് ആത്മാഭിമാനപ്രശ്നമൊന്നുമല്ല  രഘുവംശകുലാധിപചന്ദ്രന്. ശ്രീരാമനും വാനരസേനയ്ക്കും മാത്രം ചെയ്യാൻ പറ്റുന്ന കാര്യമല്ലായിരുന്നു രാവണനിഗ്രഹം.  വിഭീഷണന്റെ സഹായം അത്യന്താപേക്ഷിതം. ഇക്കാര്യം പിന്നീട് ഭരതൻ വിഭീഷണനോട് എറ്റുപറയുന്നുണ്ട്.
ഭാഗ്യം നിൻ തുണയാലല്ലൊ
ചെയ്തൂ ദുഷ്കരമാം തൊഴിൽ
തന്റെയടുത്തെത്തിയ വിഭീഷണനോട് ആദ്യം  ചോദിച്ചറിയേണ്ടതും രാവണന്റെ ബലാബലരഹസ്യങ്ങളായിരുന്നു. വേണ്ടുവോളം ശത്രുരഹസ്യങ്ങൾ ആർജ്ജിച്ചതേ വിഭീഷണനെ പ്രതീകത്മകമായി ലങ്കാപതിയായിട്ട് അഭിഷേകം ചെയ്യുകയാണ് പ്രത്യുപകാരമായി.  ഈ തന്ത്രത്തെ ഐശ്വര്യപൂർണ്ണമാക്കുവാനായി “ശ്രീനിധിം” എന്ന വിശേഷണത്തോടെയാണ് സ്വാതി തിരുനാൾ വിഭീഷണ സംഗമം അവതരിപ്പിക്കുന്നത്.


അതിധീരം ജ്വലനപൂത ജനകസുത...

  അതീവധൈര്യത്തോടെ അഗ്നിയാൽ ശുദ്ധിയാക്കിയ സീതയുമായി ശ്രീരാമൻ സാകേതത്തിലെത്തുന്നതായാണ് യുദ്ധകാണ്ഡത്തിലെ മൂന്നാം വരി സൂചിപ്പിക്കുന്നത്. ഇവിടെ “അതിധീരം” എന്ന വാക് സ്വാതിതിരുനാൾ ചേർത്തത് കൃത്യമായ ഉദ്ദേശങ്ങളോടെയാണ്. മുകളിത്തെ വരിയോടു കൂടിയാൺ അതിധീരം ഇണക്കിയിരിക്കുന്നതെങ്കിലും  “ജ്വലന പൂത” സമയത്തെ രാമമനോനിലാവിശേഷണം തന്നെ ഇത്. “അഗ്നിപരീക്ഷ നടത്തീ തൻ പരിശുദ്ധത കാട്ടീ ശ്രീരാമൻ” എന്ന ചിന്താഗതി പ്രചുരപ്രചാരം സിദ്ധിച്ചതാണ്, അതു പിന്തുടരുകയണ് സ്വാതി തിരുനാൾ. എന്നാൽ ധീരോദാത്തനായകൻ  അങ്ങനെയല്ലാതായി പ്രാകൃതമനുഷ്യനാകുന്ന ദൃഷ്ടാന്തമാണ് യുദ്ധാനന്തരം ഉള്ള സീതാദർശന വേള. വീര്യവും ശൌര്യവും കളഞ്ഞുകുളിച്ച് അതി പാമരസമാനമാകുന്ന ദയനീയതിലേക്ക് വഹിക്കപ്പെടുന്ന ശ്രീരാമൻ.  രാവണൻ അധികനാൾ സഹിച്ചിരുന്നുകാണുമോ നിന്റെ സൌന്ദര്യം കണ്ട്? നേത്രരോഗിക്ക് ദീപം കാണുന്നതുപോലെയാണ് നിന്നെ ഇപ്പോൾ കാണുന്നത്.
പ്രാപ്തചാരിത്ര സന്ദേഹാ
മമ പ്രതിമുഖേ സ്ഥിതാ
ദീപോ നേത്രാതുരസ്യേവ
പ്രതികൂലാസി മേ ദൃഢം

യുദ്ധകാണ്ഡത്തിലെ നൂറ്റിപ്പതിനെട്ടാം സർഗ്ഗമാണ് രാമപരുഷവാക്യം. രാമായണകഥ ഏകതാനതയോടെ പിന്തുടരുന്ന അനുവാചകരെ ഞെട്ടിയ്ക്കുന്നതാണ്  പൊടുന്നനവേ ഉള്ള  സീതാഭർസനം.മർത്ത്യമാനം രക്ഷിയ്ക്കുവാൻ വേണ്ടി മാത്രമാണു രാവണനെ കൊന്നതെന്ന്‌  നിർല്ലജ്ജം വെളിപാടുണർത്തിക്കുന്നു രാമൻ.

ഞാൻ മിത്രജനവീര്യത്തിലിസ്സാധിച്ച രണശ്രമം
നിനക്കായ് ചെയ്തതല്ലെന്നും ഭദ്രേ, ബോധിച്ചു കൊൾക നീ”

“ഇച്ചെയ്തതൊക്കെ പേരുകേട്ട എന്റെ വംശത്തിന് ഇളപ്പവും ദുഷ്പ്പേരും വരാതിരിക്കാനും നീതിപാലനത്തിനും മാത്രം. നീ ഇഷ്ടം പോലെ എവിടെങ്കിലും പൊയ്ക്കൊൾക.  പത്തു ദിക്കിലെവിടെയെങ്കിലും. വേറൊരു വീട്ടിൽ‌പ്പോയി വസിച്ചവളെ ഏതു കുലീനൻ തിരിച്ചെടുക്കും? രാവണന്റെ മടിയിൽ കയറി ഇരുന്നവൾ നീ, ആ ദുഷ്ടന്റെ കണ്ണാലെ കണ്ടവൾ, കുലവൻപ് ഓതിടുന്ന ഞാൻ നിന്നെ അങ്ങനെ തിരിചെടുക്കുകയോ? എന്തിനു വേണ്ടി നിന്നെ വീണ്ടെടുത്തുവോ അതു കിട്ടിക്കഴിഞ്ഞു എനിയ്ക്ക്. ഇനി ഒരു ആസക്തിയുമില്ല. സ്വന്തം വീട്ടിൽ  നിന്നെക്കണ്ടിട്ടു രാവണൻ ഏറെ നാൾ സഹിച്ചിരുന്നു കാണുകയില്ല”. രാമനിലെ അതിസംശയരോഗം ബാധിച്ച ഭർത്താവ് പച്ചയായി പുറത്തുവന്ന് ക്രൂരസ്വഭാവം കാട്ടുകയാണ്. ക്രൌര്യം സീമാതീതമാവുകയാണ്. നികൃഷ്ടനായ ഒരു ഭർത്താവുപോലും പറയാൻ ധൈര്യപ്പെടാത്ത വാക്കുകളാണു പിന്നീട് ; ഭരതനേയോ ലക്ഷ്മണനേയോ ഭർത്താ‍ാവാക്കിക്കൊള്ളാനും അല്ലെങ്കിൽ ശത്രുഘ്നനേയോ സുഗ്രീവനേയോ വിഭീഷണനേയോ സേവിച്ച് സുഖിച്ചുകൊള്ളാനുമാണ് അടുത്ത നിർദ്ദേശം. ഭാര്യയെ പരിത്യജിക്കുക മാത്രമല്ല തനിക്കു യോജ്യമല്ലാത്തവൾ അനുജന്മാർക്കു പറ്റിയതാണേന്ന് പറയുക വഴി അവരേയും ഇകഴ്ത്തുകയാണ്.

“ഈ വണ്ണമിതു ഞാൻ ഭദ്രേ, തീർപ്പു ചെയ്തിട്ടുരച്ചതാം
പാർക്കാം യഥേഷ്ടം ഭരതൻ തങ്കലോ ലക്ഷ്മണങ്കലോ
സീതേ, ശത്രുഘ്നസുഗ്രീവരാ, ശരേന്ദ്രൻ വിഭീഷണൻ,
സേവിച്ചുകൊൾകിവരാരെയോ, സുഖം തോന്നുമിടത്തെയോ”

ഇതുകേട്ട് ഞെട്ടിവിറച്ച സീത അഗ്നിയിൽ സ്വയമേവ ചാടാൻ തീരുമാനിക്കുകയാണ്.  ചിത കൂട്ടാനൊരുമ്പെട്ട ലക്ഷ്മണൻ കണ്ടത്  മുഖഭാവത്താൽ അനുജ്ഞ നൽകുന്ന ശ്രീരാമനെയാണ്. സീതയുടെ ചാരിത്ര്യത്തിൽ വിശ്വാസമില്ലെന്ന ഉറപ്പിന്റെ പ്രത്യ്ക്ഷം.ഭവിഷ്യത്തു ചിന്തിക്കാതെ അധമവികാരങ്ങൾക്ക് വശംവദനാകൽ..സീതയുടെ ദേഹം പങ്കിലമാവാതെ കിട്ടുക എന്നത് സ്നേഹത്തേക്ക്ക്കാൾ ഏറെ കാമത്തിനു വശംവദനായ ശ്രീരാമൻ പ്രതീക്ഷിക്കേണ്ടി വന്നതിൽ ആശ്ചര്യമില്ല. സേതുബന്ധനത്തിനു മുൻപ് മടി കൂടാതെ സ്വന്തം അനുജനോട് തുറന്നു പറയുന്നത്  കാമാഗ്നിയാൽ ദേഹം എരിയുന്നുവെന്നും കടലിൽ പോയിക്കിടന്നാലോ “നീരിൽക്കിടന്നാൽ കാമത്തീ എന്നെ ചിക്കെന്നെരിച്ചിടാ” എന്നൊക്കെയാണ്. മാത്രമല്ല വിരഹതാപം പൊള്ളിച്ചെടുക്കുന്ന വിലാപം ഇങ്ങനെയൊക്കെയുമാണ്:

എന്നു നൽത്തൊണ്ടിനേർച്ചുണ്ടുള്ളവൾതൻ വദനാംബുജം
ആർത്തൻ രസായനം  പോലെ, തെല്ലുയർത്തി നുകർന്നിടും!
തിങ്ങിവിങ്ങിപ്പനന്തേങ്ങയ്ക്കൊത്തതാം നൽകുചദ്വയം
പുൽകുന്നേരം തുളുമ്പിക്കൊണ്ടെങ്കലെന്നൊന്നു ചേർന്നിടും!
                       (യുദ്ധകാണ്ഡം, സർഗ്ഗം5)

  ശുദ്ധി തെളിയിക്കേണ്ടത് തന്റെ ആവശ്യമാണെന്നു കരുതിയല്ല സീത അഗ്നിപ്രവേശിതയാകുന്നത്..ജ്വലനപൂതം -അഗ്നിയാൽ ശുദ്ധിയാക്കപ്പെട്ട- എന്ന പ്രയോഗം മൂലം സ്വാ‍തിയും ശ്രീരാമപക്ഷത്തു തന്നെ. ഈ അതിദൌർബ്ബല്യാ‍വസ്ഥയെ മറികടക്കാനുള്ള ശ്രമം  ‘അതിധീരമായി  ശ്രീരാമൻ മനസ്സുറപ്പിച്ചു ചെയ്ത കൃത്യമാണ് അഗ്നികൊണ്ടുള്ള ശുദ്ധിവരുത്തൽ എന്നു മാറ്റിയെഴുതാൻ സ്വാതി തിരുനാളിനെ പ്രേരിപ്പിച്ചിരിക്കുന്നു..

ശുദ്ധവെജിറ്റേറിയനാകുന്ന ശ്രീരാമൻ

       യുദ്ധകാണ്ഡത്തിലെ ആദ്യവരിയിലെ ‘ഖലനിസ്സീമപിശിതാശന ദലനം‘ ഒരു സോദ്ദേശപ്രക്രിയയാൽ ചേർക്കപ്പെട്ടതാണ്.. നിസ്സീമമായ ഖലത്വമുള്ള പിശിതാശനരെ-മാംസാഹാരികളെ-കൊന്ന കാര്യം. സേതുബന്ധനത്തിനു മുൻപ് കള്ളന്മാരും ഉഗ്രകർമ്മികളുമായ ആഭീരന്മാരുടെ വാസസ്ഥലത്തേയ്ക്കു അമ്പയക്കാൻ സാ‍ാഗരരാജാവിന്റെ അപേക്ഷയാൽ തുനിയുകയും മരുഭൂവായിരുന്ന പ്രദേശം  സമൃദ്ധിയാൽ പരിലസിക്കുകയും ചെയ്തതായിട്ടാണു വാൽമീകിയുടെ കഥനം. മരുകാന്താരം എന്ന ഈ സ്ഥലം ശോഭനമായിത്തീർന്നു അതിനാൽ. ആഭീരന്മാർ മാംസഭുക്കുകളാണെന്നു ഒരു പൌരാണികകൃതികളിലും പരാമർശം ഇല്ല തന്നെ.  രാമായണസമഗ്രതയിൽ  വളരെ അപ്രധാനവും തീരെ ചെറുതും ആണ് ഈ കഥാഭാഗം അതിനെ മാംസാ‍ഹാരികൾക്കെതിരായുള്ള രാമചേഷ്ടയാക്കിയിരിക്കുകയാണ് സ്വാതി തിരുനാ‍ൾ. ശ്രീരാമനെന്നല്ല അഗസ്ത്യമുനിയുൾപ്പടെ എല്ലാവരും മാംസാഹാരികളാണ് രാമായണത്തിൽ കൃത്യമായി ഇത് രേഖപ്പെടുത്തിയിരിക്കുന്നു. ഗുഹൻ ഭരതനെ സൽക്കരിക്കുന്നത് മത്സ്യമാംസാദികൾ കൊണ്ടു മാത്രമല്ല മദ്യവും ചേർത്താണ്. ഭരദ്വാജമുനിയുടെ ആശ്രമത്തിൽ ഭരതനും പരിവാരങ്ങൾക്ക് പന്നി, ആട്, മാൻ കോഴി  എന്നിവയാണു കറി വച്ചു വിളമ്പിയത്. ബ്രാഹ്മണരുടെ ഇഷ്ടഭോജ്യം ആടിന്റെ മാംസം ആയിരുന്നു എന്ന് അഗസ്ത്യമുനി യുടെയും വാതാപി-ഇല്വല രാക്ഷസന്മാരുടെയും കഥയിൽ ആഖ്യാനമുണ്ട്.  വാതാപിയും ഇല്വലനും ബ്രാഹ്മണവേഷം പൂണ്ട് ഒരുക്കിക്കൊടുത്ത ആടുമാംസം അഗസ്ത്യമുനി മൃഷ്ടാന്നം കഴിച്ചിട്ടുണ്ട്.  ചിത്രകൂടത്തിലെത്തിയപ്പോൾ ശ്രേഷ്ഠമൃഗങ്ങളെ വധിച്ചു മാംസം ഭക്ഷിച്ചു തൃപ്തിയടഞ്ഞവരാണു രാമസീതാലക്ഷ്മണന്മാർ (അയോദ്ധ്യാകാണ്ഡം, സർഗ്ഗം 55). ചിത്രകൂടത്തിൽ വച്ചുതന്നെ ‘കുറ്റിപൂജ’നടത്താൻ കൃഷ്ണമൃഗത്തിന്റെ വേവിച്ച മാംസമാണ് ഉപയോഗിക്കുന്നത്. കബന്ധവധത്തിനു ശേഷം ദനു ആയി മാറിയപ്പോൾ പമ്പാതീരത്ത് നെയ്യുപോലെ രുചികരമായ പക്ഷികളെ സ്വാദോടെ ഭക്ഷിക്കാമെന്നും പമ്പയിലെ മുള്ളു ക്ഉറഞ്ഞ മീനുകളെ പൊരിച്ചു തിന്നാമെന്നുമാണ് രാമലക്ഷ്മണന്മാരോടു പറയുന്നത്.   ഇതൊന്നുമല്ലാതെ  ജയന്തൻ കാക്കയായി വന്നു സീതയുടെ മാറിൽ കൊത്തുന്ന കഥഭാഗത്താണ്    രാമന്റേയും സീതയുടെയും ഗ്രാമ്യചിത്രം തെളിയുന്നത്. ഇറച്ചി ഉണക്കാനിട്ടീട്ട്   കാക്കയെ ഓടിയ്ക്കാൻ കാവലിരിക്കുന്ന ശ്രീരാമനും സീതയും. ലങ്കയിലെത്തിയ ഹനുമാനോടു സീത പറയുന്ന അടയാളവാക്യഭാഗം. അതിഭക്തിയിൽ തൂലിക മുക്കിയെഴുതി  തോരാതെ ശ്രീരാമഭജനം  ചൊല്ലുന്ന എഴുത്തച്ഛനും ഈ ഇറച്ചിയുണക്കൽ വിട്ടുകളയുന്നില്ല
പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ
പാർത്തതും കാത്തിരുന്നീടും ദശാന്തരേ
 (പലലം=ഇറച്ചി) .
 ഭരദ്വാശ്രമപ്രവേശസമയത്തും മാംസം തന്നെ ഭക്ഷണമെന്നു എഴുത്തച്ഛൻ വീണ്ടും ഓർമ്മിപ്പിയ്ക്കുന്നു.
വൈദേഹി തന്നൊടു കൂടവേ രാഘവൻ
സോദരനോടുമൊരു മൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു...
(ഭുക്ത്വാ=ഭുജിച്ചിട്ട്)
സീതയ്ക്കാവട്ടെ  പൊരിച്ച മാംസം അതിപ്രിയവുമാണ്. ചിത്രകൂടത്തിലെത്തിയപ്പോൾ ഭാര്യയെ സന്തോഷിപ്പിക്കാൻ രാമനു തിടുക്കം

ആ മലമ്പുഴയവ്വണ്ണം കാട്ടി വൈദേഹി സീതയെ
മാംസത്താൽ പ്രീതയാക്കിക്കൊണ്ടിരുന്നാൻ ഗിരിസാനുവിൽ;
“ഇതു മൃഷ്ടമിതോ സ്വാദു, വിതു തീയിൽ പൊരിച്ചതാം‘
എന്നങ്ങിരുന്നാൻ ധർമ്മിഷ്ഠൻ സീതയോടൊത്തു രാഘവൻ
(അയോദ്ധ്യാകാണ്ഡം, സർഗ്ഗം 96)

അശോകവനത്തിൽ  ഹനുമാൻ സീതയോടു പറയുന്നത് വിഷാദഗ്രസ്തനായ ശ്രീരാമൻ സീതകൂടെയില്ലാത്തതിനാൽ മാംസം കഴിക്കുന്നതും മദ്യം സേവിക്കുന്നതും പാടേ നിറുത്തി എന്നാണ്!
“”നിന്നെക്കാണായ്കയാലാര്യേ മാലിൽ മുങ്ങിയ രാ‍ാഘവൻ
നേടുന്നീലാ സുഖം, സിംഹാർദ്ദിതമാമാന പോലവേ
......................................................
മാംസം തിന്നില്ല കാകുത്സ്ഥൻ, കുടിയ്ക്കാറില്ല മദ്യവും
നിത്യം, വിധിച്ച വന്യാന്നം  അഞ്ചാം നേരത്തശിച്ചിടും
(സുന്ദരകാണ്ഡം, സർഗ്ഗം36)
പക്ഷെ പ്രകൃതകൃതിയിൽ മാംസാഹാരികൾ വധമർഹിക്കുന്നവരാണ്. അത് സ്വാതിയുടെ ശ്രീരാമന്റെ ഭവ്യഗുണങ്ങളിലൊന്നായി മാറുകയും ചെയ്യുന്നു.

ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം.... അന്യൂന ചൂഡാമണി ദർശനം

വാൽമീകി രാമായണത്തിൽ നിന്നും അദ്ധ്യാത്മരാമായണത്തിലേക്കുള്ള ശ്രീരാമന്റെ പകർച്ച അത്ര എളുപ്പമുള്ളതായിരുന്നില്ല. വെറും മനുഷ്യൻ വിഷ്ണുവിന്റെ അവതാരവും ദൈവവുമായി മാറ്റപ്പെടുമ്പോൾ മാനുഷികമായബുദ്ധിമുട്ടുകളും ദൌർബല്യങ്ങളും ഒളിപ്പിക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ പുതിയ ആവരണത്താൽ പുതപ്പിക്കുകയോ വേണ്ടി വരും. അത്ര ദൈവീകപ്രഭയുള്ളവനായിരുന്നെങ്കിൽ ഭാര്യയെ ഒരു രാക്ഷസൻ കട്ടുകൊണ്ടു പോകുമോ?  രാവണ നിഗ്രഹം അവതാരോദ്ദേശവും കഥാസന്ദർഭങ്ങൾ ഇതിനായി ഒരുക്കിയ നിമിത്തങ്ങളുമാക്കിയാണ്  ഈ കാ‍ര്യം സാധിക്കപ്പെട്ടിരിക്കുന്നത്. അദ്ധ്യാത്മരാമായണത്തിൽ പഞ്ചവടിയിൽ വച്ച് സീതയെ അഗ്നിയെ ഏൽ‌പ്പിച്ചിട്ട് പകരം മായാസീതയുമായാണ് പിന്നീടുള്ള രാമന്റെ അയണങ്ങൾ. രാവണനു പിടിച്ചുകൊണ്ടുപോകാൻ എളുപ്പം കരുവാകുന്ന  മായാ സീത. ഭർത്താവെന്ന നിലയിൽ ശ്രീരാമനു  സീതയ്ക്കേൽക്കുന്ന അപമാനവും പീഡനവും ഒന്നും ധാർമ്മികോത്തരവാദിത്തമല്ലാതാകുന്നു.   “ഭാവയാമി...”യിലും സീത ഏരെക്കുറെ അദൃയക്കപ്പെട്ടിരിക്കയാണ്.  ഏതാണ്ട് സാമാന്യനാമം പോലെ തോന്നുന്ന ‘ജനകജ‘ എന്നോ ‘ജനകസുത‘ എന്ന പേരാണ്  ഉപയോഗിച്ചിട്ടുള്ളത്. സീതാപഹരണം വസ്തുതയാക്കാതെ ‘ദശാസ്യൻ അപഹരിച്ച ജനകസുതയെ  അന്വേഷിക്കൽ’ എന്ന് ഒരു സാമൂഹ്യസേവനമെന്നു തോ‍ാന്നിപ്പിക്കുന്ന തരത്തിലാണ് പ്രതിപാദ്യം  (ദശാസ്യാഹൃതജനകജാന്വേഷണം).   എല്ലാ ഗുണവും തികഞ്ഞവനാണെങ്കിൽ ഭാര്യയ്ക്ക് ദുർഗ്ഗതി വരരുതല്ലൊ. സീതയെ തമസ്കരിക്കുക തന്നെ പോം വഴി. അതീവതന്ത്രശാലികൾ കളിച്ച നാടകം അറിയാതെ പോയി ഭാര്യക്ക് അവമതി വന്നത് പറയാതിരിക്കുക തന്നെ ഭേദം. ഹനുമാൻ വശം അടയാളമൊതിരം കൊടുക്കൽ, സമുദ്രലംഘനം സീതയെ കാണൽ,  അടയാളവാക്യം  ലങ്കാദഹനം, ഇവയൊക്കെ പ്രതിപാദിക്കുന്ന  68 സർഗ്ഗങ്ങളുള്ള സുന്ദരകാണ്ഡം  ഇല്ലാതാക്കിയിരിക്കുന്നു സ്വാതി തിരുനാൾ. ശ്രീരാമൻ അധികം പ്രത്യക്ഷപ്പെടാത്ത ഒരേ ഒരു കാണ്ഡമാണ് സുന്ദരകാണ്ഡം.  ശ്രീരാമന്റെ ധർമ്മചര്യകളൊക്കെയും വൃഥാവിലായെന്നു പരിതപിച്ച് അത്യന്തം ഖിന്നയായി ആത്മഹത്യക്കൊരുങ്ങുന്ന സീതയെ സുന്ദരകാണ്ഡത്തിൽ കാണാം.  വിഷമോ ആയുധമോ കിട്ടാൻ വഴിയില്ലാതെ സ്വന്തം തലമുടി തന്നെ കുരുക്കിട്ട് മരണം കൈവരിക്കാനുഴറുന്ന സീത.  സീതാമൃതിനിശ്ചയവും സീതാമരണോദ്യമവും ഇക്കാര്യം പ്രതിപാദിക്കുന്ന രണ്ടു സർഗ്ഗങ്ങളാണ്. കിഷിക്കിന്ധാകാണ്ഡത്തിന്റെ അവസാനം (ഹനുമാന്റെ കയ്യിൽ മോതിരം ഏൽ‌പ്പിക്കൽ) കഴിഞ്ഞ് സുന്ദരകാണ്ഡത്തിന്റെ അവസാനസർഗ്ഗത്തിലാണ്  ‘ഭാവയാമി...’‘യിലെ ബാക്കി കഥ തുടരുന്നത്. വായുസൂനു കരാർപ്പിത ഭാനുശത ഭാസ്വര ഭവ്യരത്നാംഗുലീയം’ കഴിഞ്ഞ് പൊടുന്നനവേ  ‘തേന പുനരാനീതാന്യൂന ചൂഡാമണി ദർശനം”  എന്നാണ്. മുദ്രമോതിരം കൊടുത്തു വിടുന്നതു കഴിഞ്ഞാൽ ഹനുമാൻ തിരിച്ചു കൊണ്ടു വന്ന ചൂഡാമണി കാണുന്നതിലേക്കു ദൃശ്യം മാറുകയാണ് പൊടുന്നനെ.  ചൂഡാമണി അന്യൂനമായിട്ടു കാണുന്നതിൽ നിന്നും സീതയ്ക്കു അപകടമൊന്നും പറ്റിയിട്ടില്ലെന്നു തോന്നുന്നതായി വ്യഞ്ജിപ്പിച്ചിരിക്കുന്നു.  ഭവ്യസുഗുണാരാമത്തിൽ വിലക്ഷണമായ വാടിയ പൂവ് ഒഴിവാക്കേണ്ടതു തന്നെ. അതു സീതയായാലും. ഹനുമാന്റെ കയ്യിൽ കൊടുത്തുവിടുന്നത് പേരു കൊത്തിയ മോതിരം എന്നു മാത്രമേ വാൽമീകി -എഴുത്തച്ഛൻ രാമായണങ്ങളിലുള്ളു. നൂറു സൂര്യന്മാരുടെ ഭാസുരത്വമുള്ള ഭവ്യമായ, രത്നക്കല്ലു പതിച്ച അംഗുലീയമാണ്   സ്വാതി തിരുനാളിന്റെ ശ്രീരാമൻ കൊടുത്തു വിടുന്നത്. അടയാളമായി സീത അറിയാൻ വേണ്ടി മാത്രമുള്ള ഈ ചെയ്തി പ്രൌഢിയുടെ മുദ്രയാക്കി മാറ്റിയിരിക്കുകയാണ്. സർവ്വവും ത്യജിച്ച് ജടാവൽക്കലം ധരിച്ച് സന്യാസി രൂപമെടുത്ത വനചരനായ ശ്രീരാമനെയല്ല ഇവിടെ ദർശിക്കുന്നത്. നൂറുസൂര്യതേജസ്സുള്ള രത്നക്കല്ലു പതിച്ച മോതിരം കൈവശം വച്ചിരുന്ന്,  ഭാര്യയ്ക്കു കൊടുത്തിട്ട് തിരിച്ച് കിട്ടിയ ചൂഡാമണി നോക്കി നിർവൃതിയടയുന്ന ശ്രീരാമൻ.

സുജനവിമതൻ മാത്രമായ രാവണൻ

               സജ്ജനങ്ങൾ പറഞ്ഞാൽ കേൾക്കാത്തവൻ മാത്രമാണ് ‘ഭാവയാമി....’യിലെ രാവണൻ. എതിരിടേണ്ട മറ്റു കഥാപാത്രങ്ങൾക്ക് കഠിനപദവിശേഷണങ്ങൾ നൽകിയ സ്വാതി തിരുനാൾ ഇവിടെ ലഘുവായാ‍ണ് രാവണനെ വിശേഷിപ്പിക്കുന്നത്. അതിഘോരയെന്ന്‌ ശൂർപ്പണഖയേയും മാരീചനെ ഖലനെന്നും ആഭീരന്മാരെ ഖലനിസ്സീമരായും കോറിയ തൂലിക ദശാസ്യന്റെ അടുക്കൽ വഴുതുകയാണ്.  മാത്രമല്ല  തെല്ല് മഹത്വം വച്ചു ചേർക്കാനും (‘ഉരു ദശകണ്ഠം‘=മഹത്വമാർന്ന രാവണൻ) കവിയ്ക്കു താൽ‌പ്പര്യം. രാവണവധം ചെറിയ പരാമർശം മാത്രം.  ധികൃതശക്രപരാക്രമിയായ അസുരദുഷ്ടനെ വധിക്കുന്ന അവതാരത്തിന്റെ ലളിതകഥയല്ല  കവിയ്ക്കു ചൊല്ലാൻ താൽ‌പ്പര്യം. തന്ത്രങ്ങൽ മെനയുന്ന, അധാർമ്മികനോടു നേരിടുന്നതാണ്  ‘ആര്യവാക്കുകൾ‘ മാത്രം അനുസരിയ്ക്കുന്ന ധർമ്മാസക്തനു വൻ വെല്ലുവിളി.  ‘സുജന വിമത’ എന്ന വിശേഷണത്തിൽ പരാമർശിക്കപ്പെടുന്ന സുജനങ്ങൾ ആരാണെന്നും വ്യക്തമല്ല. സീതാപഹരണത്തെ നിരുത്സാഹപ്പെടുത്തിയത് മാരീചനാണ്. മാരീചനെ ‘ഖലൻ’ എന്ന പേർ വിളിച്ചും കഴിഞ്ഞു. ശ്രീരാമന്റെ സ്വഭാവവിശേഷങ്ങൾക്ക് എതിരും നേർവിപരീതവും ആയ രാവണവ്യക്തിത്വത്തെ ഉദാഹരിക്കാനുള്ള ഉദ്യമമകാം ഇത്. ‘സുജന ജീവനാ രാമാ സുഗുണഭൂഷണാ” എന്ന ത്യാഗരാഗകീർത്തനം ചെലുത്തിയ ഉൾപ്രേരണ അബോധമായിട്ടെങ്കിലും സുജനവിമത എന്ന വാക്കിന്റെ നിബന്ധനയിൽ  കണ്ടേക്കാം.സീതാപഹരണം ലഘൂകരിക്കപ്പെട്ടിരിക്കയാണ്.  അന്വേഷണത്തിനാണു പ്രസക്തി. രാവണവധം ആത്യന്തിക ഉദ്ദേശമായിട്ടുമല്ല ‘ഭാവയാമി..’വിരചിക്കപ്പെട്ടിട്ടുള്ളത്.  പലേ സംഭവങ്ങളിൽ ഒന്നു പോലെ മാത്രം ഒരു സമസ്തപദത്തിൽ ഒതുക്കിയിരിക്കുയാണ്. (ഉരു ദശകണ്ഠവിദാരണം). .  കീർത്തനമാണെങ്കിലും ഭക്തിരസം ഏറെ ലുബ്ധോടെയാണു ചാലിച്ചു കൂട്ടിയിട്ടുള്ളത്. അനുഗ്രഹവും അഭീഷ്ഠവും യാചിച്ചുകൊണ്ടു ശ്രീ തിരുനാൾ വിരചിച്ച ധാരാളം ശ്രീരാമകീർത്തനങ്ങളിൽ നിന്നും ഇത് വേറിട്ടു നിൽക്കുന്നു.  'രാമചന്ദ്ര പാഹി  സതതം’ രാമരാമ പാഹി രാമാ’, പാലയ രഘു നായക’,  ‘രഘുകുലതിലകമയി ഭജാനിശമിഹ’ എന്നിവപോലുള്ളവ കൃത്യമായ രക്ഷാസങ്കേത പ്രാർത്ഥനയാണ്. ‘ഭാവയേ ശ്രീ ജാനകീകാന്ത’, കോസലേന്ദ്രമാമവാമിതഗുണ” ഇവയൊക്കെ പരോക്ഷഭക്തി തുല്യം ചാർത്തപ്പെട്ടവയാണ്. ഭാവയാമി..യിൽ പാഹി, ഭജാമ്യഹം, നമാമി, പാലയ, മാമവ  മുതലായ ഭക്തികൃതിസാധാരണനിബിഡപദങ്ങൾ ഇല്ല. രൂപശിൽ‌പ്പത്തിലും ഘടനയിലും കഥനരീതിയിലും ഏകദേശം സമാന്തരമാണ് സ്വാതിയുടെ തന്നെ ‘ഭാവയേ ശ്രീ ഗോപബാലം ഭവവിനുത ഭവ്യസുഗുണാലവാലം”. പക്ഷേ ഈ കീർത്തനത്തിൽ ഓരോ ചരണങ്ങൾക്കു ശേഷവും കൃഷ്ണാപദാനം നിറച്ചിരിക്കുകയാണെന്നുള്ളത് ഭക്തിനിർഭരസാധൂകരണമാണ്.  മറ്റു പല കീർത്തനങ്ങളിലും ‘രാവണാന്തക’, ‘രാവണസംഹാരക’ എന്നുപയോഗിച്ചിട്ടുണ്ടെങ്കിലും ഇവിടെ.  രാവണനിഗ്രഹത്തെ ലഘൂകരിച്ചിരിക്കുകയാണ്. അവതാരം എന്ന ഉത്തരവാദിത്തത്തിന്റേയും ലഘൂകരണം..  വാൽമീകിയുടെ രാമന്റേയും അദ്ധ്യാത്മരാമായണത്തിലെ രാമന്റേയും ഇടയ്ക്കാണ് ‘ഭാവയാമി.....’യിലെ സ്വാതി തിരുനാളിന്റെ ശ്രീരാമൻ.

          രാമനു മതിപ്പുളവാക്കിയ പോരാളിയും അപ്രതിഹതശത്രുവുമാണ് രാവണൻ. വിഭീഷണനോട് ഇക്കാര്യം തുറന്നു സമ്മതിയ്ക്കുൻന്ുണ്ട്, യുദ്ധാനന്തരം.
തേജസ്വി ബലവാൻ ശൂരൻ, എന്നെന്നും സമരങ്ങളിൽ
തോറ്റതായ് കേൾവിയില്ലല്ലൊ ശക്രാദിസുരർതമ്മൊടും
ബലശാലി, മഹാത്മാവു, രാവണൻ, ലോകരാവണൻ
                (യുദ്ധകാണ്ഡം, സർഗ്ഗം 114)
വിഭീഷനനും രാവണമഹത്വത്തെക്കുറിച്ചും വീര്യത്തെക്കുറിച്ചും അഭിമാനമാണ്. രാവണന്റെ ശവസംസ്കാരസമയത്ത്
ദാനങ്ങൾ ചെയ്താനിവനർത്ഥികൾക്കു
ഭോഗം ഭുജിച്ചാൻ, ശ്രിതരെബ്ഭരിച്ചാൻ,
ധനങ്ങൽ കൂട്ടാളികളിൽച്ചൊരിഞ്ഞാൻ,
മാറ്റാരിലേറ്റം പക വീട്ടിവിട്ടാൻ.
ഇങ്ങോർ മഹാതാപസനാ,ഹിതാഗ്നീ,
വേദാന്ത വിത്തു, ത്തമകർമ്മശൂരൻ,
പഞ്ചത്വമാർന്നോരിവനൊത്ത കൃത്യം
ഞാൻ ചെയ്തു കൊള്ളട്ടെ തവപ്രസാദാൽ.
               (യുദ്ധകാണ്ഡം, സർഗ്ഗം111)
എന്ന്  വ്യക്തമായി പ്രസ്താവിക്കുന്നു. മറ്റുമഹത്വങ്ങൾ രാവണനിൽ ആരോപിക്കപ്പെടാൻ സ്വാതി തിരുനാളിന്റെ ദർശനത്തിനും ആസക്തികൾക്കും അനുയോജ്യവുമാണ്  രാവണന്റെ ഐശ്വരാഭിവൃത്തി ലക്ഷ്യമാക്കുന്ന രാജവീക്ഷണവും  സംഗീത-നൃത്ത അഭിരുചികളും. ഹനുമാൻ ലങ്കയിൽ കാണുന്നത് അദ്ഭുതപ്പെടുത്തുന്ന ഐശ്വര്യമാണ്. കൊട്ടാരമോ നിരുപമം.
എന്തു ലക്ഷ്മി കുബേരങ്കലെന്തു ഹര്യശ്വനിന്ദ്രനിൽ
അതെല്ലാമിടിവേൽക്കാതുണ്ടെപ്പൊഴും രാവണാലയേ

അതിവിസ്മയത്തോടെയാണു പുരുഷസൌന്ദര്യം  മുറ്റിനിൽക്കുന്ന രാവണന്റെ സുഷുപ്തി ഹനുമാൻ വീക്ഷിയ്ക്കുന്നത്. ശ്രീരാമസൌന്ദര്യം വിവരിക്കാൻ എട്ടുവരി വാൽമീകി വിനിയോഗിച്ചെങ്കിൽ രാവണനു വേണ്ടി എൺപതുവരിയാണ്  ആ പീലിത്തണ്ട് വരയുന്നത്. (യുദ്ധകാണ്ഡം, സർഗ്ഗം 10) അന്തഃപുരത്തിലെ സുന്ദരികൾ രാവണന്റെ ആകാരസൌഷ്ഠവത്തിൽ മയങ്ങി സ്വമേധയാ അദ്ദേഹത്തിനു വഴിപ്പെട്ടവരാണ്,  ബലപ്രയോഗം വേണ്ടി വന്നിട്ടില്ല.  മണ്ഡോദരിയെക്കണ്ടിട്ട് ഒരു നിമിഷനേരത്തേയ്ക്ക് സീത തന്നെയല്ലേ ഇത് എന്ന് ഹനുമാൻ ആശ്ചര്യവിസ്മയം ഉൾവാകുന്നുണ്ട്. രാവണൻ രാമന്റെ അപരവ്യക്തിത്വം അല്ലേ എന്ന ലാഞ്ഛന വാൽമീകി ഒന്നു മിന്നിച്ചു പോകാൻ ഒരുമ്പെടുന്നെന്ന് തോന്നിയാൽ കുറ്റമില്ല. സുന്ദരികൾ  ശയ്യാശാലയിൽ എമ്പാടും വീണുറങ്ങുന്നതോ ഗംഭീര നൃത്ത-സംഗീത വിലാസ കേളിയ്ക്കു ശേഷം. വീണ, തുടി,ചെണ്ട, ഓടക്കുഴൽ, മൃദംഗം, മദ്ദളം, ഡിണ്ഡിമം, ഭേരി എന്നിങ്ങനെ നാനാ വാദ്യോപകരണങ്ങൾ തിമിർത്തു കളിച്ചശേഷമാണ് അവയെ കെട്ടിപ്പിടിച്ച് സുരതോത്സാഹയത്നമയക്കത്താലെന്ന പോലെ നിർ വൃതിയിൽ ഈ സുന്ദരിമാർ ലീനരാകുന്നത്. സ്വാതിതിരുനാളിന്റെ ഒരു സ്വപ്നദർശനത്തിന്റെ തനതുദൃശ്യമായി വിളങ്ങുകയാണ് ഈ കലാനിശാന്തവേളാവിവരണം.

        പുരാണകഥാപാത്രങ്ങൾ നവപരിചിന്തനങ്ങൾക്ക് വശംവദരാവുകയും വിപരീതമാനങ്ങളിൽ പ്രതിഷ്ഠിയ്ക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിന്റെ ഉദയം കുറിച്ചിരുന്നു സ്വാതി തിരുനാൾ ഇതെഴുതുന്ന കാലം. വീക്ഷണകോണുകളുടെ നിലപാടും പ്രാപ്തിയും പ്രമേയഘടനാ വിശകലനവും കഥാപാത്രത്തിന്റെ വ്യക്തിത്വം പുനർനവീകരിക്കുകയോ അതേ പാത്രത്തിന്റെ പുതുസൃഷ്ടിയ്ക്ക് കളിമണ്ണൂ കുഴയ്ക്കാൻ നനവൂറിയ്ക്കുകയോ സാദ്ധ്യമായി ഈ ഭാവനാപാളി തുറക്കൽ മൂലം.. സ്വാതിതിരുനാളിന്റെ സന്തതസഹചാരിയായിരുന്ന കരീന്ദ്രൻ (കിളിമാനൂർ രാജരാജവർമ്മ  കോയിത്തമ്പുരാൻ)  ഈവഴി അണ തുറന്ന കാവ്യസരിണിയാണ് രാവണവിജയം എന്ന ആട്ടക്കഥ. നായകവേഷത്തിൽ പ്രൌഢിയോടെ വിളങ്ങുന്ന രാവണനെ ധൈര്യപൂർവ്വം അവതരിപ്പിക്കുന്നതിലൂടെ നായക-പ്രതിനായക വില്ലൻ കഥാപാത്രങ്ങൽക്കു സംഭ്യവ്യഭാവനാപ്രതി വന്നുചേരാവുന്ന തിരിമറിവുകൾക്ക് ആദ്യമായി സാധൂകരണം ലഭിയ്ക്കുകയായിരുന്നു കരീന്ദ്രന്റെ ഈ സാഹിതീസാഹസത്തിലൂടെ.  ഉറ്റതോഴനായ കരീന്ദ്രന്റെ നവപാത്രനിർമ്മിതിയോട് ഒത്തുപോകുന്ന മാനസികനില സ്വാതി തിരുനാൾ ആർജ്ജിച്ചതായിരിക്കനം രാവണനെ കടും കരിമഷികൊണ്ട് വരച്ചെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിച്ചത്.

        കവിതയോ കഥയോ ആത്മസത്തയുടെ പ്രതിഫലനമോ പ്രകാശനമോ ബഹിർസ്ഫുരണമോ   ആകുന്നതിൽ സ്വാഭാവികത ആവോളമുണ്ട്. ജീവിതാനുഭവങ്ങൾ സൃഷ്ടിച്ച തീവ്രപ്രതികരണങ്ങളുടെ ആവിഷ്കാരമാകാം കലാസൃഷ്ടി എന്ന പ്രസ്താവനയിൽ പുതുമയൊട്ടില്ല താനും. ഈയൊരു പശ്ചാത്തലത്തിൽ പൌരാണികമായ കഥാപാത്രങ്ങളും 
  ആനുകാലികപ്രസക്തികളിൽ പരിശോധിക്കപ്പെടാം, സ്വാനുഭവപ്രകാശനത്തിനു അവരെ കരുവാക്കാം. രാവണന്റെ കറുപ്പും വെളുപ്പും കലർന്ന  ഉഭയവ്യക്തിത്വം, അതിലെ വെൺപകുതിയോട് ശ്രീരാമനുള്ള മതിപ്പ് ഇവയൊക്കെ സ്വാതി തിരുനാളിനും ബോധിച്ച മട്ടാണ്, ‘ഭാവയാമി....’യിലെ രാവണനെ സ്വരൂക്കൂട്ടുന്നതിലെ ബോധചാലകം ഇതു തന്നെയാവാൻ സാദ്ധ്യതയും ഉണ്ട്.  പ്രത്യേകിച്ചും സമാന്തരമായ സാഹചര്യങ്ങൾ ഇതിനു ചാലു കീറുന്ന സ്ഥിതിവിശേഷത്തിൽ. ബ്രിടീഷ് മേൽക്കോയ്മ കണിശത്തിലും കാർക്കശ്യത്തിലും ഉഗ്രതരമായി, പ്രത്യേകിച്ചും വേലുത്തമ്പി ദളവയ്ക്കു ശേഷം,  തിരുവിതാംകൂറിനു മേൽ പിടിമുറുക്കിയ കാലം. പലപ്പോഴും ഇത് നിഷ്ഠൂരതയുടെ അതിർവരമ്പു ഭേദിച്ചിട്ടുമുണ്ട്.  ഇതിന്റെ കെടുതിയിൽ പെട്ടുപോയിട്ടുണ്ട് സ്വാതി തിരുനാൾ. അതേസമയം പാശ്ചാത്യരീതികൾ സ്വായത്തമാക്കാനും ഭരണപരിഷ്കാരങ്ങളിൽ ഉൾക്കൊള്ളിക്കാനും ജാഗ്രത പുലർത്തുന്നതിനോടൊപ്പം സാ‍ങ്കേതികമായ പുരോഗമനത്തിന് ബ്രിടീഷ് സഹായം ഉപയോഗപ്പെടുത്തുന്നതിൽ അതിനിഷ്ണാതനുമായിരുന്നു അദ്ദേഹം. ആദ്യമായി ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചതും പട്ടാളക്കാർക്ക് ബ്രിടീഷ് രീതിയിലുള്ള യൂണിഫോം വ്യവസ്ഥപ്പെടുത്തിയതും നിയമ-കോടതി വ്യവസ്ഥകൾ പുതുക്കിയതും പബ്ലിക് ലൈബ്രറിയും പ്രിന്റിങ് പ്രസ്സും സ്ഥാപിച്ചതും ബെയിലിയെക്കൊണ്ട് മലയാളം-ഇംഗ്ലീഷ് നിഘണ്ഡു എഴുതിച്ചതുമൊക്കെ ശത്രുപക്ഷത്തിന്റേതാണെങ്കിലും അഭിലഷണീയമായതിന്റെ സമാകലന ഉദാഹരണങ്ങൾ മാത്രം. ഗണിതശാസ്ത്രവിദഗ്ദ്ധനായ കാൽഡികട് എന്ന ബ്രിടീഷ് വണിഗ്വരന്റെ സേവനങ്ങളോടെ വാനനിരീക്ഷണാലയം (നക്ഷ്ത്രബംഗ്ലാവ്) സ്ഥാപിച്ചതും അതിന്റെ അധിപനായി ഡോക്ടർ എ. ജി. ബ്രൌണിനെ നിയമിച്ചതും  പാശ്ചാത്യസാങ്കേതികത്വം ഈ മണ്ണിൽ പറിച്ചുനടാനുള്ള അഭിനിവേശസാക്ഷാൽക്കാരം. കാഴ്ചബംഗ്ലാവും പക്ഷിസങ്കേതവും   പിന്നീട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആയി മാറിയ ധർമാശുപത്രിയും ഇതേ പാശ്ചാത്യാ‍ഭിനിവേശത്തിന്റെ ഫലനിർമ്മിതികൾ.  ഭരണകാര്യങ്ങളിൽ മാത്രമല്ല തന്റെ കലാസപര്യയിലും  ഇടങ്കോലിടുന്ന പ്രവൃത്തികൾ ബ്രിടീഷ്  നേതൃത്വത്തിൽ  നിന്നും, പ്രത്യേകിച്ചും റസിഡന്റ് കല്ലൻ സായ്പ്പിൽ നിന്നും നേരിടെണ്ട അവസരത്തിലും നേർവിപരീതമെന്നു തോന്നിയ്ക്കുന്ന, ശത്രുവിന്റെ ഗുണശീലങ്ങൽ സ്വായത്തമാക്കുന്ന മനോധർമ്മങ്ങൾ തന്നെ ഇത്.  എതിരാളിയിൽ ദർശിച്ച ഉഭയവ്യക്തിത്വം ആയിരിക്കണം രാവണനെ വരച്ചുണ്ടാക്കാൻ തൂലിക  ചലിപ്പിച്ചപ്പോഴുള്ള മനോവ്യാപാരം. കാവ്യം  ആത്മനിഷ്ഠാപരമാകുന്ന സവിശേഷസന്ദർഭം. വിഭാവനം ചെയ്ത രാമരാജ്യം സാക്ഷാത്കാരമാകുന്ന സ്വപ്നം “വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌നാഭം’ എന്ന വരിയിൽ അന്തർലീനമാകുന്നുണ്ടായിരിക്കണം.തഞ്ചാവൂർക്കാരി നർത്തകി സുഗന്ധവല്ലിയോടുള്ള അതിരുവിട്ട അടുപ്പം മൂലം അകന്നു പോയ പ്രിയ പത്നി നാരായണിപ്പിള്ളയ്ക്ക് കുറ്റബോധത്തോടെ
സമർപ്പിക്കപ്പെടുന്നതായിരിക്കണം നൂറുസൂര്യതേജസ്സുള്ള ആ രത്നമോതിരം. ശ്രീരാമന്റെ കയ്യിൽ അതില്ലെങ്കിൽ സ്വാതി തിരുനാളിന്റെ പക്കൽ അതുണ്ട്.

57 comments:

എതിരന്‍ കതിരവന്‍ said...

“ഭാവയാമി രഘുരാമം.....’ സ്വാതിതിരുനാളിന്റെ കീർത്തനത്തിലെ ശ്രീരാമനേയും രാവണനേയും ഒരു പരിചയപ്പെടൽ.

Promod P P said...

ഒന്ന് ഓടിച്ച് വായിച്ചു

വിശദമായ വായന ആവശ്യപ്പെടുന്ന ലേഖനം.
ഒരു ചെറിയ സംശയം

ഭവ്യസുഗുണാരാമം എന്ന വാക്കു കൊണ്ട് എന്താ അർത്ഥമാക്കുന്നത്? ഭവ്യസുഗുണമായ ആരാമം എന്നൊ അതൊ ഭവ്യസുഗുണനായ രാമൻ എന്നൊ?

അതു പോലെ ബലവാൻ ബാലിയെ വധിക്കും നേരം “ഞാൻ ചെന്ന് രാവണനെ കൊന്ന് സീതയെ മോചിപ്പിച്ച് കൊണ്ടുവരുമായിരുന്നല്ല്ലൊ” എന്ന് ബാലി പറയുന്നു. ഇതിന്റെ സാംഗത്യം പിടികിട്ടുന്നില്ല്ല

ശ്രീ said...

വളരെ വിശദമായി തന്നെ വിവരിച്ചിരിയ്ക്കുന്നു, സ്വാതി തിരുന്നാളീന്റെ ‘ഭാവയാമി’ യിലെ രാമ രാ‍വണന്മാരെപ്പറ്റി.

ഒരുപാട് പുതിയ അറിവുകള്‍ പകര്‍ന്നു തന്ന ലേഖനം. നന്ദി മാഷേ

പാഞ്ചാലി said...

എതിരാ, നമിച്ചു!

Anonymous said...

വണക്കം ......
ഏറെ നാളുകള്‍ക്ക് ശേഷം .................
കൂറകള്‍ നിറഞ്ഞ ബൂലാകത്തില്‍ വേണ്ടും അന്തസ്സും അഭിജാത്യവും നിറഞ്ഞ പ്രകാശം .......
ക്ഷമിക്കണം വായിച്ചില്ല .............
വീണ്ടും വരാം ..............

മരത്തലയന്‍ പട്ടേട്ടന്‍ said...

അനോനീ കൂറകളോ കൂതറകളോ :)

കൃഷ്‌ണ.തൃഷ്‌ണ said...

പലവുരു വായിച്ചെങ്കിലേ, എല്ലാമൊന്നു മനസ്സിലാകൂ. ആഴത്തിലൊരു വായന ഇനിയും നടത്തേണ്ടിയിരിക്കുന്നു..ഒരു പ്രിന്റ് എടുത്തു വെച്ചു വായിക്കട്ടെ.
പദാനുപദവിവരണം, തികച്ചും റാഷണലായ വ്യാഖ്യാനം, എത്ര സുന്ദരം. നന്ദി മാഷേ ഈ സമയത്തിനു. ഈ സന്‍മനസ്സിനു.

വികടശിരോമണി said...

അയ്യോ!
ഇതെന്തെങ്കിലും ഉഡായിപ്പടിച്ച് കടന്നുപോവാൻ പറ്റുന്ന പരിപാടിയല്ലല്ലോ.
എനിയ്ക്കു പറയാനുണ്ട്,ഞാനിപ്പൊ വരാം,ട്ടൊ.
ഒന്നാമത്,ഇതൊന്നുകൂടി മനസ്സിരുത്തിവായിക്കണം.
രണ്ടാമത്,കുറച്ച് തലപുകയ്ക്കണം.
എന്തായാലും ഇപ്പൊഴേ ഒന്നു പറയാം,ഭാവായാമി രഘുരാമത്തിന്റെ പാഠം വെച്ച് ഇത്തരമൊരു വായന ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട് എന്നു തോന്നുന്നില്ല.
ഏകതാനമായ കുറേ ബ്ലോഗ് പുളിങ്ങാപ്പുന്നാരങ്ങൾക്കിടയ്ക്ക് ഇത്തരമൊന്നു തന്ന നാട്ടുരാജാവേ,ദണ്ഡനമസ്കാരം!

അനില്‍@ബ്ലോഗ് // anil said...

വായിച്ചു.
ഒന്നും കമന്റിടാനുള്ള വിവരം ഇല്ല.
എന്നാലും ഈ ശ്രമത്തിന് ഒരു അഭിനന്ദനം അറിയിക്കാതെ പോകാനാവുന്നില്ല്.
ആശംസകള്‍

SunilKumar Elamkulam Muthukurussi said...

കലക്കി. ആ അവസാനത്തെ ഖണ്ഡിക ഇല്ലാതിരുന്നെങ്കിൽ അപൂർണ്ണമായേനെ.
വേറെ ഒന്നും പറയാനറിഞ്ഞുകൂടാ.
-സു-

Unknown said...

പ്രിയ എതിരൻ:
നല്ല വിശകലനം....
സംസ്ക്കൃത ഗ്രന്ഥങ്ങളുടെ വ്യഖ്യാനങ്ങൾ രചിക്കുക,മുൻ കാലങ്ങളിൽ ഒരു പ്രധാന കാര്യമായിരുന്നു.. ആ പാരമ്പര്യം അന്യം നിന്നു പോയിട്ടില്ലന്നു തെളിയിക്കുന്നതാണീ ലേഖനം.

ചില സംശയങ്ങൾ വായിച്ചപ്പോൾ ബാക്കി നിൽക്കുന്നു......

1.
രാമന്റെ കഥകള്‍ ‍ 24000 ശ്ലോകങ്ങളില്‍ക്കൂടി വാല്‍മീകി പാടിപ്പറഞ്ഞത് ആറു് ശ്ലോകങ്ങളിലൊതുക്കക്കണമെങ്കില്‍ അസാമാന്യ കയ്യടക്കം വേണം. .
ശരിയാണു ഒരു കവിരാജനു മാത്രമേ ഇപ്രകാരം നിബന്ധിക്കാനാകൂ! അതിലെ വാങ്മയങ്ങൾക്കു നാളിതു വരെ ലഭിച്ച അഭിനന്ദനം ചില്ലറയല്ല.എത്ര എത്ര സംഗീത സദസ്സുകൾ !. എത്ര എത്ര നൃത്താവിഷ്ക്കാരങ്ങൾ!.
കുഞ്ചൻ നമ്പ്യാരുടെ രണ്ടു തുള്ളൾ കൃതികളിൽ 'രാമായണ സംക്ഷേപമുണ്ട്‌. ഒന്നിൽ ബാല കാണ്ഡം മുതൽ യുദ്ധം വരേയും മറ്റൊന്നിൽ മറിച്ചു യുദ്ധ കാണ്ഡം മുതൽ ബാല കാണ്ഠം വരേയും. ഇതായിരിക്കാം ഒരു പക്ഷെ,ഇങ്ങനെ ഒരു രചനക്കു സ്വാതിതിരുനാളിനു മാതൃകയായത്‌.
2.
(വിഗതാമഭിഷേകമഥ വിപിനഗതം ആര്യവാചാ) കൈകെയിയെ ആണു ‘ആര്യയാക്കിയിരിക്കുന്നത്!
"ആര്യ വാചാ", ഇവിടെ “ആര്യ” ശബ്ദം കൊണ്ടു കൈകേയിയെ ആണോ സൂചിപ്പിക്കുന്നത്‌? ദശരഥനെ അല്ലേന്നു ഒരു സംശയം.
“ശ്രേഷ്ഠൻ” എന്ന പദത്തിൽ നിന്നും ലേശം കളിബ്ഭ്രാന്തുള്ളതു കൊണ്ടു , അഛ്ചൻ-അമ്മാവൻ-ഗുരു-ശ്രേഷ്ഠൻ- ഒരേ മുദ്ര ഒ‍ാർമവന്നു. ഇവിടെ അഛ്ചൻ മുതലയ ഗുരുജനങ്ങളുടെ വാക്കിനെ മാനിച്ച്‌ -എന്നല്ലേ അർത്ഥം വരിക....?3.
വാലി തനുദലനം ഈശം

ഈശം....ഇവിടെ രാമന്റെ ഒരു വിശേഷണം എന്നതിൽ കവിഞ്ഞ്‌ വാലീതനുദലനവുമായി വിശേഷിച്ചു ബന്ധം? ഐശ്വര്യമായിട്ടു കൊന്നു എന്നു പറയാനുള്ള വക യുണ്ടോ?
4.
ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം
ശ്രീനിധിം എന്നതും രാമനിലേക്കു ഘടിപ്പിക്കുന്നതു തന്നെ. ശ്രീനിധി, രാമനേക്കാൾ വിഷ്ണുവിനു ചേർന്ന ശബ്ദം അല്ലേ? അതു കവി മനഃപൂർവ്വം ഘടിപ്പിച്ചതാണെന്നു വിചരിപ്പാൻ വേറെ ന്യായങ്ങൾ ഉണ്ടു.
(1) വിഭീഷണന്റെ വിഷ്ണു ഭക്തിയാണു രാമനിലേക്കടുപ്പിച്ചതെന്ന സൂചന.
(2) ഉദധീതീരത്താണല്ലോ സംഭവം....സാഗരകന്യകയായ ശ്രീ ലക്ഷ്മീദേവിയുടെ സ്മരണ ഉണ്ടായി എന്ന സൂചന.
(3) വിഭീഷണൻ വരുന്നതോടെ കാര്യം നടക്കും എന്നു ശ്രീരാമനു തീർച്ചയായി.സീത...ശ്രീ തന്നെ ...സീത ഇരിക്കണ്ടതും ശ്രീനിധിയ്ക്കൊപ്പം.
5.

അതിധീരം ജ്വലനപൂത ജനകസുത...

“ അതീവധൈര്യത്തോടെ അഗ്നിയാൽ ശുദ്ധിയാക്കിയ സീതയുമായി ശ്രീരാമൻ സാകേതത്തിലെത്തുന്നതായാണ് യുദ്ധകാണ്ഡത്തിലെ മൂന്നാം വരി സൂചിപ്പിക്കുന്നത്. ഇവിടെ “അതിധീരം” എന്ന വാക് സ്വാതിതിരുനാൾ ചേർത്തത് കൃത്യമായ ഉദ്ദേശങ്ങളോടെയാണ്. മുകളിത്തെ വരിയോടു കൂടിയാൺ അതിധീരം ഇണക്കിയിരിക്കുന്നതെങ്കിലും “ജ്വലന പൂത” ത്തിന്റെ വിശേഷണം തന്നെ ഇത്. “

അതിധീരം രാമന്റെ വിശേഷണം. ആ'പൂത'ത്തോടു “അതിധീരം” ചേരില്ല: വ്യാകരണപടുക്കളോടു ചോദിക്കണം മറിച്ചൊരഭിപ്രായത്തിനു.


6.

ശുദ്ധവെജിറ്റേറിയനാകുന്ന ശ്രീരാമൻ

യുദ്ധകാണ്ഡത്തിലെ ആദ്യവരിയിലെ ‘ഖലനിസ്സീമപിശിതാശന ദലനം‘ ഒരു സോദ്ദേശപ്രക്രിയയാൽ ചേർക്കപ്പെട്ടതാണ്..

രാമായാണം പല കാണ്ഡം.. എതിരന്റെ ലേഖനം പല ഖ്ണ്ഡം...അതിൽ "മാം സ ഖണ്ഡം" എന്ന ഈ ഭാഗം എത്ര വിശദീകരിച്ചിട്ടും മതിവരാത്തതു പോലെ യുണ്ട്‌.
ഇവിടെ കവി , രാമൻ മാംസം കഴിച്ചിരുന്നു എന്നു മനസ്സിലാക്കത്ത ആൾ അല്ലല്ലോ! രാമായണാദി പുരാണങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ! പിന്നെ 'പിശിതാശനം' തെറ്റെന്നു ദ്യൊതിപ്പിക്കും വിധം എന്തിനെഴുതി ?
പിശിതം- എന്നു വച്ചാൽ എന്തു മാംസവും ( any meat ) എന്നർത്ഥം..അതിൽ മനുഷ്യമാംസം ഉൾപ്പെടെ കഴിക്കുവാൻ വിധി ഇല്ലത്ത ഏതു മാംസവും എന്ന വ്യംഗ്യം ഉണ്ടു. മറ്റൊരു കാര്യം, വേദവിധി പ്രകാരം യജ്ഞമൃഗ മാംസമേ പാടുള്ളൂ താനും...ഹിലാൽ ചിക്കൻ പോലെ.
ഈ മാംസ ഖണ്ഡം വായിച്ചപ്പോൾ, ഇപ്പോൾ തന്നെ അന്യം നിന്നു കൊണ്ടിരിക്കുന്ന സസ്യാഹാരികളെ കൂടി തൊട്ടുകൂട്ടിക്കാൻ ഒരു നിഗൂഢ ശ്രമമുണ്ടോ എന്നൊരു സംശയം. വിദേശങ്ങളിൽ ഗവേഷണങ്ങൾക്കു സ്പോസർഷിപ്പ്‌ കിട്ടും എന്നു കേട്ടിട്ടുണ്ടു. ( ഈ ലേഖനത്തിനു കെ-എഫ്‌-സി ധനസഹായം ഉണ്ടോ?) Kentucky Fried Chicken!!!
7.
സുജനവിമതൻ മാത്രമായ രാവണൻ
സുജന വിമതൻ ആയാൽ ധരാളം മതി .(..വിനാശായ ദുഷ്കൃതാം...എന്നല്ലേ..വീണ വായിച്ചു....ആതുര സേവനം നടത്തി .....പാട്ടു പാടീ.... എന്നതു കൊണ്ടൊന്നും അഴിമതിക്കാരെ വച്ചു പോറുപ്പിക്കില്ലെന്നാണല്ലോ, യുദ്ധഭൂമിയിൽ വച്ചു അച്യുതൻ വിജയനോടു പറഞ്ഞിട്ടുള്ളത്‌)
8.
തഞ്ചാവൂർക്കാരി നർത്തകി സുഗന്ധവല്ലിയോടുള്ള അതിരുവിട്ട അടുപ്പം മൂലം അകന്നു പോയ പ്രിയ പത്നി നാരായണിപ്പിള്ളയ്ക്ക് കുറ്റബോധത്തോടെ
സമർപ്പിക്കപ്പെടുന്നതായിരിക്കണം
ലെനിൻ രാജേന്ദ്രശാസ്ത്രികളുടെ 'സ്വാതി തിരുനാൾ ഡിമ'ത്തിലല്ലാതെ ,ഈ ചരിത്രം മറ്റ്‌ എവിടെ എങ്കിലും ഉണ്ടോ?
9.
സേതുബന്ധനത്തെക്കുറിച്ചു
സേതുബന്ധനത്തെക്കുറിച്ചു എതിരൻ ഒരു വാക്കുപോലും ഉരിയാടില്ലെന്നു ഞാൻ മുമ്പേ നിരീച്ചിരുന്നു........
വെറുതെ എന്തിനാ കുടുംബ കലഹം അല്ലീ........

സ്നേഹ പൂർവ്വം

രാജശേഖർ.പി.വയ്ക്കം

Haree said...

കീര്‍ത്തനം ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യുവാന്‍ സാധിക്കും. സാഹിത്യവും വിവര്‍ത്തനവും ഇവിടെ കാണാം. (കടപ്പാട്: http://www.swathithirunal.in) സാഹിത്യത്തില്‍ ചില ചെറിയ മാറ്റങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നതും, അവിടുത്തേതിലുമായി കാണുന്നു.

ബാലിയെക്കൊന്നതിലൊക്കെ ഇത്ര പ്രശ്നം കാണേണ്ടതുണ്ടോ? രാമനൊരു നിമിത്തമായി എന്നുമാത്രം കരുതിയാല്‍ പോരേ? അതുപോലെ വിഭീഷണന്റെ കാര്യത്തിലും മറ്റും... എല്ലാവരും ഈശ്വരനിശ്ചയത്തിനനുസൃതമായി നിമിത്തങ്ങളായി വര്‍ത്തിക്കുന്നു. ധര്‍മ്മവും അധര്‍മ്മവും എല്ലാവരിലും പല അളവില്‍ ഉണ്ടാവുമല്ലോ? :-) ആലോചിച്ചാല്‍ മൊത്തം കണ്‍‌ഫ്യൂഷനാണ്.

ആറുകാണ്ഡവും ആറു പോസ്സിലായി അവതരിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! :-)
--

Manikandan said...

ഭാവയാമി രഘുരാമം .............. എത്ര തവണ കേട്ടിരിക്കുന്നു. ഇത്രയൊക്കെ അതിനു പിന്നിലുണ്ടെന്ന് ഇപ്പോളാ‍ മനസ്സിലായെ.

ഒരു ഓഫ് കൂടെ കുറച്ചുകാലമായി ജയദേവ ഗീതാഗോവിന്ദത്തിലെ പ്രിയേ ചാരുശീലേ എന്ന അഷ്ടപദിയുടെ അർത്ഥം നോക്കുന്നു. (ബാകിയെല്ലാം പഠിച്ചിട്ടല്ല)അഷ്ടപദിയിലെ ശ്ലോകങ്ങളുടെ അർത്ഥം ലഭിക്കുന്ന ഏതെങ്കിലും ലിങ്ക് തരാമോ?

വികടശിരോമണി said...

സ്വാതിതിരുനാളിന്റെ കൃതികളിൽ,വ്യതിരിക്തമെന്നു നിസ്സംശംയം പറയാവുന്ന പാഠമായിട്ടും,‘ഭാവയാമി രഘുരാമ’ത്തിൽ ആരും അധികം കൈവെച്ചില്ല.ആകെ അറിയാവുന്നത്,നീലിമ ദെരൈസ്വാമിയുടെ പഠനമാണ്.അതിലും ഈ കീർത്തനം ഇത്രമേൽ വിശദമായി സംവദിയ്ക്കുന്നില്ല.എതിരന് എന്റെ കതിർക്കുലകൾ!
ഓരോ വാക്കിന്റെയും ധ്വനികളെ,ശാബ്ദികമായും ആർത്ഥികമായും ഇഴപേർത്തു വ്യാഖ്യാനിക്കുന്ന എതിരൻ ശൈലി(മുൻപ് സിനിമാപ്പാട്ടുവ്യാഖ്യാനങ്ങളിൽ കണ്ടത്)ഇവിടെ ആർജ്ജവമുള്ള വീക്ഷണം തന്നെയാകുന്നു.
സവിശേഷമായ പുരാണസന്ദർഭങ്ങളെ സ്വാതി വ്യാഖ്യാനിച്ചതെങ്ങനെ എന്നു വായിക്കുമ്പോൾ,മര്യാദാപുരുഷോത്തമന്റെ ഗുണാതിരേകത്തെപ്പറ്റി എതിരൻ കൈക്കൊള്ളുന്ന സംശയങ്ങളെയും നിലപാടുകളെയും രാഷ്ട്രീയമായാണ് ഞാൻ നോക്കിക്കാണുന്നത്.വാത്മീകി എഴുതിയ കാലത്തിന്റെ ആവശ്യമല്ല കർണ്ണാടകയിലിരുന്നു അല്പകവിത്വം കൊണ്ട് അദ്ധ്യാത്മരാമായണമെഴുതിയ കവിയുടേത്.ആ നന്നാല്ലാത്ത രാമായണവായനയെ പരിഭാഷപ്പെടുത്തിയതിൽ തന്നെ,എഴുത്തച്ഛന്റെ കാലത്തിന്റെയും രാഷ്ട്രീയമുണ്ട്.രാമനെ “സാക്ഷാൽ മഹാവിഷ്ണു മൂർത്തിനാരായണൻ”ആക്കുകയും ചെയ്യുന്ന സാന്ദർഭികത.അതിലാണ് ശൂർപ്പണഖാങ്കവും,ബാലിവധവും സൃഷ്ടിക്കുന്ന നൈതികപ്രശ്നങ്ങളെല്ലാം ഉരുകിയൊലിച്ചിപോകുന്നത്.
രാമായണപ്പാട്ടുകളിലും,രാമന്റെ ലാവണ്യം വർണ്ണിക്കപ്പെടുന്നത് ശൂർപ്പണാഗമത്തിലാണ്.ഈ പ്രതികാരം എന്ന വായനയുടെ മറ്റൊരു രൂപമാണല്ലോ കൊട്ടാരക്കരത്തമ്പുരാന്റെ ബാലിവധം.രാവണന്റെ പ്രശ്നം അവിടെയും “എന്നുടയ സോദരിയെ വികൃതയാക്കിച്ചെയ്ത”വനോടുള്ള പ്രതികാരമാണ്.“മാരീചനിശാചരപുംഗവാ”തുടങ്ങിയ പദങ്ങളും,അവയുടെ ആവിഷ്കാരപ്രകൃതിയും കാണുക. “സുന്ദരീമണിയായ സീത തൻ വൃത്തം”രണ്ടാമത്തെ കാര്യം മാത്രം.കീഴ്പ്പടത്തിന്റെ അഴകിയ രാവണൻ,ഈ പ്രതികാര കഥയും ആടിക്കണ്ടിട്ടുണ്ട്.(അതവിടെ എത്ര നന്ന് എന്നത് വേറെ വിഷയം.ഇവിടെ സംഗതമല്ല:)
രാമന്റെ ‘നോൺ’ഭ്രമം,നാടൻ പാട്ടുകളിലാണ് പൂർണ്ണചാരുതയിലെത്തുന്നത്.
“മയിലിറച്ചികോത്തുമാ‍രിയാ ലച്ചുമണൻ” എന്ന് അട്ടപ്പടിയിൽ പാട്ടുണ്ട്.(മയിലിറച്ചി കൊത്തി കറിയാക്കി,ലക്ഷ്മണൻ)
ബാലിവധം ആട്ടക്കഥയിലെ ബാലി,തന്നെക്കൊല്ലുന്ന രാമനോട് പറയുന്നത് “വാനരമാംസം ഒന്നിനുമാകാ”എന്നാണ്.
ഒരുതരം ‘രാവണത്തം’അക്കാലത്തെ രാജാക്കന്മാരിൽ ദർശിക്കാം,അതെളുപ്പം.തൃശ്ശൂരു ശക്തൻ തമ്പുരാനിൽ,തിരുവനന്തപുരത്ത് സ്വാതിയിൽ….പക്ഷേ അവയിലൊക്കെ അതിവായനയുടെ അംശങ്ങളുമുണ്ട്.രാവണന്റെ പ്രതിനായകത്വം സൃഷ്ടിക്കപ്പെട്ട സാമൂഹ്യപരിതസ്ഥിതി നിലനിന്നു എന്നാവാം ശരി,തിരിച്ചല്ല.(എൻ.എം.നാരായണൻ മുൻപ് ശക്തൻ തമ്പുരാനേയും രാവണോൽഭവത്തെയും വെച്ച് ഇത്തരമൊരു മികച്ച വായന നടത്തിയിരുന്നു)
ആധുനികമായ ലോകസ്ഥിതിയെ തിരിച്ചറിഞ്ഞ്,പുരോഗമനത്തിന്റെ രചനകളോരോന്നായി പൂർത്തീകരിച്ച സ്വാതിയുടെ രാഷ്ട്രീയ-ഭരണ ജീവിതവുമായുള്ള സമന്വയം അസ്സലായി.ആ ചരിത്രത്തിന്റെ സാധുത പൂർണ്ണാർത്ഥത്തിൽ സംശയാസ്പദമെങ്കിലും.
ശെമ്മാങ്കുടിയുടെ അനുനാസികാതിപ്രസരമുള്ള ശബ്ദമാന്ത്രികതയ്ക്ക്,ഈ കൃതിയുടെ ചേർച്ചയും അനന്യമാണ്.സുബ്ബലക്ഷ്മിയുടെ നമ്മുടെല്ലാം മനസ്സിൽ ഒരു ലാൻഡ് മാ‍ർക്കായി നിൽക്കുന്നെങ്കിലും.പ്രത്യേകിച്ചും,നാട്ടക്കുറിഞ്ഞി പോലുള്ള നാടൻ തനിമയുള്ള രാഗങ്ങളിൽ.മധ്യമാവതിയിൽ അദ്ദേഹം ഉജ്ജ്വലസൌന്ദര്യവുമായിരുന്നല്ലോ.
എന്തായാലും,സ്വാതിയുടെ ഈ ദൃശ്യവാങ്മയത്തെ എതിരൻ സൂക്ഷ്മമായി കണ്ടും സ്പർശിച്ചുമറിഞ്ഞിരിക്കുന്നു….
എന്നെപ്പോലുള്ള കുരുടന്മാർ ഈ ആനയെ ഇഷ്ടം പോലെ വ്യാഖ്യാനിച്ചും നോക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആസ്വദിച്ച് വായിച്ചു :)

Calvin H said...

നല്ല പഠനം... ആസ്വദിച്ചു വായിച്ചു.

തന്റെ സഹോദരന്‍ മൂലം രാജ്യം വിടേണ്ടി വന്നതിന്റെ ഒരു അസ്വസ്ഥതയാണ്, ബാലി-സുഗ്രീവന്‍ , രാവണന്‍-വിഭീഷണന്‍ മുതലായ സഹോദരങ്ങള്‍ക്കിട്യില്‍ വിള്‍ലല്‍ ഉണ്ടാക്കുവാനോ ഉള്ളതിനെ വലുതാക്കുവാനോ രാമനെ പ്രേരിപ്പിച്ചത് എന്നും വായനകള്‍ നടന്നിട്ടൂണ്ട്.

സീത സിങ്സ് ദ ബ്ളൂസ് എന്ന ആനിമേഷന്‍ സിനിമ കണ്ടിട്ടില്ലെങ്കില്‍ കണ്ടു നോക്കൂ. രസകരമാണ്. ശ്രീരാമകഥയെക്കൂറിച്ച് ഒരുപാട് ചോദ്യങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

ഡിറ്റേയ്ല്‍ ഏവൂരാന്റെ ഈ പോസ്റ്റില്‍ ഉണ്ട്. ഡൗണ്‍‌ലോഡ് ചെയ്തു കാണാം. ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് ആണ്.

ചങ്കരന്‍ said...

രാമന്റെ വായന വേറിട്ട അറിവുകളായി. നല്ല ലേഖനം

എതിരന്‍ കതിരവന്‍ said...

രാജശേഖർ:
നന്ദി.
‘മാംസഖണ്ഡം” വലുതാക്കിയത് സമകാലികപ്രാധാന്യം ഉള്ളതു കൊണ്ടാണ്. രാമസേന ഇന്ന് പിടികൂടുന്നത് ശ്രീരാമന്റെ ആഹാരരീതികൾ എന്താണെന്നറിയാതെയാണ്. ശ്രീരാമൻ അവതാരമാകുന്ന അദ്ധ്യാത്മരാമായണത്തിലും മാംസം ഭക്ഷിയ്കുന്നുണ്ടെന്നുള്ള കാര്യം സംഗതമാണ്. അദ്ദേഹത്തിനു മദ്യപാനവും ഉണ്ടായിരുന്നു എന്ന് വാൽമീകിരാമായണത്തിൽ ഉള്ള കാര്യം മനഃപൂർവ്വമാണ് ഞാൻ പരാമർശിച്ചത്.

ബഹുവ്രീഹി said...

എതികതിരൻ മാഷെ

ഗംഭീര ലേഖനം. ലേഖനത്തിനും നന്ദി. കീർത്തനത്തിൻ ലിങ്ക് കൊടൂത്തതിനും നന്ദി.

ഈ ലേഖനം ബ്ലോഗിനു പുറത്തും ശ്രദ്ധിക്കപ്പേടേണ്ടതാണെന്നൊരു അഭിപ്രായം.

bloganathan : ബ്ലോഗനാഥന്‍ said...

അറിഞ്ഞുവായിക്കാനും കീര്‍ത്തനത്തെ അറിഞ്ഞാസ്വദിക്കുവാനും ഉള്ള അവസരം ഉണ്ടാക്കിത്തന്നതിനു നന്ദി. ഇത്ര കൂലംകഷമായി ഒരു ചെറുകാവ്യത്തെ

സമീപിക്കാം എന്നതു തന്നെ ഒരു അറിവാണു. താങ്കളുടെ അറിവിനെയും അപഗ്രഥിക്കുവാനുള്ള കഴിവിനെയും അഭിനന്ദിക്കുന്നു.
ചില ചില്ലറ ചിന്തകള്‍ താഴെ:
1. ബാലിയുടെ കാര്യം. ബാലി വധ്യനാണോ എന്നുള്ളതിനു, അല്ല എന്നൊരുത്തരം തരത്തക്കരീതിയിലുള്ള എന്തെങ്കിലും നമ്മുടെ കയ്യിലുണ്ടൊ?

അതില്ലാത്തിടത്തോളം കാലം, ബാലിയില്‍ രാമന്‍ ആരോപിക്കുന്ന കുറ്റം നിലനില്‍ക്കില്ലേ?
2. സീതയുടെ ചാരിത്ര്യത്തില്‍ വിശ്വാസമില്ലെന്ന ഉറപ്പിന്റെ പ്രത്യക്ഷം ആയി പറയുന്ന കാര്യത്തില്‍, “അതിധീരം” എന്ന വാക്കു ചിലപ്പോള്‍ സൂചിപ്പിക്കുന്നതു,

തന്റെ ഭാര്യയിലുള്ള അചഞ്ചലമായ വിശ്വാസവും ആകാമല്ലോ? ചിലപ്പോളെങ്കിലും മനുഷ്യര്‍ (അതു അവതാരങ്ങളായാലും ശരി) മനസ്സിലുള്ളതപ്പാടെ പുറത്തു

പറയാറില്ലല്ലോ. എനിക്കറിയാം എന്‍ പത്നിയെ, പക്ഷെ സമൂഹം ആകുമ്പോള്‍, ചില കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിച്ചാലെ പിടിച്ചുനില്‍ക്കാന്‍ സാധിക്കു.

അത്തരമൊരു ഡാവായിക്കൂടെ ഈ അഗ്നിപ്രവേശവും?
3. തിരുനാളിനു രാമനെ പുനര്‍വായിക്കുവാനുള്ള അവകാശം ഉള്ള കാര്യം നമ്മള്‍ മറന്നുകൂട. രാവ്വണനെ പുതിയ കളിമണ്ണില്‍ ഉണ്ടാക്കാമെങ്കില്‍, രാമനെ

നമുക്കു ശ്രീരാമദേവനായിത്തന്നെ കാണാന്‍ ബുദ്ധിമുട്ടുണ്ടാകുമോ?
4. രാവണന്റെ ശ്രീയെപ്പറ്റിയും മണ്ഡോദരിയെപ്പറ്റിയും പറഞ്ഞുകെട്ടപ്പോള്‍, ഇനി രാവണന്‍ രാമന്റെ ആള്‍ടറ് ഇഗോ ആണെന്ന ഒരു വ്യാഖ്യാനമൊക്കെ

വരുമോ? രാമനു ദ്വന്ദ്വ വ്യക്തീത്വമാണു. മനസ്സിന്റെ ഇരുണ്ട വശത്തെ ജയിക്കുന്നതാണു രാമജയം എന്നൊക്കെ? (ചുമ്മാ തമാശിച്ചതാണു കേട്ടോ)

മാംസാഹാരത്തിന്റെ കാര്യം പ്രത്യേകം പറഞ്ഞതു നന്നായി. ഇതൊക്കെ ശരിയായി അറിയാത്തതു കൊണ്ടു തന്നെ, നമ്മള്‍ എത്രമാത്രം

തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കയാണു പലപ്പൊഴും!
ഇത്രയും നല്ലൊരു വായന ബ്ലോഗില്‍ ഇതാദ്യമായിട്ടാണു. ഒരു രണ്ടു മണിക്കൂറ് നന്നായി ചിലവഴിച്ചുവെന്നു തോന്നുന്നു.

Suraj said...

പോസ്റ്റെന്ന് വിളിക്കുന്നില്ല, പഠനം തന്നെ !

ഭാരതീയ ദൈവ സങ്കല്പങ്ങളുടെ ഇവല്യൂഷന്‍ പഠിക്കുന്ന ആരും വിട്ടുപോകാന്‍ പാടില്ലാത്തതാണ് വാല്‍മീകിയുടെ പച്ചമനുഷ്യനായ ദാശരഥി രാമന്‍ “മര്യാദാ പുരുഷോത്തം ശ്രീരാം” ആയ ചരിത്രം.

ഋഗ്വേദം മുതല്‍ക്കുള്ള സാമൂഹികജീവിത നിഷ്ഠകള്‍ക്കും ധര്‍മ്മങ്ങള്‍ക്കും മനുസ്മൃതിയുടെ കാലത്തിനകം വന്ന മാറ്റത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാന ചൂണ്ടുപലക കൂടിയാണ് വാല്‍മീകീരാമായണത്തിലെ സാംസ്കാരിക പരിതസ്ഥിതി. മാംസാഹാരവുമായി ബന്ധപ്പെട്ട സ്മൃതിയുടെ 'നിയന്ത്രണ'ങ്ങളില്‍ നിന്നും രാമായണത്തിലെ സമൂഹം മോചിതമാണ്. എന്നാല്‍ വര്‍ണ്ണവ്യവസ്ഥയും വര്‍ണ്ണാധിഷ്ഠിത വേര്‍തിരിവുകളും നിലനില്‍ക്കുന്നുമുണ്ട്. ജന്മം കൊണ്ട് ആര്യനും കാരക്റ്റര്‍ കൊണ്ടും ഐശ്വര്യം കൊണ്ടും ദസ്യുവും ആയുള്ള രാവണ സങ്കല്പത്തെയും വേദങ്ങളുടെ ചരിത്രപശ്ചാത്തലത്തില്‍ കാണുന്നത് കൗതുകകരമാണ്. അനാര്യരും ഇന്ദ്രശത്രുക്കളുമായ വൃത്രന്റെയും കുവിത്സന്റെയും വൃചീവാന്റെയും വലന്റെയും ശംബരന്റെയും "വര്‍ഷം തോറും പുതുക്കിയിരുന്ന", "ജലസംഭരണികള്‍ നിറഞ്ഞ","പശുക്കളെ ബന്ധിച്ചുനിര്‍ത്തിയിരുന്ന" കോട്ടകളുടെയും പുരങ്ങളുടെയും ഐശ്വര്യം അസാരം കൊതിക്കെറുവോടെതന്നെ വര്‍ണ്ണിക്കുന്ന വേദകാരന്റെ സൈക്കിയാണോ ലങ്കാപതിയുടെ ഐശ്വര്യം എണ്‍പതോളം വരികളില്‍ വര്‍ണ്ണിക്കാന്‍ വാല്‍മീകിയെ നിര്‍ബന്ധിതനാക്കുന്നത് ? ആവാം. :)

ഓഫ് : മാംസാഹാരത്തെ കുറിച്ച് എഴുതിയത് വായിച്ചു ഞെട്ടി - വേറൊന്നുമല്ല. ഇന്ന് ഡ്രാഫ്റ്റാക്കി പൂശാന്‍ വച്ച സാധനവും ഇതു തന്നെ. ! നര്‍ഗ്ഗീസി കോഫ്തയാണോ കതിരന്‍ ജീ കോമണ്‍ ഫാക്റ്റര്‍ ? :))

എതിരന്‍ കതിരവന്‍ said...

തഥാഗതൻ:
ഭവ്യസുഗുണമായ ആരാമം തന്നെ.
ബാലി ഒരിയ്ക്കൽ രാവണനെ കീഴ്പ്പെടുത്തിയിട്ടുണ്ട്. രാവണനെ “കൊന്ന്” എന്നല്ല “വെന്ന്” എന്നാണ്. ബാലിയ്ക്ക് എളുപ്പം സാധിയ്ക്കാമായിരുന്ന കാര്യമാണിതെന്ന് സാരം. രാമന് ഇതിൽ‌പ്പരം ജാള്യത വേണോ.
ഹരീ:
എല്ലാവരും വിധിയ്ക്കനുസരിയ്ക്ക് നീങ്ങുന്നവർ എന്നാണെങ്കിൽ പിന്നെ കഥയ്ക്കും കഥാപാത്രങ്ങൾക്കും എവിടെ മിഴിവ്? മന്ഥര എന്നൊരു കഥാപാത്രമാണ് ആദ്യം കഥയുടെ വഴിത്തിരിവ് ഉണ്ടാക്കുന്നത്.

ഈശ്വരനിശ്ചയം എന്ന ഒഴികഴിവ് കൊല്ലുന്നവനാണ്. കൊല്ലപ്പെടുന്നവന് അതിനെപ്പറ്റി ചില ചോദ്യങ്ങൾ ചോദിക്കാൻ കാണും.

ശ്രീ, പാഞ്ചാലീ, കൃഷ്ണ തൃഷ്ണ, അനോണീ;
വായനയ്ക്കു നന്ദി.

എതിരന്‍ കതിരവന്‍ said...

രാജശേഖർ:
സൂക്ഷ്മതയോടെ വായിച്ചതിൽ സന്തോഷം.
ആര്യ വാചാ-കൈകേയി ആണു നേരിട്ട് ശ്രീരാമനോട് കാര്യങ്ങൾ പറഞ്ഞത്. രാമായണത്തിൽ പിന്നീടും ഇക്കാര്യം സൂചിപ്പിക്കുന്ന കഥാപാത്രങ്ങൾ കൈകേയിയുടെ പേരാണു പറയുന്നത്. ‘ആര്യ’ യ്ക് തീർച്ചയായും “ശ്രേഷ്ഠൻ” അർത്ഥവും ഇവിടെ പറയാം. എന്നാൽ “താത” എന്ന വാക്കു സ്വാതി തിരുനാൾ ഉപയോഗിക്കുന്നില്ല.കൈകേയിയെ അല്ല ഉദ്ദെശിക്കുന്നതെങ്കിൽ ഈ സംഭവങ്ങളൊക്കെ വെളുപ്പിച്ചെടുക്കാനുള്ള തോന്നൽ ആയിരിക്കണം. ശ്രേഷ്ഠന്മാരും അതുപോലെ ഗുരുക്കന്മാരും ഒക്കെ നിർദ്ദേശിച്ചതു കൊണ്ട് വനത്തിൽ പോയി എന്ന്.
‘തനു ദലനം ഈശം‘- “ഈശം” എന്ന വാക്ക് “അനഘമീശചാപം” എന്നിടത്തും പ്രയോഗിച്ചിട്ടുണ്ട്.”ശൈവ” എന്നർത്ഥം വരാൻ. (ശൈവചാപം എന്ന്) ഇവിടെ തനുദലനം ചെയ്തത് ഈശിത്വം വശിത്വം പ്രാപ്തി, പ്രാകാശ്യം എന്നീ ഗുണങ്ങളിലൊന്നിനെ സൂചിപ്പിച്ചുകൊണ്ടായിരിക്കാനാണു വഴി. ‘ഐശ്വര്യത്തോടെ കൊന്നുകളഞ്ഞു ‘എന്നത് അതിവായന ആയിരിക്കും എന്നിപ്പോൾ തോന്നുന്നു. എന്നാലും അവിടെ ത്തന്നെ ‘ഈശം’എന്ന വാക്കു കൊണ്ടുവന്നത് മനഃപൂർവ്വമാണ്.
“ശ്രീനിധിം ഉദധി....”-അവതാരപുരുഷനായി അവതരിപ്പിക്കാനുള്ള ശ്രമമൊന്നും ഇവിടെ കാണുന്നില്ല. അതുകൊണ്ട് വിഭീഷണന്റെ വ്ഷ്ണുഭക്തിയാണോ സംഗതം? ലക്ഷ്മീദേവിയുടെ സൂചന ആണെങ്കിലും ഐശ്വര്യം തന്നെ ഉദ്ദേശം. വിഭീഷണസംഗമം ഐശ്വര്യപ്രദായകം തന്നെ എന്ന്.
“പിശിതാശന ദലനം”-മാംസഭുക്കുകളെ സേതുബന്ധനത്തിനു ശേഷം ശ്രീരാമൻ വധിച്ചതായി രാമായണത്തിൽ ഇല്ല. മാംസാഹാരികളോട് ഇത്ര ദേഷ്യം സ്വാതിതിരുനാളിനു വന്നത് തനിയ്ക്കിഷ്ടമില്ലാത്ത നോൺ വെജിറ്റേറിയൻ ശാപ്പാട് ബ്രിടീഷ്കാർക്ക് വിളമ്പി മടുത്തിട്ടാണോ? ‘ഭാവയാമി...’എഴുതപ്പെട്ടത് സ്വാതി തിരുനാളിന്റെ അവസാന കാലങ്ങളിലാണോ, ഒരു സംശയം.

സുഗന്ധവല്ലി യുടെ കഥ-വൈക്കം ചന്ദ്രശേഖരൻ നായരുടെ പുസ്തകം വഴി ലെനിൻ രാജേന്ദ്രൻ സ്ഥിരീകരിച്ചതായിരിക്കും സുഗന്ധവല്ലിയുമായുള്ള വേഴ്ചാക്കഥകൾ. സുഗന്ധവല്ലിയ്ക് വീടു പണിയിച്ചു കൊടുത്തിരുന്നു സ്വാതി തിരുനാൾ എന്നത് ചരിത്രം. ഒരു അഫയറിലേക്ക് ഇതു വളർന്നിരുന്നോ? സാദ്ധ്യതയുണ്ട്. പാടാനുള്ള കഴിവിൽ ആകൃഷ്ടനായാണ് നാരായണിപ്പിള്ളയെ ഒരു സാധാരണകുടുംബത്തിലെ അംഗമായിട്ടു കൂടി സ്വാതി പത്നിയാക്കിയത്. നൃത്തവിദുഷിയായ സുഗന്ധവല്ലിയിൽ ആകൃഷ്ടനായെങ്കിൽ അദ്ഭുതമില്ല.കൂടുതൽ ചരിത്രം ചികയേണ്ടിയിരിക്കുന്നു. എന്റെ അതിവായനയായിരിക്കാം. പക്ഷെ അത്ര വിലപിടിപ്പുള്ള മോതിരം -അതും ഒരു വരി മുഴുവനാണ് അതിനെ വിശേഷിപ്പിയ്ക്കാൻ ചെലവാക്കിയിരിക്കുന്നത്- എന്തിന് ഇവിടെ കൊണ്ടു വന്നു? വില പിടിപ്പുള്ള പാരിതോഷികം കൊടുത്ത് പ്രീണിപ്പിക്കാൻ ശ്രമിക്കുന്നില്ലെ?

“അതിധീരം ജ്വലനപൂതം....’-അതിധീരം ഏതായാലും രാവണനെ കൊന്നതിന്റെ വിശേഷണമാകാൻ തരമില്ല. ജ്വലനപൂതത്തോട് ചേരുകയില്ലെ? പാണിനിമാരെ ഇവിടെ വരൂ.

Sethunath UN said...

എതിരന്‍ ജീ

ഒന്നാന്തരം ഗവേഷണം! ആഴ‌വും പരപ്പുമുള്ള വായനയും. നമസ്കാരം.
ഇതൊക്കെ ഇങ്ങനെയൊക്കെയാണ് എഴുതിയിരിയ്ക്കുന്നതെന്ന് ഇപ്പഴല്ലെ മ‌നസ്സിലായെ.

ഒരു സാധാരണ മ‌നുഷ്യനായ രാമന്‍ ഇത്രയഴികം ആദ‌ര്‍ശവല്‍ക്കരിക്കപ്പെട്ടതെങ്ങിനെ എന്നത് പല‌പ്പോഴും ചിന്തിക്കാറുണ്ട്. രാമന്‍ ബുദ്ധിശാലിയും തന്ത്രശാലിയും അത്യന്തം സ്വാര്‍ത്ഥനും ആയ ഒരു മ‌നുഷ്യനായിരുന്നു എന്നതാണ് ഇപ്പോഴുമീ ആദര്‍ശവല്‍ക്ക‌രിക്കപ്പെട്ട വായനക‌ള്‍ക്കും മറ്റും കാരണമെന്ന് തോന്നിപ്പോകുന്നു.വായിച്ച് അവനവന്റെ മ‌നസ്സിന് തോന്നുന്ന അ‌ര്‍ത്ഥം വ്യാഖ്യാനിച്ച് അത് വായിക്കുന്നവന്‍ അപ്പാടെ വിഴുങ്ങുന്നതിന്റെ കേടും ഇതിനു പിന്നിലുണ്ടെന്ന് കൂട്ടാം. അദ്ധ്യാത്മ‌രാമായണ‌ത്തില്‍ കൂടെക്കൂടെയുള്ള “നാരായണ‌ഫിക്കേഷന്‍ എഫക്ട്” അതുമാത്രം വായിച്ച് വിഴുങ്ങുന്നവന്റെ മന‌സ്സിന്റെയും മൌലികതെയുടെയും അപഹരണം കൂടിയാണ്. താന്‍ അജയ്യനാണ്.. പക്ഷേ.. നാരായണ‌നായ രാമനാല്‍ വധ്യനാണ് എന്ന് രാവണനെക്കൊണ്ടുപോലും ഏറ്റുപറയിപ്പിക്കുന്ന ഒരു വ്യാഖ്യാനമാണ് ല‌ക്ഷങ്ങ‌ള്‍ ക‌ര്‍ക്കിടമാസത്തില്‍ ജപിച്ച് മോക്ഷം തേടുന്നത് എന്ന‌തും കാണാതിരിക്കാന്‍ വയ്യ.

സാമാന്യയുക്തിക്ക് നിര‌ക്കാത്ത വായന അന്ധത്വം സൃഷ്ടിക്കും. സ്വാതിതിരുനാ‌ളും രാമ‌ന്‍ എന്ന ക‌ള്‍ട്ട് ഫിഗറിനെ കാച്ചിക്കുറുക്കിയ സംഗീതമ‌ധുര‌മായ വരികളില്‍ അവതരിപ്പിക്കുകയാണ് എന്ന വിമര്‍ശനാത്മ‌കമായ എതിര‌ന്റെ വായന വേറിട്ടത് തന്നെ. സംഗീതാംശങ്ങ‌ളെപ്പരിയുള്ള അറിവുകൂടെയാകുമ്പോ‌ള്‍ വായന കൊഴുക്കുന്നു.

മറ്റെന്തെങ്കിലും പറയുക ഈയുള്ള‌വനാല്‍ അശക്യം.

എതിരന്‍ കതിരവന്‍ said...

മണികണ്ഠൻ, പ്രിയ;
സന്തോഷം
ശ്രീഹരി:
സ്വന്തം സഹോദരൻ കാരണം പ്രശ്നമുണ്ടായതിനാൽ സഹോദരസ്നേഹം
പിളർത്തുക എന്നൊരു ഉദ്ദേശം ശ്രീരാമന് ഉണ്ടായിരുന്ന് എന്ന് വായിച്ചത് ആനന്ദ് എഴുതിയപ്പോഴാണ്.

എതിരന്‍ കതിരവന്‍ said...

വികടശിരിമണീ, താങ്ക്യൂ.
വാൽമീകി ആരേയും വെറുതേ വിട്ടിട്ടില്ല. മാനുഷികമായ ചാഞ്ചല്യസ്വഭാവക്കാരാണ് മിക്കവരും. സങ്കീർണവുമാണ് പാത്രസൃഷ്ടി. അതിനാൽ വേണ്ടതു മാത്രമെടുത്ത് ഓരൊ കഥാപാത്രത്തേയും അവനവനു വേണ്ടവിധം കുഴച്ചുരുട്ടി എടുക്കാം. നൂറ്റാണ്ടുകളോളം വെറും മനുഷ്യനായിരുന്ന ശ്രീരാമൻ സാമൂഹ്യാവശ്യത്തിനു ദൈവമായി മാറുകയായിരുന്നു. മരിച്ച് അധികം നാളാകാത്തവർ ദൈവമായി മാറുന്നത് നമ്മളും കണ്ടിട്ടുണ്ടല്ലൊ. തെയ്യങ്ങളിൽ.
അദ്ധ്യാത്മരാമായണത്തിന്റെ നേർതർജ്ജിമയല്ല എഴുത്തച്ഛന്റേത്. രാമനും സീതയുമൊക്കെ മാറുന്നുണ്ട്.”മൂലകൃതിയിലെപ്പോലെ രാമായണകഥാപാത്രങ്ങളെ എഴുത്തച്ഛൻ പൂർണ്ണമായും’അദ്ധ്യാത്മ’ വിദ്യാതത്ത്വങ്ങളാക്കി കൽ‌പ്പിച്ചിട്ടില്ല” എന്ന് ടി. പി. ബാലകൃഷ്ണൻ നായർ (തുഞ്ചൻ പ്രബന്ധങ്ങൾ-എഡി:കെ. എൻ. എഴുത്തച്ഛൻ).
“കാവ്യകലാതത്ത്വമനുസരിച്ച് ഒരു കാവ്യമെന്നനിലയിൽ നോക്കിയാൽ വൈരൂപ്യങ്ങളുടെ ഒരു സാരസസംഗ്രഹമാണ് അദ്ധ്യാത്മരാമായണം” എന്നും “അർത്ഥത്തെ അതിവർത്തിച്ചു മഴവില്ലു വിരിയുക്കുന്ന വാക്കുകളാൽ” എഴുത്തച്ഛൻ അതിനെ ഒരു ഉൽകൃഷ്ടകൃതിയാക്കിയെന്നും പി. കെ. ബാലകൃഷ്ണൻ (എഴുത്തച്ഛന്റെ കല).പി. ബാലചന്ദ്രന്റെ “മായാസീതാങ്കം” എന്ന നാടകത്തിൽ ശൂർപ്പണഖയെയും സീതയെയും ഇന്നത്തെ കെരളത്തിൽ കൊണ്ടു വന്നു ചോദ്യങ്ങൾ ചോദിക്കുന്നതു വരെ കാര്യങ്ങൾ എത്തിയത് വാൽമീകി കർടൻ വലിച്ചുമാറ്റി സസന്തോഷം കഥാപാത്രങ്ങളെ സ്റ്റേജിൽ നിന്നും ഇറക്കി വിട്ടതുകൊണ്ടാണ്. അവർ ഇന്നും നാടകശാലകൾ തേടി അലയുന്നു.

തിരുവനന്തപുരത്തെ മാനുസ്ക്രിപ്റ്റ് ലൈബ്രറി പരിശോധിച്ചാൽ സ്വാതി തിരുനാളിന്റെ ജീവിത കഥയിലെ അംശങ്ങൾ പിടി കിട്ടുമോ? നീലിമ ദൊരൈസ്വാമിയുടെ പഠനങ്ങൾ വായിച്ചിട്ടില്ല. എവിടെ കിട്ടും?

ചീര I Cheera said...

ഉഗ്രന്‍ ലേഖനം എതിരന്‍ ജീ!
ഒറ്റ തവണയേ വായിച്ചുള്ളൂ, ഇനീം വായിയ്ക്കണം.

എം.എസിന്റെ ശബ്ദത്തില്‍ കുട്ടിക്കാലം മുതല്‍ക്കു ദിവസവും ഈ കീര്‍ത്തനം കേട്ടുവളര്‍ന്നതിനാലാവും, പിന്നീട് കച്ചേരികളും കീര്‍ത്തനങ്ങളും മറ്റും കേട്ടും, കുറേയേറെ പഠിച്ചിട്ടും, ഇക്കാലമത്രയും ഈ കീര്ര്ത്തനം മറവിയിലായിപ്പോയത്.
ഇത്രയും വിശദമായി ഈ കീര്‍ത്തനത്തെ വായിയ്ക്കാനായതില്‍ നന്ദി.

എതിരന്‍ കതിരവന്‍ said...

പാഞ്ചാലീ, ചങ്കരൻ, ബഹുവ്രീഹി:
വായനയ്ക്കു നന്ദി.
ബ്ലോഗനാഥൻ:
1. ബാലി വധ്യനാണോ എന്നൊരു ചോദ്യമേ ഉണ്ടായിരുന്നില്ല. കബന്ധം വധിയ്ക്കപ്പെട്ട ശേഷം ദനു ആയപ്പോൾ പറഞ്ഞുകൊടുത്തതാണ് സുഗ്രീവനുമായി സഖ്യം ചെയ്യാൻ. സുഗ്രീവനെ രാജാവാക്കാൻ ബാലിയെ കൊന്നേ തീരൂ. ശ്രീരാമൻ ധാർമ്മികനാണെന്നും തന്നെ കൊല്ലാൻ വരികയില്ലെന്നും ബാലി വിശ്വസിച്ചിരുന്നു. താരയെ ഭാര്യയാക്കി എന്ന കുറ്റം പിന്നീടാണ് രാമൻ പുറത്തെടുത്തത്. അത് കുറ്റമാണെങ്കിൽ വധം നേരേ ആകാമായിരുന്നല്ലൊ. എന്തിനു ഒളിച്ചു നിന്നു കൊന്നു?

2. “സമൂഹമാകുമ്പോൾ പിടിച്ചു നിൽക്കാൻ...”? അതിനു ഭാര്യയെ തീയിലേക്കു തള്ളുകയോ? അതിരു കടന്ന യശോമോഹം തന്നെ ഇതിന്റെ പിന്നിൽ. “അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ അതു പറഞ്ഞാൽ പോരെ?

3. തീർച്ചയായും ആർക്കും ഇഷ്ടം പോലെ രാമനെ പുനർനിർമ്മിക്കാം; നിർമ്മിച്ചിട്ടുമുണ്ട്. സ്വാതി തിരുനാൾ സ്വന്തം രാമനെ പ്രത്യക്ഷമാക്കാൻ ചെയ്ത കാവ്യയുക്തികൾ അന്വേഷിക്കാനാണു ഞാൻ തുനിഞ്ഞത്. ആത്മാംശം നിർല്ലീനമാക്കിയിട്ടുമില്ലേ എന്ന സന്ദേഹവും.
4. രാമന്റെ മറ്റേ വശം രാവണൻ എന്ന വായന പണ്ടേ ഉണ്ടായിട്ടുണ്ട്. രാമന് നഷ്ടപ്പെട്ടതു പലതും രാവണന് ഉണ്ട്. ഒരുമാതിരി ക്ഷതിപൂർത്തിയും തുലനവും പോലെ.
“രാമായണാദികലിലെ കാണാപ്പുറങ്ങൾ (കെ. ആർ. നാരായണൻ) ഈ പ്രതീകത്മകതയെ വിശകലനം ചെയ്യുന്നുണ്ട്. ദശരഥൻ പത്ത് മനോരഥം ഉള്ളവനാണ്, പത്തു ഇന്ദ്രിയങ്ങ്ളുടേയും പുറകേ പായുന്നവൻ. പത്തു
മുഖമുള്ള രാവണൻ കീഴടക്കപ്പെടേണ്ട പത്ത് ഇന്ദ്രിയങ്ങൾ.പുത്രകാമേഷ്ടി വഴി ദശരഥന് ആത്മസംയമന്ം ഉണ്ടായി. അപ്പോൾ മനസ്സിൽ ഉണ്ടായ ആദ്ധ്യാത്മിക ജ്യോതിസ്സാണു രാമൻ. തന്മൂലമുണ്ടായ സംതൃപ്തിയും സമാധാനവുമാണു വൈദേഹി. വിദേഹത്തിൽ അതായതു ആത്മാവിൽ പിറന്നവൾ എന്നർത്ഥം.ഈ സംതൃപ്തിയെയും മനഃശാന്തിയേയും ഇന്ദ്രിയലോഭമോഹങ്ങൾ നഷ്ടപെടുത്തി. ഈ ഇന്ദ്രിയങ്ങളെ ജയിച്ചു വേണം ആത്മശാന്തി വീണ്ടെടുക്കാൻ. ഇങ്ങനെ വാൽമീകി “ഭൌതികേതരശക്തിയെ ഹൃദയത്തിൽ ആവാഹനം ചെയ്ത് അതിൽത്തന്നെ താദത്മ്യം പ്രാപിച്ച്സ്വേച്ഛാനുസരം ശരീരരഹിതരായ ആദ്ധ്യാത്മികപുരുഷന്മാരെ സങ്കൽ‌പ്പിച്ച് അവരെക്കൊണ്ടു തന്നെ നിസ്സർഗസുന്ദരമായൊരു നാടകം അഭിനയിപ്പിച്ച് കൃതകൃത്യനായിരിക്കുന്നു”.

പി. ആർ;
സന്തോഷം. ‘ഭാവയാമിയുടെ ചിട്ടപ്പെടുത്തൽ ശെമ്മാങ്കുടി ചെയ്തതിൽ അമർഷമുണ്ട് മധു വാസുദേവനെപ്പോലെ ചിലർക്ക്. ഒരു വാഗ്ഗേയകാരൻ ചിട്ടപ്പെടുത്തിയത് മാറ്റുന്നതോടെ ആവിഷ്കാരത്തിനു മേലുള്ള കടന്നുകയറ്റം വന്നു ഭവിക്കുന്നു എന്ന യുക്തി. സംഘട്ടനാത്മകമായ സംഭവങ്ങൾ നിറഞ്ഞ കാണ്ഡത്തിനു
നാട്ടക്കുറിഞ്ഞി യൊക്കെ നിബന്ധിച്ചതു ശരിയല്ലെന്നാണ് മധു വാസുദേവന്റെ അഭിപ്രായം.

Anonymous said...

Dear Ethiran,
thanks a lot for this writing.
It is also exciting to see we people discuss a bit on Valmiki, Swathi thirunal, Ezhuthachan etc.

After listening to MSS for many years, I got a recording of MDR singing Bhavayami. Since then, each time I listen to the song the whole Ramayana appears in front of my eyes, as you say, like in a movie.
Thanks again.

Ra

Anonymous said...

Ethiran, have seen a stage presentation of P. Balachandran's Mayaseethangam?

I love that play.
Ra

Calvin H said...

എതിരന്‍‌ജീ,

ആനന്ദിന്റെ എഴുത്ത് തന്നെയായിരുന്നു ഞാനും ഉദ്ദേശിച്ചത്.. പേരെടുത്ത് പറഞ്ഞില്ലെന്ന് മാത്രം...

പറയാതെ തിരിച്ചറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷം :)

bloganathan : ബ്ലോഗനാഥന്‍ said...

താങ്കളുടെ വാദമുഖങ്ങള്‍ വളരെ കാമ്പുള്ളവയാണു. നമസ്കാരം!

Anil cheleri kumaran said...

ഇതു ബ്ലോഗനയില്‍ വരേണ്ടതായിരുന്നു.

Unknown said...

പ്രിയ എതിരൻ:

വിശദീകരണത്തിനു നന്ദി.

ഏതു കലാസൃഷ്ടിയിലും, ഒരു ക്ലാസ്സിക്കൽ കീർത്തനത്തിൽ പോലും, രചയിതാവിന്റെ കൈയ്യൊപ്പിനൊപ്പം കാലഘട്ടം കൂടി മുദ്രിത മാകുന്നുണ്ടെന്നതു വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനു താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആട്ടക്കഥകളിലും ഇതു വ്യക്തമായി കാണം. 'കാടേ ഗതി നമുക്കെ'ന്നെഴുതുന്ന കോട്ടയത്തു തമ്പുരാനിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടടുത്തു 'ഭാഗമുള്ളതു പാണ്ഡവർക്കു കൊടുക്കണം' എന്നെഴുതിയ വയസ്കര മൂസ്സിന്റെ കൃതികളിലുമെല്ലാം ഈ സാമൂഹിക ബന്ധം ( സുനിലിന്റെ ഭാഷയിൽ 'രാഷ്ട്രീയം') വായിച്ചെടുക്കാം.

ലേഖനത്തിന്റെ മുഖ്യ ഉദ്ദേശ്യമതായിരിക്കേ, ഞാൻ മുമ്പുന്നയിച്ച ഭാഷാപ്രശ്നങ്ങൾക്കു രണ്ടാം പന്തിക്കേ, ഇരിപ്പടമുള്ളൂ...അങ്ങു സൂചിപ്പിച്ചതു പോലെ, വ്യാകരണ കുശലന്മാർ സമയം പോലെ പരിശോധിക്കട്ടെ.

ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ..

സ്നേഹ പൂർവ്വം

രാജശേഖർ.പി.വൈക്കം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വിഹത + അഭിഷേകം + അഥ അല്ലേ എന്നൊരു സംശയം.
എന്റെ ഗുരു പറഞ്ഞുതന്ന പാഠം അങ്ങനെ ആയിരുന്നു. വിഹിതമായിരുന്നെങ്കിലും തടസ്സപ്പെട്ടതല്ലെ? അപ്പോല്‍ വിഹതമായിരിക്കാം ശരി എന്നു ഞാന്‍ വിചാരിക്കുന്നു

എതിരന്‍ കതിരവന്‍ said...

പണിക്കർ സാർ:
ഇവിടെ കണ്ടതിൽ സന്തോഷം.
അഭിഷേകത്തിന്റെ കാര്യം-മൂന്നു പാഠങ്ങൾ കാണുന്നു. “വിഹതാഭിഷേകം” “വിഗതാഭിഷേകം“ “വിഹിതാഭിഷേകം”. ‘വിഹിതം’ ആകാൻ സാദ്ധ്യത കാണുന്നില്ല. പിന്നെ വരുന്ന “സഹിത’ എന്നതിനോട് പ്രാസം ഒക്കുന്നതിനാൽ ആരോ പാടി തെറ്റിച്ചതായിരിക്കും. “വിഗതം” =നഷ്ടപ്പെട്ടു പോയത് എന്നു ഇതിലെ ശ്രീരാമനെക്കുറിച്ച് സ്വാതി തിരുനാൾ എഴുതാൻ വകുപ്പില്ല.അപ്പോൾ ‘വിഹതം’ (ഇല്ലാതാക്കപ്പെട്ട) തന്നെ ശരി. ചൂണ്ടിക്കാണിച്ചതിനു നന്ദി.
തിരുത്തി എഴുതുന്നുണ്ട്.

“വിഗതാമഭിഷേകം” എന്നും പാടിക്കേൾക്കാറുണ്ട്. പാടാനെളുപ്പത്തിനു കണ്ടുപിടിച്ചതായിരിക്കുമിത്.

ശ്രീകുമാര്‍ പി.കെ said...

വളരെ നാള് കൂടി നല്ല ഒരു ലേഖനം വായിച്ച സന്തോഷമുണ്ടായി... അഭിനന്ദനങ്ങള്‍. ഇനിയും ഇതുപോലെ പലതും പ്രതീക്ഷിക്കുന്നു. കൊച്ചിലെ മുതല്‍ എന്നും രാവിലെ ക്ഷേത്രത്തില്‍ നിന്നും M.S ന്റെ ശബ്ദത്തില്‍ കേള്‍ക്കാറുള്ള ഈ ശ്ലോകത്തിന്‍റെ ആല്മാര്‍ത്ഥമായ വിവരണം ഇപ്പോഴാണ്‌ കാണുന്നത്. അര്‍ഥം മനസ്സിലാക്കി കേള്‍ക്കുമ്പോഴുള്ള ഒരു സുഖം ഇപ്പൊ ശരിക്കും അനുഭവപ്പെടുന്നു.

മനോജ് കുറൂര്‍ said...

പ്രിയ എതിരന്‍‌, ഗംഭീരമായി. ഇതിലെ അന്വേഷണത്തിനും വ്യാഖ്യാനത്തിനും നമസ്കാരം.

വ്യാകരണപ്രശ്നങ്ങള്‍ നിലനില്‍ക്കട്ടെ. (ഉണ്ട് എന്നുതന്നെ ഞാന്‍ ഇപ്പോഴും വിചാരിക്കുന്നു.പ്രത്യേകിച്ച് ‘അതിധീരം’ എന്ന വിശേഷണത്തിന്റെ കാര്യം. ആ ഖണ്ഡത്തില്‍ ദ്വിതീയവിഭക്തിയിലുള്ള ഏതു വിശേഷണത്തിന്റെയുംകൂടെ അതിധീരം മറ്റൊരു വിശേഷണമായിചേരും. ജ്വലനപൂത...തുടങ്ങുന്ന വാക്കിനല്ല, അതുള്‍പ്പെടുന്ന സമസ്തപദത്തിനേ അതു ചേരുകയുള്ളൂതാനും. ‘ആര്യശബ്ദം’(ആര്യാ എന്നു സ്ത്രീലിംഗം) പുല്ലീംഗം ആയതുകൊണ്ടുതന്നെ ദശരഥനെ സൂചിപ്പിക്കുന്നതാവാനല്ലേ സാധ്യത? അതെ, പരിമിതവിഭവനായ ഞാനെന്ന‘വയ്യാ’കരണന്‍ മാറി യഥാര്‍ഥപാണിനിമാര്‍‌ വരട്ടെ.)

എന്നാലും ഇതു മുന്നോട്ടു വയ്ക്കുന്ന സാംസ്കാരികരാഷ്ട്രീയം സാമ്പ്രദായികരീതിയില്‍നിന്ന് എത്ര വ്യത്യസ്തം! സാധാരണമെന്നു തോന്നാവുന്ന ഒരു കീര്‍ത്തനത്തില്‍നിന്ന് ഇത്രയൊക്കെ വായിച്ചെടുക്കുകയോ? എതിരനെ വീണ്ടും വീണ്ടും പ്രണമിക്കുന്നു.

മനോജ് കുറൂര്‍ said...

‘ആര്യഗൌതമി’ എന്നു കാളിദാസന്‍‌ ആര്യശബ്ദം സ്ത്രീലിംഗവിശേഷണമായി ഉപയോഗിച്ചിട്ടുള്ളതു വിസ്മരിക്കുന്നില്ല. ‘ആര്യസ്ത്രീ’ എന്നൊരുദാഹരണം മോണിയര്‍-വില്യംസ് നിഘണ്ടുവിലും കാണുന്നു. അപ്പോഴും‍ ആ ശബ്ദം മാത്രമായി സ്ത്രീയെ കുറിക്കാന്‍ പ്രയോഗിച്ചു കണ്ടിട്ടില്ല. സംശയം തീരുന്നില്ല. മറുപടി പ്രതീക്ഷിക്കട്ടെ :)‍‌ ‍

പ്രധാനചര്‍‌ച്ചാവിഷയം ഇതല്ല. ആവരുത്. എന്നാലും...

എതിരന്‍ കതിരവന്‍ said...

മനോജ്:
ഇവിടെ വന്നതിൽ വളരെ സന്തോഷം, നന്ദി.
“അതീവധൈര്യത്തോടെ അഗ്നിയാൽ ശുദ്ധമാക്കപ്പെട്ട....” എന്നാണു ആ ഖണ്ഡിക തുടങ്ങുന്നത്. അതാണു ഞാൻ ഉദ്ദേശിച്ചത്. ‘അതിധീരം‘ എന്നത് മുകളിലത്തെ വരിയിലാണെങ്കിലും ‘ജ്വലനപൂത ജനകസുത...’യോടാണു അതു യോജിക്കുന്നതെന്ന് ഉറപ്പിക്കാൻ ശ്രമിച്ചു. ‘ജ്വലനപൂത.’ത്തിന്റെ നേർവിശേഷണം എന്നു വന്നു പോയി. അതു തിരുത്തിയിട്ടുണ്ട്. ശ്രീരാമനെ ആ ഭാഗത്ത് ധൈര്യവാനാക്കാൻ സ്വാതി തിരുനാൾ തുനിഞ്ഞു എന്നുദ്ദേശം.

ശ്രീരാമനോട് കാട്ടില്പോകാ‍ാൻ പറഞ്ഞത് കൈകേയി ആണ്. ദശരഥൻ അല്ല. സ്വാതി തിരുനാളിനു ഇതു തീർച്ചയായും അറിയാം. രാജശേഖർ സൂചിപ്പിച്ചതു പോലെ ശ്രേഷ്ഠൻ, ഗുരു, അച്ഛൻ എന്നൊക്കെ ആര്യ പദത്തിനു അർത്ഥം വരാം. പക്ഷെ അതിനൊക്കെ ഉള്ള രണ്ടക്ഷരപദങ്ങൾ ധാരാളം അദ്ദേഹത്തിന്റെ കൈവശം ഉള്ളപ്പോൾൾ ‘ആര്യ’ എന്നു തന്നെ എന്തിനു പ്രയോഗിച്ചു എന്നാണ് എന്റെ സംശയം. അദ്ദേഹം ചിട്ടപ്പെടുത്തിയ പോലെ സാവേരിയിൽ ഇതു പാടുമ്പോൾ ആ പദം അവിടെ കൃത്യമായി യോജിച്ചിട്ടുണ്ടാവുമോ?

Dr.T.S.Madhavankutty said...

ഹാ!!!!! എതിരൻ ജീ
ഇപ്പോഴേ വായിച്ചു തീർന്നുള്ളു. ഒന്നിലധികം തവണ വായിക്കേണ്ടിവന്നു. ഇന്നിയും ഇടയ്ക്ക്‌ എടുത്തു നോക്കേണ്ടിവരുമെന്നു തോന്നുന്നു. ഒരു കോപ്പിയെടുത്തു വെയ്ക്കട്ടേ?
ബലേ ഭാഷ്‌!!! അല്ലാതെൻതുപറയൻ. കലക്കിയിട്ടുണ്ട്‌.
കുട്ടികൃഷ്ണമാരാരുടെ "വാത്മീകിയുടെ രാമൻ" ഇതിനോട്‌ ചേർത്തിവായിച്ചാൽ കൂടുതൽ രസമുണ്ട്‌. രാമൻ കാട്ടിൽ പോകൻ തെയ്യാറായതും, ശൂർപ്പണഖയേ ലക്ഷ്മണന്റെ സമീപത്തിലേയ്ക്കയച്ചതിന്റെ ഔചിത്ത്യത്തെകുറിച്ചുമൊക്കെ മാരാർ വിസ്തരിച്ച്‌ ചർച്ചചെയ്യുന്നുണ്ട്‌.
ആര്യശ്ബ്ദത്തിന്ന് ഇവിടെ അച്ഛൻ എന്നർത്ഥം പറയുന്നതാവും കൂടുതൽ ഉചിതം എന്നാണു എനിയ്ക്ക്‌ തോന്നുന്നത്‌.സംഗീതകലാനിധി T. K. ഗോവിന്ദറാവു compile & edit ചെയ്ത്‌ Ganamandir publications, Indiranagar, Chennai-, 2002-ൽ publish ചെയ്ത "Composition of Maharaja Swati Tirunal" ഏന്ന പുസ്തകത്തിൽ "വിപിനഗതമാര്യവാചാ" എന്ന രണ്ട്‌ പദങ്ങൾക്ക്‌ " One who was bound by the command of his father, went to forest" എന്നാണു അർത്ഥം പറഞ്ഞിരിയ്ക്കുന്നത്‌.
അതിൽ വ്യാഖ്യാനിയ്ക്കാതെ വിട്ടുപോയ ചമൽക്കാരപൂർണ്ണമായ വിശേഷണങ്ങൾ ഇനിയുമുണ്ടാല്ലൊ കുറേ. ഉദാഹരണത്തിന്ന്, "പതഗവരജടായുനുതം" എന്നതുതന്നെ. ആ പ്രകരണത്തിൽ ജടയുവിനെ “പതഗവരൻ" എന്നുവിളിച്ചതിലെ ഔചിത്യമൊക്കെ അങ്ങയാൽതന്നെ ചർച്ചചെയ്യപെടായിരുന്നുവെന്ന് തോന്നി.("ഗുഹനിലയഗതം", "കലിതവരസേതുബന്ധം" മുതലയവ).
ഏതായലും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ
മാധവൻ കുട്ടി

അരുണ്‍ കരിമുട്ടം said...

"പൂര്‍വ്വം രാമ തപോവനാധിനിഗനം
ഹൃത്വാ മൃഗം കാഞ്ചനം
വൈദേഹി ഹരണം ജടായൂ മരണം
സുഗ്രീവ സംസാരം ബാലി നിഗ്രഹം
പശ്ചാത്ത് രാവണ കുംഭകര്‍ണ്ണ നിധനം
ഹേതൃത് രാമായണം"

ഇത് രാമായണം ഒറ്റശ്ലോകം, നാം ജപിച്ചുള്ള പരിചയമാ,എഴുതിയപ്പോള്‍ തെറ്റുണ്ടങ്കില്‍ ക്ഷമിക്കുക.
ലേഖനം നന്നായിരുന്നു
mkula

VINOD said...

i will never write again, i thought every one writing blogs are idiots like me, thank you very much for sucha beautiful article

കിഷോർ‍:Kishor said...

കൊള്ളാം മാഷേ...

അങ്ങനെ ശ്രീ സ്വാതിതിരുനാളിനേയും കൌച്ചേൽ പിടിച്ചു കിടത്തി സൈക്കോഅനാലിസിസ് ചെയ്തു കളഞ്ഞു! മിടുക്കൻ :-)

kadathanadan:കടത്തനാടൻ said...

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

വികടശിരോമണി said...

അതുകലക്കി.കതിരവനെ വടകര ശിൽ‌പ്പശാലക്കു വിളിച്ചത്.വടകരവളവിലെ നാലാമത്തെ വീട്ടിലാ മൂപ്പര് താമസം.
കതിരവോ,ചെല്ലണേ:)

നിഷാന്ത് said...

ഹൗ! ഗംഭീരമായ ലേഖനം! അഭിനന്ദനം അറിയിക്കാതെ പോകാന്‍ തോന്നുന്നില്ല എതിരന്‍‌ജീ.
താങ്കളുടെ അര്‍പ്പണബോദ്ധത്തിനും ഭാഷാവ്യുല്‍‌പത്തിക്കും മുന്നില്‍ നമിക്കുന്നു.

മരമാക്രി said...

അണ്ണേ സുഖങ്ങള്‍ തന്നീ?

Cartoonist said...

കതിരില്‍ എതിരവാ,

ഞാനിത് നിരവധി വസന്തങ്ങള്‍ കൊണ്ട് ഖണ്ഡശ: ഫിനിഷ് ചെയ്യാനായി സൂഷിച്ചിരിക്യണേണ്.

പണ്ട്, നഥന്‍ എന്നൊരു കര്‍ട്ടൂണിസ്റ്റ് വാരഫലം കൃഷ്ണന്‍ നായരെപ്പറ്റി എഴുതിയത് ഓര്‍മ്മ വരുന്നു:

‘..... പ്രശസ്ത സ്കാന്ദിനാവികന്‍ (സ്കാന്‍ഡിനേവിയ അല്ല) സാഹിത്യകാരനായ ‘തുഴയോ കടവോ’യുടെ ദ ഴിവഴ് (റിവര്‍ അല്ല)എന്ന പുസ്തകം എന്റെ ദാരുമേശമേലിരിക്കുന്നു. തൊട്ടുനോക്കിയിട്ടില്ല. എങ്കിലും, ഒന്നു പറഞ്ഞോട്ടെ, എത്ര പ്രൊഢോജ്ജ്വലമാണത് !!! ‘

കമെന്റുകളില്‍ “ശ്ലോകത്തിന്‍റെ ആല്മാര്‍ത്ഥമായ വിവരണം..’ എന്ന ഭാഗം വളരെ പ്രൊഢോജ്ജ്വലമായി തോന്നി.

സജ്ജീവ്, ദ വണ്‍സ് ഏകപാണിനി :)

എതിരന്‍ കതിരവന്‍ said...

ശ്രീ മാ‍ാധവൻ കുട്ടി:
ഇവിടെ വന്നതിലും വായിച്ച് അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.
“ആര്യ വാചാ ‘ എന്നതിനു ‘അച്ഛൻ പറഞ്ഞിട്ട്’ എന്നൺ ഗോവിന്ദറാവു ഉൾപ്പെടെ പലരും പറയുന്നത്. പക്ഷേ ദശരഥൻ ശ്രീരാമനോട് നേരിട്ട് ഒന്നും പറയുന്നില്ല. അച്ഛൻ എന്നതിനു പകരം വയ്ക്കാവുന്ന വാക്കുകൾ നിരവധി ഉള്ളപ്പോൾ അതൊന്നും വയ്ക്കാമാ “ആര്യ’ എന്ന വാക്കു തന്നെ സ്വാതി തിരുനാൾ ഉപയോഗിച്ചതെന്താണെന്ന സംശയം ബാക്കി നിൽക്കുന്നു.
“പതഗവരജടായുനുതം’ ‘കലിതവരസേതുബന്ധം’ ഒക്കെ അങ്ങുപറഞ്ഞതുപോലെ സംഗീതമയമായ പദനിബന്ധനകൾ. സമസ്തപദങ്ങൽ കൊണ്ടുള്ള കളി.
പാക്കരൻ:
ലെഖനം ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം.
അരുൺ:
ആ ശ്ലോകമൊക്കെ ഓർക്കുന്നുണ്ടല്ലെ. നന്നായി. ചില വാക്കുകൾ വിട്ടുപോയിട്ടുണ്ടെന്നു തോന്നുന്നു.
വിനൊദ്;
നന്ദി.
അത്രയങ്ങോട്ട് സ്വയം ചെറുതാവാതെ.
കിഷോർ;
പിന്നെ, എനിയ്ക്കു സൈക്കൊ അനാലിസിസ് ചെയ്യാൻ അദ്ദേഹം കൌച്ചേൽ കിടന്നു തരികയല്ലെ...

നിഷാന്ത്:
അഭിനന്ദൻസ് വരവു വച്ചിരിക്കുന്നു.
സജ്ജീവ്;
‘കതിരേൽ പതിരവൻ’എന്നു പണ്ടു വിളിച്ചതു മറന്നിട്ടില്ല. എന്നാണ് ‘ഏകപാണിനി’ ആയത്?ഇടതുകയ്യുകൊണ്ടും വരയ്ക്കാതായപ്പൊഴൊ?

Ajit Namboothiri said...

great article,ujjwalam, I shall share this to my mailing friends

kanapram easwaran said...

"Arya" enna padathinu kaikeyi ennu artham illa.Athu Dasarathane soochippikkunnu

kombankulam said...

without sufficient knowledge of a language, sanskrit, you are strugling and not at all succesing in degrading Rama.the word "aaryavaachaa"" is a shashtheethatpurusha compound.so how can u explain it so.You,poor fellow, try to refer to the panini's sutram-"sthriyaa: pumvat bhashithapumskaadanoong samaanaadhikarane...".And after all, your arguments are utterly baseless and nonesense, as far as valmikiramayana and your topic are concerned.I don't appreciate your article,however i encourage u.Because U have yet to be well equipped to do genuin research work on a topic that is connected to sanskrit sources.(..anyhow..keep it up..god bless u- reality show judgement!)

S. Gopalakrishnan said...

ഇന്നാണ് വായിച്ചത്. അതി മനോഹരം എന്നല്ലാതെ എന്ത് പറയാന്‍!
സ്നേഹത്തോടെ, ഗോപാലകൃഷ്ണന്‍, ദില്ലി

എതിരന്‍ കതിരവന്‍ said...

കണപ്രം ഈശ്വരൻ, കൊമ്പങ്കുളം:
“ആര്യ’ എന്ന വാക്കിന്റെ സാംഗതത്തെക്കുറിച്ച് രാജശേഖർ എഴുതിയ കമന്റും ഞാൻ അതിനു എഴുതിയ മറുപടിയും കണ്ടില്ലെ?
എന്തുകൊണ്ട് ‘താത’ എന്നൊ അച്ഛന്റെ മറ്റു പര്യായങ്ങളോ സ്വാതി തിരുനാൾ ഉപയോഗിച്ചില്ല എന്നു ചിന്തിക്കുക.
ദശരഥൻ തന്നെ ഇതൊന്നും പറഞ്ഞില്ല എന്നതിൽ വ്യാകുലനുമാണ് ശ്രീരാമൻ.
“എന്നാലൊറ്റയുൾത്താപ-
മുള്ളു പൊള്ളിപ്പതുണ്ടൂ മേ
ചൊല്ലീലല്ലോ നൃപൻ താന്താൻ
ഭരതന്നഭിഷേചനം”
എന്നാണ് കൈകേയിയോട് പറയുന്നത്.

ശ്രീരാമനെ ‘degrade' ചെയ്യുക എന്നത് എന്റെ ഉദ്ദേശമേ അല്ല. രാമായണത്തിൽ നിന്നും തന്നെയാണ് പ്രസക്തഭാഗങ്ങൽ ഉദ്ധരിച്ചിരിക്കുന്നത്.
രാമായണത്തിലെ പാത്രനിർമ്മിതിയെപ്പറ്റി അന്വേഷിക്കാൻ സംസ്കൃതപാണ്ഡിത്യമൊന്നും വേണ്ട. വള്ളത്തോളിന്റെ ഒന്നാന്തരം തർജ്ജിമ ഉണ്ട്. ബാക്കി യുക്തി ഉപയോഗം.

ശ്രീരാമൻ സീതയെ ഭർത്സിച്ചു, മാംസം തിന്നു, മദ്യം കുടിച്ചു ഇതൊന്നും ഞാൻ ഉണ്ടാക്കിയെടുത്ത കാര്യങ്ങളൊന്നുമല്ല. അതൊക്കെ 'degrading' ആണെങ്കിൽ വാൽമീകി എന്തിന് അങ്ങനെ എഴുതി എന്ന് അന്വേഷിക്കുക.

Anonymous said...

സാന്ദര്‍ഭികത എന്ന വാക്ക് ഗൂഗ്ലി നടന്നപ്പോള്‍ കിട്ടിയതാണ് ഈ പോസ്റ്റ്‌..,..
ഘോരം ഘോരം...
മൂന്നു വര്‍ഷവും ആഹാന്‍ പോണൂ...
ഒരൊറ്റ പെണ്ണില്ല!! അസത്തുക്കള് പൈങ്കിളി നിര്‍ത്തി എന്നാണോ പഠനം തുടങ്ങുക!
എനിക്കെന്തോ രോഗമാണ്.
ഭാവയാമി രഘുരാമത്തെ പറ്റി പറയാന്‍ ഒന്നുമറിയില്ല, അതുകൊണ്ട് കൂടെ വാ പൊളന്നു പോയി!

Narayanan Nair said...

മിടുക്കൻ, മിടുമിടുക്കൻ. രാമനെ ഇങ്ങനെയൊക്കെ വർണിക്കുന്നതിനു അപാരജ്നാനം വേണം. വളരെ നന്നായി. ഒരുപാടു ആസ്വദിച്ചു തന്നെ വായിചു. നന്ദി നമസ്കാരം.