Sunday, August 11, 2024

മോഹങ്ങളുടെ ലാൽ: നടൻ്റേയും പ്രേക്ഷകൻ്റേയും

 

   ഏതൊരു ചെറുപ്പക്കാരനേയും പോലെ സിനിമയിൽ കയറിപ്പറ്റാനും നിലനിൽക്കാനും മോഹിച്ചെത്തിയ ലാലിനു കിട്ടിയ വേഷങ്ങൾ സ്വീകരിക്കുക എന്ന നിലപാടായിരുന്നു എന്നതിൽ അസ്വഭാവികതയില്ല. എന്നാൽ പൊതുസമ്മതി ഇത്രയേറെ കഥാപാത്രരൂപീകരണത്തേയും അതിൻ്റെ ആവിഷ്ക്കാരത്തേയും അതിൻ്റെ തെരഞ്ഞ്നെടുപ്പിനേയും ബാാധിച്ച മറ്റൊരു നടനുണ്ടോ എന്ന് സംശയം. മോഹങ്ങൾ- നടൻ്റേയും പ്രേക്ഷകരുടേയും- സാധിച്ചെടുക്കുന്നതിനിടയ്ക്ക് സ്വന്തം ഉള്ളിൻ്റെ ഉള്ളിൽ തുട്യ്ക്കുന്ന കലാവിദ്യാ നിപുണത കണ്ടെടുക്കാനും ആവിഷ്ക്കരിക്കാനും മോഹൻ ലാൽ എന്ന മനുഷ്യൻ എത്ര ഉൽസാഹം ഏറ്റെടുത്തു എന്നതും പരിശോധിക്കേണ്ടതുണ്ട് ഇപ്പോൾ. 

       വില്ലൻ്റേ വേഷത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ എത്തിയ സിനിമാമോഹിയ്ക്ക് പിന്നീട് കിട്ടിയ വേഷങ്ങൾ സ്വല്പം പെരുമാറ്റദൂഷ്യങ്ങളുള്ള കഥാപാത്രങ്ങളായിരുന്നു എന്നതും  ഉൽക്കർഷേച്ഛുവായ ഒരു  ആദ്യകാലനടനെ സംബന്ധിച്ചിടത്തോളം സ്വീകാര്യം തന്നെ. സ്വന്തം മോഹങ്ങളെ നിതാന്തം പിന്തുടരുന്ന ശീലം സൃഷ്ടിച്ചെടുത്ത നടനും വ്യക്തിയുമായി മാപ്പെടുകയായിരുന്നു പിൽക്കാലത്ത്. ലാലേട്ടൻഎന്ന സർവ്വാഭിസമ്മതനും പൊതുഡാർലിങ്ങ് എന്ന് തോന്നപ്പെടുന്നവനും  ആയ പേർഴ്സോണയിൽ കയറിക്കൂടിയത് കലാസപര്യയേക്കാൽ തൻ്റെ മോഹങ്ങൾ വിളിയ്ക്കുന്ന വഴി പോയ വിശാലമനസ്കൻ്റെ പ്രകൃതം അടിയൊഴുക്ക് സൃഷ്ടിച്ചിടുള്ളതിനാലാണ്.  തന്നിൽ ഉൾച്ചേർന്ന കലാധിഷണയേയും  ആവിഷ്ക്കാരപരതയേയും മൗലികതയേയും രചനാത്മകമായി വെളിവാക്കാൻ പരിശ്രമങ്ങൾ ഒരു കലാകാരൻ്റെ ധാർമികതയിപ്പെടുന്നതല്ലെ എന്ന ചോദ്യം എന്നും സംഗതമാണ്. പ്രേക്ഷകർ തനിക്കുവേണ്ടി സൃഷ്ടിച്ച മോഹവലയത്തിൽപ്പെട്ട്  അതിനു വശംവദനായി നിലനിൽപ്പും ഭാവിയും അതിൻ്റെ സ്വാധീനത്താൽ മാത്രം ഉരുത്തിരിയുക എന്നത് ശുദ്ധമായ കലാവിദ്യ അരിച്ചെടുത്ത് പ്രദർശിതമാക്കുന്നത്നു വിഘാതമായി വന്നേയ്ക്കാം എന്ന് ചരിത്രം ഘോഷിയ്ക്കുന്നുണ്ട്. 

  കഥാപാത്രപരിണാമംവും നടൻ്റെ പരിണാമവും  

      1980 കളുടെ ആദ്യപകുതിയിൽത്തന്നെ മോഹൻലാലിനു വേണ്ടിയുള്ള കഥാപാത്രനിർമ്മിതിയുടെ അത്യാവശ്യഘടങ്ങൾ ഉറപ്പിച്ചെടുക്കപ്പെട്ടിരുന്നു. പ്രതിനായക വേഷങ്ങളിലും അസ്വീകാര്യനായവൻ്റെ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന നടനുള്ളിലെ സ്വാരസ്യനിപുണത 1985 ആയപ്പൊഴേയ്ക്കും മലയാള സിനിമാ വ്യവസ്ഥ കണ്ട് പിടിച്ച് കഴിഞ്ഞിരുന്നു, പ്രിയദർശനും സത്യൻ അന്തിക്കാടുമാണ് പ്രധാനമായും ഇത് സാദ്ധ്യമാക്കിയത്. തികച്ചും ഒരു slap stick comedy ആയ പൂച്ചയ്ക്കൊരു മൂക്കൂത്തി (1984) യിൽ ഇത് പരീക്ഷിക്കപ്പെട്ട് തെളിഞ്ഞു കഴിഞ്ഞിരുന്നു.ഇതേ വർഷം സത്യൻ അന്തിക്കാട് കളിയിൽ അൽപ്പം കാര്യംഇൽക്കൂടി ഇത് ഉറപ്പിച്ചെടുക്കുകയും ചെയ്തു. 1985 ഇൽ മൂന്നു സിനിമകളിലൂടെ (അരം+അരം=കിന്നരം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിങ്ങ് ബോയിങ്ങ്) പ്രിയദർശൻ മോഹൻലാലിൻ്റെ കഥാപാത്രനിർമ്മിതി യിലെ അടിസ്ഥാനസ്വത്വഭാവം നർമ്മം തന്നെ എന്ന് തീരുമാനിച്ചു കഴിഞ്ഞു. 1986 ഇൽ പ്രിയദർശനും (മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ) സത്യൻ അന്തിക്കാടും വഴി (സന്മനസ്സ് ഉള്ളവർക്ക് സമാധാനം, പപ്പൻ, പ്രിയപ്പെട്ട പപ്പൻ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, റ്റി പി ബാലഗോപാലൻ എം എ) ഈ സ്വത്വനിർമ്മിതി ഒരു തിരിച്ചുപോക്കില്ലാത്തവണ്ണം ഉറപ്പിക്കപ്പെട്ടു. തെളിഞ്ഞ ഹാസ്യത്തിനു തിരക്കഥയും സംഭാഷണവും പുതിയ രീതിയിൽ ആവിഷ്ക്കരിക്കാൻ സമർത്ഥനായ ശ്രീനിവാസൻ ഇതോട് ചേർന്നതോടേ മോഹൻലാൽ കഥാപാത്രപരിണാമവും നടൻ എന്ന ആത്മാശത്തിൻ്റെ പരിണാമവും ഒന്നിച്ച് പൂർത്തീകരിക്കുകയായിരുന്നു. എന്നാൽ ഇതേ സമയം വ്യവസ്ഥയോട് പൊരുതുന്ന റിബെലിൻ്റെ പ്രതിരൂപവും ആഴത്തിൽ ഉറപ്പിച്ചെടുത്തു, തമ്പി കണ്ണന്താനത്തിൻ്റെ രാജാവിൻ്റെ മകൻ (1986) ഇലൂടെ. 1987 ഇൽ തമ്പി കണ്ണന്താനം ഇത് ആവർത്തിക്കുകയും ചെയ്തു (ഭൂമിയിലെ രാജാക്കന്മാർ) . ഇങ്ങനെ മോഹൻലാലിൻ്റെ രണ്ട് വ്യത്യസ്ത കഥാപാത്രസ്വത്വങ്ങൾ നിശ്ചയിച്ചെടുക്കപ്പെടുകയായിരുന്നു. ഐ വി ശശിയും മോഹൻലാലിനു ഗൗരവമേറിയ കഥാപാത്രങ്ങളാണ് നൽകിയത് (1985 ഇലെ രംഗം പോലെ) .പദ്മരാജനാവട്ടെ, സ്വല്പം  നർമ്മം കലരുന്ന സ്വഭാവക്കാരനായ. എന്നാൽ തൻ്റേടി ആയ നായകനെ അവതരിപ്പിക്കാൻ ഇക്കാലത്ത് ശ്രമിച്ചിട്ടുണ്ട് (നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 1986). ആദ്യം വില്ലൻ വേഷം നൽകി ആനയിച്ച ഫാസിൽ ഹാസ്യത്തിനു വേണ്ടി മോഹൻലാലിനെ ഉപയോഗിച്ചതും 1985 ഇലാണ് (നോക്കെത്താത്ത ദൂരത്തിൽ കണ്ണും നട്ട്). തൊഴിലില്ലാത്ത, ജോലി തേടുന്ന അഭ്യസ്തവിദ്യൻ്റെ ധർമ്മസങ്കടങ്ങൾ നർമ്മത്തോടേ ആവിഷ്ക്കരിക്കപ്പെട്ടപ്പോൾ -സത്യൻ അന്തിക്കാടും പ്രിയദർശനും മോഹൻ ലാലിനെ ഇതിനാണ് കൂടുതൽ ഉപയോഗിച്ചത്മലയാളി സ്വന്തം സ്വത്വം മോഹൻ ലാൽ കഥാപാത്രങ്ങളിൽ കാണപ്പെടുന്നു എന്ന തോന്നലിൽ ഈ നടനേയും കഥാപാത്രങ്ങളേയും അപ്പാടെ സ്വീകരിച്ചു, പൊതുസമ്മതിയിൽ ചേർത്തു. 1987 ഇലെ നാടോടിക്കാറ്റ് (സത്യൻ അന്തിക്കാട്) ഇതിൻ്റെ പരിപൂർണ്ണ ഉദാഹരണമായിരുന്നു. നായകൻ തന്നെ നർമ്മവും ഹാസ്യവും കൈകാര്യം ചെയ്യുന്നത് സ്വതവേ സ്വയം അപഹസിക്കപ്പെടുന്നതിൽ നർമ്മം കാണുന്ന മലയാളി മനോഭാവത്തോട് എളുപ്പം യോജിക്കപ്പെടുകയായിരുന്നു.  എല്ലാവരുടേയും സ്നേഹവാൽസല്യപാത്രം എന്ന സങ്കൽപ്പമാതൃക സ്വശരീരത്താൽ സൃഷ്ടിച്ചുകൊണ്ട്, അത് screen image ഉമായി സങ്കലിപ്പിച്ചു കൊണ്ട് തൻ്റെ ഇടം കണ്ടെത്തുന്നതിൽ മോഹൻ ലാൽ വിജയം നേടി. കുസൃതി സ്ഫുരിക്കുന്ന കണ്ണുകളും നർമ്മം ഒളിപ്പിക്കാതെ ഒളിപ്പിക്കുന്ന പുഞ്ചിരിയും ഇതോടപ്പമുള്ള മറ്റ് മാനെറസിങ്ങളും ഇഷ്ടതാരം എന്ന് പ്രഖ്യാപിക്കാൻ കാരണമാക്കി ജനഹൃദയങ്ങളിൽ ഈ നടൻ വേരുകൾ ആഴ്ന്നിറക്കി. ഈ സ്വരൂപത്തിനു പറ്റിപ്പോകുന്ന അവമതിയും ദുരന്തവും തങ്ങൾക്ക് സഹിക്കാൻ പറ്റാത്തതാണെന്ന് 1989 ഇലെ കിരീടം (സിബി മലയിൽ) സിനിമയുടെ പൊതുസ്വീകൃതിയും അംഗീകാരവും തെളിയിച്ചെടുത്തു.      

    മോഹങ്ങൾ-പരസ്പരസ്വാധീനം 

    സംവിധായകനും നടനും മാത്രമല്ല,  പ്രേക്ഷകരും പങ്കു ചേർന്നാണ് ഈ സ്വത്വനിർമ്മിതി സാധിച്ചെടുത്തത്. ഈ നടൻ്റെ മാനറിസങ്ങളും സംഭാഷണ വിക്ഷേപണങ്ങളും ചേഷ്ടകളും ഉൾക്കൊള്ളിച്ചാണ് വിൽപ്പനാസൂചകങ്ങൾ ഉടലെടുക്കുന്നത് എന്ന്  കാണികളാണ് തീരുമാനിച്ചത്. അതുകൊണ്ട് ജോഷിയും ഐ വി ശശിയും സിബി മലയിലും ഫാസിലും ഒക്കെ ഗൗരവപൂർണ്ണമായ കഥാപാത്രങ്ങൾ മോഹൻ ലാലിനെ ഏൽപ്പിക്കുമ്പോൾ ഇത് മനസ്സിരുത്തിയാണ് സ്ക്രിപ്റ്റ് കൈക്കൊള്ളുന്നത്. ജീവിതനിർണ്ണായകമോ സംഭ്രജനകമോ ആയ കഥാതന്തു ആണെങ്കിൽപ്പോലും ആവശ്യത്തിനു നർമ്മം കലർത്തി കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ടിരുന്നു. അമേരിക്കയിൽ നിന്ന് വരുന്ന വിദഗ്ധ സൈക്കിയാട്രിസ്റ്റ് ഹാസ്യാവതാരകനാകുന്നത് (മണിച്ചിത്രത്താഴ്) പ്രേക്ഷകർക്ക് പൂർണ്ണമായും വഴിമാറിക്കൊടുക്കേണ്ടതാണ് എന്ന അറിവാലാണ്. കടുത്ത ജീവിതക്ളേശങ്ങളേയും വെല്ലുവിളികളേയും നേരിടാൻ പോകുന്ന കഥാപാത്രമാണെങ്കിലും സിനിമയുടെ ആദ്യം മോഹൻലാൽ പട്ടി കടിയ്ക്കതെ തെങ്ങിൻ മുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന രംഗത്തിൽ സിനിമ തുടങ്ങേണ്ടി വരും (വരവേൽപ്പ്).  1988 ആയപ്പോഴേയ്ക്കും 140 ഇൽക്കൂടുതൽ സിനിമകൾ അഭിനയിച്ചു തീർത്തു, ഒരു വൻ ആരാധകവൃന്ദം (fan base) രൂപപ്പെട്ടും കഴിഞ്ഞിരുന്നു. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പുകൾ മാനിക്കേണ്ടത് അത്യ്വവശ്യം എന്ന രീതി നിലവിൽ വന്നു. ഉചിതമായ തിരക്കഥയും പാത്രസൃഷ്ടിയും ആഖ്യാനവും ഉണ്ടായിട്ടും കൂടി മോഹൻലാൽ കഥാപാത്രം ജീവിതത്തിൽ വെറുതെ തോറ്റു പോകുന്നത് ഈ ആരാധകവൃന്ദം സ്വീകരിച്ചില്ല എന്നത് സത്യമായി വന്നുകൂടി (പാദമുദ്ര, കഥാപാത്രങ്ങൾ:-മാതു പണ്ടാരം, സോപ്പ് കുട്ടപ്പൻ). പിന്നീട്1994 ഇൽ കുടുംബനിയമങ്ങളുടെ കാഠിന്യം ഏൽപ്പിച്ച ആഘാതത്തിൽ മാനസികനില നഷ്ടപ്പെട്ടവനെ ചിത്രീകരിച്ച പവിത്രംഉം ഈ ആരാധകർക്ക് രുചിച്ചില്ല. വ്യവസ്ഥ (establishment) യോട് പൊരുതി മരണമോ തോൽവിയോ സംഭവിക്കുന്നത്  (രാജാവിൻ്റെ മകൻ, കിരീടം, )  ഇതേ കൂട്ടർ  ഉദാരമായി സ്വീകരിച്ചു എന്നത് മോഹൻലാൽ കഥാപാത്രങ്ങളുടെ സ്വത്വനിർമ്മിതിയെക്കുറിച്ച് നടനും നിർമ്മാതാക്കളും സംവിധായകരും പഠിച്ച പാഠമാണ്, മോഹൻലാലിനു ഇതിൽ നിന്ന് രക്ഷപെടാനും സാധിച്ചില്ല. തൻ്റെ പിൽക്കാല സിനിമാരൂപീകരണങ്ങളിൽ ഈ പാഠത്തിൻ്റെ സ്വാധീനങ്ങൾ പ്രകടമായി എന്നതാണ് സത്യം. പ്രേക്ഷകരുടെ മോഹങ്ങൾക്ക് നടൻ്റെ മോഹങ്ങൾ വശംവദമായതിൻ്റെ ദൃഷ്ടാന്തം കൂടിയാണിത്. 

  നിറങ്ങളേ പാടൂ...... ആത്മവിശ്വാസം ചോരുന്നുവോ  

    ഈ സമതുലതാനിർമ്മിതിയിലെ പാളിച്ചകൾ ചിലപ്പൊഴെങ്കിലും  സിനിമകളെ പരാജയത്തിൽ എത്തിച്ചിട്ടുണ്ട്.  കാരണം നായകനടൻ തന്നെ ഹാസ്യത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നത് ഭാരിച്ച പണി തന്നെയാണ്.എങ്കിലും രസികത്തം കൈമുതലായിട്ടുള്ള മിമിക്രികലാകാരന്മാർ സംവിധായകരാകുമ്പോൾ (സിദ്ദിക്‌-ലാൽ)  ഗൗരവപൂർണ്ണമായ, സമൂഹരക്ഷകനായ കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാലിനെ തന്നെ  കണ്ടുപിടിച്ചത്  ചരിത്രം (വിയറ്റ്നാം കോളനി). സ്ഥിരം ഹാസ്യാവതരണക്കാരായ മുകേഷിനേയും മറ്റും വേണ്ടെന്ന് വെച്ചാണ് സിദ്ദിക്ക്ലാൽ ഈ തീരുമാനത്തിലെത്തിയത്. പ്രേക്ഷകരുടെ മനസ്സ് കണ്ടറിഞ്ഞ സംവിധായകൻ കമൽ ഗൗരവതരമായ വേഷങ്ങൾ ഈ നടനു നൽകുന്ന പതിവിൽ നിന്നും മാറി ജനങ്ങളുടെ ഇഷ്ടതോഴനായ രസികൻ എന്ന് പ്രഖ്യാപിക്കുന്ന കഥാപാത്രത്തിലേക്ക് സ്ഥാനാന്തരണം നടത്തി (അയാൾ കഥയെഴുതുകയാണ്).  സിനിമയിൽ എത്തിയിട്ട് രണ്ടു മൂന്നു വർഷങ്ങൾക്കകം പൊതുസമ്മതിയാർജ്ജിച്ച നടനു ഇത് അനായാസമായിരുന്നിരിക്കണം. 1983 ഇൽ 28 സിനിമകൾ, 84 ഇൽ 27, 85 ഇൽ 25 അങ്ങനെ കുത്തനെ ഗ്രാഫ് ഉയർത്തി 1986 ഇൽ 35 വരെ സിനിമകളിൽ അഭിനയിച്ച നടനു തൻ്റെ മോഹങ്ങൾ പ്രേക്ഷകമോഹങ്ങൾക്കൊപ്പമായിരിക്കണം എന്ന നിശ്ചയദാർഢ്യം വന്നു ഭവിച്ചാൽ അദ്ഭുതപ്പെടാനില്ല. വിഷമയമായ ആൺ അഹന്തകൾ തന്നാൽ ദൃശ്യമാക്കണമെങ്കിൽ ദാ ആയിക്കോളൂ എന്ന ഉദാരതയ്ക്ക് ന്യായീകരണവും സാദ്ധ്യമാണ്. തന്നിൽ വന്നു കയറിയ മംഗലശ്ശേരി നീലകണ്ഠന്മ്മാരേയും പൂവള്ളിൽ ഇന്ദുചൂഡന്മാരേയും ഇറക്കി വിടാൻ തന്നിലെ നടൻ സമ്മതിച്ചിട്ടുമില്ല. അഹം, വാനപ്രസ്ഥം, അദ്വൈതം മുതലായ സിനിമകളിലെ കഥാപാത്രങ്ങൾ ഗാംഭീര്യമിയന്നവ ആയിരുന്നെങ്കിലും മോഹങ്ങൾ മറ്റൊരിടത്താണ് ഉറപ്പിച്ചെടുക്കപ്പെട്ടത്. സ്വശരീരത്തിൽ വന്നു ഭവിച്ച സ്ഥൂലത, സ്ത്രീകഥാപാത്രങ്ങൾ ആത്മാഭിമാനത്തിൻ്റെ ചിലങ്കകൾ ദൂരെ വലിച്ചെറിഞ്ഞ് തൻ്റെ കാൽക്കൽ വീഴുമെന്ന പ്രതിരൂപത്തിൽ മാറ്റങ്ങൾ സംഭവിപ്പിച്ചോ എന്നുള്ള ആശങ്കയായിരിക്കണം അപരിചിതരായ ചെറുപ്പക്കാരികൾ തൻ്റെ ശരീരത്തിൽ മുട്ടിയുരുമ്മാൻ ത്രസിക്കുന്നവരാണെന്ന് മട്ടിലുള്ള രംഗങ്ങളിൽ അഭിനയിക്കാൻ താൽപ്പര്യം കാണിച്ചത് (മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആദ്യരംഗങ്ങൾ).     പ്രേക്ഷകരുടെ മോഹങ്ങളെ ഇനിയും തൃപ്തിപ്പെടൂത്താനുണ്ട് എന്ന നടൻ്റെ മോഹമാണ് മിച്ചം നിൽക്കുന്നത്. അതുകൊണ്ടായിരിക്കണം അഭിനയമല്ലാത്ത മറ്റ് മേഖലകളിലും പ്രാവീണ്യം തെളിയിക്കണം എന്ന തോന്നൽ വന്നു പോകുന്നത്. ഇത് അപഹാസ്യമാകുന്നു എന്ന തിരിച്ചറിവ് മോഹൻലാലിനു വന്നു പോയിട്ടില്ല.  തനിക്ക് പാടാൻ കഴിവുണ്ട് എന്ന് തെളിയിക്കാൻ നടന്ന ശ്രമങ്ങൾ പാളിപ്പോയത് ഇത്രയും അഭിനയസിദ്ധിയും പഴക്കവും തഴക്കവുമുള്ള അഭിനേതാവിനു ആവശ്യമില്ല എന്ന അറിവ് വളരെ താമസിച്ചാണ് വന്നുകയറിയത്. നേരത്തെ റെക്കോർഡ് ചെയ്ത പാട്ട് ലൈവ്’’ ആയി പാടുകയാണെന്ന് തെര്യപ്പെടുത്താനുള്ള ശ്രമം പാളിപ്പോയത്  സൂര്യകിരീടം വീണുടയുന്നതിനു സമാനമായിരുന്നു. 2009 ഇൽ ടെറിറ്റോറിയൽ ആർമി ലെഫ്റ്റനൻ്റ് കേണൽ പദവി നൽകി ആദരിച്ചപ്പോൾ പട്ടാളക്കാരുടെ ഇടയിൽ ചെന്ന് അഭ്യാസങ്ങൾ കാണിക്കാൻ  തുനിഞ്ഞതും ആത്മവിശ്വാസം ചോരുന്നതിൻ്റെ ലക്ഷണമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

  ഒരു നടനു തൻ്റെ വിധി പലപ്പോഴും തൻ്റെ കൈകളിൽ ഒതുങ്ങുന്നതല്ല. മോഹൻലാലിൻ്റെ നടൻ എന്ന സ്വത്വവും പ്രേക്ഷകർ അദ്ദേഹത്തിനു അംഗീകരിച്ചു കൊടുത്ത സ്വത്വവും രൂപികരിക്കപ്പെടുവാൻ പ്രിയദർശനും (8.7% സിനിമകൾ) സത്യൻ അന്തിക്കാടും (5.3% സിനിമകൾ) മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇത് അടിയുറച്ചതോടെ നർമ്മവും ഹാസ്യവും നടനസ്വത്വത്തിൽ സദാ ഉൾച്ചേർന്ന് പോയിട്ടുണ്ട്. കാണികളുമായുള്ള ഈ ഒത്തുതീർപ്പിൽ നിന്ന് പുറത്തു കടന്ന് ആന്തരികമായ നടനകലയെ പുഷ്ക്കലമാക്കാനോ പുതുമകൾ ഉൾച്ചേർത്ത് ആന്തരികമായ സവിശേഷതകളും ഉൾക്കോണുകളിലെ സംഘർഷങ്ങളും വിഭ്രമാത്മകമായ വ്യാപാരങ്ങളും വിദിതമാക്കേണ്ടി വരുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കാൻ കഠിനപരിശ്രമങ്ങൾ വിരളമായേ നടത്തിയുള്ളു  എന്നത് ഇപ്പോൾ സംഗതമാണ്. അതിനു വേണ്ടുന്നതായുള്ള എല്ലാ വിഭവങ്ങളും അദ്ദേഹത്തിൻ്റെ പക്കൽ ഉണ്ടെന്നുള്ളത് സത്യമാണെന്ന് ധരിക്കേണ്ടതുമാണ്. നടനകലയിൽ പഴക്കവും പരിചയവും വ്യുൽപ്പത്തിയും ഉദാരമായിട്ട് ഉൾച്ചേർന്ന സ്വന്തം സ്വത്വത്തെ ആഴത്തിൽ പഠിച്ചെടുത്ത്, നൂതനാവിഷ്ക്കാരങ്ങൾക്ക് വശംവദനാകാൻ സ്വയം പ്രേരിപ്പിച്ച്,  പ്രേക്ഷകസമക്ഷം ക്രിയാന്വിതമാക്കി  ഉള്ളിലെ നടനെ ഇനിയും സ്വതന്ത്രനാക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ല. ശുദ്ധമായ ആത്മവിഷ്ക്കാരത്തിലേക്കുള്ള ഒരു പ്രയാണമോ അനുചരണം തന്നെയോ ആണ് കലാകാരൻ്റെ ആവിഷ്ക്കാരപരതയുടെ നിദർശനം,, പരമമായ വിജയം എന്ന ഒരു അന്തിമ ഘട്ടപ്രാപ്തി അല്ല.

 

 

 

ചിത്രം 1. മോഹൻലാൽ ഓരോ വർഷവും അഭിനയിച്ച സിനിമകളുടെ ഗ്രാഫിക് ചിത്രീകരണം. (കടപ്പാട്: M3DB.com)

 

   

ചിത്രം 2   മോഹൻലാൽ സിനിമകൾ സംവിധാനം ചെയ്തവർ, ശതമാനക്കണക്കിൽ.     പ്രിയദർശൻ=8.7%,   ഐ. വി. ശശി=6.2%, സത്യൻ അന്തിക്കാട്=5.3%, ശശികുമാർ =4.8%, ജോഷി=4.2%, സ്ബി മലയിൽ=3.6%, ഫാസിൽ=2.5%

 

(കടപ്പാട്: M3DB.com)