Friday, May 3, 2024

മണലാരണ്യജീവിതം- ബ്ളെസ്സിയുടെ ആടുജീവിതം

 

    ഗൾഫ് മലയാളികളുടെ ജീവിതത്തിൻ്റേ നേർചിത്രങ്ങൾ ദൃശ്യപ്പെടുത്തുന്ന അധികം സിനിമകൾ നമുക്കില്ല. പ്രത്യേകിച്ചും അവശരുടേതും, ആർത്തരുടെയും, നിന്ദിതരുടെയും പീഡിതരുടേയും.കേരളത്തിൻ്റെ സമ്പദ് ഘടന അഴിച്ച് പണിത് ഉറപ്പിച്ചെടുത്തവരുടെ യഥാർത്ഥ കദനകഥകൾ കുറെയുണ്ടെങ്കിലും അറബിക്കഥ’ ,ഡയമണ്ട് നെക്ലേസ്പോലെയുള്ള സിനിമകൾ നർമ്മത്തിൻ്റെ മേമ്പൊടി ചാലിച്ച് രസാവഹമാക്കിയെടുക്കപ്പെട്ടതാണ്. 1980  ഇൽ വിൽക്കാനുണ്ട് സ്വപ്നങ്ങൾതുടക്കമിട്ടതാണ് ഗൾഫ് എന്ന വാഗ്ദത്തഭൂമിയുടെ മറുവശം കാട്ടിത്തരുന്ന ആഖ്യാനപദ്ധതിയ്ക്ക്. 1983 ഇൽ ഇറങ്ങിയ വിസസിനിമയിൽ ഗൾഫ് സ്വപ്നം യാഥാർത്ഥ്യമാക്കാൻ തുനിയുന്നവർ എത്രമാത്രം തട്ടിപ്പിനു ഇരയാകുന്നു എന്ന ആഖ്യാനമുണ്ടെങ്കിലും ഗൾഫ് നാടൂകളിൽ എത്തപ്പെട്ടവർ വശംവദരാകുന്ന പീഡനങ്ങളോ കൊടും സഹനങ്ങളോ അത്രയധികം ദൃശ്യപ്പെടുത്തിയിട്ടില്ല, ‘ഗദ്ദാമപോലെ ചുരുക്കം സിനിമകളിൽ അത്തരം രംഗങ്ങൾ  ഉണ്ടെങ്കിലും  ഈ സിനിമകളിലൊന്നും ഗൾഫിലെത്തപ്പെടുന്നവരുടെ രണ്ടു രീതിയിലുള്ള ഹിംസയെ, തദ്ഭവമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു എന്ന ആഖ്യാനപദ്ധതിയില്ല. ഈ രണ്ട് കാര്യങ്ങളിൽ ഒന്ന് കൊടും ചൂടാണ്, പച്ചപ്പ് ഇല്ലായ്മയും. മറ്റൊന്ന് അറബിയുടെ കാട്ടുനീതിയും അടിമകളോടുള്ളതുപോലെയാകുന്ന പീഡനോൽസുകതയും. 

 ഈ പശ്ചാത്തലത്തിലാണ് 2008 ഇൽ ആടുജീവിതം എന്ന നോവൽ മേൽപ്പറഞ്ഞ ഹിംസാത്മകതയുടെ നേർവിവരണങ്ങളുമായി പ്രത്യക്ഷപ്പെട്ടത്. ആടുജീവിതത്തെ വ്യത്യസ്തമാക്കുന്നത് മണലാരണ്യം എങ്ങനെ പ്രതിബന്ധവും പീഡനവും സൃഷ്ടിയ്ക്കുന്നു എന്നതും ഉൾപെടുത്തുന്നു എന്നതാണ്. നജീബിനു വെല്ലുവിളിയായ്തും വിസ്തൃതമായി പരന്ന് കിടക്കുന്ന ചുടുമണൽക്കാടാണ്, അതിലെ പ്രത്യേകജീവിതരീതിയോട് പൊരുത്തപ്പെടുന്നതിലെ ദുഷ്ക്കരതയാണ്. ഒരു മലയാളിയെ സംബന്ധിച്ച് വെള്ളം എന്നത് ഒഴിവാക്കിയുള്ള ജീവിതചര്യകളോട് ഒരിയ്ക്കലും പൊരുത്തപ്പെടാനാവില്ല. പരിസ്ഥിയും പ്രകൃതിയും കാലാവസ്ഥയും ഹിംസാത്മകമാകുന്നത് മണൽരാജ്യങ്ങളോളം മറ്റൊരിടത്തുമില്ല. നേരത്തെ തന്നെ ഗൾഫിൽ ഒറ്റപ്പെട്ട് പോകുന്നവൻ്റെ കദനകാഠിന്യം രണ്ട് പാട്ടുകളിലൂടെ മലയാളി വ്യക്തമായി അനുഭവിച്ചറിഞ്ഞതാണ്. എത്രയും ബഹുമാനപ്പെട്ട എൻ്റെ ഭർത്താവ് വായിച്ചറിയാൻഎന്നതും അതിനു മറുപടിയായുള്ള അബുദാബീലുള്ളോരെഴുത്തു പെട്ടി...  എന്നതും. എന്നാൽ ബെന്യാമിനു പറയാനുണ്ടായിരുന്നത് കാൽപ്പനിക കഥയല്ല, നജീബ് എന്ന മനുഷ്യൻ നേരിട്ട് അനുഭവിച്ച ദൈന്യതയുടെ സത്യം ആയിരുന്നു. ഭാവന ധാരാളം കൂട്ടിക്കലർത്തിയിട്ടുണ്ട് എന്ന് നോവലിസ്റ്റ് സമ്മതിക്കുന്നുണ്ടെങ്കിൽപ്പോലും.  കത്തിടപാടുകൾക്ക് പോലും അപ്രാപ്യമായ  ഇടങ്ങളിൽ മലയാളി എത്തപ്പെടുന്നുണ്ടെന്നും എഴുതപ്പെടാത്ത കഥകൾ ഗൾഫ് മലയാളിയുടെ ദൈന്യതാചരിത്രത്തിൽ മണൽ മൂടിക്കിടപ്പുണ്ടെന്നും പൊടുന്നനവേ വ്യക്തമാക്കുകയായിരുന്നു ഈ നോവൽ. ഗൾഫ് മണലാരണ്യങ്ങളിൽ നിരവധി ഹക്കീമുകളുടെ അസ്ഥിപഞ്ജരങ്ങൾ സഹനത്തിൻ്റെ ചുടുതരികൾക്കടിയിൽ കിടപ്പുണ്ടെന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു ആടുജീവിതം 

  നോവലുകൾ സിനിമയാക്കുമ്പോൾ അപകടങ്ങളുണ്ട്. നോവൽ വായിച്ചവർ അവരുടെ മനസ്സിൽപ്പതിഞ്ഞ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും തങ്ങളുടെ ഭാവനയിൽ സ്വന്തം രീതിയിൽ പ്രതിഷ്ഠിച്ചിട്ടുണ്ടാവണം. കഥ നൽകുന്ന സ്വാതന്ത്ര്യമാണത്. പക്ഷേ ഒരു സിനിമാക്കാരനു പരിമിതികൾ ഉണ്ട്,  കൃത്യമായ നിജപ്പെടുത്തിയ കഥാപാത്രങ്ങൾ, സംവിധായകൻ്റെ മനസ്സിലുള്ളത് പ്രേക്ഷകസമക്ഷം അവതരിക്കപ്പെടുകയാണ്, അതിൽ ഭാവനയോ തെരഞ്ഞെടുപ്പുകളോ കൂട്ടിച്ചേർക്കാൻ സാദ്ധ്യമല്ല. സിനിമ എക്കാലത്തും പ്രസിദ്ധ നോവലുകളിൽ നിന്ന് വേർപെട്ട് നിന്നിട്ടുണ്ട്. പക്ഷേ ദൃശ്യങ്ങളും അവ അടയാളപ്പെടുത്തുന്നതോ വിപുലീകരിക്കുന്നതോ ആയ ഭാവനകളും സിനിമയ്ക്ക് തുറസ്സും സ്വാതന്ത്ര്യവും നൽകുന്നുണ്ട്, അത് സംവിധായകൻ്റെ തീരുമാനം മാത്രമായിരിക്കുകയും ചെയ്യും. നോവൽ വായിച്ച് അനുഭവിക്കുന്നതും സിനിമ പ്രക്ഷേപണം ചെയ്യുന്നതും രണ്ടും രണ്ടാണ്. പ്രേക്ഷകനും സംവിധായകനും ഈ ദ്വന്ദനിർമ്മാണം വെല്ലുവിളികൾ ഉയർത്തും, നിശ്ചയമാണ്. നോവലിൽ വായിച്ചതെല്ലാം അതേപടി ദർശിക്കാനുള്ള വെമ്പൽ സിനിമാ കാണാൻ പോകുമ്പോൾ മാറ്റിവെയ്ക്കേണ്ടി വരുന്നു, ഇക്കാരണത്താൽ. 

   ബ്ളെസ്സിയുടെ ആടുജീവിതംഅതുകൊണ്ട് തന്നെ ബെന്യമിൻ്റെ ആടുജീവിതം അല്ല. തിരക്കഥയും സംഭാഷണങ്ങളും ബ്ളെസ്സി നിശ്ചയിച്ചുറപ്പിച്ചതാണ്, അതിൻ്റേതായ വ്യക്തിമുദ്രകൾ വിലയിപ്പിച്ചു കൊണ്ട് തന്നെ. ഒറ്റപ്പെടലിൻ്റേയും  നിസ്സഹായതയുടേയും കൊടിയ പീഡനത്തിനു ഇരയാവുന്നവരുടേയും കഥ തന്നെയാണ് നോവലിലും സിനിമയിലും. എന്നാൽ നോവലിലെ നജീബ് തന്നെയാണ് സിനിമയിലെ നജീബ് എന്ന് വാശിപിടിയ്ക്കാനാവില്ല. ആടുകളെ സ്നേഹിച്ചും പ്രണയിച്ചും ഒരു ആടു തന്നെ ആയിത്തീർന്നെന്ന് വിശ്വസിക്കുന്ന നജീബിനെ, ബെന്യമിൻ്റെ പുസ്തകത്തിൻ്റെ പുറം ചട്ടയിൽ കെ ഷെരീഫ് വരച്ച ആടിൻ മുഖമുള്ള നജീബിനെ, ഇപ്പോൾ ഒരു signature motif ആയിക്കഴിഞ്ഞ ആ പ്രസിദ്ധ സൂചനയെ പാടേ ഒഴിവാക്കിയിട്ടുണ്ട് സംവിധായകൻ. ബ്ളെസ്സിയുടെ സിനിമ തീർച്ചയായും അതിജീവനത്വരയുടെ നേർക്കാഴ്ച്ചാദൃശ്യപരത തിങ്ങി നിറഞ്ഞതാണ്, നജീബിൻ്റെ അനുഭവങ്ങളോടൊപ്പം പ്രേക്ഷകനേയും കൂടെക്കൊണ്ടു പോകുന്നതിൽ ബ്ളെസ്സി വിജയിച്ചിട്ടുമുണ്ട്. തൻ്റെ പതിവ് രീതികളിൽ നിന്നും മാറ്റിപ്പിടിയ്ക്കാൻ ഏറെ യത്നിച്ചിട്ടുണ്ട് അദ്ദേഹം എന്നും സമ്മതിക്കേണ്ടിയിരിക്കുന്നു. ആഖ്യാനത്തിൽ പുതുമകൾ കൊണ്ടു വരാനും ദൃശ്യങ്ങൾ കൊണ്ട്  കഥപറയാനും ശ്രമങ്ങളുണ്ട്. പക്ഷേ ബ്ളെസ്സിയ്ക്ക് പ്രിയംകരമായ മെലൊഡ്രാമ അവിടവിടെ നിയുക്തമാക്കാൻ മറന്നിട്ടില്ല എന്നതും സത്യമാണ്. 

  പല ന്യൂനതകളിൽ നിന്നും സിനിമയെ രക്ഷിച്ചു നിറുത്തുന്നത് നജീബ് ആയി മാറിയ പൃഥ്വിരാജിൻ്റെ അർപ്പണബോധവും കഥാപാത്രത്തിലേക്ക് പ്രവേശിക്കാൻ ഉൾച്ചെലുത്തിയ കടുത്ത ആവേശവുമാണ്. സ്വശരീരത്തെ കഥാപാത്രത്തിനു വിട്ട് കൊടുത്ത് അതിനൊട് താദാത്മ്യം പ്രാപിക്കാൻ ഇത്രയും പ്രയത്നം ഇൻഡ്യയിൽ മറ്റൊരു നടൻ ഏറ്റെടുക്കുകയില്ല എന്ന് നിശ്ചയമാണ്. സിനിമയുടെ പ്രാതിനിദ്ധ്യാംശം പരിപൂർണ്ണമാകുന്നത് പൃഥ്വിരാജിൻ്റെ ഈ ഉദാരവും ഗാഢവുമായ പ്രതിബദ്ധത കൊണ്ട് തന്നെ. പല രംഗങ്ങളുടേയും വിശ്വാസത ഉറപ്പിച്ചെടുക്കുന്നതും ഈ നടൻ്റെ കൂട് വിട്ട് കൂട് മാറൽ  ചാതുര്യപ്രതിഭാസം തന്നെ. 

  മണലാരണ്യം എന്ന കരാളവന്യത, മണലാരണ്യം എന്ന സുന്ദര പ്രകൃതി 

   സിനിമയ്ക്ക് ബലമേറ്റുന്ന വസ്തുത പ്രധാനമായും മണലാരണ്യത്തെ ഒരു കഥാപാത്രമാക്കിക്കൊണ്ടാണ് കഥ വികസിക്കുന്നത് എന്നതാണ്. നജീബിൻ്റെ ജീവിതത്തെ ചുരുക്കിയമർത്തിയത് മണലാരണ്യത്തിൻ്റെ ഹിംസാത്മകസ്വരൂപമാണ്. രക്ഷപെടാൻ പഴുതുകളില്ലാതെ അത് മനുഷ്യനെ അമർത്തിയടയ്ക്കുന്നു. അതിൻ്റെ ചൂടുമായി പൊരുത്തപ്പെടാനാലുള്ള ശരീരപ്രകൃതിയേ ഫിസിയോളജിയോ മാനസികനിലയോ മലയാളികൾക്കില്ല.  അതിൻ്റെ നീതി മറ്റൊന്നാണ്. ആഹാരക്രമങ്ങൾ തികച്ചും വ്യത്യസ്തമാണ്. വെള്ളമില്ലായ്മയുമായി പൊരുത്തപ്പെട്ടു പോകേണ്ടതുണ്ട്. എല്ലാ വെള്ളവും കുടിയ്ക്കാനുള്ളതാകണമെന്നില്ല, വിഷമയമായേക്കാം അത്. മണൽക്കാടിൻ്റെ വിശാലത തന്നെയാണ് അതിൻ്റെ അജയ്യതയുടെ മുഖമുദ്ര. അതിനെ  കീഴ് പ്പെടുത്താൻ ശ്രമിക്കുകപോലുമരുത്. പ്രകൃതിയുടെ ഓജസ് ദാതാവായ മഴയെ പേടിക്കുക എന്നതാണ് അരണ്യാധിവാസികൾക്കുള്ള ബോധനീതി. നജീബ് അവിടം വിട്ട് പോയില്ലെങ്കിൽ എന്തു സംഭവിക്കും എന്ന് ഭീതിദമായി വരച്ചുകാട്ടിയിടുണ്ട് സിനിമയിൽ, ഒരു ഹിന്ദിക്കാരൻ്റെ  വ്യർത്ഥജീവിതവും, പ്രത്യേകിച്ചും  ദുരന്തമരണവും ദൃശ്യപ്പെടുത്തിക്കൊണ്ട്. ദുർബ്ബലശരീരം കഴുകന്മാർക്ക് വിട്ടു കൊടുക്കുകതന്നെ. ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ തന്നെ നൂറുകണക്കിനു വിഷപ്പാമ്പുകൾ കൊല്ലാൻ ഇഴഞ്ഞു നടപ്പുണ്ട്. പൊടിക്കാറ്റുകൾ നമ്മളെ പൂഴിയിലാഴ്ത്തിക്കളയുകയോ അന്ധരാക്കുകയോ ചെയ്തേക്കാം.  മണലാരണ്യത്തിൻ്റെ ഭീകരഹിംസ എത്ര ഭയാനകമാണെന്ന് ഹക്കീമിൻ്റെ മരണം ദൃശ്യപ്പെടുത്തി നമ്മെ   ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ആവശ്യത്തിൽ അധികം നീണ്ടുപോയ നജീബിൻ്റെ രക്ഷപെടൽ യാത്ര ഇതൊക്കെ വെളിവാക്കിത്തരുന്നുണ്ട്. മണൽക്കാടുമായി കൂടുതൽ പരിചയപ്പെട്ടിട്ടുള്ള ഇബ്രാഹിം  ഖാദരിയുടെ അറിവ് വഴിയാണ് ഈ കരാളത വിശദീകരിക്കപ്പെടുന്നത്. 

   ഇതിനു ഒരു വിപരീതം ചമ്യ്ക്കാനെന്നവണ്ണം നജീബിൻ്റെ ആറാടുപുഴ/കായകംകുളം ഭാഗത്തെ ജലസമൃദ്ധിയും അവിടെ വെള്ളവുമായുള്ള ഗാഢബന്ധവും ചിത്രീകരിക്കുന്നുണ്ട്, ഫ്ളാഷ് ബാക് എന്നവണ്ണം. അച്ചൻ കോവിലാറ്റിൽ ആഴത്തിൽ മുങ്ങി മണ്ണു കോരുന്നവൻ ആയിരുന്നു നജീബ്. ഭാര്യയുമൊത്ത് ജലകേളികളുമുണ്ട്.  ഒരു പാട്ടും. പക്ഷേ ഈ രംഗങ്ങൾ വലിച്ചു നീട്ടി പൈങ്കിളിവൽക്കരിച്ച് സിനിമയുടെ കരുത്തുള്ള ഉടലുമായി തീരെ ചേരാതെ നിൽക്കുന്നവിധം സംവിധാനം പാളുന്നുണ്ട്. പിന്നെ വരാൻ പോകുന്ന ആഖ്യാനരീതിയ്ക്കും  സിനിമാറ്റിക്  തീവ്രതയ്ക്കും കളങ്കമേൽപ്പിക്കുന്ന വിധത്തിലാണ്   ചിത്രീകരണം. ഒരു സുന്ദരിപ്പെണ്ണിൻ്റെ പാട്ടും ചേഷ്ടകളുമില്ലെങ്കിൽ സിനിമ വിജയിക്കുകയില്ല എന്ന തെറ്റിദ്ധാരണ ഇന്നും നിലനിൽക്കുന്നത്രെ. . കൃതഹ്സ്തനായ ഒരു സംവിധായകൻ്റെ കയ്യൊപ്പ് ഉടനീളം പതിയേണ്ട സിനിമയ്ക്ക്  ദുർബ്ബലത സമ്മാനിക്കുകയാണ്  തെല്ലും ആഴമില്ലാത്ത ഈ രംഗങ്ങൾ. 

   മരുഭൂമിയുടെ വന്യതയ്ക്കും ഹിംസാത്മകതയ്ക്കും ഒപ്പം  അതിൻ്റെ മറ്റൊരു മുഖമെന്നവണ്ണം സിനിമ അത്യന്തം മനോഹരങ്ങളായ ദൃശ്യങ്ങൾ കാട്ടിത്തരാൻ ഒരുമ്പെടുന്നുണ്ട്. സുനിൽ കെ എസിൻ്റെ ക്യാമെറ ഇതിനു വേണ്ടി തെളിഞ്ഞ കണ്ണുകൾ വിടർത്തുകയാണ്. മലയാളം സിനിമകളിൽ അപൂർവ്വമായി കാണപ്പെടുന്ന വൈഡ് ആംഗിൾ ഷോടുകളാണ് ഈ വിസ്മയഭംഗിക്ക് ആധാരം. ആടുകളെ ആട്ടിത്തെളിച്ചുകൊണ്ട് മുൻപോട്ട് ഓടുന്ന നജീബിൻ്റെ നിഴൽച്ചിത്രങ്ങൾ ചാരുതയുറ്റവയാണ്. മരുഭൂമിയുടെ വിശാലത കാണിച്ചു തരുന്നപോലെ തന്നെ അതിൻ്റ് നിഗൂഢതയും വെളിവാക്കുന്നു പലേ ഷോടുകൾ. വിദൂരതയിലെ സൂര്യോദയവും അസ്തമനവും അത്യന്തസുന്ദരം തന്നെ. മണലാരണ്യത്തിൻ്റെ കരാളതയ്ക്ക് ഒരു സമീകരണം പോലെയാണ് ഈ ദൃശ്യചാരുത വന്നണയുന്നത്. ശുഭാപ്തിവിശ്വാസത്തിനു ഉചിതസാംഗത്യം അണയ്ക്കാനുള്ള ഉദ്ദേശമെന്നപോലെയാണ് ഈ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഒരു വലിയ ആലിപ്പഴം പൊഴിയലിനു ശേഷം ഗുഹയിൽ അഭയം തേടുന്ന നജീബ് ആടുകളെ  വിട്ട് അലയടിക്കുന്ന ഒരു സുന്ദരഗാനത്തിൻ്റെ ഹമ്മിങ്ങ് കേൾക്കുന്ന വിഭ്രാന്തിയിൽ  ഗുഹയ്ക്കുള്ളിലൂടെ കടന്ന് തലങ്ങും വിലങ്ങും വീഴുന്ന വെളിച്ചത്തിൻ്റെ പാളികൾ നജീബിനെ തഴുകുന്നുണ്ട്- പുറത്തിറങ്ങുന്നു, ഗാനം അയാളെ മോഹമുഗ്ദ്ധനാക്കുന്നു. നജീബിൻ്റെ കണ്ണുകളിൽ പ്രകാശമാനമാകുന്ന സന്തോഷം വ്യക്തമായും ചാരുതയോടുമാണ് പൃഥ്വിരാജ് അഭിനയിച്ചെടുക്കുന്നത്. രക്ഷാ ഉപായങ്ങളുമായി ഹക്കീം വരികയാണ്.  നജീബ് ഇത് മുൻ കൂട്ടി അറിഞ്ഞിരിക്കുന്നു! എ ആർ റഹ്മാൻ്റെ സംഗീതാവിഷ്ക്കാരം ഉജ്ജ്വലതരമായി അനുഭവപ്പെടുന്നത് ഇവിടെയാണ്. സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്ന് ഇതു തന്നെ. 

ഹക്കീമിൻ്റെ ബലി 

   സംവിധായകൻ ഏറ്റവും മിഴിവോടെ ആവിഷ്ക്കരിച്ചെടുത്ത കഥാപാത്രമാന് ഹക്കിം. നോവലിൽ നിന്ന് തെല്ല് വ്യത്യസ്തമായി ഹക്കിം സിനിമയുടെ ഉൾക്കാമ്പിനും അത് നൽകുന്ന സന്ദേശത്തിനും മാറ്റ് കൂട്ടുന്നുണ്ട്. ഗൾഫിൽ എത്തുന്ന മലയാളികളുടെ ദൈന്യതയും പരാജയങ്ങളും സ്വപ്നഭഞ്ജനങ്ങളും ഇന്നും സിനിമയിൽ അധികം ചിത്രീകരിക്കപ്പെട്ടിട്ടില്ല. ഒരു നീണ്ട കാലത്ത് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയിരുന്ന ഗൾഫ് കാരനെ കാരിക്കേച്ചർ ആയി അവതരിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്.  ഇളം പ്രായത്തിൽ ഗൾഫ് സ്വപ്നത്തിൽ , അതിൻ്റെ മരീചിക തേടലിൽ ഭ്രമിച്ച് അവിടെയെത്തുന്ന  വ്യർഥമായ ആത്മാവിനെ ഉചിതമായ രീതിയിൽ സിനിമ പ്രതിഷ്ഠിച്ചിരിക്കുന്നു. വിഭ്രമാത്കമായ, കാനൽ ജലം തേടുന്നവൻ്റെ മിഴിവുറ്റ ചിത്രീകരണം.  അവൻ വാരിത്തിന്നുന്ന മണ്ണ് വ്യർത്ഥ സ്വപ്നങ്ങൾ ശിഥിലമായിപ്പൊടിഞ്ഞുണ്ടായതാണ്. പലേ ഗൾഫ്കാർക്കും പതിച്ചുകിട്ടിയ പരാജയത്തിൻ്റെ ചുടലമണ്ണ്. വാഗ്ദത്തഭൂമി കൊതിച്ചു വന്നവൻ  അതല്ല എന്ന് അറിയുന്നതിൻ്റെ പരമ വിഭ്രാന്തി. ഇത് സംഭവിച്ച, അല്ലെങ്കിൽ സംഭവിക്കാൻ പോകുന്ന എല്ലാ ഗൾഫ് മലയാളികൾക്കും വേണ്ടിയുള്ള ആത്മാഹുതിയാണ് ഹക്കീമിൻ്റേത്. .ഇത് സ്വയം വരിയ്ക്കുകയാണ് തളിർമേനി ഉറയ്ക്കാത്ത  ആ നിഷ്ക്കാപട്യ ആത്മവത്ത. സിനിമയിലെ ഞെട്ടിപ്പിക്കുന്നതും, ഉണ്മ തേടൽ ഇവിടെ അവസാനിക്കുന്നു എന്ന ഭീതിദമായ സത്യം പ്രകാശിക്കപ്പെടുന്നതുമായ ഈ രംഗത്തിനു ഏറേ മിഴിവു കിട്ടിയിട്ടുണ്ട്, തുടക്കക്കാരനായ കെ ആർ ഗോകുൽ തൻ്റെ  ഉചിത ഭാവപ്പകർച്ചയും ഉജ്ജ്വലപ്രകടനവും കൊണ്ട്  ഒരു ആഘാതം തന്നെ പ്രേക്ഷകനിൽ ഏൽപ്പിക്കുന്നു എന്നത് സാധിച്ചെടുക്കുന്നുണ്ട്. ആ ശരീരം മണലാരണ്യത്തിൻ്റെ വിജനതയിൽ സ്വയം അടക്കം ചെയ്യാൻ അപ്പോൾ വന്ന പൊടിക്കാറ്റ് സഹായകമാകുന്നു. ഗൾഫിൽ കാണാതായവർ ധാരാളമുണ്ട്, മരിച്ചോ ജീവിച്ചോ എന്ന് നിശ്ചയ്ക്കപ്പെടാൻ പറ്റാത്തവരുടേ ഫോടോകൾ മാത്രം മിച്ചമുണ്ട്, ജയിലിൽ ചെയ്യാത്ത കുറ്റത്തിനു തടവിൽ കിടക്കുന്നവർ ഉണ്ട് , ഇങ്ങനെ ജീവിതം ഹോമിക്കപ്പെട്ടവർക്ക് സ്വന്തം ആത്മാവ് സമർപ്പിച്ച് ബലി അർപ്പിക്കുകയാണ് ഹക്കീം. മരുഭൂമിയുടേയും അവിടത്തെ കാട്ടുനീതിയുടെയും ധാർഷ്ട്യത്തിനു അടിയറവ് പറഞ്ഞ് വന്യമായ മണൽക്കൂനകൾക്കടിയിൽ അടക്കപ്പെട്ട അസ്ഥിപഞ്ജരങ്ങൾ നിത്യസ്മാരകങ്ങളായി മാറുന്നതിൻ്റെ നേർദൃശ്യങ്ങളാണ് ഹക്കീമിൻ്റെ അവസാനനിമിഷങ്ങളുടെ ആഖ്യാനത്തിൽ. 

ഇല്ലാതെ പോയ ആടുജീവിതം 

     നോവലിലെ ആത്മീയതലമാണ് നജീബും ആടുകളുമായുള്ള അസാമാന്യബന്ധം ഉണർത്തിയെടുക്കുന്നത്.വിദൂരതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യൻ അതിജീവനത്തിനു വേണ്ടി സ്വയം മാറപ്പെടുന്നതും സ്വന്തം ദൈവത്തെ കണ്ടുപിടിയ്ക്കുന്നതും സാഹിത്യത്തിലും ജീവിതത്തിലും നമ്മൾ ദർശിച്ചിട്ടുള്ളതാണ്. ഒറ്റയ്ക്കു ജീവിക്കാൻ വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ളതല്ല മനുഷ്യൻ്റെ മനസ്സും ശരീരവും. വളരെ പ്രതികൂലമായ വാതാവരണത്തിൽ വിദൂരതയിൽ ഒറ്റയ്ക്കാവുന്നവനു ഇതിനു പ്രതിവിധികൾ സ്വയം കണ്ടുപിടിച്ചേ പറ്റൂ. സ്വന്തം ഭാഷ ഉപയോഗശൂന്യമായി, അത് മറന്ന് ,സ്വത്വം നഷ്ടപ്പെട്ടവനു കൂട്ടുകാരെ കണ്ടു പിടിച്ചേ മതിയാവൂ. ആടുകളുമായുള്ള ഈ പ്രകൃതിജന്യബന്ധം ആണ് നജീബിനെ ജീവിപ്പിച്ച് നിറുത്തിയത്.ആടുകളെ മനുഷ്യരായി സങ്കൽപ്പിച്ച് അവരെ കൂട്ടുകാരാക്കുന്നതിനോടൊപ്പം സ്വയം ഒരു ആടായിത്തീർന്നു എന്ന് നിശ്ചയിച്ചുറപ്പിച്ചാണ് നജീബ് അതിജീവനത്തിൻ്റെ ഭാരം പേറുന്നത്.ഏറ്റവും പ്രിയപ്പെട്ട ആടായ നഫീൽ ( സ്വന്തം മകനു  ഇടാൻ വെച്ച പേരാണിത്) വൃഷണച്ഛേദനത്തിനു വശം വദനാകുമ്പോൾ സ്വയം ഷണ്ഡനായിത്തീർന്നു എന്ന് ഉറപ്പിച്ചവനാണ് നജീബ്.തൻ്റെ ബാല്യകാലപ്രണയിനിയായ മേരിമൈമുന ആടായി കൂടെയുള്ളത് വലിയ ആശ്വാസമാണ്..രുഷ്ടനായ അറവു റാവുത്തർ അതേ സ്വഭാവക്കാരനായ ആടായി കൂടെയുണ്ട്.കൂടെയുള്ള ആടുകളിൽ ഇ എം എസ്സും മോഹൻ ലാലും സ്വന്തം ബന്ധുക്കളും കൂട്ടുകാരും ഒക്കെ നിറയുകയാണ്.  സ്വന്തം ആത്മാവിനെ ചേതനയോടെ നിലനിർത്താൻ മനുഷ്യമനുസ്സ് തേടുന്ന നിഗൂഢമായ പോം വഴികളിണിത്. ;മനുഷ്യരെക്കാൾ സ്നേഹസ്വരൂപങ്ങളാണത്രെ നജീബിൻ്റെ ആടുകൾ. അവരെ വിട്ടു പോകുമ്പോൾ നജീബ് മാത്രമല്ല വാവിട്ട് കരയുന്നത് ആടുകൾ ഒന്നടങ്കം ആണ്. ആത്മാവിൻ്റെ നോവുകൾക്ക് പരിഹാരം ആടുകളുടെ നിഷ്ക്കളങ്കസ്നേഹമാണ്. .ഈ ആത്മീയതയാണ് ആടുജീവിതതെ ശരിക്കും ആടുജീവിതം ആക്കി നിലനിർത്തുന്നത്. നോവലിൻ്റെ പ്രചാരത്തിനും പ്രസിദ്ധിയ്ക്കും സർവ്വസമ്മ്തിയ്ക്കും പിന്നിൽ ഈ ആത്മീയതലമാണ് ശക്തിയോടെ പിന്തുണ നൽകിയത്. എന്നാൽ ബ്ളെസ്സിയുടെ ആഖ്യാനത്തിൽ ഇത് പാടേ ഒഴിവാക്കിയിരിക്കയാണ്. സിനിമയ്ക്ക് ഗാഢത നൽകുന്ന, മനുഷ്യൻ്റെ ആന്തരികവാഞ്ഛകൾക്ക് സാഫല്യം തേടാനുള്ള ദാഹം സൃഷ്ടിക്കലും ഉൾപ്പെടുന്ന, ഒരു തലം വിട്ടുകളഞ്ഞത് ഉപരിപ്ലവമായ survival story ആയി പരിമിതപ്പെടുത്തുന്നുണ്ട് സിനിമയെ. .ഇത് നജീബ് എന്ന കഥാപത്രത്തെ ഒട്ടല്ല ദുർബ്ബലമാക്കുന്നത്.  എന്ന് മാത്രമല്ല ആടുകൾ കഥാപാത്രങ്ങളാകുന്ന വിഭ്രമാത്മകതയുടെ   ചാരുത സിനിമയ്ക്ക് മാറ്റുകൂട്ടുന്നത് ഒഴിവാക്കപ്പെട്ട് പോകുന്നുമുണ്ട്. ഒരു പക്ഷേ ബ്ളെസ്സിയുടെ സംവിധാന അനുശീലനത്തിൽപ്പെടുന്ന ആശയമായിരിക്കില്ല ഇത്തരം ഭാവനകൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

      അതിജീവനത്തിനായി മനുഷ്യമനുസ്സ് കണ്ടുപിടിയ്ക്കുന്ന ജൈവീകവഴികളെക്കുറിച്ചുള്ള ഭാഗങ്ങൾ നോവലിലെ അതിപ്രധാന ഏടുകളാണ്. മനുഷ്യപരിണാമത്തിൻ്റെ വഴികളിൽച്ചിലതുമാണിത്. ബ്ളെസ്സി എന്തുകാരണം കൊണ്ടാണ് ഈ നിർണ്ണായകമായ കഥാതന്തുവും ഉജ്ജ്വലമായ ആശയവും പാടേ അവഗണിച്ചതെന്ന് അദ്ഭുതത്തിനു അവകാശമുണ്ട്. മനുഷ്യസാമീപ്യം അപ്രാപ്തമാണെങ്കിൽ ഭാവനയിൽ അത് സാദ്ധിച്ചെടുക്കും, ചേതനമോ അചേതനമോ ആയ വസ്തുക്കളിൽ അത് ആരോപിക്കപ്പെടും, അത് സ്നേഹരാഹിത്യത്തിൻ്റെ ശൂന്യ ഇടങ്ങളിൽ ചില നിറവുകൾ വെച്ചു കൊടുക്കും, നാളത്തെ സൂര്യനു കൂടുതൽ തേജസ്സുണ്ടെന്ന് അവനെ വിശ്വസിപ്പിക്കും ഒറ്റപ്പെട്ട് പോകുന്ന മനുഷ്യമനസ്സിൻ്റെ വിഹ്വലത. കാസ്റ്റ് എവേ (Cast Away) സിനിമയിൽ ഒരു ചെറിയ ദ്വീപിൽ ഒറ്റപ്പെട്ടുപോയ നായകകഥാപാത്രം  (ചക് നോലൻഡ് എന്ന ഫെഡെറൽ എക്സ്പ്രെസ്സ് ജീവനക്കാരൻ -ടോം ഹാങ്ക്സ്) ഒരു വോളി ബോളിന്മേൽ മനുഷ്യ മുഖം വരച്ച് വിൽസൺഎന്ന പേരിട്ട് തൻ്റെ ഉറ്റ തോഴനാണെന്ന് തീർച്ചപ്പെടുത്തുന്നത് ഓർക്കുക.  വിൽസണുമായി സംസാരിച്ചാണ് തൻ്റെ ശുഭാപ്തിവിശ്വാസം നഷ്ടമാകാതെ അയാൾ സൂക്ഷിക്കുന്നത്.  സഹൃദ് ബന്ധങ്ങൾ വിശുദ്ധവും പാവനവും ജീവിതനൈര്യന്തര്യങ്ങൾക്ക് അത്യാവശ്യവുമത്രെ. ക്രൂരന്മാരായ അർബാബ് മാരുടെ ചാട്ടവാറടിയാൽ തിണർത്തും കരിവാളിച്ചും പോയ ശരീരത്തെ നക്കിത്തോർത്തി പരിപാകപ്പെടുത്തുന്ന ആടുകളാണവർ.

 

No comments: