നിരാകാര്‍ ഛായ എന്ന സിനിമ ഇന്നു ശ്രദ്ധിക്കപ്പെടുകയാണ്. ഇക്കഴിഞ്ഞ എട്ടാമത് മഹീന്ദ്ര ഇന്‍ഡോ-അമെരിക്കന്‍ ആര്‍ട്സ് കൌൺസില്‍ ഫിലിം ഫെസ്റ്റിവലില്‍ എറ്റവും നല്ല സംവിധായകനും ഏറ്റവും നല്ല നടിയ്ക്കുമുള്ള അവാർഡുകള്‍ നേടിയിരിക്കുന്നു. കൂടെ മത്സരിച്ച ശ്യാം ബെനെഗള്‍, അടൂര്‍ ഗോപാലകൃഷ്ണന്, കെതന്‍ മേഹ്ത, ദീപ മേഹ്ത എന്നിവരെയൊക്കെ പിന്തള്ളിയാണ് അദ്യചിത്രവുമായെത്തിയ ആശിഷ് അഭികുണ്ഠക് (Ashish Avikunthak) എന്ന ചെറുപ്പക്കാരന് ഈ നേട്ടം കൈവരിച്ചത്.
സേതുവിന്റെ പാണ്ഡവപുരം നോവലിന്റെ സ്വതന്ത്ര ആഖ്യാനമാണ് നിരാകാര്‍ ഛായ എന്ന ബെംഗാളി സിനിമ. Shadows Formless എന്ന് ഇംഗ്ലീഷ് പേർ. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമ യദൃശ്ഛയാ വായിച്ച് മോഹമുഗ്ദ്ധനായ ആശിഷ് അഭികുണ്ഠക് മലയാളിക്ക് സുപരിചിതമായ ദേവിയുടേയും പാണ്ഡവപുരത്തു നിന്നുമെത്തുന്ന ജാരന്റേയും കഥയ്ക്ക് സ്വതന്ത്രമായി വ്യാഖ്യാനങ്ങള്‍ നല്കി കല്‍ക്കട്ടാ നഗരത്തിലേക്ക് പറിച്ചു നടുകയായിരുന്നു. നഗരത്തില്‍ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും പോയവരുടെ വിഹ്വലതകളുടേയും നിതാന്ത കാത്തിരിപ്പിന്റേയും ആശ്വാസാനുസാരിയായ വിഭ്രാന്തിയുടേയും കഥയ്ക്ക് സ്വതന്ത്ര ആഖ്യാനം നൽകി ദൃശ്യവിന്യാസങ്ങളിലെ ചാരുത കൊണ്ടും മിത്തിക്കല്‍ പരിവേഷം ഉടനീളം നിലനിര്‍ത്തിയുമാണ് നോവലിസ്റ്റിനെപ്പോലും തെല്ലു വിസ്മയിപ്പിച്ച് സംവിധായകന് പുതിയ ഭാഷ്യം ചമച്ചത്. കേരളീയ പശ്ചാത്തലവും തീവണ്ടിയാപ്പീസും മറ്റു സിംബോളിക് ദൃശ്യങ്ങളും ഹൌറ പാലവും ഹുഗ്ലി നദിയും അവിടെ വന്നണയുന്ന ബോട്ടുകളിലേക്കും സംക്രമിപ്പിച്ച് ദേവിയുടെയും ജാരന്റേയും മാനസികവ്യാപാരങ്ങള്‍ സാര്‍വ്വലൌകികമാക്കിത്തീര്‍ത്തിരിക്കുന്നു.
കഴിഞ്ഞവര്‍ഷം സ്വിറ്റ്സര്‍ലണ്ടിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിക്കപ്പെട്ട ഏക ഇന്‍ഡ്യന്‍ ചിത്രവും നിരാകാര്‍ ഛായ ആയിരുന്നു. അതും Film Makers of the Present മത്സരത്തിൽ. ഇതിനു മുൻപ് അമിർ ഖാന്റെ ലഗാൻ ലൊക്കാർണോ വരെ എത്തിയിരുന്നേങ്കിലും ഷോകെസിൽ മാത്രമേ പ്രദർശിപ്പിച്ചുള്ളു. മലയാളത്തിൽ നിന്നും അനന്തരം, പിറവി എന്നീ ചിത്രങ്ങള്‍ മാത്രമേ ഇതുവരെ ലൊക്കാര്‍ണോയില്‍ എത്തപ്പെട്ടിട്ടുള്ളു. ഒരു മലയാളചിത്രമല്ലെങ്കിലും പാണ്ഡവപുരം എന്ന നോവലില്‍ നിന്നുയിര്‍ക്കൊണ്ട സിനിമ എന്ന നിലയ്ക്ക് മലയാളിക്ക് കിട്ടിയ അംഗീകാരം തന്നെ ഇത്. സ്റ്റാന്‍ഫോര്‍ഡില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന ആശിഷ് കഷ്ടിച്ച് സ്വരൂക്കൂട്ടിയ സ്കോളര്‍ഷിപ് തുകയൊക്കെയാണ് സിനിമാനിര്‍മ്മാണത്തിനു ഉപയോഗിച്ചത്. ആകെ 20 ലക്ഷം രൂപയില്‍ പണി തീര്‍ത്തു, തീര്‍ക്കേണ്ടി വന്നു. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ മത്സരിച്ച മറ്റുചിത്രങ്ങള്‍ പലതും ഇതിലും നൂറിരട്ടിയാണ് നിര്‍മ്മാണച്ചെലവിനു വിനിയോഗിച്ചത്.രംഗ് രസിയ(Colours of Passion)- മലയാളിയുമായിട്ട് ബന്ധം പുലര്‍ത്തുന്ന മറ്റൊരു സിനിമ; രാജാ രവിവര്‍മ്മയുടെ സ്വകാര്യജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ വെളിവാക്കുന്നത്- നിര്‍മ്മിച്ചത് 12 കോടി ചെലവഴിച്ചാണ്. നിരാകാര്‍ ഛായയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചതോ ബെംഗാളി നാടക-സീരിയല്‍ രംഗത്തുള്ള അപ്രശസ്തര്‍. അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ പ്രയാസമേറിയ ദേവിയുടെ റോള്‍ സധൈര്യം ഏറ്റെടുത്ത് മന്ദിര ബന്ദോപധ്യായ നല്ല നടിയ്ക്കുള്ള പുരസ്കാരവുമയാണ്‍് ഫെസ്റ്റിവലിലെ വന്‍ നിരക്കാരെ ഞെട്ടിച്ചത്. ശേഖര്‍ കപൂറിന്റെ ബന്‍ഡിറ്റ് ക്വീന്‍ എഡിറ്റ് ചെയ്ത പങ്കജിന്റേയും മഹാദേവ് ഷൈ യുടേയും കൃതഹസ്തമായ കയ്കളാണ് ആശിഷിന്റെ കന്നി സംരഭത്തില്‍ പങ്കു ചേര്‍ന്നത്. പശ്ചാത്തല സംഗീതം ചമച്ചത് സ്റ്റാന്‍ഫോര്‍ഡില്‍ തന്നെയുള്ള ഇസ്രയേലി സംഗീതജ്ഞ നൂരിറ്റ് ജുഗന്ത്. തികച്ചും അന്തർദ്ദേശീയ നിർമ്മിതി. എന്നാൽ ഈയിടെ കഴിഞ്ഞ തിരുവനതപുരം ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ പോലും പ്രബുദ്ധ തെരഞ്ഞെടുപ്പു കമ്മറ്റിക്കാർ കൂട്ടാക്കിയില്ല.ഒരു പ്രശസ്ത മലയാളം നോവലിന്റെ വേറിട്ട ആവിഷ്കാരം, ലൊക്കാർണൊ തുടങ്ങിയ വൻപൻ ഫെസ്റ്റിവലുകളിലെ അംഗീകാരം, ശ്യാം ബെനെഗൾ, അടൂർ, കെതൻ മേഹ്ത മുതലായവരെ വെന്ന സംവിധാനകല ഇതൊന്നും ഫെസ്റ്റിവൽ കമ്മറ്റിക്കാരെ ഏശിയതേ ഇല്ല, അതിൽ വിസ്മയത്തിനവകാശവുമില്ല.
എഴുത്തുകാരനും സംവിധായകനും
ചലച്ചിത്രത്തിനു അത്ര വഴങ്ങുന്നതല്ല പാണ്ഡവപുരത്തിലെ പ്രമേയവും കഥാപരിസരവും കഥാപാത്ര മാനസികനിലകളും. പാണ്ഡവപുരം എന്ന മിതിക്കൽ നഗരം ദൃശ്യഭാവസമ്പൂർണ്ണതയോടെ സൃഷ്ടിച്ചെടുക്കാനും പ്രയാസം.വായനക്കാരന്റെ മനസ്സില്‍ കഥ പല മാനങ്ങള്‍ തേടുന്ന വിധത്തിലുള്ള രചനാതന്ത്രമാണ് സേതു ഈ നോവലില്‍ പ്രയോഗക്ഷമമാക്കിയത്. സാമ്പ്രദായികരീതിയിലുള്ള സംവിധാനരീതികൾക്കപ്പുറം പോകാനുള്ള ശേമുഷിയില്ലെങ്കില്‍ ഇത്തരം പ്രമേയങ്ങള്‍ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴും. നോവലിന്റെ ആഖ്യാനവും ആസ്വാദനവും അല്ല സിനിമയുടേത്. വായനയിലൂടെ ഉരുത്തിരിയുന്ന ഭാവനകളല്ല സിനിമ ദൃശ്യപ്പെടുത്തുമ്പോൾ വിടരുന്നത്.വരമൊഴിയുടെ ദൃശ്യനിർമ്മിതി അനുവാചകന്റെ സ്വാതന്ത്ര്യമാണ്, വായനക്കാരന്റെ മനസ്സിൽ സ്വരൂപിക്കപ്പെടുന്ന ലോകത്തിനു പരിമിതിയില്ല. സിനിമയിൽ അതു സംവിധായകനും സാങ്കേതികതയും കൂടി സൃഷ്ടിച്ചെടുക്കുന്ന ശക്തിയുടെ സൌജന്യത്തിലാണ്. ഈ സ്വാതന്ത്ര്യം കാണിയ്ക്ക് വായനക്കാരന്റേതുപോലെ സീമാതീതമായ അനുഭവം അല്ല. ദൃശ്യശ്രാവ്യസംവേദനസാദ്ധ്യത ഇട്ടുകൊടുക്കുന്ന ആസ്വാദനത്തിന്റെ മറ്റൊരു തലം. ചിലപ്പോൾ കാണിയിൽ നിന്നും തിരിച്ച് വായനക്കാരനിലേക്ക് വഴിയ്ക്കുവഴി പുറകോട്ടു സഞ്ചരിച്ച് എഴുത്തുകാരന്റെ ഭാവനാവിന്യാസങ്ങളേയും പിടികൂടും. വായനക്കാരൻ കാണിയാകുമ്പോൾ എഴുത്തുകാരനോടൊപ്പംൽ സൃഷ്ടിക്കപ്പെട്ട കാൽപ്പനികലോകത്തിനു പകരം സംവിധായകനാൽ നിയന്ത്രിതമായ മായാലോകമാൺ തുറന്നെഴുന്നത്. വായന സൃഷ്ടിയ്ക്കുന്ന മാനസികവ്യാപരത്തോടൊപ്പം കണ്ണു-കാത് ഇന്ദ്രിയചോദനകൾ ഒത്തുചേരാനാണു ദൃശ്യസമൂർത്തത വഴിയൊരുക്കുന്നത്. ഇത് എല്ലാ പരിമിതികളേയും ഭേദിച്ച് സംവിധായകന്റെ സ്വാതന്ത്ര്യം അനുവാചകനുമായി പങ്കുവയ്ക്കുകയാൻ .എഴുത്തുകാരനിൽ നിന്നും സ്വീകരിക്കപ്പെട്ട പ്രമേയം/കഥ അബോധതലത്തിൽ നിന്നും ബോധതലത്തിലേക്കും അപ്രത്യകഷത്തിൽ നിന്നും പ്രത്യക്ഷത്തിലേക്കും കൂടു വിട്ടു കൂടു മാറലാണിത്. നിഴൽ വെളിച്ചമാവുന്ന, വാക്കുകൾ രൂപമാവുന്ന സാകാരലബ്ധി. ഒരുമാതിരി ‘പുസ്തകം കാണൽ’ ആണിതെങ്കിലും പലപ്പോഴും കാണി സൂക്ഷിയ്ക്കുന്ന പ്രത്യാശ സംവിധായക്നു ഒരേസമയം വെല്ലുവിളിയും മറ്റൊരു വായനയുടെ ആവിഷ്കാരം മറ്റൊരു കലയിലൂടെ നടക്കുന്ന സുഖപ്രസവസന്തോഷവുമാകുന്നു. എഴുത്തുകാരനോട് സ്വാമിഭക്തിയും വിശ്വസ്തതയും പുലർത്തുന്നെന്ന സംവിധായകവെളിപാടുകൾ വായനക്കാരനിൽ നിന്നും കാണിയിലേക്കുള്ള സംക്രമണം സാർത്ഥകമാകണമേ എന്ന നിഷ്കപടപ്പേടിപ്രാർത്ഥനയാണ്, സിനിമ തനതു കലയാണെന്ന സത്യം മറനീക്കി വെളിയിൽ വരുന്നില്ലെങ്കിൽക്കൂടി.
ആഖ്യാനത്തിലെ പോരായമയും കാസ്റ്റിങ്ങിലെ വന്‍ പാളിച്ചയും മൂലം നേരത്തെ മലയാളത്തില്‍ ജി. എസ്. പണിക്കർ ഈ നോവല്‍ സിനിമയാക്കി പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. പാണ്ഡവപുരം സിനിമാസങ്കൽപ്പവുമായി ആശിഷ് വന്നപ്പോള്‍ സേതുവിനു ആശങ്കകള്‍ ഏറെ ഉണ്ടായിരുന്നു. ദേശാഭിമാനിയില്‍ അദ്ദേഹം എഴുതി “സാഹിത്യവും സിനിമയും രണ്ടും രണ്ടാണെന്നു സമ്മതിക്കാതെ വയ്യ. വ്യത്യസ്തമായ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രണ്ട് കലാകാരന്മാരുടെ സൌന്ദര്യദര്ശനവും കാഴച്ചപ്പാടുകളും പ്രതിപാദനരീതികളുമൊക്കെ വ്യത്യസ്തമാകുന്നത് സാധാരണയാണ്്. അതുകൊണ്ടു തന്നെ ഒരു എഴുത്തുകാരന് ആകെക്കൂടി ചെയ്യാന്‍ കഴിയുന്നത് തന്റെ രചനയുടെ ആന്തരിക ഭാവത്തോട് നീതി പുലര്‍ത്താന്‍ കഴിവുള്ളയാളാണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്ന ഒരാളെ ആ കര്‍മ്മം ഏല്‍പ്പിക്കുക എന്നതു മാത്രമാണ്....ഘടനാപരമായും പ്രതിപാദനരീതിയിലും വ്യതിരിക്തമായൊരു ചലച്ചിത്രഭാഷ ഉപയോഗിക്കുന്നതിലൂടെ വേറൊരു തലത്തിലുള്ള സംവേദനം സാദ്ധ്യമായേക്കുമെന്ന് ആശിഷ് സൂചിപ്പിച്ചപ്പോള്‍ ആശ്വാസമായി”. സ്വന്തം കഥകളിൽ ഒരു പരിധി വരെ, പാണ്ഡവപുരം പോലുള്ള കഥകളിൽ പ്രത്യെകിച്ചും നിഴലിയ്ക്കുന്നത് സ്വന്തം മനസ്സിന്റെ സ്വകാര്യസഞ്ചാരങ്ങളാണെന്നും സ്വന്തം സ്വത്വത്തിന്റെ സവിശേഷതകളുമായി സിനിമയെ ചേർത്തുവയ്ക്കാൻ ശ്രമിക്കുമ്പോൾ ചിത്രത്തിലെ കുറവുകളായിരിക്കും തെളിയുന്നതെന്ന പരിവേദനവും സേതുവിനു ഉണ്ടായിരുന്നു. തികച്ചും വേറിട്ടൊരു മാധ്യമം ആയതിനാൽ പാണ്ഡവപുരം നിരാകാർ ഛായ ആകുമ്പോൾ സ്വതന്ത്രമായ ഒരു നിലനിൽപ്പ് പ്രതീക്ഷിയ്ക്കുകയും സിനുമ കാണുമ്പോൾ അതുണ്ടോ എന്ന് പരിശോധിയ്ക്കുകയും ആയിരുന്നു എഴുത്തുകാരൻ എന്നനിലയ്ക്ക്യ സേതു നിശ്ചയിച്ചത്.ഇത് വാസ്തവത്തിൽ ഒരു വിട്ടുകൊടുക്കലാൺ.കഥ, കഥാപാത്രങ്ങൾ കഥാപരിസരം ഇവയ്ക്കൊക്കെ സാർവ്വലൌകിക പരിമാണം വന്നു ചേർന്നെങ്കിലേ ഇതൊക്കെ സാധ്യമവൂ.
പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ ആദ്യവായനയിൽത്തന്നെ ആശിഷ് അതിൽ കണ്ടുപിടിച്ചതും കാലദേശഭേദങ്ങളായ മാനുഷികമാനസികവ്യാപാരങ്ങളും വിഹ്വലതകളുമായിരുന്നു. പ്രമേയത്തിന്റെ കാതൽ അതേപടി നിലനിർത്തിക്കൊണ്ട് സ്വന്തം ഭാവനയിൽക്കൂടി വളരെ വ്യത്യസ്ഥമായ ദൃശ്യപരിപ്രേക്ഷ്യം ഉയർത്തിയെടുക്കാമെന്ന നേർചിന്ത ആവേശിക്കപ്പെട്ടിരിക്കണം. വേറിട്ട വായനകൾ ഇട്ടുകൊടുത്ത് എഴുതപ്പെട്ടിട്ടുള്ള പാണ്ഡവപുരം ഇപ്രകാരം വ്യത്യസ്ഥമായ ദൃശ്യഭാവന സമ്മാനിച്ചതായിരിക്കണം ആശിഷിനു പ്രേരണയും ധൈര്യവും നൽകിയത്. നിരവധി ഹൃസ്വസിനിമകളിൽ അതിനൂതനങ്ങളായ ദൃശ്യചിത്രകൌശലങ്ങൾ തന്മയീഭവിപ്പിച്ച പരിചയമാൺ ആശിഷിന്റെ ആത്മബലത്തിനു പിന്നിൽ. സാഹിത്യത്തേയും പെർഫോമിങ് ആർട്സിനേയും കൂട്ടിയിണക്കാനുള്ള കരവിരുത് “ബ്രഹുന്നള കി ഖേൽകളി’ എന്ന ചെറുചിത്രത്തിലൊക്കെ സമർത്ഥമായി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട് ഇദ്ദേഹം.പതിനേഴാം നൂറ്റാണ്ടിൽ അങ്ങ് ഇംഗ്ലൻഡിൽ ഷേക്സ്പിയർ എഴുതിത്തുടങ്ങുമ്പോൾ ഇങ്ങ് കേരളത്തിൽ കഥകളി എന്ന കലാരൂപം വിടരുന്നതും കൂട്ടിയിണക്കി ഉദയഭാവിതമായ നാടകാന്തരീക്ഷം സൃഷ്ടിച്ച് ഭ്രമാത്മകത വിളക്കിയതാണ് ബ്രഹുന്നള കി ഖേൽകളി.ഷേക്സ്പിയർ സാഹിത്യവും കഥകളിയും ഇഴപിരിഞ്ഞുചേരുന്ന വ്യാഖ്യാനനിഷ്പാദനമാൺ ഈ ചെറുചിത്രത്തിന്റെ പ്രമേയസാരം.കൊളോണിയൽ സാഹിത്യവും കഥകളിയും ചേർന്നുള്ള സങ്കര കലാപ്രകടനത്തിന്റെ സിനിമാ പാഠാന്തരം. കഥനവും ശിൽപ്പവും പരീക്ഷണങ്ങൾക്ക് വിധേയമാക്കുക ഒരു വിനോദം പോലെ കരുതുകയും കഥ സിനിമയിൽക്കൂടെ വിഖണ്ഡിതമാക്കാാനുള്ള ത്വരയും തനി സർ റിയൽ അയഥാർഥ മായാസത്യങ്ങൽ സന്നിവേശിപ്പിച്ച് ചുറ്റിത്തിരിച്ച് അവതരിപ്പിക്കുന്നതും ആശിഷിനു ഭ്രമമായിരുന്നു. "I am a practisioner of what a critic has named "Cinema Prayoga'. It is a cinema that carries its creator's own state, own temperament and it has the quality being intutive and congenial capable of achieving a certain "bhavasandhi" a unity of emotions in its own charecteristic manner". നിശ്ചിതശിൽപ്പത്തെ അതിനുള്ളിലേക്കുതന്നെ ഇടിഞ്ഞ് വീഴാനനുവദിച്ച് കഥാകഥനം ഉപര്യരോഹണം ചെയ്യുന്ന ശൈലി സ്വീകരിക്കാനും ഇപ്രകാരം വേറിട്ട ഘടന വന്നുഭവിയ്ക്കുന്നത് നിലനിർത്താൻ എല്ലാ ട്രിക്കുകളും ഉപയോഗിക്കാനും അതീവതാൽപ്പര്യം ആശിഷിന്റെ ചിത്രങ്ങളിൽ പ്രകടമാണ്.സിനിമാ അനുഭവം കഥപറച്ചിൽ മാത്രമാകരുതെന്ന നിർബ്ബന്ധബുദ്ധി.പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് വിവർത്തനം വായിച്ച ഉടൻ തന്നെ ഒരു സ്ക്രിപ്റ്റ് എഴുതി ആശിഷ്, എഴുത്തുകാരന്റെ സമ്മതമില്ലാതെ തന്നെ.പിന്നീട് മൊലൊയ് മുഖർജിയോടൊപ്പം ചേർന്ന് രണ്ടു വ്യത്യസ്തമായ സ്ക്രിപ്റ്റ് എഴുതി, ആറു ദൃശ്യഭാഷാപാഠാന്തരങ്ങളാണ് റെഡിയാക്കിയത്.കഥാപാത്രങ്ങൾ മൂന്നുമാത്രമാക്കി ചുരുക്കി;ദേവിയും ജാരനും അനിയത്തിയും മാത്രം. നാനാപ്രതീകസംഭാവന ഉണർത്താനുതകുന്ന ഹൌറാ പാലം മറ്റൊരു പ്രൌഢസാന്നിദ്ധ്യമാക്കി.പാണ്ഡവപുരം എന്ന കേരളപരിപ്രേക്ഷ്യത്തിൽ നിന്നും വ്യക്തമായും നിശ്ചിതമായും ഉള്ള വിട്ടുപോകൽ.ആശിഷ് സേതുവിനെ അറിയിച്ചത്: “എന്റെ വിചിത്രമായ പരീക്ഷണങ്ങളോട് ഉള്ള താങ്കളുടെ തുറന്ന സമീപനം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു ചിത്രം ഒരിയ്ക്കലും ഉണ്ടാകുമായിരുന്നില്ല. അങ്ങനെ താങ്കളുടെ രചനയെ എന്റേതായ രീതിയിൽ വ്യാഖ്യാനിക്കാൻ അനുവദിച്ചതിനു ഞാൻ എന്നും താങ്കളോട് കടപ്പെട്ടിരിക്കും”. ഒരെഴുത്തുകാരനെ ഒരു സംവിധായകനും ഇത്രയും തുറന്ന മനസ്സോടെ അംഗീകരിക്കാൻ സാദ്ധ്യതയില്ലെന്നാൺ സേതുവിന്റെ പക്ഷം.അതുപോലെ തന്റെ രചനയെ സംവിധായക്ന്റെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുത്ത് വേറിട്ടൊരു ആവിഷ്കാരത്തിനു ഒരു എഴുത്തുകാരനും അനുവദിക്കുമെന്നു തോന്നുന്നില്ല എന്നും സേതു കരുതുന്നു.
നിരാകാർ ഛായ കാണാൻ പോയതും സേതു തന്റെ നിലപാടുതറയിലേക്ക് കാറ്റും വെളിച്ചവും കയറ്റിവിടാനുള്ള മനസ്സുതുറക്കലോടുകൂടിയാണ്. നോവലിന്റെ ചട്ടക്കൂടിനപ്പുറമായി, ഒരു നേർക്കുനേർ ദൃശ്യഭാഷ്യമെന്നതിലുപരി തന്റെ പ്രമേയത്തിൽ നിന്നുയിർക്കൊണ്ട സ്വതന്ത്രകലാരൂപം എന്ന നിലനിൽപ്പുണ്ടോ എന്ന് പരിശോധിക്കാനുള്ള തയാറെടുപ്പ്. ഇക്കാര്യത്തിൽ എഴുത്തുകാരുടെ ധാരണകൾ അദ്ദേഹത്തിനു നന്നായറിയാം “സ്വന്തം രചനകളുടെ അതിരുകൾ കാക്കുന്ന കാര്യത്തിൽ സ്വാഭാവികമായും അങ്ങേയറ്റം കടും പിടുത്തം പിടിയ്ക്കുന്നവരാണ് ഒട്ടുമിക്ക എഴുത്തുകാരും. തീരെ വിട്ടുവീഴ്ച്ചയില്ലാത്ത ശാഠ്യങ്ങളിലൂടെ തന്റെ സർഗ്ഗപ്രവർത്തനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാമെന്നു വിശ്വസിക്കുന്നവർ ഒരർത്ഥത്തിൽ സാഹിത്യത്തിന്റെ മറ്റു മാദ്ധ്യമങ്ങളുമായുള്ള പാരസ്പര്യത്തിനു തടസ്സമാകാറുണ്ട്”. എന്നാൽ നിരാകാരമായ നിഴലുകളായി മാറിയ പണ്ഡവപുരത്തിൽ പുതിയകാലസിനിമയുടെ ഭാഷയും തനതായൊരു ശിൽപ്പത്തിന്റെ സാന്നിദ്ധ്യവും അദ്ദേഹം ദർശിച്ചു.പ്രതിപാദനശൈലിയിൽ എഴുപതുകളിലെ നവതരംഗസിനിമകളെ ഓർമ്മിപ്പിച്ചു. മെച്ചപ്പെട്ട ആസ്വാദനപങ്കാളിത്തം ഇന്നത്തെ കാഴ്ചകാരിൽനിന്നും ആവശ്യപ്പെടുന്നെന്നും നിരീക്ഷണം. “ഇതിൽ കൂടുതൽ ഒരു എഴുത്തുകാരനും തന്റെ കൃതിയെ ആസ്പദമാക്കിയുള്ള ചിത്രത്തെപ്പറ്റി പറയുമെന്നു പ്രതീക്ഷിക്കേണ്ട”-സേതു തുറന്നു സമ്മതിക്കുന്നു.