Wednesday, August 18, 2021

സാറായുടെ തെരഞ്ഞെടുപ്പുകൾ-സിനിമ തെളിയിയ്ക്കാത്തത്


 

   Sara’s എന്ന സിനിമ അതിന്റെ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് സാറയുടെ തെരഞ്ഞെടുപ്പുകൾ, തീരുമാനങ്ങൾ, ഗർഭം ഇവയിലൊന്നോ എല്ലാമോ ആയിരിക്കാം.  പ്രസവിക്കണോ വേണ്ടയോ എന്നത് സ്ത്രീ തീരുമാനിക്കേണ്ടതാണ്, “ഞാൻ പ്രസവിക്കില്ലഎന്ന് തീർത്തു പറയുന്ന സ്ത്രീയെ ബഹുമാനിക്കേണ്ടതാണെന്നും മലയാളസിനിമയിലെ നായിക ഇങ്ങനെ പ്രഖ്യാപനം നടത്തുമ്പോൾ ആശ്വസിക്കേണ്ടതാണെന്നും അഭിനന്ദനാർഹമാണെന്നും ചിന്തിയ്ക്കുന്നവർ ഏറെയുണ്ട്, പ്രത്യേകിച്ചും സ്ത്രീകൾ. പ്രസവവേദനയെക്കുറിച്ചുള്ള ഭീതിദമായ കഥകൾ പലേ പെൺകുട്ടികളെയും പ്രസവം എന്നുള്ളത് ഒഴിവാക്കാൻ പ്രേരിപ്പിക്കാറുണ്ട്, സാക്ഷ്യങ്ങൾ ഏറെയുണ്ടുതാനും. അവരെയെല്ലാം പ്രതിനിധീകരിയ്ക്കുന്ന സാറായുടെ കഥ തികച്ചും സ്വാഗതാർഹമാണെന്ന് നിരവധി സ്ത്രീകൾ പ്രഖ്യാപിച്ചും കഴിഞ്ഞു. 

 

  എന്നാൽ സാറാസ് എന്ന സിനിമ പൊതുനോട്ടത്തിൽ സ്ത്രീപക്ഷമാണെന്നും പ്രസവം എന്നത് തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തെ പ്രക്ഷേപണം ചെയ്യുന്നു എന്നും വശ്വസിച്ചു പോയവരാണിവർ. സിനിമയുടെ ഋജുവല്ലാത്ത സമീപനങ്ങളും ശബ്ദായമാനമായ  ചിത്രീകരണവും മാത്രം ശ്രദ്ധിച്ച് സാറായുടെ തീരുമാനങ്ങളെ സ്വാധീനിച്ച ഘടകങ്ങളേയും അവ എങ്ങനെ ഉരുത്തിരിഞ്ഞു എന്നതിനേയും പറ്റി ആലോചിക്കാതെ,  സിനിമ മെനഞ്ഞെടുക്കുന്ന ലോജിക്കുകൾ സൂക്ഷ്മമായി ശ്രദ്ധിക്കാതെയും പോയതിന്റെ അപകടകരമായ പരിണതിയാണ് ഈ തോന്നൽ. സിനിമ അവസാനിക്കന്ന സീൻ ശ്രദ്ധിച്ചാൽ ഇത് എളുപ്പം മനസ്സിലാകുന്നതാണ്. സാറയുടെ അച്ഛനും ഭർത്താവും അവർ കാരണമാണ് സാറയുടെ വിജയം സാദ്ധ്യമായത് എന്ന് അവകാശപ്രഖ്യാപനം നടത്തുന്ന രംഗം ചേർത്തിട്ടുണ്ട് അവിടെ. ഗർഭധാരണം, മാതൃത്വം, പേരെന്റിങ്, സ്ത്രീയുടെ കരിയർ നിർമ്മിതി ഇവയെക്കുറിച്ച് വികലധാരണകളുള്ള സാറയെ മുൻ നിറുത്തി സ്ത്രീപക്ഷമെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം ഉരുത്തിരിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്നതാണ് സാറാസ്. ബാല്യകാലത്ത് സാറയ്ക്കുള്ളിൽ കടന്നുകൂടിയ ഗർഭപ്പേടി (Tokophobia) ഒളിച്ചു വയ്ക്കാൻ മറ്റ് കാരണങ്ങൾ കൊണ്ടുവരുന്നതുപോലെയാണ് സാറായുടെ പാത്രനിർമ്മിതിയും സിനിമയുടെ ആഖ്യാനപരിസരവും.

 

  സിനിമ തുടങ്ങുന്നതുതന്നെ സ്കൂൾ കുട്ടിയായ സാറാ പ്രസവം  വേണ്ടെന്ന് പ്രഖ്യാപിക്കുന്നതോടെയാണ്. പ്രസവവേദനയെക്കുറിച്ച് പേടികൾ നിറഞ്ഞ കഥകൾ കേൾപ്പിച്ച് വളർത്തപ്പെടുന്ന പെൺകുട്ടികൾ ധാരാളമുണ്ട്, റ്റൊകോഫോബിയ (Tokophobia) എന്ന എന്ന മാനസികപ്രശ്നത്തിൽ എത്താറുമുണ്ട്. എന്നാൽ പ്രസവം സ്ത്രീയുടെ ചോയ്സ്മാത്രമാണെന്ന് വ്യക്തമാക്കുന്നത് സിനിമയുടെ ഒരു ഉദ്ദേശമായി സംവിധായകൻ കരുതിയിട്ടുണ്ടെങ്കിൽ ഈ ആശയം അവിടെ തകർന്നു പോകയാണ്. വരാൻ പോകുന്ന കഥയിൽ സാറാ എന്തുവന്നാലും പ്രസവം നിരാകരിക്കുന്നവളായിരിക്കും എന്ന് പറഞ്ഞു വയ്ക്കുന്നതോടെ സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന ആശയം ആദ്യമേ ഇല്ലാതാകുകയും ഒരു മാനസികപ്രശ്നത്തിൽ ഒതുക്കുകയും ചെയ്യപ്പെടുന്നു. (റ്റോകോഫോബിയയുടെ കേസ് സ്റ്റഡി മാത്രമാണ് സിനിമ എന്ന് ഡോ. മെലിൻ ഫ്രാൻസ് എഴുതിയിട്ടുണ്ട്, ട്രു കോപ്പിയിൽ). കരിയറിന്റെ ഒരു സന്നിഗ്ധഘട്ടത്തിൽ  പ്രെഗ് നൻസി ഒഴിവാക്കേണ്ടി വരുമ്പോൾ എടുക്കുന്ന തീരുമാനം എന്നൊരു സാഹചര്യത്തിലേക്ക് സിനിമയെ വളർത്തിയെടുക്കാനുള്ള എല്ലാ സാദ്ധ്യതയും സിനിമയുടെ തുടക്കത്തിൽത്തന്നെ ഇല്ലാതാക്കുകയാണ് സംവിധായകനും കഥാകൃത്തും ചെയ്തത്. Shoot yourself on the foot എന്ന പ്രയോഗത്തെ ഓർമ്മിപ്പിക്കുന്ന മാതിരി ഗർഭധാരണവും പ്രസവവും സ്ത്രീയുടെ തെരഞ്ഞെടുപ്പ് അവകാശമായിരിക്കേണ്ടതില്ലെന്നും വെറും പേടി മാത്രമാണ് അതിന്റെ പിന്നിൽ എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യപ്പെട്ട്  ഇനി അധികം കഥ പറയാനില്ലെന്ന്  സംവിധായകൻ വ്യക്തമായി സൂചിപ്പിക്കുകയുമാണ്.    പിന്നീടും സാറ പകൽ മയക്കത്തിൽപ്പോലും ദുഃസ്വപ്നം കാണുന്നത് ഗർഭകാലം ശാരീരികമായി വൻ ബുദ്ധിമുട്ടുകൾ വരുത്തിത്തീർക്കുന്നതായിട്ടാണ്. ഗർഭകാലത്തെ കളിയാക്കുന്ന രീതിയിലുള്ള പാട്ട് നിബന്ധിച്ചും  ഗർഭം എന്നതിനെ കാരിക്കേച്ചർ ചെയ്തും അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രദ്ധിച്ചിട്ടുള്ളത്.

 

   പ്രസവിക്കാൻ പേടി മാത്രമല്ല സാറായ്ക്ക്, കുട്ടികളോട് അത്ര മമതയുമില്ല. ജീവന്റെ ഫ്ലാറ്റിൽ വച്ച് അവിടെയുള്ള രണ്ട് കുട്ടികളോട് കഴിയുന്നതും അകലാൻ ശ്രമിക്കുന്നുണ്ട് അവൾ. കുട്ടികളെ എന്തുകൊണ്ട് ഇഷ്ടപ്പെടേണ്ടതില്ല എന്ന് തെളിയിക്കാൻ അവരെ അവാഞ്ഛനീയവികൃതജീവികളായി ചിത്രീകരിച്ച് ഒഴിവാക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്ന ധാരാളം സീനുകളും ചേർക്കപ്പെട്ടിട്ടുണ്ട്. പെൻസിൽ മഗ് വെറുതേ ഉടയ്ക്കുന്നവരും ഭിത്തിയിൽ കുത്തി വരയ്ക്കുന്നവരും പൊടുന്നനവേ തറുതല പറയുന്നവരും ആണ് കുട്ടികൾ എന്ന് ജീവനു നിശ്ചയമുണ്ട്, ജീവൻ തന്നെ തന്റെ പ്രതിശ്രുത വരൻ എന്നു തീരുമാനമെടുക്കാൻ സാറയ്ക്ക് എളുപ്പമാകുകയും ചെയ്യുന്നു. മറ്റൊരിടത്ത് കുട്ടികളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്ന് സാറ അച്ഛനോട് പറയുന്നുണ്ടെങ്കിലും അതിനു സാധുതയൊന്നും സിനിമ മുന്നോട്ട് വയ്ക്കുന്നില്ല. നിലത്ത് മൂത്രമൊഴിയ്ക്കുമ്പോൾ അത് തുടയ്ക്കേണ്ടി വരിക എന്നത് ഒരു ഹീനകൃത്യമായി സാറയ്ക്ക് അനുഭവപ്പെടുന്നത്  കുഞ്ഞുങ്ങളെ വെറുക്കാനുള്ള പൊതുകാരണമാണെന്ന രീതിയിലാണ് സിനിമാസമർത്ഥനം. ഇത് സാറായ്ക്ക് ഗർഭമൊഴിവാക്കാനുള്ള ഒരു കാരണമെന്ന നിലയിലാണ് അവതരണം. സിനിമാ തിയേറ്ററിൽ കുഞ്ഞ് കരയുമ്പോൾ പുറത്തേയ്ക്ക് പോകാൻ തയാറെടുക്കുന്ന അമ്മയോടു സാറായുടെ  ബോയ്ഫ്രണ്ട് ജീവനും അവൾക്കും ആക്ഷേപമാണ്,”country bloody families’ എന്നാണ് വിദ്വേഷവാക്യം.  

 

 പേരെന്റിങ് ആർക്ക്, എങ്ങിനെ

 പത്തിരുപതു കൊല്ലത്തെ ത്യാഗങ്ങൾ, അതിൽ റിസ്കുകൾ ധാരാളമുണ്ട് ഇതാണ് സാറായുടെ പേരെന്റിങ്നിനെക്കുറിച്ചുള്ള ധാരണ. അതിനു പറ്റാത്തവർ ആ പണിയ്ക്ക് പോകരുത് എന്ന് അവൾ സമർത്ഥിയ്ക്കുന്നുണ്ട്. ഇതു തന്നെ സാറയുടെ ഗൈനക്കോളജിസ്റ്റും പറയുന്നുണ്ട്. സിനിമയുടെ പ്രധാനസന്ദേശമായി ഉറപ്പിക്കാനായിരിക്കും ഡോക്ടറെക്കൊണ്ടും ഇങ്ങനെ പറയിച്ചത്. നൈസർഗ്ഗികമായ കഴിവുകൾ മക്കൾപാലനത്തിൽ ഉണ്ട്, പക്ഷേ ആധുനികസമൂഹത്തിനിണങ്ങുന്ന വിധത്തിൽ ഒരു പൗരനെ വാർത്തെടുക്കാൻ അത് പോരാതെ വന്നേയ്ക്കും. അതിനു കൗൺസെലിങ് ലഭിയ്ക്കാനുള്ള ഉപാധികൾ ഉണ്ട് എന്ന് സാറയ്ക്കും ഡോക്റ്റർക്കും അറിവില്ല എന്ന് സിനിമ സൂചിപ്പിയ്ക്കുന്നു.പേരെന്റിങ് അറിയാത്തതുകൊണ്ട് കുട്ടികൾ വേണ്ട എന്ന വാദം തികച്ചും അനവസരയുക്തിയാണ്, ജന്തുസഹജമായ ചോദനകൾക്ക് വിരുദ്ധവുമാണ്. ഗർഭധാരണത്തോടുള്ള (അകാരണ) പേടി മാത്രമല്ല പേരെന്റിങ്ങിനു പറ്റാത്തവൾ കൂടി ആണവൾ എന്ന് സ്ഥിരീകരിക്കപ്പെടുകയാണ് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോറ്റ് കൂടിത്തന്നെ.  . ആക്സിഡന്റൽ ഗർഭധാരണംസംഭവിച്ചിട്ട് ഗർഭസ്ഥ ശിശുവിനെ വേണോ വേണ്ടയോ എന്ന് ആലോചിയ്ക്കുന്ന സ്വതന്ത്രസ്ത്രീയുടെ അവസ്ഥയുമായി ബന്ധമില്ലാതാകുകയാണ് സാറയുടെ കടും പിടിത്തങ്ങൾ. എന്തുകൊണ്ട് പ്രസവത്തെ പേടിയ്ക്കുന്നു എന്നതിനു ഒരു ഉത്തരവും, കൗൺസെലിങ് ഉൾപ്പെടെ, തേടാൻ അവൾ ശ്രമിക്കുന്നില്ല, അവളുടെ അച്ഛനും അമ്മയും ഇതിനൊരു ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുമില്ല.

 

  സാറായുടെ ആത്യന്തിക ഉദ്ദേശം ലോകത്തിനു എന്തെങ്കിലും സംഭാവന ചെയ്യണം എന്നാണെന്ന് അവൾ തെളിച്ചു പറയുന്നുണ്ട്. മാതൃത്വം എന്നത് ഇതിനു വിഘാതമാണ് എന്ന തത്വശാസ്ത്രം അവൾ മെനഞ്ഞെടുത്ത പാഴ്ക്കഥയാണ്. കല്യാണാഘോഷ സമയത്ത് ഭാവിയിലെ അഞ്ജലി മേനോനാണ് എന്ന പുകഴ്ത്തൽ കേട്ടവളാണവൾ. അഞ്ജലി മേനോനു ഒരു മകൻ ഉണ്ടെന്നുള്ള സത്യം അറിയാതെ വന്നോ സാറാ? കുടുംബവും സിനിമാലോകവും തമ്മിൽ കണിശമായി വേർ തിരിച്ചാണ് രണ്ടും സമന്വയിക്കുന്നത് എന്ന് അഞ്ജലി മേനോൻ ഒരു ഇന്റെർവ്യൂയിൽ വ്യക്തമാക്കിയിട്ടുണ്ട്.   ലോകത്തെ പല സ്ത്രീസംവിധായികമാരും കുഞ്ഞുങ്ങളുള്ള കുടുംബമായി ജീവിയ്ക്കുന്നവരാണെന്ന് സാറാ അറിയാതെ പോയിട്ടുണ്ട്. പ്രസിദ്ധ സിനിമാനടികൾ ലോകത്ത് എത്രയോ ഉണ്ട് പ്രസവിച്ച് കുഞ്ഞുങ്ങളെ വളർത്തിയവർ. എന്നിട്ടും സിനിമാപ്രവർത്തനവും സ്ത്രീയുടെ കുടുംബതാൽപ്പര്യങ്ങളും ഒത്തു പോവുകയില്ലെന്ന് വാശി പിടിയ്ക്കുകയാണ് ഈ സിനിമ. തീർച്ചയായും പ്രസവത്തോടുള്ള പേടി മറച്ചുവയ്ക്കാൻ മറ്റ് കാരണങ്ങൾ നിരത്തുകയായിരിക്കണം സാറാ, സംശയിക്കേണ്ടിയിരിക്കുന്നു. അവൾ സംവിധാനം ചെയ്യുന്ന സിനിമയിൽ വിവാഹാനതരം കുഞ്ഞുങ്ങളുമായി അഭിനയം വിട്ടുപോയ അഞ്ജലിയെ ഉൾക്കൊള്ളിയ്ക്കുന്നുണ്ട്. മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടവർക്ക്. വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ ഒക്കെ ഒരു സ്ത്രീയുടെ സിനിമാകരിയർ  നിർമ്മിതിയിൽ അത്രകണ്ട് ബാധകമാകുന്നതല്ലെന്ന് സ്വയം തെളിയിക്കുകയാണ് സാറാ ഈ ചെയ്തി കൊണ്ട്. ഇതിനു മുൻപ് തന്നെ സാറ തന്റെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുമുണ്ട്. സിനിമ സംവിധാനം ഇനിയും ആകാമല്ലോ എന്ന് അച്ഛൻ പറയുമ്പോൾ സിനിമയ്ക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്. പപ്പയെങ്കിലും എന്നെ മനസ്സിലാക്കുമെന്നാണ് കരുതിയത് എന്നാണ് അവൾക്ക് സമർത്ഥിക്കാനുണ്ടായിരുന്നത്. എന്നാൽ അധികം താമസിയാതെ ഭർത്താവ് ജീവനോട് എന്റെ കാരിയറോ? ഇതുമായി മുന്നോട്ട് പോയാൽ രണ്ടുകൊല്ലത്തിനു മുൻപ് എവിടെയായിരുന്നോ അവിടെ തിരിച്ചെത്തും. ഞാൻ സ്വപ്നം കണ്ട സിനിമയോ?” എന്ന് തർക്കിക്കുന്നുണ്ട്. സ്ത്രീയുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമായി ഉദാഹരിക്കാൻ പറ്റാത്തതാണ് സാറയുടെ ഇത്തരം നിലപാടുകൾ. പേരെന്റിങ് അറിയാത്തതുകൊണ്ട് കുട്ടികൾ വേണ്ട എന്ന സാറായുടെ വാദം അവൾ തന്നെ അട്ടിമറിയ്ക്കുകയാണ്.  പാത്രനിർമ്മിതിയിലെ വിശ്വസനീയത ചുരുങ്ങിച്ചെറുതാകുന്നു. 

 

 റീത്താമ്മയും മല്ലിക സുകുമാരനും

   മാതൃത്വം എന്നതിനെക്കുറിച്ച് വികലധാരണകളാണ് സാറായ്ക്ക്.റീത്താമ്മയോട് അമ്മച്ചി എന്താ ചെയ്തത്? മക്കളെ വളർത്തി വലുതാക്കിയതോ എന്ന് നേരേ ചോദിക്കുന്നുണ്ടവൾ.ലോകത്തെ എല്ലാ അമ്മമാരേയും ഒറ്റയടിക്ക് നിസ്സാരരാക്കി വീഴ്ത്തിക്കളഞ്ഞിരിക്കുന്നു സാറാ.പേരെന്റിങ് എല്ലാ സ്ത്രീകൾക്കും പറ്റിയതല്ലെന്ന് വാദിയ്ക്കുന്നവൾക്ക് അത് വിദഗ്ധമായി സാധിച്ചെടുത്തവരോട് ആദരവ് തോന്നേണ്ടതല്ലേ എന്ന ചോദ്യം ഉദിപ്പിക്കത്തക്ക വിധത്തിത്തിലാണ് റീത്താമ്മയുടെ മാതൃത്വത്തെ നിന്ദിച്ചപമാനിയ്ക്കുന്നത് അവൾ. റീത്താമ്മയുടെ മൂത്തമകൾ ഒരു ഡോക്റ്ററാണ്, രണ്ടാമത്തെ മകൻ ഉയർന്ന ഐ റ്റി ജോലിക്കാരനുമാണ്. ഇവരെ വളർത്തിയെടുത്തത് അത്ര കാര്യമല്ലെന്നും ലോകത്തിനു ഒരു സംഭാവനയും റീത്താമ്മ നൽകിയിട്ടില്ലെന്നുമാണ് സാറായുടെ വാദം. മക്കൾ അവരോടൊപ്പം വന്ന് നിൽക്കാൻ ആവശ്യപ്പെടുന്നുമില്ല എന്നത് റീത്താമ്മയുടെ പരാജയവുമാണെന്ന് അവരെ തെര്യപ്പെടുത്തുന്നുണ്ട് സാറാ. ഇത് കേട്ട് തകർന്ന റീത്താമ്മ പൊട്ടിക്കരയുകയാണ്. റീത്താമ്മ അവരുടെ ജീവിതം കൊണ്ട് എന്തു ചെയ്യണമായിരുന്നു എന്നാണ് സാറാ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. റീത്താമ്മയുടെ വേഷം ചെയ്യുന്നത് മല്ലിക സുകുമാരൻ ആണെന്നുള്ളത് വിരുദ്ധകാവ്യനീതി ആയി മാറുന്നത് സംവിധായകൻ ശ്രദ്ധിച്ചിരുന്നോ എന്ന് സംശയം.  പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ പ്രഗൽഭരെ പ്രസവിച്ച്  വളർത്തിയ സ്ത്രീ ആണവർ, അതേസമയം സ്ഥിരമായി അഭിനയവും തുടർന്നു, ഇന്നും അഭിനയിക്കുന്നു. പ്രസവം, പേരെന്റിങ്, കരിയർ എന്നിവ സമന്വയിപ്പിച്ച സ്ത്രീയുടെ ഉദാഹരണമായി മല്ലിക സുകുമാരൻ തന്നെ സാറായുടെ മുൻപിൽ വന്ന് നിന്നാൽ അവൾക്ക് എന്തായിരിക്കും പറയാനുള്ളത് എന്നത് കൗതുകമായി അവശേഷിക്കുന്നു. ലോകത്തിനു എന്തെങ്കിലും സംഭാവന ചെയ്യണം എന്ന നിശ്ചയം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അനുമോദനീയം തന്നെയാണ്, പക്ഷെ മക്കളെ ഉത്തമപൗരന്മാരായി വളർത്തി  വിടുന്നത് ഒരു സംഭാവന തന്നെയെന്ന് സാറാ മനസ്സിലാക്കിയിട്ടില്ല. സാറാ അവളുടെ സിനിമാക്കഥയുടെ നിർണ്ണായകഭാഗങ്ങളുടെ വിശദാംശങ്ങൾക്കായി സമീപിക്കുന്ന ഫോറെൻസിക് ഡോക്റ്ററായ സന്ധ്യ ഫിലിപ്, റീത്താമ്മയുടെ മകൾ, സിനിമയിലെ മറ്റൊരു വിപരീത ഉദാഹരണമാണ്. ഭർത്താവ് മരിച്ച അവർ ജോലിയും കുഞ്ഞുങ്ങളെ വളർത്തലും  നൈപുണ്യത്തോടെയും കാര്യക്ഷമതയോടെയും സാധിച്ചെടുക്കുന്നുണ്ട്. റീത്താമ്മയുടെ വ്യർത്ഥജീവിതത്തിന്റെ ഉദാഹരണം മാത്രമായിരിക്കണം സാറായ്ക്ക് ഡോക്റ്റർ സന്ധ്യ. കുടുംബജീവിതവും കരിയറും സമന്വയിപ്പിയ്ക്കുന്ന സ്ത്രീകളുമായിട്ട് ഇടപഴകുന്ന സാറാ അവരിൽ നിന്ന് ഒന്നും പഠിച്ചെടുക്കുന്നില്ല.

 

ബന്ധുക്കൾ എന്ന ശല്യക്കാർ

 മക്കൾ മാതാപിതാക്കളെ വീട്ടിലേക്ക് ക്ഷണിയ്ക്കാത്തത് അപരാധമാണെന്ന് റീത്താമ്മയെ ബോദ്ധ്യപ്പെടുത്തുന്ന സാറാ  നേർ വിപരീതമായി ചിന്തിച്ച് ബന്ധുക്കൾ ശല്യമാണെന്നും ഒരു പണിയും നടക്കാതെ വരുമെന്നും അവളുടെ പദ്ധതികൾ മുടങ്ങുമെന്നും വിചാരിയ്ക്കുന്നുണ്ട്. ആദ്യത്തെ പടം തീർന്നിട്ട് മതി കല്യാണം എന്നാണവളുടെ അഭിപ്രായം. സാറായുടെ സിനിമയുടെ ആദ്യപ്രദർശനത്തിനു ശേഷം സ്വന്തം ബന്ധുക്കാർ സഹർഷാനുമോദനവുമായി എത്തുന്നത് ആസ്വദിക്കുന്നുണ്ട് സാറാ. ബന്ധുക്കൾ ശല്യങ്ങളല്ലാതാവുന്ന വേളകളും ഉണ്ടെന്ന് സാറാ മനസ്സിലാക്കിയോ എന്തോ. കുടുംബവ്യസ്ഥ ഒരു വെല്ലുവിളി ആയി അനുഭവപ്പെടുന്നെങ്കിൽ വിവാഹത്തിൽ ഏർപ്പെടാതിരിക്കുയാണ് വേണ്ടത് എന്നൊരു യുക്തി ഇവിടെ തെളിഞ്ഞു വരുന്നു.

 

  സാറായുടെ പ്രസവപ്പേടി ഗർഭം നിലനിർത്തണോ വേണ്ടയോ എന്നായി മാറിയത് തന്മയത്വത്തോടേയാണ് ഒളിപ്പിച്ചിരിക്കുന്നത്. റ്റോക്കോഫോബിയ എങ്ങനെ മാറി എന്നത് സിനിമയിൽ വ്യക്തമാക്കാൻ ഒരുമ്പെടുന്നില്ല സംവിധായകൻ. ഡോക്റ്റരോടും അവൾ പറഞ്ഞിട്ടില്ല ഇത് എന്നാണ് സൂചനകൾ. കരിയറിന്റെ പ്രശ്നം മാത്രമായി ചുരുക്കിയിരിക്കുന്നു. പേരെന്റിങ് അത് അറിയാവുന്നവർ മാത്രം ചെയ്യേണ്ട പണിയാണ് എന്നത് ഉറപ്പിക്കാൻ ഒരു ഡോക്റ്ററെക്കൊണ്ട് അത് പറയിപ്പിക്കുന്നുണ്ട്. Bad parenting ഇനെക്കുറിച്ച് ആപ്തവാക്യം ചമച്ച് ഭിത്തിയിൽ തൂക്കുന്ന ഡോക്റ്റർ അതിനുള്ള കൗൺസിലിങ് സാദ്ധ്യതകൾ അറിയാതെ പോയത് എങ്ങനെയെന്തോ. അത് നൈസർഗ്ഗികമാണ് ചിലർക്ക് എന്ന് ഉറപ്പിക്കാനായിരിക്കും ഡോക്റ്റർ സന്ധ്യ വികൃതിക്കുട്ടിയെ ഡിസിപ്ലിൻ പരിശീലിപ്പിക്കുന്ന സീൻ സാറായും ജീവനും ആശുപത്രിയിൽ ഇരിയ്ക്കുമ്പോഴുള്ള സീനിനോട് ചേർത്തത്.

 

       സാറായുടെ ഗർഭപ്രതിസന്ധിയ്ക്ക് സമാന്തരമായി ഭർത്താവിന്റെ നിർബ്ബന്ധപ്രകാരമെന്നോണം നിരന്തരമായി പ്രസവിക്കുന്ന ലൂസി എന്നൊരു കഥാപാത്രത്തെ ഉൾക്കൊള്ളിച്ചിട്ടുണ്ട് സിനിമയിൽ. സാറായുടെ അതേ ഡോക്റ്ററെത്തന്നെ കാണാൻ സാധിയ്ക്കുന്ന സാമൂഹ്യചുറ്റുപാടുകൾ ഉള്ളവളാണെങ്കിലും ലൈംഗികവേഴ്ച്ച വേണ്ടെന്ന് വയ്ക്കുക മാത്രമാണ് ഗർഭനിയന്ത്രണത്തിനു മാർഗ്ഗം എന്ന പഴഞ്ചൻ ചിന്താഗതി വച്ചു പുലർത്തുന്നവളാണ് ലൂസി. സ്വന്തമായി തീരുമാനങ്ങളെടുക്കണം, സ്വന്തം ശരീരമാണെന്നോർക്കണം എന്നൊക്കെ ഡോക്റ്റർ ഉപദേശിച്ചത് ലൈംഗികവേഴ്ച്ചയ്ക്ക് ശ്രമിക്കുന്ന ഭർത്താവിനെ ചവിട്ടി മാറ്റുക എന്ന് ധരിച്ചെടുത്തവളാണവൾ. ഇത് ആൺ അഹന്തയ്ക്ക് കിട്ടിയ ചവിട്ടാണെന്ന് ധരിച്ചു വശായ ചിലരുണ്ട്, സ്ത്രീകൾ തന്നെ എന്നുള്ളത് വിചിത്രമാണ്. പ്രസിദ്ധ ഗൈനക്കോളഗിസ്റ്റിനെ കാണുന്ന ലൂസിയ്ക്ക് ഗർഭനിയന്ത്രണ മാർഗങ്ങൾ ലഭിയ്ക്കാൻ എളുപ്പമാണ്. ദി ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചണിലെ ഭാര്യ സ്വാതത്ര്യം പഖ്യാപിക്കുന്ന രീതിയ്ക്ക് കയ്യടിച്ചവർ തന്നെയാണോ സന്താനനിയന്ത്രണത്തിനു ഭർത്താവിന്റെ നാഭിയ്ക്ക് ചവിട്ടുന്നത് അതേ രീതിയിൽ സ്വാംശീകരിച്ചത് എന്ന് അദ്ഭുതം കൂറാൻ അവകാശമുണ്ട്.

 

   ആണുങ്ങൾ അവസാനവാക്ക് പറയുന്നതിനോട് യോജിച്ചു പോകുന്ന പെണ്ണിനെ അവതരിപ്പിച്ചിരിക്കുന്നു സിനിമ.  സാറായ്ക്ക് ആത്യന്തികതീരുമാനങ്ങൾ എടുക്കാൻ അച്ഛനെ ആശ്രയിക്കേണ്ടി വരുന്നു, അമ്മയെ അല്ല. അത് വളർന്ന ചുറ്റുപാടുകളുടെ സ്വധീനം ആയിരിക്കാം. പക്ഷേ അവസാന സീനുകളിൽ ഒന്നിൽ സാറായുടെ വിജയങ്ങൾക്ക് പിന്നിൽ അച്ഛനും ഭർത്താവുമാണെന്ന് അവർ രണ്ടുപേരും അവകാശപ്പെടുന്നത് ദൃശ്യമാക്കിയിട്ടുണ്ട്. അമ്മയ്ക്ക് പ്രസവിയ്ക്കുന്ന ജോലിയേ ഉള്ളു. ആ രംഗം ഉൾപ്പെടുത്താതെ സിനിമ പൂർണ്ണമാകുകയില്ല എന്ന് കരുതുന്നുണ്ടാവണം സംവിധായകനും കൂട്ടരും.

 

   കുട്ടികളെ ഇഷ്ടപ്പെടുന്ന, ഗർഭധാരണപ്പേടി ഇല്ലാത്ത, പേരെന്റിങ്ങിനെക്കുറിച്ച് ധാരണയുള്ള ഒരു സ്ത്രീ തന്റെ കരിയറിലെ ഒരു നിർണ്ണായകമായ അവസ്ഥയിൽ ഗർഭസ്ഥ ശിശുവിനെ വേണ്ടെന്ന് വയ്ക്കുന്നെങ്കിൽ അവിടെയാണ് സ്വാതന്ത്ര്യത്തിന്റെ ഉചിത ആഖ്യാനത്തിനു സാദ്ധ്യതകൾ ഉള്ളത്. തന്റെ ഉടലിനോടും ഫിസിയോളജിയോടുമുള്ള കടപ്പാടും ഉത്തരവാദിത്തവും ആർജ്ജവത്തോടെ തെളിയുന്നത് അന്നേരമാണ്.

 

Sunday, August 15, 2021

മാറുന്ന നമ്മൾ, മാറാത്ത നമ്മൾ-കോവിഡിനു ശേഷം

 


  മരണത്തെക്കുറിച്ച് കൂടുതൽ ബോധം ഉൾക്കൊണ്ടവരുടെ ലോകമാണ് കോവിഡിന്റെ കെടുതികൾ കെട്ടടങ്ങുമ്പോൾ തെളിഞ്ഞു വരുന്നത്. ജീവിതത്തെക്കുറിച്ച് അവബോധം തിരിച്ചറിഞ്ഞവരുടെതും. 2020 ആമാണ്ട് മനുഷ്യരാശി ഇതുവരെ അനുഭവിക്കാത്ത രീതിയിലുള്ള ദുഃഖങ്ങളും കഷ്ടതകളും ദൈന്യതകളും ആഘാതമേൽപ്പിച്ച് കടന്നു പോയി, ലോക് ഡൗൺ കഴിയുമ്പോൾ ഇവയുടെ പരിണതിഫലം തെളിയുന്ന ലോകം പ്രത്യക്ഷപ്പെടുമ്പോൾ ചില തിരിച്ചറിവുകൾ ഉണർന്നെഴുന്നു, സമൂഹസ്വഭാവത്തിൽ  മാറ്റങ്ങൾ ഇഴചേർത്തിരിക്കുന്നു എന്ന് മനസ്സിലാക്കപ്പെടുന്നു. ലോകം മാറിയിരിക്കുന്നു

 

     എന്നാൽ ലോകം അത്രകണ്ട് മാറിയോ? ഇല്ല തന്നെ. യുദ്ധങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു, ഇനിയും സംഭവിക്കും, സ്പർദ്ധയും വിദ്വേഷവും ഒട്ടും വിട്ടുപോയിട്ടില്ല, മനുഷ്യരെ.  ർവാൻഡാ യിലും കെനിയയിലും ചാഡിലും സൊമാലിയയിലും പട്ടിണിയും മനുഷ്യനിഷേധവും തുടരും, ഇസ്രായേലും പാലസ്റ്റീനും ലെബനോണും സിറിയയും അഫ്ഘാനിസ്താനും സ്വന്തം സ്പീഷീസിനെ കൊല ചെയ്യുന്ന ഹോമോ സാപിയൻ കഥകളുമായെത്തും, കേരളത്തിലെ ചില ആണുങ്ങൾ  പണിപ്പെടാതെ വെറുതേ കിട്ടാവുന്ന പണത്തിനു വേണ്ടി ഭാര്യമാരെ കൊല ചെയ്യുകയോ ആത്മഹത്യയിലേക്ക് നയിയ്ക്കുകയോ ചെയ്തുകൊണ്ടിരിക്കും. ഒരു മഹാമാരി കൊണ്ട് ലോകത്തെ വെളുപ്പിച്ചെടുക്കാനുള്ള തന്ത്രമൊന്നും ആവിഷ്ക്കരിക്കപ്പെട്ടിട്ടില്ല ഇതുവരെ.

 

    എന്നാൽ ആരുടെ ജീവിതം മാറി എന്നത് സംഗതമായ ചോദ്യമായി അവശേഷിക്കുന്നു. നഷ്ടങ്ങളുടെ ലോകമാണ് ഓരോ പ്രഭാതത്തിലും തെളിയുന്നത് എന്ന് അനുഭവപ്പെടുന്നവർ ഏറെയാണ് നമ്മൾക്കിടയിൽ. മാനസികത്തളർച്ചയെ നേരിട്ട് സ്വാസ്ഥ്യം തിരിച്ചു പിടിക്കാൻ പണിപ്പെടുന്നവരുടെ ലോകം. ഉറ്റവരുടെ മൃതശരീരം ദഹിപ്പിക്കാൻ ഇടം കിട്ടാത്തവരുടെ ലോകം.  മരണങ്ങൾ നോക്കിനിൽക്കേണ്ടി വന്ന് ആത്മഹത്യചെയ്ത ഡോക്റ്റർമാരുടേയും നേഴ്സുമാരുടേയും ലോകം. ജോലി നഷ്ടപ്പെട്ടൊ ബിസിനെസ് പൊളിഞ്ഞോ വീടും കുടിയും നഷ്ടപ്പെട്ടവരുടെ ലോകം. മഹായുദ്ധങ്ങളുടെ കെടുതികൾക്ക് സമമല്ലിത്. ഓരോ വീട്ടിലും വെല്ലുവിളികൾ പല രൂപത്തിലും ഭാവത്തിലും വന്ന് കയറിയിട്ടുണ്ട്. ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന് പ്രഘോഷിച്ചവരെപ്പോലും അമ്പരപ്പിച്ചു കാണണം  നാലു മില്ല്യനോളം മനുഷ്യരുടെ വാതിലിൽ മരണം മുട്ടിവിളിച്ചെന്നറിയുമ്പോൾ.

 

 പ്രകൃതിസ്ഥവും സാധാരണവുമായ നിലയിലേക്ക് എത്തപ്പെട്ടുകൊണ്ടിരിക്കയാണ് എന്ന് ആശിക്കാനാണ് നമുക്കിഷ്ടം. എന്നാൽ ഈ സാധാരണത്വ (normalcy)ത്തിന്റെ നിർവ്വചനം മാറിപ്പോയിട്ടുണ്ട്. 185 മില്ല്യൺ ആൾക്കാരിൽ കടന്നുകൂടിയ വൈറസ് അവയുടെ ഉച്ഛിഷ്ടതിരുശേഷിപ്പുകൾ ഇട്ടും വച്ചാണ് പതുക്കെ പിൻ വാങ്ങുന്നത്. കോവിഡ്ബാധയുടെ ഒരു പ്രത്യാഘാതം തലച്ചോറിനു വരുന്ന മാറ്റങ്ങളും അതോടനുബന്ധിച്ച മാനസികപ്രശ്നങ്ങളുമാണ്.പക്ഷേ ഇതല്ലാതെ നമ്മുടെ പെരുമാറ്റത്തിലും ജീവിതശൈലികളിലും വന്നമാറ്റങ്ങളും സമൂഹത്തെ മാറ്റി മറിച്ചിട്ടുണ്ടെന്നുള്ളതും സത്യമാണ്. ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് വന്നു ചേർന്നത്. മൂന്ന് കുഞ്ഞുങ്ങളെ ഓൺ ലൈൻ ക്ലാസിനു സഹായിക്കുന്ന അതേ സമയം ജോലി ചെയ്യുന്ന ഒരു അമ്മയുടെ അനുഭവം അല്ല ഒരു പോസ്റ്റ്മാന്റേത്, ഒരു ഡോക്റ്ററുടെത്, ഒരു കടയുടമസ്ഥന്റേത്. 2020 പലരേയും പൊതുസ്വഭാവങ്ങളില്ലാത്ത അവസ്ഥയിൽ പിടിച്ചു കെട്ടി. തീർച്ചയായും ഭീതിദമായ അവസ്ഥകളും ദശകളും കടന്നുപോയവരുടെ പിൽക്കാല പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്ന് ഭവിക്കുന്നതാണ്. കോവിഡ്കാലത്ത് പ്രത്യേക നിർദ്ദേശങ്ങളും നിയമങ്ങളും സാമൂഹികമര്യാദകളും പാലിക്കേണ്ടി വന്നത് ഒരു മുൻ കരുതൽ എന്ന നിലയ്ക്ക് ലോക് ഡൗണിനു ശേഷവും പിൻ തുടർന്നേക്കാം.

 

   ശീലങ്ങളിൽ വിപര്യയങ്ങൾ വരുന്നത് സൂക്ഷ്മമായി പഠിച്ചിട്ടുണ്ട് പെരുമാറ്റശാസ്ത്ര വിദഗ്ധർ (Behaviour scientists). ലണ്ടൻ കിങ്സ് കോളെജിലെ ഗവേഷകൻ ബെഞ്ചമിൻ ഗാർഡ്നർ കോവിഡ് കാലത്ത് ഏറ്റെടുത്ത പെരുമാറ്റരീതികൾ  നിലനിൽക്കുന്നതിലെ സ്വാധീനങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാൻ മനുഷ്യർ സ്വതവേ അതിവിദഗ്ധർ ആയതുകൊണ്ട് ശീലങ്ങളെ സ്വാംശീകരിക്കാനും എളുപ്പം വിട്ടുകളയാനോ നിലനിർത്താനോ തയറാകുന്ന മനസ്സാണ് നമ്മുടേത്.  പെരുമാറ്റരീതി ജീവിതശൈലി ആയി ക്രമപ്പെടുന്നതും മനുഷ്യസഹജമാണ്. സന്ദർഭ/സാഹചര്യങ്ങളും (context-നിങ്ങൾ എവിടെയാണ്, ആരോടൊപ്പമാണ്) പ്രതിഫലം ലഭിയ്ക്കാനുള്ള സാദ്ധ്യതയും (ഒരു പ്രക്രിയയിൽ നിന്ന് സംതൃപ്തി ലഭിയ്ക്കുന്നത്) പെരുമാറ്റരീതിയെ ഒരു ശീല (habit)മാക്കാൻ സഹായിയ്ക്കും എന്നാണ് ഡോ. ഗാർഡ്നരുടെ വിദഗ്ധാഭിപ്രായം. ഇവ രണ്ടും (context, reward) മാറപ്പെടാൻ സാദ്ധ്യതയുള്ളവയാണെങ്കിലും ചില ശീലങ്ങൾ തുടരാൻ മനസ്സ് പിന്തുണച്ചേയ്ക്കും.  കോവിഡ്-19 ലോക്ഡൗൺ കാലത്ത്  പല ജീവിതശൈലികളും മാറപ്പെടേണ്ടി വരികയും പുതിയ ശൈലികൾ സ്വാംശീകരിച്ചത് പെരുമാറ്റത്തെ ബാധിയ്ക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം നിരീക്ഷിയ്ക്കുന്നു. ലോക്ഡൗൺ കാലത്ത് വീട്ടിൽ വച്ച് ചെറുതായി പാചകം ശീലിച്ചയാൾ പിന്നീട് അത് തുടർന്നേക്കാൻ സാദ്ധ്യതയുണ്ട്. കുട്ടികളുമൊത്ത് മുറ്റത്തും വീട്ടിനു ചുറ്റിനും സൈക്കിൾ ഓടിച്ചിരുന്നത് ലോക് ഡൗണിനു ശേഷവും സ്ഥിരം ശൈലി ആയി മാറിയേക്കാം. സാഹചര്യങ്ങൾ മാറിയാലും ചില ജീവിതശൈലീഭേദങ്ങൾ കൂടെക്കാണും എന്ന് സാരം. താൽക്കാലിക മാറ്റങ്ങൾ സ്ഥിരമാക്കപെടുന്ന പ്രതിഭാസം.

 

    ചില സ്വയം തിരിച്ചറിവുകൾക്ക് കാരണമായിട്ടുണ്ട് മഹാമാരിക്കാലം.  ജീവിതത്തിൽ വിലമതിക്കേണ്ടത് എന്താണെന്നുള്ളതിൽ കൃത്യത വന്ന സമയമാണ് പലർക്കും. ചിലമാറ്റങ്ങൾ സ്വയം നിയന്ത്രണത്തിലല്ല താനും. കഠിനക്ഷാമകാലം അനുഭവിച്ചവർ മിതവ്യയം ശീലമാക്കിയിട്ടുള്ളതുപോലെ കോവിഡ് പഠിപ്പിച്ച പാഠങ്ങൾ ഈ കാലഘട്ടത്തിന്റെ മുദ്രകളായി പതിയുകയാണ്.ഏകാന്തതയുമായി സമരസപ്പെടുന്നത് ഇന്ന് എളുപ്പമായിത്തീർന്നിട്ടുണ്ട്, ചിലർക്ക് സ്വാസ്ഥ്യദായകവുമായിട്ടുണ്ട്. വിഷാദരോഗവും ഉൽക്കണ്ഠയും വർദ്ധമാനമായിരിക്കുകയാണെന്നത് കോവിഡാനന്തരസമൂഹം അഭിമുഖീകരിക്കേണ്ട വിപൽസന്ധിയാണ്. കുടുംബ ബന്ധങ്ങൾ കൂടുതൽ ഇഴചേരാൻ ഇടയായിട്ടുണ്ടെങ്കിലും വിപരീതപ്രഭാവവും സംഗതമായിട്ടുണ്ട്. സ്വീഡനിൽ ലോക്ഡൗൺ കാലത്ത് വിവാഹമോചനനിരക്ക് 15% വർദ്ധിക്കുകയാണുണ്ടായത്.. കുടുംബകലാപങ്ങളും ശാരീരികപീഡനങ്ങളും 20% കൂടുതലായതായി നിരീക്ഷണങ്ങളുമുണ്ട്. 

 

    കോവിഡ് കാലത്തെ പെരുമാറ്റരീതികൾ പലതും പിന്തുടരപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്. ശുചിത്വം പാലിയ്ക്കാനുള്ള ശുഷ്ക്കാന്തി പലരിലും നിലനിൽക്കുന്നുണ്ട് കോവിഡ് ബാധയും മരണങ്ങളും വളരെ കുറഞ്ഞ ഇടങ്ങളിൽ. പല തവണ കൈ കഴുകുന്നത് പലർക്കും ഒരു ശീലമായിട്ടുണ്ട്. സാമൂഹിക അകലം  പാലിയ്ക്കുന്നത് ചില ആൾക്കൂട്ടത്തിൽ എത്തപ്പെടുമ്പോൾ സ്വമേധയാ പാലിയ്ക്കുന്നുമുണ്ട്.

 

 എന്നെ രക്ഷിയ്ക്കാൻ ആരു വരും?

 

   മേൽച്ചൊന്ന പെരുമാറ്റശൈലികൾക്ക് പ്രായോഗികമായ ചില പശ്ചാത്തലങ്ങളുമുണ്ട്. ആരോഗ്യപരിപാലനത്തിനു വേണ്ടിയുള്ള ശുചിത്വം ഇന്ന്  ചില ആകാംക്ഷകൾ നിർബ്ബന്ധിയ്ക്കുന്നതാണ്. ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മ പലേ രാജ്യങ്ങളിലും -അമേരിക്ക അടക്കം- കോവിഡ് മരണങ്ങൾ ലക്ഷങ്ങൾക്കപ്പുറമാകാൻ വഴിതെളിച്ചു എന്നത് ഒരു ഉൾഭീതിയായി ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. തനിക്കുതാനും പുരയ്ക്ക് തൂണും എന്ന പഴഞ്ചൊല്ലിലെ സാർത്ഥകത തന്നെ ഇത്. ഇനിയൊരു മാരകവൈറസിനെ നേരിടേണ്ടി വരാൻ ഇടയാകരുതേ എന്ന പ്രാർത്ഥന ഇതിൽ അടങ്ങിയിട്ടുണ്ട്. ആശുപത്രികൾ സന്ദർശിക്കുന്നവർ മാസ്ക് ധരിയ്ക്കുന്നത് സ്വമേധയാലാണ് ഇപ്പോൾ.  ഓക്സിജെൻ കിട്ടാതെ, വാക്സീൻ കിട്ടാതെ രണ്ടാം ഡോസ് ചിലപ്പോൾ കിട്ടാതെ- മരണപ്പെട്ടവരുടെ ഉറ്റവർ മുൻ കരുതൽ എടുക്കുന്നത് സ്വാഭാവികമാണ്. ഒരു വിശ്വാസസംഹിതയും രക്ഷയ്ക്കെത്തുകയില്ല എന്ന സത്യമായ് അറിവ് ഏകാന്തതയ്ക്ക് കാഠിന്യം വർദ്ധമാനമാക്കാൻ ഉതകിയെങ്കിലും അതിജീവനത്തെ തെല്ലല്ല സഹായിച്ചിട്ടുള്ളത്. പിൽക്കാൽത്തെ നിശ്ചയദാർഢ്യതയ്ക്ക് വഴിവയ്ക്കാൻ ഉതകിയേക്കും ഇത് എന്നത് ശുഭോദർക്കമാണ്.

 

     ക്ലിഷ്ടസന്ദർഭങ്ങൾ വെല്ലുവിളിയോടെ നേരിടാനും വ്യക്തി ഒരു വൻസമൂഹത്തിന്റെ ഭാഗമെന്ന് ഉദ്ഘോഷിക്കാനും പുതിയ ആശയങ്ങളും ആവിഷ്ക്കാരങ്ങളും ചമയ്ക്കുക എന്നത് മനുഷ്യരുടെ സ്വയം തിരിച്ചറിവിന്റെ ഭാഗമായി പ്രാവർത്തികമാക്കപ്പെട്ടു എന്നത് ഇനി വരുംകാലത്തിലെ അതിജീവനോപധികളിൽ പ്രധാനമാണെന്ന് അനുമാനിയ്ക്കേണ്ടിയിരിയ്ക്കുന്നു. നൂതനാവിഷ്ക്കാരങ്ങൾക്ക് മസ്തിഷ്ക്കത്തെ യഥേഷ്ടം വിട്ടുകൊടുക്കുകയായിരുന്നു നമ്മൾ. വിശ്വവ്യാപി മാരണത്തെ കലാവിഷ്കാരങ്ങളിൽക്കൂടി പ്രതിരോധിയ്ക്കാൻ ഒരുമ്പെട്ട ജനത മനഃശക്തിയുടേയും ധൈര്യത്തിന്റേയും ആഹ്വാനങ്ങൾ വ്യാപകമാക്കിയത് ഉദാരതയുടേയും പരിതസ്ഥിതിയോട് ഇണങ്ങാനുള്ള കഴിവിന്റേയും നിദർശനങ്ങളായിരുന്നു. കേരളത്തിൽ കഥകളിയും മോഹിനിയാട്ടവും ഓട്ടൻ തുള്ളലുമൊക്കെ കോവിഡ് സംബന്ധിയായ വ്യവഹാരങ്ങളുമായി യോജിപ്പിച്ച് നവീനരീതിയിൽ പുനർജ്ജനിച്ചു. വ്യക്തിശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം ഉദ്ദേശിച്ച് ഒരു സിനിമയിലെ നാടൻപാട്ടിനൊപ്പം നൃത്തം ചെയ്യുന്ന പോലീസുകാരുടെ വീഡിയോ ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ്. വൈറസിനെ അകറ്റാൻ കൈകഴുകേണ്ടതെങ്ങിനെ എന്ന് അഭ്യസിപ്പിക്കാൻ പോലീസ് കണ്ട എളുപ്പവഴി ആയിരുന്നു ഇത് എങ്കിലും തങ്ങളുടെ പ്രതിച്ഛായയെ പൂർണ്ണമായും നിഷേധിച്ചുകൊണ്ടുള്ള പ്രകടനം ആയിരുന്നു ഇത്. സാംസ്കാരികമായ മാറ്റങ്ങൾ നിശിതമായ ഇടപെടലുകളോടെ സംഭവിച്ചു കഴിഞ്ഞു എന്നുള്ളതിന്റെ പ്രഖ്യാപനം സ്ഫടികസങ്കാശമായ തെളിവോടേ വെളിപാടുണർത്തിച്ചു. മനോമാന്ദ്യത്തിൽ നിന്ന് വിമുക്തമാകാനുള്ള ശക്തമായ കഴിവ് (resilience) കോവിഡിനു ശേഷം മനുഷ്യസമൂഹം പ്രയോഗപ്പെടുത്തുമെന്നുള്ള പ്രവചനാത്മകത ഇത്തരം ചെയ്തികളിൽ തുടിച്ചു നിന്നിട്ടുണ്ട്.

 

വീക്ഷണങ്ങൾ മാറുന്നു

   

   ഏറ്റവും കൂടുതൽ രാഷ്ട്രീയവൽക്കരിയ്ക്കപ്പെട്ട സാംക്രമികരോഗമാണ് കോവിഡ്-19, സംശയമില്ല. അമേരിക്കയിലും ഇൻഡ്യയിലും ബ്രസീലിലും മരണത്തോത് ഉയർന്നത് ഇക്കാരണത്താലാണ്. ഭരണകൂടത്തോടും രാഷ്ട്രീയമുതലെടുപ്പുകളോടും വെറുപ്പ്  സൃഷ്ടിയ്ക്കാൻ ജനതയെ പ്രാപ്തമാക്കുകയായിരുന്നു ഇത്തരം ഹീനചിന്താഗതികൾ. ഇതിന്റെ പരിണതിഫലം കാലം തെളിയിക്കേണ്ടതുണ്ടെങ്കിലും പ്രത്യാഘാതങ്ങൾ  സമൂഹത്തിൽ പ്രത്യക്ഷപ്പെടും എന്നത് തീർച്ചയായിട്ടുണ്ട്. ഭരണകൂടത്തിന്റെ power dynamics പലപ്പോഴും ശിഥിലമാകുകയോ പുനർഘടനാനിർമ്മാണത്തിനു വശംവദമാകുകയോ ചെയ്തു. പ്രത്യയശാസ്ത്രങ്ങൾ ഉറഞ്ഞുപോയപ്പോൾ പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ എന്നതിലെ കാവ്യനീതി പരിശോധിക്കപ്പെടുകയായിരുന്നു.      അടച്ചുപൂട്ടപ്പെട്ട ദേവാലയങ്ങൾ ദൈവം ധർമ്മസംസ്ഥാപനാർത്ഥായ സംഭവിക്കുകയില്ലെന്ന് തെര്യപ്പെടുത്തുകയായിരുന്നു. പരമോന്നതനീതി ജൈവസൗഭാഗ്യത്തിന്റെ കനിവുമായി എത്തിയത് ശാസ്ത്രത്തിന്റെ അപ്രതിഹത കരങ്ങളിലാണ്. വിശ്വാസം എന്നത് ശാസ്ത്രത്തിൽ മാത്രം എന്നത് മനുഷ്യസാംസ്കാരികചരിത്രത്തിൽ വാഴ്ത്തപ്പെട്ടതായി, ഇത് രൂഢമൂലമായത് വിപ്ലവാത്മകമായ മാറ്റമാണെന്ന് നമ്മൾ സമ്മതിച്ചിരിക്കുന്നു.മനുഷ്യകുലം ആദ്യമായാണ്  ഒരേ സമയം വാക്സിനേഷനു വിധേയമായതും അതിജീവനസാദ്ധ്യതകൾ തെളിയിക്കപ്പെട്ടതും  എന്നത് പകർന്നു നൽകിയ മാനസികോർജ്ജം ചില്ലറയല്ല. ഏകലോകം എന്ന ആശയം ആരോടും ചോദിക്കാതെ അറിയാതെ അറിയാതെ എന്നിലെ എന്നിൽ കവിതയായ് വന്ന് പിറന്നിരിക്കുന്നു-സമ്മതിയ്ക്കാതെ നിവൃത്തിയില്ല. പലരാജ്യങ്ങളും മറന്നുകളഞ്ഞ പൗരധർമ്മശാസ്ത്രം (Civics) പൂർവ്വാധികം ഉണർവ്വോടെയാണ്, ശക്തിയോടെയാണ് വീണ്ടെടുക്കപ്പെട്ടത്.

 

. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാക്സീൻ നിർമ്മിതി സാധിച്ചെടുത്തത് സാങ്കേതികയുടെ വൻ വിജയപ്രഖ്യാപനം തന്നെ ആയിരുന്നു. ആദ്യമായി ആർ എൻ എ (RNA) ഉപയോഗിച്ചുള്ള വാക്സീൻ -തത്വങ്ങളിൽ മാത്രം ഒതുങ്ങി നിന്നതായിരുന്നു ഈ ആശയം- നിർമ്മിച്ചെടുക്കാമെന്നും അത് ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടു. രണ്ട് കമ്പനികൾ-ഫൈസറും മൊഡേണയും-ലോകത്തിനു സമ്മാനിച്ച ഈ വാക്സീൻ നിർമ്മിതിയുടെ സാങ്കേതികത പേറ്റന്റ് നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നത് ചരിത്രത്തിൽ ആദ്യമായി സംഭവിച്ചതാണ്. ലോകമനഃസാക്ഷി എന്നൊന്ന് നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. വൈറസ് ബാധ വരുംതലമുറകൾക്ക് ഇങ്ങനെ ചില ശുഭപ്രതീക്ഷകൾ ഇട്ടും വച്ച് പോയിട്ടുണ്ട്.

 

   പ്രകൃതി ചില തിരിച്ചു പിടിത്തങ്ങൾ പ്രചലിതമാക്കിയിട്ടുണ്ട് ഇതിനിടയ്ക്ക്. മനുഷ്യൻ എന്ന ശല്യം ഒഴിവാക്കപ്പെട്ടിടത്തേയ്ക്ക് മൃഗങ്ങൾ അവരുടെ നഷ്ടപ്പെട്ട ഇടങ്ങൾ തിരിച്ചു പിടിയ്ക്കാൻ കൂട്ടത്തോടെ ഓടിയും നീന്തിയും എത്തപ്പെട്ടു. നഗരങ്ങളിൽ ചെമ്മരിയാടുകൾ വിഹരിച്ചു, നീർനായകൾ കൂറ്റൻ കെട്ടിടങ്ങളുടെ മുറ്റത്ത് കാഴ്ചകൾ കാണാനെന്നോണം എത്തി. ഹോമോ സാപിയൻസ് ഒരു സ്പീഷീസ് മാത്രമാണെന്ന് തെര്യപ്പെടുത്തി. നിരത്തുകളിൽ അതിഭാരമേറിയ വമ്പൻ വാഹനങ്ങൾ കിടിലം കൊള്ളിയ്ക്കാൻ ഇറങ്ങാതായപ്പോൾ ഭൂമിയുടെ തന്നെ സീസ്മിക് ചലനങ്ങൾ മന്ദീഭവിച്ചു, ലോകത്തിന്റെ പല ഭാഗങ്ങളിലെ യന്ത്രങ്ങളും ഇത് സ്ഥിരീകരിച്ചു. ഇതിന്റെയൊക്കെ അനുരണനങ്ങൾ തീർച്ചയായും മനുഷ്യൻ സ്വാംശീകരിച്ചിട്ടുണ്ട്. അതിൽ ചിലവ നെടുനാൾ നീണ്ടു നിന്നേയ്ക്കും അവനിൽ, നിസ്സാരമായോ മഹത്വപൂർണ്ണമായോ. അറിയപ്പെടാത്തതിനോടുള്ള പേടി (fear of the unknown) മസ്തിഷ്ക്കപരിണാമത്തെ ഏറെ സഹായിച്ചിട്ടുണ്ട്. അതിലൊന്ന് ദാ ഇപ്പോൾ, ഇവിടെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.

 

References:

1. Maltagliati S.et al.  Evolution of physical activity habits after a context change: The case of COVID19 lockdown. Br. J. Health Psychol.  Apr 6, 2021 : 10.1111/bjhp

2. Cucchiarini V. et al. Behavioral changes after the COVID-19 lockdown in Italy.   Front. Psychol., 10 March, 2021. 10.3389/fpsyg  

 

3. McBride E. et al., The impact of COVID-19 on health behaviour, well-being and long-term physical health. Br. J. Health Psychol. May 26, 2021. 10.1111/bjhp

 

 

 

 

 

Saturday, August 14, 2021

രാവിൽ രാഗനിലാവിൽ പൂവച്ചലിൽ സംഭവിച്ചത്

 

   ശരറാന്തൽ തിരി താഴ്ത്തിയ മുകിലിൻ കുടിലിൽ ആയിരം കവിതകൾ വിരചിച്ച വിരലുകൾ ഉറങ്ങാൻ കിടന്നിരിക്കുന്നു. ഇനി ഇതിലേ ഏകനായ് ആ ഗായകനു അലയാം. ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ വഴിയോരത്ത് ആ ശാന്തമുഖം നമുക്ക് വേണ്ടി തെളിയും. നീ വരും കാലൊച്ച കേൾക്കുവൻ കാതോർത്തിരുന്നു എന്ന് നമ്മോട് പറയും. പൂവച്ചലിലെ പ്രകൃതിഗായകൻ രാവിൽ, രാഗനിലാവിൽ മന്ദാരച്ചെപ്പുണ്ടോ എന്ന തെല്ല് കൗതുകം കലർന്ന ചോദ്യവുമായി ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ നമ്മോടൊപ്പം കാത്തുനിൽക്കും.

 

    പ്രകൃതിദർശനം മലയാള സിനിമാഗാനങ്ങളിൽ നിരന്തരം സാന്നിദ്ധ്യമറിയിച്ചാണ് വഴക്കം. പുഴകൾ മലകൾ പൂവനങ്ങൾ ഭൂമിയ്ക്ക് കിട്ടിയ സ്ത്രീധനങ്ങൾ എന്ന് പാടാനാണ് വയലാറും പി ഭാസ്കരനും ഇതൊക്കെ നമ്മെ തെര്യപ്പെടുത്താൻ ശ്രമിച്ചത്. ഇതേ പ്രകൃതിയെ പൂവച്ചൽ ഖാദർ വരച്ചത് മറ്റ് ചില ചായക്കൂട്ടുകൾ പ്രയോഗിച്ചാണ്. മിത്തുകളും പ്രാദേശിക കഥകളും പ്രതിബിംബമാക്കുന്നത് മലയാള ഗാനരചിയാതാക്കൾക്ക് പണ്ടേ പഥ്യമായിരുന്നെങ്കിലും പൂവച്ചൽ ഖാദർ അവ ഉപയോഗിച്ച് പുതിയകഥകൾ മെനഞ്ഞെടുക്കാനാണ് ഉൽസുകനായത്. അജ്ഞാതവാസം കഴിഞ്ഞ്  തേരിൽ വന്നിറങ്ങുന്ന നായകൻ ഒരു കല്യാണത്തിനു സാദ്ധ്യത്യയൊരുക്കുകയാണ് , പക്ഷേ നായകൻ മഴവില്ലാണ്, പുഴ ആഴിയെ കല്യണം കഴിക്കുന്ന വേളയാണ്. മണിമുകിൽത്തേര് എന്ന സമസ്തപദ രൂപകപ്രയോഗം കൊണ്ട് കാൽപ്പനികതയുടെ  സൗന്ദര്യവും വെളിവാക്കപ്പെടുകയാണ്. ഭൂതകാലസംഭവങ്ങൾ ഒരു കഥയായി കവിതയായി വിരിയുകയാണ്. പുഴയുടെ കല്യാണമായി എന്നത് കൗതുകകരമായ ഒരു പ്രഖ്യാപനം തന്നെ. അജ്ഞാതവാസവും ഗോപികാവസ്ത്രാപഹരണവും (ആടയ്ക്കായ് പുഴ ഓളക്കയ് നീട്ടുന്നു  ആഴിയോ മറ്റൊരു കാർവർണ്ണനായ്) ചുരുക്കം വാക്കുകളിൽ എപിക് തലത്തിലേക്ക് പാട്ടിനെ ഉയർത്തുന്നു.

 

ഋതുമതിയായ് തെളിവാനം

സുമവനിയായ് നദിയോരംഎന്നരീതിയിൽ അനന്യമായ ഉപമാപ്രയോഗങ്ങൾ സ്ഥിരം പ്രകൃതിവർണ്ണനകളിൽ നിന്നും അകലം പാലിച്ചു കൊണ്ട് എഴുതിയതു തന്നെ.

പീറ്റർ-റൂബനു വേണ്ടി എഴുതിയ ലിറിക്സിൽ കവി സ്വന്തം പ്രകൃതിദർശനം  വിപുലീകരിക്കാൻ ഒരുമ്പെടുന്നുണ്ട്:

സൗന്ദര്യപൂജയ്ക്കു പൂക്കൂടയേന്തുന്ന
ചക്രവാളത്തിലെ പെണ്ണേ
സൗഗന്ധികക്കുളിര്‍ തെന്നലേറ്റേറ്റു നീ
സൗമ്യയായ് നില്‍ക്കുവതെന്തേ - ദൂരെ
സൗമ്യയായ് നില്‍ക്കുവതെന്തേ

സാഗരം നീട്ടുന്ന കണ്ണാടി നോക്കി നീ
കാലത്തൊരുങ്ങുന്ന നേരം
നാണം വരുന്നോ - നാണം വരുന്നോ
നിനക്കു നിന്‍ സ്വപ്നങ്ങള്‍
പൂവണിയുന്നൊരീ കാലം
തേന്മഴ പെയ്യുമീ പ്രായം

ചക്രവാളത്തിലെ പെണ്ണ് സാഗരം നീട്ടുന്ന കണ്ണാടി നോക്കി ഒരുങ്ങുന്നതൊക്കെ ഏകാന്തതേ നിന്റെ ദ്വീപിൽ ഏകാന്തമാം ഒരു ബിംബം എന്ന് സ്വയം ആശങ്കപ്പെടുന്ന, അതേസമയം  കാൽപ്പനികതയിൽ അഭിരമിയ്ക്കുന്ന മലയാളി ഗാനാസ്വാദകർക്ക് വേഡ്സ്വർത്തിന്റെ ഭാഷയിൽ bliss of solitude സമ്മാനിച്ചിരിക്കണം. പൂവച്ചൽ ഖാദറിന്റെ വിജയരഹസ്യം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിച്ചാൽ അദ്ഭുതം കൂറേണ്ടതില്ല. കണ്ടനുഭവിക്കേണ്ടതു മാത്രമല്ല പ്രകൃതിസൗന്ദര്യം, സംഗീതത്തിന്റെ തേൻ ചാലിച്ച് മധുരതരമാക്കേണ്ടതുമാണ്. അതുകൊണ്ടാണ് കവിയ്ക്ക് എൻ പുലരികളിൽ നീ ഭൂപാളമായ് എൻ സന്ധ്യകളിൽ നീ ഭൈരവിയായ് എന്ന് പാടേണ്ടി വന്നത്.

 

മൗനം എന്നത് പാട്ട് തന്നെ

     കവിയ്ക്ക് മൗനം വാചാലമാണ്. വാക്കുകൾ തേടുന്ന മൗനം  സാന്ദ്രത കൂടുന്ന മൗനം എന്ന് അൽപ്പസ്വൽപ്പം ദാർശനികത കൂടെ കലർത്തിയാൽ ബഹുവിശേഷം എന്ന് സംർത്ഥിക്കുന്നു കവി.    മൗനം തുറസ്സായിട്ട് പാടുകയാണെന്നാണ് ഖാദറിന്റെ അവകാശവാദം. മൗനങ്ങളിൽ നാദം കേൾക്കുന്നത് അദ്ദേഹത്തിന്റെ സ്വതഃസിദ്ധവിനോദം എന്ന മട്ടാണ്. മൗനം എന്നതാണ് സ്ഥായിയായ ഭാവം, അത് പ്രണയത്തിന്റെ തന്നെ ഭാവമാണ് എന്ന് സ്ഥാപിച്ചെടുക്കാൻ വ്യഗ്രതയുമുണ്ട് ഖാദറിനു. സിന്ദൂരസന്ധ്യയ്ക്ക് മൗനം മന്ദാരക്കാടിനു മൗനം, എന്തു പറഞ്ഞാലും എന്നരികിൽ എൻപ്രിയനെപ്പോഴും മൗനംഎന്ന് എഴുതിയതിന്റെ പിന്നിലെ ചേതോവികാരം അധികം അന്വേഷിക്കപ്പെടേണ്ടതില്ല.   മൗനങ്ങളിൽ ഒരു നാണം കണ്ടുഎന്ന മട്ടിൽ കൂടുതൽ വികാസം പ്രാപിക്കുന്നുമുണ്ട് ഈ ആശയം. കരളിലെഴും ഒരു മൗനം  കസവണിയും ലയമൗനം സ്വരങ്ങൾ ചാർത്തി വീണയായ് മണിവീണയായ് മാറുന്ന വിദ്യയിൽ ആകൃഷ്ടനാണ് അദ്ദേഹം. പൊൻ വീണേ എന്നുള്ളിൽ മൗനം വാങ്ങൂ എന്ന് നിർബ്ബന്ധിയ്ക്കുന്നത് മൗനമാണ് കേൾക്കുന്ന സ്വരങ്ങളെക്കാൾ മധുരതരം എന്നതുകൊണ്ടല്ല, മൗനമാണ് വാചാലം എന്നതുകൊണ്ട് തന്നെ. മൗനം അണിയുമൊരു നാദം എന്ന് വ്യക്തമാക്കിക്കൊണ്ട് മൗനം നിഗൂഢമായി പ്രകമ്പനം കൊള്ളിയ്ക്കുന്ന ശബ്ദത്തെപ്പറ്റി വെളിപാടുണർത്തുകയാണ്. മൗനം പാടുന്നതിന്റെ പശ്ചാത്തലം വിശദമാക്കപ്പെടുന്നു മന്ദാരച്ചെപ്പുണ്ടോ യിൽ. ഓരോ ചരണങ്ങളും അവസാനിക്കുന്നത് മൗനം പാടുന്നു എന്നാണ്. മൗനമേ നിറയും മൗനമേ എന്ന് ഉച്ചസ്ഥായിയിൽ കവി പാടുന്നത് ദുഃഖം എന്നും അതിനെ തേടിവരും എന്നതിനാലാണത്രെ.

 

കമ്പോസറുടെ ട്യൂൺ, പൂവച്ചൽ ഖാദറിന്റെ അക്ഷരങ്ങളും വാക്കുകളും

 സംഗീതസംവിധായകൻ രാ രാ ..രീരീ .....അല്ലെങ്കിൽ ലാ ലാ ലാ...എന്നരീതിയിൽ വച്ചു തരുന്ന ട്യൂൺ അനുസരിച്ച് പാട്ടെഴുതുക എന്നത്  എത്ര ദുഷ്ക്കരമാണെന്ന് പറയേണ്ടതില്ല.അക്ഷരങ്ങളും വാക്കുകളും വിന്യസിക്കുന്നത് വെല്ലുവിളികളാണ്,  ഗാനത്മകത കലർത്തുന്നതും    കവിതാംശം നിലനിറുത്തുന്നതും  സ്വതന്ത്രരചനകൾ പരിശീലിച്ചവർക്ക് പ്രയാസമാണ്. സിനിമാപ്പാട്ടെഴുത്തുകാരെ മടുപ്പിക്കുന്നതോ കോപാകുലരാക്കുന്നതോ ആണീ സന്നിഗ്ധാവസ്ഥ.  അനായാസകരമായാണ് പൂവച്ചൽ ഖാദർ ഇത്തരുണത്തിൽ തന്റെ വാഗ്വിലാസം പ്രകടമാക്കുന്നത്. പ്രാസഭംഗി ഇയന്ന വരികൾ, അക്ഷരങ്ങൾ ഒന്നൊന്നായി തൊടുത്തെടുത്ത് സ്വതവേ തീർക്കുന്ന ഗാനാത്മകത അതുകൊണ്ട് തന്നെ മെലഡി നിർമ്മിച്ചെടുക്കാനുള്ള എളുപ്പം, ആന്തരികമായ താളം ഇവയൊക്കെ പല പാട്ടുകളിലും തെളിഞ്ഞ് വിളങ്ങുന്നുണ്ട്.  ””രാജീവം വിടരും നിന്മിഴികൾ കാശ്മീരം പൊതിയും നിൻ ചൊടിയിൽ..: താളാത്മകതയും പ്രാസഭംഗിയും ഏറുന്നതാണ്. ഋതുമതിയായ് തെളിമാനം സുമവനിയായ് നദിയോരം മറ്റൊന്ന്. രാവൊരു നീലക്കായൽ ഈ രാവൊരു മോഹക്കായൽ.. ഇതോടൊപ്പം അർത്ഥസമ്പുഷ്ടിയും നിബന്ധ്ധിച്ചതാണ്.     

 

         ശ്യാമിനു വേണ്ടി രചിച്ച ഈ വരികളിൽ ആന്തരികമായി സംഗീതം ചേർന്നിട്ടുണ്ട്:

മധുരം മധുരം മലരിൻ താരുണ്യം

 മനവും തനുവും പൊതിയും ലാവണ്യം

തളിരും കുളിരും നിറയും തീരങ്ങൾ

മിഴിയും മിഴിയും അറിയും ദാഹങ്ങൾ””

എന്നതിൽ.

രവീന്ദ്രനുവേണ്ടി

ഓടം തുഴയും മാന്മിഴികളെ സ്വപ്നം തഴുകും നേരം

സ്വപ്നം അരുളും താരണികളിൽ മോഹം ഉതിരും നേരം  

രചിച്ചത് ഒരു വെല്ലുവിളി നേരിട്ട പോലെ തന്നെയായിരിക്കണം. “”ഒരു നാണമണിയിയ്ക്കും സിന്ദൂരവും

ഒരു മോഹം വിരിയിയ്ക്കും മന്ദാരവും ഇതേ ചാരുത നിബന്ധിച്ചാണ് രവീന്ദ്രൻ നൽകിയ ട്യൂണിനു ഖാദർ തിരിച്ചു കൊടുത്തിട്ടുള്ളത്.

രാജസേനന്റെ കവാലി ട്യൂണിനു (പാടുമൊരു കിളിയായ് മാനസം’) ചടുലമായ അക്ഷര പ്രയോഗങ്ങൾ  ഊർജ്ജം നിറയ്ക്കുന്നുണ്ട്

രാഗാർദ്ര രജനിയിലവനുടെ നിനവുകൾ മലരുകളാകും വേളയിൽ

പ്രാസഭംഗി തെളിയിക്കുന്ന

നെഞ്ചിലൊരു കടലിൻ ഓളം

കണ്ണിലൊരു തിരിതൻ നാളം

ഇതേപാട്ടിലുണ്ട്. ഒപ്പം  ഉചിതമായ വാക്പ്രയോഗങ്ങൾ

ജന്മങ്ങൾ തൻ സമ്മേളനം

സ്വപ്നങ്ങൾ തൻ ഉന്മീലനം

എന്ന മട്ടിൽ കാണപ്പെടുന്നുമുണ്ട്.

എം. എസ്. വിശ്വനാഥനുവേണ്ടി

ചലനം ജ്വലനം ഋതുവിൻ നടനം

ശിലയിൽ ഇലയിൽ ചിതറും  സലിലം എന്നിങ്ങനെ യമകപ്രയോഗങ്ങളെ അനുസ്മരിപ്പിക്കുന്ന രചനാകൗശലങ്ങളും ഖാദർ പ്രദർശിതമാക്കുന്നുണ്ട്. ഈ വരികൾ ആദ്യം പല്ലവിയിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിട്ട് പിന്നീട് പാട്ടിന്റെ അവസാാനം മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. അതുകൊണ്ട് ഒരു പ്രഖ്യാപനസ്വഭാവമുണ്ട്. കണ്ണൂർ രാജനു വേണ്ടി

 യുഗയുഗതാളം

യുഗയുഗരാഗം

ശ്രുതികൾ തൻ ലാളനം

സിരകളിൽ സാഗരം

എഴുതിയപ്പൊഴും ഇത്തരം വിദ്യകൾ കവിയുടെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം.  

 അക്ഷരങ്ങൾ തിരിച്ചും മറിച്ചുമിട്ട് വിഭ്രാന്തി സൃഷ്ടയിക്കാൻ ഉദ്യമിക്കുണ്ട് ഖാദർ എം ജി രാധാകൃഷ്ണനു വേണ്ടി എഴുതിയ അരികിലോ അകലയോ എന്ന പാട്ടിൽ.

ഇരുമലർ ഓരിതൾ

ഇരു തണൽ ഒരു നിഴൽ

ഇരുകരം ഒരു മനം

ഒരു സ്വരം ഒരു പദം

കനകക്കിങ്ങിണിച്ചിറകു കെട്ടിയ തിരകൾ
മണലിൽ മുത്തുകൾ വിതറിയെത്തുന്ന തിരകൾ

തിരയിൽ തെന്നി തിരയിൽ വീഴും തിരികൾ

 

 രവീന്ദ്രനു വേണ്ടി എഴുതിയ “”രാവിൽ രാഗനിലാവിൽ എന്ന പാട്ടിലും ഇതേ വിദ്യ പുറത്തെടുക്കുന്നു കവി:

മിഴിയിൽ മിഴികൾ പകരും
തെളിവിൽ‍ നിന്നും പുളകം ചൂടി
കരളിൻ നടുവിൽ കതിരുകളാടുമ്പോൾ
കുളിരുകൾ ചൂടുമ്പോൾ
കവിളുകൾ ചേരുമ്പോൾ

 വളരെ വേഗതയിൽ മുറുകിയകാലത്തിൽ പാടാണ്ടതാണ് മേൽ വരികൾ. ആ വെല്ലുവിളി ഗംഭീരമായി ഏറ്റെടുത്തിരിക്കുന്നു ഖാദർ.

കെ. വി മഹാദേവനു വേണ്ടി നാടൻപാട്ടിന്റെ ഉൽസാഹത്തിമിർപ്പ് സൃഷ്ടിയ്ക്കാൻ ഇതേ മട്ടിലുള്ള വാചാടോപത്തിനു ഖാദർ ഒരുമ്പെടുന്നുണ്ട്:

ഒളിച്ചിടേണ്ടെടി കളത്തിനുള്ളിൽ ഒളിച്ചിരുന്നതറിഞ്ഞു

തേൻ കിനിഞ്ഞ കൈതക്കൂമ്പുകൾ തേടി കരങ്ങൾ നീണ്ടതറിഞ്ഞു”;

 ഇതേ കമ്പോസറിനു ഔൽസുക്യമുണർത്താൻ അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരികില്ലേ, കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ എന്നും ലാഘവമിയന്ന അക്ഷരങ്ങൾ കോർത്ത് സമ്മാനിച്ചിട്ടുണ്ട് ഖാദർ.


വാങ്മയചിത്രങ്ങൾ

 മിഴിപ്പക്ഷികൾ തൂവൽ വിരിച്ച് കാത്തുനിൽക്കുന്നത് പൂവച്ചൽ ഖാദർ വരച്ച പ്രസിദ്ധ കവിതാചിത്രമാണ്. മുത്തുവിരിയ്ക്കും പുഴയുടെ തീരവും കെട്ടിപ്പുണരും ലതയുടെ നാണവും നമുക്ക് ഏറെ പരിചിതമായ പ്രയോഗങ്ങളായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. നിംനോന്നതങ്ങളിൽ സ്പന്ദിതമായി നിറമേകുന്നതു നിൻ മാറിൽ എന്ന് അസ്പഷ്ടമായി ആധുനികത കലർത്താനും കവിയ്ക്ക് മടിയില്ല. കല്ലിനുപോലും ചിറകുകൾ നൽകി കന്നി വസന്തം പോകുന്നതും ഉരുകും വേനലിൽ മോഹദലങ്ങൾ എരിഞ്ഞടങ്ങുന്നതും ദുഃഖസ്മൃതി ദൃശ്യങ്ങളാണ്. അറിയാതെ വഴികളുമണിഞ്ഞൊരുങ്ങി അവിടെയെല്ലാം നിഴലിന്റെ തേരൊഴുകി, കളിയാക്കി മറയേണ്ട ഇളം തെന്നലേ നിൻ മലർവിശറിയെടുത്തു നീയൊരു തുള്ളിക്കുളിരുമായ് ഇതിലെ പോരൂ എന്നത് വ്യത്യസ്ത ചായക്കൂട്ടുകൾ മനസ്സിന്റെ ക്യാൻ വാസിൽ തെറിപ്പിച്ചിട്ടു പോകുന്ന ചിത്രകാരന്റെ വിലാസങ്ങളാണ്. ചിരിയിൽ ചിലങ്ക കെട്ടിയ ചിറയിൻ കീഴിലെ പെണ്ണിനോട് ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ എന്ന് ചോദിയ്ക്കുന്ന പ്രണയവിവശനെ ചിത്രീകരിക്കുന്നത് അതീവ സ്വാരസ്യത്തോടെയാണ്. ശരറാന്തൽ തിരിതാണ മുകിലിൻ കുടിലിൽ മൂവന്തിപ്പെണ്ണ് ഉറങ്ങാൻ കിടക്കുന്നത് ചിത്രകലാവിദ്ദ്യർത്ഥികൾക്ക് പരീക്ഷയ്ക്ക് വരയ്ക്കാൻ കൊടുക്കേണ്ട നേർചോദ്യത്തിനു പറ്റിയതാണ്. 

 

കവിത കടന്നുകയറുന്ന ഗാനങ്ങൾ

  കൃതഹസ്തനായ കവിയാണ് സിനിമാഗാനരചനയിൽ എത്തപ്പെട്ടത് എന്ന് എളുപ്പം തെളിയിച്ചിട്ടുണ്ട് പൂവച്ചൽ ഖാദർ. ഈ പാടവം പൊടുന്നനവേ ചില പാട്ടുകളിൽ പ്രത്യക്ഷപ്പെടുകയാണ്. ഗാനപശ്ചാത്തലത്തിന്റെ ഗൗരവത്തിനപ്പുറവും ഈ കവിതാംശം പടർന്നു കയറിയാൽ അത് രചയിതാവിന്റെ കുറ്റം അല്ല തന്നെ.

 

ഒരു കവി ഇവിടെയുണ്ട് എന്ന് പ്രഘോഷിയ്ക്കുന്ന പലേ വരികളും സുലഭമാണ് ഗാനങ്ങളിൽ:

എരിയുന്ന പകലിന്‍ ഏകാന്തയാനം കഴിയുമ്പോള്‍
അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍
പടരുന്ന നീലിമയാല്‍ പാത മൂടവേ
വളരുന്ന മൂകതയില്‍ ആരുറങ്ങവേ
നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു

 

മന്ദാരച്ചെപ്പുണ്ടോ എന്ന ജനപ്രിയഗാനത്തിലാണ് ഈ വരികൾ എന്ന് ആദ്യവായനയിൽ തോന്നിയെന്നിരിക്കില്ല.

 

ആദ്യസമാഗമലജ്ജയിലാതിരാതാരകം കണ്ണടയ്ക്കുമ്പോൾ

കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ സാഗരമുമ്മ വയ്ക്കുമ്പോൾ

സംഗീതമായ് പ്രേമസംഗീതമായ് നിന്റെ മോഹങ്ങൾ എന്നിൽ നിറയ്ക്കൂ

 

സിനിമയുടെ ഭാവതലങ്ങൾ ആവശ്യപ്പെടുന്നതിലപ്പുറം ദാർശനികത ഗാനങ്ങളിൽ ഉൾക്കൊള്ളിയ്ക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണാം:

 

പിന്നെയും വാത്മീകങ്ങളുയർന്നൂ നൂറ്റാണ്ടിന്റെ

കിന്നരപ്രകാണ്ഡത്തിൽ മാനിഷാദകൾ പൂത്തൂ

അഗ്നിവീണകൾ പേറി ഭഗ്നമോഹത്തിൻ മുന്നിൽ

മുൾക്കിരീടങ്ങൾ ചൂടി ചേതന വിതുമ്പുമ്പോൾ

കാലത്തിൻ മിഴിത്തുമ്പിലുതിരും നീർമുത്തിന്റെ

 ശോകഭാരങ്ങൾ ശോകവാഹിനിയായൊഴുക്കുന്നു

 

കാൽപ്പനികത പ്രണയഭാവനകൾപ്പുറം കടക്കുന്നു ചിലപ്പോൾ:

 

മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു
കുന്നിന്‍ മുടിക്കെട്ടില്‍ മുകില്‍ പക്ഷികള്‍ മുഖമണച്ചു
തുടക്കത്തില്‍ നിലച്ചൊരു മധുരനൃത്തം
ഇന്നും തുടങ്ങുന്നു മരച്ചില്ലയില്‍ വളകിലുക്കി

 

   സിനിമയിൽ പാട്ടെഴുതാൻ വന്നിരുന്നില്ലെങ്കിൽ ഒരു ജനകീയ കവി എന്ന പട്ടം ചൂടിക്കിട്ടിയേനേ പൂവച്ചൽ ഖാദറിനു.സൂക്ഷ്മതയോടെ തെരഞ്ഞെടുത്ത അക്ഷരങ്ങളും വാക്കുകളും അവയുടെ ശബ്ദവിന്യാസക്രമ വ്യവസ്ഥകളും ഗാനാത്മകത നിറയ്ക്കുമ്പോൾ സംഗീതസംവിധായകന്റെ ജോലിഭാരം കുറയുകയാണ്.അനന്യമായ ഭാവനാചാതുരി അനുപൂരകമാവുകയുമാണ്.  ഖാദറിന്റെ  ഗാനങ്ങളുടെ ജനപ്രിയതയുടെ പൊരുളും ഇതു തന്നെ.