Sunday, August 15, 2021

മാറുന്ന നമ്മൾ, മാറാത്ത നമ്മൾ-കോവിഡിനു ശേഷം

 


  മരണത്തെക്കുറിച്ച് കൂടുതൽ ബോധം ഉൾക്കൊണ്ടവരുടെ ലോകമാണ് കോവിഡിന്റെ കെടുതികൾ കെട്ടടങ്ങുമ്പോൾ തെളിഞ്ഞു വരുന്നത്. ജീവിതത്തെക്കുറിച്ച് അവബോധം തിരിച്ചറിഞ്ഞവരുടെതും. 2020 ആമാണ്ട് മനുഷ്യരാശി ഇതുവരെ അനുഭവിക്കാത്ത രീതിയിലുള്ള ദുഃഖങ്ങളും കഷ്ടതകളും ദൈന്യതകളും ആഘാതമേൽപ്പിച്ച് കടന്നു പോയി, ലോക് ഡൗൺ കഴിയുമ്പോൾ ഇവയുടെ പരിണതിഫലം തെളിയുന്ന ലോകം പ്രത്യക്ഷപ്പെടുമ്പോൾ ചില തിരിച്ചറിവുകൾ ഉണർന്നെഴുന്നു, സമൂഹസ്വഭാവത്തിൽ  മാറ്റങ്ങൾ ഇഴചേർത്തിരിക്കുന്നു എന്ന് മനസ്സിലാക്കപ്പെടുന്നു. ലോകം മാറിയിരിക്കുന്നു

 

     എന്നാൽ ലോകം അത്രകണ്ട് മാറിയോ? ഇല്ല തന്നെ. യുദ്ധങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു, ഇനിയും സംഭവിക്കും, സ്പർദ്ധയും വിദ്വേഷവും ഒട്ടും വിട്ടുപോയിട്ടില്ല, മനുഷ്യരെ.  ർവാൻഡാ യിലും കെനിയയിലും ചാഡിലും സൊമാലിയയിലും പട്ടിണിയും മനുഷ്യനിഷേധവും തുടരും, ഇസ്രായേലും പാലസ്റ്റീനും ലെബനോണും സിറിയയും അഫ്ഘാനിസ്താനും സ്വന്തം സ്പീഷീസിനെ കൊല ചെയ്യുന്ന ഹോമോ സാപിയൻ കഥകളുമായെത്തും, കേരളത്തിലെ ചില ആണുങ്ങൾ  പണിപ്പെടാതെ വെറുതേ കിട്ടാവുന്ന പണത്തിനു വേണ്ടി ഭാര്യമാരെ കൊല ചെയ്യുകയോ ആത്മഹത്യയിലേക്ക് നയിയ്ക്കുകയോ ചെയ്തുകൊണ്ടിരിക്കും. ഒരു മഹാമാരി കൊണ്ട് ലോകത്തെ വെളുപ്പിച്ചെടുക്കാനുള്ള തന്ത്രമൊന്നും ആവിഷ്ക്കരിക്കപ്പെട്ടിട്ടില്ല ഇതുവരെ.

 

    എന്നാൽ ആരുടെ ജീവിതം മാറി എന്നത് സംഗതമായ ചോദ്യമായി അവശേഷിക്കുന്നു. നഷ്ടങ്ങളുടെ ലോകമാണ് ഓരോ പ്രഭാതത്തിലും തെളിയുന്നത് എന്ന് അനുഭവപ്പെടുന്നവർ ഏറെയാണ് നമ്മൾക്കിടയിൽ. മാനസികത്തളർച്ചയെ നേരിട്ട് സ്വാസ്ഥ്യം തിരിച്ചു പിടിക്കാൻ പണിപ്പെടുന്നവരുടെ ലോകം. ഉറ്റവരുടെ മൃതശരീരം ദഹിപ്പിക്കാൻ ഇടം കിട്ടാത്തവരുടെ ലോകം.  മരണങ്ങൾ നോക്കിനിൽക്കേണ്ടി വന്ന് ആത്മഹത്യചെയ്ത ഡോക്റ്റർമാരുടേയും നേഴ്സുമാരുടേയും ലോകം. ജോലി നഷ്ടപ്പെട്ടൊ ബിസിനെസ് പൊളിഞ്ഞോ വീടും കുടിയും നഷ്ടപ്പെട്ടവരുടെ ലോകം. മഹായുദ്ധങ്ങളുടെ കെടുതികൾക്ക് സമമല്ലിത്. ഓരോ വീട്ടിലും വെല്ലുവിളികൾ പല രൂപത്തിലും ഭാവത്തിലും വന്ന് കയറിയിട്ടുണ്ട്. ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന് പ്രഘോഷിച്ചവരെപ്പോലും അമ്പരപ്പിച്ചു കാണണം  നാലു മില്ല്യനോളം മനുഷ്യരുടെ വാതിലിൽ മരണം മുട്ടിവിളിച്ചെന്നറിയുമ്പോൾ.

 

 പ്രകൃതിസ്ഥവും സാധാരണവുമായ നിലയിലേക്ക് എത്തപ്പെട്ടുകൊണ്ടിരിക്കയാണ് എന്ന് ആശിക്കാനാണ് നമുക്കിഷ്ടം. എന്നാൽ ഈ സാധാരണത്വ (normalcy)ത്തിന്റെ നിർവ്വചനം മാറിപ്പോയിട്ടുണ്ട്. 185 മില്ല്യൺ ആൾക്കാരിൽ കടന്നുകൂടിയ വൈറസ് അവയുടെ ഉച്ഛിഷ്ടതിരുശേഷിപ്പുകൾ ഇട്ടും വച്ചാണ് പതുക്കെ പിൻ വാങ്ങുന്നത്. കോവിഡ്ബാധയുടെ ഒരു പ്രത്യാഘാതം തലച്ചോറിനു വരുന്ന മാറ്റങ്ങളും അതോടനുബന്ധിച്ച മാനസികപ്രശ്നങ്ങളുമാണ്.പക്ഷേ ഇതല്ലാതെ നമ്മുടെ പെരുമാറ്റത്തിലും ജീവിതശൈലികളിലും വന്നമാറ്റങ്ങളും സമൂഹത്തെ മാറ്റി മറിച്ചിട്ടുണ്ടെന്നുള്ളതും സത്യമാണ്. ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് വന്നു ചേർന്നത്. മൂന്ന് കുഞ്ഞുങ്ങളെ ഓൺ ലൈൻ ക്ലാസിനു സഹായിക്കുന്ന അതേ സമയം ജോലി ചെയ്യുന്ന ഒരു അമ്മയുടെ അനുഭവം അല്ല ഒരു പോസ്റ്റ്മാന്റേത്, ഒരു ഡോക്റ്ററുടെത്, ഒരു കടയുടമസ്ഥന്റേത്. 2020 പലരേയും പൊതുസ്വഭാവങ്ങളില്ലാത്ത അവസ്ഥയിൽ പിടിച്ചു കെട്ടി. തീർച്ചയായും ഭീതിദമായ അവസ്ഥകളും ദശകളും കടന്നുപോയവരുടെ പിൽക്കാല പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്ന് ഭവിക്കുന്നതാണ്. കോവിഡ്കാലത്ത് പ്രത്യേക നിർദ്ദേശങ്ങളും നിയമങ്ങളും സാമൂഹികമര്യാദകളും പാലിക്കേണ്ടി വന്നത് ഒരു മുൻ കരുതൽ എന്ന നിലയ്ക്ക് ലോക് ഡൗണിനു ശേഷവും പിൻ തുടർന്നേക്കാം.

 

   ശീലങ്ങളിൽ വിപര്യയങ്ങൾ വരുന്നത് സൂക്ഷ്മമായി പഠിച്ചിട്ടുണ്ട് പെരുമാറ്റശാസ്ത്ര വിദഗ്ധർ (Behaviour scientists). ലണ്ടൻ കിങ്സ് കോളെജിലെ ഗവേഷകൻ ബെഞ്ചമിൻ ഗാർഡ്നർ കോവിഡ് കാലത്ത് ഏറ്റെടുത്ത പെരുമാറ്റരീതികൾ  നിലനിൽക്കുന്നതിലെ സ്വാധീനങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാൻ മനുഷ്യർ സ്വതവേ അതിവിദഗ്ധർ ആയതുകൊണ്ട് ശീലങ്ങളെ സ്വാംശീകരിക്കാനും എളുപ്പം വിട്ടുകളയാനോ നിലനിർത്താനോ തയറാകുന്ന മനസ്സാണ് നമ്മുടേത്.  പെരുമാറ്റരീതി ജീവിതശൈലി ആയി ക്രമപ്പെടുന്നതും മനുഷ്യസഹജമാണ്. സന്ദർഭ/സാഹചര്യങ്ങളും (context-നിങ്ങൾ എവിടെയാണ്, ആരോടൊപ്പമാണ്) പ്രതിഫലം ലഭിയ്ക്കാനുള്ള സാദ്ധ്യതയും (ഒരു പ്രക്രിയയിൽ നിന്ന് സംതൃപ്തി ലഭിയ്ക്കുന്നത്) പെരുമാറ്റരീതിയെ ഒരു ശീല (habit)മാക്കാൻ സഹായിയ്ക്കും എന്നാണ് ഡോ. ഗാർഡ്നരുടെ വിദഗ്ധാഭിപ്രായം. ഇവ രണ്ടും (context, reward) മാറപ്പെടാൻ സാദ്ധ്യതയുള്ളവയാണെങ്കിലും ചില ശീലങ്ങൾ തുടരാൻ മനസ്സ് പിന്തുണച്ചേയ്ക്കും.  കോവിഡ്-19 ലോക്ഡൗൺ കാലത്ത്  പല ജീവിതശൈലികളും മാറപ്പെടേണ്ടി വരികയും പുതിയ ശൈലികൾ സ്വാംശീകരിച്ചത് പെരുമാറ്റത്തെ ബാധിയ്ക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം നിരീക്ഷിയ്ക്കുന്നു. ലോക്ഡൗൺ കാലത്ത് വീട്ടിൽ വച്ച് ചെറുതായി പാചകം ശീലിച്ചയാൾ പിന്നീട് അത് തുടർന്നേക്കാൻ സാദ്ധ്യതയുണ്ട്. കുട്ടികളുമൊത്ത് മുറ്റത്തും വീട്ടിനു ചുറ്റിനും സൈക്കിൾ ഓടിച്ചിരുന്നത് ലോക് ഡൗണിനു ശേഷവും സ്ഥിരം ശൈലി ആയി മാറിയേക്കാം. സാഹചര്യങ്ങൾ മാറിയാലും ചില ജീവിതശൈലീഭേദങ്ങൾ കൂടെക്കാണും എന്ന് സാരം. താൽക്കാലിക മാറ്റങ്ങൾ സ്ഥിരമാക്കപെടുന്ന പ്രതിഭാസം.

 

    ചില സ്വയം തിരിച്ചറിവുകൾക്ക് കാരണമായിട്ടുണ്ട് മഹാമാരിക്കാലം.  ജീവിതത്തിൽ വിലമതിക്കേണ്ടത് എന്താണെന്നുള്ളതിൽ കൃത്യത വന്ന സമയമാണ് പലർക്കും. ചിലമാറ്റങ്ങൾ സ്വയം നിയന്ത്രണത്തിലല്ല താനും. കഠിനക്ഷാമകാലം അനുഭവിച്ചവർ മിതവ്യയം ശീലമാക്കിയിട്ടുള്ളതുപോലെ കോവിഡ് പഠിപ്പിച്ച പാഠങ്ങൾ ഈ കാലഘട്ടത്തിന്റെ മുദ്രകളായി പതിയുകയാണ്.ഏകാന്തതയുമായി സമരസപ്പെടുന്നത് ഇന്ന് എളുപ്പമായിത്തീർന്നിട്ടുണ്ട്, ചിലർക്ക് സ്വാസ്ഥ്യദായകവുമായിട്ടുണ്ട്. വിഷാദരോഗവും ഉൽക്കണ്ഠയും വർദ്ധമാനമായിരിക്കുകയാണെന്നത് കോവിഡാനന്തരസമൂഹം അഭിമുഖീകരിക്കേണ്ട വിപൽസന്ധിയാണ്. കുടുംബ ബന്ധങ്ങൾ കൂടുതൽ ഇഴചേരാൻ ഇടയായിട്ടുണ്ടെങ്കിലും വിപരീതപ്രഭാവവും സംഗതമായിട്ടുണ്ട്. സ്വീഡനിൽ ലോക്ഡൗൺ കാലത്ത് വിവാഹമോചനനിരക്ക് 15% വർദ്ധിക്കുകയാണുണ്ടായത്.. കുടുംബകലാപങ്ങളും ശാരീരികപീഡനങ്ങളും 20% കൂടുതലായതായി നിരീക്ഷണങ്ങളുമുണ്ട്. 

 

    കോവിഡ് കാലത്തെ പെരുമാറ്റരീതികൾ പലതും പിന്തുടരപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്. ശുചിത്വം പാലിയ്ക്കാനുള്ള ശുഷ്ക്കാന്തി പലരിലും നിലനിൽക്കുന്നുണ്ട് കോവിഡ് ബാധയും മരണങ്ങളും വളരെ കുറഞ്ഞ ഇടങ്ങളിൽ. പല തവണ കൈ കഴുകുന്നത് പലർക്കും ഒരു ശീലമായിട്ടുണ്ട്. സാമൂഹിക അകലം  പാലിയ്ക്കുന്നത് ചില ആൾക്കൂട്ടത്തിൽ എത്തപ്പെടുമ്പോൾ സ്വമേധയാ പാലിയ്ക്കുന്നുമുണ്ട്.

 

 എന്നെ രക്ഷിയ്ക്കാൻ ആരു വരും?

 

   മേൽച്ചൊന്ന പെരുമാറ്റശൈലികൾക്ക് പ്രായോഗികമായ ചില പശ്ചാത്തലങ്ങളുമുണ്ട്. ആരോഗ്യപരിപാലനത്തിനു വേണ്ടിയുള്ള ശുചിത്വം ഇന്ന്  ചില ആകാംക്ഷകൾ നിർബ്ബന്ധിയ്ക്കുന്നതാണ്. ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മ പലേ രാജ്യങ്ങളിലും -അമേരിക്ക അടക്കം- കോവിഡ് മരണങ്ങൾ ലക്ഷങ്ങൾക്കപ്പുറമാകാൻ വഴിതെളിച്ചു എന്നത് ഒരു ഉൾഭീതിയായി ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. തനിക്കുതാനും പുരയ്ക്ക് തൂണും എന്ന പഴഞ്ചൊല്ലിലെ സാർത്ഥകത തന്നെ ഇത്. ഇനിയൊരു മാരകവൈറസിനെ നേരിടേണ്ടി വരാൻ ഇടയാകരുതേ എന്ന പ്രാർത്ഥന ഇതിൽ അടങ്ങിയിട്ടുണ്ട്. ആശുപത്രികൾ സന്ദർശിക്കുന്നവർ മാസ്ക് ധരിയ്ക്കുന്നത് സ്വമേധയാലാണ് ഇപ്പോൾ.  ഓക്സിജെൻ കിട്ടാതെ, വാക്സീൻ കിട്ടാതെ രണ്ടാം ഡോസ് ചിലപ്പോൾ കിട്ടാതെ- മരണപ്പെട്ടവരുടെ ഉറ്റവർ മുൻ കരുതൽ എടുക്കുന്നത് സ്വാഭാവികമാണ്. ഒരു വിശ്വാസസംഹിതയും രക്ഷയ്ക്കെത്തുകയില്ല എന്ന സത്യമായ് അറിവ് ഏകാന്തതയ്ക്ക് കാഠിന്യം വർദ്ധമാനമാക്കാൻ ഉതകിയെങ്കിലും അതിജീവനത്തെ തെല്ലല്ല സഹായിച്ചിട്ടുള്ളത്. പിൽക്കാൽത്തെ നിശ്ചയദാർഢ്യതയ്ക്ക് വഴിവയ്ക്കാൻ ഉതകിയേക്കും ഇത് എന്നത് ശുഭോദർക്കമാണ്.

 

     ക്ലിഷ്ടസന്ദർഭങ്ങൾ വെല്ലുവിളിയോടെ നേരിടാനും വ്യക്തി ഒരു വൻസമൂഹത്തിന്റെ ഭാഗമെന്ന് ഉദ്ഘോഷിക്കാനും പുതിയ ആശയങ്ങളും ആവിഷ്ക്കാരങ്ങളും ചമയ്ക്കുക എന്നത് മനുഷ്യരുടെ സ്വയം തിരിച്ചറിവിന്റെ ഭാഗമായി പ്രാവർത്തികമാക്കപ്പെട്ടു എന്നത് ഇനി വരുംകാലത്തിലെ അതിജീവനോപധികളിൽ പ്രധാനമാണെന്ന് അനുമാനിയ്ക്കേണ്ടിയിരിയ്ക്കുന്നു. നൂതനാവിഷ്ക്കാരങ്ങൾക്ക് മസ്തിഷ്ക്കത്തെ യഥേഷ്ടം വിട്ടുകൊടുക്കുകയായിരുന്നു നമ്മൾ. വിശ്വവ്യാപി മാരണത്തെ കലാവിഷ്കാരങ്ങളിൽക്കൂടി പ്രതിരോധിയ്ക്കാൻ ഒരുമ്പെട്ട ജനത മനഃശക്തിയുടേയും ധൈര്യത്തിന്റേയും ആഹ്വാനങ്ങൾ വ്യാപകമാക്കിയത് ഉദാരതയുടേയും പരിതസ്ഥിതിയോട് ഇണങ്ങാനുള്ള കഴിവിന്റേയും നിദർശനങ്ങളായിരുന്നു. കേരളത്തിൽ കഥകളിയും മോഹിനിയാട്ടവും ഓട്ടൻ തുള്ളലുമൊക്കെ കോവിഡ് സംബന്ധിയായ വ്യവഹാരങ്ങളുമായി യോജിപ്പിച്ച് നവീനരീതിയിൽ പുനർജ്ജനിച്ചു. വ്യക്തിശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം ഉദ്ദേശിച്ച് ഒരു സിനിമയിലെ നാടൻപാട്ടിനൊപ്പം നൃത്തം ചെയ്യുന്ന പോലീസുകാരുടെ വീഡിയോ ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ്. വൈറസിനെ അകറ്റാൻ കൈകഴുകേണ്ടതെങ്ങിനെ എന്ന് അഭ്യസിപ്പിക്കാൻ പോലീസ് കണ്ട എളുപ്പവഴി ആയിരുന്നു ഇത് എങ്കിലും തങ്ങളുടെ പ്രതിച്ഛായയെ പൂർണ്ണമായും നിഷേധിച്ചുകൊണ്ടുള്ള പ്രകടനം ആയിരുന്നു ഇത്. സാംസ്കാരികമായ മാറ്റങ്ങൾ നിശിതമായ ഇടപെടലുകളോടെ സംഭവിച്ചു കഴിഞ്ഞു എന്നുള്ളതിന്റെ പ്രഖ്യാപനം സ്ഫടികസങ്കാശമായ തെളിവോടേ വെളിപാടുണർത്തിച്ചു. മനോമാന്ദ്യത്തിൽ നിന്ന് വിമുക്തമാകാനുള്ള ശക്തമായ കഴിവ് (resilience) കോവിഡിനു ശേഷം മനുഷ്യസമൂഹം പ്രയോഗപ്പെടുത്തുമെന്നുള്ള പ്രവചനാത്മകത ഇത്തരം ചെയ്തികളിൽ തുടിച്ചു നിന്നിട്ടുണ്ട്.

 

വീക്ഷണങ്ങൾ മാറുന്നു

   

   ഏറ്റവും കൂടുതൽ രാഷ്ട്രീയവൽക്കരിയ്ക്കപ്പെട്ട സാംക്രമികരോഗമാണ് കോവിഡ്-19, സംശയമില്ല. അമേരിക്കയിലും ഇൻഡ്യയിലും ബ്രസീലിലും മരണത്തോത് ഉയർന്നത് ഇക്കാരണത്താലാണ്. ഭരണകൂടത്തോടും രാഷ്ട്രീയമുതലെടുപ്പുകളോടും വെറുപ്പ്  സൃഷ്ടിയ്ക്കാൻ ജനതയെ പ്രാപ്തമാക്കുകയായിരുന്നു ഇത്തരം ഹീനചിന്താഗതികൾ. ഇതിന്റെ പരിണതിഫലം കാലം തെളിയിക്കേണ്ടതുണ്ടെങ്കിലും പ്രത്യാഘാതങ്ങൾ  സമൂഹത്തിൽ പ്രത്യക്ഷപ്പെടും എന്നത് തീർച്ചയായിട്ടുണ്ട്. ഭരണകൂടത്തിന്റെ power dynamics പലപ്പോഴും ശിഥിലമാകുകയോ പുനർഘടനാനിർമ്മാണത്തിനു വശംവദമാകുകയോ ചെയ്തു. പ്രത്യയശാസ്ത്രങ്ങൾ ഉറഞ്ഞുപോയപ്പോൾ പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ എന്നതിലെ കാവ്യനീതി പരിശോധിക്കപ്പെടുകയായിരുന്നു.      അടച്ചുപൂട്ടപ്പെട്ട ദേവാലയങ്ങൾ ദൈവം ധർമ്മസംസ്ഥാപനാർത്ഥായ സംഭവിക്കുകയില്ലെന്ന് തെര്യപ്പെടുത്തുകയായിരുന്നു. പരമോന്നതനീതി ജൈവസൗഭാഗ്യത്തിന്റെ കനിവുമായി എത്തിയത് ശാസ്ത്രത്തിന്റെ അപ്രതിഹത കരങ്ങളിലാണ്. വിശ്വാസം എന്നത് ശാസ്ത്രത്തിൽ മാത്രം എന്നത് മനുഷ്യസാംസ്കാരികചരിത്രത്തിൽ വാഴ്ത്തപ്പെട്ടതായി, ഇത് രൂഢമൂലമായത് വിപ്ലവാത്മകമായ മാറ്റമാണെന്ന് നമ്മൾ സമ്മതിച്ചിരിക്കുന്നു.മനുഷ്യകുലം ആദ്യമായാണ്  ഒരേ സമയം വാക്സിനേഷനു വിധേയമായതും അതിജീവനസാദ്ധ്യതകൾ തെളിയിക്കപ്പെട്ടതും  എന്നത് പകർന്നു നൽകിയ മാനസികോർജ്ജം ചില്ലറയല്ല. ഏകലോകം എന്ന ആശയം ആരോടും ചോദിക്കാതെ അറിയാതെ അറിയാതെ എന്നിലെ എന്നിൽ കവിതയായ് വന്ന് പിറന്നിരിക്കുന്നു-സമ്മതിയ്ക്കാതെ നിവൃത്തിയില്ല. പലരാജ്യങ്ങളും മറന്നുകളഞ്ഞ പൗരധർമ്മശാസ്ത്രം (Civics) പൂർവ്വാധികം ഉണർവ്വോടെയാണ്, ശക്തിയോടെയാണ് വീണ്ടെടുക്കപ്പെട്ടത്.

 

. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാക്സീൻ നിർമ്മിതി സാധിച്ചെടുത്തത് സാങ്കേതികയുടെ വൻ വിജയപ്രഖ്യാപനം തന്നെ ആയിരുന്നു. ആദ്യമായി ആർ എൻ എ (RNA) ഉപയോഗിച്ചുള്ള വാക്സീൻ -തത്വങ്ങളിൽ മാത്രം ഒതുങ്ങി നിന്നതായിരുന്നു ഈ ആശയം- നിർമ്മിച്ചെടുക്കാമെന്നും അത് ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടു. രണ്ട് കമ്പനികൾ-ഫൈസറും മൊഡേണയും-ലോകത്തിനു സമ്മാനിച്ച ഈ വാക്സീൻ നിർമ്മിതിയുടെ സാങ്കേതികത പേറ്റന്റ് നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നത് ചരിത്രത്തിൽ ആദ്യമായി സംഭവിച്ചതാണ്. ലോകമനഃസാക്ഷി എന്നൊന്ന് നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. വൈറസ് ബാധ വരുംതലമുറകൾക്ക് ഇങ്ങനെ ചില ശുഭപ്രതീക്ഷകൾ ഇട്ടും വച്ച് പോയിട്ടുണ്ട്.

 

   പ്രകൃതി ചില തിരിച്ചു പിടിത്തങ്ങൾ പ്രചലിതമാക്കിയിട്ടുണ്ട് ഇതിനിടയ്ക്ക്. മനുഷ്യൻ എന്ന ശല്യം ഒഴിവാക്കപ്പെട്ടിടത്തേയ്ക്ക് മൃഗങ്ങൾ അവരുടെ നഷ്ടപ്പെട്ട ഇടങ്ങൾ തിരിച്ചു പിടിയ്ക്കാൻ കൂട്ടത്തോടെ ഓടിയും നീന്തിയും എത്തപ്പെട്ടു. നഗരങ്ങളിൽ ചെമ്മരിയാടുകൾ വിഹരിച്ചു, നീർനായകൾ കൂറ്റൻ കെട്ടിടങ്ങളുടെ മുറ്റത്ത് കാഴ്ചകൾ കാണാനെന്നോണം എത്തി. ഹോമോ സാപിയൻസ് ഒരു സ്പീഷീസ് മാത്രമാണെന്ന് തെര്യപ്പെടുത്തി. നിരത്തുകളിൽ അതിഭാരമേറിയ വമ്പൻ വാഹനങ്ങൾ കിടിലം കൊള്ളിയ്ക്കാൻ ഇറങ്ങാതായപ്പോൾ ഭൂമിയുടെ തന്നെ സീസ്മിക് ചലനങ്ങൾ മന്ദീഭവിച്ചു, ലോകത്തിന്റെ പല ഭാഗങ്ങളിലെ യന്ത്രങ്ങളും ഇത് സ്ഥിരീകരിച്ചു. ഇതിന്റെയൊക്കെ അനുരണനങ്ങൾ തീർച്ചയായും മനുഷ്യൻ സ്വാംശീകരിച്ചിട്ടുണ്ട്. അതിൽ ചിലവ നെടുനാൾ നീണ്ടു നിന്നേയ്ക്കും അവനിൽ, നിസ്സാരമായോ മഹത്വപൂർണ്ണമായോ. അറിയപ്പെടാത്തതിനോടുള്ള പേടി (fear of the unknown) മസ്തിഷ്ക്കപരിണാമത്തെ ഏറെ സഹായിച്ചിട്ടുണ്ട്. അതിലൊന്ന് ദാ ഇപ്പോൾ, ഇവിടെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.

 

References:

1. Maltagliati S.et al.  Evolution of physical activity habits after a context change: The case of COVID19 lockdown. Br. J. Health Psychol.  Apr 6, 2021 : 10.1111/bjhp

2. Cucchiarini V. et al. Behavioral changes after the COVID-19 lockdown in Italy.   Front. Psychol., 10 March, 2021. 10.3389/fpsyg  

 

3. McBride E. et al., The impact of COVID-19 on health behaviour, well-being and long-term physical health. Br. J. Health Psychol. May 26, 2021. 10.1111/bjhp