Saturday, August 14, 2021

രാവിൽ രാഗനിലാവിൽ പൂവച്ചലിൽ സംഭവിച്ചത്

 

   ശരറാന്തൽ തിരി താഴ്ത്തിയ മുകിലിൻ കുടിലിൽ ആയിരം കവിതകൾ വിരചിച്ച വിരലുകൾ ഉറങ്ങാൻ കിടന്നിരിക്കുന്നു. ഇനി ഇതിലേ ഏകനായ് ആ ഗായകനു അലയാം. ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ വഴിയോരത്ത് ആ ശാന്തമുഖം നമുക്ക് വേണ്ടി തെളിയും. നീ വരും കാലൊച്ച കേൾക്കുവൻ കാതോർത്തിരുന്നു എന്ന് നമ്മോട് പറയും. പൂവച്ചലിലെ പ്രകൃതിഗായകൻ രാവിൽ, രാഗനിലാവിൽ മന്ദാരച്ചെപ്പുണ്ടോ എന്ന തെല്ല് കൗതുകം കലർന്ന ചോദ്യവുമായി ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ നമ്മോടൊപ്പം കാത്തുനിൽക്കും.

 

    പ്രകൃതിദർശനം മലയാള സിനിമാഗാനങ്ങളിൽ നിരന്തരം സാന്നിദ്ധ്യമറിയിച്ചാണ് വഴക്കം. പുഴകൾ മലകൾ പൂവനങ്ങൾ ഭൂമിയ്ക്ക് കിട്ടിയ സ്ത്രീധനങ്ങൾ എന്ന് പാടാനാണ് വയലാറും പി ഭാസ്കരനും ഇതൊക്കെ നമ്മെ തെര്യപ്പെടുത്താൻ ശ്രമിച്ചത്. ഇതേ പ്രകൃതിയെ പൂവച്ചൽ ഖാദർ വരച്ചത് മറ്റ് ചില ചായക്കൂട്ടുകൾ പ്രയോഗിച്ചാണ്. മിത്തുകളും പ്രാദേശിക കഥകളും പ്രതിബിംബമാക്കുന്നത് മലയാള ഗാനരചിയാതാക്കൾക്ക് പണ്ടേ പഥ്യമായിരുന്നെങ്കിലും പൂവച്ചൽ ഖാദർ അവ ഉപയോഗിച്ച് പുതിയകഥകൾ മെനഞ്ഞെടുക്കാനാണ് ഉൽസുകനായത്. അജ്ഞാതവാസം കഴിഞ്ഞ്  തേരിൽ വന്നിറങ്ങുന്ന നായകൻ ഒരു കല്യാണത്തിനു സാദ്ധ്യത്യയൊരുക്കുകയാണ് , പക്ഷേ നായകൻ മഴവില്ലാണ്, പുഴ ആഴിയെ കല്യണം കഴിക്കുന്ന വേളയാണ്. മണിമുകിൽത്തേര് എന്ന സമസ്തപദ രൂപകപ്രയോഗം കൊണ്ട് കാൽപ്പനികതയുടെ  സൗന്ദര്യവും വെളിവാക്കപ്പെടുകയാണ്. ഭൂതകാലസംഭവങ്ങൾ ഒരു കഥയായി കവിതയായി വിരിയുകയാണ്. പുഴയുടെ കല്യാണമായി എന്നത് കൗതുകകരമായ ഒരു പ്രഖ്യാപനം തന്നെ. അജ്ഞാതവാസവും ഗോപികാവസ്ത്രാപഹരണവും (ആടയ്ക്കായ് പുഴ ഓളക്കയ് നീട്ടുന്നു  ആഴിയോ മറ്റൊരു കാർവർണ്ണനായ്) ചുരുക്കം വാക്കുകളിൽ എപിക് തലത്തിലേക്ക് പാട്ടിനെ ഉയർത്തുന്നു.

 

ഋതുമതിയായ് തെളിവാനം

സുമവനിയായ് നദിയോരംഎന്നരീതിയിൽ അനന്യമായ ഉപമാപ്രയോഗങ്ങൾ സ്ഥിരം പ്രകൃതിവർണ്ണനകളിൽ നിന്നും അകലം പാലിച്ചു കൊണ്ട് എഴുതിയതു തന്നെ.

പീറ്റർ-റൂബനു വേണ്ടി എഴുതിയ ലിറിക്സിൽ കവി സ്വന്തം പ്രകൃതിദർശനം  വിപുലീകരിക്കാൻ ഒരുമ്പെടുന്നുണ്ട്:

സൗന്ദര്യപൂജയ്ക്കു പൂക്കൂടയേന്തുന്ന
ചക്രവാളത്തിലെ പെണ്ണേ
സൗഗന്ധികക്കുളിര്‍ തെന്നലേറ്റേറ്റു നീ
സൗമ്യയായ് നില്‍ക്കുവതെന്തേ - ദൂരെ
സൗമ്യയായ് നില്‍ക്കുവതെന്തേ

സാഗരം നീട്ടുന്ന കണ്ണാടി നോക്കി നീ
കാലത്തൊരുങ്ങുന്ന നേരം
നാണം വരുന്നോ - നാണം വരുന്നോ
നിനക്കു നിന്‍ സ്വപ്നങ്ങള്‍
പൂവണിയുന്നൊരീ കാലം
തേന്മഴ പെയ്യുമീ പ്രായം

ചക്രവാളത്തിലെ പെണ്ണ് സാഗരം നീട്ടുന്ന കണ്ണാടി നോക്കി ഒരുങ്ങുന്നതൊക്കെ ഏകാന്തതേ നിന്റെ ദ്വീപിൽ ഏകാന്തമാം ഒരു ബിംബം എന്ന് സ്വയം ആശങ്കപ്പെടുന്ന, അതേസമയം  കാൽപ്പനികതയിൽ അഭിരമിയ്ക്കുന്ന മലയാളി ഗാനാസ്വാദകർക്ക് വേഡ്സ്വർത്തിന്റെ ഭാഷയിൽ bliss of solitude സമ്മാനിച്ചിരിക്കണം. പൂവച്ചൽ ഖാദറിന്റെ വിജയരഹസ്യം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിച്ചാൽ അദ്ഭുതം കൂറേണ്ടതില്ല. കണ്ടനുഭവിക്കേണ്ടതു മാത്രമല്ല പ്രകൃതിസൗന്ദര്യം, സംഗീതത്തിന്റെ തേൻ ചാലിച്ച് മധുരതരമാക്കേണ്ടതുമാണ്. അതുകൊണ്ടാണ് കവിയ്ക്ക് എൻ പുലരികളിൽ നീ ഭൂപാളമായ് എൻ സന്ധ്യകളിൽ നീ ഭൈരവിയായ് എന്ന് പാടേണ്ടി വന്നത്.

 

മൗനം എന്നത് പാട്ട് തന്നെ

     കവിയ്ക്ക് മൗനം വാചാലമാണ്. വാക്കുകൾ തേടുന്ന മൗനം  സാന്ദ്രത കൂടുന്ന മൗനം എന്ന് അൽപ്പസ്വൽപ്പം ദാർശനികത കൂടെ കലർത്തിയാൽ ബഹുവിശേഷം എന്ന് സംർത്ഥിക്കുന്നു കവി.    മൗനം തുറസ്സായിട്ട് പാടുകയാണെന്നാണ് ഖാദറിന്റെ അവകാശവാദം. മൗനങ്ങളിൽ നാദം കേൾക്കുന്നത് അദ്ദേഹത്തിന്റെ സ്വതഃസിദ്ധവിനോദം എന്ന മട്ടാണ്. മൗനം എന്നതാണ് സ്ഥായിയായ ഭാവം, അത് പ്രണയത്തിന്റെ തന്നെ ഭാവമാണ് എന്ന് സ്ഥാപിച്ചെടുക്കാൻ വ്യഗ്രതയുമുണ്ട് ഖാദറിനു. സിന്ദൂരസന്ധ്യയ്ക്ക് മൗനം മന്ദാരക്കാടിനു മൗനം, എന്തു പറഞ്ഞാലും എന്നരികിൽ എൻപ്രിയനെപ്പോഴും മൗനംഎന്ന് എഴുതിയതിന്റെ പിന്നിലെ ചേതോവികാരം അധികം അന്വേഷിക്കപ്പെടേണ്ടതില്ല.   മൗനങ്ങളിൽ ഒരു നാണം കണ്ടുഎന്ന മട്ടിൽ കൂടുതൽ വികാസം പ്രാപിക്കുന്നുമുണ്ട് ഈ ആശയം. കരളിലെഴും ഒരു മൗനം  കസവണിയും ലയമൗനം സ്വരങ്ങൾ ചാർത്തി വീണയായ് മണിവീണയായ് മാറുന്ന വിദ്യയിൽ ആകൃഷ്ടനാണ് അദ്ദേഹം. പൊൻ വീണേ എന്നുള്ളിൽ മൗനം വാങ്ങൂ എന്ന് നിർബ്ബന്ധിയ്ക്കുന്നത് മൗനമാണ് കേൾക്കുന്ന സ്വരങ്ങളെക്കാൾ മധുരതരം എന്നതുകൊണ്ടല്ല, മൗനമാണ് വാചാലം എന്നതുകൊണ്ട് തന്നെ. മൗനം അണിയുമൊരു നാദം എന്ന് വ്യക്തമാക്കിക്കൊണ്ട് മൗനം നിഗൂഢമായി പ്രകമ്പനം കൊള്ളിയ്ക്കുന്ന ശബ്ദത്തെപ്പറ്റി വെളിപാടുണർത്തുകയാണ്. മൗനം പാടുന്നതിന്റെ പശ്ചാത്തലം വിശദമാക്കപ്പെടുന്നു മന്ദാരച്ചെപ്പുണ്ടോ യിൽ. ഓരോ ചരണങ്ങളും അവസാനിക്കുന്നത് മൗനം പാടുന്നു എന്നാണ്. മൗനമേ നിറയും മൗനമേ എന്ന് ഉച്ചസ്ഥായിയിൽ കവി പാടുന്നത് ദുഃഖം എന്നും അതിനെ തേടിവരും എന്നതിനാലാണത്രെ.

 

കമ്പോസറുടെ ട്യൂൺ, പൂവച്ചൽ ഖാദറിന്റെ അക്ഷരങ്ങളും വാക്കുകളും

 സംഗീതസംവിധായകൻ രാ രാ ..രീരീ .....അല്ലെങ്കിൽ ലാ ലാ ലാ...എന്നരീതിയിൽ വച്ചു തരുന്ന ട്യൂൺ അനുസരിച്ച് പാട്ടെഴുതുക എന്നത്  എത്ര ദുഷ്ക്കരമാണെന്ന് പറയേണ്ടതില്ല.അക്ഷരങ്ങളും വാക്കുകളും വിന്യസിക്കുന്നത് വെല്ലുവിളികളാണ്,  ഗാനത്മകത കലർത്തുന്നതും    കവിതാംശം നിലനിറുത്തുന്നതും  സ്വതന്ത്രരചനകൾ പരിശീലിച്ചവർക്ക് പ്രയാസമാണ്. സിനിമാപ്പാട്ടെഴുത്തുകാരെ മടുപ്പിക്കുന്നതോ കോപാകുലരാക്കുന്നതോ ആണീ സന്നിഗ്ധാവസ്ഥ.  അനായാസകരമായാണ് പൂവച്ചൽ ഖാദർ ഇത്തരുണത്തിൽ തന്റെ വാഗ്വിലാസം പ്രകടമാക്കുന്നത്. പ്രാസഭംഗി ഇയന്ന വരികൾ, അക്ഷരങ്ങൾ ഒന്നൊന്നായി തൊടുത്തെടുത്ത് സ്വതവേ തീർക്കുന്ന ഗാനാത്മകത അതുകൊണ്ട് തന്നെ മെലഡി നിർമ്മിച്ചെടുക്കാനുള്ള എളുപ്പം, ആന്തരികമായ താളം ഇവയൊക്കെ പല പാട്ടുകളിലും തെളിഞ്ഞ് വിളങ്ങുന്നുണ്ട്.  ””രാജീവം വിടരും നിന്മിഴികൾ കാശ്മീരം പൊതിയും നിൻ ചൊടിയിൽ..: താളാത്മകതയും പ്രാസഭംഗിയും ഏറുന്നതാണ്. ഋതുമതിയായ് തെളിമാനം സുമവനിയായ് നദിയോരം മറ്റൊന്ന്. രാവൊരു നീലക്കായൽ ഈ രാവൊരു മോഹക്കായൽ.. ഇതോടൊപ്പം അർത്ഥസമ്പുഷ്ടിയും നിബന്ധ്ധിച്ചതാണ്.     

 

         ശ്യാമിനു വേണ്ടി രചിച്ച ഈ വരികളിൽ ആന്തരികമായി സംഗീതം ചേർന്നിട്ടുണ്ട്:

മധുരം മധുരം മലരിൻ താരുണ്യം

 മനവും തനുവും പൊതിയും ലാവണ്യം

തളിരും കുളിരും നിറയും തീരങ്ങൾ

മിഴിയും മിഴിയും അറിയും ദാഹങ്ങൾ””

എന്നതിൽ.

രവീന്ദ്രനുവേണ്ടി

ഓടം തുഴയും മാന്മിഴികളെ സ്വപ്നം തഴുകും നേരം

സ്വപ്നം അരുളും താരണികളിൽ മോഹം ഉതിരും നേരം  

രചിച്ചത് ഒരു വെല്ലുവിളി നേരിട്ട പോലെ തന്നെയായിരിക്കണം. “”ഒരു നാണമണിയിയ്ക്കും സിന്ദൂരവും

ഒരു മോഹം വിരിയിയ്ക്കും മന്ദാരവും ഇതേ ചാരുത നിബന്ധിച്ചാണ് രവീന്ദ്രൻ നൽകിയ ട്യൂണിനു ഖാദർ തിരിച്ചു കൊടുത്തിട്ടുള്ളത്.

രാജസേനന്റെ കവാലി ട്യൂണിനു (പാടുമൊരു കിളിയായ് മാനസം’) ചടുലമായ അക്ഷര പ്രയോഗങ്ങൾ  ഊർജ്ജം നിറയ്ക്കുന്നുണ്ട്

രാഗാർദ്ര രജനിയിലവനുടെ നിനവുകൾ മലരുകളാകും വേളയിൽ

പ്രാസഭംഗി തെളിയിക്കുന്ന

നെഞ്ചിലൊരു കടലിൻ ഓളം

കണ്ണിലൊരു തിരിതൻ നാളം

ഇതേപാട്ടിലുണ്ട്. ഒപ്പം  ഉചിതമായ വാക്പ്രയോഗങ്ങൾ

ജന്മങ്ങൾ തൻ സമ്മേളനം

സ്വപ്നങ്ങൾ തൻ ഉന്മീലനം

എന്ന മട്ടിൽ കാണപ്പെടുന്നുമുണ്ട്.

എം. എസ്. വിശ്വനാഥനുവേണ്ടി

ചലനം ജ്വലനം ഋതുവിൻ നടനം

ശിലയിൽ ഇലയിൽ ചിതറും  സലിലം എന്നിങ്ങനെ യമകപ്രയോഗങ്ങളെ അനുസ്മരിപ്പിക്കുന്ന രചനാകൗശലങ്ങളും ഖാദർ പ്രദർശിതമാക്കുന്നുണ്ട്. ഈ വരികൾ ആദ്യം പല്ലവിയിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിട്ട് പിന്നീട് പാട്ടിന്റെ അവസാാനം മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. അതുകൊണ്ട് ഒരു പ്രഖ്യാപനസ്വഭാവമുണ്ട്. കണ്ണൂർ രാജനു വേണ്ടി

 യുഗയുഗതാളം

യുഗയുഗരാഗം

ശ്രുതികൾ തൻ ലാളനം

സിരകളിൽ സാഗരം

എഴുതിയപ്പൊഴും ഇത്തരം വിദ്യകൾ കവിയുടെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം.  

 അക്ഷരങ്ങൾ തിരിച്ചും മറിച്ചുമിട്ട് വിഭ്രാന്തി സൃഷ്ടയിക്കാൻ ഉദ്യമിക്കുണ്ട് ഖാദർ എം ജി രാധാകൃഷ്ണനു വേണ്ടി എഴുതിയ അരികിലോ അകലയോ എന്ന പാട്ടിൽ.

ഇരുമലർ ഓരിതൾ

ഇരു തണൽ ഒരു നിഴൽ

ഇരുകരം ഒരു മനം

ഒരു സ്വരം ഒരു പദം

കനകക്കിങ്ങിണിച്ചിറകു കെട്ടിയ തിരകൾ
മണലിൽ മുത്തുകൾ വിതറിയെത്തുന്ന തിരകൾ

തിരയിൽ തെന്നി തിരയിൽ വീഴും തിരികൾ

 

 രവീന്ദ്രനു വേണ്ടി എഴുതിയ “”രാവിൽ രാഗനിലാവിൽ എന്ന പാട്ടിലും ഇതേ വിദ്യ പുറത്തെടുക്കുന്നു കവി:

മിഴിയിൽ മിഴികൾ പകരും
തെളിവിൽ‍ നിന്നും പുളകം ചൂടി
കരളിൻ നടുവിൽ കതിരുകളാടുമ്പോൾ
കുളിരുകൾ ചൂടുമ്പോൾ
കവിളുകൾ ചേരുമ്പോൾ

 വളരെ വേഗതയിൽ മുറുകിയകാലത്തിൽ പാടാണ്ടതാണ് മേൽ വരികൾ. ആ വെല്ലുവിളി ഗംഭീരമായി ഏറ്റെടുത്തിരിക്കുന്നു ഖാദർ.

കെ. വി മഹാദേവനു വേണ്ടി നാടൻപാട്ടിന്റെ ഉൽസാഹത്തിമിർപ്പ് സൃഷ്ടിയ്ക്കാൻ ഇതേ മട്ടിലുള്ള വാചാടോപത്തിനു ഖാദർ ഒരുമ്പെടുന്നുണ്ട്:

ഒളിച്ചിടേണ്ടെടി കളത്തിനുള്ളിൽ ഒളിച്ചിരുന്നതറിഞ്ഞു

തേൻ കിനിഞ്ഞ കൈതക്കൂമ്പുകൾ തേടി കരങ്ങൾ നീണ്ടതറിഞ്ഞു”;

 ഇതേ കമ്പോസറിനു ഔൽസുക്യമുണർത്താൻ അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരികില്ലേ, കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ എന്നും ലാഘവമിയന്ന അക്ഷരങ്ങൾ കോർത്ത് സമ്മാനിച്ചിട്ടുണ്ട് ഖാദർ.


വാങ്മയചിത്രങ്ങൾ

 മിഴിപ്പക്ഷികൾ തൂവൽ വിരിച്ച് കാത്തുനിൽക്കുന്നത് പൂവച്ചൽ ഖാദർ വരച്ച പ്രസിദ്ധ കവിതാചിത്രമാണ്. മുത്തുവിരിയ്ക്കും പുഴയുടെ തീരവും കെട്ടിപ്പുണരും ലതയുടെ നാണവും നമുക്ക് ഏറെ പരിചിതമായ പ്രയോഗങ്ങളായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. നിംനോന്നതങ്ങളിൽ സ്പന്ദിതമായി നിറമേകുന്നതു നിൻ മാറിൽ എന്ന് അസ്പഷ്ടമായി ആധുനികത കലർത്താനും കവിയ്ക്ക് മടിയില്ല. കല്ലിനുപോലും ചിറകുകൾ നൽകി കന്നി വസന്തം പോകുന്നതും ഉരുകും വേനലിൽ മോഹദലങ്ങൾ എരിഞ്ഞടങ്ങുന്നതും ദുഃഖസ്മൃതി ദൃശ്യങ്ങളാണ്. അറിയാതെ വഴികളുമണിഞ്ഞൊരുങ്ങി അവിടെയെല്ലാം നിഴലിന്റെ തേരൊഴുകി, കളിയാക്കി മറയേണ്ട ഇളം തെന്നലേ നിൻ മലർവിശറിയെടുത്തു നീയൊരു തുള്ളിക്കുളിരുമായ് ഇതിലെ പോരൂ എന്നത് വ്യത്യസ്ത ചായക്കൂട്ടുകൾ മനസ്സിന്റെ ക്യാൻ വാസിൽ തെറിപ്പിച്ചിട്ടു പോകുന്ന ചിത്രകാരന്റെ വിലാസങ്ങളാണ്. ചിരിയിൽ ചിലങ്ക കെട്ടിയ ചിറയിൻ കീഴിലെ പെണ്ണിനോട് ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ എന്ന് ചോദിയ്ക്കുന്ന പ്രണയവിവശനെ ചിത്രീകരിക്കുന്നത് അതീവ സ്വാരസ്യത്തോടെയാണ്. ശരറാന്തൽ തിരിതാണ മുകിലിൻ കുടിലിൽ മൂവന്തിപ്പെണ്ണ് ഉറങ്ങാൻ കിടക്കുന്നത് ചിത്രകലാവിദ്ദ്യർത്ഥികൾക്ക് പരീക്ഷയ്ക്ക് വരയ്ക്കാൻ കൊടുക്കേണ്ട നേർചോദ്യത്തിനു പറ്റിയതാണ്. 

 

കവിത കടന്നുകയറുന്ന ഗാനങ്ങൾ

  കൃതഹസ്തനായ കവിയാണ് സിനിമാഗാനരചനയിൽ എത്തപ്പെട്ടത് എന്ന് എളുപ്പം തെളിയിച്ചിട്ടുണ്ട് പൂവച്ചൽ ഖാദർ. ഈ പാടവം പൊടുന്നനവേ ചില പാട്ടുകളിൽ പ്രത്യക്ഷപ്പെടുകയാണ്. ഗാനപശ്ചാത്തലത്തിന്റെ ഗൗരവത്തിനപ്പുറവും ഈ കവിതാംശം പടർന്നു കയറിയാൽ അത് രചയിതാവിന്റെ കുറ്റം അല്ല തന്നെ.

 

ഒരു കവി ഇവിടെയുണ്ട് എന്ന് പ്രഘോഷിയ്ക്കുന്ന പലേ വരികളും സുലഭമാണ് ഗാനങ്ങളിൽ:

എരിയുന്ന പകലിന്‍ ഏകാന്തയാനം കഴിയുമ്പോള്‍
അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍
പടരുന്ന നീലിമയാല്‍ പാത മൂടവേ
വളരുന്ന മൂകതയില്‍ ആരുറങ്ങവേ
നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു

 

മന്ദാരച്ചെപ്പുണ്ടോ എന്ന ജനപ്രിയഗാനത്തിലാണ് ഈ വരികൾ എന്ന് ആദ്യവായനയിൽ തോന്നിയെന്നിരിക്കില്ല.

 

ആദ്യസമാഗമലജ്ജയിലാതിരാതാരകം കണ്ണടയ്ക്കുമ്പോൾ

കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ സാഗരമുമ്മ വയ്ക്കുമ്പോൾ

സംഗീതമായ് പ്രേമസംഗീതമായ് നിന്റെ മോഹങ്ങൾ എന്നിൽ നിറയ്ക്കൂ

 

സിനിമയുടെ ഭാവതലങ്ങൾ ആവശ്യപ്പെടുന്നതിലപ്പുറം ദാർശനികത ഗാനങ്ങളിൽ ഉൾക്കൊള്ളിയ്ക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണാം:

 

പിന്നെയും വാത്മീകങ്ങളുയർന്നൂ നൂറ്റാണ്ടിന്റെ

കിന്നരപ്രകാണ്ഡത്തിൽ മാനിഷാദകൾ പൂത്തൂ

അഗ്നിവീണകൾ പേറി ഭഗ്നമോഹത്തിൻ മുന്നിൽ

മുൾക്കിരീടങ്ങൾ ചൂടി ചേതന വിതുമ്പുമ്പോൾ

കാലത്തിൻ മിഴിത്തുമ്പിലുതിരും നീർമുത്തിന്റെ

 ശോകഭാരങ്ങൾ ശോകവാഹിനിയായൊഴുക്കുന്നു

 

കാൽപ്പനികത പ്രണയഭാവനകൾപ്പുറം കടക്കുന്നു ചിലപ്പോൾ:

 

മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു
കുന്നിന്‍ മുടിക്കെട്ടില്‍ മുകില്‍ പക്ഷികള്‍ മുഖമണച്ചു
തുടക്കത്തില്‍ നിലച്ചൊരു മധുരനൃത്തം
ഇന്നും തുടങ്ങുന്നു മരച്ചില്ലയില്‍ വളകിലുക്കി

 

   സിനിമയിൽ പാട്ടെഴുതാൻ വന്നിരുന്നില്ലെങ്കിൽ ഒരു ജനകീയ കവി എന്ന പട്ടം ചൂടിക്കിട്ടിയേനേ പൂവച്ചൽ ഖാദറിനു.സൂക്ഷ്മതയോടെ തെരഞ്ഞെടുത്ത അക്ഷരങ്ങളും വാക്കുകളും അവയുടെ ശബ്ദവിന്യാസക്രമ വ്യവസ്ഥകളും ഗാനാത്മകത നിറയ്ക്കുമ്പോൾ സംഗീതസംവിധായകന്റെ ജോലിഭാരം കുറയുകയാണ്.അനന്യമായ ഭാവനാചാതുരി അനുപൂരകമാവുകയുമാണ്.  ഖാദറിന്റെ  ഗാനങ്ങളുടെ ജനപ്രിയതയുടെ പൊരുളും ഇതു തന്നെ.

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കാൽപ്പനികത പ്രണയഭാവനകൾപ്പുറം വരികൾ എഴുതുന്ന കവി .

Anonymous said...

Lovely tribute

Anonymous said...

Superb write up. Thank you sir

Ajeesh Memmury said...

മലയാള സിനിമാ ഗാനശാഖയുടെ നേട്ടം കവിതയുടെ നഷ്ടമായി..