Friday, January 25, 2013

“ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്…… പുതിയ “പഴയ” പാട്ട് “സെല്ലുലോയ്ഡ്” ഇൽ


http://www.youtube.com/watch?v=8AksjQ9UBOs 

          ആസ്വാദ്യതയേറുന്നതു കൊണ്ടായിരിക്കണം ഇന്ന് മലയാളികൾ കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്  ഇനിയും റിലീസ് ചെയ്യാത്ത ‘സെല്ലുലോയിഡ്’ ഇലെ  “കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ“ എന്ന “പഴയ“ പാട്ട്.  സിനിമ ജെ. സി. ഡാനിയലിന്റെ ജീവിതകഥയായതു കൊണ്ട് ഒരു “പീരീഡ്” പാട്ട് പുനർനിർമ്മിക്കാൻ സംവിധായകനും സംഗീതമണച്ചവരും തീരുമാനിച്ചത് തീർച്ചയായും സംഗതവും ഔചിത്യമിയന്നതുമാണ്.
.
          ആലാപനത്തിന്റെ ഭാവപരിസരവും  അത് സൃഷ്ടിയ്ക്കുന്ന  വൈകാരികതലവുമാണ് ഈ പാട്ടിന്റെ പ്രധാന ആകർഷകവസ്തുക്കൾ. ഒരു പഴയ പാട്ടിന്റെ ഫീൽ ഉടനീളം തുളുമ്പുന്നത് ആദ്യം തന്നെ ശ്രദ്ധാഗ്രാഹിയുമാകുന്നുണ്ട്. സംഗീതനിർവ്വഹണത്തിന്റേയും ഓർക്കസ്റ്റ്രേഷന്റെയും അവതരണത്തിന്റേയും മൌലികത നിലനിർത്തി പഴയ പാട്ടുകളുടെ രീതികളുമായി സമരസപ്പെട്ടുപോകുന്നതിൽ ശ്രദ്ധ വയ്ക്കാൻ കിണഞ്ഞു  ശ്രമിച്ചിട്ടൂണ്ട് ഇത് മെനഞ്ഞെടുത്തവർ. ഉടനീളം  സൌമ്യത നിലനിർത്തുകയും നാടൻ ഈണമാണെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗായകരുടെ ടോൺ വളരെ സ്വാഭാവികവും ആണ്. ഉപകരണങ്ങളുടെ സംയോഗവും  പ്രയോഗങ്ങളും വളരെ മിതത്വമാർന്നതുമാണ്.  മെലഡി ഇഷ്ടപ്പെടുന്ന മലയാളി സംവേദനശീലങ്ങൾക്ക് ഒത്തുപോകുന്ന  ഈണവും മൃദുലമായ പരിചരണവുമാണ് എം. ജയചന്ദ്രനും കൂട്ടരും പൊതുസമക്ഷം വിളമ്പുന്നത്. കീബോർഡിൽ മാത്രം നിർമ്മിച്ചെടുക്കുന്ന ഉപകരണസങ്കലനം,  പാടാനുള്ളതാണ് പാട്ട് എന്ന ധാരണയിൽ നിന്നു അകലുക,  ശ്ബ്ദകോലാഹലമുഖരിതം എന്നൊക്കെയുള്ള, ഇന്നത്തെ പാട്ടുകളെക്കുറിച്ചുള്ള ആവലാതികൾ യഥാർഥമാണെന്ന് വിളിച്ചോതുകയാണ് ഈ പാട്ടിനു ലഭിച്ചിരിക്കുന്ന സ്വീകരണം.

        പഴയ പാട്ടിന്റെ സ്വഭാവങ്ങൾ പേറി ഒരു പുനർനിർമ്മാണമാണ് സാധിച്ചെടുത്തത് എന്ന് നിസ്സംശയം പറയാം.  വളരെ സൂക്ഷ്മതയോടെ ആണ് പാട്ട്  പഴയതാക്കി എടുത്തിരിക്കുന്നത്. ആലാപനത്തിന്റെ വ്യവഹാരരീതിയിലും ഓർക്കെസ്ട്രേഷന്റെ സ്പഷ്ടമായ പഴമയിലും പൌരാണികത സ്ഥാപിച്ചെടുക്കപ്പെട്ടിരിക്കുകയാണ്.   ക്ലാരിനറ്റും മൃദംഗവും ഹാർമോണിയവും ആണ് ബി ജി എം നു ഉപയുക്തമാക്കിയിരിക്കുന്നത്. ആലാപനമാകട്ടെ കേട്ടിട്ടുള്ള എതൊക്കെയോ പാട്ടുകളുടെ ഓർമ്മ ഉണർത്തുന്നതാണ്.  ഉടനീളം സ്ഥായി മുകളിലാക്കി ഉറക്കെയാണ് പാടിയിരിക്കുന്നത്, പഴക്കം ചെന്ന പാട്ടുകുളിലെപ്പോലെ.    നാടകങ്ങളിൽ ഉറക്കെപ്പാടി ശീലിച്ചവരായിരുന്നു 1930-40 കളിലെ പാട്ടുകാർ. റെക്കോർഡിങ്ങിന്റെ പരിമിതികളും ഇങ്ങനെ പാടിയുള്ള തഴക്കവും പാട്ടുകാരെ കുറച്ച് ഉറക്കെത്തന്നെ പാടാൻ പര്യാപ്തമാക്കിയിരുന്നു.  ഇത്തരം ആലാപനരീതിയുടെ ഒരു ഉദാഹരണമായിക്കാണാവുന്നതാണ് 1941 ഇൽ എം. കെ. ത്യാഗരാജഭാഗവതർ  ‘അശോക് കുമാർ”  എന്ന സിനിമയ്ക്കു വേണ്ടി പാടിയ, ജോൻപുരി രാഗത്തിൽ ചിട്ടപ്പെടുത്തിയ “സത്വ ഗുണ ബോധൻ“ എന്ന പാട്ട്. ‘കാറ്റേ കാറ്റേ” യിലെപ്പോലെ മൃദംഗവും ക്ലാരിനറ്റും ഈ പാട്ടിലും വാദ്യവൃന്ദത്തിൽ പെടുന്നുണ്ട്. “സത്വഗുണ ബോധൻ” ഒരു പ്രോടോടൈപ് ആയി സംഗീതസംവിധായകൻ എടുത്തിട്ടുണ്ടായിരിക്കണം സെല്ലുലോയിഡിലെ ഈ പാട്ട് ചിട്ടപ്പെടുത്തിയപ്പോൾ.. ത്യാഗരാജഭാഗവതർ തന്നെ “‘ഹരിദാസ്“ എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ചാരുകേശി രാഗം ആധാരമാക്കിയ “മന്മഥലീലയൈ വെന്റ്രാർ ഉണ്ടോ“ എന്ന പാട്ടും ഇതേ സംഗീതഘടനയിലാണ്. “കാറ്റേ കാറ്റേ’ യുടെ സംഗീതവും ഇവയുമായി സമരസപ്പെട്ടുപോകുന്നതാണ്.  ഏതായാലും 1930 കളിലും 40 കളിലും കാണപ്പെടുന്ന സാങ്കേതികതകളും അവതരണസവിശേഷതകളുമാണ്  ‘കാറ്റെ കാറ്റേ’ യിൽ കാണുന്നത് എന്നത് കൌതുകകരമാണ്.

 സത്വഗുണ ബോധൻ ഇവിടെ കേൾക്കാം:
http://www.youtube.com/watch?v=MQkwG-0W_0Y

മന്മഥലീലൈയെ വെന്റ്രാർ ഉണ്ടോ ഇവിടെ കേൾക്കാം:
http://www.youtube.com/watch?v=4zK9lLgLkmE


        ക്ലാരിനറ്റിന്റെ ചില പ്രയോഗങ്ങളാണ്  പഴക്കം സൂചിപ്പിക്കാൻ നിയുക്തമാക്കിയിരിക്കുന്നത്. ഹാർമോണിയവും കൂടെ ഉണ്ട്, സ്വൽപ്പം മന്ദ്രമായിതാളത്തിനു മൃദംഗവും. മൂന്നിന്റേയും ഉചിത സമ്മിശ്രണം ഒരളവോളം  പാട്ടിനു പൌരാണികത അണയ്ക്കുന്നുണ്ട്. മൃദംഗത്തിന്റെ സുന്ദരമായ ലളിതവിന്യാസങ്ങളാണ് പാട്ടിൽ. 1950 കളുടെ ആദ്യപാതിയിൽത്തന്നെ തബല മുഖ്യ വാദ്യമായി സിനിമാപ്പാട്ടുകളിൽ ഇടം പിടിച്ചിരുന്നു. മിക്ക പാട്ടുകളും ഹിന്ദി ഗാനങ്ങളുടെ കോപ്പി ആയിരുന്നതിനാൽ ഇത് അനിവാര്യവുമായിരുന്നു. ഭക്തിഗാനങ്ങളാണ് കൂടുതലും  അക്കാലത്ത് ശാസ്ത്രീയസംഗീത ചിട്ട അനുസരിച്ച് രൂപപ്പെടുത്തിയിരുന്നത്. പിന്നീട് വന്ന നാടകഗാനങ്ങളും തബല തന്നെ പ്രധാന താളവാദ്യമായി ഉപയോഗിച്ചു പോന്നു. ‘കാറ്റേ കാറ്റേയിൽ മൃദംഗം തന്നെ ഉപയോഗിക്കാൻ തീരുമാനിച്ച കമ്പോസറുടെ ഔചിത്യം  ഉചിതം തന്നെ.

        ആലാപനത്തിൽ കച്ചേരി മട്ടിന്റെ പ്രസരം കാണപ്പടുന്നത് അന്നത്തെ പാട്ടുകളുടെ മുഖമുദ്ര തന്നെ. ഗമകങ്ങളാൽ സുഭിക്ഷമാക്കപ്പെടുക എന്ന രീതി ‘കാറ്റേ കാറ്റേ’ യിലും സമൃദ്ധമാണ്. പഴക്കം തോന്നിക്കാൻ ഇത് സഹായിക്കുന്നു. പല വാക്കുകളും ഇതിനുദാഹരണമാണ്. “വാഴ‘ “ചൂടിൽ” കരിഞ്ഞൊരു”  തല” “ഓടിവായോ” ചൊല്ലാമോ “നേരാമോ”എന്നീ വാക്കുകളൊക്കെ ഗമകങ്ങളോടെയാണ് തീർത്തെടുക്കുന്നത്.  ചില വാക്കുകൾ ഒന്നു നീട്ടി നിറുത്തുക എന്ന രീതിയും പിൻ തുടരുന്നുണ്ട്.  വാക്കുകൾ കൃത്യമായി ഉച്ചരിക്കുകയും തെല്ല് ബലാഘാതം കൊടുക്കുകയും ചെയ്യുന്നുണ്ട് പണ്ടത്തെ രീതിയിൽ. “തത്തിവരൂ”, “തത്തകളേ““കാത്തിരിപ്പൂ“  
 എന്നിവയൊക്കെ ഇത്തരം ഉച്ചാരണസവിശേഷത പേറുന്നുണ്ട്.  

        ആലാപനശൈലിയിലെ അകൃത്രിമത്വം  തീർച്ചയായും പാട്ടിനെ ആകർഷകമാക്കുന്നുണ്ട്.  നാടൻ ഉച്ചാരണരീതി തെളിഞ്ഞുകാണാം.  എസ്. ജാനകിയും പി സുശീലയും മലയാളത്തിൽ ഒരു “ജെനെറിക്’ ഉച്ചാരണ ശൈലി കൊണ്ടു വന്നിരുന്നു. സംസ്കൃതീകരിച്ച ഉച്ചാരണശൈലിയും ശബ്ദയോജനയുമാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഇതിനു വൻപിന്തുണയാണ് പിന്നീട് ലഭിച്ചത്. ‘കാറ്റേ കാറ്റേ‘ യിലെ സ്ത്രീ ശബ്ദമായ വൈക്കം വിജയലക്ഷ്മി ഈ ബാദ്ധ്യത വിട്ട് കെ പി എ സി സുലോചനയുടേയോ ജാനമ്മ ഡേവിഡിന്റേയോ മലയാളം പാടൽ തിരിച്ചു കൊണ്ടു വന്നിരിക്കയാണ്.  ജി. ശ്രീറാമും ഈ വഴിക്കാണ്. ശ്രീറാമിനാകട്ടെ നേരത്തെ തന്നെ പഴയ ആലാപനശൈലി സ്വായത്തമാണ്. ദേവരാജന്റേയും കെ. എസ് ജോർജ്ജിന്റേയുമൊക്കെ തനിമ അതേ പടി ജീവിപ്പിച്ചെടുക്കാനുള്ള മിടുക്ക് പണ്ടേ തെളിയിച്ചു കഴിഞ്ഞ ഗായകനാണ് ശ്രീറാം. ആയാസരഹിതമായും കൃത്യതയോടേയും  ഈ  ശൈലി അദ്ദേഹം പിൻ തുടർന്നിരിക്കുന്നു. രണ്ടുപേരും അതീവഹൃദ്യമായും ഒന്നോടൊന്നു ചേർന്നും ആലപിച്ചിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല.

        ക്ലാരിനറ്റിന്റെ   സമർത്ഥമായ ഉപയോഗം പൂർവ്വകാലത്തെ അനുസ്മരിപ്പിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞു. ചെറിയ ട്രിക്കുകൾ വേറെയുമുണ്ട്. ചരണങ്ങളുടെ ഇടയ്ക്കുള്ള ക്ലാരിനറ്റ് നിർമ്മിച്ചെടുക്കുന്ന റ്റ്യൂൺ ‘നൊസ്റ്റൽജിക്’ എന്നു വിശേഷിപ്പിക്കാം. ഓരൊ വരികളും അവസാനിക്കുമ്പോൾ വയലിൻ/ഫ്ലൂട്/ക്ലാരിനറ്റ് നിശ്ചിത സ്വരസംഘാതം ചേർക്കുകയും അത് അടുത്ത വരിയുമായി ബന്ധിപ്പിക്കാനുതകുകയും ചെയ്യുക എന്നത് പഴയ പാട്ടുകളിൽ ധാരാളം കാണാവുന്നതാണ്. ഈ പാട്ടിലും ഈ പ്രയോഗരീതി അനുബന്ധിച്ച ക്ലാരിനറ്റ് ബിറ്റ്സ് കേൾക്കാം. പാട്ടിന്റെ ഈണത്തോടൊപ്പിച്ച് വാദ്യവൃന്ദങ്ങൾ സമാന്തരമായി പോകുക എന്ന പഴയ രീതിയും ഈ പാട്ടിൽ നിബന്ധിച്ചിട്ടുണ്ട്. അത് ചിലപ്പോൾ ഹാർമോണിയത്തോടൊപ്പവുമാണ്.  ‘കാതിൽ തേന്മൊഴി ചൊല്ലാമോ“ എന്ന ഭാഗത്ത് ഇത് കൃത്യമായി കേൾക്കാം.  ഗഞ്ചിറയുടെ ചുറ്റുമുള്ള മണികളുടേത്  പോലെ ചില കിലുക്കങ്ങളുമുണ്ട് ഇക്കൂടെ. മൃദംഗത്തിന്റെ പ്രയോഗങ്ങളിലും ചില പഴയ പാട്ടുകളുടെ നടവിന്യാസങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.  കർണാടകസംഗീതാനുസാരിയായി താളവാദ്യത്തിന്റെ ബീറ്റ്സ് ഓരോ വാക്കുകളിലോ അക്ഷരങ്ങളിലോ കൃത്യമായി തൊടുക്കുന്ന വിദ്യ ദേവരാജനും മറ്റും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്. ചരണങ്ങളിലെ വരികളുടെ അക്ഷരവിന്യാസമനുസരിച്ച് തബലയുടേയോ മൃദംഗത്തിന്റേയോ നടകൾ മാറ്റിയെടുക്കുന്ന കലാകൃതി. ‘കാറ്റേ കാറ്റേ‘ യിലും ഈ പ്രകടനം കാണാം. ആദ്യത്തെ നാലുവരികൾ കഴിഞ്ഞ് മൃദംഗത്തിന്റെ നടകൾ മുറുകിയ കാലത്തിലേക്ക് പ്രവേശിക്കുകയാണ്. ആദ്യചരണത്തിൽ ‘കുഞ്ഞിളം കൈ വീശി‘ എന്നു തുടങ്ങുത്തിടത്തും രണ്ടാം ചരണത്തിൽ ‘ഇത്തിരിപ്പൂ’ എന്നു തുടങ്ങുന്നിടത്തുമാണ് മൃദംഗത്തിന്റെ നടകൾ ഇങ്ങനെ മാറുന്നത്.  ചരണങ്ങളിലെ രണ്ടാം വരിയുടെ അവസാനവും മൃദംഗം ചില പ്രത്യേക പ്രയോഗങ്ങൾ ഇട്ടുകൊടുക്കുന്നുണ്ട്.  ഒരോ ചരണഖണ്ഡവും പല്ലവിയുടെ ആവർത്തനത്തോടെ മുഴുമിക്കുമ്പോൾ മാത്രമല്ലാതെ പാട്ടിന്റെ അവസാനവും മൃദംഗം മുത്തായിപ്പ് തീർക്കുന്നത് സവിശേഷത തന്നെ. കീ ബോർഡുകളിലെ കട്ടകൾ ഇട്ടുകൊടുക്കുന്ന ഏകതാനതയിൽ നിന്നും വിഭിന്നപ്പെടാൻ വെല്ലുവിളി സ്വീകരിച്ച  എം. ജയചന്ദ്രനെ ശ്ലാഖിച്ചേ മതിയാവൂ. സാങ്കേതികതയുടെ സൂക്ഷ്മതകൾ എന്തു തന്നെയായാലും സൌമ്യത, ലാളിത്യം, നാടൻ മട്ടിലുള്ള ആലാപനം ഇവയൊക്കെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു എന്നത് സത്യം തന്നെ. പഴമ പുനർ നിർമ്മിച്ചപ്പോൾ പഴയകാല സംഗീത സംവിധായകരായ ബ്രദർ ലക്ഷ്മണോ പി. എസ്. ദിവാകറോ ചെയ്തുവച്ചതിന്റെ അനുകരണം ആണെന്ന് തോന്നിപ്പിക്കുന്നുമില്ല.

        കഥാപാത്രങ്ങളുടെ  സ്വപ്നസാക്ഷാത്കാരത്തിനുള്ള പ്രതീക്ഷകൾ പൂവണിയുന്ന ഭാവപരിസരമാ‍ണ് രചനയ്ക്ക്. പാട്ട് ഇതുമായി യോജിച്ചു പോകുന്നുണ്ട്. കാണാമരത്തിനു പൂവും കായും വരുന്നതും കദളിവാഴപ്പൂക്കളിൽ തേൻ നിറയുന്നതും സുന്ദരസ്വപ്നം  സഫലമാകുന്നതിന്റെ സൂചനകൾ തന്നെ. പക്ഷേ പഴയ പാട്ടുകളിലെ പ്രയോഗങ്ങളോ  ശൈലികളോ റഫീക് അഹമ്മദ് കടം കൊണ്ടില്ല എന്നത് ഒരു ന്യൂനത തന്നെയാണ്. അക്കാലത്തെ പാട്ടുകളിൽ വരാൻ സാദ്ധ്യതയില്ലാത്ത പ്രയോഗങ്ങൾ അസ്വാരസ്യം ഉളവാക്കുന്നുണ്ട്. ‘പൂക്കാമരം’ ‘കാണാമരം’ കുഞ്ഞിളം കൈ വീശി‘ എന്നതൊക്കെ വളരെ പിന്നിട്ട കാലഘട്ടത്തിൽ മാത്രം വന്നു കയറിയ പ്രയോഗങ്ങളാണ്. 60 കളിലെ പാട്ടുകളിൽ പോലും കാണാത്ത ഇത്തരം പ്രയോഗങ്ങൾ 1930-40 കളിലേത് എന്നു സംഗീതപരമായി സമർത്ഥിക്കുന്ന പാട്ടിൽ കടന്നു വരാതെ സൂക്ഷിക്കാമായിരുന്നു.  വ്യാകുലരാവ്, ഞാലിപ്പൂങ്കദളി എന്നൊക്കെ ചില വികലപ്രയോഗങ്ങളുമുണ്ട്. (ഞാലിപ്പൂങ്കദളി-ഞാലിപ്പൂവനും കദളിയും ചേർന്ന സങ്കരയിനം?) പൊന്നുഷസ് കുഞ്ഞിളം കൈ വീശി വരുന്നത് എങ്ങിനെയാണെന്ന് കവിയ്ക്കു മാത്രമേ ഭാവനയിൽ കൊണ്ടുവരാൻ സാധിയ്ക്കൂ. മുത്തണിപ്പൂന്തൊട്ടിലാട്ടി കിന്നരിക്കാൻ ഓമനിക്കാൻ പൊന്നുഷസ്സണോ വരേണ്ടത് എന്നും വ്യക്തമല്ല. കാറ്റ് ആയിരിക്കാൻ സാദ്ധ്യതയില്ല. അങ്ങനെയാ‍ണെങ്കിൽ കാതിൽ തേന്മൊഴി ചൊല്ലേണ്ടതും ഉഷസായിരിക്കണമല്ലൊ. ഇത് എങ്ങനെയെന്ന് കവിയ്ക്ക് മാത്രമറിയാം. രണ്ടാം ചരണം പരസ്പരബന്ധമില്ലാത്ത ആശയങ്ങളാൽ കോർത്തെടുത്തതാണ്. വെള്ളിനിലാവിൻ തേരു വന്ന രാവ് വ്യാകുലമാകുന്നത് എങ്ങനെയെന്തോ.  ഇതിനിടയ്ക്കാണ് പുത്തരിപ്പാടം പൂത്തുലയുന്നത്. അർത്ഥസമ്പുഷ്ടമായ വരികളെഴുതാൻ ഇന്ന് ഗാനരചയിതാക്കൾ തീരെയില്ല എന്നത് ദയനീയം തന്നെ.

        കീബോർഡ് കമ്പോസേഴ്സിനിടയിൽനിന്നും എം. ജയചന്ദ്രനെപ്പോലെയുള്ളവർ അകലുകയും സ്വന്തം നിലപാട് പ്രഖ്യാപിച്ച് തലയുയർത്തി നിൽക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത് അഭിമാനകരം തന്നെ 

Tuesday, January 22, 2013

ഓമനത്തിങ്കൾക്കിടാവോ ഹിന്ദി സിനിമക്കാർ കോപ്പിയടിച്ചു!


          ഹിന്ദി സിനിമക്കാർ 1961 ഇൽ ഓമനത്തിങ്കൾക്കിടാവോ കോപ്പിയടിച്ചിരുന്നു. വി. ശാന്താറാമിന്റെ സ്ത്രീ (ശകുന്തള) എന്ന സിനിമയിൽ ഭരത് വ്യാസ് ഇതു കോപ്പിയടിച്ച് സി. രാമചന്ദ്ര സംഗീതം നൽകി മഹേന്ദ്രകപൂർ പാടുകയും ചെയ്തു. സംവിധായകൻ ശാന്താറാം തന്നെയാണ് സ്ക്രീനിൽ ദുഷ്യന്തനായി പ്രത്യക്ഷപ്പെട്ട് ഇതു പാടുന്നത്. ഒരു കുഞ്ഞിനെക്കണ്ടിട്ട്  പാടുന്നതല്ലായ്കയാൽ അതിനു വേണ്ട മാറ്റങ്ങൾ വരുത്തി ശ്രീ ഭരത് വ്യാസ്.

അല്ല്ലെങ്കിലും ഹിന്ദിക്കാർക്കൊക്കെ എന്തുമാകാമല്ലോ.

കോൻ ഹോ തും കോൻ ഹോന്ന ഈ പാട്ടിന്റെ വിവർത്തനം ഇതാ:

ആരു നീ നീയാരാരോ.
കവിയുടെ മധുരിത കൽ‌പ്പനയോ
ഗായകന്റെ മധുരിമ താനമോ
മെല്ലെയൊഴുകും നദിയിൻ തരംഗമോ
അരുണകമല മധു പുഞ്ചിരിയോ
വസതഋതുവിൽ വിടരും പൂവോ
ശ്രാവണത്തിലെ ആദ്യ മാരിയോ
ചിരവിരഹികളാം ഇരുഹൃദയങ്ങൾ തൻ
മധുരസമാഗമ പുതു ഇരവോ
പ്രണയപ്പാട്ടിൻ പുതുപല്ലവിയോ
നവയൌവനമതിൻ പ്രഥമദൃഷ്ടിയോ
അതോ കണ്ണുകൾക്ക് പുതു പൂക്കണിയോ

ആരു നീ   നീയാരാരോ..

ഒറിജിനൽ ഇങ്ങനെ:

കോൻ ഹൊ തും കോൻ ഹോ
കവി കി മധുർ കൽ‌പ്പന ഹോ തും
യാ ഗായക് കി മധുരിമ താൻ
യാ സരിതാ ജൽ കി തരംഗ് ഹോ
അരുണ് കമൽ കി മധു മുസ്കാൻ
ഋതു ബസന്ത് കി പ്രഥമ കലി ഹോ
സാവൻ കി പഹലീ ബർസാത്
യാ ചിർ വിരഹി ദോ ഹൃദയോം കെ
മധുർ മിലൻ കി പഹലി രാത്
പ്രണയ് ഗീത് കി പ്രഥം ദൃഷ്ടി ഹോ
യാ മൻ കി പഹലി സന്താൻ
നവ് യൌവൻ കി പ്രഥം ദൃഷ്ടി ഹോ
നയനോം കി പഹലി പഹ്ചാൻ

സംഗീതം നൽകിയ സി. രാമചന്ദ്ര തമിഴ് പാട്ടുകൾ കമ്പോസ് ചെയ്തിട്ടുണ്ട്. മദ്രാസിൽ പലപ്പോഴും വരുമായിരുന്നു. പി. ലീല പലേ പാട്ടുകളും പാടിയിട്ടുണ്ട് ഇദ്ദേഹത്തിനു വേണ്ടി. പി. ലീലയിൽ നിന്നും ഓമനത്തിങ്കൾക്കിടാവോയുടെ കോപ്പി സി. രാമചന്ദ്ര വാങ്ങിച്ച് ഭരത് വ്യാസിനു കൊടുത്തു കാണണം.

പാട്ട് ഇവിടെ കേൾക്കാം:
http://www.youtube.com/watch?v=9EmCLcYYORI

Monday, January 14, 2013

ഇരയിമ്മൻ തമ്പി ചിലപ്പതികാരം കോപ്പിയടിച്ചു!




ഓമനത്തിങ്കൾക്കിടാവോ” ഇരയിമ്മൻ തമ്പി ചിലപ്പതികാരത്തിൽ നിന്നും പകർത്തിയതാണ്. ഒറിജിനൽ അല്ല.  ആദ്യ കാണ്ഡമായ പുകാർകാണ്ഡത്തിലെ  ഏഴാം  പാട്ടിലെ രണ്ടാം ഭാഗമാണ് ഇരയിമ്മൻ തമ്പി മലയാളത്തിലേക്ക് പകർത്തിയത്.

ചിലപ്പതികാരം:

മാചുഅറു പൊന്നേ! വലം പുരി മുത്തേ!
കാചുഅറു വിരൈയേ! കരുമ്പേ! തേനേ!
അരുമ്പെറൽ പാവായ്! ആരുയിർ മരുന്തേ!
പെരുങ്കുടി വാണികൻ പെരുമട മകളേ!
അലൈയിടൈപ്പിറവാ അമിഴ്തേ എൻ കോ?
മലൈയിടൈപ്പിറവാ മണിയേ എൻ കോ?
യാഴിടൈ പ്പിറവാ ഇചൈയേ എൻ കോ?
താഴ് ഇരുങ്കൂന്തൽ തൈയാൾ നിന്നൈ?


ഇത് മലയാളത്തിൽ:

മായം ചേരാത്ത മാറ്റേറിയ പൊന്നേ!
വലം പിരി ശംഖിൽ പിറന്ന മുത്തേ! കുറ്റമറ്റ സുഗന്ധദ്രവയ്ത്തിന്റെ നറുമണമേ! നാവിനു രുചിയേറുന്ന കരിമ്പേ! തേനേ!
ക്ലേശിച്ച് മാത്രം നേടാവുന്ന മനോഹരശിൽ‌പ്പകലാരൂപമേ!
എന്റെ പ്രാണനെ നിലനിർത്തുന്ന ഔഷധമേ!
പെരുങ്കുടി വാണികന്റെ ഓമന മകളേ!

ഇനി “അലൈയിടൈ പ്പിറവാ”എന്നു തുടങ്ങുന്ന ഭാഗം നോക്കുക:

കടലിൽ പിറക്കാത്ത അമൃതോ?
 മലയിൽ വിളയാത്ത രത്നമോ?
വീണ ഉതിർക്കാത്ത പാട്ടോ?
കാർകുഴലാളേ നിന്നെ എന്താണു വിളിക്കേണ്ടത്?

(അവലംബം- വെട്ടം മാണിയുടെ ‘രണ്ടായിരം വർഷത്തെ തിരഞ്ഞെടുത്ത മലയാള പദ്യങ്ങൾ‘ ഗുരുനാഥൻ പബ്ലിക്കേഷൻസ്, കോട്ടയം)

“ഓമനത്തിങ്കൾക്കിടാവോയിൽ“ ഇതുപോലെ ഉള്ള ഭാഗം നോക്കുക: 

വാത്സല്യരത്നത്തെ വയ്പാൻ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ?

കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ?

സൂക്തിയിൽ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ?

പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി-
ന്നിച്ഛ നൽകും നൽ ക്കണ്ടോ?

കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കൾക്കുള്ള ഗുണമോ?

പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ?

കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ?

  ഇദ്ദേഹം “കരുണചെയ്‌വാനെന്തു താമസം..” “പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ“  ഒക്കെ എവിടുന്നു പൊക്കിയതാണോ.

                    ശ്രീ തമ്പി എഴുതിയ ഉത്തരാസ്വയം വരം, ദക്ഷയാഗം, കീചകവധം  എന്നീ കഥകളികൾ പാഠപ്പുസ്തകമായിട്ടുണ്ടെങ്കിൽ പിൻ വലിക്കണം. ഇനി കോടതിയിൽ നിന്നുള്ള അറിയിപ്പ് ഉണ്ടാകുന്നതു വരെ  ഈ കഥകളികൾ അവതരിപ്പിക്കുന്നത് നിരോധിക്കേണ്ടതുമാണ്.


Friday, January 11, 2013

‘നത്തോലി ഒരു ചെറിയ മീനല്ല‘-കഥാകാരനും കഥാപാത്രവും



          ഫാന്റസി പ്രമേയങ്ങൾ പൊതുവേ ഇൻഡ്യൻ സിനിമാക്കഥകളിൽ വിരളമാണ്. മെറ്റാഫിക്ഷൻ പ്രയോഗവും. കഥയെ കഥാപാത്രവും എഴുത്തുകാരനും കൂടെ മാറ്റിമറിയ്ക്കുന്ന ഘടന സിനിമയിൽ എടുത്തു പെരുമാറാനോ പരീക്ഷിച്ചു വിജയിപ്പിക്കാനോ എളുപ്പമല്ല. എഴുത്തുകാരൻ തന്നെ കഥാപാത്രമായി കഥയിൽ വരുന്നത് രാമായണ-മഹാഭാരത കഥാകാലത്തോളം പഴയതാണെങ്കിലും ഇൻഡ്യൻ സിനിമാരീതികൾ അതിനോടു യോജിച്ചു പോകത്തക്ക വിധമല്ല ഘടിപ്പിച്ചെടുക്കാറ്‌. പ്രത്യേകിച്ചും വായനയും സിനിമയും തമ്മിൽ ബന്ധിപ്പിക്കാൻ എളുപ്പമല്ലാത്ത ഇൻഡ്യൻ പരിവേശലക്ഷണശാസ്ത്രയുക്തിയിൽ. മെറ്റാഫിക്ഷൻ പോയിട്ട് ഫാന്റസി കഥാപാത്രം തന്നെ യക്ഷിയുടേയോ ഭൂത-പ്രേതത്തിന്റേയോ രൂപത്തിലോ ആശയത്തിലോ മാത്രമേ നമുക്ക് സമീപിക്കാനും അനുഭവിച്ച് ആസ്വദിക്കാനും അറിയൂ, അല്ലെങ്കിൽ നമ്മുടെ ഭാവന അനുവദിക്കൂ.

          ഭാരതീയേതര സിനിമകളിൽ  ഇത്തരം പ്രമേയങ്ങളോ ദൃശ്യഭാഷകളോ ഉപയോഗിക്കുന്നതിനോ സ്വീകരിക്കപ്പെടുന്നതിനോ വിഘാതങ്ങളൊന്നുമില്ല  ഒരേ കഥാപാത്രത്തിനു വിപരീതമാനങ്ങൾ പ്രത്യക്ഷമാകുന്നതും നായകനു  ജീവിതപാഠങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ അതേ ആൾ തന്നെ സമാന്തരഭാവനാജീവിതത്തിലേക്ക് മാറ്റപ്പെടുന്നതും  The Family Man ഇൽ കണ്ടതാണ്.  എഴുത്തുകാരനും കഥാപാത്രവും കഥയിലെ നിർണ്ണായകമാവുന്ന ഘട്ടങ്ങളിൽ ഒത്തുചേരുന്നത് പല സിനിമകളിലും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.  കഥാകാരിയുടെ കഥാപാത്രമാകാൻ വിധിക്കപ്പെട്ട ഒരാളുടെ സന്നിഗ്ധാവസ്ഥകളും ജീവിതാന്ത്യം കഥാകൃത്തിന്റെ നിയന്ത്രണത്തിലാകുന്നതും Stranger Than Fiction ഇലുണ്ട്. വുഡി അലന്റെ   Midnight in Paris ഇൽ കഥാകാരനു സഹായകമാകുന്നത് ഹെമിങ് വേ ഉൾപ്പടെ ക്ലാസിക് എഴുത്തുകാർ പാതിരാത്രിയിൽ സ്വയം പ്രത്യക്ഷപ്പെട്ടാണ്. അയാളുടെ ഭാവി എഴുത്തിന്റേയും ഭാവനയുടേയും നിയമങ്ങൾക്ക് അനുസൃതമാക്കി ഒരു നോവലിന്റെ ക്ലൈമാക്സിലെന്നപോലെ ഹെമിങ് വേ പ്രവചിയ്ക്കുന്നുമുണ്ട്.   കഥാകാരൻ അതേ സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതുന്നതും സിനിമയുടെ ഗതി നിയന്ത്രിക്കുന്നതും ഒക്കെക്കൂടി വളരെ സങ്കീർണ്ണമായ ഘടന നിബന്ധിച്ചിട്ടിട്ടുണ്ട് Adaptation എന്ന സിനിമയിൽ.  ഇറാനിയൻ സംവിധായകൻ  കിയരോസ്താമി പല സിനിമകളിലും കൽ‌പ്പിതകഥാപാത്രങ്ങളും യഥാർത്ഥ കഥാപാത്രങ്ങളും കൂടുവിട്ടുകൂടുമാറിക്കളിയ്ക്കുന്ന വിഭ്രാന്തി സൃഷ്ടിക്കാറുണ്ട്. 

          നമ്മുടെ അനുശീലനങ്ങൾ ഇത്തരം ആഖ്യാനങ്ങളെ ഉൾക്കൊണ്ടിട്ടില്ല അധികം. എന്നാൽ കഥാപാത്രം പ്രത്യക്ഷപ്പെട്ട് കഥാകാരനേയും കഥയേയും നിയന്ത്രിക്കുന്നത് ഭാർഗ്ഗവീനിലയത്തിൽ പ്രമേയമായതും സ്വീകാര്യത ലഭിച്ചതും അപൂർവ്വം ആണെന്നേ കരുതേണ്ടതുള്ളു. വിൻസെന്റിന്റെ അപാരസംവിധാനപാടവവും ബഷീറിന്റെ എഴുത്തും ഒക്കെയാ‍ണ് ഭാർഗ്ഗവീനിലയം മലയാളിക്ക് കണ്ട് ആസ്വദിക്കാൻ പറ്റിയ സിനിമാസാമഗ്രി ആയത്.  ആമീർ ഖാനിന്റെ തലാശ് ഇൽ കൽ‌പ്പിതകഥാപാത്രം പോലീസിനെ സഹായിച്ച് കുറ്റവാളികളെ പിടികൂടാൻ വഴിതെളിയ്ക്കുന്നതായിട്ടാണ് ചിത്രീകരണം. സ്വന്തം ജീവിത സമസ്യകളെ നിർദ്ധാരണം ചെയ്യാൻ ഭാവനയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രം അതിവിദഗ് ദ്ധമായി നായികയെ സഹായിക്കുന്നത് നമ്മൾ സേതുവിന്റെ പാണ്ഡവപുരത്തിൽ ദർശിച്ചിട്ടുണ്ട്. ‘കരയിലേക്ക് ഒരു കടൽ ദൂരം’ എന്ന സിനിമയിലും കൽ‌പ്പിതകഥാപാത്രത്തിന്റെ പ്രത്യക്ഷം ആഖ്യാനത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ ഇതൊക്കെ ദഹിക്കുന്നില്ലെന്ന് ശഠിച്ച് നിരാകരിച്ചിട്ടുണ്ട്. പുണ്യ പുരാണ ഭക്തി ചിത്രങ്ങളുടെ ആധിക്യവും അവയുടെ ആസ്വാദനചരിത്രവും നമ്മളെ മാജിക്കൽ റിയലിസവുമൊക്കെ എടുത്തു പ്രയോഗിക്കുന്നതിൽ നിന്നും അകറ്റിയിട്ടുണ്ട്. ഇത്തരം ഒരു പ്രമേയ സാദ്ധ്യതയ്ക്ക് ഭക്തിയുടെ ആനുകൂല്യം അത്യാവശ്യമാണെന്ന് നമ്മൾ ധരിച്ചു വച്ചിട്ടുള്ളത് ‘നന്ദനം’ എന്ന സിനിമ വ്യക്തമാക്കിയിട്ടുമുണ്ട്.

             വാസ്തവികതയ്ക്ക് അതിന്റേതായ ഭ്രമാത്മകതയും രഹസ്യസ്വഭാവമുണ്ട്. ഉണ്മ നിഗൂഢാത്മകവുമാണ് എന്നതാണ് വൈചിത്ര്യം. കഥാപാത്രങ്ങൾ ഈ പ്രതലത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്വാംശീകരിക്കാൻ ഭാവനയെ വഴിവിട്ട് സഞ്ചരിപ്പിക്കേണ്ട പണിയുണ്ട്. അത് എളുപ്പമായിരിക്കണമെന്നില്ല, ജനപ്രിയ  ആസ്വാദനത്തിന്റെ ഭാഗമാകണമെന്നുമില്ല. അതുകൊണ്ട് കഥാപാത്രങ്ങളെ അടുപ്പിച്ചു നിറുത്താനാണ് കഥാകൃത്തുക്കളും ശ്രമിക്കാറ്‌. എന്നാൽ കഥാപാത്രങ്ങൾ പലപ്പോഴും അവരെ ഉണ്ടാക്കിയെടുത്ത കഥാകരന് കൈവിട്ടുപോകുന്ന നിലയിലുമെത്താറുണ്ട്. സൂപർ ഹീറോ കഥാപാത്രങ്ങൾ (സൂപർമാൻ, ബാറ്റ് മാൻ, സ്പൈഡർ മാൻ ഒക്കെ) നേടിയെടുക്കുന്ന അധികമാനം  ആ കഥാപാത്രങ്ങളെ നിർമ്മിച്ചെടുത്ത കഥാകാരനെ തീരെ ചുരുക്കാനോ വിസ്മൃതിയിലാക്കാനോ ഇടയാക്കാറുണ്ട്. ഒഥല്ലോയും അന്നാ കരെനീനയും എന്നു വേണ്ട  കറുത്തമ്മയും പരീക്കുട്ടിയും മംഗലശ്ശേരി നീലകണ്ഠനുമൊക്കെ അവരെ സൃഷ്ടിച്ചവരിൽ നിന്നും വിഭ്രാത്മകമായ യാഥാർഥ്യം എന്നു തോന്നിപ്പിച്ച് വഴുതിപ്പോയിട്ടുണ്ട്.

          മലയാളത്തിൽ ഇത്തരം പ്രമേയം അവതരിപ്പിക്കാൻ ധൈര്യം കാട്ടുകയാണ് സംവിധായകൻ വി കെ പ്രകാശും  കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ശങ്കർ രാമകൃഷ്ണനും. “നത്തോലി ഒരു ചെറിയ മീനല്ല” എന്ന് ഹാസ്യദ്യോതകമെന്നു തോന്നിപ്പിക്കുന്ന പേരുള്ള സിനിമ  ഒരു എഴുത്തുകാരന്റേയും അയാൾ സൃഷ്ടിച്ചെടുത്ത കഥാപാത്രത്തിന്റേയും കഥയാണ്.  കഥാകാരൻ ഉണ്ടാക്കിയെടുക്കുന്ന കഥാപാത്രം അയാളുടെ തന്നെ വേറിട്ട സ്വരൂപം ആകുകയും അവർ തമ്മിൽ  അതിദൃഢമായ  ബന്ധം നിർമ്മിച്ചെടുക്കുന്നതും ഈ ദ്വന്ദങ്ങൾ സൃഷ്ടിച്ചെടുക്കുന്ന പ്രതിസന്ധികളുമാണ് പ്രമേയം. നരേന്ദ്രൻ എന്ന അതിസാധാരണക്കാരൻ നഗരത്തിൽ ഒരു ചെറിയ ജോലി കിട്ടി എത്തുകയാണ്.  ആകൃതിയിലും പ്രകൃതിയിലും ഒരു ചെറിയ മനുഷ്യൻ ആയതിനാൽ ‘നത്തോലി’ എന്നാണു നരേന്ദ്രനു  പേരു വീണത്. തന്റെ സ്വപ്നങ്ങൾ വിദൂരത്തു മാത്രമാണെന്ന തിരിച്ചറിവ് അവനെ പ്രേരിപ്പിയ്ക്കുന്നത് സ്വന്തം മോഹങ്ങളേയും സ്വപ്നങ്ങളേയും കഥകളാക്കി മാറ്റാനാണ്. എഴുതുന്ന കഥകളിൽ നരേന്ദ്രൻ തന്നെ കഥാപാത്രം.  ജീവിതസാക്ഷാത്കാരം നേടാൻ സ്വന്തം അസ്തിത്വത്തെ കഥാപാത്രമാക്കി മാറ്റി കഥയെഴുതുന്നതു തന്നെ പോം വഴി. തനിക്കു പറ്റാത്തതതും തനിക്ക് വേണ്ടതു പലതും കഥാപാത്രമായ നരേന്ദ്രനിൽക്കൂടി സാധിച്ചെടുക്കുകയാ‍ാണ് കഥാകാരനായ നരേന്ദ്രൻ. ‘നത്തോലി’ എന്ന സ്വരൂപത്തിൽ നിന്നും പുറത്തുകടക്കുകയാണ് ഇപ്രകാരം അയാൾ.     സീമാബദ്ധമല്ലാത്ത ഭാവന, എഴുത്തുകാരനായ നത്തോലി നരേന്ദ്രൻ അയാൾക്ക്  സാദ്ധ്യമല്ലാത്തതോ ലഭ്യമല്ലാത്തതോ ഒക്കെ കഥാപാത്രമായ നരേന്ദ്രനു  കൽ‌പ്പിച്ചു നൽകുമ്പോൾ അതേ ഭാവന തിരിഞ്ഞു പിടിയ്ക്കുകയാണ് അയാളെ. അനുഭവസാക്ഷാത്ക്കാരത്തിന്റെ ക്ഷണികപ്രഭാവം അയാൾക്ക് തെല്ല് ആശ്വാസം നൽകുന്നുണ്ടെങ്കിലും  ഇതിന്റെ പരിണിതഫലം  കഥാപാത്രം മാത്രമായ നരേന്ദ്രൻ കഥാകാരനെക്കാളും വളർന്നു പൊങ്ങുക എന്നതായി. തന്നെക്കാളും വളർന്ന, തന്നെക്കായിലും ശക്തിയുള്ള താൻ തന്നെ സൃഷ്ടിച്ചെടുത്ത തത്സ്വരൂപം  നരേന്ദ്രനു തന്നെ പ്രതിദ്വന്ദി ആയിത്തീരുകയാണ്. ഒരു കഥാകാരന്റെ അപൂർവ്വമെങ്കിലും ചിലപ്പോൾ അനിവാര്യമായ വെല്ലുവിളി. നരേന്ദ്രന്റെ നേർജീവിതം അസാദ്ധ്യമാകുന്ന സ്ഥിതിയിലെത്തിയ്ക്കുകയാണ് സ്വന്തം സൃഷ്ടിയുടെഈ  വൻ സാന്നിദ്ധ്യം. ബന്ധങ്ങളിൽ വന്നുപെടുന്ന  ചില  കടന്നുകയറ്റങ്ങൾ നരേന്ദ്രന്റെ പ്രേയസിയെത്തന്നെ മറ്റേ നരേന്ദ്രനിൽ നിന്നും വീണ്ടെടുക്കേണ്ട സന്നിഗ്ധാവസ്ഥ വരെ എത്തിയ്ക്കുന്നുണ്ട്.

          മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഇത്തരം വ്യക്തിത്വസംഘർഷ   അവതരണം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ എളുപ്പമല്ല. സർറിയലിസമോ ഫാന്റസിയോ മിഥ്യാബോധതൽ‌പ്പരതയോ സിനിമയിൽ കണ്ടാൽ ദഹിക്കാൻ പ്രയാസമുള്ളതായിട്ടാണ് മലയാളിയുടെ സിനിമാസ്വാദനശേഷി വളർന്നു വന്നത്, അല്ലെങ്കിൽ വളർത്തിയെടുത്തിട്ടുള്ളത്. നാടകത്തിന്റെ വെറും വലിച്ചുനീട്ടലോ വിപുലീകരണമോ മാത്രമായി ഇന്നും സിനിമകൾ കുറ്റിയടിച്ചു പോകുന്നത് ഇത്തരം ചരിത്രപരമായ തെറ്റുകൾ കൊണ്ടും കൂടിയാണ്. പാട്ടും നൃത്തവുമടങ്ങുന്ന മനോരഞ്ജകപ്രകടനം മറ്റൊരു നേരമ്പോക്കിനു സാദ്ധ്യതകളില്ലാത്ത സമൂഹത്തിൽ സിനിമ വച്ചു നീട്ടുന്നുണ്ടെതിനാൽ സിനിമയുടെ വളർച്ച, അതിന്റെ ആസ്വദനപരത  ലോകസിനിമയിൽ നമ്മുടെ സിനിമയ്ക്കൊരു  സ്ഥാനം ഇവയൊക്കെ വിദൂര സാദ്ധ്യതകളാകുന്നു. കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളായി ചിലമാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല.

‘നത്തോലി ഒരു ചെറിയ മീനല്ല” മലയാളിയുടെ ആസ്വാദനശീലപ്പരപ്പിൽ ഒരു ചെറിയ ഓളമെങ്കിലും  ഉണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

കഥാകാരനായ നരേന്ദ്രനേയും കഥാപാത്രമായ നരേന്ദ്രനേയും  അവതരിപ്പിക്കുന്നത് ഫഹദ് ഫാസിൽ ആണ്. കമാലിനി മുഖർജി, റിമ കല്ലിങ്കൽ, ഐശ്വര്യ എന്നിവരും മുഖ്യവേഷങ്ങളിൽ ഉണ്ട്.