Monday, January 14, 2013

ഇരയിമ്മൻ തമ്പി ചിലപ്പതികാരം കോപ്പിയടിച്ചു!




ഓമനത്തിങ്കൾക്കിടാവോ” ഇരയിമ്മൻ തമ്പി ചിലപ്പതികാരത്തിൽ നിന്നും പകർത്തിയതാണ്. ഒറിജിനൽ അല്ല.  ആദ്യ കാണ്ഡമായ പുകാർകാണ്ഡത്തിലെ  ഏഴാം  പാട്ടിലെ രണ്ടാം ഭാഗമാണ് ഇരയിമ്മൻ തമ്പി മലയാളത്തിലേക്ക് പകർത്തിയത്.

ചിലപ്പതികാരം:

മാചുഅറു പൊന്നേ! വലം പുരി മുത്തേ!
കാചുഅറു വിരൈയേ! കരുമ്പേ! തേനേ!
അരുമ്പെറൽ പാവായ്! ആരുയിർ മരുന്തേ!
പെരുങ്കുടി വാണികൻ പെരുമട മകളേ!
അലൈയിടൈപ്പിറവാ അമിഴ്തേ എൻ കോ?
മലൈയിടൈപ്പിറവാ മണിയേ എൻ കോ?
യാഴിടൈ പ്പിറവാ ഇചൈയേ എൻ കോ?
താഴ് ഇരുങ്കൂന്തൽ തൈയാൾ നിന്നൈ?


ഇത് മലയാളത്തിൽ:

മായം ചേരാത്ത മാറ്റേറിയ പൊന്നേ!
വലം പിരി ശംഖിൽ പിറന്ന മുത്തേ! കുറ്റമറ്റ സുഗന്ധദ്രവയ്ത്തിന്റെ നറുമണമേ! നാവിനു രുചിയേറുന്ന കരിമ്പേ! തേനേ!
ക്ലേശിച്ച് മാത്രം നേടാവുന്ന മനോഹരശിൽ‌പ്പകലാരൂപമേ!
എന്റെ പ്രാണനെ നിലനിർത്തുന്ന ഔഷധമേ!
പെരുങ്കുടി വാണികന്റെ ഓമന മകളേ!

ഇനി “അലൈയിടൈ പ്പിറവാ”എന്നു തുടങ്ങുന്ന ഭാഗം നോക്കുക:

കടലിൽ പിറക്കാത്ത അമൃതോ?
 മലയിൽ വിളയാത്ത രത്നമോ?
വീണ ഉതിർക്കാത്ത പാട്ടോ?
കാർകുഴലാളേ നിന്നെ എന്താണു വിളിക്കേണ്ടത്?

(അവലംബം- വെട്ടം മാണിയുടെ ‘രണ്ടായിരം വർഷത്തെ തിരഞ്ഞെടുത്ത മലയാള പദ്യങ്ങൾ‘ ഗുരുനാഥൻ പബ്ലിക്കേഷൻസ്, കോട്ടയം)

“ഓമനത്തിങ്കൾക്കിടാവോയിൽ“ ഇതുപോലെ ഉള്ള ഭാഗം നോക്കുക: 

വാത്സല്യരത്നത്തെ വയ്പാൻ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ?

കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ?

സൂക്തിയിൽ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ?

പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി-
ന്നിച്ഛ നൽകും നൽ ക്കണ്ടോ?

കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കൾക്കുള്ള ഗുണമോ?

പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ?

കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ?

  ഇദ്ദേഹം “കരുണചെയ്‌വാനെന്തു താമസം..” “പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ“  ഒക്കെ എവിടുന്നു പൊക്കിയതാണോ.

                    ശ്രീ തമ്പി എഴുതിയ ഉത്തരാസ്വയം വരം, ദക്ഷയാഗം, കീചകവധം  എന്നീ കഥകളികൾ പാഠപ്പുസ്തകമായിട്ടുണ്ടെങ്കിൽ പിൻ വലിക്കണം. ഇനി കോടതിയിൽ നിന്നുള്ള അറിയിപ്പ് ഉണ്ടാകുന്നതു വരെ  ഈ കഥകളികൾ അവതരിപ്പിക്കുന്നത് നിരോധിക്കേണ്ടതുമാണ്.


19 comments:

എതിരന്‍ കതിരവന്‍ said...

ഇരയിമ്മൻ തമ്പിയ്ക്കൊക്കെ എന്തും ആകാമല്ലൊ.

AMBUJAKSHAN NAIR said...

"മാചുഅറു പൊന്നേ! വലം പുരി മുത്തേ! " എന്നുള്ള ചിലപ്പതികാരത്തിലെ വരികളില്‍ നിന്നും " ഓമനത്തിങ്കള്‍ കിടാവേ" എന്ന ശുദ്ധ മലയാളത്തില്‍ അതി മനോഹരമായ ഗാനം നിര്‍മ്മിച്ച ശ്രീ. ഇരയിമ്മന്‍ തമ്പിയെ മനസാ ഒരായിരം തവണ നമിക്കുന്നു. അദ്ദേഹം സമ്മാനിച്ച ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം എന്നീ കഥകളി കഥകള്‍ക്കുള്ള ആശയത്തിന് ഇത്തരം ബന്ധം ഉണ്ടെങ്കില്‍ കൂടി, ആ കഥകളെ ആസ്വാദകരുടെ മനസില്‍ എത്തിച്ചതിനു അദ്ദേഹത്തിനു ഒരായിരം നന്ദി.

Rajeeve Chelanat said...

തമ്പി നല്ല തമ്പി
പുത്തിയുള്ള തമ്പി
നല്ല പഴയ പാട്ടുകള്‍
സ്വന്തമാക്കി മാറ്റി

Anonymous said...

Irayimman Thampy copy adichu ennokke paranju chuluvil valiya aalakan nadakkunna vaayeenokkikal

മൊതലകൊട്ടം said...

അപ്പോള്‍ ബോംബെ ജയശ്രീ 'ഓമനത്തിങ്കള്‍ കിടാവോ' യില്‍ നിന്നല്ല ചിലപ്പതികാരത്തിലെ "മാചുഅറു പൊന്നേ" എന്നതില്‍ നിന്നാണ് കോപി അടിച്ചത് അല്ലെ? ഇത്ര പഴക്കം ഉള്ളതായതുകൊണ്ട് മൌലിക രചന അല്ലെങ്കില്‍ കൂടി ഓസ്കാര്‍ കൊടുത്താലും വിരോധം ഇല്ല!!!!

ajith said...

അല്ലെങ്കില്‍ ആരും കേട്ടിരിയ്ക്കാന്‍ തെല്ലും സാദ്ധ്യതയില്ലാത്ത ഒരു ചിലപ്പതികാരപ്പൊരുളിനെ അവലംബിച്ച് മധുരം മലയാളത്തില്‍ തേന്‍ പോലെ താരാട്ട് പാട്ടുതന്ന തമ്പിയ്ക്ക് നന്ദിയോടെ ആശംസകള്‍. എന്തായാലും പല തലമുറയിലെ അനേകം അമ്മമാര്‍ പാട്ടുപാടിയുറക്കിയ ആ താരാട്ടുപാട്ടിന്റെ മൂലം എവിടെയോ ആയിക്കൊള്ളട്ടെ, ഓമനത്തിങ്കള്‍ക്കിടാവോ മലയാളിയമ്മമാരുടെ സ്വകാര്യാഹങ്കാരവും കുഞ്ഞുങ്ങളുടെ ഭാഷാസ്തന്യവുമാണ്.

ASOKAN T UNNI said...

കല അനുകരണമാണെന്നു പണ്ടെവിടെയോ വായിച്ചതോര്‍ക്കുന്നു.ഫോട്ടോസ്റ്റാറ്റ്‌ ആകുമ്പോഴാണു പ്രശ്നം. ഒന്നുമില്ലയ്മയില്‍ നിന്നു ഒന്നും തന്നെ ഉണ്ടാക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. ആ അര്‍ത്ഥത്തില്‍ താങ്കളുടെ കണ്ടുപിടുത്തം ഒട്ടും ഗൗരവം അര്‍ഹിക്കുന്നില്ല.പൂര്‍വസൂരികളുടെ സൃഷ്ടികള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും.....
വിശ്വമഹാകവിയായ കാളിദാസന്‍ തന്റെ രചനകളിലധികവും ഇതിഹാസങ്ങളെ അധികരിച്ചാണെഴുതിയിരിക്കുന്നത്.ഷേക്സ്പിയറിന്റെ സിംബെര്‍ലൈന്‍, ടു ജെന്റില്മെന്‍ ഓഫ് വെറോണ എന്നിവ ബൊക്കാച്ചിയോയുടെ ഡെക്കാമറന്‍ കഥകളില്‍ നിന്നും,റോമിയോ ആന്റ് ജൂലിയറ്റ് ആര്‍തര്‍ബ്രൂക്ക് 1562 ല്‍ രചിച്ച ഇതേപേരിലുള്ള കാവ്യത്തില്‍ നിന്നുമാണു കടം കൊണ്ടിരിക്കുന്നത്..എന്തിനു,എംടിയുടെ മനോഹരമായ രണ്ടാമൂഴം,വടക്കന്‍ വീരഗാഥ എന്നിവയെവിടന്നാണു മുളച്ചുവന്നത്...

ഇനി സിനിമാ പാട്ടു....

കാലങ്കളില്‍ അവള്‍ വസന്തം
കലൈകളിലേ അവള്‍ ഓവിയം....
( പാവൈ മന്നിപ്പ്-പീ ബീ എസ്)

ഇതിന്റെ വേറൊരു വേര്‍ഷന്‍ അല്ലേ

മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നി മാസം...
( ഭാഗ്യമുദ്ര-പുകഴേന്തി -പീ.ഭാസ്കരന്‍ -യേശുദാസ്)

ഒന്നാം തരം കവിതകളെഴുതിയ വയലാറിനെ ചങ്ങമ്പുഴയുടെ മാറ്റൊലിക്കവിയായി മുദ്രകുത്തിയതും ഓര്‍ ക്കുക...

-----ഫോട്ടോസ്റ്റാറ്റ് കാണുമ്പോള്‍ ചാടി വീഴുക.....
-----ഇരയിമ്മന്‍ തമ്പിയെ വെറുതേ വിടുക.......

ശ്രീ said...

അതേയതെ. അവര്‍ക്കൊക്കെ എന്തുമാകാമല്ലോ :)

നിരക്ഷരൻ said...

എന്നുവെച്ചാൽ ഇരയിമ്മൻ തമ്പിയുടെ രചനയും മൌലികമല്ല. അപ്പോൾപ്പിന്നെ ബോബൈ ജയശ്രീ കോപ്പിയടിച്ചതാണെന്നും ഇരയിമ്മൻ തമ്പി ട്രസ്റ്റിൽ എത്തി മാപ്പ് പറയണമെന്നും പറയുന്നവർ ആരോട് എവിടെച്ചെന്ന് മാപ്പ് പറയണം ?

നിരക്ഷരൻ said...

മലയാളികൾ ആരും കേൾക്കാനോ വായിക്കാനോ സാദ്ധ്യതയില്ലായിരുന്ന ചിലപ്പതികാരം പരിഭാഷപ്പെടുത്തി മലയാളത്തിലെത്തിച്ച ഇരയിമ്മൻ തമ്പിയ്ക്ക് കയ്യടി നൽകാമെങ്കിൽ സംഘകാലത്തെ അതേ വരികളെ ഓസ്ക്കാർ വരെ എത്തിച്ച ബോംബൈ ജയശ്രീയും കൈയ്യടി അർഹിക്കുന്നു.

ബോംബൈ ജയശ്രീയെ ക്രൂശിക്കണം, ഇരയിമ്മൻ തമ്പിയെ വെറുതെ വിടണം എന്ന വാദങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.

prasanna raghavan said...

Academy awards have certain criteria. Jayashree was nominated for the Academy award for the best original song; the criteria for which u get here.http://en.wikipedia.org/wiki/Academy_Award_for_Best_Original_Song

it says ''It is presented to the songwriters who have composed the best original song written specifically for a film. The performers of a song are not credited with the Academy Award unless they contributed either to music, lyrics or both in their own right''.

So the question here is whether she fits into this criteria. If not she need to be disqualified. In that case it does not matter whether it came from irayiman or chilapathikkaram

ഇലക്ട്രോണിക്സ് കേരളം said...


ഓമനത്തിങ്കള്‍ക്കിടാവോ യുടെ കോപ്പി റൈറ്റ്‌ കാലാവധി കഴിഞ്ഞതല്ലേ....ഇനി ആര്‍ക്കു വേണമെങ്കിലും അടിച്ചുമാറ്റി ഓസ്കാര്‍ മേടിക്കാം,,,

K.P.Sukumaran said...

ശൂന്യതയില്‍ നിന്ന് ഒരു സാഹിത്യവും ഉണ്ടാകില്ല എന്ന് തോന്നുന്നു. അത്കൊണ്ട് കോപ്പിയടിച്ചു എന്ന് ഏത് സൃഷ്ടിയെ പറ്റിയും പറയാന്‍ കഴിഞ്ഞേക്കാം. അതേ സമയം മൌലികമായ രചനയും കോപ്പിയടിയും ഉണ്ട് താനും. ശ്രദ്ധിച്ച് നിഗമനങ്ങളില്‍ എത്തേണ്ട വിഷയമാണിത്.

എതിരന്‍ കതിരവന്‍ said...

ഇവിടെ കമന്റ് ഇട്ടവർക്കും ഈ കുറിപ്പ് വായിക്കുന്നവർക്കും വായിച്ചവർക്കും വേണ്ടി ഒരു കാര്യം വ്യക്തമാക്കാനുദ്ദേശിക്കുന്നു. ഇത് ആക്ഷേപഹാസ്യം ആണെന്ന് മനസ്സിലാക്കാതെ പോയി നിങ്ങൾ. സ്വന്തം കാമിനിയേയോ കുഞ്ഞിനേയോ സുന്ദരവസ്തുക്കളുമായി ഉപമിക്കുന്നതോ അതല്ലേ ഇതല്ലേ എന്നു സന്ദേഹിക്കുന്നതോ ആയ പ്രയോഗങ്ങൾ ഭാരതീയ കാവ്യങ്ങളിൽ ധാരാളം കാണപ്പെടുന്നു. 5-)0 നൂറ്റാണ്ടിലെ ചിലപ്പതികാരത്തിലോ അതിനും മുൻപ് കാളിദാസന്റെ കൃതികളിലോ ഒക്കെ ഇതുപോലത്തെ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ അത് ഭാവനയുടെ സാമ്യം എന്നേ കരുതാനുള്ളു. ഇരയിമ്മൻ തമ്പിയ്ക്ക് ചിലപ്പതികാരം കോപ്പിയടിക്കേണ്ട കാര്യമില്ല. 19 വയസ്സിൽ മിക്ക കഥകളികളും എഴുതിയ അദ്ദേഹം 23 വയസ്സിൽ തന്റെ കാവ്യജീവിതത്തിലെ പ്രധാനകൃതികളും എഴുതിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിനു “ഓമനത്തിങ്കൾ” എഴുതാൻ സ്വന്തം ഭാവനയും വാക് ചാതുര്യവും ധാരാളം. ഇതേ യുക്തി തന്നെയാണ് ബോംബേ ജയശ്രീയുടെ കാര്യത്തിലും പ്രയോഗിക്കേണ്ടത്. അവർ തമിഴിൽ എഴുതി, വാക്കുകൾ മലയാളവുമായി സാമ്യമുണ്ട് എന്നതിനാൽ കോപ്പിയാണെന്നു ധരിക്കുമ്പോൾ അവർ തെലുങ്കിലോ ഹിന്ദിയിലോ എഴുതിയിരുന്നെങ്കിൽ ഈ സാ‍മ്യം നാം കാണാതെ പോകും എന്നും അറിയേണ്ടതുണ്ട്. കൂടാതെ അവർ ചിലപ്പതികാരം കോപ്പിയടിച്ചു എന്ന് നമ്മൾ വാദിക്കാതിരുന്നത് ദുരഭിമാനവും അസൂയയും മനസ്സിൽ നിറച്ചതു കൊണ്ടാണ്. ഹിന്ദിയിൽ ഇതുപോലെ ആശയമുള്ള ഒരു ഗാനം താരതമ്യത്തിനു വേണ്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതും കോപ്പിയാണ് എന്നു പറയാനുള്ള മാനസികഘടന നമുക്കില്ലാതെ പോകുന്നതെന്തു കൊണ്ടാണ് എന്ന് ആലോചിക്കേണ്ടതാണ്.

ഒരു കുഞ്ഞിനെ അമ്മ തേനേ പാ‍ാലേ അമൃതേ പൂവേ കുയിലേ മയിലേ എന്നൊക്കെ കൊഞ്ചി വിളിച്ചാൽ അതിനൊക്കെ ഇരയിമ്മൻ തമ്പി എന്നൊരാളാണു കാരണമെന്നു ശഠി യ്ക്കുന്നത് പരമ വിഡ്ഢിത്തമാണ്.

Anonymous said...

ഇതില്‍ എവിടെയാണു കോപ്പിയടി? മനസിലായില്ല.വിശദീകരിച്ചാല്‍ കൊള്ളാം

Anonymous said...

ഇതില്‍ എവിടെയാണു സാമ്യം? അര്‍ഥങ്ങളില്‍ സാമ്യം കാണാനാവുന്നില്ല.
വിശദീകരിച്ചാല്‍ കൊള്ളാം

എതിരന്‍ കതിരവന്‍ said...

ഡിയർ അനോനിമസ്: ചുവന്ന അക്ഷരത്തിൽ കാണിച്ചിരിക്കുന്നതൊക്കെ സാമ്യമുള്ള ആശയങ്ങൾ.

Unknown said...

Dear Ethiravan, As you replied to anonymous, red coloured letters are same. However, can you tell that these words are used by Irayimman Thampi in the same way as you quoted from the Chilappathikaaram? Copying does not mean that one should use only words which were never used by anybody else till then. If somebody try to write something with ununsed words, he or she cannot write anything. Please use your potential and time for some creative works - Please do not waste it for such idiotic ideas.

എതിരന്‍ കതിരവന്‍ said...

ശ്രീ ദാമോദരൻപോറ്റീ, ഇപ്പോൾ എന്റെ ഉദ്ദേശം പിടികിട്ടിയെന്നു തോന്നുന്നു താങ്കൾക്ക്. മുഴുവൻ ആ‍ാക്ഷേപഹാസ്യമാണ് ഞാൻ എഴുതിയത്. മുകളിൽ ഞാൻ തന്നെ എഴുതിയ കമന്റ് സദയം വായിക്കുക. ബോംബെ ജയശ്രീ ഇരയിമ്മൻ തമ്പിയെ കോപ്പിയടിച്ചു എന്ന് വാദിക്കുകയാണെങ്കിൽ ഇരയിമ്മൻ തമ്പി ചിലപ്പതികാരം കോപ്പിയടിച്ചു എന്നും വാദിക്കാം എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്.ദാ എന്റെ കമന്റ് ഒന്നു കൂടി:
“ഇവിടെ കമന്റ് ഇട്ടവർക്കും ഈ കുറിപ്പ് വായിക്കുന്നവർക്കും വായിച്ചവർക്കും വേണ്ടി ഒരു കാര്യം വ്യക്തമാക്കാനുദ്ദേശിക്കുന്നു. ഇത് ആക്ഷേപഹാസ്യം ആണെന്ന് മനസ്സിലാക്കാതെ പോയി നിങ്ങൾ. സ്വന്തം കാമിനിയേയോ കുഞ്ഞിനേയോ സുന്ദരവസ്തുക്കളുമായി ഉപമിക്കുന്നതോ അതല്ലേ ഇതല്ലേ എന്നു സന്ദേഹിക്കുന്നതോ ആയ പ്രയോഗങ്ങൾ ഭാരതീയ കാവ്യങ്ങളിൽ ധാരാളം കാണപ്പെടുന്നു. 5-)0 നൂറ്റാണ്ടിലെ ചിലപ്പതികാരത്തിലോ അതിനും മുൻപ് കാളിദാസന്റെ കൃതികളിലോ ഒക്കെ ഇതുപോലത്തെ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ അത് ഭാവനയുടെ സാമ്യം എന്നേ കരുതാനുള്ളു. ഇരയിമ്മൻ തമ്പിയ്ക്ക് ചിലപ്പതികാരം കോപ്പിയടിക്കേണ്ട കാര്യമില്ല. 19 വയസ്സിൽ മിക്ക കഥകളികളും എഴുതിയ അദ്ദേഹം 23 വയസ്സിൽ തന്റെ കാവ്യജീവിതത്തിലെ പ്രധാനകൃതികളും എഴുതിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിനു “ഓമനത്തിങ്കൾ” എഴുതാൻ സ്വന്തം ഭാവനയും വാക് ചാതുര്യവും ധാരാളം. ഇതേ യുക്തി തന്നെയാണ് ബോംബേ ജയശ്രീയുടെ കാര്യത്തിലും പ്രയോഗിക്കേണ്ടത്. അവർ തമിഴിൽ എഴുതി, വാക്കുകൾ മലയാളവുമായി സാമ്യമുണ്ട് എന്നതിനാൽ കോപ്പിയാണെന്നു ധരിക്കുമ്പോൾ അവർ തെലുങ്കിലോ ഹിന്ദിയിലോ എഴുതിയിരുന്നെങ്കിൽ ഈ സാ‍മ്യം നാം കാണാതെ പോകും എന്നും അറിയേണ്ടതുണ്ട്. കൂടാതെ അവർ ചിലപ്പതികാരം കോപ്പിയടിച്ചു എന്ന് നമ്മൾ വാദിക്കാതിരുന്നത് ദുരഭിമാനവും അസൂയയും മനസ്സിൽ നിറച്ചതു കൊണ്ടാണ്. ഹിന്ദിയിൽ ഇതുപോലെ ആശയമുള്ള ഒരു ഗാനം താരതമ്യത്തിനു വേണ്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതും കോപ്പിയാണ് എന്നു പറയാനുള്ള മാനസികഘടന നമുക്കില്ലാതെ പോകുന്നതെന്തു കൊണ്ടാണ് എന്ന് ആലോചിക്കേണ്ടതാണ്.

ഒരു കുഞ്ഞിനെ അമ്മ തേനേ പാ‍ാലേ അമൃതേ പൂവേ കുയിലേ മയിലേ എന്നൊക്കെ കൊഞ്ചി വിളിച്ചാൽ അതിനൊക്കെ ഇരയിമ്മൻ തമ്പി എന്നൊരാളാണു കാരണമെന്നു ശഠി യ്ക്കുന്നത് പരമ വിഡ്ഢിത്തമാണ്.“