Monday, April 29, 2013

അകലെ അകലെ ജീവാംശങ്ങൾ?


            അന്യഗ്രഹജീവികൾ പറക്കും തളികയിൽ വന്നിറങ്ങുന്നവർ, ഹോളിവുഡ് സിനിമകളിലാണ്  കാണാറ്‌.  നമ്മെ നശിപ്പിക്കാൻ അങ്ങു ദൂരെ നിന്ന് വന്ന് മിക്കവാറും അമേരിക്കയിൽ പ്രശ്നങ്ങളുണ്ടാക്കാറാണ് ഇവരുടെ പതിവ്. അമേരിക്കയുടെ പൊതു സൈക്കിൽ ഉള്ള കുറ്റബോധത്തിന്റെ തോത് അനുസരിച്ച് ഈ ജീവികൾക്ക് വിവിധ സ്വഭാവ-പെരുമാറ്റ വിശേഷങ്ങൾ കൽ‌പ്പിച്ചരുളാറുണ്ട്. രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന മെലിഞ്ഞ രോമരഹിതമായ ശരീരമുള്ള ഇവർക്ക് നീണ്ട കണ്ണുകളും മൊട്ടത്തലയുമാണ് പതിവ്. നിഷകളങ്കരായവരെങ്കിൽ ഒരു കുഞ്ഞിന്റെ സ്വരൂപവും. പാട്ടിനോട് അതും ശാസ്ത്രീയ സംഗീതത്തോട് താൽ‌പ്പര്യമുള്ളവരും ഇക്കൂട്ടരിൽ ഉണ്ടത്രെ.  പ്രപഞ്ചസമസ്യകളുടെ അനുരണനങ്ങൾ ഭൂമിയിൽ പ്രതിഫലിക്കപ്പെട്ടാൽ, അതു നിർദ്ധാരണം ചെയ്യാൻ പ്രയാസമെങ്കിൽ ഇത്തരം ‘ഏലിയൻസ” ഇന്റെ തലയിൽ ഉത്തരവാദിത്തം വച്ചുകെട്ടുകയും പതിവുണ്ട്. ഭാരതീയ പുരാണങ്ങൾ പല വിചിത്രജീവികളേയും മെനഞ്ഞെടുത്തിട്ടുങ്കിലും ഇത്തരം ജീവികളെ  വെറുതേ വിടുകയാണ് ഉണ്ടായത്. അന്യഗ്രഹങ്ങൾക്ക് മനുഷ്യസങ്കൽ‌പ്പമാണ്. അല്ലെങ്കിൽ രാഹു, കേതു പോലെ സർപ്പങ്ങളാണവ.

          പറക്കും തളികയിൽ പാതിരാത്തളികയിൽ പണ്ടൊരു രാ‍ജകുമാരൻ വന്നിറങ്ങിയ കാര്യം നമ്മൾ സിനിമാപ്പാട്ട്ഭാവനയിൽ നിറച്ച് സംതൃപ്തി പൂണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യരൂപമുള്ള ജീവി  പോയിട്ട് ഒരു ചെറിയ അന്യഗ്രഹജീവിയ്ക്കു പോലും ഇവിടെ ഭൂമിയിൽ വന്നിറങ്ങി  തലങ്ങും വിലങ്ങും നടന്ന് കലാപനാടകങ്ങളിലോ കുട്ടിക്കളികളിലോ ഏർപ്പെടാൻ സാദ്ധ്യമല്ല. ഒന്നാമത് മറ്റു ഗ്രഹങ്ങളിലെ അന്തരീക്ഷമർദ്ദം നമ്മുടേത് പോലെയല്ല. ഒന്നെങ്കിൽ കൂടിയോ അല്ലെങ്കിൽ കുറഞ്ഞോ ഇരിക്കും അത്. അതനുസരിച്ച് ഈ ജീവികൾ ഒന്നെങ്കിൽ ചീർത്ത് ബലൂൺ പൊട്ടുന്നതുപോലെ പൊട്ടിപ്പോകുകയോ അല്ലെങ്കിൽ നേർത്ത് ചുരുങ്ങി ചൊട്ടിപ്പോയി ഇല്ലാതാവുകയോ ചെയ്യും. അന്യഗ്രഹങ്ങളിൽ ഓടിനടക്കുന്ന ജീവികൾ പോയിട്ട് ജീവിച്ചിരിക്കുന്ന ഒരു ബാക്റ്റീരിയ പോലും ഉണ്ടോ എന്നത് ഇന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇല്ലെന്നു പറയാൻ കാരണങ്ങളുമില്ല. ആധുനിക പരീക്ഷണങ്ങൾ വെളിവാക്കുന്നത് ജീവന്റെ അംശങ്ങൾ ചൊവ്വയിലെങ്കിലും ഉണ്ടെന്നോ ഉണ്ടായിരുന്നു എന്നോ ആണ്. ആകാശഗംഗയിലെ മറ്റ് സൌരയൂഥങ്ങളിലെ ഗ്രഹങ്ങളിലും ജീവന്റെ തുടിപ്പുകൾ കാണാൻ സാദ്ധ്യതയുണ്ട്.  ജ്യൂപിറ്ററിന്റെ അമ്പിളിയായ യൂറോപ, ശനിയുടെ അമ്പിളിയായ എൻസെഡേലസ് എന്നിവയിലൊക്കെ ജീവൻ ഉരുത്തിരിഞ്ഞിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രമാണം. ശനിയുടെ തന്നെ മറ്റൊരു ഉപഗ്രഹമായ ടൈറ്റാൻ (Titan) നിനു കട്ടിയുള്ള അന്തരീക്ഷമുണ്ട്. ജൈവാംശമായ ഹൈഡ്രോകാർബൺ ധാരളമുണ്ടവിടെ.. ഭൌമേതരമായ ജീവസാന്നിദ്ധ്യത്തെക്കുറിച്ച് അപഗ്രഥനം ചെയ്യുന്ന
 ആസ്ട്രോബയോളജി, എക്സോബയോളജി എന്നൊക്കെയുള്ള പുതിയ ശാസ്ത്രവകുപ്പുകൾ വരെ  പിറവിയെടുത്തിരിക്കുന്നു ഇക്കാലത്ത്. ആസ്ട്രൊബയോളജി എന്നൊരു ശാസ്ത്രമാസികയുമുണ്ട്.

.          ജീവൻ ഉരുത്തിരിഞ്ഞത് ജലത്തിലാണ്.  പ്രളയപയോധിയിൽ ഉറങ്ങിയുണർന്നതാണ് ജീവൻ എന്ന കവിഭാവന ശരി തന്നെ.കാർബൺ മറ്റു പല മൂലകങ്ങളുമായി സംയോജിച്ചുണ്ടാകുന്ന തന്മാത്രകൾ  ഒന്നിച്ചു കൂടി ചില പ്രവൃത്തികൾ ചെയ്തു   തുടങ്ങിയതും അവയെ എല്ലാം ഒന്നിച്ച് മേളിപ്പിച്ച് നിയമാനുസാരിയായ നിയന്ത്രണങ്ങൾ ഉൾക്കൊള്ളിച്ച് ഒരു കോശം ഉണ്ടായി വന്നതും ജീവചരിത്രത്തിലെ പുലർകാലസുന്ദരസ്വപ്നമല്ലാത്ത യാഥാർഥ്യം. സ്വയം വിഘടിക്കുക,  തനിപ്പകർപ്പ് ഉണ്ടാക്കിയെടുത്ത്  നിലനിൽക്കുക എന്നതാണ് ഈ തന്മാത്രാ സമ്മേളനത്തിന്റെ പ്രധാനവും വിസ്മയകരവും ആയ കഴിവ്.  ആന്തരികപ്രവർത്തനങ്ങൾ ഫിസിക്സും കെമിസ്ട്രിയുമാണെങ്കിലും ഈ പ്രതിഭാസം ജീവന്റേതു മാത്രമാണ്. ഇതിന്റെ പൊരുളുകൾ തേടിച്ചെല്ലുമ്പോൾ ചരിത്രാതീതകാലത്തെ ഭൂമിയിൽ എത്തി നിൽക്കും. സമാനമായ ചരിത്രമാണ് ചൊവ്വയ്ക്കും. അതുകൊണ്ട് ജീവന്റെ ആദ്യകാലം ചൊവ്വയിൽ തേടുന്നതിൽ യുക്തി ഇല്ലാതില്ല.

ജീവന്റെ ഉദ്ഭവം

          മറ്റേതെങ്കിലും ഗ്രഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തണമെങ്കിൽ ജീവൻ ഉരുത്തിരിയാൻ വേണ്ട സാഹചര്യങ്ങൾ അവിടെയുണ്ടൊ എന്ന് അന്വേഷിക്കേണ്ടതാണ്. അതിനു നമ്മുടെ ഭൂമിയിലെ ജീവോൽ‌പ്പത്തി ചരിത്രം തന്നെ പാഠമാണ്. ഒന്നാമതായി ദ്രവരൂപജലം (liquid water) തന്നെ ഈ വിസ്മയ പാചകക്കുറിപ്പിലെ ആദ്യ വസ്തു.  പിന്നെ വേണ്ടത് തന്മാത്രകൾ ഉണ്ടാക്കിയെടുക്കാൻ ഏറ്റവും പര്യാപ്തമായ മൂലകമായ കാർബൺ ആണ്.  കാർബൺ ഡൈഓക്സൈഡും കാർബൻ മോണോക്സൈഡും മീതെയ് നും കാർബൺ സ്രോതസ് ആണ്. പണ്ട് സ്റ്റാൻലി മില്ലർ എന്നൊരു ശാസ്ത്രജ്ഞൻ മീതെയ്നും അമോണിയയും ഹൈഡ്രജനും വെള്ളവും കൂട്ടി ചെറിയ എലെക്ട്രിക് ഷോക്ക് കൊടുത്തപ്പോൾ പ്രോടീൻ തന്മാത്രയുടെ കണങ്ങളായ അമിനോ ആസിഡ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നത് ഒരു തെളിവായി കണക്കാക്കുന്നതുമാണ്. കടലിന്നഗാധതയിലെ  ജലതാപവ്യവസ്ഥകൾ (hydrothermal systems) അമിനോ ആസിഡ് നിർമ്മിച്ചെടുക്കാനുള്ള പരിസ്ഥിതി സൃഷ്ടിയ്ക്കുന്നുണ്ട് എന്നത് പണ്ടേ അറിവുള്ളതാണ്. ചൂട് വളരെക്കൂടുലാണെങ്കിലും തണുജലത്തിലേക്ക് ഒഴുകിനീങ്ങാൻ സാദ്ധ്യതയുള്ളതുകൊണ്ട് ഇത്തരം ചുറ്റുപാടുകളിൽ ആദ്യജീവൻപൊടിപ്പ് തിണർക്കാൻ സ്ഥിതിവിശേഷം സംജാതമാവുകയാണ്.  എന്നാൽ കാർബൻ ഡൈഓക്സൈഡ്,  ഇരുമ്പിന്റെ ചില രാസസംയുക്തങ്ങളുടെ ഊർജ്ജസംഭാവനയോടെ കാർബൺ മാത്രമായി മാറി ജീവോൽ‌പ്പത്തിയ്ക്ക് അത്യാവശ്യമായ മറ്റു തന്മാത്രകളായി മാറിയെന്നാണ് ആധുനിക നിഗമനം. ‘ഓർഗാനിക്’ അല്ലെങ്കിൽ ജൈവപരമായ തന്മാത്രകൾ എന്ന് ഇവയെ വിളിക്കാം. ഒരു വലിയ ശതമാനം കാർബൺ ഭൂമിയിൽ എത്തപ്പെട്ടത് ഉൽക്കകളിൽ നിന്നാണ് എന്നത് വിസ്മരിക്കാൻ വയ്യ. എന്നു വച്ചാൽ മറ്റു നക്ഷത്രങ്ങളിൽ നിന്നോ ഗ്രഹങ്ങളിൽ നിന്നോ വന്നു കൂടിയതുമാകണം ജീവന്റെ അവശ്യ ഘടകങ്ങൾ. ജൈവതന്മാത്രകൾ (organic molecules) പ്രപഞ്ചത്തിലെവിടുന്നോ ഇവിടെ വന്നു കൂടിയതാണെന്നുള്ള നിഗമനം കൌതുകകരം തന്നെ.

                   ജീവന്റെ ഒരു പ്രധാന സവിശേഷം സ്വന്തം പ്രതിരൂപം നിർമ്മിച്ചെടുക്കുക എന്നതാണ്. ഒരു കോശമാണെങ്കിൽ നെടുകേ പിളർന്ന് രണ്ടാകുക. പ്രവർത്തനത്തിനുള്ള വിവരങ്ങളും മാർഗ്ഗരേഖകളും അടങ്ങിയിരിക്കണം ഈ പുതിയ കോശങ്ങളിൽ. ആർ എൻ എ ആണ് സന്ദേശവാഹകർ, ഡി എൻ എ ആകട്ടെ വിവരങ്ങൾ കോഡ് ഭാഷയിൽ സൂക്ഷിച്ചു വയ്ക്കുന്ന ലൈബ്രറിയും. ചുരുക്കിപ്പറഞ്ഞാൽ കാർബൺ ഹൈഡ്രൊജൻ ഓക്സിജൻ നൈട്രൊജെൻ മുതലായ മൂലകങ്ങൾ കൊണ്ട് നിർമ്മിച്ചെടുത്ത, നിരവധി വ്യത്യസ്ത തന്മാത്രകൾ കൊണ്ട് നിശ്ചിതനിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്ന, സ്വയം പ്രവർത്തിക്കുന്ന, സ്വന്തമായി നിലനിപ്പുള്ള കോശമാണ് ആദ്യത്തെ ഉദ്ഭവപ്രതിഭാസം. ഡി.എൻ. എയുടെ പകർപ്പുകൾ നിർമ്മിച്ചെടുത്ത് ഓരൊ വിഭജനത്തിലും ആ വചനങ്ങൾ രൂപമാർജ്ജിച്ച് പകർപ്പുകൾ ക്രിയാശീലമാക്കാനുള്ള സൂത്രവിദ്യകളുമാണ് അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യുന്നത്.  ഊർജ്ജത്തിനു സൂര്യപ്രകാശം സഹായത്തിനുണ്ട്. ഇപ്രകാരം ഈർപ്പം. കാർബൺ സംയുക്തങ്ങൾ, സൂര്യപ്രകാശം അധികം ചൂടോ തണുപ്പോ ഇല്ലാത്ത പരിസ്ഥിതി ഇതൊക്കെയുണ്ടെങ്കിൽ ജീവിച്ചുപോകാമെന്നാണ് ഓരൊ കോശത്തിന്റേയും തീരുമാനം. പിന്നെ പ്രപഞ്ചത്തിൽ നിന്നും വരുന്ന പലവിധം വികിരണങ്ങൾ ഈ കോശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനും പാടില്ല. ഭൂമിയുടെ അതികാന്തശക്തി മിക്ക വികിരണങ്ങളേയും തടുക്കുന്നുണ്ടെന്നുള്ളത് ജീവനു പിടിച്ചു നിൽക്കാൻ സഹായകമായി. ഇക്കാര്യങ്ങളിലൊന്നും ധിറുതി പാടില്ല എന്നത് ഓർമ്മയിരിക്കേണ്ടതാണ്; 100 മിർ ( 100 മില്യൻ വർഷങ്ങൾ) കൊണ്ടാണ് ഇതൊക്കെ സാധിച്ചെടുത്തത്.

തേടുന്നതാരെ ശൂന്യതയിൽ

          അത്ര എളുപ്പം സാധിച്ചെടുക്കാവുന്ന ഒരു പ്രക്രിയ അല്ലാത്ത ഈ കഥയുമായാണ് ഇന്ന് ശാസ്ത്രജ്ഞർ മറ്റു ഗ്രഹങ്ങളിൽ ജീവൻ തേടിപ്പോകുന്നത്. പ്രപഞ്ചത്തിൽ എത്രയോ സൌരയൂഥങ്ങളുണ്ട്, അവയിൽ പലതിലും ഇതുപോലെ ജീവൻ ആവിർഭവിച്ചിരിക്കാം. ആകാശഗംഗ (Milky Way) യിൽത്തന്നെ 17 ബില്യൺ ഗ്രഹങ്ങൾ ഉള്ളതായാണൂ കണക്കെടുപ്പുകൾ സൂചിപ്പിക്കുന്നത്  ഭൂമിയിലെപ്പോലെ പരിണാമവഴികൾ പിൻ തുടർന്ന് നാനാവിധ ജീവജാലങ്ങൾ ഉണ്ടായി വന്നില്ലെങ്കിലും പിന്നീട് ഉണങ്ങിപ്പോവുകയോ  ചുട്ടുപഴുക്കുകയോ ചെയ്തു പോയിട്ടുണ്ടെങ്കിലും ചെയ്യരുതാത്തത് ചെയ്തതിന്റെ പേരിൽ തള്ളിക്കളയാൻ പാടില്ല, അവശേഷിപ്പുകൾ കാണാൻ സാദ്ധ്യതയുണ്ട്. ആദ്യം നമ്മുടെ അടുത്തുള്ള ചൊവ്വയിൽ അന്വേഷണം തുടങ്ങി വച്ചിരിക്കുകയാണ്. മറ്റ് സൌരയൂഥങ്ങളിലെ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെപ്പറ്റി പഠനങ്ങളും നടന്നു വരുന്നു. ‘ മറുഗ്രഹങ്ങൾ’  (Exoplanets) എന്നറിയപ്പെടുന്ന 760 ഓളം ഗോളങ്ങളുടെ കണക്കെടുപ്പ് നടന്നിട്ടുണ്ട്. അവയിൽ 360 എണ്ണത്തിന്റെ ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്. നാസയുടെ ‘കെപ്ലെർ’ എന്ന അന്വേഷണയന്ത്രവും ഫ്രാൻസിന്റെ കോറോട് എന്ന പരിശോധിനിയും ഇവയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പലതിലും വെള്ളം കാണാൻ സാധ്യതയുണ്ടത്രെ. ഹബ്ബിൾ, സ്പിറ്റ് സെർ എന്നീ    ടെലെസ്കോപ്പുകൾ രണ്ട് മറുഗ്രഹങ്ങളിലെ അന്തരീക്ഷത്തിൽ വെള്ളവും മീതെയ് നും കാർബൺ ഡൈഓക്സൈഡും ഉണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ട്.

          കഴിഞ്ഞ കുറെ വർഷങ്ങളിൽ പഠിച്ചെടുക്കാനാവാത്ത  നിരീക്ഷണങ്ങൽ ഇന്ന് പുതിയ സാങ്കേതികവിദ്യകളാൽ  സാധിച്ചെടുക്കുന്നുണ്ട്.  ‘മൾറ്റി-ഓബ്ജെക്റ്റ് സ്പെക്ട്രോസ്കോപ്പി’, ട്രാൻസ്മിഷൻ സ്പെക്ട്രോസ്കോപ്പി ഇവയൊക്കെയാണ് പുതിയ യന്ത്രങ്ങൾ..നേരത്തെ 10-20 ഭ്രമണപഥങ്ങൾ ഉള്ള സൌരയൂഥങ്ങളെപ്പറ്റിയാണ് പഠിച്ചിരുന്നെങ്കിൽ ഇന്ന് പതിന്മടങ്ങ് എണ്ണങ്ങളെ നിരീക്ഷിക്കാൻ സാധിയ്ക്കുന്നുണ്ട്.   2009 ഇൽ ആരംഭിച്ച കെപ്ലർ ദൌത്യം  600 മില്യന്റെ ബഡ്ജെറ്റിൽ നൂറോള ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന വൻ പദ്ധതിയാണ്,  കൂടുതൽ വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുകയുമാണ്.  105 ഗ്രഹങ്ങൾ കെപ്ലർ സ്ഥിരീകരിച്ചിട്ടുണ്ട്, 27402070 2070 എണ്ണം നിരീക്ഷക്കപ്പെട്ടിട്ടും ഉണ്ട്. ‘കെപ്ലർ-11“ എന്നൊരു ‘സൂര്യനെ’ ചുറ്റുന്ന ആറു ഗ്രഹങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സൂക്ഷ്മനിരീക്ഷണങ്ങളാൽ അറിയപ്പെട്ട,  നാൽ‌പ്പത്തി ഏഴോളം പ്രകാശവർഷങ്ങൾക്കകലെയുള്ള ഒരു ഗ്രഹം-GJ1214b എന്ന് താൽക്കാലിക പേര്  ഇതിനു-ചില പ്രത്യേകതകൾ അർഹിക്കുന്നുണ്ടന്നാണ് ഭൌമശാസ്ത്രജ്ഞരുടെ അഭിപ്രായം. ഭൂമിയുടെ മൂന്നിരട്ടി വലിപ്പമുള്ള ഒരു ‘ജലലോകം‘ ഇവിടെയുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.  അന്യഗ്രഹങ്ങളിലെ ജലാംശത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നേടപ്പെടുകയാണിന്ന്.  ഹബ്ബിൾ ടെലസ്കോപ് വഴി അന്യഗ്രഹങ്ങളിലെ അന്തരീക്ഷത്തെക്കുറിച്ച്, പ്രത്യേകിച്ചും ഓക്സിജൻ അടങ്ങുന്ന അന്തരീക്ഷത്തെക്കുറിച്ച് വിശദപഠനങ്ങൾ നടന്നു വരുന്നു. GJ1214b ഇൽ ജലാംശമുണ്ടൊ എന്നത് ഉടൻ സ്ഥിരീകരിച്ചേക്കും. ആ ഗ്രഹത്തിൽ വെള്ളമുണ്ടെങ്കിൽ നമ്മുടെ സൌരയൂഥത്തിൽ നിന്നും ഏറെ വ്യത്യസ്ഥമായിരിക്കും അവിടത്തെ സ്ഥിതിഗതികൾ എന്നാണ് ശാസ്ത്രലോകത്തിന്റെ പൊതു നിഗമനം.              .

                   ആകാശഗംഗയിലും  അതുപോലത്തെ ശതകോടി മറ്റ് ഗാലക്സികളിൽ ഉള്ളവയും ആയ ഗ്രഹങ്ങൾ ഇപ്രകാരം ജീവന്റെ തുടിപ്പുകൾക്ക് കാതോർക്കപ്പെടാനുണ്ടെങ്കിലും പോയിക്കാണാവുന്ന ഒരു ഗ്രഹത്തിൽ ജീവൻ ഉരുത്തിരിഞ്ഞിരിക്കാൻ ഏറെ സാദ്ധ്യതയുള്ളതാണ് നമ്മുടെ അടുത്തുള്ള ചൊവ്വ. 1977 ഇൽ വൈകിങ് എന്ന യന്ത്രസൂത്രം അവിടെ ഇറങ്ങിയതോടെ ചൊവ്വയെക്കുറിച്ചുള്ള സങ്കൽ‌പ്പങ്ങൾ മാറി മറിഞ്ഞു. ചുവന്ന നിറമുള്ള ചൂടൻ ചൊവ്വ ജീവനോട് ശത്രുത വച്ചു പുലർത്തുകയാണ് എന്ന വിശ്വാസം മാറ്റപ്പെടേണ്ടി വന്നു ഇതോടെ.  പുരാതീനകാലത്ത് ഉപരിതലത്തിൽ വെള്ളമുണ്ടായിരുന്നു എന്നതിനു തെളിവുകൾ കിട്ടിക്കഴിഞ്ഞു.  2004 ഇലെ റൊവർ കണ്ടുപിടിച്ചത് ജലസാന്നിദ്ധ്യത്താൽ ഉണ്ടാകുന്ന ഹീമറ്റൈറ്റ് ചൊവ്വയിൽ ഉണ്ടെന്നാണ്. ചൊവ്വയുടെ  വടക്കെ ധ്രുവത്തിൽ മഞ്ഞുകട്ടകളുടെ പാളികൾ നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  ചൊവ്വയിലെ വേനൽക്കാലങ്ങളിൽ അത്യുഗ്രമായ കാറ്റ് പൊടിയോടൊപ്പം ജലകണങ്ങളും മണ്ണിൽ വിന്യസിക്കാറുണ്ട്. ചില മേഘപാളികളും ഈ മിശ്രിതം ഉണ്ടാക്കുമെന്ന് 2004 ലെ ഓപർച്യൂണിറ്റി എന്ന റോവർ കണ്ടുപിടിച്ചിരുന്നു. 2008 ഇൽ നാസ ശാസ്ത്രജ്ഞർ മഞ്ഞുകട്ടകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ജീവസന്ധാരണത്തിനു ആവശ്യമായ ദ്രവജലം ഉണ്ടോ എന്നതാണ് ഇനിയും അറിയേണ്ടത്. പണ്ടെങ്ങൊ ഉണ്ടായിരുന്ന ജീവസാന്നിദ്ധ്യം തെളിയിക്കപ്പെട്ടേക്കാമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ജൈവവസ്തുക്കൾ അടങ്ങിയ വെള്ളം തേടാൻ വേണ്ടിയാണ് ഇപ്പോഴത്തെ പരീക്ഷണോപകരണങ്ങൾ നിർമ്മിച്ചെടുക്കുന്നത്.
.
മീതെയ്ൻ ഉണ്ടോ?

          2003 ഇൽത്തന്നെ നാസയുടെ നിരീക്ഷണങ്ങൾ ചൊവ്വയിൽ മീതെയ് ൻ ഉണ്ടെന്നു സ്ഥിരപ്പെടുത്തിരുന്നു. എന്നാൽ ജൈവപരമായ രാസപരിണാമങ്ങളാൽ ഉണ്ടാവുന്നതല്ല ഈ മീതെയ്ൻ എന്നാണു നിഗമനം.  വെള്ളവും പാറകളിലെ കാർബണുമായി സങ്കലിച്ചോ ഹൈഡ്രജൻ കാർബണുമായി സങ്കലിച്ചോ ഉളവാകുന്നതാവണം ഈ മീതെയ്ൻ. എന്നാൽ ജലവും മീതെയ്നും സമാനമായി ഭവിക്കുന്നതിനാൽ ജൈവപരമാകാൻ സാദ്ധ്യതയുണ്ട് മീതെയ്നിന്റെ ഈ സാന്നിദ്ധ്യം. ഹൈഡ്രജന്റേയും മീതെയ്നിന്റേയും അനുപാതം അളന്നെടുക്കുന്നത് ജൈവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള സൂചനകൾ തരുമെന്നാണ് അഭിജ്ഞമതം. ഇതൊക്കെയായാലും നിരന്തരമുള്ള ഉൽക്കാപതങ്ങളും  വികിരണവും സൂര്യന്റെ ആളിക്കത്തലുകളും (solar flares) അത്യൂർജ്ജകണങ്ങളുമെല്ലാം കൂടെ ഗുഹകൾക്കുള്ളിലോ  നിരപ്പിൽ നിന്നും വളരെ ആഴത്തിലോ മാത്രം ജീവൻസംരക്ഷിക്കപ്പെടുകയേ ഉള്ളൂ എന്നാണ് സങ്കൽ‌പ്പിക്കേണ്ടത്. എന്നാൽ ഈ ആഴത്തിൽ സൂര്യപ്രകാശം കടന്നു ചെല്ലുന്നില്ല എന്നതിനാൽ അതുപയോഗിച്ചുള്ള ഫോടോ സിന്തെസിസ് എന്ന ഊർജ്ജസംഭരണപ്രക്രിയ നടക്കാതാകും. ഓക്സിജനു പകരം ഹൈഡ്രജൻ ഉപയോഗിക്കുന്ന ജീവികൾക്ക് അതിജീവിക്കാം ഇത്തരം സാഹചര്യങ്ങളിൽ.

          അതിതീവ്രമായ പരിസ്ഥിതികളിൽ അതിജീവനം സാദ്ധ്യമാണെന്നുള്ളതിനു ഭൂമിയിൽ തന്നെ തെളിവുകളുണ്ട്. സൈബീരിയയിൽ നിത്യമായി ഉറഞ്ഞ മഞ്ഞിൽ വളരെ താഴ്ന്ന ഊഷ്മാവിൽ ചില ബാക്റ്റീരിയകൾക്ക്  (Camobacterium സ്പീഷീസ്) വളരാൻ സാധിയ്ക്കും. വളരെ കുറഞ്ഞ അന്തരീക്ഷമർദ്ദത്തിൽ, ഓക്സിജൻ ഇല്ലാത്ത,  കാർബൻ ഡയോക്സൈഡ് നിറഞ്ഞ ചുറ്റുപാടുകൾ ഇവയെ അലോസരപ്പെടുത്തുകയില്ല.   ചൊവ്വയിൽ ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും വന്നു ഭവിച്ചിട്ടുണ്ട്.  അന്റാർടിക്കയിലെ അന്റർസീ (Untersee) തടാകത്തിനടിയിൽ   നേരിയ ജൈവസ്തരത്തിനുള്ളിൽ  പുരാതനങ്ങളായ പരിണാമത്തിന്റെ ആദ്യ ദശയിലുള്ള ഏകകോശ ജീവികളെ കണ്ടത്തിയിട്ടുണ്ട്.  ചൊവ്വയിൽ ജീവസന്ധാരണത്തിനു അയോഗ്യത പ്രഖ്യാപിക്കേണ്ടെന്നു സാരം. ചിലിയിലെ അറ്റാക്കാമ മരുഭൂമിയിലും അതിയായ ചൂടിൽ, അതിലവണതാവളത്തിൽ, ഉണങ്ങിയ പരിസ്ഥിതിയിൽ ചില ബാക്റ്റീരിയകളെ കണ്ടെത്തിയിട്ടുണ്ട്.  പ്രകാശസംശ്ലേഷണം (photosynthesis) വഴി നേടിയെടുത്ത ഊർജ്ജത്തിന്മേൽ മാത്രമേ ജീവൻ നിലനിർത്താനാകൂ എന്ന പൊതുവിശ്വാസത്തെ ചോദ്യം ചെയ്യുന്ന കണ്ടു പിടിത്തങ്ങൾ ഇന്ന് ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കയാണ്. ജീവൻ സൂര്യനെ ആധാരമാക്കി മാത്രം നിലനിൽക്കേണ്ടതില്ലെന്ന ഈ അറിവ് വിപ്ലവാത്മകമാണ്. .ഗാലപ്പാഗോസ് ദ്വീപുകളുടെ അടുത്തുള്ള സമുദ്രാടിത്തട്ടിൽ സൂര്യപ്രകാശം ഏൽക്കാത്ത ചുറ്റുപാടിൽ ചില ഞണ്ടുവർഗ്ഗങ്ങളും ഞവിണികളും വിരകളും താമസമുണ്ട്. ചില പ്രത്യേകതരം ബാക്റ്റീരിയ ആണ് ഇവകളുടെ ആഹാരം. ഹൈഡ്രജനും ഹൈഡ്രജൻ സൾഫൈഡുമൊക്കെ മതി ഇവറ്റകൾക്ക് ഊർജ്ജം ഉണ്ടാക്കിയെടുക്കാൻ. അതിതീവ്രപരിസരജീവികൾ (extremeophiles) ആയ ഇത്തരം സൂക്ഷ്മജീവികൾ കടലിന്നഗാധതയിലെ ചൂടുറവയിലോ ആസിഡിലോ  തിളയ്ക്കുന്ന വെള്ളത്തിലോ ഉപ്പുപരലുകൾക്കുള്ളിലോ വിഷലിപ്തമാലിന്യങ്ങളിലോ ഒക്കെ താമസമാക്കും. മറ്റു ഗ്രഹങ്ങളിൽ ഇത്തരം ചുറ്റുപാടുകൾ നിരീക്ഷിക്കപ്പെടുമ്പോൾ അവിടെ ജീവൻ ഉണ്ടായിരിക്കാനുള്ള  സാദ്ധ്യതകൾ തള്ളിക്കളയേണ്ടെന്നാണ് കടുംവെല്ലുവിളകൾ ഏറ്റെടുക്കുന്ന ഇത്തരം ജീവികൾ തെളിയിക്കുന്നത്. 40 മില്യൺ വർഷങ്ങൾ കഴിഞ്ഞിട്ടും ജീവൻ മിച്ചം വച്ചിട്ടുള്ള  ബാക്റ്റീരിയ സ്പോറുകൾ, വികിരണം ബാധിയ്ക്കാത്ത പായലുകൾ ഇവയൊക്കെ ജീവന്റെ അതിജീവനാസക്തി അപ്രമേയമാണെന്ന് ഉദ് ഘോഷിക്കുന്നു, പ്രപഞ്ചത്തിലെ വെല്ലുവിളികളെ നിർഭയം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുന്നു. ചൊവ്വയിലെ പരിസ്ഥിതിയുടെ കടുപ്പത്തിൽ ബേജാറാവേണ്ടെന്നു സാരം.
  
          ഭൂമിയിൽത്തന്നെയുണ്ട് ചൊവ്വയിലെ ജീവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള തെളിവുകൾ. പലയിടത്തും കാണപ്പെടുന്ന ഉൽക്കകളിൽ ചിലത്- 34 എണ്ണം നാസയുടെ ലിസ്റ്റിൽ ഉണ്ട്- ചൊവ്വയിൽ നിന്നും നിപതിച്ചവയാണ്.  അവയിൽ പലതിലും ‘ബയോമോർഫ്’ എന്നറിയപ്പെടുന്ന ഫോസ്സിൽ ആയിത്തീർന്ന ബാക്റ്റീരിയ പോലത്ത ജീവികളെ കണ്ടിട്ടുണ്ട്. ഇവ ചൊവ്വയിൽ നിന്നും ഉൽക്കയോടൊപ്പം വന്നതാണോ എന്നത് പൂർണ്ണമായും തെളിയിക്കാൻ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതേ ഉള്ളു. പക്ഷേ  ഈ പാറക്കഷണങ്ങൾക്ക് ചൊവ്വയിലെ പാറകളുടെ പ്രായം തന്നെ എന്നത് വിശ്വാസയോഗ്യമായ തെളിവാണ്.  അന്റാർടിക്കയിലെ മറ്റൊരു ഉൽക്കയിലും ഇതേപോലെ പ്രാചീനമായ ബാക്റ്റീരിയ സമാനമായ ജീവികളെ കണ്ടെത്തിയിട്ടുണ്ട്. ഈജിപ്റ്റിൽ 1911 ഇൽ വീണ ‘നഖ് ല’ എന്ന ഉൽക്കയിലാകട്ടെ പല കാർബൺ രാസസംയോഗങ്ങളും ചില അമിനോ ആസിഡുകളും കണ്ടെത്തി. ഭൂമിയിൽ ബാക്റ്റീരിയകൾ നിർമ്മിച്ചെടുക്കുന്നതരം മുദ്രകളും ഈ ഉൽക്കയിൽ കണ്ടെത്തിയത് ചൊവ്വയിൽ ഇത്തരം ജീവികളുണ്ടായിരുന്നു എന്ന നിഗമനത്തിനു ബലമേറ്റി. ഭൂമിയുടേയും ചൊവ്വയുടേയും പുരാതനചരിത്രങ്ങൾ സമാനമാണു താനും.

          എന്നാൽ ചൊവ്വയിൽ പോയി താമസിക്കാമെന്ന വ്യാമോഹമൊന്നും ആരും വച്ചുപുലർത്തേണ്ട. മനുഷ്യാവാസയോഗ്യമല്ല ചൊവ്വ. അന്തരീക്ഷമർദ്ദം തീരെ കുറവാണ്. ഗുരുത്വാകർഷണമാവട്ടെ ഭൂമിയുടേതിന്റെ മൂന്നിലൊന്നേ ഉള്ളു. നമ്മൾ മുകളിലേക്ക് പാറിപ്പോവുമെന്ന തമാശല്ല കാര്യം, ഉള്ളിലെ വായു മുഴുവൻ പുറത്തു കടന്ന് ശരീരം ചൊട്ടിച്ചെറിതായി മിനുട്ടുകൾക്കകം മരണം സംഭവിക്കും. അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡാണു നിറയെ. മാത്രമല്ല ഭൂമിയെ പൊതിയുന്ന ഓസോൺ പടലം വികിരണങ്ങളെ തടഞ്ഞു നിർത്തുന്നതു പോലെ ചൊവ്വയ്ക്ക് ഓസോൺ പടലം ഇല്ല. വികിരണമേറ്റ് ശരീരം വേകും. ആഹാരമാകട്ടെ ചിലതരം പായലും പിന്നെ കുറെ ഉപ്പും മാത്രം. ചൊവ്വയിലേക്ക് പോകുന്നത് ശാസ്ത്രപരീക്ഷണങ്ങൾക്ക് മാത്രം മതി.

ജിജ്ഞാസ എന്ന റോബോട്

          ഇന്ന് ചൊവ്വയിൽ പര്യവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുന്നത് വളരെ അന്വർത്ഥമായ  “ക്യൂരിയോസിറ്റി” (ജിജ്ഞാസ) എന്ന പേരുള്ള റോബോട് ആണ്. 2012 ഓഗസ്റ്റിൽ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയതാണ് ഈ മിടുക്കൻ റോബോട്. ഒരു കാറിന്റെ വലിപ്പമേ ഉള്ളുവെങ്കിലും വലിയ ഒരു പരീക്ഷണശാല തന്നെയാണ് ക്യൂരിയോസിറ്റി. പത്ത് പ്രധാന ശാസ്ത്രോപകരണങ്ങളാണീ സ്വയം തീർമാനങ്ങളെടുക്കുന്ന യന്ത്രസാമഗ്രിയിൽ. ഭൂമിയിലെ ശാസ്ത്രജ്ഞരുടെ ചൊൽ വിളിയിലാണു താനും ഈ ജിജ്ഞാസി.  ആല്ഫാ പാർടിക്കിൾ സ്പെക്ട്രൊമീറ്റർ (എ പി എക്സ്), രസതന്ത്രവിദ്യയും ക്യാമെറയുമായി ഘടിപ്പിച്ച “കെംകാം’ (Chemcam), ന്യൂട്രോണുകളെപ്പറ്റി പഠിയ്ക്കാൻ ഒരു യന്ത്രം, ധാരാളം ലെൻസുകളും പ്രതിബിംബനിർമ്മിതികളും, വികിരണമാപിനികൾ, രാസവിഘടിത മൂലതത്വപരിശോധിനികൾ അങ്ങനെ പത്തുനൂറുപേരുടെ ജോലിയാണ് ക്യൂരിയോസിറ്റിയുടെ ചുമതലയിൽ. രണ്ടുകൊല്ലത്തോളം അവിടെ ചുറ്റിത്തിരിയും ഈ ജിജ്ഞാസവര്യൻ. എ പി എക്സ് ചുറ്റുമുള്ള മണ്ണെടുത്ത് മൂലകങ്ങൾ വേർതിരിക്കും, മറ്റൊരു യന്ത്രസമുച്ചയം ഹൈഡ്രൊജനെ തേടിപ്പിടിയ്ക്കും, ‘കെംകാം’ആവട്ടെ ദൂരേയ്ക്ക് ലേസർ രശ്മികൾ അയച്ച് ആവിയാക്കിയ വസ്തുക്കളെ സ്പെക്ട്രോ മീറ്റർ വഴി  വിശ്ലേഷണം ചെയ്യും. സാം  (Sample Analysis at Mars- SAM) എന്നത് നെടുങ്കൻ കെമിസ്ട്രി ലാബ് തന്നെയാണ്. ഒരു പെട്ടിയോളമാക്കിയെടുത്തിരിക്കുയാണ് വിവിധ വസ്തുക്കളെ അപഗ്രഥിച്ചു പഠിച്ചെടുക്കുന്ന ഈ പരീക്ഷണശാലയെ. ശേഖരിയ്ക്കുന്ന വസ്തുക്കളെ 1000 ഡിഗ്രി വരെ ചൂടാക്കി ഗ്യാസ് ക്രൊമാറ്റോഗ്രാഫി മുതലായ അതിപരിഷ്കൃതമായ   വിശ്ലേഷണയന്ത്രങ്ങളാൽ അപഗ്രഥിക്കുകയും ചെയ്യും ഈ “സാം“.  ക്യൂരിയോസിറ്റി ആദ്യം തന്ന അറിവ്  ക്ലൊറോമീതെയ്ൻ അവിടെ ഉണ്ടെന്നാണ്,  ശാസ്ത്രജ്ഞർക്ക്  ഇത് ഉത്സാഹമേറ്റിയിട്ടുണ്ട്.  നേരത്തത്തെ പര്യവേക്ഷണങ്ങൾ വെള്ളം തേടിയതാണെങ്കിൽ ഇന്ന് കാർബണും കാർബൺ അടങ്ങിയ തന്മാത്രകളുമാണ് ക്യൂരിയോസിറ്റി തേടുന്നത്.
         
                  ഈയിടെ ക്യൂരിയോസിറ്റി ചൊവ്വയിലെ ജലാംശസാദ്ധ്യതയെ ബലപ്പെടുന്ന വിവരങ്ങൾ തന്നിട്ടുണ്ട്. ഒരു പാറ തുരന്നപ്പോൾ കളിമൺ ധാതുക്കൾ (clay minerals) കണ്ടെത്തിയത്  അമ്ലമോ ക്ഷാരമോ അല്ലാത്ത വെള്ളം ഉണ്ടായിരുന്നതിന്റെ തെളിവായി കണക്കാക്കാമെന്ന നിഗമനത്തിൽ എത്തിച്ചേരാ‍ാൻ സഹായിക്കുന്നു. ജീവാംശത്തെ തുണച്ചിരുന്ന ഒരു അന്തരീക്ഷം നിലവിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നുണ്ട് ക്യൂരിയോസിറ്റിയെ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞർ.  ചൊവ്വയുടെ ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ള ‘ഗെയ്ല്’ എന്നഗർത്ത ത്തിലെ മൺ പാറ തുരന്നപ്പോൾ സ്മെക്റ്റൈറ്റ് (smectite) എന്ന ധാതുപദാർത്ഥം ലഭിച്ചതാണ് ഈ നിരീക്ഷണത്തിനു അടിസ്ഥാനം. മറ്റിടങ്ങളിൽ നിന്നും മഗ്നീഷ്യത്തിന്റേയോ ഇരുമ്പിന്റേയോ സൾഫേറ്റുകൾ ലഭിച്ചപ്പോൾ ‘ഗെയ്ല്’ ഇൽ നിന്നും കിട്ടിയത് കാൽഷ്യം സൾഫേറ്റ് ആണ്-ഈ പാറക്കളിമണ്ണ് അമ്ല-ക്ഷാരമല്ലാത്ത (neutral)  പരിസ്ഥിതിയെ സൂചിപ്പിക്കുകയും വെള്ളം എന്ന സംഭാവ്യതയെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.  ഈ പഠനം സൾഫർ, നൈറ്റ്രജൻ, ഹൌഡ്രജൻ, ഓക്സിജൻ, ഫോസ്ഫറസ്, കാർബൺ എന്നീ മൂലകങ്ങളേയും കണ്ടെടുത്തിട്ടുണ്ട്. ഇവയൊക്കെയും ജീവന്റെ സുപ്രധാന മൂലകങ്ങൾ ആണല്ലൊ. പാറകളിൽ നിന്നും ജീവോർജ്ജം നുകരാൻ കെൽ‌പ്പുള്ള പ്രാചീന സൂക്ഷ്മജീവികൾ ഉണ്ടായിരുന്നിരിക്കണമെന്ന ഊഹത്തിനു ഓക്സിഡൈസ് ചെയ്യപ്പെട്ട മറ്റു ചില രാസവസ്തുക്കളുടെ സാന്നിദ്ധ്യം  വഴിതെളിയ്ക്കുന്നുമുണ്ട്.

എവിടെ നിന്നോ  എവിടെ നിന്നോ വഴിയമ്പലത്തിൽ വന്നുകയറിയവർ നമ്മൾ?

          ജീവൻ ഭൂമിയിൽ തന്നെ ഉദ്ഭവിച്ചതാണെന്നു കടും പിടിത്തം പിടിക്കേണ്ടതില്ല. ചൊവ്വയിൽ നിന്നോ മറ്റോ വന്നു വീണ ഉൽക്കയിൽ നിന്ന് ഇവിടെ വന്നു ചേർന്ന ജീവാംശം പടർന്നു പന്തലിച്ചതാവാനും മതി. കോസ്മിക് ധൂളികളിൽ ജൈവതന്മാത്രകൾ കാണപ്പെട്ടിട്ടുണ്ട്. വിദൂരാകാശങ്ങളിൽ ജലസാന്നിദ്ധ്യമുള്ള ഗോളങ്ങളുടെ അടരുകൾ ഇവിടെ കൊണ്ടു വന്ന് ഇട്ടതായിരിക്കണം ജീവന്റെ അംശങ്ങൾ എന്ന നിഗമനത്തിൽ അത്ര തെറ്റൊന്നുമില്ല. ചൊവ്വയിലെ ജലസമൃദ്ധിയുടെ കാലത്ത് ഉരുത്തിരിഞ്ഞ ജീവൻ ഭൂമിയിലെത്തിയെന്ന്  ഒരു നേരമെങ്കിലും ചിന്തിച്ചുപോയെങ്കിൽ സത്യം ലേശം ഉണ്ടെന്നു ധരിച്ചോളുക. അങ്ങനെയാണെങ്കിൽ നമ്മൾ  അന്യഗ്രഹത്തിൽ നിന്നും വന്നവരെന്ന് തമാശയ്ക്കെങ്കിലും വീമ്പിളക്കിയാൽ കടും കയ് ആണെങ്കിലും അത്ര മോശപ്പെട്ട സംഗതിയല്ല.

          അന്യഗ്രഹജീവികളെ കണ്ടാൽ മിണ്ടാനൊന്നും പോകേണ്ടെന്നാണ് ഇക്കാര്യങ്ങൾ ആഴത്തിൽ പഠിച്ചിട്ടുള്ള സ്റ്റീഫൻ ഹാവ് കിങ് പറയുന്നത്. അവർ സൂത്രക്കാരാണെങ്കിലോ? പ്രകൃത്യാ നിരുപദ്രവി എന്നു തോന്നിയാലും പെങ്ങളെ കെട്ടിച്ചു കൊടുക്കാനൊന്നും ആലോചിക്കേണ്ട. ഭൂമിയിൽ ജീവൻ ഉരുത്തിരിഞ്ഞെങ്കിൽ കോടാനുകോടി ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൌരയൂഥസഞ്ചയങ്ങളിൽ എവിടെയെങ്കിലും ജീവൻ ഉണ്ടായി വരാനും സാദ്ധ്യതയുണ്ട്. ബുദ്ധിശക്തിയും വിവരവും വീറും പതിന്മടങ്ങു വർദ്ധിച്ച ജീവികൾ പരിണമിച്ചുണ്ടാവാനും വഴികൾ ഇല്ലാതില്ല. ഒരു ചിമ്പാൻസിയ്ക്ക് ക്വാണ്ടം ഫിസിക്സ് മനസ്സിലാകില്ലാത്തതു പോലെ നമുക്ക് ആ ജീവികളുടെ മനോ വ്യാപാരങ്ങളും കണക്കുകൂട്ടലുകളുമൊക്കെ  എട്ടും പൊട്ടും തിരിയാതെ പോയാലോ? ഭൂമിയിലെ ബ്രഹുത്തും വൈവിദ്ധ്യമാർന്നതുമായ പ്രകൃതിസമ്പത്തുകളിൽ അവർ ഒരു കണ്ണു വച്ചാൽ പിന്നെ നമുക്ക് പണി കിട്ടിയതു തന്നെ.





.

Wednesday, April 10, 2013

ന്യൂട്രിനോ നിരീക്ഷണശാല ആയുധനിർമ്മാണത്തിനല്ല


  
എതിരൻ കതിരവൻ, നവനീത് പി.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (ഏപ്രിൽ 14, 2013) പ്രസിദ്ധപ്പെടുത്തിയ ലേഖനം. 

‘ന്യൂട്രിനോ പരീക്ഷണം ആയുധനിർമ്മാണത്തിനോ ‘ എന്ന   വി. റ്റി. പദ്മനാഭന്റെ ലേഖന (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, നവംബർ 2012) ത്തിനു മറുപടിയാണിത്.  ആണവശാസ്ത്രജ്ഞനാ‍ാണെന്ന് നടിച്ച് കള്ളങ്ങൾ പ്രചിരിപ്പിക്കുകയാണ് ശ്രീ പദ്മനാഭൻ ചെയ്തത്.


ന്യൂട്രിനോ ആയുധങ്ങൾ എന്നൊന്ന് നിലവിലില്ല. അതുകൊണ്ടു തന്നെ ന്യൂട്രിനോ ആയുധങ്ങളെക്കുറിച്ച് ആശയതലത്തിൽ ചർച്ചകളും പ്രാഥമികപരീക്ഷണങ്ങളും ശാസ്ത്രലോകത്ത് സജീവമല്ല. തേനിയിലേത് ഒരു നിരീക്ഷണശാല മാത്രമാണ്. പദ്മനാഭൻ-സഹദേവൻ ടീമിന്റെ പ്രസ്താവനകൾ തികച്ചും കള്ളമാണ്. ഇടുക്കി-ശാന്തൻ പാറ പ്രദേശങ്ങൾക്കടിയിലുമല്ല ഈ നിരീക്ഷണശാല.



          ന്യൂട്രിനോ നിരീക്ഷണശാല തമിഴ്നാട്ടിലെ തേനി പ്രദേശത്തെ ബോഡി ഹിത്സിൽ രൂപം കൊണ്ടുവരികയാണ്. പ്രപഞ്ചോൽ‌പ്പത്തിയുടെ രഹസ്യങ്ങളാണ് ന്യൂട്രിനോ ഗവേഷണം കൊണ്ട് ചുരുളഴിയാൻ പോകുന്നത്. ഇൻഡ്യയും അതിൽ ഭാഗഭാക്കാവുന്നു എന്നത് അഭിമാനക്കത്തക്കതാണ്. പക്ഷേ ആണവം, എലക്ട്രോൺ, ന്യൂട്രോൺ എന്നൊക്കെ കേട്ടാൽ പേടിച്ചരളുന്ന സ്ഥിതിയിലേക്കാണ് മാദ്ധ്യമങ്ങൾ  കൊണ്ടെ എത്തിച്ചിരിക്കുന്നത്. ന്യൂട്രിനോ നിരീക്ഷണശാല തേനിയിലെ പൊട്ടിപ്പുറത്തു പാറകൾക്കടിയിൽ തുരന്നുണ്ടാക്കി പണിയുന്നതാണ്ശാസ്ത്രജ്ഞവേഷം കെട്ടുന്നവർ നമ്മെ പേടീപ്പിക്കാൻ പറഞ്ഞുണ്ടാക്കുന്നത് വികിരണം ഇടുക്കിയിലെത്തും, ശാന്തൻപാറയിലെ മൃഗസസ്യജാലങ്ങൾ റേഡിയേഷൻ കൊണ്ട് വെന്തുരുകും വെള്ളമെല്ലാം റേഡിയോ ആക്റ്റീവ് ആകും,  എന്നൊക്കെയാണ്. ന്യൂട്രിനോ കൊണ്ട് ബോംബ്  ഉണ്ടാക്കാമെന്നും അമേരിക്ക ഇതിന്റെ പ്രാരംഭഗവേഷണപണിയൊക്കെ നമ്മളെക്കൊണ്ട് ചെയ്യിക്കുകയാണെന്നും ഈ ഈ  ഭയനിർമ്മിതിയുടെ ഭാഗമായുണ്ട്. . ന്യൂക്ലിയാർ ഫിസിക്സ്, കണഭൌതികശാസ്ത്രം (Particle Physics) എന്നിവയെക്കുറിച്ച് പരിജ്ഞാനമോ ശാസ്ത്രലേഖനങ്ങൾ വായിച്ചു മനസ്സിലാക്കാനുള്ള കഴിവോ ഇല്ലാത്തവരാണ് ഇത്തരം തെറ്റിദ്ധാരണകൾ പരസ്യപ്പെടുത്തി പൊതുജനത്തിനെ ഭീതിദരാക്കുന്നത്. “ന്യൂട്രിനോ ആയുധങ്ങളെപ്പറ്റി എന്തു പറയുന്നു?” (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 11-17 ലക്കം 35) എന്ന ലേഖനത്തിൽ ന്യൂട്രിനോ ഫാക്റ്ററിയും ഇതുവരെ ലോകത്ത് നിലവിൽ വരാത്ത  മ്യു ഓൺ കൊളൈഡറും  തേനിയിൽ ഭൂമിയ്ക്കടിയിൽ ഉണ്ടാകാൻ പോകുന്നു എന്ന മാതിരിയുള്ള യുക്തികൾ നിരത്തുകയും ഒരു ശാസ്ത്രകാൽ‌പ്പനികഭാവന മാത്രമായ ന്യൂട്രിനോ ആയുധം എന്ന സങ്കൽ‌പ്പത്തെ യാഥാർത്ഥ്യമാണെന്ന് ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

        പ്രപഞ്ചത്തിൽ ഫോടോൺ എന്ന പ്രകാശകണം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കാണപ്പെടന്നവയാണ് ന്യൂട്രിനോകൾ. എറ്റവും നിഗൂഢാത്മകമായ കണങ്ങൾ. സൂര്യനിൽ നിന്നും ഉളവാകുന്ന കോടാനുകോടി ന്യൂട്രിനോകൾ നമ്മുടെ ശരീരത്തിൽക്കൂടി കടന്നു പോകുന്നുണ്ട്.  പ്രതിപ്രവർത്തനശേഷി മിക്കവാറും ഇല്ലാത്തവയാകയാൽ ശരീരത്തിൽ  ആഘാതങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. ഭൂമിയ്ക്കടിയിൽക്കൂടെയും ഇവ നിർബ്ബാധം സഞ്ചരിക്കും. നിഷകളങ്കനെങ്കിലും ന്യൂട്രിനോയ്ക്ക് ചില വികൃതിക ഉണ്ട്. മൂന്നു ഭാവഭേദങ്ങളുള്ള ഇവൻ ചില ഒളിച്ചു കളികളിൽ ഏർപ്പെടും. എൽക്ട്രോൺ ന്യൂട്രിനോ, മ്യു ഓൺ ന്യൂട്രിനോ, റ്റാവോ ന്യൂട്രിനോ എന്നിവയായി അങ്ങോട്ടുമിങ്ങോട്ടും മാറിമാറിക്കളിയ്ക്കും. ഓസിലേഷൻസ്-ആന്ദോളനം എന്നു പറയാവുന്ന ഈ പെരുമാറ്റം ആണ്  ന്യൂട്രിനോയെ പഠനവസ്തുവായി കൈകാര്യം ചെയ്യാൻ പ്രയുക്തമാക്കുന്നത്.     ഈ ചാഞ്ചാട്ടം പഠിയ്ക്കുന്നത് ന്യൂട്രിനോയുടെ പിണ്ഡം അളക്കാൻ സഹായകമാവും. പിണ്ഡത്തെക്കുറിച്ചുള്ള അറിവ് ഡാർക് മാറ്റർ ഇലിലുള്ള കണങ്ങളെപ്പറ്റിയുള്ള സൂചനകളാണ് നേടിത്തരുന്നത്. ന്യൂട്രിനോ ആന്ദോളനഅറിവുകളിലൂടെ. ദ്രവ്യം-എതിർ ദ്രവ്യം  (matter-antimatter) ഇവയുടെ പാരസ്പര്യവും അസമ്മിതി(asymmetry)യുടെ ഉദ്ഭവവും മറ്റും കണ്ടു പിടിയ്ക്കാൻ കഴിഞ്ഞേക്കും. സൂര്യനിൽ എന്തു നടക്കുന്നു, പണ്ട് എന്തു നടന്നു എന്നതിനു ചില സൂചനകൾ കിട്ടിയേക്കും.എന്തുകൊണ്ടാണ് പ്രപഞ്ചം മാറ്റെർ കൊണ്ട് ഉണ്ടാക്കപ്പെട്ടത്? ആന്റിമാറ്റേറിനു എന്തു സംഭവിച്ചു? ഫിസിക്സിന്റെ സാമാന്യനിയമത്തിനെതിരാ‍ായി എന്തോ സംഭവിച്ചില്ലെ  ആന്റി മാറ്റെർ ഇല്ലാതായപ്പോൾ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ന്യൂട്രിനോ ഗവേഷണങ്ങൾ സഹായകമാകും. പിന്നെ ഈ പഠിത്തം എത്തിച്ചേരുന്നത് ബിഗ് ബാങ് തിയറിയുടെ അടിസ്ഥനങ്ങളിലേക്കാണ്, പ്രപഞ്ചോൽ‌പ്പത്തിയുടെ നിഗൂഢതകളിലാണ്. പല രാജ്യങ്ങളും സഹകരിച്ച് നടത്തുന്ന ഈ സംരംഭത്തിൽ ഇൻഡ്യയും പങ്കു ചേരുന്നു. ഇതിനു വേണ്ടി തേനിയിലെ പൊട്ടിപ്പുറത്തുള്ള ബോഡി ഹിൽ സിനടിയിൽ ഇൻഡ്യൻ ന്യൂട്രിനോ ഒബ്സെർവേറ്ററി (. എൻ. I. N. O.)  തുറക്കുകയാണ്.

        ന്യൂട്രിനോകളുടെ ആന്ദോളനവും പ്രതിപ്രവർത്തനവും പഠിച്ചെടുക്കണമെങ്കിൽ  വളരെ ദൂരേയ്ക്ക് ന്യൂട്രിനോകളെ വിക്ഷേപിക്കണം. അവയുടെ ആന്ദോളനസാദ്ധ്യത ദൂരം കൂടുന്നതനുസരിച്ച്  വർദ്ധിക്കും. ന്യൂട്രിനോ  ഫാകറ്ററി [1] എന്നറിയപ്പെടുന്ന ആക്സിലറേറ്ററിൽ  ഉണ്ടാക്കപ്പെടുന്ന ന്യൂട്രിനോ ബീമുകളെ നേരെ പായിക്കാം, ദൂരെ ഒരു ഡിറ്റക്റ്റർ ഈ ബീമുകളെ പിടിച്ചെടുത്താൽ മതി. ഡിറ്റെക്റ്ററിൽ അവ പ്രതിപ്രവർത്തിച്ചുണ്ടാകുന്ന കണങ്ങളെ പരിശോധിയ്ക്കുകയാണ് പിന്നീട്. ഊർജ്ജം കൂടുതലാണെങ്കിൽ പ്രതിപ്രവർത്തനത്തിനുള്ള സാദ്ധ്യതയും കൂടും.  ന്യൂട്രിനോകൾ ദ്രവ്യവുമായി പ്രതിപ്രവർത്തിക്കുന്നത് വളരെ അപൂർവ്വമാണ്.  ജപ്പാനിലെ കമിയോകാൻഡേ ലാബിലെ ഡിറ്റക്റ്റർ ശുദ്ധജലം നിറച്ച ഒരു വലിയ ടാങ്ക് ആണ്. ഏതെങ്കിലും ഒരു ജലകണികയുമായി ന്യൂട്രിനോ പ്രതിപ്രവർത്തിച്ചെങ്കിലായി- ഒരു ദിവസം  ഏതാണ്ട് 10 പ്രവർത്തനം, അത്രമാത്രം.  അന്തരീക്ഷത്തിലെ ന്യൂട്രിനോകളല്ലാതെ  കൂടുതൽ പ്രതിപ്രവർത്തനശക്തിയുള്ള ന്യൂട്രിനോ ബീം ഉണ്ടാക്കിയെടുക്കുകയാണ് ഇതിന്റെ സാദ്ധ്യത കൂട്ടാൻ ഒരു പോം വഴി.  ഫെർമി ലാബിൽ നിന്നും ജനീവയിലെ ലാബിൽ നിന്നുമൊക്കെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ന്യൂട്രിനോ ബീമുകൾ അയയ്ക്കപ്പെടുന്നുണ്ട്.. ഈ ഊർജ്ജം കൂടിയ ന്യൂട്രിനോ ബീമുകൾ അപകടകാരികൾ അല്ല. ഊർജ്ജം കൂടിയ ന്യൂട്രിനോ രശ്മികൾ തേനിയിലേക്ക് അയയ്ക്കപ്പെടാൻ പദ്ധതിയൊന്നുമില്ല തൽക്കാലം. ഐ. എൻ. ഓയിൽ പഠിക്കപ്പെടുന്നത് അന്തരീക്ഷത്തിലുള്ള ന്യൂട്രിനോ രശ്മികളെക്കുറിച്ചാണ്.  ബോഡി ഹിൽ സിലെ അന്തരീക്ഷത്തിൽ നിന്നും താഴേയ്ക്ക് പോകുന്നവയും ഭൂമിയുടെ മറുഭാഗത്തു നിന്നും വരുന്നവയും. പതിനഞ്ചോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞ് ഫെർമി ലാബിൽ നിന്നോ മറ്റേതെങ്കിലും ന്യൂട്രിനോ ഫാക്റ്ററിയിൽ നിന്നോ പായിക്കുന്ന ബീമുകളേയും  ഡിറ്റക്റ്റ് ചെയ്യാനുള്ള ഒരു ആലോചന മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്.  തൽക്കാലപദ്ധതിയിൽ ഈ പരീക്ഷണങ്ങൾ ഉൾപ്പെടുന്നില്ല.

.       പ്രകാരം ന്യൂട്രിനോ  ചാഞ്ചാട്ടങ്ങളേയും ഊർജ്ജവിനിമയത്തേയും മറ്റും പഠിച്ചെടുക്കാനുള്ള നിരീക്ഷണശാല മാത്രമാണ് തേനിയിൽ. ന്യൂട്രിനോ രശ്മികൾ  തേനിയിലെ ഇരുമ്പുപാളികളിൽ പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന മറ്റു കണങ്ങൾ  ആണ് ഡിറ്റെക്റ്റ് ചെയ്യപ്പെടുന്നത്.  നിരകളായി ഘടിപ്പിച്ചിട്ടുള്ള ഇരുമ്പുപാളികളാണ് ഡിറ്റക്റ്ററുകൾ. ന്യൂട്രിനോ രശ്മികൾ മിക്കവയും എളുപ്പത്തിൽ ഇവയൊക്കെ കടന്നു പോകും, വല്ലപ്പോഴും ഒരു ന്യൂട്രിനോ അവയിന്മേൽ പ്രതിപ്രവർത്തിച്ചെങ്കിലായി എന്ന മട്ടാണെന്ന് നേരത്തെ പ്രസ്താവിച്ചല്ലൊ. നടക്കുന്ന പ്രക്രിയ  വളരെ ചുരുങ്ങിയ ശതമാനത്തിൽ ആണ് എന്നർത്ഥം. അതുകൊണ്ട്  ഈ ഡിറ്റെക്റ്ററുകൾക്ക് കട്ടിയും വലിപ്പവും ആവശ്യമാണ്.  ഇന്ന് ലോകത്തിന്റെ പലഭാഗത്തുമായി നിരീക്ഷണശാലകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ക്യാനഡയിലും അന്റാർടിക്കയിലും ജെനീവയിലും ജപ്പാനിലുമൊക്കെയാണ് ഇത്തരം നിരീക്ഷണശാലകൾ. ഭൂമിക്കടിയിലൂടെ പായിയ്ക്കുന്ന ന്യൂട്രിനോ ബീമുക ഇവിടെയെല്ലാമുള്ള ഡിറ്റെക്റ്ററുകളിൽ എത്തുന്നുണ്ട്. ഒന്നും വികിരണകാരികൾ അല്ല. വികിരണം ഉണ്ടാക്കുന്ന ഒരു രാസ-ഭൌതിക പ്രവർത്തനങ്ങളും ഇവിടെയെങ്ങുമോ തേനിയിലോ നടക്കുന്നില്ല.  ആ ഇരുമ്പുപാളികളാവട്ടെ റേഡിയോ ആക്റ്റീവ് വസ്തുക്കളായി മാറുന്നുമില്ല.     

എന്തുകൊണ്ട് തേനിയിൽ?

        ഭൂമിയിൽ പതിക്കുന്ന മറ്റു കണങ്ങളുടെ ശല്യങ്ങ ഒഴിവാക്കിക്കൊണ്ടു വേണം ഡിറ്റക്റ്റർ പ്രവർത്തിക്കേണ്ടത്. അതുകൊണ്ട് മലയുടെ അടിയിൽ തന്നെ നിരീക്ഷണശാല പണിതെടുക്കുന്നു. കോസ്മിക് രശ്മികളേയും സ്വാഭാവിക വികിരണ (background radiation) ത്തേയും ഒഴിവാക്കാൻ നല്ല കട്ടിയുള്ള പാറ ഉണ്ടെങ്കിൽ അത്യുത്തമംഇത്തരം ഉറപ്പുള്ള പാറകളാകട്ടെ ദക്ഷിണേന്ത്യയിൽ ധാരാളം. സ്ഥലം തെരഞ്ഞെടുത്തത് ഇത്തരം മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. തേനി പ്രദേശത്തെ പൊട്ടിപ്പുറത്തുള്ള ബോഡി ഹിത്സിലെ പാറകൾക്കടിയിലാണ് പരിസ്ഥിതിക്ക് അധികം അപമാനമേൽക്കാതെ  ഈ നിരീക്ഷണശാല ഉണ്ടാക്കാൻ പര്യാപ്തമായ ഇടം. റോഡുകൾക്കും റെയിൽ‌പ്പാതയ്ക്കും വേണ്ടപോലെ സാധാരണ ടണൽ നിർമ്മിച്ചാണ്  നിരീക്ഷണശാല കെട്ടിപ്പടുക്കുന്നത്. ഇത് ഇടുക്കി ജില്ലയിലേക്ക് നീളുന്നതേ ഇല്ല. അതുകൊണ്ട് ഇടുക്കിയോ ശാന്തൻപാറയോ ആയി ഈ നിരീക്ഷണശാല നിർമ്മാണത്തെ ബന്ധപ്പെടുത്തേണ്ടതില്ല.

        ശ്രീ പദ്മനാഭൻ-സഹദേവൻ ടീം അവരുടെ ലേഖനത്തിലൂടെ ഈ നിരീക്ഷണ ശാലയെക്കുറിച്ച് വൻ തെറ്റിദ്ധാരണയാണ് പ്രചരിപ്പിക്കുന്നത്. ന്യൂട്രിനോ, വികിരണം. റേഡിയോ ആക്റ്റീവ് ഡീക്കേ (വികിരണ അപക്ഷയം) മ്യു ഓൺ കൊളൈഡർ, ന്യൂട്രിനോ ഫാകറ്ററി എന്നിവയെപ്പറ്റി പ്രാഥമിക അറിവുകളിൽ വന്ന പിഴവാണിതിനു കാരണം. ന്യൂട്രിനോ സമീപഭാവിയിൽ ആയുധങ്ങളായി മാറുമെന്നുള്ള വ്യാജപ്രസ്താവന ആരേയും ഭീതിയിലാഴ്ത്താൻ പോന്നതാണ്. ലോകം മുഴുവൻ പങ്കെടുക്കുന്ന സുപ്രധാനഗവേഷണത്തിൽ പങ്കാളിയാകുന്ന ഇൻഡ്യയെ ജനരോഷം ആളിക്കത്തിച്ച് പിൻ തിരിപ്പിക്കാൻ വേണ്ടി ആവേശഭരിതമായി എഴുതിയാണ് ആ ലേഖനം.  

ന്യൂട്രിനോകളും വികിരണവും തമ്മിൽ എന്തു ബന്ധം?

        ന്യൂട്രിനോകൾക്ക് റേഡിയോ ആ‍ക്റ്റീവ് സ്വഭാവമുണ്ടെന്നും തേനിയിലും ഇടുക്കി പ്രദേശങ്ങളിലും റേഡിയോ ആക്റ്റിവിറ്റി പരക്കുമെന്നുമാണ് ശ്രീ പദ്മനാഭൻ-സഹദേവൻ ടീമിന്റെ ലേഖനം വായിച്ചാൽ തോന്നുക. ന്യൂട്രിനോകൾക്ക് ഒരിക്കലും വികിരണസ്വഭാവം കൈവരിക്കാൻ (റേഡിയോ ആക്റ്റീവ് ആകാൻ) സാധിയ്ക്കുകയില്ല. ന്യൂട്രിനോകൾക്ക് അയണീകരണ (ionization)വും ഇല്ല. “ന്യൂട്രിനോകളുടെ അയണീകരണവികിരണംഎന്നൊരു വാ‍ക്ക് ലേഖകർ ഉപയോഗിക്കുന്നു. അയണീകരണം മൂലക (ആറ്റം)ത്തിനാണു നടക്കുക. ന്യൂട്രിനോ ഒരു മൂലകത്തിൽ പ്രവർത്തിച്ച് അയണീകരണം ആ മൂലകത്തിനു ഉണ്ടായേക്കാം.സാധാരണ ദ്രവ്യമുമായി പ്രതിപ്രവർത്തിക്കുക ഇവയുടെ സ്വഭാവമല്ലെങ്കിലും ഒരു ചെറിയ ശതമാനം മേൽ‌പ്പറഞ്ഞതു പോലെ പ്രതിപ്രവർത്തിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ  ഊർജ്ജം കൂടുതലുള്ള ന്യൂട്രിനോകൾക്ക് പ്രതിപ്രവർത്തിക്കാനുള്ള സാദ്ധ്യത കൂടും.  ഹാഡ്രോണിക് ഷവർ  (പ്രോടോൺ, ന്യൂട്രോൺ, പയോൺ, മ്യു ഓൺ എല്ലാം കൂടിയുള്ള ഒരു ‘പെയ്ത്ത്’) ഉണ്ടാകും. വളരെ ചെറിയ തോതിലുള്ള വികിരണം ഉണ്ടാകുന്നുണ്ട്. പക്ഷേ അത് ഒരിക്കലും അപകടകാരിയാകുന്ന തോതിന്റെ അടുത്തെങ്ങും എത്തുന്ന രീതിയിലല്ല. ഐ. എൻ ഓ. നിരീക്ഷണശാലയിൽ  ഹാഡ്രോണിക് ഷവർ ഉണ്ടാകുന്നതേ ഇല്ല.

          മ്യു ഓൺ എന്ന കണികാ ബീമുകളെ ത്വരിതപ്പെടുത്തി തമ്മിലടിപ്പിച്ച് (collide) പുതിയ സബ് ആറ്റോമിക് കണങ്ങളും ശക്തികളും ഉണ്ടാകുന്ന, അവയെക്കുറിച്ച് ആഴത്തിൽ പഠിയ്ക്കാനുള്ള  ഭാവിയിലെ പാർടിക്കിൾ ആക്സിലറേറ്ററാണ് മ്യു ഓൺ കൊളൈഡർ [2]. ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകൾ ഇവിടത്തെ പ്രതിക്രിയകളുടെ ഫലമായി  ഉദ്പ്പാദിക്കപ്പെടും. ഈ  ന്യൂട്രിനോകൾക്കും സ്വയമേവ വികിരണശേഷി ഇല്ല. പക്ഷേ  അതിയായ ഊർജ്ജം ഉള്ളതുകൊണ്ട്  എളുപ്പത്തിൽ ദ്രവ്യവുമായി പ്രതിപ്രവർത്തിക്കും. ഇതോടെ ഉണ്ടാകുന്ന കണങ്ങൾ  റേഡിയേഷൻ ഉണ്ടാക്കും [3]. ന്യൂട്രിനോകൾ നേരിട്ട് വികിരണമുണ്ടാക്കുന്നില്ലാത്തതിനാൽ പരിണതി വികിരണം (secondary radiation) എന്നാണിതിനു പേര്. ദ്രവ്യവുമായി പ്രതിപ്രവർത്തിച്ച് ഉണ്ടാകുന്ന  പല കണങ്ങളുമാണ് വികിരണകാരികൾന്യൂട്രിനോ സ്വമേധയാ അല്ല.  ലോകത്ത് മ്യു ഓൺ കൊളൈഡറുകൾ ഇതുവരെ നിർമ്മിച്ചിട്ടില്ല. എന്നാൽ ഇത്തരം കൊളൈഡറുകൾ നിർമ്മിക്കുമ്പോൾ എടുക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നു വരുന്നുണ്ട്. ഷിക്കാഗോയിലെ ഫെർമി ലാബിലും സേണി (CERN) ലും ജപ്പാനിലെ കാമിയോകാൻഡെ ലാബിലും ഇത്തരം കൊളൈഡറുകൾ സ്ഥാപിക്കാൻ പദ്ധതിക രൂപപ്പെട്ടു വരുന്നു.
         തേനിയിലെ നിരീക്ഷണശാലയിൽ പഠിക്കപ്പെടുന്നത് അന്തരീക്ഷത്തിലെ ന്യൂട്രിനോകൾ മാത്രമാണ്.  അവ ഡിറ്റെക്റ്റ് ചെയ്യുകമാത്രമാണ് ഈ ശാലയുടെ പ്രധാനപ്രവർത്തിഅവിടെ വികിരണം ഉണ്ടാവുകയോ വെള്ളത്തിൽ റേഡിയേഷൻ കലരുകയോ സസ്യ-ജന്തുജാലങ്ങൾക്ക് വികിരണം ഏൽക്കുകയോ ചെയ്യുന്നില്ല. ജപ്പാനിലും ഇറ്റലിയിലും ഫ്രാൻസിലും ജെനീവയിലും മറ്റും  നിലവിലുള്ള മറ്റു ഡിറ്റെക്റ്ററുകൾ പോലെ മറ്റൊന്ന്. ഇത് മനസ്സിലായില്ലെന്നു നടിയ്ക്കുകയാണ് ഏറേ വായിച്ചിട്ടുള്ള (അങ്ങനെയാണ് അവരുടെ റെഫറൻസ് ലിസ്റ്റ് കണ്ടാൽ തോന്നുന്നത്)  ശ്രീ പദ്മനാഭനും ശ്രീ സഹദേവനും. അവർക്ക് പറ്റിയ തെറ്റ് അറിവില്ലായ്മയിൽ നിന്നാണെന്നു തോന്നുന്നു. “ന്യൂട്രിനോകളുടെ അയണീകരണവികിരണം സംബന്ധിച്ച പഠനങ്ങൾഎന്ന തലക്കെട്ടിനടിയിൽ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ചർച്ച് ചെയ്യപ്പെടുന്നത്. നാലു തെറ്റിദ്ധാരണകളാണ് ശ്രീ പദ്മനാഭനും  ശ്രീ സഹദേവനും പറ്റിയിട്ടുള്ളത്. 1. തേനിയിൽ ഒരു മ്യു ഓൺ കൊളൈഡ ആണ് ഉണ്ടെന്നുള്ളത്. 2. തേനിയിൽ എത്തുന്ന ന്യൂട്രിനോകൾ അത്യൂർജ്ജകാരികളും പ്രതിപ്രവർത്തനം മൂലം വികിരണസാദ്ധ്യതയുള്ളവയും ആകാം എന്നത്. 3.‘ന്യൂട്രിനോ റേഡിയേഷൻ’ എന്ന് ശാസ്ത്രലേഖനങ്ങളിൽ കാണുന്നത്  ന്യൂട്രിനോ പ്രേരിത റേഡിയേഷൻ ആണെന്ന് അറിയാതെ പോവുക  4.ന്യൂട്രിനോ കിരണങ്ങളെ  ആയുധപരീക്ഷണങ്ങൾക്കോ ബോംബുകൾ കണ്ടുപിടിച്ച് നിർവ്വീര്യമാക്കാനോ ഉപയോഗിക്കാം എന്ന സംഭാവ്യതയെ ഇപ്പോൾ നടക്കാൻ പോവുന്ന കാര്യമായി ഗണിക്കുക. റെഫറൻസ് ലിസ്റ്റിൽ കൊടുത്തിട്ടുള്ള പ്രബന്ധങ്ങൾ അവർ വായിച്ചിട്ടുണ്ടെങ്കിൽ, അവ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഇത്ര മാത്രം വങ്കത്തം എങ്ങിനെ വിളിച്ചു പറയുന്നു എന്നാണ് നമ്മൾ ആ‍ശ്ചര്യപ്പെടേണ്ടത്.
   
                തേനിയിലും ഇടുക്കിയിലും റേഡിയേഷൻ വ്യാപരിക്കും എന്ന ഭീകരത സ്ഥാപിച്ചെടുക്കാൻ രണ്ടു വഴികളാണ് ശ്രീ പദ്മനാഭനും ശ്രീ സഹദേവനും  സ്വീകരിക്കുന്നത്. ഒന്ന്  ശാസ്ത്രപ്രസിദ്ധീകണങ്ങളെ തെറ്റായി വ്യഖ്യാനിക്കുകയും അവയിൽ പറയാത്തത് പറയുകയും ചെയ്യുക എന്നതാണ്. രണ്ടാമതായി ഇങ്ങനെ സ്ഥാപിച്ചെടുത്ത വിപരീതവ്യാഖ്യാനം തേനിയിലെ നിരീക്ഷണശാലയുടെ പ്രവർത്തനവുമായി വ്യാജമായി ബന്ധിപ്പിക്കുക എന്നതുമാണ്. ന്യൂട്രിനോകളും വികിരണങ്ങളും എന്നൊരു തലക്കെട്ടിനടിയിൽ ശ്രീ പദ്നഭൻ നിവർത്തുന്നത്  വസ്തുതകളേക്കാൾ തെറ്റിദ്ധാരണകളോ അറിവില്ലായ്മയോ ആണ്. വികിരണത്തെപ്പറ്റി അടിസ്ഥാനവിവരം ഇല്ലാതെയാണ് പലതും എഴുതിക്കൂട്ടിയിരിക്കുന്നത്. ‘ന്യൂട്രിനോ പ്രതിപ്രവർത്തനത്തിൽ അവ മറ്റ് കണങ്ങളുമായി കൂട്ടിമുട്ടി എലെക്റ്റ്രോണിനെ പുറന്തള്ളി പോസിട്രോണുകളെ ഉത്പാദിപ്പിക്കുന്നു, പോസിട്രോൺ എലെക്ട്രോണിനെ കണ്ടെത്തി ഒന്ന് മറ്റൊന്നിനെ സ്വീകരിച്ച് ഗാമാ വികിരണങ്ങൾ പുറപ്പെടുവിക്കയും ചെയ്യുന്നു എന്നത് ശാസ്ത്രത്തിനു നിരക്കാത്തതാണ്.  “ന്യൂട്രിനോകൾ വികിരണമാത്രകൾ പുറപ്പെടുവിക്കുന്നു എന്നത് ഇതിലൂടെ മനസ്സിലാക്കാം’ എന്നത്  തികച്ചും തെറ്റായ പ്രസ്താവനയാണ്.

 വ്യാ‍ജമായ ആരോപണങ്ങൾ ഇങ്ങനെയാണ് കെട്ടിപ്പടുത്തിരിക്കുന്നത്:
1. കൊളൈറഡുകളിൽ മാത്രം ഉളവാകുന്ന വികിരണത്തെ ഇപ്പോൾ ഫെർമി ലാബിൽ നിന്നും വിക്ഷേപിയ്ക്കുന്ന ന്യൂട്രിനോ ബീമുകളുമായി താരതമ്യം ചെയ്യൽ. അവയും റേഡിയോ  ആക്റ്റീവ് ആണെന്ന് പ്രസ്താവിക്കൽ.

2. ഇനിയും നിർമ്മിച്ചെടുക്കാത്ത കൊളൈഡറുകളിലെ വികിരണസദ്ധ്യതകളെക്കുറിച്ചും മുൻ കരുതലുകളെക്കുറിച്ചും എഴുതപ്പെട്ട പ്രബന്ധങ്ങളിൽ (മൊഖോവ്-കൊയ്സാർട്, ബ്രൂസ് കിങ്, സിലരി-വിൻകെ (Silari-Vinke), സ്റ്റീവ് ഗീർ എന്നിവരുടെ) പറയാത്ത കാര്യങ്ങൾ സ്ഥാപിച്ചെടുക്കുകയും അവയിലെ ഉള്ളടക്കത്തെ വ്യാജമായി നിർവ്വചിക്കുകയും ചെയ്യുക.

3. ഫെർമി ലാബിലെ സ്റ്റീവ് ഗീറിന്റെ ന്യൂട്രിനോ ഫാക്റ്ററി-മ്യു ഓൺ കൊളൈഡർ ഭാവിപരികൽ‌പ്പനയെ യഥർത്ഥമായി കണ്ടിട്ട് തേനി-ഇടുക്കിമേഖലയിൽ ഭൂമിയ്ക്കടിയിൽ  കൊളൈഡർ ഉണ്ടെന്നും ഭീകര വികിരണസാദ്ധ്യതകൾ ഉണ്ടെന്നും സങ്കൽ‌പ്പിക്കുക.

         തേനിയിൽ നിർമ്മിക്കുന്നത് ഒരു നിരീക്ഷണശാല മാത്രമാണെന്ന സത്യത്തെ അവഗണിച്ചു കൊണ്ട് ഒരു കൊളൈറഡിൽ/ആക്സിലേറ്ററിൽ ഉദ്ഭവിച്ചേക്കാവുന്ന     വികിരണത്തെക്കുറിച്ച്   വിവരണങ്ങൾ വാരിച്ചൊരിയുന്നുണ്ട് ലേഖനത്തിൽ.  തേനിയിലെ നിരീക്ഷണശാലയിൽ റേഡിയേഷൻ ഉളവാക്കുന്ന ഒരു പരീക്ഷണങ്ങളും നടക്കുകയില്ല,  മ്യു ഓൺ ആക്സിലേറ്ററുകളോ കൊളൈഡറുകളൊ ആണ് അത്യൂർജ്ജമുള്ള ന്യൂട്രിനോ ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യതയുള്ളത്. ഇന്ന് ലോകത്ത് മ്യു ഓൺ കൊളൈഡ നിലവിലില്ല എന്നൊന്നും ലേഖകർക്കു പിടികിട്ടിയിട്ടില്ല.   മ്യു ഓൺ കൊളൈഡറുകളിൽ നിന്നും ബഹിർഗ്ഗമിച്ചേക്കാവുന്ന ന്യൂട്രിനോ പരിസരവസ്തുക്കളുമായി പ്രതിപ്രവർത്തിച്ച് ന്യൂട്രിനോ പ്രേരിത വികിരണ (neutrino induced secondary radiation) ങ്ങൾ ഉണ്ടായാൽ കരുതേണ്ട പ്രതിരോധപരിഗണനകളെക്കുറിച്ചാണ് ഈ പ്രബന്ധങ്ങളൊക്കെയും.    ഇനി വരാൻ പോകുന്ന കാലത്ത് നിർമ്മിച്ചെടുക്കാവുന്ന കൊളൈഡറുകളിൽ ഉത്പാദിക്കപ്പെട്ടേക്കാവുന്ന വികിരണത്തേയും അതിനു പ്രതിരോധങ്ങൾ സൃഷ്ടിക്കേണ്ടത് എങ്ങനെയൊക്കെയാണെന്നും വിശദമാക്കുന്നതാണ് മേല്പറഞ്ഞ  ശാസ്ത്രജ്ഞരുടെ പഠനങ്ങൾ. മ്യു ഓൺ കൊളൈഡറുക  നിർമ്മിയ്ക്കുമ്പോൾ എടുക്കേണ്ട മുൻ കരുതലുകളെക്കുറിച്ചുള്ള വിശദീകരണങ്ങളും സംഭാവ്യതകളെക്കുറിമുള്ള തിയററ്റിക്കൽ പഠനങ്ങളുമാണ് ഇവയെല്ലാം. ആ പ്രബന്ധങ്ങളിൽ പരാമർശിച്ചിരിക്കുന്ന സംഭാവ്യതകളെ കഴിഞ്ഞു പോയ സംഭവങ്ങളായാണ് ലേഖകർ കണക്കിലെടുത്തിരിക്കുന്നത്. ഇത് അറിവില്ലായ്മയോ വാദത്തിനു വേണ്ടി കള്ളം പറയുന്നതോ ആവണം. ഭാവിയിൽ ഷിക്കാഗോയിലെ ഫെർമി ലാബിലോ  ജെനീവയിലെ സേൺ (CERN) ഇലോ നിർമ്മിച്ചെടുത്തേക്കാവുന്ന പ്രത്യേക ആക്സിലറേറ്ററുകളും (മ്യു ഓൺ കൊളൈഡറുകൾ)  അവയുടെ മുകളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പരിണതി വികിരണങ്ങളും (secondary radiation) ലാഘവ ബുദ്ധിയോടെയാണ് ഇങ്ങ് തേനിയിൽ കൊണ്ടെ ലേഖകർ കുഴിച്ചിടുന്നത് യുക്തി ലവലേശം ഇല്ലാത്ത ചിന്താഗതി.

                തേനിയിൽ അന്തരീക്ഷ ന്യൂട്രിനോകളെയാണ് പഠനവിധേയമാക്കുന്നത് എന്നതറിയാതെ  അത്യൂർജ്ജമുള്ള ന്യൂട്രിനോ ബീമുകളാണ് അവിടെയെത്തുന്നതെന്നും അവയ്ക്ക്  വികിരണശേഷിയുമുണ്ടെന്ന വിവരക്കേട് പദ്മനാഭൻ-സഹദേവൻ ടീമിനെ വിടാതെ പിടികൂടിയിട്ടുണ്ട്.  (“സൌരന്യൂട്രിനോകളെ അപേക്ഷിച്ച് ഫാക്റ്ററികളിൽ ഉത്പാദിപ്പിക്കുന്ന ന്യൂട്രിനോകൾ അങ്ങേയറ്റം വികിരണസ്വഭാവമുള്ളതാണ്എന്ന് പലയിടത്തും പ്രഖ്യാപിക്കുന്നുണ്ട്. ന്യൂട്രിനോകൾക്ക് സ്വയമേ വികിരണസ്വഭാവമില്ലെന്ന കാര്യം ലേഖകർ മറക്കുന്നു) ഇതു തെര്യപ്പെടുത്താൻ വളഞ്ഞവഴികളും അസത്യങ്ങളേയുമാണ് പദ്മനാഭൻ-സഹദേവൻ കൂട്ടു പിടിയ്ക്കുന്നത്. നാലു പ്രബന്ധങ്ങൾ ഇതിനുവേണ്ടി കണ്ടെത്തി പരാമർശിക്കുന്നുണ്ട് ആദ്ദേഹം. ബ്രൂസ് ജെ കിങ് (Bruce J. King), സിലരി-വിൻ കെ (Silari- Vinke), മൊഖോവ്-കൊയ്സാർട് (Mokhov-Coissart), ജെ. ജെ. ബെവലക്വ (J. J. Bevelaqua) എന്നിവരുടേതാണവ. എല്ലാം ഭാവിയിലുണ്ടാകാവുന്ന കൊളൈഡറുകളിലെ  റേഡിയേഷൻ സാദ്ധ്യതകളെപ്പറ്റിയുള്ളവ. പക്ഷേ ഈ ലേഖനങ്ങളിലെ വിവരണങ്ങ മനസ്സിലായിട്ടില്ല  ശ്രീ പദ്മനാഭനും ശ്രീ സഹദേവനും. അല്ലെങ്കിൽ അറിഞ്ഞെന്നു നടിയ്ക്കുകയാ‍ണ്. ബ്രൂക് ഹാവൻ നാഷണൽ ലാബിലെ ബ്രൂസ് ജെ കിങ് ന്റെ പ്രവചനപഠനങ്ങളെ കഴിഞ്ഞുപോയ ആപത്താക്കി മാറ്റിയിരിക്കുന്നു ലേഖകർ. “..പരീക്ഷണശാലയുടെ സമീപപ്രദേശങ്ങളിൽ വികിരണത്തോത് അപകടകരമായ തോതിൽ  ഉയർന്നിരിക്കുന്നതായി ബ്രൂസ് ജെ. കിങ് 1999-ഇൽ വെളിപ്പെടുത്തുകയുണ്ടായിഎന്ന കള്ളമാണ് ലേഖകർ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ആ ലേഖനത്തിൽ ഒരിടത്തും ഇങ്ങനെ ഒരു കാര്യം പരാമർശിച്ചിട്ടില്ലസിലരി- വിൻകെയുടെ ലേഖനത്തേയും ഭാവിയിൽ നിന്നും ഭൂതകാലത്തേയ്ക്ക് കൊണ്ടുപോയി തളച്ചിട്ടുണ്ട് ലേഖകർ. “വികിരണം ആക്സിലേറ്ററിൽ നിന്നും വളരെ അകലെയാണെങ്കിൽ പോലും വളരെയധികം അപകടകരമായ തോതിലായിരുന്നുഎന്നതും സത്യത്തിന്റെ  ലാഞ്ഛന ലവലേശം ഇല്ലാത്ത പ്രസ്താവനയാണ്.മ്യു ഓൺ കൊളൈഡറുകൾ ലോകത്ത് ഇതുവരെ സ്ഥാപിച്ചിട്ടേ ഇല്ല. പിന്നെ എങ്ങനെ ഇതു സംഭവിക്കും? മൊഖോവ്-കൊയ്സാർട് പ്രബന്ധവും പദ്മനാഭൻ-സഹദേവൻ ടീം പരിശോധിക്കുന്നത് ആക്രമണസ്വഭാവമുള്ള മാനസികാവസ്ഥയോടെയാണ്. നിർമ്മിക്കാൻ പോകുന്ന കൊളൈഡറുകൾക്കകത്ത് വികിരണപ്രതിരോധങ്ങളുടെ ആവശ്യകതയെപ്പറ്റിയാണ് മൊഖോവ്-കൊയ്സാർടിന്റെ പ്രബന്ധം. “ചുറ്റുവട്ടത്തുള്ള ഭൂപ്രദേശങ്ങളിലും (വെള്ളം, വായു, മണ്ണ് എന്നിവയിൽ) സംഭവിക്കാൻ പോകുന്ന വികിണസാദ്ധ്യതകളെക്കുറിച്ച് വിലയിരുത്തേണ്ടതുണ്ട്എന്ന് ശ്രീ പദ്മ്നാഭൻ എടുത്തെഴുതുന്നത് നാലുഖണ്ഡികകൾക്കു ശേഷം പ്രസ്താവിക്കുന്ന, ഇത് തേനിയിലും ഇടുക്കിയിലും സംഭവിക്കാൻ പോവുകയാണെന്ന സത്യവിരുദ്ധപ്രസ്താവനകൾക്ക്  അടിക്കല്ല് പാകാനാണ്. തേനിയിലെ നിരീക്ഷണശാലയിൽ  ന്യൂട്രിനോ ബീമുകൾ വികിരണം ഉണ്ടാകുന്ന തരത്തിലുള്ള പ്രതിപ്രവർത്തനം നടത്തുന്നില്ല    എന്നുള്ള അറിവ് ഒന്നെങ്കിൽ മറച്ചു പിടിയ്ക്കുകയോ അറിഞ്ഞില്ലെന്നു നടിയ്ക്കുകയോ ആണ് ഇത്രയും വിശദമായി ഗവേഷണപ്രബന്ധങ്ങൾ പഠിച്ച ലേഖകർ. ഇടുക്കിയിലോ ശാന്തൻപാറയിലോ  വികരണമലിനീകരണം നടത്തുമെന്നു ലേഖകർ സ്ഥാപിച്ചെടുക്കുന്നതെങ്ങനെയെന്നു നോക്കാം. ഫെർമി ലാബിലെ സ്റ്റീവ് ഗീറിന്റെ ഒരു പ്രബന്ധമാണ് ഇതിനാധാരമായെടുത്തിരിക്കുന്നത്. ആ പ്രബന്ധത്തിലാകട്ടെ ഒരു മ്യു ഓൺ കൊളൈഡനിർമ്മിച്ചാൽ അതിന്റെ മുകളിലെ വികിരണസാദ്ധ്യതകൾ എന്തൊക്കെയാണെന്നു പരിശോധിക്കുന്ന ഭാഗം ഉൾക്കൊള്ളുന്നതാണ് [4]. ഇത് ഫെർമി ലാബിൽ  സ്ഥാപിച്ചേക്കാവുന്ന കൊളൈഡറിന്റെ കാര്യമാണ്. അവിടത്തെ വികിരണം എങ്ങനെ കൈകാര്യം ചെയ്യേണ്ടി വരും എന്ന ആലോചന.  “മ്യു ഓൺ കൊളൈഡറിന്റെ പരിധിയിൽനിന്ന് വളരെ അകലെപ്പോലും വളരെ നീണ്ടതും നേർത്തതുമാ‍യ വികിരണമേഘങ്ങൾ ജീവജാലങ്ങൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് നിലനിൽക്കുന്നുണ്ട്എന്ന പ്രസ്താവനയും ലേഖകർ സ്വയമേ കെട്ടിച്ചമച്ചതാണ്.. “നിലനിൽക്കുന്നുണ്ട്എന്നത് സത്യമല്ല. കാരണം മ്യു ഓൺ കൊളൈഡറുകൾ  ലോകത്ത് നിലവിലില്ല എന്നതു തന്നെ. താമസിയാതെ ശ്രീ പദ്മനാഭനും സഹദേവനും ഇക്കാര്യം ശാന്തൻപാറ വരെ എത്തിയ്ക്കുകയാണ്. ഇവിടെ സ്റ്റീവ് റിപ്പോർട് ചെയ്തതു പോലെ യുള്ള വികിരണാപകടങ്ങൾ ഉണ്ടായേക്കാംഎന്ന പ്രസ്താവന വായിച്ചാൽ തോന്നുക സ്റ്റീവ് ഗീർ എതോ അപകടം റിപ്പോർട് ചെയ്തെന്ന്നിരുപദ്രവികളായ ന്യൂട്രിനോ രശ്മികൾ, അതും അന്തരീക്ഷത്തിലിള്ളവയാണ് തേനിയിൽ ഡിറ്റക്റ്റ് ചെയ്യപ്പെടുക എന്ന സത്യത്തെ മറച്ചു വച്ചു കൊണ്ട്  വീണ്ടും തെറ്റിദ്ധാരണയിൽ നിന്നുടലെടുത്ത വിഡ്ഢിത്തങ്ങൾ വച്ചു വിളമ്പപ്പെടുന്നുണ്ട് . ജെ ജെ ബെവെലാക്വയുടെ പ്രബന്ധത്തിൽ പരാമർശിച്ചിരിക്കുന്നതും മ്യു ഓൺ കൊളഡറിൽ നിന്നും ഉളവാകാൻ സാദ്ധ്യതയുള്ള വികിരണത്തെക്കുറിച്ചാണ്. പണിയാൻ പോകുന്ന ആക്സ്ലിലേറ്ററുകൾക്കടുത്ത് സംഭവിക്കാവുന്ന വികിരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്. പക്ഷേ ശ്രീ പദ്മ്നാഭൻ-സഹദേവൻ ടീം ഇത് ഇടുക്കി-തേനി ഭാഗത്ത് തീർച്ചയായും നടക്കാൻ പോകുന്ന സംഭവങ്ങളാണെന്നാണ് വരുത്തിത്തീർക്കുന്നത്.. ഭൂമിയ്ക്കടിയിലൂടെ നിർദ്ദോഷകരമായ ന്യൂട്രിനോ ബീമുക അയയ്ക്കുന്ന, അല്ലെങ്കിൽ അയച്ച പരീക്ഷണങ്ങളെ ലേഖകർ പിന്നീട് ഇവരുടെ ഒക്കെ പ്രബന്ധസാരവുമായി കൂട്ടിക്കെട്ടുന്നു. വായനക്കാർക്ക് തോന്നുന്നത് ഇത്തരം അത്യൂർജ്ജം കലർന്നവളരെ ഉയർന്ന പ്രതിവർത്തനശേഷിയുള്ള ന്യൂട്രിനോ ബീമുകൾ അയച്ച് പരീക്ഷണങ്ങൾ തുടങ്ങി എന്നാണ്

                ചുരുക്കത്തിൽ ലേഖകർ തെറ്റിദ്ധരിച്ചെടുത്ത വ്യാജവസ്തുതകൾക്ക് പൊതുബോധത്തെ വാർത്തെടുക്കുന്നതിൽ പങ്കുള്ളതുകൊണ്ട് ആപൽക്കരമാവുകയാണ്. തെറ്റിദ്ധാരണ വിളമ്പി ഭീകരത സൃഷ്ടിച്ചെടുക്കുകയാണ്. അപകടം വരുന്ന വഴി ഇതൊക്കെയാണ്:

1. നിർമ്മിച്ചെടുക്കാൻ പരിഗണനയിലുള്ള മ്യു ഓൺ കൊളൈഡറിന്റെ പ്രവർത്തങ്ങളിൽ നിന്നും ഉളവാകുന്ന ന്യൂട്രിനോ ചില വസ്തുക്കളുമായി പ്രവർത്തിച്ച് വികിരണം ഉണ്ടായേക്കാം, അത് തടുക്കാനുള്ള പ്രതിവിധികൾ എന്തൊക്കെയാണ് എന്ന വിശദമാക്കുന്ന ലേഖനങ്ങൾ വായിച്ച് (?) അവ നടന്നു കഴിഞ്ഞെന്നും അതു തന്നെയാണ് തേനിയിൽ സംഭവിക്കാൻ പോകുന്നതെന്നും പൊതുജനത്തെ തെറ്റായി ധരിപ്പിക്കൽ.

2. അത്യൂർജ്ജമുള്ള, പ്രതിപ്രവർത്തശേഷിയുള്ള ന്യൂട്രിനോകൾ തേനിയിൽ എത്തുമെന്ന തെറ്റിദ്ധരിക്കൽ. ഇന്ന് നിലവിലില്ലാത്ത മ്യു ഓൺ കൊളൈഡറിൽ നിന്നും ദൂരേയ്ക്ക് , ഷിക്കാഗോയിൽ നിന്നും തേനി വരെ, ന്യൂട്രിനോ ബീം പായിക്കും എന്ന ആനമണ്ടത്തരം പരസ്യമാക്കൽ.  തേനിയിൽ എത്തപ്പെടുന്ന ന്യൂട്രിനോ ബീമുകൾ ആപത്കാരികൾ ആണെന്ന മൂഢവിശ്വാസം. ‘മനുഷ്യനിർമ്മിതമായ ന്യൂട്രിനോകൾ അപകടകാരിയാണെന്ന് പ്രസ്താവിക്കൽ.

3. ഈ വിശ്വാസത്തിൽ ഊന്നിക്കൊണ്ട് തേനിയിൽ നിന്നും ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകൾ വ്യാപരിച്ച് ദ്രവ്യവുമായി പ്രതിപ്രവർത്തിച്ച് ഹാഡ്രോണിക് ഷവർ ഉണ്ടാകുമെന്നും ഇതു മൂലം ട്രിഷ്യം, കാർബൺ-14 തുടങ്ങിയ റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അവയൊക്കെ തേനിയിലും ഇടുക്കിയിലും വ്യാപിക്കുമെന്ന ഭ്രാന്തൻ ആശയത്തിനു പ്രചാരം നൽകൽ.

4. ബന്ധമില്ലാത്ത രണ്ടുകാര്യങ്ങൾ യോജിപ്പിച്ച് ഭീതി സൃഷ്ടിക്കൽ  “”ഈ പരീക്ഷണത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് ആണവായുധങ്ങൾ നശിപ്പിക്കുന്നതിനു ന്യൂട്രിനോ ബീമുകൾ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്.“ എന്നതിനു ശേഷം  “CERN, FNAL എന്നീപരീക്ഷണശാലകളിൽ നിന്ന് 700 കി. മീ. ദൂരെയുള്ള ഡിറ്റകറ്ററുകളിലേക്ക് ന്യൂട്രിനോ കിരണങ്ങൾ അയയ്ക്കുകയും പരിശോധനയ്ക്ക് വിശദമാക്കുകയും ചെയ്തിട്ടുണ്ട്.”  എന്നു പ്രസ്താവിക്കുമ്പോൾ അണുബോംബുകളെ നശിപ്പിക്കാൻ പ്രാപ്തമായ ന്യൂട്രിനോകളാണ് ഇതിൽ ഉൾപ്പെട്ടതെന്ന് വായനക്കാർക്കു തോന്നുകയാണ്.

                        ലേഖനം നീളുന്നതിനോടൊപ്പം ഇത്തരം കപടമായ അപായസൂചനകൾ അതിതീവ്രത കൈവരിക്കുകയാണ്. തേനിയിലെത്തുന്ന ന്യൂട്രിനോ രശ്മി കൊലപാതകികളാണെന്ന് ലേഖകർ സ്ഥാപിച്ചു കഴിഞ്ഞു. പിന്നീട്     വിവരക്കേട് ഇങ്ങനെ ബഹിർഗ്ഗമിക്കുന്നു: “ഡിറ്റക്റ്ററുമായി പ്രതിപ്രവർത്തിക്കാത്ത ന്യൂട്രിനോകൾ  മുകളിലേക്ക് പോവുകയും മലയുടെ മുകൾ വശത്തുകൂടി പുറത്തേയ്ക്ക് പ്രവഹിക്കുകയും  ചെയ്യും. ഉപരിത്തിൽ വികിരണമലിനീകരണം നടത്തും…….ഇത് തേനി-ഇടുക്കി മേഖയിലെ വന്യജീവികൾക്കും ഏലത്തോട്ടത്തിനും ഭക്ഷ്യവിളകൾക്കും മനുഷ്യജീവനുമൊക്കെ ഹാനികരമായി ബാധിയ്ക്കാൻ ഇടയുണ്ട്.”  ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കു വേണ്ടിയല്ലെങ്കിൽത്തന്നെ  പൊതുതാൽ‌പ്പര്യപ്രകാരം ഇവർ ഈ പ്രസ്താവന നിരുപാധികം പിൻവലിക്കേണ്ടതാണ്.

മറ്റ് അസത്യപ്രസ്താവനകൾ ഇതാ:

1. “ഫെർമി ലാബ് പോലുള്ള ന്യൂട്രിനൊ പരീക്ഷണശാലകളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങളിൽ സൌരന്യൂട്രിനോകളിൽ നിന്നുള്ളതിനേക്കാൾ ദശലക്ഷം മടങ്ങ് കൂടിയ അളവിൽ വികിരണം ലഭിയ്ക്കുന്നുണ്ട്

2. “ഇവിടെ നടക്കുന്ന പ്രതിപ്രവർത്തനങ്ങൾ ഇരുമ്പിനെപ്പോലുള്ള സ്ഥിരമൂലകങ്ങളെ റേഡിയോ ആക്റ്റീവ് ഐസോടൊപ്പുകളായി മാറ്റും. ഏതാനും വർഷങ്ങളക്കകം തന്നെ ലബോററ്ററി പൂർണ്ണമായും വികിരണബാധയുള്ളതായിരിക്കും”.

3.“റേഡിയോ ഐസോടൊപ്പായി പരിവർത്തനം ചെയ്യപ്പെട്ട ഈ വസ്തുക്കൾ പുനഃചംക്രമണത്തിനായി  ഉപയോഗപ്പെടുന്നത് വലിയ ഒരു ദുരന്തത്തിനു കാരണമായേക്കും

        അബദ്ധങ്ങൾ വേറെയുമുണ്ട്.  Mean free path vs energy എന്ന തലക്കെട്ടുള്ള ഗ്രാഫ് സൌരന്യൂട്രിനോകളുടേയും മ്യു ഓൺ ന്യൂട്രിനോകളുടെയും താരതമ്യമാണെന്ന് ധരിച്ചു വശായിരിക്കുന്നു ലേഖകർ! ആ ഗ്രാഫ് ന്യൂട്രിനോ, ആന്റി ന്യൂട്രിനോ എന്നിവയുടെ  ഊർജ്ജത്തിന്റേയും പ്രതിപ്രവർത്തനുമുൻപ് സഞ്ചരിക്കാവുന്ന ദൂരത്തിന്റേയും താരതമ്യമാണ്. ഈ ലേഖനത്തിൽ അതിനു ഒരു സാംഗത്യവുമില്ല താനും. പാർടിക്കിൾ ഫിസിക്സിനെപ്പറ്റി വെറും വായനാവിവരം പോലും ലേഖകർക്ക് ഇല്ലെന്ന് തെളിയാൻ വേറൊരു ഉദാഹരണം വേണ്ട.

         ചില പ്രസ്താവനകൾ  ഹാസ്യമയമാണ്. നിരീക്ഷണശാല നിർമ്മിക്കാൻ ടണൽ ഉണ്ടാക്കുമ്പോൾ ഭൂചലനങ്ങൾ സംഭവിക്കാമത്രെ. എട്ടുലക്ഷം ടൺ പൊടിപടലങ്ങളും 8000 ടൺ നാനോകണങ്ങളും ഇടുക്കി-തേനി ജില്ലകളിൽ വ്യാപിക്കും, ന്യൂട്രിനോകൾ ഹാഡ്രോൺ ഷവർ ഉണ്ടാക്കും ഇത് കിലോ മീറ്ററോളം വ്യാപിക്കും, ട്രിഷ്യം, കാർബൺ 14 മുതലായ വികിരണപദാർഥങ്ങൾ സൃഷ്ടിച്ച് അവിടെയെല്ലാം പരക്കും എന്നൊക്കെയാണ്  ലേഖകരുടെ ഗവേഷണബുദ്ധി കണ്ടു പിടിയ്ക്കുന്നത്.  നിരീക്ഷണശാല  നിർമ്മിക്കാൻ പാറപൊട്ടിയ്ക്കുമ്പോൾ തന്നെ ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകൾ അവിടെ എത്തിയോ? ഏറ്റവും ചെറിയ പൊടിയാണോ ഈ നാനോ കണങ്ങൾ? വെറുതേ പാറപൊട്ടിച്ചാൽ നാനോ കണങ്ങൾ ഉണ്ടാകുമോ?ഹാഡ്രോൺ ഷവർ ഉടൻ ഉണ്ടാകുമോ?  ടണൽ ഉണ്ടാക്കാൻ പാറപൊട്ടിയ്ക്കുമ്പോൾ  ട്രിഷ്യവും കാർബൺ 14 ഉം ഉടൻ ഉണ്ടായി ഈ പൊടിപടലങ്ങളിലൂടെ വ്യാപിക്കുമോ? ഇത്തരം ചോദ്യങ്ങൾ ചോദിച്ചേക്കാവുന്ന വായനക്കാർ വിഡ്ഢികളാണെന്ന് അവർ കരുതിയോ എന്തോ. ഏതെങ്കിലും മിമിക്രി പരിപാടിയിലേക്കുള്ള സ്ക്രിപ്റ്റ്  എഴുതുകയായിരുന്നോ ലേഖകർ എന്ന് സംശയിക്കണം.

ന്യൂട്രിനോ പരീക്ഷണം ആയുധനിർമ്മാണത്തിനോ?

        ഇങ്ങനെ ഒരു ചോദ്യത്തിനു തന്നെ സാംഗത്യമില്ലാതായിട്ടുണ്ട് ഇന്ന്. കാരണം ഇതിനാധാരമായ പ്രബന്ധം അത്യന്തം ഭാവനാപൂർണ്ണം മാത്രമാണെന്ന് കണക്കാക്കി ശാസ്ത്രലോകം അവഗണിച്ചതിനാൽ. ലോകത്തുള്ള എല്ലാ ന്യൂട്രിനോ നിരീക്ഷണശാലകളും ആയുധനിർമ്മാണത്തിനാണോ എന്ന പൊതുചോദ്യമാണിവിടെ ചോദിക്കേണ്ടത്. ന്യൂട്രിനോ ആയുധങ്ങളെപ്പറ്റി എന്തു പറയുന്നു എന്നു ചോദിച്ചാൽ ഒന്നും പറയാറായിട്ടില്ല എന്ന ഉത്തരമേ ശാസ്ത്രജ്ഞന്മാരിൽ നിന്നും വരൂ. കാരണം അത്രമാത്രം അപ്രായോഗികമാണ് ഇതിന്റെ സാദ്ധ്യതാവശം

        ന്യൂട്രിനോ ബീമുകൾക്ക് അണുബോംബുകളെ നശിപ്പിക്കാൻ  കഴിയും എന്ന് തെളിയിക്കാൻ ലേഖക കൂട്ടുപിടിച്ചിരിക്കുന്നത് 2003ഇൽ മൂന്നു ജാപനീസ് ഗവേഷകർ എഴുതിയ ഒരു ലേഖനമാണ്. പിന്നെ ആ‍ൽഫ്രെഡ് റ്റാങ് 2008 ഇൽ പ്രസിദ്ധീകരിച്ച പ്രബന്ധവും.  
 .
ഇതാണ് ജാപനീസ് ടീമിന്റെ ആശയം:1000 റ്റെറാ എലെക്ട്രോൺ വോൾടുള്ള ഒരു ന്യൂട്രിനോ ബീം ഭൂമിയ്ക്കടിയിലൂടെ അണുബോംബ് ലാക്കാക്കി പായിക്കുക. ഈ ബീം ഒരു ഹാഡ്രോണിക് ഷവർ ഉണ്ടാക്കും. ബോംബിലുള്ള പ്ലൂടോണിയം യൂറേനിയം എന്നിവയിൽ  ഫിഷൻ പ്രവർത്തനങ്ങൾ നടക്കും. അണുബോംബ് ഉരുകുകയോ ആവിയായി പോകുകയോ ചെയ്യും.

 അപ്രായോഗികമെന്നു വിധിച്ച്  ശാസ്ത്രലോകം തള്ളിക്കളഞ്ഞതാണ് ഈ സ്വപ്നഭാവന.

പ്രശ്നങ്ങ ഇവയാണ്:

1. 1000 റ്റെറാ വോട് എനെർജിയിൽ ന്യൂട്രിനോ ഉത്പാദിപ്പിക്കണമെങ്കിൽ അതിനേക്കാൾ കൂടുതൽ  എനെർജിയിൽ പ്രോടോണുകളെ ത്വരിതപ്പെടുത്തണം. ഇതിനു 1000 കിലോമീറ്റർ റേഡിയസ് ഉള്ള ആക്സിലേറ്റ വേണ്ടി വരും. ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ ആക്സിലറേറ്റർ  സേൺഇലാണ്. അതും 27 കിലോമീറ്റർ മാത്രം ചുറ്റളവ് ഉള്ളത്. അവിടെ ത്വരിതപ്പെടുത്താൻ പറ്റുന്ന പ്രോടോണിന്റെ എനെർജി വെറും 7 റ്റെറ എലെക്ട്രോൺ വോൾട്. ഇന്ന് നിലവിലുള്ള പാർടികിൾ ആക്സിലറേറ്ററുകളേക്കാ നൂറിട്ടി പ്രഭാവമുള്ള പണികൾ ആവശ്യമാണിതിനു. ഇതിനുള്ള ടെക്നോളാജി നിലവിലില്ല എന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്.

2. അതിഭീമമായ ചെലവ്. 100 ബില്യൺ ഡോളറിൽ കൂടുതൽ.

3. എനെർജി ചെലവ്- 50 ഗിഗ വാട്ട്- ഈ അളവ് ബ്രിട്ടൻ എന്നരാജ്യത്തിന്റെ മുഴുവൻ പവർ ഉപയോഗത്തോളമാണ്.

4. ന്യൂട്രിനോ ബീമുകൾ ആണവകേന്ദ്രം കൃത്യമായി കണ്ടുപിടിച്ചിരിക്കണം, ബീമിന്റെ ദിശയിൽ മിനിമം മൂന്നോ നാലോ മീറ്ററിനുള്ളിൽ ആയിരിക്കണം ബോംബ് കേന്ദ്രം. രഹസ്യമായ ആണവകേന്ദ്രത്തിനു അടുത്തു തന്നെ ഒരു ഹാഡ്രോൺ ഷവർ ഉണ്ടാകണം. ആണവകേന്ദ്രം അതിരഹസ്യമായി സൂക്ഷിക്കുകയാണെങ്കിൽ ഇതു സാദ്ധ്യമേ അല്ലാതാവും.

5. ന്യൂട്രിനോ ബീമുകൾ ആണവകേന്ദ്രത്തിനു അടുത്തു ചെന്നിട്ടു മാത്രമേ ദ്രവ്യയുമായി പ്രതിപ്രവർത്തിക്കുകയുള്ളു എന്ന് ഉറപ്പു വരുത്താൻ മാർഗ്ഗമില്ല. ഉറവുസ്ഥാനത്തിനടുത്തോ പോകുന്ന വഴിയിലോ ഇത് സാദ്ധ്യമാണ്..

6. പ്രധാനപ്രശ്നം ഈ ബീം പോകുന്ന വഴിയിൽ പ്രതികരണ വികിരണം (neutrino induced secondary radiation)   ജീവജാലങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. എന്നതാണ്.. ബോംബ്നിർമ്മാണകേന്ദ്രത്തിനടുത്ത് പ്രതിപ്രവർത്തനം നടക്കുകയാണെങ്കിൽ അവിടെയുള്ള മനുഷ്യരും ഇതിൽ ഉൾപ്പെടും.

7. ആണവബോംബ് നിർവ്വീര്യമാക്കപ്പെടുന്നതു പോലെ അത് മുഴുവനോടെ പൊട്ടാനും തുല്യസാദ്ധ്യതയാണ്. ഫലത്തിൽ വിപരീതം.


       ഈ രണ്ട് ലേഖനങ്ങളേയും  (2003 ഇലെ ജാപനീസ് ടീമിന്റെ, 2008 ഇലെ ടാങിന്റെ)കണ്ണടച്ച് വിശ്വസിച്ചിരിക്കുകയാണ്, അല്ലെങ്കിൽ വാദത്തിനു വേണ്ടി അങ്ങനെ നടിയ്ക്കുകയാണ് ലേഖകർ . 2008 ഇലെപ്രബന്ധം തുടങ്ങുതു തന്നെ ആദ്യ ലേഖനത്തിന്റെ ആശയത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ്   “ അവരുടെ ഭാവിസംബന്ധി മാത്രമായ പരികൽ‌പ്പന 50 GW ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന 1 PeV  ന്യൂട്രിനോ ബീം അടിസ്ഥാനമാക്കിയുള്ളതാണ്. അത്രയും തീവ്രതയുള്ള അത്യധികം ഉയർന്ന ഊർജ്ജം പേറുന്ന ന്യൂട്രിനോ ബീം സാക്ഷാ‍ാത്കരിക്കുക അടുത്ത ഭാവിയിൽ സാദ്ധ്യമല്ല“.  അവസാനം ആ ലേഖനം ഉപസംഹരിക്കപ്പെടുന്നത് ഇങ്ങനെയാണ്: “ഈ ഉദ്യമത്തിന്റെ ഉദ്ദേശം ഒരു സംഭവ്യപഠനം മാത്രമാണ്, ഒരു  സവിസ്തരമായ ആയുധരൂപകൽ‌പ്പന അല്ല.“
                        പ്രസിദ്ധീകരിക്കപ്പട്ട രണ്ട് ലേഖനങ്ങൾക്ക് വേറൊരു കുഴപ്പവുമുണ്ട്. അവയൊന്നും ശാസ്ത്രജ്ഞന്മാർ അംഗീകാരം നൽകിയ ഗവേഷണപ്രബന്ധങ്ങളല്ല. അത്തരം ഗവേഷഫലങ്ങ അവയിൽ ഉൾക്കൊള്ളുന്നില്ല എന്നതുകൊണ്ട് യോഗ്യതയില്ലാതായ ആശയങ്ങൾ. ഇവയ്ക്ക് രണ്ടിനും ഒരു ഗവേഷണപിന്തുടർച്ച ഉണ്ടായിട്ടില്ല. 2003 ഇൽ ജാപനീസ് ടീം ന്യൂട്രിനോ ബീമുകൾ അയച്ച് ആണവകേന്ദ്രങ്ങ പൊട്ടിയ്ക്കാമെന്ന ആശയം വെളിവാക്കിയതിനു ഇന്നു വരെ ഒരു അനുരണങ്ങളും ഉണ്ടായിട്ടില്ല, ശാസ്ത്രീയ പഠനങ്ങളും. ഇന്റെർനെറ്റിൽ ചില ചർച്ചകളും ആക്ഷേപങ്ങളും വന്നതൊഴിച്ചാൽ.  ന്യൂ സയന്റിസ്റ്റ് എന്ന പോപുലർ സയൻസ് മാഗസീനിൽ ഒരു കുറിപ്പു വന്നതൊഴിച്ച് ശാസ്ത്രപ്രബന്ധങ്ങളൊന്നും ഈ വഴിക്ക് തിരിഞ്ഞ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ന്യൂട്രിനോ ശാസ്ത്രജ്ഞൻ ആയ അൽഫോൻസ് വെബെർ പറഞ്ഞത് ന്യൂ സയന്റിസ്റ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. “ഇത് വാസ്തവത്തിൽ ശരിക്കും ഭാവിസംബന്ധി മാത്രമാണ്. കണക്കും ഫിസിക്സും ഒക്കെ ശരിയാണെങ്കിലും.“ ഓക്സ്ഫോർഡിലെ മറ്റൊരു ഗവേഷകൻ ഇപ്രകാരം പറഞ്ഞു സാങ്കേതികമായി ഇത് സംഭവ്യമായിരിക്കും അതിവിപുലമായ നിക്ഷേപം  ഉണ്ടെങ്കിൽ. പക്ഷേ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്ലേഖകർ വ്യവസ്ഥപ്പെടുത്തുന്നതുപോലെ ശാസ്ത്രലോകം ഇതിനെപ്പറ്റി ഗവേഷണത്തിൽ ഏർപ്പെട്ടതായി തെളിവുക ഒന്നുമില്ല. ഈ ആശയങ്ങളെ പാർടിക്കിൾ ഫിസിക്സ് അറിയാവുന്നവർ തരിമ്പും മുഖവിലയ്ക്ക് എടുത്തില്ല. “ന്യൂട്രിനോ ആയുധംഎന്ന വാക്കേ ഇതോടെ മണ്മറഞ്ഞു. പക്ഷേ ലേഖകർ സത്യം മറച്ചുകൊണ്ട് വെട്ടിത്തെളിച്ചു പറയുന്നത്ഇതൊരു ആയുധമാണെതിൽ ഭൌതികശാസ്ത്രജ്ഞന്മാർക്കിടയിൽ തർക്കമില്ലഎന്നാണ്. ഭൌതികശാസ്ത്രജ്ഞന്മ്മാർ വിടുവായത്തം അറിയാതെ പോകട്ടെ ള്ളത്തിനു ശേഷം പദ്മനാഭൻ-സഹദേവൻ ടീം വലിയ മറ്റൊരു കള്ളം പറയുന്നു: “ഫെർമി ലാബിന്റെ കീഴിലുള്ള പ്രൊജെക്റ്റ് X എന്ന പേരിൽ അറിയപ്പെടുന്ന ഇന്റെർനാഷണൽ ലീനിയർ കൊളൈഡർ (ILC) ഇതിന്റെ സാദ്ധ്യത അന്വേഷിക്കുന്നതിനാായി തയാറാക്കപ്പെടുന്നതാണ്’“. പ്രോജെക്റ്റ് എക്സിനെക്കുറിച്ച് സാമാന്യ വിവരമുള്ളവർ, എന്തെങ്കിലും വായിച്ചവർ ഇങ്ങനെ പറയുകയില്ല..

        മറ്റു ചില കള്ളങ്ങൾ അല്ലെങ്കിൽ അറിവില്ലായ്മകൾ  ഇങ്ങനെ നിരത്തപ്പെടുന്നു:. “ന്യൂട്രിനോകളിലെ ഊർജ്ജത്തിന്റെ അളവ് ..ആയിരം ലക്ഷം കോടി എലെക്ട്രോ വോൾടായി (PeV=Peta=1000 ലക്ഷം കോടി) ഉയർത്താനുമാണ് ശാസ്ത്രജ്ഞന്മാരുടെ ശ്രമംശാസ്ത്രജ്ഞന്മാർ ഇതിനു ശ്രമിക്കുന്നതേ ഇല്ല. ഇനി വരാൻ പോകുന്ന കൊളൈഡറുകളിൽ പോലും 10 TeV ഇൽ അധികം ഊർജ്ജനിർമ്മിതി പ്ലാനിടുന്നില്ല.     “ന്യൂട്രിനോകളുടെ ഊർജ്ജത്തിന്റെ തോത് ഈ രീതിയിൽ ഉയർത്തുന്നതിനുള്ള ഒരു കാരണം ന്യൂട്രിനോ ആയുധങ്ങളുടെ പരീക്ഷണങ്ങൾക്കുവേണ്ടിയാണ് എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.” ന്യൂട്രിനോ ആയുധം എന്ന വ്യാജകൽ‌പ്പനയെ എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കണം എന്ന പിടിവാശിയാണ് ഇത്തരം അസത്യങ്ങൾ പറയാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
        ന്യൂട്രിനോകൾ അണുബോംബുകളെ നശിപ്പിക്കാൻ പ്രാപ്തരാണെന്നു ശാസ്ത്രലോകവും തീർച്ചയാക്കിയെന്ന തീരുമാനം സ്വമേധയാ ഏറ്റെടുത്ത ശേഷം  ലേഖകർ പുതിയ ഒരു പദവും കണ്ടുപിടിച്ചിട്ടുണ്ട്.  “ന്യൂട്രിനോ ബോംബ്’“ എന്നാണത്. ഇങ്ങനെ ഒരു വാക്ക് ശാസ്ത്രലോകത്ത് ഇല്ലാത്തതാണ്, ഒരു പ്രബന്ധത്തിലും കാണുകയില്ല. ഒരു കാടുകയറിയ ശാസ്ത്രഭാവനയെ അടിസ്ഥാനപ്പെടുത്തി മറ്റൊരു ഭ്രാന്തൻ ചിന്ത ഉടലെടുക്കുകയാണിവിടെ.  ശാസ്ത്രലോകം തള്ളിക്കളഞ്ഞ ആശയത്തെത്തന്നെ വിടാതെ പിടികൂടുകയാണ് ലേഖകർ. ജാപ്പനീസ് ലേഖകരുടെ പ്രബന്ധത്തിൽ നിന്നും ഉദ്ധരിച്ചു കൊണ്ട്. ആക്സിലറേറ്റർ പണിതുകഴിഞ്ഞാൽ ഹൈഡ്രജൻ ന്യൂക്ലി നിർമ്മിക്കുന്നതിനും ആക്സിലറേറ്റർ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിക്കും ആവശ്യമായ ചെലവുമാത്രമേ ആയുധനിർമ്മാണത്തിനു വേണ്ടി വരുന്നുള്ളു എന്ന പ്രഖ്യാപനം വിശ്വാസത്തിൽ ഊന്നിയ മിഥ്യാലഘൂകരണമാണ് ഒരു രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കാൻ, അവിടത്തെ ഭരണാധികാരികളെ ഇല്ലായ്മചെയ്യാൻ അവരുടേ നേരേ ഒരു ന്യൂട്രിനോ ബീം അയച്ചാൽ മതിയെന്നുമാണ് പിന്നെ വാദിക്കുന്നത്! ഭാവിയിൽ ഇങ്ങനെയാണത്രെ രാജ്യങ്ങളെ ആക്രമിക്കുന്നത്. അപഹാസ്യമായ വിധത്തിലുള്ള അറിവില്ലായ്മ വെളിവാക്കപ്പെടുകാണിവിടെ. ലേഖകരുടെ എല്ലാ യുക്തികളും ഇത്തരം വൻ വിഢിത്തങ്ങളണെന്നതിനു മറ്റൊരു തെളിവ് ആവശ്യമില്ല. ഈ ആശയം പിന്നീട് വലിച്ചു നീട്ടപ്പെടുകയാണ്. ഇത്തരം ആയുധങ്ങ നിർമ്മിക്കാനുള്ള കയ്യൂക്ക് അമേരിക്കക്യ്ക്കു മാത്രമേ ള്ളൂ, അതിന്റെ വിടുവേലകൾ ഇൻഡ്യയെക്കൊണ്ട് ചെയ്യിക്കുയാണ്, ഉദാഹരണമാണ് തേനിയിലെ നിരീക്ഷണശാല എന്നു സമർത്ഥിക്കുന്നതുവരെ കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു ലേഖകർ.  മാത്രമല്ല തേനിയിലെ നിരീക്ഷണശാല ആയുധനിർമ്മാണത്തിനു തന്നെ എന്ന് തെളിയിച്ചപോലെയാണ് ലേഖകരുടെ പിന്നെ വരുന്ന വാദങ്ങൾ: “പുതിയ ആയുധനിർമ്മാണത്തെ സംബന്ധിച്ച് യാതൊരു ചർച്ചകളും പാർലമെന്റിലോ മറ്റേതെങ്കിലും വേദികളിലോ നടന്നതായി അറിവില്ല”. ഇല്ലാത്ത ആയുധനിർമ്മാണ സംരംഭത്തെ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് അത് എന്തുകൊണ്ട് പറയാതിരിക്കുന്നു എന്ന വിചിത്രവാദം!. തേനി സംരംഭം=ന്യൂട്രിനോ=ആയുധം എന്ന സമവാക്യം അങ്ങനെ പൂരിപ്പിക്കപ്പെട്ട് പൊതുജനങ്ങൾക്കിടയി ഭീതിദമായ കള്ളങ്ങൾ വ്യാപരിപ്പിക്കുകയാണ് ലേഖകർ. ന്യൂട്രിനോ ഫാക്റ്ററി, ന്യൂട്രിനോ നിരീക്ഷണം, TIFR,  മ്യു ഓൺ കൊളൈഡർ, ഇൻഡ്യയുടെയുടെ പങ്ക്, ഐ എൻ ഓ, അതിന്റെ ഡയറക്റ്ററായ നബ കെ മോണ്ഡൽ ഒക്കെ ആര് ഏത് എന്ത് എവിടെ എന്നൊന്നും മനസ്സിലാക്കാതെ  ലേഖകർ വളരെയധികം സംശയസംഭ്രമങ്ങളിൽ പെടുന്നുണ്ട്ഐ എൻ ഓ യെക്കുറിച്ച് സംശയങ്ങൾ മാത്രം ബാക്കിയാകുന്നത് ലേഖകരെ പാരനോയിയ അവസ്ഥ വരെ എത്തിയ്ക്കുന്നു.
.                എന്നാൽ ന്യൂക്ലിയാർ റിയാക്റ്റർ സ്ഥാനങ്ങൾ കണ്ടുപിടിയ്ക്കുന്നതിൽ ന്യൂട്രിനോ ഗവേഷണങ്ങൾക്ക് സുപ്രധാന സാംഗ്യത്യമുണ്ടെന്ന്  അറിയാതെ പോകുന്നുമുണ്ട് ലേഖകർ. അണുവായുധനിർമ്മാണശാലകളിൽ ന്യൂട്രിനോ ഉദ്പാദിക്കപ്പെടുന്നുണ്ട്. സൂക്ഷ്മമായ ന്യൂട്രിനോ ഡിറ്റെക്ഷൻ കൊണ്ട് ഒരു കാലത്ത് രഹസ്യ അണുവായുധങ്ങളുടെ ഉറവിടം കണ്ടുപിടിയ്ക്കാൻ സാധിച്ചേക്കും. ഇതിനെക്കുറിച്ച് കാര്യമായ ആലോചനകൾ നടന്നും വരുന്നുണ്ട് [5, 6] എന്നാൽ ഇതു ശ്രീ പദ്മനാ-സഹദേവൻ ടീം അറിഞ്ഞ മട്ടില്ല. ന്യൂട്രിനോ ഗവേഷണത്തിന്റെ ഒരു പ്രധാന സംഭാവ്യതയാണിത്. നിരവധി ഗവേഷണസാദ്ധ്യതകൾ ക്രോഡീകരിച്ച പ്രബന്ധമാണ് ബേൺസ്റ്റൈനും കൂട്ടരും [5] പ്രസിദ്ധീകരിച്ചിട്ടുള്ളത്. കടലിൽ 500 മീറ്ററോ അതിൽക്കൂടുതലോ ആഴത്തിൽ കൂറ്റൻ ടാങ്കറുകളിൽ ന്യൂട്രിനോ ഡിറ്റക്റ്റർ ഘടിപ്പിച്ചാൽ ആണവനിലയങ്ങളെ നിരീക്ഷിക്കാമെന്നാണ് കണക്കു കൂട്ടൽ [6]. ഇന്നത്തെ സാങ്കേതികവിദ്യാ നിലവാരമനുസരിച്ച് വളരെ ചെലവേറുന്ന പദ്ധതിയാണ്. അടുത്ത 30 വർഷത്തിൽ  ഇത് സാദ്ധ്യമായേക്കാം എന്നാണ് കണക്കുകൂട്ടൽ. ന്യൂട്രിനോ ഗവേഷണത്തിന്റെ സർവ്വസാധുതകളും പരിശോധിച്ച ഇവരും ന്യൂട്രിനോ ആയുധം എന്നൊരു കാര്യം പരാമർശിക്കുന്നു പോലുമില്ല.
       
        ന്യൂട്രിനോ പരീക്ഷണങ്ങൾ നമുക്ക് വേണോവേണമെന്ന് ഊന്നിപ്പറഞ്ഞാണ് ശ്രീ പദ്മനാഭൻ-സഹദേവൻ ടീം ലേഖനം തുടങ്ങുന്നത്. ആദ്യഖണ്ഡികയിൽത്തന്നെ ഇതു വെളിവാക്കുന്നുണ്ട്. “വിവിധരാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരും സർവ്വകലാശാലകളും ഒരുമിച്ച് ചേർന്നുകൊണ്ട് പ്രപഞ്ചവിജ്ഞാനീയത്തിൽ നാഴികക്കല്ലാകാൻ പോകുന്ന ന്യൂട്രിനോ പരീക്ഷണങ്ങളിൽ സക്രിയമായി ഇടപെട്ടു വരുന്നുഎന്ന് പറഞ്ഞുവച്ചിട്ടുണ്ട്. പക്ഷേ ശ്രീ പദ്മനാഭനും ശ്രീ സഹദേവനും ഇതിനെക്കുറിച്ച് കൂടുതൽ അറിവുണ്ടെന്നും, പാർടിക്കിൾ ഫിസിക്സുകാർക്ക് ന്യൂട്രിനോ രശ്മികളെപ്പറ്റിയും അവയുടെ പരിസ്ഥിതി പ്രത്യാഘാതങ്ങളെക്കുറിച്ചും അറിവൊന്നുമില്ലെന്നുമാണ് ലേഖനം വായിച്ചാൽ തോന്നുക. ഇക്കണക്കിനു  ഇത് നടപ്പിൽ വരുത്തി എന്തിനീ ദുരിതം ഏറ്റെടുക്കണം? ഇടുക്കിയും ശാന്തൻപാറയും പരക്കേ റേഡിയോ ആക്റ്റീവ് ആകുന്ന ഈ ശാസ്ത്രസംരംഭം ആർക്കു വേണം? പോരാഞ്ഞിട്ട് പദ്ധതികൾ രഹസ്യാത്മകമാകുന്നു എന്ന  വ്യാജമോ കപടമോ ആയ സംശയവുമുണ്ട് ലേഖകർക്ക്. ന്യൂട്രിനോ നിരീക്ഷണത്തെ ആയുധനിർമ്മാണത്തിനു വേണ്ടിയുള്ള പ്രവർത്തനമായി തോന്നിപ്പിച്ചതിനു പിന്നിൽ ഇങ്ങനെയൊരു ചേതോവികാരവുമുണ്ടാവാം..  ലേഖകരുടെ സംശയങ്ങൾ ഒരു പ്രത്യേക കോളത്തിൽ നമ്പരിട്ട് കൊടുത്തിട്ടുമുണ്ട്.നിരീക്ഷണശാല ഉയർത്തുന്ന ചോദ്യങ്ങൾ എന്ന ഇൻസെറ്റ് (inset) ഇത്തരം വ്യാജകൽ‌പ്പനകളുടെ പരിണതിയാണ്. വികിരണമേ ഉണ്ടാകുന്നില്ലാത്ത തേനിയിൽ വികിരണമലിനീകരണസദ്ധ്യതക എന്തുകൊണ്ട് ഐ എൻ ഓ തള്ളിക്കളയുന്നു എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇടുക്കിയിലും അടുത്ത സ്ഥലങ്ങളിലേയും വെള്ളം റേഡിയോ ആ‍ക്റ്റീവ് അകുന്നതിനെപ്പറ്റി ആകുലതകൾ ഏറെ.  ഇവിടെ ചോദിച്ചിരിക്കുന്ന ആറു ചോദ്യങ്ങൾ വികിരണം നടക്കുമെന്ന പമ്പരവിഢിത്തത്തിൽ നിന്നും ഉടലെടുത്തവയാണ്. രണ്ടു  ചോദ്യങ്ങൾ  ജാപ്പനീസ് ടീമിന്റെ നേരത്തെ വിസ്തരിച്ച ഭ്രമകൽ‌പ്പന അടിസ്ഥാനമാക്കിയുള്ളതാണ്. ന്യൂട്രിനോ പരീക്ഷണം ആയുധനിർമ്മാണത്തിനു എന്ന സാദ്ധ്യത  ഇന്ത്യാ ഗവണ്മെന്റോ പദ്ധതിയുടെ പ്രയോക്താക്കളോ പരിഗണിച്ചിരുന്നോ, ഐ എൻ ഓയിൽ നിരീക്ഷണം നടത്തുന്നതിൽ ഇന്ത്യക്ക് നേട്ടമെന്തിങ്കിലുമുണ്ടോ എന്നൊക്കെയാണ് ചോദ്യങ്ങൾ.  ഇല്ലാത്ത ആയുധനിർമ്മാണസാദ്ധ്യതയെപ്പറ്റി ശാസ്ത്രജ്ഞരും ഗവണ്മെന്റും ആലോചിക്കണമായിരുന്നത്രേ! നിരീക്ഷണശാലയ്ക്ക് ടണൽ നിർമ്മിക്കാൻ സാധാരണ റോഡുപണിയിലെ തുരങ്കനിർമ്മാണത്തോളം മാത്രമേ ആയാസം വേണ്ടി വരികയുള്ളു എന്നതറിയാതെ  ഇത് ഭൂകമ്പമുയർത്താൻ മാത്രം ശേഷിയള്ളതാണെന്ന് വാദിച്ച് അണക്കെട്ടുകൾ പൊളിയാതിരിക്കാൻ എന്തു മുൻ കരുതലുകൾ എടുക്കുന്നു എന്ന ചോദ്യവുമുയർത്തുന്നുണ്ട്.
തെറ്റിദ്ധരിപ്പിക്കാൻ ചിത്രങ്ങൾ
        ലേഖനത്തിൽ ഉടനീളം ചിത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്, വായനക്കാരിൽ ഭയാശങ്കകൾ ഉണർത്തുന്നവ. തേനിയിലെ നിരീക്ഷണശാലയുടെ 70 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ അണക്കെട്ടുകളുടെ വിഹഗവീക്ഷണചിത്രമാണ് ആദ്യത്തേത്രണ്ട് പേടിപ്പെടുത്തലുകളാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഒന്ന് ഭൂകമ്പം ഉണ്ടാക്കുന്ന എന്തോ പണികളൊക്കെയാണ് നിരീക്ഷണശാലനിർമ്മാണത്തിൽ നടക്കാൻ പോകുന്നത് എന്ന് ലേഖനത്തിൽ പ്രസ്താവിക്കുന്നതിന്റെ പരിണതഫലങ്ങൾ നേരേ ജനമനസ്സിൽ ഏൽ‌പ്പിക്കുക. രണ്ട് ഇവിടെയുള്ള ജലസംഭരണികളൊക്കെ റേഡിയോ ആക്റ്റീവ് ആകാൻ പോവുകയാണ് എന്നത്. ലേഖനം ഊട്ടിയുറപ്പിക്കുന്ന വസ്തുത ന്യൂട്രിനോ ആയുധമാകുമെന്നും അമേരിക്ക പോലുള്ള വൻശക്തികളുടെ കയ്യിലാണ് ഈ ആയുധനിയന്ത്രണം എന്നുമാണ്. അപ്പോ ഈ ചിത്രം ദ്യോതിപ്പിക്കുന്ന പ്രശ്നങ്ങൾക്ക് ആക്കം കൂടുകയാണ്. മറ്റൊന്ന് ജാപനീസ് ടീമിന്റെ സ്വപ്നതുല്യവിഭാവനമായ ന്യൂട്രിനോ ബീം ആ‍ാണവബോംബിനെ നശിപ്പിയ്ക്കുന്ന ചിത്രം. ഇതും സത്യമാണെന്ന് വായനക്കാർ ധരിച്ചുപോകും. സങ്കീർണ്ണമായ ഗ്രാഫുകളും രേഖാചിത്രങ്ങളും- ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്തവ- ചേർത്തിട്ടുണ്ട്, ആധികാരികമാണ് ലേഖനം എന്ന് തോന്നിപ്പിക്കാൻ.  ന്യൂട്രിനോ ചരിത്രം വിശദീകരിക്കുന്ന ഒരു പട്ടികയിൽ നേരത്തെ പരാമർശിച്ച ജാപനീസ് ടീമിന്റെ ശാസ്ത്രലോകം തള്ളിക്കളഞ്ഞ ആശയം പ്രകടിപ്പിച്ച പ്രബന്ധം  പ്രധാന സംഭവംയി ഉൾക്കൊള്ളിച്ചിട്ടുണ്ട്.. 2003 ഇനു ശേഷം ന്യൂട്രിനൊ ഗവേഷണത്തിൽ ഇതല്ലാതെ കാര്യമായൊന്നും സംഭവിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഈ ചെയ്തി. അല്ല്ലെങ്കിൽ അറിവില്ലായ്മ കൊണ്ട്.  മറ്റൊന്ന് Timeline-Neutrino Factory എന്നു തലക്കെട്ട് കൊടുത്തിരിക്കുന്ന ചിത്രം  ആണ്. ന്യൂട്രിനോ ഫാകറ്ററി ഫെർമി ലാബിലോ ഫ്രാൻസിലോ തുടങ്ങാനുള്ളതാണെന്നും തേനിയിൽ നിർമ്മിക്കുന്നത് അതല്ല എന്ന് അറിഞ്ഞുകഴിഞ്ഞിട്ടും നിരീക്ഷണശാലയുമായി ബന്ധമില്ലാത്ത ന്യൂട്രിനോ ഫാക്റ്ററിയുടെ നിർമ്മാണസമയരേഖ ചേർത്തത് ആ ഫാകറ്ററി തേനിയിൽത്തന്നെയാണ് വരാൻ പോകുന്നതെന്ന തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണ്. കടുകട്ടി   ശാസ്ത്രനാമങ്ങളും ഗ്രാഫുകളും ഗ്രാഫിക് ചിത്രങ്ങളും വച്ച് വായനക്കാരുടെ  കണ്ണിൽ പൊടിയിടാനുമുള്ള തന്ത്രത്തിന്റെ ഭാഗം.
        ശ്രീ പദ്മനാഭനും ശ്രീ സഹദേവനും പാർടിക്കിൾ ഫിസിക്സിനെക്കുറിച്ച്  അജ്ഞരായിരിക്കാൻ അവകാശമുണ്ട്. അതിൽ നിന്നുളവാകുന്ന സംശങ്ങൾ പാരനോയിയ ആക്കി കൊണ്ടുനടക്കാനും സ്വാതന്ത്ര്യമുണ്ട്പക്ഷേ പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്നതും അവരിൽ ഭീതി ഉളവാക്കുന്നതും ഈ അവകാശത്തിലും സ്വാതന്ത്ര്യത്തിലും പെടുന്നില്ല.


----------------------------------------------------------------------------------------------------------
വിശദീകരണങ്ങൾ:

1. ന്യൂട്രിനോ ഫാക്റ്ററി- ന്യൂട്രിനോ ബീമുകൾ നിർമ്മിച്ചയയ്ക്കാനുള്ള ലാബ്. പ്രോടോണുകളെ  ഓടിച്ച് പായിച്ച് ന്യൂക്ലിയസ്സുമായി ഇടിപ്പിച്ചാൽ  പയോൺസ് (Pions), ന്യൂട്രോൺസ് ഒക്കെ ഉണ്ടാകും. ഇതിലെ പയോൺസിനെ മാത്രം മാറ്റി അപക്ഷയ (decay)ത്തിനു അനുവദിക്കുക. അവ മ്യു ഓൺസായി മാറും. ഈ മ്യു ഓൺസ്  ഡീക്കേ  ചെയ്ത് ന്യൂട്രിനോ ആയിക്കൊള്ളും. ഇങ്ങനെയാണ് ന്യൂട്രിനോകൾ നിർമ്മിക്കപ്പെടുക. ന്യൂട്രിനോ ഫാക്റ്ററിയിൽ   ആക്സിലറേറ്റ് ചെയ്യപ്പെട്ട മ്യു ഓൺ ഒരു വലയ (muon storage ring)ത്തിലൂടെ പലതവണ-ആയിരം തവണ എങ്കിലും- ഭ്രമണം ചെയ്യിച്ച്  അപ്പോൾ അപക്ഷയം മൂലം  ഉണ്ടാകുന്ന  ന്യൂട്രിനോ ബീമുകളെ നേർരേഖയിൽ പായിക്കും.

2. മ്യു ഓൺ കൊളൈഡർ- ഭാവിയിലെ ആക്സിലറേറ്റർ. സാധാരണ  പ്രോടോണുകളെ തമ്മിലിടിപ്പിച്ചോ എലെക്ട്രോണുകളെ  നിശ്ചിതലക്ഷ്യവസ്തുവുമായി കൂട്ടിയിടിപ്പിച്ചോ ആണ്    ആക്സിലറേറ്ററുകളിൽ പരീക്ഷണങ്ങൾ നടത്താറ്‌. ഭാവിയിൽ  ഉണ്ടാക്കപ്പെടുന്ന ആക്സിലറേറ്ററുകളിൽ ഇലെക്ട്രോണുകളേക്കാൾ 200 തവണ ഭാരമുള്ള  മ്യു ഓൺ ആണ് തമ്മിലിടിപ്പിക്കാൻ ഉപയോഗിക്കുകഎലെക്ട്രോൺ കൊളൈഡറുകളെക്കാൾ  അതിയായ ഊർജ്ജമുള്ള പരസ്പരപ്രവർത്തനമാണ് നടക്കുകഇലെക്ട്രോണുകളെക്കാൾ ഭാരമുള്ളവയായതുകൊണ്ട്  മ്യു ഓൺസ് വൈദ്യുതകാന്ത വികിരണം (electromagnetic radiations) കുറച്ചേ പുറപ്പെടുവിക്കയുള്ളു, അതിനാൽ ഊർജ്ജനഷ്ടവും കുറവാണ്.. അത്യൂർജ്ജമുള്ള ന്യൂട്രിനോകൾ സംജാതമാകുന്നത് ഇതിലെ  പ്രവർത്തനത്തിന്റെ ഒരു ഭാഗമാണ്. .  

3. ന്യൂട്രിനോ പ്രതിപ്രവർത്തനം കൊണ്ടുള്ള വികിരണം (Neutrino induced secondary radiation)- ജീവജാലങ്ങളെ ബാധിയ്ക്കുന്ന തരത്തിലുള്ള വികിരണം ഒരു മ്യു ഓൺ കൊളൈഡറിൽ നിന്നു മാത്രം ഉളവാകാൻ സാദ്ധ്യതയുള്ളതാണ്. ന്യൂട്രിനൊ ദ്രവ്യവുമായി പ്രവർത്തിച്ച്, ഹാഡ്രോൻസ്, എലെക്ട്രോൺസ്, മ്യു ഓൺസ് എന്നക്കെയുള്ള അത്യൂർജ്ജമുള്ള കണങ്ങൾ ഉണ്ടാകും. ഇതാണ് വികിരണത്തിനു വഴിവയ്ക്കുന്നത്. പ്രോടോണുമായി പ്രവർത്തിച്ച് ന്യൂട്രോൺ, പോസിട്രോൺ എന്നിവ ഉണ്ടാകും. പോസിട്രൺ  എലെക്ട്രോണുമായി സംയോജിച്ചാൽ ഉന്മ്മൂലനം നടക്കും, ഗാമാ വികിരണം ഉണ്ടാകും .   സാധാരണഗതിയിൽ ഈ വികിരണങ്ങൾ വളരെ വളരെ നിസ്സാരമാണ്. അത്യൂർജ്ജമുള്ള ന്യൂട്രിനോകൾ മാത്രമാണ് secondary radiation ഉളവാക്കുന്നത്.

4. സ്റ്റീവ് ഗീറിന്റെ പ്രബന്ധത്തിൽ നിന്ന്: “കൊളൈഡർ വലയത്തിനകത്തുള്ള ഏതെങ്കിലും ഋജുവായ വിഭാഗം മ്യു ഓൺ ജീർണ്ണിച്ചുണ്ടാകുന്ന ഒരു ന്യൂട്രിനോ ബീം ആ നേർക്ക് പായുന്നതരത്തിൽ ഉണ്ടാക്കും. ഈ ന്യൂട്രിനോകൾ  ഭൂമിയുടെ ഏതെങ്കിലും സ്ഥലത്തുകൂടെ ബഹിർഗ്ഗമിക്കും, വലയം ആഴത്തിലാണെങ്കിൽ ചിലപ്പോൾ പത്തിരുപതു കിലോമീറ്റർ അകലെയായിട്ട്.. ബഹിർഗ്ഗമനസ്ഥാനത്ത്  പാറകൾക്കുള്ളിൽ വച്ച് ന്യൂട്രിനോ പ്രതിപ്രവർത്തനം  ഉപരിതലത്തിൽ വികിരണം ഉണ്ടാക്കുന്നു.   മ്യു ഓണിന്റെ  സംഭരണോർജ്ജം അനുസരിച്ച്  വികിരണത്തോത് ഉയരുന്നു.   ഈ വലയം ഇനിയും കൂടുതൽ ആഴത്തിലാക്കുകയാണെങ്കിൽ കൂടുതൽ ഊർജ്ജം സംവഹിക്കാനും ബീമിന്റെ ഭ്രമണപഥത്തിൽ ഉലച്ചിൽ ഉണ്ടാക്കി (ന്യൂട്രിനോകളെ കൂടുതൽ വിടർത്തിപ്പരത്താൻ)  അതുവഴി അപകടകരമല്ലാത്ത സ്ഥാനങ്ങളിലേക്ക് ലക്ഷ്യം വയ്ക്കാനും സാദ്ധ്യമായേക്കും”.

5. Bernstein   A., Baldwin G. Boyer B., Goodman M., Learned J., Lund J., Reyna D. and Svoboda R. Nuclear security applications of antineutrino detectors: current capabilities and future prospects. Science and Global Security 18: 127-196 2009

6. Lasserre T., Fechner M., Mention G., Reboulleau R., Cribier M., Letourneau A. and Lhuillier D.  SNIF: A futuristic neutrino probe for undeclared nuclear fission reactors.  Physical Review  C  81: 1-16  2010 

(ഷിക്കാഗോയിലെ ഫെർമി ലാബിൽ പാർടിക്കിൾ ഫിസിക്സിൽ ഗവേഷകനാണ് നവനീത് പി.)