എസ്. ജാനകിയുടെ പലേ പാട്ടുകളിലും ചില വാക്കുകളുടെ ഉച്ചാരണത്തിൽ സ്വൽപ്പം ശോകച്ഛായ ഉൾച്ചേർന്നിട്ടുണ്ട് എന്നത് സുവിദിതമാണ്. നിവേദനത്തിൻ്റേയോ പരിതാപത്തിൻ്റേയോ നേരിയ ലാഞ്ഛനയെങ്കിലും ഇട്ടും വെയ്ക്കാതെ പാട്ടുകൾ മുഴുമിക്കാറില്ല എന്നത് ഭാവതീവ്രതയ്ക്ക് ആക്കം കൂട്ടൂന്നുണ്ട്, ഒരു കുറവായി കരുതേണ്ടതില്ല. “……ഗാനം കേൾക്കാൻ കൊതിയോർത്തിട്ടരികിലിരിക്കെ സ്വരരാഗസുന്ദരിമാർക്ക് അരികിൽ വരാൻ നാണ“ മാണെന്ന് വെറുതെ നമ്മോടു പറഞ്ഞതാണ്, 59 വർഷത്തോളം ആ പാട്ടുകളുടെ കാലൊച്ച കേൾക്കുവാൻ കാതോർത്തിരുന്നവരാണു നമ്മൾ. വേദനയുടെ ചെറിയ ഒരു വിങ്ങൽ പാട്ടിൽ ഉൾച്ചേരുന്നത് ഹൃദയഹാരിയായി മാറും എന്നത് നമുക്ക് അറിയാവുന്നതുമാണ് . അവരുടെ പാട്ടുകൾ കാലാതിവര്ത്തികളായത് ഇങ്ങനെയാണ്. മനസ്സിലെവിടെയോ ഒളിച്ചിരുന്ന് പൊടുന്നനവേ പ്രകാശം കൊണ്ട് നമ്മെ അതിന്റെ തീക്ഷ്ണഭാവത്തിലേക്കു കൊണ്ടുപോയി ഒരു നുള്ളു വേദന സൃഷ്ടിച്ച് അതിനുള്ളിലാക്കും. ഉൽക്കടശോകത്തിൻ്റെ പാട്ടുകളിൽ ഈ ഉൾച്ചേരൽ കൂടുതൽ വിജ്രുംഭിക്കുകയാണ്. അങ്ങനെ മറന്നുപോകാതെ ഉള്ളില് സൂക്ഷിക്കപ്പെടുന്ന പാട്ടുകളിൽ “വാസന്തപഞ്ചമിനാളില്” “സൂര്യകാന്തി” , ‘സ്വർണ്ണമുകിലേ’, തേടുന്നതാരേ’ എന്നിവ . ശില്പഭംഗി, ആലാപനസൌഭഗം , കാവ്യാത്മകത എന്നിവയുടെ പൂര്ണതയെഴുന്നവയാണ്. . ഭാവതീവ്രതയും മാധുര്യവും തുളുമ്പി നില്ക്കുന്നവ.
അനേകം പൊതികളുള്ള ഒരു മിഠായി മാതിരിയാണ്
ഈ പാട്ടൂകൾ. ഓരോ പൊതിയും സൂക്ഷ്മതയോടെ, ജിജ്ഞാസയോടെ നമ്മെക്കൊണ്ട്
അഴിപ്പിച്ച് ഉള്ളിലെ മധുരം എടുത്തുതരും. വേറേ ചിലതോ പതുക്കെ തുറന്നു പോകുന്ന
നിരവധി വാതായനങ്ങള്, അവയെല്ലാം കടന്ന് ശ്രീകോവിലില്
എത്തുന്ന പ്രതീതി ഉളവാക്കും. മറ്റു ചിലതിനോ നമ്മള് കണ്ണടച്ച് ഇരുന്നു കൊടുത്താല്
മതി. പാട്ടു വന്ന് നമ്മുടെയുള്ളില് കയറിക്കൊള്ളും.എവിടെയൊക്കെയോ കൊത്തി
നൊമ്പരപ്പെടുത്തുന്നതിന്റെ സുഖം പിന്നെ അനുഭവിച്ചോണ്ടാല് മതി. മേല്പ്പറഞ്ഞ നാലു
പാട്ടുകളും കേള്വിസുഖം തരുന്നത് ഇങ്ങിനെയായിരിക്കും മിക്ക ആസ്വാദകര്ക്കും.
ബാബുരാജിൻ്റേയും ജോൺസൺ ൻ്റേയും മാന്ത്രികവിദ്യയാണ് ഈ പാട്ടുകളുടെ പരിവേഷം.
വരുമെന്നൊരു കിനാവ് കണ്ടു
പി. ഭാസ്കരന്റെ ഏറ്റവും പ്രിയപ്പെട്ട
അഞ്ചുഗാനങ്ങളിലൊന്നായിരുന്നു “വാസന്തപഞ്ചമി നാളില്”. കഥാഗതിക്കിണങ്ങുന്നതും നായികയുടെ ഭാവസ്ഫൂര്ത്തി വരുത്തുന്നതുമായ
ഗാനത്തെ സംഗീതത്തിലൂടെ പൂര്ണ്ണതയിലെത്തിച്ചു എന്നതായിരിക്കണം പി. ഭാസ്കരനെ
തൃപ്തിപ്പെടുത്തിയത്. ഇവിടെയാണ് ബാബുരാജ് തന്റെ മുദ്ര പതിപ്പിച്ചത്. സാധാരണ മലയാള
സിനിമാഗാനങ്ങളുടെ ശില്പ്പമല്ല ഈ പാട്ടിനു അദ്ദേഹം നല്കിയിരിക്കുന്നത്. പല്ലവി
കഴിഞ്ഞാല് രണ്ടോ മൂന്നോ ഒരുപോലെയുള്ള ചരണങ്ങളാണ് പതിവ്. ഈ ചരണങ്ങളിലെ ആദ്യ പാദം
സ്വല്പം ഉച്ചസ്ഥായിയിലാണെങ്കില് രണ്ടാം ഭാഗം അതിനും താഴെ. ചിലപ്പോള് ഇതു
മറിച്ചും. ചിലപ്പോള് ഒരു ഗാനത്തിലെ തന്നെ ചരണങ്ങള് വ്യത്യസ്ഥമാക്കാറുമുണ്ട്.
ശാസ്ത്രീയസംഗീതത്തിന്റെ സങ്കേതങ്ങളാണിവ. ഇതിൻ്റെ അപവാദങ്ങളില്ലാതില്ല. “വാസന്തപഞ്ചമി
നാളില്”ഈ രൂപത്തിലോ സങ്കേതത്തിലോ അല്ല
ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ സൌമ്യമായി തുടങ്ങി സാവധാനം പടര്ന്നു കയറുന്നു
ഈ സ്വരലത. തീവ്രമായ ക്ലൈമാക്സിലാണ് അവസാനിക്കുന്നത്.
പ്രിയതമന് വേറിട്ടു പോയതിലുള്ള
ദു:ഖമാണ് പശ്ചാാത്തലം. വരുമോ എന്ന ആശങ്ക പ്രമേയവും. വരുമെന്നുള്ള കിനാവാണ്
ആശ്വാസം. ഭാര്ഗ്ഗവീനിലയത്തിലെ ഭാര്ഗ്ഗവിക്കുട്ടിയുടെ സങ്കടങ്ങള്. ഓര്ക്കസ്ട്രേഷന്
ഒന്നുമില്ലാതെ നേരിട്ട്, പരാതി മട്ടിലാണ് തുടക്കം. ‘വാസന്ത..’യിലെ ‘വ’ യ്ക്കും ‘സ’ യ്ക്കും ഇടയ്ക്ക് അതിസൂക്ഷ്മമായി
നിബന്ധിച്ചിരിക്കുന്ന ഗമകമാണ് ആകർഷകത അണയ്ക്കുന്നത്. ഇത് അനായാസമായി
സാധിച്ചെടുക്കുന്നത് എസ്. ജാനകിയുടെ പതിവ് വിരുത് തന്നെ. ‘വരുമെന്നൊരു കിനാവ് കണ്ടു’ ആവർത്തിക്കുന്നു, രണ്ടാമത്തെ കിനാവു “കണ്ടു” എന്നതിലാണ്
ഊന്നല്. ശ്രുതി മുകളിലാക്കി വ്യത്യസ്ഥ ഗമകത്തിലൂടെ ഇതു സാധിച്ചിരിക്കുന്നു.
‘വസന്തമോ
വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെന്
കണ്ണിന്മുന്നില് വരേണ്ടയാള് മാത്രം‘- പല്ലവിയേക്കള് സൌമ്യതയാണ് ഈ
ചരണത്തിനു. ‘കണ്ണിന്മുന്നിൽ ലെ ‘ഇൽ’ ജാനകിയുടെ പ്രത്യകതയായ ചെറിയ ഊന്നൽ കൊടുത്താണ്, ‘മാത്രം’ എന്നതിൽ ‘മാ’ കഴിഞ്ഞ് സൂക്ഷ്മ ഗമകം.
’ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയില് കേള്ക്കെ...’ ചരണം ആദ്യത്തെ ചരണത്തേക്കാളും ഉയര്ന്ന സ്ഥായിയിലാണ്.
പ്രതീക്ഷ സ്വല്പ്പം മിച്ചമുള്ളാതുകൊണ്ട് ഒരു പടി കയറുകയാണ് ഗാനം. ഈ രണ്ടു
ചരണത്തിനു ശേഷവും മറ്റു സാധാരണ ഗാനങ്ങളെപ്പോലെ പല്ലവി ആവര്ത്തിക്കുന്നില്ല.‘വാസന്തപഞ്ചമിനാളില്‘എന്നു
മാത്രമേ പാടുന്നുള്ളു. പടിപടിയായിക്കയറുന്ന യുക്തിക്കു ഭംഗം വരും ഇനിയും ‘കാത്തിരുന്നു
ഞാന്‘എന്നു പാടിയാല്. ‘നാളില്’ എന്ന
വാക്കു സൂക്ഷ്മമായ ഗമകത്തോടെയാണ് ഊര്ജ്വസ്വലമാകുന്നത്.
‘വന്നവന്
മുട്ടിവിളിക്കെ വാതില്പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്
കേള്പ്പിക്കാതെ ഒരുങ്ങി നില്ക്കും ഞാന്-‘
ദൃഢമായ
ചില നിശ്ചയങ്ങള്. പക്ഷേ, ഒരു പ്രസ്താവനയുടെ സാധാരണാത്വം
മാത്രമേയുള്ളു ആലാപനത്തിനു. ഇനി പല്ലവിയുടെ ആവര്ത്തനമില്ല. ഒരു വയലിന് ബിറ്റ്നു
ശേഷം പാട്ടു പൊടുന്നനവേ ഉച്ചസ്ഥായിയിലാകുകയാണ്. ഒരു നിലവിളി പോലെ ഈ വിലാപം ഉയര്ന്നു
പൊങ്ങുന്നു. വലിയ ഒരു തിരിച്ചറിവിന്റെ ആഘാതം രോദനമാകുന്നു. പതിയെ ഉയര്ന്നമേഘം
പെട്ടേന്ന് ഇടിവെട്ടി കണ്ണീര് പൊഴിക്കുന്നതുപോലെ. അതിതീവ്രമായ ക്ലൈമാക്സ്.
വിചാരധാരയും സംഗീതവും ഒന്നുപോലെ സ്ഫോടനാത്മകമാകുന്നു.
‘ആരുമാരും വന്നതില്ലാ ആരുമാരും
അറിഞ്ഞതില്ലാ …….ആത്മാവില് സ്വപ്നവുമായി കാത്തിരിപ്പു ഞാന്‘ എന്ന ചരണത്തിനു ഭാവത്വരിതത്തിനു ഡ്രംസുമുണ്ട് തബലയോടൊപ്പം.
ഗിറ്റാറിന്റെ നേരിയ പെരുമാറ്റങ്ങള് പിന്നിലുണ്ട്.
വരും
എന്നുള്ളത് ആത്മാവിന്റെ സ്വപ്നം മാത്രമാണെന്നു അവള്ക്കു മനസ്സിലായിരിക്കുന്നു.
പ്രിയതമന് എന്നെന്നേയ്ക്കുമായി മറഞ്ഞെന്ന അറിവ് കാലാകാലങ്ങളില് സഞ്ചരിക്കാന്
കഴിവുള്ള അവളുടെ ആത്മാവ് പിടിച്ചെടുത്തിരിക്കുന്നു. അപ്പോള് ആദ്യം പാടിയ ‘വരുമെന്നൊരു
കിനാവു കണ്ടു ‘ എന്നുള്ളത് അന്നേരത്തെ അനുഭവമല്ല. പണ്ടു നടന്ന കാര്യം ഒന്നു
പറഞ്ഞെന്നേ ഉള്ളു. വ്യര്ത്ഥമാണോ എന്ന സംശയവുമുണ്ട് “കാത്തിരിപ്പു
ഞാന്” എന്നതില് നിതാന്തമാണ് ഈ കാത്തിരിപ്പ് എന്നു ധ്വനി. ഇത്
ഭാവതീവ്രമാക്കുന്നത് ‘ഞാൻ എന്നതിലെ ഞാ ഒന്ന്
നീട്ടിയെടുത്താണ്.. എല്ലാം
മായക്കാഴ്ച്ചകൾ മാത്രമായിരുന്നു. ഗാനം പിന്തുടര്ന്ന നമ്മളും അറിഞ്ഞില്ല. അലയുന്ന
ആത്മാവിന്റെ ഒരു വിഭ്രാന്തി മാത്രം. ഭാര്ഗ്ഗവിക്കുട്ടിയുടെ ജീവിതകഥ തന്നെ. കഥയും
ഗാനവും സംഗീതവും ഒന്നിച്ച്രുരുകി സ്വയം വിളക്കിച്ചേര്ക്കുന്ന അവസ്ഥ. ജാനകിയുടെ
ആലാപനസവിശേഷത തന്നെ ഇതിൻ്റെ പിന്നിൽ.
ഇതുപോലെ ലളിതമായ തുടക്കത്തില്
നിന്നും ഗാനവും സംഗീതവും ഒരുമിച്ച് പടി കയറി ഔന്നത്യത്തിലെത്തുന്ന ഒന്നാണ് ബാബുരാജിൻ്റെ
തന്നെ “സൂര്യകാന്തീ“. മാനസികാസ്വാസ്ഥ്യം ബാധിച്ച ഭര്ത്താവിന്റെ
നിഗൂഢമായ പൂര്വകഥയെക്കുറിച്ചുള്ള സന്ദേഹമാണ് പശ്ചാത്തലം. നിഷ്പ്രഭനായ സൂര്യനെ
നോക്കിനില്ക്കേണ്ടി വന്നിരിക്കുന്ന സൂര്യകാന്തിയ്ക്കും നായികയ്ക്കും സമാന്തരമായ
ജീവിതഗതിയാണ്, സമാനമായ സന്നിഗ്ധാവസ്ഥയാണ്. അതുകൊണ്ട് സൂര്യകാന്തിയോടുള്ള
ചോദ്യമാണ് ഗാനം. ഭര്ത്താവിന്റെ പൂര്വകാമുകിയുടെ തിരോധാനമാണ് അദ്ദേഹത്തിന്് ഈ
മാനസികപ്രശ്നം വരുത്തിവച്ചിരിക്കുന്നത്,അവള്ക്കറിയാം. ഭാവത്തിലും
ആലാപനത്തിലും സങ്കേതത്തിലും വ്യത്യസ്തമായ രണ്ട് ചരണങ്ങളില്ക്കൂടിയാണ് ഈ പ്രമേയം
അവതരിക്കപ്പെടുന്നത്. എസ്. ജാനകിയുടെ കളകണ്ഠം നിഷ്പ്രയാസം ഹൈ പിച്ച് ഹമ്മിങ് ഉണര്ത്തുന്നതോടെയാണ്
ആരംഭം. ശോകച്ഛായയില്ല. സ്വല്പം ഊര്ജം ഉണ്ടുതാനും. ചോദ്യം ചോദിക്കാനുള്ള വരവല്ലെ.
സൂക്ഷഗമകങ്ങള് സമ്പന്നമാക്കിയിരിക്കുന്നു പാട്ടിനെ മുഴുവന്. സംഗതികള്
ബാബുരാജിന്റ് കയ്യൊപ്പുകളാണ്.
“സൂര്യകാന്തീ
സൂര്യകാന്തീ സ്വപ്നം കാണുവതാരെ? പ്രേമപൂജാപുഷ്പവുമായി തേടുവതാരെ ആരെ?“ എന്നു തുടങ്ങുന്നത് വളരെ മന്ദ്രമായാണ്. അതില് “തേടുവതാരെ“ ഗമകത്തോടെ
ഉറപ്പിച്ചിരിക്കുന്നു, കാരണം അന്വേഷണമാണ് സന്ദര്ഭം.
പിന്നീട് പ്രിയനെ നോക്കിനിന്നു പരിക്ഷീണയായി ആലസ്യത്തിലാണ്ട, നിതാന്തമായ
തപസ്സനുഷ്ഠിക്കുന്ന കന്യകയാണ് സൂര്യകാന്തിയെന്ന് അവള് നിരീക്ഷിക്കുന്നു. ആവര്ത്തിക്കപ്പെടുന്ന
സൂര്യകാന്തീ, ആരെ, തേടുവത്, എന്നീ
വാക്കുകള് ഗമകങ്ങളുടെ സുഭിക്ഷത കൊണ്ട് മധുരതരവും അതേസമയം നിശിതവുമാണ്. പിയാനോയുടെ
ചില മുഴങ്ങുന്ന സ്വരങ്ങള് നിഗൂഢതയ്ക്കു വേണ്ടിയാവാം പാടുന്ന സ്വരത്തിനു
പ്രതിബിംബമെന്നോണം ഇറ്റുവീഴ്ത്തിയിട്ടുണ്ട്. ‘വെയിലറിയാതെ മഴയറിയാതെ .... എന്ന ചരണം സ്വല്പം കീഴ്സ്ഥായിയില് തുടങ്ങി, രണ്ടാം
ഭാഗം സ്വല്പം മേല്പ്പോട്ട് ഉയരുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘വെയിലറിയാതെ
മഴയറിയാതെ......പോകുവതറിയാതെ‘ എന്നതിലെ “അറിയാതെ” എന്ന
വാക്കിലെ നിഷേധസൂചകമായ അവസാനരണ്ടക്ഷരങ്ങള് ആദ്യത്തെ ഗമകത്തില് നിന്നും ശ്രുതി
ഉയര്ത്തിയിരിക്കുന്നു രണ്ടാമത്തെ “അറിയാതെ”യില്.
മൂന്നാമത്തേതില് പിന്നെയും ഉയരുന്നു. “ദേവതാരുവിന് തണലിലുറങ്ങും‘ സംഗതിയില്
മേല്സ്ഥായിയില് നിന്നും കുത്തനെയുള്ള ഇറക്കമാണ്, “ഉറങ്ങും” എന്ന
വാക്കിന്റെ ആലസ്യത്തെ ധ്വനിപ്പിക്കാന് ശ്രുതി താഴ്ത്തിയിരിക്കുകയാണ്. പക്ഷെ ഈ
നിപാതം അയത്നലളിതമായി ഒഴുകിയിറങ്ങുന്നതു പോലെയാണ്, ഈ അയത്നലാളിത്യം
എസ്. ജാനകിയുടെ കയ്യിലിരിപ്പ് ആണ്. പൊടുന്നനവെ കഠിനമായ ചോദ്യം
പൊട്ടീപ്പുറപ്പെടുകയാണ്. ഈ ചരണം ഉയര്ന്ന സ്ഥായിയിലാണ്. ‘ആരുടെ
കനകമനോരഥമേറി ആരുടെ രാഗപരാഗം തേടി
നീലഗഗനവനവീഥിയില്
നില്പ്പൂ നിഷ്പ്രപ്ഭനായ് നിന് നാഥന്?‘ സൂര്യകാന്തിയുടെ നാഥനായ സൂര്യന്
ഒളിമങ്ങി ആരെപ്രതീക്ഷിച്ച് നില്ക്കുന്നുവെന്നത് അവള് തന്നോടു തന്നെ നിസ്സഹായയായി
ചോദിക്കുന്ന ചോദ്യമാണ്. ചോദ്യം ആഞ്ഞു തറയ്ക്കന് വേണ്ടി ആദ്യപാദം കഴിഞ്ഞ് ഓര്കസ്ട്രേഷന്
സഞ്ചാരത്തിനു ശേഷം വീണ്ടും ആവര്ത്തിക്കുന്നു. അപ്പോള് ‘രാഗപരാഗ”ത്തിലെ ‘രാഗ‘
ഗമകത്തൊടു കൂടി ഉറപ്പിച്ചിരിക്കുന്നു. പരിഭവത്തിനു ആക്കം കൂട്ടാന്. “നീല ഗഗന
വന വീഥിയില് നില്പ്പൂ” വിന്റെ അതിമധുരമായ ആവര്ത്തനത്തില്
അതിശ്രദ്ധയോടെ ‘ഗഗന’യുടെ അവസാനത്തിലും ‘വന’ അവസാനത്തിലും
ഗമകങ്ങളുണ്ട്. നില്പ്പൂ എന്നതിലും സൂക്ഷ്മഗമകം പൊടി വിതറിയിരിക്കുന്നു.
പാട്ടിന്റെ “punch line' ആയ “ആരുടെ.....തേടി” സാമാന്യഗതി
വിട്ട് വളരെ മുകളില് സ്ഥാനമുറപ്പിച്ചിരിക്കയാണ്.
വേറൊരു ചെറിയ ട്രിക്കും ബാബുരാജ് ചെയ്തിട്ടുണ്ട് ഇതില്.
ആദ്യത്തെ ചരണം കഴിഞ്ഞ് പല്ലവി ആവര്ത്തിക്കുമ്പോള് “സൂര്യകാന്തീ” എന്നു
നീട്ടിയാണ് പാടുന്നത്.പാട്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇങ്ങനെയല്ല.
സൂര്യകാന്തിയുമായി കുറച്ച് അടുപ്പം നായികയ്ക്കു തോന്നിയതിന്റെ സ്വാതന്ത്ര്യത്തെ
ധ്വനിപ്പിക്കുന്നു ഇത്.
“സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ..’ ജോൺസൺ പതിവു രീതികളിൽ നിന്ന് സ്വൽപ്പം വിട്ടുമാറി
ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഗമകങ്ങളുടെ സുഭിക്ഷതയാണ് മുഖമുദ്ര. കൂടുതൽ
സാന്ദ്രമായ ശോകം സൂക്ഷ്മഗമകങ്ങളാലാണ് വെളിവാക്കുന്നത്. വേദനയുടെ
പ്രകമ്പനങ്ങൾക്കുള്ളിലേക്ക് താഴ്ന്നു പോകുന്ന ആലാപനം. അതിമനോഹരമായ സ്വർണ്ണ
മുകിലിനെ ദുഃഖത്തിൻ്റെ ആഴങ്ങളിലേക്ക് നിപതിപ്പിക്കുന്ന വിപരീതോക്തി നിറയെ. ‘സ്വപ്നം കാണാറുണ്ടോ’ എന്ന ചോദ്യം വ്യർത്ഥമാണ്. അത്
പണ്ടേ ഇല്ലാതായെന്ന് നായിക പ്രഖ്യാപിക്കുകയാണ്. “മൂകവേദന എന്നെപ്പോലെ എന്തിനായ് നീ മൂടിവെയ്പ്പൂ
ജീവനിൽ ‘ എന്ന് നായികയ്ക്കറിയാം.
വീണയുടെ നുനുത്ത ദോലനങ്ങളും സ്പന്ദനങ്ങളും
ഇത്രമാത്രം ദുഃഖം ഘനീഭിവിക്കപ്പെടുന്ന മറ്റൊരു പാട്ടില്ല നമുക്ക്. എസ്. ജാനകിയുടെ
ശോകച്ഛായാലാപനം വീണയുടെ സ്വനവുമായി മുഴുവനും ഉൾച്ചേരുകയാണ്. ആദ്യത്തെ നീണ്ട ഹമ്മിങ്ങ് പാട്ടിൻ്റെ ഗതിവിഗതികൾ
സൂചിപ്പിക്കുന്നുണ്ട്, ഒരു രാഗാലാപനത്തിനും അപ്പുറം പോകുന്ന മുന്നൊരുക്കങ്ങൾ. അതിനു ശേഷം
കൃത്യമായി വീണയുടെ വിലാപം. “വർഷസന്ധ്യാ...’ എന്നത് ഒരു നീണ്ട നിലവിളിപോലാകുന്നു. ഇവിടെ ജാനകി അത്യന്തം
മിതത്വവും ഒതുക്കവും പാലിച്ചിരിക്കുന്നതുകൊണ്ട് വേദന ഘനീഭവിക്കപ്പെടുന്ന
അനുഭവമാണ്. ‘മൂകവേദന എന്നെപ്പോലെ’ എന്ന ഭാഗം നിറുത്തപ്പെടുന്നു ,പിന്നെയും ‘വർഷസന്ധ്യാ......’ എന്ന ആക്രന്ദനത്തിനു
വേണ്ടിയാണിത്. “എന്തിനായ് മൂടി വെയ്പ്പൂ..’ അതുകഴിഞ്ഞാണ് സത്യം വെളിവാക്കാനെന്നപോലെ വന്നു
ചേരുന്നത്. ‘വസന്തരാത്രി..’ യിൽ ദുഃഖം കൂടുതലണയ്ക്കാൻ ‘രാ’ യ്ക്കും ‘ത്രി’യ്ക്കുമിടയ്ക്ക് സൂക്ഷ്മഗമകം ചേർക്കപ്പെട്ടിട്ടിട്ടുണ്ട്. അതു പോലെ
‘വിണ്ണിൻ വീഥിയിൽ’ ആവർത്തിക്കൊമ്പോൾ ‘വീ’ യ്ക്കും ‘ഥി’ യ്ക്കും ഇടയ്ക്കും.
ജാനകിയ്ക്ക് മാത്രം സാധിക്കുന്ന ഭാവോന്മീലനം ഇവിടെ വെളിവാകുന്നു. “കാണാറുണ്ടോ’ ആവർത്തിക്കുമ്പോൾ “ണ്ടോ” യ്ക്കും ഇത്
സംഭവിപ്പിക്കുന്നുണ്ട്. അവസാനം പല്ലവി ആവർത്തിക്കുന്നതിനു മുൻപ് ‘സ്വർണ്ണമുകിലേ..’ എന്ന് മാത്രം ഒരു ഉൾവിളി പോലെ
പൊന്തി വരുന്നതായി ജോൺസൺ സൂചിപ്പിക്കുന്നത് അതിലെ ‘ലേ’ വേദനാത്മകമായി നീട്ടിയെടുത്താണ്. നായികയോടൊപ്പം നമ്മളും കരയണമെന്ന്
സൂചിപ്പിക്കപ്പെടുന്നു എന്ന് തോന്നിയാൽ കുറ്റം പറയാനില്ല. ജാനകി തൻ്റെ സാമർത്ഥ്യം
കൊണ്ട് ഇത് എളുപ്പം സാധിച്ചെടുക്കുന്നു.
വിഷാദവും നിരാശയും –ബാബുരാജ്- ജാനകി ദ്വയം കൂടുതൽ പരീക്ഷണങ്ങളിൽ
‘തേടുന്നതാരേ ശൂന്യതയിൽ ‘ വിഷാദം
ഘനീഭിവിപ്പിച്ചെടുക്കാനുള്ള യത്നമാണ്, ബാബുരാജും ജാനകിയും അർപ്പണബോധത്തോടെ ഏറ്റെടുത്തു ഇത്, അതിൽ ഉജ്ജ്വല വിജയവും നേടി. ശോകത്തിൻ്റെ നിർവ്വചനങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ്
ആവിഷ്ക്കാരം. ഒരു വിരുത്തം പോലെ
തുടങ്ങുന്ന ഗാനം ഓരോ വാക്കും വിട്ട് വിട്ട് ആലപിച്ച് ഒരേ സമയം ചോദ്യവും പ്രഖ്യാപനവും അവതരിക്കപ്പെടുകയാണ്.
എസ്. ജാനകിയുടെ ആലാപനമികവ് സ്വതവേ പ്രദർശിതമാകുന്നതിൻ്റെ തെളിവ് ലഭിയ്ക്കുന്നത് ബാബുരാജ് എന്താണ്
നിർദ്ദേശിച്ചത്, ജാനകി അത് ബഹിർസ്ഫുരണമാക്കിയത് എങ്ങനെ എന്ന്
പരിശോധിയ്ക്കുമ്പോഴാണ്. ബാബുരാജ് ഇതു പാടി റെക്കോർഡ് ചെയ്തത് ലഭ്യമാണ്, അത് കേട്ടാൽ മതി. ആലാപനത്തിൽ
എപ്പോഴും ഉൾച്ചേർന്ന വിഷാദച്ഛായ പരിപൂർണ്ണമായും പാട്ടിൽ സമർപ്പിച്ചിരിക്കുന്നു.
‘ശൂന്യതയിലെ ‘ശൂ’ വളവുപുളവുകൾ കഴിഞ്ഞാണ് ‘ന്യ’യിൽ എത്തിച്ചേരുന്നത്, അവസാനത്തെ “ൽ” നീണ്ട ഗമകത്തിൽ തീരുന്നു. ‘മിഴികളേ’ യിൽ ‘ഴി’ യ്ക്കും ‘ക’ യ്ക്കുമിടയ്ക്ക് ഗമകങ്ങൾ
ഉള്ളത് രണ്ടാമത് ആവർത്തിച്ച് പാടുമ്പോൾ മാറ്റിയെടുത്തിട്ടുണ്ട്. ‘മിഴികളേ ആവർത്തിക്കുന്നുണ്ട്, രണ്ട് “ളേ” കളും രണ്ട് തരത്തിലാണ്.
രണ്ടാമത്തെ“ളേ” രാഗച്ഛായ തെളിയിക്കുന്ന ഹിന്ദുസ്ഥാനി മട്ടിലാണ്. ‘നിങ്ങൾ’ ഇലെ ‘ ൾ’ ഇനു ഊന്നൽ കൊടുക്കുന്നുണ്ട്. “ആരേ” ആവർത്തിക്കുമ്പോൾ സ്ഥായി ഒരു ഇറക്കത്തിലാണ്. ഇങ്ങനെ അതിസൂക്ഷ്മതയിലാണ് കമ്പോസിങ്ങ്. ഒരു സിം ഫണി എന്ന മട്ടിലുള്ള ഓർക്കെസ്ട്റേഷൻ
ഉടൻ പിന്തുണയുമായി എത്തുന്നുണ്ട്. ഒന്നാം ചരണത്തിൽ “രാവിൽ” എന്നത് ‘രാ’ നീട്ടിയെടുത്ത് കൂടുതൽ
ഭാവം ഉൾച്ചേർത്തിരിക്കുന്നു.”കണ്ണീരണിഞ്ഞ് ഞാൻ നിൽപ്പൂ’ ആവർത്തിക്കുന്നത് വിഷാദമിയറ്റാൻ സ്ഥായി താഴ്ത്തിയാണ്.
“നിൽപ്പൂ എന്നത്
ആദ്യം നീണ്ട ഗമകത്തിൽ അവസാനിക്കുന്നു, പിന്നത്തെ പൊടുന്നന്നവേ തീർക്കുകയാണ്. പക്ഷേ ‘ൽ’ ഇനു ഊന്നൽ
കൊടുക്കുന്നുണ്ട്. പിന്നെ പല്ലവി
ആവർത്തിക്കുന്നില്ല. ‘തേടുന്നതാരേ’ മാത്രം. രണ്ടാമത് പാടുമ്പോൾ സ്ഥായി ഉയരുന്നു, മാത്രമല്ല ‘താ’ യ്ക്കും ‘രേ’ യ്ക്കുമിടയ്ക്ക് ഗമക സ്പേസിൽ ഇത് പ്രകടമാണ്. ശേഷമുള്ള ഇൻ്റെർല്യൂഡിൽ സാരംഗിയുടെ നുനുത്ത
മീട്ടലുകൾ ദുഃഖം അധികതരമാക്കുന്ന അനുഭവം തരുന്നുമുണ്ട്. രണ്ടാം ചരണത്തിൽ ‘കൊട്ടാരമൊക്കെയും’ ഇലെ ‘ട്ടാ’ നീട്ടിയെടുക്കുന്നത് ഖേദം
ഘനീഭവിപ്പിക്കാനാണ്. ‘ചാമ്പലായ്’ ഇലെ “ലാ’ യ്ക്കും ഈ പരിചരണമുണ്ട്. ‘യ്’ സ്വൽപ്പം ഉയർന്ന സ്ഥായിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
കനകവിളക്കും പൊലിഞ്ഞു’ ആവർത്തിക്കുമ്പോൾ സ്ഥായി താഴ്ത്തി ഒരു നിപാതത്തോടേ സങ്കടം
ഉൾക്കൊള്ളുന്നു. രണ്ടാമത്തെ ‘കനക’ യിലെ ‘ക’ യ്ക്ക് സൂക്ഷ്മഗമകം. “നിങ്ങൾ’ ഇലെ ‘ൾ’ മനഃപൂർവ്വം ചെറിയ ഗമകത്തോടെ ഉയർത്തിസ്ഥാപിച്ചിരിക്കുന്നു.
അവസാനത്തെ ‘തേടുന്നതാരേ’ കടും നിരാശാദ്യോതകമായി നീട്ടിയെടുക്കുന്നുണ്ട്. ‘ഇനി ആരേയും തേടേണ്ടതില്ല’ എന്ന് സങ്കടത്തോടെ തീർപ്പ്
കൽപ്പിക്കുന്നതു പോലെ.
ഇപ്രകാരം അതി വൈദഗ്ദ്ധ്യത്തോട് കമ്പോസ്
ചെയ്യപ്പെട്ടതും അതിലും സൂക്ഷ്മതയോടെ ജാനകി പാടിഫലിപ്പിച്ചിരിക്കുന്നതുമായ അപൂർവ്വ
ശോകഗാനമാണ് ‘തേടുന്നതാരേ’. പക്ഷേ എസ്. ജാനകിയുടെ പതിവ് ക്ളിഷ്ടതയില്ല, ആയാസരഹിതമാണ്, എന്ന തോന്നൽ സമ്മാനിക്കുകയാണ്, അത് ഇവിടെയും നിഷ്പ്രയാസം
സാധിച്ചെടുക്കുന്നു. ഈ മാസ്മരികത സംഗീത സംവിധായകരെ തെല്ലല്ല
ആശ്ചര്യപ്പെടുത്തിയിട്ടുള്ളത്. നമ്മൾ, അനുവാചകർക്ക് ആശ്ചര്യമല്ല, ആ പാദങ്ങളിൽ തൊട്ട്
നമസ്കരിച്ച്, കിട്ടിയ മഹാഭാഗ്യത്തെ ഓർത്ത് അത്യാഹ്ളാദത്തിൽ വിഹരിക്കാനാണ്
തോന്നുക. ഇനി ശൂന്യതയിൽ അവരെ തേടേണ്ടതുണ്ടെങ്കിലും എല്ലാ പാട്ടുകളും ആ ശൂന്യത
മായിച്ച് അവിടെ നിറഞ്ഞു നിൽക്കുകയാണ്. അത് നിതാന്തമാണു താനും. ആ കനക വിളക്ക്
പൊലിഞ്ഞിട്ടില്ല, ഒരിക്കലും പൊലിയുകയുമില്ല.