Thursday, March 1, 2018

ക്ഷമിക്കണം സർ, ഇറച്ചി കഴിച്ച് രക്ഷപെട്ട കുലമാണ് നമ്മുടേത്


   വെജിറ്റേറിയൻ എന്നൊരു വാക്ക് മനുഷ്യകുലത്തിനു ഒരിക്കലും യോജിച്ചതായിരുന്നില്ല. പച്ചക്കറിക മാത്രം കഴിച്ച് അതിജീവിക്കുവാനുള്ള ശരീർഘടനയല്ല പരിണാമം മനുഷ്യനു കൽ‌പ്പിച്ചരുളിയത്. പല്ലും താടിയെല്ലുകളും കുടലും മനുഷ്യനെ  മാംസാഹരത്തിനു അനുയോജ്യമാക്കിയാണ് സംവിധാനം ചെയ്തെടുത്തിട്ടുള്ളത്. അതിവിദഗ്ധമായി ഉപകരണങ്ങൾ-മൂർച്ചപ്പെടുത്തിയ കല്ലുകൾ- ഉപയോഗിക്കാൻ അവന്റെ തലച്ചോറും പ്രാപ്തിയാക്കിയതോടെ മറ്റ് മാംസാഹാരിമൃഗങ്ങളുടെ ശരീരഘടനയിൽ നിന്ന് മാറ്റവും വന്നു ചേർന്നു. ഇരയെ കടിച്ചുകീറാൻ അതിശക്തവും നീളമുള്ളതുമായ കോമ്പല്ലുകൾ ആവശ്യമില്ലെന്നു വന്നു കൂടിയത് ആഹാരക്രമത്തിലുള്ള മാറ്റങ്ങളോടൊപ്പം ഉപകരണങ്ങളും ആയുധങ്ങളും നിർമ്മിച്ചെടുത്ത് പ്രയോഗിക്കാനുള്ള കഴിവും കരുത്തും അവൻ ആർജ്ജിച്ചതോടേ ആണ്.

    മറ്റുജന്തുക്കളെപ്പോലെ മനുഷ്യപരിണാമവും പരിസ്ഥിതിയും കാലാവസ്ഥയും ആഹാരലഭ്യതയും ചേർന്ന് പരുവപ്പെടുത്തി എടുത്തതാണ്. കായ്കനികളും മണ്ണിനടിയിലെ കിഴങ്ങുകളും പൂർവ്വിക കുരങ്ങുകളെപ്പോലെ ആദിമമനുഷ്യനും പതിവ് ആഹാരമായി ശീലിച്ചെങ്കിലും മരത്തിൽ നിന്നിറങ്ങി രണ്ടു കാലിൽ നിവർന്നു നിൽക്കാനും ഓടാനും പറ്റിയത് ആഹാരത്തെ സംബന്ധിച്ച് വൻ മാറ്റത്തിനാണ് അവസരമൊരുക്കിയത്. കയ്ക സ്വതന്ത്രമായതോടേ ശേഖരിച്ച ഭക്ഷണവുമായി ഓടാനും മൃഗങ്ങളെ ആക്രമിക്കാനും പിന്നീട് ഉപകരണങ്ങൾ നിർമ്മിച്ചെടുക്കാനും പ്രാപ്തമാവുകയും ചെയ്തു. കൽച്ചീളുകൾ കൊണ്ട് നിർമ്മിച്ച അപ്രാചീന ഉപകരണങ്ങൾ കിഴങ്ങുകൾ ചത്യ്ക്കാൻ മാത്രമല്ല മാംസം മുറിയ്ക്കാനും എല്ല് പൊട്ടിച്ച് മജ്ജ എടുക്കാനും അവസരമുണ്ടാക്കി. ഈ വേയിലാണ് മാംസാഹാരം അവന്റെ ഡിന്നർ മേശയിൽ പതിവായിത്തുടങ്ങിയത്. പാചകം എന്നത് കണ്ടുപിടിയ്ക്കുന്നതിനും ആയിരമായിരം കൊല്ലങ്ങൾക്കു മുൻപ്.

     എല്ലാ ജീവികൾക്കും ബാധകമായ അതിജീവനതത്വങ്ങളിൽ ചില പൊതു ഘടകങ്ങൾ ഉണ്ട്.  പരിണാമത്തിന്റെ ആധാരം ഈ പൊതുഘടകങ്ങളാണ്. പൊതുവേ പരിതസ്ഥിതിയിലുള്ള വൻമാറ്റങ്ങളാണ് പരിണാമത്തിന്റെ വെല്ലുവിളി. പരിതസ്ഥിതി (കാലാവസ്ഥ, ലാൻഡ് സ്കേയ്പ്, ഭൂമി/നിലത്തിന്റെ കിടപ്പ്, അവിടെ വളരുന്ന സസ്യങ്ങൾ/ജന്തുക്കൾ) മാറിയെങ്കിൽ അതനുസരിച്ച് പരിണമിക്കാൻ കഴിഞ്ഞെങ്കിൽ അതിജീവനത്തിനു സാദ്ധ്യതകളേറുകയാണ്. മൂന്നു പോംവഴികളാണു ജന്തുക്കൾക്ക് മുന്നിലുള്ളത്, ഇത്തരുണത്തിൽ: മറ്റൊരു സ്ഥലത്തേയ്ക്ക് മാറുക, മരിയ്ക്കുക, അവനവനെ മാറ്റിയെടുക്കുക ഇങ്ങനെ. ആഹാരരീതികൾ മാറ്റിയെടുക്കുക എന്നതാണ് ഏറ്റവും എളുപ്പവഴി.  മനുഷ്യപരിണാമസമയത്ത് ആഫ്രിക്കയിൽ നടന്ന പരിസ്ഥിതിമാറ്റങ്ങളെക്കുറിച്ച് വ്യക്തമായ അറിവുകൾ കുറച്ചെങ്കിലും ലഭിച്ചിട്ടുണ്ട് പല്ലുകളുടെ ആകൃതിയും പ്രകൃതിയും അവയുടെ ബലം, അവയിലുള്ള പോറലുകൾ/ പാടുകൾ പ്രത്യേകിച്ചും എന്തു കഴിച്ചിരുന്നു എന്നതിന്റെ അടയാളം-, താടിയെല്ലിന്റെ ആകൃതി, തലച്ചോറിന്റെ വലിപ്പം, ഉപയോഗിച്ച ഉപകരണങ്ങൾ ഇവയെല്ലാം അവരുടെ ആഹാരരീതികളെപ്പറ്റി വിശദമായ അറിവുകൾ നേടിത്തരികയാണ് ഇന്ന്.

 
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി സോറി ഇറച്ചി നമ്മളെ മനുഷ്യരാക്കി

 പല്ലുകളും താടിയെല്ലുകളും തരുന്ന തെളിവുകളേക്കാൾ പ്രാധന്യമർഹിക്കുന്നത് ആദിമകാലത്തെ ഉപകരണങ്ങളുടെ നിർമ്മിതിയും ഉപയോഗവും സൂചിപ്പിക്കുന്ന അറിവുകളാണ്. കൂർമ്മുനയുള്ള കല്ലുകൾ കിഴങ്ങുകൾ ചതയ്ക്കാനല്ല ഇറച്ചി കീറി എടുക്കാനും മുറിയ്ക്കാനുമാണ് പരികൽപ്പന ചെയ്തത്. ഫോസ്സിലുകളോടൊപ്പം മറ്റു ജന്തുക്കളുടെ എല്ലുകൾ കിട്ടിയവയിന്മേൽ അസ്ഥി പൊട്ടിച്ച് മജ്ജ എടുക്കാനുള്ള ശ്രമങ്ങളുടെ അടയാളങ്ങൾ കാണാനുണ്ട് എന്നത് വൻ തെളിവാണ്. ഇടത്തരം സസ്തനികളെ മാത്രമല്ല ചിലപ്പോൾ വലിയവയേയും ഭോജ്യവസ്തു ആക്കിയിരുന്നു നമ്മുടെ വല്യപ്പൂപ്പന്മാരും വല്യമ്മൂമ്മമാരും. പക്ഷികൾ, ഇഴജന്തുക്കൾ, മീൻ എന്നിവ ഇക്കാലത്ത് അവരുടെ മെനുവിൽ ഇടം പിടിച്ചിട്ടേ ഇല്ലായിരുന്നു എന്നത് കൗതുകകരമാണ്.  ഹോമോ സാപിയൻസ് സസ്തനികളിൽ ഒരു ജന്തു എന്നല്ലാതെ മനുഷ്യൻഎന്ന് വ്യ്വഹരിക്കപ്പെടുന്ന സാസ്കാരികസ്വരൂപം ആയി മാറിയത് ഇക്കാലത്താണെന്നാണു വിവക്ഷ. ഭൂപ്രകൃതിയും ആഹാരത്തിനു പറ്റിയ ജീവജാലങ്ങളും അവനെ അതിജീവനത്തിനുപയുക്തമാക്കാൻ പര്യാപ്തമാക്കിയെങ്കിൽ  അതിൽ മാംസാഹാരശീലത്തോട് ഇണങ്ങിയതിനു വലിയ പങ്കുണ്ട്. വലിപ്പമുള്ളതും സങ്കീർണ്ണമായതുമായ തലച്ചോറിനോടൊപ്പം രണ്ടുകാലിൽ നിവർന്നു നിൽക്കാനും ഓടാനും പറ്റിയ അനാറ്റമി ഉൾച്ചേർന്നത് ഉപകരണങ്ങൾ (tools) കൊണ്ടുനടക്കാനും ഉപയോഗിക്കാനും ശേഖരിച്ച ആഹാരം മറ്റ് സ്ഥലങ്ങളിൽ എളുപ്പം എത്തിക്കാനും സൗകര്യമരുളി. സാമൂഹിക ബന്ധങ്ങൾ നിർമ്മിച്ചെടുക്കാനും നിലനിർത്താനും ഭാഷ എന്ന വരം സ്വയം നേടി, ഭാവിയിലേയും ഭൂതകാലത്തിലേയും കാര്യങ്ങൾ പരസ്പരം കൈമാറാൻ വ്യഗ്രത കൈവന്നു. ആഹാരം പങ്കുവയ്കുകയും കൈമാറ്റം ചെയ്യുകയും എന്നത്  നിയമസൃഷ്ടമായ സംഘടിതഉത്തരവാദിത്തമായി (corporate responsibility)  വ്യവസ്ഥകളിൽ ഉൾച്ചേർത്തു. വേട്ടയാടിയതോ സംഭരിച്ചതോ ആയ ഭക്ഷ്യങ്ങൾ  കൊണ്ടുചെന്ന് വീതിച്ചെടുക്കാൻ വീട് എന്ന സുനിശ്ചിതകേന്ദ്രം സങ്കൽപ്പ-ഭൗതികതലങ്ങളിൽ പ്രായോഗികമാക്കി. ഭൂപ്രകൃതിദൃശ്യ (landscape) ത്തോട് ഇണങ്ങിച്ചേർന്ന്, കൂടുതൽ മാംസാഹാരശീലങ്ങളിലേക്ക് പ്രവേശിച്ച കാലങ്ങളിലാണ് ഈ മാറ്റങ്ങളുടെ സൂചനകൾ കാണപ്പെടുന്നത്.  

      എന്താണു കഴിക്കുന്നത് എന്നത് അല്ലെങ്കിൽ  നെടുനാളത്തെ ആഹാരരീതി  ശരീരധർമ്മവ്യ്വസ്ഥയിൽ (ഫിസിയോളജിയിൽ) സാരമായ മാറ്റങ്ങളാണു വരുത്തുന്നത്. മാത്രമല്ല പരിണാമത്തിന്റെ ചില വഴികൾ തുറക്കപ്പെടുന്നതും ഇപ്രകാരമാണ്. ചിമ്പൻസികളും ഗൊറില്ലകളും ഉദാഹരണമായെടുക്കാം. പഴങ്ങൾ രണ്ടുകൂട്ടർക്കും പ്രിയതരമാണ്; ഇല്ലാതെ വന്നാൽ നാരുകൾ ധാരാളമുള്ള ഇലകളും ചില്ലകളുടെ ഉൾക്കാമ്പും കഴിച്ചു തുടങ്ങും ഇവർ, എന്നാൽ വ്യത്യാസമുണ്ടിതിൽ. ഗോറില്ലകൾ നൂറുശതമാനവും ഇപ്രകാരം നാരുകൾ അടങ്ങിയവ സാപ്പിടുമ്പോൾ ചിമ്പൻസികൾ വെറൈറ്റി തേടുന്നവരാണ്. ഇത് അവരുടെ ആവാസവ്യവസ്ഥകളിൽ വ്യത്യാസം വരുത്തുന്നു എന്ന് മാത്രമല്ല, ജീവചരിത്രത്തിലും സാരമായ വ്യതിയാനം ഉളവാക്കുന്നു. ഗൊറില്ലകൾ വേഗം പ്രായപൂർത്തി ആകുന്നവരാണ്, ഒൻപതു വയസ്സോടെ ആദ്യഗർഭം പേറും, ചിമ്പൻസിയ്ക്ക് പതിനാലു വയസ്സെങ്കിലും ആവണം ആദ്യഗർഭധാരണത്തിനു.  ഇലകൾ ധാരളമായുള്ള ഒരു ഡയറ്റ് ദഹനവ്യവസ്ഥ പരിപൂർണ്ണ വളർച്ചയിൽ എത്താൻ ആക്കം കൂട്ടുകയും പ്രവചിക്കാവുന്നതായ ഭക്ഷണശീലങ്ങളാൽ ശീഘ്രതരമായ വളർച്ചാ നിരക്കിലേക്കും പ്രത്യുൽ‌പ്പാദനരീതികളിലേക്കും പരിണമിക്കാൻ സാദ്ധ്യത അണയ്ക്കുകയുമാണ് ഉണ്ടായത്. ഇറച്ചി കഴിച്ചു തുടങ്ങിയ മനുഷ്യരും ഇതു പോലെ പരിണാമങ്ങൾക്ക് വശംവദനാവുകയാണുണ്ടായത്; ഇന്ന് കാണുന്ന മാനുഷികശൈലികളും രീതികളും മാംസാഹാരപ്രിയരായതിന്റെ പരിണിതഫലങ്ങളാണ്.

     ഫിസിയോളജി പരമായി മാംസം കൂടുതൽ ഊർജ്ജം നൽകും കോശങ്ങൾക്കും തദനുസാരാ ജന്തുശരീരത്തിനും. ഏകദേശം രണ്ടര മില്ല്യൺ കൊല്ലങ്ങൾക്ക് മുൻപാണു ആദിമമനുഷ്യൻ കൂടുതൽ മാംസാഹാരിയായിത്തീർന്നത്.  ഒരു മില്ല്യൺ വർഷങ്ങൾക്കു മുൻപേ ഹോമോ എറക്റ്റസ്  (നമ്മുടേയും നിയാൻഡർത്താലിന്റേയും മുൻഗാമി) വലിപ്പമേറിയ തലച്ചോറുമായാണ് എത്തിയത്. തീറ്റ സംഭരിക്കാൻ വിസ്തൃത സ്ഥലികൾ തേടിയ ഇവർക്ക് താരതമ്യേന ചെറിയ പല്ലുകളും ചുരുങ്ങിയ വലിപ്പമുള്ള ചവയ്ക്കൽ പേശികളും അതുമൂലം  കടിച്ച് ചവയ്ക്കാൻ ശക്തിക്കുറവും ഉണ്ടായിരുന്നു എന്ന് മാത്രമല്ല അധികം നീളമില്ലാത്ത അന്നനാളവും ആയിരുന്നു.  അധികതരമാർന്ന ഊർജ്ജാവശ്യവും അത്ര ശക്തിയേറിയതല്ലാത്ത ചവയ്ക്കൽ/ദഹന കഴിവും തമ്മിൽ പൊരുത്തപ്പെട്ടത് കൂടുതൽ മാംസം ആഹാരക്രമത്തിൽ അവർ ഉൾപ്പെടുത്തിയിരുന്നതിനാലാണ്. ആകെയുള്ള ആഹാരത്തിന്റെ മൂന്നിലൊന്ന് ഇറച്ചി ആണെങ്കിൽ 13% കുറച്ച് ചവ്യ്ക്കൽ പ്രക്രിയ മതി! ഇത് വൻ ഊർജ്ജലാഭത്തിനാണ് വഴി വച്ചത്. കല്ലുപകരണങ്ങൾ മാത്രമല്ല ഇതിനു സഹായകമായത്,  സമയത്തോടേ പാചകം എന്ന വിദ്യ കണ്ടുപിടിക്കപ്പെടുകയും ചെയ്തു.  പാചകം കൂടുതൽ ജനകീയമായത് 500,000 വർഷത്തിനു മുൻപു മാത്രമാണ് എന്നേയുള്ളു.. മാംസദഹനപ്രക്രിയയിൽ വൻ വിപ്ലവമാണ് പൊരിയ്ക്കൽ/ചുടൽ/ വേവിക്കൽ വരുത്തിത്തീർത്തത്  കല്ലുപകരണങ്ങളും ഈ ഊർജ്ജലാഭവും ഹൊമോ വിഭാഗത്തെ പരിണാമപരമായി അതിജീവനത്തിനു സഹായിച്ചു, അവർ മുന്നേറി. കാലവസ്ഥാവ്യതിയാനത്തിൽ സസ്യജാലങ്ങൾ പുഷ്ക്കലമല്ലാതായി, രക്ഷപെടണമെങ്കിൽ ഇറച്ചി ശരണം എന്ന് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടിയും വന്നു കാണണം.  നാലോളം മില്ല്യൻ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഓസ്റ്റ്രലൊപിത്തെക്കസ് ( നമ്മുടെ “ഹൊമൊ” പരമ്പരയുടെ പിതാമഹന്മാർ) ഇപ്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കതിരുന്നവർ ആയിരിക്കണം, നാശോന്മുഖമായി അവരുടെ കുലം. പിന്നീടു വന്ന പാരാന്ത്രോപസ്( 2.7 മില്ല്യൺ വർഷം മുൻപ്) ഒന്നരമില്ല്യൺ കൊല്ലങ്ങളോളം ഭൂമിവാസം കഴിഞ്ഞ് അപ്രത്യക്ഷരായവരാണ്. സ്വന്തം ആഹാരക്രമത്തിൽ വിട്ടു വീഴ്ച്ചകൾ ചെയ്യാൻ പറ്റാത്തവർ, ആവാസസ്ഥലം മാറിപ്പോകാത്തവർ ആയിരുന്നിരിക്കണം ഇവർ. വലിയപല്ലുകൾ ഉണ്ടായിരുന്നു ഇവർക്ക്, കൂടുതൽ സസ്യാഹാരം കടിച്ചരയ്ക്കാൻ.  കുരുവും കായ്കളും പൊട്ടിയ്ക്കാൻ തക്കവണ്ണം പല്ലുകൾ രൂപീകരിക്കപ്പെട്ട ഇവരെ “Nutcracker” എന്ന ഓമനപ്പേരു വിളിച്ചു നരവംശശാസ്ത്രജ്ഞർ. ഒരുപക്ഷേ ഇറച്ചിതീറ്റയിൽ വേണ്ടത്ര ആഭിമുഖ്യം പുലർത്താത്തവർ ആയിരുന്നിരിക്കണം ഇവർ.  അതുമൂലമാണത്രെ കൊടും കാലാവസ്ഥാവ്യതിയാനങ്ങളിൽ പിടിച്ചു നിൽക്കാൻ പറ്റാതെ പോയത്, കുലവുമതിനിഹ അറുതി വന്നത്.

   500,000 വർഷങ്ങൾ മുൻപ് തുടങ്ങിയ ഇറച്ചിപൊരിയ്ക്കൽ പിന്നെ മനുഷ്യൻ വിട്ടുകളഞ്ഞില്ല. അവന്റെ കുലം രക്ഷിച്ചു നിറുത്തിയ, ഒരു വരദാനം എന്നോണം വന്നുകയറിയ ഈ സ്വഭാവം എന്തിനു വേണ്ടെന്നു വയ്ക്കണം? നമ്മുടെ വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും മാംസാഹാരം എത്രമാത്രം ജനപ്രിയമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സീതയും ശ്രീരാമനും നോൺ വെജിറ്റേറിയൻ ആയിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്ന എത്രയോ വരികളുണ്ട് രാമായണത്തിൽ.
 വൈദേഹി തന്നൊടു കൂടവേ രാഘവൻ
സോദരനോടുമൊരു മൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു...
സീതയ്ക്കാവട്ടെ  പൊരിച്ച മാംസം അതിപ്രിയവുമാണ്. ചിത്രകൂടത്തിലെത്തിയപ്പോൾ ഭാര്യയെ സന്തോഷിപ്പിക്കാൻ രാമനു തിടുക്കം

ആ മലമ്പുഴയവ്വണ്ണം കാട്ടി വൈദേഹി സീതയെ
മാംസത്താൽ പ്രീതയാക്കിക്കൊണ്ടിരുന്നാൻ ഗിരിസാനുവിൽ;
ഇതു മൃഷ്ടമിതോ സ്വാദു, വിതു തീയിൽ പൊരിച്ചതാം
എന്നങ്ങിരുന്നാൻ ധർമ്മിഷ്ഠൻ സീതയോടൊത്തു രാഘവൻ   


ശു ഒരു വികാരമാണോ?
പശുവിനെ സംബന്ധിച്ച് ഞാൻ ഒരു വികാരജീവിയാണ് എന്ന് ആരെങ്കിലും പ്രസ്താവിച്ചാൽ അത് സ്വാഭാവികമല്ല. ഈയിടെ മുളപ്പിച്ച വിദ്വേഷവിത്ത് നാലു കാലും വാലുമായി നടന്നു തുടങ്ങിയതാണത്. പശുവിനെ ആരാധിയ്ക്കുന്നു എന്ന് അവകാശപ്പെടുന്നവർ ഏട്ടിലെ പശു പുല്ലു തിന്നുന്നില്ല എന്നത് മറ്റുള്ളവർ മനസ്സിലാക്കിയിരിക്കുന്നു എന്ന് അറിയുന്നില്ല. പശുവിനെ ആരാധിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ ആരാധിയ്ക്കുന്നില്ല എന്നു മാത്രമല്ല അത്യന്തം വെറുക്കുകയുമാണ് പശുവിനെ, പ്രത്യേകിച്ചും വടക്കെ ഇൻഡ്യയിൽ.  
 അവിടത്തെ അമ്പലങ്ങളിൽ ചപ്പു ചവറിനോടൊപ്പം  പ്ളാസ്റ്റിക് തിന്നുന്ന പശുക്കൾ ധാരാളം. ഉദാഹരണത്തിനു പുരി ജഗന്നാഥക്ഷേത്രത്തിനു ചുറ്റുമുള്ള നിത്യക്കാഴ്ച്ചയാണിത്.  അവയെ ഈ ആരാധകർ എന്ന് ചമയുന്നവർ  രക്ഷപെടുത്തുന്നില്ല. തെരുവുകളിൽ അലഞ്ഞുതിരിയാൻ വിട്ട് വാഹനങ്ങൾ മുട്ടി മരിയ്ക്കുന്ന കന്നുകാലികളെക്കുറിച്ച് ഈ വികാരജീവികൾക്ക് സഹതാപവുമില്ല. ഏറ്റവുമധികം ബീഫ് കയറ്റി അയക്കുന്ന രാജ്യം ഇൻഡ്യയാണെന്നുള്ള സത്യവും ഇവർ സൗകര്യപൂർവ്വം മറക്കുന്നു.

അവലംബം
  1. Dink K. D. and Lieberman D. E. Impact of meat and lower Paleolithic food processing techniques on chewing in humans. Nature 531: 500-503, 2016
  2. J. Kluger. Sorry vegans: here’s how meat-eating made us human. Time. March 9, 2016
  3. Ungar P. S. Evolution of the Human Diet. Oxford  University Press 2007, pp 407
  4. Ungar P. S. Evolution’s Bite –A story of teeth, diet and human origins. Princeton University Press. 2017 pp 236