Friday, September 25, 2009

പൊൻ വെയിൽ മണിക്കച്ചയഴിഞ്ഞുവീണു.........

ശ്രവണസുഖത്തിന്റെ നിദർശനമായി കണക്കാക്കാവുന്നതാണ് “പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീണൂ സ്വർണ്ണപീതാംബരമുലഞ്ഞു വീണു…“ എന്ന യേശുദാസ് കളകണ്ഠ നിസ്വനഗാനം. ലോലവും മൃദുവുമാണ് ഗാനപരിചരണം. നൂപുരങ്ങൾ അഴിച്ചു വച്ച കാളിന്ദിയുടെ ഒഴുക്ക്. തീക്ഷ്ണപ്രണയഭാവത്തെ സ്നിഗ്ദ്ധതയിൽ നീറ്റിയെടുക്കൽ. നാദസ്വരത്തിന്റെ ഉചിത നിയോഗസാന്നിദ്ധ്യം അണയ്ക്കുന്ന പ്രത്യേകത. ഇവയോടെല്ലാം യോജിച്ചുപോകുന്ന കവിത. ആലാപനപ്രസന്നതയുടെ നറുമധുരം വിട്ടുംവച്ചു പോകുന്നത് പാട്ടിന്റെ മണിക്കച്ച ഉലഞ്ഞുവീഴുമ്പോഴുള്ള അനുഭവസായൂജ്യം.

ദക്ഷിണാമൂർത്തി-ശ്രീകുമാരൻ തമ്പി സഖ്യത്തിൽ നിന്നും ഉടലെടുത്ത നിരവധി കേൾവിക്കുളിർ ഉൾക്കൊള്ളുന്ന പാട്ടുകളിലൊന്നായി കണക്കാക്കാമെങ്കിലും വളരെ പ്രത്യേകതകൾ പേറുന്നു, ‘പൊന് വെയിൽ മണിക്കച്ച …‘ ഓർകെസ്ട്രേഷനിലെ പുതുമകളും ശിൽ‌പ്പപരിചരണത്തിൽ ആവിഷ്ക്കരിയ്ക്കപ്പെട്ട വ്യത്യസ്ത സങ്കേതങ്ങളും ഈ പാട്ടിനെ ഇവരുടെ മറ്റു പാട്ടുകളേക്കാൾ ഒരുപടി മേലെ നിറുത്തുന്നു. ശങ്കരാഭരണത്തിന്റെ ഗാംഭീര്യപ്രൌഢി ഒഴിച്ചു നിറുത്തി മന്ദ്രത കുറുക്കിയെടുത്ത് പ്രണയലോലന്റെ പ്രേമപൂർത്തിയ്ക്കുള്ള അഭിലാഷയാചനങ്ങൾക്കായി ഒരുക്കിയെടുത്തിരിക്കയാണ് ഇവിടെ. ശ്രീകുമാരൻ തമ്പി ശ്രദ്ധിച്ചെഴുതിയ ഗാനത്തിൽ നാദസ്വരത്തെ ഒരു പശ്ചാത്തലം എന്നല്ലാതെ സംഗീതസമഷ്ടിയിൽ വിളക്കിച്ചേർത്ത് ഭാവസാന്ദ്രമാക്കിയതിൽ സംഗീതസംവിധായകന്റെ വിരുതും ചില്ലറയല്ല. പാശ്ചാത്യസംഗീതസങ്കേതങ്ങൾ വിദഗ്ധവും എന്നാൽ ഒട്ടും പ്രകടവുമല്ലാതെയാണ് നിബന്ധിച്ചിരിക്കുന്നത്.

കണ്ണന്റെ മന്മഥലീലാവിനോദങ്ങൾ അനുകരിയ്ക്കുന്ന പ്രകൃതിയെ പ്രിയതമയിലേക്ക് ആവാഹിക്കാനുള്ള നായകന്റെ ഉദ്യമമാണ് ഗാനപ്രമേയം. രതിലീലയ്ക്കു തയാറാകാ‍ാനുള്ള ക്ഷണം പ്രകൃതിസൂചകങ്ങളിൽക്കൂടിയാണ് നായകൻ വെളിവാക്കുന്നത്. ‘പ്രകൃതി ഇതാ വിവസ്ത്രയാകുന്നു എന്തുകൊണ്ടു നീയും ഇല്ല’ എന്ന ചോദ്യം ഗാനരചയിതാവ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് അതീവപാടവത്തോടെയാണ്. പ്രണയബദ്ധരായ മൂന്നു ഇണകളാണ് ഈ ഗാനത്തിൽ. കണ്ണനും രാധയും, രാധയെപ്പോലെ രതിയ്ക്കു തയാറാകുന്ന സുന്ദരി വനറാണി, പിന്നെ കഥാനായകനും നായികയും. സമയം സന്ധ്യയാവുകയാണ്. വെയിൽ മങ്ങുന്നത് പൊൻ മണിക്കച്ച അഴിഞ്ഞുവീഴലാണ്, സ്വർണ്ണപീതാംബരം ഉലഞ്ഞു വീഴലാണ്. സന്ധ്യാവേളയിലെ സിന്ദൂരവർണ്ണം അവളുടെ മുഖം തുടുക്കലാണ്, വനറാണിയും സന്ധ്യയും കാളിന്ദിയും രതിലീലാമോഹാവേശിതരായി സ്വയംസമർപ്പണത്തിനൊരുങ്ങുകയാണ്. സന്ധ്യ ഒരു ഗോപസ്ത്രീ തന്നെ. നക്ഷത്രങ്ങൾ ഉദിച്ചത് അവളുടെ ചെന്തളിർ മേനിയിലെ നഖക്ഷതങ്ങൾ തന്നെ. നിലാവിൽ മന്ദതയാർന്ന തെല്ലു നിശബ്ദയായ കാളിന്ദിയാകട്ടെ നൂപുരങ്ങൽ അഴിച്ചു വച്ച് മയക്കത്തിലാകുന്നതാണെന്നാണ് നായികയെ ബോദ്ധ്യപ്പെടുത്തുന്നത്. മന്മഥലീലയ്ക്ക് അനുയോജ്യപശ്ചാത്തലമൊരുക്കുകയല്ല പ്രകൃതി, മന്മഥലീല കൊണ്ടാടുക തന്നെയാണ്. വിജൃംഭിതയായ പ്രകൃതി കാമമുണർത്താൻ പര്യാപ്തം. പ്രകൃതിയുടെ ഈ കാമസംത്രാസം പ്രണയിനിയിൽ മോഹാവേശമുണർത്തുമെന്ന്, കണ്ടു കണ്ടു കൊതി കൊണ്ടു നിൽക്കുമെന്ന് മാത്രമല്ല, മണിക്കച്ച അഴിച്ച അവൾ തന്റെ രതിവീണയാകുമെന്ന് കൂടിയാണ് പ്രത്യാശ. അവൻ സ്വയം രാജീവനയനനാകുകയും അവൾ രാധികയുമായാൽ കണ്ണന്റെ മാറിൽ വനമാലയായി പറ്റിച്ചേരാം. ശ്രീകുമാരൻ തമ്പി ബിംബ-പ്രതിബിംബങ്ങൾ മിഴിവോടെയും യുക്തിസഹമായുമാണ് വിന്യസിച്ചിട്ടുള്ളത്. സാ‍ധാരണ സിനിമാഗാനങ്ങളിൽ കാണാത്തതാണ് ഇതിലെ കാവ്യസങ്കേതനിലകൾ.

മധുരസംഗീതനിബന്ധനം കൊണ്ട് ഗാനത്തിലെ കൊഴുപ്പിച്ച കാമത്തെ, തീവ്രശൃംഗാരത്തെ ലഘൂകരിച്ചിരിയ്ക്കയാണ് ദക്ഷിണാമൂർത്തി. ഈ നേർപ്പിച്ചെടുക്കൽ പാട്ടിലുടനീളം വിളങ്ങി വിലസുകയാണ്, റൊമാൻസിന്റെ കടുപ്പച്ചായ ഒന്നയച്ചിരിക്കയാണ്. നായകന്റെ ചോദ്യം ചോദിയ്ക്കലൊക്കെ സൌമ്യതരമായാണ്. സാവധാനം അഴിഞ്ഞുവീഴുന്ന മണിക്കച്ച പോലെ ആദ്യവരിയും മെല്ലെ അഴിഞ്ഞടരുകയാണ്. “പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീണു” അയത്നലളിതമായ നിപാതം പോലെയാണ് ഈ ചിട്ടപ്പെടുത്തൽ. മെനഞ്ഞെടുത്ത ഗാനപരിസരം സന്ധ്യയാകയാൽ സന്ധ്യയുടെ പ്രതീതി വരുത്താൻ എതോ അമ്പലത്തിലേയെന്നപോലത്തെ നാദസ്വരാലാപനം. തുടക്കത്തിലെ നാദസ്വരബിറ്റിനു ശേഷം ഇടയ്ക്കയുമുണ്ട്. ഈ ഇടയ്ക്ക പല്ലവിയിലെ ആദ്യഭാഗത്തേയ്ക്കും സംക്രമിയ്ക്കുന്നുണ്ട്. ഒരു ദീപാരാധനപ്രതീതി. നാദസ്വരത്തെ ഇത്രയം സമാകലിച്ച വേറൊരു ഗാനം ഉണ്ടോ എന്നു സംശയമാണ്. മറ്റു ഗാനങ്ങളിൽ ചരണങ്ങൾക്കിടയ്ക്കോ ഒരു പശ്ചാത്തലം എന്ന നിലയ്ക്കോ അല്ലെങ്കിൽ സിനിമാ ഗാനചിത്രീകരണത്തിൽ നാദസ്വരം വായിക്കുന്ന കഥാപാത്രം വരികയോ ചെയ്യുമ്പോൾ ആവശ്യമെന്ന നിലയ്ക്കോ ആണ് നാദസ്വരം ഉപയോഗിക്കാറ്. ‘ശിങ്കാരവേലനേ ദേവാ“ (കൊഞ്ചും ശിലങ്കൈ) “നലം താനാ“ (തില്ലാനാ മോഹനാംബാൾ) ‘അനുരാഗനർത്തനത്തിൻ“ (സപ്തസ്വരങ്ങൾ) എന്നിവയിലെപ്പോലെ നായകൻ നാദസ്വരക്കാരനാവുമ്പോൾ പാട്ടിൽ അതിനുചിതമായി നാദസ്വരാലാപനം ഇഴചേർക്കുന്നതിൽ യുക്തിയുണ്ട്. കല്യാണഘോഷത്തെയോ ഉത്സവത്തെയോ ധ്വനിപ്പിക്കാൻ നാദസ്വരം ഉപയോഗിക്കപ്പെടാറുണ്ട്. (ദക്ഷിണാമൂർത്തിയുടെ തന്നെ “നാദസ്വരത്തിന്റെ നാദം കേൾക്കുമ്പോൾ“). എന്നാൽ ഇവയിലൊക്കെ നാദസ്വരം പാട്ടിനെ പിന്തുടരുകയോ പാട്ടിന്റെ വരികൾ ആവർത്തിക്കാനുള്ള ധർമ്മം എറ്റെടുക്കുകയോ ആണ്. ദക്ഷിണാമൂർത്തി-ശ്രീകുമാരൻ തമ്പി സഖ്യത്തിന്റെ തന്നെ “ഗോപീചന്ദനക്കുറിയണിഞ്ഞു” യിലും നാദസ്വരം ഇടയ്ക്ക് ഉണ്ടെങ്കിലും ഒരു ഫില്ലർ പോലെയേ ഉള്ളു. പാട്ടിന്റെ വരികളെ പിന്തുടരുക മാത്രം. ‘പൊൻ വെയിൽ മണിക്കച്ച ’യിൽ നാദസ്വരമാണ് ഭാവോന്മീലനത്തിനും ശിൽ‌പ്പചാരുതയ്ക്കും നിദാനം. ചരണങ്ങൾക്കിടയ്ക്ക് അത്യുത്സാഹം ദ്യോതിപ്പിക്കുന്ന സ്വരസംഘാതങ്ങൾ ഒരു ട്യൂൺ തന്നെ നിർമ്മിച്ചെടുക്കുന്നു. ചരണവരികളുടെ ആവർത്തനത്തിലും വോക്കലിനു പിന്നിലായി മന്ദ്രമായി ചില നാദസ്വര സ്വരസഞ്ചാരങ്ങൾ. അതിവിദൂരതയിൽ നിന്നും ഒഴുകിയെത്തുന്ന പോലെയാണ് ഇത് മൂളിവരുന്നത്. ദൂരെ നടക്കുന്ന ഒരു കല്യാണാഘോഷത്തേയോ ഉത്സവത്തിന്റെ പ്രതീതിയൊ ഈ ബിറ്റ് തോന്നിപ്പിയ്ക്കുന്നു എന്നു മാത്രമല്ല ആവർത്തിയ്ക്കപ്പെടുന്ന വരികൾ പുനർപ്രബലമാകുകയും ചെയ്യുന്നുണ്ട്. ഡിജിറ്റൽ റെകോറ്ഡിങ് ഇല്ലാത്ത കാലത്ത് എളുപ്പമായിരുന്നിരിക്കില്ല ഈ സാങ്കേതികത ഉൾച്ചേർക്കൽ.

ഹാർമണൈസിങ് വിദ്യകൾ

ഒരു മെലഡിയ്ക്ക് അനുപൂരകമായി അതിലെ ശ്രുതിയുടെ മേലായോ കീഴായോ മറ്റൊരു മെലഡി (counter melody)ചേർക്കുന്നതും ഒരേ മെലഡി മേലോ കീഴോ ആയി കൂടെപ്പാടി ഹാര്ര്മണൈസിങ് വരുത്തുന്നതും പാശ്ചാത്യസംഗീതത്തിലെ സങ്കേതങ്ങളാണ്. സംഘഗാനങ്ങളിൽ പലപ്പോഴും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് ഇത്, പ്രത്യേകിച്ചും സലിൽ ചൌധരിയുടെ ചില ഗാനങ്ങളിൽ. ‘നദി’യിലെ ‘നിത്യവിശുദ്ധയാം കന്യാമറിയമേ’ യിലും ഹാർമണൈസിങ്ങ് പരിചയപ്പെടുത്തിയ ഉദാഹരണങ്ങൾ കാണാം. 1972 ഇൽ “പൊൻവെയിൽ“ കമ്പോസ് ചെയ്യുമ്പോൾ ഇങ്ങനെ വളരെ അപൂർവ്വമായേ ഹാർമണൈസിങ് മലയാളം പാട്ടുകളിൽ നിബന്ധിയ്ക്കപ്പെട്ടിട്ടുള്ളു. കൌണ്ടർമെലഡിയും ഇത്ര കൃത്യമായും പ്രത്യക്ഷമായും പ്രയോഗിക്കപ്പെട്ടതും വിരളം. പിന്നീട് തികച്ചും സങ്കീർണ്ണമായിത്തന്നെ ഹാർമണൈസിങ്ങ് ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ളത് 1981 ഇൽ എസ്. ജാനകി പാടിയ “കൌമാരസ്വപ്നങ്ങൾ പീലി വിടർത്തിയ” (ചിത്രം ആരതി, എം. ബി ശ്രീനിവാസൻ സംഗീതം) എന്ന പാട്ടിലാണ്. ദക്ഷിണാമൂർത്തി ഈ പാശ്ചാത്യസംഗീതവിദ്യയെ സ്വീകരിച്ചിരിക്കുന്നത് അപൂർവ്വമാണ്. പൊൻ വെയിൽ മണിക്കച്ചയിലെ രണ്ടു ചരണങ്ങളിലും ഹാർമണൈസിങ്ങിന്റെ ഒരു വേറിട്ട ഉപയോഗം കാണാം. മെലഡിയും ഹാർമണൈസിങ് മെലഡിയും ഒന്നിച്ചാകാതെ വേർപെട്ടാണിവിടെ പ്രത്യക്ഷമാകുന്നത്. “സന്ധ്യയാം ഗോപസ്ത്രീ തൻ മുഖം തുടുത്തു” എന്ന വരിയുടെ അതേ ട്യൂണാണ് “ചെന്തളിർ മെയ്യിൽ താരനഖമമർന്നൂ’ എന്ന വരിയ്ക്ക് പക്ഷേ ശ്രുതി ഒന്നുയർത്തിയാണ്. കാ‍ഞ്ചന നൂപുരങ്ങൾ അഴിച്ചു വച്ചൂ’ എന്ന വരിയുടെ സംഗീതം തന്നെ ‘കാളിന്ദി പൂനിലാവിൽ മയക്കമായി’ എന്ന വരിപാടുമ്പോൾ. രണ്ടുപേർ ഇത് ഒന്നിച്ചു പാടിയാൽ ഒന്നിന്റെ ഹാർമണൈസെഡ് മെലഡിയാകും മറ്റൊന്ന്. ഹിന്ദി പാട്ടുകളിൽ ഇത്തരം പ്രയോഗങ്ങൾ പണ്ടേ കാണാറുണ്ട്. ‘ഗൈഡ്' (Guide-1965 സംഗീതം എസ്. ഡി. ബർമ്മൻ) ഇലെ പ്രസിദ്ധ പാട്ടായ “പിയാ തോസെ നൈനാ ലാഗെ രേ’ (http://www.youtube.com/watch?v=S_gzVisz0XI) യിൽ ഇതേ വിദ്യ ചെയ്തിരിക്കുന്നു. ചരണങ്ങളിൽ ഒന്നായ “ഭോർ കി ബേലാ സുഹാനീ നദിയാ കേ തീരേ’ (3മി. 34 സെ.) തന്നെ യാണ് “ഭർ കേ ഗാഗര് ജിസ് ഘഡി മേ…”യുടെ റ്റ്യൂണും. മറ്റൊരു ചരണമായ “രാത് കൊ ജബ് ചാന്ദ് ചമ്‌കേ ജൽ ഉഢീ മൻ മോരാ’ (7മി. 46 സെ.) ധുൻ തന്നെയാണ് പിന്നെ വരുന്ന “മേ കഹൂ മത് കരൊ ചന്ദാ..’യുടേതും. പക്ഷേ സ്ഥായി ഒന്നു മുകളിൽ. മലയാളത്തിൽ പിന്നീട് പലപാട്ടുകളിലും ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1977 ഇൽ ശ്യാം സംഗീതം നൽകിയ “ സന്ധ്യ തന്നമ്പലത്തിൽ” എന്ന പാട്ടിൽ ചരണങ്ങളുടെ ആദ്യവരി ആവർത്തിയ്ക്കുന്നതും ഇതേ സങ്കേതത്തിൽ തന്നെ. “മാഘമുകിൽ മാലികകൾ വന്നു തൊഴുതു“ തന്നെയാണ് മേത്സ്ഥായിയിൽ “രാഗമധുരാഞ്ജലികൾ വീണു തൊഴുതൂ“. അതുപോലെ “മാളികയിൽ നിന്റെ നിഴൽ….ന്റെ ഹാർമണൈസ്ഡ് മെലഡിയാണ് “പാദസരം പാടുമെന്നു കാത്തു സഖി ഞാൻ“. 1972 ഇൽ ദക്ഷിണാമൂർത്തി ‘പൊൻ വെയിൽ മണിക്കച്ച ..….’ ആവിഷക്കരിയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ തന്നെ സംഗീതപ്പുതുമയായിരുന്നു. ചരണങ്ങൾ ആവർത്തിയ്ക്കുമ്പോൾ നാദസ്വരാലാപനം കൊണ്ട് വ്യത്യസ്തമായ കൌണ്ടർ മെലഡി തിളങ്ങിത്തെളിയുന്നുണ്ട്. ‘സന്ധ്യയാം ഗോപസ്ത്രീതൻ …..‘ ഉം ‘കാഞ്ചന നൂപുരങ്ങൾ’ ഉം രണ്ടാമതു പാടുമ്പോൾ വോക്കലിനു പിന്നിലായി മറ്റൊരു ശ്രുതിയിൽ മന്ദ്രമായ നാദസ്വരം കേൾക്കാം. പാട്ടിന്റെ ട്യൂണിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്, അതിന്റേതായ ആരോഹണാവരോഹണക്രമങ്ങളുമുണ്ട്. തബല വിട്ട് തകിൽ ആകുന്നു താളാനുസാരി. ഈ ചമൽക്കാരങ്ങൾ ആവർത്തിക്കപ്പെടുന്ന ചരണത്തിനു താരള്യം നൽകുന്നു, ആശയത്തിനു പ്രബലതയും. നാദസ്വരം സൃഷ്ടിക്കുന്ന ഈ ഭാവപ്രചുരിമ ഒന്നു വേറെതന്നെ. ചരണങ്ങൾക്കിടയ്ക്കു വരുന്ന നാദസ്വരം അത്യുത്സാഹപ്രകമ്പനം അനുഭവഭേദ്യമാക്കുന്നെങ്കിൽ ചരണങ്ങളോടൊപ്പം കൌണ്ടർ മെലഡി സൃഷ്ടിയ്ക്കുന്ന നാദസ്വരം സ്നിഗ്ദ്ധതക്കുളിർ തൊട്ടുപുരട്ടുന്നു.


യേശുദാസിന്റെ മന്ദ്രമായ ആലാപനം നായകന്റെ മോഹാവേശിത പ്രലാപത്തെ പ്രേമാനന്ദമിഴിനീരിൽ മുക്കി തോറ്റിയെടുത്തിരിയ്ക്കയാണ്. ശങ്കരാഭരണത്തിൽ തന്നെ ചിട്ടപ്പെടുത്തിയ, പ്രണയിനിയോടുള്ള മറ്റൊരു നായകാപേക്ഷയായ “മാണിക്യ വീണയുമായെൻ..” താരതമ്യേന ലളിതമാണ് ആവിഷ്കാരത്തിലും ശില്പരൂപത്തിലും. ഗമകങ്ങൾ വളരെ കുറവാണ് ഇതിൽ. ഈ ലാളിത്യമായിരിക്കണം ആ പാട്ടിന്റെ പ്രചാരത്തിനു പിന്നിൽ. “നിന്റെ വേദന എന്നോടു ചൊല്ലുകില്ലെ? മുഖത്തു മറഞ്ഞ പുഞ്ചിരി എന്നിനി കാണും“ എന്നും മറ്റും ആശങ്കാകുലമാകുന്ന ഭാവത്തിലുള്ള പാട്ടിൽ തോരണങ്ങൾ അധികം ചാർത്തേണ്ടെന്ന് ദേവരാജൻ കരുതാനും മതി. എന്നാൽ ‘പൊൻ വെയിൽ…...’ ഇൽ രാധികേ, കാമിനീ സംബോധനകളൊക്കെ ഗമകങ്ങളാൽ സുഭിക്ഷം. “നഖമമർന്നൂ” “മയക്കമായി” എന്നിവിടങ്ങളിലെ അവസാന അക്ഷരം തീർത്തെടുക്കുന്നതിൽ സൂക്ഷ്മ സ്വരനിബന്ധനകൾ. “മയക്കമായീ“ എന്നിടത്ത് ആലസ്യഭാവം നൽകാൻ യേശുദാസ് വളരെ ശ്രദ്ധിച്ചിട്ടുമുണ്ട്.

ഓർകെസ്ട്രേഷനിൽ ലാളിത്യഭംഗി വിരചിയ്ക്ക്യ്ക്കുന്നതാണു ദക്ഷിണാമൂർത്തിക്കു ശീലമെങ്കിലും ചില വേറിട്ടവഴികളുമാവാമെന്നാണിവിടെ.ഇടയ്ക്കയും തകിലും ഭാവചാരുതയ്ക്കു ചേരും പടിയേ ചേർത്തിട്ടുള്ളു. പല്ലവിയിലെ അക്ഷരവിന്യാസക്രമത്തിനനുസരിച്ച് നടകൾ തീർക്കുന്ന തബല ചരണങ്ങളിൽ കാലം മുറുക്കിയെടുക്കുന്നു, പല സിനിമാഗാനങ്ങളിലേയും പോലെ. പക്ഷെ ചരണത്തിനു ശേഷം പല്ലവി ആവർത്തിയ്ക്കുമ്പോൾ ഇരട്ടിച്ച താളത്തിൽനിന്നും തിരിച്ചു സംക്രമിയ്ക്കുമ്പോൾ പല്ലവിയിലെ ഓരോ അക്ഷരത്തിന്മേലും വന്നു പതിയ്ക്കുന്ന തബല ബീറ്റ്സ് വളരെ ആകർഷകമാണ്.

Sunday, September 13, 2009

അത്യന്താധുനികത ശാസ്ത്രത്തിൽ- ആർത്തവരക്തം, വിത്തുകോശങ്ങൾ

അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം.

അത്യന്താധുനികർക്ക് ഇഷ്ടപ്പെട്ട വാക്കാണ് ആർത്തവരക്തം. സ്ത്രീലൈംഗികപ്രാപ്തിയെ സൂചിപ്പിക്കാനോ ബാല്യനഷ്ടത്തിനു ആലങ്കാരികമായി ഭാവുകത്വമണയ്ക്കാനോ എടുത്തുപയോഗിച്ച ഈ വാക്ക് ഭാഷയുടേയും ചിന്താഗതിയുടേയും പുരോഗതിസൂചകമാണെന്നു ധരിച്ചു വശായി എഴുത്തുകാർ.ജീവന്റേയും ആത്മാവിന്റേയും പ്രതിരൂപവും ലക്ഷണവുമായി പണ്ടേയ്ക്കുപണ്ടേ കരുതപ്പെടുന്ന രക്തത്തെ ലൈംഗികതയുമായി യോജിപ്പിക്കുന്നതിൽ കണ്ടെത്തിയ പുതുമ ആകർഷകമായി മാറിയതിൽ യുക്തിയുണ്ടു താനും.അൽ‌പ്പവിഭവന്മാർക്കും ശുഷ്കഭാവനാശാലികൾക്കും വായനക്കാരെ ഇക്കിളിപ്പെടുത്താൻ എളുപ്പവഴി. എന്നാൽ ജീവനൈര്യന്തരത്തിനു ആർത്തവരക്തം ചില ഉപായങ്ങൾ നൽകുകയാണെന്ന പരീക്ഷണശാലയിലെ കണ്ടുപിടിത്തം ആർത്തവരക്തത്തിനു എങ്ങാനുമില്ലാതിരുന്ന പ്രാധാന്യം കൈവന്നിരിക്കുന്നു. വിത്തുകോശങ്ങൾ (stem cells) ഉടെ അക്ഷയ ഖനിയാൺ മ്ലേച്ഛവും നികൃഷ്ടവും ആണെന്നു കരുതി ഒളിപ്പിച്ചു മാറ്റിക്കളയുന്ന ഈ ശരീരസ്രാവം.

രോഗബാധിതമായ കോശങ്ങൾക്ക് പകരം വയ്ക്കുന്ന പുതു കോശങ്ങളാണു സ്റ്റെം സെല്സ്. ഭ്രൂണവളർച്ചാകാലത്ത് ഹൃദയമോ കരളോ തലച്ചോറോ മസിലുകളോ ഒക്കെ ആയി മാറി സ്വന്തം വഴി തിരഞ്ഞെടുത്ത ഇവ നമ്മുടെ ശരീരത്തിൽ അധികമില്ല. ക്ഷതം ബാധിച്ച പോയ അവയങ്ങൾക്ക് അറ്റകുറ്റപ്പണികൾ വന്നുതീരണമെങ്കിൽ വിഘടിച്ച് ഉണ്ടാക്കിയെടുക്കാൻ സ്റ്റെം സെല്സ് ഈ അവയവങ്ങളിൽ ഇല്ല. ഭ്ര്രൂണവളർച്ചാസമയത്ത് വിഭേദീകരണ (differentiation) ത്തിനു മുൻപ് എല്ലാ കോശങ്ങളും ഏകദേശം നിരവധി അദ്ധ്യായങ്ങളുള്ള ഒരു പുസ്തകം പോലെയാണ്. ഒരു ന്യൂറോണോ പേശീകോശ(muscle cell) മോ ത്വക്കുകോശമോ ആയിത്തീരുമ്പോൾ ഈ പുസ്തകത്തിലെ അതാതു അദ്ധ്യായങ്ങൾ മാത്രം തുറക്കപ്പെടുകയാണ്. മറ്റ് അദ്ധ്യായങ്ങൾ എന്നെന്നേക്കുമായി അടയുകയും അവയിലെ എഴുത്ത് വായിക്കാൻ പറ്റാത്ത വിധത്തിലാവുകയും ചെയ്യും. അദ്ധ്യായങ്ങൾ ഇനിയും തുറക്കപ്പെടാത്തവയാണ് വിത്തുകോശങ്ങൾ. സ്വന്തം വഴി ഇനിയും തിരഞ്ഞെടുക്കാത്തവർ. അത്യാവശ്യം വേണ്ട നിർദ്ദേശങ്ങൾ കിട്ടിയാൽ ഇവ ചില അദ്ധ്യായങ്ങൾ തുറക്കാൻ സന്നദ്ധരായി പ്രത്യേക അവയവകോശങ്ങളായി മാറിയേക്കും. കോശാരോപം (cell transplantation) വഴി ജീവരക്ഷയ്ക്ക് അത്യാവശ്യമായ ഉപായം നൽകാൻ ഇന്ന് വിത്തുകോശങ്ങൾ ഉപയോഗിക്കപ്പെടുന്നു. പൊക്കിൾക്കൊടി (umbilical cord) യിലും അസ്ഥിയുടെ മജ്ജ (bone marrow) യിലും ആണ് വിത്തുകോശങ്ങൾ ധാരാളമായി കാണപ്പെടുന്നത്. കോശാരോപത്തിനു ഇവയാണ് ഉപയോഗിച്ചു വരുന്നതും. എന്നാൽ ഇനി തീണ്ടാരിച്ചോരയിലെ കുഞ്ഞു ജീവത്തുടിപ്പുകൾ ഇവയ്ക്കൊക്കെ പകരം വയ്ക്കാനാകും എന്നാണ് ശാസ്ത്രത്തിലെ അത്യന്താധുനികർ പറയുന്നത്..

ആർത്തവസമയത്ത് ഗർഭാശയഭിത്തിയിലെ ഒരു പാളി മുഴുവനുമാണ് ഇളകിപ്പോകുന്നത്. എന്നാൽ ഉടൻ രക്തക്കുഴലുകൾ ഉൾപ്പടെ 5 മില്ലിമീറ്റർ കട്ടിയുള്ള ഈ പാളി പുനർനിർമ്മിക്കപ്പെടും, വെറും ഏഴു ദിവസം കൊണ്ട്. കോടിക്കണക്കിനു വിത്തുകോശങ്ങളാണ് പുനർനിർമ്മാണത്തിൽ പങ്കാളികളാകുന്നത്. ഗർഭാശയഭിത്തി (uterine wall) ക്ക് ധാരാളം വിത്തുകോശങ്ങളെ തയാറാക്കി നിറുത്തേണ്ടതുകൊണ്ട് ഇത്തരം കോശങ്ങളുടെ ഖനി തന്നെയാണ് ഇവിടം. ആർത്തവസമയത്ത് ഇളകിവരുന്ന ഈ കോശങ്ങളിൽ വിത്തുകോശങ്ങൾ ധാരാളമായിക്കാണുന്നത് ന്യായം. പരീക്ഷണശാലയിലെ പ്ലാസ്റ്റിക് പിഞ്ഞാണങ്ങളിൽ എളുപ്പം വളരുന്നു ഇവ-20 മണിക്കൂറിൽ ഒരു വിഘടനം എന്ന കണക്കിൽ. അസ്ഥി, ന്യൂറോൺ, ഹൃദയ കോശങ്ങളുൾ‌പ്പെടെ ഒൻപതു തരം കോശങ്ങളായി വിഭേദീകരിക്കാൻ ത്രാ‍ണിയുമുണ്ടിവയ്ക്ക്. വിത്തുകോശങ്ങൾ എവിടുന്നൊക്കെ ശേഖരിക്കാം എന്നന്വേഷിച്ചു കൊണ്ടിരുന്ന ശാസ്ത്രജ്ഞർക്ക് അനുഗ്രഹമായിരിക്കയാണ് ഈ ‘അശുദ്ധ” രക്തം. കുട്ടികളുടെ കൊഴിയുന്ന പല്ലിനടിയിലും ലൈപൊസക്ഷൻ (liposuction) വഴി നീക്കുന്ന കൊഴുപ്പിനുള്ളിലും അലസിക്കപ്പെടുന്ന ഭ്രൂണത്തിലും വിത്തുകോശങ്ങൾ തേടി നടന്നവർക്ക് നിനച്ചിരിയാതെ കിട്ടിയ ഹിതലാഭം.

വിത്തുകോശസംഭരണത്തിനു നിലവിലുള്ള പ്രയോഗങ്ങളേക്കാൾ എന്തുകൊണ്ടും ഔന്നത്യവും പ്രഗതിയും അർഹിക്കുന്നു ഈ പുതിയ കണ്ടുപിടിത്തം. മജ്ജയിൽ നിന്നും ശേഖരിക്കപ്പെടുന്ന പോലുള്ള അതിക്രമിച്ചു കടക്കലൊന്നും ഇല്ല. പൊക്കിൾക്കൊടി മുറിച്ച് കൊശങ്ങൽ ശേഖരിക്കുന്നതിലെ കാര്യപ്രണാലികളൊന്നുമില്ല. ഏറ്റവും പുരോഗമനപരമായ കാര്യം പൊക്കിൾക്കൊടി ഭ്രൂണം ഇവയിൽ നിന്നൊക്കെ കോശങ്ങൾ എടുക്കുന്ന ഉപയോഗത്തിന്മേലുള്ള ധാർമ്മികപ്രശ്നങ്ങൾ മുഴുവനായും ഒഴിവാക്കപ്പെടുന്നു എന്നതാണ്. ഭ്രൂണങ്ങൾ വിൽ‌പ്പനച്ചരക്കാകുന്നുവെന്ന മുറവിളികൾക്ക് മറുപടിയും മറുകൃതിയും. മാത്രമല്ല ഒരിക്കൽമാത്രമേ ശേഖരിക്കപ്പെടാവവൂ എന്ന നിയന്ത്രണപരിമിതികളില്ല താനും. പന്ത്രണ്ടു വയസ്സു മുതൽ ഏകദേശം നാൽ‌പ്പത്തേഴു വയസ്സുവരെ അനുസ്യൂതമായി വന്നുചേരുന്നവയാണല്ലൊ ഈ കോശങ്ങൾ. അതും അതിധാരാളമായി. പൊക്കിൽക്കൊടി രക്തത്തിൽ നിന്നും കിട്ടുന്നപോലല്ല ഈ ചെറുതുള്ളികളിൽ ഉള്ളത്. കോടിക്കോടിക്കണക്കിനാണ്. പ്രതിരോധതന്ത്രങ്ങൾ (immune system) ശരീരത്തിൽ ചേർക്കപ്പെടുന്ന കോശങ്ങളെ ഒഴിവാക്കാൻ കളിയ്ക്കുന്ന കളികൾക്ക് എതിരെ നിൽക്കാനും ഈ ആർത്തവകോശക്കുഞ്ഞുങ്ങൾക്ക് ശക്തിയുണ്ടത്രെ.

ജീവന്മരണപോരാട്ടസമയത്ത് വിത്തുകോശങ്ങളുമായി വരുവാൻ സ്ത്രീകൾക്കു മാത്രമേ അവകാശമുള്ളു എന്നു ധരിച്ച് ആണുങ്ങൾ ബേജാറാവേണ്ട. ആണുങ്ങൾക്കും മടിയ്ക്കാതെ മുന്നോട്ടു വരാം, ഇതിൽ പങ്കെടുക്കാം. അവരുടെ വൃഷണങ്ങൾ (testis) വിത്തുകോശങ്ങളുടെ കലവറ കൂടിയാണെന്നാണ് കണ്ടു പിടിത്തം. ബീജങ്ങളാവാൻ തയാറെടുത്തുനിൽക്കുന്ന, തലയും വാലുമൊക്കെ വച്ചുതുടങ്ങാത്ത spermatogonia സംഭരിച്ച് ചില സൂത്രവിദ്യകളാൽ ബഹുപ്രബലകാരികളായ വിത്തുകോശങ്ങളാക്കി മാറ്റാം. പക്ഷേ സൂചിയും സിറിഞ്ചുമൊക്കെക്കൂടിയുള്ള ചില പ്രയോഗങ്ങൾ വേണ്ടിവരും ഇവയെ സ്വായത്തമാക്കാൻ. ലാബിലെ സ്ഫടികപ്പാത്രത്തിലെ ഒന്നുരണ്ട് ആഴ്ച സുഖവാസത്തിനു ശേഷംഈ ബീജജനിക്കുട്ടികൾ വിത്തുകോശങ്ങളായി മാറും. ശീതീകരണിയിൽ സൂക്ഷിയ്ക്കുക- അത്യാവശ്യം വരുന്ന സമയത്ത് ക്യാൻസറോ പ്രമേഹമോ തളർവാതന്മോ അങ്ങനെ അസ്കിതകൾ വരുമ്പോൾ എടുത്തുപയോഗിക്കാം.

ജൈവ ഇൻഷ്വറൻസ് (Bio insurance)

സമ്പത്തുകാലത്തു വിത്തുകൾ എടുത്തു സൂക്ഷിച്ചാൽ ആപത്തുകാലത്ത് നട്ടുനനച്ച് വിളവെടുത്ത് ശോഷിയ്ക്കുന്ന പത്തായങ്ങൾ നിറയ്ക്കാം എന്ന മാതിരിയുള്ള മുൻ‌കാഴ്ച്ചാപദ്ധതിപ്പഴഞ്ചൊല്ലുകൾ ഇവിടെയും ബാധകം. സ്വന്തം വിത്തുകോശങ്ങൾ സൂക്ഷിച്ചു വയ്ക്കുക, അനാ‍ാരോഗ്യകാലത്ത് ക്ഷയിക്കുന്ന അവയവങ്ങളിൽ തട്ടിപ്പൊത്തി വയ്ക്കാൻ. ജീവിതത്തിനു സംരക്ഷണയേകുന്ന ഇൻഷ്വറൻസ് പദ്ധതി തന്നെ ഇത്. ജൈവ ഇൻഷ്വറൻസ് (Bio insurance) എന്നൊരു പുതിയ വ്യവസ്ഥ ഇങ്ങനെ നടപ്പിലായി വരികയാണ് വിത്തുകോശങ്ങൾ വ്യക്തിഗതമായ ഏർപ്പാടായി മാറുന്നതിനാൽ. അവനവനു തന്നെയൊ ബന്ധുക്കാർക്കു വേണ്ടിയോ ആപത്തു കാലത്ത് എടുത്തുപയോഗിക്കാൻ സഞ്ചിത നിക്ഷേപപദ്ധതിയിൽ സൂക്ഷിച്ചു വയ്ക്കാം ഈ ആപൽബാന്ധവന്മാരെ.. സ്വന്തം കോശങ്ങൾ- ആർത്തവരക്തത്തിൽ നിന്നോ ബീജാണുക്കളോ- ആയതിനാൽ ശീതീകരണിയിൽ സൂക്ഷിക്കേണ്ടതിന്റെ ചിലവു മാത്രമേ വരികയുള്ളു. ജനിതകവൈകല്യങ്ങൾക്ക് സാദ്ധ്യതയേറുന്ന കുടുംബങ്ങളിൽ കുട്ടികൾ ഉണ്ടാകുമ്പോഴേ പൊക്കിൾക്കൊടിവിത്തുകോശങ്ങൾ എടുത്തു സൂക്ഷിയ്ക്കുന്ന പ്രവണത ഇപ്പോൾ തന്നെയുണ്ട്. ആർത്തവരക്തംശേഖരിയ്ക്കാനും തപാൽ വഴി അയയ്ക്കാനും ഉള്ള കിറ്റുകൾ വിപണിയിൽ ഇറങ്ങിക്കഴിഞ്ഞു. കൊഴിഞ്ഞപല്ലിലെ വിത്തുകോശങ്ങൾക്ക് ബയൊഈഡൻ, മജ്ജയിലെ കോശങ്ങൾക്ക് നിയോസ്റ്റെം, ആർത്തവരക്തകോശങ്ങൾക്ക് C’elle എന്നിങ്ങനെ പോകുന്നു ഈ വിപണിയിലെ കമ്പനികൾ.

രക്തബാ‍ങ്കു പോലെ വിത്തുകോശബാങ്കും തുടങ്ങാൻ എഴുപ്പവഴികളാണ് തുറക്കപ്പെടുന്നത്. കോശങ്ങളുടെ ചേർച്ച അനുസരിച്ച് സ്വീകാര്യത വിപുലപ്പെടാം. ഈ ബാങ്കുകളിൽ ശേഖരിക്കപ്പെടുന്ന വിത്തുകോശങ്ങളുടെ ബാഹുല്യവും വൈവിദ്ധ്യവും അനുസരിച്ച് സ്വീകരിക്കപ്പെടുന്നവരുടെ എണ്ണം അതിബ്രഹുത്തായിരിക്കും. ഹൃദയസംബന്ധിയായ പല അസുഖങ്ങൾക്കും വിത്തുകോശങ്ങൾ ഉപയോഗിക്കപ്പെടാം എന്ന പുതിയ അറിവ് വിപ്ലവാത്മകമായ മാറ്റങ്ങളാണ് വരുത്തിത്തീർക്കുന്നത്. ഹൃദയ കല (tissue) പുനർനവീകരണത്തിനു (regeneration) വശംവദമാകുമെന്ന അറിവ് നൂതനമാണ്. ഹൃദയത്തിന്റെ വേണ്ട ഭാഗത്ത് നിക്ഷേപിക്കപ്പെട്ട വിത്തുകോശങ്ങൾ മരാമത്തിലും അറ്റകുറ്റപ്പണികളിലും പങ്കെടുക്കുമെന്ന അറിവ് പുതിയ പരീക്ഷണങ്ങൾക്ക് വഴി തെളിയിച്ചിരിക്കയാണ്. കാർഡിയോളജി ക്ലിനിക്കുകൾ വൻപൻ മാറ്റങ്ങൾക്കു വിധേയമാകുമെന്നാണു സൂചന. സാഹിത്യത്തിൽ ആർത്തവരക്തം ലൈംഗികതാ സൂചനയാണെങ്കിൽ ഹൃദയം പ്രണയസംബന്ധിയുമാണെങ്കിൽ ഇവ രണ്ടും കൂട്ടിയൊജിപ്പിക്കുന്നത് ക്ലിനിക്കുകളിൽ ആയിരിക്കും. പ്രണയിനിയുടെ വിത്തുകോശങ്ങൾ കൊണ്ട് പ്രണേതാവിന്റെ ഹൃദയമുറിവുകൾ ഉണക്കിയെടുക്കുന്ന ഭാവുകത്വം സത്യമായിത്തീരാൻ സാദ്ധ്യത.

Friday, September 4, 2009

മാവേലി, കുട....... കുപ്പി........

മാദ്ധ്യമങ്ങൾ കൊണ്ടാടുന്ന മഹോത്സവത്തിലേക്കു ഒരു നാടൻ ഉത്സാഹം ഒലിച്ചുപോയതിന്റെ ദൃഷ്ടാന്തം ഓണം പോലെ മറ്റൊന്നില്ല.

ടെലിവിഷൻ വ്യാപകമാകുന്നതിനു മുൻപേ ഓണ മോടിഫുകൾ മാദ്ധ്യമങ്ങളിൽ തെളിഞ്ഞു വിളങ്ങിയിരുന്നു. പൂക്കളവും ചുണ്ടൻ വള്ളവുമാണ് ഓണാഘോഷമെന്ന് ആദ്യം പ്രസ്താവിച്ചത് അച്ചടി മാദ്ധ്യമങ്ങളാണ്. ഓലക്കുടയും ചൂടി വലിയ വയറുള്ള മഹാബലി വന്നു കയറിയത് പിന്നീട്. മാവേലിയുടെ വരവിന്റെ ഉത്സവം കൂടിയാണ് ഓണം എന്നു നാടൻ പാട്ടുകൾ ചൊല്ലി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രത്യക്ഷത്തിൽ സ്വാംശീകരിച്ചില്ല മലയാളി. പൂവിടലും സദ്യയും ഓണക്കോടിയും പ്രധാന അനുഷ്ഠാനങ്ങൾ എന്നപോലെയാണ് രൂപഘടന.. ഓണത്തപ്പനെ കളിമണ്ണു കുഴച്ച് പ്രതിഷ്ഠിയ്ക്കുന്നതും ഇതിന്റെ ഒരു ഭാഗമായി നില നിന്നു. തൃക്കാരയപ്പാ പടിയ്ക്കലും വായോ ഞാനിട്ട പൂക്കളം കാണാനും വായോ..എന്നതിൽ ദൈവീകാംശപ്രാർത്ഥന അത്ര പ്രകടമല്ല താനും
.
മാവേലി ആര്? കാൽക്കരൈ നാട്ടുരാജാവായ മഹാബലിപ്പെരുമാൾ എർപ്പെടുത്തിയ ഉത്സവാഘോഷത്തിലെ നായകനോ? മാനുഷരെല്ലാരുമൊന്നുപോലെ ചരിച്ചിരുന്ന ഒരുകാലത്തെ പ്രജാവത്സലനായ, ചേരരാജാവായ നെടും ചേരലാതനോ? തൃക്കാക്കരക്ഷേത്രത്തിലെ മഹാദേവനോ? വിഷ്ണുക്ഷേത്രമായി അത് മാറ്റിയെടുത്തപ്പോഴുള്ള ശൈവ-വൈഷ്ണവസംഘർഷത്തെ പുരാണവുമായി കൂട്ടിയിണക്കിയതായിരിക്കുമോ? ബുദ്ധമതത്തിലെ മൈത്രേയനും മാവേലിരൂപവും തമ്മിൽ സാദൃശ്യമില്ലേ? കേസരി ബാലകൃഷ്ണപിള്ള വ്യാഖ്യാനിച്ചതുപോലെ ബാബിലോണിയ-ഇറാൻ പ്രദേശത്തെ കുലീവ് രാജവംശത്തിലെ ‘മാബെൽ’ അല്ലെ മഹാബലി? ഇവരുടെ പിരമിഡ് ആകൃതിയിലുള്ള ശിൽ‌പ്പവ്യവസ്ഥയല്ലെ ആ രൂപത്തിൽ ഓണത്തപ്പനെ ഉണ്ടാക്കുന്നതിന്റെ പ്രാക്ചരിത്രം എന്ന് ആനന്ദും സംശയിച്ചില്ലെ?. മാവേലിയുടെ ആവിർഭാവത്തിന്റെ വേരുകൾ തേടാൻ ഇന്നും ചരിത്രസ്ഥലികൾ വെട്ടിത്തെളിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും വാമനനാൽ ചവിട്ടിതാഴ്ത്തപ്പെട്ട മഹാബലി എന്ന പുരാണപുരുഷനല്ല കേരളം കാണാൻ മാത്രം വിരുന്ന വരുന്ന മാവേലി എന്ന യുക്താനുശീലത്തിനു ഗവേഷണപ്രതിഭയൊന്നും ആവശ്യമില്ല.

എന്നാൽ നിർവ്വചിക്കപ്പെട്ട രൂപഭാവങ്ങളോടെ മാവേലി ഒരു ഓണ മോടിഫ് ആയി രംഗത്തിറങ്ങിയിട്ട് നൂറ്റാണ്ടുകളൊന്നും ആയിട്ടില്ല. അൻപതുകളോടെയാണ് അച്ചടിമാദ്ധ്യമങ്ങളിലെ പരസ്യങ്ങളിൽ മാവേലി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അതും ഒരു പ്രൌഢരാജാവിന്റെ വേഷഭൂഷകളൊന്നും ഇല്ലാതെ ഒരു കാരിക്കേച്ചർ എന്ന നിലയ്ക്കാണ് മലയാളിയുടെ ഈ അഭീഷ്ടദായകൻ ജനങ്ങളിലേക്ക് തിരുവെഴുന്നെള്ളത്ത് നടത്തിയത്.. കുടവയറുള്ള ബൃഹദാകാരൻ ഓലക്കുടയും ചൂടി കൊമ്പൻ മീശയും പിരിച്ചുവച്ച് നടന്നു വരുന്ന ഏറെക്കുറെ കാർടൂൺ ചിത്രമെന്നു തോന്നിയ്ക്കുന്ന ഈ സ്കെച്ച്പ്രയോഗം പ്രഛന്നവേഷമത്സരക്കാരനെ വരയ്ക്കുന്ന ഉദാസീനതയോടെയും ലാഘവത്തോടെയും ആയിരിക്കണം വരക്കാരൻ വരഞ്ഞത്.. ചിത്രകാരൻമാരെ സ്വാധീനിച്ചത് രവിവർമ്മ പെയിന്റിംഗുകളുടെ രൂപസവിധാനം സ്വാംശീകരിച്ച് ഹിന്ദി-തമിഴ് സിനിമകളിൽ ചിത്രീകരിക്കപ്പെട്ട രാജാവിന്റെ സ്വരൂപം ആയിരുന്നിരിക്കണം. കേരളത്തിലെ രാജാക്കന്മാരുടെ ലളിതവേഷങ്ങളൊന്നും പുരാണപ്രതിപുരുഷനെ വരച്ചുണ്ടാക്കുമ്പോൾ സ്വാധീനിക്കരുതെന്നുള്ള നിർബ്ബന്ധവും ഈ കാരിക്കെചറിസ്റ്റുകൾക്ക് തോന്നിക്കാണണം.

ഓണം ഒരു സാംസ്കാരികവിപണനച്ചരക്ക് ആയത് 60 കളോടു കൂടിയാണ്. അത്തപ്പൂക്കളമത്സരം പൊതുസംഘടനകൾ എറ്റെടുത്തതോടു കൂടി. മറ്റ് എതു മലയാളി വിശേഷാവസരവും പോലെ വ്യക്തി/കുടുംബത്തിൽ ഒതുങ്ങി നിന്നിരുന്ന ഓണം എന്ന അനുഭവത്തെ പൊതു ഇടങ്ങളിലേക്ക് പറിച്ചു നടലിനു വിത്തെറിയുകയാണ് ഈ പരസ്യപൂക്കളക്കലവി ചെയ്തത്. വിപണി മൂല്യം തിരിച്ചറിഞ്ഞ സർക്കാരും അധികം താമസിയാതെ ഈ പൂത്തയ്യിനു വെള്ളം കോരി നനച്ചു, എളുപ്പത്തിൽ അത് വളർന്നു പൊങ്ങി. കുടുംബത്തിൽ നിന്നും ഇറക്കിയെടുത്ത ഓണത്തെ വിറ്റുകാശാക്കാൻ വിപണികൾ മത്സരിച്ചു. ഓണത്തിനു ഐക്കണുകൾ വന്നു ചേരേണ്ടത് അത്യാവശ്യമായി വന്നു, ആശയത്തിലോ സങ്കൽ‌പ്പത്തിലൊ നിറഞ്ഞു വിലസിയ മാവേലി ഒരു ചിത്രകഥാനായകനായി ജനങ്ങൾക്കിടയിലേക്ക് എഴുന്നെള്ളി. ആഴ്ച്ചപ്പതിപ്പുകളിലെ പരസ്യങ്ങളിൽ എലെക്ട്രിക് ഉപകരണം , സോപ്പ് മുതൽ സിമെന്റു കട്ട വരെ മാവേലി പൊക്കിപ്പിടിച്ച് വിറ്റുതുടങ്ങി. റ്റെലിവിഷൻ പരസ്യങ്ങൾ കൂടുതൽ വിശ്വാസയോഗ്യത നേടിയതോടെ മാവേലി വീട്ടുപകരണങ്ങൾ, കിടക്ക ഉൾപ്പെടെ വിൽക്കാനുള്ള എജെന്റായി മാറി. ഇക്കൂടെ എളുപ്പത്തിൽ കെട്ടുകാഴച്ചയ്ക്കായി എത്തിയത് കഥകളി വേഷം ആണ്. ഓണവും കഥകളിയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് കുട്ടികളിൽ വരെ വിശ്വാസം ജനിപ്പിക്കാൻ പ്രാപ്തമായി ഓണത്തിന്റെ ഐകൊണോഗ്രാഫി പടർന്നു പരന്നു.


ഒരു അഭീഷ്ടദായകനെ സ്വീകരിച്ചിരുത്താൻ വെമ്പൽ കൊണ്ടിരുന്ന മലയാളിക്ക് ഈ രാജപുരുഷൻ തെല്ലല്ല ആശ്വാസം കൊണ്ടു വന്നത്. മരുമക്കത്തായത്തിനു ശേഷം അണുകുടംബത്തിൽ പെട്ടുപോയവന് സാന്ത്വനമേകുന്ന ഒരു കാരണവരുടെ മുഴുനീള ആഢ്യവേഷം നിറവേറാതെ കിടക്കുന്നുണ്ടായിരുന്നു. മക്കത്തായക്രമത്തിലെ ശക്തനായ പിതൃബിംബവും സമൂഹത്തിൽ വന്നു ചേരേണ്ടിയിരുന്നു താനും. ലളിതമനസ്സോടെ ചിത്രകാരമാർ സൌജന്യമരുളിയ കാരണവർ പ്രതിച്ഛായ ഉൾക്കൊണ്ട മാവേലി ഇക്കാര്യം എളുപ്പത്തിൽ സാധിച്ചെടുക്കുകയാണുണ്ടായത്. ഫ്യൂഡൽ പാരമ്പര്യം വിടാൻ മനസ്സില്ലാത്ത മലയാളിയ്ക്ക് രാജഭക്തി പരോക്ഷമായി പ്രകടിപ്പിക്കനുള്ള ഉപാധിയും കൂടി ആയി ഈ മാവേലിമന്നക്കാഴ്ച്ച. രാജഭക്തി രാഷ്ട്രീയ നേതാവിലേക്ക് ആരോപണം ചെയ്യപ്പെട്ടുവെങ്കിലും അതിലൊരു തരി തമാശിന്റെ ഉപ്പുകൂട്ടിയേ മലയാളിക്ക് ഈ നവപ്രത്യയശാസ്ത്രം വിഴുങ്ങാൻ പറ്റൂ എന്നും ആയി. ഈ പ്രതിരൂപങ്ങൾ ആവോളം സമാഹരിക്കപ്പെട്ട മാവേലിവേഷം അവന്റെ പൂജാ‍ബിംബം ആയതിൽ അദ്ഭുതമില്ല. കൊല്ലത്തിലൊരിക്കൽ സമൃദ്ധിയുടെ വിളംബരവുമായി വന്നുചേരുന്ന പ്രവാസിപ്രതിരൂപവും ഇതിനകം മലയാളി മനസ്സിൽ വച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു. പ്രവാസി യുടെ വിയർപ്പ് തൂശനിലയിൽ പഞ്ചസാരകലർത്തി വിളമ്പിയത് ആവോളം വാരിക്കുടിച്ചിട്ട് ഈ സമൃദ്ധിദായകനെ ഒരു പ്രഹസന നാടോടിമന്നനെന്നവണ്ണം വീക്ഷിച്ച് എലിപ്പത്തായനായകനായി ഞെളിയാൻ മലയാളി പഠിച്ചതോ എളുപ്പത്തിൽ.. മാവേലിയെ വിടാൻ മനസ്സില്ലാതെ വന്നത് ഇത്തരം മോഹസ്വരൂപങ്ങളുടെ സമ്മിളിത നിറവേറൽ മലയാളി സൈക്ക് സൌഭാഗ്യാനുഭൂതിനിർവൃതിയൊടെ നൊട്ടിനുണച്ച് അയവിറക്കിയതിന്റെ പരിണതി തന്നെ. സമത്വസുന്ദരസാഹോദര്യം നിറഞ്ഞ പൈതൃകവും ചരിത്രവും യാഥാർത്ഥ്യമല്ലെന്നും ഇത് സമയം തെറ്റിയ ഫലിതം പോലെ വെറും കെട്ടുകഥകളിൽ ഒതുക്കുകയാണു ഭേദം എന്നും അവൻ മുൻകൂട്ടിക്കണ്ടതും മാവേലിയ്ക്ക് ഒരു ഹാസ്യകഥാപാത്രത്തിന്റെ റോൾ നൽകാൻ വഴി വച്ചു. കൂടുതൽ കെട്ടുകാഴ്ച്ചകൾക്കു മാവേലി നിന്നു കൊടുക്കേണ്ടി വന്നത് മിക്കവാറും കേരളത്തിനു പുറത്താണ്. ഓണാഘോഷങ്ങൾ ഒരു ദിവസത്തേയ്ക്ക് ഒതുക്കേണ്ടി വരുന്ന പ്രവാ‍സികൾക്ക് ദൃശ്യപരത മുറ്റിനിൽക്കുന്ന ഒരു മോടിഫ് അത്യാവശ്യമായപ്പോൾ മാവേലി സ്വരൂപം എളുപ്പമായ കണ്ടുപിടിത്തമായി. വിദേശങ്ങളിലെ ഓഡിറ്റോറിയങ്ങളിൽ വിവിധ വെറൈറ്റി മാവേലിമാർ ഇപ്പോഴും സ്ഥലകാലസമാകലനങ്ങളെ വെല്ലുവിളിച്ച് അപഹാസ്യമാം വിധം ഓണത്തിനു നിർവചനം ചമയ്ക്കുന്നുണ്ടായിരിക്കണം ഇതാ ഇപ്പോൾത്തന്നെ.

മാവേലിയ്ക്കു കൽ‌പ്പിച്ചു നൽകപ്പെട്ട സ്വരൂപം നിരവധി സങ്കൽ‌പ്പങ്ങളുടെ മേളനവും സംശ്ലിഷ്ടവുമാണെന്നാണു പറഞ്ഞുവന്നത്. വാമനനാൽ ചവിട്ടിത്താഴ്ത്തപ്പെട്ട അസുരചക്രവർത്തിയെ തെളിഞ്ഞു ദർശിക്കാം പലേ ചിത്രങ്ങളിലും കെട്ടുകാഴ്ച്ചകളിലും. ഓണത്തെക്കുറിച്ചുള്ള ചരിത്ര-സാമൂഹ്യ ഗവേഷണങ്ങളുടെ പാടെയുള്ള നിരാകരണമാണ് പുരാണത്തിലെ മഹാബലിയെ കേരളത്തിന്റെ രാജാവായി നാമനിർദ്ദേശം ചെയ്യുത്. ഹിരണ്യകശിപുവിന്റെ മകന്റെ മകനായി അവതാരകഥകളിൽ വിളങ്ങിയ രാജാവിനെ ഓണത്തിനു എഴുന്നെള്ളുന്ന മാവേലി യാക്കി മാറ്റിയത് ബ്രാഹ്മണവൽക്കരണത്തിന്റെ ഭാഗമായാണ്. അതിഹൈന്ദവത കാപട്യം പൂശി വഴിനടക്കുന്ന ഇക്കാലത്ത് ഈ അവതാരകഥാ‍വില്ലൻ മാവേലി അനുയോജ്യം തന്നെ. ഭാരതം മുഴുവനും പ്രചാരത്തിലുള്ള അവതാര കഥയെ കേരളത്തിൽ മാത്രമായി ഒതുക്കാനുള്ള വിഫലശ്രമം. ആഘോഷങ്ങൾക്ക് കാലാനുസൃതമായി ദൈവീക പരിവേഷം നൽകപ്പെടുന്നത് ചരിത്രം സമൂഹത്തിനു മേൽ കളിയ്ക്കുന്ന കളിയാണ്. വിഷുവിലേക്ക് ശ്രീകൃഷ്ണൻ കടന്നു വന്നിട്ട് അധികം നാളായില്ല. ശതപഥബ്രാഹ്മണത്തിൽ വിസ്തരിച്ചിരിക്കുന്ന വാമനാവതാര കഥ കേരളത്തിൽ മാത്രം നടന്നതാണെന്ന അസംബന്ധാലോചന ഇനി മായ്ക്കപ്പെടാനും എളുപ്പമല്ല. പക്ഷെ ശതപഥബ്രാഹ്മണത്തിലും വാമനൻ അസുരന്മാരെ മാത്രമേ ജയിക്കുന്നുള്ളു, മഹാബലിയെന്ന പരാമർശം ഇല്ല. മത്സ്യപുരാണം, അഗ്നിപുരാണം, വിഷ്ണു ധർമ്മോത്തരം, വൈഖാനസാഗമം, രൂപമണ്ഡനം, ശിൽ‌പ്പരത്നം ഇവയിലൊക്കെക്കൂടിയാണ് ഈ കഥ വളർന്നത്. പരിപൂർണമായി വികസിച്ച കഥാപാത്രങ്ങളും ഘടനയൊത്ത കഥയും ഭാഗവതപുരാണത്തിലാണ് തെളിയുന്നത്. മാവേലിയെ വരച്ചുണ്ടാക്കിയവർ പക്ഷെ ഒരു അതിസാധാരണന്റെ ഓലക്കുടയാണ് ഈ മഹാരാജാവിനു വച്ചുകൊടുത്തതെന്നുള്ളത് ശ്രദ്ധേയം തന്നെ. വാമനാവതാരവുമായി കണ്ണി കോർത്ത് പുരാണമഹാബലിയെ ഓണമാവേലിയിൽ ചേർത്തു ബാധ കയറ്റാനുള്ള ഉൾപ്രേരണയായിരിക്കണം വെൺകൊറ്റക്കുട ചൂടാൻ യോഗ്യനായ ചക്രവർത്തിതിരുമനസ്സിനെ വെറും ഓലക്കുട ചൂടിപ്പിച്ചത്. മഹാബലിയെ ചവിട്ടി താഴ്ത്തുന്ന രംഗം ഭാരതത്തിൽ ഉടനീളം ദൃശ്യവൽക്കരിച്ചിട്ടുള്ളത് ശിൽ‌പ്പങ്ങളിലാണ്: ശിലകളിൽ, ലോഹത്തിൽ, ദാരുവിൽ കൊത്തിവച്ചവ. മൂന്നുലോകവും കീഴടക്കിയ ത്രിവിക്രമൻ അതിഗാംഭീര്യത്തോടെ പ്രതാപവാനായി വിലസുന്നതായാണ് മഹാബലിപുരത്തും കാഞ്ചീപുരത്തും നാമക്കലും എല്ലോറയിലും രാജസ്ഥാനിലെ അബനേരിയിലും ഒറീസയിലെ ഉദയഗിരിയിലും മറ്റും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ എല്ലാ ശിൽ‌പ്പങ്ങളിലും കുടയുണ്ടെങ്കിൽ അത് വാമനൻ മാത്രമാണ് ചൂടുന്നത്. മഹാബലിയ്ക് കുടയില്ല. രൂപമണ്ഡനയും ശിൽ‌പ്പരത്നവും വാമനന് കുട നിർദ്ദേശിക്കുന്നു. എന്നാൽ കേരളത്തിൽ വാമനാവതാതരത്തിന്റെ ചിത്രീകരണമോ ശിൽ‌പ്പങ്ങളോ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്തടുത്ത് ത്രിവിക്രമമംഗലം എന്നൊരു ക്ഷേത്രമുണ്ടെങ്കിലും വാമനനോ മഹാബലിയോ പ്രത്യക്ഷപ്പെടുന്നില്ല. കോട്ടയം ജില്ലയിലും പാലക്കാട് ജില്ലയിലെ വാവന്നൂരിലും ഉള്ള വാമനക്ഷേത്രങ്ങലിലും വാമനനോ മഹാബലിയൊ കല്ലിലോ ദാരുവിലോ കൊത്തിവയ്ക്കപ്പെടുകയോ ചുവർചിത്രങ്ങളായി പ്രത്യക്ഷീഭവിയ്ക്കുകയോ ചെയ്യുന്നില്ല.. വാമന-മഹാബലി കഥയും മാവേലിയുമായി കണ്ണി ചേർത്തത് പിൽക്കാലത്താണെന്നതിന്റെ തെളിവാണ് തൃക്കാക്കര അമ്പലത്തിലും ഇവരുടെ നാടകാവിഷ്ക്കാരം തെളിയുന്നില്ല എന്നത്. വാമനനുമായി ബന്ധിപ്പിക്കുന്ന കൃത്യം അബോധമനസ്സിലെങ്കിലും ആദ്യകാല കാരിക്കേച്ചറിസ്റ്റുകളിൽ വെളിപാടുണർത്തിച്ചത് വാമനന്റെ ഓലക്കുട മാവേലിയിലേക്ക് വച്ചുമാറ്റാൻ വഴിവച്ചു എന്നതായിരിക്കണം സത്യം. മലബാർ ഭാഗത്ത് പതിവുണ്ടായിരുന്ന ‘ഓണപ്പൊട്ടൻ’ ഓലക്കുടയുമായാണ് ഓണത്തിനു വീടുവീടാന്തരം കയറി ഇറങ്ങാറ്. ഓണപ്പൊട്ടന്റെ ഈ കുടയും മാവേലിയെ വരച്ചുണ്ടാക്കിയവർക്ക് ആശയപ്രദാനം നൽകിയിട്ടുണ്ടാവണം. പാണപ്പാട്ടുകളിൽ കുടയും പിടിച്ച് ഓണം കൊള്ളാൻ എഴുന്നെള്ളുന്ന മാതേവപരാമർശം മനസ്സിലെവിടെയൊ ഉടക്കിയിരുന്നതാകാനും മതി. ആഗമശാസ്ത്രങ്ങളേയും ശിൽ‌പ്പനിബന്ധനകളേയും പുരാണങ്ങളേയും മറികടന്ന് മലയാളി സ്വന്തം മോഹങ്ങളുടെ പരിപൂർത്തി നിറവേറ്റാൻ പലേ രക്ഷാരൂപന്മാരേയും സഫലബിംബങ്ങളേയും സമാഹരിയ്ക്കുകയാണ് മാവേലി വേഷനിർമ്മിതിയിൽക്കൂടി. പുരാണരാജാപ്പാർട്ടിനെ മലയാളീകരിയ്ക്കുന്ന സൌജന്യസൌഭാഗ്യവും ഓലക്കുടസമ്മാനത്തിൽക്കൂടെ നേടിയെടുത്തു..

ഭാരതീയോത്സവങ്ങളൂടെ വേരുകൾ സൂര്യ-നക്ഷത്രങ്ങളുടെ രാശിപ്പകർച്ചകൾ, കാർഷികം, ഋതുഭേദങ്ങൾ, പുരാണപുണ്യസ്മൃതികൾ, പ്രകൃതിക്ഷോഭ- പകർചവ്യാധികളിൽ നിന്നുള്ള വിടുതൽ ഇവയിലൊക്കെയാണ് പടർന്നു കിടക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ചരിത്രപരമായ ലക്ഷണങ്ങളോ കാരണങ്ങളോ കുഴിമാന്തിയെടുക്കാൻ പ്രയാസവുമാണ്. കാലാനുസൃതമായി ഇവയിൽ ഒന്നു വേറൊന്നോട് കെട്ടുപിണയുകയും സംശ്ലേഷണ-വിശ്ലേഷണങ്ങൾ സംഭവിയ്ക്കുകയും അതോടെ കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും. ആഘോഷങ്ങളേയും ഉത്സവങ്ങളേയും വിപണി കയ്യടക്കുമ്പോൾ സാംസ്കാരികത്തനിമ നഷ്ടപ്പെടുകയും വിപണിമൂല്യാധിഷ്ഠിതമായ അങ്കനങ്ങൾ പ്രാമുഖ്യം നേടുകയും ചെയ്യും. ഓണം ഈ സന്നിഗ്ധാവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ മാവേലിയും കഥകളിരൂപവും ചുണ്ടൻ വള്ളവും പൂക്കളവും വിറ്റഴിയ്ക്കപ്പെടനുള്ള മോടിഫുകൾ മാത്രമാവുകയാണ്.


ആഘോഷങ്ങളേയും ഉത്സവങ്ങളേയും കൺസ്യൂമെറിസം ഹൈജാക്ക് ചെയ്യുമ്പോൾ സമ്പദ്ഘടന അഴിച്ചു പണിയപ്പെടുകയാണ് ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം എന്ന ഹാസ്യം കലർന്ന സാമ്പത്തികവീക്ഷണം അറം പറ്റിയപോലായിട്ടുണ്ട് ഇന്ന്. വർദ്ധിച്ചു വന്ന മദ്യപാനാസക്തി യെ മുതലെടുത്ത് മദ്യലോബികൾ വലിയ കൊയ്ത്താണു ഓണത്തിനു കൊയ്യ്തെടുക്കുന്നത്. കഴിഞ്ഞ ഓണത്തിനു 126 കോടിയുടെ മദ്യമാണ് മലയാളികൾ കുടിച്ചു തീർത്തത്. ഇക്കൊല്ലം അതിലും കൂടി കുടിയുടെ വിളവ്. ഓണം കയ്യടക്കിയ സർക്കാരും ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു ഉപകാരസ്മരണയാൽ നിർവൃതിയടയുന്നു. ഖജനാവു നിറയുന്ന ഐശ്വര്യയവേള. ഒരു സമൂഹത്തിന്റെ ദയനീയമായ വീഴ്ച വിറ്റുകാശാക്കി അതേ സമൂഹത്തിനു സദ്യ ഒരുക്കുന്ന പ്രതിഭാസം. സർക്കാർ പത്തായത്തിൽ സമൃദ്ധിയുടെ പുന്നെല്ലു നിറയ്ക്കാൻ മാവേലി വന്നെത്തുകയാണ്. അദ്ദേഹം ഇടുക്കിപ്പിടിച്ചിരിക്കുന്ന വലിയ മദ്യക്കുപ്പി കാണാതെ കാണുകയാണു നമ്മൾ.