Thursday, July 23, 2009

സിമിത്തേരിക്കപ്പുറം, കാട്ടിൽ മരത്തിനു കീഴെ....

ഫ്യൂണറൽ ഹോമിൽ നിന്നും ഇറങ്ങിയപ്പോൾ അപ്പച്ചൻ സിമിത്തേരിയിലേക്ക് ഒന്നു കൂടെ പോയി. അതിനു പുറകിലുള്ള കാട് കുറേ നേരം നോക്കി നിന്നു. “എലിക്കുളത്തെ പാപ്പച്ചന്റെ റബർതോട്ടം പോലെ തന്നെയാ” എന്നു പറഞ്ഞതുകേട്ട് സ്റ്റാൻലി ചിരിച്ചു. “അപ്പച്ചാ ഈ നീളമുള്ള മരങ്ങൾ ഇവിടെയെല്ലാം ഉണ്ട്. ദേ ഇവിടുന്ന് പടിഞ്ഞാട്ടു പോയാൽ ഒരു സ്ഥലം മുണ്ടക്കയം മാതിരി തോന്നും”
“അതേ പിറ്റ്സ്ബർഗിലെ മുണ്ടക്കയം” അപ്പച്ചനും ചിരിച്ചു.


കാറെടുത്തു വളവു തിരിയുമ്പോൾ അപ്പച്ചൻ ചെറിയ സ്വരത്തിൽ ചോദിച്ചു. “ഇവിടെയാണോടാ എന്നേം അടക്കുന്നത്”?

“ഈ അപ്പച്ചൻ എന്നാ ഭാവിച്ചോണ്ടാ. ഇന്നലെയല്ലെ ഷുഗറൂം ഒക്കെ ചെക്ക് ചെയ്തത്? വല്യ കൊഴപ്പമില്ലെന്നല്ലെ ഡോക്ടർ പറഞ്ഞത്?” പിന്നെ അപ്പച്ചൻ ഒടനേ എങ്ങും പോകുന്ന ലക്ഷണമില്ല. ചാച്ചന്മാർ മൂന്നുപേര് നല്ല പയറുമണി പോലെയാ ഇരിക്കുന്നെ. പിന്നെയെങ്ങനെയാ അപ്പച്ചന്റെ ചാൻസു വരുന്നേ’

“എടാ എന്നാലും ഇവിടെ വന്നേപ്പിന്നെ എനിക്കൊരു ശ്വാസം മുട്ടലാ. “
സ്വരം താഴ്ത്തി-“ അന്നക്കുട്ടിയെ അടക്കിയതിന്റെ അടുത്തു മതി എന്നേം അടക്കാൻ”

“അപ്പച്ചനെ ഈ ഫ്യൂണറലിനൊന്നും കൊണ്ടു വരേണ്ടാരുന്നു“ റോസ്മേരിയ്ക് സ്വൽപ്പം നീരസം. “ ഞങ്ങടേം കൂടെ മനസ്സു വിഷമിപ്പിയ്ക്കുകയാ”

“സിമിത്തേരിയുടെ പൊറകിലെ ആ കാടൊണ്ടല്ലൊ അത് ശരിക്കും നമ്മടെ പള്ളി സിമിത്തേരിയ്ക്ക്കു പുറകിലുള്ള റബർ തോട്ടം പോലെയാ” അപ്പച്ചൻ നെടുവീർപ്പിട്ടു.

അന്നക്കുട്ടിയെ അടക്കിയ സിമിത്തെരിയ്ക്കു പിന്നിലെ റബർതോട്ടത്തിലേക്ക് അപ്പച്ചന്റെ മനസ്സ് തെന്നി നീങ്ങി. അവരെ അടക്കിയതിന്റെ മൂന്നാം ദിവസം തന്നെ ആ റബർ തോട്ടത്തിൽ ചുറ്റിപ്പറ്റി നടക്കാൻ തുടങ്ങി. ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് അവരുടെ കല്ലറ വെറുതെ നോക്കിയിരിക്കും.

ആ നിമിഷം തന്നെ നാട്ടിലത്താൻ ഉൽക്കടമായ ഒരു ആഗ്രഹം അപ്പച്ചനിൽ മിന്നൽപ്പിണർ പോലെ പാഞ്ഞു. നാട്ടിലെത്തിയാലോ? അന്നക്കുട്ടിയുടെ കല്ലറ നോക്കിയിരിക്കുമോ? അന്നക്കുട്ടിയുടെ കല്ലറയ്ക്കടുത്തു തന്നെ തൂമ്പാകൾ ഉയർന്നു താഴുന്ന ദൃശ്യം അപ്പച്ചന് ഒരു നിമിഷം മനസ്സിൽ മിന്നി. മരിയ്ക്കാനുള്ള ആശ ഒരു ചെറിയ നടുക്കം പോലുമില്ലാതെ സ്വമേധയാ വന്നുകയറിയതിൽ അപ്പച്ചൻ ഒന്നു വിഭ്രാന്തിപ്പെട്ടു. തന്നെ അടക്കാൻ നാട്ടിലേക്കു കൊണ്ടുപോകാൻ സ്റ്റാൻലി തയാറാവുമോ? സ്റ്റാൻലിക്കു താൽപ്പര്യം ഉണ്ടെങ്കിലും റോസ്മേരി സമ്മതിയ്ക്കുമോ?

ഗ്രീൻ കാർഡിന്റെ കടലാസുകൾ ശരിയായി സ്റ്റാൻലി ടിക്കറ്റും അയച്ചപ്പോഴേ അപ്പച്ചനു സ്വല്പം പരിഭ്രാന്തി ആയതാണ്. അപ്പച്ചൻ ഇനി അമേരിക്കയിൽ സുഖവാസത്തിനല്ലേ പോകുന്നെ ഇനിയെന്നാ വെപ്രാളം എന്നു
എൽസി ചോദിച്ചത് കേട്ടില്ലെന്നു നടിച്ചു. അന്നക്കുട്ടിയുടെ ഒരു ഫോട്ടൊ തപ്പിയെടുത്ത് സ്റ്റുഡിയൊയിൽ കൊടുത്ത് എൻലാർജ് ചെയ്തെടുപ്പിച്ചു. സ്റ്റുഡിയോക്കാരൻ തെളിയാത്തഭാഗങ്ങളിൽ കരവിരുത് കാണിച്ച് അന്നക്കുട്ടിയുടെ സ്വതവേ വിഷണ്ണഭാവം മറ്റൊന്നാക്കി വികൃതിത്തരം ചെയ്തുകൂട്ടി. ദേഷ്യമാണോ സങ്കടമാണൊ മുഖത്ത് എന്നു പറയാൻ പറ്റാത്തവണ്ണം അന്നക്കുട്ടി ഫോട്ടോ നോക്കുന്നവരെ തെല്ലു അലോസരപ്പെടുത്തി. “ഫോടോ എടുക്കാൻ നേരത്തും കഴുവേറ്ട മകൾക്കൊന്നു ചിരിക്കാൻ തോന്നിയില്ല” എന്ന് അപ്പച്ചൻ ആ പടത്തോട് കയർത്തു. “അമ്മച്ചിയ്ക്ക് അല്ലേലും ഒണ്ടാരുന്നു ഒരു മൊകം കൂർപ്പിയ്ക്കല്“ എന്നു എൽസി. ശ്രീയേശുവിന്റെ രണ്ടു ചിത്രങ്ങൾക്കു നടുവിലാണ് സന്തോഷ് ഫോട്ടൊ വയ്ക്കാൻ സ്ഥലം കണ്ടുപിടിച്ചത്. ആണിയടിച്ചു തൂക്കിക്കഴിഞ്ഞപ്പോൾ യേശുവിന്റ് മുഖത്തേക്കാളും സ്വൽപ്പം മുകളിലായി അന്നക്കുട്ടിയുടെ മുഖം. “തമ്പുരാൻ കർത്താവിന്റെ ഒപ്പം ഇരിയ്ക്കുന്നോടീ നീയ്’ എന്നു പറഞ്ഞ് അപ്പച്ചൻ തന്നെ സ്റ്റൂളിൽ കയറി ഫോട്ടോ ഇളക്കൻ ശ്രമിച്ചപ്പോൾ എൽസി വന്നു തടയിട്ടു. “അപ്പച്ചനെന്തിനാ ഇപ്പൊ അതൊക്കെ ചെയ്യുന്നത്. സന്തോഷ് ചെയ്യുകേലേ അതൊക്കെ” എന്നവൾ. സന്തോഷ് വന്നു ഫോട്ടോ ഇളക്കിപ്രതിഷ്ഠിച്ചപ്പോഴെ അപ്പച്ചന് ഇരിക്കപ്പൊറുതി വന്നുള്ളു.

പിറ്റ്സ്ബർഗിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് അന്നക്കുട്ടിയുടെ യാത്രയ്ക്കുവേണ്ടി പ്രത്യേകം കരുതിവാങ്ങിച്ച നേര്യത് കവണി അപ്പച്ചൻ തന്നെ എടുത്തുകൊണ്ടു വന്നു. നീളത്തിൽ ഞൊറിഞ്ഞ് പടത്തിന്റെ മുകളിൽ ഒരു നൂൽക്കമ്പി കെട്ടി ഉറപ്പിച്ച് ഫ്രെയിമിനു രണ്ടു വശത്തേയ്ക്കും ഒതുക്കിയിട്ടു. എൽസി നോക്കിനിന്നു കരയാനായപ്പോൽ “ഇതെന്തിനാ എന്റെ പെട്ടിയിൽ ഇനിയും വയ്ക്കുന്നേ ഇവിടെയാരിക്കും ഭംഗി” എന്നൊക്കെ ചാതുര്യം പറയാൻ ശ്രമിച്ചു അപ്പച്ചൻ. നെടുമ്പാശ്ശേരിയിലേക്കു പോകാൻ സന്തോഷ് കാറുമായി എത്തിയപ്പോഴും അപ്പച്ചൻ കവണിയുടെ ഞൊറിവുകൾ ഒന്നു കൂടി അടുക്കിയിട്ടേ ഇറങ്ങിയുള്ളു.

പിറ്റ്സ്ബർഗിലെ തണുത്തകാറ്റിൽ അപ്പച്ചന്റെ ദീർഘനിശ്വാസങ്ങൾ അലിഞ്ഞുപരന്നു. രാത്രിയിൽ ‘ഏഷ്യാനെറ്റ് കാണണ്ടെ അപ്പച്ചാ’ എന്നോ “അപ്പച്ചനു ഒരു ഡ്രിങ്ക് തരട്ടെ“ എന്നൊക്കെയോ സ്റ്റാൻലി ചോദിച്ചത് ഒഴിവാക്കിയ മട്ടായിരുന്നു അപ്പച്ചന്. ബെഡ്രൂമിൽ ജനലിൽ കൂടെ ഏറെ നേരം പുറത്തേയ്ക്കു നോക്കി നിൽക്കുന്നത് റോസ്മേരി ഒന്നു ശ്രദ്ധിച്ചിരുന്നു.

പാതിരാ കഴിഞ്ഞു നേരം കുറെ ആയിക്കാണും അപ്പച്ചൻ ബെഡ് റൂമിനു പുറത്ത് നേരിയ ഒരു കാൽപ്പെരുമാറ്റം കേട്ടു. കഞ്ഞിമുക്കി ഉണങ്ങിയ മുണ്ടിന്റെ കശകശ ശബ്ദം. ചാരിയിട്ടിരുന്ന വാതിൽ തുറന്നു. അന്നക്കുട്ടിയാണ്. അലക്കിത്തേച്ച മുണ്ടിന്റേയും ചട്ടയുടേയും വെളുപ്പ് കണ്ണഞ്ചിയ്ക്കുന്നു. ഫോട്ടോയിൽ താൻ ചാർത്തിയ കസവു കവണി ചുറ്റിയിരിക്കുന്നു.

“വന്നേ“ അന്നക്കുട്ടി അപ്പച്ചന്റെ കയ് പിടിച്ചു സാവധാനം മുന്നോട്ടാഞ്ഞു.
ഒരു സ്കൂൾകുട്ടി മാതിരി അപ്പച്ചൻ അനുസരിച്ചു. താഴേയ്ക്കുള്ള പടികളിറങ്ങി.

പുറത്തേയ്ക്കുള്ള വാതിൽ അന്നക്കുട്ടി തന്നെ ശബ്ദമുണ്ടാക്കാതെ തുറന്നു. അത്യാഹ്ലാദത്തോടെ അപ്പച്ചൻ പിന്തുടർന്നു. “എങ്ങോട്ടാടീ ഈ രാത്രിയില്” എന്നു ചോദിക്കാനാഞ്ഞെങ്കിലും വേണ്ടെന്നു വച്ചു. എന്നും തനിയെ നടക്കാൻ പോകുന്ന വഴികൾ. ഇന്ന് അന്നക്കുട്ടി കൂടെ. അപ്പച്ചന് ഉത്സാഹമായി.

“ഞാൻ നേരത്തെ വരാത്തതിന് എന്നോട് കെറുവൊണ്ടോ?’ അന്നക്കുട്ടി നടത്തത്തിനു വേഗത കുറച്ചില്ല.

“നീ വരുമെന്നു പോലും ഞാൻ വിചാരിച്ചില്ല” അപ്പച്ചന്റെ വാക്കുകളിൽ സന്തോഷം തിളങ്ങി. “അതെങ്ങനെയാ ഗ്രീൻ കാർഡു കിട്ടുന്നതിനു മുൻപു തന്നെ നിന്നെയങ്ങോട്ടു കെട്ടിയെടുത്തു”.

“ഗ്രീൻ കാർഡ്! ഹ ഹ ...” അന്നക്കുട്ടിയുടെ ചിരി സ്വൽപ്പം മുഴക്കത്തിലായിപ്പോയി.

ബ്രൂക് ഡെയിൽ റോഡും ഹിന്റെർലോങ് അവെന്യുവും കൂടിച്ചേരുന്നിടത്ത് അവർ ഒന്നു നിന്നു. ഇനിയുള്ള വഴികൾ അപ്പച്ചനു പരിചയമില്ല. അന്നക്കുട്ടി നിശ്ചയദാർഢ്യത്തോടെ റോഡു മുറിച്ച് നാലുവരിപ്പാതയായ ബ്രൂക്ഡെയിലിൽ കൂടെ നടന്നു തുടങ്ങി.

“നിനക്കീ വഴിയൊക്കെ അറിയാവോടീ? സ്റ്റാൻലി എപ്പഴും കാറിൽ ഒരു യന്ത്രം വച്ചാ വഴി കണ്ടു പിടിയ്ക്കുന്നത്. എന്നിട്ടും അവനു ചിലപ്പം വഴി തെറ്റും”

‘ അതോ എവിടെയാ എത്തേണ്ടത് എന്നൊരു തോന്നൽ അങ്ങു വന്നാൽ പിന്നെ ആ നേരേ അങ്ങോട്ടു നടന്നോണ്ടാൽ മതി” അന്നക്കുട്ടി നാടൻ യുക്തി നിരത്തി. “ഇച്ചിരൂടെ പെട്ടെന്നു നടക്ക് എന്റെ ഇച്ചായാ”

പാർക് അവെന്യുവും വുഡ്ലോൺ അവെന്യുവും കോട്ടേജ് ഗ്രൊവും പിന്നിട്ട് ഓക്കു മരങ്ങളും മേപ്പിൾ മരങ്ങളും ഇരുട്ടിനുമേൽ പിന്നെയും നീട്ടിയിട്ട നിഴലുകൾക്കിടയിലൂടെ തിടുക്കത്തിൽ അവർ നീങ്ങി. വല്ലപ്പൊഴും ഓടി മറയുന്ന കാറകൾക്ക് വഴി കൊടുക്കാൻ ഒരു ഒരു ജങ്ക്ഷനിൽ അവർ തെല്ലിട നിന്നു. കുസൃതിത്തം തൊട്ടുതേച്ച അന്നക്കുട്ടിയുടെ മൂക്കിനു വശത്തെ മറുക് ഇരുട്ടത്തും തിളങ്ങിയത് അപ്പച്ചൻ ശ്രദ്ധിച്ചു. അവരെ പൂണ്ടടടക്കം കെട്ടിപ്പിടിച്ചു. അന്നക്കുട്ടി അതിൽ ഒതുങ്ങിക്കൂടി നിന്നു. കാപ്പിപ്പൂവിന്റെ സുഗന്ധം അപ്പച്ചൻ ശ്വാസം വലിച്ച് ഉൾക്കൊണ്ടപ്പോൾ തെല്ല് ഉന്മത്തനായി. ആവേശം ഏറെച്ചെന്ന രാത്രിയുടെ ക്ഷീണത്തിനു വഴി മാറി. അന്നക്കുട്ടിയുടെ കയ്യും പിടിച്ച് നടത്തം തുടർന്നു.

സിമിത്തേരിയ്ക്കപ്പുറം കാട്ടിൽ കടന്നതോടെ അപ്പച്ചൻ വിളിച്ചു പറഞ്ഞു “അമ്പടീ നിന്റെ ഒരു സാമർത്യം! ഇങ്ങോട്ടു തന്നെ നീ കൊണ്ടുവന്നു” ഉറക്കെ ചിരിക്കാൻ അന്നക്കുട്ടി സമ്മതിച്ചില്ല. “ഒരു ചെത്തോം ഇല്ലാത്ത സ്തലമാ. ഇത്രേം ഒച്ച വേണ്ട.”

“ഇത്രേം നടന്നതല്ലെ എനിയ്ക്ക് ഇരിയ്ക്കണം” അപ്പച്ചൻ അന്നക്കുട്ടിയുടെ തോളിലേക്കു ചാഞ്ഞു.

“ദേ ഇവിടെത്തന്നെ” അന്നക്കുട്ടി ഒരു മരത്തിന്റെ കീഴെ കരിയിലകൾ മാറ്റി സ്ഥലം വെടിപ്പാക്കി. കാലുകൾ നീട്ടിയിരുന്നു. അൽപ്പം നനവുള്ളതെങ്കിലും നിലത്ത് അപ്പച്ചൻ ചുരുണ്ടു കൂടിക്കിടന്നു. അവർ അപ്പച്ചന്റെ തല സാവധാനം മടിയിൽ എടുത്തു വച്ചു.

“ഇച്ചിരെ തണുക്കുന്നുണ്ട്” അപ്പച്ചനിൽ ഒരു കുളിർ പാഞ്ഞു.

“ദേണ്ടെ പൊതപ്പിക്കാം.” അന്നക്കുട്ടി കസവു കവണി അഴിച്ച് ആകെ പുതപ്പിച്ചു. അപ്പച്ചൻ ഒരു നിർവൃതിയിലെന്നപോലെ മെല്ലെ കണ്ണുകളടച്ചു.

പിറ്റേന്ന് പോലീസും ചില സന്നദ്ധസേവാംഗങ്ങളും ഒരുപാടു മലയാളികളും വ്യാപകമായി തെരഞ്ഞതിനു ശേഷമാണ് അപ്പച്ചന്റെ ദേഹം കണ്ടുകിട്ടിയത്. സിമിത്തേരിയ്ക്കപ്പുറം കാട്ടിലെ മരത്തിനു കീഴെ പിണച്ചകൈകളീൽ തല വച്ച് ഉറങ്ങുന്ന മട്ടിൽ. മോർച്ചറിയിൽ വച്ച് പോലീസ് കസവു കവണി മടക്കി കൊടുത്തപ്പോൾ സ്റ്റാൻലിയും റോസ്മേരിയും പരസ്പരം നോക്കി, ഒരു ഞെട്ടൽ ഉള്ളിലൂടെ പാഞ്ഞു. കവണിയുടെ നടുക്ക് നൂൽക്കമ്പി കെട്ടിയിടത്തെ തുരുമ്പ് പുതുതായിത്തന്നെ അതിലുണ്ടായിരുന്നു.

തലേ ദിവസം പെട്ടെന്നു കവണി കാണാതെ പോയത്തിൽ ഒരു വെപ്രാളത്തിൽ ആയിരുന്നു എൽസി. സ്റ്റാൻലി വിളിച്ച് മരണവിവരം പറഞ്ഞപ്പോൾ കവണിയുടെ കാര്യം പറഞ്ഞതുമില്ല.

പക്ഷേ എൽസി വേറൊരു കാര്യം സ്റ്റാൻലിയോടും പറഞ്ഞില്ല. തലേന്നു രാത്രി കവണി കെട്ടിവച്ചിരുന്ന നൂൽക്കമ്പി അഴിഞ്ഞും കിടക്കുന്നല്ലൊ എന്നു കണ്ട് ഫോട്ടൊ സൂക്ഷിച്ചു നോക്കിയപ്പോൽ അവൾക്ക് തല ചുറ്റിപ്പോയി.

അമ്മച്ചി ഫോട്ടോയിൽ അതിമനോഹരമായി ചിരിക്കുന്നു.

Thursday, July 16, 2009

ഭഗവദ് ഗീത വീഴുമ്പോൾ

“വിളക്കു കൊളുത്തിയല്ലൊ ഇല്ലേ? എന്നാൽ ഭഗവദ് ഗീത വായിക്കാം”
അയാൾ ബാൽക്കണിയിലെ ചൂരൽ കസേരയിൽ ഇരിപ്പുറപ്പിച്ചു.  ഭാര്യ നേരേ മുൻപിൽ മറ്റൊരു കസേരയിൽ ഇരുന്നു. മഴപെയ്യാൻ പോകുന്നതിനു മുൻപായി വീശിയകാറ്റിലും അവർ വിയർത്തിരുന്നു. പെട്ടെന്നു വർദ്ധിച്ച ചങ്കിടിപ്പ് അവഗണിയ്ക്കണോ എന്നറിയാതെ  കുഴങ്ങി.

അടയാളം വച്ച പേജ് തുറന്നു, അയാൾ.
“അഥ കേന പ്രയുക്തോ യം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ”

“മനസ്സിലാകുന്നുണ്ടോ നിനക്ക്” അയാൾ ഭാര്യയുടെ മേൽ ചോദ്യമെറിഞ്ഞ് പ്രൌഢി നടിച്ചു.

“എന്നു വച്ചാൽ , അർജ്ജുനൻ ചോദിച്ചു, വാർഷ്ണേയ, എന്തിനാലാണ് ഒരാൾ തനിയ്ക്കിഷ്ടമില്ലെങ്കിൽ‌പ്പോലും ബലാൽക്കാരേണയെന്നപോലെ പാപം ചെയ്യാൻ പ്രേരിതനാകുന്നത് എന്നാണ്.“
 പുറത്ത് ഇരുട്ടു കനത്തിരുന്നു. മങ്ങിയ ബാൽക്കണി വെളിച്ചത്തിലും അയാളുടെ നെറ്റിയിലെ ചന്ദനം ഒട്ടൊന്നു തിളങ്ങിയത് ഒരിളിഭ്യച്ചിരി പോലെ അവരിൽ വന്നു തറച്ചു.

മനസ്സിലായോ ഇല്ലയോ എന്നൊനും വെളിവാക്കാതെ നിശ്ചലയായി ഇരുന്നു അവർ.

അകത്ത് കിടപ്പുമുറിയിൽ  നിന്നും മകളുടെ നേർത്ത ഞരക്കം പോലും കേൾക്കുന്നില്ല എന്ന വിചാരം അമ്മ യിൽ വീണ്ടും ഒരു നടുക്കം സൃഷ്ടിച്ചു.  നേർമുകളിലെ സീലിങ്ങിലെ അദൃശ്യബിന്ദുവിൽ കണ്ണും നട്ട് മകൾ കിടന്നു. .  അടിവയറ്റിനും താഴെയുള്ള നീറ്റൽ ഇല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചില്ല അവൾ. എട്ടാം ക്ലാസ് പാഠപ്പുസ്തകങ്ങളിലൊന്നും അച്ഛനു സമീപം മകൾ മകളല്ലാതെയാവുന്നതിന്റെ ശാ‍സ്ത്രമോ സാമൂഹ്യപാഠമോ ഹോം സയൻസ് വിദ്യകളോ ഇല്ലെന്നു അവൾ അറിഞ്ഞുകഴിഞ്ഞിരുന്നു. ആ സമയങ്ങൾക്ക് എന്ത് ആപേക്ഷികതയാണ് സിദ്ധാന്തങ്ങൾ കണ്ടുപിടിച്ചു തരുന്നത് എന്നു  പഠിയ്ക്കാനുള്ള പ്രായവും ആയിട്ടില്ല അവൾക്ക് എന്ന് മുന്നേ അറിവുണ്ടായിരുന്നു. വെറുതേ സീലിങ്ങിലുള്ള വെളുപ്പിൽ നോക്കി അവൾ കിടന്നു.

അയാൾ വായന  തുടർന്നു.
‘ധൂമേനാവ്രിയതേ വഹ്നിർ യഥാദർശോ മലേന ച
യഥോൽബേനാവൃതോ ഗർഭസ്തഥാ തേനേദമാവൃതം”

“പുക തീയിനെ എന്ന പോലെയും പൊടി കണ്ണാടിയെയെന്നപോലെയും ഗർഭാശയം ഭ്രൂണത്തെയെന്നപോലെയും ജീവാത്മാവിനെ വ്യത്യസ്തമായ അളവുകളിലുള്ള കാമം ആവരണം ചെയ്തിരിക്കുന്നു.”
“ഹ ഹ ഹ... ഈ മനുഷ്യരുടെ ഒരു കാര്യമേ. ആസക്തി വെടിഞ്ഞിട്ട് ഒരു കാര്യമുണ്ടോ?  പിന്നെ മലയാളികൾക്കിടയിൽ കൺസ്യൂമെറിസം കൂടുതലാണത്രെ. നീ അറിയുന്നുണ്ടായിരിക്കുമല്ലൊ.ഭഗവാൻ ശിക്ഷിക്കാതിരിക്കുമോ ഇവറ്റകളെയൊക്കെ? നാമം ജപം ഉള്ള എത്ര വീടുകളുണ്ട്? ഭഗവദ് ഗീത നമ്മളെപ്പോലെ കുറച്ചുപേർ മാത്രം വായിക്കുന്നതേ കാണുകയുള്ളു..” ഭക്തിപാരവശ്യങ്ങൾക്കിടയിൽ ചില യുക്തികളും കയറ്റാനായി അയാളുടെ ശ്രമം.


അവർ ഒരു നിമിഷം അയാളുടെ മുഖത്തു തന്നെ  കണ്ണു നട്ടു. പെട്ടെന്ന് ബാൽക്കണിയിലെ ബൾബണച്ചു. നേരെ ചെന്ന് അയാളുടെ കയ്യിലെ ഭഗവദ് ഗീത ഒറ്റ വലിയ്ക്കു പിടിച്ച് കയ്യിലാക്കി.

ഒരു ചെറിയ ബലപ്രയോഗത്തോടെ ബാൽക്കണിയിൽ നിന്നും താഴേക്ക് ഇട്ടു.

ഒരു പുസ്തകത്തിന്റേതല്ല,  ഭാരമുള്ള എന്തോ  വീണ ശബ്ദം ഏറ്റവും താഴത്തെ ഫ്ലാറ്റിലുള്ളവർ കേട്ടു. ഒരു നിലവിളിയും കേട്ടതായി ചിലർക്കു തോന്നി.

Friday, July 10, 2009

ഡെൽഹിയിൽ നിന്നും വന്ന മകൻ

ബലിക്കല്പുരയിൽ അവരെ കണ്ടപ്പോൾ ശാന്തിക്കാരൻ തെല്ലൊന്ന് വിസ്മയിച്ചു. ”ഇത്ര രാവിലെ എങ്ങനെയെത്തി? നടന്നു വരാൻ വഴിയില്ല”
"ഹേയ് നടന്നൊന്നുമല്ല.  ഈ കാലും വച്ച് എങ്ങനെ നടക്കാൻ.  ഡ്രൈവർ കൂടെയുണ്ട്” അവർ പറഞ്ഞു.

“അല്ലെങ്കിലും അന്നേൽ‌പ്പിന്നെ ഡ്രൈവ് ചെയ്യുകേലെന്ന് എനിക്കറിയാം” ശാന്തിക്കാരന്റെ ഈ പ്രസ്താവനയിൽ അവർ ഒന്നു പതറി. കേട്ടില്ലെന്നു മട്ടിൽ ശ്രീകോവിലിനു നേരെ തിരിഞ്ഞ് കണ്ണടച്ചു.  ഒരു നിമിഷത്തിനു ശേഷം സ്വരം ദൃഢീകരിച്ചു.
“മകൻ വന്നത് കണ്ടില്ലെ. ഇന്നലെ വന്നതേ ഉള്ളൂ. പിറന്നാളിനു തന്നെ എത്തി. ദേ ഞാൻ നിർബ്ബന്ധിച്ചാ അമ്പലത്തിലേക്കു കൊണ്ടു വന്നത്” അവർ ഒന്നു ചിരിക്കാനും  ശ്രമിച്ചു.

“അതു പിന്നെ എനിയ്ക്കറിയാൻ മേലേ. തൃക്കേട്ട. മീനമാസത്തിൽ. വഴിപാട് പതിവുള്ളതാണല്ലോ" അവർ സ്വൽ‌പ്പം മോടിയിൽ വസ്ത്രമണിഞ്ഞിട്ടുണ്ടെന്ന് ശാന്തിക്കാരൻ ശ്രദ്ധിച്ചു.

രഹസ്യം പറയുന്നപോലെ അവർ ശാന്തിക്കാരനൊട് അടുത്ത് നിന്നു പറഞ്ഞു. “ഇത്തവണ കല്യാണം ഉണ്ടുകേട്ടോ. ഇവൻ ഇങ്ങനെ നടന്നാൽ പോരല്ലൊ. പെണ്ണുകാണലിനു സമ്മതിച്ചിട്ടുണ്ട്. അമ്മയെ ഒന്നന്വേഷിക്കൽ ഉണ്ടൊ ഇവന്? അത്പോട്ടെ സ്വന്തം കാര്യം നോക്കുന്നുണ്ടോ? “

പിന്നെ പുറകോട്ട് തിരിഞ്ഞ് ചെറുതായി ചിരിച്ചുകൊണ്ട്  ഇത്രയും. “ജോലിയാണത്രെ ജോലി! ഇങ്ങനെയുമുണ്ടോ ഒരു ജോലി? ഡെൽഹിയിൽ എല്ലാരും ഇങ്ങനെയൊന്നുമല്ലെന്നേ“.

ശാന്തിക്കാരൻ മ്ലാനമായ മുഖം മറയ്ക്കാൻ ശ്രമിച്ചു. ധിറുതിഭാവിച്ച് അകത്തേയ്ക്കു പോയി.


     അടുത്ത അമ്പലത്തിലേക്കു പോകുന്ന വഴി പാലം കടന്നപ്പോൾ ഡ്രൈവർ ശ്രദ്ധിച്ചു. പാലത്തിന്റെ കൈവരി പൊളിഞ്ഞത് ഇനിയും അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. പൊളിഞ്ഞ കോൺക്രീറ്റിൽ നിന്നും കമ്പികൾ വളഞ്ഞും തിരിഞ്ഞും എഴുന്നു നിൽക്കുന്നു. പുറകിലത്തെ സീറ്റിൽ അവർ സന്തോഷവതിയായിട്ടാണ് ഇരിപ്പ്. ഇങ്ങനെ ഈയിടെ എങ്ങും കണ്ടിട്ടില്ല.

    ഗണപതിയമ്പലത്തിലും ശാന്തിക്കാരൻ അവരെ കണ്ടതോടെ മകന്റെ പിറന്നാൾ ദിവസമാണെന്ന് ഓർമ്മിച്ചെടുത്തു. അവർക്ക് ഉത്സാഹം കൂടി. “ഇന്നു തന്നെ എല്ലാ അമ്പലങ്ങളിലും പോകണമെന്നു പറഞ്ഞ് രാവിലെ നിർബ്ബന്ധിച്ചാ ഇവനെ എഴുനേൽ‌പ്പിച്ചത്. ഡെൽഹിയിലാണെങ്കിൽ അത്ര നേരത്തെ ഉണർന്നെണീയ്ക്കുകേലെന്ന്!   ഇവിടെ വന്നാൽപിന്നെ ഞാൻ പറയുന്ന പോലെ കേൾക്കാതിരിക്കാൻ പറ്റുവൊ?. ഒന്നും പറയാതെ എന്റെ കൂടെ ഇങ്ങു പോന്നു.”

ശാന്തിക്കാരന് ഒന്നും പറയാനുണ്ടായിരുന്നില്ല.

“അല്ലെങ്കിലും മിണ്ടാട്ടം വളരെ കുറവാ ഈയിടെ അവന്” അവർ തന്നോടു തന്നെ പറഞ്ഞു.

ശാസ്താമ്പലത്തിൽ കൊച്ചുതിരുമേനിയെ കണ്ടതോടെ അവർക്ക് നിയന്തണം വിട്ടു. “കേട്ടൊ മധുക്കുഞ്ഞേ ഇവനോട് ഒന്നു പറയണേ. നിങ്ങളു ഒന്നിച്ചു പഠിച്ചവർ. വല്യ കൂട്ടുകാർ അല്ലാരുന്നോ? മധുക്കുഞ്ഞിനു മൂന്നുവയസ്സായ കുഞ്ഞു വരെ ആയി. ഇവനെ ഒന്നു കാണാൻ കിട്ടുന്നുണ്ടോ? അവന്റെ ഒരു ഡെൽഹിയും ജോലിയും. ഇങ്ങനെ വല്ലപ്പോഴും വരും. കല്യാണക്കാര്യം പറയുമ്പോൾ ഒന്നും മിണ്ടുകേം ഇല്ല. അല്ലെങ്കിൽ തന്നെ എന്നോട് വല്ലതും മിണ്ടുകേം പറയുകേം ചെയ്യുമോ ഇവൻ? ഇനി ഡെൽഹിയിൽ പരിചയക്കാരി ഉണ്ടെങ്കിൽ അതും ആയിക്കോട്ടെ.  എനിക്കു വിരോധമൊന്നും ഇല്ലെന്നേ. മധുക്കുഞ്ഞ് ഒന്നു ചോദിച്ചു നോക്കിയേ.“

പ്രസാദം നിറച്ച ഇലക്കീറ്‌ കൊടുത്തപ്പോൾ കൊച്ചുതിരുമേനി അവരുടെ കയ്യുകൾ അടക്കിപ്പിടിച്ചു. കണ്ണുകളിൽ തന്നെ നോക്കി. കരച്ചിൽ അടക്കാൻ വയ്യാതെ കൊച്ചുതിരുമേനി വശത്തേയ്ക്കു മുഖം തിരിച്ചു.

     പുറത്ത് കാത്തുനിന്ന ഡ്രൈവറോട് ഉച്ചത്തിൽ തന്നെ അവർ പറഞ്ഞു. “വേഗം പോകാം. സുബ്രഹ്മണ്യന്റെ അമ്പലത്തിൽ ഉച്ചപ്പൂജ കഴിയുന്നതിനു മുൻപു തന്നെ എത്തണം. വിഷ്ണുത്തിരുമേനിയ്ക്ക് അറിയാം ഞാനും മോനും ഇന്ന് എത്തുമെന്ന്. എന്നാലും വേഗം ചെല്ലണം”

“തിരുമേനിയേ ഞങ്ങളിങ്ങെത്തി കേട്ടൊ” ഉറക്കെപ്പറഞ്ഞുകൊണ്ടാണ് അകത്തെത്തിയത്. അകത്തു നിന്നും ഇറങ്ങിവന്ന പുതിയ ശാന്തിക്കാരൻ തന്നെ പരിചയമുള്ള ആരെങ്കിലുമായിരിക്കും എന്നു കരുതി  ചെറിയ ഒരു ചിരി വരുത്തി.

പുതിയ ശാന്തിക്കാരനെ കണ്ടിട്ടും അവർ ദൃഢത വിടാതെ പറഞ്ഞു “ തിരുമേനി പുതിയ ആളാ ഇവിടെ അല്ലേ? ഈ ദിവസം ഞങ്ങൾ എത്തുമെന്ന് വല്യതിരുമേനിക്ക് ആണെങ്കിൽ ശരിക്കും അറിയാം കേട്ടൊ. മോന്റെ പിറന്നാളാ ഇന്ന്. ദാ അവനാ കൂടെ. ഡെൽഹിയിൽ നിന്ന് ഇന്നലെ എത്തിയതേ ഉള്ളു. ഇങ്ങോട്ടു മാറി നിക്കടാ. തിരുമേനി നിന്നെ കണ്ടിട്ടേ ഇല്ലല്ലൊ”

     ശാന്തിക്കാരൻ ശരിക്കും അന്ധാളിച്ചു. ‘ ആരുടെ കാര്യമാ നിങ്ങൾ പറയുന്നത്? കൂടെ ആരുണ്ടെന്ന്?’ അയാളുടെ നോട്ടം അവരുടെ പുറകിലെ ശൂന്യത കടന്ന് പഴകിദ്രവിച്ച തിടപ്പള്ളിയുടെ പലകകൾ വരെ ചെന്നെത്തി.

അവർ ശരിക്കും പകച്ചു.  തുറിച്ചുപോയ കണ്ണുകൾ ശാന്തിക്കാരന്റെ മുഖത്തിനും അപ്പുറം പാഞ്ഞു. പെട്ടെന്നു പുറം തിരിഞ്ഞു. ഒരു ഓട്ടത്തിന്റെ വേഗതയിൽ പുറത്തെത്തി.

പാലം കടന്നപ്പോൾ അവിടെ നിറുത്താൻ ഡ്രൈവറോട് പറഞ്ഞു. പൊളിഞ്ഞ കയ്‌വരി ചേർന്ന് അവർ കണ്ണടച്ച് നിന്നു.  കയ്യിലെ ഇലക്കീറുകൾ മടക്കു നിവർത്തി താഴേയ്ക്ക് കുടഞ്ഞു.

താഴെ മണലിൽ അവിടവിടെയായി പൊന്തി നിന്ന ഒരു കാറിന്റെ തുരുമ്പിച്ച ലോഹക്കഷണങ്ങളിൽ ശർക്കരപുരണ്ട തേങ്ങാപ്പൂളും അതിന്മേൽ പറ്റിയ തുളസിയിലകളും ചെന്നു പതിച്ചു.

Thursday, July 2, 2009

ഇദം ന മമ

പൊളിഞ്ഞുതുടങ്ങിയ വീടിന്റെ പുറംകോണിലെ ചെടികൾക്കു പിന്നിൽ അവൻ ബൈക്ക് നിറുത്തി. പുറകിൽ നിന്നും അവളാണ് ആദ്യം ഇറങ്ങിയത്.
“ഒരു ഹോട്ടൽ മുറി കിട്ടാഞ്ഞിട്ടാണോ” അവൾക്ക് നീരസം.
‘ഇവിടെയാകുമ്പം ആരും അത്ര അറിയുകേലല്ലൊ“. അവൻ തോന്നിയ യുക്തി പ്രയോഗിച്ചു. പോക്കറ്റിലെ നോട്ടുകളിൽ തടവിയത് ഇരുട്ടത്തും അവൾ കാണുന്നുണ്ടെന്നു വിചാരിച്ചു.

അകത്ത് ഒരു മുറിയേ കുറച്ചു ഭേദമുള്ളു. ബാക്കിയൊക്കെ നനഞ്ഞൊലിച്ച് വൃത്തികേടായി കിടക്കുന്നു.
ചാരിക്കിടന്ന വാതിൽ തുറന്ന്‌ അവനും പിന്നാലെ അവളും.
“ഇവിടെ ഒരു കട്ടിൽ ഉണ്ടായിരുന്നല്ലൊ” അവൾ പിറുപിറുത്തു.
“ഇവിടെ വന്നിട്ടുണ്ട് അല്ലെ” കട്ടിലില്ലാത്തത് കുറവെന്ന ജാള്യത മറയ്ക്കാൻ അവൻ മറുചോദ്യമെറിഞ്ഞു.

“ഇവിടുന്ന് എടുത്തോണ്ടു പോകാൻ അതേ ബാക്കി ഒള്ളാരുന്നാരിക്കും.” അവൻ മെഴുകുതിരി കൊളുത്തി ഒരുകോണിൽ വച്ചു.

“എന്റെ ബാഗിൽ ഒരു ഷീറ്റ് ഉണ്ട്. അതു വിരിയ്ക്കാം” അവൾക്ക് സമ്മതമാകുമെന്ന ആശ അവന്.

“ഈ വൃത്തികെട്ട നിലത്ത്? ഒരു ഷീറ്റിന്മേൽ കിടക്കാനോ? എനിയ്ക്കു വയ്യ.‘ അവൾ എങ്ങോട്ടെന്നില്ലാതെ നോക്കി.
അവൻ ചുറ്റിനും ഒന്നു പരതി. ഒരു കോണിൽ കൂമ്പാരം കൂട്ടിയിരിക്കുന ഓലക്കെട്ടുകളിൽ നോട്ടം തറച്ചു. അതിബുദ്ധിമാനാണെന്ന തോന്നലിൽ ആഹ്ലാദം കൊണ്ടു. താളിയോലകളാണ്. ഈർപം കൊണ്ട് സ്വൽ‌പ്പം പതം വന്നിട്ടിട്ടുണ്ട്. വാരി മുറിയ്ക്കു നടുക്ക് ഇട്ടിട്ട് ഓരോന്നായി നിലത്ത് അടുപ്പിച്ച് നിരത്തി. നാലഞ്ചു വരികളായി.

ജനലിൽ കൂടെ വന്ന അരണ്ട വെളിച്ചത്തിൽ താളിയോലകളിലെ അക്ഷരങ്ങൾ ഒന്നു കണ്ണുചിമ്മിത്തുറന്നു.

അവൻ ബാഗിൽ നിന്നും ഷീറ്റ് എടുത്ത് ഓലനിരയുടെ മേൽ വിരിച്ചു. ഉടുപ്പഴിച്ച് മാറ്റി അതി്ൻമ്മേൽ ഇരുന്നു. ഒന്നു സംശയിച്ചു നിന്നിട്ട് അവൾ അടുത്തു വന്നു കിടന്നു.
“കുഴപ്പമില്ല. ഒരു മെത്തപ്പായയുടെ ഫീലിങ് ഉണ്ട്’ അവൾക്ക് സ്വൽ‌പ്പം ആശ്വാസം. അവൻ മെഴുകുതിരി ഊതിക്കെടുത്തി.

താഴെ താളിയോലകൾ ഞെരിഞ്ഞു, വിതിർന്നു. കുറച്ചു കഴിഞ്ഞ് ഒരു താളിയോല മറ്റൊരു താളിയോലയോട് സുഖാലസ്യസ്വരത്തിൽ പറഞ്ഞു:
“എപ്പോഴും അത് തന്നെ ഉരുവിട്ടോണ്ടിരിക്കേണ്ടായിരുന്നു”.

“ഏത്?”

“അതേയ്. ഇദം ന മമ.”