ഫ്യൂണറൽ ഹോമിൽ നിന്നും ഇറങ്ങിയപ്പോൾ അപ്പച്ചൻ സിമിത്തേരിയിലേക്ക് ഒന്നു കൂടെ പോയി. അതിനു പുറകിലുള്ള കാട് കുറേ നേരം നോക്കി നിന്നു. “എലിക്കുളത്തെ പാപ്പച്ചന്റെ റബർതോട്ടം പോലെ തന്നെയാ” എന്നു പറഞ്ഞതുകേട്ട് സ്റ്റാൻലി ചിരിച്ചു. “അപ്പച്ചാ ഈ നീളമുള്ള മരങ്ങൾ ഇവിടെയെല്ലാം ഉണ്ട്. ദേ ഇവിടുന്ന് പടിഞ്ഞാട്ടു പോയാൽ ഒരു സ്ഥലം മുണ്ടക്കയം മാതിരി തോന്നും”
“അതേ പിറ്റ്സ്ബർഗിലെ മുണ്ടക്കയം” അപ്പച്ചനും ചിരിച്ചു.
കാറെടുത്തു വളവു തിരിയുമ്പോൾ അപ്പച്ചൻ ചെറിയ സ്വരത്തിൽ ചോദിച്ചു. “ഇവിടെയാണോടാ എന്നേം അടക്കുന്നത്”?
“ഈ അപ്പച്ചൻ എന്നാ ഭാവിച്ചോണ്ടാ. ഇന്നലെയല്ലെ ഷുഗറൂം ഒക്കെ ചെക്ക് ചെയ്തത്? വല്യ കൊഴപ്പമില്ലെന്നല്ലെ ഡോക്ടർ പറഞ്ഞത്?” പിന്നെ അപ്പച്ചൻ ഒടനേ എങ്ങും പോകുന്ന ലക്ഷണമില്ല. ചാച്ചന്മാർ മൂന്നുപേര് നല്ല പയറുമണി പോലെയാ ഇരിക്കുന്നെ. പിന്നെയെങ്ങനെയാ അപ്പച്ചന്റെ ചാൻസു വരുന്നേ’
“എടാ എന്നാലും ഇവിടെ വന്നേപ്പിന്നെ എനിക്കൊരു ശ്വാസം മുട്ടലാ. “
സ്വരം താഴ്ത്തി-“ അന്നക്കുട്ടിയെ അടക്കിയതിന്റെ അടുത്തു മതി എന്നേം അടക്കാൻ”
“അപ്പച്ചനെ ഈ ഫ്യൂണറലിനൊന്നും കൊണ്ടു വരേണ്ടാരുന്നു“ റോസ്മേരിയ്ക് സ്വൽപ്പം നീരസം. “ ഞങ്ങടേം കൂടെ മനസ്സു വിഷമിപ്പിയ്ക്കുകയാ”
“സിമിത്തേരിയുടെ പൊറകിലെ ആ കാടൊണ്ടല്ലൊ അത് ശരിക്കും നമ്മടെ പള്ളി സിമിത്തേരിയ്ക്ക്കു പുറകിലുള്ള റബർ തോട്ടം പോലെയാ” അപ്പച്ചൻ നെടുവീർപ്പിട്ടു.
അന്നക്കുട്ടിയെ അടക്കിയ സിമിത്തെരിയ്ക്കു പിന്നിലെ റബർതോട്ടത്തിലേക്ക് അപ്പച്ചന്റെ മനസ്സ് തെന്നി നീങ്ങി. അവരെ അടക്കിയതിന്റെ മൂന്നാം ദിവസം തന്നെ ആ റബർ തോട്ടത്തിൽ ചുറ്റിപ്പറ്റി നടക്കാൻ തുടങ്ങി. ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് അവരുടെ കല്ലറ വെറുതെ നോക്കിയിരിക്കും.
ആ നിമിഷം തന്നെ നാട്ടിലത്താൻ ഉൽക്കടമായ ഒരു ആഗ്രഹം അപ്പച്ചനിൽ മിന്നൽപ്പിണർ പോലെ പാഞ്ഞു. നാട്ടിലെത്തിയാലോ? അന്നക്കുട്ടിയുടെ കല്ലറ നോക്കിയിരിക്കുമോ? അന്നക്കുട്ടിയുടെ കല്ലറയ്ക്കടുത്തു തന്നെ തൂമ്പാകൾ ഉയർന്നു താഴുന്ന ദൃശ്യം അപ്പച്ചന് ഒരു നിമിഷം മനസ്സിൽ മിന്നി. മരിയ്ക്കാനുള്ള ആശ ഒരു ചെറിയ നടുക്കം പോലുമില്ലാതെ സ്വമേധയാ വന്നുകയറിയതിൽ അപ്പച്ചൻ ഒന്നു വിഭ്രാന്തിപ്പെട്ടു. തന്നെ അടക്കാൻ നാട്ടിലേക്കു കൊണ്ടുപോകാൻ സ്റ്റാൻലി തയാറാവുമോ? സ്റ്റാൻലിക്കു താൽപ്പര്യം ഉണ്ടെങ്കിലും റോസ്മേരി സമ്മതിയ്ക്കുമോ?
ഗ്രീൻ കാർഡിന്റെ കടലാസുകൾ ശരിയായി സ്റ്റാൻലി ടിക്കറ്റും അയച്ചപ്പോഴേ അപ്പച്ചനു സ്വല്പം പരിഭ്രാന്തി ആയതാണ്. അപ്പച്ചൻ ഇനി അമേരിക്കയിൽ സുഖവാസത്തിനല്ലേ പോകുന്നെ ഇനിയെന്നാ വെപ്രാളം എന്നു
എൽസി ചോദിച്ചത് കേട്ടില്ലെന്നു നടിച്ചു. അന്നക്കുട്ടിയുടെ ഒരു ഫോട്ടൊ തപ്പിയെടുത്ത് സ്റ്റുഡിയൊയിൽ കൊടുത്ത് എൻലാർജ് ചെയ്തെടുപ്പിച്ചു. സ്റ്റുഡിയോക്കാരൻ തെളിയാത്തഭാഗങ്ങളിൽ കരവിരുത് കാണിച്ച് അന്നക്കുട്ടിയുടെ സ്വതവേ വിഷണ്ണഭാവം മറ്റൊന്നാക്കി വികൃതിത്തരം ചെയ്തുകൂട്ടി. ദേഷ്യമാണോ സങ്കടമാണൊ മുഖത്ത് എന്നു പറയാൻ പറ്റാത്തവണ്ണം അന്നക്കുട്ടി ഫോട്ടോ നോക്കുന്നവരെ തെല്ലു അലോസരപ്പെടുത്തി. “ഫോടോ എടുക്കാൻ നേരത്തും കഴുവേറ്ട മകൾക്കൊന്നു ചിരിക്കാൻ തോന്നിയില്ല” എന്ന് അപ്പച്ചൻ ആ പടത്തോട് കയർത്തു. “അമ്മച്ചിയ്ക്ക് അല്ലേലും ഒണ്ടാരുന്നു ഒരു മൊകം കൂർപ്പിയ്ക്കല്“ എന്നു എൽസി. ശ്രീയേശുവിന്റെ രണ്ടു ചിത്രങ്ങൾക്കു നടുവിലാണ് സന്തോഷ് ഫോട്ടൊ വയ്ക്കാൻ സ്ഥലം കണ്ടുപിടിച്ചത്. ആണിയടിച്ചു തൂക്കിക്കഴിഞ്ഞപ്പോൾ യേശുവിന്റ് മുഖത്തേക്കാളും സ്വൽപ്പം മുകളിലായി അന്നക്കുട്ടിയുടെ മുഖം. “തമ്പുരാൻ കർത്താവിന്റെ ഒപ്പം ഇരിയ്ക്കുന്നോടീ നീയ്’ എന്നു പറഞ്ഞ് അപ്പച്ചൻ തന്നെ സ്റ്റൂളിൽ കയറി ഫോട്ടോ ഇളക്കൻ ശ്രമിച്ചപ്പോൾ എൽസി വന്നു തടയിട്ടു. “അപ്പച്ചനെന്തിനാ ഇപ്പൊ അതൊക്കെ ചെയ്യുന്നത്. സന്തോഷ് ചെയ്യുകേലേ അതൊക്കെ” എന്നവൾ. സന്തോഷ് വന്നു ഫോട്ടോ ഇളക്കിപ്രതിഷ്ഠിച്ചപ്പോഴെ അപ്പച്ചന് ഇരിക്കപ്പൊറുതി വന്നുള്ളു.
പിറ്റ്സ്ബർഗിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് അന്നക്കുട്ടിയുടെ യാത്രയ്ക്കുവേണ്ടി പ്രത്യേകം കരുതിവാങ്ങിച്ച നേര്യത് കവണി അപ്പച്ചൻ തന്നെ എടുത്തുകൊണ്ടു വന്നു. നീളത്തിൽ ഞൊറിഞ്ഞ് പടത്തിന്റെ മുകളിൽ ഒരു നൂൽക്കമ്പി കെട്ടി ഉറപ്പിച്ച് ഫ്രെയിമിനു രണ്ടു വശത്തേയ്ക്കും ഒതുക്കിയിട്ടു. എൽസി നോക്കിനിന്നു കരയാനായപ്പോൽ “ഇതെന്തിനാ എന്റെ പെട്ടിയിൽ ഇനിയും വയ്ക്കുന്നേ ഇവിടെയാരിക്കും ഭംഗി” എന്നൊക്കെ ചാതുര്യം പറയാൻ ശ്രമിച്ചു അപ്പച്ചൻ. നെടുമ്പാശ്ശേരിയിലേക്കു പോകാൻ സന്തോഷ് കാറുമായി എത്തിയപ്പോഴും അപ്പച്ചൻ കവണിയുടെ ഞൊറിവുകൾ ഒന്നു കൂടി അടുക്കിയിട്ടേ ഇറങ്ങിയുള്ളു.
പിറ്റ്സ്ബർഗിലെ തണുത്തകാറ്റിൽ അപ്പച്ചന്റെ ദീർഘനിശ്വാസങ്ങൾ അലിഞ്ഞുപരന്നു. രാത്രിയിൽ ‘ഏഷ്യാനെറ്റ് കാണണ്ടെ അപ്പച്ചാ’ എന്നോ “അപ്പച്ചനു ഒരു ഡ്രിങ്ക് തരട്ടെ“ എന്നൊക്കെയോ സ്റ്റാൻലി ചോദിച്ചത് ഒഴിവാക്കിയ മട്ടായിരുന്നു അപ്പച്ചന്. ബെഡ്രൂമിൽ ജനലിൽ കൂടെ ഏറെ നേരം പുറത്തേയ്ക്കു നോക്കി നിൽക്കുന്നത് റോസ്മേരി ഒന്നു ശ്രദ്ധിച്ചിരുന്നു.
പാതിരാ കഴിഞ്ഞു നേരം കുറെ ആയിക്കാണും അപ്പച്ചൻ ബെഡ് റൂമിനു പുറത്ത് നേരിയ ഒരു കാൽപ്പെരുമാറ്റം കേട്ടു. കഞ്ഞിമുക്കി ഉണങ്ങിയ മുണ്ടിന്റെ കശകശ ശബ്ദം. ചാരിയിട്ടിരുന്ന വാതിൽ തുറന്നു. അന്നക്കുട്ടിയാണ്. അലക്കിത്തേച്ച മുണ്ടിന്റേയും ചട്ടയുടേയും വെളുപ്പ് കണ്ണഞ്ചിയ്ക്കുന്നു. ഫോട്ടോയിൽ താൻ ചാർത്തിയ കസവു കവണി ചുറ്റിയിരിക്കുന്നു.
“വന്നേ“ അന്നക്കുട്ടി അപ്പച്ചന്റെ കയ് പിടിച്ചു സാവധാനം മുന്നോട്ടാഞ്ഞു.
ഒരു സ്കൂൾകുട്ടി മാതിരി അപ്പച്ചൻ അനുസരിച്ചു. താഴേയ്ക്കുള്ള പടികളിറങ്ങി.
പുറത്തേയ്ക്കുള്ള വാതിൽ അന്നക്കുട്ടി തന്നെ ശബ്ദമുണ്ടാക്കാതെ തുറന്നു. അത്യാഹ്ലാദത്തോടെ അപ്പച്ചൻ പിന്തുടർന്നു. “എങ്ങോട്ടാടീ ഈ രാത്രിയില്” എന്നു ചോദിക്കാനാഞ്ഞെങ്കിലും വേണ്ടെന്നു വച്ചു. എന്നും തനിയെ നടക്കാൻ പോകുന്ന വഴികൾ. ഇന്ന് അന്നക്കുട്ടി കൂടെ. അപ്പച്ചന് ഉത്സാഹമായി.
“ഞാൻ നേരത്തെ വരാത്തതിന് എന്നോട് കെറുവൊണ്ടോ?’ അന്നക്കുട്ടി നടത്തത്തിനു വേഗത കുറച്ചില്ല.
“നീ വരുമെന്നു പോലും ഞാൻ വിചാരിച്ചില്ല” അപ്പച്ചന്റെ വാക്കുകളിൽ സന്തോഷം തിളങ്ങി. “അതെങ്ങനെയാ ഗ്രീൻ കാർഡു കിട്ടുന്നതിനു മുൻപു തന്നെ നിന്നെയങ്ങോട്ടു കെട്ടിയെടുത്തു”.
“ഗ്രീൻ കാർഡ്! ഹ ഹ ...” അന്നക്കുട്ടിയുടെ ചിരി സ്വൽപ്പം മുഴക്കത്തിലായിപ്പോയി.
ബ്രൂക് ഡെയിൽ റോഡും ഹിന്റെർലോങ് അവെന്യുവും കൂടിച്ചേരുന്നിടത്ത് അവർ ഒന്നു നിന്നു. ഇനിയുള്ള വഴികൾ അപ്പച്ചനു പരിചയമില്ല. അന്നക്കുട്ടി നിശ്ചയദാർഢ്യത്തോടെ റോഡു മുറിച്ച് നാലുവരിപ്പാതയായ ബ്രൂക്ഡെയിലിൽ കൂടെ നടന്നു തുടങ്ങി.
“നിനക്കീ വഴിയൊക്കെ അറിയാവോടീ? സ്റ്റാൻലി എപ്പഴും കാറിൽ ഒരു യന്ത്രം വച്ചാ വഴി കണ്ടു പിടിയ്ക്കുന്നത്. എന്നിട്ടും അവനു ചിലപ്പം വഴി തെറ്റും”
‘ അതോ എവിടെയാ എത്തേണ്ടത് എന്നൊരു തോന്നൽ അങ്ങു വന്നാൽ പിന്നെ ആ നേരേ അങ്ങോട്ടു നടന്നോണ്ടാൽ മതി” അന്നക്കുട്ടി നാടൻ യുക്തി നിരത്തി. “ഇച്ചിരൂടെ പെട്ടെന്നു നടക്ക് എന്റെ ഇച്ചായാ”
പാർക് അവെന്യുവും വുഡ്ലോൺ അവെന്യുവും കോട്ടേജ് ഗ്രൊവും പിന്നിട്ട് ഓക്കു മരങ്ങളും മേപ്പിൾ മരങ്ങളും ഇരുട്ടിനുമേൽ പിന്നെയും നീട്ടിയിട്ട നിഴലുകൾക്കിടയിലൂടെ തിടുക്കത്തിൽ അവർ നീങ്ങി. വല്ലപ്പൊഴും ഓടി മറയുന്ന കാറകൾക്ക് വഴി കൊടുക്കാൻ ഒരു ഒരു ജങ്ക്ഷനിൽ അവർ തെല്ലിട നിന്നു. കുസൃതിത്തം തൊട്ടുതേച്ച അന്നക്കുട്ടിയുടെ മൂക്കിനു വശത്തെ മറുക് ഇരുട്ടത്തും തിളങ്ങിയത് അപ്പച്ചൻ ശ്രദ്ധിച്ചു. അവരെ പൂണ്ടടടക്കം കെട്ടിപ്പിടിച്ചു. അന്നക്കുട്ടി അതിൽ ഒതുങ്ങിക്കൂടി നിന്നു. കാപ്പിപ്പൂവിന്റെ സുഗന്ധം അപ്പച്ചൻ ശ്വാസം വലിച്ച് ഉൾക്കൊണ്ടപ്പോൾ തെല്ല് ഉന്മത്തനായി. ആവേശം ഏറെച്ചെന്ന രാത്രിയുടെ ക്ഷീണത്തിനു വഴി മാറി. അന്നക്കുട്ടിയുടെ കയ്യും പിടിച്ച് നടത്തം തുടർന്നു.
സിമിത്തേരിയ്ക്കപ്പുറം കാട്ടിൽ കടന്നതോടെ അപ്പച്ചൻ വിളിച്ചു പറഞ്ഞു “അമ്പടീ നിന്റെ ഒരു സാമർത്യം! ഇങ്ങോട്ടു തന്നെ നീ കൊണ്ടുവന്നു” ഉറക്കെ ചിരിക്കാൻ അന്നക്കുട്ടി സമ്മതിച്ചില്ല. “ഒരു ചെത്തോം ഇല്ലാത്ത സ്തലമാ. ഇത്രേം ഒച്ച വേണ്ട.”
“ഇത്രേം നടന്നതല്ലെ എനിയ്ക്ക് ഇരിയ്ക്കണം” അപ്പച്ചൻ അന്നക്കുട്ടിയുടെ തോളിലേക്കു ചാഞ്ഞു.
“ദേ ഇവിടെത്തന്നെ” അന്നക്കുട്ടി ഒരു മരത്തിന്റെ കീഴെ കരിയിലകൾ മാറ്റി സ്ഥലം വെടിപ്പാക്കി. കാലുകൾ നീട്ടിയിരുന്നു. അൽപ്പം നനവുള്ളതെങ്കിലും നിലത്ത് അപ്പച്ചൻ ചുരുണ്ടു കൂടിക്കിടന്നു. അവർ അപ്പച്ചന്റെ തല സാവധാനം മടിയിൽ എടുത്തു വച്ചു.
“ഇച്ചിരെ തണുക്കുന്നുണ്ട്” അപ്പച്ചനിൽ ഒരു കുളിർ പാഞ്ഞു.
“ദേണ്ടെ പൊതപ്പിക്കാം.” അന്നക്കുട്ടി കസവു കവണി അഴിച്ച് ആകെ പുതപ്പിച്ചു. അപ്പച്ചൻ ഒരു നിർവൃതിയിലെന്നപോലെ മെല്ലെ കണ്ണുകളടച്ചു.
പിറ്റേന്ന് പോലീസും ചില സന്നദ്ധസേവാംഗങ്ങളും ഒരുപാടു മലയാളികളും വ്യാപകമായി തെരഞ്ഞതിനു ശേഷമാണ് അപ്പച്ചന്റെ ദേഹം കണ്ടുകിട്ടിയത്. സിമിത്തേരിയ്ക്കപ്പുറം കാട്ടിലെ മരത്തിനു കീഴെ പിണച്ചകൈകളീൽ തല വച്ച് ഉറങ്ങുന്ന മട്ടിൽ. മോർച്ചറിയിൽ വച്ച് പോലീസ് കസവു കവണി മടക്കി കൊടുത്തപ്പോൾ സ്റ്റാൻലിയും റോസ്മേരിയും പരസ്പരം നോക്കി, ഒരു ഞെട്ടൽ ഉള്ളിലൂടെ പാഞ്ഞു. കവണിയുടെ നടുക്ക് നൂൽക്കമ്പി കെട്ടിയിടത്തെ തുരുമ്പ് പുതുതായിത്തന്നെ അതിലുണ്ടായിരുന്നു.
തലേ ദിവസം പെട്ടെന്നു കവണി കാണാതെ പോയത്തിൽ ഒരു വെപ്രാളത്തിൽ ആയിരുന്നു എൽസി. സ്റ്റാൻലി വിളിച്ച് മരണവിവരം പറഞ്ഞപ്പോൾ കവണിയുടെ കാര്യം പറഞ്ഞതുമില്ല.
പക്ഷേ എൽസി വേറൊരു കാര്യം സ്റ്റാൻലിയോടും പറഞ്ഞില്ല. തലേന്നു രാത്രി കവണി കെട്ടിവച്ചിരുന്ന നൂൽക്കമ്പി അഴിഞ്ഞും കിടക്കുന്നല്ലൊ എന്നു കണ്ട് ഫോട്ടൊ സൂക്ഷിച്ചു നോക്കിയപ്പോൽ അവൾക്ക് തല ചുറ്റിപ്പോയി.
അമ്മച്ചി ഫോട്ടോയിൽ അതിമനോഹരമായി ചിരിക്കുന്നു.
39 comments:
പിറ്റ്സ്ബർഗിലെ ഒരു രാത്രിയിൽ അപ്പച്ചനു സന്തോഷം. കഥ.
:(
സ്നേഹത്തിന്റെ അമൃതസ്പർശമുള്ള രചന.തമ്പുരാൻകർത്താവിനോളം ഉയരുന്ന,മാസനിബദ്ധമല്ലാത്ത രാഗദ്വേഷം.ഇത്രയേയുള്ളൂ ജീവിതം.
മുണ്ടക്കയത്തുനിന്നു പിറ്റ്സ് ബർഗ് വരെ പരക്കുന്ന പ്രണയത്തിന്റെ ഈ മൃത്യുജ്ഞയസംഗീതത്തിന് മുന്നിൽ,ഞാൻ നടത്തിയ രോഗാരോപണം തിരിച്ചെടുക്കുന്നു.ഇനി,അഥവാ ഇതൊരു രോഗമാണെങ്കിൽ അതു തുടരാൻ പ്രാർത്ഥിക്കുന്നു.
എതിർസ് കതിർസ്...
ഇതെനിക്ക് അതിഭയങ്കരമായി ഇഷ്ടപ്പെട്ടൂ.
ഖോഡുഗൈ.
ഞാൻ ബ്ലോഗിൽ വായിച്ച ഏറ്റവും മനോഹരമായ കഥ
(ഇതേ അഭിപ്രായം ഇതിനു മുൻപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് ഇങ്ങേരുടെ തന്നെ തുടരൻ കഥ വായിച്ചിട്ടായിരുന്നു. ഇപ്പൊ ഞാൻ അത് തിരുത്തുന്നു. ഇത് അതിലും മഹത്തരം)
കഥ എങ്ങനെ ആയിരിക്കണം എന്നു ആരെങ്കിലും ചോദിച്ചാൽ ഇങ്ങനെ എന്ന് ഞാൻ പറയുക “കടൽത്തീരത്തും” “ഹിഗ്വിറ്റയും” ചൂണ്ടിക്കാണിച്ചായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം,ആ കഥകളോടൊപ്പം ചേർത്ത് വെയ്ക്കാൻ ഒരു കഥ
എതിരേട്ടാ നന്ദി
മറക്കില്ല.
ഇതെനിക്കു വളരെ ഇഷ്ടപ്പെട്ടു
കഥ നന്നായിട്ടുണ്ട്. But second half is predictable.
OT:
"കടൽത്തീരത്തും ഹിഗ്വിറ്റയും ചൂണ്ടിക്കാണിച്ചായിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം,ആ കഥകളോടൊപ്പം ചേർത്ത് വെയ്ക്കാൻ ഒരു കഥ"???
ഇത്തിരി കടന്നു പോയില്ലേ?
അപ്പച്ചന്റെ വാക്കുകള്‍ കടമെടുത്താല്‍ "ഓ വി വിജയന്‍റെ ഒപ്പം ഇരിക്കാറായോ എതിരന്" ;-)
തിളക്കമുള്ള ഒരു ദാമ്പത്യത്തിന്റെ കഥ അതിലെ പ്രണയത്തിന്റെ ആഴം മനസ്സുകൊണ്ടുള്ള അടുപ്പം ഒക്കെ വളരെ നന്നായി വരച്ചിട്ടു ..
കഥ വായിക്കുക എന്നതിനേക്കാള്‍ വലിയ ഒരനുഭവമായി ഈ കഥ...
വീരശൂരപരാക്രമികളായി വിലസുന്ന അപ്പച്ചന്മാര്‍ അമ്മച്ചി പോയിക്കഴിയുമ്പോള്‍
"ആഃ എനിക്ക് ഒന്നും അറിയാമ്മേലാ എല്ലാം അവളാ നടത്തീരുന്നെ.."
എന്നു പറയുന്നത് എത്രയോ തവണ കേട്ടൂ..
ആ ഒരു മാറ്റൊലി ഇവിടെയും.
ശരിക്കും ജീവിത പങ്കാളി!
ഈഗോയിസമില്ലതെ നാണയത്തിന്റെ രണ്ടു വശങ്ങളായി ജീവിക്കുന്ന ദമ്പതികള്‍
അവരുടെ ഓര്‍മ്മയും ഉന്‍മേഷം തരും ..
സുഖത്തിലും ദുഖത്തിലും
ആരോഗ്യത്തിലും അനാരോഗ്യത്തിലും
ഒന്നാവുന്ന ജന്മങ്ങളുടെ മുന്നില്‍
തൊഴുകയ്യോടെ ഈ വരം വരും തലമുറക്കും ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ...
നന്ദി മനസ്സിനെ സ്പര്‍ശിച്ച കഥ!!
ഗംബ്ലീറ്റ്ലി ഓഫ്:
കടൽത്തീരത്തിനും ഹിഗ്വിറ്റക്കുമൊപ്പം വെക്കാൻ എന്നു വരെ പറഞ്ഞുപോയ സ്ഥിതിക്ക്,ഞാൻ എന്റെ പിൻവലിച്ച ആരോപണം വീണ്ടുമുന്നയിക്കുന്നു.എതിരന് കഥാരോഗമാണ്.അഹങ്കാരരോഗം കൂടി വന്നാൽ അപകടമാവും.അതുകൊണ്ട്,ഇനി താരതമ്യപ്പെടുത്തുന്ന കമ്പാരീറ്റീവ് ലിറ്ററേച്ചർ ബുദ്ധിജീവികൾ കസാൻദ്സാക്കിസിന്റെയോ,മാർകേസിന്റെയോ കൃതികളുമായി വരെ മാത്രമേ ഈ രചനയെ ചേർത്തുവെക്കാവൂ എന്നപേക്ഷ.
കല്യാണം & വികടൻ
ഓ വി വിജയനോടൊ മാധവനോടൊ എതിരനെ താരതംയപ്പെടുത്തിയതല്ല. കഥ വായിക്കാനും മനസ്സിലാക്കാനും ഒക്കെ ഉള്ള ബുദ്ധിയും മനസ്സും നിങ്ങളേ പോലെ എനിക്കും ഉണ്ട്. എനിക്ക് ഇഷ്ടപ്പെട്ട രണ്ട് കഥകളാണ് കടൽത്തീരത്തും ഹിഗ്വിറ്റയും. അതു പോലെ എനിക്ക് അത്രയും തന്നെ ഇഷ്ടപ്പെട്ട ഒരു കഥയാണിത് എന്നാണ് ഞാൻ അർഥമാക്കിയത്.
പിന്നെ വികടൻ : എതിരനെ കിട്ടുന്ന അവസരത്തിൽ ഒക്കെ ഞോണ്ടുന്ന താങ്കൾ അതിനായി എന്റെ കമന്റ് ഉപയോഗിച്ചതിൽ എനിക്ക് അദ്‌ഭുദമില്ല.
കഷ്ടം. ആരും ഒന്നിന്റേയും അവസാന വാക്കല്ല എന്ന് മനസ്സിലാക്കുന്നത് താങ്കൾക്ക് കൂടുതൽ ശോഭ നൽകുകയേ ഒള്ളു.
(എതിരൻജി ക്ഷമിക്കുക)
ഞാനും ഒരു പാലക്കാട്കാരൻ തന്നെ ആണേ..
എതിരാ..താങ്കളൂടെ കഥകള്‍ വായിച്ചു കഴിയുമ്പോള്‍ അറിയാതെ ഒരു നെടുവീര്‍പ്പിടുന്നതെന്തിനെന്ന് എനിക്കറിയില്ല...
രാവിലെ തന്നെ മനസ്സില്‍ ഒരു തേങ്ങല്‍......
നല്ല കഥ... :)
എതിരന് മാഷേ, ഈ കഥ മുന്‍പത്തെ കഥയേക്കാളും ഇഷ്ടമായി. അവസാന ഭാഗങ്ങളെ കുറിച്ച് ഒരൂഹമുണ്ടായിരുന്നെങ്കില്‍ കൂടി കുറച്ചു വീര്‍പ്പടക്കിയാണ് വായിച്ചു തീര്‍ത്തത്. നന്നായി ഇഷ്ടപ്പെട്ടു. :)
തഥാഗതാ,ഞാൻ താങ്കളോടു സഹതപിക്കുന്നു.ഞാൻ നാട്ടുരാജാവിനെ നോണ്ടുന്നതിനു പിന്നിലെ ആത്മബന്ധം അദ്ദേഹത്തോടു ചോദിക്കൂ:)
വിനയം ഇല്ലാത്തിടത്തെ വിജ്ഞാനം...
അഹങ്കാരത്തിൽ നിന്നും ഉടലെടുക്കുന്ന സഹതാപസ്വരം.
എതിരന്റെ ബ്ലോഗ്ഗിൽ സൂക്ഷിക്കേണ്ട മര്യാദ എന്നെ കൂടുതൽ എഴുതുന്നതിൽ നിന്ന് വിലക്കുന്നു.
നല്ലൊരു കഥ.
പോസ്റ്റ് വന്നപ്പോള്‍ തന്നെ വായിച്ചെങ്കിലും കമന്റിടുക എന്ന ചടങ്ങ് നടത്താതെയാണ് പോയത്.
ഇതാ ഇപ്പോള്‍ തമാശയായത്. വികടന്റെയും തഥാഗതന്റെയും കമന്റ് യുദ്ധം.
:)
അനിലേ,
ലോകാഭിരാമമാണിത്തിരക്കിൽ
സ്നേഹാധികാരശകാരഘോഷം...:)
ചേട്ടാ,സോറി.ഞാൻ ഇവിടെ നിർത്തുന്നു:)
എതിരന്‍ സാര്‍
എന്തൊരു കഥ. എന്തിനാ ഒത്തിരി. ഇതുപോലൊന്ന് മതിയല്ലോ. ഇതു വായിച്ച് കഴിഞ്ഞപ്പോള്‍ "പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്" ഒന്നൂടെ വായിക്കമെന്ന് തോന്നി. വായിച്ചു.
എനിക്കാകെ സ്നേഹമോ.. വിഷമമോ എന്തൊക്കെയോ തോന്നുന്നു.
ഒരു നമസ്കാരം.
ബ്ലോഗിൽ ഏതാണ്ട് അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ‘ചെറുകഥ’.
ഇടക്ക് സിജി വല്ലപ്പോഴും ഓരോന്ന് ഇടാറുണ്ടെന്നൊഴിച്ചാൽ വല്ലാതെ ദാരിദ്യം നേരിടുന്നുണ്ട്. ബ്ലോഗ് പോലെ അവനവൻ പ്രസാധകനാവാൻ അവസരം ലഭിക്കുന്ന ഒരു മാധ്യമത്തിൽ നല്ല കഥകൾ എഴുതാൻ ആരും മുന്നോട്ട് വരുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
കഥ നന്നായിട്ടുണ്ട് എതിരൻ ജീ
പ്രെഡിക്റ്റബിളിറ്റി ഒരു പ്രശ്നമായി ആവര്‍ത്തിക്കുന്നു എതിരന്‍ മാഷേ. എങ്കിലും ഇഷ്ടപ്പെടാതിരിക്കാനാവുന്നില്ല.
ഈ വരി : മരിയ്ക്കാനുള്ള ആശ ഒരു ചെറിയ നടുക്കം പോലുമില്ലാതെ സ്വമേധയാ വന്നുകയറിയതില്‍ അപ്പച്ചന്‍ ഒന്നു വിഭ്രാന്തിപ്പെട്ടു, "At eighty-one years of age he was lucid enough to realize that the few weak strands that bound him to this world could break painlessly if he turned over in his sleep, and if he tried his best to keep those threads intact, it was because of his terror of not finding God in the darkness of death" (Marquez, Love in the Time of Cholera) എന്ന ഭാഗത്തെ ഓര്‍മ്മിപ്പിച്ചു. അതിലൊരു നൈസര്‍ഗികമായ ദാര്‍ശനികതയുണ്ട്. അതിന്റെ സൗന്ദര്യവും അവിടെത്തന്നെ. (Quote - from memory)
കഥ കലക്കനായിട്ടുണ്ട്.
ചേടത്ത്യാരുടെ കയ്യും പിടിച്ച് അപ്പച്ചന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന് ഊഹിക്കാന്‍ പറ്റിയില്ല. പക്ഷെ, അവസാനം അമ്മച്ചി ഫോട്ടോയില്‍ എന്തായാലും ചിരിച്ചോണ്ടിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു! ;)
ഉറക്കത്തിലേക്കു` ഊർന്നിറങ്ങുമ്പോഴും പിന്നാലെ വന്നു് ഓർമ്മയെ വായനയുടെ നിശ്വാസങ്ങളിലേക്കു് ബലമായി വിളിച്ചുകൊണ്ടുപോവുന്ന കഥ. നന്നായിട്ടുണ്ടെന്നു പ്രത്യേകം പറയണ്ടല്ലോ.
ഈ കഥയുടെ തലക്കെട്ടു കൊള്ളില്ല. വായനയുടെ ഉദ്വേഗം മുഴുവൻ നശിപ്പിക്കുന്ന ഒരു സ്പോയിലർ ആവുന്നു അതു്. പഴയ ബ്ലാക്കാന്റ്വൈറ്റ് ചിത്രങ്ങൾ ഫോട്ടോഷോപ്പുപയോഗിച്ച് വൃത്തികേടാക്കുന്ന സ്റ്റുഡിയോയിലെ പയ്യനെപ്പോലെ ആ തലക്കെട്ടു് കസേരയിൽ കേറി സുമുഖനായി ഞെളിഞ്ഞങ്ങനെ ഇരിക്കുന്നു.
അതു മാറ്റണം.
:)
Great!!!!
Blogil vaayicha ettavum nalla kathakalil onnu!!!!
super super valere nalla orukadha
ചെക്കോവും മോപ്പസാങ്ങും ഒന്നിക്കുന്ന അതുല്യ കലാസ്റ്ഷ്ടി ! അഭിനനന്ദങ്ങള്‍ !
അനോണിയേ, ഇങ്ങനെ എന്നെ കളിയാക്കിയാൽ ഇനി ഞാൻ കഥ എഴുതൂല്ല.(ചുമ്മ പറഞ്ഞതാ കേട്ടൊ. ഇനീം എഴുതും. ചെക്കോവും മോപ്പസാങ്ങുമൊക്കെ പേടിച്ചിരിക്കുകാ).
അനോണി കമന്റിടാൻ മൂന്നാലു പേരേ ചട്ടം കെട്ടിയിട്ടുണ്ട്.
നല്ല കഥ !
വളരെ നന്നായി, കമന്റ് വായിച്ച് ഇപ്പഴാ അറിയുന്നെ "പൂഞ്ഞാറിലെ കാറ്റിനെ " ക്കുറിച്ച്. പോയി വായിച്ചു മൊത്തം സീരീസും. അതാണ് കൂടുതല്‍ ഇഷ്ടായത്. വളരെ ടച്ചിംഗ് ആയിത്തോന്നി. മിസ്സായല്ലോ എന്നോര്‍ക്കുകയും ചെയ്തു. പുഴകള്‍ , ഈയുള്ളവന്റെ വല്യ വീക്നെസ്സാ..
കബറിടമാണോ കല്ലറയാണോ? അറിയാൻ മേലാത്തത് കൊണ്ട് ചോദിച്ചതാ. കഥ കൊള്ളാം. അഭിനന്ദനങ്ങൾ!
മുണ്ഡിത ശിരസ്കൻ:
‘കല്ലറ’ യാണു ശരി അല്ലെ?
എതിരച്ചായോ..അലക്കിത്തേച്ച മുണ്ടുമുടുത്ത് പ്രകാശോം പരത്തി അന്നക്കുട്ടി വന്നപ്പോഴേ അപ്പച്ചന്റെ വിസ ഉറപ്പിച്ച കാര്യം മ്മളും ഉറപ്പിച്ച് .പക്ഷേ ആ “നൂൽക്കമ്പി“ മനസിൽ കെട്ടിവക്കാൻ പറ്റിയൊരെണ്ണം ആണ്.. !
ഒരു ഓഫ് :- മ്മടെ അമ്മച്ചി എല്ലാ ബുധനാഴ്ച്ചകളിലും ശുഭ്രവസ്ത്രധാരിയായി പ്രകാശം പരത്തിവരുന്ന അപ്പച്ചനോട് സംവദിച്ച് ആണ് അഞ്ചിലേയും ആറിലേയും കണക്ക് പരീക്ഷക്ക് ഞാൻ ജയിക്കുമെന്ന് പറഞ്ഞത്.പെട്ടെന്നായെപ്പിസോഡോർത്ത് പോയി.. :(
വായി്ച്ച് അഭിപ്രായം പറഞ്ഞ എല്ലാവക്കും നന്ദി.
വിശ്വപ്രഭ:
തലക്കെട്ടു മാറ്റണമെന്ന് പലരും പറയന്നു.വേറൊന്ന് ആലൊചിക്കുന്നു.
മുണ്ഡിത ശിരസ്കൻ:
കല്ലറ എന്നു മാറ്റി എഴുതി.
മേലേതിൽ:
“പൂഞ്ഞാറിൽ നിന്നുള്ള കാറ്റ്” വായിച്ചെന്നറിഞ്ഞതിൽ സന്തോഷം.
സത്യമായും പേടിച്ചു.
അന്നക്കുട്ടി രാത്രിയില്‍ വന്നത് സഹിച്ചു. പക്ഷേ ആ കസവു കവിണി....
എന്റമ്മേ ഓര്‍ത്തിട്ടു തന്നെ കിടുങ്ങുന്നു.
നല്ല കഥ.
Manoharamaya Kadha, Nalla avatharanam... Abhinandanagal... Ashamsakal...!!!
അഞ്ചാറ് മാസമായിട്ട് ബ്ലോഗുകളിലൊന്നും മാഞ്ഞാടാറില്ലാത്തതിനാല്‍ ഇത് കണ്ടതേയില്ല.
ഓരോ വാക്കുകളും, വരികളും മനോഹരമായി അടുക്കിവച്ചുണ്ടാക്കിയ നല്ലൊരു കഥ.
നന്ദി എതിരന്‍ജി.
ഇത് വളരെ നന്നായി എതിരാ.
ഒന്നാന്തരം കഥ.
palakkattettan
snehathinte kathayaayathukond enikk peruthishtamaayi
kathayude peru GREEN CARD ennaakkiyaalo
shihabuddin poithumkadavu
Post a Comment