ബലിക്കല്പുരയിൽ അവരെ കണ്ടപ്പോൾ ശാന്തിക്കാരൻ തെല്ലൊന്ന് വിസ്മയിച്ചു. ”ഇത്ര രാവിലെ എങ്ങനെയെത്തി? നടന്നു വരാൻ വഴിയില്ല”
"ഹേയ് നടന്നൊന്നുമല്ല. ഈ കാലും വച്ച് എങ്ങനെ നടക്കാൻ. ഡ്രൈവർ കൂടെയുണ്ട്” അവർ പറഞ്ഞു.
“അല്ലെങ്കിലും അന്നേൽപ്പിന്നെ ഡ്രൈവ് ചെയ്യുകേലെന്ന് എനിക്കറിയാം” ശാന്തിക്കാരന്റെ ഈ പ്രസ്താവനയിൽ അവർ ഒന്നു പതറി. കേട്ടില്ലെന്നു മട്ടിൽ ശ്രീകോവിലിനു നേരെ തിരിഞ്ഞ് കണ്ണടച്ചു. ഒരു നിമിഷത്തിനു ശേഷം സ്വരം ദൃഢീകരിച്ചു.
“മകൻ വന്നത് കണ്ടില്ലെ. ഇന്നലെ വന്നതേ ഉള്ളൂ. പിറന്നാളിനു തന്നെ എത്തി. ദേ ഞാൻ നിർബ്ബന്ധിച്ചാ അമ്പലത്തിലേക്കു കൊണ്ടു വന്നത്” അവർ ഒന്നു ചിരിക്കാനും ശ്രമിച്ചു.
“അതു പിന്നെ എനിയ്ക്കറിയാൻ മേലേ. തൃക്കേട്ട. മീനമാസത്തിൽ. വഴിപാട് പതിവുള്ളതാണല്ലോ" അവർ സ്വൽപ്പം മോടിയിൽ വസ്ത്രമണിഞ്ഞിട്ടുണ്ടെന്ന് ശാന്തിക്കാരൻ ശ്രദ്ധിച്ചു.
രഹസ്യം പറയുന്നപോലെ അവർ ശാന്തിക്കാരനൊട് അടുത്ത് നിന്നു പറഞ്ഞു. “ഇത്തവണ കല്യാണം ഉണ്ടുകേട്ടോ. ഇവൻ ഇങ്ങനെ നടന്നാൽ പോരല്ലൊ. പെണ്ണുകാണലിനു സമ്മതിച്ചിട്ടുണ്ട്. അമ്മയെ ഒന്നന്വേഷിക്കൽ ഉണ്ടൊ ഇവന്? അത്പോട്ടെ സ്വന്തം കാര്യം നോക്കുന്നുണ്ടോ? “
പിന്നെ പുറകോട്ട് തിരിഞ്ഞ് ചെറുതായി ചിരിച്ചുകൊണ്ട് ഇത്രയും. “ജോലിയാണത്രെ ജോലി! ഇങ്ങനെയുമുണ്ടോ ഒരു ജോലി? ഡെൽഹിയിൽ എല്ലാരും ഇങ്ങനെയൊന്നുമല്ലെന്നേ“.
ശാന്തിക്കാരൻ മ്ലാനമായ മുഖം മറയ്ക്കാൻ ശ്രമിച്ചു. ധിറുതിഭാവിച്ച് അകത്തേയ്ക്കു പോയി.
അടുത്ത അമ്പലത്തിലേക്കു പോകുന്ന വഴി പാലം കടന്നപ്പോൾ ഡ്രൈവർ ശ്രദ്ധിച്ചു. പാലത്തിന്റെ കൈവരി പൊളിഞ്ഞത് ഇനിയും അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. പൊളിഞ്ഞ കോൺക്രീറ്റിൽ നിന്നും കമ്പികൾ വളഞ്ഞും തിരിഞ്ഞും എഴുന്നു നിൽക്കുന്നു. പുറകിലത്തെ സീറ്റിൽ അവർ സന്തോഷവതിയായിട്ടാണ് ഇരിപ്പ്. ഇങ്ങനെ ഈയിടെ എങ്ങും കണ്ടിട്ടില്ല.
ഗണപതിയമ്പലത്തിലും ശാന്തിക്കാരൻ അവരെ കണ്ടതോടെ മകന്റെ പിറന്നാൾ ദിവസമാണെന്ന് ഓർമ്മിച്ചെടുത്തു. അവർക്ക് ഉത്സാഹം കൂടി. “ഇന്നു തന്നെ എല്ലാ അമ്പലങ്ങളിലും പോകണമെന്നു പറഞ്ഞ് രാവിലെ നിർബ്ബന്ധിച്ചാ ഇവനെ എഴുനേൽപ്പിച്ചത്. ഡെൽഹിയിലാണെങ്കിൽ അത്ര നേരത്തെ ഉണർന്നെണീയ്ക്കുകേലെന്ന്! ഇവിടെ വന്നാൽപിന്നെ ഞാൻ പറയുന്ന പോലെ കേൾക്കാതിരിക്കാൻ പറ്റുവൊ?. ഒന്നും പറയാതെ എന്റെ കൂടെ ഇങ്ങു പോന്നു.”
ശാന്തിക്കാരന് ഒന്നും പറയാനുണ്ടായിരുന്നില്ല.
“അല്ലെങ്കിലും മിണ്ടാട്ടം വളരെ കുറവാ ഈയിടെ അവന്” അവർ തന്നോടു തന്നെ പറഞ്ഞു.
ശാസ്താമ്പലത്തിൽ കൊച്ചുതിരുമേനിയെ കണ്ടതോടെ അവർക്ക് നിയന്തണം വിട്ടു. “കേട്ടൊ മധുക്കുഞ്ഞേ ഇവനോട് ഒന്നു പറയണേ. നിങ്ങളു ഒന്നിച്ചു പഠിച്ചവർ. വല്യ കൂട്ടുകാർ അല്ലാരുന്നോ? മധുക്കുഞ്ഞിനു മൂന്നുവയസ്സായ കുഞ്ഞു വരെ ആയി. ഇവനെ ഒന്നു കാണാൻ കിട്ടുന്നുണ്ടോ? അവന്റെ ഒരു ഡെൽഹിയും ജോലിയും. ഇങ്ങനെ വല്ലപ്പോഴും വരും. കല്യാണക്കാര്യം പറയുമ്പോൾ ഒന്നും മിണ്ടുകേം ഇല്ല. അല്ലെങ്കിൽ തന്നെ എന്നോട് വല്ലതും മിണ്ടുകേം പറയുകേം ചെയ്യുമോ ഇവൻ? ഇനി ഡെൽഹിയിൽ പരിചയക്കാരി ഉണ്ടെങ്കിൽ അതും ആയിക്കോട്ടെ. എനിക്കു വിരോധമൊന്നും ഇല്ലെന്നേ. മധുക്കുഞ്ഞ് ഒന്നു ചോദിച്ചു നോക്കിയേ.“
പ്രസാദം നിറച്ച ഇലക്കീറ് കൊടുത്തപ്പോൾ കൊച്ചുതിരുമേനി അവരുടെ കയ്യുകൾ അടക്കിപ്പിടിച്ചു. കണ്ണുകളിൽ തന്നെ നോക്കി. കരച്ചിൽ അടക്കാൻ വയ്യാതെ കൊച്ചുതിരുമേനി വശത്തേയ്ക്കു മുഖം തിരിച്ചു.
പുറത്ത് കാത്തുനിന്ന ഡ്രൈവറോട് ഉച്ചത്തിൽ തന്നെ അവർ പറഞ്ഞു. “വേഗം പോകാം. സുബ്രഹ്മണ്യന്റെ അമ്പലത്തിൽ ഉച്ചപ്പൂജ കഴിയുന്നതിനു മുൻപു തന്നെ എത്തണം. വിഷ്ണുത്തിരുമേനിയ്ക്ക് അറിയാം ഞാനും മോനും ഇന്ന് എത്തുമെന്ന്. എന്നാലും വേഗം ചെല്ലണം”
“തിരുമേനിയേ ഞങ്ങളിങ്ങെത്തി കേട്ടൊ” ഉറക്കെപ്പറഞ്ഞുകൊണ്ടാണ് അകത്തെത്തിയത്. അകത്തു നിന്നും ഇറങ്ങിവന്ന പുതിയ ശാന്തിക്കാരൻ തന്നെ പരിചയമുള്ള ആരെങ്കിലുമായിരിക്കും എന്നു കരുതി ചെറിയ ഒരു ചിരി വരുത്തി.
പുതിയ ശാന്തിക്കാരനെ കണ്ടിട്ടും അവർ ദൃഢത വിടാതെ പറഞ്ഞു “ തിരുമേനി പുതിയ ആളാ ഇവിടെ അല്ലേ? ഈ ദിവസം ഞങ്ങൾ എത്തുമെന്ന് വല്യതിരുമേനിക്ക് ആണെങ്കിൽ ശരിക്കും അറിയാം കേട്ടൊ. മോന്റെ പിറന്നാളാ ഇന്ന്. ദാ അവനാ കൂടെ. ഡെൽഹിയിൽ നിന്ന് ഇന്നലെ എത്തിയതേ ഉള്ളു. ഇങ്ങോട്ടു മാറി നിക്കടാ. തിരുമേനി നിന്നെ കണ്ടിട്ടേ ഇല്ലല്ലൊ”
ശാന്തിക്കാരൻ ശരിക്കും അന്ധാളിച്ചു. ‘ ആരുടെ കാര്യമാ നിങ്ങൾ പറയുന്നത്? കൂടെ ആരുണ്ടെന്ന്?’ അയാളുടെ നോട്ടം അവരുടെ പുറകിലെ ശൂന്യത കടന്ന് പഴകിദ്രവിച്ച തിടപ്പള്ളിയുടെ പലകകൾ വരെ ചെന്നെത്തി.
അവർ ശരിക്കും പകച്ചു. തുറിച്ചുപോയ കണ്ണുകൾ ശാന്തിക്കാരന്റെ മുഖത്തിനും അപ്പുറം പാഞ്ഞു. പെട്ടെന്നു പുറം തിരിഞ്ഞു. ഒരു ഓട്ടത്തിന്റെ വേഗതയിൽ പുറത്തെത്തി.
പാലം കടന്നപ്പോൾ അവിടെ നിറുത്താൻ ഡ്രൈവറോട് പറഞ്ഞു. പൊളിഞ്ഞ കയ്‌വരി ചേർന്ന് അവർ കണ്ണടച്ച് നിന്നു. കയ്യിലെ ഇലക്കീറുകൾ മടക്കു നിവർത്തി താഴേയ്ക്ക് കുടഞ്ഞു.
താഴെ മണലിൽ അവിടവിടെയായി പൊന്തി നിന്ന ഒരു കാറിന്റെ തുരുമ്പിച്ച ലോഹക്കഷണങ്ങളിൽ ശർക്കരപുരണ്ട തേങ്ങാപ്പൂളും അതിന്മേൽ പറ്റിയ തുളസിയിലകളും ചെന്നു പതിച്ചു.
16 comments:
ഡെൽഹിയിൽ നിന്നും മകൻ അമ്മയുടെ അടുത്ത് എത്തുന്നു. കഥ.
അതുശരി. എതിരന്‍ജി പുതിയ ട്രാക്കില്‍ ഇറങ്ങ്യോ. കഥ ഇഷ്ടമായി.
:-)
--
maaash..
kathha ishtamaayi. eeyideyayi bhayangara senti aanallo?
എതിരൻ,
നല്ലൊരു തീം ആണു കഥയുടേത്.മരണം മനസ്സിലേൽപ്പിയ്ക്കുന്ന വിഭ്രാന്തികളെ ഭംഗിയായി അവതരിപ്പിയ്കുന്നു.
പക്ഷേ ഇതിന്റെ ഏറ്റവും വലിയ ന്യൂനത എന്നത് രണ്ടാമത്തെ അമ്പലത്തിൽ ചെല്ലുന്ന ഭാഗം വരെ വായിച്ചപ്പോൾ തന്നെ കഥയുടെ അവസാനം എങ്ങനെയാണെന്ന് മനസ്സിലായി എന്നതാണ്.അതെന്തുകൊണ്ടാണു അങ്ങനെ വന്നതെന്ന് എതിരൻ നന്നായി ആലോചിയ്ക്കുമെന്ന് കരുതട്ടെ !
വീണ്ടും നല്ല കഥകൾ പ്രതീക്ഷിയ്ക്കുന്നു.
പാമരന്‍ ചോദിച്ചതു തന്നെ...
നാട്ടുരാജാവേ,
കരയിപ്പിക്കലാണു ലക്ഷ്യമെങ്കിൽ,ആ പരിപ്പ് ഇവിടെ വേവില്ല.കരയാനാണുദ്ദേശമെങ്കിൽ,ആയിക്കോ.
ഇത്ര ചെറുതാക്കിയതുകൊണ്ട് ഒരു ഒതുക്കവും ഭംഗിയും വന്നിട്ടുണ്ട്.ഇത്,സത്യമായും,എനിക്കിഷ്ടായീട്ടോ.
പൂഹോയ്...പൂഹോയ്...
ആരാണെന്നാ..ഞാനാണേ....
പാവം സാന്റോയാണേ..
പോസ്റ്റ് വായിക്കാന്‍ നോക്കീട്ട് പറ്റീല്ലാ...
മുഴുവന്‍ വെട്ടും കളവും ചതുരോം...
നുമ്മടെ സിസ്റ്റത്തിന്റെ മിസ്റ്റേക്കണോ..അതോ കതിരന്റയോ...
എന്തായാലും ഡെല്‍ഹി എന്ന് തലക്കെട്ടില്‍ നിന്ന് വായിച്ചു..
എതിറ്റഞി ഡെല്‍ഹീലേക്ക് വന്നോ...അതോ..
ഡെല്‍ഹി അങ്ങോട്ട് വന്നോ...
അപ്പോ..എന്തൊക്കെ വിശേഷം..
കഥാവസാനം ഊഹിച്ചു എങ്കിലും നന്നായി മാഷേ
ഇതിഹാസകാരന്റെ “കടല്‍ത്തീരത്ത്” എന്ന ക്ഥ ഓര്‍മയിലെത്തി മാഷെ.
പിറന്നാള്‍ ദിനത്തില്‍ മരിച്ച മകന്‍!
മനോനില തെറ്റി പുഷ്പാജ്ഞലികള്‍ കഴിക്കുന്ന അമ്മ!
നല്ല പോസ്റ്റ്!
സുനില്‍ || ഉപാസന
ഓഫ്-1 : എന്ത് പറ്റി?
ഓഫ്-2 : സാന്റോ ചീവനോറ്റെയുണ്ട്!!
ലോകത്തില്‍ ഏറ്റവും വലിയ ദുഖം മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ മുന്നില്‍ മരിച്ചു കിടക്കുന്നതു തന്നെ.. അതു പിന്നെ മനോ നില തെറ്റിച്ചില്ലങ്കിലേ അല്‍ഭുതമുള്ളു...
കഥയെന്നതിനേക്കാള്‍ ഈ ചിന്ത വന്നപ്പൊള്‍
കഥയുടെ മാറ്റ് കൂടി...
വായിച്ചു തീരുമ്പോള്‍ ഒരു വല്ലത്ത നീറ്റല്‍ ....
പാമരൻ, ഹരീ, ബഹൂ, സുനിൽ കൃഷ്നൻ, പൊറാടത്ത്, വികടൻ, സാൻഡോസ്, ശ്രീ, ഉപാസന, മാണിക്യം:
കഥ വായിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി.
അമ്മ കാറോടിച്ചപ്പോൾ അപകടത്തിൽ മകൻ മരിയ്ക്കുന്നു. പിറന്നാൾ ദിവസം. അതേദിവസം മകൻ വരുന്നെണ്ടെന്ന് അവ്ര്ക്ക് തോന്നൽ. ഈ കഥാതന്തുവിനെ എങ്ങനെ അവതരിപ്പിക്കണം എന്ന ഒരു വെല്ലുവിളി നേരിടാൻ പറ്റുമൊ എന്നു നോക്കിയതാണ്. അമ്പലം/ശാന്തിക്കാരൻ/വഴിപാട് സെറ്റിങ് ഉചിതമെന്നു തോന്നി.
ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം.
സാൻഡോസ്:
കുഴപ്പം അവിടെയാണ് ഇവിടെയല്ല. ആ കമ്പ്യൂടറിനെ ഒന്നു മര്യാദ പഠിപ്പിച്ചേ.
ഞാൻ ട്രാക്കു മാറുന്നോ എന്ന്:
ഹാസ്യം എഴുതിത്തെളിയാമെന്ന വ്യാമോഹത്തിൽ ബ്ലോഗിൽ എത്തിയവനാണു ഞാൻ. വി്ശാലമനസ്കനും ബെർളിയും അരവിന്ദും ഒക്കെ പുല്ലാണെന്ന മട്ടിൽ. രണ്ടെണ്ണം എഴുതിയതോടെ കട്ടേം പടോം മടക്കുന്നതാണ് നല്ലതെന്നു മനസ്സിലായി. പിന്നെ ട്രാക്ക് ഒന്നുമെടുത്തില്ല. പാചകം വരെ ഉൾപ്പെടുത്തി. കഥകൾ കുറെ പോസ്റ്റിയിട്ടുണ്ടല്ലൊ നേരത്തെ.
വായിൽ തോന്നുന്നത് കോതയ്ക്കു പോസ്റ്റ്.
"അയാളുടെ നോട്ടം അവരുടെ പുറകിലെ ശൂന്യത കടന്ന് പഴകിദ്രവിച്ച തിടപ്പള്ളിയുടെ പലകകൾ വരെ ചെന്നെത്തി"
ആകാംക്ഷ നിലനിർത്താനായില്ലെങ്കിലും ഹ്രുദയ സ്പർശിയായിത്തോന്നി കഥ.
ആശം സകൾ
eeyatuthu vaayicha nalloru katha.. :)
ശാന്തികാരാ .. വേണ്ട മോനെ വേണ്ട ..
എതിരാ, നന്നായി.. എന്നാലും ആദ്യത്തെ ശാന്തിക്കാരന്‍ മ്ലാനനാവുന്നതോടെ കഥയുടേ അവസാനം മനസിലാവുന്നു. കഥയില്‍ മന:പൂര്‍വ്വമല്ലാതെ സര്‍പ്രൈസ് കളയല്ലും.
ഒതുക്കമുള്ള എഴുത്ത്..
Post a Comment