Wednesday, December 22, 2021

ഒമിക്രോൺ- സത്യങ്ങൾ, വെല്ലുവിളികൾ

        വീണ്ടും നമ്മെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തുകയാണ് കോവിഡ് വൈറസ്.  വൈറസുകൾ അങ്ങിനെയാണ്-കൂടുതൽ വിഭജിക്കാൻ സൗകര്യവും സാവകാശവും കിട്ടിയാൽ പുതിയ മ്യൂടന്റുകൾ നിർമ്മിച്ചു കൊണ്ടേ ഇരിയ്ക്കും. അവർ മനഃപൂർവ്വം നിർമ്മിച്ചെടുക്കുന്നതല്ല ഈ വേരിയേഷനുകൾ. ആയിരമായിരക്കണക്കിനു പകർപ്പുകൾ എടുക്കപ്പെടുമ്പോൾ വരുന്ന ചില തെറ്റുകൾ ആകാവും മതി. നിരവധി രൂപാന്തരികൾ’ (variants) ഇങ്ങനെ ഉളവാകുന്നതിൽ ചിലവ വൈറസിന്റെ അതിജീവനം കൂടുതൽ സാദ്ധ്യമാക്കുന്നതാകാൻ പോന്നവയാണ്. പരിണാമം എല്ലാ ജീവികളുടെയും അതിജീവനത്തെ പ്രോൽസാഹിപ്പിക്കുന്നതിനാൽ ഇവ നിലനിൽക്കുകയും ചെയ്യുന്നു. വൈറസുകൾ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്:1. കൂടുതൽ വേഗത്തിൽ പടരുക. 2. കൂടുതൽ ആളുകളിൽ പരമാവധി എത്തുക. അതിതീവ്രമായി രോഗം മൂർഛിപ്പിച്ച് പെട്ടെന്ന്  കൊല്ലുക എന്നത് വൈറസുകളെ സംബന്ധിച്ച് ഒരു ലക്ഷ്യമേ അല്ല. കാരണം അവർ പടർന്നു കയറിയവർ കൂടുതൽ ആൾക്കാരിലേക്ക് പകർത്തുക എന്നത് സാദ്ധ്യമല്ലാതാകുന്നു. മരണം സാവധാനം മതി. പറ്റുന്ന കോശങ്ങളിലൊക്കെ കയറി ആവോളം വിഭജിച്ച് കൂടുതൽ പേരിലേക്ക് പടർത്തിക്കഴിഞ്ഞ് രോഗി മരിയ്ക്കുന്നതാണ് വൈറസുകളെ സംബന്ധിച്ച് അഭികാമ്യം. നമ്മൾ മരിക്കണമെന്ന് അവർക്ക് നിർബ്ബന്ധമൊന്നുമില്ല.

 

 ഒമിക്രോൺ (അമക്രാൻ, ആമക്രാൻ, അമുക്രാൻ, അമുക്രോൺഎന്നൊക്കെ ഉച്ചാരണങ്ങളുണ്ട്.)  ഇതേ ആകസ്മികതയുടെ ബാക്കിപത്രം മാത്രമാണ്.  തീവ്രമായി പറ്റിപ്പിടിയ്ക്കാനും നമ്മുടെ കോശങ്ങൾക്കുള്ളിൽ കയറാൻ പുതിയ തന്ത്രങ്ങൾ വശത്താക്കിയതുമാണ്. പക്ഷേ രോഗലക്ഷണങ്ങൾ അതിതീവ്രമോ, മരണകാരകമോ എന്നതിനു ഇതു വരെ തെളിവുകളില്ല എന്നതാണ് സത്യം. നിലവിലുള്ള ഡെൽറ്റാ വൈറസിന്റെ ഉശിരൻ രൂപാന്തരി എന്ന് കരുതാം, ഡെൽറ്റായേക്കാൾ പത്ത് ഇരട്ടി മ്യൂടേഷനുകളാണ് ഒമിക്രോണിൽ. പലതും സ്പൈക് പ്രോടെനിന്മേൽത്തന്നെ.     കോവിഡ്-19 വൈറസുകൾക്ക് നമ്മുടെ കോശങ്ങളിൽ തീവ്രമായി പറ്റിപ്പിടിയ്ക്കാൻ ഉതകുന്ന സ്പൈക്പ്രോടീനിൽ മാറ്റങ്ങൾ സംഭവിക്കുന്ന മ്യൂടേഷനുകളോട് പ്രത്യേകം താൽപ്പര്യമുണ്ട്.

 

  നവംബർ 24 ഇനാണ് സൗത് ആഫ്രിക്കയിൽ ഈ വൈറസിനെ കണ്ടുപിടിച്ചത്. എന്നാൽ നവംബർ 19 ഇനു തന്നെ നെതെർലന്റിൽ ഈ വൈറസ് പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് അറിവായിട്ടുണ്ട് ഇപ്പോൾ. ലോകത്തെമ്പാടും പടർന്ന് പരന്നിരിക്കുന്നു ഒമിക്രോൺ.  WHO ഒമിക്രോണിനെ variant of concern (അതിജാഗ്രത വേണ്ട വേരിയന്റ്) എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  അഞ്ചാമത്തെ വേരിയന്റാണ് ഈ വിഭാഗത്തിൽ പെട്ടവയിൽ.  Alpha, Beta, Gamma, Delta   എന്നിവയാണ് മറ്റ് നാലെണ്ണം.  ഒമിക്രോൺ ബാധയാൽ ആരും മരിച്ചതായി  റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല, ഇതുവരെ.   തൽക്കാലം ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്, വളരെ പെട്ടെന്ന് പകരും എന്നതൊഴിച്ച്. തീവ്രമായ അസുഖങ്ങൾ വന്നു ഭവിക്കുമോ, മരണത്തിന്റെ തോത് കൂടുമോ, കുത്തിവയ്പ് എടുത്തവർക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാദ്ധ്യതയേറുന്നോ എന്നതൊക്കെ ഒന്നു രണ്ടാഴ്ച്ചയ്ക്കകം തീരുമാനമാക്കപ്പെടാൻ മാത്രമുള്ളതാണ്.

 

  ഡെൽറ്റ വേരിയന്റ് കൂടുതൽ മ്യൂടേഷനുകളുമായി വന്ന് ഭവിച്ചതാണ് ഒമിക്രോൺ. (ചിത്രം 1) .ഇന്ന് ലോകത്ത് ഏറ്റവും നാശകാരിയായി വിളയാടുന്നത് ഡെൽറ്റ തന്നെ. ഡെൽറ്റയേക്കാൾ ശീഘ്രമായി പകരാനുള്ള കോപ്പുകളുമായാണ് ഒമിക്രോൺ രംഗപ്രവേശം ചെയ്തിരിക്കുന്നത്. നമ്മുടെ കോശോപരിതലത്തിൽ കൊളുത്തിപ്പിടിയ്ക്കുന്ന ഭാഗത്ത് തന്നെ ധാരാളം മ്യൂടേഷൻ സംഭവിച്ചിരിക്കുന്നു.  പ്രതിരോധശക്തി കുറഞ്ഞ ഏതെങ്കിലും എയിഡ്സ് രോഗിയിലായിരിക്കണം ഈ പരിണാമം നടന്നത് എന്ന് വിദഗ്ധാഭിപ്രായം ഉണ്ട്.  ഇമ്മ്യൂൺ സിസ്റ്റെം ദുർബ്ബലമായ എയിഡ്സ് രോഗികളിൽ പലേ വൈറസുകളും വന്ന് ചേക്കാറാറുണ്ട്.


ചിത്രം 1 ഡെൽറ്റ വൈറസിന്റേയും ഒമിക്രോൺ വൈറസിന്റേയും സ്പൈക് പ്രോടീനുകളിലെ മ്യൂടേഷനുകളുടെ താരതമ്യം. നിറങ്ങൾ ചേർത്ത പൊട്ടുകളൊക്കെ മ്യൂടേഷൻ സംഭവിച്ച ഇടങ്ങളാണ്.

 

 


 

ചിത്രം 2. ഒമിക്രോൺ സ്പൈക് പ്രോടീനിൽ സംഭവിച്ച മ്യൂടേഷൻ മാറ്റങ്ങൾ. പ്രധാന മ്യൂടേഷൻ ഇടങ്ങൾ പിങ്ക് വൃത്തങ്ങൾ കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.

 

 

   കോവിഡ്-19 വൈറസിന്റെ രൂപാന്തരികൾക്ക് അവയുടെ ഇടവും ഘടനയും അനുസരിച്ച് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന പേർ കൊടുക്കുന്നു. കോവിഡ് 19 വൈറസ് ബീറ്റ വിഭാഗത്തിൽപ്പെടുന്നവയാണ്. പിന്നീട് വരുന്ന മ്യൂടേഷനുകൾക്ക് അവാന്തര വിഭാഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. B. 1.  എന്നിങ്ങനെ. അവയുടെ പിന്നീടുള്ള പരമ്പരകൾ B. 1. 1. എന്നാകുന്നു. B.1.1.7 ഏഴാമത്തെ സന്തതിയാണ്, B. 1. 1. ന്റെ. അതിന്റെ 529 ആമത്തെ സന്തതിയാണ്  B. 1. 1. 529 എന്ന ഒമിക്രോൺ. ഈ അക്കങ്ങൾ ഓർക്കാൻ പ്രയാസമായതിനാൽ അവയ്ക്ക് ഗ്രീക് അക്ഷരമാലയിലെ അക്ഷരങ്ങൾ ഇടുകയാണ് എളുപ്പം. ആല്ഫ, ബീറ്റ, ഡെൽറ്റാ  എന്നൊക്കെ. B. 1. 1.7 ആല്ഫ ആണ്, B. 1. 617 ഡെൽറ്റയും.    15 ആമത്തെ അക്ഷരമാണ് ഒമിക്രോൺ. അതിനും മുൻപുള്ള് രണ്ട് അക്ഷരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. Nu, Xi എന്നിവ. Nu എന്നത് ഒരു പേരായി ഗണിയ്ക്കപ്പെട്ടേയ്ക്കുകയില്ല, Xi എന്നത് ചൈനീസ് പ്രെസിഡെന്റിന്റെ പേരാണ് എന്നതൊക്കെ കാരണങ്ങൾ.   

 

    50 മ്യൂടേഷനുകൾ (ആർ എൻ എ കണ്ണികളിൽ വരുന്ന മാറ്റം) ആണ് ഒമിക്രോണിൽ. ഇവയിൽ 30 എണ്ണം സ്പൈക് പ്രോടീനിൽ ആണെന്നുള്ളതാണ് പ്രാധാന്യം അർഹിക്കുന്നത്.  ഇതിൽ 15 എണ്ണം ഈ സ്പൈക് പ്രോടീൻ നമ്മുടെ കോശോപരിതലത്തിലെ ACE2 (angiotensin converting enzyme receptor) എന്ന സ്വീകരിണീ (receptor) യിൽ പറ്റിപ്പിടിയ്ക്കാനുള്ള ഇടത്തിലാണ്. പെട്ടെന്ന് പകരാനുള്ള ഒരു കാരണം ഇതായിരിക്കാം. അതിനടുത്തായുള്ള ഒരിടത്ത് (ചിത്രം 2 നോക്കുക) 4 മ്യൂടേഷൻ നടന്നിട്ടുണ്ട്, കുത്തി വയ്പ്പ് കൊണ്ടോ രോഗം വന്നോ നമ്മൾ ആർജ്ജിച്ച് നിർമ്മിച്ചെടുക്കുന്ന ആന്റിബോഡീകൾ ഈ ഭാഗ്ത്ത് വന്ന്  പതിയുമ്പോൾ വൈറസിനു കോശങ്ങളിൽ പറ്റിപ്പിടിയ്ക്കാൻ സാധിക്കാതെ വരികയാണ്.  മ്യൂടേഷൻ സംഭവിച്ച് ഈ ഇടം മാറിപ്പോയാൽ ഈ binding നടന്നേക്കുകയില്ല എന്ന് അനുമാനമുണ്ട്.

 

ഫ്യൂറിൻ എന്ന എൻസൈം മുറിയ്ക്കുന്ന ഇടം

  സ്പൈക് പ്രോടീനിനു S1, S2 എന്ന് രണ്ട് subunit കളുണ്ട്. നമ്മുടെ കോശോപരിതലത്തിൽ പറ്റിപ്പിടിച്ചാൽ ഇവ മുറിഞ്ഞു മാറി S1 ഇൽ  നിന്ന് S2  ഇറങ്ങി വന്ന് കോശ സ്തരം തുളയ്ക്കുകയാണ്. ഇങ്ങനെ മുറിയ്ക്കുന്നത് ഫ്യൂറിൻ എന്ന എൻസൈം (രാസാഗ്നി) ആണ്. ഈ ഫ്യൂറിൻ വെട്ട് സ്ഥലത്തിന്റെ കോഡ് ആണ് കൊവിഡ് 19 വൈറസ് അതിന്റെ ആവിർഭാവകാലത്ത് സ്വായത്തമാക്കിയത്, ഒരു മ്യൂടേഷൻ കൊണ്ട്. വവ്വാലിലെ കോവിഡ് വൈറസിനു ഇല്ലാത്തതാണിത്. വലിയ ഒരു പരിണാമ കുതിച്ചു ചാട്ടമായിരുന്നു ഇത്. ഒമിക്രോണിൽ ഈ ഇടത്തിനു മറ്റൊരു മ്യൂടേഷൻ സംഭവിച്ച് ഈ S1-S2 മുറിയ്ക്കൽ എളുപ്പമാവുകയാണ്. (ചിത്രം 2, 3) വൈറസിന്റെ പ്രവേശനം എളുപ്പത്തിൽ സംഭവിക്കുമെന്ന രീതിയിൽ. മറ്റു ചില മ്യൂടേഷനുകൾ നമ്മുടെ പ്രതിരോധവഴികളിൽ നിന്ന് ഒളിച്ചു മാറാൻ സാദ്ധ്യതയിയന്നതാണെന്ന അനുമാനവുമുണ്ട്.

 


ചിത്രം 3. സ്പൈക് പ്രോടീനിലെ S1(പിങ്ക് നിറം), S2 (നീലനിറം) എന്നിവയ്ക്ക് ഇടയ്ക്ക് ഫ്യൂറിൻ മുറിയ്ക്കുന്ന ഇടം സൂചിപ്പിച്ചിരിക്കുന്നു അവസാനത്തെ ചിത്രഭാഗത്ത്. നടുക്ക് സ്പൈക് പ്രോടീൻ നമ്മുടെ കോശോപരിതലത്തിലുള്ള ACE2  എന്ന സ്വീകരിണി (പച്ച നിറത്തിലുള്ള മൂന്ന് വൃത്തങ്ങൾ) മേൽ പറ്റിപ്പിടിയ്ക്കുന്നത് കാണിയ്ക്കുന്നു.  S1 ന്റെ അഗ്രഭാഗത്തുള്ള RBD (Receptor binding domain) വഴിയാണ് ഈ പറ്റിപ്പിടിയ്ക്കൽ.

 

വാക്സീനുകൾ ഫലിയ്ക്കാതെ വരുമോ?

  കോവിഡ് വാക്സീൻ മിക്കതും സ്പൈക് പ്രോടീൻ നിർമ്മിച്ചെടുക്കാനുള്ള ഡി എൻ എ അല്ലെങ്കിൽ ആർ എൻ എ കോഡുകൾ അടങ്ങിയതാണ്. ഇവ നമ്മുടെ കോശങ്ങൾക്കുള്ളിൽ കടന്ന് നമ്മുടെ തന്നെ വിഭവങ്ങൾ ഉപയോഗിച്ച് സ്പൈക് പ്രോടീൻ നിർമ്മിക്കും, ഇത് നമ്മുടേതല്ല എന്ന് തിരിച്ചറിയുന്ന പ്രതിരോധ വ്യവസ്ഥ (Immune system) വലിയ വലിപ്പമുള്ള ആന്റിബോഡികൾ നിർമ്മിക്കുകയാണ്. Y ആകൃതിയിലുള്ള ഈ വമ്പൻ പ്രൊടീനുകൾ വൈറസ് നമുക്കുള്ളിൽ പ്രവേശിക്കുമ്പോൾ സ്പൈക് പ്രോടീനിന്റെ പലഭാഗങ്ങളേയും കൃത്യമായി പൊതിയുകയാണ്. വൈറസിനു കോശങ്ങൾക്കകത്ത് കടക്കാനാവതെ ആകുന്നു. ചിത്രം 4 നോക്കുക. വളരെ കൃത്യതയുണ്ട് ഈ ആന്റിബോഡികൾക്ക് . ചിലവ കോശങ്ങളിൽ പറ്റിപ്പിടിയ്ക്കുന്ന ഭാഗ (receptor binding domain) ത്തെ പൊതിയുന്നു, ചിലവ S1 പ്രോടീനിന്റെ വാൽ അറ്റത്തെ (N terminal domain) പൊതിയുന്നു. ചിലവ S2 പ്രോടീൻ ഭാഗത്തെ പൊതിയുന്നു. ഇങ്ങനെ പൊതിയപ്പെട്ട സ്പൈക് പ്രോടീനും വച്ചുകൊണ്ട് വൈറസിനു ഒന്നും സാധിയ്ക്കാതെ വരികയാണ്. ഈ ഭാഗങ്ങളിൽ വൻ മാറ്റങ്ങൾ മ്യൂടേഷൻ വഴി വരികയാണെങ്കിൽ ഈ ആന്റിബോഡീകൾ കൊണ്ട് ഫലമൊന്നും ഉണ്ടാകില്ല. ഒമിക്രോൺ വേരിയന്റിനെ ക്കുറിച്ചുള്ള ഒരു വലിയ ആകുലത ഈ സാധ്യതയാണ്. പലേ വാക്സീനുകളും മിതമായ രീതിയിലെങ്കിലും പ്രതിരോധിയ്ക്കും എന്നാണ് ഇപ്പൊഴത്തെ കണക്കുകൂട്ടൽ എങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്, അവ നടന്നുകൊണ്ടിരിക്കുകയുമാണ്. നിലവിലുള്ള വാക്സീനുകളെ ചെറിയ രീതിയിൽ-ഒമിക്രോൺ സ്പൈക് പ്രോടീനിനെ ശരിയ്ക്കും പൊതിയുന്ന രീതിയിൽ -മാറ്റിയെടുക്കാൻ അധികം പ്രയത്നം വേണ്ടെന്നും അത് എളുപ്പം സാധിച്ചെടുക്കാമെന്നും വാക്സീൻ നിർമ്മിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. പുതിയ വാക്സീനുകൾ ശരീരത്തിൽ ഒമിക്രോണിനെതിരെ അവശ്യം ആന്റിബോഡികൾ നിർമ്മിക്കുന്നുവോ, ലാബിൽ വളർത്തുന്ന കോവിഡ് വൈറസുകളെ നിർവ്വീര്യമാക്കാൻ പോന്നതാണോ ഈ ആന്റിബോഡികൾ എന്നൊക്കെ തീരുമാനിക്കേണ്ടിയിരിക്കുന്നു. 

 

 


 

  ചിത്രം 4 . സ്പൈക് പ്രോടീനിന്മേൽ വാക്സീൻ കൊണ്ടോ, വൈറസ് ബാധ കൊണ്ടോ ഉളവായ ആന്റിബോഡികൾ (Y ആകൃതി) പറ്റിപ്പൊതിയുന്നത്. ഇത് സംഭവിക്കുമ്പോൾ വൈറസിനു നമ്മുടെ കോശങ്ങൾക്കകത്ത് പ്രവേശിക്കാൻ കഴിയാതെ പോകുകയാണ്.

 

    പക്ഷേ നമ്മുടെ പ്രതിരോധവ്യവസ്ഥയുടെ പക്കൽ മറ്റ് ചില വിദ്യകളുമുണ്ട്. 

ആന്റിബോഡികൾ എന്ന പ്രതിരോധ പ്രോടീനുകൾ രക്തത്തിൽ പ്രവഹിച്ചു തുടങ്ങുമ്പോൾത്തന്നെ മറ്റൊരു വിഭാഗം കോശങ്ങൾ (T cells) നേരിട്ട് വൈറസുകളേയോ അവ ബാധിച്ച കോശങ്ങളേയോ വക വരുത്താൻ ഉഴറി പാഞ്ഞു തുടങ്ങും. ഇവ വൈറസ് ഉള്ളിൽ കയറുന്നത് തടുക്കുന്നില്ലെങ്കിലും വൈറസ് വിഭജനവും അതിവഴിയുള്ള രോഗമൂർച്ഛയും ഗണ്യമായി കുറയ്ക്കുന്നുണ്ട്.    നിലവിലുള്ള വാക്സീനുകൾ ഒമിക്രോണുകളെ ഇങ്ങനെ പ്രതിരോധിയ്ക്കുമത്രെ.

 

     സ്പൈക് പ്രോടീനുകൾക്കെതിരെ മറ്റ് ചില രീതികളിൽ നിർമ്മിച്ചെടുത്ത ആന്റിബോഡി മിശ്രിതങ്ങൾ (Antibody cocktails) ചികിൽസയ്ക്ക് ഉപയോഗിക്കുന്നുണ്ട്. മോണോക്ലോണൽ ആന്റിബോഡി എന്ന് വിളിയ്ക്കപ്പെടുന്ന, കൂടുതൽ കർശന കൃത്യതയോടെ സ്പൈക് പ്രോടീനിനെ പൊതിയുന്നവ ആണിവ. ഇവ ചില പ്രതേകഭാഗങ്ങളിൽ മാത്രമേ പറ്റിപ്പിടിയ്ക്കുകയുള്ളു അതുകൊണ്ട് ഒമിക്രോൺ ചികിൽസയ്ക്ക് പറ്റിയതായിരിക്കില്ല എന്ന് ഒരു ദോഷമുണ്ട്.

 

ആന്റിജെൻ ടെസ്റ്റുകൾ ഒമിക്രോണിനെ തിരിച്ചറിയില്ല എന്ന് വരുമോ?

   നിലവിലുള്ള പലേ കോവിഡ് റ്റെസ്റ്റുകളും സ്പൈക് പ്രോടീനിനെ തിരിച്ചറിയുന്ന വിധം ആസ്പദമാക്കിയുള്ളവയാണ്. 30 ഓളം മ്യൂടേഷൻ സംഭവിച്ച ഒമിക്രോൺ സ്പൈക് പ്രോടീൻ അതുകൊണ്ട് തിരിച്ചറിയാതെ പോയേക്കാം എന്നൊരു ആശങ്കയുണ്ടെങ്കിൽ അത് അസ്ഥാനത്താണെന്ന് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന കമ്പനികൾ അവകാശപ്പെടുന്നു. PCR ടെസ്റ്റുകളും പുതിയ വേരിയന്റിനെ നിജപ്പെടുത്താൻ പര്യാപ്തമാണ്.  മ്യൂടേഷൻ വഴി ത്യജിക്കപ്പെട്ട ആർ എൻ എ കണ്ണികളുടെ അഭാവം കൃത്യമായി കണ്ടു പിടിയ്ക്കുന്ന ടെസ്റ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്. അവ പൊതുവേ കോവിഡ് ബാധയുണ്ടോ എന്ന് തെര്യപ്പെടുത്തുക മാത്രമല്ല, ഒമിക്രോൺ വേരിയന്റ് തന്നെയാണ് എന്ന് തീർച്ചപ്പെടുത്തുകയും ചെയ്യും.

 

  ഫൈസർ കമ്പനിയോട് സഹകരിച്ച് വാക്സീൻ നിർമ്മിച്ചെടുത്ത ബയോൺറ്റെക് അധികാരി ഉഗുർ സാഹിൻ അഭിപ്രായപ്പെടുന്നത് ഒമിക്രോണിനെ അത്ര പേടിക്കേണ്ട എന്നാണ്. ബൂസ്റ്റർ ഡോസ് എടുത്തവർ കൂടുതൽ സുരക്ഷിതരായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെടുംപ്പോൾ മൊഡേണയുടെ ചീഫ് സ്റ്റെഫനി ബാൻസെൽ അവകാശപ്പെട്ടത് വാക്സീൻ ഫലപ്രദമാകുന്നതിൽ വൻ ഇടിവ് വന്നേയ്ക്കുമെന്നാണ്. WHO യുടെ പ്രഖ്യാപനവും ഇതും കൂടി ആയപ്പോൾ സ്റ്റോക്ക് മാർക്കെറ്റ് തകർന്ന് നിപതിയ്ക്കുകയും ചെയ്തു. രണ്ടാഴ്ച്ചകം ഇക്കാര്യത്തിൽ തീരുമാനം കൈവരുമെന്ന് പ്രത്യാശയുണ്ട്. ഇന്ന് വരെ കിട്ടിയ കോവിഡ് പരിചയം ഇപ്പോൾ ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളെ നേരിടുന്നത് എളുപ്പമാക്കിയിട്ടുണ്ട്.

 

  പക്ഷേ ഒന്ന് തീർച്ചയാണ്-കോവിഡ് വൈറസ് നമ്മോടൊപ്പം തന്നെ സഹവസിക്കാനാണു പ്ലാനിട്ടിരിക്കുന്നത്. ആണ്ടോടാണ്ട് വാക്സീനുകൾ പുതുക്കി, ഫ്ലു വൈറസിനെ നേരിടുന്നതു പോലെ കൈകാര്യം ചെയ്യേണ്ടി വരും. വാക്സീൻ പരക്കെ ഉപയോഗിക്കപ്പെടേണ്ടുന്നതിന്റെ ആവശ്യകത ഇപ്പോൾ കൂടുതൽ തെളിഞ്ഞിരിക്കയാണ്. ലോകം മുഴുവൻ നല്ല ശതമാനം ജനങ്ങളും വാക്സീൻ എടുത്താലേ ഫലപ്രദമായ നിർമ്മാർജ്ജനം സാദ്ധ്യമാകൂ. മൂന്നാം ലോകരാജ്യങ്ങളിൽ കൂടുതൽ വാക്സീൻ എത്തപ്പെടേണ്ടത് അത്യാവശ്യമാണെന്ന് സമ്പന്നരാജ്യങ്ങൾ ധരിക്കേണ്ട കാലമാണിത്. വാക്സീൻ ലഭിച്ചവരുടെ ശതമാനം വളരെ താഴെയാണ് സൗത് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ എന്നത് ലോകം മുഴുവൻ ഉൾക്കൊണ്ട് അതിനു പ്രതിവിധി തേടുന്നതിൽ ഇനിയും താമസം അരുത്.

Sunday, December 19, 2021

കാൽപ്പനിക അമ്മ, പരിണാമത്തിലെ അമ്മ

   ഏറെ ദിവ്യത്വം കൽപ്പിച്ചു നൽകപ്പെട്ടിട്ടുണ്ട് സാംസ്കാരികവ്യവഹാരത്തിലെ അമ്മയ്ക്ക്. പൊക്കിൾക്കൊടിബന്ധം എന്നത് ജൈവികമായ ഒരു തീവ്രാടുപ്പം സൃഷ്ടിയ്ക്കുകയാണെന്നും ഒരു മനുഷ്യനു ഏറ്റവും അടുത്ത ബന്ധം അമ്മയോടാണെന്നും  സ്ഥപിച്ചെടുക്കാൻ ഈ  physical structure സഹായിക്കുന്നുണ്ട്. ബന്ധങ്ങളുടെ മേന്മയുടെ തോത് അളന്നെടുക്കേണ്ടത് ആവശ്യമായി വരികയും ഈ ബന്ധം നിസ്തുലവും അദ്വിതീയവുമാണെന്ന് അങ്ങനെ എളുപ്പം തെളിയിക്കപ്പെട്ട് പരിപാവനത്വത്തിലേക്ക് കയറിയതാണ്  മനുഷ്യർ സങ്കൽപ്പിച്ചെടുത്ത മാതൃത്വം.

 

  ദൈവങ്ങളെ അമ്മയായി കാണാനും ഇത് പ്രേരിപ്പിച്ചിട്ടുണ്ട്. പ്രകൃതി തന്നെ അമ്മ എന്നത് സർവ്വപ്രദായിനി എന്ന അനുഭവത്തിൽ നിന്ന് ഉടലെടുത്തതാകണം. പ്രകൃതി പോലെ ക്ഷണപ്രഭാചഞ്ചലമാണ് അമ്മ മനസ്സും എന്ന്  യുക്തി കണ്ടുപിടിയ്ക്കാൻ ഉഴറിയ മനുഷ്യമനസ്സ് കൽപ്പിച്ചെടുത്തിരിക്കണം. ഭാരതീയ അമ്മദൈവങ്ങൾ ഉഗ്രരൂപിണികളും കരാളവതികളും ആകുന്നതും ഈ പ്രകൃതിദർശനസമന്വയ  സവിശേഷതകൊണ്ടായിരിക്കണം. ജീവിയുടെ ഉദ്ഭവവും നിലനിൽപ്പും അമ്മദൈവങ്ങളുടെ നിയന്ത്രണത്തിലാണെന്നുള്ള സങ്കൽപ്പം അമ്മയുടെ പ്രതാപം പ്രോജ്വലിപ്പിക്കുന്നതുമാണ്. ഗർഭധാരണം, പ്രസവം എന്നതിലെ അദ്ഭുതങ്ങൾ നിർവ്വചിച്ചെടുക്കാൻ അമ്മദൈവങ്ങളുടെ വിദ്യകളാണവ എന്ന് സങ്കൽപ്പിച്ചാൽ മതി.  മുക്കാൽ പിള്ളയെ ഗർഭതി കൊല്ലും, മുഴുപ്പിള്ളയാകുമ്പൊ ഈറ്റതി കൊല്ലുന്നവളുമാണ് ആ അമ്മ,  അന്നു പിറന്നൊരിളമ്പിള്ളയെത്താൻ അമ്മാനമാടി രസിപ്പവളുമാണ് ഈ നിഷ്ഠൂര. അമ്മയുടെ ഔദാര്യത്തിൽ മാത്രം കുഞ്ഞ് ജീവനോടെ ഇരിയ്ക്കും എന്നത് ഭീതി ഉളവാക്കുന്നതാണ്. ഈ ഭീതിയിലൂടെ അമ്മ=ദൈവം എന്നത് രൂഢമൂലമാകുന്നു, അമ്മ ദൈവമായി മാറുന്നതും ദൈവം അമ്മയായി മാറുന്നതും ഒരുമിച്ച് സംഭവിക്കുന്നു.

 

       ആവിഷ്ക്കാരങ്ങളുടെ വിസ്തൃതി അനുവദിക്കപ്പെട്ട് ദൈവത്തിനും ഒരു അമ്മയുണ്ട് എന്ന് പ്രഖ്യാപിക്കാം. ആദിയിൽ മാനവും ഭൂമിയും തീർത്തത് ദൈവമായിരിക്കാം, ആറാം നാളിൽ മനുഷ്യനെ തീർത്തത് ദൈവമായിരിക്കാം, പക്ഷേ ആ ദൈവത്തെ പെറ്റുവളർത്തിയത്, മുലപ്പാലൂട്ടിയത് അമ്മയാണ് എന്ന് പ്രഖ്യാപിച്ച് ദൈവസങ്കൽപ്പത്തിനും മുൻപ് അമ്മദൈവസങ്കൽപ്പം രൂഢമൂലമായെന്ന് കവികൾക്ക് ശഠിയ്ക്കാം, തെറ്റില്ല താനും. മാനുഷികമായതിൽ നിന്നൊക്കെ വിടുതൽ നൽകി അമേയവും അമൂർത്തവുമായ പ്രഭാപൂരത്തിൽ വിലയിക്കപ്പെടുമ്പോൾ അമ്മ ദാർശനിക മാനങ്ങളും കൈക്കൊള്ളുകയാണ്. എന്നാൽ ആദ്യമായി അമ്മ എന്ന പേരിൽ നോവെൽ എഴുതപ്പെടുമ്പോൾ പ്രായോഗികചിന്തക്കാരിയെ ആവിഷ്ക്കരിക്കാനാണു മാക്സിം ഗോർക്കി തുനിഞ്ഞത് എന്നത് ശ്രദ്ധിക്കേണ്ടതു തന്നെ. അപനിർമ്മാണത്തിന്റെ ഉദാഹരണമായി വാഴ്ത്തപ്പെട്ട ഈ കഥാപാത്രം അണ്ഡകടാഹം നിർമ്മിച്ചെടുത്ത ദൈവത്തിന്റെ അമ്മയല്ല, വെറും മനുഷ്യസ്ത്രീയാണ്.

 

  ഇൻഡ്യയിൽ പൊതുബോധത്തിലെ അമ്മസ്വരൂപത്തിന്റെ പശ്ചാത്തലനിർമ്മിതി അമ്മദൈവങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടുകൊണ്ടു തന്നെയാണ്. മതങ്ങളിലെ അമ്മ സാധാരണസമൂഹത്തിലെ അമ്മയുമായി താദാത്മ്യം പ്രാപിക്കുന്നതോടെ വിഗ്രഹവൽക്കരിക്കപ്പെട്ട അമ്മയ്ക്ക് ദൈനംദിനവ്യഹാരങ്ങളിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കപ്പെട്ടു. തെക്കേ ഇന്ത്യയിൽ സ്ത്രീകളെ അമ്മ ചേർത്ത് വിളിച്ചാൽ അവർ ബഹുമാനിക്കപ്പെടുകയാണെന്ന് പ്രഖ്യാപിക്കാപിക്കാനുള്ള കരുത്ത് ഇങ്ങനെയാണ് നേടിയെടുക്കപ്പെട്ടത്. ഇങ്ങനെ അമ്മ വിളികൾക്ക് പ്രസിദ്ധിയാർജ്ജിച്ച തമിഴ്നാട്ടിലാണ്  ഏറ്റവും കൂടുതൽ പെൺശിശുഹത്യകൾ നടക്കുന്നത് എന്നത് വിരോധാഭാസമെന്ന് കരുതേണ്ട, അമ്മ എന്ന വിഗ്രഹം പെട്ടെന്നുടയുന്നതാണെന്ന  മുൻ കൂർ അറിവുള്ളതുകൊണ്ടാണ്.  മുഴുപ്പിള്ളയാകുമ്പോൾ ഈറ്റില്ലത്തിൽ വച്ച് കുഞ്ഞിനെക്കൊല്ലുന്ന അമ്മ ദൈവമായി തുണയുണ്ടായിരിക്കും എന്ന ലളിതയുക്തിയെക്കാൾ വിഷപ്പാൽ ഇറ്റിച്ച് കുഞ്ഞിനെക്കൊല്ലുന്നതിൽ സമൂഹം സൃഷ്ടിച്ഛ അതും ആണുങ്ങൾ സൃഷ്ടിച്ച- സ്ത്രീധനം എന്ന പ്രായോഗികപ്രശ്നം കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണെന്നുള്ളതും കൃത്യമായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണ്. മാതൃത്വത്തോടോ സ്ത്രീയോടോ ഉള്ള മിനിമം ആദരവ് ഇല്ലാതെ പോകുന്നത്  അമ്മ എന്ന സംബോധന കൊണ്ട് മറയ്ക്കപ്പെടുന്നു.

സ്ത്രീയോടുള്ള ആദരവും അമ്മയോടുള്ള ആദരവും വേർപെടുന്നില്ലിവിടെ, ഹിംസാത്മകതയുടെ ഭാഗം തന്നെ ആയിപ്പെടുകയാണ്. അന്ന് പിറന്നൊരിളം പിള്ളയെ കൊല്ലുന്നത് അമ്മദൈവങ്ങളല്ല, പ്രത്യുത മാനുഷിക ചിന്തകളും പ്രായോഗികതയും മനസ്സിലേറ്റിയ അമ്മ തന്നെയാണ്. മതങ്ങളിലെ അമ്മ ആധുനികസമ്പദ്വ്യവസ്ഥയ്ക്കനുസരിച്ച് പെരുമാറുന്ന അമ്മയ്ക്ക് വഴിമാറുന്നു.

 

 കാൽപ്പനിക അമ്മയെ ആർക്കാണ് വേണ്ടത്?

 

  ബന്ധങ്ങളിലെ ഊഷ്മളത ഊർജ്ജം നിറയ്ക്കുന്ന തലച്ചോർ വയറിങ്ങാണു മനുഷ്യനുള്ളത്. ഹോർമോൺ ഫിസിയോളജിയും ഇതിനു സഹായകമാകുന്നുണ്ട്. ഇതിനുവേണ്ടിയുള്ള അന്വേഷണം സ്വാഭാവികമാകുന്നു അപ്രകാരം. ബന്ധങ്ങളിലെ ആശ്രയപരത ആധാരമാകുകയാണിവിടെ.  പരിപാലനവേളയിൽ ദൃഢീകരിക്കപ്പെട്ട അമ്മബന്ധം നിതാന്ത ഓർമ്മയായി മനുഷ്യരിൽ കുടി കൊള്ളും , തിരിച്ച് ഗർഭപാത്രത്തിൽ കയറി സുഷുപ്തിയിലാകുന്നത് കാവ്യാവിഷ്ക്കാരങ്ങളിൽ കടന്നു വരുന്നത് സ്വപ്നസാഫല്യസമമാണ്.  മനുഷ്യനെ അമ്മയുമായി ബന്ധിക്കാനുള്ള ത്വര ആക്കം കൂട്ടപ്പെട്ടത് കാൽപ്പനികചിന്താശേഷി അവനു ലഭ്യമായതുകൊണ്ടാണ്. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ  വേറിട്ടു പോയി ഇണയുമായി ബന്ധപ്പെട്ടാലും അത് താൽക്കാലികമാണെന്ന് തീർച്ചയുണ്ട്, ഇണ പിന്നീട് മാറപ്പെടുന്നതുമാണ്.. ചിമ്പാൻസികളിൽ പ്രായപൂർത്തിയായ് ആണുങ്ങൾ ദീർഘകാലം കഴിഞ്ഞും അമ്മയെ കണ്ടെത്തിയാൽ മമത പുലർത്തുന്നതായി  ഇക്കാര്യ്യത്തിൽ വിശദപഠനം നടത്തിയ പ്രസിദ്ധ behaviour scientist  ജെയ്ൻ ഗുഡാൾ   (Jane Goodall)കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.  ആനകളിലും ഇത് നിരീക്ഷിക്കപ്പെട്ടിടുണ്ട്.  കുടുംബവ്യവസ്ഥ നിലവിൽ വന്നതിനു ശേഷം അമ്മ, ഭാര്യ എന്നീ ദ്വന്ദങ്ങൾക്കിടയ്ക്ക് പെട്ടു പോകുകയാണ് ആണുങ്ങൾ. അമ്മായിയമ്മ എന്ന മറ്റൊരു സ്വഭാവരൂപം ഉടലെടുക്കുന്നത് പ്രായോഗികതലത്തിൽ ഭാര്യയ്ക്കാണ് ബുദ്ധിമുട്ട് ഉളവാക്കുന്നതെങ്കിലും മാനസികമായി ആണിനാണു പ്രശ്നം. അല്ലെങ്കിൽത്തന്നെ മാതൃഭാവത്തിൽ വ്യതിചലനം സ്വാഭാവികമായി സംഭവിയ്ക്കുന്നുമുണ്ട്.  പ്രായോഗിക അമ്മ തന്നെയാണ് മറ്റൊരിടത്തെ അമ്മായിയമ്മ. ഈ ദ്വന്ദവ്യക്തിത്വം ചിന്താക്കുഴപ്പത്തിലാക്കിയ

ആണിനു കാൽപ്പനികമായ അമ്മയെ ആവശ്യമായി വരികയാണ്.  സർവ്വം സഹയായ, നിതാന്തവാൽസല്യവതിയായ അമ്മയെ  പ്രത്യേകിച്ചും ആണുങ്ങൾക്കാണു വേണ്ടത്. വിഗ്രഹവൽക്കരിക്കപ്പെട്ട അമ്മ അവനു ആശ്വാസമാണ്. നിത്യ മാതൃത്വം ഉദാരമായി സംഭാവന ചെയ്യുന്ന, സൗജന്യമായി ആലിംഗനം ചെയ്യുന്ന അമ്മമാരെ തേടുകയായി അയാൾ. പച്ചമനുഷ്യരായ അമ്മദൈവങ്ങൾ ആവിർഭവിക്കുകയായി, ആണുങ്ങൾ അവരെ നിലനിറുത്തുകയുമായി, മാത്രമല്ല  വിപണിയുടെ ഭാഗവുമായി മാറുന്നു നിത്യാനന്ദ നിർവ്വാണപ്രസാരിണി അമ്മമാർ. കലണ്ടർ ചിത്രങ്ങളെ വെല്ലു വിളിയ്ക്കും വിധം ദേവീവേഷം ധരിച്ച്  സ്വയം ദൈവമായി പ്രഖ്യാപിക്കുമ്പോൾ രണ്ട് സിദ്ധിലാഭങ്ങൾ ലഭിയ്ക്കുകയായി അവനു, അമ്മയും ദൈവവും.   അമ്മയായി, അമ്മ എന്നതിന്റെ തനിമ മനസ്സിലാക്കിക്കഴിഞ്ഞ സ്ത്രീയ്ക്ക് അത്രമാത്രം ഈ കാൽപ്പനിക അമ്മയെ ആവശ്യം വരുന്നില്ല. ആണുങ്ങളിൽ ഈ സ്വർത്ഥചിന്ത അടിയുറയ്ക്കുകയും മാതൃത്വം വിഗ്രഹവൽക്കരിക്കപ്പെടുന്നതിനു ആക്കം കൂട്ടുകയും ചെയ്യുന്നു.

 

പരിണാമത്തിലെ അമ്മ

 

  കാൽപ്പനിക അമ്മയുമായി വളരെ വ്യത്യസ്തമാണ് പരിണാമത്തിലെ അമ്മ. പരിണാമം നിഷ്ക്കർഷിക്കുന്നത് ജീവികളുടെ നൈരന്തര്യമാണ്, ഏറ്റവും അനുയോജ്യവരായവർ അതിജീവിക്കുന്ന വ്യവസ്ഥ. അതിനു സഹായിക്കാൻ ചെറുപ്രായത്തിൽ തുണയേറ്റുന്നവരാണ് അമ്മമാർ. എല്ലാ ജന്തുക്കളിലും പലേ തരത്തിൽ ഇത് പ്രായോഗികമാക്കപ്പെടുന്നു. അതുകൊണ്ട് ദിവ്യത്വം കൽപ്പിക്കേണ്ടതോ ആരാധിക്കപ്പെടേണ്ടതോ അല്ല മാതൃത്വം. ഏതു ഹിംസ്രജന്തുവും പ്രസവിച്ചു കഴിഞ്ഞാൽ സ്വന്തം കുഞ്ഞുങ്ങളുടെ അടുത്ത് സ്നേഹമസൃണകളും തരളിതഹൃദയവതികളും ആയിരിക്കും. ഒരു മുതല മറ്റ് ജന്തുക്കളെ നിഷ്ക്കരുണം കടിച്ചുകീറാൻ ഉപയോഗിക്കുന്ന, പേടിപ്പെടുത്തുന്ന പല്ലുകൾക്കിടയിൽ സ്വന്തം കുഞ്ഞുങ്ങളെ അതീവ ശ്രദ്ധയോടെ കൊണ്ട്നടക്കുന്നത് കാണാം.  അല്ലെങ്കിൽ ഒരു എലിയോ സിംഹമോ എങ്ങനെ അമ്മയായി പരിപാലിയ്ക്കുന്നുവോ അത്രയുമുള്ളു മനുഷ്യരിലെ അമ്മയുടെ പരിപാവനത്വം.

 

  മുട്ടയിടുന്ന ജീവികളും വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്, മൽസ്യങ്ങളിൽ മുതൽ ഇങ്ങോട്ട് പരിണാമവഴിയിൽ.  ചില മീനുകളുടെ ശരീരത്തിൽ നിന്ന് ഉറവയെടുക്കുന്ന മുലപ്പാലിനു സമാനമായ സ്രവങ്ങൾ മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളെ അമ്മയുടെ ശരീരത്തിൽ പറ്റിത്തൂങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. മറ്റു ചില മീനുകൾ സ്വശരീരത്തിലെ ചെറിയ അറകളിലോ വായിലോ കുഞ്ഞുങ്ങളെ കൊണ്ട് നടക്കാറുണ്ട്.    പക്ഷികളുടെ ശിശുപരിപാലനം സുവിദിതമാണ്. താൻപോരിമ നേടിക്കഴിഞ്ഞാൽ ഈ മഹിമയിയന്ന മാതൃത്വം ഇല്ലാതാകുകയാണ്, അടുത്ത തലമുറയ്ക്ക് അതിജീവനം സാദ്ധ്യമാക്കുക എന്നതേ മാതൃത്വത്തിന്റെ സാധുത ഉദ്ദേശിക്കുന്നുള്ളു. സസ്തനികൾക്ക് ഇത് ചിലപ്പോൾ നീണ്ടകാലം ആയിരിക്കാം.

 

    അമ്മയാകൽ ഒരു അവകാശവും അധീശസ്വഭാവാധികാരവുമാണ് ചില സസ്തനികളിൽ. ഹയെന സംഘത്തെ നയിക്കുന്നത് ഏറ്റവും കരുത്തുള്ള ഹയെനപ്പെണ്ണാണ്. ഏറ്റവും മെച്ചപ്പെട്ടവനെ ബീജധാരണത്തിനു തെരഞ്ഞെടുക്കുന്നതും അവൾ തന്നെ. പ്രസവിക്കാനുള്ള അവകാശം ഇവൾക്കും മറ്റ് ചില ചുരുക്കം ഹയെനപ്പെണ്ണുങ്ങൾക്കും മാത്രമേ ഉള്ളു. വിഭവങ്ങൾ സ്വാംശീകരിക്കാനും ഇവർക്ക് പ്രത്യേക അവകാശമാണ്.  സമൂഹത്തിന്റെ അതിജീവനം സാദ്ധ്യമാക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗങ്ങൾ നിക്ഷേപിക്കപ്പെടുകയാണ് മാതൃത്വത്തിൽ. തേനീച്ചക്കൂട്ടത്തിലെ രാജ്ഞിയ്ക്ക് ലഭിയ്ക്കുന്ന സൗകര്യലാഭങ്ങൾക്ക് സമാനമാണിത്. അതിജീവനത്തിനു വേണ്ടി നിജപ്പെടുത്തിയിട്ടുള്ള ഘടനാവിന്യാസങ്ങളുടെ ഒരു പ്രധാനകണ്ണി ആകുക എന്നത് പരിണാമനിയമം മാത്രമാണ്. മെച്ചപ്പെട്ട ജനിതക ഘടകങ്ങൾ അടുത്ത തലമുഋയ്ക്ക് കൈമാറുക എന്ന ലളിതകർത്തവ്യം മാത്രമേ ഉള്ളൂ മാതൃത്വത്തിനു എന്ന് വാദിച്ചാൽ മറുവാദങ്ങൾ അധികമില്ല.

 

    മനുഷ്യരിലെ ശിശുസംരക്ഷണകാലം നീണ്ടതാണ്. ജീവികളിൽ സ്വയം പര്യാപ്തത നേടാൻ ഏറ്റവും കാലയളവ് ആവശ്യമായത് മനുഷ്യശിശുക്കൾക്കാണ്. എഴുന്നേറ്റ് നിൽക്കാൻ ഇത്രയും കാലതാമസമുള്ള മറ്റൊരു ജന്തുവില്ല. തലച്ചോറിന്റെ പല കേന്ദ്രങ്ങളും വളർച്ച പ്രാപിക്കുന്നത് പിറന്നതിനു ശേഷം ആദ്യ വർഷങ്ങളിലാണ്, പ്രത്യേകിച്ചും ചലനങ്ങളെ നിയന്ത്രിക്കുന്ന് motor cortex ഇനു. ഭാഷണകേന്ദ്രങ്ങളും സാവധാനം ഉണർന്നു വരുന്നവയാണ്. ഖരാഹാരം സാദ്ധ്യമല്ലാത്ത നിസ്സഹായജീവികൾ. അതുകൊണ്ട് പരാധീനതയിൽ നിന്ന് ഉളവാകുന്ന തീവ്രമായ ബന്ധനം നെടുനാളത്തെ ബന്ധത്തിനു വഴിതെളിയ്ക്കുന്നു.  ഈ പരാധീനതയുടെ ഓർമ്മശേഷിപ്പുകൾ സങ്കീർണ്ണമായി പരിണമിച്ച തലച്ചോർ സ്ഥിരം കൊണ്ടു നടക്കുമ്പോൾ മാതൃത്വം വിഗ്രഹവൽക്കരിക്കപ്പെടാനുള്ള സാദ്ധ്യതയേറുന്നു. ദൈവചിന്തയുടെ ആവിർഭാവത്തോടെ സംഭവിച്ചതാകണമിത്.

 

  പത്തുമാസം ചുമന്ന് നൊന്ത് പ്രസവിച്ചതാണ് എന്ന അവകാശവാദം പരിണാമത്തിലെ അമ്മയക്ക് ഉയർത്താനാവില്ല. പത്തു മാസത്തിൽക്കൂടുതൽ ഗർഭധാരണകാലം ഉള്ള് മറ്റ് ജന്തുക്കൾ ഇതിനെ പ്രതിരോധിച്ചേയ്ക്കും. ആനകളുടെ ഗർഭകാലം രണ്ടു കൊല്ലത്തോളമാണ്. നൊന്ത് പ്രസവിയ്ക്കുക എന്നത് വാസ്തവത്തിൽ വളരെ പെട്ടെന്ന് പരിണമിച്ച് വികാസം പ്രാപിച്ച തലച്ചോർ ലഭിച്ചതിനു കൊടുത്ത വിലയാണ്. കൂടുതൽ വിസ്താരമുള്ള മസ്തിഷ്ക്ക കോർടെക്സ് ഇനു ഇടം കിട്ടാൻ ധാരാളം മടക്കുകൾ നിർമ്മിച്ചെടുത്തെങ്കിലും ശരീരത്തെ അപേക്ഷിച്ച് വലിയ തലയോട്ടിയാണ് മനുഷ്യനുള്ളത്. അതിജീവനത്തിനുള്ള വിദ്യകൾ ചമച്ചെടുക്കാൻ സങ്കീർണ്ണമസ്തിഷ്ക്കം ആവശ്യമായി വന്നപ്പോൾ സംഭിവച്ചതാണിത്. തലയോട്ടി സ്വൽപ്പം വലുതായിട്ടുണ്ട്.   ഈ വലിപ്പത്തിനനുസരിച്ച് ഇടുപ്പെല്ലുകൾ സൃഷ്ടിയ്ക്കുന്ന, കുഞ്ഞിനു നൂഴ്ന്ന് പുറത്ത് കടക്കേണ്ട ദ്വാരം വലുതായിട്ടില്ല. പരിണാമം അത് ശരിയാക്കിക്കൊണ്ടിരിക്കുന്നതേ ഉള്ളു. രണ്ട് ഇടുപ്പെല്ലുകൾ കൂടിയോജിച്ച് തീർക്കപ്പെടുന്ന ത്രികോണ ഇടത്തിനു കൂടുതൽ പരപ്പും വികാസവുമുണ്ട് പുരുഷന്മാരുടേതിനേക്കാൾ സ്ത്രീകളിൽ. കുഞ്ഞിനു കടന്നു വരാൻ എളുപ്പം സൃഷ്ടിയ്ക്കാൻ വേണ്ടി. ഇനിയും അത് വികസിക്കേണ്ടിയിരിക്കുന്നു.  അതുകൊണ്ട് മനുഷ്യർക്ക് മാത്രമുള്ള താണ് പ്രസവവേദന. നൊന്ത് പ്രസവിക്കുക എന്നത് ത്യാഗത്തിന്റെ ലക്ഷണമൊന്നുമല്ല, പരിണാമ തൽക്കാലം നിഷ്ക്കർഷിച്ചിട്ടുള്ളത് മാത്രമാണെന്ന് സാരം.

 

കടം വാങ്ങുന്ന മാതൃത്വം അഥവാ Allomaternal care

    പ്രസവിച്ചർ മാത്രം മാതൃത്വം എന്ന വിശിഷ്ടപ്ദവിയ്ക്ക് അർഹരാകണമെന്ന് നിർബ്ബന്ധമൊന്നുമില്ല ജന്തുലോകത്തിനു. ഹനുമാൻ കുരങ്ങുകളിൽ പലേ സീനിയർ സ്ത്രീകളും ശിശുപരിപാലനത്തിനു സന്നദ്ധരാണ്.  നീണ്ടവാലൻ കുരങ്ങുകളിൽ ഒരു സ്ത്രീ മാത്രം ഇതിനു ഒരുമ്പെടുകയാണ് പതിവ്. ആനകളിൽ അമ്മായിമാരും ചിറ്റമാരും മൂത്ത ചേച്ചിയുമൊക്കെ കുട്ടിയാനയ്ക്ക് പരിചരണം നൽകുക പതിവാണ്. ഇവരിൽ പ്രസവിച്ചവർ ഉണ്ടെങ്കിൽ മറ്റ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടലും പതിവാണ്. സ്വന്തം ജനിതകവസ്തു ശാശ്വതീകരിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായിട്ട് ഇതിനെ കാണാം. അതുകൊണ്ടുതന്നെ പെൺശിശുക്കൾക്കാണ് ഈ പരിചരണം കൂടുതൽ കിട്ടാറ്. ചിമ്പാൻസികളിലും ചിലയിനം വവ്വാലുകളിലും ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്ന മാതൃത്വം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം അമ്മയോടെന്നവണ്ണം സ്നേഹാതിരേകബന്ധത്തിൽ പെട്ടു പോകാറുണ്ട് ചില ചിമ്പാൻസിക്കുട്ടികൾ.  ഗോത്രകാലം മുതലോ അതിനും മുൻപോ മനുഷ്യർ ശിശുപരിപാലനപ്രക്രിയ കുടുംബശ്രീ കൂട്ടായ്മയുടെ ഭാഗമാക്കിയിരുന്നു എന്നത് സത്യമാണ്. കൂട്ടുകുടുംബ വ്യവസ്ഥയിലും ഇത് പരിപാലിക്കപ്പെട്ടിരുന്നു. മാതൃത്വത്തിന്റെ നിർവ്വചനം ഇടുങ്ങിയതല്ല.

 

    അച്ഛന്മാർ അമ്മമാരിൽ നിന്ന് ഈ കുത്തക ഏറ്റുവാങ്ങിയത് മനുഷ്യർക്ക് വളരെ മുൻപേ തന്നെ സംഭവിച്ചതാണ്. മുയൽ വർഗ്ഗത്തിൽപ്പെട്ട പ്രെയറി വോൾ ദാമ്പത്യജീവിതം നെടുനാൾ കാത്തു സൂക്ഷിയ്ക്കുന്നവരാണ്, അച്ഛന്മാർക്ക് വലിയ താൽപ്പര്യമാണ് കുഞ്ഞുങ്ങളെ താലോലിച്ചു വളർത്താൻ. ചിലയിനം കിളികളിൽ കുഞ്ഞുങ്ങളെ പാട്ട് പഠിപ്പിക്കുന്നത് അച്ഛന്മാരാണ്. വ്യാവസായിക വിപ്ലവത്തിനു ശേഷം. അമ്മമാർ ജോലി ചെയ്യുന്നവരാകുകയും കൂടുതൽ  അച്ഛന്മാർ പരിപാലനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നത് പിന്നീട് വ്യാപകമാകുകയും ഇന്ന് മാതൃത്വം എന്നത് വിഘടീകരിക്കപ്പെട്ട് തുല്യ പങ്കാളിത്തത്തിൽ എത്തിനിൽക്കുന്നതു പോലെ മാറിയിട്ടുമുണ്ട്. താരാട്ടു പാടുവാൻ അമ്മയുണ്ടെങ്കിൽ താളം പിടിയ്ക്കുവാൻ അച്ഛനുണ്ട് എന്ന് മാത്രമല്ല ആ ബലിഷ്ഠ കയ്കൾ തൊട്ടിലാട്ടാനും പരിശീലക്കപ്പെട്ട് തരളിതമാക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു.

 

   മാതൃത്വം മനുഷ്യരുടെ പ്രത്യേക സിദ്ധി ആണെന്ന് തെറ്റിദ്ധരിച്ചവരാണ് അതിനെ ദൈവീകവും  ദാർശനികസിദ്ധിവിശേഷവുമായി കരുതിയത്.     ദൈവത്തിനു മുലപ്പാലൂട്ടുന്ന  കവിഭാവനയിലെ അമ്മ ഒരു മനുഷ്യസ്ത്രീ ആയിരിക്കണമെന്നില്ല. മൽസ്യമോ മുതലയോ ചിമ്പാൻസിയോ ആകാം.  ദൈവങ്ങൾ തന്നെ മൽസ്യവും കൂർമ്മവും വരാഹവുമൊക്കെ ആവുമ്പോൾ അവരുടെ അമ്മമാരും അങ്ങനെയൊക്കെ ആകണമല്ലൊ. എന്നാൽ പിറന്നു വീണ സ്വന്തം പെൺകുഞ്ഞിന്റെ വായിൽ വിഷം ഇറ്റിക്കുന്ന അമ്മമാർ ജന്തുകുലത്തിൽ ഇല്ല.



   ആണിന്റേയും പെണ്ണിന്റേയും ഇടുപ്പെല്ലുകൾ നിർമ്മിയ്ക്കുന്ന ദ്വാരത്തിലെ വ്യത്യാസം.

Monday, December 13, 2021

ചുരുളി-ശരി/തെറ്റുകളിലെ ചുഴിയിൽ ഷാജീവന്മാരുടെ ഇടം

 

 


 

  അർജ്ജുനൻ ചോദിച്ചു: ഹേ കൃഷ്ണാ, എന്നാൽ എന്തിനാൽ പ്രേരിതനായിട്ടാണ്, ഈ പുരുഷൻ പാപം ചെയ്യുവാൻ ഇച്ഛിയ്ക്കുന്നില്ലെങ്കിലും  ബലമായി നിയോഗിക്കപ്പെട്ടവനെപ്പോലെ പാപത്തെ ചെയ്യുന്നത്?

 കൃഷ്ണൻ പറഞ്ഞു:

 ധൂമേനാവ്രിയതേ വഹ്നിർ യഥാദർശോ മലേന ച

യഥോൽബേനാവൃതോ ഗർഭഃ തഥാ തേനേദമാവൃതം

എപ്രകാരമാണോ പുകയാൽ അഗ്നി ആവരണം ചെയ്യപ്പെടുന്നത്, അഴുക്കിനാൽ കണ്ണാടിയും, എപ്രകാരമാണോ ഗർഭാവരണത്താൽ ഗർഭം ആവൃതമായിരിക്കുന്നത്, അതേ പ്രകാരം അതിനാൽ ഇത് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു

                                                                       ---ഭഗവദ്ഗീത:കർമ്മകാണ്ഡം                                                       

 

   പാപത്താൽ മനുഷ്യൻ ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു എന്ന് മാത്രമേ ശ്രീകൃഷ്ണനു പറയാനുള്ളു. എന്തുകൊണ്ട് എന്ന ചോദ്യത്തിനു ഉത്തരമില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ഭഗവാൻ കൃഷ്ണനു ഉത്തരം മുട്ടുകയാണ്. മനുഷ്യസഹജമാണ് പാപം, സ്വതവേ കുറ്റവാളികളുടെ ലോകമാണിത്  എന്നത് അംഗീകരിയ്ക്കുക തന്നെ.

 

   *    *   *     *    *     *       *       *        *       *       *   *

    ഇന്ദ്രിയപരമായ അനുഭവങ്ങളികൂടി അതീന്ദ്രിയപരതയെ പ്രാപിക്കുക എന്നത് ലിജോ പെല്ലിശ്ശേരിയുടെ സിനിമകളിൽ ആവർത്തിച്ചു കാണുന്ന പ്രമേയമാണ്. താരകപുഞ്ജങ്ങളുടെ (galaxy) ചുഴിയിൽ അകപ്പെട്ട് ജനിമൃതികൾ വീണ്ടും വീണ്ടും ഭവിക്കുന്നവരുടെ  ലോകമാണ്  ചുരുളി എന്ന ഭ്രമാത്മകപ്രദേശത്ത് ദൃശ്യമാകുന്നത് . ഇവിടെ ശരി തെറ്റുകളും കുറ്റങ്ങളും ശിക്ഷാവിധികളും ആപേക്ഷികമാകുന്നതിൽ അദ്ഭുതമില്ല. കള്ളൻ പോലീസാകുന്നതും പോലീസ് കള്ളനാകുന്നതും അതതു ഇടത്തിന്റെ സ്വഭാവമനസുരിച്ച് മാറപ്പെടുന്നതും ഭ്രമാത്മകതയുടെ ഒരു പരിച്ഛേദം മാത്രമാകുന്നതും അദ്ഭുതമില്ലാത്ത കാര്യമാണ്. സാധാരണ മനുഷ്യനു ഒരു ചെറിയ തടിപ്പാലം കടന്നാൽ ഈ അക്കരെപ്രദേശത്ത് എത്താനുള്ളതേ ഉള്ളു. വ്യക്തികൾ ഇല്ലാതായി, തേടുന്നവനും തേടപ്പെട്ടവനും ഇരയും വേട്ടക്കാരനും മാത്രമായിപ്പോകുന്ന, പ്രത്യേകജീവനുകളിലേക്ക് ചുരുങ്ങുന്ന അവസ്ഥ. മരണത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ചുഴിയിൽ അകപ്പെട്ടവൻ ഏതു ഗാലക്സിയിലേയും പോലെ തമോഗർത്തങ്ങളിൽ നിപതിച്ച് പുനപി മരണം പുനരപി ജനനം എന്ന മാതിരി  പുതുജന്മവുമായി തിരിച്ചു വരുന്നത് മതദർശനങ്ങളിൽ സുലഭമാണു താനും. ആത്മനവീകരണവും അതുവഴി സഫലീകൃതമാകുന്ന  നിതാന്തതയും സ്വപ്നസദൃശമാകുന്നത് ഇ മ യൗ യിൽ ലിജോ പെല്ലിശ്ശേരി കൗതുകകരമായി ചിത്രീകരിച്ചിട്ടുണ്ട്. ആത്മീയതയുടെ അടിവേരുകൾ അഗാധതയിലൂടെ എങ്കിലും പാഞ്ഞുപോകുന്നുണ്ട് എന്ന് തീർപ്പ് കൽപ്പിക്കാൻ സംവിധായകനു താൽപ്പര്യവുമുണ്ട്. പ്രത്യയശാസ്ത്രങ്ങൾ ഇതിനിടെ തോറ്റു നിലം പതിച്ചേക്കാം, ജല്ലിക്കെട്ടിൽ ഇത്  വ്യക്തമാക്കിയിട്ടുമുണ്ട്. ചുരുളിയിലാകട്ടെ വളരെ സങ്കീർണ്ണമായ ആഖ്യാനം പലേ അടരുകളിൽ നിബന്ധിച്ച് ക്രൈം/സൈക്കോ ത്രില്ലറും സയൻസ് ഫിക്ഷനും പുരാവൃത്താഖ്യാനവും അങ്ങനെ പല ശൈലീവകഭേദങ്ങളും ഇണക്കിച്ചേർക്കുന്ന കൗശലമാണ് വെളിപ്പെടുത്തുന്നത്. പ്രകൃതിയുടെ മനോഹാരിതയിലാണ് കഥ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് നഗരങ്ങളിലേക്ക് പറിച്ചു നടപ്പെട്ട ആധുനിക സിനിമകൾക്ക് എതിരേ ധൈര്യപൂർവ്വം  നിൽക്കുന്നതാതാണെന്ന സവിശേഷത പേറുന്നതാണ്. മദ്ധ്യകാല യൂറോപ്യൻ മിത്തുകൾ വ്യതിരിക്തബോധമോ ഔചിത്യമോ സാംഗത്യമോ ഇല്ലാതെ മലയാളികുടുംബങ്ങളിൽ പ്രതിഷ്ഠിയ്ക്കുന്ന സിനിമകളിലെ വമ്പൻ അപഹാസ്യതയ്ക്ക്  ഏൽപ്പിക്കുന്ന പ്രഹരവുമാണ് ചുരുളി’.    

 

         മനുഷ്യരുടെ തനിമ വെളിവാക്കപ്പെടണമെങ്കിൽ അവരെ ഒരു സാങ്കൽപ്പിക ലോകത്ത് പ്രതിഷ്ടിച്ച് നിരീക്ഷിക്കുകയാണ് എളുപ്പം. അന്യഗ്രഹത്തിലോ സ്വപ്നസമാന മായികലോകത്തോ ഈ ഇടം പ്രതിഷ്ഠിക്കുക എന്നതാണ് പലേ നോവലുകളിലും സിനിമകളിലും ആവിഷ്ക്കരിക്കപ്പെടാറ്. ലിജോ പെല്ലിശ്ശേരിക്ക് കാട് തെരഞ്ഞെടുക്കുന്നതാണ് പ്രിയം. കാട്ടിലെ നിയമങ്ങൾ അതിജീവനത്തിന്റെ പ്രകൃതി നിയമങ്ങൾ മാത്രമാണ്, അതിൽ കാടത്തം തെല്ലുമില്ലെങ്കിലും മനുഷ്യകുലം അതിൽ നികൃഷ്ടതയും സംഹാരചോദനകളും നിറച്ച് സ്വന്തം സ്പീഷീസിനെ വകവരുത്തുന്ന സ്വഭാവം ആർജ്ജിച്ചെടുത്തിട്ടുണ്ട്. ഗോത്രസംസ്കാരത്തിൽ  വിഭവങ്ങൾക്ക് വേണ്ടിയുള്ള മൽസരത്തിൽ ഇത് അനിവാര്യമായിരുന്നിരിക്കാം എങ്കിലും ഇന്ന് അതിന്റെ സാംഗത്യം നഷ്ടപ്പെട്ടു, പക്ഷേ മനുഷ്യൻ അത് ആഹ്ലാദോപാധിയായി സ്വീകരിച്ചിരിക്കുകയാണ്. ആയുധങ്ങളാൽ മുറിവേൽപ്പിക്കൽ സാദ്ധ്യമല്ലെങ്കിൽ മുഴുത്ത തെറി തന്നെ ഉപയോഗിക്കണം. പാലത്തിനക്കരെ കടന്ന ആന്റണി ജീപ് ഡ്രൈവറുടെ പൊടുന്നനവേ ഉള്ള തെറി കേട്ട് സ്തബ്ധനാകുന്നത് ഇത് കീഴ്പ്പെടുത്തൽ യുദ്ധത്തിന്റെ തുടക്കം എന്ന അറിവു കൊണ്ടാണ്. ഇരുപതുകൊല്ലത്തെ സർവീസുള്ള പോലീസുകാരനെ തളർത്താൻ ഭാഷയിലുള്ള വ്യത്യാസം മാത്രം മതി.    തനിക്കു കിട്ടിയിട്ടൂള്ള ശിക്ഷ അന്യനിലേക്ക് പടർത്തണമെങ്കിൽ തെറി പറഞ്ഞാൽ മതി. മേലധികാരം ഉറപ്പിച്ചെടുക്കുകയാണ് ഇപ്രകാരം. ലൈംഗികാവയവങ്ങളുടെ പേരുകൾ, പ്രത്യേകിച്ചും സ്ത്രീകളുടെ, ഉറക്കെ വിളിച്ചു പറയുന്നതും നിർബ്ബാധം മദ്യം ഉപയോഗിക്കുന്നതും ആണുങ്ങളുടെ സ്ഥിരോൽസാഹമാണ്. ഒരുമിച്ചിരുന്ന് വാറ്റുചാരായം അകത്താക്കുന്നതും ഇതുപോലെ അത് ചെയ്യാത്തവനെ ഇകഴ്ത്താനുള്ള ഉപാധി തന്നെ. ആധിപത്യത്തിനും മേൽക്കോയ്മയ്ക്കും വേണ്ടി ചെയ്യുന്ന പ്രവർത്തികൾക്ക് സാധൂകരണം കിട്ടപ്പെടുകയാണ്. ചെയ്യുന്നയാൾക്ക് അത് ശരിയെന്നു തോന്നിക്കൊണ്ടു തന്നെ.

 

നാറികളുടെ ലോകം-കുറ്റം, നിയമം, നിയമപാലനം

 

        കുറ്റവാളികളുടെ മാത്രം ലോകത്ത് നിയമം എന്നത് ആപേക്ഷികമാണ്.  സമൂഹം കൃത്രിമത സൃഷ്ടിച്ച്  നിഷിദ്ധമാക്കിയതിനെ പുണർന്ന് പുൽകാനുള്ള ത്വര ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വൻ കുറ്റങ്ങൾ ചെയ്തവർക്ക് സ്വന്തം ഇടം നിയമപാലനനിഷ്ക്കർഷകളില്ലാതെ ലഭിയ്ക്കുക എന്നത് അവർക്ക് തുറസ്സു സൃഷ്ടിയ്ക്കുമ്പോൾ മനുഷ്യപെരുമാറ്റസ്വഭാവങ്ങളും സൈക്കോളജിയും പഠിച്ചെടുക്കാൻ അവസരമൊരുക്കപ്പെടുകയുമാണ്. വന്യത എന്നത് പുറമേയും അകമേയും ദൃശ്യപ്പെടുത്തിയാണ് സംവിധായകൻ ഇത് സാധിച്ചെടുത്തിരിക്കുന്നത്. ലോകം മുഴുവൻ നാറികളാ എന്ന് ആൻറ്റണി. നമുക്കാവശ്യമുള്ള നാറികളെ മാത്രം പിടിച്ചാൽ മതി എന്നും അയാൾ.

 

   ഭഗവദ് ഗീതയിൽ ഉറപ്പിച്ചെടുത്ത കുറ്റവാസന ഗോത്രസമൂഹത്തിന്റെ ബാക്കിപത്രമായിരിക്കണം. കുറ്റം ചെയ്യുന്നത് നന്മയ്ക്കു വേണ്ടിയാണ് (ആരുടെ എന്നത് ചോദ്യമാണ്) എന്ന് കുറ്റവാളിയ്ക്കു തോന്നും. കറുത്ത വർഗ്ഗക്കാരെ വെടിവച്ചു കൊല്ലുന്നത് പൊതുസമൂഹത്തിന്റെ  നൻമയെക്കരുതിയാണ്  എന്ന് വിശ്വസിക്കുന്നവർ അത് മറയില്ലാതെ വിളിച്ചു പറഞ്ഞിട്ടുണ്ട് അമേരിക്കയിൽ.  നീതിയെപ്പറ്റിയുള്ള വിശ്വാസങ്ങൾ പകവീട്ടലിന്റേതുമായി ഇടകലർന്ന് കെട്ടിമറിഞ്ഞിട്ടുള്ളതാണ്, അതുകൊണ്ട് നമ്മൾ ക്രൂരത കാട്ടുന്നത് മറ്റേയാൾ അത് അർഹിക്കുന്നു എന്ന വിശ്വാസത്തിന്റെ ഫലത്തിൽ സംഭവിക്കുന്നതാണ്.  അതിനെതിരെ നിയമങ്ങൾ കൊണ്ടു വന്നാൽ അത് ആപേക്ഷികമായി മാറാൻ സാദ്ധ്യതയുള്ളതാണ്. ഒരു ദേശത്തെ നിയമങ്ങളല്ല മനുഷ്യൻ മറ്റൊരു ദേശത്തിൽ അനുഷ്ഠിപ്പിക്കുന്നത്. അതുകൊണ്ട് കുറ്റകൃത്യങ്ങളും മാറപ്പടുകയാണ്. അപ്പോൾ നിയമപാലനവും വ്യത്യസ്തതയാർജ്ജിക്കുകയാണ്. കുറ്റംഎന്നതിന്റെ നിർവ്വചനം മാറുമ്പോൾ കുറ്റവാളി എന്നതിന്റെ നിർവ്വചനവും മാറപ്പെടുകയാണ്. നിയമപാലനം എന്നത് വൈവിദ്ധ്യമിയന്നതാകുന്നു. ചുരുളിയിൽ എത്തപ്പെട്ട ആന്റണിയും ഷാജീവനും ആദ്യം മനസ്സിലാക്കുന്നതും ഇതു തന്നെ. അവർ പോലീസുകാരാണെങ്കിലും അതിന്റെ നിർവ്വചനം മാറിപ്പോയതിനാൽ സംഘർഷാവസ്ഥയിലാണ്. നിയമപാലനത്തിന്റെ നിർവ്വചനത്തിരിമറിവ് ആരാണ് പോലീസ്, ആരുടെ നിയമങ്ങളാണ് അവർ പരിപാലിയ്ക്കേണ്ടത് എന്നത് ആപേക്ഷികമാക്കി മാറ്റുകയാണ്.  സ്വച്ഛന്ദം വിഹരിക്കേണ്ടുന്ന ഇടമാണ് ചുരുളി, സഭ്യത എന്ന വിലക്കില്ലാത്ത ലോകമായതിനാൽ  ഭാഷ അനുരൂപമായി മാറപ്പെടുന്നു. സമൂഹനിയമങ്ങൾക്കും സദാചാരസംഹിതകൾക്കും അപ്പുറത്തായവരുടെ ലോകത്ത്-അവരുടേത് മാത്രമായ ലോകത്ത്-  ഭാഷ എന്നതും നിയമങ്ങൾക്ക് അപ്പുറമായാണ് ഉറവിടുന്നത്. രണ്ട് ഭാര്യമാരെ ചവിട്ടിക്കൊന്ന കപ്പ മൂപ്പൻ അധീശനായ ലോകം.  കൊടും കുറ്റവാളികളുടെ ഇടയിൽ നിന്ന് ഒരേ ഒരു മയിലാടും കുറ്റി ജോയിയെ പിടിയ്ക്കുക എന്നത് അസാദ്ധ്യമാണെന്ന് സ്വത്വം നഷ്ടപ്പെട്ട ആന്റണിയും ഷാജീവനും എളുപ്പം മനസ്സിലാക്കുന്നുണ്ട്. പോലീസ് എന്നത് മറ്റൊരു ദേശത്തെ വിവക്ഷ മാത്രമായതുകൊണ്ട് അവർക്ക് പോലീസ്സ് തന്നെ ആയിരിക്കണമെന്ന് നിർബ്ബന്ധമില്ലാതായിരിക്കുന്നു. ആന്റണിയ്ക്ക് ചുരുളി അർമാദിക്കാനുള്ള ഇടമായി ആദ്യം തന്നെ അനുഭവപ്പെടുന്നുണ്ട്. പക്ഷേ അവരിൽ ഒരാളായി മാറാൻ ചില ആഭിചരപ്രക്രിയയിൽക്കൂടി കടന്നു പോകേണ്ടിയിരിക്കുന്നു അയാൾക്ക്.

 

  പല ജീവിതങ്ങളിൽക്കൂടി കടന്നുപോയവരുടെ മാസ്മരികലോകമാണ് ചുരുളി. പലരും പല പേരുകളിൽ അറിയപ്പെടുന്നതും അതുകൊണ്ട് തന്നെ. ഷാപ്പുകാരൻ ഫിലിപ്പോ അവറാനോ, തങ്കയുടെ ബന്ധു പയ്യൻ ഓമനക്കുട്ടനോ മണിയോ, ഷാജീവൻ തന്നെ ജോർജ്ജോ എന്ന് നിശ്ചയമില്ല. ചുരുളിയിലെ അതീന്ദ്രിയ പ്രതിഭാസങ്ങൾ സത്യമാണ് അവർക്ക്. രാത്രിയിൽ പായുന്ന തീഗോളങ്ങൾ തീച്ചാമുണ്ഡി ചേടത്തി വടക്കെ മലയിൽ നിന്ന് അനിയത്തിയ കാണാൻ തെക്കേ മലയിലേക്ക് പോകുന്നതാണ്. പുറം ലോകത്തേയ്ക്ക് ഒറ്റിക്കൊടുക്കുന്ന കപ്പക്കാരൻ മൂപ്പനെ ചുരുളി നിവാസികൾക്ക് പേടിയുമാണ്. ഷാജീവനു തന്റെ പൂർവ്വകാലവ്യക്തിത്വം പിടി കിട്ടുന്നത് സാവധാനമാണ്. ആകസ്മികമായി കന്നടഭാഷയിലുള്ള പാട്ടും സംഭാഷണങ്ങളും അയാളിൽ വന്ന് നിറയുന്നുണ്ട്. അയാൾ അകപ്പെട്ട ചുഴിയിൽ പണ്ടും റബറിനു കുഴികുത്താൻ വന്നിട്ടുണ്ട് അവിടെ എന്നത് കോടാലിയുമായി അമ്മച്ചി വന്ന് നീ കുഴി കുത്തുമോടാ എന്ന് ചോദിക്കുമ്പോൾ തെളിയുന്നുണ്ട്.  തങ്കയുടെ ആഭിചാരപ്രക്രിയയിൽ പണ്ടേ പങ്കുചേർന്നവനണവൻ. പോലീസായി വന്നാലും ചുരുളിയിലെ പുരാവൃത്തനിയമമ നുസരിച്ച്  തിരുമേനിയെപ്പോലെ എന്നും ചുറ്റിത്തിരിയേണ്ടവനാണ് അവനും.  പെരുമാടനെ പിടിയ്ക്കാൻ അതിനെ തേടുന്ന തിരുമേനിയ്ക്ക് പെരുമാടൻ തന്നെ പിടിച്ചു കഴിഞ്ഞു എന്ന് മനസ്സിലാകാതെ ഉഴറുന്ന പ്രദേശമാണ്. അവനവനിലെ ഹിംസേച്ഛയും നിഗ്രഹാഭിനിവേശവും ഉള്ളിൽ നിറഞ്ഞിരിക്കയാണെന്ന് അറിയാത്ത പാവം പോലീസുകാരനു കുറ്റവാളിയാകാൻ എളുപ്പം സാധിയ്ക്കുന്ന വാതാവരണം.  

 

      കപ്പ വിൽക്കുന്ന മൂപ്പന്റെ വീട്ടിനുള്ളിൽ മാസ്മരികലോകമാണ്. ചുരുളിക്കാരുടെ അധീശനുമാണ് മൂപ്പൻ. അവർക്ക് കിട്ടാത്ത രതിയുടെ ഉടമസ്ഥതയും അയാൾക്കുണ്ട്. മകൾ ഊക്കൻ ചരക്കാണെന്ന് നാട്ടുകാർക്കറിയാമെങ്കിലും അതൊരു സങ്കൽപ്പം പോലെ നില നിൽക്കുകയാണ്. ചുരുളിയിലെ അനിർവ്വചനീയമായ സമയത്തെ നിയന്ത്രിക്കുന്നതിൽ മൂപ്പനു ഒരു പങ്കുണ്ട്. ആയിരമായിരം പൽ ചക്രങ്ങൾ തിരിയുന്ന ഘടികാരവും  അതിനും പിന്നിൽ സമയം എന്ന ആപേക്ഷികത്യ്ക്ക് അപ്പുറം മാസ്മരിക ജീവികളുമുണ്ട്. ചുരുളിയുടെ യഥാർത്ഥ അധീശന്മാർ. ഉജ്ജ്വലനീലവെളിച്ചം പ്രസരിപ്പിക്കുന്ന അവർ കാലം എന്നതിനെ സൂചകങ്ങളുമാണ്. ചുരുളിയിലെ പലരും ആ അവസ്ഥാന്തരത്തിലേക്കുള്ള യാത്രയിലുമാണ്.  തങ്കയുടെ മന്ത്രവാദത്തിനിടെ ആന്റണി അത് സ്വാംശീകരിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ സ്ഥലകാലനിബന്ധനകൾക്കും അതീതരായുള്ള ഇവരുടേതാണ് ചുരുളിയിലെ ലോകം. കൂരാച്ചുണ്ടിൽ നിന്നും വരുന്ന പാവം പോലീസുകാർ അവരല്ലാതായിത്തീർന്ന്  ചുരുളിയിലെ ഭൂതവും ഭാവിയും ഇല്ലാത്തവരായി മാറുന്നത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടതാണ്.

 

 സമയം എന്ന പ്രഭു

 പലതവണ നമുക്ക് ജീവിതം തിരിച്ചു തരും , ദയാവാരിധിയാണ്, സമയപ്രഭു.  സഹൃദയനാണ് ഒരു തിരക്കുമില്ല. സംഹാരം മുഴുമിപ്പിക്കാൻ നാലും അഞ്ചും മണിക്കൂറെടുക്കും. ക്ഷമാമൂർത്തിയാണ്. ചുരുളിയിലെ മനുഷ്യരുടെ ജീവന്റെ കാര്യമാണ്

പലജീവിതങ്ങൾ. ഷാജീവനെ കുടകൻ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞു പോയ ജീവിത ആവൃത്തിയിൽ, ചുഴലിയുടെ ഒരു ചുഴറ്റലിൽ ഷാജീവൻ കുടകനെ കൊന്നിട്ടുണ്ട്, അല്ലെങ്കിൽ കൊല്ലാനുള്ള കാരണങ്ങൾ ഉണ്ടായിരുന്നു. ചുരുളിയിൽ ഇനിയും കുടകന്മാർ വരും, ഷാജീവന്മാർ വരും, ഉൽസവവേളയിൽ അടിമൽസരം നടന്നേയ്ക്കും, കുടകന്മാർ കൊല്ലപ്പെട്ടേയ്ക്കും. ചുരുളിയുടെ ആവരത്തനപരമ്പര അതേ പടി തുടരും. മയിലാടും കുറ്റി ജോയ് ഒരു വ്യക്തിയോ ഒരു വെറും കുറ്റവാളിയോ അല്ല, എന്നും നിലനിൽക്കുന്ന പ്രതിഭാസമാണ്. മൂപ്പന്റെ വീടിനുള്ളിൽ നിരന്തരചാക്രികതയുടെ പൊരുൾ ദർശിച്ച ഷാജീവനു ഇത് പിടികിട്ടുകയാണ്. അയാൾ തന്നെ ആയിരിക്കാം മയിലാടും കുറ്റി ജോയ് എന്ന് ഷാജീവനു തോന്നിക്കാണണം. പിന്നീട് ആന്റണിയോട് ഈ ജോയ് ഇവിടെ ഇല്ലെങ്കിലോ എന്ന് സംശയം പറയുന്നത് ഇക്കാര്യം സൂചിപ്പിക്കാനാണ്.   ജോയിയെ ഒരിടത്തും കൊണ്ടു പോകാൻ സാധിയ്ക്കുകയില്ല എന്ന തങ്കന്റെ ഭാര്യ കട്ടായം പറയുന്നത് ജോയ് ചുരുളിയുടെ കുറ്റവാസനാപ്രതീകം തന്നെ ആയതുകൊണ്ടാണ്. പരിണാമത്തിനു തുടച്ചുമാറ്റാനാവാതെ പോയ ക്രൗര്യനിബദ്ധത മനുഷ്യരൂപം ധരിയ്ക്കുമ്പോൾ വെടിയുണ്ട തലയിൽക്കൂടി കടന്നു പോയാലും ഒരു ചുക്കും സംഭവിക്കുകയില്ല. പൂർവ്വസ്മൃതി ഗോത്രസഹജമായ ക്രൂരത നിറഞ്ഞവരുടെ മാത്രം ലോകം തന്നെ ചുരുളി.   സാവധാനം കൺപോളകൾ അടയ്ക്കാനും തുറക്കാനും കഴിഞ്ഞാൽ സ്വന്തം ചരിത്രം സ്മൃതിയിൽ എത്തുകയായി. ആദ്യകുർബാനയ്ക്ക് ശേഷമുള്ള സദ്യാസമയത്ത് കോടാലി അമ്മച്ചി ഇങ്ങനെ കണ്ണടച്ച് കഴിഞ്ഞജീവിതത്തിൽ അവർ തമ്മിലുണ്ടായിരുന്ന പരിചയം സൂചിപ്പിക്കുന്നുണ്ട്. ഷാജീവനു താൻ ആരാണെന്ന് പിടി കിട്ടുന്ന വേള. ഈ ആദ്യകുർബാന ജോയിയെക്കുറിച്ചുള്ള അറിവുകൾക്ക് വഴിതെളിക്കുംഎന്ന് സൂചിപ്പിച്ചത് സാർത്ഥകമാകുന്ന വേള. കൽപ്പറ്റ നാരായണന്റെ സമയപ്രഭുഎന്ന കവിതയുടെ ഇംഗ് ളീഷ് പരിഭാഷയോടെ ആണ് സിനിമ തുടങ്ങുന്നത്. ഉൽക്കടമായ ഹിംസ നടപ്പാക്കുന്ന സൗമ്യമൂർത്തിയാണ് സമയം, ക്ഷമാമൂർത്തിയാണ്, സാവധാനമാണ് കൊലപാതകം, ദയാവാരിധിയാണ്, പലതവണ ജീവിതം തിരിച്ചുതരും. ഹിംസയുടെ ആവർത്തനത്തിനു വേണ്ടി സമയം തെരഞ്ഞെടുത്തിട്ടുള്ള ഇടമാണ് ചുരുളി. കപ്പമൂപ്പന്റെ വീടിനകം സമയപ്രഭുവിന്റെ ഒരു ചെറിയ താവളം മാത്രം.

 

ആത്മീയത എന്ന മൈ‌___

  പാപികൾക്കാണ് ആത്മസുധാരണം അത്യാവശ്യമായി വരുന്നത്. പാപത്തിന്റേ ഓരോ ചുഴിയിൽപ്പെട്ട് തിരിച്ച് ഭ്രമണം ചെയ്യുന്നത് പാപവിമോചനത്തിലൂടെയാണ്. അടുത്തപാപം ചെയ്യാനുള്ള മാനസികോർജ്ജം ഇപ്രകാരമാണ് ചുരുളി നിവാസികൾക്ക് ലഭിയ്ക്കുന്ന്ത്. കള്ളുഷാപ്പ് ഒരു രാത്രികൊണ്ട് പള്ളിയാക്കി മാറ്റാൻ അവർക്ക് എളുപ്പം സാധിയ്ക്കുന്നു. കേരളത്തിലെ കുടിയേറ്റ മേഖലകളിലെ സ്ഥിരം കാഴ്ച്ചയാണ് വെടിയിറച്ചി തിന്നും പെണ്ണുപിടിച്ചും കള്ളുകുടിച്ചും നടക്കുന്നവർ പൊടുന്നനവേ പള്ളി പണിത് പ്രാർത്ഥനാനിരതരാകുന്നത്. അതുകൊണ്ട് ചുരുളിയിലെ ഈ കള്ളുഷാപ്പ് രൂപാന്തരീകരണം അത്ര പ്രതീകാത്മകമൊന്നുമല്ല. സംവിധായകനു മലയാളിയുടെ ഈ പ്രവൃത്തി അവതരിപ്പിക്കുന്നതിൽ കൗതുകമുണ്ട് എന്ന് കരുതാനുള്ളതേ ഉള്ളു. പക്ഷേ ചുരുളി ഒരു മൃതാത്മ പാപമോചനസ്ഥലം (purgatory) ആണെന്നുള്ളതാണ് സൂചന. ആത്യന്തികമായ പരിത്രാണ (final redemption) ത്തിന്റെ ഇടം. പശുവിനെ ഭോഗിച്ചവനും കൂട്ടബലാൽസംഗം ചെയ്തവനും പാപബോധമില്ലാതെ ജീവിതം പല തവണ ആവർത്തിക്കാൻ വാതാവരണം ഒരുക്കുകയാണ് ചുരുളി. ആന്റണിയെ ഒരു initiation ceremony യിലേക്ക് നയിക്കാൻ ഷാജീവൻ തന്നെ ഒരുക്കുന്നുണ്ട് ഒരു രാത്രിവേട്ട എന്ന കപടനാടകം. മുഖത്ത് നീലവെളിച്ചമുള്ള ആത്മാക്കൾ സൂചന നൽകുമ്പോഴാണ് ഷാജീവൻ വെടി വയ്ക്കുന്നതും ആന്റണിയുടെ നടുവ് ഉളുക്കുന്നതും. ഒരു ശവഘോഷയാത്ര പോലെയാണ് ആന്റണിയെ തങ്കയുടെ ആഭിചാരകേന്ദ്രത്തിൽ എത്തിയ്ക്കുന്നത്. കല്യാണം കഴിക്കാത്ത, പെണ്ണുങ്ങൾ മാത്രം ഉള്ളിടത്ത് പോകാൻ മടിയുള്ള ആന്റണിയുടെ initiation രതിസുഖസാരമായ്ത്തന്നെയാണ് നടപ്പാകുന്നത്. സ്വന്തം ചരിത്രവും ഭൂതവും ഭാവിയും അവിടെ തങ്കയ്ക്ക് സമർപ്പിക്കപ്പെട്ട് ചുരുളിയിലെ വരുംകാല ആത്മാവ് ആയി ആന്റണി മാറുന്നുണ്ട്, നിതാന്തമായ ചുഴിയിലേക്ക് പ്രവേശിക്കുന്നുമുണ്ട്.  ഷാജീവൻ പണ്ടേ അവിടെ എത്തിയിട്ടുണ്ടെന്ന് അയാൾക്കും തങ്കയ്ക്കും അറിയാം.  ഓമനക്കുട്ടനു ഇനിയും ഇനിയും പീഡനം ഏൽക്കേണ്ടിയിരിക്കുന്നു. ബൈബിൾ പ്രോക്തമായ കാലുകൾ ശുദ്ധീകരണം അവൻ നടത്തുന്നത് തീയിൽ വച്ചിട്ടാണ്.  ബൈബിൾ പുതിയ നിയമത്തിൽ കാൽ കഴുകൽ ആണ് പാപമോചനത്തിനുള്ള ഒരു വഴി. സോദം-ഗൊമേറ ഇടങ്ങളിൽ fire and brimstone  ആണ് വർഷിക്കപ്പെട്ടത്. ഓമനക്കുട്ടൻ ഇതിൽ പെട്ടു പോയവനാണ്, അഗ്നിപരീക്ഷ ആവശ്യം. പിറ്റെ ദിവസം തന്നെ മണി ആയി മാറേണ്ടുന്നു  അവൻ ആത്മനവീകരണത്തിലൂടെ. ഷാപ്പുകാരന്റെ ഭാര്യയ്ക്ക് രാത്രിയിൽ ബൈബിൾ വായനയുണ്ട്. അവർ വായിയ്ക്കുന്നത് കുഞ്ഞാടിന്റെ രക്തം കൊണ്ട് അലക്കി വെളുപ്പിച്ച വസ്ത്രവുമായ് എന്ന ഭാഗമാണെന്നുള്ളത് സംവിധായകന്റെ  കൗശലം വെളിവാക്കുന്നു. തങ്കന്റെ ഭാര്യ ബൈബിൾ വായിച്ച് അധികം കഴിയാതെയാണ് മുട്ടൻ തെറിവാക്ക് ഉപയോഗിക്കുന്നത്. പാപത്തിന്റെ മറുവശമല്ല ആത്മീയത, അതോടൊപ്പം ചേരുന്നതാണെന്ന് വ്യംഗ്യം.

 

  സുന്ദരവനം എന്ന വൈപരീത്യം

            അകൃത്രിമദ്യുതിരനവദ്യേയമായ കാടാണ് നിഷ്ഠൂരചരിത്രം പേറുന്ന മനുഷ്യരുടെ പശ്ചാത്തലം എന്നത് തികച്ചും ഐറണി തന്നെയാണ്. ജല്ലിക്കെട്ടിൽ കാടിന്റെ മനോഹാരിത സംഗതമാക്കുന്നില്ല എങ്കിൽ ഇവിടെ അത് പ്രാമുഖ്യം നേടുക തന്നെ ചെയ്യുണ്ട്. മധു നീലകണ്ഠൻ അതിസുന്ദര ഫ്രെയ്മുകൾ ചമച്ചിട്ടുണ്ട്. വനാന്തരം മുഴുവൻ ദ്രവരൂപമാർന്നതാണ്. പായൽ പൊതിഞ്ഞ പാറകൾ വെള്ളത്തിൽ ഓളം വെട്ടുന്നവിധം താരള്യമാർന്നവയാണ്. വൃക്ഷത്തലപ്പുകൾ ജലോപരിതലത്തിൽ ഓളം വെട്ടുന്ന ചലനങ്ങൾ സ്വാംശീകരിച്ചവയാണ്, ഒരു വൻ ജലാശയത്തിന്റെ അടിത്തട്ടാണ് ചുരുളി എന്ന് തോന്നിപ്പിക്കും വിധം. കാട് അതിന്റെ സൗന്ദര്യപ്രലോഭനത്താൽ ചുരുളിക്കാരെ മയക്കി നിറുത്തിയിരിക്കയാണ്. വന്യശബ്ദസംഗീതത്തിന്റെ അകമ്പടിയോടെ മന്ദം ചലിക്കുന്ന നീലകലർന്ന വെളിച്ചം പ്രവഹിപ്പിക്കുന്ന ആത്മാക്കളുടെ രാത്രികളാണ് അവിടെ. തക്കസമയത്ത് വാക്കത്തിയും കോടാലിയുമെടുക്കാൻ സ്വാതന്ത്ര്യമുള്ള സ്ത്രീകളുടെ വനസ്ഥലിയാണ് ചുരുളി. കൊലപാതകം നടത്തുന്നത് പുറത്തു നിന്നും വരുന്ന ഷാജീവൻ മാത്രമാണ്. കൊടും കുറ്റവാളിയെന്ന് പേരു കേട്ട മയിലാടുംകുറ്റി ജോയ് തളർവാതം പിടിച്ച് കിടപ്പിലായിപ്പോയ പാവമാണ്. ചുരുളിക്കാർക്ക് അവരുടെ നിയമങ്ങൾക്ക് കാടിന്റെ സൗമ്യസൗന്ദര്യം ഉണ്ടെന്ന് നിശ്ചയമുണ്ട്.    ആ വന്യതയാണ് അവരുടെ ഭാഷാപ്രയോഗങ്ങളെ നിയന്ത്രിക്കുന്നത്.

   

    മിത്തുകളെ ചോദ്യം ചെയ്യാതെ അവയെ സ്വാംശീകരിച്ച് അവയുടെ നിയമാവലികൾ പിന്തുടരാണാണ് ചുരുളിക്കാർക്ക് താൽപ്പര്യം. സ്വന്തം മനഃസാക്ഷിയെന്ന കൗശലക്കാരനായ പെരുമാടനെ മനസ്സിലാക്കിക്കഴിഞ്ഞാൽ എളുപ്പമാണ് കാര്യങ്ങൾ. പക്ഷേ സമയം എന്ന മഹാപ്രഭു സൃഷ്ടിയ്ക്കുന്ന മായാവലയങ്ങളിൽ നിന്ന് പുറത്തുകടക്കാൻ  എളുപ്പമല്ലെന്ന് അവർക്കറിയാം. ചുരുളാകൃതിയിലുള്ള ഗാലക്സികളിൽ സമയം ആപേക്ഷികം മാത്രമാണ്, ഐൻസ്റ്റൈൻ പറഞ്ഞു വച്ചിട്ടുണ്ട്.  ഈ ചാക്രികതയിൽ പെട്ട് ഇല്ലാത്ത റബർ തോട്ടത്തിൽ സാങ്കൽപ്പിക കുഴികൾ കുത്താൻ ഷാജീവന്മാരും ആന്റണികളും എത്തിക്കൊണ്ടിരിക്കും. ചുരുളി പഠിപ്പിച്ചുകൊടുക്കുന്ന ജീവിതപാഠങ്ങൾക്ക് ശേഷം ചിലർ സ്ഥലകാലബന്ധമില്ലാത്ത, മുഖത്ത് നിന്ന് നീലവെളിച്ചം പ്രസരിപ്പിക്കുന്ന, രാത്രിയിലെ വന്യതയിൽ ഇരുളിൽ നടക്കാനിറങ്ങുന്ന സൗമ്യ ആത്മാക്കളായിത്തീരും.