Monday, December 13, 2021

ചുരുളി-ശരി/തെറ്റുകളിലെ ചുഴിയിൽ ഷാജീവന്മാരുടെ ഇടം

 

 


 

  അർജ്ജുനൻ ചോദിച്ചു: ഹേ കൃഷ്ണാ, എന്നാൽ എന്തിനാൽ പ്രേരിതനായിട്ടാണ്, ഈ പുരുഷൻ പാപം ചെയ്യുവാൻ ഇച്ഛിയ്ക്കുന്നില്ലെങ്കിലും  ബലമായി നിയോഗിക്കപ്പെട്ടവനെപ്പോലെ പാപത്തെ ചെയ്യുന്നത്?

 കൃഷ്ണൻ പറഞ്ഞു:

 ധൂമേനാവ്രിയതേ വഹ്നിർ യഥാദർശോ മലേന ച

യഥോൽബേനാവൃതോ ഗർഭഃ തഥാ തേനേദമാവൃതം

എപ്രകാരമാണോ പുകയാൽ അഗ്നി ആവരണം ചെയ്യപ്പെടുന്നത്, അഴുക്കിനാൽ കണ്ണാടിയും, എപ്രകാരമാണോ ഗർഭാവരണത്താൽ ഗർഭം ആവൃതമായിരിക്കുന്നത്, അതേ പ്രകാരം അതിനാൽ ഇത് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു

                                                                       ---ഭഗവദ്ഗീത:കർമ്മകാണ്ഡം                                                       

 

   പാപത്താൽ മനുഷ്യൻ ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു എന്ന് മാത്രമേ ശ്രീകൃഷ്ണനു പറയാനുള്ളു. എന്തുകൊണ്ട് എന്ന ചോദ്യത്തിനു ഉത്തരമില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ഭഗവാൻ കൃഷ്ണനു ഉത്തരം മുട്ടുകയാണ്. മനുഷ്യസഹജമാണ് പാപം, സ്വതവേ കുറ്റവാളികളുടെ ലോകമാണിത്  എന്നത് അംഗീകരിയ്ക്കുക തന്നെ.

 

   *    *   *     *    *     *       *       *        *       *       *   *

    ഇന്ദ്രിയപരമായ അനുഭവങ്ങളികൂടി അതീന്ദ്രിയപരതയെ പ്രാപിക്കുക എന്നത് ലിജോ പെല്ലിശ്ശേരിയുടെ സിനിമകളിൽ ആവർത്തിച്ചു കാണുന്ന പ്രമേയമാണ്. താരകപുഞ്ജങ്ങളുടെ (galaxy) ചുഴിയിൽ അകപ്പെട്ട് ജനിമൃതികൾ വീണ്ടും വീണ്ടും ഭവിക്കുന്നവരുടെ  ലോകമാണ്  ചുരുളി എന്ന ഭ്രമാത്മകപ്രദേശത്ത് ദൃശ്യമാകുന്നത് . ഇവിടെ ശരി തെറ്റുകളും കുറ്റങ്ങളും ശിക്ഷാവിധികളും ആപേക്ഷികമാകുന്നതിൽ അദ്ഭുതമില്ല. കള്ളൻ പോലീസാകുന്നതും പോലീസ് കള്ളനാകുന്നതും അതതു ഇടത്തിന്റെ സ്വഭാവമനസുരിച്ച് മാറപ്പെടുന്നതും ഭ്രമാത്മകതയുടെ ഒരു പരിച്ഛേദം മാത്രമാകുന്നതും അദ്ഭുതമില്ലാത്ത കാര്യമാണ്. സാധാരണ മനുഷ്യനു ഒരു ചെറിയ തടിപ്പാലം കടന്നാൽ ഈ അക്കരെപ്രദേശത്ത് എത്താനുള്ളതേ ഉള്ളു. വ്യക്തികൾ ഇല്ലാതായി, തേടുന്നവനും തേടപ്പെട്ടവനും ഇരയും വേട്ടക്കാരനും മാത്രമായിപ്പോകുന്ന, പ്രത്യേകജീവനുകളിലേക്ക് ചുരുങ്ങുന്ന അവസ്ഥ. മരണത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ചുഴിയിൽ അകപ്പെട്ടവൻ ഏതു ഗാലക്സിയിലേയും പോലെ തമോഗർത്തങ്ങളിൽ നിപതിച്ച് പുനപി മരണം പുനരപി ജനനം എന്ന മാതിരി  പുതുജന്മവുമായി തിരിച്ചു വരുന്നത് മതദർശനങ്ങളിൽ സുലഭമാണു താനും. ആത്മനവീകരണവും അതുവഴി സഫലീകൃതമാകുന്ന  നിതാന്തതയും സ്വപ്നസദൃശമാകുന്നത് ഇ മ യൗ യിൽ ലിജോ പെല്ലിശ്ശേരി കൗതുകകരമായി ചിത്രീകരിച്ചിട്ടുണ്ട്. ആത്മീയതയുടെ അടിവേരുകൾ അഗാധതയിലൂടെ എങ്കിലും പാഞ്ഞുപോകുന്നുണ്ട് എന്ന് തീർപ്പ് കൽപ്പിക്കാൻ സംവിധായകനു താൽപ്പര്യവുമുണ്ട്. പ്രത്യയശാസ്ത്രങ്ങൾ ഇതിനിടെ തോറ്റു നിലം പതിച്ചേക്കാം, ജല്ലിക്കെട്ടിൽ ഇത്  വ്യക്തമാക്കിയിട്ടുമുണ്ട്. ചുരുളിയിലാകട്ടെ വളരെ സങ്കീർണ്ണമായ ആഖ്യാനം പലേ അടരുകളിൽ നിബന്ധിച്ച് ക്രൈം/സൈക്കോ ത്രില്ലറും സയൻസ് ഫിക്ഷനും പുരാവൃത്താഖ്യാനവും അങ്ങനെ പല ശൈലീവകഭേദങ്ങളും ഇണക്കിച്ചേർക്കുന്ന കൗശലമാണ് വെളിപ്പെടുത്തുന്നത്. പ്രകൃതിയുടെ മനോഹാരിതയിലാണ് കഥ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് നഗരങ്ങളിലേക്ക് പറിച്ചു നടപ്പെട്ട ആധുനിക സിനിമകൾക്ക് എതിരേ ധൈര്യപൂർവ്വം  നിൽക്കുന്നതാതാണെന്ന സവിശേഷത പേറുന്നതാണ്. മദ്ധ്യകാല യൂറോപ്യൻ മിത്തുകൾ വ്യതിരിക്തബോധമോ ഔചിത്യമോ സാംഗത്യമോ ഇല്ലാതെ മലയാളികുടുംബങ്ങളിൽ പ്രതിഷ്ഠിയ്ക്കുന്ന സിനിമകളിലെ വമ്പൻ അപഹാസ്യതയ്ക്ക്  ഏൽപ്പിക്കുന്ന പ്രഹരവുമാണ് ചുരുളി’.    

 

         മനുഷ്യരുടെ തനിമ വെളിവാക്കപ്പെടണമെങ്കിൽ അവരെ ഒരു സാങ്കൽപ്പിക ലോകത്ത് പ്രതിഷ്ടിച്ച് നിരീക്ഷിക്കുകയാണ് എളുപ്പം. അന്യഗ്രഹത്തിലോ സ്വപ്നസമാന മായികലോകത്തോ ഈ ഇടം പ്രതിഷ്ഠിക്കുക എന്നതാണ് പലേ നോവലുകളിലും സിനിമകളിലും ആവിഷ്ക്കരിക്കപ്പെടാറ്. ലിജോ പെല്ലിശ്ശേരിക്ക് കാട് തെരഞ്ഞെടുക്കുന്നതാണ് പ്രിയം. കാട്ടിലെ നിയമങ്ങൾ അതിജീവനത്തിന്റെ പ്രകൃതി നിയമങ്ങൾ മാത്രമാണ്, അതിൽ കാടത്തം തെല്ലുമില്ലെങ്കിലും മനുഷ്യകുലം അതിൽ നികൃഷ്ടതയും സംഹാരചോദനകളും നിറച്ച് സ്വന്തം സ്പീഷീസിനെ വകവരുത്തുന്ന സ്വഭാവം ആർജ്ജിച്ചെടുത്തിട്ടുണ്ട്. ഗോത്രസംസ്കാരത്തിൽ  വിഭവങ്ങൾക്ക് വേണ്ടിയുള്ള മൽസരത്തിൽ ഇത് അനിവാര്യമായിരുന്നിരിക്കാം എങ്കിലും ഇന്ന് അതിന്റെ സാംഗത്യം നഷ്ടപ്പെട്ടു, പക്ഷേ മനുഷ്യൻ അത് ആഹ്ലാദോപാധിയായി സ്വീകരിച്ചിരിക്കുകയാണ്. ആയുധങ്ങളാൽ മുറിവേൽപ്പിക്കൽ സാദ്ധ്യമല്ലെങ്കിൽ മുഴുത്ത തെറി തന്നെ ഉപയോഗിക്കണം. പാലത്തിനക്കരെ കടന്ന ആന്റണി ജീപ് ഡ്രൈവറുടെ പൊടുന്നനവേ ഉള്ള തെറി കേട്ട് സ്തബ്ധനാകുന്നത് ഇത് കീഴ്പ്പെടുത്തൽ യുദ്ധത്തിന്റെ തുടക്കം എന്ന അറിവു കൊണ്ടാണ്. ഇരുപതുകൊല്ലത്തെ സർവീസുള്ള പോലീസുകാരനെ തളർത്താൻ ഭാഷയിലുള്ള വ്യത്യാസം മാത്രം മതി.    തനിക്കു കിട്ടിയിട്ടൂള്ള ശിക്ഷ അന്യനിലേക്ക് പടർത്തണമെങ്കിൽ തെറി പറഞ്ഞാൽ മതി. മേലധികാരം ഉറപ്പിച്ചെടുക്കുകയാണ് ഇപ്രകാരം. ലൈംഗികാവയവങ്ങളുടെ പേരുകൾ, പ്രത്യേകിച്ചും സ്ത്രീകളുടെ, ഉറക്കെ വിളിച്ചു പറയുന്നതും നിർബ്ബാധം മദ്യം ഉപയോഗിക്കുന്നതും ആണുങ്ങളുടെ സ്ഥിരോൽസാഹമാണ്. ഒരുമിച്ചിരുന്ന് വാറ്റുചാരായം അകത്താക്കുന്നതും ഇതുപോലെ അത് ചെയ്യാത്തവനെ ഇകഴ്ത്താനുള്ള ഉപാധി തന്നെ. ആധിപത്യത്തിനും മേൽക്കോയ്മയ്ക്കും വേണ്ടി ചെയ്യുന്ന പ്രവർത്തികൾക്ക് സാധൂകരണം കിട്ടപ്പെടുകയാണ്. ചെയ്യുന്നയാൾക്ക് അത് ശരിയെന്നു തോന്നിക്കൊണ്ടു തന്നെ.

 

നാറികളുടെ ലോകം-കുറ്റം, നിയമം, നിയമപാലനം

 

        കുറ്റവാളികളുടെ മാത്രം ലോകത്ത് നിയമം എന്നത് ആപേക്ഷികമാണ്.  സമൂഹം കൃത്രിമത സൃഷ്ടിച്ച്  നിഷിദ്ധമാക്കിയതിനെ പുണർന്ന് പുൽകാനുള്ള ത്വര ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വൻ കുറ്റങ്ങൾ ചെയ്തവർക്ക് സ്വന്തം ഇടം നിയമപാലനനിഷ്ക്കർഷകളില്ലാതെ ലഭിയ്ക്കുക എന്നത് അവർക്ക് തുറസ്സു സൃഷ്ടിയ്ക്കുമ്പോൾ മനുഷ്യപെരുമാറ്റസ്വഭാവങ്ങളും സൈക്കോളജിയും പഠിച്ചെടുക്കാൻ അവസരമൊരുക്കപ്പെടുകയുമാണ്. വന്യത എന്നത് പുറമേയും അകമേയും ദൃശ്യപ്പെടുത്തിയാണ് സംവിധായകൻ ഇത് സാധിച്ചെടുത്തിരിക്കുന്നത്. ലോകം മുഴുവൻ നാറികളാ എന്ന് ആൻറ്റണി. നമുക്കാവശ്യമുള്ള നാറികളെ മാത്രം പിടിച്ചാൽ മതി എന്നും അയാൾ.

 

   ഭഗവദ് ഗീതയിൽ ഉറപ്പിച്ചെടുത്ത കുറ്റവാസന ഗോത്രസമൂഹത്തിന്റെ ബാക്കിപത്രമായിരിക്കണം. കുറ്റം ചെയ്യുന്നത് നന്മയ്ക്കു വേണ്ടിയാണ് (ആരുടെ എന്നത് ചോദ്യമാണ്) എന്ന് കുറ്റവാളിയ്ക്കു തോന്നും. കറുത്ത വർഗ്ഗക്കാരെ വെടിവച്ചു കൊല്ലുന്നത് പൊതുസമൂഹത്തിന്റെ  നൻമയെക്കരുതിയാണ്  എന്ന് വിശ്വസിക്കുന്നവർ അത് മറയില്ലാതെ വിളിച്ചു പറഞ്ഞിട്ടുണ്ട് അമേരിക്കയിൽ.  നീതിയെപ്പറ്റിയുള്ള വിശ്വാസങ്ങൾ പകവീട്ടലിന്റേതുമായി ഇടകലർന്ന് കെട്ടിമറിഞ്ഞിട്ടുള്ളതാണ്, അതുകൊണ്ട് നമ്മൾ ക്രൂരത കാട്ടുന്നത് മറ്റേയാൾ അത് അർഹിക്കുന്നു എന്ന വിശ്വാസത്തിന്റെ ഫലത്തിൽ സംഭവിക്കുന്നതാണ്.  അതിനെതിരെ നിയമങ്ങൾ കൊണ്ടു വന്നാൽ അത് ആപേക്ഷികമായി മാറാൻ സാദ്ധ്യതയുള്ളതാണ്. ഒരു ദേശത്തെ നിയമങ്ങളല്ല മനുഷ്യൻ മറ്റൊരു ദേശത്തിൽ അനുഷ്ഠിപ്പിക്കുന്നത്. അതുകൊണ്ട് കുറ്റകൃത്യങ്ങളും മാറപ്പടുകയാണ്. അപ്പോൾ നിയമപാലനവും വ്യത്യസ്തതയാർജ്ജിക്കുകയാണ്. കുറ്റംഎന്നതിന്റെ നിർവ്വചനം മാറുമ്പോൾ കുറ്റവാളി എന്നതിന്റെ നിർവ്വചനവും മാറപ്പെടുകയാണ്. നിയമപാലനം എന്നത് വൈവിദ്ധ്യമിയന്നതാകുന്നു. ചുരുളിയിൽ എത്തപ്പെട്ട ആന്റണിയും ഷാജീവനും ആദ്യം മനസ്സിലാക്കുന്നതും ഇതു തന്നെ. അവർ പോലീസുകാരാണെങ്കിലും അതിന്റെ നിർവ്വചനം മാറിപ്പോയതിനാൽ സംഘർഷാവസ്ഥയിലാണ്. നിയമപാലനത്തിന്റെ നിർവ്വചനത്തിരിമറിവ് ആരാണ് പോലീസ്, ആരുടെ നിയമങ്ങളാണ് അവർ പരിപാലിയ്ക്കേണ്ടത് എന്നത് ആപേക്ഷികമാക്കി മാറ്റുകയാണ്.  സ്വച്ഛന്ദം വിഹരിക്കേണ്ടുന്ന ഇടമാണ് ചുരുളി, സഭ്യത എന്ന വിലക്കില്ലാത്ത ലോകമായതിനാൽ  ഭാഷ അനുരൂപമായി മാറപ്പെടുന്നു. സമൂഹനിയമങ്ങൾക്കും സദാചാരസംഹിതകൾക്കും അപ്പുറത്തായവരുടെ ലോകത്ത്-അവരുടേത് മാത്രമായ ലോകത്ത്-  ഭാഷ എന്നതും നിയമങ്ങൾക്ക് അപ്പുറമായാണ് ഉറവിടുന്നത്. രണ്ട് ഭാര്യമാരെ ചവിട്ടിക്കൊന്ന കപ്പ മൂപ്പൻ അധീശനായ ലോകം.  കൊടും കുറ്റവാളികളുടെ ഇടയിൽ നിന്ന് ഒരേ ഒരു മയിലാടും കുറ്റി ജോയിയെ പിടിയ്ക്കുക എന്നത് അസാദ്ധ്യമാണെന്ന് സ്വത്വം നഷ്ടപ്പെട്ട ആന്റണിയും ഷാജീവനും എളുപ്പം മനസ്സിലാക്കുന്നുണ്ട്. പോലീസ് എന്നത് മറ്റൊരു ദേശത്തെ വിവക്ഷ മാത്രമായതുകൊണ്ട് അവർക്ക് പോലീസ്സ് തന്നെ ആയിരിക്കണമെന്ന് നിർബ്ബന്ധമില്ലാതായിരിക്കുന്നു. ആന്റണിയ്ക്ക് ചുരുളി അർമാദിക്കാനുള്ള ഇടമായി ആദ്യം തന്നെ അനുഭവപ്പെടുന്നുണ്ട്. പക്ഷേ അവരിൽ ഒരാളായി മാറാൻ ചില ആഭിചരപ്രക്രിയയിൽക്കൂടി കടന്നു പോകേണ്ടിയിരിക്കുന്നു അയാൾക്ക്.

 

  പല ജീവിതങ്ങളിൽക്കൂടി കടന്നുപോയവരുടെ മാസ്മരികലോകമാണ് ചുരുളി. പലരും പല പേരുകളിൽ അറിയപ്പെടുന്നതും അതുകൊണ്ട് തന്നെ. ഷാപ്പുകാരൻ ഫിലിപ്പോ അവറാനോ, തങ്കയുടെ ബന്ധു പയ്യൻ ഓമനക്കുട്ടനോ മണിയോ, ഷാജീവൻ തന്നെ ജോർജ്ജോ എന്ന് നിശ്ചയമില്ല. ചുരുളിയിലെ അതീന്ദ്രിയ പ്രതിഭാസങ്ങൾ സത്യമാണ് അവർക്ക്. രാത്രിയിൽ പായുന്ന തീഗോളങ്ങൾ തീച്ചാമുണ്ഡി ചേടത്തി വടക്കെ മലയിൽ നിന്ന് അനിയത്തിയ കാണാൻ തെക്കേ മലയിലേക്ക് പോകുന്നതാണ്. പുറം ലോകത്തേയ്ക്ക് ഒറ്റിക്കൊടുക്കുന്ന കപ്പക്കാരൻ മൂപ്പനെ ചുരുളി നിവാസികൾക്ക് പേടിയുമാണ്. ഷാജീവനു തന്റെ പൂർവ്വകാലവ്യക്തിത്വം പിടി കിട്ടുന്നത് സാവധാനമാണ്. ആകസ്മികമായി കന്നടഭാഷയിലുള്ള പാട്ടും സംഭാഷണങ്ങളും അയാളിൽ വന്ന് നിറയുന്നുണ്ട്. അയാൾ അകപ്പെട്ട ചുഴിയിൽ പണ്ടും റബറിനു കുഴികുത്താൻ വന്നിട്ടുണ്ട് അവിടെ എന്നത് കോടാലിയുമായി അമ്മച്ചി വന്ന് നീ കുഴി കുത്തുമോടാ എന്ന് ചോദിക്കുമ്പോൾ തെളിയുന്നുണ്ട്.  തങ്കയുടെ ആഭിചാരപ്രക്രിയയിൽ പണ്ടേ പങ്കുചേർന്നവനണവൻ. പോലീസായി വന്നാലും ചുരുളിയിലെ പുരാവൃത്തനിയമമ നുസരിച്ച്  തിരുമേനിയെപ്പോലെ എന്നും ചുറ്റിത്തിരിയേണ്ടവനാണ് അവനും.  പെരുമാടനെ പിടിയ്ക്കാൻ അതിനെ തേടുന്ന തിരുമേനിയ്ക്ക് പെരുമാടൻ തന്നെ പിടിച്ചു കഴിഞ്ഞു എന്ന് മനസ്സിലാകാതെ ഉഴറുന്ന പ്രദേശമാണ്. അവനവനിലെ ഹിംസേച്ഛയും നിഗ്രഹാഭിനിവേശവും ഉള്ളിൽ നിറഞ്ഞിരിക്കയാണെന്ന് അറിയാത്ത പാവം പോലീസുകാരനു കുറ്റവാളിയാകാൻ എളുപ്പം സാധിയ്ക്കുന്ന വാതാവരണം.  

 

      കപ്പ വിൽക്കുന്ന മൂപ്പന്റെ വീട്ടിനുള്ളിൽ മാസ്മരികലോകമാണ്. ചുരുളിക്കാരുടെ അധീശനുമാണ് മൂപ്പൻ. അവർക്ക് കിട്ടാത്ത രതിയുടെ ഉടമസ്ഥതയും അയാൾക്കുണ്ട്. മകൾ ഊക്കൻ ചരക്കാണെന്ന് നാട്ടുകാർക്കറിയാമെങ്കിലും അതൊരു സങ്കൽപ്പം പോലെ നില നിൽക്കുകയാണ്. ചുരുളിയിലെ അനിർവ്വചനീയമായ സമയത്തെ നിയന്ത്രിക്കുന്നതിൽ മൂപ്പനു ഒരു പങ്കുണ്ട്. ആയിരമായിരം പൽ ചക്രങ്ങൾ തിരിയുന്ന ഘടികാരവും  അതിനും പിന്നിൽ സമയം എന്ന ആപേക്ഷികത്യ്ക്ക് അപ്പുറം മാസ്മരിക ജീവികളുമുണ്ട്. ചുരുളിയുടെ യഥാർത്ഥ അധീശന്മാർ. ഉജ്ജ്വലനീലവെളിച്ചം പ്രസരിപ്പിക്കുന്ന അവർ കാലം എന്നതിനെ സൂചകങ്ങളുമാണ്. ചുരുളിയിലെ പലരും ആ അവസ്ഥാന്തരത്തിലേക്കുള്ള യാത്രയിലുമാണ്.  തങ്കയുടെ മന്ത്രവാദത്തിനിടെ ആന്റണി അത് സ്വാംശീകരിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ സ്ഥലകാലനിബന്ധനകൾക്കും അതീതരായുള്ള ഇവരുടേതാണ് ചുരുളിയിലെ ലോകം. കൂരാച്ചുണ്ടിൽ നിന്നും വരുന്ന പാവം പോലീസുകാർ അവരല്ലാതായിത്തീർന്ന്  ചുരുളിയിലെ ഭൂതവും ഭാവിയും ഇല്ലാത്തവരായി മാറുന്നത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടതാണ്.

 

 സമയം എന്ന പ്രഭു

 പലതവണ നമുക്ക് ജീവിതം തിരിച്ചു തരും , ദയാവാരിധിയാണ്, സമയപ്രഭു.  സഹൃദയനാണ് ഒരു തിരക്കുമില്ല. സംഹാരം മുഴുമിപ്പിക്കാൻ നാലും അഞ്ചും മണിക്കൂറെടുക്കും. ക്ഷമാമൂർത്തിയാണ്. ചുരുളിയിലെ മനുഷ്യരുടെ ജീവന്റെ കാര്യമാണ്

പലജീവിതങ്ങൾ. ഷാജീവനെ കുടകൻ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞു പോയ ജീവിത ആവൃത്തിയിൽ, ചുഴലിയുടെ ഒരു ചുഴറ്റലിൽ ഷാജീവൻ കുടകനെ കൊന്നിട്ടുണ്ട്, അല്ലെങ്കിൽ കൊല്ലാനുള്ള കാരണങ്ങൾ ഉണ്ടായിരുന്നു. ചുരുളിയിൽ ഇനിയും കുടകന്മാർ വരും, ഷാജീവന്മാർ വരും, ഉൽസവവേളയിൽ അടിമൽസരം നടന്നേയ്ക്കും, കുടകന്മാർ കൊല്ലപ്പെട്ടേയ്ക്കും. ചുരുളിയുടെ ആവരത്തനപരമ്പര അതേ പടി തുടരും. മയിലാടും കുറ്റി ജോയ് ഒരു വ്യക്തിയോ ഒരു വെറും കുറ്റവാളിയോ അല്ല, എന്നും നിലനിൽക്കുന്ന പ്രതിഭാസമാണ്. മൂപ്പന്റെ വീടിനുള്ളിൽ നിരന്തരചാക്രികതയുടെ പൊരുൾ ദർശിച്ച ഷാജീവനു ഇത് പിടികിട്ടുകയാണ്. അയാൾ തന്നെ ആയിരിക്കാം മയിലാടും കുറ്റി ജോയ് എന്ന് ഷാജീവനു തോന്നിക്കാണണം. പിന്നീട് ആന്റണിയോട് ഈ ജോയ് ഇവിടെ ഇല്ലെങ്കിലോ എന്ന് സംശയം പറയുന്നത് ഇക്കാര്യം സൂചിപ്പിക്കാനാണ്.   ജോയിയെ ഒരിടത്തും കൊണ്ടു പോകാൻ സാധിയ്ക്കുകയില്ല എന്ന തങ്കന്റെ ഭാര്യ കട്ടായം പറയുന്നത് ജോയ് ചുരുളിയുടെ കുറ്റവാസനാപ്രതീകം തന്നെ ആയതുകൊണ്ടാണ്. പരിണാമത്തിനു തുടച്ചുമാറ്റാനാവാതെ പോയ ക്രൗര്യനിബദ്ധത മനുഷ്യരൂപം ധരിയ്ക്കുമ്പോൾ വെടിയുണ്ട തലയിൽക്കൂടി കടന്നു പോയാലും ഒരു ചുക്കും സംഭവിക്കുകയില്ല. പൂർവ്വസ്മൃതി ഗോത്രസഹജമായ ക്രൂരത നിറഞ്ഞവരുടെ മാത്രം ലോകം തന്നെ ചുരുളി.   സാവധാനം കൺപോളകൾ അടയ്ക്കാനും തുറക്കാനും കഴിഞ്ഞാൽ സ്വന്തം ചരിത്രം സ്മൃതിയിൽ എത്തുകയായി. ആദ്യകുർബാനയ്ക്ക് ശേഷമുള്ള സദ്യാസമയത്ത് കോടാലി അമ്മച്ചി ഇങ്ങനെ കണ്ണടച്ച് കഴിഞ്ഞജീവിതത്തിൽ അവർ തമ്മിലുണ്ടായിരുന്ന പരിചയം സൂചിപ്പിക്കുന്നുണ്ട്. ഷാജീവനു താൻ ആരാണെന്ന് പിടി കിട്ടുന്ന വേള. ഈ ആദ്യകുർബാന ജോയിയെക്കുറിച്ചുള്ള അറിവുകൾക്ക് വഴിതെളിക്കുംഎന്ന് സൂചിപ്പിച്ചത് സാർത്ഥകമാകുന്ന വേള. കൽപ്പറ്റ നാരായണന്റെ സമയപ്രഭുഎന്ന കവിതയുടെ ഇംഗ് ളീഷ് പരിഭാഷയോടെ ആണ് സിനിമ തുടങ്ങുന്നത്. ഉൽക്കടമായ ഹിംസ നടപ്പാക്കുന്ന സൗമ്യമൂർത്തിയാണ് സമയം, ക്ഷമാമൂർത്തിയാണ്, സാവധാനമാണ് കൊലപാതകം, ദയാവാരിധിയാണ്, പലതവണ ജീവിതം തിരിച്ചുതരും. ഹിംസയുടെ ആവർത്തനത്തിനു വേണ്ടി സമയം തെരഞ്ഞെടുത്തിട്ടുള്ള ഇടമാണ് ചുരുളി. കപ്പമൂപ്പന്റെ വീടിനകം സമയപ്രഭുവിന്റെ ഒരു ചെറിയ താവളം മാത്രം.

 

ആത്മീയത എന്ന മൈ‌___

  പാപികൾക്കാണ് ആത്മസുധാരണം അത്യാവശ്യമായി വരുന്നത്. പാപത്തിന്റേ ഓരോ ചുഴിയിൽപ്പെട്ട് തിരിച്ച് ഭ്രമണം ചെയ്യുന്നത് പാപവിമോചനത്തിലൂടെയാണ്. അടുത്തപാപം ചെയ്യാനുള്ള മാനസികോർജ്ജം ഇപ്രകാരമാണ് ചുരുളി നിവാസികൾക്ക് ലഭിയ്ക്കുന്ന്ത്. കള്ളുഷാപ്പ് ഒരു രാത്രികൊണ്ട് പള്ളിയാക്കി മാറ്റാൻ അവർക്ക് എളുപ്പം സാധിയ്ക്കുന്നു. കേരളത്തിലെ കുടിയേറ്റ മേഖലകളിലെ സ്ഥിരം കാഴ്ച്ചയാണ് വെടിയിറച്ചി തിന്നും പെണ്ണുപിടിച്ചും കള്ളുകുടിച്ചും നടക്കുന്നവർ പൊടുന്നനവേ പള്ളി പണിത് പ്രാർത്ഥനാനിരതരാകുന്നത്. അതുകൊണ്ട് ചുരുളിയിലെ ഈ കള്ളുഷാപ്പ് രൂപാന്തരീകരണം അത്ര പ്രതീകാത്മകമൊന്നുമല്ല. സംവിധായകനു മലയാളിയുടെ ഈ പ്രവൃത്തി അവതരിപ്പിക്കുന്നതിൽ കൗതുകമുണ്ട് എന്ന് കരുതാനുള്ളതേ ഉള്ളു. പക്ഷേ ചുരുളി ഒരു മൃതാത്മ പാപമോചനസ്ഥലം (purgatory) ആണെന്നുള്ളതാണ് സൂചന. ആത്യന്തികമായ പരിത്രാണ (final redemption) ത്തിന്റെ ഇടം. പശുവിനെ ഭോഗിച്ചവനും കൂട്ടബലാൽസംഗം ചെയ്തവനും പാപബോധമില്ലാതെ ജീവിതം പല തവണ ആവർത്തിക്കാൻ വാതാവരണം ഒരുക്കുകയാണ് ചുരുളി. ആന്റണിയെ ഒരു initiation ceremony യിലേക്ക് നയിക്കാൻ ഷാജീവൻ തന്നെ ഒരുക്കുന്നുണ്ട് ഒരു രാത്രിവേട്ട എന്ന കപടനാടകം. മുഖത്ത് നീലവെളിച്ചമുള്ള ആത്മാക്കൾ സൂചന നൽകുമ്പോഴാണ് ഷാജീവൻ വെടി വയ്ക്കുന്നതും ആന്റണിയുടെ നടുവ് ഉളുക്കുന്നതും. ഒരു ശവഘോഷയാത്ര പോലെയാണ് ആന്റണിയെ തങ്കയുടെ ആഭിചാരകേന്ദ്രത്തിൽ എത്തിയ്ക്കുന്നത്. കല്യാണം കഴിക്കാത്ത, പെണ്ണുങ്ങൾ മാത്രം ഉള്ളിടത്ത് പോകാൻ മടിയുള്ള ആന്റണിയുടെ initiation രതിസുഖസാരമായ്ത്തന്നെയാണ് നടപ്പാകുന്നത്. സ്വന്തം ചരിത്രവും ഭൂതവും ഭാവിയും അവിടെ തങ്കയ്ക്ക് സമർപ്പിക്കപ്പെട്ട് ചുരുളിയിലെ വരുംകാല ആത്മാവ് ആയി ആന്റണി മാറുന്നുണ്ട്, നിതാന്തമായ ചുഴിയിലേക്ക് പ്രവേശിക്കുന്നുമുണ്ട്.  ഷാജീവൻ പണ്ടേ അവിടെ എത്തിയിട്ടുണ്ടെന്ന് അയാൾക്കും തങ്കയ്ക്കും അറിയാം.  ഓമനക്കുട്ടനു ഇനിയും ഇനിയും പീഡനം ഏൽക്കേണ്ടിയിരിക്കുന്നു. ബൈബിൾ പ്രോക്തമായ കാലുകൾ ശുദ്ധീകരണം അവൻ നടത്തുന്നത് തീയിൽ വച്ചിട്ടാണ്.  ബൈബിൾ പുതിയ നിയമത്തിൽ കാൽ കഴുകൽ ആണ് പാപമോചനത്തിനുള്ള ഒരു വഴി. സോദം-ഗൊമേറ ഇടങ്ങളിൽ fire and brimstone  ആണ് വർഷിക്കപ്പെട്ടത്. ഓമനക്കുട്ടൻ ഇതിൽ പെട്ടു പോയവനാണ്, അഗ്നിപരീക്ഷ ആവശ്യം. പിറ്റെ ദിവസം തന്നെ മണി ആയി മാറേണ്ടുന്നു  അവൻ ആത്മനവീകരണത്തിലൂടെ. ഷാപ്പുകാരന്റെ ഭാര്യയ്ക്ക് രാത്രിയിൽ ബൈബിൾ വായനയുണ്ട്. അവർ വായിയ്ക്കുന്നത് കുഞ്ഞാടിന്റെ രക്തം കൊണ്ട് അലക്കി വെളുപ്പിച്ച വസ്ത്രവുമായ് എന്ന ഭാഗമാണെന്നുള്ളത് സംവിധായകന്റെ  കൗശലം വെളിവാക്കുന്നു. തങ്കന്റെ ഭാര്യ ബൈബിൾ വായിച്ച് അധികം കഴിയാതെയാണ് മുട്ടൻ തെറിവാക്ക് ഉപയോഗിക്കുന്നത്. പാപത്തിന്റെ മറുവശമല്ല ആത്മീയത, അതോടൊപ്പം ചേരുന്നതാണെന്ന് വ്യംഗ്യം.

 

  സുന്ദരവനം എന്ന വൈപരീത്യം

            അകൃത്രിമദ്യുതിരനവദ്യേയമായ കാടാണ് നിഷ്ഠൂരചരിത്രം പേറുന്ന മനുഷ്യരുടെ പശ്ചാത്തലം എന്നത് തികച്ചും ഐറണി തന്നെയാണ്. ജല്ലിക്കെട്ടിൽ കാടിന്റെ മനോഹാരിത സംഗതമാക്കുന്നില്ല എങ്കിൽ ഇവിടെ അത് പ്രാമുഖ്യം നേടുക തന്നെ ചെയ്യുണ്ട്. മധു നീലകണ്ഠൻ അതിസുന്ദര ഫ്രെയ്മുകൾ ചമച്ചിട്ടുണ്ട്. വനാന്തരം മുഴുവൻ ദ്രവരൂപമാർന്നതാണ്. പായൽ പൊതിഞ്ഞ പാറകൾ വെള്ളത്തിൽ ഓളം വെട്ടുന്നവിധം താരള്യമാർന്നവയാണ്. വൃക്ഷത്തലപ്പുകൾ ജലോപരിതലത്തിൽ ഓളം വെട്ടുന്ന ചലനങ്ങൾ സ്വാംശീകരിച്ചവയാണ്, ഒരു വൻ ജലാശയത്തിന്റെ അടിത്തട്ടാണ് ചുരുളി എന്ന് തോന്നിപ്പിക്കും വിധം. കാട് അതിന്റെ സൗന്ദര്യപ്രലോഭനത്താൽ ചുരുളിക്കാരെ മയക്കി നിറുത്തിയിരിക്കയാണ്. വന്യശബ്ദസംഗീതത്തിന്റെ അകമ്പടിയോടെ മന്ദം ചലിക്കുന്ന നീലകലർന്ന വെളിച്ചം പ്രവഹിപ്പിക്കുന്ന ആത്മാക്കളുടെ രാത്രികളാണ് അവിടെ. തക്കസമയത്ത് വാക്കത്തിയും കോടാലിയുമെടുക്കാൻ സ്വാതന്ത്ര്യമുള്ള സ്ത്രീകളുടെ വനസ്ഥലിയാണ് ചുരുളി. കൊലപാതകം നടത്തുന്നത് പുറത്തു നിന്നും വരുന്ന ഷാജീവൻ മാത്രമാണ്. കൊടും കുറ്റവാളിയെന്ന് പേരു കേട്ട മയിലാടുംകുറ്റി ജോയ് തളർവാതം പിടിച്ച് കിടപ്പിലായിപ്പോയ പാവമാണ്. ചുരുളിക്കാർക്ക് അവരുടെ നിയമങ്ങൾക്ക് കാടിന്റെ സൗമ്യസൗന്ദര്യം ഉണ്ടെന്ന് നിശ്ചയമുണ്ട്.    ആ വന്യതയാണ് അവരുടെ ഭാഷാപ്രയോഗങ്ങളെ നിയന്ത്രിക്കുന്നത്.

   

    മിത്തുകളെ ചോദ്യം ചെയ്യാതെ അവയെ സ്വാംശീകരിച്ച് അവയുടെ നിയമാവലികൾ പിന്തുടരാണാണ് ചുരുളിക്കാർക്ക് താൽപ്പര്യം. സ്വന്തം മനഃസാക്ഷിയെന്ന കൗശലക്കാരനായ പെരുമാടനെ മനസ്സിലാക്കിക്കഴിഞ്ഞാൽ എളുപ്പമാണ് കാര്യങ്ങൾ. പക്ഷേ സമയം എന്ന മഹാപ്രഭു സൃഷ്ടിയ്ക്കുന്ന മായാവലയങ്ങളിൽ നിന്ന് പുറത്തുകടക്കാൻ  എളുപ്പമല്ലെന്ന് അവർക്കറിയാം. ചുരുളാകൃതിയിലുള്ള ഗാലക്സികളിൽ സമയം ആപേക്ഷികം മാത്രമാണ്, ഐൻസ്റ്റൈൻ പറഞ്ഞു വച്ചിട്ടുണ്ട്.  ഈ ചാക്രികതയിൽ പെട്ട് ഇല്ലാത്ത റബർ തോട്ടത്തിൽ സാങ്കൽപ്പിക കുഴികൾ കുത്താൻ ഷാജീവന്മാരും ആന്റണികളും എത്തിക്കൊണ്ടിരിക്കും. ചുരുളി പഠിപ്പിച്ചുകൊടുക്കുന്ന ജീവിതപാഠങ്ങൾക്ക് ശേഷം ചിലർ സ്ഥലകാലബന്ധമില്ലാത്ത, മുഖത്ത് നിന്ന് നീലവെളിച്ചം പ്രസരിപ്പിക്കുന്ന, രാത്രിയിലെ വന്യതയിൽ ഇരുളിൽ നടക്കാനിറങ്ങുന്ന സൗമ്യ ആത്മാക്കളായിത്തീരും.

 

2 comments:

Sush said...

വളരെ ലളിതമായ ഒരു ആശയം അനാവശ്യമായ ആർഭാടങ്ങൾ ചേർത്ത് കാണികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമം എന്നാണ് തോന്നിയത്

Unknown said...

👍👍