Wednesday, November 9, 2022

കോവിഡ്-19 വൈറസും ഭൂമിശാസ്ത്രവും

       ഭൂമിശാസ്ത്രമാണ് ഇന്ന് കോവിഡ് 19 വൈറസിന്റെ പകർച്ചയെപ്പറ്റിയുള്ള പഠനങ്ങളിലും വാർത്തകളിലും പരാമർശിക്കപ്പെടുന്നത്. നമ്മൾ അറിയാതെ അറിയുന്നു ഇത്. ദിവസവും ഇതുമായൈ ബന്ധപ്പെട്ട  ഒരു ഭൂപടമെങ്കിലും നോക്കുന്നവരാണ് നമ്മൾ. കൊറോണ ബാധിച്ച ഒരു കുടുംബം മറുരാജ്യത്തു നിന്ന് റാന്നിയിൽ എത്തപ്പെട്ട് കഴിഞ്ഞ് അവർ സഞ്ചരിച്ചതും താമസിച്ചതുമായ ഇടങ്ങൾ രേഖപ്പെടുത്തിയ ഭൂപടം പത്രത്തിൽ കണ്ടത് മറന്നിട്ടില്ല നമ്മൾ. വൈറസിന്റെ പടർന്നുകയറ്റവും മരണങ്ങളുടെ തോതും എല്ലാം ഇടങ്ങളുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ വിവക്ഷിക്കുന്നത്. ഭൂമിശാസ്ത്രം ഇതാ പകവീട്ടലുമായി തിരിച്ചെത്തിയിരിക്കുന്നു ഈ മഹാമാരിക്കാലത്ത്എന്ന് പ്രശസ്ത എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ ഡേവിഡ് വോൾമാൻ.  ഇന്ന് കോവിഡ് 19 വൈറസ് വ്യാപനവും പരിണതിയും ഒരു ഭൂമിശാസ്ത്രലെൻസിലൂടെ നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിച്ചിരിക്കയാണ്.  ജെ മാർഷൽ ഷെഫേർഡ് ഫോർബ്സ് മാഗസീനിൽ എഴുതിയത് കോവിഡ്-19 വൈറസ് വ്യാപനത്തോട് ഏറ്റുമുട്ടുന്നതിൽ എന്തുകൊണ്ട് ഭൂമിശാസ്തം ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന തലക്കെട്ടിലാണ്. ഇന്ന് വ്യാപനത്തെസ്സംബന്ധിച്ചും വൈറസിന്റെ മ്യൂടേഷനെ സംബന്ധിച്ചും അറിയാൻ ആദ്യം നോക്കുന്നത് ഒരു ഭൂപടമാണ്.ജൈവഭൗതിക (biophysical) മായതിനേയും വിവിധവും ചഞ്ചലവുമായ മനുഷ്യപ്രകൃതിയേയും കൂട്ടി യോജിപ്പിച്ച് അവ  തമ്മിലുള്ള പരസ്പരപ്രവർത്തനം നിരീക്ഷിക്കാൻ വഴിയൊരുക്കുന്നത് ഭൂമിശാസ്ത്രത്തിന്റെ സാദ്ധയതകളിലൊന്നാണെന്ന് തെളിഞ്ഞ കാലം. പരിസ്ഥിതിയും സമൂഹവും എന്ന ദ്വന്ദാത്മകതയുടെ സങ്കീർണ്ണ സത്യത്തെ മനസ്സിലാക്കുന്നത് ഭൂമിശാസ്ത്രത്തിന്റെ സാദ്ധ്യതകളിൽപ്പെട്ടതാണ്. 

    ഭൂപടങ്ങളിൽ ഭൂമി പരന്നതായിട്ടാണ് ചിത്രീകരിക്കാറ്. എന്നാൽ ഒരു ഗ്ലോബ് ഭൂമിയുടെ ഉരുണ്ട ആകൃതി സ്വാംശീകരിച്ചതാണ്. പക്ഷേ ലോകത്തെ ആകെ ചിത്രീകരിക്കണമെങ്കിൽ, ഭൂഖണ്ഡങ്ങളേയോ ഭൂപ്രകൃതിയേയോ താരതമ്യം ചെയ്യണമെങ്കിൽ ഭൂമിയെ ഒരു പരന്ന പ്രതലസ്വഭാവി ആയിട്ടു കണക്കാക്കേണ്ടത് ആവശ്യമായി വരുന്നു. വിമാനങ്ങളുടെ സഞ്ചാരപഥങ്ങൾ സൂചിപ്പിക്കണെംങ്കിൽ പരന്ന ഒരു ചിത്രം ആവശ്യമായി വരും എന്നത് ഒരു ഉദാഹരണം. ആഗോളവൽക്കരണം കൂടുതൽ ഭൂമിയെ പരത്തിയെടുത്തിരിക്കയാണ്. സ്ഥിവിവരക്കണക്കുകൾ, കച്ചവട മാർഗ്ഗങ്ങൾ, സാമ്പത്തികസ്ഥിതികൾ, വിനിമയങ്ങളൊക്കെ പരന്നഭൂമി എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കുകയാണ്. ആഗോളവൽക്കരണം നിർമ്മിച്ചെടുക്കുന്നത് ഒരു പരന്ന പ്രതലത്തെ ആണെങ്കിലും അത് അസമവും നിംനോന്നതവും ആണ്. ഭൂമിശാസ്തരത്തിന്റെ ഘടനാപരവും പ്രദർശനാത്മകവും ആയ അടിസ്ഥാനങ്ങൾ എങ്ങനെ വിനിയോഗിക്കപ്പെടേണ്ടതാണെന്ന് വിദിതമാവുകയാണിവിടെ.

   സാങ്കേതികതയുടെ പുരോഗമനം ഭൂമിയെ ഒരു പരന്ന ഇടം ആക്കി മാറ്റിയിരിക്കയാണ് എന്നതാണ് സത്യം. മനുഷ്യരുടെയോ ജീവികളുടേയോ സസ്യങ്ങളുടേയോ മൈക്രോബുകളുടേയോ വ്യാപനം പണ്ട് ഭൗമോപരിതലത്തിന്റെ ഘടന അനുസരിച്ച് ക്രമവൽക്കരിക്കപ്പെട്ടിരുന്നു. ജലാശയങ്ങളും പർവ്വതങ്ങളും മരുഭൂമികളും ഐസുനിറഞ്ഞ പ്രദേശങ്ങളും വ്യാപനത്തിനു വിഘാതമായിട്ടിരുന്നിട്ടുണ്ട്. യാത്രയോ വൻ ദേശാന്തരഗമനമോ വിമാനങ്ങളാൽ സാദ്ധ്യമായതോടേ മനുഷ്യരോടൊപ്പം ജീവികൾക്കോ സസ്യങ്ങൾക്കോ വ്യാപനം ചെയ്യാമെന്നായി. ഭൂമിശാസ്ത്രം ഇവിടെ മറ്റൊരു മാനം കൈക്കൊള്ളുകയാണ്. 

      ഭൂമിശാസ്ത്രസംബന്ധിയായ വിചിന്തങ്ങൾ ഏറെ സംഗതമായത് ഈയിടെ സ്വീഡനിലെ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തിയാണ്. ഇത് ഭരണകൂടത്തിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ടും ഇരിയ്ക്കുന്നു. സ്വീഡനിൽ ഹേർഡ് ഇമ്മ്യ്യൂണിറ്റി’ (ഒരു സമൂഹത്തിൽ 70% ആളുകൾ പ്രതിരോധശക്തി ആർജ്ജിച്ചാൽ മറ്റുള്ളവർക്ക് സുരക്ഷ ലഭിയ്ക്കുന്ന പ്രതിഭാസം) പ്രാവർത്തികമാക്കാൻ ഭരണകൂടമെടുത്ത ചില തീരുമാനങ്ങൾ രാജ്യത്ത് കൂടുതൽ കോവിഡ്-19 പകരാൻ ഇടയാക്കി, കാര്യങ്ങൾ കൈവിട്ടു പോയി. സ്വീഡനിലെ മരണനിരക്ക് താരതമ്യപ്പെടുത്തിയത് ചുറ്റിനുമുള്ള മറ്റുരാജ്യങ്ങളുമായാണ്. ഭൂമിശാസ്ത്രത്തിന്റെ വിനിയോഗത്തിന്റെ ഉദാഹരണം കൃത്യതയാർജ്ജിക്കുന്നു. 

     സാമൂഹ്യശാസ്ത്രത്തേയും പ്രകൃതിശാസ്ത്രത്തേയും ബന്ധിപ്പിക്കുന്നതാണ് ഭൂമിശാസ്ത്രം. അതിൽ പ്രധാനം രണ്ടെണ്ണമാണ്: മാനുഷിക ഭൂമിശാസ്ത്ര ( human geography) യും ഭൗതിക ഭൂമിശാസ്ത്ര (physical geography). മാനുഷിക ഭൂമിശാസ്ത്രം മനുഷ്യന്റെ സ്ഥലസംബന്ധിയായ അസ്തിത്വത്തെ രേഖപ്പെടുത്തുന്നു എങ്കിൽ ഭൗതിക ഭൂമിശാസ്ത്രം സ്ഥലരേഖകളുടെ ആകെത്തുകയാണ്. ജീവജാലങ്ങളെ എല്ലാം രേഖപ്പെടുത്തുന്ന Biological geography ഉണ്ടെന്നുള്ളത് മറക്കുന്നില്ല. മറ്റ് പലേ ഭൂമിശാസ്ത്രങ്ങളേയും ഇന്നത്തെ മഹാമാരിയുടെ പശ്ചാത്തലത്തിൽ കണക്കിലെടുക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. മാനുഷിക ഭൂമിശാസ്ത്രപണ്ഡിതർ തേടുന്നത് ഭൗമോപരിതലം മനുഷ്യർ എങ്ങനെ അർത്ഥകൽപ്പനചെയ്യുന്നു, അനുഭവഭേദ്യമാക്കുന്നു, ഉപയോഗിയ്ക്കുന്നു, മാറ്റത്തിനു ഉപയുക്തമാക്കുന്നു  എന്നതൊക്കെയാണ്. ഇതിലെ വിഷയങ്ങളിൽ ദേശാന്തരഗമനപ്രതിമാനങ്ങൾ, പോപുലേഷൻ, പരിസ്ഥിതിയുടെ രാഷ്ട്രീയത, പാരിസ്ഥിതികനൈതികത, നഗരവൽക്കരണം ഒക്കെ ഉൾപ്പെടുന്നു. വൈറസ് വ്യാപനത്തെ ബാധിയ്ക്കുന്നവയാണ് ഇവയൊക്കെ എന്നതാണ് പ്രധാനം. 

   ഭൗതികഭൂമിശാസ്ത്രം ഭൂപ്രകൃതിയും സ്വാഭാവികഭൂനിർമ്മിതികളും മണ്ണ്, സസ്യങ്ങൾ ജലം എന്നിവയും സംബന്ധിച്ച പഠനങ്ങളിൽ വ്യാപരിക്കുന്നു. പല ഉപകരണങ്ങളും തന്ത്രങ്ങളും ഇവയെല്ലാം സൂക്ഷ്മനിരീക്ഷ്ണം ചെയ്യാനും പഠിയ്ക്കാനും ഉപയോഗിക്കപ്പെടുന്നു. ഈ സാങ്കേതികത ഇന്ന് ലോകത്തിന്റെ സങ്കീർണ്ണത മനസ്സിലാക്കിയെടുക്കാൻ സഹായിക്കുകയാണ്. അതിലൊന്നാണ് Geographic Information Systems (GIS). ദൂരെ നിന്നുള്ള സെൻസിങ്  (Remote Sensing),  ആഗോള സ്ഥാനനിർണ്ണയവ്യവസ്ഥ (Global Positioning Systems)(GPS), ഗൂഗിൾ എർത് പോലത്ത ഭൂപടസർവ്വേ സാദ്ധ്യതകൾ ഒക്കെ ഇതിൽപ്പെടുന്നതാണ്. ഇന്ന് വൈറസ് വ്യാപനത്തിന്റെ സൂക്ഷ്മവശങ്ങളെക്കുറിച്ച് പഠിയ്ക്കാനും വിവരങ്ങൾ സമാഹരിച്ച് ഉചിത നടപടികൾ എടുക്കാനും ഈ സാമഗ്രികളും സംവിധാനങ്ങളും വളരെ ഉപയോഗിക്കപ്പെട്ടു വരുന്നുണ്ട്. പല രാജ്യങ്ങൾ തമ്മിലും രാജ്യങ്ങൾക്കുള്ളിലെ പ്രദേശങ്ങൾ തമ്മിലും വൈറസ് വ്യാപനത്തിന്റെ വ്യത്യാസങ്ങൾ- രാഷ്ട്രീയമോ,സാമ്പത്തികമോ സാമൂഹിക-സാംസ്കാരിക പരിമാണങ്ങളെപ്പറ്റിയുള്ളതോ ആകട്ടെ- ഭൂമിശാസ്ത്രപരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 

  ചുരുങ്ങുന്ന ഗ്ലോബ്

 ദൂരം എന്നത് സമയവുമായാണ് നമ്മൾ ബന്ധിപ്പിക്കാറ്. അങ്ങനെയാകുമ്പോൾ അത് ആപേക്ഷികമാവുകയാണ്. സഞ്ചാരവേഗത ചുരുക്കിയത് ദൂരത്തെ ആണ്. ദൂരം എന്നതിന്റെ മാനങ്ങൾ മാറിയിരിക്കുന്നു. സമയം-ഇടം എന്നത് ഞെരുക്കിച്ചുരുക്കിയിരിക്കുന്നു.  1800 കളിൽ കുതിരവണ്ടികളോ കാളവണ്ടികളോ മാത്രം ഉപയോഗിക്കപ്പെട്ടിരുന്നപ്പോൾ മണിക്കൂറിൽ പത്തു മൈലിൽക്കൂടുതൽ ദൂരം താണ്ടിയിരുന്നില്ല. പിന്നീട്  1850 ഇനു ശേഷം വന്ന ആവിയന്ത്ര ട്രെയിനുകൾ 65 മൈലുകൾ മണിക്കൂറിൽ എന്ന നിലയിലായി.1950 കളിൽ പ്രൊപ്പല്ലർ വിമാനങ്ങൾ 300-400 മൈലുകൾ മണിക്കൂറിൽ താണ്ടിയിരുന്നു എങ്കിൽ 1960 കളിൽ ജെറ്റ് വിമാനങ്ങൾ 500-700 മൈലുകളാണ് ഇതേ സമയത്ത് സാധിച്ചെടുത്തത്. 1990 കഴിഞ്ഞപ്പോൾ  സൈബർ വഴി അതേ സമയം വിവരങ്ങൾ (ഫോൺ വഴി അല്ലാതെ) കൈമാറ്റം ചെയ്യപ്പെടുന്നതായും വന്നു.  സമയം-ഇടം ചുരുക്കൽ വ്യക്തമാക്കാൻ ഭൂമിയുടെ ആപേക്ഷിക വലിപ്പം ദ്യോതിപ്പിക്കുക എന്നതായി പോം വഴി. ഇത് വ്യക്തമാക്കുന്നു  ചിത്രം 1 ഇൽ. പണ്ട് ഭൂമിയെ ഒരു തവണ വലം വെയ്ക്കാൻ വർഷങ്ങൾ എടുത്തിരുന്നെങ്കിൽ ഇന്ന് ഏതാനും മണിക്കൂറുകൾ മാത്രം മതിയാകും. ഇങ്ങനെ ദൂരം എന്നത് ചുരുങ്ങിയതായിട്ടൂള്ള പ്രത്യക്ഷമാണ് ഭൂമിശാസ്ത്രത്തെ പഴയ ഭൂപടവിവരങ്ങളിൽ നിന്ന് മാറ്റി പുതുക്കിയെടുത്തത്,  ദൈനന്ദിനജീവിതവുമായി ബന്ധപ്പെടുന്ന കാര്യങ്ങളെ മറ്റൊരു ആവിഷ്ക്കാരത്താൽ വ്യക്തമാക്കാൻ ഉപയോഗിക്കപ്പെടുന്നത്. 

    ഇടവുമായുള്ള നമ്മുടെ ബന്ധം പുനർനിർവ്വചിക്കപ്പെടുകയാണ് ഭൂമിശാസ്ത്രത്തിന്റെ ഈ നവപ്രക്ഷേപം കൊണ്ട്.  ഭൗമസ്ഥലി (geospatial) യുമായി ബന്ധപ്പെട്ടാണ് മനുഷ്യരുടെ വ്യാപനവും സമ്പർക്കങ്ങളും പാരസ്പര്യം ഉളവാക്കിയെടുക്കുന്നത് എന്നത് ഈ മഹാമാരിയുടെ കാലത്ത് വളരെ സംഗതമാകുകയാണ്.  സമയവും ഇടവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന വ്യത്യാസങ്ങൾ മേൽപ്പറഞ്ഞവയെ ബാധിയ്ക്കുകയാണ്.  രാഷ്ട്രീയപരമായ, സാമ്പത്തികമായ, ധനതത്വശാസ്ത്രസംബന്ധിയായ, സാമൂഹ്യ, സാംസ്കാരികമായ, ജനസംഖ്യാപരമായ (demographic) മാനങ്ങൾ ആർജ്ജിക്കുകയാണ് ഭൂമിശാസ്ത്ര പഠനങ്ങൾ ഇന്ന്.   പകർച്ചവ്യാധികളുടെ വ്യാപനം ഇന്ന് എന്നത്തേക്കായിലുമധികം ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.  വൈറസിന്റെ അസമമായ വിതരണം രാജ്യാന്തരമായും രാജ്യങ്ങൾക്കുള്ളിലായും കാണപ്പെടുന്നത്  അന്തർലീനമായ ഭൂമിശാസ്ത്രപരമായ ചോദ്യങ്ങൾ ഉണർത്തുന്നു.

     വിമാനയാത്രകൾ ലോകം ചുരുക്കിയത് പരന്ന ലോകം എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. വിമാനയാനവഴികൾ അടയാളപ്പെടുത്തുന്നത് ലോകം പരന്നതാണ് എന്ന രീതിയിലാണ്.  ലോകത്താകമാനം എന്ന രീതിയിൽ വ്യക്തമാക്കുന്നത് ലോകം പരന്ന് ഒരു ദീർഘചതുരത്തിലൊതുങ്ങുന്ന ഇടമായിട്ടാണ്. (ചിത്രം 2)   ദൂരം മരിച്ചോ എന്നൊരു ചോദ്യവും ചോദിക്കപ്പെടുന്നുണ്ട്, ഇടങ്ങൾ തമ്മിലുള്ള ദൂരങ്ങൾ സമയം അനുസരിച്ച് ചുരുങ്ങിപ്പോയതിനാൽ.  ഈ ചോദ്യത്തിന്റെ ഉത്തരം ഭൂമിശാസ്ത്രത്തെ  ഇല്ലാതാക്കുന്നു എന്ന് വാദിക്കുന്നവരുണ്ട്. ലോകം അതിരുകളില്ലാത്തതായിത്തീർന്നു എന്നത് വിമാനങ്ങളും സാറ്റലൈറ്റുകളും ഡ്രോണുകളും മുകളിൽ നിന്നുള്ള കാഴ്ച്ചകളാൽ ഭ്രമാത്മകമായി നമുക്ക് കാണിച്ച് തരുന്നുണ്ട്.  ചില ഭാഗങ്ങൾ ചുരുങ്ങുന്നു...ചിലഭാഗങ്ങൾ വികസിക്കുന്നു. സാങ്കേതികതയുടെ നൂതനാവിഷ്ക്കാരങ്ങൾ എല്ലായിടത്തും ഒരുപോലെ എത്തുന്നില്ല. അതുകൊണ്ട് ലോകം പരന്നതാണെന്ന് പ്രഖ്യാപിക്കുന്നതിൽ അപാകതയുണ്ട്.   ഈ പരന്ന, നിശ്ചിത വലിപ്പം പ്രഖ്യാപിക്കുന്ന ഭൂഖണ്ഡങ്ങളോ രാജ്യങ്ങളോ അവയുടെ മാനുഷികമായ അടിസ്ഥാനങ്ങൾ ഉൾക്കൊള്ളിച്ച് അടയാളപ്പെടുത്തുകയാണെങ്കിൽ ആകെ മാറുന്ന ഒന്നാണ്.  മൊത്തദേശീയവരവ് (gross national income) ഓരോ രാജ്യത്തിന്റേതും അനുപാതരീതിയിൽ വരയ്ക്കുകയാണെങ്കിൽ  ഭൂപടം  മറ്റൊന്നാകുകയാണ്. (ചിത്രം 3). ഭൗതികമാനം കൈവിട്ട് ചിലരാജ്യങ്ങൾ തീഎ ചുരുങ്ങുന്നു, ചില രാജ്യങ്ങൾ വലുതാകുന്നു.  ഭൂമിയുടെ ചിത്രം എന്ന ധാരണ എത്ര ആപേക്ഷികമാണെന്ന് തെളിയിക്കുകയാണ് ഇത്തരം ആവിഷ്ക്കാരങ്ങൾ.

 

 സമയം-ഇടം മാറുന്നത് :മൻഹാട്ടൻ ഉദാഹരണം

          ഭൂപടം നിർമ്മിക്കുന്നത് സമയം എന്ന ഘടകത്തെ മാറ്റിനിർത്തിക്കൊണ്ടാണ്. മേൽ വിവരിച്ച പ്രകാരം ദൂരം (distance) എന്നത് ഭൗമോപരിതലത്തിലുള്ള കൃത്യമായ  ദൈർഘ്യം (length) മാത്രമാണ്. പക്ഷേ രണ്ട് ഇടങ്ങൾ തമ്മിലുള്ള ദൂരം അവ തമ്മിൽ യാത്ര ചെയ്ത് എത്താനുള്ള സമയവുമായി ബന്ധിപ്പിക്കുമ്പോൾ ഈ ദൂരത്തിന്റെ  മാനത്തിൽ വ്യത്യാസങ്ങൾ വരികയാണ്. ന്യൂയോർക്കിലെ മാൻഹാട്ടനിൽ രണ്ട് ഇടങ്ങൾ തമ്മിലുള്ള യഥാർത്ഥ ദൂരവും ഇവിടെ എത്താനുള്ള സമയവും ബന്ധിപ്പിച്ചാൽ ഭൂപടം എങ്ങനെ മാറപ്പെടും എന്നത് ചിത്രം 4 ഇൽ കാണാം. മാൻഹാട്ടന്റെ തെക്ക്ഭാഗത്ത് രണ്ട് ഇടങ്ങൾക്കിടയിൽ യാത്രചെയത് എത്താനുള്ള സമയം കൂടുതൽ എടുക്കുമെങ്കിൽ വടക്ക് ഭാഗത്ത് കുറഞ്ഞ സ്മയമേ എടുക്കൂ. അവിടെ രണ്ട് ഇടങ്ങൾ തമ്മിലുള്ള ദൂരം ചുരുങ്ങുകയാണ്,  അതുകൊണ്ട് ആ ഭാഗത്തെ ഭൂപടചിത്രം മാറുകയാണ്. ആ ഇടത്തിന്റെ ആകൃതി തന്നെ മാറിപ്പോവുകയാണ് സമയവുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ.  ഒരു പകർച്ചവ്യാധിയുടെ വ്യാപനത്തെക്കുറിച്ച് വിവരങ്ങൾ വ്യക്തമാക്കാൻ ഇത്തരം ഭൂപടങ്ങളാണ് സഹായകമാകുന്നത്. മാൻഹാട്ടന്റെ തെക്ക്ഭാഗത്തും വടക്ക് ഭാഗത്തും ഒരു പകർച്ചവ്യാധി രണ്ടു തരത്തിലായിരിക്കും പടരുന്നത്. ഇത് വ്യാധിയെ നേരിടുന്നതിനുവേണ്ടിയുള്ള പ്രായോഗിക അറിവുകൾ സമ്മാനിക്കുകയാണ്. 

സമയം-ഇടം പെരുമാറ്റം

      ദൂരം കൂടുന്നതൻസിരുച്ച് നിർദ്ദിഷ്ട ഇടത്ത് എത്താനുള്ള സമയവും കൂടുകയാണ്. എന്നു വച്ചാൽ ദൂരം കൂടുന്നതനുസരിച്ച് നീക്കം കുറയുകയാണ്. .  ഇത് ഒരു പരസ്പരം ഉരസലാണ്  ദൂരത്തിന്റെ ഉരസൽ ‘ (friction of distance) എന്നറിയപ്പെടുന്നു ഇത്.  ഭൂപ്രകൃതിയെ അനുസരിച്ച് ഇതിന്റെ പരിമാണങ്ങൾ മാറുന്നതാണ്.  പരന്നപ്രദേശങ്ങളിൽ യാത്ര എളുപ്പമാണ്. അതുകൊണ്ട് ഉരസൽ കുറവ്. കുന്നും കുഴിയും മലയും ജലാശയങ്ങളും ഉരസൽ കൂട്ടുന്നു. മനുഷ്യന്റെ ആവാസവ്യവസ്ഥ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യഭൂദൃശ്യം ( Human landscape) ഇവിടെ പ്രധാനമാണ്.  കോവിഡ്-19 ബാധ പകരുന്നതിൽ ദൂരത്തിന്റെ ഉരസൽ എത്രമാത്രം സംഗതമാണെന്ന് പഠിക്കപ്പെട്ടുവരുന്നുണ്ട് ഈയിടെയായി.   

     കോവിഡ് ബാധ എവിടെയെല്ലാം ഉണ്ട് എന്നത് അറിയിക്കുക മാത്രമല്ല എന്തുകൊണ്ട് അവിടെ എല്ലാം എന്നത് വിശകലനം ചെയ്യപ്പെടുകയാണ് ഭൂപടങ്ങൾ. എവിടെയെല്ലാം ആൾക്കൂട്ടങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് അടയാളപ്പെടുത്താനും വൈറസ് ബാധ ഉണ്ടായേക്കാം എന്ന് പ്രവചിക്കാനും ഭൂപടത്തിൽ നിന്നുള്ള വിവരങ്ങൾ സഹായിച്ച്ക്കാം. അണുബാധയുള്ളവർ ആ കൊട്ടത്തിലുണ്ടാവാൻ സാദ്ധ്യതയുണ്ടോ എന്നത് അറിഞ്ഞാൽ കൂടുതൽ പ്രവചങ്ങളും സാദ്ധ്യമാകും. അവരുടെ പെരുമാറ്റങ്ങളും നിരീക്ഷിക്കപ്പെടേണ്ടതാണ്. ഇവിടെ പെരുമാറ്റ ഭൂപടം (Behavior geography) സംഗതമാകുകയാണ്. അതോടൊപ്പം ആരോഗ്യ ഭൂമിശാസ്ത്രവും (Health geography). ആൾക്കാരുടെ സഞ്ചാരങ്ങളും യാത്രകളും ഇതോട് അനുബന്ധിക്കപ്പെടുമ്പോൾ സമയവും ഇടവും തമ്മിൽ ബന്ധിതമാകുകയാണ്. കേരളത്തിൽ ആദ്യകാലത്ത് എത്തിയ ഒരു കൊറോണബാധിത കുടുംബത്തിന്റെ സഞ്ചാരങ്ങൾ സമയവുമായി ബന്ധിക്കപ്പെട്ടത് നമ്മൾ നേരിട്ട് അറിഞ്ഞതാണ്. ഒരു നിശ്ചിത സ്ഥലത്ത് അണുബാധിതർ എത്തി എന്നറിയുമ്പോൾ അതേ സ്ഥലത്ത് അതേ സമയത്ത് ആരൊക്കെ ഉണ്ടായിരുന്നു എന്ന് അറിയുക എന്നത് ഇപ്രകാരം സമയം-ഇടം എന്നിവയെ ബന്ധിപ്പിക്കുകയാണ്. ഇവിടെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ, എത്തപ്പെടാനുള്ള എളുപ്പമോ പ്രയാസങ്ങളോ, ഗതാഗതസൗകര്യങ്ങൾ ഒക്കെ കണക്കിലെടുക്കേണ്ടി വരികയാണ്. ഭൂമിശാസ്ത്രവുമായി നേരിട്ട് ബന്ധിപ്പിക്കലാണീത്. ഗതാഗതനവീകരണത്തിന്റെ പരിണതിയായി ചില സ്ഥലങ്ങൽ തമ്മിൽ കൂടുതൽ ദൂരമുണ്ടെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ എത്തപ്പെടാൻ ഇടയാകും. ഇത് വൈറസ് പകർച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കും എന്നത് അനുമാനിക്കാവുന്നതാണ്.

 

ആരോഗ്യവും മെഡിക്കൽ ജിയോഗ്രാഫിയും 

  മഹാമാരിയുടെ പകർച്ചയുടെ കൃത്യമായ ഗതികൾ ആഗോളപരമായി മനസ്സിലാക്കാനും സ്വാധീനങ്ങളെക്കുറിച്ച് പഠിച്ചെടുക്കാനും ഭൂപടങ്ങൾ തന്നെയാണ് സഹായം. സ്പാനിഷ് ഫ്ലു 1920 കളിൽ പടർന്നതിന്റെ വിശദാംശങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു അന്നത്തെ ഭൂപടം. മഹാമാരികൾ ഏതൊക്കെ രീതികളിൽ പടരുന്നു എന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തൽ ആണിത്. Medical geography എന്നൊരു ശാഖതന്നെ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. സ്ഥലനിബന്ധിതമായ പ്രശ്നങ്ങൾ (spatial issues) ആണ് ഇന്ന് കോവിഡ് ബാധയെ നേരിടൂമ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ആശയങ്ങൾ, ഉപായവ്യവസ്ഥകൾ, പാരിമാണികമായ സാങ്കേതികപദ്ധതികൾ ഇവയുടെ ഒക്കെ പ്രയോഗക്ഷമത ആവശ്യമായി വരുന്നു സ്ഥലസംബന്ധിയായി ഉളവാകുന്ന പ്രശ്നങ്ങളെ വൈദ്യശാസ്ത്രപരമായി നേരിടുമ്പോൾ. ചികിൽസയുടെ വിവിധവഴികൾ പ്രാദേശികമായതും അതതു ഇടങ്ങളിലെ സാംസ്കാരികാടിസ്ഥനവുമായി ബന്ധപ്പെട്ടതാണ്, പകർച്ചയുടെ സാദ്ധ്യതകളും. അതുകൊണ്ട് ഇടവുമായി ബന്ധപ്പെടുത്തിയേ വ്യാധിയെ നേരിടാനാവൂ. 

        കോവിഡ് വൈറസിനെക്കുറിച്ച് ഇന്നും പരിമിതമായ അറിവുകളേ ഉള്ളൂ. ഇടങ്ങളുമായി ബന്ധപ്പെടുത്തിയ ഭൂപടങ്ങൾ ആണ് ഇന്നും വൈറസിന്റെ ഉദ്ഭവവും തുടർച്ചയും സൂചിപ്പിക്കനുതകുന്നത്. വൈദ്യശാസ്ത്രസംബന്ധിയായി വീക്ഷിക്കുമ്പോൾ വ്യത്യസ്ത ജനതയിൽ, വിവിധ ജനിതകഘടനകളുള്ള സമൂഹങ്ങളിൽ രോഗം പകരുന്നതിന്റേയും രോഗമൂർച്ഛയുടെ തീവ്രതയെക്കുറിച്ചും പഠിക്കണമെങ്കിൽ ഇടം-സമയം എന്നീ ആധാരങ്ങളിൽ ബലമേറ്റി മാത്രം സാധിച്ചെടുക്കേണ്ടിയിരിക്കുന്നു. നിശ്ചിത ഇടങ്ങളിൽ ആവശ്യമായി വരുന്ന ചികിൽസാസമ്പ്രദായങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിയ്ക്കുന്നതും ഇത്തരം പഠനങ്ങളിൽ നിന്നാണ്. ആഫ്രിക്കൻ പ്രദേശങ്ങളിൽ കോവിഡ് ബാധ ഗുരുതരമല്ലാത്തതും ബോംബെയിലെ ചേരികളിൽ പകർച്ചയുടെ തോതിൽ ഗണ്യമായ കുറവ് നിരീക്ഷിക്കപ്പെട്ടതും മെഡിക്കൽ ജിയോഗ്രഫിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടേണ്ടവയാണ്.   

സാമൂഹിക ഭൂമിശാസ്ത്രം (സോഷ്യൽ ജിയോഗ്രഫി)-പല ഭൂപടങ്ങൾ 

  ഒരു പകർച്ചവ്യാധിയെ സംബന്ധിച്ച് ഒരോ ഇടത്തിന്റേയും സമൂഹചരിത്രവും പൊതുപെരുമാറ്റവ്യവസ്ഥകളും  അറിഞ്ഞിരിക്കേണ്ടതുണ്ട്. രോഗവ്യാപനം, അതിനോടുള്ള സമീപനം ഇവയൊക്കെ സമൂഹകാഴ്ച്ചപ്പാടുമായി ബന്ധപ്പെട്ടതുമാണ്.  രോഗാപായ സാദ്ധ്യതകൾ എത്രമാത്രം ആ സമൂഹത്തിൽ ഉണ്ടെന്നുള്ളത് പഠിച്ചുറപ്പിക്കേണ്ടതാണ്. ഇത് ഒരോ ഇടങ്ങളിലും വ്യത്യസ്ഥമായതിനാൽ പ്രാദേശികമായിത്തന്നെയാണ് കണക്കിലെടുക്കേണ്ടത്. അതേപോലെ തന്നെ രോഗത്തിനോ പകർച്ചയ്ക്കോ വശംവദരാകുന്ന സമൂഹമാണോ, അതിനു വഴിവയ്ക്കുന്ന കാരണങ്ങൾ ആ ഇടത്തിൽ സംഭാവ്യമാണോ അല്ലെങ്കിൽ സ്ഥിരം കാണപ്പെടുന്നതാണോ എന്നുള്ളതും കണക്കിലെടുക്കേണ്ടതാണ്. മാത്രമല്ല, അപകടസാദ്ധ്യതാ സൂചകങ്ങൾ (risk factor index) വിശദമാക്കുന്ന ഭൂപടങ്ങൾൾ ആവശ്യമാണ് എവിടെയൊക്കെ സാമൂഹിക അകലം പാലിയ്ക്കേണ്ടി വരുമെന്നുള്ള അറിവ് പ്രദാനം ചെയ്യാൻ. തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെ ജീവിത സാഹചര്യങ്ങൾ, ജലവിതരണം/ സാനിറ്റേഷൻ സഹായവ്യവസ്ഥകൾ, പൊതുജനാരോഗ്യസേവനാശ്രയരീതികൾ, വിനിമയസാമഗ്രികളുടെ ലഭ്യത, പൊതുഗതാഗതസംവിധാനത്തെ ആശ്രയിക്കൽ ഇവയൊക്കെ ഉൾക്കൊള്ളിയ്ക്കുന്ന ഭൂപടങ്ങൾ അത്യാവശ്യമായി വരുന്നു. മറ്റൊന്ന് കോവിഡ് ബാധ തീവ്രമായി പരക്കുന്ന വേളയിൽ വശംവദത്വം  തീക്ഷ്ണമാക്കുന്ന ഘടകങ്ങൾ പ്രദർശിപ്പിക്കുന്നതും വിപുലമായ രീതിയിൽ ക്വാറന്റൈൻ ആവശ്യമായി വരുന്നതും സൂചിപ്പിക്കുന്നതായിരിക്കണം. കോവിഡ് പകർച്ച പാവപ്പെട്ടവരുടെ സമൂഹങ്ങളെ എങ്ങനെ ബാധിയ്ക്കുന്നു എന്നറിയാൻ അതതു സമൂഹങ്ങളുടെ ഇടങ്ങൾ മറ്റ് ഇടങ്ങളുമായി താരതമ്യം ചെയ്യേണ്ടത് ആവശ്യമായി വരുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ ലഭ്യത, അവരുടെ കഴിവും യോഗ്യതകളും, ആരോഗ്യസംരക്ഷണകേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ, അവിടെ എത്താനുള്ള എളുപ്പമോ വിഷമതകളൊ ഇവയെല്ലാം വ്യക്തമാക്കപ്പെടുന്ന ഭൂപടങ്ങൾ താരതമ്യപഠനങ്ങൾക്ക് അത്യന്താപേക്ഷികം തന്നെ. പ്രായമായവർ കൂടുതൽ വസിയ്ക്കുന്ന ഇടങ്ങൾ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. അവർക്ക് സഹായം എത്തിച്ചുകൊടുക്കേണ്ട വഴികളും.  കോവിഡ് രോഗികളെ പരിചരിയ്ക്കുന്ന ഡോക്റ്റർമാർ, നേഴ്സുമാർ ഇവരുടെ വിവരങ്ങൾ നിജപ്പെടുത്തുന്ന ഭൂപടങ്ങളും ഇവിടെ സംഗതമാണ്. 

സാമ്പത്തികഭൂമിശാസ്ത്രം

   കോവിഡ്-19 വ്യാപനം പലപ്പോഴും നിശ്ചിത ഇടത്തിന്റെ സാമ്പത്തികസൗകര്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സാമ്പത്തികപ്രവർത്തനങ്ങളുടെ കൂട്ടങ്ങൾ  (clusters of economic activity)ഇടങ്ങളുടെ സമൂഹ്യപെരുമാറ്റങ്ങളെ ബാധിയ്ക്കുക്യോ സ്വാദ്ഗഹീനിക്കുകയോ ചെയ്യുന്നതിനാൽ രോഗങ്ങൾ പകരുന്നതിൽ ഇത് പ്രതിബിംബിക്കുന്നതാണ. ഉത്പാദനവും വിതരണവും സാമ്പത്തികാാടിത്തറയുമായി ബന്ധപ്പെട്ട് ഇരിയ്ക്കുന്നു. ജനസാന്ദ്രതയും. വ്യാധികളുടെ പകർച്ച ജനസാന്ദ്രത അനുസരിച്ചാണ്. ആഗോളപരമായ കൊടുക്കൽ വാങ്ങലുകൾ അതതുരാജ്യങ്ങളുടെ സാമ്പത്തികാനുസരിച്ച് നിലകൊള്ളുന്നതുകൊണ്ട് ആളുകളുടെ സമ്പർക്കവും

 

 അതനുസരിച്ച് ക്രമീകരിക്കപ്പെടും. വൻപൻ നഗരങ്ങളാണ് ഇതിൽ പങ്കുചേരുന്നത്, അവയുടെ ആഗോള നിലവാരമുള്ള സാമ്പത്തിക അടിസ്ഥനമാണ് ആളുകളുടെ പോക്കുവരവിനു ആധാരം എന്നതുകൊണ്ട് കോവ്വിഡ് അസുഖം ഇത്തരം വൻ നഗരങ്ങളിൽ ക്രമാതീതമായി പടർന്ന് പിടിച്ചിട്ടുണ്ട്.  ലോക് ഡൗൺ വ്യതിചലനങ്ങൾ ഉണ്ടാക്കിയ ഒരു മേഖലയാണ് റീടെയിൽ വിൽപ്പന. ഓൺലൈൻ വ്യവഹരങ്ങൾ വളരെയേറെ കുതിച്ചു കയറിയ കാലം കൺസ്യൂമർ വ്യതിയാനങ്ങൾ സൃഷ്ടിയ്ക്കുകയും അത് സമൂഹപെരുമാറ്റത്തെ ബാധിയ്ക്കുകയും ചെയ്തിട്ടുണ്ട്.

 

 രാഷ്ട്രീയഭൂപടങ്ങൾ,ജിയോപൊളിറ്റിക്സ് 

രാഷ്ട്രീയ ഭൂപടം=രോഗവ്യാപ്തി ഭൂപടം എന്ന സമവാക്യം പ്രായോഗികമാകുന്നത് ചില രാജ്യങ്ങളിലെങ്കിലും കാണപ്പെടുന്നു എന്നത് ആകുലോദ്ഗമനകാരി തന്നെ.  മാസ്ക് ധരിക്കുന്നതും അകലം പാലിയ്ക്കുന്നതും നിയമങ്ങളായി കൈക്കൊള്ളാൻ ആഹ്വാനം ചെയ്യുന്നതിനു പകരം രാഷ്ട്രീയവൽക്കരിച്ച് കൂടുതൽ തീവ്രമായ പകർച്ചയിലേക്ക് രാജ്യത്തെ നയ്ച്ചത് അമേരിക്കൻ പ്രസിഡെന്റിന്റെ ചില ജൽപ്പനങ്ങളാണ്. റിപബ്ലിക്കൻ പാർടിയിൽ പെട്ടവരെ രോഗം പകരുന്നതിനെ തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കാൻ ആവുന്നതും പ്രോൽസാഹിപ്പിച്ചതിനാൽ ആ പാർടിയ്ക്ക് മുന്തൂക്കമുള്ള സംസ്ഥനങ്ങളിൽ ഏറ്റവും കൂടുതൽ പകർച്ചയും മരണങ്ങളും സംഭവിച്ചു എന്നത് സത്യമാണ്. (ചിത്രം 6 നോക്കുക). ഇവിടെ രാഷ്ട്രീയ ഭൂപടവും പകർച്ചവ്യാധിയുടെ ഭൂപടവും ഒന്നിനുമേൽ ഒന്നായി സൂപർഇമ്പോസ് ചെയ്യാമെന്ന നില വന്നിരിക്കയാണ്. ജീവശാസ്ത്രസംബന്ധിയായ ഗതിവിഗതികളെ ഭരണകൂടത്തിന്റെ ചായ്വുകൾ സ്വാധീനിക്കുന്നു എന്നത് വിചിത്രമായി തോന്നാവുന്നതുതന്നെ.

   അതിർത്തികൾ നിർമ്മിക്കുന്നത് ഭരണകൂടം തന്നെയാണ്. ഇൻഡ്യയിൽ സംസ്ഥനങ്ങളുടെ അതിർത്തികൾ ഭരണാധികാരികളുടെ തർക്കങ്ങളിലൂടെ നിർണ്ണയിക്കുന്നത് നമ്മൾക്ക് പരിചയമുള്ളതാണ്. സംസ്ഥാനങ്ങൾ രാഷ്ട്രീയ ഭൂപടങ്ങളുമാകുകയാണിവിടെ. കൊറോണ ബാധ ഒഴിവാക്കാൻ  കേരളത്തിന്റെ വടക്കെ അതിർത്തി മണ്ണിട്ടും വേലി കെട്ടിയും അടച്ചത് കർണാടക ഗവണ്മെന്റിന്റെ ഒത്താശയോടെ ആണ്. രോഗവ്യാപനം തടയാൻ ഒരു രാജ്യത്തിലെ തന്നെ ദേശങ്ങൾ ഭൗതികതടസ്സങ്ങൾ ( physical barriers) നിർമ്മിക്കുന്നത് ഭൂമിശാസ്ത്രത്തിന്റെ കടന്നുകയറ്റം പോലെ വീക്ഷിക്കപ്പെടാവുന്നതാണ്. ന്യൂയോർക്കിൽ കോവിഡ് ബാധ നിയന്ത്രണാതീതമായപ്പോൾ ആ ദേശവാസികളെ അടുപ്പിക്കാതിരിയ്ക്കാൻ ചുറ്റുമുള്ള സംസ്ഥാനങ്ങൾ ശ്രമിച്ചിരുന്നു എന്ന് വാർത്ത വന്നിരുന്നു. കാറിന്റെ ലൈസൻസ് പ്ലെ യ്റ്റ്  നോക്കി ന്യൂ യോർക്ക് രെജിസ്ട്രേഷനാണോ എന്ന് തീർച്ചയാക്കി ആ  കാറുകളെ ഒഴിവാക്കാൻ അടുത്തുള്ള സംസ്ഥാനങ്ങൾ ശ്രമിച്ചിരുന്നത്രേ. ഭൂമിശാസ്ത്രരാഷ്ട്രീയം (Geopolitics) എന്നൊരു പുതിയ സംജ്ഞയും പഠനമേഖലയും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. 

ഭൂമിശാസ്ത്രവും സാംക്രമികരോഗപഠനങ്ങളും

          ഇടങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുതന്നെ സാർസ് വൈറസിന്റെ വ്യാപനത്തെക്കുറിച്ച് പഠനങ്ങൾ നടന്നിട്ടുണ്ട്. 2019 ഇൽ വവ്വാലിലെ സാർസ് വൈറസും അത് വ്യാപിക്കുന്ന ഇടങ്ങളും എങ്ങിനെ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നും ഭൂമിശാസ്ത്രഘടനയ്ക്ക് ഇതിൽ എന്ത് പങ്കുണ്ട് എന്ന് അന്വേഷി ക്കപ്പെട്ടിരുന്നു. സാർസ് വൈറസിന്റെ പരിണാമങ്ങളും ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതേ വൈറസ് രൂപംമാറി ഒട്ടകങ്ങളിൽ കടന്നു കൂടിയതും അത് പ്രാദേശികമായി മാറിയതും മിഡിൽ ഈസ്റ്റേൺ ഭാഗത്താണിത് വ്യാപകമായത് സുവിദിതമാണ്. ഈ വൈറസിന്റെ പേരു തന്നെ ആ പ്രദേശത്തെ സൂചിപ്പിക്കുന്നതാണ്:  മിഡിൽ ഈസ്റ്റേൺ റെസ്പിരറ്റോറി സിൻഡ്രോം വൈറസ് (MERS). ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയും (മരുഭൂമി) അതിനോട് യോജിച്ച് ഇണങ്ങിപ്പോവാൻ സാധിയ്ക്കുന്ന ജീവിയും (ഒട്ടകം) വൈറസ് പകർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.   

 കോവിഡ്-19 വൈറസ് ബാധയെക്കുറിച്ച് അറിവുകൾ കിട്ടിത്തുടങ്ങി വരുന്നതേ ഉള്ളൂ.ഭൗതികമായ ഭൂമിശാസ്ത്രം (physical geography) എങ്ങനെയാണ് വൈറസ് പകരുന്നതിനെ ബാധിയ്ക്കുന്നത് എന്നത് ഇപ്പോൾത്തന്നെ വിദിതമാണ്. രാജ്യാന്തരമായി പകരുന്നതിൽ എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു വീടുകളിലോ വൃദ്ധസദനങ്ങളിലോ ഉള്ള പകർച്ചകൾ എന്നതിനു വിവരക്കണക്കുകൾ ലഭ്യമായി വരുന്നുണ്ട്. കാലാവസ്ഥ, ഭൂമിപ്രതലസവിശേഷതകൾ ഒക്കെ വൈറസ് ബാധയെ ബാധിയ്ക്കുമെന്ന്  ഇപ്പോൾ നമുക്ക് അറിയാമെങ്കിലും കോവിഡ് വൈറസിന്റെ വ്യാപനത്തിൽ ഇവയുടെ സ്വാധീനം പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതിയുടെ അടയാളങ്ങൾ ഭൂമിശാസ്ത്രമാണ് ഉദ്ബോധിപ്പിക്കുന്നത്. വന്യ ജന്തുക്കളെ ആഹാരമാക്കൽ ചൈന നിരോധിയ്ക്കുന്നു.  ഇത് പരിസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തുകയും ഭൂപ്രകൃതി തദനുസാരിയായി മാറിത്തുടങ്ങുകയും ചെയ്യും. വനനശീകരണവും വൈറസ് വ്യാപനവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് കണക്കിലെടുക്കേണ്ട കാലം കഴിഞ്ഞു. വനങ്ങൾ നശിയ്ക്കുമ്പോൾ എലികൾ പോലത്തെ rodents ന്റെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ട്. ഈ ജീവികളിൽ പലവയും വൈറസുകളെ പേറുന്നവയാണ്. 

  ചലിയ്ക്കുന്ന ഭൂപടങ്ങൾ

 ഇന്ന് ഭൂപടങ്ങളുടെ ആവിഷ്ക്കാരങ്ങൾ തന്നെ മാറിയിട്ടുണ്ട്, ഒരു വൃത്തത്തിനുള്ളിൽ ഭൂഖണ്ഡങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന വിധം ആധുനികമാണ്. സമയബന്ധിതമായ ഒരു കാര്യത്തെ ദ്യോതിപ്പിക്കാൻ ഇത് എളുപ്പമാക്കുകയാണ്. കൊറോണ വൈറസിന്റെ മ്യൂടേഷൻ തുടക്കം മുതൽ എങ്ങനെ മാറിയിട്ടുണ്ടെന്നും വ്യാപനം എങ്ങനെ വ്യത്യസ്തമായി തുടർന്നു എന്നും ആവിഷക്കരിച്ചിരിക്കുന്നത്  ചിത്രം 7 ൽ കാണാം. അർദ്ധവ്യാസരേഖയിൽ സമയം അടയാളപ്പെടുത്തിയിട്ടുണ്ട്.  നിറവ്യത്യാസങ്ങൾ പലേ രാജ്യങ്ങളെ സൂചിപ്പിക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനവും മ്യൂടേഷനും തമ്മിലുള്ള ബന്ധം ഒറ്റനോട്ടത്തിൽ വെളിവാകുകയാണിവിടെ. ഇതു തന്നെ ചലനാത്മകമായി പ്രദർശിപ്പിക്കപ്പെടുന്ന ഭൂപടങ്ങളുമുണ്ട്. നാടകീയമായി, ലോകം ആകമാനം ഉൾക്കൊള്ളിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുത്തുന്ന, time lapse ചിത്രങ്ങളും അദ്ഭുതാവഹമായ രീതിയിലാണ് വൈറസ് വ്യാപനവും ബാധിച്ചവരുടെ ഏറ്റക്കുറച്ചിലും അടയാളപ്പെടുത്തുന്നത്. (ചിത്രം 8).  ഈ ലിങ്കിൽ ഈ മനോഹര ചലച്ചിത്രം കാണാവുന്നതാണ്.   https://nextstrain.org/ncov/global    വിട്ടുവിട്ടുള്ള ചിത്രങ്ങൾ സാദ്ധ്യമാക്കുന്നത് സമയബന്ധിതമായി, പടിപടിയായി വൈറസ് പടരുന്നതും ഓരോ ഇടങ്ങളിലും വൈറസ് ബാധ തീവ്രമാകുന്നതും വൃത്തങ്ങൾ പ്രത്യക്ഷപ്പെടുത്തിയും അവയുടെ വ്യാസം വർദ്ധിപ്പിച്ചോ ചെറുതാക്കിയോ  ദൃശ്യപ്പെടുത്തിയും ലോകജനതയും വൈറസും ഭൂപടവും തമ്മിലുള്ള ബന്ധങ്ങളാണ്.  ഇതേ ചിത്രസഞ്ചികയുടെ മുകളിലത്തെ ദൃശ്യാവിഷ്ക്കരണത്തിൽ പലരീതിയിൽ മ്യൂടേറ്റ് ചെയ്ത വൈറസുകളെയും അവയുടെ വളർച്ചയും വ്യാപനവും പലേ രാജ്യങ്ങളിലേക്ക് ശാഖോപശാഖകളായി പടർന്നു കയറുന്നതും ഒരു വൃക്ഷത്തിന്റെ വളർച്ച എന്ന പോലെയാണ് ദ്യോതിപ്പിക്കപ്പെടുന്നു. ഭൂമിശാസ്ത്രവും ജെനെറ്റിക്സുമായി ഇപ്രകാരം ബന്ധപ്പെടുത്തുന്നത് തികച്ചും നൂതനമാണ്. 

       ഇന്ന് കമ്പ്യ്യൂടർ  സിസ്റ്റങ്ങൾ ഭൂമിശാസ്ത്രത്തിന്റെ സൂക്ഷ്മവിവരങ്ങൾ സ്വരൂക്കൂട്ടിയെടുത്ത് പുതിയ നിഗമനങ്ങൾക്ക് വഴിയൊരുക്കുന്നു. ഭൂമിശാസ്ത്രവിവരവ്യവസ്ഥ (Geographic Information System (GIS) ഭൗമോപരിതലത്തിലെ നിശ്ചിതസ്ഥാനങ്ങളെപ്പറ്റിയുള്ള വസ്തുതകൾ ഗ്രഹിച്ചെടുക്കാനും സമാഹരിച്ച് സൂക്ഷിയ്ക്കാനും പരിശോധിക്കാനും ഒത്തുനോക്കാനും പ്രദർശിതമാക്കാനും ഇന്ന് വിനിയോഗിക്കപ്പെടുന്നു. ഒറ്റനോട്ടത്തിൽ പരസ്പരബന്ധമില്ലെന്ന് തോന്നുന്ന വസ്തുതകളെ ബന്ധിതമാക്കി ജി ഐ എസ് അവബോധനം നൽകുന്നത് സ്ഥാനിക ക്രമരൂപങ്ങളുടെ (spatial patterns) സംബന്ധങ്ങളെക്കുറിച്ചും സമ്പർക്കങ്ങളെക്കുറിച്ചും പര്യാപ്തമാവുകയാണ്.

 

   ദൈനന്ദിനജീവിതത്തിൽ ഭൂമിശാസ്ത്രത്തിനു ഏറെ പറഞ്ഞുതരാനുണ്ട് വൈറസ് പ്രതിരോധസഹായിയായി. എവിടെയാണ് ഏറ്റവും കൂടുതൽ പകർച്ചാഭാരം? പകർച്ചാതോതും മരണങ്ങളും ഏതെല്ലം ഇടങ്ങളിൽ കൂടുതലാണ്? എവിടെയാണ് ഐ സി യു സംവിധാനങ്ങളുള്ള ആശുപത്രികൾ? വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും ലഭ്യമാകുന്നത് എവിടോക്കെ? ടെസ്റ്റിങ് കേന്ദർങ്ങൾ എവിടൊക്കെയുണ്ട്, ഏറ്റവും വേഗം ടെസ്റ്റ്ഫലം ലഭിയ്ക്കുന്നത് എവിടെ ഇതൊക്കെ ഭൂമിശാസ്ത്രം പറഞ്ഞുതരാൻ പ്രാപ്തമാണ്. നമ്മുടെ സുരക്ഷ ഇന്ന് ജ്യോഗ്രഫിയെ ആശ്രയിച്ചിരിക്കുന്നു. സുരക്ഷിതസ്ഥലം വീട് എന്ന് ചുരുങ്ങിയിരിക്കുന്നു, പലപ്പോഴും. അസുഖങ്ങളുടെ, ദുരന്തങ്ങളുടെ, അസ്വസ്ഥതകളുടെ മറ്റൊരിടംനമ്മുടെ വാതിൽക്കൽത്തന്നെയാണ്. ഇടം എന്നതിന്റെ സങ്കൽപ്പങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. 

References:

1.      Francch-Pardo I., Napoletano B. M., Rosere-Verges , F. and Billa L.  Spatial analysis and GIS in the study of COVID-19. A review. Sci. Total Environ. 739 :140033, 2020

2.      Wolman, D. Amid pandemic, geography returns with a vengeance.  Wired, Available at: https://www.wired.com/story/amid-pandemic-geography-returns-with-a-vengeance

3.      Marshal, S. J. Why geography is a key part of fighting the COVID-19 corona virus outbreak.  Forbes Available at: https://www.forbes.com/sites/marshallshepherd/2020/03/05/why-the-discipline-of-geography-is-a-key-part-of-the-coronavirus-fight/?sh=4a5980774f21

     4. Aalbers M. B., Beetepoot N. and Gerritse M. ( Ed) Editorial: The geography of the Covid-19 pandemic. J. Economic and Social Geography 111: 201-204, 2020

 

 

 ചിത്രങ്ങൾ

 

ചിത്രം-1. വേഗതകൊണ്ട് ദൂരത്തെ കീഴ്പ്പെടുത്തുമ്പോൾ ചുരുങ്ങുന്ന ഭൂമി.

The World's 15 Longest Flights (2020) | One Mile at a Time

 

ചിത്രം 2-ഏറ്റവും ദൂരം കൂടിയ വിമാനസർവ്വീസുകൾ. ഇത് ആവിഷ്ക്കരിക്കാൻ

 ഉരുണ്ട ഭൂമിയെ പരന്ന ഒരിടമാക്കി മാറ്റിയിരിക്കുന്നു. ഭൂപടങ്ങൾ എപ്പോഴും പരന്നാണ്.

 

 

ചിത്രം 3- മൊത്തം ദേശീയവരവിന്റെ തോത് അനുസരിച്ച് രാജ്യങ്ങളുടെ വലിപ്പം ചിത്രീകരിക്കുമ്പോൾ ചില രാജ്യങ്ങൾ തീരെ ചുരുങ്ങിപ്പോകുന്നു.

 

 

 

ചിത്രം 4- ന്യൂയോർക്കിലെ മാൻഹാട്ടനിലെ ഇടങ്ങൾ ദൂരമനുസരിച്ചും യാത്ര വചെയ്ത് എത്താനുള്ള സമയമനുസരിച്ചും ആവിഷ്ക്കരിച്ചിരിക്കുന്നു. രണ്ടാമത്തെ ഭൂപടത്തിൽ ഒരു ഇടത്തിൽ നിന്ന് മറ്റൊരു ഇടത്തിൽ എത്താനെടുക്കുന്ന സമയം അനുസരിച്ചാണ് ഭൂപടം നിർമ്മിച്ചിരിക്കുന്നത്.

ചിത്രം 5- ഇൻഡ്യയുടെ ഭൂപടത്തിൽ വൈറസിന്റെ വ്യാപനത്തോത് വൃത്തങ്ങളുടെ വ്യാസത്തിനു അനുപാതമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു.

 

 

 

 

 

 

 

 

 

How Much Can Democrats Really Win in 2018?

A

 

 

B

 

 

ചിത്രം 6- രാഷ്ട്രീയ ഭൂപടവും കോവിഡ് വൈറസ് വ്യാപനഭൂപടവും താരതമ്യം. റിപബ്ലിക്കൻ പാർടിയ്ക്ക് പ്രാമുഖ്യമുള്ള ഇടങ്ങളിൽ കൂടുതൽ വൈറസ് ബാധ വ്യക്തമാണ്. A.റിപബ്ലിക്കൻ പാർടി ഭരിയ്ക്കുന്ന സംസ്ഥാനങ്ങൾ (ചുവപ്പ്) B. കോവിഡ് ബാധയാൽ കൂടുതൽ ആൾക്കാർ മരിച്ചത സംസ്ഥാനങ്ങൾ.

 

 

 

 

 ചിത്രം 7-    ലോകത്താകമാനം കോവിഡ് വൈറസ് പകരുന്നതിന്റെ നാൾവഴികളും  വൈറസിന്റെ മ്യൂടേഷൻ ശിഖരങ്ങളും വൃത്താകൃതിയുള്ള ആവിഷ്ക്കാരം കൊണ്ട് വ്യക്തമാക്കുന്നു. താഴെ കോണിൽ ഭൂപടം. അതതു രാജ്യങ്ങളുടെ നിറങ്ങളാണ് ഒരു കേന്ദ്രബിന്ദുവിൽ നിന്ന് വ്യാപിക്കന്ന വൈറസിന്റെ ദിശാരേഖകൾക്കും. ചൈനയ്ക്കും (ഏഷ്യക്കും) കൊടുത്തിരിക്കുന്ന നീലനിറം കേന്ദ്രബിന്ദുവിൽ നിന്ന് ആദ്യം വ്യാപിക്കുന്നത് ശ്രദ്ധിക്കുക.  Courtesy:Time Magazine

 

 

 

 

 

 

ചിത്രം 8- കോവിഡ് വൈറസിന്റെ സമയബന്ധിതവ്യാപനം ഭൂപടം കൊണ്ട് ആവിഷ്ക്കരിച്ചിരിക്കുന്നു.  ഇത് ഒരു അനുസ്യൂത ചലച്ചിത്രം പോലെ ഈ ലിങ്കിൽ ഉണ്ട്.

https://nextstrain.org/ncov/global

No comments: