Saturday, April 13, 2024

വൈമർ (Weimar) സിനിമ- ആധുനികസിനിമയുടെ ഉദയം

      ജെർമനിയിലെ ഒരു സ്ഥലത്തിൻ്റെ പേർ സിനിമയിലെ വിപ്ളവത്തിൻ്റെ സൂചകമായി ഉപയോഗിച്ചു തുടങ്ങിയത് യാദൃശ്ചികമല്ല. സിനിമയുടെ മാത്രമല്ല ജെർമനിയിലെ സാംസ്കാരികവിപ്ളവത്തിൻ്റേയും  ജനാധിപത്യസംവിധാനത്തി ൻ്റേയും അടിസ്ഥാനമുറപ്പിക്കുന്നതിൻ്റെ പാഠങ്ങൾ നിർവ്വചിക്കുകയും ചെയ്തു വൈമർ എന്ന നഗരബന്ധിതമായ വ്യവസ്ഥാനിർമ്മിതികൾ. വൈമർ റിപബ്ളിക് എന്ന പേരിൽ അറിയപ്പെട്ട, 1918 ഇൽ ഭരണഘടന ഉറപ്പിച്ച ഫെഡറൽ റിപബ്ളിക് ആദ്യമായി ലോകത്ത് ഉദയം കൊണ്ടു, വൈമർ നഗരത്തിൽ വെച്ച്  ഒപ്പിട്ട് തീർപ്പാക്കിയതിനാൽ ആ പേരിൽ അറിയപ്പെട്ടു ഈ നവസംവിധാനം. 1933 ഇൽ ഹിറ്റ്ലർ അധികാരം പിടിച്ചെടുക്കുന്നതു വരെ നീണ്ടുനിന്ന ഈ അവസ്ഥാവിശേഷം  വൈമർ യുഗംഎന്നാണ് ഇന്ന് അറിയപ്പെടുന്നത്. വൈമർ നഗരം കേന്ദ്രീകൃതമായി സാംസ്കാരിക വാതാവരണം ഉൽസുകമായി, ചിന്തകരും എഴുത്തുകാരും കലാകാരന്മാരും അവിടേയ്ക്ക് ഒരുമിച്ചെത്തി. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളിൽ നിന്ന് രക്ഷപെട്ട് വന്നതിൻ്റെ ഉണർവ്വ് എങ്ങും പ്രകടമായി. 

   ഇത്തരം സാംസ്കാരിക നവോത്ഥാനത്തിൻ്റെ അനുരണനങ്ങൾ കലകളിലും ആവിഷ്ക്കാരങ്ങളിലും തീക്ഷ്ണമായി പ്രതിഫലിച്ചു എന്നത് സ്വാഭാവികമാണ്. സ്വാതന്ത്ര്യത്തിൻ്റെ പ്രഖ്യാപനം ലൈംഗികപരതയിലും സാമൂഹനീതികളിലും കലാസമീപനങ്ങളും കൃത്യമായി ദർശിക്കപ്പെടാവുന്നതായി. സംഗീതവും നാടകാദികളും വാസ്തുകലയും നവീകരിക്കപ്പെട്ടു, സാങ്കേതികതയിലുള്ള മുന്നേറ്റവും കലാവിഷ്ക്കാരങ്ങളിലെ പുതുദർശനങ്ങളും സിനിമകളെ ഈ ഗുണമേന്മകൾ കൊയ് തെടുക്കാൻ പാകത്തിൽ നിലകൊള്ളിച്ചു. നിപുണതയും ബുദ്ധിവൈഭവവും പ്രാഗൽഭ്യവും  ധാരാളം അവസരങ്ങൾ നേടുന്ന നിലയിലെത്തി എന്നത് സിനിമ എന്ന മാദ്ധ്യമം ആകപ്പാടെ നവീനതയുടെ ബൃഹുദ് ദർശനമായി മാറാൻ സഹായമായി. 1933 ഇൽ നാസികളുടെ പിടിച്ചടക്കലോടെ ഇത് നിർജ്ജീവമാകുകയാണുണ്ടായത്.  അങ്ങനെ 1918 മുതൽ 1933 വരെ ജെർമ്മനിയിൽ നിർമ്മിച്ചെടുത്ത സിനിമകൾ വൈമർ സിനിമ’ (Weimer cinema)എന്ന ഖ്യാതി നേടി. പിൽക്കാലത്തെ ലോകസിനിമയ്ക്ക് പാഠങ്ങൾ പഠിപ്പിച്ചു വൈമർ സിനിമ എന്നു മാത്രമല്ല. ആധുനിക സിനിമയുടെ വൈവിദ്ധ്യമിയന്ന സമീപനങ്ങളും ആശയഗതികളും കഥാവിഗതികളുടെ ആവിഷ്ക്കാരങ്ങളും നിർവ്വചിച്ചെടുക്കാനുള്ള ബെഞ്ച്മാർക്ആകുകയുമായിരുന്നു ഈ കാലഘട്ടത്തിലെ സിനിമകൾ. ആന്തരികവാദം (expressionism) രൂഢമൂലമാവുകയും ആന്തരികചോദനകളുടേയും ചിന്താപദ്ധതികളുടേയും അന്വേഷണങ്ങൾ സിനിമകളുടെ ആശയങ്ങളിൽ വേരോടുകയും ചെയ്തു .

    ഒന്നാം ലോകമഹായുദ്ധത്തിനു മുൻപേ ഫ്രെഞ്ചും ഇറ്റാലിയനും സിനിമകളാണ് യൂറോപ്പിൽ കൂടുതലായി നിർമ്മിച്ചിരുന്നത്. ജെർമ്മനിയിൽ സിനിമകൾ വ്യവസ്ഥാപിതമായിത്തുടങ്ങിയത് 1914 ഓടു കൂടിയാണ്. ആകെ 1500 സിനിമാ തിയേറ്ററുകൾ മാത്രം ഉണ്ടായിരുന്നു ഇക്കാലത്ത്. സാമൂഹികവും സാമ്പത്തികവുമായ കെടുതികളാൽ യൂറോപ്പിലെ സിനിമാനിർമ്മാണമേഖല ക്ഷയിക്കുകയും 1920 കളോടെ അമേരിക്കൻ സിനിമകൾ മേൽക്കൈ നേടുകയും ചെയ്തു. ഏകദേശം 800 ഓളം സിനിമകൾ ഹോളിവുഡ് നിർമ്മിച്ചെടുത്തിരുന്നു. കലാപരതയിലോ പ്രതിപാദനശൈലീവിശേഷങ്ങളിലോ നവീനതയുൾക്കൊള്ളാതെ എണ്ണത്തിലും കച്ചവടലാഭത്തിലും ഊന്നുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം.  തരംതാണ തമാശക്കലവികളും പ്രേമനാടകങ്ങളും കുതിരമേൽ ഏറിയവരുടെ വാൾപ്പയറ്റുമൊക്കെ കുത്തിനിറച്ച നേരംകൊല്ലിപ്പടങ്ങളായിരുന്നു മിക്കവയും. പ്രേക്ഷകരെ ധാരാളം ആകർഷിക്കുന്നവയായിരുന്നു ഇവയെങ്കിലും സിനിമ എന്ന മാദ്ധ്യമത്തിൻ്റെ ആവിഷ്ക്കാരസീമകളെ വെല്ലുവിളിയ്ക്കത്തക്കതായി ഒന്നിനും ഒരുമ്പെട്ടിരുന്നില്ല അമേരിക്കൻ സംവിധായകരോ നിർമ്മാതാക്കളൊ. 

   വഴിതിരിയുന്ന ജെർമ്മൻ സിനിമ 

   കലുഷമായ രാഷ്ട്രീയ വ്യവസ്ഥ, ശിഥിലവും അസ്ഥിരവും ആയ സാമൂഹ്യസ്ഥിതി, തകർന്ന സാമ്പത്തികരംഗം ഇതൊക്കെ യുദ്ധാനന്തര ജെർമ്മനിയുടെ സാംസ്കാരികാടിത്തറ തന്നെ ഇളക്കാൻ പോന്നതായിരുന്നു. എന്നാൽ ഇത് മേൽച്ചൊന്ന ആന്തരികവാദത്തെ (expressionism) ഉറപ്പിച്ചെടുക്കാൻ പര്യാപ്തമാവുകയാണുണ്ടായത്. ഏറ്റവും ചെലവുകുറഞ്ഞ വിനോദോപാധി സിനിമ മാത്രമായിരുന്നു, കഴിഞ്ഞ വ്യാഴവട്ടത്തെ ദുരിതത്തിൽ നിന്ന് കര കയറാൻ ഒരു മാരഗ്ഗം ഇതു മാത്രവും. എന്നാൽ ഹോളിവുഡിലെപ്പോലെ കൂറ്റൻ സെറ്റുകളും അതിവ്യയിയായ  ആടയാഭരണങ്ങളും വിസ്തൃതവിശാലമായ പ്രോപ്പുകളും കയ്യെത്താദൂരത്തായതിനാൽ മനുഷ്യൻ്റെ വൈകാരികസ്ഥിതിയും മനോഭാവങ്ങളും ആന്തരസംഘർഷങ്ങളും സംവേദനം ചെയ്യപ്പെടാനുള്ള ഉപാധിയായി സിനിമയെ മാറ്റിയെടുക്കുകയായിരുന്നു.  സിനിമയുടെ ചരിത്രത്തിൽ സംഭവിച്ച വൻ വഴിത്തിരിവ്.  രണ്ട് ജോൻ റ (genre ) ഇതുമൂലം ഉളവായി: Nosferatu പോലത്ത  ഗോതിക് ഹൊറർ  സംവിധായകൻ മർണാവ് ( Murnau) ആവിഷ്ക്കാരം ചെയ്തതോടെ  തുടങ്ങിയത്, പിന്നീട് ഡ്രാക്കുള, ഫ്രാങ്കെൻസ്റ്റീൻ ഇവയൊക്കെ.  മറ്റൊന്ന് ഫിലിം നോയർ (Film noir or dark films),  മനുഷ്യമനസ്സിൻ്റെ ഇരുളടഞ്ഞ കോണുകളി ൽ ഉണരുന്ന, അപഭ്രംശപെരുമാറ്റങ്ങളെ ഉത്തേജിപ്പിക്കുന്ന നിലപാടുകളെ വെളിച്ചത്തുകൊണ്ടു വരുന്ന തരത്തിലുള്ള പ്രമേയങ്ങളുൾക്കൊള്ളുന്നവ. ഈ രണ്ട് ധാരകളും പിന്നീട് ഹോളിവുഡ് സിനിമകൾ പിൻ തുടരുകയാണുണ്ടായത്.1923 ഇൽ യൂണിവേഴ്സൽ സ്റ്റുഡിയൊ ദി ഹഞ്ച്ബാക് ഓഫ് നൊത്രെ ദാംഒരു ഹൊറർ സിനിമ ആയിട്ടാണ് നിർമ്മിച്ചെടുത്തത്, മർണാവ് ൻ്റെ ശൈലി പിന്തുടർന്നുകൊണ്ട്. എക്സ്പ്രെഷനിസം മുഖവിലയ്ക്കെടുത്തുകൊണ്ട് തന്നെ ഹോളിവുഡ് 1925 ഇൽ ഫാൻ്റം ഓഫ് ദി ഓപെറയും ദി മോൻസ്റ്റർഉം  രക്തദാഹി നരിച്ചീർ കഥയായ  ലണ്ടൻ ആഫ്റ്റർ മിഡ്നൈറ്റ്’ (1927)ഉം ഡ്രാക്കുള (1931) യും പ്രദർശനത്തിനെത്തിച്ചു. നാസികളുടെ ഉദയത്തോടെ പലേ സംവിധായകരും പിന്നീട് ഹോളിവുഡിൽ കുടിയേറുകയും വൈമർ സിനിമാ പാരമ്പര്യം അവിടെ വേരുറപ്പിക്കുകയും ചെയ്തു. ഫ്രിറ്റ്സ് ലാങ്ങ്, എഫ്. ഡബ്ള്യു മർനാവ്, വില്ല്യം ഡ്ഡീറ്റെർലെ, റോബെർട് സിയോഡ്മാക്, എഡ്ഗർ അൾമെർ,  സിനിമറ്റൊഗ്രാഫെറ്റർ കാൽ ഫ്ര്യൂൻഡ് എന്നിവരൊക്കെയാണിവർ. 

ആഖ്യാനത്തിലെ നവീനതകൾ 

     അന്നു വരെ സിനിമകളിൽ കാണാത്ത കാമവികാരാഖ്യാനങ്ങൾ -അതും സ്ത്രീയുടെ-തുറസ്സോടെ വിദിതമാക്കുന്നത് വൈമർ സിനിമയുടെ വിപ്ളവകരമായ മുഖമുദ്രയായിരുന്നു. കാമവാസന പ്രകടനപരമാക്കുക എന്നത് അന്നത്തെ ലോകസിനിമയെ വെല്ലുവിളിച്ചുകൊണ്ടു തന്നെ, കലാപരമായി ആവിഷ്ക്കരിക്കുന്നത് എളുപ്പം സാധിച്ചെടുക്കുകയും ചെയ്തു. 1930 ഇൽ പ്രദർശനത്തിനെത്തിയ ദി ബ്ളു എയ്ൻജെൽനടി മാർലീൻ ഡീട്രികിനെ മാദകത്തിടമ്പാക്കി പ്രത്യക്ഷപ്പെടുത്തി ഒരു കീഴ് വഴക്കം സൃഷ്ടിച്ചെടുത്തു. സെക്സ് അപ്പീൽഎന്ന വാക്ക് പ്രചാരത്തിലായി. സ്ത്രീകളുടെ മാദകത്വത്തിനു അടിമപ്പെട്ട് ആത്മനാശം വന്നു ഭവിക്കുന്ന ആൺ കഥാപാത്രങ്ങളെ സൃഷ്ടിക്കാനാണ് വൈമർ സിനിമ താൽപ്പര്യം കാണിച്ചത്. ആൺ അഹന്തയും അതനുസരിച്ച് ചിട്ടപ്പെടുത്തിയ സമൂഹനീതികളും എത്രമാത്രം ലോലവും ക്ഷിപ്രഭജ്ഞകവും ആണെന്ന് തെളിയിക്കുകയായിരുന്നു ഇത്തരം സിനിമകൾ. ആണിൻ്റെ സ്വ പ്രതിച്ഛായയിലുള്ള ഉത്ക്ക്ണ്ഠകളും  ലൈംഗികതയിലെയുള്ള ആശങ്കകളും വൈമർ  സിനിമകളിലാണ്  ആദ്യമായി ചിത്രീകരിച്ചു തുടങ്ങിയത്.   ഒപ്പം ലൈംഗിക നിബന്ധനകളിൽ നിന്ന് മുക്തി നേടിയ സ്ത്രീകളെയും വെള്ളിത്തിരയിലെത്തിച്ചു എന്നതും ശ്രദ്ധേയമാണ്. 

     മൻഷ്യൻ്റെ സീമാതീതമായ ക്രിമിനൽ വാസന വെളിച്ചത്താക്കാനും വൈമർ സിനിമകൾ യത്നിച്ചിട്ടുണ്ട്. കൊലപാതകങ്ങളുടെ മനഃശാസ്ത്രം പരിശോധിക്കാനെന്നവിധമാണ് ദി ക്യാബിനെറ്റ് ഒഫ് ഡോ. കലിഗരി’(1920) സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. പല സിനിമകളും ബെർലിൻ നഗരത്തിൻ്റെ അധോലോകവ്യാപാരങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആവിഷ്ക്കരിച്ചിട്ടുണ്ട്. കുറ്റാന്വേഷണ സിനിമകളുടെ ഘടനയും ആവിഷ്ക്കാരവും പാത്രസൃഷ്ടികളും വൈമർ സിനിമകൾ തെളിച്ച വഴികളിൽക്കൂടിയാണ് പിന്നീട് രൂപം കൊണ്ടത്. മനുഷ്യസഹജമായ കുറ്റവാസനകളുടെ മനഃശാസ്ത്രമാണ് മർണാവിൻ്റെ ഫോസ്റ്റ്’ (Faust) , ഗീഥേയുടെ  ഈ ക്ളാസിക്  കഥാപാത്രത്തിനു പുതിയ വ്യക്തിത്വം നൽകിയിരിക്കയാണ് സംവിധായകൻ. ലൈംഗികചോദനകളും ആന്തരിക സംഘർഷങ്ങളും മനുഷ്യനിൽ ഹിംസാത്മകത ഉണർത്തിയെടുക്കുന്നതിൻ്റെ ഗൂഢാഖ്യാനങ്ങളുമായിരുന്നു ഇക്കാലത്തെ പലേ സിനിമകളും.. അക്കാലത്തെ ഹോളിവുഡിലെ നേരം കൊല്ലി ചിത്രങ്ങൾക്ക് നേർ വിപരീതം എന്ന് മാത്രമല്ല, അമേരിക്കൻ ബുദ്ധിജീവികൾ വൈമർ സിനിമകളുടെ ഉൾക്കാമ്പ് മനസ്സിലാക്കാതെ അവയെ ഘോരഹിംസയുടെ ആവിഷ്ക്കാരങ്ങൾ എന്ന രീതിയിൽ കളിയാക്കുക വരെ ചെയ്തു. ആദ്യമായി ഒരു സ്ത്രീ (ലിയോണ്ടൈൻ സാഗൻ) സംവിധാനം ചെയ്ത ‘Madchen in Uniform’ വിസ്മയത്തോടെ ആണ് ലോകം നോക്കിക്കണ്ടത്. ലെസ്ബിയൻ ബന്ധങ്ങളും സ്ത്രീകൾ തമ്മിലുള്ള ഗാഢമായ ചുംബനങ്ങളും ഉൾക്കൊള്ളുന്ന ഈ സിനിമ അക്കാലത്ത് മറ്റ് രാജ്യങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നതിൽ അദ്ഭുതമില്ല. 1931 ഇൽ ആണിതെന്ന് ഓർക്കുക. 

     കഥാഖ്യാനങ്ങളിലെ ഭ്രമാത്മകതകയ്ക്ക് തുടക്കം കുറിക്കുക എന്ന വിപ്ളവാത്മക വിപര്യയം വൈമർ സിനിമകൾക്കവകാശപ്പെട്ടതാണ്. സിനിമയുടെ അവസാനം മാത്രം ഇത്രയും നേരം കണ്ടത് പ്രധാന കഥാപാത്രത്തിൻ്റെ സ്വപ്നമോ വിഭ്രാന്തിയോ മാത്രമായിരുന്നു എന്ന് ധരിപ്പിച്ച് പ്രേക്ഷകരെ മായികതയിൽ കൊണ്ടെ നിർത്തുക എന്നത് ദി ക്യാബിനെറ്റ് ഓഫ് ഡോ. കാലിഗറിയിലാണ് ആദ്യമായി ആഖ്യാനപ്പെടുത്തിയത്.  ദി ജോയ് ലെസ് സ്ട്രീറ്റ്ആകട്ടെ വീടുകളുടെ നാലതിരുകൾക്കിടയിൽ നിന്ന് കഥാപാത്രങ്ങളെ തെരുവിലെത്തിച്ച് അവിടത്തെ ദുസ്വപ്നങ്ങളും അതിപീഡകളും യാതനാസന്താപങ്ങളും വിദിതമാക്കാൻ യത്നിച്ചു. ഇടം, പരികൽപ്പന, അധികാരം, സാമ്പത്തികവ്യവസ്ഥാപചയങ്ങൾ ഒക്കെ ഒറ്റയടിയ്ക്ക് ബന്ധപ്പെടുത്തുകയാണുണ്ടായത്. സിനിമാറ്റിക് ഇടത്തിൻ്റെ പൂർണ്ണവും നൂതനവുമായ ആവിഷ്ക്കാരങ്ങൾ മർണാവിൻ്റെ ഫൗസ്റ്റ്’ (1926) ഇൽ ദർശിക്കാം..ഫ്ളാഷ് ബാക്ക് രംഗങ്ങളിൽക്കൂടി കഥ പറയുന്ന രീതിയും രൂഢമൂലമായത് വൈമർ സിനിമകളിൽക്കൂടിയാണ്. ആന്തരികചോദനകളോ വികാരങ്ങളൊ പ്രകടിപ്പിക്കാൻ നിഴലുകൾ മോടിഫ് ആയി ഉപയോഗിക്കുന്നതും സിനിമയിൽ നവീനമായിരുന്നു.

      നിയോ റിയലിസ്റ്റിക് ആഖ്യാനങ്ങൾ സിനിമയ്ക്ക് വിവിധ വ്യാഖ്യാനങ്ങൾ സാദ്ധ്യമാകും വിധം ഉൾച്ചേർക്കുക എന്നത് വൈമർ സിനിമകളിൽ പലവയും ആവേശത്തോടെ ഏറ്റെടുത്തത് സിനിമാചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും ഉളവായ ദർശനസാകല്യം പ്രേക്ഷകർക്ക് പലായനപ്രവണത  (escapism) സമ്മാനിക്കാതെ അവർക്ക് ലഘുത്വത്തിൻ്റേയും അത്യാനന്ദത്തിൻ്റേയും അർത്ഥപ്രദാനത്തിൻ്റേയും ലീലാവിനോദത്തിൻ്റേയും നിമിഷങ്ങൾ കടുത്ത യാഥാർഥ്യത്തിൻ്റെ വിലക്ഷണതാളക്രമങ്ങൾക്കിടയ്ക്ക് സമ്മാനിക്കയാണുണ്ടായത്. People on Sunday (Madchen on Sunday (1930) എന്ന സിനിമ വഴി Robert Siodmak കൃത്യമായി ഒരു കഥ പറയാൻ ശ്രമിക്കുന്നില്ല. ആഖ്യാനസിനിമകളിൽ പ്രത്യേക മാനസികനിലയുള്ള കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയും ജീവിത പ്രശ്നങ്ങളെ നേരിട്ട് അവർ വിജയിക്കാൻ ശ്രമിക്കുകയും സമൂഹം അവർക്ക് കാത്തുവെച്ചത് നൽകപ്പെടുകയും ചെയ്യുന്നെങ്കിൽ ഇവിടെ അതൊക്കെ പാടേ വർജ്ജിച്ചിരിക്കുകയാണ്. ഒരു നിശ്ചിത ലക്ഷ്യത്ത്ലേക്ക് കഥാപാത്രങ്ങളെ നയിക്കാതെ പരിതസ്ഥിതിയും യാദൃശ്ചികതയും ആകസ്മിക കണ്ടുമുട്ടലുകളും കഥാപാത്രങ്ങളെ ഉരുത്തിരിച്ചെടുക്കുകയാണ്. 

 സാങ്കേതികത പരീക്ഷണാത്മകതയേറ്റുന്നു 

    വളരെ ചെലവു കുറഞ്ഞ രീതിയിൽ സിനിമകൾ ആകർഷകമാക്കുക എന്നത് വൈമർ കാലഘട്ടതിൻ്റെ ആവശ്യമായിരുന്നു. ഭ്രമാത്മകത നിർമ്മിച്ചെടുക്കുന്ന സിനിമകൾ അക്കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുമുണ്ട്. ക്യാമെറ കൊണ്ട് മാജിക് നിർമ്മിയ്ക്കുക എന്നതായിരുന്നു തന്ത്രം. ഇരട്ട പ്രകാശനം (double exposure) കൊണ്ട് മായികത നിർമ്മിച്ചെടുക്കുന്നത് ദി ഇൻഡ്യൻ റ്റൂംബ്, (The Indian Tomb), ഗോലെം (Golem) എന്നീ സിനികളിൽ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. വിഭ്രമാത്മകമായ രംഗങ്ങൾ വിട്ടുപോകാതെ തെല്ലുനേരത്തേയ്ക്ക് ക്യാമെറ നിലകൊണ്ട് അത് ആഴത്തിൽ മനസ്സിൽ പതിപ്പിക്കുക എനതും വൈമർ സിനിമകളിൽ കാണാം. ഇരുളും  വെളിച്ചവും  സങ്കലിക്കുന്നതിൻ്റെ അനുപാതം മാറ്റിയും സ്ക്രീനിൽ ഇരുട്ട് കാണിച്ചും വിസ്മയങ്ങൾ പ്രദാനം ചെയ്തു.  ക്ളോസപ് അപ് ഷോട്ടുകൾ ,പ്രത്യേകിച്ചും സ്ത്രീമുഖങ്ങളുടെ, ധാരാളമായി വിനിയോഗിക്കപ്പെട്ടു, ആന്തരികമായ മാനസികനിലകളുടെ ഉൾതുറക്കൽ എന്ന പോലെ. ചിലവ സ്ത്രീ ലൈംഗികതയുടെ ഉൽക്കടമായ വെളിവാക്കലിനെ ദ്യോതിപ്പിക്കുകയും ആൺ അഹന്തയോടുള്ള വെല്ലുവിളി ആയിട്ടു നിലകൊള്ളുകയും ചെയ്തു. Kuhle Wampe യിൽ ബ്രെഹ്റ്റും ഡുഡോവും അനുസ്യൂതമായ മോണ്ടാഷുകൾ (സംയുക്തചിത്രങ്ങൾ)  സൃഷ്ടിച്ച് കഥാഭാഗത്തിനു ദൃശ്യാർത്ഥം കൈവരുത്തുന്നുണ്ട്. ജോലി തേടുന്ന ചെറുപ്പക്കാരുടെ സൈക്കിളോട്ടം ചക്രങ്ങളുടെ കറക്കവും അവരുടെ പ്രയാണത്തിൻ്റെ വിവിധ ഷോട്ടുകളും ഉൾപ്പെടുത്തി നിരർത്ഥകതയും വൃഥാവിലാകുന്ന ശ്രമങ്ങളുമായി ചിത്രീകരിക്കപ്പെടുകയായിരുന്നു.  സിനിമാറ്റോഗ്രാഫി പഠിയ്ക്കുന്നവർക്ക് എന്നും ആദ്യപാഠങ്ങൾ പ്രദാനം ചെയ്യുന്നത് വൈമർ സിനിമകളിലെ ക്യാമെറാ പ്രയോഗങ്ങളാണത്രെ. 

പ്രധാന വൈമർ സിനിമകൾ

The Cabinet of  Caligari  by Robert Wiene (1920)

 

The Golem:How He Came into the World  by Paul Wegener (1920)

 

The Indian Tomb  by Joe May  (1921)

 

Nosferatu by F. W. Muranau   (1922)

 

Dr. Mabuse, the Gambler  by Fritz Lang (1922)

 

The Last Laugh by F. W. Murnau (1924)

 

The Joyless Street  by G. W. Pabst  (1925)

 

Faust by F. W. Murnau  (1926)

 

Metropolis by Fritz Lang  (1927)

 

Berlin, Symphony of a Great City by Walter Ruttman    (1927)

 

Pandora’s Box by  G W Pabst  (1929)

 

People on Sunday by  Robert Siodmak    (1930)

 

The Blue Angel   by  Joseph von Sternberg    (1930)

 

Madchen in Uniform   by Leontine Sagan   (1931)

 

M by Fritz Lang   (1931)

 

Kuhle Wampe  by Bertolt Brecht and Slatan Dudow    (1932)

 

 

 

 

 

References

1. Weimar Cinema Ed: Isenberg N. Columbia Univ. Press 2008

 

2. Weimar Cinema 1919-1933: Daydreams and Nightmares Ed: Laurence Kardish  Museum of Modern Art,  2010

3. The Many Faces of Weimar Cinema: Rediscovering Germany's Filmic Legacy (Screen Cultures: German Film and the Visual, 5) Ed: Christian Rogowski. Camden House,  2011

4. Shell Shock Cinema: Weimar Culture and the Wounds of War   Anton Kaes  Princeton Univ Press, 2011.

No comments: