Monday, April 1, 2024

സ്ത്രീ ശരീരം —ആരുടെ ശരീരം?

 


      സ്ത്രീശരീരം പലപ്പോഴും സ്ത്രീയുടെ സ്വന്തം അല്ല. അത് നിർവ്വചിക്കപ്പെടുന്നത് മറ്റുള്ളവരാലാണ്. സമൂഹനീതികളും പൊതുബോധവും അതീതപുരാണകാലങ്ങളിലും അത് ആൺ നോട്ടങ്ങൾക്കു വേണ്ടി നിർമ്മിക്കപ്പെടേണ്ടതാണെന്ന് ജനിച്ചു വീഴുന്ന പെൺകുഞ്ഞിനെപ്പോലും ബോദ്ധ്യപ്പെടുത്തണം എന്ന രീതിയിൽ ഉറപ്പിച്ചെടുത്തിരിക്കുന്നു, എല്ലാ സംസ്ക്കാരങ്ങളിലും. അവൾ കാഴ്ച്ച വസ്തുവാണ്, മോഹിപ്പിക്കേണ്ടതാണ്, സമൂഹചട്ടക്കൂടിൽ ഒതുങ്ങേണ്ടവളാണ്, അവളുടെ ശരീരം അതിൻ്റെ ഫിസിയോളജിക്കനുസൃതമായി രൂപപ്പെടേണ്ടതല്ല, അത് അതിൽ നിന്നും വേർപെടുത്തി പൊതുബോധത്തിനനുസൃതമായി രൂപപ്പെടുത്തേണ്ടതാണ്, പ്രകൃതിനിയമങ്ങൾക്കപ്പുറം പ്രതിഷ്ഠിക്കപ്പെടേണ്ടതുമാണ് എന്നൊക്കെയാണ് ആൺ കോയ്മയുടെ തീർപ്പുകൾ. 

  അതുകൊണ്ട് സ്ത്രീ ശരീരം ഒരു പ്രശ്നകരമായ ബാദ്ധ്യത ആയിത്തീരുകയാണ്. ഇങ്ങനെ പരിണാമ നിഷ്ക്കർഷയിൽ നിന്ന് വേറിട്ട് സ്വശരീരം ബാദ്ധ്യത ആയിത്തീരുന്നത് മനുഷ്യരിൽ മാത്രമാണ്. മറ്റ് ഒരു ജീവിയ്ക്കും ശരീരം എന്നത് വേവലാതിപ്പെടേണ്ട കാര്യങ്ങളിലുൾപ്പെടുന്നതല്ല. Sexual selection ഇനു പലേ ജന്തുക്കളിലും ആൺശരീരം ഭംഗിയും കരുത്തും ഇയന്നതാകാറുണ്ട് . വിടരാവുന്ന പീലികളുള്ള മയിലിൻ്റെ പോലെ. പക്ഷേ അതൊരു ബാദ്ധ്യതയേ അല്ല. ശരീരത്തിൻ്റെ കലാത്മകത  (aesthetics) മനുഷ്യരിൽ ഇതേ ലൈംഗികതെരഞ്ഞെടുപ്പ് ആധാരമാക്കിയാണെങ്കിലും അത് പ്രശ്നവൽക്കരിക്കുന്നത് സ്ത്രീ ശരീരത്തെ കരുവാക്കിയാണ്. സമൂഹം വളർന്നപ്പോൾ,

 സങ്കീർണ്ണമായപ്പോൾ അതോടൊപ്പം സ്ത്രീശരീരവും പ്രശ്നവൽക്കരിക്കപ്പെടുകയും പൊതുബോധനിയമങ്ങൾ അതിനെ തന്മയത്വപൂർവ്വമായി വരുതിയിലാക്കുകയും ചെയ്തു. അതിജീവനത്തിനു  മനുഷ്യർ കൽപ്പിച്ചരുളുന്ന ശരീരരൂപം ആവശ്യമേ അല്ല. ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രകൃതി വിരുദ്ധമാണെന്ന് സാരം. സൗന്ദര്യം ഒരു ആരോഗ്യലക്ഷണം എന്ന ധാരണ പ്രബലമായുണ്ടാകുകയും  അത് ലൈംഗിക തെരഞ്ഞെടുപ്പിനെ ബാധിക്കുകയും ചെയ്തത് മനുഷ്യറ്റ്ൻ്റെ കൃത്രിമ ബലതന്ത്രങ്ങളുടെ ഭാഗം തന്നെ. സ്വന്തം ഫിസിയോളജിക്കെതിരെ ശരീരത്തെ പാകപ്പെടുത്തേണ്ടി വരിക മറ്റൊരു സ്പീഷീസിനുമില്ലാത്ത ദുര്യോഗമാണ്. 

  ശരീരം പ്രദർശന വസ്തുവായി മാറുന്നത്

   സ്ത്രീ ശരീരം പൊതുനോട്ടത്തിനും കാഴ്ച്ചയ്ക്കുമുള്ളതാണെന്ന ആശയം പുരാതനകലം മുതൽ  പ്രബലമായതാണ്. അത് അത്രമേൽ ആഴ്ന്നിറങ്ങിയതാകയാൽ സ്ത്രീകളും ഈ ആശയത്തിൻ്റെ ഭാഗമായി, അവരുടെ പെരുമാറ്റത്തിലും സൈക്കിലും കഠിനമായി ഉൾപ്പെട്ട് പോയി. അതിനുവേണ്ടി തയാറെടുപ്പുകൾ  നടത്തേണ്ടതുണ്ട് എന്ന് സദാസമയം സ്വയം ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം സ്ത്രീ. ഈ പ്രദർശനം ഉദ്പ്പാദനപരമല്ലാത്ത ( non-reproductive) ഇണയെ കണ്ടു പിടിയ്ക്കലിനു ആവശ്യമായും വരുന്നുണ്ട്. ആധുനിക സമൂഹനീതീകൾ ഇത് കൂടുതൽ വിഷമകരാമാക്കിയിട്ടുമുണ്ട്.

           ഈ പ്രദർശനവസ്തുവിൻ്റെ കാഴ്ച്ചാധികാരം ആണുങ്ങളുടെ കുത്തകയാണ്. സ്ത്രീശരീരത്തിൻ്റെ അവകാശം അവർക്ക് തന്നെ കൈവിട്ടു പോകുകയാണ് ഇപ്രകാരം. അത് പ്രദർശനവസ്തു ആകുന്നതുകൊണ്ട് എങ്ങനെ, എപ്പോൾ എവിടെ പ്രദർശിപ്പിക്കേണ്ടതാണ് എന്നത് ആണ് വർഗ്ഗം തീരുമാനിക്കുന്നതാണ്. മതാധികാരങ്ങൾ ഇതിനോട് കൂട്ടു ചേരുമ്പോൾ ഈ പ്രദർശനവസ്തു പൊതിഞ്ഞ് സൂക്ഷിക്കേണ്ടതാണെന്ന് തീർപ്പുകൽപ്പിക്കാനും എളുപ്പമാണ്. ശരീരം മുഴുവൻ പൊതിയപ്പെട്ട് നിശ്ചിത വേളയിൽ ആൺ തീരുമാനങ്ങൾ അത് അവർക്കുവേണ്ടി മാത്രം പ്രദർശിപ്പിക്കുക എന്ന രീതി കൈവന്നത് എളുപ്പമായാണ്. പ്രദർശനവസ്തു ആകാതിരിക്കാനുള്ള ശ്രമമാണെന്ന് ധരിപ്പിക്കൻ ശ്രമിക്കുന്നത് നേർവിപരീതാശയത്തിൽ ഊന്നിയിട്ടുള്ളതാണെന്ന സത്യം ഇവിടെ തെളിഞ്ഞു വരികയാണ്.  

 

 ശരീരം എന്ന ക്രയവസ്തു

     സമൂഹം ഒരു വില നൽകുന്നതും മാർക്കിടുന്നതും ആയ അപൂർവ്വ വസ്തു ആണ് സ്ത്രീശരീരം. സമൂഹത്തിൽ എനിക്ക് എന്താ ഒരു വില?’ എന്ന ഉക്തി സാധാരണമാണ്. സ്ത്രീശരീരത്തിൻ്റെ കാര്യത്തിൽ ഇത് കൂടുതൽ സാംഗത്യമിയന്നതാണ്. ലൈംഗികതയിൽ അടിസ്ഥാനമാക്കിയാണ് സമൂഹം ഈ വിലയിടാറ്. പരസ്യങ്ങളിൽ കാണുന്ന സ്ത്രീരൂപം ആയിരിക്കണം എല്ലാ സ്ത്രീശരീരങ്ങളും എന്ന ശാഠ്യം നിലവിലുള്ളപ്പോൾ അതനുസരിച്ച് ഓരോ ശരീരത്തിനും വീല നിശ്ചയിക്കപ്പെടുകയാണ്. മുതലാളിത്ത പുരുഷാധിപത്യം ഇതിനെ കൂടുതൽ കഠിനവുമാക്കിയിട്ടുണ്ട്. സൗന്ദര്യമൽസരങ്ങളിൽ ഇടുന്ന മാർക്ക് ഇതിൻ്റെ പ്രത്യക്ഷ പ്രായോഗികതയാണ് വിളിച്ചോതുന്നത്. ലൈംഗികത (sexuality) ഇതിൻ്റെ മാനദണ്ഡമാകുകയും  അതിൻ്റെ പൊതുസമ്മതി വിപണിയിൽ വസൂലാക്കപ്പെടുകയും ചെയ്യപ്പെടുന്നത് അങ്ങനെയാണ്. ഒരു വസ്തു വിൽക്കപ്പെടണമെങ്കിൽ സ്ത്രീ ശരീരം ആ പരസ്യത്തിൽ പ്രത്യക്ഷപ്പെടുത്തേണ്ടിയിരിക്കുന്നു. അത്ലെറ്റുകളും റ്റെലിവിഷൻ അവതാരകരും സ്റ്റേജിൽ പ്രകടനകലകളിൽ ഏർപ്പെടുന്നവരും സ്വശരീരങ്ങൾക്ക് വിലയിടപ്പെട്ടവരാണ്. ഒരു marketing value നിശ്ചിതപ്പെട്ടവരാണിവർ. സെക്സ് ഉദാരവൽക്കരിക്കപ്പെട്ടതോടെ ഈ വിലയിടൽ കൂടുതൽ നിർണ്ണായകമാകുകയും ആന്തരവൽക്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  

      ഒരു വിചാരണയുടെ വിധിപ്രകാരത്തിലേക്കാണ് ഈ വിലയിടൽ പ്രസ്ഥാനം നയിക്കുന്നത്. സ്ത്രീശരീരം നിരന്തരമായ ജാഗരൂക മേൽനോട്ടത്തിൽ ആകപ്പെടുകയാണ്. ഏതു സമയവും ഒരു വിധിപറച്ചിലിൽ എത്തപ്പെടാം എന്ന രീതിയിൽ. അലങ്കരിക്കപ്പെട്ട സ്ത്രീശരീരം, പൊതുബോധത്തിൻ്റെ അളവുകൾക്കനുസരിച്ചുള്ളത്, ഒരു വിപണി വസ്തു എന്ന് തെര്യപ്പെടുത്തുന്നത് ഇവയൊക്കെ വിചാരണയിൽ പരിഗണിക്കപ്പെടുന്ന വസ്തുതകളാണ്. വസ്ത്രധാരണമാണ് ഈ ജഡ്ജ്മെൻ്റ്ഇനു ആദ്യം  വശംവദമാകുന്നത്. ലെഗ്ഗിങ്ങ്സ് ധരിച്ചവർ കാമോദ്ദീപകരാണെന്നും അത് ഒഴിവാക്കണമെന്നും ഇതൊക്കെയാണ് ബലാൽസംഗത്തിനു കാരണമാകുന്നത് എന്നൊക്കെ പ്രസിദ്ധ സാഹിത്യകാരന്മാർ തന്നെ പ്രസ്താവിക്കുന്ന നിലയിലാണ് എന്നത് നമുക്ക് നേരിട്ടറിയാവുന്നതാണ്. സ്കൂൾ അദ്ധ്യാപികമാർക്ക് സാരിയോ ചൂഡീദാറോ വേണ്ടത് എന്ന തർക്കവും  സ്ത്രീശരീരവിധിയുടെ ആൺ കൽപനാ ദൃഷ്ടാന്തമാണ്.   സാംസ്കാരിക കൂട്ടുകറിയുടെ ചേരുവകളിൽ പ്രധാന സാമഗ്രി ഇത്തരം കടുത്ത വിധികളും അതിൽ നിന്ന് ഉരുത്തിരിയുന്ന മറ്റ് ഹീന ആലോചനകളുമാണ്. 

ആരുടെ ശരീരം? 

           ഇപ്രകാരം സ്ത്രീയുടെ സ്വത്വത്തിൽ നിന്ന് അടർത്തി മാറ്റപ്പെട്ടതാകുകയാണ് അവരുടെ ശരീരം തന്നെ. പാട്രിയാർക്കൽ സമൂഹാധികാരികൾ  അവരുടെ ശരീരത്തെക്കുറിച്ചുള്ള നിയമങ്ങൾ  നിശ്ചയിച്ചുറപ്പിക്കുമ്പോൾ ഇത് സംഭവിക്കുകയാണ്. സ്ത്രീ എന്ന ജനിതകനിർമ്മിതി പുരുഷൻ്റേതായുമായി വ്യത്യാസപ്പെട്ടതാണ്,അതുകൊണ്ട് ശരീരനിർമ്മിതിയും. പക്ഷേ സാമൂഹ്യവീക്ഷണത്തിൽ ഈ അനാറ്റമിപരമായ/ഫിസിയോളജിപരമായ വ്യത്യാസത്തിനു മാനങ്ങൾ വേറേ കൽപ്പിക്കപ്പെടുകയാണ്. സമൂഹത്തിൽ അവളുടെ ശരീരം അന്യവൽക്കരിക്കപ്പെടുകയുമാണ്. സ്വന്തം ശരീരത്തിൻ്റെ അവകാശം അവളിൽ നിന്ന് മാറ്റപ്പെടുന്നു, അതിൻ്റെ രൂപകൽപ്പനയും അവളുടേതല്ല. സമൂഹത്തിൻ്റെ ഭാഗമായിരിക്കാൻ നിർബ്ബന്ധിക്കപ്പെടുമ്പോൾ ഈ നിയമത്തിൻ വശംവദ ആകുകയേ അതിജീവനപരമായി ഒരു പോം വഴിയുള്ളു. ഇതിനു സ്ത്രീ കൊടുക്കേണ്ട വില കനപ്പെട്ടതാണ്. സ്വന്തം ശരീരത്തെ സമൂഹത്തിനു വിട്ടുകൊടുത്ത് സമൂഹനിയമങ്ങൾ അതിനെ ദുർവിനിയോഗരീതികളിൽ കത്രിച്ചെടുത്ത് രൂപമാറ്റം സംഭവിപ്പിക്കുകയാണ്. കോസ്മെറ്റിക് വ്യവസായം തഴച്ചു വളർന്നത്  ഈ രൂപമാറ്റത്തിനു പിന്തുണയേകാൻ സന്നദ്ധമായതുകൊണ്ടാണ്. കിം കാർഡാഷിയൻ ഉദയം ചെയ്തതിൻ്റെ പശ്ചാത്തലം ഇതു തന്നെ. അവർ ഒന്നല്ല, പലതുണ്ട് ലോകത്ത്. ഇതാണ് സ്ത്രീശരീരം , ഇതു മാത്രമാണ് സ്ത്രീശരീരം.  നിങ്ങൾ ഇങ്ങനെ രൂപമാറ്റം സംഭവിപ്പിക്കുക എന്ന് ആഹ്വാനം ചെയ്യാൻ. 

ശരീരത്തിൻ്റെ അന്യവൽക്കരണം   

      പുറമേ ഉള്ള കാഴ്ച്ച, അതുമാത്രം ആണ്  വിലപ്പെട്ടതാകുന്നത്. സ്വന്തം സ്വത്വം ഉൾക്കൊള്ളുന്ന, സ്വന്തം മനസ്സ് നിർവ്വചിച്ചെടുക്കുന്ന, ആത്മവത്തയായ ശരീരമല്ല അത്. ഇങ്ങനെ മേൽച്ചൊന്നപോലെ സ്വന്തം ശരീരം അന്യാധീനപ്പെടുമ്പോൾ മറ്റൊരു സ്വത്വം അതിൽ കയറിക്കൂടുകയാണ്. അതിനെ പ്രതിരോധിക്കാൻ എളുപ്പവുമല്ല. അത് ഉചിതമാം വിധമ്മടക്കിപ്പൊതിഞ്ഞ് ചെയ്ത് പ്രദർശന വസ്തു ആക്കേണ്ട ചുമതല ഇപ്രകാരം വന്നുകൂടുകയാണ്. സ്വന്തം ശരീരം വിട്ട് മറ്റൊന്ന് നിർമ്മിച്ചെടുക്കുക. മേക് അപ് അല്ലെങ്കിൽ അണിഞ്ഞൊരുങ്ങൽ എന്ന കല വാസ്തവത്തിൽ ഛലകപടമായ പ്രച്ചന്നവേഷം ധരിക്കലാണ്. ഇല്ലാത്ത ശരീരം സൃഷ്ടിച്ചെടുക്കലാണ്, അത് പ്രദർശനയോഗ്യമാണെന്ന് തീർച്ചയാക്കുകയും വേണം. അതിനുള്ള നിയമങ്ങൾ പുറമേ നിന്ന് വരുന്നവയാണ്. ഇത് കാലാകാലം മാറപ്പെടുന്നവയാണ്, ആണധികാരത്തിൻ്റെ കുറിപ്പടികൾ മാറ്റിയെഴുതപ്പെടുന്നതനുസരിച്ച്. ആണിനാകടെ, കുറച്ച്, സോപ്പും വെള്ളവും, ഒരു ക്ഷൗരം, അത്യാവശ്യം ദേഹശുദ്ധി ഇത്രമാത്രം മതി. പക്ഷേ അവൾക്ക് വേണ്ടി നിർദ്ദേശിക്കപ്പെടുന്നത് ബാഹുല്യമാർന്ന ഔഷധവിധികളാണ്. ദൈവം അവളെ നിരവധി  അഭാവങ്ങളോടെയും ന്യൂനതകളോടെയുമാണ് സൃഷ്ടിച്ച്ത്. അത് തിരിച്ചുപിടിയ്ക്കേണ്ടത് സ്ത്രീയുടെ കർത്തവ്യമാണ്. ഇത് പൊതുബോധത്തിൽ ആഴ്ന്നിറങ്ങിയ ആവേശാനുഭമായതിനാൽ എതിർക്കാനോ മാറിനടക്കാനോ പ്രയാസമാണ്. ന്യൂനവതികളും ദോഷവതികളും ആയ സ്ത്രീകളോട് അവരുടെ സ്ത്രീത്വം/ സ്ത്രൈണത തിരിച്ചു പിടിയ്ക്കാനുള്ള ആഹ്വാനം ഉച്ചത്തിലുള്ളതും നിശിതവുമാണ്. 

  സ്ത്രൈണത എന്തിന്? എന്തുകൊണ്ട്?

    നമ്മൾ ജനിക്കുന്നത് ആണായോ പെണ്ണായോ (male or female) ആണ്, സ്ത്രൈണമായോ പൗരുഷിയായോ  ( feminine or masculine) അല്ല. സ്ത്രൈണത എന്നത് വ്യാജമായ കൗശലപ്പണിയും നേടിയെടുക്കേണ്ടതും ആണ്. സമൂഹം നിഷക്കർഷിക്കുന്ന ലിംഗപരമായ മാനദണ്ഡങ്ങൾ അനുസരിക്കുകയും വീണ്ടും വീണ്ടും അഭിനയിച്ച് നിർവ്വഹിക്കുകയും ശരീരഭാഗങ്ങളിൽ ഇത് പ്രകടപ്രത്യക്ഷമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു അവൾ. ഇങ്ങനെ ലിംഗപരമായി കൃത്രിമമായി നിർമ്മിച്ചെടുത്ത ശരീരം പ്രദർശനയോഗ്യമെന്ന് തിട്ടപ്പെടുത്തുകയും അത്യാവശ്യമാണ്. മാറിവരുന്ന ഫാഷൻ നിയമങ്ങൾക്കനുസൃതമായി ഈ കൃത്രിമശരീരനിർമ്മിതി മാറ്റിയെടുക്കേണ്ടതുമാണ്.  സ്ത്രീശരീരം സ്ത്രൈണം ( feminie ) ആയിരിക്കേണ്ടതുണ്ടോ എന്ന ചോദ്യം സംഗതമായിരിക്കുമ്പോൾ , ഉണ്ട് എന്ന് മറുപടി തീർച്ചപ്പെടുത്തുമ്പോൾ ആൺശരീരം എത്രമാത്രം പൗരുഷമായിരിക്കപ്പെടണമെന്ന ചോദ്യം ചോദിക്കപ്പെടുന്നതേ ഇല്ല. കലയും സാഹിത്യവും സ്ത്രീ ശരീരത്തിൻ്റെ സ്ത്രൈണത എത്രത്തോളവും എങ്ങനെയും ആയിരിക്കണമെന്ന നിർവ്വചനവും രചിച്ചു വെച്ചിട്ടുണ്ട്, പണ്ടേയ്ക്കു പണ്ടെ, അത് സ്ത്രീയ്ക്ക് ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കിയിട്ടുമുണ്ട്. 

  എന്നാൽ ഈ  സ്ത്രൈണതാ നിബന്ധന ശ്രേണീബദ്ധമായി മാറുന്നുണ്ട്. അധികാരത്തിലിരിക്കുന്ന, അല്ലെങ്കിൽ ജോലിപരമായി ഔന്നത്യതിൽ ഉള്ള സ്ത്രീയ്ക്ക് സ്ത്രൈണത യിൽ ഇളവ് കൽപ്പിക്കപ്പെടുന്നുണ്ട്. അതുപോലെ സമൂഹത്തിൻ്റെ നേർവിപരീത തട്ടിൽ ഉള്ള, പാടത്തോ കെട്ടിടം പണിസ്ഥലത്തോ ഉള്ള സ്ത്രീകൾക്കും ഈ ഇളവുകളുണ്ട്. അവർക്ക് ആണുങ്ങളുടെ ഷർട് ഇടാം എന്നാണ് അലിഖിതനിയമം. ഇത് അവർ പ്രായോഗികതക്ഷമത എന്ന കാരണത്താൽ സ്വീകരിച്ചതാണെങ്കിലും ചോദ്യം ചെയ്യപ്പെടുന്നില്ല. പണിക്കാരി സ്ത്രീകളുടെ ശരീരം ആൺ നോട്ടത്തിനു യോഗ്യമല്ല എന്നൊരു വാദമുണ്ടെങ്കിൽ അതിൽ എത്ര ശരികളുമുണ്ട് എന്നത് അന്വേഷിക്കേണ്ടീയിരിക്കുന്നു. സ്ത്രൈണത എന്നത് നിർവ്വചിക്കപ്പെടുന്നത് ആൺകോയ്മകളുടെ സഭകളിലാണ്. സ്ത്രൈണത ആർക്കൊക്കെ, എവിടെയൊക്കെ എന്ന് തീരുമാനിക്കുന്നതും അവിടെത്തന്നെ. 

   വൈയക്തിക ശരീരം, അതിൻ്റെ വില

 മേൽച്ചൊന്ന ഇരട്ടത്താപ്പ് വീക്ഷണം വൈയക്തിക ശരീരം (private body) എങ്ങനെ വിലയിടപ്പെടുന്നു എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കപ്പെടുകയാണ്. ഇവിടെയും സ്ത്രീശരീരത്തിനാണ് വിലയിടപ്പെടുന്നത്. അവരുടെ വൈയക്തികശരീരം നിലനിർത്തേണ്ടത് പൊതുബോധത്തിനനുസൃതമായ് ശരീര  (public body,പരസ്യ ശരീരം) ത്തോട് ഏറ്റവും സാമ്യമിയലുന്ന രീതിയിലായിരിക്കണം. ഇത് ഏറ്റവും പൊരുത്തതിൽ ആയിരിക്കുമ്പോൾ വൈയക്തികശരീരത്തിൻ്റെ വില ഏറുകയാണ്. പുരുഷന്മാർക്ക് ഇങ്ങനെ ഒരു വെല്ലുവിളി ഒരീയ്ക്കലും നേരിടേണ്ടതില്ല. പരസ്യ ശരീരത്തിലേക്ക് രൂപാന്തരം ചെയ്യപ്പെടുമ്പോൾ  സ്ത്രൈണത ഇണക്കിച്ചേർക്കേണ്ടതാണ്, അതിനുള്ള യത്നത്തിൻ്റെ ഊർജ്ജവും സ്ത്രീയുടെ പക്കൽ നിന്നും വരേണ്ടതാണ്. പക്ഷേ മേൽ പരാമർശിച്ചപോലെ ഏതു ജോലിയാണ് അവളുടേത് എന്നതനുസരിച്ച് പരസ്യ ശരീരത്തിൻ്റെ രൂപം മാറുകയാണ്. അധികാരമുള്ളവർക്ക് ആണുങ്ങളുടെ ഉടുപ്പുകൾ ആവാം.    

 എത്രമാത്രം സ്ത്രൈണമാണ് സ്ത്രീശരീരം എന്നത് സ്ത്രീകളുടെ മാത്രം തീരുമാനമല്ലാതാവുന്നുണ്ട് ഇവിടെ. സമൂഹശ്രേണിയാണ് ഇതിൽ തീർപ്പ് കൽപ്പിക്കുന്നത്. പൊതുഇടങ്ങളിൽ സ്ത്രീത്വത്തമോ സ്ത്രൈണതയോ പ്രദർശിതമാകേണ്ടതില്ലെങ്കിലും പലപ്പൊഴും ഇത് നിർബ്ബന്ധിക്കപ്പെടുന്നുണ്ട്. സ്വകാര്യശരീരവും പരസ്യശരീരവും ഏറ്റവും താദാത്മ്യം പ്രാപിച്ചതാണെങ്കിൽ പൊതു ഇടങ്ങളിൽ ഒരു സംഘർഷം ഉടലെടുക്കുന്നില്ല. പരസ്യശരീരം എത്രമാത്രം മറയ്ക്കണം മറയ്ക്കാതിരിക്കണം എന്നുള്ളത് ആൺ നോട്ടങ്ങൾക്ക് വേണ്ടി പാകപ്പെടുത്തുന്നതെങ്ങനെ എന്നതനുസരിച്ച് തീരുമാനിക്കപ്പെടേണ്ടതാണത്രെ. ഇവിടെ പേട്രിയാർക്കൽ നിയമങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആചാരങ്ങളും പാരമ്പര്യങ്ങളും നിഷ്ക്കർഷകളുമായി എത്തുകയാണ്. 

 ആദിയുടെ ക്ളിഷ്ടതകൾ 

        ട്രാൻസ്ജെൻഡറുകൾക്ക് ഈ പരസ്യശരീരം രൂപപ്പെടുത്തുന്നത് കൂടുതൽ വിഷമാവസ്ഥ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞവർഷം   ആദി എന്ന ട്രാൻസ്ജെൻഡറിനു (ബി എഡ് വിദ്യാർത്ഥിയാണ് ആദി എന്ന ഐറണി ഇവിടെയുണ്ട്)   അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ പേട്രിയാർക്കൽ തീരുമാനങ്ങളിലെ അസന്തുലിതയും  വസ്തുനിഷ്ഠമില്ലായ്മയും വെളിവാക്കുന്നതാണ്. ആദിയുടെ ശരീരവും ധരിച്ചിരുന്ന വസ്ത്രങ്ങളും ക്ലാസിൽ എവിടെ ആദിയെ ഇരുത്തണമെന്ന് ആൺകോയ്മാപൊതുബോധം തീരുമാനിക്കുകയായിരുന്നു. ആദിയുടെ തീരുമാനത്തിനു ബദലും അതിനെ ബഹുമാനിക്കാത്തതുമായിരുന്നു അദ്ധ്യാപകൻ്റെ നിർദ്ദേശങ്ങൾ. അതനുസരിച്ച് ആദിയെ മാറ്റിയിരുത്താനാണ് അദ്ധ്യാപകൻ തുനിഞ്ഞത്. പൊതുബോധത്തിൽ ഇവരുടെ ഇടം എവിടെ , അത് നിശ്ചയിക്കേണ്ടത് ആര്, എന്തുകൊണ്ട് സ്വയം നിർണ്ണയിക്കേണ്ടതാണിത് എന്നതൊക്കെ ഈ ചെയ്തി ഉളവാക്കുന്ന ചോദ്യങ്ങളാണ്. സ്ത്രീശരീരത്തെ വരുതിയിലാക്കുന്ന ആൺ കോയ്മ ട്രാൻസ്ജെൻഡർ ശരീരത്തെ ചൊൽപ്പടിയിലാക്കാൻ ശ്രമിക്കുന്നത് ദയനീയമായാണ്.

 

 

 

 

1 comment:

Anonymous said...

ഗംഭീരം ആണ് തങ്കാളുടെ നിരീക്ഷണം!