Monday, November 19, 2007

തിരക്കഥയിലെ തിരുത്ത്

വീട് ആകപ്പാടെ പരിശോധിച്ച് തൃപ്തിയാകാന്‍ സംവിധായകന്‍ രാവിലെ തന്നെ ആ വീട്ടിലെത്തി. പുതിയ സിനിമയുടെ പ്രധാനപ്പെട്ട സീനുകളാണ് അന്ന് ചിത്രീകരിക്കേണ്ടിയിരിക്കുന്നത്.രണ്ടു ദിവസം മുന്‍പുതന്നെ വീടു സന്ദര്‍ശിച്ചതാണ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റിനോടൊപ്പം. ഷൂടിങ്ങ് തുടങ്ങിക്കഴിഞ്ഞശേഷം മുടക്കുന്നത് തനിയ്ക്കൊട്ടും ഇഷ്ടമല്ലെന്നുള്ളത് യൂണിറ്റില്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എങ്കിലും വിട്ടുപോയ എന്തെങ്കിലും നിശ്ചിതപ്പെടുത്താന്‍ തീരുമാനിച്ചാണ് രാവിലെ തന്നെ എത്തിയത്. ലൊക്കേഷനില്‍ വച്ചു സ്ക്രിപ്റ്റ് എഴുതുന്നതുപോട്ടെ സ്ക്രിപ്റ്റില്‍ മാറ്റം വരുത്താന്‍ പോലും സമ്മതിക്കാറില്ല താനെന്നു എല്ലാവര്‍ക്കുമറിയാമെന്നത് തെല്ല് അഹങ്കാരത്തോടെ ഓര്‍ത്തു.

വേലക്കാരിയാണെന്നു തോന്നുന്നു വാതില്‍ തുറന്നത്. അകം കൃത്യമായി വൃത്തിയാക്കി മോടി പിടിപ്പിച്ചിട്ടുണ്ട്. കലാസംവിധായകന് ഫ്രെയ്മിന്റെ വ്യാപ്തി അനുസരിച്ച് ചില്ലറ മാറ്റങ്ങള്‍ വരുത്താനുള്ളതേ ഉള്ളു. പ്രശസ്തനും സാംസ്കാരിക പ്രമുഖനുമായ വക്കീലിന്റെ വീട് ഇത്രയും ആര്‍ഭാടത്തോടെ കണ്ടില്ലെങ്കിലേ അദ്ഭുതമുള്ളു. അദ്ദേഹം പടികളിറങ്ങി വന്ന് കുശലമന്വേഷിച്ചു. സ്വര്‍ണരുദ്രാക്ഷത്തിന്റെ തിളക്കം പുഞ്ചിരിയിലും. പ്രൌഢിയും കുലീനത്വവും നിറഞ്ഞു കവിയുന്നു. വേറാരും വീട്ടീല്‍ വരികയില്ലെന്നും ഷൂട്ടിങിന് ഒരു ശല്യവുമുണ്ടാകില്ലെന്നും തെര്യപ്പെടുത്തി. അന്നത്തെ സീനിലുള്ള അച്ഛന്‍ കഥാപാത്രത്തെപ്പോലെ തന്നെയാണല്ലോ ഈ സ്വരൂപം എന്നൊരു തമാശച്ചിന്ത സംവിധായകനില്‍ ഊറിക്കൂടി. സമകാലികപ്രശ്നങ്ങളെ അതേപടി കൈകാര്യം ചെയ്യുന്ന കഥയില്‍ കേരളത്തിലെ സാമൂഹ്യപ്രശ്നങ്ങള്‍ ആഴത്തില്‍ നിരീക്ഷിക്കാറുള്ള കഥ-തിരക്കഥകൃത്ത് തന്റെ വൈദഗ്ദ്ധ്യം‍ ധാരാളം നിറച്ചിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍ കഥയ്ക്ക് കാതലായ സാംഗത്യമുണര്‍ത്തുന്നു. വഴിവിട്ട വാത്സല്യവും ഉത്തരവാദിത്ത ബോധമില്ലായ്ന്മയും ചെറുപ്പത്തലമുറയെ യാഥാര്ത്‍ഥ്യങ്ങളില്‍ നിന്നും ഓടിമാറാന്‍ പ്രേരിപ്പികുന്നു. കൊഞ്ചിച്ചു വഷളാക്കപെട്ട പെണ്‍കുട്ടികള്‍. അവരുടെ ചെറുവാശികള്‍ക്ക് വഴിപ്പെടുന്ന അമ്മമാര്‍.ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാളസിനിമകള്‍ അധികമില്ലെന്നോര്‍ത്ത് സംവിധായകനില്‍ സംതൃപ്തിയുടെ ഉള്‍ച്ചിരി കിലുങ്ങി. അന്നു രാവിലെ എടുക്കേണ്ട ഷോട്ടുകള്‍ നിര്‍ണ്ണയപ്പെടുത്താന്‍ സ്ക്രിപ്റ്റ് എടുത്ത് പൂമുഖത്തെത്തി. വിവാഹമോചനം നേടുന്ന പെണ്‍കുട്ടിയെ ജീവിതയാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി അനുനയിപ്പിക്കുന്ന സീനാണ് അന്നെടുക്കേണ്ടത്.പൂമുഖത്ത് രാവിലെ വീശുന്ന വെയില്‍ തന്നെ ഉപയോഗിക്കാം, സാധാരണത്തത്തിനു വേണ്ടി. പുലരിയുടെ ദൃശ്യങ്ങള്‍ അനുകൂലസാഹചര്യത്തിന് മാറ്റുകൂട്ടാന്‍ ഉപയോഗിക്കാം. പൂമുഖത്തെ പടികള്‍ കയറി പെണ്‍കുട്ടീ വരുന്ന ഷോട്ടു മാത്രം മതി പുറത്ത്. പിന്നീട് അകത്ത് അച്ഛനും മകളും സോഫയിലിരുന്നുള്ള സംഭാഷണരംഗങ്ങള്‍. ആദ്യം ഫ്ലാറ്റ് ടോണില്‍ വെളിച്ചം വിനിയോഗിച്ച്, പെണ്‍കുട്ടിയുടെ മുഖം പ്രസന്നമാകുന്ന അവസാന‍ഭാഗങ്ങളില്‍ മാത്രം മതി കൂടുതല്‍ വെളിച്ചമുള്ള ലൈറ്റുകള്‍. ഒരേ ഒരു സിനിമയുടെ അനുഭവം മാത്രമേ ഉള്ളുവെങ്കിലും നായികനടി കഴിവുള്ളവളാണ്. ദൈന്യതയും സന്തോഷവും കൃത്യമായി മുഖത്തണിയാന്‍ പ്രയസമില്ല അവള്‍ക്ക്. അച്ഛന്റെ റോള്‍ പ്രഗല്‍ഭനായ സ്ഥിരം അച്ഛന്‍ വേഷക്കാരന്‍ തന്നെ. അദ്ദേഹം ചെറിയ ഡയലോഗ് ബിറ്റുമാത്രം പറഞ്ഞാല്‍ ‍മതി അത് അതേപടി പ്രേക്ഷകനില്‍ ചെന്നു തറയ്ക്കും. സംഭാഷണങ്ങള്‍ എല്ലാം ഉറക്കെത്തന്നെ ഷൂട് ചെയ്യുമ്പോള്‍ത്തന്നെ ഉച്ചരിക്കും സ്വാഭാവികതയ്ക്കു വേണ്ടി. ഡബ്ബിങ്ങ് സമയത്ത് അഡജസ്റ്റ് ചെയ്യാം എന്ന വാശിയൊന്നുമില്ല. മകളെ നിശിതമായി നേരിടുന്ന ഭാഗം ഉജ്വലമായിരിക്കും സംശയമില്ല.ചെറിയ പിണക്കങ്ങളളും പെണ്‍കൊഞ്ചല്‍ വാശിയും വിവാഹമോചനത്തിലൊന്നും എത്തിക്കേണ്ടതില്ലെന്ന ന്യായം തിരക്കഥാകൃത്ത് ഒന്നാന്തരമായ യുക്തിയിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്.

പുറത്ത് ജെനെറേറ്ററുമായി ബസ് എത്തിയതും കേബിളുകള്‍ നീട്ടുന്നതും ഒന്ന് ശ്രദ്ധിച്ചശേഷം സംവിധായകന്‍ അകത്തേയ്ക്കു പോയി. അച്ഛനും മകള്‍ക്കുമുള്ള സോഫാകളുടെ അടുപ്പം കൃത്യമല്ലെ എന്നു ഒന്നുകൂടി ശ്രദ്ധിച്ചു. പെട്ടെന്നാണ് ഓടിവന്ന് ഒരു പെണ്‍കുട്ടി അവിടെ നിലയുറപ്പിച്ചത്. ദൈന്യതയും രോഷവും ഒരേപോലെ മുഖത്തെ ദോഷിപ്പിച്ചിട്ടുണ്ട്. ഒന്നു ചുറ്റും നോക്കിയശേഷം വേലക്കാരിയോട് ചോദിച്ചു” എന്താണിവിടെ?”
“കുഞ്ഞ് അറിഞ്ഞില്ലേ? സിനിമാ ഷൂട്ടിങ്ങാ, മൂന്നു ദിവസത്തെയ്യ്ക്ക്”
“അച്ഛന്‍ എവിടെ?”
“അടുക്കളയില്‍ ഉണ്ടല്ലൊ“.
അവള്‍ അതീവ ദേഷ്യത്തോടെ ഓടി അടുക്കളയില്‍ എത്തിയത് സംവിധായകന്‍ ശ്രദ്ധിച്ചു.
അച്ഛന്‍ അവളോട് ചൊദിച്ച വാചകം കേട്ട് സംവിധായകന്‍ ഞെട്ടി.
“ നീ അതിനു തന്നെ തീരുമാനിച്ചു അല്ലേ?’
സ്ക്രിപ്റ്റിലെ ആദ്യത്തെ ഡയലോഗ്!

“ഞാന്‍ തീരുമാ‍നിച്ചെന്നോ? അച്ഛന്റെ പണ്ടത്തെ ചെയ്തികളുടെ ബാക്കി”

അസാധാരനമായ വൈരാഗ്യസ്വഭാവം വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. വേണ്ടതിലും കൂടുതല്‍ ഒച്ചയിലുമാണ് അവള്‍ ഇതു പറഞ്ഞ്ത്. കുഴപ്പമാകുമോ ദൈവമേ, സംവിധായകന്‍ ഓര്‍ത്തു. വീട്ടുകാര്‍ വഴക്കുണ്ടാക്കിയാല്‍ ഷൂട്ടിങ്ങിനെ ബാധിയ്ക്കും. പക്ഷെ തന്റെ സ്ക്രിപ്റ്റ് ഇവിടെ യഥാതഥമായി പുനര്‍ജ്ജനിക്കുകയാണോ എന്ന സന്ദേഹത്താല്‍ സംവിധായകന്‍ സംഭാഷണം ശ്രദ്ധിച്ചു.

“എന്നേക്കാളും വിശ്വാസം ആ സൈക്കിയാട്രിസ്റ്റിനെ അല്ലേ നിനക്ക്? അയാള്‍ കുടുംബം കലക്കുന്ന ദ്രോഹിയാണല്ലൊ.”

“അയാള്‍ അല്ല. പ്രായം ചെന്ന സ്ത്രീയാണ്. അച്ഛന്‍ സ്വാധീനിക്കുന്ന ഡോക്ടര്‍മാരുടെ സ്ഥലമായതുകൊണ്ട് മറ്റൊരു ഡോക്ടറെയാണ് കണ്ടത്. ഈയിടെ ജെര്‍മ്മിനിയില്‍ നിന്നും റിടയര്‍ ചെയ്തു വന്ന ഒരു പാവം തോന്നിപ്പിക്കുന്ന സ്ത്രീയാണ് ആ സൈക്കിയാട്രിസ്റ്റ്. ജെര്‍മ്മിനിയില്‍ കേട്ടിട്ടുള്ള ക്രൂരതകളേക്കാള്‍ ഞെട്ടിച്ചു എന്റെ കാര്യം”

“അപ്പോള്‍ എല്ലാം നീ പറഞ്ഞോ?“

“പറഞ്ഞെന്നു മാത്രമല്ല. രവിയെ ബോധ്യപ്പെടുത്തി, എന്റെ കാര്യം രക്ഷയില്ലെന്ന്. ഡിവോഴ്സ് പേപ്പെഴ്സ് ഞാന്‍ തന്നെ ഒപ്പിട്ട് രവിയ്ക്ക് കൊടുത്തപ്പോള്‍ പതിവു പോലെ കണ്ണു നനയിച്ച് പുറത്തേയ്ക്കു നോക്കി. ആദ്യം അടുത്തു കിട്ടുന്ന ആണിനോട് ഞാന്‍ പക പോക്കുന്നതാണ് എന്ന് സൈക്കിയാട്രിസ്റ്റ്‍ കട്ടായമായി പറഞ്ഞു. ഇനിയും ഞാന്‍ രവിയെ ഉപദ്രവിക്കാന്‍ തയാറല്ല.“

“എന്താണ് നീ പറഞ്ഞ്ഞു വരുനനത്? അതൊക്കെ നിന്നെ ഡിസിപ്ലിന്‍ ചെയ്യാന്‍ ചെയതതല്ലെ?”

“അതേ. അറിയാം. മൂന്നു വയസ്സില്‍ എന്തോ കുസൃതി കാണിച്ചതിന്‍ തുടയില്‍ പേനയുടെ നിബ് കുത്തിക്കേറ്റിയതിന്റെ ചെറിയ ഓര്‍മ്മയെ ഉള്ളു. ഡാന്‍സ് പ്രാക്റ്റീസ് ചെയ്യാത്തതിന് അലമാരിയില്‍ പൂട്ടിയിട്ടത് ചെറിയ ശിക്ഷ. അടിച്ച് ബോധം കെടുത്തുമ്പോള്‍ പിടിച്ച് മാറ്റാന്‍ വരുന്ന അമ്മയെ തൊഴിയ്ക്കുന്നത് എന്റെ സ്ഥിരം കാഴ്ച്ചയായി.ബാത്രൂമില്‍ തള്ളിയിട്ട് തലപൊട്ടിയത് വെറും അപകടമാണെന്ന് സ്കൂളില്‍ പറയാന്‍ പഠിച്ച നുണകളിലൊന്ന്. പേടി , പേടി മാത്രം കൊണ്ട്. മാര്‍ക്കു കുറഞ്ഞതുകൊണ്ട് വിരലുകള്‍ കതകിനിടയില്‍ വച്ചു ഞെരിക്കുന്നത് പത്തു വയസ്സുകാരിയെ മര്യാദ പഠിപ്പിക്കാനുള്ള എളുപ്പവഴി.പ്രശസ്ത വക്കീലിന്റെ മകള്‍, കുട്ടനാട്ടിലെ പ്രസിധ്ധ തറവാട്ടിലെ ഒരു സുന്ദരിയുടെ പുത്രി നഖത്തിനടിയില്‍ കയറ്റിയ സൂചിയുമായി പ്രാണവേദനയോടെ ഓടിയതും ഒക്കെ മേനോന്‍ ആന്റ് ജോണ്‍സണ്‍ ഗ്രൂപ്പിലെ പ്രമുഖ വക്കീലിന്റെ ഡിസിപ്ലിന്‍ നിയമാവലിപ്രകാരമായിരുന്നുവല്ലൊ.“

“പതുക്കെ . ആ സിനിമാക്കാരു കേള്‍ക്കും”

“ഇല്ല ആരും കേള്‍ക്കുകയില്ല. ഈ വീട്ടില്‍ ഞാന്‍ വിളിച്ചുകൂകിക്കരഞ്ഞതൊന്നും ആരും കേട്ടിട്ടില്ല. ഭയങ്കര വേദനയോടെ ഓടി നടന്നതൊന്നും ആരും കണ്ടിട്ടുമില്ല. അടുക്കള്യുടെ കോണില്‍ നിന്ന് ഏതു വേദനയാണ് ഇനിയെന്ന് ആലോചിക്കാന്‍ പോലും സമയം കിട്ടതെ കണ്ണിറുക്കിയടച്ച് വിറങ്ങലിക്കുമ്പോള്‍ ചുട്ടുപഴുത്ത സ്പൂണ്‍ തുടയില്‍ കരിഞ്ഞു കയറുന്നത് ആരാണ് കണ്ടിട്ടുള്ളത്?“

“മോളേ ഞാന്‍ എല്ലാ മാസവും ഗുരുവയൂര്‍ പോയി പാപപരിഹാരത്തിന് തൊഴുന്നുണ്ട്.”

“അറിയാം. രവിയോട് എനിക്ക് ഇതൊന്നും പറഞ്ഞാല്‍ പോര. കല്യാണത്തിനു ശേഷം രണ്ടാം ദിവസം തന്നെ ഞാന്‍ രവിയെ ഉപദ്രവിച്ചു തുടങ്ങി. ആണിനോടുള്ള പക പോക്കല്‍. എന്തിനു, വെറുതേ ഫാനിന്റെ സ്പീഡ് സ്വല്‍പ്പം കുറച്ചത് സഹിക്കാതെ ചാടി കയ്യേല്‍ പിടിച്ച് അട്ടഹസിച്ചു. അതൊരു തുടക്കം മാത്രം. കഴിഞ്ഞ രണ്ടു കൊല്ലത്തിനകം എന്തെല്ലാം ഭേദ്യങ്ങള്‍ ഞാന്‍ സഹിപ്പിച്ചു! എന്താണ്‍ രവീ എന്നെ തിരിച്ചു തല്ലാത്തത് എന്നു ചോദിച്ചാല്‍ മനസ്സു ശരിയല്ലാത്തവരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്നാണ് പറയാറ്. പാട്ടൂം വയലിനും വീണയുമൊക്കെയായി നടന്ന പാലക്കാടന്‍ പയ്യന്റെ വിധി! സൈക്കിയാട്രിസ്റ്റിനെ കാണാമെന്നു ഞാന്‍ തന്നെ സജസ്റ്റ് ചെയ്തു. അത്ര എളുപ്പം മാറുന്ന പ്രതികാരമോഹല്ലെന്ന് ഡോക്ടര്‍. രവിയോട് രക്ഷപെട്ടോളാന്‍ പറഞ്ഞത് ഞാന്‍ തന്നെ. 'innocent divorcee' എന്നൊക്കെയുള്ള വിവാഹപ്പരസ്യം അടുത്തകൊല്ലം ഇടുന്നത് തല്‍ക്കാലം രവിയ്ക്ക് ദുര്യോഗമാണെങ്കിലും ഈ രണ്ടു കൊല്ലം ആ പാവത്തിന് മറക്കാന്‍ പറ്റിയേക്കും. പക്ഷേ എന്റെ കാര്യം...’

“നീ എന്തു ചെയ്യാന്‍ പോകുന്നു?”

“ഞാനോ? എന്തു ചെയ്യാനെന്നോ? കാണണോ?“

അവളുടെ കണ്ണിലെ തീക്കനല്‍ സംവിധായകന്‍ വ്യക്തമായി കണ്ടു. അവള്‍ ഒരു സ്റ്റൂളില്‍ ചാടിക്കയറി. ഫ്രിഡ്ജിനു വശത്തായി മുകളില്‍ ചെരിച്ചുറപ്പിച്ച വലിയ ഗുരുവായൂരപ്പന്‍ ചിത്രത്തിനു പുറകില്‍ ഭ്രാന്തമായ ആവേശത്തോടെ പരതി.കിട്ടിയ ഒരു വലിയ ചൂരല്‍ വടിയുമായി സ്റ്റൂളില്‍ നിന്നും ചാടിയിറങ്ങി. ചൂരല്‍ അച്ഛന്റെ നേരെ ആഞ്ഞു വീശി. അയാള്‍ അടുക്കളയുടെ കോണില്‍ പേടിച്ചൊതുങ്ങി. അവള്‍ ചൂരല്‍ അയാളുടെ മുഖത്തോടടുപ്പിച്ച് ആസകലം വിറച്ചു.

“ഇത് ഇവിടെത്തന്നെ ഉണ്ടാകുമെന്ന് എനിയ്ക്കറിയാമായിരുന്നു. വരഞ്ഞുപൊട്ടിയ തൊലിയുടെ മണം ഇപ്പോഴും ഇതിന്മേലുണ്ട്.അതൊന്നു മണത്തുനോക്കണം!. മണം കിട്ടുന്നുണ്ടോ? ഡിസിപ്ലിനിങ്ങിന്റെ മണം കിട്ടുന്നുണ്ടൊ വക്കീലേ?’

അവളുടെ ഭാവപ്പകര്‍ച്ചയില്‍ അന്ധാളിച്ച അയാള്‍ പകച്ചു നിന്നു. അവള്‍ പെട്ടെന്ന് സ്വര്‍ണരുദ്രാക്ഷമാലയില്‍ പിടുത്തമിട്ടു. വികൃതമായ ചിരി അയാളെ ഭയപ്പെടുത്തി.
“ഇത്, ഇതെനിക്കു വേണം.”
ഒറ്റ വലിക്കു മാല പൊട്ടിച്ചെടുത്തു.വടി അയാളുടെ മേല്‍ വലിച്ചെറിഞ്ഞ് കിതപ്പോടെ മാറി. പെട്ടേന്ന് തിര്ഞ്ഞ്നിന്ന് വിളിച്ചു പറഞ്ഞു ‘ അല്ലെങ്കില്‍ വേണ്ട”.

മാല അയാളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അയാളുടെ നെഞ്ചില്‍ തട്ടി മാല നിലത്തെ മാര്‍ബിള്‍ത്തറയില്‍ വീണ് ഒരു വികൃതാക്ഷരം പോലെ കിടന്നു.

ഉറക്കെ കരഞ്ഞുകൊണ്ട് അവള്‍ പുറത്തേയ്ക്ക് ഓടി മറഞ്ഞു.

സംവിധായകന്‍ പെട്ടെന്ന് പുറത്തെത്തി. വന്നു കയറിയ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനോട് പറഞ്ഞു. “ഇന്ന് ഷൂട്ടിങ് ഇല്ല. പെട്ടെന്ന് എല്ലാവരോടും വിളിച്ച് പറയൂ.” പ്രൊഡക്ഷന്‍ അസിസ്റ്റന്റ് വെപ്രാളത്തോടെ സെല്‍ ഫോണില്‍ നമ്പരുകള്‍ പരതി.സ്ക്രിപ്റ്റ് കടലാസുകള്‍ മടക്കി ബാഗില്‍ വയ്ക്കുന്ന സംവിധായകനെ അദ്ഭുതത്തോടെ നോക്കി.

സംവിധായകന്‍ തിരക്കഥാകൃത്തിനെ വിളിച്ചു.
‘ഞാന്‍ ഉടനെ അങ്ങോട്ടു വരികയാണ്. പേനയും കടലാസും റെഡിയാക്കി ഇരിക്കുക“.

16 comments:

എതിരന്‍ കതിരവന്‍ said...

തിരക്കഥയിലെ തിരുത്ത്

പുതിയ കഥ. കഥാപാത്രം സാങ്കല്‍പ്പികമല്ല.

Sethunath UN said...

ചിന്തയും പ്രവൃത്തിയും കാഴ്ചയും തമ്മിലുള്ള വൈരുദ്ധ്യം കാണുന്നു ഞാനീ കഥയില്‍. നല്ല കഥ.
എതിരന്‍,
സംവിധായകന്‍ അകത്തേയ്ക്കു ചെന്നുകഴിഞ്ഞുള്ള പൊസിഷനില്‍ ഒരു തെറ്റുണ്ടോ എന്നൊരു സംശയം.
“സംവിധായകന്‍ സംഭാഷണം ശ്രദ്ധിച്ചു“ എന്നാണല്ലോ പറയുന്നത്. പിന്നെയുള്ള സംഭവങ്ങ‌ള്‍ നടക്കുന്നത് അടുക്ക‌ളയിലും. സംവിധായകന്റെ കാഴ്ചയായിട്ടാണ് വിവരിയ്ക്കുന്നതും. വക്കീല്‍ സംവിധായകനെ കാണുന്നുമില്ല. “പതുക്കെ . ആ സിനിമാക്കാരു കേള്‍ക്കും” എന്നു പറയുന്നുണ്ടല്ലോ. അപ്പോള്‍ സംവിധായകന്‍ എവിടെ നില്‍ക്കുന്നു എന്നതും അവരെ എങ്ങനെ കാണുന്നു എന്നതും പ്രധാന‌മാണല്ലോ.
ഇനി എന്റെ കാഴ്ചയുടെ കുഴപ്പമാണോ എന്നറിയില്ല.

എതിരന്‍ കതിരവന്‍ said...

ശ്രീമാന്‍ നിഷ്ക്:
കൃത്യമായി ചില കാര്യങ്ങള്‍ നിജപ്പെടുത്താത്തത് ഋജുത്വം പോകുമോ എന്നു പേടിച്ചാണ്. സംവിധായകന്‍ പൂമുഖത്തുനിന്നും കയറിച്ചെല്ലുന്ന മുറിയില്‍ അടുക്കള്യിലേക്കുള്ള വാതിലിനടുത്ത് പതുങ്ങി നില്‍ക്കുകയാണ്‍. അച്ഛന് അയാള്‍ ആ മുറിയിലെങ്ങാനുമുണ്ടെന്നേ അറിയൂ.

ശ്രദ്ധയോടെ വായിച്ചതില്‍ വളരെ സന്തോഷം.

Promod P P said...

പെണ്‍കുട്ടിയുടെ കഥയെ ഒരു സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെടുത്തിയത് എന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പെണ്‍കുട്ടിയുടെ കഥ മാത്രമെ എന്നെ സ്പര്‍ശിച്ചൊള്ളു

അതു പോലെ,വക്കീലിന്റെ സ്വര്‍ണ രുദ്രാക്ഷം ആദ്യം പിടിച്ചു വാങ്ങുന്നത് പീഡകനായ പിതാവായി താദാത്മ്യം പാലിക്കാനാണൊ? പിന്നീടുണ്ടായ വീണ്ടു വിചാരമായിരിക്കുമോ പെണ്‍കുട്ടിയെ കൊണ്ട് ആ സ്വര്‍ണ്ണ രുദ്രാക്ഷമാല അയാള്‍ക്ക് തന്നെ തിരികെ കൊടുപ്പിക്കുന്നത്?

R. said...

'അതിഭാവുകത്വമല്ലേ' എന്നു കമന്റെഴുതാനാണ് ആദ്യം വന്നത്. കഥയുടെ ഒടുക്കം കഥാപാത്രം‌ സാങ്കല്പികമല്ല എന്നു കണ്ടു. എക്സാജിറേഷന്‍ തുള്ളിപോലുമില്ല?

ഇല്ലെങ്കില്‍ ഞാന്‍ ഞെട്ടി. ഉഗ്രനായി ഞെട്ടി.

സാജന്‍| SAJAN said...

കഥയാണല്ലൊ എന്ന് കരുതി വായിച്ച് വന്നിട്ട് വല്ലാത്ത ഒരു ഡിസ്ക്ലൈമെറും:)
പക്ഷേ ആ പച്ച ടെമ്പ്ലേറ്റില്‍ എഴുതിയിരുന്ന എതിരവന്‍ തന്നെയാണോ ഇത്, എന്ത്യേ ഇത്രയും അക്ഷരത്തെറ്റുകള്‍?

എതിരന്‍ കതിരവന്‍ said...

തഥാഗതന്‍:
നന്ദി.
സിനിമകളില്‍ കാണാറുള്ളതാണ് നമ്മളുടെ പൊതു വീക്ഷണം. സമൂഹത്തെ ശരിക്കും പഠിച്ചിട്ടുണ്ടെന്ന് കഥ-തിരക്കഥാകൃത്തും വിചാരിക്കുന്നു. സിനിമയാക്കി ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുന്നത് നമ്മുടെ രീതി (മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്......). വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെ കാരണങ്ങള്‍ കുട്ടികളുടെ കൊഞ്ചലാക്കി മുതിര്‍ന്ന തലമുറ രക്ഷപെടുകയാണ്. എണ്ട്രന്‍സ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങുവാനും ഡാന്‍സ് മത്സരത്തില്‍ സമ്മാനം നേടാനും മാത്രമൊക്കെയാണ് കുട്ടീകളെ വളര്‍ത്തുന്നത്.

സ്വര്‍ണരുദ്രാക്ഷമാലയോട് പ്രതികാരം ചെയ്യാന്‍ അവള്‍ കയ്ക്കലാക്കുന്നു. പക്ഷെ ഹിംസയുടെ വഴിയെ പോകുന്ന പ്രവര്‍ത്തിയായതുകൊണ്ട് അവള്‍ അതു വേണ്ടെന്നു വയ്ക്കുകയാണ്.
രജീഷ്, സാജന്‍:
ഈ പെണ്‍കുട്ടിയെ എനിയ്ക്ക് നേരിട്ടറിയാം. അവള്‍ ഇതു വായിക്കുമോ എന്ന പേടിയുമുണ്ട്. സത്യം ഇതിലും ഭീകരമാണ്. പക്ഷെ ഇത് എഴുതണമെന്ന് എനിക്ക് വാശി വന്നതുപോലെ തോന്നി.
സാജന്‍, എന്റെ വളരെ നല്ല കഥയെന്നു ഞാന്‍ തന്നെ വിശ്വസിക്കുന്ന്ന “അവസാനത്തെ കൃഷ്ണന്‍” ഒന്നു കൂടെ വായിച്ചു നോക്കി ഈയിടെ. നിറയെ അക്ഷരത്തെറ്റുകള്‍! കുറെ തിരുത്തി. പെട്ടെന്ന് പോസ്റ്റ് ചെയ്യാന്‍ കാണിക്കുന്ന ധൃതിയാണ് കാരണം.(എന്റെ ജീവിതം തന്നെ അക്ഷരത്തെറ്റല്ലേ എന്നു ഭയങ്കര ഫിലോസൊഫിയും പറഞ്ഞ് ഓടുന്നു)

പ്രയാസി said...

ഞാന്റെ ചെറിയ ബുദ്ധിയില്‍ കൊള്ളാം എതിരവാ കഥ..
ഇങ്ങനെയെഴുതുന്നില്ലെ അതു തന്നെ ധാരാളം..:)

ഏറനാടന്‍ said...

എതിരന്‍ കതിരവന്‍, വെല്‍ ഡണ്‍ ഡിയറ് ബോയ്..! ഇതാണ്‌ സ്ക്രിപ്റ്റ്, ഒന്നൂടെ പോളിഷാക്കിയാല്‍ അടുത്തൊരു മധു മുട്ടം (മണിച്ചിത്രത്താഴ്) നിങ്ങളിലൂടെ രംഗത്തെത്തുന്ന ലക്ഷണം നാം കാണുന്നുണ്ട്.

കുഞ്ഞന്‍ said...

ഹഹ.

പോസ്റ്റും കമന്റുകളും വായിക്കുമ്പോള്‍ ഒരു സിനിമ കണ്ട പ്രതീതി

എന്തായാലും സ്ക്രിപ്റ്റില്‍ മാറ്റം വരുത്താത്ത സംവിധായകന്‍ അവസാനം തിരക്കഥ മാറ്റിയെഴുതാന്‍ തയ്യാറായല്ലൊ, അതു മതി..!

വേണു venu said...

പാവം സം‌വിധായകന്‍‍.
എന്തൊക്കെയോ അസംഭവ്യതകള്‍‍ തിരക്കഥയില്‍‍ കാണുന്നു.
അതിനാലാകാം തീരുത്ത്.:)

എതിരന്‍ കതിരവന്‍ said...

പ്രയാസി: കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
ഏറനാടന്‍: അതെയതെ, അടുത്ത മധു മുട്ടം! വെള്ളിത്തിരയില്‍ കാണുക: ‘കഥ-തിരക്കഥ-എതിരന്‍ കതിരവന്‍’! ഉവ്വുവ്വേ......

കുഞ്ഞന്‍: സംവിധായകന്‍ വിചാരിച്ചത് ആദ്യത്തെ ഡയലോഗ് സ്ക്രിപ്റ്റിലേപോലെ ആയതുകൊണ്ട് അയ്യാള്‍ വിചരിച്ച രീതിയില്‍ കാരയ്ങ്ങള്‍ നടക്കുമെന്നാണ്.

വേണു:
ഇന്ന് ചെറുപ്പക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെ കാരണങ്ങള്‍ മുഴുവന്‍ പെണ്ണിന്റേയോ പയ്യന്റേയൊ ഉത്തരവാദിത്തമില്ലായ്മയില്‍ കെട്ടി വയ്ക്കപ്പെടുകയാണ്. മുതിര്‍ന്ന തലമുറ എങ്ങനെയാണ് ഇവരെ വളര്‍ത്തി വാര്‍ത്തെടുത്തിരിക്കുന്നത് എന്നത് അന്വെഷിക്കാറില്ല. മാതാപിതാക്കള്‍ അവരുടെ കഴിവുകേടും അശ്രദ്ധയും ചിലപ്പോള്‍ ഈ കഥയിലേപോലെ തെമ്മാടിത്തരവും മറച്ചു വയ്ക്കുകയാണ്. “പെണ്ണ് മഹാ വാശിക്കാരിയാണ്” അവള്‍ക്കിപ്പോഴും കൊഞ്ചലാണ്” “മകന്‍ കടുമ്പിടുത്തക്കാരനാണ്“ എന്നൊക്കെ പറയുമ്പോള്‍ എന്തു കൊണ്ട് നിങ്ങള്‍ അവളെ/അവനെ അങ്ങനെ വളര്‍ത്തി? എന്ന ചോദ്യം നേരേ ചോദിക്കേണ്ടതാണ്.

കേരളത്തില്‍ ഇന്ന് വീട്ടിനകത്തും പുറത്തും എണ്ട്രന്‍സ് പരീക്ഷ്യ്ക്കുള്ള കോച്ചിങേ ഉള്ളു.

ശ്രുതസോമ said...

എതിരവൻ,
നന്നായിട്ടുണ്ട്!
അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണേ!

പൊറാടത്ത് said...

വിവാഹമോചനങ്ങളുടെ പിന്നിൽ ഇത്തരം ഒരു കഥയും ഉണ്ടായിരിയ്ക്കും എന്ന് പലരും ചിന്തിയ്ക്കാറില്ലെന്നത് സത്യം...

ആ പെൺകുട്ടി ചൂരലുമായി കഥാകൃത്തിന്റെ അടുത്തേയ്ക്ക് വരുന്ന ഒരു സീൻ കൂടി ഉണ്ടാവില്ലേ.., ഒന്ന് കരുതിയിരിയ്ക്കുന്നത് നല്ലതാണ് :)

എന്നിട്ട്, തിരുത്തിയ തിരക്കഥ എന്ന് പുറത്ത് വരും? :)

Anonymous said...

ഇത്തരം അനുഭവങ്ങള്‍ അപൂര്‍വമല്ല ഇന്നത്തെ സമൂഹത്തില്‍. അണുകുടുംബത്തിലെ കുട്ടികളുടെ വളര്‍ച്ച വേറൊരു തരത്തിലാണു. തീരെ ഓര്‍ഗാനിക്കല്ലാത്ത ആ വളര്‍ച്ചയില്‍ പലതും നഷ്ടപ്പെടുന്നതു നാം കാണുന്നില്ല. പിറവി തൊട്ടേ കുട്ടികളെ എന്റ്രന്‍സിനായി ഉഴിഞ്ഞിടുന്ന മാതാപിതാക്കന്മാര്‍ തന്നെ ഇതിനൊക്കെ കാരണം. പക്ഷെ ഈ തീം ഒരു സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെടുത്തേണ്ടിയിരുന്നില്ല എന്നു തോന്നി.
സേതു

സുധി അറയ്ക്കൽ said...

തിരക്കഥയിൽ മാറ്റം വരുത്തി,നായികയേയും മാറ്റിയൊ???