Thursday, October 18, 2007

ചെമ്പരത്തി നടുന്നവര്‍

വീടു വാങ്ങിച്ച് കയറിത്താമസിക്കുന്നതിനു മുന്‍പു തന്നെ അയാള്‍ തീരുമാനിച്ചിരുന്നു. മുന്‍പില്‍ ധാരാളം ചെമ്പരത്തികള്‍ വച്ചു പിടിപ്പിക്കണം. ബാള്‍ടിമോറില്‍ എങ്ങനെയാ ചെമ്പരത്തി വളരുന്നത്, തണുപ്പുകാലത്ത് മഞ്ഞുവീഴുമ്പോള്‍ എല്ലാം ചത്തുപോകുകയില്ലെ എന്നു ഭാര്യക്കു സംശയം. തണുപ്പ് അതിജീവിക്കാന്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത ചെമ്പരത്തികള്‍ മെയില്‍ ഓര്‍ഡര്‍ ചെയ്യാം. തണുപ്പുകാലത്ത് അവ വാടിപ്പോകുമെങ്കിലും പിന്നെ മാര്‍ച്ചു മാസത്തില്‍ വേരില്‍ നിന്നും പൊട്ടി മുളയ്ക്കും. പിന്നെ മൂന്നാലു മാസത്തേയ്ക്കേ ഈ പൂക്കാലം ഉള്ളുവെങ്കിലും അതു ധാരാളം മതി. പല തരത്തിലുള്ള പൂക്കള്‍ ഉള്ള ചെമ്പരത്തികള്‍ കിട്ടും. ചുവപ്പിന്റെ പല ഷേഡുകളില്‍ ഉള്ളത്, റോസ് നിറത്തിലുള്ളവ. അങ്ങിനെ. ചിലവയ്ക്ക് “വണ്‍ ഫുടര്‍’ എന്നാണ് പറയുക. പൂവിന്‍് ഒരടി വ്യാസം കാണും. അത്ര വലുതാണ്. ചെമ്പരത്തിക്കമ്പുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് വീടിനു മുന്‍പില്‍ കുറേ സ്ഥലം പുല്ലു മാറ്റി കിളച്ച് ഇഷ്ടികകള്‍ കൊണ്ട് അതിരു തിരിച്ചിട്ടു അയാള്‍.


നാട്ടില്‍ വീടിനു ചുറ്റും ചെമ്പരത്തിയാണ്. അച്ഛനും താനും കൂടെ വച്ചു പിടിപ്പിച്ചവ. പലതരം ചെമ്പരത്തികള്‍ കൊണ്ടു വന്ന് നടുകയായിരുന്നു അച്ഛന്റെ വിനോദം. വീടിനു ചുറ്റും കാടുപോലെയായപ്പോള്‍ അമ്മ സ്വല്‍പ്പം എതിര്‍ത്തു. പക്ഷെ അച്ഛന്‍ മണ്മറഞ്ഞതിനുശേഷം അമ്മ തന്നെ അവയെയെല്ലാം പരിപാലിച്ചു തുടങ്ങി. നാട്ടില്‍ ചെല്ലുമ്പോള്‍ ഓരോ ചെമ്പരത്തിയുടെയും മുന്‍പില്‍ നിന്നു താന്‍ നേരം കളയുന്നത് അമ്മ നനഞ്ഞ കണ്ണുകളോടെ നോക്കും. കുട്ടിക്കാലത്തെ അച്ഛനുമായുള്ള സംവേദനം പ്രധാനമായും ചെമ്പരത്തി നടീല്‍ പ്രക്രിയയില്‍ക്കൂടിയായിരുന്നു. കുഴികള്‍ കുത്തിക്കഴിഞ്ഞ് തന്നെ വിളിക്കും. കമ്പു നടുക്കു പിടിച്ചു കൊണ്ടിരിക്കുന്നത് താനാണ്. അച്ഛന്‍ ചുറ്റും മണ്ണിട്ടു കുഴി നികത്തും. മണ്ണ് അടിച്ചുറപ്പിക്കും. ആദ്യത്തെ കൂമ്പുകള്‍ വരുന്ന വരെ അച്ഛനു വേവലാതിയാണ്. കൂമ്പുകള്‍ വന്നാല്‍ ആരുടെ കൈപ്പുണ്യമാണെന്നൊരു വിവാദം ഉണ്ടാകാറുണ്ട്.

ചെമ്പരത്തി തഴച്ചു വളരുന്ന കാലിഫോര്‍ണിയയിലും തെക്കന്‍ സംസ്ഥാനങ്ങളിലും വീടുകള്‍ക്കു ഒരു മലയാളി ഛായയുണ്ടെന്നത് അയാളെ സന്തോഷിപ്പിച്ചിരുന്നു. പുതിയ വീടിനു മുന്‍പില്‍ ചെമ്പരത്തി എന്ന ഐഡിയ വന്നപ്പോഴെ ഭാര്യ ചിരിച്ചു. വീടു വാങ്ങിയതു തന്നെ ഇതിനല്ലെ എന്നായി അവള്‍. ബാക് യാര്‍ഡില്‍ അവള്‍ക്ക് പാവലിനും പടവലത്തിനും വെണ്ടയ്ക്കും സ്ഥലമുള്ളതുകൊണ്ട് നിങ്ങള്‍ ചെത്തിയോ മന്ദാരമോ കുറുമൊഴിയോ വളര്‍ത്ത്, പൂവ് ഞാന്‍ ചൂടിക്കോളാം എന്ന തമാശ നിലപാടെടുത്തു.


വേരുകള്‍ വളര്‍ന്ന ചെമ്പരത്തിക്കമ്പുകളുടെ പെട്ടി പോസ്റ്റ്മാന്‍ കൊണ്ടു വന്നത് വൈകിയിട്ടാണ്. അയാ‍ള്‍ എട്ടോളം കുഴികള്‍ കുഴിച്ചു. ഇന്നു തന്നെ എല്ലാം നടാന്‍ പറ്റുമൊ? സന്ധ്യയായല്ലൊ. രണ്ടെണ്ണം കുഴിയില്‍ വച്ചു മണ്ണു മൂടിയപ്പോള്‍ തന്നെ നേരം വൈകി. അപ്പോഴാണ് മോന്‍ ഓടിവന്നത്.
ഡാഡ്, ക്യാന്‍ ഐ ഹെല്പ്? അച്ഛാ ഞാന്‍ ചെയ്യാം. എന്നെക്കൂടെ കൂട്ട് അച്ഛാ. പ്ലീസ്. ഞാന്‍ മണ്ണു കോരിയിടാം അച്ഛാ.

മോന്‍ ഈ കമ്പു പിടിച്ചേ, ഞാന്‍ മണ്ണുകോരിയിടാം.

വേണ്ട, എനിയ്ക്ക് മണ്ണു കോരിയിടണം.

പോടാ. നിനക്കു ചെയ്യാവുന്ന പണിയൊന്നുമല്ലിത്. അകത്തു പോ.

മണ്ണു കോരിയിടുന്ന പണി എന്റേതാ എന്നു പറഞ്ഞ് അവന്‍ കരഞ്ഞു.‍ അകത്തേയ്ക്ക് ഓടി. രാത്രിയില്‍ സ്വല്‍പ്പം തേങ്ങിയാണ് ഉറങ്ങിയത്. ഭാര്യ പറഞ്ഞു.

ഈ ചെറിയ കാര്യത്തിന് എന്തിന് ഇത്രയും വാശി?

രാവിലെ അയാള്‍ ഉണര്ന്ന‍പ്പോള്‍ത്തന്നെ അവന്‍ ഉണര്‍ന്ന് റ്റി. വി. കാണുന്നുണ്ടായിരുന്നു. മോനെ വാരിയെടുത്ത് വെളിയിലെത്തി. ചെമ്പരത്തിക്കമ്പു അയാള്‍ കുഴിയില്‍ വച്ചു. മോന്റെ കയ്യില്‍ മണ്‍കോരി കൊടുത്തു. അവന്‍ സന്തോഷത്തൊടെ മണ്ണു കോരി കുഴി നിറച്ചു. പരിചയസമ്പന്നനെപ്പോലെ മണ്‍കോരിയുടെ മറുവശം കൊണ്ട് നിറഞ്ഞ മണ്ണ് അടിച്ചുറപ്പിച്ചു.

അയാള്‍ മോന്റെ മുഖത്ത് നോക്കിയും നോക്കാതെയും ക്ഷമാപണസ്വരത്തില്‍ പറഞ്ഞു:

ഇന്നലെ.... ഞാന്‍ അറിഞ്ഞില്ല.

17 comments:

എതിരന്‍ കതിരവന്‍ said...

“ചെമ്പരത്തി നടുന്നവര്‍”-പുതിയ കഥ.

ചെമ്പരത്തി, അച്ഛന്‍, മകന്‍ കഥാപാത്രങ്ങള്‍.

ദിലീപ് വിശ്വനാഥ് said...
This comment has been removed by a blog administrator.
രാജ് said...

നല്ല ഫീലുണ്ട്, പക്ഷെ അതിന്റെ പുതുമ ‘സര്‍ഗം’ കൊണ്ടുപോയി എന്ന് മാത്രം.

ശ്രീ said...

എതിരവന്‍‌ജി...

പക്ഷേ, എനിക്ക് എന്തോ ഈ കഥ നന്നായി ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട്...

:)

വാളൂരാന്‍ said...

ബന്ധങ്ങളുടെ തീക്ഷ്ണത നിറക്കുന്നു...

ഗുപ്തന്‍ said...

കൊള്ളാം ... തലമുറകള്‍ക്കിടയിലെ ദുര്‍ഗ്രാഹ്യമായ തുടര്‍ച്ചയും വ്യത്യസ്ഥതയുമൊക്കെ പറയാതെ പറയുന്ന കഥ...

ചിലയിടത്ത് ശൈലി ലേഖനരൂപത്തില്‍ നിന്ന് വിട്ടുപോരാതെ നില്‍ക്കുന്നു എന്ന് തോന്നി.

Promod P P said...

എതിരന്‍.. നല്ല ക്രാഫ്റ്റ്,നല്ല ഫീല്‍
പക്ഷെ അവസാനം എന്തൊ ഒരു അവ്യക്തത തോന്നി

ശിശു said...

എതിരന്‍‌ജി:) ചെമ്പരത്തി വായിച്ചു. താങ്കള്‍ പറയാന്‍ ശ്രമിച്ചത് എനിക്ക് മനസ്സിലായോ എന്ന് ശങ്കയുണ്ട്.. അതിനാല്‍ തുറന്ന് ചോദിക്കുന്നു.ക്ഷമിക്കുക.

പഴയകാലങ്ങള്‍ അതേപോലെ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണല്ലൊ ‘അയാള്‍’? അതുകൊണ്ട് തന്നെ, താന്‍ പണ്ട് ചെയ്തിരുന്നത് പോലെ തണ്ട് കുഴിയുടെ നടുക്ക് വെച്ച് കുട്ടിയെക്കൊണ്ട് മണ്ണിടുവിക്കുവാന്‍ അയാളാഗ്രഹിക്കുന്നു. പക്ഷെ കുട്ടി.. അയാള്‍ക്ക് വൈകിയെങ്കിലും മനസ്സിലാകുന്നു തന്റെതന്നെ അച്ഛന്റെ പുനര്‍ജനിയാണ് തന്റെ കുട്ടിയെന്ന്. അതാണല്ലൊ നല്ല തഴക്കത്തോടെ മണ്‍ വെട്ടി തിരിച്ച് വച്ച് അവന്‍ മണ്ണുറപ്പിക്കുന്നത്.
അത് വെളിപ്പെടുത്തുകയല്ലെ അവസാന വരി??
ഇന്നലെ....ഞാന്‍.??
(എന്റെ തെറ്റായ വായനയെങ്കില്‍ മാപ്പ്)

എതിരന്‍ കതിരവന്‍ said...

വാല്‍മീകി, പെരിങ്ങോടന്‍, ശ്രീ, മുരളീ, മനൂ, ന്‍--വളരെ നന്ദി.
പെരിങ്ങോടന്‍: ഏതു ‘സര്‍ഗ്ഗം’ ആണ്‍ ഉദ്ദേശിച്ചത്?

തഥാഗതന്‍: അവസാനത്തെ അവ്യക്തതയ്ക്കു താഴെ വിശദീകരണം.
ശിശു:
ശരിയാണ്. ശിശു ഉദ്ദേശിച്ചതു തന്നെ. അച്ഛനാണ് പണ്ടും മണ്ണു മൂടാറ്. അച്ഛന്‍ തന്നെയാണ്‍ അയാളുടെ കൂടെ ഇപ്പോള്‍ കുട്ടിയായി വന്നിരിക്കുന്നത്. അയാള്‍ക്ക് അത് രാത്രിയില്‍ എങ്ങനെയോ മനസ്സിലായി. തലേ ദിവസം മണ്ണു മൂടുന്നതിനു വേണ്ടി കുട്ടി എന്തിനു വാശി പിടിച്ചു എന്നാലോചിച്ചപ്പോള്‍ പിടി കിട്ടിക്കാണും.
അയാല്‍ പിറ്റേദിവസം മാപ്പു ചോദിക്കുകയാണ്.

ശിശു പറഞ്ഞതുപോലെ പിതൃ-പുത്ര ബന്ധം തിരിഞ്ഞും മറിഞ്ഞും തലമുറകളില്‍ നില നില്‍ക്കുന്നു.

എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നിയിരുന്നു, ഈ കഥയ്ക്ക് മാധവിക്കൂട്ടിയുടെ ഏറ്റവും നല്ലതെന്നു പ്രകീര്‍ത്തിക്കപ്പെട്ട “നാവിക വേഷം ധരിച്ച കുട്ടി” എന്ന കഥയുമായി സാമ്യമുണ്ടെന്ന്. അതിലും അവസാന വാചകം “എനിയ്ക്കു മനസ്സിലായില്ല” എന്നോമറ്റോ ആണ്. അതുകൊണ്ട് സ്വല്‍പ്പം നാണക്കേടൊടെയാണ് ഇതു പോസ്റ്റ് ചെയ്തത്.

ആ കഥയില്‍ universal motherhood ആണ് പ്രമേയം.

വല്യമ്മായി said...

മജീദും സുഹറയും കൂടി ചെമ്പരത്തി തന്നെയാ നട്ടത്.:)

നല്ല കഥ.

റീനി said...

നല്ല കഥ!
ശിശു ചോദ്യത്തിന്‌ നന്ദി. അതുകൊണ്ട്‌ എന്നെപ്പോലുള്ളവര്‍ക്ക്‌ മനസ്സിലായല്ലോ.
കഥാകൃത്തിനോട്‌ എക്സ്‌പ്ലനേഷന്‍ ആവശ്യപ്പെടരുതെന്നാണ്‌ എഴുത്തുകാര്‌ പറയുന്നത്‌.

ബാള്‍ട്ടിമോറിലാണല്ലേ? നാടന്‍ ചെമ്പരത്തികളൊക്കെ അകത്തുവളര്‍ത്തു. അപ്പൊ കണക്റ്റിക്കട്ടിലെ പോലെ സ്പ്രിങ്ങില്‍ കുലച്ചുമറിയും

എതിരന്‍ കതിരവന്‍ said...

വല്ല്യമ്മായീ, അതേ ഈ ചെമ്പരത്തി നടുന്നതും ബന്ധങ്ങളൂട്ടിയുറപ്പിക്കുന്നതും തമ്മില്‍ എന്തോ കണക്ഷനുണ്ടല്ലൊ.

റീനി:ശിശു ചോദിച്ചതു നന്നയി. അതിനു മുന്‍പേ മനു ഇക്കാര്യം കമന്റില്‍ എഴുതിയിട്ടുണല്ലൊ.
അല്ല, ബാള്‍ടിമോറിലല്ല. എന്റെ “പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്” ഫിലഡെല്ഫിയയിലാണ് നടക്കുന്നത്. കണറ്റിക്കാട്ട് (അതല്ലെ ആ സ്ഥലത്തിന്റെ പേര്?) അധികം ദൂരെയല്ല.
ചട്ടിയില്‍ വളരുന്ന ചെമ്പരത്തികളേക്കാള്‍ വളരെ വിപുലമാണ് വെളിയില്‍ കാടുപോലെ പടരുന്ന ചെമ്പരത്തികളുടെ ധിക്കാരധൈര്യം. കായ്കള്‍ വീണ് വേറേ തയ്യുകള്‍ പൊങ്ങുന്നത് കൂട്ടുകാര്‍ക്കും കൊടുക്കാ‍ാം.
ഇന്നു തന്നെ മെയില്‍ ഓര്‍ഡര്‍ ചെയ്യൂ. Springhill എന്ന കാറ്റലോഗില്‍ നിന്നും

simy nazareth said...

ഭയങ്കരന്‍ കഥ! അവസാനം കൊണ്ട് കിടിലം ആക്കി.

indiaheritage said...

നന്നായിരിക്കുന്നു. താങ്കളുടെ കഥകള്‍ മനസ്സില്‍ തട്ടുന്നവയാണെന്നു പറയാതിരിക്കുവാന്‍ വയ്യ. നന്ദി

Anonymous said...

പരിണാമ ചക്രം തിരിയുന്നു...

ആഷ | Asha said...

കഥ വളരെ ഇഷ്ടമായി.
:)

സാല്‍ജോҐsaljo said...

വായിക്കാന്‍ വൈകി. നല്ല കഥ. താങ്കളുടെ കഥകളിലെ സ്ഥിരമായി ക്ലീഷേകള്‍ പ്രതീക്ഷിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടിയില്ല.

അവസാനത്തെതിനു മുന്‍പത്തെ വരിയില്‍ ‘ബഹുമാനത്തോടെ‘ എന്നൊരു വാക്കുചേര്‍ത്തിരുന്നെങ്കില്‍ ഈ എക്സ്പ്ലനേഷന്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.