Thursday, October 11, 2007

നൂഡിത്സ് ദുരന്തം-സീക്വല്‍

[ബെര്‍ളി തോമസിന്റെ 'നൂഡിത്സ് ദുരന്തം!!' എന്ന കഥയുടെ സീക്വല്‍ ആണിത്. ബെര്‍ളിയുടെ കഥ സിനിമയാക്കുന്നെന്നു കേട്ടു. സീക്വല്‍ ഉണ്ടാക്കുന്നെങ്കില്‍ എന്റെ കഥയും പരിഗണിച്ചോട്ടെ എന്നു കരുതി. ആ കഥ നടന്ന ശേഷം ഇരുപത് കൊല്ലം കഴിഞ്ഞ് ഈ കഥ.]

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.....എന്ന പ്രാര്‍ത്ഥനയുടെ അവസാനം അമ്മേന്‍ എന്നു പറയേണ്ടിടത്ത് നാലു വയസുകാരന്‍ വര്‍ക്കിച്ചന്‍ അപ്രതീക്ഷിതമായി പറഞ്ഞത് നൂഡിത്സ് എന്നായിരുന്നു.

അപ്പന്‍ സാബുവും അമ്മ സാലിയും ഞെട്ടി. ശെടാ, ഈ കൊച്ചിനിതെന്നാ പറ്റി?

ഇരുപതു കൊല്ലം! നീണ്ട ഇരുപതു കൊല്ലമാണ് ഈ ഞെട്ടല്‍ സാബുവും സാലിയും ഓരോ നിശ്വാസത്തിനു ശേഷവും ആവര്‍ത്തിക്കുന്നത്. പ്രാര്‍ത്ഥനാസമയത്ത് ഉച്ചരിച്ചതിനാല്‍ ഏതോ അരുളപ്പാടിന്റെ ചീള് മകന്റെ ആത്മാവില്‍ കയറിക്കൂടിയതാണോ എന്നു ഭക്തിനിര്‍ഭരമായിട്ട് വ്യാകുലപ്പെട്ടിട്ടുണ്ട് അവര്‍. വര്‍ക്കിച്ചന്റെ നൂഡിത്സ് പ്രശ്നവുമായി മല്ലിട്ടിരിക്കുന്നത് ഒരു ഇരുനൂറു കൊല്ലമെങ്കിലുമാണെന്നു അവനു വരെ തോന്നിത്തുടങ്ങിയിരുന്നു. ഇന്ന് അവന്‍ കലാണത്തിനു ശേഷം മണിയറയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഇതാ ഇപ്പോഴും അവന് നൂഡിത്സ് വേണ്ടി വരും. അവന്റെ ഇത്തരം പ്രശ്നം അറിഞ്ഞു പുതുപ്പെണ്ണ് ഞെട്ടിത്തെറിക്കില്ലേ? ഓടിക്കളയുമോ? ഇനിയെങ്കിലും അവന്‍ ഒരു സാധാരണ ജീവിതം കൈവരുമോ? സാലി ഇത്തരം വ്യഥകളില്‍ മുഴുകി. സാബു കൊടുകയ്യും കുത്തി ഇരുന്നു.

നാലാം വയസ്സില്‍ സോഫി ഉണ്ടാക്കികൊടുത്ത നൂഡിത്സ് കഴിച്ചതോടെ ഇന്റെന്‍സീവ് കെയറില്‍ രണ്ടു ദിവസം കിടന്ന് വീട്ടില്‍ എത്തിയപ്പോള്‍ സാബുവും സാലിയും ആശ്വസിച്ചിരുന്നു. ഇനി അവന്‍ നൂഡിത്സിനു ചോദിക്കുകയില്ല. അത്തരമല്ലായിരുന്നോ ഛര്‍ദ്ദിയും വയറിളക്കവും? പക്ഷെ അവരെ ഞെട്ടിച്ചു കൊണ്ട് വീട്ടിലെത്തിയപ്പോള്‍ തന്നെ കഞ്ഞി മാറ്റിവച്ചിട്ട് നൂഡിത്സില്ലേ എന്നു്് തളര്‍ന്ന ശബ്ദത്തിലാണെങ്കിലും അവന്‍ ചോദിച്ചു. അതില്‍ ഒരു വാശിയും തെളിഞ്ഞു നിന്നിരുന്നു. വാസ്തവത്തില്‍ സാബുവും സാലിയുമാ‍ണ് തളര്‍ന്നു പോയത്.അന്നേദിവസം കഷ്ടിച്ച് കടന്നു കൂടിയെങ്കിലും പിറ്റേദിവസം അവന്‍ ആവശ്യം ക്ലിയറായി ഉണര്‍ത്തിച്ചു. എനിക്കു ഉച്ചക്ക് നൂഡിത്സു തന്നെ വേണം. അല്ലെങ്കില്‍ രാത്രിയില്‍ മതി. അവരുടെ ജീവിതം നൂഡിത്സ് നൂലാമാലയുമായി കെട്ട്ടുപിനയുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത് എന്ന് അപ്പോള്‍ ആരും അറിഞ്ഞില്ല. സോഫിയുടെ വീട്ടില്‍ കേറിച്ചെന്നു സാബു വഴക്കുണ്ടാക്കി, സോഫിയുടെ അനിയന്‍ ചെറുക്കനുമായി ഒരു ചെറിയ അടികലശലില്‍ എത്തിച്ചേരുകയും ചെയ്തതിനാലും ആ പ്രദെശത്ത് നൂഡിത്സ് പാചകവിദ്യയില്‍ നൈപുണ്യം നേടിയ ഏക വനിത മറിയ ആയിരുന്നതിനാലും സാലിയെ നൂഡിത്സ് ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മറിയ തന്നെ. ഈ കച്ചിത്തുരുമ്പില്‍/നൂഡിത്സ് വല്ലിയില്‍ പിടിച്ചുകയറി മറിയ സാലിയുടെ ഹൃദയത്തിലും പിന്നെ സാജന്റെ മണവറയിലും പ്രവേശിച്ചത് ചരിത്രം മാത്രം. വീട്ടില്‍ നൂഡിത്സുണ്ടാക്കാന്‍ സ്ഥിരം ആളായി.

വര്‍ക്കിച്ചന്‍ ബാല്യം വിട്ട് കൌമാരം കഴിഞ്ഞ് യൌവനത്തിലെത്തിയിട്ടും നൂഡിത്സ് അവന്റെ ഭക്ഷണക്രമപാകത്തെ നിശ്ചിതപ്പെടുത്തി. പ്ലസ് റ്റു സമയത്ത് ഇതിനെന്തെങ്കിലും ചികിത്സ തേടണമോ എന്ന് ആലോചിക്കാന്‍ വര്‍ക്കിച്ചനും തയാറായി. രാത്രിയില്‍ എന്നും നൂഡിത്സു തന്നെ വേണം. കിടക്കുന്നതിനു മുന്‍പ് ഒരു ചെറിയ കുഴിയന്‍ പിഞ്ഞാണത്തില്‍ നൂഡിത്സ് കഴിച്ചാലേ ഉറക്കം വരികയുള്ളു. സാലി വാങ്ങിച്ചുകൊണ്ടു വരുന്ന വനിത സ്ഥിരമായി വായിച്ചിരുന്നത് സാബു ആയിരുന്നതു കൊണ്ട് ഇതു ഒരു വൈകല്യമോ വൈകൃതമോ എന്ന് അയാള്‍ക്കും അറിയേണ്ടതുണ്ടായിരുന്നു. സോഫി ചെയ്തു വച്ച വല്ല കൂടോത്രവുമാണോ എന്ന സംശയത്താല്‍ സാലി രഹസ്യമായി ചില മന്ത്രവാദികളെ കണ്ടു നോക്കി. അവരും കൂടോത്ര റ്റെക്സ്റ്റ് ബുക്കില്‍ നൂഡിത്സ് ചാപ്റ്റര്‍ കാണാത്തതിനാല്‍ കുഴങ്ങി. ഒഴിഞ്ഞു മാറി. മന:ശാസ്ത്രജ്ഞന്മാരെ കണ്ടു. നൂഡിത്സ് അഡിക്ഷന്‍ എന്ന് വൈദ്യ ലോകം കേട്ടിട്ടില്ല്. അറിയപ്പെടുന്ന ഒരു മന:ശാസ്ത്രജ്ഞനും പിന്നീട് വര്‍ക്കിച്ചന്റെ കേസ് എടുക്കുകുകയില്ല. അവരുടെ മീറ്റിങ്ങുകളില്‍ ഈ പ്രത്യേക അഡിക്ഷന്‍ അവതരിക്കപ്പെടുകയും ഒരുപാട് ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നതിനാല്‍ പുതിയ ഡോക്ടര്‍മാരുടെ ഓഫീസില്‍ പേര്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അവര്‍ കയ്യൊഴിയും. കൊല്ലം 2027 ആണെങ്കിലും ഈ അഡിക്ഷന്‍ നിറുത്താനുള്ള മരുന്നൊന്നുമില്ല. മദ്യപാനികള്‍ക്കാണെങ്കില്‍ ഒരു മരുന്നു കഴിച്ചാല്‍ പിന്നെ മദ്യത്തിന്റെ മണം കേട്ടാല്‍ ഛര്‍ദ്ദിക്കുന്ന രീതി അന്നും നിലവിലുണ്ട്. പോലീസ് റെയ്ഡു നടന്നിട്ടും പൂട്ടപ്പെടാത്ത ധ്യാനകേന്ദ്രങ്ങള്‍ അന്നും ഉണ്ട്.രക്ഷയില്ല, നൂഡിത്സ് പ്രശ്നത്തിനു പറ്റിയ ധ്യാനശ്ലോകങ്ങളില്ല. ഇതിനൊക്കെ വെല്ലുവിളിയായി വര്‍ക്കിച്ചന്റെ ജീവിതം ഒരോ ദിവസവും നൂഡിത്സ് കഞ്ഞിയില്‍ മുങ്ങിപ്പൊങ്ങി.

കോളേജിലായപ്പോള്‍ വര്‍ക്കിച്ചന്‍് ഇതൊരു ശ്വാസം മുട്ടുന്ന രഹസ്യമായി വേദനകള്‍ മാത്രം സമ്മാനിച്ചു. നേരത്തെ തന്നെ അധികം കൂട്ടുകാരില്ലാത്തവന്‍ ക്യാമ്പസില്‍ ഒറ്റപ്പെട്ടവനായി വിധിവൈപരീത്യത്തെ പഴിച്ച് ദിനങ്ങള്‍ എണ്ണി നീക്കി. ഇതിനോടൊപ്പം മറ്റൊരു പ്രശ്നവും അവനെ ഒറ്റപ്പെടുത്തി, വര്‍ക്കിച്ചന്‍ സാക്ഷാള്‍ ചാാക്കോച്ചന്‍- കുഞ്ചാക്കോ ബോബന്‍-ഏ ക്കാളും പതിന്മടങ്ങു സുന്ദരനാണ്. ഇടതൂര്‍ന്ന ചുരുണ്ട തലമുടിയും വെട്ടിത്തിളങ്ങുന്ന കണ്ണുകളും പേലവ കവിള്‍ത്തടങ്ങളും കുഞ്‍ചാക്കോ ബോബനു പോലു നാണക്കേടുണ്ടാക്കും. ചുണ്ടുകളാണെങ്കിലോ അമ്മിഞ്ഞ കുടിയ്ക്കാന്‍ വേണ്ടി പോലും ആയാസപ്പെട്ടിട്ടുണ്ടോ എന്നു തോന്നിയ്ക്കുന്നവ. അതിനു കുഞ്ചാക്കോ ബോബന്‍ ഒരു പഴയകാല നടനല്ലെ ഇത് പൂര്‍വാധികം ഭംഗിയോടെയുള്ള അവതാരമോ എന്ന് നാട്ടുകാര് ശങ്കിച്ചു. ഇത്രയും സുന്ദരനെ തങ്ങളക്ക് വിധിച്ചിട്ടീല്ല എന്ന മുങ്കൂര്‍ വെളിപാടില്‍ പെണ്‍കുട്ടികള്‍ അവന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും മാറി നടന്നു. ചില ആമ്പിള്ളേരുമായി അടുപ്പം കാണിയ്ക്കുന്ന മധ്യവയസ്ക ഹിസ്റ്ററി ടീച്ചറിന്റെ മുന്‍പില്‍ വര്‍ക്കിച്ചന്‍ പലതവണ സ്വയം പ്രത്യല്ക്ഷപ്പെടുത്തിയെങ്കിലും അവര്‍ പോലും അവനെ അവഗണിച്ചു. ഡെല്‍ഹിയിലേക്കു ടൂര്‍ പോയപ്പോള്‍ വര്‍ക്കിച്ചന്‍ വെപ്രാളത്തിലായി. രാത്രിയില്‍ എന്തു ചെയ്യും? മറിയ ഉപദേശിച്ചതിനാല്‍ കുറേ നൂഡിത്സ് പാക്കറ്റുകള്‍ കൈവശം കരുതി. രണ്ടു പേരോട് ഏകദേശം അടുപ്പമുണ്ടായിരുന്നതിനാല്‍ അവരോട് ഇക്കാര്യം തുറന്നു പറയേണ്ടി വന്നു. അവര്‍ മാറി നിന്ന് ആഞ്ഞു ചിരിച്ചു. പാവമല്ലെ എന്നു വച്ചു ചിരിയൊതുക്കി. ചൈനീസ് കടകളില്‍ പോകാന്‍ പറ്റാത്ത രാത്രികളില്‍ ‍ ഹോടലില്‍ നിന്നും ചൂടു വെള്ളം ചോദിക്കും അതില്‍ കുതിര്‍ത്ത നൂഡിത്സു കൊണ്ട് ടൂര്‍ ദിനങ്ങല്‍ കഴിച്ചുകൂട്ടി. തന്റെ പ്രശ്നം എത്ര ഗുരുതരമാണെന്ന ബോധ്യം ആ സുന്ദര മുഖത്തെ പലപ്പോഴും മ്ലാനമാക്കി.

ഒരുത്തന്‍് എന്തു പ്രശ്നമുണ്ടെങ്കിലും പെണ്ണുകെട്ടിയ്ക്കയാണു പ്രതിവിധി എന്ന നവമാര്‍ക്സിയന്‍ സിദ്ധാന്തം അന്നും നിലവിലുണ്ടായിരുന്നു. വര്‍ക്കിച്ചന് ഒരു പെണ്ണിനെ മാത്രം കിട്ടിയാല്‍ മതി, സ്ത്രീധനം വേണ്ട. സ്ത്രീധനം ആരും വാങ്ങുകയില്ലെന്ന് ഇരുപതു കൊല്ലം മുന്‍പു മലയാളം ബ്ലോഗ് വായിച്ച് എല്ലാ മലയാളികളും തീരുമാനിച്ചിരുന്നു. ബ്ലോഗ് വായനയിലൂടെ സമൂഹപുരോഗതി എന്ന തീമില്‍ പ്രബന്ധമെഴുതി യു. ജി. സി. ഗ്രാന്റ് മേടിക്കുക പലരുടേയും പതിവായിരുന്നു. പിന്നീട് മലയാളം ബ്ലോഗിങ് നിന്നു പോയതിനാല്‍ സ്ത്രീധനസമ്പ്രദായം പതുക്കെ സമൂഹത്തെ ദുഷിപ്പിക്കാന്‍ തുടങ്ങിയോ എന്നു സംശയം. കാരണം മലയാളം ബ്ലോഗിങ് എന്നു വച്ചാല്‍ ഒരു വാചകമെഴുതി അതിലെ വാക്കുകള്‍ ഏതെങ്കിലും വെബ് സൈറ്റുമായോ വിക്കിപീഡിയയിലേക്കോ ലിങ്ക് കൊടുക്കുക എന്ന രീതി നിലവില്‍ വന്നിരുന്നു. അങ്ങനെ ലിങ്ക് കൊടുക്കുക മാത്രമായതിനാല്‍ ആര്‍ക്കും ഒന്നും എഴുതേണ്ടി വന്നില്ല. അങ്ങനെ അതിശക്തമായ സമൂഹപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു മാധ്യമം ഇല്ലാതെ പഴയ അനാചാരങ്ങളായ ബ്രാഹ്മണ്യം, വേശ്യാസംസ്കൃതി ഇവയൊക്കെ വീണ്ടും കേരളത്തില്‍ വേരോടാന്‍ തുടങ്ങിയിരുന്നു.അല്ലെങ്കിലും വര്‍ക്കിച്ചന്റെ വീട്ടില്‍ ഒരു പഴയ (അനാചാരമായ) സ്വത്ത് ഇട്ടു മൂടുക എന്ന അനുഷ്ഠാന ക്രമവും നില്വിലുണ്ടായിരുന്നു. അപ്പന്‍ സാബുവിന്റെ കൂടെ സഹ്യപര്‍വതത്തിന്റെ ഭാഗങ്ങള് ‍ക്രയവിക്രയം ചെയ്ത് സ്വത്തു സമ്പാ‍ാദിക്കുന്ന പഴയ പൈതൃകവിശേഷം വര്‍ക്കിച്ചനും പിന്‍തുടര്‍ന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ബിസിനസ്സില്‍ ആക്റ്റീവല്ലാത്ത, വകയില്‍ ഒരു അങ്കിളായ സേബി മുനീ മാത്യു എന്നൊരാള്‍ ഉപദേഷ്ഠാവായി ഉണ്ടായിരിന്നു. എന്തിനേറെ പറയുന്നു, വര്‍ക്കിച്ചന്‍ പേണ്ണു കാണല്‍ മുഖാമുഖത്തിനു തയ്യറെടുത്തു.

ആദ്യത്തെ പെണ്ണുകാണല്‍ വലിയ പ്രശ്നങ്ങളില്ലാതെ കടന്നു കൂടി. പെണ്ണിനെ ഇഷ്ടപ്പെട്ടു. പക്ഷെ മൂന്നാം ദിവസം ദല്ലാള്‍ അടുത്ത പെണ്ണുകാണലിനു ദിവസവും നിശ്ചയിച്ചാണ് എത്തിയത്. ഡെല്‍ഹി ടൂര്‍ രഹസ്യം അറിയവുന്ന മറ്റേ കൂടൂകാരന്‍ പറ്റിച്ച പണി. അവന്‍് ഈ പെണ്ണില്‍ ഒരു കണ്ണുണ്ടായിരുന്നു. പെണ്‍ വീട്ടുകാരോട് ചെറുക്കന്‍് ചില പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചു. അടുത്ത രണ്ട് ആലോചനയും മുടങ്ങിയത് മന:ശാസ്ത്രജ്ഞന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീവിമോചക ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് “ദി വര്‍ക്കിച്ചന്‍-നൂഡിത്സ് സിന്‍ഡ്രോം” എന്ന റിസേര്‍ച്ച് പേപ്പര്‍ വായിച്ചിരുന്നതിന്നാല്‍ രണ്ടു പെണ്‍ വീട്ടുകാരേയും വിളിച്ച് അറിയിച്ചതിനാലാണ്. ചായയും ബിസ്കറ്റും കഴിഞ്ഞ് കാറില്‍ ഓടിച്ചെന്നിരുന്നു് എന്തോ വാരിവലിച്ച് അകത്താക്കുന്നത് ചില അലവലാതി പിള്ളേര്‍ കണ്ട് റിപ്പോറ്ട് ചെയ്യുകയും ചെയ്തിരുന്നു.വര്‍ക്കിച്ചന്‍ നെര്‍വസ് ആയി. നെര്‍വസ് ആകുമ്പോള്‍ അന്നു രാത്രി കൂടുതല്‍ നൂഡിത്സും ആവശ്യമായി വരും. തന്റെ മുറിയില്‍ പലപ്പോഴായി ഒട്ടിച്ചു വച്ചിരുന്ന നൂഡിത്സ് പടങ്ങള്‍ രോഷത്തോടെ കീറിക്കളഞ്ഞു. കുഴിയന്‍ പിഞ്ഞാണങ്ങള്‍ പൊട്ടിച്ചു. പക്ഷെ ഒരു നിശ്ചയദാര്‍ഢ്യത്തിന്റെ എന്‍ഡോസല്ഫാന്‍ പ്രയൊഗത്തിനും വഴിപ്പെടാതെ നൂഡിത്സ് കീടങ്ങള്‍ ‍ മസ്തിഷ്കത്തില്‍ല്‍ ആഴ്ന്നു പുളച്ചു. അല്ലെങ്കില്‍ കടും പിടുത്തത്തിന്റെ ഉണക്കില്‍ കരിയാതെ നൂഡിത്സ് വള്ളികള്‍ ബോധാബോധ മനസ്സില്‍ വേരുകളാഴ്ത്തി സ്ഥിരതാമസമാക്കിയിരുന്നു.

നിന്നുപോയിരുന്ന ഇ മെയില്‍ പ്രവാഹത്തെ വീണ്ടൂം തുറന്നു വിടാനെന്നവണ്ണം പുതിയ ഒരു പ്രൊപോസല്‍ വന്നത് വര്‍ക്കിച്ചന്‍ വിട്ടുകളഞ്ഞിരുന്നു. പക്ഷെ അവര്‍ ദല്ലാള്‍ (ഇക്കൂട്ടര്‍ എക്സ്റ്റിന്റ് സ്പീഷീസായി ഡിക്ലയര്‍ ചെയ്യപ്പെട്ടിട്ട് അധികം നാളായില്ല)വശം ‍ ഫോടോ കൊടുത്തു വിട്ടു. തന്റെ കാര്യം നാട്ടില്‍ പാട്ടായിട്ടും (നിരവധി റിയാലിറ്റി ഷോകള്‍ മൂലം ഒരു വീട്ടില്‍ മൂന്നോ നാലോ പാട്ടുകാര്‍ ഉണ്ടായിരുന്നു)ഇനിയും ഒരു പെണ്ണ് ഇതിനൊരുമ്പെടുകയോ? സാലിയില്‍ തെല്ല് ആശകളുടെ നാമ്പ് പൊട്ടി മുളച്ചു.അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും മാത്രമല്ല നൂഡിത്സ് പ്രേമികള്‍ക്കും അത്താണിയാകാന്‍ തമ്പുരാന്‍ കര്‍ത്താവ് തീരുമാനിച്ചു കാണണം. വര്‍ക്കിച്ചന്‍ പീഡനക്കേസില്‍ പിടിയ്ക്കപ്പെട്ടവന്‍ കോടതയിലെത്തുന്ന മുഖഭാവത്തോടെ പെണ്ണൂകാണലിന്‍് പോയി. അദ്ഭുതം. ഫോടൊയില്‍ കണ്ടതിലും വളരെ സുന്ദരിയാണ് പെണ്ണ്. പഴയ ഹിന്ദി ഗ്ലാമര്‍ താരം മധുബാലയുടെ തനിയാണ് സില്‍ വിയ. ചിരിക്കാതിരിക്കുമ്പോഴും ചുണ്ടുകള്‍ ഒരു വശത്തേയ്ക്കു ചെറുതായി വലിഞ്ഞ് പകുതിപ്പുഞ്ചിരിയുടെ പ്രതീതി വരുത്തി പണ്ട് ദേവാനന്ദിനേയും ദിലീപ്കുമാറിനേയും ഒരുമിച്ച് വീഴ്ത്തിയ അതേ വശ്യഭാവം.സഹ്യപര്‍വതക്കഷണങ്ങള്‍ മറിച്ചു വിറ്റിട്ടല്ലെങ്കിലും ഇട്ടു മൂടാന്‍ സ്വത്ത് അവര്‍ക്കുമുണ്ട്. പെണ്ണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പി. എഛ്. ഡി തീര്‍ക്കാനിരിക്കുകയാണ്. സബ്ജക്റ്റിന്റെ പേര്‍ സാബു ചോദിച്ചത് അബദ്ധമായി. അവര്‍ക്കു പിടികിട്ടാത്ത എന്തൊ ആണ്‍. ‘’സൊഷ്യോളൊജി’ എന്നപോലൊരു വാക്ക് ഇടയ്ക്കു വന്നതുമാത്രം പിടികിട്ടി. ഇത്രയും സുന്ദരിയെ ആര്‍് പി. എഛ് ഡിയ്ക്കയച്ചു എന്ന് സാബുവിന്‍ ഒരു സങ്കടം. കല്യാണം ഉടനെ നടത്താം. തീസിസിന്റെ അവസാനത്തെ ചാപ്റ്റര്‍ എഴുതാന്‍ ബാക്കിയേ ഉള്ളു. അതിനു വേണ്ട പരീക്ക്ഷണനിരീക്ഷണങ്ങള്‍ ഉടന്‍ തീരും.സാലി നേര്‍ന്ന നേര്‍ച്ചകള്‍ പാലിക്കാന്‍ ഒരുജീവിതകാലമെങ്കിലും വേണ്ടി വരും. സാരമില്ല. അരുവിത്തുറ വല്യച്ചന്‍ ക്ഷമിച്ചോളും.

ഭംഗിയായി അലങ്കരിച്ച മണിയറയില്‍‍ വര്‍ക്കിച്ചന്‍ ഇരുന്നത് അതീവ നെര്‍വസ് ആയിട്ടാണ്. അവള്‍ പാലുമായി എത്തുമോ? അമ്മച്ചി നേരത്തെ തന്നിരുന്ന നൂഡിത്സ് രഹസ്യമായി ബെഡ്ഡിന്റെ താഴെ വച്ചിട്ടുണ്ട്.ഒന്നും അറിഞ്ഞിട്ടില്ലെ ഇവള്‍? അമ്മച്ചിയെ ഒന്നുകൂടെ വിളിച്ചാലോ? വേണ്ട. അമ്മച്ചിയെ വളരെ വെപ്രാളത്തിലായി കണ്ടതാണ്. സില്‍ വിയ വന്ന് അടുത്തിരുന്നു. വര്‍ക്കിച്ചന്‍ എതിരെയുള കണ്ണാടിയില്‍ രണ്ടു പേരേയും ഒരുമിച്ചു കണ്ടു. ദൈവമേ. ഇത്ര്യും സുന്ദരിയെ വഞ്ചിയ്ക്കുകയാണോ? നൂഡിത്സ് കഴിക്കേണ്ട സമയം കഴിഞ്ഞുപോകുകയാണ്.അവള്‍ ബാത്രൂമില്‍ പോകുന്ന തക്കം നോക്കിയാലോ? “ബാത് റൂമില്‍ പോകണോ? അതാ അവിടെയാണ്”. തന്ത്രം ഫലിച്ചില്ല. “വേണ്ട” സില് വിയ മൊഴിഞ്ഞു. പുതുസ്വര്‍ണത്തിന്റെ തിളക്കം പേറുന്ന വളക്കയ്യുകള്‍ അവള്‍ തന്നെ വര്‍ക്കിച്ചന്റെ കയ്യില്‍ വച്ചു. തന്റെ നെര്‍വസ്നെസ് അവള്‍ തെറ്റിദ്ധരിക്കുകയാണോ? എല്ലാ പയ്യന്മാരും ചെയ്യുന്നത് വാരിക്കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുക്കയല്ലേ?പക്ഷെ അതീവ വശ്യതയോടെ അവ്ന്റെ ചെവിയില്‍ അവള്‍ മൊഴിഞ്ഞത് ഒരു ഞെട്ടല്‍ ദേഹമാസകലം വ്യാപിപ്പിച്ചു.

“നൂഡിത്സു വേണ്ടേ?”
വിശ്വസിക്കാന്‍ പറ്റാതെ വര്‍ക്കിച്ചന്‍ അവളെ തുറിച്ചു നോക്കി.

“ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്”
ഹെന്ത്? ഇവള്‍കെല്ലാം അറിയാമോ? അറിഞ്ഞുകൊണ്ടു തന്നെ....?

വര്‍ക്കിച്ചന് അധികം ആ‍ാലോചിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പുതന്നെ അവള്‍ കൊണ്ടു വന്നിരുന്ന സ്യൂട് കേസ് തുറന്നു. കല്യാണസാരിയും നെറ്റും പൂക്കളും ശ്രദ്ധാപൂര്‍വം മാറ്റിവച്ചു.ആഭരണപ്പെട്ടികളില്‍ ഒരെണ്ണം, ചെറിയത്, ചുവന്ന വെല്‍ വെറ്റില്‍ തീര്‍ത്ത ഒന്ന് പുറത്തെടുത്തു. അവനോട് ചേര്‍ന്നിരുന്ന് ഒരു പൂവ് ഇതള്‍ വിടര്‍ത്തുന്നതുപോലെ അത് തുറന്നു.അതീവഹൃദ്യമായ നൂഡീത്സ് ഗന്ധം വര്‍ക്കിച്ചനെ മോഹാലസ്യത്തോളമെത്തിച്ചു. സ്വര്‍ണതന്തുക്കള്‍ ഒരു വിദഗ്ദ്ധ തട്ടാന്‍ പണിതെടുത്ത പവിത്രക്കെട്ടുകള്‍ പോലെ കെട്ടുപിണഞ്ഞു കിടന്നിരുന്നു. അതിന്റെ എണ്ണത്തിളക്കം സീലിങ്ങില്‍ നേരിയ വളഞ്ഞ റ്റ്യൂബ് ലൈറ്റുകള്‍ പ്രകാശിപ്പിച്ചു. വര്‍ക്കിച്ചന്റെ തിളങ്ങുന്ന്ന കവിളിലും. ചിത്രപ്പണികളില്‍ തീര്‍ത്ത ഒരു സ്വര്‍ണസ്പൂണില്‍ നൂഡിത്സ് കോരി അവാള്‍ വര്‍ക്കിച്ചന്റെ നാവില്‍ തന്നെ വച്ചു കൊടുത്തു. അജീനോമോടോയുടെയും സോയാസോസിന്റേയും കിറു ക്രുത്യ അളവ് അവന്റെ രസനയെ ത്രസിപ്പിച്ചു. നാലേ നാലു സ്പൂണ്‍. മായാമോഹച്ചെപ്പില്‍ അത്രേയുള്ളു. വര്‍ക്കിച്ചന്‍ അവളെ ദയനീയമായ അപേക്ഷാഭാവത്തില്‍ നോക്കി.


“ഇനീം വേണോ? തരാമല്ലൊ”

ക്യൂടക്സ് നഖങ്ങള്‍ ഫണികളാക്കിയ വിരലുകള്‍ ലൈറ്റ് ഓഫ് ചെയ്തു.
വര്‍ക്കിച്ചന്‍ ഇന്നേവരെ കഴിക്കാത്ത നൂഡിത്സ് അനുഭവം പഞ്ചേന്ദ്രിയങ്ങളിലും നിറഞ്ഞു കവിഞ്ഞു. ആയിരം നൂഡിത്സ് തന്തുക്കള്‍ ദേഹമാസ്കല്‍ം പുളഞ്ഞു നീങ്ങി.നാക്കിനോ അന്നനളത്തിനോ അറിയാത്ത നൂഡിത്സ് സ്വാദ് ഓരൊ രൊമകൂപത്തിന്റേയും പോള തുറന്ന് ധമനികളില് കിനിഞ്ഞ് രക്തചംക്രമണത്തിന്റെ ഭാഗമായി. പൂക്കുറ്റി പോലെ പൊങ്ങിയുര്‍ന്നത് ജഠരാഗ്നിയല്ല,കുണ്ഡലീനിയില്‍ നിന്നും അത്യൂര്‍ജ്ജത്തോടെ പത്തിയുയര്‍ത്തി പൊങ്ങിയുയര്‍ന്ന നൂഡിത്സ് സമം നാഗസ്വരൂപങ്ങളാണ്. ഈ കട്ടിനൂഡില്‍ വെന്തലിഞ്ഞ് ഇന്ദ്രിയങ്ങള്‍ക്കും അതീതമായിട്ടുള്ള ചോദനാവിശേഷമായി വര്‍ക്കിച്ചന് വൈദ്യുതിപ്രവാഹമേല്‍പ്പിച്ചു. ലക്ഷം ലക്ഷം നൂഡില്‍ ഇഴകള്‍ അതിമൃദുവായി അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി.തിളച്ചുമറിയുന്ന നൂഡില്‍ സൂപിന്റെ ഉപരിതലത്തിലേക്ക് കുമിളകള്‍ മത്സരിച്ച് ഉയര്‍ന്ന് പൊട്ടി. ഒരു തന്തുവും ശേഷിക്കാത്ത നേരം വര്‍ക്കിച്ചന്‍ സുഖസുഷുപ്തിയില്‍ ലയിച്ചു.

രാവിലെ തന്നെ സില് വിയ എഴുനേറ്റു വന്ന് അടുക്കളയില്‍ സുന്ദരമുഖം പ്രകാശിപ്പിച്ചു. സാലി പേടിയോടെ നോക്കി നിന്നു. ദേഷ്യത്തിന്റേയോ നിരാശയയുടേയോ ലാന്‍ച്ഛ്ന പോലുമില്ല ആ മുഖത്ത്. പതിവ് മധുബാല ചിരി. സാബുവിന്‍് മനസ്സു നൊന്തു. ഇവളെ ഇങ്ങനെ പറ്റിക്കനമായിരുന്നൊ? സാലിയുടെ അടുത്തു ചെന്നു ചുണ്ടുവലിവുള്ള മനോജ്ഞച്ചിരിയോടെ ചോദിച്ചു.

“നൂഡിത്സില്ലെ അമ്മച്ചി?”

സാലി ഞെട്ടി. ഇവള്‍ക്കും അതേ അസുഖമാണ്. ചക്കിക്കൊത്ത ചങ്കരന്‍! ഈനാം ചാത്തിയ്ക്കു കൂട്ടു മരപ്പട്ടി! ഇതാണ്‍ ഇവള്‍ ഈ കല്യാണത്തിനു സമ്മതിച്ചത്. എന്നാലും ഒന്നും അറിഞ്ഞില്ലെന്ന നാട്യത്തില്‍ സാലി പറഞ്ഞു. “അതിന്‍് അപ്പവും സ്റ്റ്യൂം മേശപ്പുറത്ത് വച്ഛിട്ടുണ്ടല്ലൊ മോളേ.പുഴുങ്ങിയ ഏത്തപ്പഴോം. രാവിലെ അതു പോരേ?“

“എനിയ്ക്കല്ലമ്മച്ചി. വര്‍ക്കിച്ചായനാ”

അപ്പോള്‍ അവന്‍ എല്ലാം പറഞ്ഞു! ഇവള്‍ അങ്ങ് സമ്മതിച്ചോ?
ഒളിച്ചുവച്ചിരുന്ന കുഴിയന്‍ പിഞ്ഞാണം നൂഡിത്സ് സാലി പുറത്തെടുത്തു. വര്‍ക്കിച്ചന്‍ പല്ലുതേച്ച് മേശയ്ക്കരികില്‍ പതിവിന്‍പടി ഇരുന്നു. ഈയിടെയായി ഒരു കട്ടങ്കാപ്പിയും നൂഡിത്സുമാണ് രാവിലെ പതിവ്. സാലി നല്‍കിയ നൂഡിത്സ് പാത്രം സില് വിയ അവന്റെ മുഖത്തിനു താഴെ വച്ചു. മധുബാലച്ചിരിയോടെ മൂടി തുറന്നു.

മണം അടിച്ചതും വര്‍ക്കിച്ചന്‍ സിങ്കിനടുത്തേക്ക് ഓടിയതും ഒന്നിച്ചായിരുന്നു. ആഞ്ഞു ഛര്‍ദിക്കാന്‍ ശ്രമിച്ച വര്‍ക്കിച്ചന്റെ ഓരോ ഓക്കാന്വും അതി ശക്തമായിരുന്നു. വെറും വയറ്റില്‍ വന്ന ഓക്കാനത്തിന്റെ വേദനയില്‍ വര്‍ക്കിച്ചന്‍ പുളഞ്ഞു. സാലി താങ്ങിപ്പിടിച്ച് സോഫയില്‍ കിടത്തി. കിതയ്ക്കുന്ന വര്‍ക്കിച്ചന്‍ വിയര്‍ത്തു കുളിച്ചു. സാലി വീശിക്കൊടുത്തു. കിതപ്പിനിടയില്‍ വര്‍ക്കിച്ചന്‍ വിക്കി വിക്കി പറഞ്ഞു “നൂഡിത്സ്....ഇനി.... ഹ്വേണ്ട.. അമ്മച്ചീ നൂഡിത്സ് എടുത്തു കളഞ്ഞേരേ....”

സില്‍ വിയയുടെ സെല്‍ ഫോണ്‍ ശബ്ദിച്ചു. അവള്‍ ഓടി ബെഡ് റൂമില്‍ച്ചെന്ന് കതകടച്ചു. ഒരു സ്ത്രീ ശബ്ദം.
“ എല്ലാം നമ്മള്‍ പ്ലാന്‍ ചെയ്ത പോലെ നടന്നു, അല്ലേ?’

സില്‍ വിയ ചെറുശബ്ദത്തില്‍ പ്രതിവചിച്ചു:
“ അതേ. പ്ലാന്‍ ചെയ്ത പോലെ തന്നെ. സംഗതികള്‍ എല്ലാം എളുപ്പമായിരുന്നു.“

“ഇനിയത്തെ കാര്യങ്ങള്‍ അതിലും എളുപ്പം ആയിരിക്കും”-സ്ത്രീ ശബ്ദം.

“യേസ്!’

ആ സ്ത്രീ ശബ്ദം എളുപ്പം മനസ്സിലാക്കുന്ന ഒരാള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു. സാജന്‍. പക്ഷെ സാജന്‍ അപ്പോള്‍ കേള്‍ക്കാത്ത ആ ശബ്ദത്തിന്റെ ഉടമ ആ വീട്ടില്‍ ശക്തമായ സാന്നിധ്യമായത് അയാള്‍ അറിഞ്ഞില്ല. അവരുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങിയത് ആരും കേട്ടില്ല. വീട്ടില്‍ അനാവശ്യമായി ഘനീഭവിച്ച ആ ശബ്ദപ്പൊരുള്‍-

സോഫി.

സെല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു. സില്‍ വിയയുടെ പ്രൊഫെസര്‍. അദ്ദേഹത്തിനും അറിയാന്‍ തിടുക്കമുണ്ട്. അവള്‍ അത്യാഹ്ലാദത്തോടെ സംസാരിച്ചു. എല്ലാ പരീക്ഷണ നിരീക്ഷണങ്ങളും പൂര്‍ത്തിയായിരിക്കുന്നു.

സില്‍ വിയ ലാപ് ടോപ് എടുത്ത് തീസിസിന്റെ അവസാനത്തെ ചാപ്റ്റര്‍ ടൈപ് ചെയ്തു തുടങ്ങി.

6 comments:

എതിരന്‍ കതിരവന്‍ said...

ബെര്‍ളി തോമസിന്റെ “നൂഡിത്സ് ദുരന്തം!!” എന്ന കഥയുടെ സീക്വല്‍.ഇരുപതു കൊല്ലത്തിനു ശേഷം നടക്കുന്ന ഈ കഥയില്‍ അതേ കഥാപാത്രങ്ങള്‍ തന്നെ.

പണ്ട് അഭിനയിച്ച അതേ നടീനടന്മാര്‍ക്കു ഇതിലും അഭിനയിക്കാം. കാസ്റ്റിങ് എളുപ്പമാണ്. ഒരു സീനില്‍ മാത്രമേ സെഷ്യല്‍ എഫെക്റ്റ് വേണ്ടി വരൂ.

സൂര്യോദയം said...

കിടിലന്‍ എന്നേ പറയാനുള്ളൂ ... :-)

ദിലീപ് വിശ്വനാഥ് said...

വായിച്ചു തുടങ്ങിയപ്പോള്‍ എന്തൊക്കെയോ കുരുക്കുക്കള്‍ ഉള്ളതുപോലെ തോന്നിയെങ്കിലും, പിന്നെ കാര്യങ്ങള്‍ കൂടുതല്‍ തെളിമയുള്ളതായി. നന്നായിട്ടുണ്ട്.

simy nazareth said...

:))))))

കുറുമാന്‍ said...

നൂഡിത്സ് കലക്കി എതിരവന്‍ കതിരവന്‍ ഭായ്

എതിരന്‍ കതിരവന്‍ said...

സൂര്യോദയം,വാല്‍മീകി, സിമി, കുറുമാന്‍- എന്റെ നൂഡിത്സ് കഞ്ഞി ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.