അവസാനത്തെ അദ്ധ്യായം എഴുതാന്‍ നന്ദന് കമ്പ്യൂട്ടറിന്റെ മുന്പില് ഇരുന്നു.
കഴിഞ്ഞ രണ്ടുമാസമായി യദുകുലത്തിന്റെ ചരിത്രം ഖണ്ഡശ ബ്ലോഗില്‍ എഴുതുന്നു. മിത്തോളജിയോട് തനിയ്ക്കുള്ള താല്‍പ്പര്യവും ചരിത്രാന്വേഷണത്വരയും കൂട്ടി യോജിപ്പിച്ച് വളരെ രസകരമായി എഴുതി വരുന്ന ഓരൊ അദ്ധ്യായവും ബ്ലോഗ് വായനക്കാര്‍ക്ക് ഏറെ പ്രിയംകരമായിരുന്നു. യാദവരേയും കൃഷ്ണനേയും ചുറ്റിപ്പറ്റിയുള്ള കഥകളോ തന്റെ എഴുത്തിന്റെ വൈഭവമോ മിത്തുകളില്‍ നിന്നും കാര്യ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിലുള്ള വിസ്മയാനുഭൂതിയോ എന്താണ് വായനക്കാരെ വീണ്ടും ഈ ബ്ലോഗിലേക്കു വരാന്‍ പ്രേരിപ്പിച്ചതെന്ന് പറയാന്‍ വയ്യ. യദുകുലത്തിന്റെ നാശത്തിലേക്കു വഴി വച്ച സംഭവങ്ങള്‍ അതി ലളിതമായിരുന്നെന്നും യാദവരുടെ ഗര്‍വ്വും ബുദ്ധിഹീനതയുമായിരുന്നു അവരുടെ നാശത്തിന് കാരണമായതെന്നും എഴുതി ഫലിപ്പിക്കാന്‍ നന്ദന് തന്റെ ധിഷണാശക്തി മുഴുവന്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. നന്നെ വൈകിയങ്കിലും ജോലിത്തിരക്കിന്റെ ആലസ്യവും ക്ഷീണവും തെല്ലൊന്ന് മനസ്സിനെ ഉലച്ചിരുന്നെങ്കിലും എണ്ണിത്തിട്ടപ്പെടുത്തി, ഒഴുക്കു മുറിയാതെ മനസ്സില്‍ തിടം വച്ചു വച്ചിരിക്കുന്ന ലേഖനഗതി മനസ്സില്‍ നിന്നും മറയുന്നതിനു മുന്‍പേ വരമൊഴിയിലാക്കാന്‍ നന്ദന് തിടുക്കമുണ്ടായിരുന്നു.
പുറത്ത് തണുത്ത കാറ്റ് ദിശാബോധമില്ലതെ അലഞ്ഞിരുന്നു. കമ്പ്യൂടര് മോണിടറിന്റെ നീലവെളിച്ചം മുറിക്കു പുറത്തും ചെറിയ മാസ്മരികത വീശിയിട്ടു.പാതിരാത്രിയുടെ നിശബ്തയെ മിന്നാമിനുങ്ങുകള്‍ മാത്രം ഇരുള് കീറി സ്വനപ്പെടുത്തി. കീബോര്‍ഡില്‍ ചലിയ്ക്കുന്ന വിരലൊച്ച മാത്രം എതൊ ഒരു പാട്ടിന്റെ താളം തെറ്റിയും തെറ്റാതെയും അടര്‍ന്നു വീണ പോലെ ചിലമ്പിച്ചു.
പഴക്കം ചെന്ന കഥയാണെങ്കിലും ഒരു നോവലിന്റെ അവസാനത്തെ പരിണാമഗുപ്തി തന്നെ തന്ത്രപൂര്‍വ്വം പ്രയോഗിച്ച് ബ്ലോഗ് വായനക്കാരെ തൃപ്ത്തിപ്പെടുത്തണമെന്ന് നന്ദന് തീര്‍ച്ചയാക്കി.എന്തിനാണ് യാദവര്‍ അവനവനെത്തന്നെ ശത്രുവാക്കിയത്? മുന്‍ വിധി സമ്മാനിച്ചിട്ട ജനിതക ഘടകങ്ങള്‍ അവരറിയാതെ അവരെ നയിച്ചിരുന്നോ? അവരിലെ ജീവശാസ്ത്രത്തിന്റെ ഘടികാരം അവസാന മണിയും മുഴക്കാറായെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നൊ? അതീവതന്ത്രശാലിയായ ഭാഗവതകാരന്‍ സൂക്ഷ്മമായി കഥാഗതിയുടെ പാരസ്പര്യങ്ങള്‍ മെനഞ്ഞിട്ടും യാദവരുടെ തകര്‍ച്ച എന്തേ ചുരുങ്ങിയതും ലളിതവും പൊടുന്നനവേയും ആക്കി? ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടാന്‍ ബ്ലോഗ് വായനക്കാരെ പ്രേരിപ്പിക്കണമെന്നു തന്നെ നന്ദന് തീര്‍ച്ചയാക്കി. അവരുടെ ഇടയില്‍ വന്നു ചേര്‍ന്ന ആണ്-പെണ് വ്യത്യാസമില്ലാതിരുന്ന ഒരു സ്വരൂപം എല്ലാത്തിനും കാരണമായിരുന്നോ? ഒരു നിമിത്തം മാത്രമോ? ആ സ്വരൂപത്തെ മുനിയുടെ മുന്നില്‍ കൊണ്ടു ചെന്നതും മുനിയെ കബളിപ്പിക്കാന്‍ ഇവള് എപ്പോള്‍ പ്രസവിക്കും എന്ന വിഡ്ഢിച്ചോദ്യം ചോദിക്കാന്‍ വഴിവച്ചതും ആരുടെ പ്രേരണ? ഈ സ്വരൂപം ഒരു ലോഹദണ്ഡ് പ്രസവിക്കും നിങ്ങളുടെ നാശം അതു കൊണ്ടായിരിക്കും എന്ന ശാപം കേട്ടു പൊട്ടിച്ചിരിക്കാന്‍ മാത്രം വിഡ്ഢികളായത് ശ്രീകൃഷ്ണന്റെ വംശാവലി തന്നെയോ? യാദവര്‍ ലോഹദണ്ഡ് രാകിപ്പൊടിച്ച് കടലില്‍ കലക്കിയതും ആ കഷണങ്ങള്‍ എരകപ്പുല്ലുകളായി വളര്‍ന്നതും മൂര്‍ച്ചയേറിയ ഇലകളുള്ള എരകപ്പുല്ലുകള്‍ ആയുധമാക്കി അങ്ങോട്ടുമിങ്ങോട്ടും വെട്ടി മരിച്ച് വീണതും ഏതു ഗംഭീര പൈതൃകത്തിന്റെ നേര്‍വിപരീത ദയനീതയായിരുന്നു? ആ ലോഹദണ്ഡിന്റെ മിച്ചം വന്ന കഷണം പിടിപ്പിച്ച കൂരമ്പുകൊണ്ടു തന്നെ മരണം കൈവരിക്കാന്‍ എന്തുകൊണ്ട് തന്റെ അതുല്യ പ്രഭാവവും ബുദ്ധിശക്തിയും കര്‍മ്മചാതുര്യവും സാക്ഷാന്‍ കൃഷ്ണന് തന്നെ വിട്ടു കൊടുത്തു? ആയിരമായിരം ആത്മാവുകളുടെ ജീവന്‍ന്മരണഭാഗധേയം നിശ്ചയിച്ചുറപ്പിച്ച ‘അഹം ബ്രഹ്മാസ്മി’ എന്തുകൊണ്ടു ഒരു വെറും വേടന്റെ ചെറിയ അമ്പിനാല്‍ അതി ലഘുവായ മരണനിമിത്തം തെരഞ്ഞെടുത്തു? യാദവരില്‍ വച്ച് യാദവനും യദുവംശകുലാധിപചന്ദ്രന്‍ എന്ന ഓമനപ്പേരില്‍ അനിയുന്നവനുമായ ത്രികാലജ്ഞാനി തന്റെ വംശത്തെ ഏത് മൂഢ നിമിഷത്തിലാണ് താഴേക്ക് തള്ളിയിട്ട് അവജ്ഞാപൂര്‍വം നടന്നു നീങ്ങിയത്? വെറും പുല്ലിന് നാമ്പില്‍ അവരുടേയും ചെറിയ ഇരുമ്പിന് കഷ്ണം കൊണ്ട് തന്റെയും ജീവിതം ഒടുങ്ങട്ടെ എന്ന നിശ്ചയത്തിലെ യുക്ത്തിഭദ്രത എവിടെയാണ് ഗീതാകാരാ? ഉത്തരങ്ങള്‍ അടുക്കി വയ്ക്കാന്‍ വേണ്ട ഒരുക്കമെന്ന നിലയ്ക്കു ഒരു നിമിഷം ദൃഢശരീരനായി നന്ദന് മോണിടറില്‍ ദൃഷ്ടിയുറപ്പിച്ചു.
എഴുത്തിന്റെ അനായാസത വെട്ടിത്തുറന്നെന്ന സംതൃപ്തിയില്‍ നന്ദന് വെറുതെ മറ്റു ബ്ലോഗുകളിലെ കമന്റുകളൊന്നു നോക്കാമെന്ന് കരുതി കമന്റ് ലിസ്റ്റ് ചെയ്യുന്ന പേജ് കണ്മുന്‍പിലാക്കി. സ്ക്രീനിന്റെ നിറം ഒരു ശിഥില നിമിഷത്തെയ്യ്ക്ക് ചുവന്നു പോയത് നന്ദന് കാര്യമായെടുത്തില്ല. പക്ഷെ തന്റെ ഒരഭിപ്രായം എഴുതിച്ചേര്‍ക്കാന്‍ നന്ദന് കീബോര്‍ഡില്‍ വിരലുകള്‍ വച്ചപ്പോള്‍ തന്നെ കടും ചുവപ്പിന്റെ ഒരു പാളി സ്ക്രീനിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് നിരങ്ങിനീങ്ങിയത് നന്ദന് തീര്‍ച്ചയായും ശ്രദ്ധിച്ചു. പലപ്പോഴും തന്റെ വിരലുകള്‍ കീബോറ്ഡിലേക്കു വലിക്കപ്പെടുന്നതു പോലെ തോന്നിയത് വൈകിയ രാത്രിയിലെ ഊര്‍ജ്ജന്യൂനം ആണെന്ന് ആശ്വസിച്ചു. പക്ഷെ കീബോര്‍ഡില്‍ വിരലുകള്‍ ചലിച്ചപ്പോള്‍ കീബോര്‍ഡാക്പ്പാടെ ഒന്നു കിടുങ്ങിയതെന്താണ്? സ്ക്രീന്‍ ഒരു സക് ഷ്ന്‍ കപ്പ് പോലെ തന്റെ മുഖത്തെ അതിലേക്ക് വലിച്ചടുപ്പിച്ചോ? കമ്പ്യൂടര് ടവറും ഒന്നു അനങ്ങിയില്ലെ? നന്ദന് ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ഇല്ല ഭൂമികുലുക്കത്തിന്റെ ലക്ഷണമൊന്നുമില്ല. ജനല്‍ തുറന്നപ്പോള്‍ പാഞ്ഞുകയറിയ കാറ്റിന്‍് സ്വല്പം അസ്വാഭികമായ ആവേശം ഉണ്ടെന്നു തോന്നിയോ?
നന്ദന് വായിച്ച പോസ്റ്റിന്റെ സ്വഭാവവും അതിനു പിന്നാലെ വന്ന ചില വികൃതമായ അഭിപ്രായങ്ങളും നേരിയ ഒരു ചൂടന്‍ അനുഭവം നന്ദനില്‍ ഉണര്‍ത്തി. പാഞ്ഞുകയറിയ കാറ്റ് അതിവേഗ മോഹാവേശം സ്വീകരിച്ച് മുറിയിലാകവേ കറങ്ങി. സാവധാനം കടലാസുകളേയും മാസികകളേയും പറത്തി. അവ എടുത്തുവയ്ക്കാനുള്ള ശ്രമത്തെ പരാാജയപ്പെടുത്തിക്കൊണ്ട് കാറ്റ് ഒരു ചുഴലിസ്വരൂപം കൈക്കൊണ്ട് നിലത്തു കിടന്നിരുന്ന ബെഡ് ഷീറ്റും ഷര്‍ട്ടും ചായക്കപ്പിനേയും ചെരുപ്പിനേയും സഹിതം മേലോട്ടുയര്‍ത്തി താഴെയിട്ടു, ദര്‍പ്പം ശമിച്ച മാതിരി മുറിയുടെ കോണില്‍ മുരണ്ട് നിലകൊണ്ടു. ഉള്ളില്‍ കിടുങ്ങിയ പേടിയെ ഇല്ല ഇല്ല എന്ന വാക്കുകളാല്‍ അടിച്ചൊതുക്കാന്‍ തോന്നിയത് വിഫലമായി. മോണിറ്ററിന്റേയും ടവറിന്റേയും ഉള്ളില്‍ നിന്നും അത്യന്തം പേടിപ്പെടുത്തുന്ന ആരവം കേള്‍ക്കാതിരിക്കാന്‍ നന്ദന് സ്പീക്കര്‍ വോള്യം ഓഫ് ചെയ്തു. ആരവം ഉച്ചസ്ഥായിയിലേക്കു കുതിച്ചു കയറിയതു മാത്രം. ചീളുകളായി ചെവിയില്‍ മാത്രമല്ല ശരീരത്തിലെമ്പാടും തറച്ചു ഈ ആക്രന്ദനം. അതിയായ ക്ഷീണത്തിന്റെ ബാക്കിയായ ചഞ്ചലിപ്പാണൈതെന്നു കരുതി ശ്വാസം ആഞ്ഞുവലിച്ച് നന്ദന് വീണ്ടും കൈവിരലുകള്‍ കീബോര്‍ഡിലേയ്ക്കു നീട്ടിയിട്ടു. മോണിടര്‍ സ്ക്രീനിന്‍് കടും ചുവപ്പുനിറം മാത്രം.
പെട്ടെന്ന് മോണിടര്‍ ഒന്ന്നു ചലിച്ചു. അതിന്റെ ഉള്ളില്‍ നിന്നും അരികുകളില്‍ ഈര്‍ച്ചവാളുള്ള എരകപ്പുല്ലിന്റെ നീളന്‍ നാമ്പുകള്‍ ചാട്ടുളി പോലെ പാഞ്ഞു നന്ദന്റെ തോളില്‍ പോറലുണ്ടാക്കിയിട്ടു തിരിച്ച് മോണീട്ടറില്‍ കയറി മറഞ്ഞു. ഇതു വിശ്വസിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ തെല്ലും സമയം നല്‍കാതെ മറ്റൊരു നീളന്‍ ഇലക്കൂട്ടവും പാഞ്ഞു പുറത്തേക്കു ചാടി.അതോടൊപ്പം മുഴുത്ത പുല് വിത്തുകള്‍ മുറിയില്‍ എമ്പാടും ചിതറിയിട്ടു.നന്ദന് നോക്കിനില്‍ക്കെ, നിമിഷങ്ങള്‍ക്കകം വിത്തുകള്‍ മുളച്ചുപൊട്ടി . മേശയുടെ മുകളിലും അലമാരിയുടെ മുകള്‍ത്തട്ടിലും സീലിങ് ഫാനിന്മേലും നാമ്പുകള്‍ അതിവേഗം വളര്‍ന്നു പൊങ്ങി. മൂര്‍ച്ചയുള്ള അരികുകള്‍ സ്വമേധയാ ഭിത്തിയില്‍ തട്ടി വിള്ളല്‍ സൃഷ്ടിച്ചതോടെ നന്ദന് അവയെ പിഴുതു മാറ്റാന്‍ വൃഥാശ്രമം നടത്തി. കസേരയില്‍ വീണ്ടുമിരുന്ന നന്ദനു ചുറ്റും എരകപ്പുല്‍ നാമ്പുകല്‍ ജ്വലിക്കുന്ന ദാഹകോപങ്ങളോടെ ഊഴം കാത്തു നിന്നു. കീബോര്‍ഡില്‍ വിരലുകള്‍ വച്ചതും തന്റെ മുഖത്ത് ചെറുചൂടുള്ള എന്തോ തുള്ളികള്‍ വന്നു വീണെന്നു തോന്നിയതും ഒരുമിച്ചായിരുന്നു.ഇത്തവണ നന്ദന് വ്യക്തമായി കണ്ടു സ്ക്രീനില്‍ നിന്നും ഒരു ഫൌണ്ടന് പോലെ ചാമ്പിയ ചുടു ചോര! അത് എതിരെ ഭിത്തിയില്‍ അബ്സ്റ്റ്രാക്റ്റ് ചിത്രം വരച്ച് താഴേയ്ക്ക് ഒഴുകിയിറങ്ങ്നി.മുഖത്തു വന്നുവീണ ചോരത്തുള്ളികള്‍ വസൂരിക്കലകള്‍ പോലെ വികൃതരൂപം ആര്‍ജ്ജിച്ചു. കമ്പ്യൂടര് ടവറില്‍ നിന്നും സി. ഡി വയ്ക്കുന്ന ഫലകം പലതവണ പുറത്തേയ്ക്കു ചാടി അകത്തു കയറി. ടവറിന്റെ നീളന്‍ ദ്വാരങ്ങളില്‍ നിന്നും രക്തം കിനിഞ്ഞിറങ്ങി കാര്‍പെറ്റിനെ നനച്ചു.
ഭ്രാന്തമായ ആവേശത്തോടെയാണ് നന്ദന് കീബോര്‍ഡില്‍ വിരലുകള്‍ അമര്‍ത്തിയത്. സ്ക്രീന്‍ അതിവിഹ്വലമായ ഒരു ഉള്‍ക്കാഴ്ചയുണ്ടാക്കി ആ ഇമേജുകള്‍ മുറിയാകെ നിറച്ചു. അതിഭീകരവും പൈശാചികവും ആയ ദൃശ്യം നന്ദനെ വാവിട്ടു നിലവിളിക്കാന്‍ ശക്തനാക്കാതെ കണ്ണുകളെ ദൃഢീകരിച്ചു. മൂര്‍ചയേറിയ എരകപ്പുല്ലുകള്‍ കയ്യിലേന്തി പൈശാചികമായ മുഖങ്ങളോടെ നിഅരവധി സ്വരൂപങ്ങള്‍ സ്വന്തം കൂട്ടുകാരന്റേയോ ബന്ധുക്കാരന്റേയൊ മാംസം ചീന്തി, വെട്ടിക്കീറുകയാണ്. പലര്‍ക്കും മുഖത്തിനു പകരം ഭീകരങ്ങളായ കണ്ണൂകള്‍ മാത്രം. അവ ചോര തുടുത്ത മാംസഭാഗത് തുറിച്ചു നിന്നിരുന്നു. ആക്രന്ദനങ്ങളും അട്ടഹാസങ്ങളും ഉച്ചസ്ഥായിയില്‍ എത്താന്‍ മത്സരിച്ചു. പക മാത്രം വിജൃംഭിച്ച ശരീരങ്ങള്‍ നേരില്‍ ചീന്താന്‍ മറുസ്വരൂപങ്ങളെ അന്വേഷിച്ച് ഉഴറി നടന്നു. എരകപ്പുല്ലുകള്‍ വാശിയോടെ നന്ദന്റെ ദേഹത്ത് ചോര പൊടിയുന്ന വരകള്‍ കീറിയിട്ടു.
അതിഭീകരമായ ഒരുദൃശ്യം സ്ലോമോഷനില്‍ എന്നപോലെ നന്ദന്റെ ചേതനയെ സ്തംഭിപ്പിച്ചുകൊണ്ട് സ്ക്രീന്‍ വികസിപ്പിച്ചെടുത്ത പരിസരമാനങ്ങളില്‍ ഉരുത്തിരിഞ്ഞു.നിസ്സഹനായി നിലവിളിയ്ക്കുന്ന ഒരാളെ മറ്റൊരാള്‍ അമ്ര്ത്തി അമക്കുമ്പോള്‍ വേറൊരാള് എരകപ്പുല്ലിന്റെ ഈര്‍ചവാളാല്‍ അയാളെ നെടുകേ വരഞ്ഞു. ചീന്തി പിളര്‍ന്ന ദേഹം ഒന്നനങ്ങി ഉയര്‍ന്നു പൊങ്ങി താഴെ വന്നപ്പോള്‍ ഹിംസരൂപി അതിനെ കെട്ടിപ്പിടിച്ചു വീണ്ടും പിളര്‍ന്നു. നന്ദന് വാതില്‍ക്കലേയ്യ്കു ഓടിയതും വാതിലിനു മുന്പില് ഊഴം കാത്തു നിന്നിരുന്ന എരകപ്പുല്‍ നാമ്പുകള്‍ അവനെ വരിഞ്ഞതും ഒന്നുച്ചായിരുന്നു. ഈര്ച്ചവാളുകള് അവനെ ഊക്കോടെ മുന്പോട്ട് എറിഞ്ഞു. കീബോര്‍ഡില്‍ മുഖം തല്ലി വീണു തലപൊക്കിയപ്പോള്‍ സ്ക്രീനില്‍ നിന്നും നീണ്ട നഖമുള്ള ഒരു കൈ എരകപ്പുല്‍നാമ്പുകള്‍ സഹിതം അവ്ന്റെ കഴുത്തില്‍ നഖങ്ങള്‍ ആഴ്ന്നിറക്കി. തിരിച്ച് വലിച്ച് ചര്‍മ്മവും മാംസവും ചെറു കിടുക്കങ്ങളോടെ ആ കൈകളാക്കി സ്ക്രീനിലേക്കു മറഞ്ഞു. പുറകോട്ടു മറിഞ്ഞ നന്ദന്റെ മേല്‍ ആറു സ്പീകറുകളും അവയോടു ഘടിപ്പിച്ച കമ്പിവള്ളികള്‍ സഹിതം ഫണീനാഗങ്ങളായ് ഉയര്‍ന്നു പൊങ്ങി. പത്തികള്‍ അത്യാവേശത്തോടെ താഴെയ്ക്കു എറിഞ്ഞ് നന്ദന്റെ മേല്‍ വന്നു വീണു. നാഡീവ്യൂഹം അതിവേദന പ്രസരിപ്പിക്കുന്ന ദൌത്യം ഏറ്റെടുത്തു.മാംസം നുറുങ്ങുന്ന ആഘാതത്തില്‍ നന്ദന് ഞരങ്ങി.കസേരയില്‍ പിടിച്ച് എണീയ്ക്കാന്‍ ശ്രമിക്കവേ കമ്പ്യൂടര് ടവര്‍ നിരങ്ങി നീങ്ങി മുട്ടിനു താഴെ അതിശക്തമായി ഇടിച്ച് എല്ലു നുറുക്കി. പുളഞ്ഞു നിന്നിരുന്ന എരകപ്പുല്‍ നാമ്പുകള്‍ വീണ്ടും അവന്റെ ശരീരം ചീളാന്‍ തുടങ്ങി. സ്ക്രീനിനക്ത്തെയ്ക്കു പാഞ്ഞ്ചെന്നു ചോര നക്കിയെടുത്ത്ത് അവ ഊറ്റം കൊണ്ടു. ഹിംസയുടെ വിവിധ ഭീകരദൃശ്യങ്ങള്‍ പല മാനങ്ങളില്‍ തലങ്ങും വിലങ്ങും നന്ദന്റെ കണ്ണുകളില്‍ പ്രതിബിംബിച്ചു. അവ മുറിയില്‍ പല പ്രതലങ്ങല്‍ സൃഷ്ടിച്ച് സ്ക്രീനിനുള്ളിലും പുറത്തുമായി ഓടി നടന്നു.
നിശ്ചേതനങ്ങളായ കണ്ണുകല് ഇപ്പോഴും കരിനീല വെളിച്ചം പരത്തുന്ന സ്ക്രീനിലെക്കു പതിപ്പിച്ച് കിടന്നിരുന്ന നന്ദന്റെ ചുറ്റും എരകപ്പുല്‍ നാമ്പുകള്‍ തൃപ്തിയോടെ പുളച്ച് നിന്നു. ചില നാമ്പുകള്‍ പരസ്പരം ചോരത്തുള്ളികള്‍ നക്കി തൃപ്തിയടഞ്ഞു. തണുത്തുറഞ്ഞ അവന്റെ ദേഹത്ത് ചാഞ്ഞു വീണ് പ്രേമപുരസരം തൂവത്സ്പര്‍ശം സമ്മാനിച്ചു.
പുറത്തു കാത്തുകിടന്നിരുന്ന കടല്‍ ഞണ്ടുകള്‍ സാവധാനം മുറിയിലേക്കു അരിച്ച് ഉനീങ്ങി. കണവകളും ചിപ്പികളും അത്യുത്സാഹത്തോടെ മേഞ്ഞ് വന്നു. മത്സ്യങ്ങള്‍ പ്രളയജലത്തിന്റെ ഉപ്പുരസം കൂട്ടി നവ മാംസം രുചിച്ചു. കടല്‍ സസ്യങ്ങളായി രൂപാന്തരം സംഭവിച്ച എരകപ്പുല്ലുകള്‍ ആയിരമായിരം കുമിളകള്‍ മേല്‍പ്പോട്ടു വിന്യസിപ്പിച്ച് പ്രകമ്പനം കൊണ്ടു.നിത്യതയുടെ അംശങ്ങള്‍ ആ കുമിളകള്‍ ഏറ്റു വാങ്ങി, കിലുക്കത്തോടെ മുകളിലേക്ക് പാറിപ്പൊങ്ങി.
49 comments:
അവസാനത്തെ കൃഷ്ണന്
ഒരു സമകാലിക- ബ്ലോഗ് കഥ.
ബ്ലോഗുകള്‍ ഹിംസാല്മകമാകുന്നുവോ എന്ന അനുവാചക്ന്റെ പേടി.
ഒരു ഹൊറര്‍ സ്റ്റോറി.
ചാത്തനേറ്: ഇവിടെ അധികം കമന്റിട്ടിട്ടില്ല എന്നാലും വല്ലപ്പോഴും ചാത്തനെപ്പോലെ സാധാ ബ്ലോഗ് വായനക്കാരെയും പരിഗണിക്കണം.. ഇത്രേം പെട്ടന്ന് കമന്റിട്ടതു കൊണ്ട് മനസ്സിലാക്കാലോ പോസ്റ്റ് എത്രമാത്രം വായിച്ചിട്ടുണ്ടെന്ന്...
പ്രിയ കതിരവാ
വളരെ മനോഹരമായ കഥനം. സര്‍റിയലിസത്തിന്റെ പരമകാഷ്ടയില്‍ എത്തിനില്‍ക്കുന്ന ഈ ആഖ്യാനം വളരെ ആസ്വാദ്യകരമായി എന്നു പറയട്ടെ. വളരെ കാലം കൂടിയാണു ഇത്രയും വായനാസുഖം നല്കുന്ന ഒരു കഥ വായിക്കുന്നത്. നന്ദന്റെ മനസ്സിന്റെ വിഭ്രാന്തികള്‍ എരകപ്പുല്ലുകളുടെ കൂര്ത്തനാമ്പുകളായീ തന്നെത്തന്നെ കുത്തിക്കീറാന്‍ എഴുന്നെഴുന്നു വരുന്നതും മോണീറ്ററില്നിന്നു ചീറ്റിത്തെറിച്ച രക്തബിന്ദുക്കള്‍ ഭിത്തിയില്‍ ഒരു അബ്സ്ട്രാക്റ്റ് ചിത്രം വിരചിക്കുന്നതും കഥാകൃത്തിന്റെ ഭാവനാവിലാസത്തിന്റെ മകുടോദാഹരണങ്ങളാണു.
അതെ, എതിരന്‍ കതിരവന്‍ എന്ന കഥാകൃത്ത് തന്റെ തൂലികയെ സമ്മോഹനവും ഉദാത്തവും അസാധാരണവുമായ ഒരു തലത്തില്‍ പ്രയോഗിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍!
സസ്നേഹം,
ആവനാഴി.
:)
Sir Ethiran Kathiravan,
Once in an aeon, a genius shines through amidst the cacophony and chaos.
Strangulated yet, let me be heard,
mine is no dithyramb,
but shall I stress,
Oh Sir! salutes to thee!
Just the kind of these scribbles would lure back to the meadows even the last yadava, one dithered, whithered, waned and then vanished, but now only longing to wander, graze and grip the pastures of yore, time and again...!
Oh Sir, Salutes to thee!
Bemired beneath the mud and dirt, burried among the boulders, cobbles and pebbles,
here lay a fine diamond!
This excellent piece of creation vamps me back, vamps me back, vamps me back....
Oh Sir, Salutes to thee!
പണ്ടാറടങ്ങാന്‍, ആളെ പേടിപ്പിയ്ക്കാന്‍ നടക്കാണാല്ലേ.... ഞാനെന്റെ ചുവന്ന വാള്‍പേപ്പര്‍ മറ്റി ;)
ഒരു MTV ഫില്ലറിനു കഥകൊടുത്തപോലെ,
ചിത്രകാരന്മാരേ ഇത് വായിയ്ക്കൂ, ഒരു വരയ്ക്കുള്ള (സ്)കോപ്പുണ്ട്, സ്ക്രീം പോലെ ഒന്നിന്...
എതിരവാ വ്യത്യസ്തം! മനോഹരം!! അഭിനന്ദനങ്ങള്‍!!!
കുഞ്ഞി ചോദ്യം: സര്റിയലിസം അല്ലേ അസംബന്ധം?
ശ്രീ വിശ്വനാഥന്:
പുകഴ്ത്തലുകള്‍ കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമാണെന്നിരിക്കെ ഇത്രയും കോരിച്ചൊരിഞ്ഞാല്‍ എന്തു ചെയ്യും, നമസ്കരിക്കുകയല്ലാതെ?
ആ ഷേക്സ്പീരിയന്‍ ഇംഗ്ലീഷിന് വേറൊരു നമസ്കാരം.
ആവനാഴീ:
നമ്മുടെ തന്നെ കൂട്ടുകാര്‍ ബ്ലോഗില്‍ ഇപ്പോള്‍ നടത്തുന്ന വ്യര്‍ത്ഥ ഹിംസ തന്നെയാണ് കഥയുടെ പശ്ചാത്തലം. നമ്മളിലുള്ള ‘യാദവാംശം”.
അഭിനന്ദനങ്ങള്‍ക്ക് കൂപ്പുകൈ! (കൈ കൂപ്പുമ്പോള്‍ തല താഴുന്നതും ശ്രദ്ധിക്കുക).
കുട്ടിച്ചാത്താ ഹൊറര്‍ സ്റ്റോറിയാ. സൂക്ഷിച്ച്, സൂക്ഷിച്ച്.....
പുള്ളീ:
സന്തോഷം. ഇങ്ങനെയുള്ള അസംബന്ധത്തിന് ‘സര്റിയലിസം’എന്നൊക്കെ പേരിടാമോ? ചിത്രകാരന്മാര് ഇതുവച്ച് പടം വരച്ച് കാശൊണ്ടാക്കിയാല് എനിയ്ക്കും വല്ല വിഹിതവും കിട്ടുമോ?
ശ്രീ, ഉറുമ്പ്: സന്തോഷം, നന്ദി.
മനോഹരം.
മുന്‍ വിധി സമ്മാനിച്ചിട്ട ജനിതക ഘടകങ്ങള്‍ അവരറിയാതെ അവരെ നയിച്ചിരുന്നോ? അവരിലെ ജീവശാസ്ത്രത്തിന്റെ ഘടികാരം അവസാന മണിയും മുഴക്കാറായെന്ന് മുന്‍ കൂട്ടീ അറിഞ്ഞിരുന്നൊ?
കാലചക്രം കറങ്ങിക്കൊണ്ടിരിക്കും. ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന്...
സ്വന്തം മുഖം മാത്രം കാണുന്ന കണ്ണാടി എപ്പോഴും നോക്കീയിരുന്നാല് ബോറഡിക്കൂലെ?
വല്ലപ്പോഴും ഇട്ടാവട്ടം ബൂലോഗത്തിനു പുറത്തും ഒന്നെത്തി നോക്കെന്നേ :) :) :)
(തല്ലാന്‍ വരൂലാലോ? ചാത്തന് പറന്നേ....
ഹൊറര്‍ സ്റ്റോറീന്നൊക്കെ പറഞ്ഞ് രാവിലെ തന്നെ പറ്റിച്ചില്ലെ)
qw_er_ty
യാദവനെ നേരിട്ട് മലയാളിയോട് ഉപമിക്കുന്നതിലും വലിയ തകരാറില്ലെന്നു തോന്നുന്നു. വേണാടുള്പ്പെടെ പല കേരള തീരദേശ രാജ്യങ്ങളും യാദവരാജ്യങ്ങളായിരുന്നല്ലോ, അവരും യാദവനാട്ടിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് തമ്മിലടിച്ചു നശിച്ചുപോകുന്നതും കേരളം കണ്ടിട്ടുണ്ട്. ഈ മിഥിക്കല്‍ വശത്തിന്റെ സ്വഭാവത്തിനോടു ചേര്‍ന്നാണ് എന്നും മലയാളി നിലകൊണ്ടിട്ടുള്ളതെന്നു തോന്നുന്നു.
ആദ്യം എതിരന്റെ എഴുത്തിനെ നമിക്കുന്നു. ഇതെവിടെനിന്നു വരുന്നു എന്നു ചോദിക്കുന്നില്ല. ആത്മാവിന്റെ നിറവില്‍നിന്നു തൂലിക ചലിക്കുന്നു എന്നതിന് ഈ എഴുത്തിനെക്കാള്‍ വലിയൊരു ഉദാഹരണം ഇല്ല. അടുത്ത കാലത്ത് ബ്ളോഗില്‍ വായിച്ച സംഭവങ്ങളില്‍ ഒന്നാം സ്ഥാനം ഇതിന്.അഭിനന്ദനങ്ങള്‍. ഇനിയുമിതുപോലെ എഴുതുക.
എനിക്ക് എഴുത്തിലെ ഇങ്ങനത്തെ ചില സാധനങ്ങളാണ് ഇഷ്ടപ്പെടുക. അതു താഴെക്കൊടുക്കുന്നു.
ഒഴുക്കു മുറിയാതെ മനസ്സില്‍ തിടം വച്ചു വച്ചിരിക്കുന്ന ലേഖനഗതി മനസ്സില്‍ നിന്നും മറയുന്നതിനു മുന്‍പേ വരമൊഴിയിലാക്കാന്‍ നന്ദന് തിടുക്കമുണ്ടായിരുന്നു.
പാതിരാത്രിയുടെ നിശബ്തയെ മിന്നാമിനുങ്ങുകള്‍ മാത്രം ഇരുള് കീറി സ്വനപ്പെടുത്തി.
അരികുകളില്‍ ഈര്‍ച്ചവാളുള്ള എരകപ്പുല്ലിന്റെ നീളന്‍ നാമ്പുകള്‍ ചാട്ടുളി പോലെ പാഞ്ഞു നന്ദന്റെ തോളില്‍ പോറലുണ്ടാക്കി
കടല്‍ സസ്യങ്ങളായി രൂപാന്തരം സംഭവിച്ച എരകപ്പുല്ലുകള്‍ ആയിരമായിരം കുമിളകള്‍ മേല്‍പ്പോട്ടു വിന്യസിപ്പിച്ച് പ്രകമ്പനം കൊണ്ടു.നിത്യതയുടെ അംശങ്ങള്‍ ആ കുമിളകള്‍ ഏറ്റു വാങ്ങി, കിലുക്കത്തോടെ മുകളിലേക്ക് പാറിപ്പൊങ്ങി.
ഒരു ഓഫ് സംശയം
എന്തുകൊണ്ടാണ് കഥയില്‍ എരകപ്പുല്ലുകള്‍ നിത്യതയുടെ അംശത്തെ ഏറ്റുവാങ്ങിയത്? അല്ലെങ്കില്‍ എവിടെനിന്ന് ഏറ്റുവാങ്ങി?
മുകളില്‍ അതുവരെ പറഞ്ഞുവന്നതും ഇതും എനിക്ക് ഒരു തരത്തിലും കൂട്ടിവായിക്കാന്‍ പറ്റുന്നില്ല.
എന്റെ വിവരക്കേടാണ്! ഒരു വിശദീകരണം തന്നാല്‍ തൃപ്തനായിക്കോളാം.
ചേട്ടാ, എനിക്കു മനസ്സിലായില്ല !
ഇതു മനസ്സിലാക്കാന്‍ മാത്രം വിവരമില്ല.
എങ്കിലും കനപ്പെട്ട സാധനമാണെന്ന ബഹുമാനത്തോടെ..അഭിനന്ദിക്കുന്നു...
വിവരക്കേട് പൊറുക്കുക.
എതിരവന്,
ഭാവനയെ നമിക്കുന്നു. 2 തവണ വായിച്ചു.
അസ്സലായിരിക്കുന്നു..
എരകപ്പുല്ലുകള്‍ എണ്ണി നോക്കിയിരുന്നോ നന്ദന് ? 180 ഇല് അധികമുണ്ടായിരുന്നു അല്ലേ? ;)
അവസാനമൊരു പുഞ്ചിരി വിടര്ന്നോ ചുണ്ടില്‍? യെസ് !
ആശംസകള്‍
സുനീഷ്:
നന്ദി. ഇനിയും ഇതുപോലെ എഴുതണമെന്നോ? ദ്രോഹീ!
പ്രളയ ജലത്തില്‍ എല്ലാം ഒടുങ്ങുന്നു, പ്രളയജലത്തില്‍ നിന്നും എല്ലാം തുടങ്ങുന്നു-ഭാരതീയ സങ്കല്‍പ്പം.നിത്യതയുടെ ഈ അംശം കുമിളകളാണ് സ്വാംശീകരിക്കുന്നത്. കടല്്സസ്യപരിസരത്തുനിന്നും ഈ കുമിളകള്‍ ഉയരുന്നു. സസ്യഭാഗവും മനുഷ്യനും ഒന്നിച്ചാണ് അടുത്ത ചക്രം ആരംഭിക്കുന്നത്. ആലിലയില്‍ ശയിക്കുന്ന ബാല വിഷ്ണു രൂപമാണ് പ്രളയജലോപരിതലത്തില് ആദ്യമായി, ആരംഭമായി പ്രത്യക്ഷപ്പെടുന്നത്.
കാലം പോലും പ്രളയ പയോധി യില്‍ നീന്തിത്തുടിക്കുന്നെന്ന് വയലാര്‍ (“പ്രളയ പയോധിയില്‍ നീന്തിത്തുടിയ്ക്കും പ്രഭാമയൂഖമേ കാലമേ“)
ബെര്‍ളീ:
യാദവരെപ്പോലെ വൃഥായുള്ള വെട്ടിക്കീറല്‍ നാശത്തിലേക്കാണ് നയിക്കുന്നത്.
എരകപ്പുല്ലുകള്‍. അത് ഇടിവാള്‍ പറഞ്ഞതു തന്നെ. 180 ല്‍ കൂടുതല്‍!
ഇത്തവണ വഴക്കു തുടങ്ങിയപ്പോള്‍ ഞാന്‍ മുട്ട പുഴുങ്ങി വിതരണം ചെയ്തിരുന്നു. എന്റെ “നര്‍ഗീസി കോഫ്ത” പോസ്റ്റ് കാണുക.
എതിരന്‍ ജി,
ഖല്‍ഖന്‍!
പറഞ്ഞപോലെ ആരെങ്കിലും ഇതൊന്നു നന്നായി വരഞ്ഞാല്‍ ഗംഭീരമാവുമെന്നു തോന്നുന്നു.
മനോഹരമായിരിക്കുന്നു ഈ ചിന്ത!
അഭിനന്ദനങ്ങള്‍
>> ചിത്രകാരന്മാര് ഇതുവച്ച് പടം വരച്ച് കാശൊണ്ടാക്കിയാല് എനിയ്ക്കും വല്ല വിഹിതവും കിട്ടുമോ?
ഉണ്ടകിട്ടും! അതോണ്ട് നര്ഗീസീകോഫ്ത ഉണ്ടാക്കാം.
ഹോം പേജില്‍ ഒരു കോപ്പീറൈറ്റ് ഇട്ടാ എതിരവന് അമേരിക്കാ എന്നപേരില്‍ ഒരു ഡി.ഡി അയച്ചുതന്നേക്കും.
സംഭവം നന്നായി സൂചിപ്പിച്ചിരിക്കുന്നു പക്ഷെ പൊതുവില്‍ എനിയ്ക് ഇങ്ങനത്തെ ആഖ്യാനശൈലി ഇഷ്ടമല്ല.
എതിരന്‍, ഭീകാരമായി പറഞ്ഞിരിക്കുന്നു.ഓരോ സീനും വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നു. ഭയാനകം!.
എരകപുല്ലോള്ളം വളര്‍ന്ന കമന്റുകള്‍. അരിഞ്ഞുവീഴ്ത്തട്ടെ യാദവകുലം.
“മുന്‍ വിധി സമ്മാനിച്ചിട്ട ജനിതക ഘടകങ്ങള്‍ അവരറിയാതെ അവരെ നയിച്ചിരുന്നോ?“
ഉണ്ടാവും. മനസ്സിലായിടത്തോളം അങ്ങനെ തന്നെ തോന്നുന്നു. ആ ദിവസം ഞാനും കണ്ടിരുന്നു ആ ചുവന്ന പാളി. തോന്നലായിരിക്കും എന്ന് കരുതി. അല്ല സത്യമാണ് എന്ന് ഇപ്പോ മനസ്സിലായി.
വിശ്വപ്രഭ:
ഇവിടെ ഒരു കമന്റുമായി വന്നത് ഒരു തിരിച്ചുവരവിന്റെ തുടക്കമാണെങ്കില്‍ ഞാന്‍ ധന്യനായി.
കൂട്ടുകാരേ
വിശ്വപ്രഭ ഇതാ ഇവിടെയുണ്ട്! എന്നെ തൊട്ടു വിളിച്ചിരിക്കുന്നു!
കഥ വായിച്ചതിനു ശേഷം “അവസാനത്തെ കൃഷ്ണന്” എന്ന പേര് “ക്ഷ” പിടിച്ചു.
കാലികമായി ഇങനെ കഥ എഴുതിയ അങേക്ക് നമസ്കാരം. ആ പേരിനൊന്നു കൂടെ. അന്ത ഹന്തക്കിന്ത പട്ട് -സ്റ്റൈല്‍:):)
എന്നാലും അക്ഷരപിശാച്...
ചില പ്രയോഗങള് എനിക്ക് മനസിലായില്ല, അല്ല്ലെങ്കില് ലോജിക്കുണ്ടെന്ന് തോന്നിയില്ല.
“"വീണതും ഏതു ഗംഭീര പൈതൃകത്തിന്റെ നേര്‍വിപരീത ദയനീതയായിരുന്നു?“ - ഇവിടെ പൈതൃകത്തിന്റെ നേര്‍വിപരീത ദയനീയത എന്ന പ്രയോഗം മനസ്സിലയില്ല.
“സ്പീക്കര്‍ വോള്യം ഓഫ് ചെയ്തു“ -സ്പീക്കര്‍ ഓഓഫ് ചെയ്താല്‍ പോരെ? വോള്യം ഓഫ് ചെയ്യണോ?
“ചഞ്ചലിപ്പാണൈതെന്നു" - ഇത് വായിച്ചപ്പോള്‍ ശ്രീജിത്തിന്റെ ജിഞ്ജലിപ്പ് ആണ് ഓര്‍മ്മ വന്നത്. ചഞ്ചലിപ്പ് എന്നത് ഒരു പുതിയ പ്രയോഗമാണല്ലേ?
"നന്ദന് അവയെ പിഴുതു മാറ്റാന്‍ വൃഥാശ്രമം നടത്തി“ -വൃഥാശ്രമം വേണോ മാഷേ?? ഉണ്ടാക്കിയ കഥാസന്ദര്‍ഭത്തില്‍ എന്തു ശ്രമവും വൃഥാവിലാവുമെന്ന് പ്രതീക്ഷിക്കുന്ന വാായനക്കാരനായിരുന്നു ഞാന്‍. എന്റെ പ്രതീക്ഷയുടെ ഡ്യൂപ്ലികേറ്റിനെ “വൃഥാ”" എന്ന പ്രയോഗത്തില്‍ കണ്ടപ്പോള്‍ ഒരു “"ദ്”" തോന്നി.
ഏറ്റവും ഇഷ്ടമായത് സന്ദര്‍ഭത്തിനനുസരിച്ച് ആശയസംയോജനം നടത്തി കഥയെഴുതിയത്, അതിനു ഉതകുന്ന പേരും..
പലപ്രയോഗങളും ഇഷ്ടമായി. അതൊന്നും വിവരിക്കുന്നില്ല.
ദെന്നെ കൊറച്ച് കൂടുതലായോ?
((വേറ്ഡ് വേരി വെണോ?)
-സു-
ഹാ..ഹാ
saint എതിരന്‍ കതിരവാ, അടുത്ത ഭാഗവത പുരാണത്തിന്റെ സമയമായി പ്രഭോ:)
മിസ്റ്റിസിസത്തിന്റെ പുതിയ വെളിച്ചപ്പാട്, കമ്പ്യൂട്ടറിന്റെ താക്കോല്‍ക്കൂട്ടം എടുത്തു കുലുക്കി താണ്ടവമാടുന്നു.
യദുകുല transvestitkal ആരെങ്കിലും ഒരാറ്റം ബോംബിനെ പ്രസവിയ്ക്കും എന്നൊക്കെ എഴുതിയാല്‍ കാലാനുഗതമായി.
ഹൊ എങ്ങനെ യായിരിയ്ക്കും ആ കൃഷ്ണന്റെ അടുത്ത അന്ത്യം?
ഭാഷ തകര്‍പ്പന്‍,രചിയ്ക്കപ്പെടട്ടേ ഈ ഭാഷയില്‍ ഇനിയുമൊരു നൂറു ഭാഗവതങ്ങള്‍ അതു കണ്ട്, ബോധം കെട്ടു വീഴട്ടെ ആ കാലി പയ്യന്:)
എന്നാലും മലയാളം ബ്ലോഗര്‍മാര്‍ അത്രയ്ക്കു ഹൊറര്ഫുള് ആയോ? ഒരു സംശയമാന്നേ. എന്തേ എനിയ്ക്കങ്ങനെ തോന്നാത്തത്? ശുഭാപ്തി വിശ്വാസം കൂടിയതു കൊണ്ടാണോ അതോ ഞാനിനി പലതും കാണാതെ പോകുന്നുണ്ടോ?
ലോകം നന്നാക്കുന്ന തിരക്കില്‍ ചെക്കനെ തല്ലി വളര്‍ത്താന്‍ കൃഷ്ണന് മറന്നു പോയി. ചെറുപ്പത്തിലെ വികൃതികളെ ഒരല്പം ഗുണദോഷിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വലുതാവുമ്പോള്‍ പയ്യന് കൊത്രാക്കൊള്ളി ആകില്ലെന്നും കുലം നശിപ്പിക്കില്ലെന്നുമല്ലേ ഇതിന്റെ ഗുണപാഠം. ;-) എനിക്കെല്ലാം മനസ്സിലായി :-)
സു/സുനില്‍:
സന്തോഷം. വളരെ സന്തോഷം
ഇങ്ങനെ കിറുകൃത്യമായി ബ്ലോഗുവായനാശീലം പല്ര്ക്കുമുണ്ടായിരുന്നെങ്കില് എനിക്ക് ഈ കഥയെഴുതേണ്ടി വരികില്ലായിരുന്നു.
“പൈതൃക ഗാംഭീര്യം“ എന്നതാവും ശരി.
“സ്പീക്കര്‍ വൊള്യം” എന്ന ഒരു നിയന്ത്രണം സ്ക്രീനിന്റെ കോണില്‍ ഉണ്ടല്ലൊ. അതോര്‍ത്ത് എഴുതിയ്താണ്.
ചഞ്ചലിപ്പ്-ആ അതവിടെ കിടക്കട്ടെ.
“വൃഥാ”- വേണ്ടതല്ല. രണ്ടു മൂന്നു വാചകങ്ങള്‍ ചുരുക്കാന്‍ വേണ്ടി ഇട്ടതാണ്. നന്ദന് ഓടി നടന്ന് പുല്ല് പറിച്ചുമാറ്റുകയുക് അതിനെ വെല്ലുവിളിച്ചുകൊണ്ട് അവ കൂടുതല്‍ പൊട്ടീമുളയ്ക്കുകയും വളരുകയും ചെയ്യുകയായിരുന്നു.
“ശ്രമം നടത്തി” എന്നുമാത്രമെഴുതിയാല്‍ പൊരാ എന്നു തോന്നി.
ഇതുപോലെ വിശദമായി എല്ലാ പോസ്റ്റും “കൈകാര്യം” ചെയ്യുകയാണെങ്കില്‍......
(നന്നായിരുന്നു എന്നെഴുതണോ? പെട്ടീം കിടക്കേം കൊണ്ട് സ്ഥലം വിടുകയല്ലേ ഭേദം?)
ഓ ..എരകപ്പുല്‍ ആയിരുന്നൊ ? എന്തൊ കുത്തി കീറുന്നുണ്ടായിരുന്നു..
എതിരന്‍, നന്നായിരിക്കുന്നു ഈ ഫാന്റസി ...
അവസാനത്തെ സാംബന് എഴുതിയ ഈ കഥ ഇഷ്ടമായി :)
മാഷേ ഒരുപാടൊന്നും പറയാതെ അഭിനന്ദനങ്ങള്‍ കുറിക്കുന്നു. പോസ്റ്റ്നേരത്തെ കണ്ടിരുന്നു.യുദ്ധം പടരും എന്ന് തോന്നിയ ഒരിടത്ത് ഈ പോസ്റ്റ് ലിങ്ക് ചെയ്യുകയും ചെയ്തിരുന്നു.
എല്ലാം ശാന്തമാകുമ്പോഴും വായിക്കേണ്ടവര് വായിച്ചിരുന്നോ എന്ന് സംശയം.
Dear Ethiran jee,
Nise Reading, Fantastic flow of words, enjoyed, Thanks
എതിരാ,
ബ്ലോഗിലെ തല്ലിനെ യാദവന്മാരുടെ അന്ത്യവുമായി കണക്റ്റ് ചെയ്തത് എനിക്ക് ഒരു ആര്‍ട്ട് വര്‍ക്ക് എന്ന രീതിയില്‍ വളരെ ഇഷ്ടമായി. അവസാനത്തെ ഹൊറര്‍ സീനുകള്‍ ആവശ്യത്തിലധികം നീണ്ടുപോയി എന്ന അഭിപ്രായമുണ്ടെനിക്ക്.
എന്നാല്‍ താത്വികമായി ഞാന്‍ ഈ പ്രളയപ്രവചനങ്ങളോടെതിരാണ്. വിക്കിയിലും ബ്ലോഗിലും വളരെ ലോക്കലായി നില്ക്കുന്ന അടികളികളിലൂടെയാണ് കണ്ടെന്റ് പിറക്കുന്നത്. ചെറിയ ചെറിയ ഫിഷനും ഫ്യൂഷനും എന്ന് കൂട്ടിക്കോളൂ.
സമത്വസുന്ദര പ്രശാന്തസുരഭില ബൂലോഗവും വിക്കിയും ഒരു സ്വപ്നം മാത്രമാണ്. അതൊരിക്കലും സ്വാഭാവികമല്ല.
ഇതിലെ ഏറ്റവും പ്രധാനമായ കണ്‍സപ്റ്റ് അടികള്‍ ‘ലോക്കലാണ്’ എന്നതാണ്. അതൊരിക്കലും സിസ്റ്റത്തിന്റെ കൊളാപ്സിന് വഴിയൊരുക്കുകയില്ല. നേരെ തിരിച്ചാണ് സംഭവിക്കുക. മുത്തുചിപ്പിക്കുള്ളിലെ കരടുപോലെ എന്നും പറയാം.
ഈ ലോക്കല്‍ എന്ന കണ്‍സപ്റ്റിനു തുരങ്കം വയ്ക്കുന്ന പരിപാടിയാണ് കമന്റ് അഗ്രിഗേറ്റിംഗ് മെയിലിംഗ് ലിസ്റ്റുകള്‍. അതായത് എതിരന്റെ പ്രളയപ്രവചനം സത്യമാവുക എതിരന്‍ തന്നെ ഭാഗമായിരിക്കുന്ന കമന്റ് അഗ്രിഗേഷന്‍ പരിപാടി വിജയിക്കുമ്പോഴാണ്.
എതിരന്‍സ് അസ്സല്സ് ആയി എഴുതീസ്. എന്നിട്ടും എന്റെ മനസ്സില്‍ യദുകുലം അങ്ങോട്ട് തെളിയുന്നില്ലാസ്. പകരം പ്രോക്രസ്റ്റീസിന്റെ കട്ടില് തെളിഞ്ഞുവരുന്നൂസ്.
വളഞ്ഞും ചരിഞ്ഞും ആ കട്ടിലില്‍ കിടന്ന് നീളമൊപ്പിക്കാന് പെടാപ്പാടുപെടുന്ന പോസ്റ്റുകളും അതിനു തയ്യാറില്ലാത്ത ബ്ലോഗുകളുടെ മരണമൊഴികളുംസ് മായുന്നില്ലാസ്- എന്റെ കുഴപ്പംസ്.
എതിരാ, കാണാന്‍ വൈകി. നന്നായിരിക്കുന്നു.
ഇതിനെ ബ്ലോഗിനോട് വേറിട്ട് വെച്ച് വായിക്കാനാണ് എനിക്ക് ഇഷ്ടം. കഥാകൃത്ത് എന്ന നിലയില്‍ അങ്ങിനെ ഒരു ദിശ മനപൂര്‍വം കൊടുക്കേണ്ടായിരുന്നു എന്നൊരു എളിയ ചിന്തയുമുണ്ട്.
നന്ദന് എന്ന നായകന്റെ പേരും ഉചിതമായി. :-)
പ്രിയ എതിരന്‍,
താങ്കളുടെ ഭാവനാവിലാസത്തിന്റെ മഹനീയതയും ഭാഷയുടെ വശ്യതയും വിളിച്ചോതുന്ന മനോഹരമായ ഈ പോസ്റ്റ് വളരെ നീണ്ടഥണെങ്കിലും ചിത്രകാരന് രസിച്ചു വായിച്ചു.
താങ്കളുടെ പ്രതിഭക്കു മുന്നില്‍ ചിത്രകാരന് പ്രണമിക്കുന്നു.
തങ്കളുടെ ആശങ്കയും ഈ പൊസ്റ്റിന്റെ കാലിക പ്രസക്തിയും സിബു അദ്ധേഹത്തിന്റെ വസ്തുനിഷ്ടമായ കമന്റിലൂടെ വ്യക്തമാക്കിയത് ശ്രദ്ധിക്കുക.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!!
ഒരു മെയില്‍ അയയ്ക്കാന്‍ അഡ്രസ് ആവശ്യമുണ്ട്.
saljojoseph@gmail.com
എതിരന്‍...
ഭോജവൃഷ്ണന്തിക വീരന്മാര് എരിക പുല്ലു കൊണ്ട് തമ്മില്‍ കുത്തി മൃതിയടഞ്ഞതോടെ പ്രളയം വന്ന് ദ്വാരകയുടെ പതനം പൂര്‍ത്തിയാകുന്നതു കാണുന്നു.
കൃഷ്ണ പത്നിമാരേയും മറ്റു ദ്വാരകാ സ്ത്രീ രത്നങ്ങളേയും സുരക്ഷിത സ്ഥാനം നോക്കി കൂടെ കൊണ്ട് പോകുമ്പോള്‍ രാക്ഷസന്മാര് വന്ന് അവരെ തട്ടി കൊണ്ട് പോയപ്പോള്‍ ഗാണ്ഡീവദ്വന്വാവ് നേരിട്ട നിസ്സഹായാവസ്ഥയും ഭീതിയും അദ്ദേഹത്തിനു തന്നെ സേനയോരുഭയോര്‍മദ്ധ്യേ ഉണ്ടായ മോഹാലസ്യത്തേക്കാള് ഭീകരമായിരുന്നു.(അതും ഇതും തമ്മില്‍ എന്ത് ബന്ധം എന്നു ചോദിച്ചാല്‍ ഒരു ബന്ധവും ഇല്ല എന്നു തന്നെ ഉത്തരം)
അതി ശക്തമായ പ്രമേയത്തെ അതില്‍ അധികം ആര്‍ജ്ജവത്തോടെ അവതരിപ്പിച്ചിരിക്കുന്നു..
നന്ദി നമസ്കാരം..
സന്തോഷം, സന്തോഷം തഥാഗതന്.
സേനയോരുഭയോര്‍മദ്ധ്യേ മോഹാലസ്യപ്പെട്ടത് അര്ജ്ജുനന് നായരായിരുന്നുവല്ലൊ. കൃഷ്ണന് കുട്ടി അല്ലല്ലൊ.
കൃഷ്ണന് സ്വല്പമെങ്കിലും വികാരാധീനനായത് കുചേലനെ കണ്ടപ്പോഴല്ലേ?
“എന്തുകൊണ്ടോ ..കണ്ണുനീരണിഞ്ഞു ..ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ...” (രാമപുരത്തു വാര്യര്‍, കുചേലവൃത്തം)
എതിരന്‍ [ജി]
പോസ്റ്റിന്റെ ഒഴുക്ക് ഇഷ്ടപ്പെട്ടു. എതിരന്റെ തന്നെ ആദ്യകമന്റ് മാത്രം വായിക്കേണ്ടിയിരുന്നില്ലെന്ന് മാത്രം.
വിനയപൂര്‍വ്വം
[ദിവാകരന്]
കഥ കൊള്ളാം. ബൂലോകത്തില്‍ എതിരന്‍ പറഞ്ഞ യാദവകുലത്തെ കാണുന്നില്ലെങ്കിലും പുറത്തു പലയിടത്തും കാണുന്നുണ്ടു, കേട്ടോ.
നന്നായിരിക്കുന്നു....
very beautifully crafted...
എതിരന്‍സ്
ശ്രീകൃഷ്ണന്റെ അവസാന നാളുകള്‍ ല്‍ താങ്കളിട്ട കമന്റ് വഴി ഇവിടെയെത്തി.
ഒന്നാന്തരം മാഷേ
യദുകുലം മുടിഞ്ഞോ? മുടിഞ്ഞു.
മുടിഞ്ഞില്ലേ? മുടിഞ്ഞില്ല.
മുടിയുമോ? മുടിയാം മുടിയാതിരീക്കാം. പക്ഷെ എന്തൊക്കെ, ആരൊക്കെ മുടിഞ്ഞാലും എരകപുല്ലുകള് വീണ്ടും മുളക്കും, നാമ്പെടുക്കും,പരസ്പരം കാര്‍ന്ന് നിണമൊലിപ്പിക്കും. കരയും, സ്വാന്ത്വനപെടുത്തും, പിന്നേയും ഭിന്നിക്കും, കരിയും, പിന്നേയും മുളക്കും.
എതിരവന് ജീ....നമസ്കരിക്കുന്നു..
കൃഷ്ണന് ഒരിയ്ക്കലും അവസാനം ഉണ്ടാകാന്‍ വഴി കാണുന്നില്ലല്ലോ എതിരന്മാഷേ.. താങ്കള്‍ തന്നെ പറഞ്ഞപോലെ, ഒരു സമകാലിക- ബ്ലോഗ് കഥ...
അപ്പോ പിന്നെ ബൂലോകം ഉള്ളിടത്തോളം കൃഷ്ണന് അവസാനമില്ല...!!
അറിഞ്ഞില്ലല്ലൊ ഇങ്ങനെ ഒരു വിഭവം
ഞാന്‍ തിരികെ വരും മുഴുവന്‍ വായിക്കാന്‍ ...
വളരെ നല്ല അവതരണം !!
അഭിനന്ദങ്ങള്‍ !!
ഗുളിക കഴിക്കാൻ മറന്ന ഏതോ ദിവസം എഴുതിയതാണല്ലേ കുട്ടീ?
വികടശിരോമണീ, ഗുളിക കഴിക്കാൻ മറന്നതല്ല, ഗുളിക മാറിക്കഴിച്ചുപോയതാണ്. മറ്റൊരാൾ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നത്. അതുകഴിച്ചാൽ ചെസ്സ്, ക്രിക്കറ്റ്,ഇടയ്ക്ക,വൈലോപ്പള്ളി, കഥകളി ഇങ്ങനെ സർവ്വതിനേപ്പറ്റിയും എഴുതാറാകുമെന്ന് വിശ്വസിപ്പിച്ചു എന്നെ. എനിയ്ക്കാകട്ടെ ഇങ്ങനെയും പറ്റി.
ഒരു മനഃശാസ്ത്രജ്ഞനെ കണ്ടുനോക്കട്ടെ.
ഓഹോ,അങ്ങനെയാണെങ്കിൽ ഈ രോഗം പണ്ടേ ഉണ്ട്.
സ്പൈസ് ബോൾസ്,ചിക്കൻ പൊതി,ഭരതനാട്യചരിത്രം,ഇരട്ടവാലന്റെ എന്തോ ഒന്നിന്റെ പ്രതിസന്ധി,കീഴ്പ്പടം,യോഗക്ഷേമസഭയുമായി പുലയമഹാസഭക്കുള്ള ബന്ധം,പൂഞ്ഞാറീലെവിടെയോ അടിക്കുന്ന കാറ്റ്,ചുമർചിത്രകല,നാഴൂരിപ്പാല്,ക്വിസ്...എന്തിന്,ഒബാമ വരെ കരതലാമലകമെന്ന് അതിനും മുമ്പ് തെളിയിച്ചശേഷമാണ് ഈ ഗുളിക മാറുന്നതെന്ന് മനശ്ശാസ്ത്രജ്ഞനോട് പറയാൻ മറക്കണ്ട.
Post a Comment