കഴിഞ്ഞകൊല്ലം ഇറങ്ങിയ രണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് ഇങ്ങ് മലയാളത്തിലെ കറുത്ത പക്ഷികളും അങ്ങ് സ്പെയിനിലെ “വോള്‍വറ്’ഉം. രണ്ടും അവാര്‍ഡുകള്‍ വാരിക്കൂട്ടീയിട്ടുണ്ട്. രണ്ടിലും സംവിധായകര്‍ അതിസൂക്ഷ്മതയോടെ ജീവിതസംബന്ധിയായ പ്രശ്നമുഹൂര്‍ത്തങളും കാഴ്ച്ചപ്പാടും കലാപരമായി എങ്ങനെ ആവിഷ്കരിക്കാം എന്നത് വിദഗ്ദ്ധമായി കാണിച്ചു തരാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. സ്ഥിരം സിനിമാക്കഥാസങ്കേതങ്ങളായ ക്യാന്‍സര്‍, മരണം എന്നിവ കഥാഗതിയെ നിയന്ത്രിക്കുന്നുണ്ടെങ്കിലും അതിലൊന്നുമല്ല ഊന്നല്‍. അമ്മ-മകള്‍ ബന്ധങ്ങളെക്കുറിച്ച് രണ്ടു സിനിമകള്‍ക്കും ഏറെ പറയാനുണ്ട്. ഒന്നില്‍ പരോക്ഷമായാണ് ഇത് ആവിഷ്കരിച്ചിരിക്കുന്നുവെങ്കില്‍ മറ്റേതില്‍ നേരിട്ടും.
മലയാളസിനിമയില്‍ സാധാരണ കാണാത്ത കൃത്യതയോടെയാണ് കറുത്ത പക്ഷികള്‍ രചിച്ചിട്ടുള്ളത്. കഥാകാരനും സംവിധായകനും (ഒരാള്‍ തന്നെ)ബുദ്ധിപൂര്‍വം പറയാതെ പറയാനുള്ള വഴി തേടിയെന്നതാണ് പ്രത്യേകത. സിനിമയെന്ന കലാവിദ്യയെ കുറച്ചെങ്കിലും ഉദൃതമാക്കിയേക്കാമെന്ന അപൂര്‍വ ഉദ്ദേശം. മലയാള സിനിമ വിട്ടുകളഞ്ഞ ചില വഴികള് പിന്നെയും തേടിയെത്തിരിക്കുകയാണ് കമല്‍.ഇന്നത്തെ മലയാളിയുടെ ധാര്‍ഷ്ട്യത്തേയും ജാടയേയും അനുകമ്പാവിഹീനതയേയും നേരെ പരിഹസിക്കാന്‍ വേണ്ടി കഥാപാത്രങ്ങളേയും സംഭവഗതികളേയും അണിനിരത്തുകയാണ്. ഗ്ലാമറുള്ള രണ്ടു താരങ്ങളെത്തന്നെ (മമ്മുട്ടീയും മീനയും) വിപരീത ഇമേജുകളില്‍ പ്രതിഷ്ഠിച്ചുമാണ് ഇത് സാധ്യമാക്കുന്നത്. ഒരു പതനം പ്രകടമാക്കാനുള്ള ഉദ്യമം പോലെ. മലയാളിയുടെ ജാടയെ ഇസ്തിരിയിട്ട് മടക്കുനിവര്‍ത്തുന്ന കീഴാളരെ അവഗണിക്കുന്നതും മൂലഭൂതവ്യവസ്ഥയുടെ അസ്ഥിവാരമായവരെ സമൂഹനീതിയ്ക്കു പുറത്തു നിര്‍ത്തുന്നതും സമാന്യപ്രമേയമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനപ്പുറവും ചില സമസ്യകളുണ്ടെന്ന് നമ്മോട് പ്രതിവചിക്കുകയാണ് ഈ സിനിമ. വാത്സല്യവും മാതൃ-പുത്രീബന്ധവും മരണവും ഇതിനോടെല്ലാം ഉള്ള ഉള്‍ക്കാഴ്ച്ചയും വെല്ലുവിളികളായൊ അല്ലാതെയോ നേരിടേണ്ടതെന്ന ചോദ്യങ്ങള്‍.
നിശിതമായ ഒരു താക്കീതും സംവിധായകന്‍ നമുക്കു വേണ്ടി എറിഞ്ഞിട്ടിട്ടുണ്ട്. പുതുതലമുറയോടു തന്നെയാണ് സിനിമ സംവദിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്.കീഴാളരെ അവ്ഗണിക്കുന്നതും അസ്പൃശ്യരായി നിറുത്തുന്നതും മുതിര്‍ന്ന തലമുറയല്ല. ചന്ദനക്കുറി-സ്വര്‍ണരുദ്രാക്ഷം-സില്‍ക്ക്ജൂബാ ധരിച്ച വല്യമ്മാവനോ സഫാരി സൂടടും കറുത്ത കണ്ണടയും ധരിച്ച അച്ഛന്‍-പ്രതിരൂപമോ അല്ല പിന്തിരിപ്പന്‍ മനോവ്യാപാരങ്ങള്‍ക്ക് ഉടമ. ഇന്നിന്റെ പ്രതിനിധിയായ ചെറുപ്പക്കാരനാണ്, പുരോഗമനകുതുകിയെന്ന നാട്യക്കാരനാണ്. ചാരിറ്റി സംഘടനകളില്‍ മുഖം കാണിച്ചേക്കാവുന്ന അഭിനവപരോപകാരിയുടെ ഇരട്ടമുഖം. പാവങ്ങളോട് അസിഹിഷ്ണുത വച്ചുപുലര്‍ത്തേണ്ട ബോംബേ നിവാസി. ബോംബേയില്‍ താമസിക്കുന കോറ്പറേറ്റ് ഏണിപ്പടികള്‍ കയറുന്നവന്‍് ചേരിനിവാസിയോട് അങ്ങനെ തോന്നാനേ പാടുള്ളു. ബോംബേ നഗരത്തിനു നടുക്കു തന്നെ ചെളിയില്‍ പുരണ്ട കുഞ്ഞുങ്ങള്‍ പ്രാഞ്ചി റോഡിലേക്കു കയറാന്‍ ശ്രമിക്കുന്നത് നിത്യക്കാഴ്ച്ചയാണ്. അത് കണ്ടില്ലെന്നു നടിയ്ക്കുകയാനണ് എല്ലാവര്‍ക്കും നല്ലത്. അതിനു ബോംബേ വരെ പോകണ്ടല്ലൊ. നാട്ടിലെ റെയില്‍ വേ സ്റ്റേഷനു പുറകില്‍ത്തന്നെ സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ സെറ്റ് യഥാര്‍ഥമായി തോന്നുണ്ടെങ്കില്‍ നമ്മള്‍ അത് മിക്കവാറും എന്നും കാണുന്നതു കൊണ്ടാണ്. ക്യാമറ പ്രേക്ഷകനോടൊപ്പം ചലിക്കുന്നുവെന്നു തോന്നുന്നത് ഈ ദൃശ്യങ്ങള്‍ നമ്മുടെ ക്യാമറക്കണ്ണുകള്‍ അലസമായി ക്ലിക്കു ചെയ്യാറുള്ളതുകൊണ്ടാണ്. ആണവക്കരാര്‍ ഒപ്പിട്ട് ഇന്‍ഡ്യ തിളങ്ങുമ്പോള്‍ ഈ സിനിമ നിര്‍മ്മിച്ചു വരികയായിരുന്നു എന്നത് വിരോധഭാസം തന്നെ.
ഇസ്തിരികാരന്‍ മുരുകന്‍, അന്ധയായ മകള്‍ മല്ലി, ധനാഠ്യയായ, മരണം കാത്തു കഴിയുന്ന സുവര്‍ണ എന്നീ നിസ്സഹായരുടെ ചുറ്റുമാണ് കഥ നീര്‍ത്തുന്നത്. മുരുകന്റെ ഒരു ക്ലയന്റ് എന്ന നിലയില്‍ നിന്നും മാറി അവരുടെ കുടുംബത്തോട് സുവര്‍ണ അടുക്കുന്നതോടെ കഥ തുടങ്ങുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹ്യപ്രശ്നങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കയറിയിറങ്ങുന്ന കഥ സുവര്‍ണയുടെ ജീവനോ മല്ലിയ്ക്കു കാഴ്ചയോ എന്നതിലേക്കു വീണ്ടും വീണ്ടും തിരിച്ചുവരുന്നതിലാണ് സിനിമയുടെ തിളക്കം. സുവര്‍ണയുടെ കണ്ണ് മല്ലിയ്ക്ക് കിട്ടേണ്ടതാണ്,സുവര്‍ണ മരിച്ചെങ്കില്‍. സമൂഹവ്യവസ്ഥയ്ക്കു പുറത്തു നിറുത്തപ്പെട്ടതായ മുരുകന്റെ കുടുംബത്തിന്റെ വെളിച്ചവും തെളിച്ചവുമാണ് സവര്‍ണയായ സുവര്‍ണ. സുവര്‍ണയുടെ ജീവന്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെങ്കിലും മല്ലിയുടെ കാഴ്ചലബ്ധിയ്ക്ക് വിഘാതം സൃഷ്ടിക്കും. സുവര്‍ണ മരിക്കേണ്ടത് ഒരേസമയം ആവശ്യവും അനാവശ്യവുമായ സങ്കീര്‍ണപ്രശ്നമായി മുരുകനും പ്രേക്ഷകര്‍ക്കും മുന്‍പില്‍ നില കൊള്ളുന്നു. പക്ഷെ മുരുകനും സുവര്‍ണയും അറിയാതെ തന്നെ സുവര്‍ണ അമ്മ സ്ഥാനത്ത് വന്ന് നില്‍ക്കുകയാണ്. ധാര്‍ഷ്ട്യക്കാരനായ ഭര്‍ത്താവും ക്യാന്‍സറിന്റെ പീഡകളും ഒറ്റപ്പെടുത്തിയ സുവര്‍ണയുടെ സ്നേഹം മുഴുവനും ഗണപതി വിഗ്രഹങ്ങളില്‍ ആവാഹിച്ചിരിക്കുകയാണ്. ഈ സ്നേഹപ്രതിബിംബം മല്ലി യ്ക്ക് കിട്ടൂമ്പോള്‍ അമ്മ-മകള്‍ ബന്ധം ദൃഢമാകുകയാണ്. കാഴ്ച കിട്ടിയാല്‍ ആദ്യം കാണുന്നത് ഈ മാതൃസ്നേഹബിംബത്തെയായിരിക്കും എന്ന് മല്ലി സംശയലേശമെന്യേ നിശ്ചയിക്കുന്നുണ്ട്. ഈ അമ്മസ്വരൂപം മല്ലിയ്ക്കു വേണ്ടി നിലനിര്‍ത്തുന്നതാണ് അവളുടെ കാഴ്ചയേക്കാള്‍ ആവശ്യം എന്നു മനസ്സിലാക്കുന്ന മുരുകന്‍, സുവര്‍ണ വേഗം മരിക്കാന്‍ മകന്‍ വ്ഴിപാടു നേരുമ്പോള്‍ അന്ധാളിച്ചു പോകുന്നു. മുരുകന്റെ മരിച്ചുപോയ ഭാര്യ മുത്തുലക്ഷ്മിക്കു പറ്റാതെ പോയ പുനര്‍ജ്ജനി മല ദര്‍ശനം കൊണ്ട് സുവര്‍ണയുടെ ജീവന്‍ രക്ഷപെട്ടേയ്ക്കുമെന്ന് മുരുകനും തോന്നുമ്പോള്‍ ഈ കുടുംബചിത്രം പൂര്‍ത്തിയായി. മുരുകന്‍ സുവര്‍ണയോട് ഇക്കാര്യം പറയുന്നത് വിടര്‍ന്ന അഴികളുള്ള ജനലിന്റെ അപ്പുറത്തും ഇപ്പുറത്തും ആയി ചിത്രീകരിച്ച് സ്വല്പം പ്രതീകാത്മകത കൊണ്ടുവരുവാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.മുരുകന്റെ കുടുംബവും മേലാളര്‍സ്ത്രീയായ സുവര്‍ണയുടെ സമൂഹവും തമ്മിലുള്ള വൈരുധ്യവും വൈചിത്ര്യവും ഗംഭീരമായാണ് ചില ചുരുങ്ങിയ ഷോട്ടുകളിലൂടെ കമല്‍ ദൃശ്യമാക്കുന്നത്. വെളുത്തു തിളങ്ങുന്ന വാന്‍ ചേരിയിലേക്ക് ഓടി വന്നു നില്‍ക്കുന്ന, മുകളില്‍ നിന്നുള്ള ഷോട്ടാണിതിലൊന്ന്. പുനര്‍ജ്ജനി മലയിലേക്കു നടന്നു കയ്യറുന്ന മുരുകന്‍ കുടുംബത്തില്‍ സുവര്‍ണയുടെ സ്ഥാനം ആ കുടുംബത്തിലെ അമ്മയുടേതെന്ന വണ്ണം ഒരു ലോങ് ഷോടില്‍ ക്യാമറ പിടിച്ചെടുത്തിരിക്കുന്നു.
വളരെ ഒതുക്കത്തോടെയാണ് പ്രമേയം അവതരിക്കപ്പെടുന്നത്. ക്യാമറ നമ്മുടെ കണ്ണുകളില്‍ക്കൂടി കാണുന്ന പോലെ ദൃശ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നു. മുരുകന്‍ കുത്തു കൊണ്ടൂ വീണു പിടയുന്ന രംഗവും സുവര്‍ണ മരിച്ചെന്ന് ദ്യോതിപ്പിക്കുന്ന രംഗവും മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത വ്യംഗ്യദൃശ്യങ്ങളാണ്. മമ്മുട്ടി ഇന്‍ഡ്യന്‍ സിനിമയില്‍ പൊതുവേ കാണാത്ത ഒതുങ്ങിയ ശൈലിയിലാണ് പാത്രതന്മയീഭാവം അണിഞ്ഞിരിക്കുന്നത്.അദൃശ്യമായതെന്തിനേയും പിടിച്ചെടുക്കാമെന്നുള്ള ശുഭാപ്തിവിശ്വാസത്തോടെ മല്ലി കാറ്റിനെ പിടിയ്ക്കാന്‍ കൈവീശുന്നതോടെ സിനിമ തീരുകയാണ്. ഒരു കൊച്ചുകുട്ടിയുടെ പ്രവചനാത്മകവും ആത്മനിഷ്ഠാപരവുമായ കൊഞ്ചലോടെ ഒരു മലയാളം സിനിമ അവസാനിക്കുക എന്നത് ഇക്കാലത്ത് അത്ര നടപ്പുള്ളതല്ല. പ്രത്യ്യേകിച്ചും ഒരു സൂപ്പര്‍ സ്റ്റാറിന്റെ സാന്നിധ്യമുള്ള സിനിമ.
പെഡ്രൊ അല്‍മോദൊവാറിന്റെ “വോള്‍വറ്’ഉം മാതൃ-പുത്രീബന്ധത്തിന്റെ ദൃഢതയെ വാഴ്ത്തുന്നതാണ്. അമ്മ സംബന്ധിയായ സിനിമ ഇതിനു മുന്‍പും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഗ്ലാമര്‍ താരത്തിനെ അതില്‍ നിന്നും മാറ്റിയെടുത്താണ് ഇതിലെ ധൈര്യവതിയും സംരക്ഷകയുമായ അമ്മയായി അവതരിപ്പിക്കുന്നത്. ഹോളിവുഡ്ഡിലെ സെക്സ് സിംബലായ പെനെലോപി ക്രൂസിനെ ഒരു ടീനേജ് പെണ്‍കുട്ടിയുടെ അമ്മയായി അവതരിപ്പിക്കുന്നത് മമ്മുട്ടിയേയും മീനയേയും കൊണ്ട് കമല്‍ ചെയ്ത പോലെ ഒരു തിരിമറിവിന്റെയോ നിപാതത്തിന്റേയോ സൂചന വെളിവാക്കാനായിരിക്കണം. പെനെലോപി ക്രൂസിന്‍് ഓസ്കാര്‍ നോമിനേഷന്‍ മുതല്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു,. കാന്‍ ഫെസ്റ്റിവലില്‍ വോള്‍വര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഹോളിവുഡ്ഡില്‍ ഇംഗ്ലീഷല്ലാത്ത ഒരു സിനിമയ്ക്ക് ഈയിടെ ഇത്രയും ശ്രദ്ധ കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്.സ്പാനിഷ് സംസ്കാരത്തിലൂന്നിയുള്ള കഥാപരിസരം അമേരിക്കന്‍ പ്രേക്ഷകരെ തെല്ലും അലോസരപ്പെടുത്തിയില്ല.
സൌന്ദര്യമുള്ള മകളെ സംരക്ഷിക്കേണ്ടത് മറ്റുപുരുഷന്മാരില്‍ നിന്നും മാത്രമല്ല, സ്വന്തം ഭര്‍ത്താവില്‍ നിന്നും തന്നെ ചിലപ്പോള്‍ വേണ്ടിവന്നേയ്ക്കും എന്ന ക്രൂരസത്യമാണ് കഥയ്ക്കാധാരം. ല മഞ്ച എന്ന ചെറിയ ഗ്രാമത്തിലും പരിസരത്തുമുള്ളവരുടെ മരിച്ചവരേയും അവരുടെ കല്ലറയേയും ആരാധിക്കുന്ന സംസ്കാരം മരണത്തെ മറ്റൊരു കാഴ്ച്ചപ്പാടിലേക്കു നയിച്ചു സ്വസ്ഥപ്പെടുത്തുന്നു. മാനസികപ്രശ്നങ്ങള്‍ വളരെക്കൂടുതലുള്ള ഈ ഗ്രാമത്തില്‍ അവിശ്സ്വനീയമായി വല്ലതും നടന്നെന്നു കേട്ടാല്‍ അത്ര കാര്യമാക്കേണ്ടതില്ല. പക്ഷെ സത്യം ഇതിനൊക്കെ അപ്പുറത്താണ്.അമ്മ-മകള്‍ ബന്ധം പീഡനങ്ങള്‍ മൂലവും കൊലപാതകവും അപകടമരണങ്ങളും മൂലവും സങ്കീര്‍ണമാവുകയാണ്. സംരക്ഷണയുടെ ഉദ്യമങ്ങള് തെറ്റിദ്ധാരണയുടെ പുകമറയില്‍ അദൃശ്യമാവുന്നു. റെയ്മുണ്ഡ (പിനലോപി ക്രൂസ്)യ്ക്ക് മകളെ പ്രാപിക്കാന്‍ തുനിഞ്ഞ സ്വന്തം ഭര്‍ത്താവിന്റെ മൃതദേഹം ഒളിപ്പിക്കേണ്ട അത്യാവശ്യ ഉത്തരവാദിത്തം മാത്രമല്ല സ്വന്തം അനുഭവങ്ങളുടെ ദുരന്തവും അനുഭവിച്ചു തീര്‍ക്കേണ്ടതുണ്ട്. സ്വന്തം അമ്മ അവളെ സംരക്ഷിക്കാത്തതിന്റെ തീരാത്ത പക മാത്ര്മല്ല അവളുടെയുള്ളില്‍, അതിലെ ദുരന്തകഥാപത്രം തന്റെ മകള്‍ തന്നെയാണെന്ന വിചിത്ര സത്യത്തിന്റെ വേദനയും പേറേണ്ടതുണ്ട്.തീപിടുത്തത്തില്‍ മരിച്ചുപോയ അമ്മ വീണ്ടും പ്രത്യക്ഷപ്പെടുന്നത് അവര്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ഇനിയും കാര്യങ്ങളുള്ളതു കൊണ്ടാണ്, റെയ്മുണ്ഡയോട് വെളിപ്പെടുത്തെണ്ട കാര്യങ്ങള്‍ അമ്മ മകളെ അത്യധികം സ്നേഹിച്ചിരുന്നു എന്നും അവളെ നശിപ്പിച്ചവരോട് പകരം വീട്ടിയിട്ടുണ്ടെന്നും അറിയിക്കുവാന്‍ വേണ്ടിയുമാണ്.ക്യാന്‍സര്‍ ബാധിച്ച് മരണം പ്രതീക്ഷിച്ച് കഴിയുന്ന അകന്ന ബന്ധുക്കാരിയ്ക്കുമുണ്ട് അവരുടെ അമ്മയുടെ തിരോധാനത്തെക്കുറിച്ച് സംശയങ്ങള്‍. അതും കഥയിലെ സത്യങ്ങളുടെ ഭാഗമാണ്. അല്‍പ്പം നര്‍മം കലര്‍ന്ന ആഖ്യാനരീതിയാണ് അല്‍മൊദവാര്‍ സ്വീകരിച്ചിരിക്കുന്നത്.ചീറിപ്പായുന്ന കാറ്റും തലങ്ങും വിലങ്ങും ഓടുന്ന ചുവന്നനിറമുള്ള വാഹനങ്ങളും പ്രേക്ഷകര്‍ക്ക് പ്രതേക മിസ്റ്റിക് അനുഭവങ്ങള്‍ പ്രദാനം ചെയ്യ്തുകൊള്ളട്ടെ എന്ന മനോഭാവവും സംവിധായകനുണ്ട്.
പതിവു ഗ്ലാമര്‍ വേഷം വിട്ട് പെനലൊപി ക്രൂസ് ഒരു ടീനേജ് കുട്ടിയുടെ അമ്മയായി നിഷ്പ്രയാസം സിനിമയില്‍ ഉടനീളം ഉജ്വലസാന്നിധ്യമറിയിക്കുന്നു. അവരുടെ ശരീരഭംഗി മാത്രമേ മുതലെടുത്തിരുന്നുള്ളു എന്ന സത്യം ഹോളിവുഡ് ഇതോടെയാണ് മനസ്സിലാക്കിയത്.മകളോടുള്ള വാത്സല്യവും അമ്മയോട് ഒളിപ്പിച്ചു വചിരിക്കുന്ന പകയും സ്വന്തം ദുരന്തപീഡയും എല്ലാം ഒരു പാട്ടീലൂടെ കണ്ണുനനയിക്കുന്ന അനുഭവമായി പ്രത്യക്ഷീഭവിക്കുമ്പോള്‍ ഇതു കേട്ട് വാനിന്റെ യുള്ളീല്‍ ഇരുന്ന് കരയുന്ന അമ്മയുടെ ചില ചെറിയ ഷോടുകള്‍ അത്യധികം ശ്രദ്ധയോടെ മെലോഡ്രാമായില്‍ വഴുതി വീഴാതെയാാണ് സംവിധായാകന്‍ ഒരുക്കുന്നത്.സ്വന്തം മകള്‍ക്കും സ്വന്തം അമ്മയ്ക്കും നടുവില്‍ എവിടെ നില്‍ക്കണമെന്ന് അറിയാതെ അത്യന്തം വിഷമിക്കുന്ന റെയ്മുണ്ഡ ശക്തമായ കഥാപത്രമാണ്. മകളുടെ സത്യം നമ്മളേയും ഞെട്ടിയ്ക്കും. നീചനാണെകിലും ഭര്‍ത്താവിന്റെ ശരീരം മറവു ചെയ്ത ശേഷം അത്യാദരപൂര്‍വം മരത്തില്‍ തീയതി കോറിയിട്ട് മരിച്ചവ്രോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ അവള്‍ മറക്കുന്നില്ല. റെയ്മുണ്ഡയുടെ എല്ലാ ചെയ്തികള്‍ക്കും പ്രേക്ഷകരും പിന്തുണ നല്‍കുന്ന വിധത്തിലുള്ള അവതരണരീതിയാണ് സംവിധായകന്റെ വിജയം.അമ്മയുടെ മകളും സ്വന്തം മകളുടെ അമ്മയുമാണ് റെയ്മുണ്ഡ, പക്ഷെ അല്ല താനും. വിചിത്രം തന്നെ ഇത്. ഇത്തരമൊരു കഥാപാത്രത്തെ scene to scene consistancy യോടെ അവതരിപ്പിക്കുന്നത് വളരെ ക്ലിഷ്ടമായ ജോലിയാണ്. പെനലോപി ക്രൂസ് ഈ വെല്ലുവിളി സശക്തം നേരിടുന്നു.ഉല്‍ക്കടമായ മാതൃത്വം ഇത്രയും ആവാഹിച്ചിട്ടുള്ള വേറൊരു കഥാപാത്രത്തെ സിനിമാലോകത്ത് കാണാന്‍ പ്രയാസമാണ്.
സുവര്‍ണ-മല്ലി, റെയ്മുണ്ഡ-മകള്‍-അമ്മ ബന്ധങ്ങള്‍ വെറും ഭാവനാസൃഷ്ടി മാത്രമാണെന്ന് തോന്നാതെ അനുഭവിപ്പിക്കുകതന്നെ ചെയ്തിരിക്കുന്നതാണ് ഈ രണ്ടു സിനിമകളുടേയും ശക്തിയും കലാപരമായ സൌന്ദര്യവും. ബന്ധങ്ങളുടെ ഊഷ്മളത, അത് കുറച്ചു കാലത്തേതായാലും മതി അനുഭവിച്ചറിയേണ്ടതേ ഉള്ളു, നേട്ടങ്ങളെ ക്കൊണ്ട് സമ്പന്നമാകേണ്ടതില്ല എന്ന് ഈ സിനിമകള്‍ നമ്മെ വിളിച്ച് കാട്ടിത്തരുന്നു.മാതൃത്വത്തിന്റെ പുനര്‍ജ്ജനി മല എത്രകയറിയാലും ഊര്‍ജ്ജം നഷ്ടപ്പെടാതെ അതിന്റെ ത്രസിപ്പ് മരണത്തിലും കൂടെയുണ്ടായിരിക്കും.അതിന്റെ പ്രഭാരശ്മികള്‍ ഇവിടുത്തെ ചേരിപ്പിന്നാമ്പുറത്തും സ്പെയിനിലെ ഒഴിഞ്ഞ ഗ്രാമക്കോണിലും ഒരുപോലെ തെളിഞ്ഞു വീഴുന്നു.
6 comments:
കറുത്ത പക്ഷികള്‍
വോള്‍വര്‍
രണ്ട് അമ്മക്കഥ സിനിമകള്‍. കഴിഞ്ഞവര്‍ഷം ഇറങ്ങിയതെങ്കിലും ഇപ്പോഴും ശ്രദ്ധേയം.ഒരു അവലോകനം.
kaRuththa pakshikaL
Volver
Two movies on motherhood.
An appreciation.
മലയാളി എന്തുകൊണ്ട് കറുത്തപക്ഷികള്‍ ശ്രദ്ധിച്ചില്ല, അത് ഹിറ്റായില്ല എന്ന് ഞാന്‍ അത് കണ്ടപ്പോള്‍ ഓര്‍ത്തിരുന്നു. കമലിന്റെ വളരെ നല്ലൊരു പടം. വോള്‍വര്‍ കണ്ടില്ല.
മനോഹരം... എഴുത്തും തിരഞ്ഞെടുത്ത സിനിമകളും. കറുത്തപക്ഷികളെക്കുറിച്ച് പറഞ്ഞു കേട്ടിരുന്ന ഒരു ആരോപണം, മല്ലിയുടെ ഡയലോഗുകള്‍ പ്രായത്തില്‍ കവിഞ്ഞതയിരുന്നു എന്നതാണ്. ഒരു പരിധിവരെ ശരിയായിരിക്കാം. എന്നാല്‍ ആശയങ്ങള്‍ സംവേദനം ചെയ്യുവാന്‍ ചില സിനിമകളില്‍ മൃഗങ്ങള്‍ സംസാരിക്കുന്നതായി ചിത്രീകരിക്കാറുണ്ടല്ലോ, അതുപോലെ ഒരു സങ്കേതമായി ഇതിനേയും കണ്ടാല്‍ പോരേ? (കറുത്തപക്ഷികളിലായതുകൊണ്ട്, മറ്റു ചില ചിത്രങ്ങളില്‍ ഇങ്ങിനെ അവതരിപ്പിച്ചത് ബോറായിട്ടുമുണ്ട്.) മലയാളികള്‍ മനഃപൂര്‍വ്വം തള്ളിക്കളഞ്ഞ ഒരു ചിത്രമായിട്ടാണ് കറുത്തപക്ഷികളെക്കുറിച്ച് എനിക്കു തോന്നിയിട്ടുള്ളത്. ഹീറോയിസം തൊട്ടു തീണ്ടാത്ത മമ്മൂട്ടിയെ മലയാളികള്‍ക്ക് രസിച്ചില്ലായിരിക്കാം! കറുത്തപക്ഷികള് കണ്ടുകൊണ്ടിരുന്നപ്പോള്‍ പലപ്പോഴും എന്റെ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു, കഥയുടെ അവസാനവും വളരെ ഇഷ്ടമായെനിക്ക്. ചിരിപ്പിക്കുക മാത്രമല്ലല്ലോ സിനിമയുടെ ആസ്വാദനം, അതിനൊരു നല്ല ഉദാഹരണമായും തൊന്നി ഈ ചിത്രം.
വോള്‍വറിനെക്കുറിച്ച് അധികമൊന്നും പറയുവാനില്ല. നര്‍മ്മത്തിന്റെ മേമ്പൊടിയും, കുറ്റാന്വേഷണ കഥയുടെ നിഗൂഢതയും ഒക്കെ അതിനുണ്ട്. ഒരാള്‍ മരിച്ചിട്ടും ജീവിച്ചിരിക്കുന്നുവെന്ന് എല്ലാവരും വിശ്വസിക്കുന്നു; മറ്റൊരാള്‍ മരിച്ചുവെന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്, എന്നാല്‍ മരിച്ചിട്ടില്ല. ഈ രണ്ട് വിചാരങ്ങളുടേയും നടുവിലൂടെപ്പോവുന്ന കുറച്ച് കഥാപാത്രങ്ങള്‍. മനോഹരമായ ഒരു ചിത്രം തന്നെ.
ഈ രണ്ടു സിനിമകളും ചേര്‍ത്തിങ്ങനെയൊരു അവലോകനം... അതും വളരെ നന്നായി... :)
ഓണാശംസകളോടെ
ഹരീ
--
എത്രശ്രമിച്ചിട്ടും ‘വോള്‍വറി‘നെപ്പറ്റി ആവറേജ് എന്നെഴുതാനേ കഴിയുന്നുള്ളൂ. അല്പം കൂടി തെളിച്ചു പറഞ്ഞാല്‍ I didnt like this movie. മുന്‍വിധി കൂടിപ്പോയതുകൊണ്ടാണോ അതിശയിപ്പിക്കും വിധം മികവുറ്റ മറ്റു സ്പാനിഷ് ചിത്രങ്ങള്‍ കണ്ടിട്ടുള്ളതുകൊണ്ടാണോ എന്നറിയില്ല.
[സിനിമാനിരൂപണത്തില്‍ സിജുവും ഈ പോസ്റ്റില്‍ തന്നെ ഹരിയും ‘വോള്‍വറി‘നെപ്പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. പൊതുവേ ചലച്ചിത്രനിരൂപകര്‍ക്കും നല്ല അഭിപ്രായം തന്നെ]
ഡാലി, ഹരീ;
കറുത്തപക്ഷികളുടെ പ്രമേയം മാത്രമല്ല അത് എടുത്ത ശൈലിയും പഠനാര്‍ഹമാണ്. അതില്‍ പൂങ്കൊടി ക്യാരക്റ്റര്(പദ്മപ്രിയ) ഒഴിച്ച് ബാക്കിയുള്ളതൊക്കെ പുതുതാണ്. മമ്മുട്ടിയുടെ അഭിനയരീതി സാധാരണ പ്രധാന നടന്മാര്‍ കൈക്കൊള്ളറുള്ളതല്ല, ഇന്‍ഡ്യന്‍ സിനിമയില്‍. ‘സ്വഭാവ‘ നടന്മാര്‍ക്കേ പറഞ്ഞിട്ടുള്ളു. ഹിന്ദിയിലെ “അങ്കുര്‍” (ശബാനാ ആസ്മി,അനന്ത് നാഗ്)ല്‍ സാധു മെഹ്‌ര്‍ ചെയ്ത പോലെ. പക്ഷെ സാധു മേഹ്‌ര്‍ ഒരു ഗ്ലാമര്‍-ടോപ് നടനല്ല. നിരവധി കുത്തു കൊണ്ടു വീഴുന്ന സീനുകളിലും മരണവാര്ത്ത കേള്‍ക്കുന്ന സീനുകളിലും അഭിനയിച്ചിട്ടുള്ള മമ്മുട്ടി ഇതില്‍ ആ രംഗങ്ങളില്‍ കാണിയ്ക്കുന്ന കൃത്യത സംവിധായകന്റെ കൂടി സംഭാവന ആയിരിക്കാമെങ്കിലും ഒരു പരീക്ഷണം തന്നെയാണ്. ട്രിക്കുകളൊന്നുമില്ലാത്ത ക്യാമറ വര്‍ക്കും ശ്രദ്ധിക്കേണ്ടതാണ്. റെയില്‍ വേ സ്റ്റേഷന്റെ പുറകില്‍ തന്നെ സെറ്റുണ്ടാകിയതിലും ചില നിര്‍ബ്ബന്ധബുദ്ധി കാണാം. അതിഭാവുകത്വം പോയിട്ട് ഭാവുകത്വം പോലും ചുരുക്കാനുള്ള ശ്രമം ഒരു ആര്‍ട് ഫിലിമിന്റെ ബോറടിയില്‍ വീഴ്ത്തിയില്ല. മുരുകന്റെ കാഴപ്പാടിലുള്ള സുവര്‍ണയെ മാത്രം (പാട്ടു സീനിലൊഴികെ) കാണിച്ചതിലും സംവിധായകന് പൂച്ചെണ്ട് കൊടുക്കേണ്ടതാണ്.
ദിവാ;
“വോള്‍വര്‍” ന്റെ ചില പ്രത്യേകതകള്‍ മറ്റു സിനിമക്കളില്‍ കാണാത്തതാണ്. ഒരു കൊലപാതകവും ദേഹം മറവു ചെയ്യലും കഴിഞ്ഞിട്ടും കഥ പോലീസിന്റെയോ കുറ്റന്വേഷണത്തിന്റേയോ വഴിയേ പോകുന്നേ ഇല്ല എന്നത് സാധാരണ പ്രേക്ഷകര്‍ക്ക് അന്യമായി തോന്നും. റെര്യ്മുണ്ഡയുടെ ദുരന്താനുഭവങ്ങള്‍ അവളെ അനുകമ്പയ്ക്ക് പ്രേരിപ്പിക്കുന്നില്ല. അതീവ സെന്റിന്മെന്റലായ അമ്മയുടെ മകളാണെങ്കില്‍ ക്കൂടി. ആണ്‍കഥാപാത്രങ്ങള്‍ ഒന്നുമില്ലാത്തത് ന്യൂനതയായി തോന്നിപ്പിക്കാത്തതും പ്രത്യേകതയാണ്.ശൈലിയിലോ ക്യാമറയിലോ ട്രിക്കുകളൊന്നുമില്ല കഥ പോകുന്നതിനനുസരിച്ച് ചില കഥാപാത്രങ്ങള്‍ പ്രാധാന്യം നേടി വരുന്നതും രസകരം. കഥാഗതി ഒരു സ്ഥലത്തെ പ്രത്യേകതകളില്‍ ഒതുക്കിയതും നന്നായി.
പിന്നെ അമ്മക്കാര്യം പറഞ്ഞ് ശ്രദ്ധ നേടാനും ഇക്കാലത്ത് അത്ര എളുപ്പമല്ല.
Post a Comment