തികച്ചും പാശ്ചാത്യരീതിയിൽ, ഉന്നതധൈഷണികത കൈവരിയ്ക്കുന്ന വിദ്യാഭ്യാസപദ്ധതികൾ വിഭാവനം ചെയ്താണ് ഇന്ദിരാഗാന്ധി ജെ എൻ യു വിനു തുടക്കമിട്ടത്. പ്രസിദ്ധ ഡിപ്ളോമാറ്റും ഭാവിചിന്തയുള്ള ആളും നയതന്ത്രപടുവുമായ ജി പാർത്ഥസാർഥിയെ വൈസ് ചാൻസലർ ആയി തെരഞ്ഞെടുത്തതിൻ്റെ പിറകിലും ഈ ഉദ്ദേശം തന്നെ ആയിരുന്നു. വിക്കിപ്പീഡിയയിലെ ഈ പരാമർശം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു എന്ന് അവിടുത്തെ അനുഭവം മനസ്സിലാക്കിത്തന്നിട്ടുണ്ട്. “Largely due to his efforts, JNU was the first university in India to establish a highly participative, broad-based and democratic student union thus leading to a dynamic student movement on its campus.“ വളരെ സ്വതന്ത്രവും ശക്തിയാർന്നതും സ്വാധീനശേഷിയിയന്നതും ആയ വിദ്യാർത്ഥിസംഘടനകൾ ജെ എന്യുവിൻ്റെ മുഖമുദ്രയായത് സമകാലിക ചരിത്രം മാത്രം. സീതാ റാം യെചൂരി ഉൾപ്പെടെ നേതാക്കൾ ഈ ക്യാമ്പസിൻ്റെ സംഭാവന ആയത് ഇതിൻ്റെ ഒരു പരിണിതഫലവും.
1970 കളുടെ ആദ്യത്തിലാണ് ജെ എൻ യു യിൽ കൂടുതൽ വിദ്യാർത്ഥികൾ വന്നു ചേർന്നതും പലേ സ്കൂളുകൾ നിലവിൽ വന്ന്തും. 1972 ഇൽ ആരംഭിച്ച സ്കൂൾ ഓഫ് ലൈഫ് സയൻസിലെ ആദ്യ M. Phil-Ph. D ബാച്ചിൽ ഞാനുൾപ്പെടെ 21 പേരാണ് ഉണ്ടായിരുന്നത്. ഇൻഡ്യയിലെ പലേ ഇടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ. കുത്തബ് മിനാറിനു വടക്കുപടിഞ്ഞാറായി കിടക്കുന്ന കാട്ടുപ്രദേശത്ത് അന്ന് കെട്ടിടങ്ങൾ പണിതു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഓൾഡ് ക്യാമ്പസ് എന്ന് പിന്നീട റിയപ്പെട്ട ഇടത്താണ് അന്ന് സാക്ഷാൽ ജെ എൻ യു ആസ്ഥാനം. തികച്ചും ദേശീയസ്വഭാവം ഉള്ള ക്യാമ്പസ്. ഹിന്ദിയേക്കാൾ ഇംഗ്ളീഷ് സംസാരഭാഷയായുള്ള ഇടം അന്ന്.
സ്കൂൾ ഓഫ് സോഷ്യൽ
സയൻസിൽ ധാരാളം മലയാളി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കേശവൻ വെളുത്താട്ട്, കെ. ഗോപാലൻകുട്ടി ഉൾപ്പെടെ. പ്രൊഫസർമാരിൽ ഡോ റ്റി. കെ. ഉമ്മനും ഡോ.
കെ എൻ പണിക്കരും ഒക്കെയുണ്ട്. ആകപ്പാടെ
ഒരു ‘വലത്‘ ചായ് വ്
ഉള്ള ക്യാമ്പസ്, പ്രൊഫസർമാർ പലരും ആ ഭാഗത്താണ്. 1972 ഇൽ ആദ്യ സ്റ്റുഡെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ്
നടന്നു. മലയാളിയായ പി സി ജോഷി ചെയർമാനായി. ക്യാമ്പസ് സാവധാനം കമ്യൂണിസ്റ്റ്
ഇടത് സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കയായിരുന്നു. ഈ സമയത്ത് ക്യാമ്പസിൽ എത്തിയ പ്രകാശ് കാരാട്ട് ആണ്
പ്രധാന ഒരു കാരണം. മദ്രാസിൽ (ചെന്നൈ) നിന്ന് എഡിൻബറോവിൽ ഗവേഷണവിദ്യാർത്ഥിയായി പോയ
കാരാട്ട് കമ്മ്യൂണിസ്റ്റ് എന്ന പേർ കേൾപ്പിച്ചതിനാൽ
സ്കോളർഷിപ് നഷ്ടപ്പെട്ട് ഇവിടെ എത്തിയതാണ്. 1973 ഇൽ എത്തിയ സീതാറാം യെചൂരി എഴുതിയ
പരീക്ഷകൾക്കൊക്കെ റാങ്ക് നേടി മാത്രം പാസായ വിദ്യാർത്ഥിയാണ്, സെൻ്റ്
സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി എ പാസായി ഇവിടെ
സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം എയ്ക്ക് ചേർന്നിരിക്കയാണ്. കാരാട്ട് പൊക്കമുള്ള, വെളുത്ത്
സുന്ദരനായ, മീശവെച്ച ചെ റുപ്പക്കാരൻ, കട്ടിക്കണ്ണട വെച്ച് തുടങ്ങിയിട്ടുണ്ട്. തികച്ചും
സ്കോളർ ആണ്, ഉജ്ജ്വലമാണ് പ്രസംഗങ്ങൾ. യെചൂരി വളരെ സൗമ്യനും മിതഭാഷിയും പക്ഷേ
ഇലക്ഷൻ സമയത്ത് ചൂടും ചൂരും കൈക്കൊള്ളുന്നവൻ. കുറേ ബെംഗാളികളും മലയാളികളും പിന്നെ
ആന്ധ്രയിൽ നിന്ന് വന്ന പുരോഗമന ചിന്തക്കാരും
കമ്യൂണിസ്റ്റ് ആശയക്കാരായിരുന്നതിനാൽ
1970 ഇൽ ഉദയം കൊണ്ട എസ് എഫ് ഐയ്ക്ക് വേരുപിടിയ്ക്കാൻ പ്രയാസപ്പെടേണ്ടി വന്നില്ല ജെ
എൻ യു ക്യാമ്പസിൽ. 1973 ഇൽത്തന്നെ പ്രകാശ് കാരാട്ട് എസ് എഫ് ഐ സെക്രട്ടറിയുമായി.
യെചൂരി ക്യാമ്പസിൽ പേരെടുത്ത് തുടങ്ങി, 1974 ഇലാണ് എസ് എഫ്
ഐ യിൽ ചേർന്നത്.
പാശ്ചാത്യ ക്യാമ്പസുകളുടെ രീതി അവലംബിച്ച് വളരെ തുറന്നതും വിശാലവുമായ സമൂഹനീതിയാണ് ക്യാമ്പസ്സിൽ അനുവദിച്ചിരുന്നത്. ജി പാർത്ഥസാർഥിയോടൊപ്പം മറ്റ് വിദ്യാഭ്യാസവിചക്ഷണരും- മൂനിസ് രാസാ,, റോമിള താപർ എന്നിവർ ഉൾപ്പെടെയുള്ളവർ-വിശാല ചിന്തയ്ക്ക് വഴി വെയ്ക്കാൻ വാതാവരണം സൃഷ്ടിയ്ക്കുക എന്നത് ഒരു വാശിയെന്നപോൽ നടപ്പാക്കുകയായിരുന്നു. വിലക്കുകൾ തീരെക്കുറഞ്ഞ ഒരു ക്യാമ്പസ് ഘടന ഇതിലൊന്നായിരുന്നു. ഇന്ദിര ഗാന്ധി കയ്യയച്ച് സാമ്പത്തികസഹായം ചെയ്തിരുന്നതിനാൽ പലേ കാര്യങ്ങളും സുഗമമായിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഹോസ്റ്റെൽ ഒരേ കെട്ടിടത്തിൽ, രണ്ടുകൂട്ടർക്കും ഒരു ആഹാരസ്ഥലം (‘മെസ്‘), മെസ് ഹാളിനു മുന്നിൽ വിശാലമായ മു റിയിൽ എല്ലാ പത്രങ്ങളും, പെട്ടെന്ന് നിർമ്മിച്ചെടുത്ത വൻ സൗകര്യങ്ങളുള്ള ലൈബ്രറിയിൽ എല്ലാ പ്രസിദ്ധ മാഗസീനുകളും, മതിൽക്കെട്ടോ ഗെയ്റ്റുകളോ ഇല്ലാത്ത, ആണിനും പെണ്ണിനും യഥേഷ്ടം വിഹരിക്കാവുന്ന പുൽപ്പരപ്പുകൾ, അങ്ങനെ അക്കാലത്ത് ഇൻഡ്യയിലെ മറ്റ് വിദ്യാർത്ഥികൾക്ക് ലഭിയ്ക്കാത്ത പലേ സൗഭാഗ്യങ്ങളും ചെറുപ്പക്കാർക്ക് ആശിക്കത്തക്കതായിരുന്നു. ലോക ക്ളാസിക് സിനിമകൾ സ്ഥിരം സൗജന്യമായി പ്രദർശിപ്പിക്കാൻ എംബസികൾ സൗജന്യമായി ഫിലിം പെട്ടികൾ നൽകി, ഫ്രെഞ്ച്, ജെർമൻ, ഇറ്റാലിയൻ സിനിമകൾ അങ്ങനെ പരിചിതമായി. ഇൻഡ്യയിലെ കലാസാംസ്കാരികസാഹിത്യരംഗത്തെ പ്രഗൽഭരുടെ സെമിനാറുകൾ, തുടർന്ന് ചൂടേറിയ ചർച്ചകൾ ഇങ്ങനെ അന്ന് മറ്റ് യൂണിവേഴ്സിറ്റികൾക്ക് സങ്കൽപ്പിക്കാൻ വയ്യാത്ത തരത്തിലുള്ള സ്വതന്ത്രസമൂഹമായിരുന്നു . രണ്ട് തരം വിദ്യാർത്ഥികൾ ഇവിടെ വിഹരിച്ചു. ഭാരതത്തിലെ ഏറ്റവും മിടുക്കരായ ചെറുപ്പക്കാരെ തെരഞ്ഞെടുത്തിട്ടുള്ളതിനാൽ “ജെ എൻ യു ബുദ്ധിജീവികൾ‘ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടിരുന്നവർ ഒരു സംഘം ആണെങ്കിൽ പുതുമയിലും സ്വാതന്ത്ര്യത്തിലും ആകർഷിക്കപ്പെട്ട്, പാശ്ചാത്യരീതികൾ ആസ്വദിക്കാൻ എത്തിയ മറ്റൊരു പരിഷ്ക്കാരി സംഘം. ഇവർ മിക്കവാ റുംഫ്രെഞ്ച്, ജെർമ്മൻ, റഷ്യൻ ഒക്കെ പഠിയ്ക്കാൻ എത്തിയവരായിരുന്നു. പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഇൻഡ്യ മുഴുവൻ മുഖം പരിചയപ്പെടുത്തിയിട്ടുള്ള മോഡെൽ സുന്ദരികൾ, നർത്തകികൾ., കലാകാരന്മാർ ഒക്കെ ക്യാമ്പസിൻ്റെ തുറന്ന സമീപനങ്ങളിൽ ആകർഷിക്കപ്പെട്ട് വന്നു ചേർന്നിരുന്നു. ദേവാനന്ദിൻ്റെ ചേട്ടൻ്റെ ഭാര്യ, മേനക ഗാന്ധി ഒക്കെ പുതിയ ക്യാമ്പസിൻ്റെ മോടിയിൽ ഭ്രമിച്ചെത്തിയ വിദ്യാർത്ഥികളിൽപ്പെടും.
പക്ഷേ ക്യാമ്പസ്സിൻ്റെ പുരോഗമന ചിന്തയിലേക്ക് ഇവരെല്ലാം ആകർഷിക്കപ്പെട്ടു എന്നത് ഒരു സത്യം തന്നെ. പാതിരാത്രി
കഴിഞ്ഞാലും ‘ധാബാ' എന്ന് വിളിയ്ക്കപ്പെടുന്ന ക്യാംപസ് തട്ടുകടകൾക്ക് മുന്നിൽ സാമൂഹ്യവിപ്ളവ ചർച്ചകൾ നടക്കുന്നതിൽ പെൺ
കുട്ടികളും പങ്കെടുക്കുന്നു എന്നത് കേരളത്തിൽ നിന്നെത്തിയ ഞങ്ങൾക്കൊക്കെ
ആശ്ചര്യകരമായിരുന്നു. ഗഭീരമായി വസ്ത്രധാരണം ചെയ്ത പൊക്കമുള്ള സുന്ദരികൾ ഇതിലൊക്കെ പങ്കെടുക്കുന്നത് കട്ടൻ
ചായ/പരിപ്പുവട പരിപ്രേക്ഷ്യത്തിൽ നിന്നെത്തിയ സാദാ മലയാളികളായ ഞങ്ങളെ
വിസ്മയിപ്പിച്ചു. ഡെൽഹി യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നെത്താ റുള്ള വൃന്ദ ഇവരിൽ
ഒരാളായിരുന്നു. പിന്നീട് വൃന്ദ കാരാട്ട് എന്നറിയപ്പെട്ടവർ. പ്രകാശ്
കാരാട്ട് (‘കാരാട്ട് എന്ന വാക്ക് ഹിന്ദിക്കാർക്ക് പരിചിതമല്ലായിരുന്നതിനാൽ അതിനെ
അവർ ‘കരത്‘ എന്നാക്കി, “കരത്
പ്രകാശ്‘ എന്ന
പേർ പോപുലർ ആയി) ധിഷണാവലയത്തിൽ ധാരാളം വിദ്യാർത്ഥികളെ ആകർഷിച്ച് പെടുത്തി.. യെചൂരി ഒരു ബുദ്ധിമാനായ
പ്രാസംഗികൻ എന്ന നിലയിൽ പേരെടുത്തു, കൂടുതലായും വിദ്യാർത്ഥികളോട് അടുത്തിടപഴകി
സ്വാധീനിച്ചതിനാൽ എളുപ്പം സർവ്വപ്രിയനുമായി..
1973 ഇലെ ഇലക്ഷനിൽ ആനന്ദ് കുമാറിൻ്റെ ‘ഫ്രീ തിങ്കർ‘ കക്ഷിയെ പിന്തള്ളി പ്രകാശ് കാരാട്ട് വൻ ഭൂരിപക്ഷമാണ് നേടിയത്. യെചൂരി പ്രധാന പ്രവർത്തകൻ ആയി വൻ സമ്മതിയോടെ ഉയർത്തപ്പെട്ടു. 1974 ഇൽ ആനദ് കുമാർ പ്രെസിഡെൻ്റ് സ്ഥാനം പിടിച്ചെടുത്തു, പക്ഷേ അധികം താമസിയാതെ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ പി എഛ് ഡി ചെയ്യാൻ പോയതുകാരണം ‘ഫ്രീ തിങ്കേഴ്സ് എന്ന പാർടി തീരെ ബലഹീമാവുകയാണുണ്ടായത്. (1980 ഇനു ശേഷം നിർമ്മല സീതാരാമനും കൂട്ടരും ക്യാമ്പസിൽ ഇത് പുനരുജ്ജീവിപ്പിച്ച് എടുക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്). ആനന്ദ് എൻ്റെ ഉറ്റ സുഹൃത്തായിരുന്നതുകൊണ്ട് പ്രകാശ് കാരാട്ടിനു വോട്ട് ചെയ്യുമ്പോൾ ഒരു ഉൾവലിവ് തോന്നിയിരുന്നു എന്നത് സത്യം തന്നെ. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ എന്നോടൊപ്പം താമസിച്ചിട്ടുള്ളപ്പോൾ ആനന്ദുമായി ഇത്തരം ഇലക്ഷൻ കഥകൾ അയവിറക്കി രസിച്ചിട്ടുണ്ട്.. പിന്നീട് കേജരിവാളിൻ്റെ ആം ആദ്മിയിൽ ചേരുകയും പ്രധാന പ്രവർത്തകൻ ആയി മാറുകയ ചെയ്തു എങ്കിലും പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരോടൊപ്പം ആ പാർടിയിൽ നിന്ന് പു റത്തുപോകേണ്ടി വരികയും ചെയ്തു ആനന്ദ് കുമാറിനു.
ആൺ പെൺ ബന്ധങ്ങൾ എളുപ്പം സാധിച്ചെടുക്കാൻ ഏറ്റവും സ്വാതന്ത്ര്യമുള്ള ക്യാമ്പസ് എന്ന് പേരുകേട്ടിട്ടുണ്ട് ജെ എൻ യു. പ്രകാശ് കാരാട്ട്- വൃന്ദ സൗഹൃദം തഴച്ചു വളരുന്നുണ്ട്, യെചൂരിയുടെ ഗേൾ ഫ്രണ്ട് ആര് എന്ന സന്ദേഹം ചിലർക്കെങ്കിലുമുണ്ടായി എന്നതാണ് സത്യം. യെചൂരിയും ഒരു പെൺകുട്ടിയും പലപ്പൊഴും സംഭാഷണങ്ങളിൽ ഏർപ്പെടുന്നതു കണ്ട് അത് ഒളിച്ചു നിന്ന് കേൾക്കാൻ ചില വിരുതന്മാർ തയാ റായതും പ്രേമസല്ലാപത്തിൻ്റെ ഒരു വാക്കും കേട്ടില്ല, മിക്കവാ റും വിപ്ളവ/പുരോഗമന ചിന്തകൾ മാത്രമായിരുന്നു എന്നത് അവർക് വൻ നിരാശ സമ്മാനിച്ചതും തമാശക്കഥ തന്നെ. യെചൂരി അതിസാധാരണനായിരുന്നു പെരുമാറ്റത്തിലും ഇടപെടലുകളിലുമൊക്കെ ,ഒരിയ്ക്കലും സംഘട്ടനാത്മകമായ സ്വഭാവത്തിലേക്ക് വഴിമാ റുകയില്ല എന്നതും അദ്ദേഹത്തെ പൊതുസമ്മതനാക്കിയിരുന്നു.. എമെർജെൻസിക്കാലത്തെ ജയിൽ വാസം മൂലം പഠനം നിന്നു പോയെങ്കിലും അതിനു ശേഷം പി എഛ് ഡി തുടരാൻ തിരിച്ചെത്തി. 1977 ഇലും 78 ഇലും യൂണിയൻ പ്രെസിഡെൻ്റ് യെചൂരി തന്നെ ആയിരുന്നു.
അടിയന്തിരാവസ്ഥക്കാലം
1975 ജൂൺ 25 ഇനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. സ്വാഭാവികമായും ജെ എൻ യു ക്യാമ്പസ് പ്രകോപിതമായി. വിദ്യാർത്ഥികൾക്ക് സർവ്വസ്വാതന്ത്ര്യങ്ങളും കമ്മിറ്റികളിൽ അംഗത്വമുണ്ടായിരുന്ന സ്ഥിതിവിശേഷം തകിടം മ റിഞ്ഞു. അക്കൊല്ലം നവംബ റിലാണ് പോലീസിൻ്റെ തേർവാഴച്ച ക്യാമ്പസ്സിൽ നടമാടിയത്. തികച്ചും ഭീതിദമായ ദിവസങ്ങൾ. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനക ഗാന്ധി അന്ന് ജെർമ്മൻ സ്റ്റഡീസ് ഇൽ വിദ്യാർത്ഥിയാണ്. അന്നത്തെ വിദ്യാർത്ഥി യൂണിയൻ പ്രെസിഡെൻ്റ് എസ് എഫ് ഐക്കാരനായ ഡി പി ത്രിപാഠിയാണ്. ക്ളാസുകൾ ഉപേക്ഷിക്കാൻ വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരുന്നു. മേനക ഗാന്ധി ക്ളാസിൽ കയറാൻ വന്നപ്പോൾ ത്രിപാഠി തടഞ്ഞത് വൻ കേസായി. ( ഈ ത്രിപാഠി പിന്നീട് നാഷണലിസ്റ്റ് കോൺഗ്രസ് പാർടി (എൻ സി പി)യിൽ ചേർന്ന് രാജീവ് ഗാന്ധിയുടെ വലം കയ്യ് ആയത് നമ്മുടെ രാഷ്ട്രായത്തിലെ സ്ഥിരം കളികളിൽ ഒന്ന് മാത്രം). ക്യാമ്പസ് ഏതുനേരവും പോലീസിനാൽ ആക്രമിക്കപ്പെടും എന്ന ഭീതി
ജെ എൻ യുവിൽ
യെചൂരിയോടൊപ്പം ഡി പി ത്രിപാഠിയും ഹാഷിമും നീലകണ്ഠനും.
താടിവെച്ച,
ചെക്ക് ഷർടുകാരനാണ് നീലകണ്ഠൻ.
.
എല്ലാവർക്കും ഉണ്ടായിരുന്നു. പ്രബീർ പുരകായസ്ഥ എന്ന വിദ്യാർത്ഥിയെ മഫ്റ്റിയിൽ വന്ന് പോലീസുകാർ ക്യാമ്പസ്സിൽ നിന്ന് തട്ടിക്കൊണ്ട് പോയത് കൂടുതൽ ഭീതിയുണർത്തി. ആളുമാറി പോലീസ് പിടച്ചതാണ് പ്രബീറിനെ. കമ്പ്യൂട്ടർ പഠനത്തിനു ക്യാമ്പസിൽ വന്നിട്ട് രണ്ട് മാസം മാത്രമേ ആയുള്ളു പ്രബീർ. ഒരു ദിവസം അതിരാവിലെ എൻ്റെ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി ഒരു സുഹൃത്ത് “ബാഹർ ദേഖോ ബാഹർ ദേഖോ“ എന്ന് വിളിച്ചു പ റഞ്ഞു. സാധാരണ വൻ പൊടിക്കാറ്റ് വന്ന് മു റിമുഴുവൻ പൊടി നി റയ്ക്കാരു പതിവായതുകൊണ്ട് അതായിരിക്കണം എന്ന് വിചാരിച്ച് പു റത്തേയ്ക്ക് നോക്ക്ക്കിയപ്പോൾ ഞെട്ടിയ്ക്കുന്ന കാഴ്ച്ച തന്നെ. പെരിയാർ ഹോസ്റ്റൽ (അപ്പു റത്തെ കാവേരി ഹോസ്റ്റെലും) മുഴുവൻ പോലീസ് വളഞ്ഞിരിക്കുന്നു! നൂ റു നൂ റു കണക്കിനാണ് പോലീസുകാർ. പല മുറികളിൽ നിന്നും വിദ്യാ ർത്ഥികളെ പിടിച്ച് കൊണ്ട് പോകുന്നുണ്ട്. ത്രിപാഠി, യെചൂരി, പ്രകാശ് കാരാട്ട് ഒക്കെ മാത്രമല്ല, പല എസ് എഫ് ഐ ചായ്വ് ഉള്ളവരും നോട്ടപ്പുള്ളീകളാണ്. ലൈഫ് സയൻസിൽ എന്നോടൊപ്പമുള്ള പലരേയും പോലീസ് കൊണ്ടു പോയി. പോലീസ് ക്യാമ്പിൽ മുഖം മൂടി വെച്ചവർ ഒറ്റു കാരായിട്ടുണ്ട്, ഞങ്ങ ളുടെ തന്നെ ഒരു പ്രൊഫെസർ ഉൾപ്പെടെ. അവർ പോലീസിനു നിർദ്ദേശം കൊടുക്കുന്നു ജയിൽ ഇടേണ്ടവർ ആരൊകെ എന്ന്. ത്രിപാഠി ഒളിവിൽ ആയതു കൊണ്ട് പിടികിട്ടിയില്ല. പക്ഷേ പിന്നീട് അത് സാധിച്ചെടുത്തു പോലീസ്. യെചൂരിയെ വീട്ടിൽ നിന്ന് അറെസ്റ്റു ചെയ്തു എന്ന് പിന്നീട് അറിഞ്ഞു. മാസങ്ങളോളം ജെയിലിൽ ആയിരുന്നു യെചൂരി. 1975 ഇൽ എം എ പാസായി ജെ എൻ യുവിൽത്തന്നെ പി എഛ് ഡിയ്ക്ക് ചേർന്നിരിക്കയാണ് യെചൂരി.
എമെർജെൻസിക്കാലത്തിനു ശേഷം തിരിച്ചെത്തിയ യെചൂരി സ്റ്റുഡെൻ്റ്സ് യൂണിയൻ സ്ഥാനം 77 ഇലും 78 ഇലും വഹിച്ചു. ഇന്ദിരാഗാന്ധിയുടെ വീട്ടിലേക്ക്ക്ക് നൂറുകണക്കിനു വിദ്യാർത്ഥികൾക്കൊപ്പം മാർച്ച് നടത്തുന്നതിൽ നേതൃത്വം വഹിച്ച്. ഇന്ദിരാ ഗാന്ധി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം അവരുടെ മുൻപിൽ വായിച്ചു. തികച്ചും സമചിത്തതയോടെയും ശാന്തമായാണും ആണ് അവരുടെ മുറ്റത്ത് നടന്ന ഈ പ്രകടനത്തോട് ശ്രീമതി ഗാന്ധി പ്രതികരിച്ചത്. പിറ്റേ ദിവസം തന്നെ അവർ ചാൻസലർ സ്ഥാനം രാജിവെച്ചത് ഞങ്ങൾക്ക് പ്രതീക്ഷകൾക്ക് അപ്പു റമായിരുന്നു. വിദ്യാർത്ഥികളൂടെയും സർവ്വോപരി യെചൂരിയുടേയും വിജയമായി ആഘോഷിക്കപ്പെട്ടു ഇത്. യെചൂരിയുടെ ഈ പ്രകടനഫോടോ ഈയിടെ വലിയ വിവാദങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്. യെചൂരി തോറ്റു തുന്നം പാടി രാജിവെയ്ക്കാനും കീഴടങ്ങാനും സമ്മതിയ്ക്കുന്ന ഫോടോ ആണിതെന്ന് തൽപ്പരകക്ഷികൾ പ്രചരിപ്പിച്ചിട്ടുണ്ട്.
കെ. ദാമോദരനും നീലകണ്ഠനും
1975 ഇലാണ് സാക്ഷാൽ കെ. ദാമോദരൻ ക്യാമ്പസ്സിൽ
എത്തുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകരിലെ പ്രധാനി,‘പാട്ടബാക്കി‘ എന്ന
നാടകത്തിലൂ ടെ അതിവിപ്ളവത്തിൻ്റെ ബീജാവാപം സാധിച്ചെടുത്ത ആൾ എന്ന നിലയിൽ അതികായൻ
ആണെങ്കിലും ക്യാമ്പസിൽ ഞങ്ങൾ ചില മലയാളികൾ മാത്രം അദ്ദേഹത്തെ തിരിച്ചറിഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർടിയുടെ ചരിത്രം വിശദമായി എഴുതാൻ യൂണിവേഴ്സിറ്റി അദ്ദേഹത്തെ
ക്ഷണിച്ചു വരുത്തിയതാണ്. രാവിലെ
ഹോസ്റ്റെൽ മെസ്സിൽ ഞങ്ങളോടൊപ്പം പ്രഭാതഭക്ഷണം കഴിച്ച് പോകുന്ന അദ്ദേഹത്തെ
വിസ്മയത്തോടെ നോക്കിയിരുന്നു ഞങ്ങൾ. പരമശാന്തൻ,
മിക്കവാറും മൗനി , മുഖത്ത്
സാത്വികഭാവം. ആരും തിരിച്ച റിയാത്തതിൽ അദ്ഭുതമില്ല .1976 ഇൽ പെട്ടെന്നായിരുന്നു
മരണം. രാവിലെ തന്നെ മക്കളായ ശശിയും മധുവും അങ്ങേയറ്റം പരിഭ്രാന്തിയിൽ നിൽക്കുന്നത്
കണ്ടപ്പോഴാണ് എന്തൊ സംഭവിച്ചു എന്ന് തോന്നിയത്. ശശിയും മധുവും ബി എയ്ക്ക്
പഠിയ്ക്കുന്ന കുട്ടികളാണ്. ( ഈ ശശിയാണ് പിന്നീട് ‘കെ പി ശശി‘
എന്ന പ്രസിദ്ധ സിനിമാ/
ഡോക്യുമെൻ്റ് റി സംവിധായകൻ ആയത്). ഇവരുടെ പഠനം പൂർത്തിയാക്കാൻ പ്രത്യേക സ്കോളർഷിപ്
നൽകാൻ യൂണിവേഴ്സിറ്റി തീർമാനിച്ചു.
ജെ എൻ യു ക്യാമ്പസിൽ എസ് എഫ് ഐയ്ക്ക് വെള്ളവും വളവും കൊടുത്ത് വളർത്തിയെടുത്ത ഉശിരൻ പയ്യനായിരുന്നു നീലകണ്ഠൻ. ആലത്തൂർ മനയിലെ നീലകണ്ഠൻ നമ്പൂതിരി. ഡെൽഹിയിൽ എ കെ ജിയുടെ സെക്രട്ടറി. ജാതിവാൽ പണ്ടേ മുറിച്ചുകളഞ്ഞവൻ, നീലകണ്ഠൻ എന്ന് മാത്രം വിളിയ്ക്കപ്പെട്ടിരുന്നവൻ. എം എ പഠിയ്ക്കാനതിയവനാണെങ്കിലുൽ ഒരു സ്കൂൾ കുട്ടിയാണെന്നേ തോന്നൂ. നീലകണ്ഠൻ ഉറങ്ങാറേ ഇല്ല എന്ന് ഞങ്ങൾ വിശ്വസിച്ചു പോന്നിരുന്നു. അത്രമാത്രമാണ് അർപ്പണബോധം. നീലകണ്ഠൻ്റെ ചേട്ടൻ എ ഡി മാധവൻ ധാരാളം സംഗീത ശാസ്ത്രപുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1977 ഇൽ ഹരിപ്പാട് നടന്ന ഒരു ബസ്സപകടം നീലകണ്ഠൻ്റെ ജീവൻ അപഹരിച്ചു എന്നത് ഞങ്ങൾക്ക് വിശ്വസിക്കാനായില്ല. കൂടെ ജെ എന്യു വിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന ഹാഷിം ഉണ്ടായിരുന്നു. ആശുപത്രിയിൽ അന്നത്തെ യുവപ്രവർത്തകരായ എം എ ബേബിയും തോമാസ് ഐസക്കും ഒക്കെ ചെന്ന് ഉചിത സഹായങ്ങൾ ചെയ്തുവെങ്കിലും നീലകണ്ഠൻ രക്ഷപെട്ടില്ല. നീലകണ്ഠൻ്റെ ചേട്ടാൻ എ ഡി മാധവൻ സംഗീതജ്ഞനാണ്, ഒരുപാട് സംഗീതപ്പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നീലകണ്ഠനെ സ്മരിച്ചുകൊണ്ടാണ് പലേ പുസ്തകങ്ങളുടേയും ആമുഖം എഴുതിയിരിക്കുന്നത്.
സീതാ
റാം യെചൂരിയും പ്രകാശ് കാരാട്ടും അസാധാരണപ്രതിഭാവിലാസവും പാണ്ഡിത്യവും
ഉള്ളവരായിർന്നു എന്നത് ക്യാമ്പസിൽ അവരുടേ ജനസമ്മതി ഏറ്റാൻ കാരണമായിട്ടുണ്ട്.
ഒരിയ്ക്കലും അക്രമത്തിലേക്ക് നയിയ്ക്കുന്ന ഒരു സംഭവത്തിലേക്ക് നയിക്കാതെ ഇവർ
വിദ്യാർത്ഥികളുടെ മനോനില കൈകാര്യം ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയേയും ജി
പാർത്ഥസാരഥിയെയും ഒക്കെ സ്വാധീനിച്ച് തീരുമാനങ്ങൽ എടുപ്പിക്കാൻ പ്രാഗൽഭ്യമുള്ളവർ. 1978 ഇൽ ജെ എന്യുവിൽ ഉള്ളപ്പോൾത്തന്നെ എസ് എഫ്
ഐയുടെ ഓൾ ഇൻഡ്യ ജോയിൻ്റ് സെക്രട്ടറി ആയിത്തീർന്ന യെചൂരി പൂർണ്ണമായും ഒരു ജെ എൻ യു
നിർമ്മിതിയാണ്.
യെചൂരിയുടെ ചരിത്രവിജയം.
ഇന്ദിരാഗാന്ധിയ്ക്ക് മുന്നിൽ അവർ ചാൻസലർ
പദവി രാജി വെയ്ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം വായിയ്ക്കുന്നു
പ്രകാശ് കാരാട്ടും വൃന്ദയും കല്യാണവേളയിൽ
എ. കെ.
ഗോപാലനോടൊപ്പം പ്രകാശ് കാരാട്ട്
1 comment:
ജെ എൻ യുവിൻ്റെ അറിഞ്ഞിരിക്കേണ്ട ഒരു ബാല്യ കാല ചരിത്രം👍
Post a Comment