Friday, March 27, 2015

നായകസങ്കൽ‌പ്പത്തെ തകർത്ത കുട്ടിക്കുപ്പായം

“ഹീറോ” അല്ലാത്ത നായകനേയും യാഥാസ്ഥിതികത്വത്തിൽ നിന്നും പുറത്തു കടക്കുന്ന നായികയേയും അവതരിപ്പിച്ച കുട്ടിക്കുപ്പായം റിലീസ് ആയിട്ട് 51 വർഷം തികഞ്ഞു.

       പുരുഷനിർമ്മിതമായ ചട്ടക്കൂടുകൾക്കകത്ത് ഞെരിയുന്ന സ്ത്രീയെ ചിത്രീകരിച്ച് സഹാനുഭൂതി സൃഷ്ടിച്ച് കാശാക്കി മാറ്റുന്നത് ഇൻഡ്യൻ സിനിമയുടെ പൊതു സ്വഭാവമാണ്.  ആണധികാരത്തിന്റെ കാർക്കശ്യത്തിൽ ഞെരിഞ്ഞുതകരുന്ന ഇത്തരം സ്ത്രീകഥാപാത്രങ്ങൾക്ക് അനാഥാലയം, കോൺവെന്റ്, ആതുരശിശ്രൂഷ ഒക്കെ പോരാഞ്ഞ് മരണവുമാണ് സാധാരണ വിധിക്കപ്പെടാറ്  നായകൻ ഒരിക്കലും ശിക്ഷിക്കപ്പെടാറോ മരണം ശിക്ഷയായി അയാൾക്ക് വന്നുകൂടാറുമില്ല. അയാൾ “ഹീറോ’ എന്ന് പേരു ചൊല്ലിവിളിക്കപ്പെടുന്ന മാസ്മരികപ്രഭാവത്തിന്നു മുൻപിലേ നിൽക്കാവൂ.. അയാളുടെ സംരക്ഷണ കിട്ടാത്ത സ്ത്രീകൾ അശരണകളായി ജീവിതം ഒടുക്കണമെന്നാണ് സിനിമാ നിയമങ്ങൾ അനുശാസിക്കുന്നത്. ഇത്തരം നെഞ്ഞൂക്കും കായബലവും ആത്മവിശ്വാസവും സിനിമയിലെ ആണുങ്ങളുടെ അധികാരമാണ്.   അതിനു വശംവദരായ സ്ത്രീകൾക്ക് കഷ്ടപീഡകൾ  വന്നുഭവിച്ചെങ്കിൽ “ദുഷ്ടനാം ദുർവ്വിധി” മൂലമാണെന്ന് തീർപ്പ് കൽ‌പ്പിച്ച് ആണുങ്ങൾ ആശ്വസിക്കുകയാണു പതിവ്. ആണത്തത്തിന്റെ  ഇത്തരം ചില മൂല്യങ്ങളിലാണ് ഇൻഡ്യൻ സിനിമയുടെ അടിസ്ഥാനം കെട്ടിപ്പടുക്കാറ്, ലോകസിനിമയിൽ ഇതു പല തലങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നെങ്കിലും. 1960 കളിൽ ഈ പൊതുധാര മലയാള സിനിമയും സ്വായത്തമാക്കിയപ്പോൾ മുസ്ലീം യാഥാസ്ഥിതികത്വം കൂടുതൽ സൌജന്യങ്ങൾ ഇത്തരം കഥകൾക്ക് വഴിത്തിരിവുകൾ സമ്മാനിക്കുകയും മുസ്ലീം സ്ത്രീകളുടെ യാതന എളുപ്പമുള്ള വിൽ‌പ്പനച്ചരക്കാകുകയും ചെയ്തിട്ടുണ്ട്. കുപ്പിവള, സുബൈദ, ഖദീജ, ഉമ്മ എന്നിങ്ങനെ ഒരു നിര സിനിമകളാണ് ചുരുങ്ങിയ കാലഘട്ടത്തിൽ പ്രേക്ഷകരിൽ കണ്ണീരൊലിപ്പിക്കാൻ  മെലോഡ്രാമയുടെ റീലുകൾ ചുരുളഴിച്ചത്.. കണ്ണീർക്കടലിൽ നീന്തിത്തുടിയ്ക്കുന്ന മാപ്പിളപ്പെണ്ണിനു അല്ലാഹു മാത്രമാണ് അഭയം എന്ന് പറഞ്ഞു കൊടുക്കുകയായിരുന്നു ഉത്തരവാദിത്തതതിൽ നിന്നും ഒഴിഞ്ഞു മാറുന്ന ആണധികാരകേന്ദ്രങ്ങൾ.

             സിനിമാനായകരുടെ പ്രധാന കർത്തവ്യം പെണ്ണിനെ സ്വന്തമാക്കി അവളെ ഗർഭവതി ആക്കുക എന്നതാണ്. ഇതിൽ രണ്ടിലും അയാൾ വിജയിക്കണം എന്നത് ഉത്തരവാദിത്തവുമാണ്. ജന്തുകുലത്തിന്റെ സഹജസ്വഭാവങ്ങളാണിവ എന്ന് കണക്കാക്കിയാലും സിനിമയിൽ ഇത് സവിശേഷമായി പ്രതിപാദിച്ചിരിക്കണം. ഭാര്യ ഗർഭവതിയാണെന്ന് പ്രഖ്യാപിക്കുന്ന സീനിൽ ആനന്ദതുന്ദിലനാകുന്ന നായകനെ പ്രത്യക്ഷപ്പെടുത്തുന്നത് ഇൻഡ്യൻ സിനിമയിൽ ഇന്നും പ്രധാന സീനാണ്. ലൈംഗികത(സെക്സ്) യും പ്രജനന (reproduction)  രണ്ടും രണ്ടാക്കിയ മനുഷ്യകുലത്തിന്റെ സാംസ്കാ‍ാരികപരിണാമമൊന്നും സിനിമാക്കാരെ ഏശിയിട്ടില്ല ഇതുവരെ.  പൌരുഷത്തിന്റെ പ്രശ്നമാണ്, അത് തെളിയിച്ചേ പറ്റൂ.  സ്വന്തം ലൈംഗികതയിൽ വരുന്ന അപഭ്രംശത്തിനു കാരണക്കാരി ഭാര്യ തന്നെയാണെന്ന് കുറ്റം ചുമത്തി അവളെ കൊന്നുകളയാൻ തിടുക്കപ്പെടുന്ന നായകനെ “യക്ഷി” യിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ ഗർഭവതിയാക്കിയശേഷം അവളെ വിട്ടുകളയാനുള്ള സൌജന്യം അയാൾക്ക് എപ്പോഴും നൽകപ്പെട്ടിട്ടുണ്ട്, ധാരാളം സിനിമകളിൽ കഥയുടെ വഴിത്തിരിവ് ഈ ഉദാരതയിലാണ് നിർമ്മിച്ചെടുക്കാറ്‌. 

            ജീവികളുടെ നൈരന്തര്യത്തിന്റെ നിദാനമാണ് ഗർഭധാരണം.  മനുഷ്യകുലത്തിൽ സ്ത്രീയുടെ ആവശ്യവും ഉത്തരവാദിത്തവും അവകാശവുമാകുന്നു അത്.  കുടുംബവ്യവസ്ഥയിൽ ഭർത്താവാണ് ഇതിനു ചുമതല. ഭർത്താവ് ഈ ചുമതല കയ്യൊഴിയുകയോ അതിനു കഴിവില്ലാതെ വരികയോ ആയാൽ  ഊർവ്വരതാനുപേക്ഷികമായി മറ്റൊരാളെ സ്വീകരിക്കേണ്ടത്  ജീവധർമ്മം ആണ്, പല സമൂഹങ്ങളിലും ഇതിനുള്ള പോംവഴികൾ ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന്  ഈയിടെ പെരുമാൾ മുരുകൻ പറഞ്ഞു തന്നിട്ടുള്ളതുമാണ്. പുരുഷവന്ധ്യതയുടെ അംഗീകരണവും  ഗർഭധാരണത്തിന്റെ പോംവഴികളും പരിശോധിക്കു കയാണ് കുട്ടിക്കുപ്പായം, “പെരുമാൾ മുരുകനിസം” വരെ എത്തിയിട്ടില്ലെങ്കിലും. അൻപത്തൊന്നു കൊല്ലങ്ങൾക്ക് മുൻപത്തെ  അതിധീരമായ ആശയവിക്ഷേപണം തന്നെ ഇത്.  സിനിമയിലെ നായകനു അജയ്യത തന്നെ കൽ‌പ്പിച്ചുകൊടുക്കുന്ന രീതിയ്ക്ക് വിപരീതം നിർമ്മിച്ചെടു ത്ത് പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ  പുരുഷവന്ധ്യതയ്ക്ക് ഇതരമാർഗ്ഗസാദ്ധ്യതകൾ ആരായുന്നെന്ന മട്ടിലാണ് പ്രമേയഗതി. നായകന്റെ ഉൽ‌പ്പാദനശേഷിക്കുറവിനു  തീവ്രത കൂട്ടാൻ രണ്ടു നായികമാരും ഗർഭം ധരിക്കുന്നത്  അയാളാൽ അല്ല എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്.  കൂടാതെ  ഇൻഡ്യൻ സിനിമ അനുശാസിക്കുന്ന സ്ത്രീ സങ്കൽ‌പ്പത്തിൽ നിന്നും വിടുതി നേടിയ കഥാപാത്രത്തെ തുന്നിച്ചേർത്തിട്ടുമുണ്ട്  ഈ കുപ്പായത്തിന്റെ കസവായി.

             കുടുംബവ്യസ്ഥ ഉരുത്തിരിഞ്ഞതു തന്നെ സ്വത്ത് കൈമാറ്റപ്പെടുവാൻ സ്വന്തം ബീജത്തിൽ നിന്നും ഉടലെടുത്ത അടുത്ത തലമുറ വേണമെന്ന് നിർബ്ബന്ധബുദ്ധിയിൽ അധിഷ്ഠിതമായാണ് എന്ന് സൊഷ്യോളജി ചരിത്രകാരന്മാർ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയിൽ ഇത് നായകന്റെ പൌരുഷവുമായി ബന്ധപ്പെടുത്തുമ്പോൾ യുക്തിയും ബലവും ഏറുകയാണ്. കുടുംബം എന്ന ചട്ടക്കൂടിനകത്തു കയറിപ്പറ്റാൻ താൽ‌പ്പര്യമില്ലാത്ത നായകനും ആരിലെങ്കിലും ഒരു കുഞ്ഞ് ഉണ്ടായേ തീരൂ  എന്ന് ദശരഥം പോലത്തെ സിനിമകൾ ഉദാഹരിച്ചിട്ടുണ്ട്. തന്റെ സ്വത്തിനു ഒരു അവകാശി വേണമെന്ന് തുറന്നു പറയുന്ന, അനൂർവ്വരത പേറുന്ന എഴുപതുകാരൻ കാമുകന്റെ ഗർഭം പേറുന്നവളെ സ്വീകരിക്കാൻ തിടുക്കം കാട്ടുന്നുമുണ്ട് ( ‘ത്രിവേണി’ യിലെ ദാമോദരൻ മുതലാളി). ഇങ്ങനെയൊരു ഉദ്ദേശമോ സ്വാർത്ഥലാഭമോ ഇല്ലാത്ത നായകൻ മറ്റൊരാളാൽ ഗർഭം ധരിച്ചവളെ സ്വീകരിക്കണമെങ്കിൽ  തുലോം മന്ദബുദ്ധി ആയിരിക്കണം (അടിമകളിലെ പൊട്ടൻ വേലക്കാരൻ). വില്ലൻ ബലാത്സംഗം ചെയ്ത പ്രാണപ്രേയസിയെ സ്വീകരിക്കുന്നത് നായകന്റെ ഉദാരതയും സൌമനസ്യവുമാണെന്ന് കൊട്ടിഘോഷിക്കുന്നതാണ് സിനിമയുടെ അധികതമാംശം (നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ). എന്നാൽ പ്രതിനായകനാൽ ഗർഭവതി ആയവളെ സ്വീകരിക്കുന്ന ഒരു നായകനെ ഇതുവരെ സിനിമകളിൽ കണ്ടിട്ടില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഗർഭപാത്രത്തിന്റെ ഉടമസ്ഥൻ തന്നെ ചിലപ്പോൾ നായകൻ ആയിരിക്കാറുണ്ട് (തിരക്കഥ). പകരം വീട്ടലിന്റെ നിഷ്ഠൂരത  പെണ്ണിനെ ഗർഭവതിയാക്കുന്ന ഉദ്യമത്തിലും കാണാം (ഇതാ ഇവിടെ വരെ).

    ഇന്നും ഇൻഡ്യൻ കുടുംബവ്യസ്ഥയുടെ ഭാഗമായി നിലനിൽക്കുന്ന, ഗർഭം പേറുകയാണ് സ്ത്രീയുടെ പ്രധാനധർമ്മം എന്ന ധാരണാപരിസരത്തിലാണ് കുട്ടിക്കുപ്പായത്തിലെ കഥ വികസിക്കുന്നത്. കല്യാണരാത്രിയുടെ വികാരോഷ്മള അനുഭൂതികൾ പുളകം കൊള്ളിയ്ക്കുമ്പോൾ തന്നെ നായിക സുബൈദ ‘ ആരും കാണാത്ത കണ്മണിയേ വായോ” എന്നു പാടി കുഞ്ഞിനു ഉടുപ്പ് തയ്ച്ചു തുടങ്ങുകയാണ്.  എന്നാൽ  വിവാഹം കഴിഞ്ഞിട്ട് കൊല്ലം നാലായിട്ടും സുബൈദ ഗർഭിണിയാകാത്തതിൽ ഭർത്താവ് ജബ്ബാറിനേക്കാൾ ജബ്ബാറിന്റെ അമ്മ ബിയ്യാത്തുമ്മയക്കാണ് ആധി.  ഒരു മരിച്ച വീടു പോലെയാണ്, കുടുംബം ഹലാക്കായിപ്പോകും എന്നൊക്കെയാണ് ബിയ്യാത്തുമ്മയുടെ പരാതികൾ.. ദാമ്പത്യബന്ധത്തെ കൂട്ടിയിണക്കുന്ന പൂം പൈതലാകുന്ന പൊൻ കണ്ണി യില്ലാതെ  പൊന്നിൻ കിനാവുകൾ പൊലിയുന്നു എന്നൊക്കെയാണ് ജബ്ബാറിന്റെ വിലാപങ്ങൾ. പക്ഷേ കുഞ്ഞില്ലെങ്കിലും അവളെ സ്നേഹിച്ച് ഒരുമിച്ച് കഴിയാനാണ് അയാൾക്കിഷ്ടം. സുബൈദ സ്വയം ഒഴിഞ്ഞുപോകാൻ തീരുമാനിച്ചപ്പോൾ അയാൾ എതിർക്കുന്നുമുണ്ട്. പക്ഷേ  ബിയാത്തുമ്മയുടെ ചതി ഇതിലുണ്ടെന്ന് അയാൾ അറിയുന്നുമില്ല. അവരുടെ നിർബ്ബന്ധം സഹിക്കവയ്യാതെയണ് സുബൈദ ഇതിനു വഴങ്ങിയത്.   ബിയ്യാത്തുമ്മ നേരത്തെ വിചാരിച്ചപോലെ ബന്ധുക്കാരിയായ സഫിയയെ ജബ്ബാർ വിവാഹം കഴിയ്ക്കുകയാണ് പോംവഴി.  സുബൈദ പോയതോടെ അതിനു വഴിപ്പെടുന്ന ജബ്ബാറിനു പുരോഗമനേച്ഛുവായ സഫിയ ഭാരം തന്നെ. വഴക്കിട്ട് വീട്ടിൽ പോയ അവൾ തിരിച്ചു വരുന്നത്  തന്റെ കാമുകൻ റഷീദിൽ നിന്നും ഗർഭിണിയായിട്ടാണ്.. മറ്റൊരു വിവാഹം കഴിച്ച സുബൈദ ഗർഭിണി ആണെന്നറിഞ്ഞ ജബ്ബാർ ഡോക്ടറെ കണ്ടപ്പോൾ അറിഞ്ഞത് താൻ വന്ധ്യനാണെന്നാണ്. അതറിഞ്ഞ ദിവസം തന്നെയാണ് സഫിയയുടെ ഗർഭം പേറൽ ആഘോഷിക്കപ്പെടുന്നത്  ബിയ്യാത്തുമ്മ നിജസ്ഥിതി അറിയാതെ ആനന്ദാനുഷ്ഠാനം തന്നെ ചെയ്യുകയാണ്.  അയാളുടെ പതനം പൂർത്തിയായെന്ന് ജബ്ബാറിനു ഇതോടെ പിടികിട്ടുകയാണ്. രണ്ടു സ്ത്രീകളാണ് അയാളെ ചതിച്ചിരിക്കുന്നത്; ഒന്ന് ഉമ്മയും മറ്റേത് രണ്ടാം ഭാര്യയും.. കള്ളത്തരം പിടിക്കപ്പെട  സഫിയ തെല്ലും കൂസാതെ യാണ് തന്റെ വീട്ടിലേക്ക് ഓടിപ്പോകുന്നത്. മാപ്പപേക്ഷിക്കാൻ സുബൈദയെ തേടിയലയുന്ന ജബ്ബാറിനു അവളുടെ കുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷപെടുത്തേണ്ട നിയോഗമാണ് വന്നു ഭവിക്കുന്നത്. ഒരു കുഞ്ഞിനു ജീവൻ നൽകാൻ  പ്രതീകാത്മകമായി പ്രാപ്തനാകുകയാണ് അയാൾ എന്നത് ഒരു പാഠാന്തരമായി കണക്കാക്കുന്നതിൽ തെറ്റില്ല.

            വന്ധ്യത്വം ഒരു സിനിമാ നായകനു സംഭവിക്കനേ പാടില്ല  എന്ന കടുംപിടുത്തത്തിൽ നിന്നും ഏറേ അകലെയാണ് കുട്ടിക്കുപ്പായത്തിലെ നായകനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തന്റെ ‘കഴിവുകേട്” അയാൾ തുറന്നു സമ്മതിക്കുന്നുമുണ്ട്. 1960 കളിലെ സിനിമയിൽ  നായകന്റെ ‘ആണത്ത‘ത്തിലെ കുറവ്’ പ്രമേയമാകുക എന്നത് തികച്ചും  വിപ്ലവാത്മകമാണ്. അതും നായകസങ്കൽ‌പ്പങ്ങൾക്ക് അനുയോജ്യനായി വാർത്തെടുക്കപ്പെട്ട പ്രേംനസീർ എന്ന നടൻ ചെയ്യുന്ന വേഷത്തിനു. ഗർഭധാരണത്തിന്റെ കുടുംബനീതി പരിശോധിക്കപ്പെടുന്നത് നായകന്റെ രണ്ടു ഭാര്യമാരുടെ മാതൃത്വശേഷി വിളംബരം ചെയ്യുന്നതിലൂടെയാണ്.  മകന്റെ സന്താനോത്പാദന ശക്തി  അളക്കപ്പേടേണ്ടതല്ല എന്ന തിരിച്ചറിവോടെ മരണത്തെ പുൽകുന്ന അമ്മയും ഇതിന്റെ മറുപുറമാണ്. ഗർഭധാരണം ജൈവികമായ ഒന്ന് മാത്രമാണെന്നും അതിനു  നായകൻ വേണ്ടെന്നും  വെറും വിശ്വാസം മാത്രമാണെന്നും സിനിമ വിളിച്ചു പറയുകയാണ് .ഇതു   വ്യക്തമാക്കപ്പെടുന്നത്  വിരോധാഭാസചിത്രീകരണം വഴിയാണെന്നുള്ളത് രസാവഹം തന്നെ. നായകന്റെ കഴിവുകേടിനെ പരിവർദ്ധിതമാക്കാനെന്നവണ്ണം ഊർവ്വരതയുടെ മൊത്തം ആഘോഷമാണ് സിനിമ. ഒരു കുഞ്ഞിന്റെ കാതുകുത്തുകാല്യാണവും ഒരു പാട്ടിലൂടെ അവതരിപ്പിക്കുന്നുണ്ട് ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ട് വരാൻ പോകുന്ന കുഞ്ഞിനെപ്പറ്റി  പാട്ടും  പരപുരുഷന്റെ ഗർഭം പേറുന്നവളെ (അതറിയാതെ ആണെങ്കിലും) വാഴ്ത്തി പരിചരിക്കുന്ന രംഗങ്ങളും ഒക്കെ ഇതിനു ആക്കം കൂട്ടുകയാണ്.  ഇതിനും ഉപരി  സുബൈദയ്ക്ക് വന്ധ്യത്വം കൽ‌പ്പിച്ച യാഥാസ്ഥിതികത്വത്തെ കളിയാക്കാൻ എന്ന മട്ടിൽ മറ്റൊരു ആഘോഷവും നടക്കുന്നു-അവളുടെ ഗർഭധാരണം. “വിരുന്നു വരും  വിരുന്നു വരും പത്താം മാസത്തിൽ“ എന്ന പാട്ടിലൂടെ ഇത് സാധിച്ചെടുക്കുന്നു.  രണ്ടു നായികമാരുടേയും ഗർഭധാരണത്താൽ നായകന്റെ വൻ ബാദ്ധ്യത ഒഴിവാക്കപ്പെടുകയാണ്.. കടും പിടുത്ത വിശ്വാസങ്ങളൂടെ ബലിയാട്  സാധാരണ സ്ത്രീകളാണ് എന്ന സിനിമായുക്തിക്ക് വിപരീതമായി നായികയിൽ നിന്നും ഇത് നായകനിലേക്ക് സ്ഥാനാന്തരണം ചെയ്യുകയാണ്.

            നായകന്മാർക്ക്  കുറ്റസമ്മതം നടത്തണമെങ്കിൽ പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാൻ എന്റെ കുറ്റങ്ങൾ സമ്മതിയ്ക്കാം എന്നോ മറ്റോ പാടിത്തീർത്താൽ മതി.  ഈ  ഏറ്റുപറച്ചിൽ ഒക്കെയും  പ്രണയത്തിന്റേയോ കുടുംബഭദ്രതയുടേയോ വീണ്ടെടുപ്പിനു വേണ്ടിയുള്ളതും കർതൃസ്ഥനത്ത് തിരിച്ചെത്താനുദ്ദേശിച്ചുള്ളതും ആകുകയാണു പതിവ്. കുട്ടിക്കുപ്പായത്തിലെ നായകനു ഇത്തരം ഉദ്ദേശഭാരങ്ങളൊന്നുമില്ല; നിരുപാധികമാണ് അയാൾ ആദ്യഭാര്യയോട് മാപ്പു ചോദിക്കുന്നത്. സ്വന്തം കുറവുകൾ  അറിയാതെ  അവളുടെ മേൽ പഴിചുമത്തി എന്നുള്ള പരിതാപമായാണ് ഇത് പുറത്തു വരുന്നത്. ഒരേ സമയം പല ഭാര്യമാരെ പുലർത്തുന്നവർക്കു വേണ്ടി ഒരു പൊതുമാപ്പും നായകൻ അവളോട് ചോദിക്കുന്നുണ്ട്.  “ അവനവന്റെ കുറവുകൾ മനസ്സിലാക്കാതെ ഒരേ സ്മയം പല സ്ത്രീകളെ വിവാഹം കഴിച്ച്  അവരെ നരകയാതന അനുഭവിപ്പിക്കുന്ന എത്രയോ പുരുഷന്മാർ ഇന്ന് ജീവിച്ചിരിക്കുന്നു. എന്റെ ജീവിതം അവർക്കൊക്കെ ഒരു പാഠമായെങ്കിൽ ഞാൻ സംതൃപ്തനാണ്” എന്ന് ജബ്ബാർ തുറന്നു സമ്മതിയ്ക്കുകയാണ്.   ഒരു അനന്തരാവകാശിക്കു വേണ്ടി ഇത്തരം കടും കയ് ചെയ്യ്നവരേയും ലിസ്റ്റിൽ പെടുത്തുന്നുണ്ട് അയാൾ. സ്വയം ശിക്ഷ എന്നോണം മരണം സർവ്വാത്മനാ കൈവരിക്കുകയുമാണ് നായകൻ.

            ബഹുഭാര്യാത്വത്തിന്റെ  ദുഷ്ടതയും അനീതിയും വെളിവാക്കാൻ  സിനിമ  മറ്റൊരു വിധത്തിലും ഉദ്യമിക്കുന്നുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്, പരിഹാസ രൂപേണ ആണെങ്കിലും.   ഒരു കാരിക്കേച്ചർ പോലെ നിർമ്മിക്കപ്പെട്ട കഥാപാത്രമായ കല്യാണ ബ്രോക്കർ  അവറാൻ മൊല്ലാക്കയ്ക്ക്  അഞ്ചു ഭാര്യമാരാണ്. ഇതിൽ പലരിലും ധാരാളം കുട്ടികൾ. അവരിൽ ആരുടേയും സംരക്ഷണച്ചുമതല ഏൽക്കാതെ ഒളിച്ചു നടക്കുന്ന ആളാണയാൾ. മറ്റു ഭാര്യമാരോ അവരുടെ കുട്ടികളൊ കഷ്ടപ്പെടുത്തുന്ന ദുർസ്ഥിതിയിൽ നിന്നും രക്ഷപെടാൻ കിണഞ്ഞു ശ്രമിക്കുകയാണ് മൊല്ലാക്ക.. ഇതൊന്നും വേണ്ടിയിട്ടു ചെയ്തതല്ല എന്നൊരു കുറ്റസമ്മതം അയാൾ നടത്തുന്നുണ്ട്. സമൂഹനീതിയ്ക്കൊപ്പം പെരുമാറിയതാണ്, മനസ്സാക്ഷിക്കുത്ത് ഉണ്ട് എന്ന വ്യംഗ്യം വായിച്ചെടുക്കാം ഈ പ്രസ്താവനയിൽ നിന്നും. ഒരു മാപ്പുസാക്ഷിയെ ദൃശ്യപ്പെടുത്താനുള്ള ചെറുതെങ്കിലും കൃത്യമായ ഉദ്യമമാണ് സിനിമയുടേത്.

               സുബൈദയ്ക്ക് നേർവിപരീത സ്വഭാവമുള്ളവളും  തന്റെ ചുറ്റുപാടുകൾ സ്വയം സൃഷ്ടിച്ചെടുക്കാൻ താൽ‌പ്പര്യമുള്ളവളും ആയിട്ടാണ്  സഫിയയെ ചിത്രീകരിച്ചിരിക്കുന്നത്.  ഇഷ്ടമില്ലാ ത്ത വിവാഹബന്ധത്തോടുള്ള രോഷം തുറന്നു തന്നെ അവൾ പ്രകടമാക്കുന്നുണ്ട്. ബിയ്യാത്തുമ്മയുടെ യാഥാസ്ഥിതിക ചിന്താഗതികളോട് ഏറ്റുമുട്ടുന്നുമുണ്ട് അവൾ. കാച്ചിയും തട്ടവും മാറ്റി പലപ്പോഴും സാരിയുടുത്ത് പ്രത്യക്ഷപ്പെടാൻ ധൈര്യം കാട്ടുന്നുണ്ട്  സഫിയ.  ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയ അവൾ തിരിച്ചെത്തുന്നത്  പൂർവ്വകാമുകനിൽ നിന്ന് ഗർഭം ധരിച്ചുമാണ്.  ഭർത്താവ് ഉള്ളപ്പോൾ തന്നെ കാമുകനിൽ നിന്നു ഗർഭം ധരിക്കുന്നവൾക് കഠിന ശിക്ഷയാണ് ഇൻഡ്യൻ സിനിമ വിധിക്കേണ്ടത്.  മലയാള സിനിമയിൽ അതും മുസ്ലീം സാമുദായിക കഥയിൽ ഇങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിക്കാൻ മൊയ്തു പടിയത്തും കൃഷ്ണൻ നായരും 60 കളിൽ കാണിച്ച ധൈര്യം ചില്ലറയല്ല. ജബ്ബാറിനോട് ഇടയേണ്ടി വന്നപ്പോൾ സ്വന്തം വീട്ടിലേക്ക് ഓടിപ്പോയ അവളെ ബാപ്പ പുറത്താക്കി കതകടച്ചെങ്കിലും സിനിമ അവൾക്ക് ശിക്ഷാവിധികൾ ഒന്നും നടപ്പാക്കുന്നില്ല. പുരുഷവന്ധ്യതെയെക്കുറിച്ച് അറിവില്ലാതെ പോയ  ബിയ്യാത്തുമ്മയ്ക്ക് മരണവും സുബൈദയ്ക്ക് സുരക്ഷിത ജീവിതവും നിശ്ചയിച്ച സിനിമ സഫിയ എന്ന തന്റേടിയെ പിൻ തുണയ്ക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. അവളൂടെ ബാപ്പ കതകടച്ചു വെളിയിലാക്കിയെങ്കിലും  കാമുകൻ റഷീദ് ഗർഭിണിയായ അവളെ സംരക്ഷിക്കുമെന്ന തൽക്കാലയുക്തിയ്ക്ക് ഇടം കൊടുക്കുന്നുണ്ട് സിനിമ.

             ഒരുകാലത്ത് വരെ ഹോളിവുഡ് സിനിമകളിൽ പോലും തെറ്റ് ചെയ്ത സ്ത്രീയ്ക്ക് ശിക്ഷ വിധിക്കുന്നതായി സ്ക്രിപ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കണം എന്നത് എഴുതപ്പെട്ട നിയമം ആയിരുന്നു എന്നതോർക്കുമ്പോൾ  51 വർഷം മുൻപ് നിർമ്മിക്കപ്പെട്ട ഒരു സിനിമയിൽ ഇത്തരം സ്ത്രീകഥാപാത്രത്തെ സൃഷ്ടിച്ചെടുത്ത   സംവിധായകനും കഥാകൃത്തും  ഒരു വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു എന്നത് അംഗീകരിക്കേണ്ടി വരുന്നു.


5 comments:

എതിരന്‍ കതിരവന്‍ said...

“ഹീറോ” അല്ലാത്ത നായകനേയും യാഥാസ്ഥിതികത്വത്തിൽ നിന്നും പുറത്തു കടക്കുന്ന നായികയേയും അവതരിപ്പിച്ച കുട്ടിക്കുപ്പായം റിലീസ് ആയിട്ട് 51 വർഷം തികഞ്ഞു.

സുധി അറയ്ക്കൽ said...

വായിച്ചു.നന്നായിട്ടുണ്ട്‌..
ബെർളിതോമസിന്റെ പഴയൊരു പോസ്റ്റിൽ നിന്നും വന്നതാണു..

ajith said...

കാണാത്ത കുപ്പായങ്ങള്‍

Unknown said...

എതിരൻ ജി,
തിരഞെടുത്ത സിനിമ താങ്കൾ വിവരിച്ച പോലെ വളരെ പ്രത്യെകതകൾ നിരഞ്ഞതാണു. ചെറുപ്പത്തിൽ കണ്ട്തു ഇപ്പൊഴും ഓർമിക്കുന്നു! ലൈംഗികതയും പ്രജനനവും രണ്ടാക്കിയ പരിണാമം എന്നു ഉദ്ദേശിച്ചതു മനസ്സിലായില്ല. പറത്യേകിചും അതു സിനിമക്കാരെ ഏശിയിട്ടില്ല എന്നു പരഞ്ഞതിന്റെ കാര്യം. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രതതിൽ സോളമൻ ഉദാരത കൊണ്ടു സോഫിയയെ സ്വീകരുക്കുന്നതായി തോന്നുന്നതു പ്രേക്ഷകന്റെ വ്യാഖ്യാനം ആണു, സംവിധായകൻ നാായകനെ കൊണ്ട് അങിനെ പറയിക്കുകയോ ആ രീതിയിലുള്ള ഒരു സംഭാഷണവും ഉപയൊഗിക്കുകയോ ചെയ്തിട്ടില്ലാ എന്നതാണു ആ ചിത്രത്തെ വ്യത്യസ്തമാക്കിയതും. പഴയ പല ചിത്രങലിലും നായക പാത്രങളെ പ്രധാന നടൻ എന്നേ പറയ്യാൻ പറ്റൂ, മാനുഷീകമായ പോരായ്മകൾ ഉള്ള നായകന്മാരും മലയാളതിന്റെ പ്രത്യെകതയാണു!

വിനോദ് കുട്ടത്ത് said...

നല്ല കതിരുള്ള എതിരവന്‍ തന്നെ ..... കുട്ടിക്കുപ്പായത്തിന്‍റെ അകക്കാമ്പ് പറിച്ചെടുത്തു വായനയ്ക്ക് വച്ചു...... നല്ല സ്റ്റൈലന്‍ ശൈലി..... ഇത്തിരി അസൂയ തോന്നുന്നുണ്ടോ എന്നൊരു സംശയം.....
എനിക്കു തോന്നുന്നു ...കുട്ടിക്കുപ്പായത്തിന്‍റെ രചയിതാക്കൾ വരെ ഇത്തരമൊരു തലത്തില്‍ നിന്ന് ചിന്തിച്ചിട്ടുണ്ടാവില്ല...... വായനക്കപ്പുറത്തുള്ള ചിന്തകളിലേക്കെത്തിച്ചു ..... മനസ്സു നിറഞ്ഞ ആശംസകൾ.....