ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ ഭാവനയിൽ സൃഷ്ടിയ്ക്കുന്നതെന്തിനാണ് നാം? അറിഞ്ഞുകൊണ്ടല്ലാതെ എന്തിനു എങ്ങനെ ഉറക്കത്തിൽ ഇത് സാധിക്കുന്നു? ഉറക്കം തന്നെ എന്തിനാണ്? ചോദ്യങ്ങൾ സാധാരണക്കാർക്ക് മാത്രമല്ല ശാസ്ത്രജ്ഞർക്കും വെല്ലുവിളിയാണ്. അതിജീവനത്തിനു അത്യാവശ്യമല്ലെങ്കിൽ എന്തിനു സ്വപ്നം എന്ന ഈ പണിയ്ക്ക് പോകുന്നു?
സ്വപ്നം കാണുന്നതിനു ഊർജ്ജം ആവശ്യമാണ്. പൊതുവേ തലച്ചോറിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഊർജ്ജം വൻ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. പരിണാമവിധി അനുസരിച്ച് ഊർജ്ജം ആവശ്യമുള്ള എന്തു ശരീരപ്രവർത്തനത്തിനും ജീവിതസംബന്ധിയായ എന്തെങ്കിലും ബന്ധം കാണുമെന്നാണ്, അതുകൊണ്ട് സ്വപ്നത്തിനും. പലേ ധാരണകളാണ് സ്വപ്നങ്ങളെക്കുറിച്ച് ചരിത്രത്തിലെ ഘട്ടങ്ങൾ സ്വരൂപിച്ചെടുത്തത് . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഫ്രോയ്ഡ് സമർത്ഥിച്ചത് സ്വപ്നങ്ങൾ ഉള്ളിൽ അടക്കപ്പെട്ട മോഹങ്ങളുടെ വിമുക്തി തേടലാണെന്നാണ്. ലൈംഗികചോദനകളുമായി ബന്ധപ്പെട്ടത്തണിതെന്നുമാണ് ഫ്രോയിഡ് വാദിച്ചത്. പിന്നീട് വന്ന സ്വപ്നവ്യാഖ്യാനങ്ങൾ ഇങ്ങനെ പോകുന്നു: നമ്മുടെ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാനാണ് സ്വപ്നം കാണുന്നത്, പരിണാമം ഒരു ധർമ്മമോ വ്യവഹാരമോ നിർവ്വഹണമോ കണ്ടു വച്ചിട്ടുണ്ട്, വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ ഒരു പങ്കുണ്ട് സ്വപ്നങ്ങൾക്ക്, സ്വപ്നങ്ങൾക്ക് ജൈവപരമായ ഒരു പ്രവർത്തനപങ്കും ഇല്ല, പരിതസ്ഥിതിയോടിണങ്ങി അതിജീവനം സാദ്ധ്യമാക്കുന്നതിലും പങ്കില്ല, ഓർമ്മ കാത്തു സൂക്ഷിക്കാനാണു സ്വപ്നങ്ങൾ, അങ്ങനെയങ്ങനെ. ഇത്തരം പര്യാലോചനകൾ ഇന്ന് അന്ത്യപ്രമാണമായി വിശ്വസിക്കപ്പെടുന്നില്ലെങ്കിലും സ്വപ്നവ്യാഖ്യാനക്കാർ പൂർണ്ണമായും ഇവയെല്ലാം തള്ളിക്കളഞ്ഞിട്ടില്ല.
സ്വപ്നങ്ങൾ എന്തുകൊണ്ട്, എങ്ങിനെ എന്നുള്ളതിനെല്ലാം വിശകലനങ്ങൾക്ക് ഇന്ന് ആധാരമാക്കുന്നത് സ്കാനിങ് (Neuroimaging) പഠനങ്ങളും കമ്പ്യൂടർ തന്ത്രങ്ങളുമൊക്കെയാണ്. കൃത്രിമബുദ്ധി (Artificial Intelligence) നിർമ്മിച്ചെടുക്കുന്ന തലച്ചോർ മോഡലുകൾ ഇതിനു സഹായമായെത്തുന്നുണ്ട്. അതുകൊണ്ടാണ് സ്വപ്നവ്യാഖ്യാങ്ങൾ ഇന്ന് നവീകരിക്കപ്പെടുന്നത്. ന്യൂറോസയന്റിസ്റ്റുകളും കമ്പ്യൂടർ വിദഗ്ധരുമാണ് ഇന്ന് സ്വപ്നങ്ങളെക്കുറിച്ച് ആധികാരികമായ അറിവ് തരുന്നത്, മനഃശാസ്ത്രജ്ഞരോ മനോരോഗവിദഗ്ധരോ അല്ല. തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള ‘ഇലക്ട്രിക്കൽ ഫയറിങ്” ആണ് എല്ലാ തലച്ചോർ പ്രവർത്തനങ്ങൾക്കും ആധാരം എന്നിരിക്കെ സ്വപ്നം കാണുന്നതും ഒരു “എലെക്ട്രിക്കൽ” പ്രയോഗവിശേഷമാണ്. സംഭവങ്ങളാണ് നമ്മളുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഉണർന്നിരിയ്ക്കുമ്പോൾ സംഭവങ്ങൾ അനുഭവപ്പെടുത്തുന്നത് പുറത്തു നിന്ന് പഞ്ചേന്ദ്രിയങ്ങൾ നമുക്ക് പലതും പറഞ്ഞ്തരുന്നതുകൊണ്ടാണ്, നമുക്ക് വ്യക്തമായറിയാം ഇത്. പക്ഷേ സ്വപ്നം കാണുമ്പോൾ പുറത്തു നിന്ന് ഒരു കാര്യവും ആ സംഭവഗതികളെ സ്വാധീനിക്കാൻ സാദ്ധ്യമല്ല. നമ്മുടെ ശരീരം അതുമായി ബന്ധപ്പെടുന്നില്ല. മനസ്സുകൊണ്ട് മാത്രം അവ അനുഭവിക്കുകയാണ്. ശരീരം മുഴുവനും പഞ്ചേന്ദ്രിയ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും വിച്ചേദിക്കപ്പെട്ടിരിക്കുന്നു. ശരീരം മുഴുവൻ സ്തംഭിക്കുന്ന, പക്ഷാഘാതം സംജാതമാകുന്നതുപോലെയുള്ള അവസ്ഥ ഉളവാക്കപ്പെടുകയാണ്. പക്ഷേ അപൂർവ്വമായി പേടിപ്പിക്കുന്ന രംഗങ്ങൾ വരുമ്പോൾ നിങ്ങൾ നിലവിളിച്ചെന്ന് ഇരിയ്ക്കും. സ്വപ്നങ്ങൾ വിഭ്രാന്തിപരമാണ്, മായാദർശനങ്ങൾ (ഹാലൂസിനേഷൻ) ആണ്. സ്വന്തം ജീവിതത്തിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്നത്, പക്ഷേ യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങൾ തന്നെ. ഓർമ്മകളുടെ ഒരു “റി-പ്ലേ” ആണോ സ്വപ്നങ്ങൾ? ഓർമ്മകൾ കൃത്യമായി അടുക്കെക്കെട്ടി സൂക്ഷിക്കാനുള്ള ഒരു പ്രയോഗവിധി ആണോ? ഓർമ്മകൾ നിർമ്മിച്ചെടുക്കുന്ന വേളയിലെ ന്യൂറോൺ “ഫയറിങ്” സ്വപ്നത്തിലും നിരീക്ഷിക്കപ്പെടുന്നുണ്ട്, അതുകൊണ്ട് ഓർമ്മകളുമായി ചിലബന്ധങ്ങൾ കണ്ടേയ്ക്കാം എന്നൊരു അനുമാനമുണ്ട്. പക്ഷേ ഒരു “റി-പ്ലേ” ആയിരിക്കാൻ സാദ്ധ്യതയില്ലെന്ന ആധുനിക പഠനങ്ങൾ തെളിയിക്കുന്നു.സ്വപ്നങ്ങൾ കാണുന്നത് REM (Rapid Eye Movement അടഞ്ഞ കൺ പോളകൾക്കടിയിൽ കൃഷ്ണമണികൾ ചലിക്കുന്ന അവസ്ഥ) എന്നൊരു ഉറക്ക ഘട്ടത്തിലാണ്., ഓർമ്മകൾ നിജപ്പെടുത്തുന്നത് ആ ഘട്ടത്തിലേ അല്ല. അസംബന്ധങ്ങൾ സ്വപ്നത്തിൽ കാണുന്നതിനു ഇതൊന്നും ഒരു വിശദീകരണവും ആകുന്നില്ല.
പുതിയ അറിവുകൾ
കമ്പ്യൂട്ടറുകൾ കൃത്രിമമായി സൃഷ്ടിച്ച ന്യൂറോൺ വലയങ്ങളാണ് ഇന്ന് തലച്ചോർ പ്രവർത്തനങ്ങൾ പഠിയ്ക്കാനുള്ള അടിസ്ഥാനസാമഗ്രിയായി ഉപയോഗിക്കുന്നത്. “അഗാധപഠന” (Deep learning)ങ്ങൾക്ക് കഴിവുള്ളവയാണിവ. പഠിച്ച് കഴിഞ്ഞവ അടിസ്ഥാനമാക്കി പുതിയ അനുമാനങ്ങളുണ്ടാക്കാൻ നമ്മുടെ മസ്തിഷ്ക്കത്തിനു എളുപ്പം പറ്റുമെങ്കിലും കമ്പ്യൂട്ടറുകൾ സ്വൽപ്പം പണിപ്പെടുന്നുണ്ട് ഇതിനു. പുതിയ അറിവുകൾ വരുമ്പോൾ തെല്ലൊന്ന് പതറുന്നു. “Overfitting” എന്നാണിതിനെ വിളിയ്ക്കുക. ഇതിനെ മറികടക്കാൻ ഒരു വഴിയുള്ളത് ആദ്യം പഠിച്ചെടുത്തതിനെ ഒക്കെ ഒന്ന് കുലുക്കിയിളക്കി സ്വൽപ്പം അച്ചടക്കമില്ലായ്മ ഉളവാക്കുക എന്നതാണ്. ഉടൻ പുതിയ കാര്യങ്ങളും സ്വാംശീകരിക്കപ്പെടും. സ്വപ്നങ്ങളുടെ ധർമ്മം ഇതായിരിക്കണമെന്നാണ് പുതിയ അനുമാനം. സ്വതവേ ഉള്ളതും അനുഭവങ്ങളിൽ നിന്ന് സ്വാംശീകരിച്ചവും ഒക്കെക്കൂടി നമ്മളുടെ തലച്ചോർ ചില സാമാന്യീകരണ (generalization)ങ്ങൾ ആവിഷ്ക്കരിച്ചെടുക്കും. ഓരോ ദിവസവും നമുക്ക് കിട്ടുന്ന പുതിയ അനുഭവങ്ങൾ, അറിവുകൾ ഒക്കെ അടുക്കിക്കെട്ടി പഴയതിനോട് ചേർക്കാൻ ശ്രമിക്കുമ്പോൾ ഈ സാമാന്യവൽക്കരണം പോരാതെ വരികയോ ചേർച്ചയില്ലാത്തതോ ആകാം. മുൻ ചൊന്ന “ഓവെർ ഫിറ്റിങ്’ ഇനു തുല്യമായിട്ടുള്ളതാണിത്. ഇങ്ങനെ വരുമ്പോൾ ആകെയുള്ള വിവരങ്ങളിൽ കുറച്ച് വിവരക്കേടുകൾ ഉൾച്ചേർത്ത് കൊടുക്കുക, അതുകൊണ്ട് പുതിയ ക്രമം രൂപീകരിക്കപ്പെടുക എന്നത് സാദ്ധ്യമാകുന്നു. അങ്ങനെ ചേർക്കുന്ന വിവരക്കേടുകൾ ആണത്രെ സ്വപ്നങ്ങൾ. കമ്പ്യൂടർ ഭാഷയിൽ ‘ശബ്ദകോലാഹലം” ( Noise) എന്ന് പറയുന്നു. ഒരോ ദിവസവും ലഭിയ്ക്കുന്ന അറിവുകളെ പാകപ്പെടുത്തി ഓർമ്മയിൽ സൂക്ഷിക്കുകയും ആ സംഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾക്കനുസരിച്ച് മനസ്സിനെ പാകപ്പെടുത്തേണ്ടിയും വരുമ്പോൾ “ഓവർ ഫിറ്റിങ്’ ആവശ്യമായി വരികയാണ്. ഇത് ശരിയാക്കാനുള്ള ശബ്ദകോലാഹലം പകൽ, ഉണർന്നിരിക്കുമ്പോൾ ഉൾച്ചേർക്കാൻ സാധിയ്ക്കുകയില്ല, ഉറക്കസമയം തന്നെ ഉചിതം. ദൂഷിതമായ നിക്ഷേപങ്ങൾ വാസ്തവത്തിൽ തലച്ചോറിൽ ചില സാമാന്യവൽക്കരണങ്ങൾ നടത്തിയെടുക്കാൻ നിലപാടുഒരുക്കുകയാണ്. ഇതാണ് സ്വപ്നത്തിൽ സംഭവിക്കുന്നതത്രേ. ഉണർവിൽ, ഇനിയത്തെ ചെയ്തികളും പ്രകടനങ്ങളും മെച്ചപ്പെടുകയാണ് ഇതോടെ. പെരുമാറ്റപരമായി ചില മെച്ചങ്ങൾ സ്വപ്നം സംഭാവന ചെയ്യുന്നു എന്ന് അനുമാനം.
ജാഗ്രത് അവസ്ഥയിൽ സാധിക്കാത്ത കാര്യങ്ങളാണ്
സുഷുപ്തിവേളയിൽ തലച്ചോർ ചെയ്തു കൂട്ടുന്നത്. ബന്ധമില്ലാത്ത കാര്യങ്ങളെ
ബന്ധിപ്പിച്ച് കഥകൾ മെനയുകയാണ്, യുക്തിയില്ലായ്മ
തലങ്ങും വിലങ്ങും നിറച്ചിരിക്കുകയാണ്. പക്ഷേ സംഭവങ്ങളോ ദൃശ്യങ്ങളോ
വ്യക്തിവിശേഷങ്ങളൊ തമ്മിലുള്ള വിദൂര ബന്ധങ്ങൾ ആഴത്തിലും പരപ്പിലും അന്വേഷിച്ച്
ഒളിയ്ക്കപ്പെട്ട വിലപിടിപ്പുള്ള മൂല്യങ്ങളെ തെരയുകയാണ് സ്വപ്നത്തിൽ. ഉണർന്നിരിക്കുമ്പോൾ നമ്മുടെ തന്നെ മസ്തിഷ്കം അനുവദിക്കാത്ത
വ്യാപാരങ്ങൾ. മാത്രമല്ല ഉണർന്നിരിക്കുമ്പോൾ അപ്പപ്പോൾ ലഭിയ്ക്കുന്ന അറിവുകളും
അനുഭവങ്ങളും സ്വാംശീകരിക്കാനേ തലച്ചോറിനു നേരമുള്ളു. അതുകൊണ്ട് മറ്റ്
ശല്യങ്ങളൊന്നുമില്ലാത്ത ഉറക്കസമയത്ത് മനസ്സ് ചില തുറസ്സുകളിൽ സ്വയം
മേയുകയാണ്.അപരിമേയമായ ഭാവനാവ്യാപാരത്തിലൂടെ കഴിഞ്ഞുപോയതോ വരാൻ പോകുന്നതോ ആയ
കാര്യങ്ങൾക്ക് സാധുതയും സാഫല്യോദ്ദേശവും യുക്തിയുമുണ്ടോ എന്ന അന്വേഷണമാകാം ഇത്. പല
പ്രവർത്തനങ്ങളും സാധിച്ചെടുക്കാനുള്ള ‘സിററ്റോണിൻ’ എന്ന ന്യൂറൊഹോർമോണിന്റെ അളവ് പാടേ കുറയുകയാണ് ഈ സമയത്ത്. LSD എന്ന മയക്കുമരുന്ന്-വിഭ്രാന്തികളും മായക്കാഴച്ചകളും സംഭാവനചെയ്യുന്നു
ഇത്- പ്രവർത്തിക്കുന്നതും ഇങ്ങനെ
തന്നെയാണ്. മറ്റൊരു ന്യൂറോഹോർമോൺ ആയ നോർഅഡ്രീനലിൻ പാടേ അപ്രത്യക്ഷമാകുന്നു, മനസ്സ് ഏകാഗ്രത വിടുന്നു, സ്വര്യവിഹാരത്തിനു തയാറാകുന്നു ഈ ഘട്ടത്തിൽ. കയറൂരി വിട്ട ഭാവനകൾ
പറക്കുകയായി.
ഒന്ന് സത്യമാണ്. വികാരങ്ങൾ തിങ്ങി നിറഞ്ഞതാണ്
നമ്മുടെ സ്വപ്നസംഭവങ്ങൾ എല്ലാം. വികാരങ്ങളാണ് നമ്മുടെ ദൈനന്ദിന തീരുമാനങ്ങളെ
സ്വധീനിക്കുന്നത്. അവയെ വിലയിരുത്തുന്നതും വികാരങ്ങളുമായി ബന്ധിപ്പിച്ചാണ്. ആഖ്യാനപരവും
ഭാവനാസമ്പന്നവും വികാരപരവുമായ സ്വപ്നങ്ങൾ ഓരോ പുതിയ പുതിയ അവസ്ഥയേയും ഉദ്ദേശങ്ങളെയും സ്വരൂക്കൂട്ടിയെടുക്കുമ്പോൾ അവയെ പര്യവേക്ഷണം
ചെയ്യാനും സമഗ്രമായി പരിശോധിക്കാനും ബലപ്പെടുത്താനും ആവശ്യമായിരിക്കാം . സ്വപ്നങ്ങൾക്ക് അർത്ഥങ്ങളുണ്ടോ എന്ന ചോദ്യത്തിനു
തീർച്ചയായും അർത്ഥങ്ങളുണ്ട് എന്ന് ന്യൂറോസയന്റിസ്റ്റുകൾ പറയും.. പക്ഷേ അവ
എന്താണെന്ന് സ്വപ്നം കണ്ട ആൾക്ക് അറിയാവുന്നിടത്തോളം അപഗ്രഥിക്കാൻ
ശ്രമിക്കുന്നവർക്ക് അറിയണമെന്നില്ല എന്ന വിചിത്ര വാദവും ശാസ്ത്രത്തിനുണ്ട്.
സ്വന്തം അനുഭവങ്ങളേയും വികാരങ്ങളേയും തിരിച്ചറിയാനും അപഗ്രഥിക്കാനും ചില തീർപ്പുകൾ
കൽപ്പിക്കാനും ഇനിയുള്ള അനുഭവങ്ങളെ സമീപിക്കാൻ എളുപ്പമാക്കാനുമാണ് സ്വപ്നങ്ങൾ
കാണുന്നതെന്നാണ് അവർ നിരീക്ഷിക്കുന്നത്. ഉറങ്ങുമ്പോൾ തലച്ചോർ ചില പണികൾ
ഒപ്പിച്ചെടുക്കുകയാണ്, അത് തലച്ചോറിനു ചില ഗുണങ്ങൾ
ചെയ്യുന്നുണ്ട്, നമ്മൾ അറിയുന്നില്ല, അറിഞ്ഞിരിക്കണമെന്നില്ല എന്നുള്ളതാണ് ആധുനിക നിലപാട്. സ്വപ്നം
കാണുമ്പോൾ ന്യൂറോണുകൾ തമ്മിൽ എങ്ങനെ ഘടിപ്പിക്കപ്പെടുന്നു എന്താണ് അവയുടെ
സംവേദനങ്ങൾ എന്നിവയൊക്കെ വിശദമായി പഠിയ്ക്കപ്പെട്ടുകൊണ്ടിരിക്കയാണ്.
No comments:
Post a Comment