ഈയിടെ ഇറങ്ങിയ (മാർച് 2023) പ്രണയവിലാസം സിനിമയിലെ പ്രമേയം ദാമ്പത്യത്തിനു പുറത്തുള്ള പ്രണയത്തെക്കുറിച്ചാണ്, വിവാഹപൂർവ്വ പ്രണയങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് നായകനും നായികയും. നായകൻ്റെ മകനാവട്ടെ ഒരുവളുമായിട്ട് തീവ്രപ്രണയത്തിൽ ആണെങ്കിലും സുന്ദരികളെ കണ്ടാൽ മനസ്സ് ചഞ്ചലിക്കുന്നവനും. കോളേജ് വിദ്ദ്യാർത്ഥിയാണവൻ എന്നത് സാധൂകരണം പോലെ ഉൾച്ചേർത്തിട്ടുണ്ട്. പക്ഷേ അവൻ്റെ അമ്മയുടെ ഗുപ്തപ്രണയം സത്യമാണെന്നും അത് അംഗീകരിച്ചു കൊടുക്കേണ്ടതുമാണെന്നാണ് അവൻ്റെ കണ്ടുപിടിത്തവും വാദവും.
ദാമ്പത്യേതര പ്രണയം പ്രത്യേകിച്ചും ഭാര്യയുടേതാണെങ്കിൽ അതിനു കടുത്ത ശിക്ഷ കൊടുക്കേണ്ടതാണെന്ന് മലയാളികൾ പ്രത്യേകിച്ചും ആണുങ്ങൾ കടുപ്പത്തിൽ വിശ്വസിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് ‘മണിച്ചിത്രത്താഴ്’ സിനിമയ്ക്ക് ഇന്നും ലഭിയ്ക്കുന്ന ജനപ്രിയത. അരസികനും കലാസാഹിത്യതൽപ്പരനല്ലാത്തവനും ലൈംഗികതയിൽ താൽപ്പര്യമില്ലാത്തവനുമായ ഭർത്താവിനെ അപേക്ഷിച്ച് കവിയും സഹൃദയനുമായ അയൽക്കാരനിൽ കാൽപ്പനികപരമായി ആകൃഷ്ടയായ നായികയെ ഘോരമായ മന്ത്രവാദം ചെയ്ത് മര്യാദ പഠിപ്പിച്ച് “ഇനി എന്നും ഞാൻ നകുലേട്ടൻ്റേത് മാത്രമായിരിക്കും’ എന്ന് ആണയിടുവിപ്പിക്കുന്ന രംഗത്തോടെ അവസാനിക്കുന്ന സിനിമ ആൺ അഹന്തയെ പരിപൂർണ്ണമായി തൃപ്തിപ്പെടുത്തുന്നു എന്നതാണ്‘മണിച്ചിത്രത്താഴിൻ്റെ വിജയരഹസ്യം. മുപ്പതു വർഷത്തിനു ശേഷം ഇറങ്ങിയ പ്രണയവിലാസം സിനിമയിൽ തെല്ല് ഒരു അയവ് വന്നിട്ടേ ഉള്ളൂ, ഭാര്യ ഒരു പൂർവ്വകാലപ്രണയം മനസ്സിൻ മണിച്ചിമിഴിൽ ഉണർവ്വോടെ കാത്തുസൂക്ഷിയ്ക്കുന്നെങ്കിൽ അതിനു സാധൂകരണമായി ഭർത്താവും മറ്റൊരു പ്രണയം സജീവമായി, പ്രായോഗികമായി കൊണ്ടു നടക്കുന്നു എന്ന സമീകരണം അത്യാവശ്യമായി കൊണ്ടു വന്നിട്ടുണ്ട്. അയാൾക്കാകാമെങ്കിൽ (മാത്രം) അവൾക്കും ആകാം എന്ന മട്ടിൽ. ഭാര്യ പഴയ പ്രണയത്തിൻ്റെ മഞ്ചാടിക്കുരുക്കൾ തഴുകുന്നതേ ഉള്ളൂ, പഴയ കാമുകൻ്റെ ഫുട് ബോൾ താൽപ്പര്യത്തെ ഓർമ്മിക്കാനെന്നവണ്ണം ശിഷ്യരെക്കൊണ്ട് ടൂർണ്ണമെൻ്റുകൾ നടത്തിയ്ക്കുന്നുമുണ്ട്. പക്ഷേ ഭർത്താവ് പരസ്യമായി, മകൻ കാൺകെ കാമുകിയുമായി സിനിമയ്ക്ക് പോയി മുട്ടിയുരുമ്മി ഇരിയ്ക്കുന്ന രീതി വരെ ആയെങ്കിലേ ഭാര്യയ്ക്ക് നഷ്ടപ്രണയത്തിൻ്റെ ഓർമ്മകൾ സൂക്ഷിക്കാൻ ഡയറി എഴുതാൻ അവകാശം ഉള്ളത്രെ.
വിവഹത്തിനു ശേഷവും ഭാര്യാഭർത്താക്കന്മാർക്ക് പ്രണയം കാത്തുസൂക്ഷിക്കാനാകുമോ? വിവാഹത്തിനു ശേഷം പ്രണയം സാദ്ധ്യമാകുമോ? പ്രണയവിവാഹം കഴിഞ്ഞവരാണ് കൂടുതൽ തല്ലിപ്പിരിയുന്നത് എന്നൊരു കണക്കുണ്ടത്രെ. പക്ഷേ ഈ പ്രണയത്തെ ആണല്ലൊ ഏറ്റവും കാൽപ്പനികവൽക്കരിച്ചിടുള്ളത്. സന്ദേശകാവ്യങ്ങൾ ഉദാഹരണം. മേഘസന്ദേശം യക്ഷൻ ഭാര്യയ്ക്കയക്കുന്ന വിരഹവിലാപമാണ്. വിവാഹത്തിനുശേഷം പ്രണയത്തിനു നഷ്ടം സഭവിക്കില്ലെ എന്ന സന്ദേഹമുള്ളപ്പോൾത്തന്നെ വിരഹമല്ലെ പ്രണയത്തെ ഉദ്ദീപിപ്പിച്ചു നിലനിറുത്തുന്നത് എന്ന ചോദ്യം സംഗതമാണു താനും. യക്ഷൻ ഭാര്യയെ വിട്ടു പിരിഞ്ഞിരുന്നില്ലെങ്കിൽ ഈ തീവ്രപ്രണയം നിലനിന്നിരിക്കുമോ? വലിയകോയിത്തമ്പുരാൻ അനന്തപുരം കൊട്ടാരത്തിലെ കളപ്പുര മാളികയിൽ ഏകാന്തത്തടവിനു വിധിയ്ക്കപ്പെട്ടതുകൊണ്ടല്ലെ ഭാര്യക്കുള്ള മയൂരസന്ദേശം എഴുതിയത്? ഉണ്ണുനീലിസന്ദേശവും വ്യക്തമായി ഭാര്യക്ക് അയയ്ക്കപ്പെട്ടതാണ്. കടുത്തുരുത്തിയിൽ ഭാര്യയോടൊപ്പം ശയിച്ചിരുന്ന ആളെ ഒരു യക്ഷി എടുത്തുകൊണ്ടുപോയി തിരുവനന്തപുരത്ത് പ്രതിഷ്ഠിച്ചതാണ്. തിരുവനന്തപുരത്തു നിന്ന് സന്ദേശവാഹകൻ പലദിവസങ്ങൾ കഴിഞ്ഞാണ് കടുത്തുരുത്തിയിൽ എത്തുന്നത്. ഇന്ന് വന്ദേ ഭാരത് ട്രെയിൻ ഇത് രണ്ടുമണിക്കൂറു കൊണ്ട് സാധിച്ചെടുക്കുമെങ്കിലും അന്ന് അത് വലിയ ദൂരമാണ്. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് തിരുവിതാംകൂറിൽ നിന്ന് കൊച്ചിയിലേക്കാണ് എന്നത് ഓർക്കുക. അദ്ദേഹത്തിൻ്റെ ഭാര്യ ഈ വേള അതീവദുഃഖത്തോടെ വിവരിച്ചിട്ടുണ്ട്. പ്രവാസം ദൂരം കൊണ്ടല്ല അളക്കപ്പെടുന്നത് വെറും വിരഹനൊമ്പരത്തിൻ്റെ തോത് അനുസരിച്ചാണെന്ന് സാരം.
വിവാഹാനന്തരമുള്ള വിരഹമല്ലേ അതിവേദനാപൂർവ്വം? അവിടേയല്ലെ പ്രണയം കഠിനതരമാകുന്നത്. ദൃഷ്ടാന്തങ്ങൾ കൂടുതലുണ്ട്. ഗൾഫ്പ്രവാസിയുടെ ഹൃദയം പൊട്ടിയുള്ള നിലവിളി നമ്മൾ “അബുദാബീലുള്ളോരെഴുത്തുപെട്ടി ...’ യിൽ കേട്ടതാണ്. നാട്ടിലിരുന്ന് പ്രണയിനി “എത്രയും ബഹുമാനപ്പെട്ട എൻ്റെ പ്രിയ ഭർത്താവ് വായിയ്ക്കുവാൻ..” എഴുതിയ കത്തിനു മറുപടിയാണിത്. രണ്ടു പേർക്കും അതിതീക്ഷ്ണമാണ് പ്രണയപ്പനിയും വിരഹനൊമ്പരവും. അതിസംസ്കൃതീകരണം കോണ്ട് പ്രോജ്വലമാക്കിയ ഭാഷയിലല്ല, പച്ചമലയാളത്തിൽ, നാടൻ ഭാഷയിൽ ഉള്ളിലെ വിങ്ങൽ പാടിയറിയിക്കുകയാണ്. ചമൽക്കാരങ്ങളില്ലാതെ കരളിൽ കുത്തിയിറങ്ങുന്ന പദഘടനകളാണ്. അതുകൊണ്ട് തന്നെ പ്രവാസി ഗൾഫ്കാരെ ആകെ മൊത്തം കരയിപ്പിച്ച പാട്ടുകളാണ് ഇവ രണ്ടും. പെണ്ണ് ഒരു മലക്ക് അല്ലെന്നും വികാരങ്ങൾ അവളിൽ കത്തിയമരുന്നെന്നും ഉഴിഞ്ഞിട്ട നേർച്ചക്കോഴിയായ അവൾക്ക് തെറ്റു പറ്റിപ്പോകുമെന്ന് ഉൽക്കണ്ഠയുണ്ട് താനും. “മധുരം നിറച്ചൊരു മാംസപ്പൂവൻപഴം മറ്റാർക്കും തിന്നാൻ കൊടുക്കില്ലൊരിക്കലും… “എന്ന് ആണയിടുന്നുണ്ടെങ്കിലും. അബുദാബിയിലെ ഭർത്താവ് ഞെട്ടുകയും ഹൃദയം പൊട്ടിപ്പോയി എന്ന് വിലപിക്കുകയും ചെയ്യുന്നു. ‘പറ്റിപ്പോകും, തെറ്റ് പറ്റിപ്പോകും’ അവിഹിതങ്ങൾ നടന്നിട്ടില്ലെ, ഇന്നും നടന്നിട്ടില്ലെ എന്നയാൾ പേടിയ്ക്കുന്നുണ്ട്. പെണ്ണിൻ്റെ ആവശ്യം അറിയാത്ത പൊണ്ണൻ അവനാണ് ഉത്തരവാദി, തൻ്റെ പൗരുഷം തെറിച്ചു പോകുന്നു എന്ന് അതിദയനീയമായി സമ്മതിക്കുകയാണ് ഭർത്താവ്. മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞ് ഉള്ള ദമ്പതികളുടെ ഈ അഗാധവിരഹവ്യഥ മലയാളി പ്രവാസികളുടെ ദാമ്പത്യപ്രണയത്തിൻ്റെ നേർ ചിത്രം വരച്ചിടുകയാണ്.
വിരഹം തന്നെയാണ് പ്രണയത്തെ നിർവ്വചിക്കുന്നതെന്നും അതിനു അധികം സാദ്ധ്യതയില്ലാത്ത അമേരിക്കയിൽ യഥാർത്ഥപ്രണയം ഇല്ലെന്നും വാദിക്കുന്നവരുണ്ട്. ലിവിങ്ങ് റ്റുഗതർ യഥേഷ്ടം സംഭവിക്കുന്നിടത്ത് എന്ത് പ്രണയം എന്ന്. ദാമ്പത്യത്തിലെ പ്രണയം കൺസ്യൂമെറിസവും ‘ഡിസ്പോസബിൾ’ ആയ ഉപഭോഗവ്യവസ്ഥിതിയും ഇടപെടുന്നതിനാൽ തനിമ നഷ്ടമായതാണെന്ന് വിശ്വാസമുണ്ട്. ദാമ്പത്യേതര ബന്ധങ്ങൾക്ക് മേൽ ഇൻഡ്യയിലെപ്പോലെ തീവ്ര കളങ്കമൂല്യം കെട്ടിയേൽപ്പിക്കപ്പെടുന്നില്ല താനും പാശ്ചാത്യരാജ്യങ്ങളിൽ. എങ്കിലും കുടുംബമൂല്യത്തിനു വിലയില്ലാതെ പോകുന്നു എന്ന് അടച്ചാപേക്ഷിക്കാൻ വയ്യ. “പ്രണയവിലാസം” ഇനു സമാന്തരമായ ഒരു കഥയാണ് പ്രസിദ്ധ ഹോളിവുഡ് സിനിമ “ദി ഡിസെൻഡൻസ്” (The Descendants) ആഖ്യാനപ്പെടുത്തുന്നത്. ജോർജ്ജ് ക്ളൂണിയുടെ ‘മാറ്റ്’ എന്ന കഥാപാത്രത്തിൻ്റെ ഭാര്യ എലിസബെത് മരണാസന്നയാണ്, കോമയിലാണ്, നിഷേധിയും കലഹകാരിയുമായ മൂത്ത മകൾ അമ്മയുമായി അത്ര അടുപ്പത്തിലുമല്ല. മാറ്റ് വിശദമായി ഇവളെ ചോദ്യം ചെയ്യുമ്പോഴാണ് അമ്മയുടെ മറ്റൊരു ബന്ധത്തെക്കുറിച്ചുള്ള കഥകൾ മാറ്റ് അറിയുന്നത്. പ്രണയവിലാസത്തിലെപ്പോലെ ആരാണയാൾ എന്ന് അന്വേഷിച്ചു പോകയാണവർ. പക്ഷേ അയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട് അത് വിട്ടിട്ട് ഒരു കാര്യത്തിനും ഈ കാമുകൻ തയാറുമല്ല. എലിസബെത്തിൻ്റെ മരണക്കിടക്കയിൽ ഇയാളുടെ ഭാര്യ വന്ന് അവരുടെ കുടുംബം തകർത്തതിനു കുറ്റപ്പെടുത്തുണ്ടെങ്കിലും അവസാനം മാപ്പ് കൊടുക്കുകയാണ് അവൾക്ക്. എല്ലാ സത്യങ്ങളേയും അംഗീകരിച്ചു കൊണ്ട് മാറ്റും മക്കളും എലിസബെത്തിൻ്റെ ചിതാഭസ്മം സമുദ്രത്തിൽ ഒഴുക്കി കുടുംബത്തിൻ്റെ ഭദ്രത പ്രഖ്യാപിക്കുകയാണ്. പ്രണയവിലാസത്തിൽ മകൻ തിരുനെല്ലിയിലെ പാപനാശിനിയിൽ അമ്മയുടെ ചിതാഭസ്മ ഒഴുക്കി അവരെ കുറ്റവിമുക്തയാക്കുകയാണ്. സ്ത്രീയുടെ ദാമ്പത്യേതര പ്രണയത്തിനു വിമലീകരണം നൽകുന്ന ഇത്തരം സീനുകൾ ഇൻഡ്യൻ സിനിമയിൽ അപൂർവ്വമാണ്.
രാഷ്ട്രീയക്കാരുടെ പ്രണയവിലാസങ്ങൾ
അപ്രതീക്ഷിത പരിണാമഗുപ്തിയിൽ ചെന്നെത്താറുണ്ട്. ഇംഗ്ളണ്ടിൽ മന്ത്രി ജോൺ
പ്രൊഫ്യൂമോയും കൃസ്റ്റീൻ കീലർ എന്ന പത്തൊൻപതുകാരിയും തമ്മിലുള്ള ബന്ധം അന്നത്തെ
പ്രധാനമന്ത്രിയായിരുന്ന മക്മില്ലൻ്റെ രാജിയിൽ അവസാനിച്ചു, തുടർന്ന്
അവരുടെ പാർടി തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. കേരളത്തിൽ പി.
റ്റി. ചാക്കോയോടൊപ്പം കുങ്കുമപ്പൊട്ടു തൊട്ട ഒരു അയ്യങ്കാർ സ്ത്രീ പീച്ചിയ്ക്ക്
പോയെന്ന അപവാദത്തിന്മേൽ അദ്ദേഹത്തിനു രാജി
വെയ്ക്കേണ്ടി വന്നു, കെ പിസിസി പ്രസിഡെൻ്റ് മൽസരത്തിൽ തോറ്റു, താമസിയാതെ
മരണപ്പെട്ടു. ഇത് കേരള
കോൺഗ്രസ് എന്ന പുതിയ പാർടിയുടെ തുടക്കത്തിനു വഴി തെളിയ്ക്കുകയും ചെയ്തു.
അമേരിക്കയിൽ മോണിക്ക ല്യൂവിൻസ്കി കേസിൽ പ്രെസിഡെൻ്റ് ക്ളിൻ്റൺ ഇമ്പീച്
ചെയ്യപ്പെട്ടത് ആധുനിക ചരിത്രം. എങ്കിലും മുൻ പ്രെസിഡെൻ്റ് ട്രമ്പിൻ്റെ വിവാഹേതര
പ്രണയവിലാസങ്ങൾ അദ്ദേഹത്തിൻ്റെ ആരാധകരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. ഇപ്പോൾ
ബലാൽസംഗക്കേസ് വരെ നിലവിലുണ്ടെങ്കിലും അടുത്ത പ്രെസിഡെൻ്റ് ആകാൻ മൽസരിക്കുകയാണ്
അദ്ദേഹം.
1 comment:
ശ്ശോ.ദൈവമേ
Post a Comment