Friday, January 10, 2014

“കിളി ചിലച്ചു…….” ഉദയഭാനു എന്ന ഇടയ്ക്കുദിച്ച സൂര്യന്റെ പ്രഭാപൂരം

  
          ഉദയഭാനു അധികം സിനിമാഗാനങ്ങൾക്ക്  സംഗീതം നൽകിയിട്ടില്ല. പാടാൻ ഏൽ‌പ്പിക്കപ്പെട്ട പാട്ടുകൾക്ക് സമർപ്പണഭാവത്തോടേ പൂർണ്ണത വിളക്കിയ അതേ തീക്ഷ്ണതയോടെ കമ്പോസ്  ചെയ്ത പാട്ടുകളിൽ  കേൾവിയുടെ  നിറവ് പൂരിതമാക്കാൻ ശ്രമിച്ചു ഈ ലളിതമനസ്കൻ. 1976 ഇൽ ഇറങ്ങിയ ‘സമസ്യ’യിൽ അദ്ദേഹം രണ്ടുമൂന്നു പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അതിലൊന്നാണ് യേശുദാസ് പാടിയ “കിളി ചിലച്ചൂ .. കിലുകിലെ കയ് വളചിരിച്ചൂ” എന്ന ഓ എൻ വി ഗാനം. പാട്ടിന്റെ ശിൽ‌പ്പചാരുതയിലും ഓർക്കെഷ്ട്രേഷൻ നിർവ്വഹണത്തിലും പ്രയോഗത്തിലും മെലഡി കൊരുത്തെടുത്ത രീതിയിലും അക്കാലത്ത് നിന്നും വളരെ അകലെ ആധുനികതയിൽ ഇടം നേടുന്ന പാട്ടാണിത്. 70 കളിൽ ഇത്തരം ഒരു പാട്ട് ഇറങ്ങുന്നത് അത്യപൂർവ്വം എന്നു പറഞ്ഞാൽ അത് സത്യമാണ്. ഉദയഭാനുവിന്റെ ദീർഘദർശിത്വത്തോടൊപ്പം കമ്പോസിങ് പ്രാവീണ്യവും വൈവിദ്ധ്യമണയ്ക്കാനുള്ള അതിപാടവവും ആണ് ഇവിടെ പ്രത്യക്ഷമാകുന്നത്. ഈ ഒരു പാട്ടുകൊണ്ടു തന്നെ ജീവിതസാഫല്യം നേടിയിരിക്കുന്നു സിനിമാസംഗീതസംവിധാനത്തിൽ ഇടയ്ക്കൊന്ന് ഉദിച്ചുയർന്ന ഈ സൂര്യൻ.

ആദ്യം പാട്ട് കേൾക്കുക:

        പാട്ടിന്റെ പ്രധാന ആകർഷകത്വം അതിന്റെ മന്ദ്രതയാണ്. വളരെ സാവധാനമാണ് പാട്ട് ഉണർന്നെഴുന്നത്, ഗതിചാലനം അത്ര സൂക്ഷ്മായ വിന്യാസത്തിലാണ് ധാരാവാഹിയാകുന്നത്. ഈ മന്ദമായ ഒഴുക്കിന്റെ ആന്തരിക താളത്തിൽ ക്ലിഷ്ടതയോ ഗംഭീരമായ ക്രമപതനങ്ങളോ നിബന്ധിച്ചിട്ടില്ല. വരികളെഴുതിയ ഓ എൻ വിയും ഉൽക്കടപ്രേമവിക്ഷോഭങ്ങൾ വാക്കുകളിലോ കാവ്യപ്രക്ഷേപണത്തിലോ  ഇണക്കിക്കൂട്ടാൻ ഉദ്യമിക്കുന്നുമില്ല. പ്രേമതരിളതനായ നായകൻ കാറ്റിനോടും നിലാവിനോടും പ്രിയസഖിയെ ഇനിയും മനോഹരിയാക്കാൻ   അഭ്യർത്ഥിക്കുന്ന പരിസരസ്വധീനത്തിൽ ലളിതമായ നിർമ്മിതിവിദ്യ തന്നെ അനുചിതം എന്ന് ഉദയഭാനു തീരുമാനിച്ചിരിക്കയാണ്. കളമൊഴിയുടെ കയ്യിൽ കുളിര് ഉമ്മ വച്ചപ്പോൾ കൈവള ചിരിച്ചത് കിളി ചിലച്ചതായിട്ടാണ് കാമുകനു തോന്നുന്നത്. പ്രേമോന്മത്തനു സംഭവിക്കുന്ന വിഹ്വലത.  ഈ വിഹ്വലത ഒരു പൂ വിടർത്തുന്നതു പോലെയാണ് ഉദയഭാനു പ്രസാരിതമാക്കുന്നത്. സുഭഗസംഗീതപരിലാളനയുടെ മൃദുപരിചരണം മൂലം ഈ പാട്ട് അതിലെ വരികൾ അന്വർത്ഥമാക്കും വണ്ണം ഒരു സുഖനിമിഷത്തിൻ നറുമണമോ അതിലൂറും നിർവൃതിയുടെ തേൻകണമോ എന്ന് നമ്മളും സംശയിച്ചുപോയാൽ അതിലൽഭുതമില്ല.

        മെലഡിയ്ക്ക് ആധാരമായ ആഭേരി രാഗത്തിന്റെ അതിസാധാരണത്വം പാടേ മാറ്റിയിട്ടാണ് ഉദയഭാനുവിന്റെ ഈ കിളി ചിലയ്ക്കുന്നത്. ആ രാഗത്തിലുള്ള അസംഖ്യം സിനിമാപ്പാട്ടുകളുടെ സുവിദിതപ്രയോഗങ്ങൾ തെല്ലും അനുസ്മരിപ്പിക്കാത്തവിധമാണ് പരിചരണം. അത്രമാത്രം മെരുക്കിയെടുത്തിരിക്കയാണ് ഈ രാഗത്തെ.  ഇതേ രാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ട “സ്വർഗ്ഗ ഗായികേ ഇതിലേ“, “അശോക പൂർണ്ണിമ” ഒക്കെയായി താരതമ്യം ചെയ്താലറിയാം ഈ വിദ്യയുടെ മാജിക്.  പാട്ട് സാധാരണ പോലെ ഒരു പല്ലവിയും രണ്ട് ചരണങ്ങളും എന്ന രീതിയിലാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്. എന്നാൽ പൊതുവായ സമീപനത്തിനും ശിൽ‌പ്പരീതിയ്ക്കും  ഇതിനു മുൻപിറങ്ങിയ ഏതെങ്കിലും പാട്ട് ഒരു ‘പ്രോടൊറ്റൈപ്’ ആയിരുന്നോ എന്നു പറയാൻ സാദ്ധ്യമല്ലാത്ത വിധം വ്യത്യാസമുണ്ട്. പല്ലവിയിൽ ഒരേ വാക്ക് ആവർത്തിക്കുന്ന രീതി വിട്ട് ‘കിളി ചിലച്ചു‘ എന്നതിനു ശേഷം (ഒരു ഗിറ്റാർ ബിറ്റ് ഇവിടെയുണ്ട്)  പ്രാസമൊപ്പിച്ച് വരുന്ന ‘കിലുകിലെക്കയ് വളചിരിച്ചു‘ എന്ന ഘടനയാണിവിടെ.മന്ദ്രസ്ഥായിയിൽ തുടക്കം. പടി കയറും വിധം മുകളിലേക്ക്. ‘ഇതിലേ വാ നിലാവേ..” ഔന്നത്യത്തിൽ.  ‘……പൂക്കളാൽ അലങ്കരിക്കൂ’ എന്ന കഴിഞ്ഞ് ഒരു നിശ്ചലത പോലെ. പിന്നെ ‘കിളി ചിലച്ചു‘ എന്നു വരുമ്പോൾ ശാന്തമായ ജലപ്പരപ്പിൽ ഒരു ചെറിയ ഓളം ഉളവാകുന്ന സൌമ്യപ്രതീതിയാണ്. ചരണങ്ങളിലെ സ്ഥായീവിന്യാസങ്ങളും ഗതിവിഗതികളും  ശിൽ‌പ്പരീതിയും അനന്യമാണ്.

ഒന്നാം ചരണം ഉദാഹരണമായെടുക്കാം:

കതിർ ചൂടും പുന്നെല്ലിൻ മർമ്മരമോ
കരളിലെ പുളകത്തിൻ മൃദുമന്ത്രമോ
മധുരമൊഴി കാതോർത്തു നീ നുകർന്നൂ

എന്നിടത്തു തന്നെ ചരണം അവസാനിപ്പിക്കാനുള്ളതേ ഉള്ളു, അന്നത്തെ നടപ്പുരീതി അനുസരിച്ച്. പക്ഷേ ഇവിടെ ഒരു ഓബോ-ക്സൈലോഫോൺ ബിറ്റിനു ശേഷം പാട്ട് നെടുകേ നട കയറുകയാണ്.“ഇതിലേ വാ നിലാവേ നീ ഇതിലേ വരൂ.” എന്നത് ഒരു കൂട്ടിച്ചേർക്കൽ തന്നെയാണ്, അതും മേത്സ്ഥായിയിൽ. തബലയുടെ നടകൾ ഇവിടെ ദ്രുതഗതി ആർജ്ജിച്ച് പ്രത്യേക ‘പഞ്ചും‘ നാടകീയതയും സൃഷ്ടിയ്ക്കുന്നു. ഗാനത്തിന്റെ ആകെ ബോധാനുസാരിയായ കാതൽ ഈ രണ്ടു വരികളായിത്തീരുകയാണ്. (രണ്ടാം ചരണത്തിൽ ‘നിലാവേ‘ എന്നത് ‘തെന്നലേ‘ എന്നായി മാറുന്നു) പ്രേമലോലുപന്റെ ആകപ്പാടെയുള്ള ഉദ്ദേശം ഈ മനസ്സലിഞ്ഞ അപേക്ഷ  തന്നെ എന്ന് സംഗീതം വ്യക്തമാക്കുകയാണ്. കാരണം ഉടൻ തന്നെ സ്ഥായി താഴോട്ടിറങ്ങി മന്ത്രജപത്തിന്റെ ഛായ കൈവരികയാണ്, ‘കിളി ചിലച്ചു‘ എന്ന പല്ലവി പ്രയോഗത്താൽ. ഈ സംക്രമണം അതിമധുരതരവുമാണ്.  ഇവിടേ ‘കിളി ചിലച്ചു’ എന്നത് നിശബ്ദതയിലാണ്: താളവാദ്യങ്ങളോ വയലിൻ സംഘമോ പുറകിലില്ല. അതിനു ശേഷം വരുന്ന കുഞ്ഞിടവേളയ്ക്ക് സാംഗത്യം ഏറുകയാണ് ഇപ്രകാരം. ‘ചിലച്ചൂ’ എന്നിടത്തെ ‘ഊ’ നിലനിർത്തി (sustain) ഗിറ്റാറിന്റെ കിണുക്കത്തിൽ അലിയിച്ചിരിക്കയാണ് വിദഗ്ധനായ കമ്പോസറും അതേപോലെ വിദഗ്ധനായ യേശുദാസും.

 ഉപകരണവിനിയോഗത്തിലെ നവീനതകൾ

                എഴുപതിലെ പാട്ടുകളിൽ കടന്നു വരാറുള്ള ഓർക്കെഷ്ട്രേഷൻ രീതികളിൽ നിന്നും വ്യതിചലിച്ച്  പുരോഗമനപരമായ പ്രകൃതിയിലേക്ക് കടന്നിരിക്കയാണ് സവിശേഷമായ വിന്യാസങ്ങൾ. മനഃപൂർവ്വമായിത്തന്നെ ഗംഭീരമായ താളമേളക്കൊഴുപ്പ് വർജ്ജിച്ചിരിക്കയാണ് പാട്ടിന്റെ ഭാവപരിസരം ഉൾക്കൊണ്ട്. ഗിറ്റാറിന്റെ സൂക്ഷ്മപ്രകടനങ്ങൾക്കും വയലിൻ സംഘത്തിന്റെ കൃത്യമായ മീട്ടലുകൾക്കും മിഴിവ് കിട്ടിയിട്ടുണ്ട് ഇപ്രകാരം. ‘കിളി ചിലച്ചു’ എന്നു കഴിഞ്ഞ്  ശേഷം ഒരു സ്പേസ് കഴിഞ്ഞിട്ടാണ് ‘കിലുകിലെ കയ് വളചിരിച്ചൂ‘ എന്നു വരുന്നത്. ആ സ്പേസിൽ ഗിറ്റാറിന്റെ സഞ്ചാരങ്ങൾ നിബന്ധിച്ചിരിക്കയാണ്. അതേ സഞ്ചാരങ്ങൾ ഉയർന്ന സ്ഥായിയിൽ ആവർത്തിക്കുകയാണ് “ കിലുകിലെ കയ് വളചിരിച്ചു“ വിനു ശേഷം. ഇതിലെ സ്വരങ്ങളുടെ ഏറ്റക്കുറച്ചിൽ കൂടെ അനുഗമിക്കുന്ന വാദ്യം അതേ പടി പിൻതുടരുന്നു എന്ന നിബന്ധസാമർത്ഥ്യവും വളരെ വ്യക്തമാണ്. പല ശ്രുതികൾ സാദ്ധ്യമാവുന്ന തരംഗം വാദ്യമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ സ്വരോക്തി പ്രയോഗം പല്ലവിയോടൊപ്പം സഞ്ചരിക്കുന്നുണ്ട്, മെലഡിയുടെ ഒരു ഭാഗമായിത്തീരുകയാണ്. അതിനാൽ പാട്ടിന്റെ ആകെ മൊത്തം മുദ്രയായി മാറുന്നു ഈ ഗിറ്റാർ അനുരണനങ്ങൾ. കൂടാതെ ഓബോ യുടെ സമർത്ഥമായ ഉപയോഗവുമുണ്ട്, അതിന്റേതായ വൈശിഷ്ട്യം പാട്ടിലുടനീളം വിളങ്ങി വിലസുകയുമാണ്. പല്ലവിയ്ക്കു മുൻപു തന്നെയുള്ള വാദ്യവൃന്ദത്തിൽ ആദ്യം വരുന്ന ഗിറ്റാറിനു ശേഷം, വരാൻപോകുന്ന മാധുര്യത്തിനുള്ള മുൻകൂർ മേമ്പൊടി പോലെ ഒരു ഓബോ പ്രയോഗമുണ്ട്: ചരണത്തിന്റെ അന്ത്യത്തിലുള്ള ‘ഇതിലേ വാ” ഭാഗത്തെ ട്യൂൺ അനുസ്മരിപ്പിക്കുന്നതാണിത്. രണ്ടാം ചരണത്തിനു മുൻപ് ഓബോ-ക്സൈലോഫോൺ ബിറ്റുകൾ ഒരു സംഭാഷണരീതി കൈവരിക്കുന്നത് കൌതുകകരമാണ്.  ഈ ഓബോ- ക്സൈലോഫോൺ  പാരസ്പര്യം പാട്ടിൽ അവിടവിടെയായി പ്രത്യക്ഷപ്പെടുന്നുണ്ട്-പ്രേമതാരള്യഭാവത്തിനു ഇതിനുപരി ഒരു പ്രതീതി അണയ്ക്കുവാനില്ലെന്ന മട്ടിൽ. ‘‘കതിർചൂടും പുന്നെല്ലിൻ മർമ്മരമോ” യുടെഅഗ്രം ഒരു ഗ്രൂപ് വയലിൻപ്രയോഗത്തിലാണ് തൊടുത്തിരിക്കുന്നത്. ഈ വയലിൻ വാദനം അതിസൂക്ഷമായി “കരളിലെ പുളകത്തിൻ മൃദുമന്ത്രമോ“ യുടെ പിന്നിലേക്ക് കിനിഞ്ഞിറങ്ങുകയാണ്. ഈ പ്രയോഗമ്പുതുമയാർന്നതൊന്നുമല്ല, പലപാട്ടുകളിലും കേട്ടിട്ടുള്ളതാണ്. പക്ഷേ ഇവിടെ ഒരു അലയൊലിപോലെ ഇല്ലാതാകുന്ന വിധമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.  “ഇതിലേ വാ” തുടങ്ങുന്നതിനു മുൻപുള്ള സ്ട്രിങ് കിലുക്കങ്ങൾ ചെറുതാണെങ്കിലും ചേതോഹരമാണ്.  അപൂർവ്വമായ മറ്റൊരു വിദ്യയും നിരീക്ഷിയ്ക്കാം താളത്തിന്റെ ക്രമപ്പെടുത്തലുകളിൽ. കിളി ചിലച്ചൂ, വളചിരിച്ചൂ, കയ്യിലൊരു, കുളിരുമ്മ വച്ചൂ എന്നിവയിലെ ഒക്കെ അവസാന രണ്ടരക്ഷരങ്ങൾക്ക് താളവാദ്യം നിശബ്ദമായ ബീറ്റുകളാണ് നൽകുന്നത്. ഇല്ല എന്നാൽ ഉണ്ട് എന്ന മട്ടിൽ. ചരണങ്ങ്നളിൽ ചിലയിടത്തും ഈ ക്രമപ്പെടുത്തൽ കാണാം. ഈ നിശബ്ദപ്രകൃതി പാട്ടിന്റെ മന്ദ്രതയ്ക്കും ഭാവോന്മീലനത്തിനും നൽകുന്ന സവിശേഷമായ ഊന്നൽ പറഞ്ഞറിയ്ക്കാൻ വയ്യാത്തതാണ്. ഓരോ അക്ഷരത്തിന്മേലും ബീറ്റുകൾ വന്നു വീഴണമെന്ന നിർബ്ബന്ധബുദ്ധിക്കാരുടെ ഇടയിലേക്കാണ് ഈ പാട്ടു വന്നു വീണതെന്ന്  ഓർമ്മിക്കുക. ഓർക്കെഷ്ട്രേഷൻ ഇപ്രകാരം പാട്ടിന്റെ  തരളഗതിയോടും സ്നിഗ്ധതയോടും ചേർന്നു നിൽക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. നമുക്ക് ചിരപരിചിതമായിട്ടുള്ള പല പാട്ടുകളേയും ഓർക്കെഷ്ട്രേഷൻ വിഴുങ്ങിക്കളയുന്നതായി തോന്നാം ഒരിക്കൽ ഈ പാട്ടിൽ വിലയിച്ചു കഴിഞ്ഞാൽ.

        അപ്രത്യക്ഷങ്ങളെക്കൊണ്ട് പ്രത്യക്ഷങ്ങളെ ദ്യോതിപ്പിക്കുക എന്ന ഓ എൻ വിയുടെ നിപുണത തെളിഞ്ഞു കാണും വിധമാണ് രചന. ശബ്ദം, മണം, മാധുര്യം ഇവയൊക്കെ നുകരുന്നുവോ ആത്മാവിൽ നിറഞ്ഞോ  എന്നൊക്കെ സംശയിക്കപ്പെടുന്ന പ്രണയിനിക്ക് പൂക്കളും മുത്തുകളും കൊണ്ട് അലങ്കാരങ്ങൾ തീർക്കാൻ നിലാവിനോടും തെന്നലിനോടും പ്രണയതരളിതൻ അപേക്ഷിക്കുന്നതാണ് ഗാനത്തിന്റെ ഉള്ളം. മർമ്മരം പുന്നെല്ലിന്റേയോ, മൃദുമന്ത്രം പുളകത്തിന്റെയോ, നറുമണം സുഖനിമിഷത്തിന്റെയോ, തേൻകണം നിർവൃതിയുടേതോ എന്നൊക്കെയാണ് കമിതാവിന്റെ സന്ദേഹങ്ങൾ.കൈവളകിലുങ്ങിയത് കിളിയൊച്ച എന്ന രൂപകാതിശയോക്തിക്കപ്പുറം  കൈവളകിലുക്കത്തിന്റെ പശ്ചാത്തലമായി കിളിക്കൊഞ്ചൽ കേൾക്കുന്നു എന്നു സമർത്ഥിക്കാനും ഇടം വിട്ടിട്ടുണ്ട് ഓ എൻ വി. കാൽ‌പ്പനികഭാവങ്ങളുടെ അതിരുകൾ അനുസരിക്കാതെയാണ് അദ്ദേഹത്തിന്റെ തൂലികാമഷി ഒഴുകിപ്പടരുന്നത്. ‘നിമിഷത്തിന്റെ മണം’, നിലാവിന്റെ പൂക്കൾ’ ഒക്കെയാണ് ഈ തെളിനീരിൽ വിടരുന്നത്. രണ്ടു ചരണങ്ങളിൽ ഒരേ സ്ഥാനത്ത് ഒരേ പോലത്ത വാക്ക് നിബന്ധിക്കാനുള്ള നൈപുണ്യം ഇവിടെയും പ്രയോഗിച്ചിട്ടുണ്ട് അദ്ദേഹം. “മർമ്മരമോ”- മൃദുമന്ത്രമോ,’  നറുമണമോ- തേൻ കണമോ, മധുരമൊഴി- പ്രിയമൊഴി എന്നിങ്ങനെയൊക്കെയാണീ സാമ്യദ്വന്ദങ്ങൾ. ഈ വാക്കുകളുടെ എല്ലാം മാധുര്യം ചോരാതെ അവയെ സംഗീതമയമാക്കിയത് ഉദയഭാനുവിന്റെ മിടുക്ക്. ഓരോ അക്ഷരങ്ങൾക്കും ഉചിതമായ സ്വരാഘാതം കൊടുക്കുന്ന യേശുദാസിനെ ഇനിയും വാഴ്ത്തേണ്ടതില്ല. എങ്കിലും ‘വള‘ ‘കുളിരുമ്മ’   ‘നിർവൃതിയോ’    ‘മധുരമൊഴി’                ‘പുന്നെല്ലിൻ’ എന്നതിലെയൊക്കെ ആലാപനകൃത്യതയും വൈശിഷ്ട്യവും ‘ഇതിലേ വരൂ‘ എന്നതിലെ “രൂ” വിലെ സൂക്ഷ്മവും ഒഴുകിയിറങ്ങുതുമായ ഗമകങ്ങളും ഒക്കെ സൃഷ്ടിയ്ക്കുന്ന അനുഭൂതിപ്രദാനങ്ങൾ അനുഭവിക്കുമ്പോൾ റിയാലിറ്റി ഷോയിലെ ജഡ്ജിമാരെപ്പറ്റി ഓർക്കേണ്ടതില്ല.

         മലയാള സിനിമാലോകത്ത് അടിഞ്ഞുകൂടിയ ചില ദുഷ് പ്രവണതകൾ ആയിരിക്കും ഉദയഭാനുവിനെ ഇത്തരം പാട്ടുകൾ കമ്പോസ് ചെയ്യുന്നതിൽ നിന്നും പിൻ തിരിപ്പിച്ചത്. പാട്ടുകാരനായാൽ സംഗീത സംവിധായകനാകരുത്, സംഗീതം നൽകുന്നുണ്ടെങ്കിൽ അതു ചെയ്താൽ മതി, പാട്ടുപാടാൻ വേറെ ആളെ വിളിയ്ക്കും എന്നൊക്കെയുള്ള നീചമായ വ്യവഹാരങ്ങൾ സുവിദിതമാണ്. ആ‍കാ‍ശവാണിയ്ക്കുവേണ്ടിയും അല്ലാതെയും നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകി വിജയിപ്പിച്ചു എന്ന സത്യം സിനിമക്കാർ അവഗണിയ്ക്കുയാണുണ്ടായത്. അയ്യപ്പഭക്തിഗാനങ്ങളിലെ വമ്പൻ എന്നു തെളിയിക്കപ്പെട്ട “ശബരിഗിരീശ്വര സൌഭാഗ്യദായകാ” ഇതിലൊന്നാണ്. ഉദയഭാനുവിനു ഇടം നൽകാത്തതിന്റെ  നഷ്ടം വളരെ വലുതാണ്. ഇതുപോലെ ഗംഭീരം പാട്ടുകൾ പിന്നീട് നമുക്ക് കിട്ടാതെ പോയി.10 comments:

എതിരന്‍ കതിരവന്‍ said...

ഉദയഭാനു സംഗീതം നൽകിയ ”കിളി ചിലച്ചൂ....” എന്ന പാട്ടിനെക്കുറിച്ച്.

Kishor Kumar said...

Best of udayabhanu. But I thought lyrics were by onv. Nice write up.

vmk said...

Well observed and eloquently explained.

എതിരന്‍ കതിരവന്‍ said...

അതേ,ഓ എൻ വി യുടേതാണ് കിഷോർ. താങ്ക്സ്.

Devadas V.M. said...

Well

ajith said...

വായിച്ചു
ഇഷ്ടപ്പെട്ടു പറഞ്ഞതെല്ലാം

Baiju Elikkattoor said...

മനോഹരമായ ഗാനത്തെ പറ്റി മനോഹരമായ വിവരണം...! ഇതേ രാഗത്തിൽ ദേവരാജന്റെ 'ഇലഞ്ഞി പൂമണ'വും വളരെ ഇഷ്ടമുള്ളതാണ്.

viddiman said...

ഉദയഭാനു ഗാനങ്ങൾക്ക് സംഗീതം നൽകിയ മറ്റൊരു സിനിമയുണ്ട്. മയില്പ്ലീലി. ഒ എൻ വി രചിച്ച ആ ഗാനങ്ങളെല്ലാം മനസ്സ് കവരുന്നവയാണ്.

ഇന്ദുസുന്ദര സുസ്ത്മിതം തൂകും..എന്ന ഗാനം കേട്ടു നോക്കൂ..

http://www.youtube.com/watch?v=w6-6JG71qoY

എതിരന്‍ കതിരവന്‍ said...

വിഡ്ഢിമാൻ: “ഇന്ദുസുന്ദരസുസ്മിതം” അറിയാം. ഉദയഭാനുവിനു “കിളി ചിലച്ചു” വിനേക്കാളും ആ പാട്ടായിരുന്നു പ്രിയം. പക്ഷേ എന്റെ തോന്നലിൽ “കിളിചിലച്ചു” തന്നെ മുന്നിൽ.

thahseen said...

തീര്ച്ചയായും കാലത്തിനു മുൻപേ നടന്ന അഥവാ കാലാതിവർത്തിയായ പാട്ട് !