അച്ഛനു മകളോടുള്ള വാൽസല്യത്തിന്റെ കഥയാണു പേരൻപ് എന്ന സിനിമയിലേത് എന്നാണ് പുറമേ തോന്നുക. എന്നാൽ രതി, ലൈംഗികത, ഭാര്യാഭർതൃത്വം എന്നിവയുടെ സാമൂഹ്യ/രാഷ്ട്രീയ കാഴ്ച്ചപ്പാടും വ്യക്തികളുടെ നിലപാടുകളും ഒക്കെ പരിശോധിക്കാനും നിർവ്വചിക്കാനുമാണ് സംവിധായകൻ ഉള്ളാലെ ശ്രമിച്ചി ട്ടുള്ളത് എന്നത് പ്രകടമാണ്. കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചതിലും കഥാസന്ദർഭങ്ങൾ തെരഞ്ഞെടുക്കുന്നതിലും ഈ പരിശ്രമം വ്യക്തമായി കാണാനുണ്ട്.രതിയുടെ സന്താനോൽപ്പാദനോദ്ദേശവും തെളിയിക്കാൻ ശ്രമിക്കുന്നു സംവിധായകൻ. ലിംഗപദവി (gender) യുടെ നിലവിലുള്ള സാമൂഹ്യനിർവ്വചനത്തെ ചോദ്യം ചെയ്യാനുരുമ്പെടുന്നുണ്ട് ഈ സിനിമ. മേൽപ്പറഞ്ഞ നിർമ്മിതികൾ ഒന്നിച്ച് നായകനെ കുഴക്കുന്നുമുണ്ട് എന്നതിനാൽ സങ്കീർണ്ണതയേറുകയാണ്. രതിയോടുള്ള സമൂഹനീതിശാഠ്യങ്ങളും നിലവിലുള്ള നിയമങ്ങളും പരാജയപ്പെടുത്തുന്ന നായകന്റെ ആത്മസഘർഷങ്ങളിക്കൂടിയാണ് ചില ദാരുണ സത്യങ്ങളും വ്യക്തിയിൽ എൽപ്പിക്കുന്ന അപമാനങ്ങളും സംവിധായകൻ വെളിവാക്കുന്നത്. അവസാനം നായകന്റെ പേരു സൂചിപ്പിക്കുന്നതുപോലെ അമുദവൻ-അമൃതവൻ എന്നതിന്റെ തമിഴ് രൂപം, നെടുനാൾ ജീവിച്ചിരിക്കുന്നവൻ -എന്ന പദവിയിൽ എത്തുന്നുമുണ്ട്. സമൂഹകാർക്കശ്യങ്ങൾക്കെതിരെ പൊരുതി ജയിക്കുന്ന ചുരുക്കം ചില വ്യക്തികൾ സ്വര്യം സമ്മേളിക്കുന്ന രംഗത്തോടെ സിനിമ തീരുന്നു.
അമുദവൻ ഒരു സാധാരണ മനുഷ്യനാണ്, ഒരു ടാക്സി ഡ്രൈവർ. ഒരു
“ആല്ഫ മെയിൽ” ആകാനുള്ള കോപ്പുകളൊന്നും
കൈവശമില്ലാത്ത അതിസാധാരണക്കാരൻ തന്നെ അയാൾ. മമ്മുട്ടിയെത്തന്നെ ഈ റോൾ ഏൽപ്പിച്ചതിൽ ഒരു വിരുദ്ധ
കാവ്യനീതി കാണ്ടെങ്കിൽ തെറ്റില്ല.ഭർത്താവ് എന്ന നിലയ്ക്ക് തികച്ചും തോൽ വിയാണയാൾ.
എട്ടു കൊല്ലത്തിനിടയിൽ ഗൽഫിൽ നിന്നും നാട്ടിൽ വന്നിട്ടുള്ളത് കുറച്ചു ദിവസങ്ങൾ
മാത്രം. അഛൻ എന്ന നിലയിലും ഇതു തന്നെ. അമുദവൻ ഭർത്താവ്, അഛൻ എന്നീ സമൂഹനിർമ്മിതി (social construct) കളുടെ തനിമ കണ്ടുപിടിയ്ക്കുന്ന
രീതിയിലാണ് കഥ മുന്നേറുന്നത്. ഈ രണ്ട് നിലകളേയും ഖണ്ഡിയ്ക്കുന്ന കഥാസന്ധികളിലൂടെയാണ്
അമുദവന്റെ തിരിച്ചറിവുകൾ പുരോഗമിക്കുന്നത്. ഈ ബോധജ്ഞാനം സമൂഹം കൽപ്പിച്ചരുളിയ
മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതും നീതിബോധങ്ങളുടേയും അവയുടെ സാംഗത്യങ്ങളുടെയും
പൊള്ളത്തരം മറകൾക്കിപ്പുറം പ്രതിഷ്ഠിക്കുന്നവയുമാണ്
ദാമ്പത്യത്തിലെ സങ്കീർണ്ണതയും
ചതിക്കുഴികളും
എന്തുകൊണ്ടാണ് അമുദവന്റെ
ജീവിതതിൽ ഭാര്യ അപ്രസക്തമാകുന്നത്? അയാളുടെ ജീവിതത്തിൽ നിന്നു മാത്രമല്ല സിനിമയിലെ
സീനുകളിൽ നിന്നും മാറ്റപ്പെട്ടിരിക്കുന്നു അവൾ. അവൾക്ക് ഒരു രൂപം
നിർമ്മിച്ചുകൊടുത്താൽ കൂടുതൽ വെറുക്കപ്പെട്ടവളായിത്തീരുമോ എന്ന ശങ്ക സംവിധായകനു
ഉണ്ടായിരുന്നുരിക്കണം. കാരണം ഭർത്താവിനെ മാത്രമല്ല നിരാലംബയായ മകളേയുമാണവൾ വിട്ടു
പോയിരിക്കുന്നത്. എന്നാൽ അമുദവനു ചില സത്യങ്ങൾ മനസ്സിലായതോടെ യാതൊരു പരാതിയോ
പരിഭവമോ ഇല്ല. കഥാഗതി അവൾക്ക് പുതിയ രൂപവും ഭാവവും നൽകിയിട്ടുണ്ട്. അവളെ വിചാരണ
ചെയ്യാൻ സിനിമ ആവശ്യപ്പെടുന്നതുമില്ല. പാപ്പയുടെ അമ്മ, അമുദവന്റെ ഭാര്യ
തങ്കം അല്ല ഇന്നവൾ .സ്റ്റെല്ല ആണ്. മറ്റൊരു കൊച്ചുകുഞ്ഞിന്റെ അമ്മയും.പാപ്പയുടെ
അമ്മ എന്ന പദവി അവൾക്കില്ല എന്ന് സൂചിപ്പിക്കുന്നത് അമുദവന്റെ ചില ആത്മഗതങ്ങളിൽക്കൂടിയാണ്.
“അവൾ പാപ്പയെക്കുറിച്ച്
ഒരു തവണയെങ്കിലും അന്വേഷിച്ചിരുന്നെങ്കിൽ ഞാൻ ചില അപേക്ഷകൾ നിരത്തിയേനേ’ എന്നാണിത്.ഇപ്പഴത്തെ
കുഞ്ഞ് “നോർമൽ” ആണെന്ന് സ്റ്റെല്ല (തങ്കം)യുടെ
ഭർത്താവ് സാക്ഷ്യപ്പെടുത്തുന്നതിലൂടെ പാപ്പയുടെ അസുഖത്തിനു അവൾ ഉത്തരവാദിയേ അല്ല
എന്ന് സൂചിപ്പിക്കുന്നു. ഭാര്യ മരിച്ച ഭർത്താവ് കുഞ്ഞിനെ നോക്കാൻ മറ്റുള്ളവളെ
സ്വീകരിക്കുന്ന പഴയ തമിഴ് സിനിമാ ക്ലീഷേ വന്നു ഭവിക്കാതിരിക്കാൻ സംവിധായകൻ
ശ്രദ്ധിച്ചിരിക്കുന്നു. ഇത് ഭർത്താവ് എന്ന പദവിയുടെ പുനർനിർവ്വചനവുമാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കാനും
വളർത്താനുമാണ് ഭാര്യയും ഭർത്താവും യോജിക്കുന്നത് എന്ന പരിണാമനീതി
ഭേദിപ്പിക്കപ്പെടുകയാണിവിടെ. ഭർത്താവ് എന്നതിന്റെ പുതിയ നിർവ്വചനത്തിലേക്ക്
എടുത്തെറിയപ്പെടുകയാണ് അമുദവൻ.
ഇതിനു മുൻപ് തന്നെ ഭാര്യ/ഭർത്താവ്
നിർവ്വചനങ്ങൾ മാറിപ്പോയ അവസ്ഥയിൽ ഇയാൾ എത്തപ്പെട്ടിട്ടുണ്ട്. മകളുമായി നന്നായി
ഇണങ്ങുന്നതും വീട്ടിലെ കാര്യങ്ങളിൽ ശുഷ്കാന്തിയുള്ളവളുമായി വിജയലക്ഷ്മി സ്ഥാനം
നേടിയപ്പോൾ അവളെ സർവ്വാത്മനാ സ്വീകരിച്ചവനാണയാൾ. മുൻ ദാമ്പത്യസംബന്ധിയായ ചില വിഭ്രാന്തികൾ
ഉറക്കത്തിൽ വന്നു ചേരുന്നത് അയാൾ മനസ്സിലാക്കുന്നത് വിജയലക്ഷ്മി അത് പ്രത്യേകം
സൂചിപ്പിച്ചപ്പോഴാണ്. അവളുമായുള്ള രതിയിലേക്കാണ് ഇത് നയിക്കുന്നത്. ഇന്നലെ രാത്രി
എന്തു നടന്നു എന്ന് വീണ്ടും വീണ്ടും ഉയർത്തുന്ന ചോദ്യത്തിലൂടെയാണ് ഇന്നലെ രാത്രി “അത്” നടന്നു എന്നത്
തീർച്ചയാക്കുന്നത്. ഈ രതിസംഭവം
ശ്രദ്ധിക്കണമെന്ന് സംവിധായകനു നിർബ്ബന്ധമുള്ളതു പോലെയാണ് ആവർത്തിച്ചുള്ള ഈ
സമർത്ഥനം. തന്നിലെ രത്യോന്മുഖത്തെ
തിരിച്ചറിഞ്ഞ അമുദവൻ അവളെ കല്യാണം കഴിക്കുകയാണ്. പുതുതായിക്കിട്ടിയ ഭർത്താവ് പദവി
അയാളെ ഏറെ സന്തുഷ്ടനാക്കുന്നുമുണ്ട്. പക്ഷേ ഇത് ഒരു വൻ കള്ളക്കളിയുടേയും ചതിയുടേയും
ഭാഗമായിരുന്നു എന്നതും അയാൾ ഒരു ഭർത്താവേ
അല്ലായിരുന്നു എന്നതും ശുദ്ധസത്യമായി വെളിവാക്കപ്പെടുകയാണ് അധികം താമസിയാതെ. ആ
വിവാഹം പോലും നിയമപരമല്ലായിരുന്നു എന്ന അറിവും വള്ളക്കാരൻ വഴി അയാൾക്ക് കിട്ടുന്നുണ്ട്. ദാമ്പത്യം
എന്ന പ്രഹസനം സമ്മാനിച്ച നിർവ്വികാരതയാണ് അമുദവനു പിന്നീട്. വീടിന്റെ സർവ്വ
അവകാശവും ഒരു ചോദ്യവും ചോദിക്കാതെ വിജയലക്ഷ്മിക്ക് വിട്ടു കൊടുക്കുമ്പോൾ
അയാൾക്കുള്ളത് തികഞ്ഞ നിസ്സംഗതയാണ്. പിന്നൊരിക്കൽ പാപ്പയുടെ ചില മറന്നു വച്ച
സാധനങ്ങൾ എടുക്കാൻ വരുമ്പോൾ വിജയലഷ്മിയുടെ കുഞ്ഞിനെയാണ് അയാൾ ശ്രദ്ധിക്കുന്നത്.
മിടുക്കനായ കുഞ്ഞുള്ളതിൽ ആനന്ദിക്കുകയാണ് ചെയ്യേണ്ടത് എന്ന് പക ലേശമില്ലാതെ അയാൾ
പ്രസ്താവിക്കുന്നു. ഭർത്താവ് എന്ന പദവി ഭോഷ്ക് ആണെന്ന് അറിവ് നിർമ്മമത അയാൾക്ക്
നൽകുകയാണ്. കള്ളക്കളിയുടെ പിറകിലെ സത്യാവസ്ഥ എന്താണെന്ന് അറിയേണ്ടേ എന്ന്
വിജയലക്ഷ്മി കരഞ്ഞുകൊണ്ട് ചോദിച്ചിട്ടും സമൂഹനീതിയുടെ ദയനീയ ഉണ്മകൾ പിടികിട്ടിയ
അയാൾക്ക് ഇനി ഒന്നും അറിയേണ്ട. അയാൾ
വിശ്വസിച്ച ദാമ്പത്യത്തിലെ രതിയും കള്ളക്കളിയുടെ ഭാഗമായിരുന്നു എന്ന
അറിവായിരിക്കണം അച്ഛൻ എന്ന സത്യമായ വ്യക്തിത്വലേക്ക് പൂർണ്ണമായി പ്രവേശിക്കാൻ
അയാളെ സമർത്ഥനാക്കുന്നത്.സ്റ്റെല്ലയായി മാറിയ തങ്കത്തിനെ കാണാൻ പോയപ്പോഴും ഒരു മുൻ
ഭർത്താവ് എന്ന നിലയിലല്ല അയാൾ പെരുമാറിയത്. പാപ്പയുടെ അച്ഛൻ എന്നായി മാത്രം.
ദാമ്പത്യത്തിലെ ലിംഗപദവി (gender status) യെക്കുറിച്ചുള്ള
ധാരണകൾ അപ്പാടെ മാറിമറിയുകയാണ് അമുദവനിൽ. അമ്മ എന്ന പദവിയും ഭാവവും
നിരാകരിച്ചവളാണ് തങ്കം. ദാമ്പത്യത്തിലേക്ക് നയിച്ച സെക്സും ദാമ്പത്യത്തിലെ സെക്സും
നിരർത്ഥകമാണെന്ന് വിജയലക്ഷ്മിയുമായുള്ള ഇടപാട് തെളിയിച്ചും കഴിഞ്ഞു. ഭർത്താവ് എന്ന
വ്യക്തിത്വവും പദവിയും പല രീതിയിൽ അയാളിൽ കയറി ഇറങ്ങുകയും ചെയ്തു. അച്ഛനാകട്ടെ
അമ്മയാകട്ടെ വാൽസല്യം എന്ന ഭാവം ഭർത്താവിന്റേയോ ഭാര്യയുടേയൊ ഉള്ളിൽ മുൻ തൂക്കം
നേടാവുന്നതാണെന്നും അതിൽ ലിംഗപദവി അത്ര സാർത്ഥകമല്ലെന്നും അയാൾക്ക് അനുഭവങ്ങൾ
പഠിപ്പിച്ച് കൊടുത്തിരിക്കയാണ്. ആണത്തം എന്നത് ആപേക്ഷികമാണെന്ന്
തീർപ്പുകൽപ്പിക്കാൻ അയാൾക്ക് സാധിച്ചിരിക്കുന്നു.
അംഗപരിമിതികളുള്ള മകളുടെ തീണ്ടാരി സമയത്ത് ഒരു അമ്മ
ചെയ്യേണ്ട/ചെയ്യാറുള്ള സാനിറ്ററി പാഡ് മാറ്റൽ അയാൾ ചെയ്യുന്നതോടെ ആണത്തം, അച്ഛൻ പദവി
എന്നിവയൊക്കെ അയാളിൽ നിന്ന് ഒഴിഞ്ഞു പോകുന്നു. അതുകൊണ്ടാണ് പിന്നീട്
ഒരു ട്രാൻസ് ജെൻഡറിനെ സഖിയായി ഏറ്റെടുക്കാൻ അയാൾക്ക് എളുപ്പം
സാധിയ്ക്കുന്നത്. ആണോ പെണ്ണോ എന്നതല്ല കാര്യം എന്നും കുടുംബവ്യവസ്ഥയിലെ ചില
അവശ്യഭാവങ്ങൾക്ക് വശംവദരാകുന്നവരാണ് ജീവിതം പങ്കിടേണ്ടത് എന്നും അയാൾ
തീരുമാനിക്കുന്നതിൽ ഈ മനോഭാവത്തിനു സാംഗത്യമുണ്ട്. തന്റേയും പാപ്പയുടെയും ജീവൻ
രക്ഷിച്ചത് രണ്ടാമത്തെ കാരണമായേ വരുന്നുള്ളു.. മീര അയാളുടെ ‘മനൈവി” തന്നെ എന്ന് സാക്ഷ്യപ്പെടുത്താൻ അമുദവനു
മടിയില്ല. പാപ്പയും മീരയും തമ്മിൽ ലൈംഗിക
ചായ്വുകൾ ഇല്ലെന്ന് നേരത്തെ തന്നെ അമുദവൻ തീർച്ചപ്പെടുത്തിയിട്ടുണ്ടു താനും.
ദാമ്പത്ത്യത്തിന്റെ നീതിസംഹിതകളെപ്പറ്റി ഇനി ആരും അയാളോട് സംവദിക്കേണ്ടതില്ല. “വിവാഹം പ്രകൃതി വിരുദ്ധമാണ്” എന്ന പ്രഖ്യാപിച്ച സംവിധയകനിൽ നിന്ന് ഇത്
പ്രതീക്ഷിക്കുന്നതിൽ അദ്ഭുതമില്ല. “ആല്ഫ മെയ് ൽ” റോളുകൾ കൈകാര്യം ചെയ്യുന്ന മമ്മുട്ടിയെപ്പോലത്ത നടൻ ചെയ്യുന്ന കഥാപാത്രം ഒരു ട്രാൻസ്ജെൻഡറിനെ വിവാഹം കഴിച്ച്
സംതൃപതായി ജീവിക്കുന്നതായി ചിത്രീകരിക്കുന്നത് ഒരിക്കലും എളുപ്പമല്ല. സംവിധായകൻ
റാം വളരെ സൂക്ഷ്മതയോടെയാണ് സംഭവഗതികൾ കോർത്തിണക്കി വിശ്വസനീയമായി കഥാന്ത്യം
കരുപ്പിടിപ്പിച്ചിരിക്കുന്നത്.
ഒറ്റയ്ക്കാകുന്ന സ്ത്രീയുടെ കാമപൂരണത്തിനു എന്തു വഴികൾ
മിടുക്കരായ സന്താനങ്ങൾ എന്ന
ദാമ്പത്യാഭിലാഷം തീക്ഷ്ണമായി ഉള്ളിലുണ്ടെന്ന് അമുദവൻ തിരിച്ചറിയുന്നത് അയാളെ
പ്രശ്നത്തിലാക്കിയ രണ്ടു സ്ത്രീകൾ വഴി തന്നെയാണ്. രതിയെ സന്താനോൽപ്പാദനോദ്ദേശത്തിൽ
നിന്ന് വിഘടിപ്പിച്ച മനുഷ്യനു നിരുപാധികമായ സെക്സ് സമൂഹം
നിഷ്ക്കർഷിച്ചിട്ടുമുണ്ട്. പാപ്പ ഋതുമതിയായെന്ന് അറിയുന്നതോടെ ഇത്തരം
സമസ്യകൾ അമുദവനിലെക്ക് എത്തിത്തുടങ്ങുകയാണ്. ഒറ്റയ്ക്കാകുന്ന സ്ത്രീയുടെ ലിംഗചോദന
അംഗീകരിച്ച് സ്വീകരിക്കാനോ തദ് ജന്യമായ കാമപൂരണത്തിനോ സമൂഹം വഴികൾ തുറക്കുന്നുണ്ടോ
എന്ന പൊതു പര്യാലോചന സംവിധായകൻ സ്വന്തം അജെണ്ടയിൽ കൊണ്ടുവരികയാണ്. വിവാഹം എന്നത് നിഷിദ്ധമായിപ്പോയ ആണുങ്ങൾക്ക്
വേശ്യാവൃത്തി എന്ന സമൂഹനിർമ്മിതി ലൈംഗികശമനം
സാദ്ധ്യമാക്കുമ്പോൾ സ്ത്രീകൾക്ക് ഇതു നിഷേധിക്കപ്പെടുന്നതെങ്ങനെയെന്ന് അമുദവന്റെ
വെല്ലുവിളികളിൽക്കൂടെ സമർത്ഥിക്കപ്പെടുകയാണ്. രണ്ടു സഹോദരങ്ങളുടെ സംഭാഷണം വഴി
ആണുങ്ങളുടെ ലോകത്ത് വേശ്യാസംഗമം
അത്യാവശ്യമായി വരുന്നത് വിശദമാകുന്നുണ്ട്. പാപ്പയുടേത് പോലെയല്ലെങ്കിലും സമാനമായ
മാനസികവൈകല്യമുള്ള അനിയനു വിവാഹം അസാദ്ധ്യമാണെന്ന് അവനോടൊപ്പം താമസിക്കുന്ന്
ചേട്ടൻ പറയുന്നുണ്ട്. കാമശമനം വേശ്യകൾ വഴി മാത്രമേ സാധിക്കുകയുള്ളു എന്ന് അയാൾ
തുറന്നു സമ്മതിക്കുന്നുണ്ട്. അയാൾ സംരക്ഷിക്കുന്ന അനിയന്റെ ഈ സ്ഥിതി കാരണം
അയാൾക്കും കല്യാണം കഴിക്കാൻ സാധിയ്ക്കാത്ത സ്ഥിതി ആണ്. വിവാഹം എന്നതിന്റെ
പൊതുസമ്മതിയാർജ്ജിച്ച നിർവ്വചനത്തെ ചോദ്യം ചെയ്യുകയാണിത്. സഹജജഞാനം അല്ലെങ്കിൽ ഉൾ ചോദനയാണ് രത്യോന്മുഖത.
അത് വിവാഹം എന്ന കെട്ടുപാടിനുമപ്പുറമാണ്. വേശ്യാവൃത്തി ലോകത്തെഏറ്റവും ആദ്യമുണ്ടായ ജോലി ആയത്
ഇപ്രകാരമാണ്. Prostituition is the world’s oldest profession എന്ന് പഴമൊഴി. സ്ത്രീകൾക്ക്
അങ്ങനെയൊരു തുറസ്സ് നിഷേധിക്കപ്പെടുന്ന ഇരട്ടത്താപ്പ് സമൂഹനീതിയും അമുദവനു പിടികിട്ടുകയാണ്. പെൺകുട്ടികളിൽ
ഉണരുന്ന ലൈംഗികാഭിനിവേശത്തെക്കുറിച്ച് ഉപദേശങ്ങളും അയാൾക്ക് ലഭിയ്ക്കുന്നു. അത്
തികച്ചും ഗോപ്യമാക്കി വയ്ക്കേണ്ടതാണ് എന്നതാണ് ലിംഗരാഷ്ട്രീയത്തിന്റെ ഒന്നാം പാഠം.
അതുകൊണ്ടാണ് പരസ്യമായി മാസ്ചർബേറ്റ് ചെയ്ത പാപ്പയെ അടിച്ചു നിലം പരിശാക്കേണ്ടത്
ആവശ്യമായി വന്നത്. ശരീരത്താകമാനം ചോരയൊലിപ്പിച്ച് അവശയായിക്കിടക്കുന്ന പാപ്പയുടെ
മുറിവുകളിൽ തലോടുന്ന അമുദവനു
ലൈംഗികനീതികളിലെ വിശ്വാസം പാടേ നഷ്ടപ്പെടുകയാണ്. ഈ ഒരു രംഗനിർമ്മിതിയ്ക്ക്
വേണ്ടിയാണ് മാനസികവൈകല്യമുള്ള ഒരു പെൺ കഥാപാത്രത്തെ സംവിധായകൻ സൃഷ്ടിച്ചതെന്ന്
തോന്നിയാൽ തെറ്റു പറയാനാവില്ല. ഒരു ആൺ വേശ്യയെ തേടുകയാണു അയാൾ കാണുന്ന പോം വഴി. (ഈ
ആശയത്തിനു ഒരു മുൻ കൂർ ജാമ്യം എന്ന നിലയ്ക്കായിരിക്കണം ആൺ ശക്തിയുടെ പ്രതീകമായ
കുതിരയെ അയാൾ നേരത്തെ പാപ്പയ്ക്ക് സമ്മാനമായി കൊണ്ടു വരുന്നത്). എന്നാൽ ഇനി കുതിരയെ
വാങ്ങിച്ചു കൊടുത്ത് സന്തോഷിപ്പിക്കാൻ
പറ്റുകയില്ല അവളെ. ട്രാൻസ്ജെന്റർ ലൈംഗികത്തൊഴിലാളിയായ മീരയ്ക്ക് പോലും
ഇക്കാര്യത്തിൽ അയാള അധികം സഹായിക്കാൻ സാധിക്കുന്നില്ല. വേശ്യാലയനടത്തിപ്പുകാരിയോട്
കാര്യം തുറന്നു പറയുന്നു അയാൾ. സ്വന്തം മകൾക്കു
ആൺ വേശ്യയെ കൊണ്ടെക്കൊടുക്കാൻ ശ്രമിക്കുന്ന അയാൾക്ക് ചെവിട്ടത്ത് അടിയാണു
കിട്ടുന്നത്. സ്വന്തം മകൾക്കു വേണ്ടി അച്ഛൻ തന്നെ
വന്നിരിക്കുന്നു! വേശ്യകളുടെ
ധാർമ്മികതയിലും അങ്ങനെയൊരു അച്ഛൻ ഇല്ല., മകൾക്ക് ലൈംഗികനിറവേറലിനു സാദ്ധ്യതകൾ ആരായുന്ന അച്ഛൻ. അത്
അച്ഛന്റെ കർമ്മപദ്ധതിയിൽ പെടുത്തേണ്ടതല്ല. അമുദവനു കിട്ടിയ ആ അടി യുടെ നീതിയും സാംഗത്യവും
അന്വേഷിക്കാനാണ് സംവിധായകൻ നമ്മോട് ആവശ്യപ്പെടുന്നത്. അവളെ അടിച്ച് നിലം
പരിശാക്കുകയാണു വേണ്ടതെന്ന് വ്യംഗ്യമായിട്ടല്ല സൂചിക്കപ്പെടുന്നതും.അച്ഛൻ, മകൾ, മകളുടെ ലൈംഗികത
എന്നത് ഒറ്റവരയിൽ കൊണ്ടുവരാൻ നിയുക്തനായ അയാളിൽ ഒരു ലിംഗരാഷ്ട്രീയനീതികളും സഹായത്തിനു
എന്നല്ല, ഒരു സൂചനയായിപ്പോലും
എത്തുന്നില്ല. നിരാലംബയായ സ്ത്രീയുടെ
കാമപൂരണം എന്നത് സമൂഹം ചിന്തിക്കേണ്ടതതേ അല്ലാ എന്നാണ് ലിംഗനീതിത്തീർപ്പുകൾ. വാൽസല്യത്തിന്റേയും
ദയയുടേയും കഥയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വിധം സിനിമാ നിർമ്മിച്ചെടുത്ത
സംവിധായകന്റെ വൻ വിജയമാണ് ഈ ലിംഗനീതികളിലെ ഭോഷ്ക്കും അതിന്റെ പാപ്പരത്തവും
വെളിവാക്കുന്ന ഈ സന്ദർഭചിത്രീകരണങ്ങൾ. ഇൻഡ്യൻ സിനിമയിൽ ആദ്യമായി ഇത്തരം
വെല്ലുവിളികളായുള്ള ദൃശ്യവ്യവസ്ഥകൾ ഇണക്കിയ സംവിധായകന്റെ ചങ്കൂറ്റം അപാരം തന്നെ.
ആണും പെണ്ണും, അവരുടെ ലൈംഗികത ഇവയൊക്കെ നടുവിലൂടെ വരയിട്ട് രണ്ടായി തിരിക്കുന്നതിലെ നിരർത്ഥകത വീണ്ടും
ചർച്ചചെയ്യപ്പെടണമെന്ന ആവശ്യവുമായി സംവിധായകൻ എത്തുന്നത് “ആണാഹി പെണ്ണാഹി നിന്താനവൻ” എന്ന പഴയ പാട്ടിലെപ്പോലെ
ഒരു ട്രാൻസ്ജെൻഡറിനെ കഥയിൽ സന്നിവേശിപ്പിച്ചാണ്. സെക്സ് വർക്കറായ അവളെ
യാദൃശ്ചികമായി അയാൾ പരിചയപ്പെട്ടതാണെങ്കിലും അവർ തമ്മിൽ ചില സാജാത്യങ്ങൾ ഉണ്ടെന്ന
രീതിയിൽ സുഹൃത്തുക്കൾ ആകുകയാണ്. ഭർത്താവ് എന്ന പദവിയിൽ അയാൾ പരാജയമാണെന്ന് രണ്ട്
തവണ തീർപ്പ് കൽപ്പിച്ചിരിക്കുന്നു. തൃപ്തിയോടെ ഏർപ്പെട്ട സെക്സ് പോലും
കള്ളക്കളിയുടെ ഭാഗമായിരുന്നു. അച്ഛനും അമ്മയുമായി മാറിമാറിക്കളിയ്ക്കുന്നവനാണ്
അമുദവൻ. ഇത്തരം തിരിച്ചറിവുകളായിരിക്കണം
മീരയെ വിവേചനഭാവമില്ലാതെ അയാൾ സുഹൃത്തായി കാണുന്നത്. ആൺ-പെൺ നിർവ്വചനത്തേയും
ലൈംഗികതയെയും ലിംഗനീതികളേയും പറ്റി ഒക്കെ
ദൃഢവും നിർമ്മലവുമായ അറിവുകൾ ഉണ്ടായിരിക്കണം ഒരു ട്രാൻസ്ജെൻഡർ സെക്സ് വർക്കറിനു. ആൺ
പെൺ വ്യത്യാസമില്ലാത്ത ലൈംഗികതയുടെ ഏകശിലാരൂപമാണവർ. മീരയ്ക്ക് ആഢ്യത്തവും കൽപ്പിച്ചു
നൽകിയിട്ടുണ്ട് സംവിധായകൻ. അമുദവൻ അവളെ
ഒരു റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചപ്പോൾ വീതിയുള്ള
കസവുള്ള സെറ്റ് സാരിയും ബ്ലൗസും അണിഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണവൾ പ്രത്യക്ഷപ്പെടുന്നത്. ഓണത്തിനും
വിഷുവിനുമൊക്കെ പ്രത്യേകം ധരിക്കുന്ന വേഷമാണിതെന്ന് മലയാളിയായ അവൾ അമുദവനെ
ധരിപ്പിക്കുന്നുമുണ്ട്. മകളുടെ സെക്സിനെക്കുറിച്ച് വേവലാതിയുള്ള അച്ഛനെയാണ്
സന്ധിക്കുന്നത് എന്ന് മീരയ്ക്ക് നന്നായറിയാം. പൊതുസമൂഹം അവളെ അതിലെ ഒരംഗമായി
സ്വീകരിച്ചു കാണുന്ന അപൂർവ്വ വേള ആയിരുന്നിരിക്കണം അവൾക്ക്. സ്വതവേ ട്രാൻസ് ആയിപ്പിറന്നവരുടേയും
ശസ്ത്രക്രിയയിലൂടെയും മറ്റും ലിംഗമാറ്റം നേടിയവരുടേയും വ്യക്തിത്വത്തെക്കുറിച്ച്
ആശങ്കകൾ പങ്കുവയ്ക്കുന്ന സിനിമകൾ ചിലവ ഉണ്ടായിട്ടുണ്ടെകിലും അവരുടെ ലൈഗികതയെ
വ്യക്തിത്വത്തിൽ നിന്ന് മാറ്റി നിറുത്തി പരിശോധിയ്ക്കുന്ന സിനിമകൾ നമുക്കധികമില്ല.
സമൂഹം കയ്യൊഴിഞ്ഞ അമുദവനേയും പാപ്പയേയും
എന്തുകൊണ്ട് ഒരു ട്രാൻസ്ജെൻഡർ രക്ഷപെടുത്തണം? ഒന്നാമതായി അവൾ പാപ്പയെ ആണ് രക്ഷപെടുത്തുന്നത്. ലിംഗഭേദങ്ങളില്ലാത്ത നൈസർഗ്ഗികരതിയെക്കുറിച്ച്
അറിവുള്ളവളാണവൾ. സ്വന്തം ജീവിതത്തിൽ മരണത്തെക്കുറിച്ച് ചിന്തിക്കേണ്ടി
വന്നവളായിരിക്കണം അവൾ. സമൂഹം നിഷ്ക്കർഷിക്കുന്ന രീതിയിൽ ലിംഗപദവിയും
രത്യോന്മുഖതയും ഏറ്റെടുത്തവളല്ല അവൾ. . രണ്ടാമതായി ആണിനേയും പെണ്ണിനേയും ഒരു പോലെ അകമേയും പുറമേയും
മനസ്സിലാക്കിയവളാണ് മീര. അമുദവനും അതു പോലെ തന്നെ. അയാൾ കടന്നു പോയ
പ്രതിസന്ധികളുടെ ദയനീയത ഉൽച്ചേർക്കാൻ അറിയുന്നവൾ. പാപ്പയേയും അയാളേയും
മനസ്സിലാക്കാൻ കഴിയുന്നവൾ അവൾ മാത്രമേ ഉള്ളൂ.
പ്രകൃതിയുടെ
നിലപാടുകളുടെ പരിണതിയാണ് സ്വകാര്യമായതോ
പൊതുവായതോ ആയ ജീവിതങ്ങൾ എന്ന് സമർത്ഥിക്കാനാണു സംവിധായകനു താൽപ്പര്യം. പ്രകൃതി
എന്നതുകൊണ്ട് ഫിസിയോളജിയും ജെനറ്റിക്സും
ഉൾപ്പെടുന്ന ആന്തരിക സ്വഭാവങ്ങളോ , വായുവും വെള്ളവും മണ്ണും ഇക്കോസിസ്റ്റങ്ങളും അടങ്ങുന്ന പ്രകൃതിയോ, സമൂഹത്തിന്റെ
കാഴ്ച്ചപ്പാടും വാശികളും വൈകൃതങ്ങളും
വിവക്ഷിക്കുന്ന പ്രകൃതിയോ എന്നത് മാറിമറിയുന്നതും ക്ഷണപ്രഭാചഞ്ചലങ്ങളും ആണെന്നാണ്
അമുദവൻ എഴുതുന്ന പുസ്തകത്തിൽ വിദിതമാക്കപ്പെടുന്നത്. ഇവയുടെ എല്ലാം സങ്കലന വ്യപകലനങ്ങൾ
അനുഭവിച്ചറിഞ്ഞവനാണ് അയാൾ . അതുകൊണ്ടുതന്നെ സ്വന്തം സ്വാസ്ഥ്യത്തിനും
സ്വര്യത്തിനും അനുകൂലമായ പ്രകൃതി അയാൾ നേടുന്നുണ്ട്, അത് അയാൾക്ക് ആനന്ദം നൽകുന്നുമുണ്ട് എന്ന്
സിനിമയുടെ അവസാനരംഗങ്ങൾ സമർത്ഥിക്കുകയും
ചെയ്യുന്നു. എന്നാൽ വിധികല്പിതമലംഘനീയം
എന്ന നിയതിവാദം (fatalism) ഇതിൽ തേടേണ്ടതില്ല എന്നായിരിക്കണം
സംവിധായകൻ ആവശ്യപ്പെടുന്നത്.
2 comments:
ലിംഗനീതിയിലെ പൊള്ളത്തരങ്ങൾ മുഴുവൻ വ്യക്തമാക്കി തരുന്ന വിശദമായ കുറിപ്പുകൾ
ഈ ലേഖനത്തിനു ഫിലിം ക്രിറ്റിക്സ് അവാർഡ് (രണ്ടാം സ്ഥനം) കിട്ടി എന്നറിയിക്കുന്നതിൽ സന്തൊഷമുണ്ട്.
Post a Comment