Tuesday, August 30, 2022

മണ്ണിനെ വിണ്ണോളമുയർത്തിയ ശിൽപ്പിയുടെ കഥ-ലാറി ബേക്കറുടെ ചരിത്രം

 

  

 

  മാനം തൊട്ട മണ്ണ്എന്ന പുസ്തകത്തിലൂടെ ഗീതാഞ്ജലി കൃഷ്ണൻ ലാറി ബേക്കർ എന്ന വ്യക്തിയുടെ തനിമ സമൂലം പരിചയപ്പെടുത്തുന്നു.

 

  ലാറി ബേക്കർ ഗ്രാമീണ ഇന്ത്യയെ നോക്കിക്കണ്ടു. വരണ്ട കടൽത്തീരങ്ങളും, കുന്നും മലകളും, ഹിമാലയത്തിലെ മഞ്ഞുപ്രദേശങ്ങളും , സമതലത്തിലെ വെള്ളപ്പൊക്കം ഉണ്ടാവുന്ന ഇടങ്ങളും, കൊടുങ്കാറ്റും പേമാരിയുമുള്ള തീരങ്ങളും അനുഭവിച്ചു. കന്യാകുമാരിയിലെ ചൂടും, ഒറീസ്സയിലെ കൊടുങ്കാറ്റും ചന്ദാഗിലെ ഹിമപാതവും കണ്ടു. നാനാത്വത്തിൽ ഏകത്വമുള്ള ഇന്ത്യ കണ്ടു. പലപല ഭാഷക്കാരുമായി ഇടപഴകി. അവിടങ്ങളിലെ നിർമ്മാണരീതികൾ പരിചയിച്ചു.

   ഗീതാഞ്ജലി കൃഷ്ണൻ ലാറി ബേക്കറുടെ ഇൻഡ്യയുമായുള്ള ഇടപഴകലിൻറ്റെ പശ്ചാത്തലം വിദിതമാക്കുന്നു ഇങ്ങനെ. നിർമ്മിച്ച കെട്ടിടങ്ങളല്ലാതെ മലയാളികൾ  പലരും മറക്കാൻ ഇഷ്ടപ്പെട്ട മലയാളി അല്ലാത്ത മലയാളി ആയിരുന്നു ലാറി ബേക്കർ. മുണ്ടുടുക്കാത്ത, മലയാളം പറയാത്ത എന്നാൽ ഹൃദയം കൊണ്ട് ഈ മണ്ണിനേയും സംസ്കൃതിയേയും ആവാഹിച്ച് ആവാസശിൽപ്പങ്ങൾ മെനഞ്ഞെടുത്ത മനീഷി. ചരിത്രപരമായും സമൂഹപരമായും മലയാളികൾ ചെയ്തുകൂട്ടാനാവില്ലാത്ത ആശയങ്ങൾ മൂർത്തീകരിച്ച് മണ്ണിൽ നിന്നും മുളച്ചുപൊന്തിയ മനോഹരശിൽപ്പങ്ങൾ ഇന്നും പ്രൗഢിയോടെ വിളങ്ങുന്നു ഈ ബ്രിടീഷുകാരൻ്റെ കൗശലസാകല്യങ്ങളാൽ.

 

    ലാറി ബേക്കറെ അതേപടി നമ്മുടെ മുൻപിൽ നിറുത്തുകയാണ് ഗീതാജ്ഞലി കൃഷ്ണൻ ഈ പുസ്തകത്തിലൂടെ. വാകമണ്ണിൽ താമസമാക്കിക്കഴിഞ്ഞുള്ള ലാറിയെ ആണ് നമുക്ക് പരിചയം. അതിനു മുൻപിലെ ഭ്രമാത്മകമായ സംഭവങ്ങൾ നിറഞ്ഞ അദ്ദേഹത്തിൻ്റെ ജീവിതം പൂർണ്ണ വിവരങ്ങളോടെ സമാഹരിക്കപ്പെട്ടിരിയ്ക്കുന്നു ഇവിടെ. കേരളത്തിലെ മണ്ണും തനത് വാസ്തുവിദ്യയും  കണ്ട് ഭ്രമിച്ച് പുതിയ ആർക്കിടെക്ചർ കൗശലവുമായി വന്ന ആളാണ് ലാറി ബേക്കർ എന്ന് വിചാരിച്ചാൽ തെറ്റി. നീണ്ടകാലത്തെ ജീവിതപരിചയം, അതും ചൈനീസ് കുഷ്ഠരോഗികളെ പരിചയിച്ചുള്ളത്,  ദൈന്യതയും മരണങ്ങളും ധാരളം കണ്ട് അനുഭവിച്ചറിഞ്ഞ്, മനുഷ്യൻറ്റെ ആന്തരികവും ബാഹ്യവുമായ അത്യാവശ്യങ്ങൾ ഏതൊക്കെ, എന്തൊക്കെ എന്ന് മനസ്സിലാക്കിയെടുത്ത്  സ്വാസ്ഥ്യം നിറഞ്ഞ ആവാസഗേഹങ്ങൾ അവനു എങ്ങനെ സംതൃപ്തി നൽകിയേക്കും എന്ന് കണ്ടറിഞ്ഞ ജ്ഞാനിയായിരുന്നു ബേക്കർ.  ബേക്കറുടെ വാസ്തുവിദ്യകളെ നിരത്തുകയോ പ്രകീർത്തിയ്ക്കുകയോ അല്ല ഈ പുസ്തകത്തിൻ്റെ ഉദ്ദേശം, പക്ഷേ അദ്ദേഹത്തിൻ്റെ തനിമ എന്താണെന്നുള്ള വെളിപ്പെടുത്തലാണ്. ഓരോ അദ്ധ്യായവും അതിനുവേണ്ടി ഘടനപ്പെടുത്തിയാണ് ആഖ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാനം തൊട്ട മണ്ണ്എന്നതിലെ മണ്ണ് ബേക്കർ തന്നെ. ( മനുഷ്യാ നീ മണ്ണാകുന്നു എന്ന ബൈബിൾ വചനം ഓർക്കുക). മാനം തൊടുന്ന മണ്ണ്. ഉയരം കൊണ്ടല്ല, പ്രൗഢി കൊണ്ടും തനിമ കൊണ്ടും ആവിഷക്കാര ലാളിത്യത്തിൻ്റെ ഗരിമ കൊണ്ടും.

 

          മാനുഷികമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു തച്ചുശാസ്ത്രവിദഗ്ധൻ എങ്ങനെ സ്വാഭാവികമായി രൂപപ്പെട്ടു വന്നു എന്നതിൻ്റെ ചരിത്രമായി ആഖ്യാനം നിർവ്വഹിക്കാനാണ് ലേഖിക ശ്രമിച്ചിരിക്കുന്നത്. ആർക്കിടെക്റ്റ് ആകണം എന്ന് തീരുമാനിച്ച് കോളേജിൽപ്പോയി പഠിച്ച ആളല്ല ബേക്കർ, പ്രത്യുത ഒരു ജീവിതശൈലി എന്ന നിലയ്ക്ക് ആവാസ ഇടങ്ങൾ രൂപപ്പെടുത്താനുള്ള മാനസികനില ആർജ്ജിക്കുകയാണ് സംഭവിച്ചത് എന്നത് കൃത്യമായി രേഖപ്പെടുത്തുന്നു. അതിനുവേണ്ടി ബേക്കറുടെ മുൻ കാലജീവിതം വിശദമായി തുറന്നുകാട്ടിയിട്ടുണ്ട്. മാനവികതയിൽ ഊന്നിയ ക്വാക്കെർ സംഘത്തിൽ എത്തി കുഷ്ഠരോഗികളെ ചികിൽസിക്കുന്നത്- അതും സ്വന്തം നാട് വിട്ട് ചൈനയിൽ എത്തിയാണ്-   ജീവിതോദ്ദേശമായി സ്വീകരിച്ചാണ് ബേക്കർ മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങളെ സംബന്ധിച്ച് തിരിച്ചറിവുകൾ സ്വാംശീകരിച്ചത്. നിന്ദിതരുടേയും പീഡിതരുടെയും ഇടയിലേക്ക്   ഉൾവിളി പോലെ ചെന്നെത്തിയ അദ്ദേഹത്തിനു എളുപ്പത്തിൽ ഗാന്ധിമാർഗ്ഗത്തിൽ എത്തപ്പെടാനായി, അദ്ഭുതമില്ല.  റോയൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ബ്രിടീഷ് ആർക്കിടെക്ചറിൽ നിന്ന് വാസ്തുവിദ്യയിൽ ഡിഗ്രി ഉണ്ടെങ്കിലും ജനസേവനത്തിനു വിട്ടുകൊടുത്ത ആത്മാവുമായാണ് ചൈനയിലും പിന്നീട് ഇൻഡ്യയിലും രോഗികളെ ചികിൽസിക്കാൻ എത്തുന്നത്. എന്നാൽ പലപ്പോഴും തൻ്റെ ഉള്ളിൽ എന്നും തുടിച്ചുകൊണ്ടിരുന്ന വാസ്തുവിദ്യാലോലനെ  പുറത്തെടുക്കാൻ മറന്നില്ല  അദ്ദേഹം. ചൈനയിൽ പലപ്പോഴും രോഗിപരിചാരകൻ ആർക്കിടെകെക്റ്റ് ആയി കൂടു വിട്ട് കൂടുമാറാറുള്ളത് വ്യക്തമാക്കപ്പെടുന്നുണ്ട് പുസ്തകത്തിൽ.  ചാരിറ്റിയോ ആതുരശിശ്രൂഷയോ വാസ്തുവിദ്യയുമായി എങ്ങനെ ബന്ധപ്പെടുത്താം എന്ന് ആരെങ്കിലും വിസ്മയിക്കുന്നുണ്ടെങ്കിൽ ഇതാ ഒരു മനുഷ്യൻ സ്വന്തം ജീവിതം കൊണ്ട് അത് വെളിപ്പെടുത്തുന്നു. ലേഖിക ഈ പുസ്തകം മലയാളികൾക്ക് സമർപ്പിച്ചപ്പോൾ സാധിച്ചത്  മനുഷ്യരേയും പ്രകൃതിയേയും ഒരേ പോലെ സ്നേഹിച്ച ഒരു ഇംഗ്ളണ്ടുകാരൻ ഇത് രണ്ടിനേയും സമന്വയിപ്പിച്ച്  കേരളത്തിൻ്റെ തനതു വാസ്തുശൈലി പുനരുജ്ജീവിപ്പിച്ചെടുത്ത കഥ കൃത്യമായി, വിശദമായി രേഖപ്പെടുത്തുക എന്നതാണ്.

 

         അമ്മയോടുള്ള് അഗാധ സ്നേഹം, ബഹുമാനം എന്നിവ പ്രകടമാക്കുന്നതാണ് ലാറി അമ്മയ്ക്കയച്ച കത്തുകളിൽ നിന്നും വിദിതമാകുന്നത്. ഗീതാജ്ഞലി കൃഷ്ണൻ എല്ലാ എഴുത്തുകളും അവതരിപ്പിക്കുന്നുണ്ട്. ആദ്യമായിട്ടാണ് മലയാളത്തിൽ ഈ കത്തുകൾ എത്തുന്നത്.  ബേക്കറുടെ പിൽക്കാല സ്വഭാവങ്ങൾ, തീരുമാനങ്ങൾ, കാഴച്ചപ്പാടുകൾ, സമീപനങ്ങൾ ഒക്കെ എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്നതിൻ്റെ പാഠപശ്ചാത്തലമാണ് ഈ എഴുത്തുകൾ.  ഇവിടെ എല്ലാവരും എനിക്ക് വട്ടാണെന്ന് വിചാരിക്കുന്നുഎന്ന് സ്വയം സമർത്ഥിക്കുന്നതിൽ നിന്നും അദ്ദേഹത്തിൻറ്റെ വേറിട്ട  ചിന്താഗതികൾ, പ്രത്യേകിച്ചും വാസ്തുസംബന്ധമായുള്ളത്  എങ്ങനെ ഉരുവം കൊണ്ടു എന്ന് മനസ്സിലാക്കാം. കുഷ്ഠരോഗപരിചരണം, വാസ്തുവിദ്യ- യാതൊരു ബന്ധവുമില്ലാത്ത ഈ രണ്ടുകാര്യങ്ങളാണ് ലാറി ബേക്കറെ ഇൻഡ്യയിൽ എത്തിച്ചത് എന്നത് ഇപ്പോൾ ആശ്ചര്യകരമായി തോന്നാം.മിഷൻ റ്റു ലെപേഴ്സ്‘’ ഇൻറ്റെ  ആർക്കിട്ക്റ്റ് പ്രതിനിധിയായി  ഫൈസാബാദിൽ എത്തുന്നത് അവിടെ ആശുപത്രി കൾ പണിയാനാണ്.  ഡോ. ചാണ്ടിയുടെ ആശുപത്രിയിൽ എത്തുന്നതും പിന്നീട് അദ്ദേഹത്തിൻ്റെ സഹോദരി കോട്ടയംകാരി ഡോ. എലിസബെത്തിനെ പരിചയപ്പെടുന്നതും ഒക്കെ വഴിത്തിരിവുകളാണ്. ലാറി ബേക്കറുടെ കുടുംബവുമായി വളരെ അടുപ്പമുള്ള് ലേഖികയ്ക്ക് ധാരാളം വിശദാംശങ്ങൾ നൽകാനുണ്ട്.

 

 ഒരു ലളിതമനസ്കൻ സായിപ്പിൻ്റെ ചെമ്മൺ നിറക്കഥ

   ഒരു സായിപ്പിനു കേരളത്തിലെ പൊതുമദ്ധ്യത്തിൽ, പൊതുസമൂഹത്തിൽ ഇറങ്ങി അഭിരുചികൾ മാറ്റി മറിയ്ക്കാനും നവശൈലികൾ  പ്രചാരത്തിലാക്കാനും സാധിക്കുക എന്നത് അപൂർവ്വം എന്നല്ല വിസ്മയകരം തന്നെയാണ്. എന്തുകൊണ്ട്, എങ്ങിനെ ബേക്കർ ശൈലി പ്രചാരത്തിലായി എന്നതിൻ്റെ വിശദമായ സാമൂഹ്യപശ്ചാത്തലം ഈ പുസ്തകത്തിൽ തെളിയിച്ചിട്ടുണ്ട്. വാകമണ്ണിൽ നിർമ്മിച്ചെടുത്ത ആശുപത്രിയും മറ്റ് ചില കെട്ടിടങ്ങളും ജനകീയനിർമ്മിതികൾ എന്ന ഖ്യാതി പതുക്കെ  പടരാൻ ഇടയായിരുന്നു, തിരുവല്ലാബിഷപ്പ് അങ്ങനെയാണ്പള്ളി പണിയാൻ ബേക്കറെ ഏൽപ്പിക്കുന്നതും പിന്നീട് പ്രസിദ്ധമായ കൂടാരപ്പള്ളിസംജാതമാകുന്നതും. ഇതിനു ശേഷം തിരുവനന്തപുരത്ത് വെറും 2500 രൂപയ്ക്ക് ഒരു വീട് വെച്ചതും മലങ്കര ആർച്ച് ബിഷപ് ഇതിൽ ആകൃഷ്ടനായി പള്ളി വക പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കുന്നത് ബേക്കറെ ചുമതലപ്പെടുത്തിയതും  ചരിത്രം. കരാറുകാർക്കുള്ള ലാഭവും എഞ്ചിനീയർമാർക്കുള്ള ലാഭവിഹിതവും കിട്ടാതാക്കുന്ന ഈ പ്രവർത്തി അന്നേ പി ഡബ്ള്യു ഡിയ്ക്ക് പിടിച്ചില്ല. നിർമ്മാണമേഖല ഇന്നും പലതരം മാഫിയകളുടെ പിടിയിലാണ്. മണൽ വാരലും പാറപൊട്ടിയ്ക്കലും സിമെൻ്റും പെയിൻ്റും വിൽക്കുന്നതും എല്ലാം മാഫിയകൾ. എഞ്ചിനീയർമാരും കോണ്ട്രാക്റ്റർമാരും കൂടുതൽ കൂടുതൽ ചെലവാക്കുക എന്ന മുദ്രാവാക്യം വിളിയ്ക്കുന്നവരാണ്.  എന്നാലേ അവരുടെ ലാഭം കൂടൂ. കോണ്ട്രാക്റ്റർമാർ ചെലവാക്കുന്നതിൻ്റെ ഒരു നിശ്ചിതശതമാനമാണ് എഞ്ചിനീയർമാരുടെ പറ്റ്‘. ഗീതാഞ്ജലി കൃഷ്ണൻ തുറന്നെഴുതുന്നു. പാശ്ചാത്യരാജ്യങ്ങളിലെ കെട്ടിടങ്ങളെ അനുകരിക്കുന്നതിനെ എതിർത്തതുകൊണ്ട് തിരുവനന്തപുരം എഞ്ജിനീയറിങ് കോളേലിൽ ഒരു പ്രസംഗത്തിനു ശേഷം അദ്ദേഹത്തെ പിന്നെ അങ്ങോട്ട് അടുപ്പിച്ചില്ല. വെ റും ഇഷ്ടിക മേസ്തിരിഎന്ന് വിളിച്ച് കളിയാക്കുകയും ചെയ്തു.

    ലാറി ബേക്കറുടെ  അധികം അറിയപ്പെടാത്ത ജീവിതമുഹൂർത്തങ്ങൾ അനാവരണം ചെയ്യപ്പെടുന്നുണ്ട് ഈ പുസ്തകത്തിൽ. എലിസബെത്തുമായുള്ള പ്രണയവേളകൾ, ഫാദർ ഡാമിയനെപ്പോലെ ലാറിയ്ക്കും ചൈനയിൽ വെച്ച് കുഷ്ഠരോഗം പിടിപെട്ടത്, ചന്ദാഗിലെ വീട് വിൽക്കുമ്പോൾ കരാർ പണം തരാതെ വാങ്ങിച്ചയാൾ കടന്നു കളഞ്ഞത്, വാകമണ്ണിൽ നിന്ന് മധുര വരെ കൂസലെന്യേ നടന്നു പോയത് അങ്ങനെ വിസ്മയകരങ്ങളായ പലതും. ലാറി ബെക്കർ എന്ന വാസ്തുവിദ്യാവിദഗ്ധനെ പരിചയപ്പെടുത്തുകയോ അദ്ദേഹത്തെ പ്രശംസകൾ കൊണ്ട് മൂടുകയോ ലേഖിക ചെയ്യുന്നില്ല. ലാറി ബേക്കർ എന്ന ബിർമിങ്ഹാംകാരൻ്റെ പലേ പരിണാമവഴികൾ പിൻതുടരുകയും കർമ്മം കൊണ്ട് കേരളീയനായിത്തീർന്നതും ലളിതമനസ്കനായ വാസ്തുകാരൻ ആയി അറിയപ്പെടുന്നതും ഒരു കഥപോലെ രേഖപ്പെടുത്താനാണ് ഗീതാഞ്ജലി കൃഷ്ണൻ തുനിയുന്നത്. അതുകൊണ്ട് ചില ജീവചരിത്രഗ്രന്ഥങ്ങൾ പോലെ മടുപ്പിക്കുന്നതോ അനാകർഷമോ ആകുന്നില്ല ആഖ്യാനം. ഓരോ ഇഷ്ടികയ്ക്കും ഓരോ മുഖമുണ്ട്. അതുകൊണ്ട് ഇഷ്ടികയുടെ മേൽ സിമൻ്റ് ചാന്ത് പൂശുന്നത് അദ്ദേഹത്തിനു ഇഷ്ടമല്ലഎന്ന രീതിയിൽ അദ്ദേഹത്തിൻ്റെ വ്യക്തിപര ഇഷ്ടങ്ങളും സാങ്കേതികതാനിബദ്ധതയും തമ്മിൽ രസകരമായി പലയിടത്തും ബന്ധിപ്പിക്കുന്നുണ്ട്.

 

 പി ഡബ്ള്യു ഡി എന്ന ഉഗ്രസർപ്പം

  ലാറി ബേക്കറുടെ ആശയങ്ങൾ നടപ്പിൽ വരുത്താതിരിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട് പി ഡബ്ള്യു ഡി എന്ന് പലേ ഉദാഹരണങ്ങൾ സഹിതം ചരിത്രവസ്തുതകൾ നിരത്തിയിട്ടുണ്ട് ലേഖിക. ഇന്ന് ഏറെ പ്രശസ്തമായ സെൻറ്റർ ഫോർ ഡെവെലപ്മെൻ്റൽ സ്റ്റഡീസ് (സി. ഡി. എസ്) കെട്ടിടങ്ങളുടെ രചനാകൗശലത്തെ ആദരിച്ചില്ലെന്ന് മാത്രമല്ല ആ ആശയത്തെ മുച്ചൂടും നശിപ്പിക്കാൻ ഒരുമ്പെട്ട കഥകൾ വിദിതമാക്കിയിട്ടുണ്ട്. (പേജ് 178) ‘ഓപറേഷൻ ബ്ളാക് ബോർഡ്എന്ന പദ്ധതി അനുസരിച്ച് കേന്ദ്രഗവണ്മെൻ ഫണ്ടിങ് നൽകിയ കോസ്റ്റ്ഫോർഡ് കെട്ടിടങ്ങൾക്ക്  പി ഡബ്ള്യു ഡി സുരക്ഷാ അനുവാദ സർട്ടിഫിക്കേറ്റ് കൊടുത്തില്ല. ബേക്കർ കെട്ടിടങ്ങൾ കേരളത്തിൽ വരുന്നത് തടയുക എന്നതായിരുന്നു ഉദ്ദേശം. കളക്റ്ററായ വിജയാനന്ദ് ഐ എ എസ് വിചാരിച്ചിട്ടും പി. ഡബ്ള്യു ഡിയുടെ  അധികാരത്തിൽ ഒരു രോമം പോലും അനക്കാൻ സാധിച്ചില്ല. സർക്കാർ തലത്തിൽ നിർമ്മിക്കുന്ന ഒരു കെട്ടിടത്തിനും ഇന്നും ബേക്കർ ശൈലി ഉപയോഗിക്കാൻ പി. ഡബ്ള്യു. ഡിയുടെ അനുവാദം ഇല്ലലേഖിക തുറന്നെഴുതുന്നു.  സി. അച്യുതമേനോൻ്റെ കാലത്തും രണ്ടും ലക്ഷം രൂപ ബഡ് ജെറ്റ് പറഞ്ഞ കെട്ടിടം ബേക്കർ മുപ്പത്തെണ്ണായിരം രൂപയിൽ പണിതീർത്തത് കൂടുതൽ ശത്രുതയ്ക്ക് വഴിവെച്ചു. സി. ഡി. എസിൻ്റെ കെട്ടിടനിർമ്മാണത്തിനു സർക്കാർ പ്രത്യേക ഓർഡർ ഇറക്കേണ്ടി വന്നു.  40% കുറവ് സിമൻ്റും കമ്പിയും ഇഷ്ടികയും, ഇത് പാടില്ല എന്ന് പി ഡബ്ള്യു ഡി. ലാറി ബേക്കറിലെ ശിൽപ്പിക്ക് അനേകം മാനങ്ങൾ നൽകിയതിൽ , ലാറി ബേക്കർ ഒരു വിശ്വപൗരനായതിൽ, അച്യുതമേനോൻ്റെ പങ്ക് വളരെ വലുതാണ്ലേഖിക വ്യക്തമാക്കുന്നു. എങ്കിലും സത്യങ്ങൾ നില നിൽക്കുന്നു നാൽപ്പത്തിയാറു വർഷങ്ങൾ കഴിഞ്ഞിട്ടും ഭയം മൂലം പി ഡബ്ള്യു ഡി ഈ നിർമ്മാണരീതി സ്വീകരിക്കുന്നില്ല. തകർന്നു വീഴുമൊ എന്ന ഭയമല്ല, കിട്ടുന്ന വരുമാനം നഷ്ടപ്പെടുമോ എന്ന ഭയം. മനസ്സിലാവാത്ത ഇംഗ്ളീഷ് പറയുന്ന സായിപ്പ്“ . കലയും ശാസ്ത്രവും ഒത്തിണങ്ങിയ ആർക്കിടെക്ചർ ശൈലി......... പുതിയത്, വേറിട്ട വഴികളിൽ നടക്കാനുള്ള സ്വഭാവിക വൈമനസ്യംലേഖികയ്ക്ക്  പറയാൻ ഏറെയുണ്ട്.

  ബേക്കർ എന്ന വ്യക്തി

 

    ഈ ഗ്രന്ഥനിർമ്മാണത്തിലെ സൂക്ഷ്മതയും വിശദമായ ചരിത്രനിരീക്ഷണങ്ങളും ലാറി ബേക്കറുടെ സമൂലവ്യക്തിക്ത്വത്ത്ൻ്റെ നേർക്കാഴ്ച്ച സമ്മാനിക്കുന്നു എന്നതാണ് മാനം തൊട്ട മണ്ണ്ൻ്റെ സവിശേഷത. ഒരു കോട്ടയംകാരിയുടെ ഹൃദയത്തിലൂടെ കേരളത്തിൻ്റെ ഹൃദയസ്പന്ദനം ശ്രവിച്ചറിഞ്ഞ് ആ  മണ്ണിൽ എന്തുതരം ആവാസവ്യവസ്ഥയായിരിക്കണം കെട്ടിപ്പടുക്കേണ്ടത് എന്ന് ദുർവ്വാശിക്കാരും അഹന്താശാലികളുമായ മലയാളികളെ ബോദ്ധ്യപ്പെടുത്താനായി എന്നതു ബേക്കറുടെ ജീവിതോദ്ദേശത്തിൻ്റെ ഭാഗമായി അറിയാതെ സംഭവിക്കുകയായിരുന്നു. അമ്മയോടുള്ള അനിർവാച്യമായ സ്നേഹബന്ധത്തേയും ആദരവിനേയും കുറിച്ച് പഴയ എഴുത്തുകൾ വായിച്ചാൽ മനസ്സിലാവുന്നതാണ്, ഈ മണ്ണു തന്നെ അമ്മ (ജനനീ ജന്മഭൂമിശ്ച...) എന്ന് അദ്ദേഹത്തിനു തോന്നിയതിൽ അദ്ഭുതത്തിനു അവകാശമില്ല തന്നെ.

 

 ജീവിതവും രചനകളുംഎന്ന വാക്കാണ് പുസ്തകത്തിൻ്റെ തലക്കെട്ടിൽ ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ലാറി ബേക്കറുടേ ഓരൊ കെട്ടിടങ്ങളും നിർമ്മിതി എന്ന് വിളിക്കപ്പെടേണ്ടവയല്ല, ആവിഷ്ക്കാരങ്ങളാണെന്ന് സമർത്ഥിക്കാനാണ് ലേഖിക രചനഎന്ന വാക്ക് മനഃപൂർവ്വം ഉപയോഗിച്ചിരിക്കുന്നത്. ഒരോ കെട്ടിടങ്ങളും വ്യത്യസ്തമാണ്, ജ്യോമെട്രി ഇത്രമാത്രം നിബന്ധിച്ച മറ്റൊരു വാസ്തുശൈലി ആവാസത്തിനുള്ള വീടുകളിൽ അപൂർവ്വമാണ്.  അനുബന്ധമായിച്ചേർത്തിരിക്കുന്ന കെട്ടിടങ്ങളുടെ ഫോടോകൾ അത് സത്യമാണെന്ന് സമർത്ഥിക്കുന്നുമുണ്ട്. മണ്ണിൽ നിന്നും മുളച്ചുപൊന്തിയ പ്രതീതി ജനിപ്പിക്കുന്ന ഈ ഹർമ്മ്യങ്ങൾ വിസ്മയത്തിൻ്റെ മാനം തൊടുകയാണ്, ‘മാനം തൊട്ട മണ്ണ്എന്നത് അന്വർത്ഥമാക്കിക്കൊണ്ട്.

 

    സമ്പൂർണ്ണതയ്ക്കു വേണ്ടി കഠിനമായി പരിശ്രമിച്ചിട്ടുണ്ട് ലേഖിക. ബേക്കർ വരച്ച രേഖാചിത്രങ്ങൾ, ചൈനയിൽ നിന്നുള്ള ഫോടോകൾ, കുഷ്ഠരോഗികളുടെ ഫോടൊകൾ, ബേക്കറുടെ ശേഖരത്തിലെ ചരിത്രസൂചകങ്ങളായ ഫോടോകൾ എല്ലാം സമഗ്രമായ വിവരങ്ങളാണ് അവതരിക്കപ്പെടാൻ സഹായകമാകുന്നത്. 30 പേരെയാണ് അഭിമുഖം ചെയ്തിരിക്കുന്നത് ബേക്കറുടെ രചനാചരിത്രം പൂർത്തിയാക്കാൻ.

 

   ലാറി ബേക്കറുടെ കുറിപ്പുകളും ലേഖനങ്ങളും അനുബന്ധമായി ചേർത്തിട്ടുള്ളത് ഈ ഗ്രന്ഥത്തെ അന്യൂനമാക്കുന്നുണ്ട്. ആർക്കിടെക്റ്റ് ആരായിരിക്കണം, എന്തായിരിക്കണം എന്നത് വിശദീകരിയ്ക്കുന്ന അദ്ദേഹത്തിൻ്റെ ലേഖനം വാസ്തവത്തിൽ ലാറി ബെക്കറുടെ ജീവിതഫിലോസഫി തന്നെയാണ്. അദ്ദേഹത്തെ മനസ്സിലാക്കുവാൻ ഇത് വായിച്ചാൽ മതി, വ്യക്തിത്വം സ്ഫുരിപ്പിക്കുന്നവയാണവ.  ബേക്കർ ശൈലിയുടെ സ്വീകാര്യതയുടെ പൊരുൾ ഈ അനുബന്ധങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാൻ സാധിയ്ക്കുന്നതാണ്. അത്രമാത്രം ദൃഢതയാണ് അദ്ദേഹത്തിൻറ്റെ വിശ്വാസസംഹിതകൾക്ക്. എത്ര എതിർപ്പുകൾ ഉണ്ടായിട്ടും ബേക്കർ ശൈലി പ്രചാരത്തിൽ ആയത് അദ്ദേഹത്തിൻ്റെ ഈ ആത്മധൈര്യം മറ്റുള്ളവരിലേക്ക് സ്വമേധയാ പടർന്നതുകൊണ്ടാണ്. അദ്ദേഹത്തിൻ്റെ പ്രയോഗങ്ങളെല്ലാം ഉദ്ദേശശുദ്ധിയിയന്നതാണെന്ന്  ചരിത്രം തെളിയിച്ചു പിന്നീട്.

 

  

No comments: