Saturday, May 12, 2007

“ബ്രദര്‍ ഇന്‍ ലോ“

സാന്‍ഡോസിന്റെ “സണ്‍ ഇന്‍ ലോ” വായിച്ചവര്‍ക്കു വേണ്ടി മാത്രം.

ബിജുവിന്റെ ചേട്ടനാണ് ഞാന്‍. അവന്‍ കാരണം ആശുപത്രിയിലായെങ്കിലും പിന്നെ അമേരിക്കന്‍ വിസ കിട്ടി ഇങ്ങോട്ടു വന്നു. ബിജുവിനു ഡോളര്‍ അയച്ചുകൊടുക്കുന്നുണ്ടായിരുന്നെങ്കിലും അടുത്തവീട്ടിലെ കരിയ്ക്കു മോഷ്ടിക്കുന്നത് അവനെ ഞങ്ങള്‍ കൊഞ്ചിച്ചു വഷളാക്കിയതുകൊണ്ടാണ്.
കേശവപിള്ളച്ചേട്ടനെ ഒരിക്കലും മറക്കാന്‍ പറ്റാത്തതുകൊണ്ടാണ് പെട്ടെന്ന് ഇതെഴുതാന്‍ തോന്നിയത്. ബിജു കാരണം ഞങ്ങളുടെ അടുപ്പത്തില്‍ ചില പാളിച്ചകള്‍ വന്നു, സാരമില്ല. പാവം ലീല!

എന്റെ പെണ്ണുകാണല്‍ സോഷ്യല്‍ ഡെഡിക്കേഷന്‍സും കേശവപിള്ളച്ചേട്ടന്റെ മനൂവറുകളായിരുന്നു.
അവസാനത്തേത് “അവള്‍ക്കിതുവരെ ആരേം കിട്ടിയില്ല ഇനി നീയാണെങ്കിലും മതിയെന്ന് ആ വീട്ടുകാര്‍ വിചാരിച്ചു” എന്ന എന്നെ ഉത്സാഹപ്പെടുത്തുന്ന ആമുഖത്തൊടെയായതിനാല്‍‍ ഞാനും ചീര്‍ഫുള്‍ ആയിരുന്നു. “വിവരോം വിദ്യാഭ്യാസോം ഉള്ള വീട്ടുകാരാ കെട്ടൊ“ എന്നു ചേട്ടന്‍ ആദ്യം തന്നെ വാണിങ് തന്നിരുന്നെങ്കിലും തന്റേടിയും വായാടിയുമായ അനിയത്തിപ്പെണ്ണിനെയാണ് ആദ്യം നേരിടേണ്ടിവരുമെന്ന് അറിഞ്ഞിരുന്നില്ല. ഈ വിദുഷിയുമായുള്ള തര്‍ക്ക വിതര്‍ക്കങ്ങളില്‍ വിജയിച്ചാലേ സ്വയംവരം നടക്കൂ എന്ന ദൈവനിശ്ചയത്താല്‍ ആ വീട്ടില്‍ കല്യാണസദ്യത്തീപ്പുക ഉയര്‍ന്നിട്ട് നാളുകളായത്രേ. തര്‍ക്കവിഷയം “രാജാരവിവര്‍മ്മയുടെ ചിത്രപാര്‍ശ്വങ്ങളിലെ പ്രകൃതിദൃശ്യങ്ങളില്‍ ആത്മാവിഷ്കാരസ്വാംശീകരണമുണ്ടോ“ എന്നായിരുന്നത് “പുരുഷന്മാര്‍ പര്‍ദ്ദ ധരിക്കേണ്ടതിന്റെ ആ‍ാവശ്യകത” എന്നാക്കി അവള്‍ മാറ്റിയത് എന്റെ മുഖകാന്തി കണ്ടശേഷമാണത്രെ. ഇതും പോരാഞ്ഞ് എന്തോ വറക്കുന്ന മണം കേട്ട് ഓടിക്കൂടിയ പിള്ളേരെ വട്ടത്തിലിരുത്തി ഒരു സറൌണ്ട് സൌണ്ട് സിസ്റ്റം ഉണ്ടാക്കി ചോദ്യോത്തരക്കളി ആരംഭിച്ചതും എന്റെ മുഖരിതഭംഗി ഉദ്ദേശിച്ചായിരുന്നു. (“കുഞ്ചാക്കോ ബോബനിലുണ്ട്, സലിം കുമാറിലില്ല, എന്താണ്?“ എന്നിങ്ങനെ പോയി അത്). ആദ്യം ചായയുമായി വന്ന അതിമനോഹരസുന്ദരി എന്നെ രോമാഞ്ചം കൊള്ളീച്ചു. പക്ഷേ കേശവപിള്ളച്ചേട്ടന്‍ പുളകങ്ങള്‍ തൂത്തുകളഞ്ഞു. പുറകെ ഫോറിന്‍ പ്ലേറ്റില്‍ വടയുമായി വരുന്നവളാണ് പ്രതി, പ്രതിശ്രുതകീര്‍ത്തി. “ഞാന്‍ കണ്ടിട്ടുണ്ട്, നിനക്കു ചേരും” എന്നു ചേച്ചി നേരത്തെ പറഞ്ഞതിന്റെ പൊരുള്‍ എനിക്കു പിടികിട്ടി. ആദ്യം വന്ന മാധുരി ദീക്ഷിത് കല്യാണം കഴിഞ്ഞ് രണ്ടുകുഞ്ഞുങ്ങളുമുള്ള അയല്‍ക്കാരിയാണ്. ഇത്തരം കാര്യങ്ങളില്‍ ഹെല്പ് ചെയ്യാന്‍ വരുന്നവളാണ്. അതിസുന്ദരികളെയെല്ലാം മറ്റുവല്ലവനും കെട്ടാന്‍ വിട്ടുകൊടുക്കുന്ന എന്റെ ത്യാഗസുരഭിലമനോഭാവത്തെ എളിമയോടെ ഞാന്‍ തന്നെ അഭിനന്ദിച്ചു. വിശാലമന‍സ്കന്‍ എന്ന മാറാപ്പേരിനാല്‍ ശിഷ്ടജീവിതം കഴിക്കാന്‍ തീരുമാനിച്ചു.

തിരിയെ വാടകക്കാറീല്‍ പോകുമ്പോള്‍‍ “എന്തു പറയുന്നു” എന്ന പതിവുചോദ്യം പിള്ളച്ചേട്ടനു ചോദിക്കേണ്ടി വന്നില്ല. കാരണം ഈ കല്യാണം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നു.അതും വേറൊരു ത്യാഗത്തിന്റെ കഥ. എല്ലാതീരുമാനങ്ങളും കൂട്ടുകാരോടു ചോദിച്ചുമാത്രമേ എടുക്കുകയുള്ളു എന്ന ഉഗ്രന്‍ സിദ്ധാന്തമാണ് എന്നെ ജീവിതപന്ഥാവിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയിക്കൊണ്ടിരുന്നത്. കല്യാണത്തിന്റെ ഫൈനല്‍ ഡിസിഷനും അവരുടേത്. ഈ പെണ്ണിനെത്തന്നെ ഞാന്‍ കെട്ടണമെന്ന് തീരുമാനമെടുക്കാന്‍ അവര്‍ക്ക് വളരെ എളുപ്പമായിരുന്നു. കാരണം പെണ്ണിന്റെ ചേട്ടന്‍ കസ്റ്റംസിലെ വലിയ ഉദ്യോഗസ്ഥനാണ്. അതും ബോംബേ എയര്‍പോര്‍ടില്‍! ബാള്‍ടിമോറില്‍ നിന്നും സെന്റ് ലൂയിസില്‍ നിന്നും കാന്‍സാസില്‍ നിന്നുമൊക്കെ ജങ്ക് സാധനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന അവര്‍ക്ക് അണ്ടര്‍വയറില്‍‍ പോക്കറ്റുണ്ടാക്കി കറുത്തകടലാസില്‍ സ്വര്‍ണബിസ്കറ്റുകള്‍ ഒളിപ്പിക്കേണ്ടതില്ല. ബോംബേ എയര്‍പോര്‍ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറകേ വന്ന് “മിസ്റ്റര്‍ കതിരവന്റെ ആളല്ലേ, സാറ് പറഞ്ഞിരുന്നു“ എന്ന് സ്നേഹിച്ച് അവരുടെ ലൌന്‍ചില്‍ കൊണ്ടിരുത്തി ചായ കൊടുത്ത് കണക്റ്റിങ് ഫ്ലൈറ്റില്‍ കയറ്റിവിടുന്നത് അവരുടെ സ്വപ്നങ്ങളില്‍ വിടര്‍ന്നു വിലസി. വിവാഹക്കരാറില്‍ അവരിടെ അദൃശ്യകരങ്ങളാണ് ഒപ്പു വയ്കുക എന്ന സത്യം എനിയ്ക്കു മനസ്സിലായി.എനിയ്ക്കെന്ത് ഐഡെന്റിറ്റി ക്രൈസിസ്? വിശാലമന‍സ്കന്‍ ഞാന്‍ തന്നെയല്ലേ? .ഇവരുടെ പാപങ്ങള്‍ പോക്കുവാനാണ് എന്റെ ജന്മമെന്ന തിരിച്ചറിവ് എന്നില്‍ സ്വല്പം അന്ധാളിപ്പുണ്ടാക്കി. “God! why me? why me?" എന്ന എന്റെ വിലാപം പ്രസിദ്ധമായി. ഹോളിവുഡ്ഡുകാര്‍ യേശുവിന്റെ സിനിമയുണ്ടാക്കുമ്പോള്‍ ഈ സീന്‍ അഭിനയിച്ചു കാണിച്ചുകൊടുക്കുവാന്‍ എന്നെ വിളിക്കുക പതിവായി.

ഏതൊരു ത്യാഗത്തിനും അതിന്റേതായ വില കൊടുക്കേണ്ടി വരുമല്ലൊ. കല്യാണം കഴിഞ്ഞ് രണ്ടുമാസത്തിനകം അളിയനു വന്‍പന്‍ പ്രൊമൊഷന്‍! ലക്ഷദ്വീപിലെ ചീഫ് കസ്റ്റംസ് ഓഫീസര്‍! എന്റെ കൂട്ടുകാര്‍ ലക്ഷദ്വീപിലേയ്ക്കുള്ള ഫ്ലൈറ്റ് വിവരങ്ങള്‍‍ തന്നു എന്റെ വിരസ നിമിഷങ്ങള്‍ ആനന്ദതുന്ദിലങ്ങളാക്കി. “നീ അതിലേ ചെല്ല്. ഒന്നുമല്ലേലും ദ്വീപുവാസികള്‍ രക്ഷപെട്ടോട്ടടാ“എന്നും മറ്റും പറഞ്ഞത് എന്റെ ത്യാഗമനോഭാവത്തെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ്.

കല്യാണത്തിനു ശേഷം: പര്‍ദ ധരിക്കാന്‍ തയാറാണെന്നു ഭാര്യയോട് ചില പാര്‍ടിയ്ക്കു പോകുന്നതിനു മുന്‍പ് സമ്മതിച്ചിട്ടുണ്ട്. “എന്തിനാ കണ്ണ് മാത്രം കാണിച്ച് ആളുകളെ ഭയങ്കരമായി ഞെട്ടിക്കുന്നേ, മുഖം മുഴുവനും കാണിച്ച് സ്വല്പം ഔട് ഓഫ് ഫോക്കസ്സിലാക്കുകയാണെങ്കില്‍ അവരുടെ ഞെട്ടലിന്റെ എഫെക്റ്റ് കുറഞ്ഞേക്കും” എന്ന് ആ പരമസാധ്വി സ്വാന്തനിപ്പിക്കാറുണ്ട്. കേശവപിള്ളച്ചേട്ടന് സ്വസ്തി!

9 comments:

എതിരന്‍ കതിരവന്‍ said...

സാന്‍ഡോസിന്റെ “സണ്‍ ഇന്‍ ലോ’വായിച്ചവര്‍ക്കു ബിജുവിന്റെ ചേട്ടനായ എന്റെ പെണ്ണുകാനലിന്റെ കഥ.കേശവപിള്ളച്ചേട്ടനു സമര്‍പ്പണം.

SUNISH THOMAS said...

ആത്മാലാപം, ബഹുവ്രീഹി വിലാപം, അസ്മാദൃശസാഹിത്യം എന്നൊക്കെ കേട്ടിട്ടുണ്ട്.

ഇത് അതില്‍ വല്ലതും പെടുമോ?

സംഗതി സത്യമാണോ?

സാജന്‍| SAJAN said...

ഇതു കലക്കി..
ഒന്നു ചിരിക്കാമോ?
എങ്കില്‍ ഹ ഹ ഹ
പക്ഷെ ഇതില്‍ വിശാലമനസ്കനെ പിടിച്ചിട്ടതു മാത്രം അങ്ങ്ട് മനസ്സിലാവുന്നില്ല.. :)

പ്രിയംവദ-priyamvada said...

ഇത്ര 'ആത്മപ്രശംസ' പാടില്ല്യാട്ടോ

OT
വിഷയങ്ങള്‍ ബൂലോക കുറ്റികളില്‍ കെട്ടിയിടണൊ?
നല്ല എഴുത്താണല്ലൊ കതിറിന്റെതു..കൂടുതലൊക്കെ പ്രതീക്ഷികാവുന്ന ലോകപരിചയവും ഭാഷാ സ്വാധീനമൊക്കെ കാണുന്നു..ഇതു ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കു മറന്നു കളഞ്ഞേക്കു
qw_er_ty

എതിരന്‍ കതിരവന്‍ said...

പ്രിയംവദ, വളരെ സന്തോഷം. എന്റെ തോന്ന്യാസങള്‍ക്ക് ഉയര്‍ന്ന പദവി നല്‍കിയതില്‍.
സാജന്‍,നന്ദി.
സുനീഷ്; സംഗതി സത്യമാണോ എന്നോ? മുയുബനും.
പര്‍ദാപ്രശ്നകാലത്ത് ഞാനെഴുതിയ ഹിന്ദി കവിത അടിച്ചുമാറ്റി,ആശാ ബോണ്‍സ്ലെയെക്കൊണ്ടൂ പാടിച്ച് ഹിറ്റാക്കി, ബോംബേക്കാര്‍. ‘പര്‍ദേ മേ രഹ് നേ ദോ..“ കേട്ടിട്ടീല്ലേ? ഒരു ചില്ലിക്കാശും എനിയ്ക്കു തന്നില്ല. മധു മുട്ടത്തിനോട് ഇക്കാര്യം പറഞ്ഞിട്ടൂണ്ട്.

myexperimentsandme said...

അത് സിനിമാനടി രഹ്‌ന പര്‍ദ്ദയിട്ടേ അഭിനയിക്കാവൂ എന്നുള്ള ആഹ്വാനമല്ലായിരുന്നോ? അപ്പോള്‍ കതിരവനായിരുന്നല്ലേ അതിനു പിന്നില്‍. രഹ്‌ന അതോടെ അഭിനയവും നിര്‍ത്തി. പാവം.

എതിരന്‍ കതിരവന്‍ said...

വക്കാരീ,രഹ്‌നയോട് ഞാനാ പറഞ്ഞത്, മോളേ എന്നെ പര്‍ദയിടീപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ നിന്നെവെറുതേ വിടൂമോ, സ്ഥലം വിട്ടോ എന്ന്.അല്ലെങ്കിലും ദസ്തക് ലെ “ബൈയ്യാ നാ ധരോ” എന്ന അതിഗംഭീര പാട്ടു പാടി അഭിനയിച്ചതില്‍പ്പിന്നെ രഹ്‌നാ സുല്‍ത്താന്‍ അതുപോലെയൊരെണ്ണം കിട്ടിയില്ലെങ്കില്‍ ഇനി സിനിമ ചെയ്യില്ലെന്നു പറ്ഞ്ഞിരിക്കുകയായിരുന്നു.

Areekkodan | അരീക്കോടന്‍ said...

Good

സുധി അറയ്ക്കൽ said...

ഇതിൽ അനിയത്തിപ്പെണ്ണിനെ കുറിച്ച്‌ പറഞ്ഞ പലകാര്യങ്ങളും എന്റെ കല്യാണസമയത്ത്‌ നേരിട്ടിരുന്നു.