ഏറ്റവും കൂടുതൽ ഇണ ചേരാൻ വേണ്ടിയാണ് പലേ ജന്തുക്കളിലും ആൺ കുലത്തിനെ പരിണാമം സൃഷ്ടിച്ചെടുത്തത്. സ്വന്തം ബീജം പരമാവധി വിതറുകയാണ് പരമധർമ്മം. സസ്തനികളാണെങ്കിൽ മില്ല്യൺ കണക്കിനാണ് ഓരോ ദിവസവും ബീജങ്ങൾ നിർമ്മിച്ചെടുക്കുന്നത്. ഒരേയൊരു ബീജം മാത്രമാണ് അണ്ഡത്തോട് ചേരുക. ഒരു പാഴ്വേല ആണെന്നു തോന്നും ഇത്രമാത്രം ബീജങ്ങൾ നിർമ്മിച്ചെടുക്കുന്നത്. എന്നാൽ പരിണാമവ്യവസ്ഥയ്ക്ക് തെറ്റുപറ്റിയിട്ടില്ല. പ്രജനനം ഒരു സാദ്ധ്യത മാത്രമായിരിക്കരുത്, അത് നടന്നേ തീരൂ എന്ന് നിർബ്ബന്ധമുണ്ട് , അതുകൊണ്ടാണ് ഇത്രമാത്രം വൻ സംഖ്യയിൽ ബീജങ്ങൾ വളർന്നു വരുന്നത്. ജനിതകവസ്തുവായ ക്രോമസോമുകൾ മാത്രമേ ഉള്ളു ബീജങ്ങൾക്കുള്ളിൽ. മില്ല്യൺ മില്ല്യൺ കണക്കിനു സ്വന്തം ക്രോമസോമുകളുടെ പതിപ്പുകൾ പുറത്തിറക്കുകയാണ് ആണുങ്ങൾ ചെയ്യേണ്ടത്.
മനുഷ്യരാണെങ്കിൽ എന്നും കാമോൽസുകരാണ്. മറ്റ് മൃഗങ്ങൾക്ക് ഒരു നിശ്ചിത
ഇടവേളകളിൽ മാത്രം ചെയ്യേണ്ടുന്ന കർമ്മം മാത്രമാണ് സെക്സ്. പ്രജനനകാലത്തു മാത്രം തലച്ചോറിൽ നുരയുന്ന
ഹോർമോണുകൾ നിയന്ത്രിക്കുന്ന വികാരവേലിയേറ്റങ്ങൾ ഇണയുമായി ചേരാൻ
നിർബ്ബന്ധിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് വളരാൻ
വേണ്ടിയുള്ള വിഭവങ്ങൾ ലഭ്യമാകുന്ന സമയത്താണ് മറ്റ് ജന്തുക്കൾ ഇണചേരുന്നത്. എന്നാൽ മനുഷ്യനു കുഞ്ഞിനെ വളർത്താൻ സമയം നോക്കേണ്ടതില്ല. ഒരു സമൂഹ ജീവി ആയതുകൊണ്ട് ശിശുസംരക്ഷണം മറ്റ് ജന്തുക്കളെ അപേക്ഷിച്ച് എളുപ്പമാണ്. കുഞ്ഞിനെ നോക്കാൻ മറ്റ് സ്ത്രീകൾ സഹായിക്കും ഭക്ഷണത്തിൽ വൈവിദ്ധ്യമുള്ളതുകൊണ്ട് അമ്മയ്ക്ക് പ്രസവശേഷം ദൗർലഭ്യം അനുഭിവിക്കണമെന്നില്ല. പക്ഷേ നീണ്ടകാലശൈശവം എന്നത് കുഞ്ഞിനു വെല്ലുവിളിയാണ്. എഴുനേറ്റുനിൽക്കാൻ പോലും വർഷങ്ങളെടുക്കും,സ്വന്തമായിട്ട് ആഹാരം കണ്ടുപിടിയ്ക്കാൻ സാദ്ധ്യത ഇല്ല. അതിജീവനം എളുപ്പമല്ലാത്ത നിസ്സഹായജീവി. നഷ്ടപ്പെടാൻ എളുപ്പമുള്ള ജീവൻ. അതുകൊണ്ട് പ്രസവശേഷം അടുത്ത മാസം തന്നെ അണ്ഡം ഉൽപ്പാദിക്കപ്പെടും. ഇങ്ങനെയൊക്കെ സൗകര്യങ്ങൾ നിജപ്പെടുത്തിക്കിട്ടുന്നതിനാൽ ഗർഭധാരണം എപ്പോഴും സാദ്ധ്യമാണ്, സാദ്ധ്യമാക്കേണ്ടതാണ്. ബീജധാരിയായ പുരുഷൻ അത് പകർന്നുകൊടുക്കാൻ എപ്പോഴും തയാറായി നിൽക്കുകയും വേണം.
പക്ഷേ മറ്റ് ജന്തുക്കളിൽ നിന്ന് തുലോം
വ്യത്യ്സ്തമായി ലൈംഗികവേഴ്ച്ചയും ഗർഭധാരണവും രണ്ടായി വേർപെടുത്തിയവരാണ് നമ്മൾ. അണ്ഡനിർമ്മിതിയുടെ
കാലത്ത് മാത്രം സെക്സ് എന്ന് നിശ്ചയിച്ചുറപ്പിച്ച സന്യാസിനികളാണ് മറ്റ്
ജന്തുകുലത്തിലെ പുണ്യാശ്രമങ്ങളിൽ വാഴുന്നത്. സുരതം എന്നത് പലപ്പോഴും ഒരു നീണ്ട
പ്രക്രിയയുമല്ല. ജന്തുക്കളിലും പക്ഷികളിലും പെൺ ജാതിയ്ക്ക് ഓർഗാസം ഉണ്ടോ എന്ന്
തന്നെ നിശ്ചയമില്ല. ഗർഭധാരണം എന്നത് വേണ്ടപ്പോൾ
മാത്രം എന്ന സ്വയംതീരുമാനം ഉറപ്പിച്ചെടുത്ത സ്പീഷീസ് ആണ് മനുഷ്യർ. ജൈവികതയ്ക്ക്
എതിരെ പൊരുതുന്നത് ശീലമാക്കിയിരിക്കുന്നു നമ്മൾ. വേദാന്തികൾക്ക് പിടികിട്ടാത്ത
മനോരഹസ്യമാണ് രതിയോടുള്ള ആസക്തി. പാപമാണെന്ന് മതപ്രബോധനങ്ങൾ. എന്തുകൊണ്ടാണ്
മനുഷ്യർ എപ്പോഴും ഈ പാപം ചെയ്തുകൊണ്ടിരിയ്ക്കുന്നത് എന്ന അർജ്ജുനന്റെ ചോദ്യത്തിനു വ്യക്തമായ
മറുപടി ഭഗവദ് ഗീതയിലെ കൃഷ്ണനും ഇല്ല. ‘അത്, പിന്നെ , അങ്ങിനെയാണ്..” എന്നരീതിയിൽ പറഞ്ഞൊഴിയുകയാണ് ഗീതാകാരൻ. “”ധൂമേനാവ്രിയതേ വഹ്നിർ...” എന്ന് തുടങ്ങുന്ന ശ്ലോകം മനുഷ്യനു മേൽ സദാ കാമം പൊതിഞ്ഞിരിക്കുന്നു എന്ന്
സമ്മതിയ്ക്കുകയാണ്.
പൂമ്പൊടി വിതറേണ്ട
മനുഷ്യന്റെ തലച്ചോർ പരിണാമം വേറേയാണ്, ജന്തുക്കളിലെപ്പോലെ അല്ലാതെ. നിരന്തരമായി മസ്തിഷ്ക്കത്തിലെ പ്രതിഫലകേന്ദ്രം (Reward center) ത്രസിപ്പിച്ചു നിറുത്താനുള്ള വഴികൾ തേടാൻ അവനറിയാം. ആഹാരം എന്നത് അതിജീവനത്തിനു വേണ്ടി എന്നതിൽ നിന്ന് മാറി രുചിയ്ക്ക് എന്ന നില കൈവന്നത് ഒരു ഉദാഹരണമാണ്. മറ്റ് ജന്തുക്കൾക്കില്ലാത്തപോലെ പല പല രുചികൾ അറിയാനുള്ള രസന കൽപ്പിച്ച് കിട്ടിയിട്ടുണ്ട് നമുക്ക്. അത്യാവശ്യം വേണ്ട ഊർജ്ജം ലഭിയ്ക്കാൻ മാത്രമാണ് ജന്തുക്കൾക്ക് ആഹാരം. രുചിയ്ക്ക് വേണ്ടി ആഹാരം കഴിയ്ക്കുന്നത് മനുഷ്യർ മാത്രമാണ്. ഇതു തന്നെയാണ് സെക്സിന്റെ കാര്യത്തിലും. അത് പ്രജനനത്തിനു അല്ല, ആഹ്ലാദത്തിനു വേണ്ടിയാണെന്ന് തീർപ്പുകൽപ്പിച്ചരവാണ് നമ്മൾ. ഗർഭനിരോധനം ആവശ്യമായി വന്നതിന്റെ ചരിത്രം ആയിരമായിരം വർഷങ്ങളിലേക്ക് പിന്നിലേക്ക് നീളുന്നു. കുടുംബം എന്ന കൃത്രിമ സംവിധാനം ഇതിനു വഴിത്തിരിവുകൾ നിർമ്മിച്ചു. എത്ര കുട്ടികൾ എന്നത് സമ്പത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടു. വേശ്യാവൃത്തി എന്ന സമാന്തരസംവിധാനം നിലവിൽ വന്നു. ഗർഭധാരണം ഒഴിവാക്കാനുള്ള തന്ത്രങ്ങൾ ഇതോടെ ആവിഷ്ക്കരിക്കപ്പെട്ടു, ആണും പെണ്ണും ഗർഭസാദ്ധ്യതകളില്ലാത്ത സുരതോൽസവത്തിനുള്ള പോം വഴികൾ തേടി. ഇന്നും അതേപടി നില നിൽക്കുന്നതാണിത്. പ്ലാസ്റ്റിക് എന്ന വസ്തു ശാസ്ത്രം കണ്ടുപിടിച്ച് സംഭാവന നൽകിയത് ഇത് എളുപ്പമാക്കി. കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന കന്മദപ്പൂവിൽ പൂമ്പൊടി പറ്റാതെ സൂക്ഷിക്കുകയാണ് വേണ്ടതത്രെ. “ലൂപ്” നിക്ഷേപം പണ്ട് കേരളത്തിൽ വ്യാപിച്ചത് ചിലരെങ്കിലും ഓർമ്മിയ്ക്കുന്നുണ്ടായിരിക്കണം. കട്ടി കുറഞ്ഞതും എന്നാൽ ഈടും ബലവുമുള്ള പ്ലാസ്റ്റിക് തന്നെ ഉചിതം, ബീജങ്ങൾ യോനിയിൽ നിക്ഷേപിക്കപ്പെടാതിരിക്കാനുള്ള എളുപ്പവേല. മില്ല്യൺ കണക്കിനു പതിപ്പുകളാക്കിയ സ്വന്തം ക്രോമസോമുകളെ നിഷ്ക്കരുണം ത്യജിക്കുന്നതിന്റെ വില തലച്ചോറിലെ പ്രതിഫലകേന്ദ്രത്തിനു തീറെഴുതപ്പെടുന്നു. മനുഷ്യസംസ്കാരത്തിന്റെ ഇന്നത്തെ അവിഭാജ്യഘടകങ്ങളിൽ ഒന്ന് നേർമ്മയുള്ള പ്ലാസ്റ്റിക് സ്തരങ്ങളാണ്. പരിണാമനിയമത്തെ വെല്ലുവിളിയ്ക്കുന്നതുകൊണ്ടായിരിക്കണം ക്രയവിക്രയങ്ങൾ നാണക്കേടെന്ന വിധം ഗോപ്യമാണ്.
പ്രായപൂർത്തിയാവവർക്കാണ് ലൈംഗികവേഴ്ച്ചാസ്വാതന്ത്ര്യം സമൂഹം കൽപ്പിച്ചരുളുന്നത്. കല്യാണം കഴിച്ചവർക്ക് കൂടുതലും. ഏകദേശം 12ഓ 13ഓ വയസ്സിൽ ലൈംഗികപ്രായപൂർത്തി സംഭവിക്കുന്ന മനുഷ്യരിൽ ഏറെക്കാലം ഈ പ്രാഥമിക ചോദന പിടിച്ചു കെട്ടി വയ്ക്കണമെന്നാണ് നടപ്പു നിയമങ്ങൾ. ഇത് ജന്തുസഹജമായ ഫിസിയോളജിയ്ക്ക് നേരേ വിപരീതമാണ്. എല്ലാ ജീവികൾക്കും ഇണചേരാൻ പ്രാപ്തിയായൽ പിന്നീട് അതിനു മുടക്കമില്ല. ആധുനികമനുഷ്യർ കൗമാരക്കാരിൽ വൻ സംഘർഷം വച്ചുകൊടുക്കുന്നവരാണ്.പരിണാമനിയമത്തെ പിൻ തുടരുന്നതിനു ഇത്രമാത്രം ശിക്ഷ കിട്ടുന്ന മറ്റൊരു ജന്തുവുമില്ല. ഗർഭധാരണനിയന്ത്രണവും വേശ്യാസംഗമവും പ്രായത്തിന്റെ ആനുകൂല്യം എന്ന വിചിത്രവ്യവസ്ഥയിൽ ഒരു വിഭാഗം ആൾക്കാരുടെ മാത്രം സൗഭാഗ്യം ആക്കിത്തീർക്കുന്ന നീതിരാഹിത്യം കണ്ടില്ല എന്ന് നടിയ്ക്കാൻ നിർബ്ബന്ധിക്കപ്പെട്ടവരുടെ ലോകം തന്നെ ഇത്.
കൗമാര കാലത്തെ സെക്സ് എന്ന സത്യം
സംസ്കാരത്തിലും സമൂഹനീതികളിലും വന്ന മാറ്റങ്ങൾ
കൗമാരക്കാർക്ക് കൂടുതൽ തുറസ്സുകൾ സൃഷ്ടിയ്ക്കുന്നു. ആൺ-പെൺ ഇടപഴകലുകൾ എളുപ്പവും
വ്യാപകവുമായിട്ടുണ്ട്, ഇത് പടിഞ്ഞാറൻ
സംസ്കാരത്തിന്റെ കടന്നുകയറ്റമാണെന്ന് ആവലാതിപ്പെടുന്നത് വിഡ്ഡിത്തമാർന്ന
മറയാണെന്ന് നമ്മൾ അറിയാത്തതല്ല. “കുമാരീകുമാരന്മാരുടെ പ്രശ്നങ്ങൾ” എന്ന ലേഖനപരമ്പര എഴുതുന്നവരും അവരെ എങ്ങനെ ഒതുക്കിനിറുത്താം
എന്ന പ്രഛന്നതന്ത്രങ്ങൾ മെനയുന്നവരാണ്. ഇന്ന് ‘അനധികൃത’ ഗർഭധാരണങ്ങൾ കൂടിക്കൊണ്ടിരിക്കയാണ്. അമേരിക്കയിലെ
കണക്കനുസരിച്ച് 75% ആവശ്യമില്ലാത്ത ഗർഭധാരണങ്ങൾ 15 -20 വയസ്സുവരെയുള്ള
പെൺകുട്ടികളിലാണ് സംഭവിക്കുന്നത്. ലൈംഗികവേഴ്ച്ച വഴി പകരുന്ന അസുഖങ്ങൾ, പ്രത്യേകിച്ചും എഛ് ഐ വി (എയിഡ്സ് രോഗകാരിയായ വൈറസ്) ബാധ
മൂന്നിലൊന്ന് ഭാഗം15-24 വയസ്സുവരെ ഉള്ളവരിലാണ് കാണപ്പെടുന്നത്.
മറ്റ് ലൈംഗികവേഴ്ച്ചാ അസുഖങ്ങളും ഇതേ തോതിലാണ്. ഇൻഡ്യയിൽ നിന്നുള്ള കണക്കുകൾ ലഭ്യമല്ല എന്നത് ഇൻഡ്യയിൽ ഇത്തരം പ്രശ്നങ്ങളേ ഇല്ലാത്തതിനാലാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ടീൻ ഏജ് ഗർഭധാരണത്തെക്കുറിച്ചുള്ള പത്രവാർത്തകൾ ശ്രദ്ധിച്ചാൽ മതി. ഇത്തരം കാര്യങ്ങൾ ഗോപ്യമായി വയ്ക്കുന്നതും ഇൻഡ്യയിലെ സ്ഥിവിവരക്കണക്കുകളെ ബാധിയ്ക്കുന്നുണ്ട്. കൗമാരക്കാരുടെ ലൈംഗികപ്രശ്നങ്ങൾ ഇന്ന് ലോകത്ത് എവിടെയും ഗൗരവമായി ചർച്ചചെയ്യപ്പെടുകയും പഠിയ്ക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. Journal of Adolescent Health എന്നൊരു ശാസ്ത്രമാസിക തന്നെയുണ്ട്. “കൗമാരാരോഗ്യ സൊസൈറ്റി” ( Society for Adolescent Health and Medicine) യുടേതാണ് ഈ ശാസ്ത്ര ജേണൽ.
കൗമാരക്കാരുടെ പ്രശ്നങ്ങൾ ‘പ്രായദോഷം’ എന്ന വകുപ്പിൽപ്പെടുത്തി തള്ളിക്കളയണമെന്നാണ് ഭാരതീയ പാരമ്പര്യനിയമങ്ങൾ അനുശാസിക്കുന്നത്. മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള പ്രാപ്തി അവരെ താന്തോന്നികളും ധിക്കാരികളും നിഷേധികളുമായി കണക്കാക്കാൻ ഉപയോഗിക്കുകയാണ് പതിവ്. ലൈംഗികത എന്ന പുതുമ കൗമാരക്കാർക്ക് ചില അന്ധാളിപ്പ് സമ്മാനിക്കുന്നുണ്ട്. ശരീരത്തിലും ഫിസിയോളജിയിലും വരുന്ന മാറ്റങ്ങൾ അവരുടെ മാനസികനിലയിലും സംഘർഷങ്ങൾ സൃഷ്ടിയ്ക്കുന്നു എന്ന് മനസ്സിലാക്കിയെടുക്കാൻ മുതിർന്നവർ തയാറാകുന്നില്ല എന്നതത്രേ സത്യം. കൗമാരാരോഗ്യം (adolescent health) ശ്രദ്ധിക്കപ്പെടേണ്ടതാണ്, ഭാവിപൗരരുടെ മാനസിക/ശാരീരിക ആരോഗ്യത്തിന്റെ അടിസ്ഥാനവുമാണ്.
കോണ്ഡം പ്രായപൂർത്തിയായവരുടെ മാത്രം
സ്വകാര്യസ്വത്ത് ആയിരിക്കണമെന്നാണ് പൊതു ബോധം. ഫിസിയോളജി അനുസരിച്ച്
കാമോൽസുകനാകുന്ന പയ്യനു
ഇത് കിട്ടാൻ പാടില്ല എന്ന കടും പിടിത്തത്തിലാണ്
സമൂഹം. സുരതം കുടുംബവ്യവസ്ഥയ്ക്ക് പുറത്തേയ്ക്ക് കടത്തിയവർക്ക് കൗമാരക്കാരുടെ ചോദനയെക്കുറിച്ച്
തീരുമാനങ്ങളൊന്നുമില്ല. എന്നാൽ പുരുഷനു, വിവാഹം കഴിച്ചവൻ ആണെങ്കിലും
കിളിന്തു പെൺകുട്ടികളെ ആണ് കാമപൂർത്തിയ്ക്ക് വേണ്ടത് എന്നത് കിളിരൂർ, സൂര്യനെല്ലി, പൂവരണി കേസുകൾ
കൃത്യമായി പറഞ്ഞു തരുന്നുണ്ട്.
കൗമാരലൈംഗികതയെ അതിന്റെ എല്ലാ സ്വാഭാവികതകളോടും
കൂടി അംഗീകരിക്കാൻ കുട്ടികളെ തയാറാക്കാനുള്ള പദ്ധതികൾ ലോകത്ത് എമ്പാടും, പ്രത്യേകിച്ചും പടിഞ്ഞാറൻ രാജ്യങ്ങളിൽ തയാറാക്കപ്പെട്ട്
വരുന്നുണ്ട്. സ്കൂളുകൾ കേന്ദ്രീ കരിച്ചാണ് ആവിഷ്ക്കാരങ്ങളൊക്കെ. ലൈംഗികതയുടെ
സ്വാഭാവികതയും ശാരീരിക/മാനസിക മാറ്റങ്ങളെ ഉൾക്കൊള്ളേണ്ട തന്ത്രങ്ങളും
വെളിവാക്കുകയും ആൺ-പെൺ ബന്ധങ്ങളെക്കുറിച്ച്
ബോധവൽക്കരിക്കുകയുമാണ് പ്രഥമോദ്ദേശം. ലൈംഗികവേഴ്ച്ചയെക്കുറിച്ച് ശാസ്ത്രീയമായ അറിവ്
നൽകുക, വേഴ്ച്ചയിൽക്കൂടി പകരുന്ന
അസുഖങ്ങളെപ്പറ്റി പ്രാഥമിക വിവരങ്ങൾ ധരിപ്പിക്കുക, സ്വന്തം ആരോഗ്യസംബന്ധിയായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ പരിശീലനം നൽകുക ഇവയൊക്കെ
സ്കൂൾ പാഠ്യപദ്ധതിയിൽ പെടും. ഇത്തരം പരിചയങ്ങൾ സ്കൂളിൽ നിന്ന് തന്നെ
ലഭിയ്ക്കുന്നതിനാൽ ആദ്യത്തെ ലൈംഗികവേഴ്ച്ച താമസിപ്പിക്കാനും പലരുമായി
ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള സാദ്ധ്യത്യ കുറയ്ക്കുവാനും സുരക്ഷിതമായ വേഴ്ച്ചയെക്കുറിച്ച്
ബോദ്ധ്യമുള്ളവരാകാനും പ്രാപ്തരാകുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്
ആർജ്ജിക്കാൻ സാദ്ധ്യതയേറുമെന്നൊക്കെ തെളിയിക്കപ്പെട്ടിട്ടുണ്ട്. പലേ
മാദ്ധ്യമങ്ങളിൽ നിന്നും തെറ്റായവിവരങ്ങൾ വിദ്യാർത്ഥികൾ ഉൾക്കൊള്ളാൻ
സാദ്ധ്യതയുള്ളതിനാൽ സ്കൂൾ കരിക്കുലത്തിന്റെ ഭാഗമായിട്ടുള്ള ഒരു പാഠ്യപദ്ധതി എന്ന
നിലയ്ക്കാണ് ആവിഷ്ക്കാരം.വിദ്യാർത്ഥികളിൽ എഛ് ഐ വി ബാധ പകരുന്നത് ഗണ്യമായി കുറയ്ക്കാൻ
സാധിച്ചിട്ടുണ്ട് എന്നത് തെളിവായി വിദിതമാക്കപ്പെടുന്നു. .
ആരോഗ്യപരിപാലനകാര്യത്തിൽ കണക്കെടുപ്പുകൾ വ്യക്തവും
കൃത്യവുമായി നിർവ്വഹിക്കപ്പെടുന്ന രാജ്യമാണ് അമേരിക്ക. 2019 ഇലെ കണക്കുകൾ
സൂചിപ്പിക്കുന്നത് ഹൈസ്കൂൾ തലത്തിൽ 38% കുട്ടികൾ ലൈംഗികവേഴ്ച്ചയിൽ ഒരു തവണ
എങ്കിലും ഏർപ്പെട്ടവരാണെന്നാണ്. അതിൽ 54% കോണ്ഡം ഉപയോഗിച്ചിട്ടുണ്ട്. 2018 ഇൽ 15 ഇനും 19 ഇനും ഇടയ്ക്ക് പ്രായമുള്ള
പെൺകുട്ടികൾ മാത്രം 180,000 കുഞ്ഞുങ്ങളെ
പ്രസവിച്ചിട്ടുണ്ട്. ഇതിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സ്കൂളുകൾ ഊർജ്ജിതമായി
പ്രവർത്തിച്ചു വരികയാണ്.
Condom ന്റെ പ്രസക്തി സ്കൂളുകളിൽ
അമേരിക്കയിലെ ഏഴ് പ്രശസ്ത ആശുപത്രികളും ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയും ചേർന്ന് നടത്തിയ ഒരു പഠന റിപോർട് ഇത്തരുണത്തിൽ വളരെ സംഗതമാണ്. സ്കൂളുകളിൽ കോണ്ഡം ലഭ്യമാക്കുന്നതിന്റെ പ്രായോഗിക മെച്ചങ്ങളാണ് പ്രമേയം. പല രാജ്യങ്ങളിലേയും സ്കൂളുകളിൽ പ്രാവർത്തികമാക്കിയ കോണ്ഡം വിതരണ പദ്ധതികളെ വിശദമായി പഠിച്ച ശേഷം നടത്തിയ അനുമാനങ്ങൾ Journal of Adolescent Health ഇൽ പ്രസിദ്ധീകരിച്ചതാണിത്. ഗർഭനിരോധന ഉറ വിതരണത്തിന്റെ കാര്യസാദ്ധ്യതകളും ഫലപ്രദാനത്വവും, കൗമാരക്കാരിൽ ഇത് ഉപയോഗിക്കപ്പെടാനുള്ള പ്രതിസന്ധികൾ, സ്കൂളുകളിലെ കോണ്ഡം ലഭ്യതയും ആഗോള സമീപനവും എന്നീ കാര്യങ്ങളാണ് വിശദമായി പഠിയ്ക്കപ്പെട്ടത്. എഛ് ഐ വി പകർച്ച 80 ശതമാനത്തോളം കുറയുകയും ഗോണോറിയ, ക്ലമൈഡിയ എന്നിവയുടെ സംഭാവ്യകതയിൽ നിപാതം കാണപ്പെടുകയും ചെയ്തു. മാത്രമല്ല, ഹെർപിസ് ,സിഫിലിസ്, പാപിലോമ വൈറസ് എന്നിവയുടെ സംക്രമണത്തേയും ചെറുത്തു കോണ്ഡം ഉപയോഗം. ആകസ്മികമോ യാദൃശ്ചികമോ ആയ ഗർഭധാരണത്തിൽ വലിയ കുറവാണ് കാണപ്പെട്ടത്. കോണ്ഡം ഉപയോഗത്തിന്റെ സാദ്ധ്യതകൾ കുറച്ചേക്കാവുന്ന സാഹചര്യങ്ങളും പഠിക്കപ്പെട്ടിട്ടുണ്ട്. ലഭ്യത തന്നെയാണ് പ്രധാന കടമ്പ എന്നും തെളിഞ്ഞിട്ടുണ്ട്. കടയിൽ നിന്ന് വാങ്ങാനുള്ള ജാള്യതയ്ക്കും ഒരു പങ്കുണ്ട് ഉറ ഉപയോഗിക്കാതിരിക്കുന്നതിൽ. അത് വാങ്ങാനുള്ള പണം കയ്യിലില്ലാതെ വരുന്നത് മറ്റൊരു തടസ്സം. ഇതിനെല്ലാം പ്രതിവിധി സ്കൂളിൽത്തന്നെ ഉറ വിതരണം ചെയ്യുകയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്കൽ പഠനങ്ങളും തെളിയിച്ചത്.
യഥേഷ്ടം കോണ്ഡം ലഭ്യമാക്കുന്നത് ക്രമരഹിതവും അടക്കമില്ലാത്തതുമായ ലൈംഗികവേഴ്ച്ചയ്ക്ക് കാരണമാകും എന്നതാണ് ഈ പദ്ധതിയെ പ്രതികൂലിയ്ക്കുന്നവരുടെ പ്രധാന ആരോപണം. എന്നാൽ പഠനങ്ങൾ തെളിയിച്ചത് ഇങ്ങനെയൊരു സാദ്ധ്യത ഉളവാകുന്നതേ ഇല്ല എന്നാണ്. പ്രത്യുത, പലേ പഠനങ്ങളും തെളിയിക്കുന്നത് കോണ്ഡം ലഭ്യതാപദ്ധതികൾ ലൈംഗികവേഴ്ച്ചയിൽ കുറവ് ഉളവാക്കുന്നു, ആദ്യവേഴ്ച്ചയിൽ കാലതാമസം ഉണ്ടാക്കുന്നു എന്നൊക്കെയാണ്.
എന്നാൽ മാദ്ധ്യമങ്ങൾ, ഭരണകൂടങ്ങൾ, സ്കൂൾ ഭരണസമിതികൾ ഒക്കെ ഇത്തരം ആലോചനകളെ തർക്കവിഷയമെന്നവണ്ണമാണ് നോക്കിക്കാണുന്നതെന്നത് വിസ്മരിക്കാവതല്ല.എങ്കിലും സ്കൂളുകൾ തന്നെയാണ് ഇതിനു അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിയ്ക്കുന്നത് എന്നത് സാമൂഹ്യപഠിതാക്കൾ നിർദ്ദേശിച്ചു വരുന്നുണ്ട്. കൗമാരക്കാരെ സ്വാധീനിക്കാൻ പറ്റിയ ഇടം സ്കൂളുകൾ തന്നെയാണ് എന്ന പരമാർത്ഥം അന്യമല്ല. മാതാപിതാക്കൾക്ക് സ്കൂൾ വഴിയുള്ള നിബന്ധനകളും നിർദ്ദേശങ്ങളും കൂടുതൽ സ്വീകാര്യമാണു താനും. മാത്രമല്ല പൊതുജനത്തിന്റെ സമ്മതി സ്കൂൾ പദ്ധതികൾക്ക് എളുപ്പം ലഭിയ്ക്കാവുന്നതുമാണ്. വിദ്യാഭ്യാസവിചക്ഷണരുടെ തീരുമാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വശംവദമാകുന്ന പദ്ധതി യാണിത് എന്ന സത്യം ഈ സ്വീകാര്യതയ്ക്ക് പിന്നിലുണ്ട്. ലൈംഗികത എന്നത് സമൂഹപരമായ ചോദനയണെന്ന് വിദ്യാർത്ഥികൾക്ക് ബോദ്ധ്യപ്പെടാൻ സ്കൂൾ പരിസരം തന്നെ സഹായകം.
കൗമാരാരോഗ്യ സൊസൈറ്റി ഉറപ്പിയ്ക്കുന്ന നിലപാടുകൾ
1. സെക്കൻഡറി
സ്കൂളുകളിൽ കോണ്ഡം സൗജന്യമായി ലഭ്യമാക്കേണ്ടതാണ്.
2. തടസ്സങ്ങളില്ലാതെ
ലഭ്യമാക്കാൻ തക്കവണ്ണമുള്ള ഇടങ്ങളിലാണ് അവ സ്ഥാനപ്പെടുത്തേണ്ടത്. സ്കൂളിലെ ഹെൽത് ക്ലിനിക്കിൽ, നേഴ്സിന്റെ ഓഫീസിൽ, ശുചിമുറികളിൽ
എന്നിങ്ങനെ.
3. കോണ്ഡം ലഭ്യതാപദ്ധതികളോടൊപ്പം
അറിവും പരിശീലനവും വിദ്യാർത്ഥികൾക്ക് കിട്ടുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
പക്ഷേ ഇതിനു വേണ്ടി കാത്തു നിൽക്കേണ്ടതില്ല.
4. ആരോഗ്യപരിപാലനപ്രവർത്തകർ പ്രാദേശിക അധികാരികളെ ഉചിതമാംവണ്ണം ബോദ്ധ്യപ്പെടുത്തേണ്ടതാണ് സ്കൂളുകളിൽ ഉറകൾ ലഭ്യമാക്കുന്നതിനെപ്പറ്റി. അതിനുവേണ്ട നിയമനിർമ്മാണവും പോളിസി തീരുമാനങ്ങളും നടപ്പിലാക്കാൻ നിർദ്ദേശിക്കേണ്ടതുമാണ്.
വിദ്യാർത്ഥികളുടെ ശാരീരിക/മാനസികാരോഗ്യം അവരുടെ അക്കാദമിക വിജയങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്നുള്ളത് ആവർത്തിക്കേണ്ട കാര്യമില്ല. സ്കൂളുകളിലെ ഈ പരിശീലനം പിൽക്കാലത്തെ ജീവിതരീതിയ്ക്ക് ആരോഗ്യപരമായ അടിത്തറ ഇടുകയാണെന്നും കണക്കുകൂട്ടലുകൾ ഉണ്ട്. എച് ഐ വി പോലത്തെ ലൈംഗികപകർച്ചാ അസുഖങ്ങൾ സമൂഹത്തിൽ പടരാതിരിക്കാനുള്ള മുൻകൂർ സംവിധാനം എന്നും കരുതാം എന്നാണ് ആരോഗ്യപരിപാലനാധികാരികളുടെ പ്രമാണം.
References:
1.
Brakman A., Borzutzky C., Carey, S., Kang M., Mullins T.
K.,Peter N., Shafii T. and Straub D. M. Condom availability in schools: A
practical approach to the prevention of sexually transmitted infection/HIV and
unintended pregnancy. J Adolesc. Health
60: 754-757 2017
2.
Mueller T. E.,
Gavin L. E., Kulakarni A. The association between sex education and youth’s
engagement in sexual intercourse, age at first intercourse and birth control
use at first sex. J Adolesc. Health 42:89096, 20008
3.
Kirby D.,
Brener N. D., Brown N. L., N., , P.
and The impact of condom availability
[correction of distribution] in
4.
Charania M. R.,
Crepaz N., Guenther-Gray C., Henny K., Liau A., Willis L. A.
and Lyles C. M . Efficacy of structural level condom
distribution interventions: A meta-analysis of US and international
studies.1998-20007. AIDS Behav.
15:1283-1297 2011
1 comment:
നമ്മുടെ സ്ക്കൂളുകളിൽ എന്നാണിതൊക്കെ വരാൻ പോകുന്നത്.? ലേഖനം നന്നായി. സന്തോഷം.
Post a Comment