Thursday, February 29, 2024

മണിച്ചിത്രത്താഴ്-പെൺകാമനാധ്വംസനത്തിൻ്റെ ആഘോഷത്തിനു മുപ്പതു വയസ്സ്

 

         മുപ്പത് വർഷങ്ങൾക്കു മുൻപ്,1993 ഡിസംബർ അവസാനം പ്രേക്ഷകരാൽ വൻ തോതിൽ ആകർഷിക്കപ്പെട്ട സിനിമ ഇന്നും തിയേറ്ററുകളിൽ പ്രദർശിപ്പിച്ചാൽ നിറഞ്ഞ സദസ്സ് കയ്യടികളോടെ ഏറ്റുവാങ്ങപ്പെടുന്നു എന്നതാണ് മണിച്ചിത്രത്താഴിൻ്റെ സവിശേഷത. ഒരുതലമുറയ്ക്കിപ്പുറം ഉള്ളവരേയും ആഹ്ളാദിപ്പിക്കാൻ ഉള്ള ചേരുവകളാണ് ഉൾച്ചേർക്കപ്പെട്ടിരിക്കുന്നത്, പക്ഷേ ഉപരിപ്ളവമായ മനോരഞ്ജകവിലാസങ്ങൾക്കപ്പുറത്തേയ്ക്ക് കണ്ണുപായിക്കാൻ ഇടം കൊടുക്കുന്നില്ല എന്നതു കൊണ്ട് വിഷലിപ്തമായ മനോഭാവങ്ങളും അപകടകരമായ സമൂഹസന്ദേശങ്ങളും അവഗണിക്കപ്പെടുകയും അത് പ്രേക്ഷകർ സാരമായി കണക്കാക്കേണ്ടിതല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുണ്ട് ഈ സിനിമ. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും  അഗ്നിപരീക്ഷ നടത്തി അതിവിശുദ്ധി പ്രഖ്യാപിക്കപ്പെട്ട ഭാര്യയെ  സർവ്വഗുണസമ്പന്നനായ ഭർത്താവ് അയാളുടെ സൗജന്യമെന്നപോലെ മാറോടണയ്ക്കുന്നതു കണ്ട്  നിർവൃതിയടയുകേ വേണ്ടൂ എന്ന നിഷ്ക്കർഷയോടെയാണ് സിനിമ അവസാനിക്കുന്നത്. ഈ പ്രമേയം എളുപ്പം സ്വീകരിക്കപ്പെടും എന്ന് പുരാണങ്ങൾ തന്നെ തെളിയിച്ചിട്ടുമുണ്ട്. 

    കുടുംബവ്യവസ്ഥ പ്രത്യേകിച്ചും ആണധികാരങ്ങൾ കടുത്ത ആഘാതങ്ങൾ ഏൽപ്പിക്കപ്പെട്ടവളാണ് ഗംഗ. തീരെ ചെറുപ്പത്തിലെ അവൾക്ക് ഇത് അനുഭവിക്കേണ്ടി വന്നതാണ് അവളുടെ പിൽക്കാലത്തെ മാനസികപ്രശ്നത്തിനാധാരം എന്ന് ഡോക്റ്റർ സണ്ണി ആണയിടുന്നുണ്ട്. പക്ഷേ ഇത് അവളുടെ കുറ്റമായിക്കണ്ട് കടുത്ത ആഭിചാരപ്രക്രിയയ്ക്ക് വശംവദയാകേണ്ടവാളെന്ന് തീരുമാനിക്കുന്നതും ആൺ അധികാരങ്ങളുടെ ഗർവ്വ് തന്നെയാണ്. കുടുംബാധികാരങ്ങൾ അവളുടെ മാനസികനിലയ്ക്ക് പുല്ലുവില കൽപ്പിച്ച് വ്യവസ്ഥയോട് പൊരുത്തപ്പെടാൻ ബലം പ്രയോഗിച്ചേക്കാം. കാടൻ അന്ധവിശ്വാസങ്ങളുടെ ഭേദ്യങ്ങൾ ഇതിൽ ഉൾപ്പെട്ടാൽ അത് അവളുടെ മാനസികാപഭ്രംശങ്ങൾക്കുള്ള ശിക്ഷയാണ്. അത് അവൾ അർഹിക്കുന്നതാണ്. പ്രേക്ഷകരിൽ ഒരു വൻ ശതമാനവും മോഹൻ ലാലിൻ്റെ സ്ഥിരം മാനറിസം കലർന്ന തമാശകൾ ആസ്വദിക്കാനെത്തുന്നവരാണെങ്കിലും കഥാതന്തുവിലെ സ്ത്രീവിരുദ്ധത ആൺ സൈക്കിനെ തൃപ്തിപ്പെടുത്തുന്നുണ്ടാവണം. 

   സ്വന്തം ഭർത്താവിനെ കൊല്ലാനാണത്രെ നാഗവല്ലി ആയി മാറുന്ന ഗംഗയുടെ മോഹം. നാഗവല്ലിയ്ക്ക് ആവേശിക്കാൻ ശ്രീദേവി ഉൾപ്പെടെ മറ്റ് സ്ത്രീകൾ മാടമ്പള്ളിയിൽ ഉള്ള പ്പോൾ എന്തുകൊണ്ട് ഗംഗയെത്തന്നെ തെരഞ്ഞെടുത്തു എന്നത് അവൾ ഒരുമ്പെട്ടവൾ ആണെന്നുള്ളതുകൊണ്ടു തന്നെയാണ്.  സിനിമയിലെ പുരാണകെട്ടുകഥകളുമായി അവളുടെ സ്വഭാവവിശേഷങ്ങൾ ഒത്തുപോകുന്നു എന്നതുകൊണ്ടാണ്. ഒരു സംരക്ഷൻ/അധികാരി ഉള്ളപ്പോൾ മറ്റൊരുത്തനോട് അടുപ്പം തോന്നുന്നവൾ. അവൾക്ക് വായന എന്ന ദോഷമുണ്ട്, എഴുത്തുകാരോട് ആരാധന കലർന്ന ഊഷ്മളവികാരങ്ങൾ ഉണ്ട്. 

    ക്ഷയോന്മുഖവും ദുഷിച്ചതുമായ ആണധികാരങ്ങളുടെ കുടീരമാണ് മാടമ്പള്ളിത്തറവാട്. അന്ധവിശ്വാസങ്ങൾ കൊണ്ട് മാത്രം നീതിവ്യവസ്ഥകൾ സൃഷ്ടിക്കപ്പെടുന്ന ഇടം,  പുരുഷമേധാവിത്തത്തിൻ്റെ കെടുനീതികൾ ഇതു വഴി നടപ്പാക്കാനാള്ള ഇടം. ഇൻഡ്യൻ ആണത്തത്തിൻ്റെ സ്വരൂപവിധിയാണ് ആ കൊട്ടാരസദൃശ്യമായ വീട്. ശ്രീദേവി നകുലൻ്റെ മുറപ്പെണ്ണാണ്. മുറപ്പെണ്ണിനെ നകുലൻ  കല്യാണം കഴിക്കാത്തതിൽ അവളുടെ അച്ഛൻ തമ്പിയ്ക്ക് നീരസമുണ്ട്. സിനിമയുടെ ആദ്യം തന്നെ ഇത് വ്യക്തമാക്കപ്പെടുന്നുണ്ട്. ശ്രീദേവിക്ക് ചൊവ്വാദോഷം ഉണ്ടെങ്കിലും നകുലൻ്റെ ജാതകവുമായി വളരേ ഒത്തു പോയിരുന്നുവത്രെ. മരുമക്കത്തായം തകർന്നടിഞ്ഞതും അടുത്ത രക്തബന്ധമുള്ളവരുമായിട്ടുള്ള ബാന്ധവം ജൈവികമായി തെറ്റാണെന്നും  1993 ഇൽപ്പോലും അറിയാത്ത പാവങ്ങളാണ് മാടമ്പള്ളിത്തറവാട് മൊത്തം. അവളെ  കല്യാണം കഴിച്ച ആൾ അവളെ വിട്ടുപോകയാണുണ്ടായത്. ചൊവ്വാദോഷക്കാരിയുടെ പാപഭാരം. അവൾക്ക് മറ്റൊരു കല്യാണം നടത്താനോ ജോലി തരപ്പെടുത്താനോ ഉൽസുകരല്ല ബന്ധുക്കൾ. ഇത്തരം അധീശങ്ങൾക്ക് വെല്ലുവിളിയായിട്ടാണ് ഗംഗ അവിടെ പ്രത്യക്ഷപ്പെടുന്നത്. പരിഷ്ക്കാരിപ്പെണ്ണ് എന്ന് തമ്പിയമ്മാവൻ അവളെ വിളിയ്ക്കുന്നുണ്ട്. സ്ത്രീകൾക്ക് ഉദ്യോഗം വഹിക്കാനുള്ള പ്രാപ്തി ഇല്ലെന്ന് വിശ്വസിക്കുന്നവരായിരിക്കണം  മാടമ്പള്ളി ആണുങ്ങൾ. ശ്രീദേവിക്കോ ഗംഗയ്ക്കോ ജോലിയില്ല. കോളേജിൽ പഠിയ്ക്കുന്ന അല്ലിയേയും ആ വഴി തിരിച്ചു വിടാൻ പദ്ധതിയൊന്നുമില്ല, കല്യാണം കഴിപ്പിച്ച് അയക്കുകയാണ്. ഗംഗ എത്തപ്പെടുന്നത് ഇങ്ങനെ വളരെ പഴകിയ മാടമ്പിത്തരങ്ങളുടെ ഇടയിലേക്കാണ്. കൽക്കട്ടയിൽ വളർന്ന, വായനാശീലമുള്ള അവൾക്ക് ഒട്ടും യോജിച്ച ഒരു ഇടം അല്ല മാടമ്പള്ളി, ആദ്യം അവിടത്തെ നിശബ്ദത അവളെ ആകർഷിക്കുന്നുണ്ട് എങ്കിലും .ഒരു നർത്തകനോട് മമത തോന്നിയാൽ അവൾക്ക് മരണമാണ് അവിടത്തെ ശങ്കരൻ തമ്പിമാർ വിധിയ്ക്കുന്നത്. അതേ നീതി 1993 ഇലും പിന്തുടരണമെന്ന് ശാഠ്യപ്പെടുന്ന ആണുങ്ങളാണ് അവിടെ നിലപാടുറപ്പിച്ചിട്ടുള്ളത്. സ്ത്രീകൾ ഒരിക്കലും പ്രവേശിക്കരുതാത്ത തെക്കിനി സംഗീതത്തിൻ്റേയും നൃത്തത്തിൻ്റേയും സങ്കേതമാണ്. അതൊന്നും കുലസ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതല്ല. 

 കലാഹൃദയമുള്ള നാഗവല്ലി, വായനക്കാരിയായ ഗംഗ, നിഷ്ഗ്ഗുണനായ നകുലൻ 

    നാഗവല്ലി തഞ്ചാവൂർക്കാരിയായ നർത്തകിയാണ്, വെറും മാടമ്പിയായ ശങ്കരൻ തമ്പിയേക്കാൾ അവൾക്ക്  ഇഷ്ടം തോന്നിയത് സ്വാഭാവികമായും നർത്തകനായ രാമനാഥനെയാണ്. അയൽവാസിയാണു താനും അയാൾ. അതിൻ്റെപേരിൽ ആണ് അവൾ കൊല ചെയ്യപ്പെട്ടത്. പ്രതികാരദാഹിയായി അവളുടെ ആത്മാവ് ചുറ്റിപ്പറ്റി നടക്കുന്നതുകൊണ്ട് തറവാട്ടിൽ വിനാശങ്ങൾ ഏറെയാണ്. ആണുങ്ങളാണ് അവളുടെ ലക്ഷ്യം. അവളെ നിഷ്ഠൂരം കൊല ചെയ്ത ശങ്കരൻ തമ്പിയ്ക്ക് കുറ്റങ്ങളൊന്നുമില്ല. ഗംഗ വായനക്കാരിയാണ്, ധാരാളം പുസ്തകങ്ങളുമായാണ് അവൾ എത്തിയിരിക്കുന്നത്. രണ്ടാം നിലയിലെ തെക്കിനി അവൾ തുറന്നത് തന്നെ പുസ്തകങ്ങൾ അടുക്കും ചിട്ടയുമായി വെയ്ക്കാൻ ഒരു ഇടത്തിനു വേണ്ടിയാണ്. തീർച്ചയായും അവൾ ടാഗോറിൻ്റെ പ്രേമഗീതകങ്ങൾ ഹൃദിസ്ഥമാക്കിയിട്ടുണ്ടാവണം, മനസ്സിൻ്റെ ചായ്വുകളെപ്പറ്റി ബോധവതി ആയിരിക്കണം. ഉറങ്ങുന്നതിനു മുൻപും പുസ്തകം വായിക്കുന്നതാണ് പതിവെന്ന് സിനിമ സൂചിപ്പിക്കുന്നു. മഹാദേവൻ്റെ കാവൂട്ട്വായിച്ച്, കിടക്കയിൽ അരികിൽ വെച്ച് അതിനടുത്ത് കിടക്കുന്നുണ്ട് അവൾ. അത്രയുമുണ്ട് അവൾക്ക് വായനയോടുള്ള കമ്പം. ഇങ്ങനെ താൽപ്പര്യമുള്ള ആളൊന്നുമല്ല നകുലൻ. അയാൾ രാത്രി വൈകിയും ബിസിനെസ് കണക്ക് എഴുതുകയും കമ്പ്യൂട്ടറിൽ അനുബന്ധ ജോലികൾ ചെയ്യുകയുമാണ്. രാത്രി ഉറങ്ങുന്നത് ഗംഗ അറിയാതെ ആയിരിക്കാം. നകുലേട്ടൻ ഉറങ്ങാൻ വരുമ്പോൾ എന്നെ വിളിക്കണേ എന്ന് ഗംഗ അപേക്ഷിക്കുന്നുണ്ട്. കലാബോധമില്ലാത്ത, ഭാര്യയിൽ അത്ര താൽപ്പര്യമില്ലാത്ത ആളാണ് നകുലൻ എന്ന് സൂചന. അല്ലെങ്കിലും പാണ്ഡവന്മാരിൽ തീരെ ശൂരത്വമോ പ്രേമലോലുപത്വമോ ഇല്ലാത്ത ആളുമാണ് നകുലൻ.  സിനിമക്കാർ അറിഞ്ഞിട്ടതായിരിക്കണം ഈ കഥാപാത്രപ്പേര്. ഗംഗ അതിതാൽപ്പര്യത്തോടെ വായിക്കുന്ന കാവൂട്ട്ൻ്റെ രചയിതാവ് അടുത്തു തന്നെ താമസിക്കുന്നുണ്ട് എന്ന അറിവ് അവളെ ആനന്ദവതിയാക്കുന്നുണ്ട്. അല്ലി ഇത് വെളിവാക്കിയപ്പോൾ ഗംഗയിൽ ഈ പ്രഹർഷം പ്രകടമാണ്.മറ്റൊരു ശങ്കരൻ തമ്പിയുടെ ഭാര്യയാണ് താൻ എന്ന അറിവ് ഗംഗയ്ക്ക് കിട്ടിക്കഴിഞ്ഞു. നാഗവല്ലിയായി മാറുമ്പോൾ എന്തുകൊണ്ട് നകുലനെത്തന്നെ കൊല്ലാൻ ഉദ്ദേശിക്കുന്നു എന്നതിൻ്റെ പ്രച്ഛന്നത്തെളിവാണ് സിനിമ ഇങ്ങനെ നമുക്ക് വെളിവാക്കിത്തരുന്നത്.  അല്ലിയ്ക്ക്  ആഭരണം എടുക്കാൻ പോകണ്ടാ എന്ന് കടുത്ത ശാസന അവൾ പ്രതീക്ഷിച്ചതായിരുന്നിരിക്കണം. അസംതൃപ്തമായ വിവാഹജീവിതമാണവളുടേത് എന്നത് സിനിമ തെളിച്ചു പറയുന്നില്ല. കാരണം ഗംഗയുടെ തലയിൽ മുഴുവൻ കുറ്റഭാരങ്ങളും കയറ്റി വെയ്ക്കാൻ സിനിമ നേരത്തെ തീരുമാനം എടുത്തു കഴിഞ്ഞു. രാമനാഥൻ എന്ന പ്രേമലോലുപനായ നർത്തകൻ തൊട്ടടുത്ത് മഹാദേവൻ എന്ന ഇഷ്ടകവി യായി പ്രത്യക്ഷപ്പെടുന്നു എന്നത് അവളെ സംബന്ധിച്ച് ആവേശകരമാണ്. എന്നാൽ ഭർത്താവുള്ള സ്ത്രീയ്ക്ക് ഒരു കാമനയും പാടില്ല എന്ന ശാഠ്യമാണ് സിനിമയ്ക്ക് പ്രസരിപ്പിക്കാനുള്ളത് എന്നതുകൊണ്ട് ഇത് കടുത്ത കുറ്റമാകുന്നു. മഹാദേവൻ്റെ കവിതയിലെ വരികൾ ഗംഗയ്ക്ക് അന്വർത്ഥമാകുന്നത് അവളുടെ അനുഭവങ്ങൾ അതിലൂടെ വ്യക്തമാക്കപ്പെടുന്നതുകൊണ്ടാണ്. വരുവാനില്ലാരുമീ ...എന്ന വരികളിൽ തുടങ്ങുന്ന ഈ കവിതയിൽ അവളുടെ ഉൾക്കാമ്പാണ് തുടിയ്ക്കുന്നത്.  പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് മോഹിക്കുന്നവളാണവൾ. മോഹങ്ങളെല്ലാം വെറുതെ ആണെന്നും അറിവുള്ളവൾ കൊതിയോടേ ഓടിച്ചെന്ന് വഴിയിൽ നോക്കുമ്പോൾ വന്നവഴിയെ തിരിച്ചുപോകുന്നവരെ ആണ് അവൾ കാണുന്നത്. വിവാഹിതയായവൾ ഭർത്താവ് കൂടെയുള്ളവൾ, ആണിത് പാടുന്നത്.  സ്നേഹരാഹിത്യത്താൽ വിങ്ങുന്നവൾ ആണ് ഗംഗ. ഇതിനുള്ള ശിക്ഷയാണ് അവൾ പിന്നീട് ഏറ്റുവാങ്ങുന്നത്.   വായനാശീലമുള്ള, അന്ധവിശ്വാസത്തിനു തെല്ലും വഴങ്ങാത്ത അവളെ പരിഷ്ക്കാരിപ്പെണ്ണ്എന്ന് കളിയാക്കി വിളിയ്ക്കുന്ന തമ്പിയാണ് ഗൃഹനാഥൻ. അന്യസ്ത്രീകൾ മാടമ്പള്ളിത്തറവാടിൽ വന്നുകയറുന്നത് അവിടത്തെ പ്രേതാത്മാക്കൾക്ക് ഇഷ്ടമല്ല, ഗംഗ അന്യസ്ത്രീയാണ് എന്ന് അയാൾ തെളിച്ചു പറയുന്നുണ്ട്.  ഈ വാദം ശരിയാണെന്ന് സിനിമ പിന്നീട് തെളിയിക്കുകയുമാണ്. പ്രേക്ഷകർ ഇതൊക്കെ അപ്പാടെ വിഴുങ്ങണമെന്നാണ് സിനിമ നിഷ്ക്കർഷിക്കുന്നത്. സിനിമയുടെ അവസാനം ഇനി ഞാൻ എന്നും നകുലേട്ടൻ്റേതു മാത്രമായിരിക്കും എന്ന അവളെക്കൊണ്ട് ആണയിടുവിച്ച ശേഷം മലയാളി ആണത്തം തൻ്റെ ശുംഭ ഗാംഭീര്യത്തിൽ ആത്മപ്രഹർഷം അനുഭവിക്കുന്നു. ഇത് അവളെക്കൊണ്ട് പറയിപ്പിക്കാൻ അവൾക്ക് മൊത്തം നാട്ടുകാരുടെ മുൻപിൽ വെച്ച് ക്രൂരമായ ആഭിചാരപ്രക്രിയയ്ക്കും ശാരീരികഭേദ്യത്തിനും പാത്രമാകേണ്ടി വന്നു. അടികൊടുത്താണ് അവളെക്കൊണ്ട് ഇതു സമ്മതിപ്പിക്കുന്നത് എന്ന് സാരം. അമേരിക്കയിൽ നിന്ന് എത്തിയ പ്രസിദ്ധ സൈക്ക്യാട്രിസ്റ്റാണ് ഈ നാടകം സംവിധാനം ചെയ്യുന്നത്, പിന്നെ ചോദ്യങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ലല്ലൊ. 

ഭാർഗ്ഗവീനിലയത്തിൻ്റെ  പാഠഭേദം 

   നാഗവല്ലിയെ (ഗംഗയേയും) കുറ്റക്കാരാക്കി മറുപക്ഷത്താക്കുക എന്നത് സിനിമയുടെ ഉദ്ദേശം തന്നെയാണ്. ക്രൂരനായ, അവളെ കൊന്ന ശങ്കരൻ തമ്പിയോടുള്ള പക അവളുടെ തെറ്റായിട്ടാണ് സിനിമ പ്രഖ്യാപിക്കുന്നത്. അവളെ പ്രേക്ഷകർക്കെതിരേയും നിറുത്തുന്നു. ഗംഗയേയും. ഇതേ പ്രമേയം കാതലായിട്ടുള്ള ഭാർഗ്ഗവീനിലയത്തിൽ ഭാർഗ്ഗവിയെ കൊന്ന എം എൻ എന്നയാളെ ഇല്ലാതാക്കാൻ മരണത്തിനു ശേഷം വരുന്ന ഭാർഗ്ഗവിയെ സിനിമാ പക്ഷത്തും പ്രേക്ഷകപക്ഷത്തും ചേർത്തു നിറുത്തുകയാണ്. അവൾക്ക് നീതി കിട്ടേണ്ടത് നിർണ്ണായകവും അവശ്യം ആവശ്യകരവും ആണെന്ന് പ്രേക്ഷകരെക്കൊണ്ട് അയത്നലളിതമായും യുക്തിസഹമായും സമ്മതിപ്പിച്ചെടുത്തിട്ടുണ്ട്. ഭാർഗ്ഗവിക്കുട്ടീ സാഹിത്യകാരൻ്റെ സഹായം തേടുന്നുണ്ട് ഇതിനു വേണ്ടി. പ്രേക്ഷകരുടെ വൻ സ്വീകരണം ആവോളം ലഭിച്ച സിനിമയാണ് ഭാർഗ്ഗവീനിലയം. ഒരുതരത്തിൽ 1960 കളിൽ ഇറങ്ങിയ ഈ സിനിമയുടെ 1993 ഇലെ മറു വ്യാഖ്യാനം ആണ് മണിച്ചിത്രത്താഴ്’.    വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു........ആരുമാരും വന്നതില്ലാ ആരാരും അറിഞ്ഞതില്ല, ആത്മാവിൽ സ്വപ്നവുമായി കാത്തിരിപ്പു ഞാൻ എന്നതിനു സമാന്തരമായാണ് ഗംഗയുടെ കാത്തിരിപ്പ്.വരുവാനില്ലാരുമീ വിജനമാം വീഥിയിൽ.....   പാട്ടിൽ  നിനയാത്തനേരത്തെൻ പടിവാതിലിൽ ഒരു പദവിന്യാസം കേട്ടപോലെ.......കൊതിയോടെ ഓടിച്ചെന്നകലത്താ വഴിയിലേക്ക് നോക്കുന്നവളെ വാസന്തി പഞ്ചമിനാളിൽ... ഉം ചിത്രീകരിച്ചിട്ടുണ്ട്. ഭർതൃമതിയാണെങ്കിലും കാമനകൾ ഗംഗയിൽ തുടിയ്ക്കുന്നുണ്ട്. തന്നെയും കാമുകനേയും കൊല ചെയ്ത എം എൻ എന്ന ക്രൂരൻ ആണ് വില്ലൻ എന്ന് ഭാർഗ്ഗവിക്ക് തെളിയിക്കേണ്ടതുണ്ട്.  ഭാർഗ്ഗവിക്കുട്ടിയ്ക്ക് നമ്മൾ നൽകുന്ന അനുകമ്പയോ പിന്തുണയോ 1993 ഇലെ നാഗവല്ലിയ്ക്ക് നൽകപ്പെടുന്നില്ല. അതുകൊണ്ട് ഗംഗയ്ക്കും. ഗംഗയ്ക്ക് അനാഥത്വവും അന്യഥാവസ്ഥയും ഉള്ളിൽ പിടയുന്നെങ്കിൽ അതിനു നകുലനും കാരണമാകുന്നുണ്ട് എന്ന് അവൾക്ക് ബോദ്ധ്യമുണ്ടെങ്കിലും അതിനോടൊപ്പം ചേരാൻ സിനിമാക്കഥ പ്രേക്ഷകരെ അനുവദിക്കുന്നില്ല.നകുലൻ കൂടെയുള്ളപ്പോൾ വരുവാനില്ലാരുമില്ല ..’എന്ന്, പടിവാതിൽ പകുതിയേ ചാരാറുള്ളു, അകലത്തെ വഴിയാകെ മിഴിപാകി നിൽക്കാറുണ്ടല്ലോ എന്നൊക്കെ പാടാൻ ഇവൾക്കെങ്ങനെ ധൈര്യം വരുന്നു? 1960 കളിലെ ഭാർഗ്ഗവിക്കുട്ടിയെ   1990കളിൽ പ്രതിഷ്ഠിക്കുമ്പോൾ മാറിപ്പോയത് ആൺ ഇഗോ തന്നെ. മലയാളി ആണത്തം പലേ സാമൂഹ്യസാമ്പത്തിക മാറ്റങ്ങൾക്ക് വശംവദമായി, ആത്മാഭിമാനവും സ്വയം മതിപ്പും പാടെ ശോഷണം സംഭവിച്ച് വിഹ്വലതയിൽപ്പെടുന്നവർ ഭാര്യയുടെ കാമനകളെ ഭയപ്പാടോടെ, സംശയത്തോടെ വീക്ഷിക്കുന്നു. നാഗവല്ലി നീതികിട്ടാൻ  യത്നിക്കുന്നു എങ്കിൽ നിലവിലുള്ള മലയാളി ശങ്കരൻ തമ്പിമാർ അതിനു തടയിടേണ്ടതാണ് എന്നതാണ് ഈ വിലക്ഷണ മാനസികനിലയുടെ തീർപ്പ്. കൽക്കട്ടയിൽ നിന്ന് വരുന്ന വായനക്കാരായ  സ്ത്രീകൾ നാഗവല്ലിയ്ക്ക് സഹായവുമായി എത്തിയേക്കും (മാധവിക്കുട്ടിയുമായി ഇവിടെ സാമ്യം കണ്ടെങ്കിൽ അത് യാദൃശ്ചികമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു) എന്നത് അവരെ വിറളി പിടിപ്പിക്കും.. സ്ത്രീശാക്തീകരണം മൂലം ഭയാക്രാന്തരായ ആണുങ്ങൾക്ക് ഭാർഗ്ഗവിക്കുട്ടിമാരുടെ ആത്മാവ് ഉചിതമായി പ്രതികാരം ചെയ്യാനിറങ്ങി അതിൽ വിജയിച്ചേക്കുന്നു എന്ന കഥ മാറ്റിയെഴുതേണ്ടി വരും എന്നതിൻ്റെ ദയനീയ ചിത്രീകരണമാണ് മണിച്ചിത്രത്താഴ്’. സ്വന്തം ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന ഭാര്യമാരെ ഇട്ടു പൂട്ടേണ്ട അതിശക്തമായ താഴുകൾ ഏത് ആലയിൽ നിർമ്മിക്കണം എന്ന ആലോചനാവിഭ്രാന്തിയിലേക്ക് നിപതിച്ച ആൺ അഹന്തയെ ചിത്രീകരിക്കുക എന്നത് ഫാസിൽ തന്മയത്വത്തോടെ സാധിച്ചെടുക്കുകയാണ്. പിന്തിരിപ്പൻ ആശയങ്ങൾ ആധാരമാക്കി സിനിമയെടുത്ത് വിജയിപ്പിക്കാം എന്ന് അദ്ദേഹം അനിയത്തിപ്രാവ്പോലെത്ത സിനിമകൾ ആഖ്യാനം ചെയ്ത് പിന്നീടും തെളിയിച്ചിട്ടുണ്ട്. പ്രണയത്തിനു ഒരു വിശുദ്ധിയുമില്ലെന്നും കല്യാണം സ്വന്തം തീരുമാനമായിരിക്കരുതെന്നും അത് മാതാപിതാക്കൾ മാത്രം തീരുമാനിക്കേണ്ടതാണെന്നും ഉള്ള കോൺ വെൻ്റ് സദാചാരസംഹിത ഊട്ടിയുറപ്പിച്ചതാണ് അദ്ദേഹം. 

ദാമ്പത്യേതര ആഭിമുഖ്യങ്ങൾ-ഭാരതസ്ത്രീയ്ക്ക് വിധിച്ചിട്ടുള്ളത് 

   ഇനി എന്നും ഞാൻ നകുലേട്ടൻ്റേത് മാത്രമായിരിക്കും എന്ന് ഒരു ഭാര്യയെക്കൊണ്ട് പറയിക്കാൻ അതിനു പിന്നിൽ ഒരു കഥ മെനഞ്ഞെടുക്കുക എന്നതാണ്   മണിച്ചിത്രത്താഴിൻ്റെ  ഉദ്ദേശം. എല്ലാ ഭാരതസ്ത്രീകൾക്കുമുള്ള താക്കീതാണിത്. അതാണ് സിനിമയുടെ വിജയരഹസ്യവും. അതിനു നകുലേട്ടന്മാരുടെ പങ്ക് എന്താണ്, അവർക്ക്  ഉത്തരവാദിത്തങ്ങൾ ഉണ്ടോ  എന്നതിനൊക്കെ സിനിമ ഒരു വിധിയും പ്രസ്താവിക്കുന്നില്ല. രാത്രിയിൽ ഉറങ്ങാൻ നേരത്ത് അവർക്ക് ഭാര്യയെ അവഗണിച്ച് ബിസിനെസ് കണക്ക് പുസ്തകങ്ങളിൽ തലപൂഴ്ത്താം. നകുലേട്ടൻ അധികം അധികാരം പ്രയോഗിക്കുന്നില്ലെങ്കിൽ അത് ബലമായി ബോധിപ്പിക്കാൻ അമേരിക്കയിൽ നിന്ന് സണ്ണിമാർ സൈക്കിയാട്രിറ്റ് വേഷം കെട്ടി വന്നണയും. അല്ലിയ്ക്ക് ആഭരണം എടുക്കാൻ പോകരുത്എന്ന് ഭാര്യമാരെ ചട്ടം കെട്ടാൻ അവർ നിർദ്ദേശിക്കും. അവളെ വരുതിയിലാക്കി നിറുത്തിയില്ലെങ്കിൽ ഒരു ദിവസത്തിനകം അവൾ ഭർത്താവിനെ കൊല്ലുമത്രെ. (അമേരിക്കൻ  സൈക്ക്യാട്രിയോട് വൻ അവമതിയാണ് ഈ കഥാപാത്രനിർമ്മിതിയിലൂടെ സാധിച്ചെടുത്തിരിക്കുന്നത്). അമേരിക്കയിൽ നിന്നാണെങ്കിലും ക്രിസ്ത്യാനി ആണെങ്കിലും ആദ്യം ശബരിമലയ്ക്ക് പോയിട്ടാണ് അയാളുടെ വരവ്. ഭാര്യയാൽ കൊല്ലപ്പെടാൻ പോകുന്ന നകലൻ എന്ന ബെസ്റ്റ് ഫ്രണ്ടിനെ ഓർത്ത് വേദനിക്കുന്നുണ്ട് ഈ സൈക്കിയാട്രിസ്റ്റ്. നിറവേറപ്പെടാത്ത സ്നേഹബന്ധങ്ങളെ ആണ് ഗംഗ നേരിടുന്നത്. വരുവാനില്ലാരുമീ.... എഴുതിയ മഹാദേവനോട് അവൾക്ക് മമത തോന്നുന്നത് സ്വന്തം ആത്മാവിൻ്റെ വെളിപാടുകളെ  അയാൾ അത്യന്തം ആകുലതകളോടെ നഷ്ടസൗഭാഗ്യങ്ങളുടെ വിങ്ങലുകളോടെ അവതരിപ്പിച്ചതിനാലാണ്. അവളുടെ വ്യഥകൾ മനസ്സിലാക്കിയ മറ്റൊരാൾ എന്നാണ് അവൾക്ക് തോന്നുന്നത്. ഇതാണ് ഉൽക്കടമായ പൊട്ടിത്തെറിക്കലിനു കാരണമാകുന്നത്. ഗംഗയുടെ ചരിത്രമെല്ലാം അറിഞ്ഞ സണ്ണി അവളെ മാനസികവിശകലനത്തിനു വിധേയയാക്കുന്നില്ല. മറിച്ച്  രോഗമുണ്ടെന്ന് അവൾ ഒരിയ്ക്കലും അറിയരുത് എന്ന് നിർദ്ദേശിക്കുകയുമാണ് അയാൾ. ഇപ്പോൾ അവളുടെ ഒറ്റപ്പെടലിനു കാരണക്കാരനായ നകുലനെ ഉപദേശിക്കാനും അയാൾ തയാറാകുന്നില്ല.  മാനസികരോഗികൾ ആദ്യം തിരിച്ചറിയേണ്ടത് അവരുടെ വിഭ്രാന്തികളെല്ലാം രോഗലക്ഷണങ്ങളാണെന്നും അതിനു ചികിൽസ് ഉണ്ട് എന്ന് ബോദ്ധ്യപ്പെടുകയുമാണ്. ഏത് സൈക്ക്യാട്രിസ്റ്റും  വിദ്യാർത്ഥി ആയിരിക്കുമ്പോൾ പഠിക്കുന്ന ബാലപാഠമാണിത്. സണ്ണിയുടേത്  എന്തു തരം വിഡ്ഢിച്ചികിൽസാ പദ്ധതിയാണെന്ന് ആരും അമ്പരന്നു പോകുന്ന തരത്തിലാണ് യുക്തി മെനഞ്ഞെടുത്തിരിക്കുന്നത്. ദ്വന്ദവ്യക്തിത്വ (split personality/dual personality ) മാണ് ഗംഗയുടെ പ്രശ്നം എന്ന് പ്രഖ്യാപിച്ച് ഉടൻ ഡോ. സണ്ണീ  നിജപ്പെടുത്തുന്നത് അത് സൈക്കോസിസ് ആയി മാറി എന്നാണ്. അപഹാസ്യമാണ് ഈ സൈക്കിയാട്രി നിഗമനം. അമേരിക്കൻ സൈക്കിയാട്രി കോൺഫെറൻസുകളിൽ കേരളത്തിൽ നിന്നുള്ള ഉഗ്രൻ മന്ത്രവാദികളെ  പങ്കെടുപ്പിക്കും എന്നൊക്കെയുള്ള വൻ പൊട്ടത്തരം ഗംഗയെ ഭേദ്യം ചെയ്യാനുള്ള രംഗങ്ങൾക്ക് സാധുതയണയ്ക്കാൻ വേണ്ടി കഥാകൃത്ത് മെനഞ്ഞെടുത്തിട്ടുണ്ട്. ആധുനിക സൈക്ക്യാട്രി ചികിൽസ ഇവിടെ എത്തി നിൽക്കുന്നു എന്ന് ചിത്രീകരിച്ചത് പ്രേക്ഷകർ അപ്പാടെ വിഴുങ്ങുന്നുമുണ്ട്. മഹാദേവനോടുള്ള പ്രത്യേക മമത ഗംഗയുടെ ബാല്യകാലത്തേറ്റ മാനസികാഘാതത്തിൻ്റെ, സ്നേഹരാഹിത്യത്തിൻ്റെ, അടിച്ചമർത്തലിൻ്റെ ബഹിർസ്ഫുരണമാണെന്ന് അവളെ തെര്യപ്പെടുത്തേണ്ടതിനു പകരം സിനിമ ഒരു ഹൊറർ ചിത്രമാക്കാനുള്ള തത്രപ്പാടിൽ യുക്തി അപഹാസ്യമാം വിധം ഒലിച്ചു പോകുന്നു. അത് കാര്യമാക്കേണ്ട, ഗംഗയെ ശിക്ഷിക്കാൻ എന്തൊക്കെ വഴികളുണ്ട് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നാണ് സിനിമ നിർദ്ദേശിക്കുന്നത്.  പക്ഷേ മലയാളി/ഇൻഡ്യൻ സൈക്കിനെ തൃപ്തിപ്പെടുത്താൻ ഭർത്താവിൻ്റെ അനുമതിയോടെ മന്ത്രവാദികളും സൈക്കിയാട്രിസ്റ്റും ചേർന്ന് ഒരു സ്ത്രീയെ പരസ്യമായി ഭേദ്യം ചെയ്യേണ്ടത് ചിത്രീകരിച്ചേ മതിയാവൂ. 

   ചികിൽസ കഴിഞ്ഞിട്ട് സണ്ണി പേരു ചോദിക്കുമ്പോൾ അവൾ ഗംഗ എന്ന് മാത്രമ പറയുമ്പോൾ അതുപോരെന്നാണ് ആണധികാരം തീർച്ചപ്പെടുത്തുന്നത് ഗംഗ നകുലൻഎന്ന് നിർബ്ബന്ധമായിട്ടൂം പറയണമത്രെ.  ഒരു വസ്തുവിനെ എന്ന പോലെയാണ് സണ്ണി ഗംഗയെ നകുലൻ്റെ നേരേ തള്ളിയിടുന്നത്. ന്നാ പിടിച്ചോടാഎന്ന് ഡയലോഗും ഉണ്ട്. നന്നാക്കി എടുത്ത ഒരു ഉപരണം മാത്രമാണ് ഗംഗ. അതും ഭർത്താവിൻ്റെ സന്തോഷത്തിനും അംഗീകാരത്തിനും ആഹ്ളാദത്തിനും വേണ്ടി മാത്രം. 

    ഒരു കവിയേയോ നർത്തകനേയോ ആരാധനകലർന്ന ഊഷ്മളബന്ധത്തിൽ ഭാര്യ ഉറപ്പിച്ചെടുത്താൽ എല്ലാ ഭർത്താക്കന്മാരും കരുതിയിരിക്കേണ്ടതാണ്, താമസിയാതെ അവൾ ഭർത്താവിനെ വെട്ടിക്കൊന്നേയ്ക്കും. ഭയചകിതരായ  ആണുങ്ങൾ ഈ സിനിമയ്ക്ക് ഇന്നും വൻ സ്വീകാര്യ്ത നൽകുന്നത് അവരുടേ ഇഗോ ഒന്നാന്തരമായി ഈ സിനിമബൂസ്റ്റ്ചെയ്യപ്പെടുന്നതുകൊണ്ടാണ്. ഭാര്യ വായനക്കാരി ആണെങ്കിൽ സൂക്ഷിക്കുക, നാളെ നിങ്ങളുടെ തല പോയേയ്ക്കും. പ്രതീകാത്മകമായി ഭർത്താവിനെ വെട്ടിക്കൊല്ലാൻ അവളെ അനുവദിക്കണം, ഒരു കൊലപാതകിയാണെന്ന് അവൾ പിന്നീട് എപ്പോഴും ഓർമ്മിക്കട്ടെ. അതിനു മുൻപ് വൻ മന്ത്രവാദം ചെയ്ത് അവളെ ചൂരൽ കൊണ്ട് അടിയ്ക്കുക. ഉള്ളിലുള്ള നാഗവല്ലിമാരോട് വിട്ടു പോകാൻ ആജ്ഞാപിക്കുക. അവൾ എന്നെന്നും നിങ്ങളുടേത് മാത്രം ആയിരിക്കും. 

   ഇതിനു പശ്ച്ചാത്തലം ചമയ്ക്കാൻ വീട്ടിൽ അന്ധവിശ്വാസങ്ങൾ നടമാടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മാനസിക അസുഖങ്ങൾ സംഭവിക്കുന്നത് ബാധ കയറുന്നതുകൊണ്ടാണ്, തലച്ചോർ പ്രവർത്തനങ്ങളുടെ അപഭ്രംശങ്ങളാലല്ല. ഇത് സാധൂകരിക്കാൻ പ്രാദേശിക മന്ത്രവാദികൾക്കാവുന്നില്ലെങ്കിൽ അമേരിക്കയിൽ  നിന്ന് ഡോക്ടർ ബ്രാഡ് ലിയുടെ കീഴിൽ വിദഗ്ധ പരിശീലനം കിട്ടിയ സണ്ണിക്കുട്ടന്മാരെ കൊണ്ട് വന്ന് പറയിക്കുക. ആധുനിക സൈക്കിയാട്രിക് ചികിൽസകൾ ഒട്ടും ഫലപ്രദമല്ല എന്ന് ഈ വിദഗ്ദ്ധർ തന്നെ സമ്മതിച്ചു തരും. ഒരു സൈക്കിയാട്രിസ്റ്റും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അവർ സഞ്ചരിക്കും. ചൂരൽ പ്രയോഗങ്ങൾ ഉൾപ്പെടുന്ന മന്ത്രവാദം എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാനാവില്ല. ഗംഗ ഇനി മഹാദേവൻ്റെ കാവൂട്ട്മാത്രമല്ല, മറ്റൊരു പുസ്തകവും വായിക്കാൻ ഒരുമ്പെടുകയില്ല. എന്ന് മാത്രമല്ല, അവൾ വായനയേ നിർത്തിയേക്കും. ചൊവ്വാദോഷമുള്ള പെൺകുട്ടികൾ ആ പേരിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് തിരിച്ചു വീട്ടിൽ വന്ന് നിന്നാൽ അവർ  ഒരു ജോലിയ്ക്ക് ശ്രമിക്കുകയോ  സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയോ ചെയ്യേണ്ടതില്ല. ചൊവ്വാദോഷത്തിൽ ഉറച്ചു വിശ്വസിക്കുന്ന ബന്ധുക്കളുടെ അടിമയായി അതിസുന്ദരിയും ആരോഗ്യവതിയും ആയ അവൾ ജീവിക്കേണ്ടിയിരിക്കുന്നു. അവൾ വേറേ കല്യാണത്തിനു ഒരുമ്പെടേണ്ട, ഈ വിശ്വാസമില്ലാത്ത ക്രിസ്ത്യാനികൾ ഉദാരമനോഭാവത്തോടെ കല്യാണം കഴിക്കാൻ വരും.

 

 

 

     

6 comments:

Anonymous said...

Superb

Anonymous said...

ഗംഭീരം

Anonymous said...

👌❤️

Saju R said...

Brilliant observations.. പൊളിച്ചടുക്കി

Anonymous said...

An elaborate appreciation of a popular but second rate movie .It's masalas, sentiments,intrigues,loves and denoument have been seen in many other Indian films.Yet it was well edited,almost,and was well cinemtographed and racy...I would give it two stars.
Your enormous patience in watching this madness and then exposing it's weaeknesses is to be saluted,if the time spent was for Gone with wind or Schlinders list or Cat on a hot tin roof ,it would have been a double salute from the literati...salaam.

Anonymous said...

നല്ല ഗഹനമായ പഠനം.
Comparison with Bhargavinilayam അതും നന്നായി.