അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമോ എന്ന ചർച്ചയിൽ അവതരിപ്പിച്ചത്.
സംസ്കാരം കൈമാറേണ്ടത് അനിവാര്യമോ എന്ന ചോദ്യത്തിൽൽ തന്നെ അനിവാര്യതയില്ല എന്ന സന്ദേഹമോ വാദഗതിയോ ഉണ്ട്. അപ്പോൾ ഇതൊരു പുതിയ കാര്യമാണെന്നും ഇതു വരെ ഈ സന്ദേഹത്തിനു തീരുമാനം ഒന്നും ആയില്ലെന്നും കരുതേണ്ടിയിരിക്കുന്നു. മലയാളികൾ ഇവിടെ കുടിയേറിയിട്ട് നാളുകളായി, ഇത്തരം കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അത് എളുപ്പമുള്ള പണിയല്ലെന്നു തന്നെ അനുമാനം.
കുടിയേറ്റക്കാർക്ക് വന്നുചേർന്ന സമൂഹവുമായി അലിയാതെ വയ്യ. എന്നാൽ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രതയുമുണ്ട് ആവോളം. സംസ്കാരം എന്നതിന്റെ നിർവ്വചനം അനുസരിച്ചിരിക്കും അതിന്റെ സമന്വയ സാദ്ധ്യതകൾ. കേരളസംസ്കാരം നിർവ്വചിക്കപ്പെടുന്നത് അടുക്കളയലമാരിയിലെ കുടമ്പുളിയോ ഫ്രീസറിൽ അവിയലിനു വേണ്ടി നീളച്ചതുരവടിവിൽ അരിഞ്ഞു സൂക്ഷിയ്ക്കുന്ന മുരിങ്ങക്കായോ വീതിക്കസവുകര പാകിയ സെറ്റു മുണ്ടോ അല്ല. ചില്ലിട്ട രവിവർമ്മച്ചിത്രത്തിലോ പ്ലാസ്റ്റർ ഓഫ് പാരീസിൽ വികലമായിത്തീർത്ത പറങ്കിമാങ്ങാസ്വരൂപത്തിലോ അല്ല. പക്ഷെ ഇതൊക്കെ സംസ്കാര സൂചകങ്ങൾ ആണു താനും. ഭാഷ, ആചാരങ്ങൾ, കലാവിദ്യകൾ ഇവയിലൊക്കെയും സംസ്കാര ചിഹ്നങ്ങൾ തെളിഞ്ഞു വിളങ്ങുകയാണ്. വ്യക്തി, കുടുംബം, സമൂഹം എന്നിവ തമ്മിലുള്ള പാരസ്പര്യവും ഇഴചേർക്കുന്ന മാനസികനിലകളും സംസ്കാര സങ്കേതങ്ങൾ തന്നെ.
ബഹുസ്വരതയിൽ അധിഷ്ഠിതമാണ് അമേരിക്കൻ സംസ്കാരം. കുടിയേറ്റക്കാരുടെ നാടായതു കൊണ്ട് ഇത് ആ യുക്തിയിൽ കെട്ടിപ്പടുത്തതാണു താനും. പക്ഷെ ഈ ബഹുസ്വരതയെ ഒന്നിച്ചലിയിച്ചാണ് സമൂഹം അതിന്റേതായ ദർശനവിധികൾ സ്വരൂപിച്ചിരിക്കുന്നത്. സമൂഹത്തിന്റെ ബലവും ശക്തിയും ഈ ബഹുസ്വരതയിലാണ് ആഴവേരുകൾ പടർത്തിയിരിക്കുന്നത്. സംസ്കാരസമന്വയം അതുകൊണ്ടു തന്നെ ആവശ്യവും നിൽനിൽപ്പിനുള്ള വളവുമാവുകയാണ്. വന്നിറങ്ങിയവരുടെ പ്രതിഭയും വിശിഷ്ടസംസ്കൃതിയും ഇഷ്ടികക്കല്ലുകൾ പാകിയും അടുക്കിയുമാണ് അമേരിക്കൻ സംസ്കാരം മാളിക പണിതിരിക്കുന്നത്. അതിന്റെ കെട്ടുറപ്പ് ഈ പ്രക്രിയ നിതാന്തമായി അനുസന്ധാനം ചെയ്യുന്നതിനെയാണ് അവലംബിയ്ക്കുന്നത്.. അതിനെ വാതാനുശീലമാക്കി നിലകൊള്ളിക്കാൻ ഈ ethnic ഊർജ്ജം സ്വാഭാവികമായും അനുശീലനപരമായും തലമുറകളിലെക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത് ആവശ്യമായും വരുന്നു. സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ് പുരോഗമനോന്മുഖസമൂഹത്തിന്റെ കടലിരമ്പുന്നത്. അതുകൊണ്ടു തന്നെ എന്തിനേയും അലിയിച്ചെടുക്കാനുള്ള രാസവിദ്യ കൈമുതലുണ്ടു താനും. എന്നാൽ ഇട്ടാൽ അലിയുന്ന മധുരക്കട്ടയായി സംസ്കാരത്തെ വിളയിച്ചെടുത്താലേ ഈ അലിഞ്ഞു ചേരൽ നടക്കൂ. സ്വന്തം സംസ്കാരത്തിനു അമേരിക്കൻ പരിപ്രേക്ഷ്യത്തിൽ പുനർ നിർവ്വചനം ചമയ്ക്കേണ്ടി വരുന്നു എന്നത് നേർവെളിവ്, നേർതെളിവ്. ഇങ്ങനെ നവീകരിക്കപ്പെട്ടതേ ഇവിടെ നിലനിൽക്കുന്നുള്ളു. ഈ സമൂഹത്തിന്റെ കളങ്ങൾക്കുള്ളിൽ വ്യാപരിച്ച് അതിജീവിക്കണമെങ്കിൽ ചില ചെത്തിമിനുക്കലുകളും ആവശ്യമായി വരുന്നു. ഭാരത/കേരള സംസ്കാരം എന്നു നിർവ്വചിക്കപ്പെട്ട പരിപ്പെല്ലാം ഈ വെള്ളത്തിൽ അത്ര എളുപ്പം വേവുകയില്ലെന്നു കണ്ടും കൊണ്ടും അറിയേണ്ടതുണ്ട്.
ഇവിടെയൊരു വേഷം മാറൽ അത്യാവശ്യമാണ്. അകം പുറം തിരിയലും. അടുത്ത തലമുറയിലേക്ക് കേരളസംസ്കാരം പകർത്തപ്പെടണമെങ്കിൽ ഇവിടെ വേവുന്ന പരിപ്പ് കുതിരാൻ ഇടണം. അത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്തം ആണ്. ഇവിടെയാണു പ്രശ്നം. അകത്തുള്ളതേ പുറത്തു വരൂ. അകത്ത് എന്തുണ്ട്, എന്തൊക്കെ വേണം എന്ന് മുതിർന്ന തലമുറയ്ക്ക് ബോദ്ധ്യം വേണം. ഇവിടെയാണ് സൂക്ഷ്മാംശങ്ങളുടെ പ്രസക്തി. കുടുംബ ബന്ധങ്ങളുടെ പവിത്രത, ഇഴയടുപ്പം ശക്തി ഇവയൊക്കെ വീട്ടിൽ വേവിച്ചെടുത്തത് ഉണ്ടെങ്കിലേ പുറത്ത് വിളമ്പാൻ പറ്റൂ. നൂറ്റാണ്ടുകളുടെ ശർക്കരയിൽ വിളയിച്ചെടുത്ത സംസ്കാര അവിൽപ്പൊതി കയ്യിലുണ്ടെങ്കിലും ചില പഴയ ഉടുപ്പുകളുമായാണ് ഇവിടെ നമ്മൾ ബസ്സിറങ്ങിയത്. നാടൻ കീഴ്വഴക്കങ്ങ്ങൾ, ജഡിലമായ സമൂഹനിയമങ്ങളും ശീലങ്ങളും, നവീകരിക്കാൻ കൂട്ടാക്കാത്ത പൊതുബോധം, വിവാഹം എന്നത് കമ്പോളവ്യവസ്ഥയിലാണ് ചിട്ടപ്പെടുത്തേണ്ടതെന്ന വിചിത്ര തീരുമാനങ്ങൾ ഇവയുടെ ഒക്കെ ദുർഗ്ഗന്ധം പേറുന്ന വസ്ത്രങ്ങളുമണിഞ്ഞ്. ലൈംഗികതെയെക്കുറിച്ചുള്ള പഴഞ്ചൻ ശാഠ്യദുർഗ്ഗന്ധം എതു സുഗന്ധതൈലം കൊണ്ടാണ് മറയ്ക്കാൻ പറ്റുക? അതിനെക്കുറിച്ചുള്ള വികലധാരണകൾ, പ്രത്യേകിച്ചും ആധുനികതയുടെ വെളിച്ചത്തിൽ കെട്ടുപോകുന്നവ പുതുതലമുറയുമായി സംവദിക്കുന്നതിൽ പരാജയപ്പെടാനും ബന്ധശൈഥില്യത്തിനു വഴിതെളിയ്ക്കാനും ഇടയാവുകയും ചെയ്യുന്നു. ലൈംഗികതയെക്കുറിച് ഭാരതീയ കാഴ്ച്ചപ്പാടുകളിലെ നിറങ്ങൾ ചാലിച്ചല്ല അമേരിക്കൻ വ്യക്തി-സമൂഹ പരിസരബോധങ്ങൾ ചുവർച്ചിത്രങ്ങൾ വരയുന്നത്. കുടുംബാംഗങ്ങളുടെ കൂട്ടുത്തരവാദിത്തവും അതിലൂടെ ഉറവെടുക്കുന്ന സ്വാതന്ത്ര്യവും ഒക്കെ മിഥ്യാബോധത്തിന്റെ ഇരുൾത്തണലിലാണ് മുതിർന്ന തലമുറ നോക്കിത്തപ്പുന്നത്. എന്നാൽ നവബോധത്തിന്റെ സോപ്പുകൊണ്ട് അലക്കി ചില വെട്ടിത്തയ്യലുകൾ നടത്തി ഇസ്തിരിയിട്ടാൽ ഇണങ്ങിവരുന്നതാണ് ഈ വേഷങ്ങൾ. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് തിരിച്ചറിവുള്ളവരായിട്ടാണ് ഇവിടത്തെ പൊതുസത്വബോധപരിണിതിയിലെ പൌരർ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.. ഈ സത്യം സ്വാംശീകരിച്ച് സ്വന്തം ബോധവൽക്കരണത്തിന്റെ ഒന്നാം ക്ലാസിൽ ഇരുന്നാലെ ഇവിടത്തെ രണ്ടാം ക്ലാസു കുരുന്നുമായി സംവദിക്കാൻ പറ്റൂ. ഇത് ഒരു കൂട്ടായ്മയിലൂടെ സാധിച്ചെടുക്കുന്നതല്ല. ഒരോ കുടുംബത്തിലേയും മുതിർന്നവർ ഇടുക്കുചിന്താഗതിയുടെ ചെകിളയും ചെതുമ്പലും വെട്ടിമാറ്റി ആധുനികതയുടെ ഓവനിൽ ചുട്ട് സമുചിതത്വത്തിന്റെ ഇല വാട്ടി അതിൽ പൊതിഞ്ഞ് കൊടുത്താലേ കൊച്ചു തലമുറയുടെ ത്യാജ്യഗ്രാഹ്യവിവേചനത്തിന്റെ ലഞ്ച്ബോക്സിൽ ഇടം കിട്ടുകയുള്ളു..
എളുപ്പമായി വിളമ്പാവുന്ന, പെട്ടെന്നു ദഹിക്കുന്ന സാംസ്കാരികസാൻഡ് വിച്ചാണ് കേരളീയ/ഭാരതീയ കലകൾ- പ്രത്യേകിച്ചും നൃത്തങ്ങളും സംഗീതവും. അത് ഇന്നു പുതിയ തലമുറ വേണ്ടുവോളം, അത്യദ്ഭുതകരമായി എന്നുവേണം പറയാൻ, സ്വാംശീകരിച്ചിട്ടുമുണ്ട്. പക്ഷെ അതിനോടനുബന്ധിച്ച മൽസരക്കളികൾ നാടൻ രാഷ്ട്രീയക്കളികളെ തോൽപ്പിക്കുന്ന ചവിട്ടുനാടകങ്ങളാണ്. പുതുതലമുറ ഇതിൽപ്പെടാൻ വൈമനസ്യം കാണിച്ചെങ്കിൽ നമ്മൾ ഒരുക്കുന്ന സംസ്കാരവിളമ്പൽ സദ്യയിൽ അവർ പങ്കുചേരുന്നില്ലെന്നു സാരം. ബഹുമാനവും ആദരവും നേടിയെടുക്കുന്നവർക്കേ കിട്ടൂ, മുതിർന്ന തലമുറയോട് ബഹുമാനം ഇല്ലെങ്കിൽ അവർ അത് അർഹിക്കപ്പെടാതെ പോവുകയാണെന്ന് ഒരു മാത്ര വെറുതേ നിനക്കേണ്ടതാണ്. പുതു അവബോധത്തിന്റെ വെള്ളത്തിൽ സാസ്കാരികക്കുടമ്പുളി അലിയിക്കാനിടുകതന്നെ ഉചിതം, ആവശ്യം.
28 comments:
പ്രവാസികൾ സാംസ്കാരികക്കുടമ്പുളി അലിയിക്കാനിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-ഒരു ചർച്ചയിലെ ഭാഗം
" പ്രത്യേകിച്ചും നൃത്തങ്ങളും സംഗീതവും. അത് ഇന്നു പുതിയ തലമുറ വേണ്ടുവോളം, അത്യദ്ഭുതകരമായി എന്നുവേണം പറയാൻ, സ്വാംശീകരിച്ചിട്ടുമുണ്ട്. പക്ഷെ അതിനോടനുബന്ധിച്ച മൽസരക്കളികൾ നാടൻ രാഷ്ട്രീയക്കളികളെ തോൽപ്പിക്കുന്ന ചവിട്ടുനാടകങ്ങളാണ്. പുതുതലമുറ ഇതിൽപ്പെടാൻ വൈമനസ്യം കാണിച്ചെങ്കിൽ നമ്മൾ ഒരുക്കുന്ന സംസ്കാരവിളമ്പൽ സദ്യയിൽ അവർ പങ്കുചേരുന്നില്ലെന്നു സാരം."
അമേരിക്കന്‍ പ്രവാസികല്‍ക്കിടയില്‍ മാത്രമല്ല, എല്ലായിടത്തും കാണുന്ന ഒന്ന്.
വളരെ നല്ല ചര്‍ച്ച. ഇനിയും ഉണ്ടാകുമല്ലോ അല്ലേ..
സാഹിത്യത്തിന്റെ അതിപ്രസരവും ബിംബകല്പനകളും കൊണ്ട് ദുര്‍ഗ്രഹമാക്കിത്തീര്‍ത്ത ഒരു ലേഖനം. ഇത്തിരിക്കൂടി ലളിതമായി പറഞ്ഞിരുന്നെങ്കില്‍ !...
കൊള്ളാം...
നല്ല ലേഖനം. ആശംസകള്‍!
പ്രവാസിയല്ലാത്തതിനാല്‍ ഈ സാംസ്കാരിക പ്രതിസന്ധി നേരിട്ടറിയുന്നവനല്ല ഞാന്‍, സാംസ്കാരികബഹുസ്വരതയിലലിയലും തനത് സ്വത്വം നിലനിര്‍ത്തലും - പരസ്പരവിരുദ്ധമായ ഈ രണ്ടിനിടക്ക് ഊയലാടുന്നവരാണ് എനിക്കറിയാവുന്ന പല അമേരിക്കന്‍ മലയാളികളും , ഗള്‍ഫുകാരെ ഈ പ്രശ്നം അലട്ടുന്നില്ല, ഗള്‍ഫ് അവരുടെ ആന്തരിക ജീവിതത്തെ കാര്യമായി സ്പര്‍ ശിക്കുന്നില്ല. പക്ഷേ എനിക്കറിയാവുന്ന തമിഴ് ബ്രാഹ്മണകുടുംബത്തിലെ ( പാലക്കാട്ടാണു ഞാന്‍ ) കുട്ടികള്‍ക്ക് ഈ സ്വത്വപ്രതിസന്ധി എന്തോ ഞാന്‍ കണ്ടിട്ടില്ല, കാലിഫോര്‍ണിയയിലും കോലമിട്ട്, കോഫിമൊന്തയുമായി, അവിടത്തെ ഹിന്ദുവും നിവര്‍ത്തി , രൊമ്പ പ്രമാദം, would have been താന്‍ പോട്ടിരുക്ക് എന്നവര്‍ പറയുന്നുണ്ടാവും എന്നു തോന്നും അവധിയില്‍ വരുന്ന ചിലരെ അചഞ്ചലരായി കാണുമ്പോള്‍. തലമുറകള്‍ തമ്മിലൊരു പ്രശ്നം ഇല്ലാത്ത പോലെ. ഞാന്‍ ശരിയായിരിക്കണമെന്നില്ല, എന്റേത് ചെറിയൊരു പോപ്പുലേഷനില്‍ നിന്ന് സാമ്പിള്‍ ചെയ്ത ഡേറ്റയാണ്. ലേഖനം ഗൗരവമായി വളരെ സങ്കീര്‍ണ്ണമായ, അമേരിക്കന്‍ മലയാളികളുടെ തലമുറകളുടെ ഈ പ്രശ്നത്തെ, സമീപിച്ചിരിക്കുന്നു.
സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ് പുരോഗമനോന്മുഖസമൂഹത്തിന്റെ കടലിരമ്പുന്നത്.
വളരെ സത്യം.
ആര്‍ജ്ജവമില്ലെങ്കില്‍ പലതുണ്ടുകളായിചിതറും
:-)
പ്രവാസത്തിന്റെ രസതന്ത്ര വിജ്ഞാനശാഖയിലേക്ക്
സാംസ്ക്കാരിക രാസസൂത്രങ്ങള്‍ പഠിച്ചെഴുതിയ
കവിതപോലെ.... അതിമനോഹരമായൊരു
പാചക വിധി !!!!!!!
പാചകവിധി വയിച്ചിട്ടുതന്നെ ചിത്രകാരന്റെ
മസ്തിഷ്കകോശങ്ങളില്‍ തേനരുവിയുടെ ഉറവപൊട്ടുന്നു !!
വിദേശ സാംസ്ക്കാരികതയില്‍ അനായാസം ലയിച്ചു ചേരുന്നവിധം സ്വന്തം സ്വത്വ സാംസ്ക്കാരികതയെ
മധുരക്കട്ടയായി വിളയിച്ചെടുക്കുന്ന സാസ്ക്കാരിക സംബുഷ്ടീകരണത്തിന്റെ
മനോഹാരിതയും, യാഥാര്‍ത്ഥ്യ ബോധവും
ഭംഗിയായി വരച്ചെടുത്ത എതിരന്‍ കതിരവന്റെ
കുടംബുളിക്കറിക്ക് ചിത്രകാരന്റെ
അഭിനന്ദനങ്ങള്‍ !!!!
ഗുരോ.....
ഇത്ര പൌഢഗംഭിരമായി എനിക്കൊക്കെ എന്നാണ് എഴുതാന്‍ കഴിയുക.
തൊട്ടറിഞ്ഞ ജീവിതയാഥാര്‍ത്യങ്ങള്‍ മനോഹരമായ ഭാഷയില്‍ പകര്‍ത്തിയിരിക്കുന്നു.
ചില വാക്കുകള്‍ മനസ്സില്‍ നിന്നും മറന്നുപോയത്, ഈ ലേഖനത്തിലൂടെ മനസ്സില്‍ വീണ്ടും കുടിയിരുത്താന്‍ കഴിഞ്ഞു.
ഗുരോ.......വീണ്ടും പ്രണാമം
എതിരവന്‍ മാഷേ, ഉഷാറ് ലേഖനം. സ്വത്വബോധവും സംസ്ക്കാരവുമൊക്കെ "അലിയുന്ന മധുരക്കട്ടകളായി" വിളയിച്ചെടുക്കേണ്ട പാചകവിധി ഇതിലും മനോഹരമായി എങ്ങിനെ അവതരിപ്പിക്കാന്‍! പ്രവാസി കുടുംബങ്ങളിലെ വടംവലികള്‍ക്ക് "ജനറേഷന്‍ ഗ്യാപ്പ്" എന്നൊരു ഈസി വിശദീകരമാണ് പലപ്പോഴും.
ആശംസകള്‍ :)
പട്ടിണി കിടക്കുന്നതിലും ഭേദമല്ലേ സാൻഡ്‌വിച്ച്?
നൃത്തവും സംഗീതവുമായി പുതുതലമുറ നടക്കട്ടെ... അടുത്ത തലമുറയാകുമ്പോൾ സാൻഡ്‌വിച്ചും കെട്ടിപ്പൂട്ടും...
‘അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമോ എന്ന ചർച്ചയിൽ അവതരിപ്പിച്ചത്.‘
എതിരാ ഒരു തംശയം. ഇതിലെ മലയാളം, പ്രവാസിമലയാളികള്‍ക്കൊക്കെ മനസിലായോ? ഇനി മനസിലായി എന്നങ്ങുവക്കൂക (പണ്ടു മലയാളം കൂടി സ്കൂളില്‍ പഠിപ്പിക്കുമായിരുന്നല്ലോ). പക്ഷെ പ്രവാസി ചെറുതലമുറയില്‍ എത്രകൊച്ചുങ്ങള്‍ക്കിതു മനസിലായിട്ടുണ്ട്. സൊ റ്റിപ്പിക്കല്‍, ചെറുതലമുറ അറിയേണ്ട, അവരിലേക്കു സംസകാരം കൊടഞ്ഞിടണമോ എന്നു ചര്‍ച്ച ചെയ്യുന്ന ഒരു പ്രഭാഷണം അവര്‍ക്കു മനസിലാക്കാന്‍ കഴിയാത്ത ഭാഷയില്‍ വായിച്ചതുകൊണ്ട് എന്തു പ്രയോജനം കതിരാ. അറിയാന്‍ താല്പര്യമുണ്ട്.
വളരെ വളരെ കാലികമായ ഒരു ടോപിക്ക്.
പ്രിയ മാവേലി കേരളം:
കുറേ നാളായല്ലൊ കണ്ടിട്ട് എന്നു വിചാരിക്കുകയായിരുന്നു. ഇവിറ്റെ കണ്ടതിൽ സന്തോഷം.
പുതുതലമുറയ്ക്ക് സംസ്കാരം പകർന്നുകൊടുക്കണോ എന്നായിരുന്നു ചർച്ച. അപ്പോൾ ന്യായമായും പഴംതലമുറയ്ക്കു വേണ്ടിയാണല്ലൊ ചർച്ച. ഒരു തീരുമാനമെടുത്തിട്ട് പുതു തലമുറയെ അവർക്കറിയാവുന്ന ഭാഷയിൽ ബോധിപ്പിക്കുകയാനല്ലൊ അതിന്റെ വഴി.
ഒരു ആവേശം വന്നുപോയതിനാലാണ് ഭാഷ ഇങ്ങനെയായിപ്പോയത്. ലളിതമായിരിക്കണമായിരുന്നു ഇല്ലേ?
ഒരു രക്ഷയുമില്ല!
ആ നർഗ്ഗീസീ കോഫ്തയും പുളിശ്ശേരിയുമൊക്കെ ഒന്നൂടി നുണഞ്ഞു..... കുറച്ച് പരിപ്പെടുക്കുന്നു ഇതിൽ നിന്ന്.....കുതിരാൻ വയ്ക്കാൻ.
കുക്കറി ലൈനില്‍ ആണല്ലോ എതിരന്റെ സാംസ്കാരികപ്പകര്‍ച്ചാ വിധി. നമിച്ചണ്ണാ. ആ ലാസ്റ്റ് പറഞ്ഞ സാന്‍ഡ് വിച്ചിനപ്പറം പോയി സംസ്കാരം സംസ്കരിക്കാന്‍ ഇച്ചിര പാടുപെടും. ഇല്ല്യോ?
‘പുതുതലമുറയ്ക്ക് സംസ്കാരം പകർന്നുകൊടുക്കണോ എന്നായിരുന്നു ചർച്ച.‘ അപ്പോള്‍ ഔട്കം എന്തായി എതിരാ.
എന്റെ അഭിപ്രായത്തില്‍ സൌത്താഫ്രിക്കന്‍ മലയാള പ്രവാസികളും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. പക്ഷെ നമുക്കൊരു പ്രശ്നമുണ്ടല്ലോ. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാര്‍പറ്റിന്റെ അടിയില്‍ ഒളിപ്പിച്ചു വക്കും. സത്യത്തില്‍ ആദ്യത്തെ മലയാളി പുറത്തേക്കു പോയപ്പോഴേ ഈ പ്രശ്നത്തെക്കുറിച്ചു ചിന്തിക്കാമായിരുന്നു. അമേരിക്കന്‍ പ്രവാസികള്‍ ഇപ്പോഴെങ്കിലും ഇതാലോചിച്ചാല്ലോ.
പുതിയ തലമുറക്കു എങ്ങനെ സംസ്കാരം പകര്‍ന്നു കൊടൂക്കണമെന്ന് ചോദിക്കുകയല്ലേ നല്ലത്. എന്റെ അഭിപ്രായമാണ് കേട്ടോ
എന്തായാലും നമ്മളൊക്കെ ഇതേക്കുറിച്ച് ചിന്തിച്ചില്ലെങ്കില്‍ അക്ഷന്തവ്യമായ തെറ്റായിരിക്കുമെന്ന ഒരു തോന്നലു കൂടി ഉണ്ട്.
കൂടുതല്‍ എഴുതൂ, വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്, കതിരാ, ഓള്‍ ദ ബെസ്റ്റ്.
വാചകക്കസര്‍ത്ത് ഒഴിവാക്കി ലളിതമായ ഭാഷയില്‍ താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് താങ്കളുടെ പ്രതികരണം അറിയിച്ചാല്‍ നന്നായിരുന്നു.
1. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികള്‍, തങ്ങളും കുട്ടികളും കേരള/ഭാരത സംസ്കാരം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കേണ്ടതുണ്ടോ?
2. ഉണ്ടെങ്കില്‍ അതിനു സ്വീകരിക്കേണ്ട ക്രിയാത്മകമായ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
3. കുട്ടികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ എങ്ങിനെ സംസ്കാരത്തിന്റെ കണ്ണികള്‍ അവരിലേക്കെത്തിക്കാന്‍ പറ്റും?
4. ലൈംഗികതയെക്കുറിച്ചുള്ള പഴഞ്ചന്‍ ധാരണകള്‍ മാറ്റാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?
5. ലൈംഗികതയെക്കുറിച്ച് വളര്‍ത്തിയെടുക്കേണ്ട പുത്തന്‍ ധാരണകള്‍ എന്തെല്ലാം?
ഭാവിയില്‍ ലാളിത്യമുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
മൂരാച്ചി:
ചോദ്യം നമ്പർ 1 മാത്രമായിരുന്നു ചർച്ചാവിഷയം. ‘വേണോ വേണ്ടയോ’ എന്ന്. അതു കൊണ്ട് 2ഉം 3 ഉം സംഗതമല്ലാതിരുന്നു. എന്നാലും ചർചയിൽ ചിലർ അഭിപ്രായപ്പെട്ടത് സംസ്കാരം പകരൽ വേണ്ടത് മലയാള ഭാഷയിലൂടെയാണ്, ഫൊക്കാനാ പോലെയുള്ള സംഘടനകളിൽ കൂടിയാണ്, മതാചാരങ്ങളിൽ കൂടിയാണ് എന്നൊക്കെ അഭിപ്രായപ്പെട്ടു. മുതിർന്ന തലമുറ തീരെ കൊള്ളുകില്ല, അവർക്ക് സംസ്കാരം പകരാൻ അവകാശമോ അധികാരമോ ഇല്ല എന്ന് ഒരാൾ.
അവസാനത്തെ രണ്ടു ചോദ്യവും ചർച്ചയുടെ പരിധിയിൽ വരുന്നതല്ലെങ്കിലും നാലാമത്തേത് ഒരു മുന്നൊരുക്കത്തിന്റെ ഭാഗമായിട്ട് ഞാൻ സൂചിപ്പിച്ചു. അഞ്ചാം ചോദ്യം അടുത്ത ചർച്ചതന്നെയാവട്ടെ.
ഇനിയുള്ള ലേഖനങ്ങളൊക്കെ ലളിതമാക്കാൻ ശ്രമിക്കാം. പക്ഷെ നേരത്തെ എഴുതിയവയൊക്കെയോ? ആർക്കും മനസ്സിലാവാതെ അവിടെ കിടക്കട്ടെ.
എതിരാ,
അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമോ എന്ന ചർച്ചയിൽ അവതരിപ്പിച്ചത് എന്നാണ് പോസ്റ്റിന്റെ തലക്കെട്ടില്‍ പറയുന്നത്. അതുകൊണ്ട് തന്നെ മൂരാച്ചിയുടെ ഒന്നാം ചോദ്യം വളരെ പ്രസക്തമാണ്.
പക്ഷെ ഈ പോസ്റ്റിലോ താങ്കളുടെ മറുപടിയിലോ അതിന്റെ കൃത്യമായ ഉത്തരം തന്നിട്ടില്ല.
"പുതു അവബോധത്തിന്റെ വെള്ളത്തിൽ സാസ്കാരികക്കുടമ്പുളി അലിയിക്കാനിടുകതന്നെ ഉചിതം, ആവശ്യം." എന്നു പരാമര്‍ശിച്ചതില്‍ നിന്നും സംസ്കാരം പിന്‍തലമുറയിലേക്ക് കൈമാറണം എന്നാണ് താങ്കളുടെ നിഗമനം എന്ന്‍ ഞാന്‍ ഊഹിക്കുന്നു. എന്ത്? എങ്ങനെ? ഇതൊന്നും പറയാതെ കുടമ്പുളിയിടണം എന്നു പറഞ്ഞാല്‍ അതിനോട്ടും പ്രായോഗികത ഇല്ല.
പിന്നെ എന്താണ് ഈ കേരള/ ഭാരത സംസ്കാരം? അതിനു വ്യക്തമായ എല്ലാവരും അംഗീകരിച്ച ഒരു നിര്‍വചനം ഉണ്ടോ? തികച്ചും ആപേക്ഷികമായ/ വ്യക്ത്യാധിഷ്ഠിതമായ ഒരു സങ്കല്പം ആണ് ഭാരതീയ സംസ്കാരം (ഇതിനെക്കുറിച്ച് അടികൂടുന്ന പോസ്റ്റുകള്‍ തന്നെ നിരവധിയുണ്ട്).
അങ്ങനെ ആര്‍ക്കും ശരിക്കറിയാത്ത ഒരു സംഗതി എങ്ങനെ നേരാം വണ്ണം പകര്‍ന്നു കൊടുക്കും? 30000 അടി മുകളില്‍ നിന്നുള്ള ഒരു വാചകക്കസര്‍ത്തായെ എനിക്കിത് തോന്നിയുള്ളൂ. ക്ഷമിക്കുമല്ലോ.
വഷളഞേക്കേ:
കൃത്യമായി പറഞ്ഞിട്ടുണ്ടല്ലൊ മൂന്നാംഖണ്ഡിക. ശ്രദ്ധിച്ചില്ല അല്ലെ? ഇതാ വാചകങ്ങൾ:
“സംസ്കാരസമന്വയം അതുകൊണ്ടു തന്നെ ആവശ്യവും നിൽനിൽപ്പിനുള്ള വളവുമാവുകയാണ്. വന്നിറങ്ങിയവരുടെ പ്രതിഭയും വിശിഷ്ടസംസ്കൃതിയും ഇഷ്ടികക്കല്ലുകൾ പാകിയും അടുക്കിയുമാണ് അമേരിക്കൻ സംസ്കാരം മാളിക പണിതിരിക്കുന്നത്. അതിന്റെ കെട്ടുറപ്പ് ഈ പ്രക്രിയ നിതാന്തമായി അനുസന്ധാനം ചെയ്യുന്നതിനെയാണ് അവലംബിയ്ക്കുന്നത്.. അതിനെ വാതാനുശീലമാക്കി നിലകൊള്ളിക്കാൻ ഈ ethnic ഊർജ്ജം സ്വാഭാവികമായും അനുശീലനപരമായും തലമുറകളിലെക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത് ആവശ്യമായും വരുന്നു. സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ് പുരോഗമനോന്മുഖസമൂഹത്തിന്റെ കടലിരമ്പുന്നത്.“
സംസ്കാരം എന്ന സ്പെക്ട്രത്തിലെ വർണ്ണോജ്വലമായ സംഗീതവും നൃത്തവും പുതുതലമുറ ആവാഹിയ്ക്കുന്നതിനെപ്പറ്റി അവസാന ഖണ്ഡിക.
"എനിക്ക് ഇപ്പോഴും ഓണമുണ്ട്... എന്റെ മക്കൾക്ക് വേണ്ടി... എന്റെ പൈതൃക സംസ്കാരം പകർന്നുനല്കുവാനായി ലോകത്തിന്റെ ഏത് മൂലയിലായിരുന്നാലും ഒരു ചെറിയ ഓണം... പട്ടുപാവടയും കേരളസാരിയും മുണ്ടുമുടുത്ത് അണിഞ്ഞൊരുങ്ങി വാഴയിലയിൽ വിളമ്പി സദ്യയും കഴിച്ച് പൂവും പച്ചിലയും കൂട്ടത്തിൽ വീട്ടിൽ അലങ്കരിക്കുവാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് പൂക്കളും ചേർത്ത് ഒരു പുക്കളവും... സുഹ്രുത്തുക്കളുമായി ഒരു ഓണാഘോഷം... ഓർമ്മയ്ക്കായി കുറച്ച് ഫോട്ടോസ്സും..."
ശ്രീനാഥൻ:
ശരിയാണ് പല എത്‌നിക് വിഭാഗങ്ങളും (തമിഴ്ബ്രാഹ്മണരെപ്പോലെ)സ്വന്തം ആചാരങ്ങൾ കൃത്യമായി പിൻ തുടരുന്നവരാണ്. പക്ഷേ അവരുടെ കുട്ടികൾ ഈ ആചാരങ്ങൾ അതേപടി ഏറ്റെടുത്തിട്ടുങ്കിലും പലപ്പോഴും ധർമ്മസങ്കടത്തിലോ വിഭ്രാന്തിയിലോ ആണ്. ഭാരതീയ വിശ്വാസപ്രമാണങ്ങളും ഇവിടെ പിൻ തിരിപ്പൻ’ ആയിപ്പോകുന്ന ജീവിതശൈലികളും അവരിൽ അടിച്ചേൽപ്പിക്കപ്പെടുന്നതാായി തോന്നുമ്പോൾ. ഉദാഹരനത്തിനു ഇങ്ങനെയൊരു കുടുംബത്തിലെ ഒരു ഒരാൺകുട്ടിയുടെ കഥയെടുക്കാം. സഹപാഠിയായ ഒരു അമേരിക്കൻ പെൺകുട്ടിയെ സ്നേഹിച്ചതിനു ഈ കോളേജ് കുമാരനു കിട്ടിയ ശിക്ഷ അവനെ മാനസികരോഗി വരെ ആക്കിത്തീർത്തു.
ആചാരങ്ങൾ നിലനിർത്തുന്നതോടൊപ്പം ജീവിതമൂല്യങ്ങൾ പുതുസാഹചര്യങ്ങളിൽ പുനഃപരിശോധിക്കപ്പെടേണ്ടതാണ്.
ചര്‍ച്ചകള്‍ ഇത്രയും പുരോഗമിച്ചപ്പോള്‍ ഒന്നുകൂടി വരണമെന്ന് തോന്നി
"പ്രവാസികൾ" സാംസ്കാരികക്കുടമ്പുളി..." എന്ന എതിരന്റെ ആദ്യ കമന്റില്‍ തന്നെ പിടിക്കട്ടെ. പോസ്റ്റില്‍ വിശദമായി തന്നെ പറയുന്നുണ്ടെങ്കിലും, കമന്റില്‍ "പ്രവാസികൾ" എന്ന് പറയുമ്പോള്‍ അതിത്തിരി കടന്ന് പോയില്ലേ, എന്ന് തോന്നുന്നു.
ഇത്, യൂറോപ്പിലെ മാത്രം ഒരു പ്രശ്നമായി, കൂടുതല്‍ വായിച്ചപ്പോള്‍, തോന്നി. യൂറോപ്പിന് എന്താ സൗന്ദര്യം...!! അവിടെ കേരളീയ, ഇന്‍ഡ്യന്‍ സംസ്കാരങ്ങള്‍ക്ക് അധികം വില കൊടുക്കേണ്ടതില്ല. കാരണം, ബഹുഭൂരിപക്ഷം യൂറോപ്യന്‍ പ്രവാസികളും അവടെ തന്നെ കുറ്റിയടിക്കാനാണല്ലോ സാധ്യത....
പൊറാടത്ത്:
അമേരിക്ക പോലെയൊരു രാജയത്ത് ചെറിയ എത്‌നിക് വിഭാഗങ്ങൾക്കും സാംഗത്യമുണ്ട്. പാടേ ഉപേക്ഷിക്കേണ്ടതില്ല ഒന്നും. ഇവിടെ ‘കുറ്റിയടിക്കേണ്ട‘ സാഹചര്യം വന്നാലും.
സ്കൂളുകളിൽ ‘എത്‌നിക് ഡേ’ ഉണ്ടാകാറുണ്ട്. സ്വന്തം സംസ്കാരം ആഘോഷിക്കാനുള്ള അവസരം.
ഞാൻ പോയി പൂഞ്ഞാറിലെ കാറ്റ് ഒന്നൂടി വായിക്കട്ടെ. എന്നിട്ടു വരാം.:)
സംസ്കാരം കൈമാറണം എന്നത് ഒരു ആവശ്യമാണെങ്കില്‍, അതിനു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടെന്നു തോന്നുന്നില്ല!. ഭൂരിഭാഗം മലയാളികള്‍/ഇന്ധ്യക്കാര്‍ മറ്റുള്ളവരെ അപേക്ഷിച്ച്, എന്തിന് അറബികളെ പോലും വെല്ലുന്ന തരത്തില്‍ സ്വന്തം സംസ്കാരത്തെ കൈവിടാന്‍ മടിയുള്ളവരാണ്. അതൊരിക്കലും പക്ഷെ അതില്‍ അഭിമാനം പൂണ്ടിട്ടല്ല. ചരിത്രപരമായി തന്നെ ഏതൊക്കെയോ ചങ്ങലകളാല്‍ നാടന്‍ രീതികളുമായി കെട്ടിവരിഞ്ഞുകിടക്കുകയാണ് നമ്മുടെ പൊതുബോധം. അത് അമേരിക്കയില്‍ ചെന്നാലും, ആഫ്രിക്കയില്‍ ചെന്നാലും ഒരുപോലെ തന്നെ. ആധുനകവ്തയോടും മാറ്റത്തിനോടും ഉള്ള വെറുപ്പ് എന്നതിലുപരി ഭയം ആണ് അതില്‍ മുന്നിട്ടു നില്‍ക്കുന്നത്. മാറ്റത്തിനെ വരവേല്‍ക്കാന്‍ നീളുന്ന കൈ അതിനാല്‍ തന്നെ വിറകൊള്ളുന്നു, അമേരിക്കയിലാണെങ്കിലും, ആരും കാണുന്നില്ലെങ്കിലും എന്തോ ഒരു അരുതായ്ക! അതൊക്കെ അവരുടെയല്ലെ! നമ്മുടെയല്ലല്ലോ! ഇനിയും വര്‍ഷങ്ങള്‍ പലതു കഴിയുകയും, ബോബി ജിന്റല്‍മാരും, അമര്‍ ബോസുമാരും, ശ്യാമളന്മാരും, കിം തയ്യിലുകളും, കാള്‍ പെന്‍ മാരും ഇനിയും ഒരുപാടുണ്ടാവുകയും വേണം മലയാളി/ഇന്ത്യന്‍, അമേരിക്കന്‍ സംസ്കാരത്തില്‍ പൂര്‍ണ്ണമായും ലയിച്ചു ചേരാന്‍. അല്ലെങ്കില്‍ അതു നമ്മുടേതാണെന്നു തോന്നാന്‍!മറ്റേത് അമേരിക്കന്‍ ജനതയില്‍ നിന്നും വ്യതസ്ഥമായി, സ്ഥാനത്തും അസ്ഥാനത്തും എല്ലാം, ഗണപതി, കൃഷ്ണന്‍, മുരുകന്‍, കര്‍ത്താവ്, മാതാവ്, കുന്തിരിക്കം, പൂമാല, ചന്തനത്തിരി, ഭസ്മം, കുന്തം കൊടചക്രം..തുടങ്ങിയവ സ്ഥാനം പിടിക്കുന്നതില്‍ തന്നെ കാര്യങ്ങള്‍ മാറാന്‍ എത്രകാലം എടുക്കും എന്നു വ്യക്തം.
ഓഫ്: അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന ഇന്ത്യന്‍ വംശജനാണെങ്കിലും, അമേരിക്കന്‍ പൗരനാണെങ്കിലും, ഇന്ത്യയില്‍ ഇന്നുവരെ കാലുകുത്തിയിട്ടില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് അവന്‍ ഇന്ത്യക്കാരന്‍ തന്നെ! ബാക്കി രാജ്യങ്ങളില്‍ നിന്നും കുടിയേറി അവിടെ വളര്‍ന്നവര്‍ ഒക്കെ അമേരിക്കക്കാരും!
പറയാന്‍ വിട്ടു..
താങ്കളുടെ ബ്ലോഗ് ആദ്യമായാണ് വായിക്കുന്നത്..
വളരെ മികച്ച ലേഖനം...
സ്മാഷ്:
അതുതന്നെയാണു ഞാനും മറ്റൊരു തരത്തിൽ പറയാൻ ശ്രമിച്ചത്.ഇവിടത്തെ വെള്ളത്തിൽ വേവുന്ന പരിപ്പ് കരുതിവയ്ക്കണം. അത് കുതിരാനിടണം.
അക്കരക്കാഴ്ചയിലെ ഒരു സീൻ ഓർമ വരുന്നു.
മക്കളെ ഇന്ത്യൻ സംസ്കാരം ഓർമ്മിപ്പിയ്ക്കാൻ ജോർജ്ജച്ചായൻ വീട്ടിൽ മലയാളം ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുന്നു. ഭാര്യയും പിള്ളാരും ഇരുന്നു മലയാളം സീരിയലു കാണുന്നു.
അന്നു വൈകീട്ട് വീട്ടിലെത്തിയ ജോർജ്ജച്ചായനോട് മകളുടെ ചോദ്യം...
“ഡാഡി.. ഡാഡിക്കെത്ര ഭാര്യമാരുണ്ട്?”
കൂടുതൽ പറയണോ?
:)
Post a Comment