Wednesday, April 11, 2007

ഒരാള്‍ കൂടി ബ്ലോഗനായി!

അങ്ങനെ ഞാനും ഒരു ബ്ലോഗനായി. “ഇവന്‍ എഴുതിയതെല്ലാം ലോകം മുഴുവനും വായിക്കപ്പെടും” എന്ന് ഞാന്‍ ജനിച്ചപ്പോള്‍ കേട്ട അശരീരി സാര്‍ത്ഥകമാകുന്നു!‍

പല മലയാളം ബ്ലോഗുകളില്‍ കയറിയിറങ്ങിയപ്പോള്‍ എനിയ്ക്കും ആ സംഘത്തില്‍ അംഗമാകാനുള്ള സര്‍വ്വ യോഗ്യതയുമുണ്ടെന്നു മന‍സ്സിലാക്കിയതു കൊണ്ടാണ് ഈ കടുകൈക്കു മുതിര്‍ന്നതു്. എന്നെപ്പോലെ തന്നെ സത്യസന്ധത ആര്‍ജ്ജവം എന്നതിലൊന്നും വിശ്വാസമില്ലാത്തവരാണ്‍് അവരില്‍ പലരും എന്നുളളതു് എനിക്ക്‌ ശക്തി പകര്‍ന്നു. ഞാനും അവരെപ്പോലെ അഭിജ്ഞാനശാകുന്തളം, വിക്രമോര്‍വശീയം, വാര്‍ ആന്‍ഡ് പീസ്‍, ആന്റണി ആന്‍ഡ് ക്ലിയോപാട്ര, എ ക്ലോക്ക് വര്‍ക്ക് ഓറഞ്ച്, ദി ക്രൂസിബിള്‍ എന്നിവയൊക്കെ രാവിലെയും വൈകിട്ടും വായിച്ച് ചിന്തന്‍-മനന്‍ ചെയ്യുന്നവനാണ്. പക്ഷേ വിശ്വോത്തരമായ സിനിമകളില്‍ ഞാനും ലിസ്റ്റ് ചെയ്യുന്നത്‌ കുഞ്ഞിക്കൂനന്‍, വിസ്മയത്തുമ്പത്ത്‌ മറ്റുചില മോഹന്‍ലാല്‍ ക്രാപ് എന്നിവയാണ്. എം. ഡി. രാമനാഥന്‍, ജി. എന്‍.ബി, ശെമ്മാങ്കുടി മുതലായവരെ മാത്രം ആരാധിക്കുന്നെന്ന് അവകാശപ്പെട്ടിട്ട്‌ വിനീത് ശ്രീനിവാസനെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാര്‍ക്കുള്ള പട്ടികയില്‍ ആദ്യം ചേര്‍ക്കും. ഇത്‌ യുക്തിയുടേയും സെന്‍സിറ്റിവിറ്റിയുടേയും പ്രശ്നമായി ഞാന്‍‍ കരുതേണ്ടതില്ലല്ലോ.. കൂട്ടുകാരേ നിങ്ങളില്‍ ഒരാളായി ഞാനും കൂടുന്നതില്‍‍‍ സന്തോഷിക്കുവിന്‍!

എന്നാല്‍ ചില സവിശേഷ സര്‍ഗ്ഗശക്തി ഇവര്‍ക്കുള്ളത്‌ ഞാന്‍ പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. ബ്ലോഗന്മാര്‍ മിക്കവരും ഐ. റ്റി യില്‍ ജോലിചെയ്യുന്നവരും മിച്ചഭൂമി, പാട്ടം, 401 കെ, സ്റ്റോക്ക് ഓപ്ഷന്‍,പിശുക്ക് എന്നിങ്ങനെയായി പണം ബാക്കിയായി എന്തു ചെയ്യണമെന്നറിയാതെ ഉഴന്ന്‌ ഹൈ ടെക് ഇലക്ട്രോണിക് കടകളുടെ മുന്നിലെത്തപ്പെടുന്നവരും വില കൂടിയ ഡിജിറ്റല്‍ ക്യാമറാകള്‍ വാങ്ങിച്ച് ലോകപ്രശസ്ത ഛായാഗ്രാഹകര്‍ ആയവരുമാണെന്ന് ഇവരുടെ “ഹോ‍ബീസി”ല്‍ ക്ലിക്ക് ചെയ്താല്‍ കണ്ടനുഭവിക്കാവുന്നതാണ്. സൂര്യോദയം ചന്ദ്രോദയം എന്നിവയല്ലാതെ പുല്ലിന്‍ തുമ്പിലെ മഞ്ഞുതുള്ളി എന്ന തീമില്‍ ഫസ്റ്റ് പ്രൈസ് കിട്ടിയവരാണധികവും. ഈ ചിത്രങ്ങള്‍ ക്ലോസപ്പില്‍ കണ്ട് കണ്ട് ഒരുദിവസം ഞാനും ഡിജിറ്റല്‍ ക്യാമറാ-ഫോടോഷോപ് -മഞ്ഞുതുള്ളിയിലൂടെ ഒരു വാസന്തപഞ്ചമിനാളില്‍ ഫസ്റ്റ് പ്രൈസിലെത്തിച്ചേരുമെന്ന കിനാവ് കണ്ട് കാത്തിരിക്കുന്നു. (സന്തോഷ് ശിവന്‍ സംഗീത് ശിവന്‍ കി ഛുഠി!)

പക്ഷേങ്കി ചില യാഹൂഗ്രൂപ്പില്‍ കയറിക്കൂടാനുള്ള എന്റെ മോഹം മുളയിലേ നുള്ളിക്കളയേണ്ടി വന്നു. അതിനുവച്ച വെള്ളമങ്ങു വാങ്ങിവയ്ക്കടോ എന്നു എന്റെ അന്തകരണം മന്ത്രിച്ചത് ഇക്കാര്യത്തില്‍ എനിയ്ക്കു പാരയായി, രക്ഷയുമായി. ഇ-സദസ്സ് അക്ഷരശ്ലോകം ! അതിന്റെ പോക്ക്‌ ഇങ്ങനെ: ഒരുവന്‍ “കാക്ക പൂച്ച” എന്നോമറ്റോ ചൊല്ലുന്നു, മറ്റൊരുത്തന്‍ ഉടന്‍ “പൂച്ച ഭട്ടി“ എന്നായി. വേറൊരു കുത്സിതന്‍ “ഭ” യില്‍ തുടങ്ങുന്ന ഒരു കടുകട്ടി, ആര്‍ക്കും മനസ്സിലാകാത്ത സംസ്കൃതശ്ലോകം നിരത്തും. ആദ്യത്തേവന്‍ പിന്നെയും “കാക്ക പൂച്ച“യില് തുടങ്ങും. ഇതില്‍ വിനോദത്തിന്റെ അംശമെവിടെ? ഈ ഭാഷാപോഷണ ലീല എനിയ്ക്കു പറ്റിയതല്ലേ അല്ല. ഈ മൃഗയാവിനോദത്തില്‍ പങ്കുകൊണ്ട് ആഹ്ലാദിക്കുന്നവര്‍ എന്തു ബോറന്‍ ലൈഫാണ് ലീഡു ചെയ്യുന്നത്! ഡിജിറ്റല്‍ യുഗത്തില്‍ വന്നുപെട്ട ചില അമ്പലവാസികളുടെ അന്ധാളിപ്പ് കമ്പ്യൂട്ടറുമായുള്ള അവിഹിതവേഴ്ചയില്‍ അമര്‍ത്തപ്പെടുകയാണെന്ന സോഷ്യൊളൊജിസ്റ്റ് നിഗമനം ചരിത്രവിദ്യാര്‍ത്ഥികള്‍ കുറിച്ചു വയ്ക്കട്ടെ.

മലയാളം ബ്ലോഗുകളെല്ലാം ഹാസ്യാത്മകമായിരിക്കണമെന്നു ഈശ്വരനിശ്ചയം ഉണ്ടത്രേ. അതിനാല്‍ പലരും വി. കെ. എന്‍, വേളൂര്‍ കൃഷ്ണന്‍ കുട്ടി, ചെമ്മനം ചാക്കോ എന്നിവരൊക്കെയായി മാറാന്‍ ദൃഢപ്രതിജ്ഞ യെടുത്തിട്ടുള്ളവരാണ്. എനിയ്ക്കും കോമെഡി വഴങ്ങുകില്ലെന്നാരു കണ്ടു? യെവന്‍ പുലിയാണു കെട്ടാ പുലി.

എല്ലാരുമെല്ലാരും വെള്ളം കോരി ഞാനുമൊരുകുടം വെള്ളം കോരി എന്ന മട്ടില്‍ പോയാല്‍ ഞാന്‍ ബ്ലോഗിങ്ങില്‍ പച്ച പിടിയ്ക്കുകയില്ല. വരമൊഴി കണ്ടുപിടിച്ചവന്‍ ഇന്നസെന്റ് പറയുന്ന മാതിരി എന്നെക്കൊണ്ട് ഠ ണ്ട ക്ഷ ട്ട എഴുതിക്കുകയാണ്. എന്റെ റബ്ബേ ഈ മുസീബത്തിന്റെ മുയുബനും കാര്യവും എനക്കു പുടിയില്ലാ. പണ്ടേ കമ്പ്യുട്ടറില്‍ തൊടാന്‍ പേടിയായ എനിക്കു മൈത്സ് റ്റു ഗോ ബിഫോര്‍ ഐ സ്ലീപ് എന്നു പാടേണ്ടിയിരിക്കുന്നു. കമ്പ്യുട്ടര്‍ സാക്ഷരതാക്ലാസില്‍ ആദ്യനാളിലൊന്നില്‍ ഒരു കശ്മലന്‍ “ഡോണ്ട് യു ഹാവ് എ 3 1/2 ഇഞ്ച് ഫ്ലോപ്പീ?” എന്നു ചോദിച്ചപ്പോള്‍ എന്റെ രഹസ്യ വേവലാതി ഇയാള്‍ക്കെങ്ങനെ പിടികിട്ടിയെന്നോര്‍ത്ത് ഞെട്ടി വിറച്ചവനാണ്‍ ഞാന്‍. ഏതെങ്കിലും വാരികയിലെ പംക്തിയില്‍ ഇക്കാര്യം എഴുതിയിട്ട് “ എനിയ്ക്കു കല്യാണം കഴിക്കാന്‍ പറ്റുമോ ഡോക്ടര്‍?”എന്നു ചോദിക്കാനിരുന്നത് ഇയാള്‍ എന്റെ മുഖത്തു നിന്നു തന്നെ വായിച്ചെടുത്തോ? കീമാന്‍, അഞ്‌ജലി റ്റിറ്റിപി, യൂനിക്കോഡ് ഇത്യാദിയൊക്കെ എന്റെ നാവിലും വിരല്‍ത്തുമ്പിലും വരുത്തണേ ദേവീ സരസ്വതീ......

ബ്ലോഗിനും അവാര്‍ഡുണ്ടത്രേ! (എവോഡ് എന്നു കൃഷ്ണന്‍ നായര്‍ പറയുന്ന സാധനം). ഏറ്റവും നല്ല ബ്ലോഗിനുള്ള രണ്ട് അവാര്‍ഡും നായന്മാര്‍ക്കാണ് കിട്ടിയതെന്നു കേള്‍ക്കുന്നു. കമ്മറ്റിയില്‍ അവരാരുന്നിരിക്കണം മെജോറിറ്റി. ദളിത്ബ്ലോഗിനുള്ള അവാര്‍ഡ് മത്സരം തുടങ്ങിയെന്നു കേള്‍ക്കുന്നു. എന്റെ കര്‍ത്താവേ നിര്‍ണയത്തിനു ശേഷം കമ്മറ്റിക്കാര്‍ പുറത്തിറങ്ങി അവരോരുത്തരും ചെയ്തതു തെറ്റാണെന്ന് അന്നേരെ പറയുന്ന സൊബാവം ഇവടെ നീ വരുത്തല്ലേ. ഔസേപ്പ് പുണ്യവാളനാണെ ഞാനതിനു സമ്മതിക്കത്തില്ല.

ഞാനൊരു ബുദ്ധമതക്കാരനാണെന്നുള്ള നിങ്ങളുടെ തോന്നല്‍ അങ്ങനെ തള്ളിക്കളയാനാവില്ല. അടുത്തടുത്ത് എന്റെ റബ്ബേ, ദേവീ സരസ്വതീ, കര്‍ത്താവേ എന്നൊക്കെ പ്രയോഗിച്ച്പ്പോള്‍ തന്നെ നിങ്ങള്‍ക്കു സംശയം തോന്നിക്കാണും. ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വന്തം ബ്ലോഗ് തുടങ്ങിയത്രേ. അടുത്ത ബ്ലോഗവാര്‍ഡ് നിര്‍ണയക്കമ്മറ്റിയില്‍ അദ്ദേഹം തീര്‍ച്ചയായും കാണും. ഒരു ബുദ്ധമതക്കാരനായ എനിയ്ക്കു അദ്ദേഹം തീര്‍ച്ചയായും അവാര്‍ഡ് തരും.

ഒരു വെറൈറ്റിയ്ക്കു വേണ്ടി ഒരു പാചകവിധി താഴെ ചേര്‍ത്തിട്ടുണ്ട്. അവാര്‍ഡ് കമ്മറ്റി എന്റെ നാനാ‍വിധ കഴിവുകളെപ്പറ്റി അറിയേണ്ടേ.

പോകട്ടെ.
വാര്‍ ആന്‍ഡ് പീസ് വായിച്ചിട്ട് കുഞ്ഞിക്കൂനന്‍ കാണാനുണ്ട്.
നേരത്തെ എണീയ്ക്കണം. ...പുല്‍ത്തുമ്പിലെ മഞ്ഞുതുള്ളി........ക്ലോസപ്പില്‍...........................


എതിരന്‍ കതിരവന്‍

പ. ലി.: ഇത് ഡെഡിക്കേറ്റു ചെയ്യുന്നത് വരമൊഴി കണ്ടുപിടിച്ച് എന്നെക്കൊണ്ട് ഇതു ചെയ്യിക്കുന്ന കശ്മലന്.

__________________________________
പാചകവിധി

വി.8 രസം

(ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന എന്റെ “നാടന്‍ അമേരിക്കന്‍-മലയാളി പാചകരമ “ എന്ന പുസ്തകത്തില്‍ നിന്ന്).
അമേരിക്കയില്‍ വന്നിട്ട്,
അവിവാഹിതനായ ഞാന്‍ ചില സത്യാന്വേഷണപരീക്ഷകള്‍ അടുക്കളയില്‍ ചെയ്തിട്ട് പാത്രങ്ങള്‍ കരിഞ്ഞതല്ലാതെ ഒരു വിഭവവും ഉരുത്തിരിഞ്ഞു വന്നില്ല. കല്യാണം കഴിക്കുക തന്നെ പോംവഴി. അടുക്കള കണ്ട നേരം പുതുപ്പെണ്ണ് ഞെട്ടിത്തെറിച്ചു പിന്മാറി. പുസ്തകം വായിച്ച് റാങ്കു നേടുകയല്ലാതെ ആണുങ്ങളും വിദ്യാവിഹീനരും ചെയ്യുന്ന അടുക്കളപ്പണി ചെയ്യാനല്ല അവള്‍ വന്നിരിക്കുന്നതെന്ന് സദയം അറിയിച്ചു. (രണ്ടു തവണ റാങ്കു കിട്ടിയ ഫോട്ടോകള്‍ പത്രത്തില്‍ വന്നതുകൊണ്ടാണ് വിവാഹം താമസിച്ചുപോയതെന്ന് ആ സാധ്വി നേരത്തെ അറിയിച്ചിരുന്നു.)എന്റെ വിവാഹോദ്ദേശം തകര്‍ന്ന് അടുക്കളയിലെമ്പാടും ചിതറി. എന്നാലും കുക്കിങ് അറിയാത്ത രണ്ടു ആത്മാക്കളുടെ സംഗമം നെടുനാളത്തെ മങ്ഗല്യത്തിനു നിദാനമാകുമല്ലോ എന്നോര്‍ത്ത് ഞാന്‍ ഹര്‍ഷോന്മാദം പൂണ്ടു. പിന്നെ ഞങ്ങള്‍ ഹം തും ഏക് കം രേ മേ ബന്ദ് ഹോ എന്ന മട്ടില്‍ കുക്കിങ് ചില ചില്ലറപ്പരിപാടിയിലൊതുക്കി. അതിലൊന്നാണ് വി.8 രസം.

(കുറിപ്പ്: വി.8 അമേരിക്കയില്‍ കിട്ടുന്ന ടിന്നിലുള്ള റ്റൊമാറ്റോ ഡ്രിങ്കാണ്. )

ഒരു ടിന്‍ വി.8 സമം വെള്ളം ചേര്‍ത്ത് കുറച്ചു സാമ്പാര്‍ പൊടിയിട്ട് തിളപ്പിക്കുക. കടുകു വറക്കുക. ഒരു മാതിരി മെറ്റാലിക് ടേസ്റ്റുണ്ടെങ്കില്‍ മല്ലിയില ലേശം കൂടുതല്‍ ഇട്ട് ഒന്നു കൂടി തിളപ്പിക്കുക. വിരുന്നുകാര്‍ക്കു കൊടുക്കുന്നതിനു മുന്‍പ് കാലി ടിന്നുകള്‍ ഒളിപ്പിക്കുക. നിങ്ങളുടെ ഗാര്‍ഡനില്‍ വളര്‍ത്തിയ റ്റൊമാറ്റോ ആയതുകൊണ്ടാണ് ടേസ്റ്റു വ്യത്യാസമെന്നു ധരിപ്പിക്കുക. കൂടുതല്‍ വളമിട്ടതുകൊണ്ടും. “നിങ്ങളോടു പറഞ്ഞതല്ലേ മനുഷ്യാ ഫാക്റ്റം ഫോസ് (?) അത്രേം ഇടരുതെന്നു്?” എന്നു ആക്രോശിക്കാന്‍ ഭാര്യയെ നേരത്തെ ചട്ടം കെട്ടിയിരിക്കണം. പരസ്യമായി ഭര്‍ത്താവിനെ ഇടിച്ചു താഴ്ത്താന്‍ ഏതു ഭാര്യയും അത്യൌത്സുക്യം കാണിക്കുമെന്നതുകൊണ്ട് ഈ തന്ത്രം എളുപ്പം ഫലിക്കും.

കുറിപ്പ്: ഇത് മൈക്രോവേവില്‍ വച്ചുണ്ടാക്കിയാല്‍ പാത്രം കഴുകലും ലാഭിക്കാം.

34 comments:

Cibu C J (സിബു) said...

നാല് വരി മാത്രം എഴുതൂ എന്ന്‌ പറഞ്ഞിട്ടിപ്പോ ഇത്രയും തെറി എഴുതിക്കൂട്ടിയോ... ഞാന്‍ വച്ചിട്ടുണ്ട്‌. ഒന്നു മുഖദാവില്‍ കണ്ടോ‍ട്ടേ :)

മൂര്‍ത്തി said...

നല്ല തമാശയുണ്ട് വായിക്കാന്‍...ആശംസകള്‍..

evuraan said...

സ്വാഗതം, സല്യൂട്ട്.

വന്നാലും, ബുലോഗം ഉഴുതുമറിച്ചാലും..!

ആത്മഗതം:
സിബു കൊണ്ട്വന്നതല്ലേ? പോരാത്തതിനു എഴുത്തിന്റെയും ആമ്പിയറു കണ്ടിട്ട് രാജേഷ് വര്‍മ്മയുടെയും ഉമേഷിന്റെയും ഒക്കെ “ഗുണ”ഗണത്തില്‍ പെടുന്നയാളെന്നു തോന്നുന്നു...! സൂക്ഷിക്കുക, ഞളുവയടിക്കാതെ, ഒരു വെല്‍ക്കം കമന്റു വെച്ചിട്ടിറങ്ങുക, അത്ര തന്നെ.

പ്രകാശം:
തുടര്‍ച്ചയായിട്ട് എഴുതണേ..!

sandoz said...

ഇത്‌ കൊള്ളാല്ലോ......
ഒരു പുതിയ സുനാമീടെ ലക്ഷണം ഒണ്ട്‌......
ഇങ്ങട്‌ പോരട്ടേ മാഷേ പുതിയ വെടിക്കെട്ടുകള്‍...........

വേണു venu said...

ഇവിടം കലക്കി കുടിച്ചു കഴിഞ്ഞു് , എല്ലാ മര്‍മ്മങ്ങളും നാടീ ഞരമ്പുകളും അറിഞ്ഞു് , തന്മയത്വമായി രംഗ പ്രവേശം ചെയ്ത താങ്കളില്‍ നിന്നു്, നല്ല സൃഷ്ടികള്‍ക്കു് ആത്മാര്‍ഥമായി കാത്തിരിക്കുന്നു. മറയ്ക്കു് പിന്നിലെ ഓക്യാ വിളി ശരിക്കും ഇഷ്ടപ്പെട്ടു. ഇനി മറ നീങ്ങിയുള്ള കഥകളി അരങ്ങേറട്ടെ.:)

reshma said...

ആരേയും , നിങ്ങളെയടക്കം, വെറുതെ വിടൂല ല്ലേ? :)
ആദ്യ പോസ്റ്റ് തന്നെ കലക്കന്‍.v8 രസം പോലെ ഇനിയും ഉണ്ടോ സ്റ്റോക്ക്?

കെവിൻ & സിജി said...

ഇദാ, ഇദാ സാധനം, ഇദ്ദന്നെ സാധനം. ബ്ലോഗുബ്ലോഗുന്നു് പറയണതു്.

നമസ്കാരംണ്ട്ട്ടോ.

വല്യമ്മായി said...

സ്വാഗതം

Rasheed Chalil said...

തുടക്കം സൂപ്പര്‍. സ്വാഗതം...

വായിച്ചെടുക്കാന്‍ ഇത്തിരി പാട് പെട്ടു. ടെക്സ്റ്റ് കളറോ ബാക്ക് ഗ്രൌണ്ട് പിക്ചറോ ഒന്ന് മാറ്റിയാല്‍ നന്നായിരിക്കും ഒരു ഒരു അഭിപ്രായം ഉണ്ട്.

സുല്‍ |Sul said...

എതിരന്‍ കതിരവന്‍
പേരും കൊള്ളാം എഴുത്തും കൊള്ളാം. മൊത്തം ചില്ലറയയിങ്ങു പോരട്ടെ ബാക്കി. കയ്യിലുള്ള കാശുകൊടുത്ത് ഒരു ക്യാമറയും വാങ്ങി രണ്ട് പടം കൂടി കൂടെയുണ്ടെങ്കില്‍ സംഗതി ശുഭം.

സ്വാഗതം.
-സുല്‍

സു | Su said...

ഈശ്വരാ... നാല് വരി എഴുതി ബ്ലോഗിലേക്ക് പ്രവേശിക്കൂ എന്ന് സിബു പറഞ്ഞിട്ട് നാലായിരം വരി എഴുതിയിട്ടാണോ പ്രവേശനം? അപ്പോ, ഒരു പോസ്റ്റ് വെക്കൂ എന്നു പറഞ്ഞാല്‍, വായിച്ചെടുക്കാന്‍, കുറേ ദിവസം വേണ്ടിവരുമല്ലോ.

എന്തായാലും എ. ക.- 47 നു ബൂലോഗത്തിലേക്ക് സ്വാഗതം.

തറവാടി said...

എതിരാ , കുതിരേ ( തെറിയായി വിളിച്ചതല്ലാട്ടോ!),

ആദ്യമായി , ബാക് ഗ്രൌണ്ട് കളര്‍ മാറ്റുക , അല്ലെങ്കില്‍ അക്ഷരത്തിന്‍റ്റെ കളര്‍ മാറ്റുക , വല്ലാത്ത ബുദ്ധിമുട്ട് വായിക്കാന്‍ .

വായിച്ചതില്‍ നിന്നും തങ്കള്‍ക്കിവ്വിടം  അറിയാമെന്നു തോന്നുന്നു.

, വേണുവേട്ടന്‍ എഴുതിയതിനാല്‍ ആവര്‍ത്തിക്കുന്നില്ല ,

പുലികളും , എലികളുമൊന്നുമല്ലാത്ത ചിലരും ഈ ബൂലോകത്തുണ്ടൈ :)

അപ്പോ ഇവിടെയൊക്കെ ഉണ്ടാകുമല്ലെ ,

ന്നാ ശരി കാണാം

അയ്യോ മറന്നു , സ്വാഗതം താങ്കള്‍ക്കവശ്യമുണ്ടോ , എന്നാലും ഇരിക്കട്ടെ ഒരു സ്വാഗതം!

:)

asdfasdf asfdasdf said...

'ഇവന്‍ എഴുതിയതെല്ലാം ലോകം മുഴുവനും വായിക്കപ്പെടും' താന്‍ കതിരനല്ല, കുതിരയാണ്, കടിഞ്ഞാണില്ലാത്ത കുതിര. വീണ്ടും നല്ല നല്ല പോസ്റ്റുകള്‍ എഴുതി ബ്ലോഗിന് ബൂസ്റ്റ് കൊടുക്കൂ.

പ്രിയംവദ-priyamvada said...

'നിങ്ങളെന്നെ ബ്ലോഗനാക്കി' എന്നല്ലെ, നല്ല തലകെട്ടു?
എന്റ്യും സ്വഗതം !
qw_er_ty

Visala Manaskan said...

ഹഹഹ. ആള് ചില്ലറക്കാരനല്ല എന്ന ഇന്റിക്കേഷന്‍ കിട്ടി. അലക്കിയിട്ടുണ്ട് മാഷേ.

പിന്നെ, സിബു ഇറക്കിയ ആളല്ലേ മോശാവാന്‍ ചാന്‍സില്ല. എല്ലാവിധ ആശംസകളും.

Unknown said...

മാഷേ ഫോണ്ട് കളറോ ബാക്ക് ഗ്രൌണ്ടോ മാറ്റൂ. ഒന്നും കാണുന്നില്ല. :(

NITHYAN said...

കൊള്ളാം. അതിരുകളും മതിലുകളുമില്ലാത്ത ബൂലോകത്തിലേക്ക്‌ സ്വാഗതം. യാഗാശ്വത്തിനെന്തിന്‌ വഴികാട്ടണം. നേരെ കയറിയങ്ങട്ട്‌ ഉഴുതുമറിക്ക്യ.
നിത്യന്‍

Siju | സിജു said...

സ്വാഗതം..

(ഭാവിയില്‍, ഇങ്ങേര് ആദ്യം പോസ്റ്റിട്ടപ്പോ ഞാനൊക്കെ പോയാ സ്വാഗതം പറഞ്ഞു വിളിച്ചു കൊണ്ടു വന്നതെന്നു പറയാമല്ലോ)

മുല്ലപ്പൂ said...

രാവിലെ കണ്ടിരുന്നു ബ്ലൊഗ്. നല്ല ഭംഗി യുള്ള പൂമുഖവുമായി , വലരെ നല്ല ടെമ്പ്ലെറ്റില്‍ ഉള്ളത്. അതു എന്തേ മാറ്റിയെ ? പറ്റിയാല്‍ അതു തന്നെ ഇടൂ. കണ്ട ടെമ്പ്ലെറ്റുകളില്‍ വെച്ച് എനിക്ക് ഏറെ ഇഷ്ടം തോന്നി അത്.

എഴുത്ത് നന്നായി ഇഷ്ടപ്പെട്ടു.നാലു വരിക്ക് നാല്പതു വരി വായിച്ചാലും മുഷിയാത്ത എഴുത്ത്.

ഒരു ഹൃദയം നിറഞ്ഞ സ്വാഗതം.

Cibu C J (സിബു) said...

എതിരന്റെ ടെമ്പ്ലേറ്റില്‍ കുതിര കയറിയത്‌ ഞാനാണ്. നല്ലൊരു ടെമ്പ്ലേറ്റ് കണ്ടിട്ടതാണ് അത്‌. എതിരന്റെ സ്വഭാവവും ആയി ചേരുന്നുണ്ടെന്നും തോന്നി. എന്നാ‍ല്‍ പലര്‍ക്കും വായിക്കാനാവുന്നില്ല എന്ന്‌ കണ്ട്‌ മാറ്റിയതാണ് ഇതിലേയ്ക്ക്‌. തിരിച്ച്‌ വയ്ക്കാന്‍ തന്നെയാണിഷ്ടം. കുതിര ഒരു റൌണ്ടുകൂടി പോയിട്ടുവരട്ടേ അല്ലേ :)

കുട്ടന്‍സ്‌ | S.i.j.i.t.h said...
This comment has been removed by the author.
കുട്ടന്‍സ്‌ | S.i.j.i.t.h said...

കോടാനുകോടി ബ്ലോഗ് നക്ഷത്രങ്ങളില്‍ സൂര്യതേജസാവട്ടെ..
തുടര്‍പോസ്റ്റുകള്‍ക്കായ് കാത്തിരിക്കുന്നൂ...
സ്നേഹം,
കുട്ടന്‍സ്.

-B- said...

രസവുമായാണ് രംഗപ്രവേശം. കൊള്ളാം.. കൊള്ളാം. ഇതൊരു നടയ്ക്ക് പോകുന്ന ലക്ഷണമില്ലാ... ഇറക്ക് ഗഡീ അടുത്ത നമ്പറ്.

വെല്‍ക്കം ടു ദ കൂട്ടപ്പൊരിച്ചില്‍.

Pramod.KM said...

‘റാങ്കു കിട്ടിയ പടം പത്രത്തില്‍ വന്നതിനാ‍ലാണു കല്യാണം വൈകിയത്’.വളരെ നല്ല നിരീക്ഷണം.ഹഹ

Umesh::ഉമേഷ് said...

അടിപൊളി, എതിരാ, കതിരവാ, ഐവാ...

സകലമാന ബ്ലോഗും പരിചിതമാണെന്നു തോന്നുന്നല്ലോ. നിരീക്ഷണങ്ങള്‍ വളരെ ശരി.

“ഈ മൃഗയാവിനോദത്തില്‍ പങ്കുകൊണ്ട് ആഹ്ലാദിക്കുന്നവര്‍ എന്തു ബോറന്‍ ലൈഫാണ് ലീഡു ചെയ്യുന്നത്! ഡിജിറ്റല്‍ യുഗത്തില്‍ വന്നുപെട്ട ചില അമ്പലവാസികളുടെ അന്ധാളിപ്പ് കമ്പ്യൂട്ടറുമായുള്ള അവിഹിതവേഴ്ചയില്‍ അമര്‍ത്തപ്പെടുകയാണെന്ന...”

നടക്കട്ടേ, നടക്കട്ടേ...

Sathyardhi said...

എതിരേ ഉയരുന്ന കതിരവാ,
ചുമ്മാ ബാ.

റീനി said...

സ്വാഗതം, എതിരന്‍ കതിരവാ. ആദ്യത്തെ പോസ്റ്റു കൊണ്ടുതന്നെ ബൂലോഗരെ അലക്കിവെളുപ്പിച്ചു കളഞ്ഞല്ലോ.

അടുത്ത പാര്‍ട്ടി പ്ലാന്‍ ചെയ്യുമ്പോള്‍ ഏറെ മല്ലിയില വാങ്ങിയിട്ട്‌ ഞാന്‍ contact ചെയ്യുന്നുണ്ട്‌.

jeej said...

കുതിരവാ,
തുടക്കം ചെത്തായിട്ട്ണ്ട്‌..
ഇത്തിരി രസം തരട്ടേ, V8 അല്ലാട്ടാ,

ബിന്ദു said...

ഇത് രസത്തില്‍ തുടങ്ങി അതിരസമായല്ലൊ. :)വെല്‍ക്കം റ്റു ഈലോകം. :)

അമല്‍ | Amal (വാവക്കാടന്‍) said...

എ.കു ചേട്ടാ,

സ്വാഗതം ന്നു മാത്രം പറയുന്നു !

ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി അല്ലേ?

അപ്പോ തകര്‍ക്കന്നെ !

Unknown said...

എതിരന്‍ മാഷേ,
വായിച്ചു. അദ്യ പോസ്റ്റ് തമര്‍ത്തി എന്ന് പറഞ്ഞാല്‍ ഓടിച്ചിട്ട് തമര്‍ത്തി. സ്വാഗതം! :-)

മുസ്തഫ|musthapha said...

എതിരന്‍ കതിരവന്‍ :)

സ്വാഗതം...
സ്വാഗതം :)

പിടിച്ചതിലും വലുതായിരിക്കുമല്ലോ അളയില്‍... പോരട്ടെ... പോരട്ടെ :)

Kaithamullu said...

കേളികൊട്ട് തകര്‍ത്തൂ,

ഇനിപ്പോ നേരം വെളുക്കും വരെ ഇരിക്കന്യെ, അല്ലേ?

-സ്വാഗതം, മാഷേ!

സുധി അറയ്ക്കൽ said...

അപ്പോ ഇതാണല്ലേ എതിരൻ ചേട്ടന്റെ തുടക്കം.??വായിക്കാൻ തുടങ്ങട്ടെ.