Saturday, January 26, 2008

എം. ടി. യും ഞാനും

നാലഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പു ശ്രീ എം.ടി. വാസുദേവന്‍ നായരുമായി നടത്തിയ ഒരു ഇന്റെര്‍വ്യൂവിന്റെ ഓര്‍മ്മക്കുറിപ്പ്.

ഭാരതീയ ഭാഷാകൃതികളുടെ ഇംഗ്ലീഷ് തര്‍ജ്ജിമകളെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ എം. ടി. ക്യാമ്പസില്‍‍ വന്നിട്ടുണ്ടെന്നറിഞ്ഞു. സ്ഥലത്തെ ഒരു പ്രാദേശിക മലയാള-റ്റെലിവിഷന്‍ ചാനലില്‍ വാര്‍ത്ത വായിക്കുകയും പ്രോഗ്രാം അവതരിപ്പിക്കുകയും സെലിബ്രിറ്റീസ്നെ ഇന്റെര്‍വ്യൂ ചെയ്യലും ഒക്കെ എന്റെ വിനോദങ്ങളില്‍ പെടാറുള്ളതുകൊണ്ട് അദ്ദേഹവുമായി ഒരു അഭിമുഖം തരപ്പെടുത്താന്‍ ആശിച്ചു. സെമിനാറില്‍ പങ്കെടുത്ത് ചില ചോദ്യങ്ങളൊക്കെ ചോദിച്ച് ഞാന്‍ മനപൂര്‍വം“നോട്ടപ്പുള്ളി“ യായി. കാപ്പി/ചായ കുടിയ്ക്കാനുള്ള ഇടവേളയില്‍ അദ്ദെഹവുമായി കുശലപ്രശ്നങ്ങളായി. ഇന്റെര്‍വ്യൂവിന് സമ്മതം. റ്റെലിവിഷന്‍ പ്രോഗ്രാം ഇന്‍ ചാര്‍ജ് സതീഷ് മേനോന്‍ (“ഭവം”‘ എന്ന അവാര്‍ഡ് സിനിമയുടെ സംവിധായകന്‍.ജ്യോതിര്‍മയിക്ക് കേന്രസര്‍ക്കാറിന്റെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് കിട്ടി ഭവത്തിലെ അഭിനയത്തിന്) ബാക്കി കാര്യങ്ങള്‍ ഏറ്റെടുത്തു. എം. ടിയ്ക്ക് എളുപ്പത്തിന് ദൂരെയുള്ള സ്റ്റുഡിയോയില്‍ പോകാതെ ക്യാമ്പസില്‍ തന്നെ ഇന്റെര്‍വ്യൂ നടത്താം. സ്ഥിരം ക്യാമെറാമാന്‍ അവധിയിലാണ്. സതീഷിന്റെ പരിശ്രമത്താല്‍ ഒരു പോളിഷ് സ്റ്റുഡിയോയിലെ ക്യാമെറാമാന്‍ വരാമെന്നു സമ്മതിച്ചു.

രാത്രിയില്‍ തന്നെ ഇന്റെര്‍വ്യൂവിനു ഒരു ഫോര്‍മാറ്റും ചോദ്യങ്ങളും എഴുതിയുണ്ടാക്കി. സ്വതവേ മിതഭാഷിയായ എം. ടി യില്‍ നിന്നും എന്തൊക്കെ പുറത്തെടുക്കാന്‍ പറ്റും? വേവലാതിയുണ്ട്. പിറ്റേന്ന് വൈകുന്നേരം എല്ലാവരും റെഡി. ക്യാമ്പസിലെ ഒരു ഹോടലിന്റെ റിസപ്ഷന്‍ സ്ഥലം വെടിപ്പാക്കി എടുത്തിട്ടുണ്ട് സതീഷ്. “പതിനഞ്ചു മിനുട്ടു വല്ലതും മതി” എം. ടി. പറഞ്ഞു. വളരെ നീണ്ട ചോദ്യാവലിയുമായി റെഡിയായ ഞാന്‍ എന്തൊക്കെ, ഏതൊക്കെ ചോദിക്കുമെന്ന കുഴപ്പത്തിലായി. കഥയെഴുത്തുകാരനോട് “കഥയുടെ ഡി. എന്‍. എ“ എന്ന വിഷയം തന്നെ ചോദ്യമായി തുടക്കമിട്ടു. പെട്ടെന്ന് വാചാലനായ അദ്ദെഹം മനം തുറന്നു സംസാരിച്ചു തുടങ്ങി. കഥയുടെ ഉറവ്, കഥകളിലെ സ്ത്രീ സാന്നിദ്ധ്യം, സിനിമയുമായുള്ള ബന്ധം,, സ്ക്രിപ്റ്റ് എഴുത്ത്, അങ്ങനെ എന്റെ ചോദ്യങ്ങളുമായി സംഭാഷണം മുറുകി. ചുളുവില്‍ അദ്ദേഹത്തിന്റെ പണ്ടത്തെ ചില ദുശ്ശീലങ്ങളെക്കുറിച്ച് ആരാഞ്ഞു. മദ്യപാനത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. പതിനഞ്ചു മിനുട്ട് അനുവദിച്ചു തന്നിരുന്നത് ഒരു മണിക്കൂറ് ഇരുപതു മിനുട്ട് നീണ്ടു. ഇത് എന്റെ ചോദ്യങ്ങളുടെ രസം കൊണ്ടായിരുന്നു എന്ന് എന്റെ അഹങ്കാരം. അന്നു രാത്രിയില്‍ ഉറക്കം വരാതിരുന്നത് സന്തോഷം കൊണ്ടു മാത്രമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

പിറ്റേന്നും അദ്ദേഹത്തിന്റെ ചില്ലറ യാത്രകള്‍ക്കു ഞാന്‍ തന്നെ സാരഥി. പൊടുന്നനവേ നിശബ്ദത പിളര്‍ന്ന് നമ്മോട് വളരെ അടുപ്പത്തില്‍ സംസാരിക്കുമെന്നത് കൌതുകമായി. സാഹിത്യം, കല,സിനിമ,കഥകളി, സാമൂഹ്യപ്രശ്നങ്ങള്‍, മലയാളിയുടെ വിഹ്വലതകള്‍‍ എന്നിങ്ങനെ സംഭാഷണം പലപ്പോഴും കാടുകയറി. മലയാളികളുടെ കയ്യിലൊക്കെ ഓരൊ ഓടക്കുഴല്‍ ഉണ്ടെന്നും അത് ചങ്ങമ്പുഴ വച്ചു കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു’ എന്നത് അതുകൊണ്ട് അന്വര്‍ത്ഥമാണെന്നും അഭിപ്രായപ്പെട്ടു. പിറ്റേന്നുള്ള ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചത് ങങ്ങളുടെ സംഭാഷണ വിഷയങ്ങളെ ആസ്പദമാക്കിയതുകൊണ്ട് എന്റെ പേരു ആവര്‍ത്തിച്ചു വന്നുകയറീ. കൂടെ ചെറിയ ചില പുകഴ്ത്തലുകളും. സദസ്സിന്റെ കോണില്‍ “ഞാനാരാ മോന്‍“ എന്നു ഞെളിഞ്ഞു നില്‍ക്കാന്‍ ഞാനും.

പിറ്റേ ദിവസം അവസാനം കൂടിക്കാഴച്ചയ്ക്കു അദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ ചെന്നു. കണ്ണടയ്ക്കിടയിലൂടുള്ള ആ ചുഴിഞ്ഞനോട്ടം സമ്മാനിച്ചിട്ട് പെട്ടെന്നു അകത്തേയ്ക്കു കയറിപ്പോയി. ഞാന്‍ അന്ധാളിച്ചു. താമസിച്ചു പോയോ? എന്നെ മറന്നു പോയോ? നേരത്തെ ഒരു സിനിമാ-സാഹിത്യകാരനില്‍ നിന്നും സ്വല്‍പ്പം താമസിച്ചതിനു വയറു നിറയേ ശകാരം കിട്ടിയത് ഓര്‍മ്മിച്ചു. അധികം താമസിയാതെ അദ്ദേഹം ഇറങ്ങിവന്നു ഒരു പുസ്തകം വച്ചു നീട്ടി, നിസ്സംഗഭാവം വെടിയാതെ. “ ഈ ഒരു കോപ്പിയേ കയ്യിലുള്ളു”. രണ്ടാമൂഴം! Author's copy എന്ന സീലടിച്ചത്! “സ്നേഹപുരസ്സരം” എന്നും
എന്റെ പേരും എഴുതിയതിനു താഴെ ചരിത്രപ്രസിദ്ധമായ ആ കയ്യൊപ്പും.

അന്നു രാത്രിയും ഉറക്കം വരാതിരിക്കാന്‍ എനിയ്ക്കു വേറേ കാരണമൊന്നും വേണ്ടി വന്നില്ല.

------------------------------------------------------------------
അടുത്തത്: മാതാ അമൃതാനന്ദമയിയും ഞാനും

18 comments:

എതിരന്‍ കതിരവന്‍ said...

നാലഞ്ചുകൊല്ലം മുന്‍പ് ശ്രീ എം.ടി. വാസുദേവന്‍ നായരുമായി നടത്തിയ ഒരു റ്റെലിവിഷന്‍ ഇന്റെര്‍വ്യൂവിന്റെ ഓര്‍മ്മക്കുറിപ്പ്.

വായനക്കാര്‍ക്ക് ഇഷ്ടമാണെങ്കില്‍ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം എഴുതിയിടാം.

മുസ്തഫ|musthapha said...

എതിരന്‍ ആരാ മോന്‍ :)


നന്നായി ആ നല്ല ഓര്‍മ്മകള്‍ ഇവിടെ പങ്കുവെച്ചത്

അഭിലാഷങ്ങള്‍ said...

"വായനക്കാര്‍ക്ക് ഇഷ്ടമാണെങ്കില്‍ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം എഴുതിയിടാം."

ഇഷ്ടമാണ് ഇഷ്ടമാണ് ഇഷ്ടമാണ്..

എഴുതിയിട് എഴുതിയിട് എഴുതിയിട്..

വായിക്കട്ടെ വായിക്കട്ടെ വായിക്കട്ടെ..

മറക്കല്ലേ... പ്ലീസ്..

:-)

Haree said...

അപ്പോള്‍ അഭിമുഖം കൂടിപ്പോരട്ടേ... ടെലിവിഷന്‍ ഇന്റര്‍വ്യൂവല്ലേ, അപ്പോള്‍ ദൃശ്യങ്ങളുള്‍പ്പടെ പോസ്റ്റൂ... :)

തിരുത്ത്: കഥയുടെ ഉറവ്, കഥകളിലെ... - ഉറവ എന്നല്ലേ?

ഓഫ്: എപ്പോഴാ ‘ഹരീയും ഞാനും’ എഴുതുന്നേ? :D
--

Anonymous said...

എതിരന്‍ ആരാ മോന്‍ :)
kudos kathriavaaa....
you make it worth reading reading Malayalam blogs
chak de kathrivaaa

Satheesh said...

അതെന്തൊരു പരിപാടിയാ മാഷേ “വായനക്കാറ്ക്കിഷമാണെങ്കില്‍ പോസ്റ്റാ’മെന്നത്? തീര്‍ച്ചയായും പോസ്റ്റണം.ഇന്ന് തന്നെ.. ഇങ്ങനെ ഒരു അനുഭവം കുറിച്ചതിന്‍ നൂറു നന്ദി.

പ്രയാസി said...

പുലി മാഷെ..:)

മൊത്തത്തില്‍ ഇങ്ങോട്ടു പോസ്റ്റിയാട്ടെ..!

ശ്രീവല്ലഭന്‍. said...

എഴുത്ത് വളരെ ഇഷ്ടപ്പെട്ടു......

രാജ് said...

അപ്പൊ വിജു വി നായര്‍ക്ക് പോലും പുറം തകര്‍ത്തെത്താന്‍ കഴിയാത്ത മൌനമുണ്ട് എംടിക്കെന്ന് നിര്‍മല്‍‌കുമാര്‍ എഴുതിയത് വെറുതെയായോ :-)

മൂര്‍ത്തി said...

പോസ്റ്റൂ..കതിരവന്‍ ജീ...
എംടിരവന്‍ കതിരവന്‍ എന്നു പേരു മാറ്റണോ? :)

പപ്പൂസ് said...

എവിടെ ഇന്റര്‍വ്യൂ? അതു കാണാതെ ഇനി നമുക്കുറക്കം വരുമോ? മദ്യപാനത്തെക്കുറിച്ചൊക്കെ എന്താ അദ്ദേഹത്തിന്റെ അഭിപ്രായം? :)

Visala Manaskan said...

എടാ ഭയങ്കരന്‍ കതിരവന്‍ ജീ...

ഗ്രേറ്റ്. വണ്ടര്‍ഫുള്‍ എക്സ്പീരിയന്‍സ്! കിണുക്കനായി എഴുതിയിട്ടുമുണ്ടത്. വെരി നൈസ് എതിരികതിരിയവനേ..

:) അടുത്തത് പെട്ടെന്നായിക്കോട്ടേട്ടാ..

പാമരന്‍ said...

പോരട്ടേ.. പോരട്ടേ..

കൊച്ചുത്രേസ്യ said...

ഇതൊക്കെ ചോദിക്കാനുണ്ടോ..വേഗം അഭിമുഖം പോസ്റ്റൂ..

kichu / കിച്ചു said...

"വായനക്കാര്‍ക്ക് ഇഷ്ടമാണെങ്കില്‍ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം എഴുതിയിടാം."

അഭിലാഷങ്ങള്‍ - ഒരു കൈ കൂടി..

കൊച്ചുത്രെസ്സ്യ പറഞ്ഞ പോലെ... “ഇതൊക്കെ ചോദിക്കാനുണ്ടോ“.. വേഗമാവട്ടെ.

എം. ടി, എന്നും ഭൂരിപക്ഷത്തിനും മാനത്തെ ചന്ദ്രനാണ്. കണ്ടും കേട്ടും കൊതിക്കാന്‍..
ഇങ്ങനെ ഒരു എഴുത്തുകാരനെ കിട്ടാനായി കേരളം ഇനി എത്ര കാലം തപം ചെയ്യണം!!!!!!


പോസ്റ്റ് വളരെ നന്നായി.. ആശംസകള്‍...

എതിരന്‍ കതിരവന്‍ said...

എല്ലാവര്‍ക്കും നന്ദി. അഭിമുഖം പോസ്റ്റണോ എന്നു സംശയിച്ചത് സിനിമാതാരത്തിന്റെ കൂടെ നിന്നു എടുത്ത ഫോടൊ വീട്ടീല്‍ വരുന്നവരെയെല്ലാം എടുത്തുകാണിയ്ക്കുന്നതു പോലാകുമോ എന്നു നാണിച്ചിട്ടാണ്. വീഡിയോ നോക്കി എഴുതിയെടുക്കണം.

ഹരീ:
ഒരു പതിനഞ്ചു മിനുറ്റ് എനിയ്ക്കുവേണ്ടീ തരിക. “ഹരീയും ഞാനും” അഭിമുഖം റെഡിയാക്കാം. (ബാങ്ക് അക്കൌണ്ട് നമ്പര്‍ ഇമെയിലായി അയച്ചിട്ടുണ്ട്. ഒരു അയ്യായിരം അങ്ങു മാറ്റിയേക്കണം).
രാജ്:
വിജു വി. നായരുടേയും മറ്റും മുന്‍പില്‍ എം. ടി. മൌനം പാലിക്കുന്നത് വിവാദങ്ങളില്‍ പെടാതിരിക്കാനായിരിക്കണം. (നിര്‍മ്മല്‍കുമാറിന്റെ ലേഖനം ഞാനും വായിച്ചു.) പുറം നാട്ടിലുള്ള സാധാരണക്കാരനായ എന്നോട് മനസ്സു തുറന്നത് അതിനാലായിരിക്കണം.

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ ഓര്‍മ്മക്കുറിപ്പ്.
അഭിമുഖം പോസ്റ്റൂ.

K.P.Sukumaran said...

ഇന്നാണ് വായിച്ചത്. എഴുതിയിട്ട് വർഷങ്ങൾ എത്ര കടന്നുപോയി അല്ലേ :)