മലയാളസിനിമാഗാനങ്ങളുടെ ദിശാമാറ്റസൂചകങ്ങള്‍ അന്‍പതുകളില്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഗാനരചയിതാക്കളും സംഗീതസംവിധായകരും ഇക്കാലത്ത് കൂട്ടത്തോടെ കുടിയേറിയെങ്കിലും ഒട്ടു ഗുരുതരമായ ഒരു സന്നിഗ്ധാവസ്ഥ ഉചിതഭാവവും ഊര്‍ജ്ജവും കൈമുതലായിട്ടുള്ള പാട്ടുകാര്‍ ഇല്ലായിരുന്നു എന്നതാണ്. പി. ലീല ഒഴിച്ചാല്‍ മറുനാട്ടീല്‍ നിന്നും കടം കൊണ്ട, അര്‍പ്പണബോധമില്ലാത്തവരുടെ ശബ്ദങ്ങളില്‍ തൃപ്തിപ്പെടുക മാത്രമായിരുന്നു സിനിമാപ്പാട്ടു കമ്പക്കാര്‍ക്കു നിവൃത്തി. സമ്മോഹനമായ ആലാപനശൈലിയും കമ്മി. ശാസ്ത്രീയസംഗീതത്തില്‍ പ്രാവീണ്യമുള്ള ഗായികമാര്‍ വന്നുപോയെങ്കിലും സിനിമാപ്പാട്ടുകള്‍ നിഷ്ക്കര്‍ഷിക്കുന്ന ഭാവവ്യഞ്ജകങ്ങളോ റേഞ്ചോ ഉച്ചാരണശുദ്ധിയോ വിരളമായാണ് ഇവരുടെ കൈമുതലായി കാണപ്പെട്ടത്. കേട്ടുമറന്ന നാടന്‍ ശീലുകളുടെ വിദൂരച്ഛായയുണര്‍ത്താന്‍ സംഗീതസംവിധായകന് ശ്രമിച്ചാല്‍ അതു പകര്‍ന്നെടുക്കാന്‍ ഈ ഗായികമാര്‍ക്ക് തെല്ലും പ്രാവീണ്യവുമില്ലായിരുന്നു. തന്റെ നിഷ്കളങ്കാങ്കിതസ്വരവും സ്ഫുടം ചെയ്ത ആലാപനശൈലിയുമായാണ് തൃശൂരെ പ്രസിദ്ധ അമ്പാടി പൊതുവാള് കുടുംബത്തിലെ ശാന്ത എന്ന വെളുത്തുമെലിഞ്ഞ പെണ്‍കുട്ടി ഇങ്ങനെ ഒഴിഞ്ഞിരുന്ന പീഠത്തില്‍ വന്നിരുന്നത്. പിന്നീട് മീട്ടിയ വീണാനാദവീചികള്‍ നാരായമൂര്‍ച്ചയോടെ മലയാളസിനിമാചരിത്രത്താളകളില്‍ വരഞ്ഞത് സ്വര്‍ണ്ണാക്ഷരങ്ങള്‍.......... ........
അതിതരളസ്വരവും കറകളഞ്ഞ ശൃതിശുദ്ധിയും തീരെ ആയാസരഹിതമായ ആലാപനവുമാണ് അന്പതുകളിലെ സിനിമകളില്‍ അവര്‍ അവിഭാജ്യഘടകമാകാനുള്ള കാരണങ്ങള്‍ . ഒരു സിനിമയിലെ മിക്കപാട്ടും ശാന്ത പി നായര്‍ തന്നെ പാടുക എന്ന അപൂര്‍വ്വവിശേഷം മലയാളസിനിമായുടെ വളര്‍ച്ചാകാലഘട്ടത്തില്‍ വന്നുചേര്‍ന്നത് പാട്ടിന്റെ സൂക്ഷ്മമായ അനുഭവഭേദ്യതയ്ക്കും കാര്യമാത്രപ്രസക്തമായ ലക്ഷണയുക്തിയ്ക്കും ബലമേറ്റുകയായിരുന്നു. ഇത്രയും ശക്തമായ സാനിധ്യം ഒരു ഗായികയ്ക്കും അനുവദിച്ചു കൊടുക്കപ്പെട്ടിട്ടില്ല,പില്ക്കാലത്തും.‘തിരമാല’യില്‍ അഞ്ചു പാട്ട് (രണ്ട് ഡ്യൂയെറ്റ് ഉള്‍പ്പടെ) ‘കൂടപ്പിറപ്പി‘ല്‍ അഞ്ചുപാട്ട്, ‘അനിയത്തി‘യില്‍ മൂന്നു പാട്ട്,ചതുരംഗം’ത്തില്‍ നാലുപാട്ട്, ‘മുടിയനായ പുത്രന്‘- ഇല് നാല്, ‘ലൈല മജ്നു‘- വില്‍ നാല് ഇങ്ങനെ എല്ലാ സംവിധായകരുടേയും ആദ്യനിഷ്കര്‍ഷ ഇവരുടെ സ്വരസൌഭഗത്തില്‍ത്തന്നെ സ്വന്തം കൊമ്പൊസിഷന്‍സ് പ്രകാശിപ്പിക്കുക എന്നതായിരുന്നു.’തുമ്പീ തുമ്പീ വാ വാ’ ,നാഴൂരിപ്പാലുകൊണ്ട്“, “പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു“ ഒക്കെ ഹിറ്റായിതിന്റെ പുറകില്‍ ഇവരുടെ നിഷ്കളങ്കത കലര്‍ന്ന നിഷ്പത്തികളും നാടന്ശീലുകളുടെ സന്നിവേശം എന്നു തോന്നിപ്പിക്കാനുള്ള കൌശലവും അനായാസതദ്യോതകമായ നാദവിക്ഷേപങ്ങളുമാണ്. ഒരു പാട്ടിന്റെ ആസ്വാദ്യതയ്ക്കും കേള്‍വിക്കാരുടെ ഉള്‍ച്ചേരലിനും സംഗീതവിദഗ്ദ്ധര്‍ കല്‍പ്പിക്കുന്ന അനുപാതം രാഗത്തിനു 33, താളത്തിനു 33,പക്ഷെ ഭാവത്തിനു 34 എന്ന നിരക്കാണ്. പാട്ട് ആസ്വദിക്കാന്‍ രാഗമോ താളമൊ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല, അതില്‍ തെറ്റുകളുണ്ടെങ്കില്‍ അതും മനസ്സിലായെന്നു വരികില്ല.പക്ഷെ ഭാവത്തില്‍ കുറവോ പിഴയോ പറ്റിയാല്‍ പാട്ട് സ്വീകരിക്കപ്പെടുകയില്ല.എളുപ്പം കണ്ടുപിടിയ്ക്കപ്പെടും. ഇങ്ങനെ ഭാവമണയ്ക്കുന്നതില്‍ 33ഉം 34ഉം തമ്മിലുള്ള വ്യത്യാസം നിലനിര്‍ത്തിയവരാണ് ശ്രീമതി ശാന്ത. ഉചിതമായ ഭാവോന്മീലനത്തിനുള്ള പാടവം അവരെ സര്‍വ്വസമ്മതയാക്കി. ‘തുമ്പീ തുമ്പീ വാ വാ‘ യിലെ “കരളുപുകഞ്ഞിട്ടമ്മ കവിളില്‍ നല്കിയൊരുമ്മ കരിവാളിച്ചൊരു മറുകുണ്ടായൊരു കാരിയമച്ഛനറിഞ്ഞോ‘ എന്ന വയലാര്‍ വരികള്‍ ഉള്ളില്‍ കനല്‍നീറ്റലാകുന്നത് ഇതേ കാരണത്താലാണ്. പി. ഭാസ്കരന്റെ ശാലീനതയാര്‍ന്നതും അക്ലിഷ്ടവുമായ ഗാനങ്ങളുടെ പ്രചാരവും പ്രസിദ്ധിയും അതേ ഗുണങ്ങള്‍ പാട്ടില്‍ കലര്‍ത്തിയെടുത്ത ശാന്തയുടെ ശബ്ദമാധുര്യബലത്താലായിരുന്നു എന്നത് ആ ഗാനരചയിതാവിന്റെ പ്രശസ്തിക്കും വഴിവച്ചിട്ടുണ്ട്.
മലയാളത്തില്‍ ആദ്യമായി ലളിതഗാനങ്ങള്‍ പ്രചാരത്തിലായത് ശാന്ത പി നായര്‍ ആകാശവാണിയില്‍ പാടിയപ്പോഴാണ്. വെറും ഗാനങ്ങളെ ഭാവഗീതങ്ങളാക്കാനുള്ള സവിശേഷശക്തി ഇങ്ങനെ സ്വായത്തമാക്കിയതാണ് സിനിമാഗാനാലാപനത്തില്‍ പ്രയോഗിച്ചത്. കൂടാതെ സ്വതവേ ഉള്ള സ്നിഗ്ദ്ധസ്വരം ഓരോ ഗാനത്തേയും തെളിനീരുറവയുടെ നൈര്‍മ്മല്യവും മാധുര്യവുമുള്ളതാക്കി. കൂടപ്പിറപ്പിലെ “എന്തിനു പൊന്‍ കനികള്‍ കിനാവിന് മുന്തിരി വള്ളികളിൽ’ നുനുത്ത സ്വരത്തില്‍ സിദ്ധി കൊണ്ട് മിനുസമാക്കിയ നാദവെളിപാടില്‍ അനന്യസുന്ദരമായത് ഇതുകൊണ്ടാണ്. ചങ്ങമ്പുഴയുടെ രമണനിലെ പ്രസിദ്ധ ഭാഗം “എകാന്ത കാമുകാ നിന്റെ മനോരഥം ലോകാപവാദത്തിന് കേന്ദ്രമായി” (ചിത്രം-രമണന്)))) ശോക നിരാശാ ഭാവത്തിന്റെ പൂര്‍ത്തീകരണമാണ്. ശാസ്ത്രീയസംഗീതത്തിലെ പരിചയവും സിദ്ധിയുമായിരിക്കണം നാടന്‍ശീലുകള്‍ നിറഞ്ഞ നീലക്കുയിലിലെ വ്യത്യസ്തമായ, ബിലഹരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ “ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ..’ പാടാന്‍ രാഘവന് മാസ്റ്റര്‍ ശാന്തയെത്തെന്നെ ക്ഷണിക്കാന്‍ കാരണമായത്. ഈ പാട്ടിലെ “നളിനവിലോചന വാങ്ങുക നീയെന്‍ തരളഹൃയ നവനീതം” ഉയര്‍ന്നസ്ഥായിയില്‍ എടുക്കുമ്പോള്‍ ആധുനിക പാട്ടുകാരുടേതു പോലെ കര്‍ണ്ണപുടം കീറുന്ന നിലവിളി പോലാകുന്നില്ല. ക്രിസ്തീയ ഭക്തിഗാനങ്ങളും ഇവരുടെ കളകണ്ഠബഹിര്‍ഗ്ഗമനം കാത്തു കിടന്നു. മുടിയനായ പുത്രനിലെ “എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി“ (ബാബുരാജ്) വാച്യാര്‍ത്ഥത്തില്‍ ഇവരുടെ പാടിന്റെ വിശേഷണവിസ്മയം തന്നെ. പ്രേമഗാനമോ പ്രാര്‍ത്ഥനാഗാനമോ ശോകഗാനമോ ഏതെങ്കിലും ആയിക്കൊള്ളട്ടെ സ്നിഗ്ധസ്വരം ഒരിക്കലും കൈവിട്ടുപോയിരുന്നില്ല. ഉയര്‍ന്നസ്ഥായിയിലെ ആലാപനം ഒരിക്കലും കൃത്രിമം ആണെന്നും തോന്നുകയില്ല. പാട്ടിനെ ലാവണ്യമധുരിമയിലും തരളഭാവദീപ്തിയിലും മുക്കി പൊന്‍ശോഭയണിയിച്ച് ആ വെളിച്ചത്തില്‍ പിന്നാലെ വരുവാനുള്ള വഴി എസ്. ജാനകിയ്ക്കും പി. സുശീലയ്ക്കുമൊക്കെ തെളിച്ചു കൊടുത്തതാണ് ശാന്ത പി. നായരുടെ ചരിത്ര നിയോഗം. ആലാപനത്തിലെ വള്ളുവനാടന്‍ ‘ചുവ’ മലയാളിത്തത്തിന്റെ പ്രസരണം തന്നെ. മലയാളികളല്ലാത്ത ഗായികമാര്‍ ഉച്ചാരണസ്ഫുടത കൈവരിച്ചു എന്നുവരികിലും കെ. സുലോചനയ്ക്കോ ശാന്ത പി. നായര്‍ക്കോ ഉണ്ടായിരുന്ന സ്വാഭാവികത നഷ്ടപ്പെടുത്തി ഒരു generic ഉച്ചാരണശൈലി വന്നുചേരുകയാണ് പില്‍ക്കാലത്തുണ്ടായത്. ‘ഞാന്‍ നട്ട തൂമുല്ല നന്മയുടെ പൂമുല്ല (പാടാത്ത പൈങ്കിളി), ‘ഒരുകുലപ്പൂ വിരിഞ്ഞാല്‍ (ലൈല മജ്നു), ‘പൂവേ നല്ല പൂവേ (പാലാട്ടു കോമന്) ഒക്കെ മലയാളിത്തത്തിന്റെ താരള്യമധുരിമ തന്നെ കാതിലിറ്റിയ്ക്കുന്നു.
പഴയതിനോടുള്ള അനാവശ്യ ഭക്തി കാരണമാകുന്നില്ല മലയാളി മറന്നുകളഞ്ഞ ചില പാട്ടുകളുടെ നാദകാന്തിയേയും ആകര്‍ഷണീയതയേയും അംഗീകരിക്കാന്‍........ . മുടിയനായ പുത്രന് (ബാബുരാജ്-പി. ഭാസ്കരന്)))} ലെ “തേങ്ങിടല്ലെ തേങ്ങിടല്ലെ തേന്‍ കുയിലേ” ശോകത്തിന്റെ വെള്ളാരം ചില്ലുകള്‍ പൊട്ടിയൊഴുകിയ കണ്ണുനീര്‍ത്തുള്ളികള്‍ നാദങ്ങളായ് വന്നതു തന്നെ. ബാബുരാജിന്റെ വിസ്മയപ്രതിഭ ഊര്‍ജ്ജസ്വലമായതിന്റെ പാടുകള്‍ തിണര്‍ക്കുന്ന ഈ ഗാനം ഭാവതീവ്രതയും ശാന്തയുടെ ആലാപനവൈശിഷ്ട്യവും എങ്ങനെ ഒത്തിണങ്ങുന്നു എന്നതിന്റെ പാഠങ്ങള്‍ തുറക്കുന്നു.പഴയ ഗാനങ്ങള്‍ പൊടിതട്ടി ഗസല്‍ രൂപത്തില്‍ ആലപിയ്ക്കുന്ന പ്രവണത തെളിയുന്ന ഇക്കാലത്ത് ഈ ഗാനം അത്തരത്തില്‍ പ്രത്യക്ഷീകരിക്കാനുള്ള സംഭാവ്യത ഏറെയാണ്. ബാബുരാജ് മുന്പോട്ട് നീട്ടിയെറിഞ്ഞ വീചികള്‍. ഇതേ സിനിമയിലെ “എത്ര മനോഹരമാണവിടത്തെ ഗാനാലാപന ശൈലി” ശങ്കരക്കുറുപ്പിന്റെ കവിത മധുരസൌമ്യദീപ്തമായ ഗാനമായി മാറിയതാണ്.അതിഭാവുകത്വമില്ലാതെ, ഹമീര്‍കല്യാണിയുടെ അതിമന്ദ്ര അലയൊലി ആവാഹിച്ച് ശാന്തയുടെ മോഹിപ്പിക്കുന്ന ശബ്ദം ധാരാവഹിയാകുകയാണിവിടെ. വിദൂരതയിലെന്നപോലെ കേള്‍ക്കുന്ന ഓടക്കുഴല്‍ നാദം, അപ്പോഴപ്പോള്‍ വീണുടയുന്ന സിതാര്‍ക്കിലുക്കങ്ങൾ, പിയാനോയുടേതെന്ന പോലെ മുഴക്കങ്ങള്‍ ഇങ്ങനെ ഓര്‍ക്കെസ്ട്രേഷന്‍ അഗാധതാസൂചമാകുന്ന ഈ പാട്ടില്‍ അവരുടെ നാദക്കുളിര്‍മ്മ ഉറഞ്ഞുകൂടുന്നു.
ശാന്തയുടെ യുഗ്മഗാനങ്ങളും ഏറെ പ്രശസ്തിയാര്‍ജ്ജിച്ചവ തന്നെ. കെ. എസ്. ജോര്‍ജ്ജിനോടൊപ്പം പാടിയ ‘വാസന്തരാവിന്റെ വാതില്‍ തുറന്നു വരും വാടാമലര്‍ക്കിളിയേ’(ദേവരാജന്‍---- --ചതുരംഗം) അന്നത്തെ ഹിറ്റു പാട്ടു തന്നെ. ‘അങ്ങാടീല് തോറ്റു മടങ്ങിയ മുറിമീശക്കാരാ’ (കൂടപ്പിറപ്പ്) എ. എം. രാജയുമൊപ്പം. ‘മധുമാസമായല്ലൊ മലര്‍വാടിയില്‍’(പാടാത്ത പൈങ്കിളി) യും ‘സംഗീതമേ ജീവിതം‘ (ജയില്‍പ്പുള്ളി)ഉം കമുകറയോടൊപ്പം പാടിയ ഹിറ്റുകൾ. മെഹബൂബിനോടൊപ്പം പാടിയവയില്‍ ‘പറയുന്നെല്ലാരും’ പോപ്പുലര്‍ ആയി.‘കന്യാമറിയമേ തായേ“ കുമരേശനോടൊപ്പവും. അബ്ദുള്‍ഖാദറിനോടൊപ്പം തിരമാലയില്‍ പാടിയ ‘പ്രണയത്തിന് കോവിലില്‍‘ എന്ന പാട്ടിലെ ‘പൂജയ്ക്കു വരുമോ പൂജാരീ പൂമാല തരുമോ പൂക്കാരീ.... ‘ അക്കാലത്ത് ഒന്നു മൂളാത്തവരില്ല. മറ്റു ഗായികമാരോടൊത്തുള്ള യുഗ്മഗാനങ്ങളും പാടിപ്പതിഞ്ഞിട്ടുണ്ട്. പി. ലീലയോടൊപ്പം‘അപ്പം വേണം അട വേണം’ 'ഇതാണു ഭാരത ജനനി', പൂവേ നല്ല പൂവേ.....’ അവസാനം ‘മുറപ്പെണ്ണി‘ല്‍ 'കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ‘ എസ്. ജാനകിയോടൊപ്പം.
സൌമനസ്യവും സമബോധവും നിറഞ്ഞൊഴികിയിരുന്നു ആ മനസ്സില്‍ നിന്നു. വര്‍ഷം 1962. ‘കാല്‍പ്പാടുകൾ‘ റെക്കോറ്ഡിങ് സമയം. എം. ബി ശ്രീനിവാസന് ഒരു പുതിയ പയ്യനെ പാട്ടുപാടിയ്ക്കാന്‍ കൊണ്ടു വന്നിരിക്കുന്നു. ഒരു ശ്ലോകം ഈ ചെറുപ്പക്കാരന് പാടിക്കഴിഞ്ഞു. ഇനി ഒരു ഡ്യൂവറ്റ് ആണ്, പെണ്ണിനെ കളിയാക്കുന്ന കോമഡിപ്പാട്ട്. റെക്കോറ്ഡിങ്ങിനു ഗായകനും ഗായികയും ഒരുമിച്ചു നിന്നു പാടുകയും വേണം അക്കാലത്ത്. പ്രശസ്ത ഗായികമാര്‍ക്ക് ഈ പുതുമുഖത്തോടൊപ്പം പാടാന്‍ മടി. എ. എം രാജയും കമുകറയും കത്തി നില്ക്കുന്ന കാലം. നിരാസം പരിചയിച്ചുകഴിഞ്ഞിരുന്ന ചെറുപ്പക്കാരന് പടികളിറങ്ങാന്‍ ശ്രമിക്കവേ ഇതാ പിറകില്‍ നിന്നൊരു വിളി. ശാന്ത പി. നായര്‍ ക്ക് കൂടെപ്പാടാന്‍ സമ്മതമാണത്രെ! യേശുദാസന് എന്ന ഈ പുതുപ്പാട്ടുകാരന്‍ അങ്ങനെ ആദ്യത്തെ പാട്ട് ഇവരോടൊപ്പം റെക്കോറ്ഡ് ചെയ്തു. അന്നത്തെ ഹിറ്റ് ഗായികയുടെ അനുഭാവത്തോടെ.‘അറ്റെന്‍ഷന്‍ പെണ്ണേ അറ്റെന്‍ഷന്‍‘ എന്ന പാട്ട് ഇദ്ദേഹത്തിന്റെ ആദ്യ മുഴുനീളപ്പാട്ടാണ്. അവസാനത്തെ ചരണം മാത്രം ശാന്തയും. “പട്ടാളക്കാരനാം നിന്റെ മാരന് പട്ടുപോലുള്ള സ്വഭാവക്കാരന്‍” എന്ന അനുപല്ലവി മലയാളികള്‍ പാടി നടന്നത് അതിലെ തമാശ കൊണ്ടൊന്നു മാത്രമായിരുന്നില്ല. ഈ പയ്യന് പിന്നെ പാട്ടു നിറുത്തേണ്ടി വന്നില്ല, കൂടെപ്പാടാന്‍ അവസരം കിട്ടുന്ന ഗായികമാര്‍ അത് അതിഭാഗ്യമെന്നും പുണ്യമെന്നും ഇന്നും കരുതുന്നു. എന്തും വിട്ടുകൊടുക്കുന്ന പ്രകൃതവും ഒതുങ്ങിയ സ്വഭാവരീതികളും ശാന്ത പി. നായരെ മത്സരങ്ങളിലേക്കു പായിക്കാതെ കാത്തു. ആരോടും പൊരുതനില്ലാഞ്ഞതുകൊണ്ടു തോല്‍വിയും അവർക്ക് വന്നു പെട്ടില്ല. അറുപതുകളുടെ പകുതിയോടെ വെള്ളിത്തിരയില്‍ ഗായകരുടെ ലിസ്റ്റില്‍ അവരുടെ പേര് കാണാതായി. എങ്കിലും ചെമ്മീനിലെ ‘കാണാപ്പൂ മീനിനു പോകണ തോണിക്കാരാ’ യില്‍ ഒരു കോറസ്സു പാട്ടുകാരിയായി ചേരാന്‍ ഇവര്‍ക്ക് യാതൊരു വിസമ്മതവുമുണ്ടായില്ല. അതിലെ ഒന്നു രണ്ടു വരികള്‍ മാത്രമാണ് ഇവരുടേത്.-‘നാടോടിപ്പാട്ടുകള്‍ പാടണ വാനമ്പാടീ...‘ പുറമേയുള്ള സൌന്ദര്യം അകമേയും സൂക്ഷിച്ചിരുന്ന ചുരുക്കം സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു ശാന്ത പി. നായര്‍.
സ്വരം നന്നായിരുന്നപ്പോള്‍ പാട്ടുനിറുത്തിക്കളഞ്ഞെങ്കിലും അത് പാട്ടുലോകത്തിനു വലിയ നഷ്ടമാണ് വരുത്തിവച്ചത്. നൂറോളം പാട്ടുകള്‍ (മാത്രം!)പാടി, 35-36 വയസ്സില്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ഒരു സവിശേഷ സംഗീതധിഷണാവഴിയാണ് അടഞ്ഞത്. ഇല്ലാതായത് പാട്ടുകളുടെ എണ്ണപ്പെരുക്കങ്ങളില്‍ക്കൂടിയല്ലാതെ വളര്‍ത്തിയെടുത്ത പാരമ്പര്യം.അവസാന റെക്കോറ്ഡിങ്ങിനു ശേഷം നാല്‍പ്പതിപ്പരം വര്‍ഷങ്ങളാണ് സംഗീതലോകത്തിനു പുറത്ത് നിന്നുകളഞ്ഞത്. സ്വകാര്യജീവിതത്തില്‍ താനറിയാതെ വന്നുകയറിയ ദുരന്തങ്ങള്‍ ആയിരിക്കണം നേടിയെടുത്ത സിംഹാസനം മറ്റു ഗായികമാര്‍ക്ക് നീക്കിയിട്ടുകൊടുക്കാന്‍ നിമിത്തം. കൂടാതെ സിനിമാമേഖലയില്‍ ഉള്ള യാഥാസ്ഥികവിശ്വാസങ്ങളും ഇവരെ അകറ്റി നിറുത്താന്‍ കാരണമായി. “ഉണരുണരൂ ഉണ്ണിക്കണ്ണാ’ പാടിയെടുത്ത പ്രശസ്തി മകള്‍ ലത മറ്റൊരു ഉണ്ണീകൃഷ്ണകീര്ത്തനത്തില്‍ക്കൂടി (“കണ്ണിനും കണ്ണായ കണ്ണാ”- ചിത്രം:പ്രിയ, ബാബുരാജ്-യൂസഫലി കേച്ചേരി) നിലനിര്‍ത്തിയെന്നപോലത്ത ചെറിയ സന്തോഷങ്ങളില്‍ പരാതിക്കാരിയുടെ ഭാവങ്ങളില്ലാതെ ഈ ഏകാന്തപഥിക ശിഷ്ടജീവിതം സിനിമാശോഭയുടെ കണ് വെട്ടത്തില്‍ പെടാതെ നീട്ടിയെടുക്കുകയായിരുന്നു. വയലാറിന്റെ ഗാനം സിനിമയില്‍ ആദ്യം പ്രകാശിതമാക്കിയതും ഏഴുരാത്രികളില്‍ “മക്കത്തുപോയ് വരും മാനത്തെ ഹാജിയാര്..’ സ്വയം കമ്പോസ് ചെയ്ത് സലില്‍ ചൌധരിയുടെ സ്വീകാര്യത വാങ്ങിയെടുക്കലും ഈ ഗായികയുടെ സംഗീതമേ ജീവിതം ശ്രുതി മധുര സംഗീതമേ ജീവിതം എന്ന സോദ്ദേശത്തിന്റെ അടയാളങ്ങൾ. ശ്രീകുമാരന്‍ തമ്പിയുടെ സംഗീതചരിത്ര ടി. വി പരമ്പരയായ ‘സംഗീതയാത്രകൾ‘-ഇല് മറ്റുള്ളവര്‍ക്കു നല്‍കാത്ത പ്രാധാന്യം ഇവര്‍ക്കു നല്‍കിയിരുന്നു എന്ന് അദ്ദേഹം അനുസ്മരിക്കുന്നു. “എല്ലാവരും എന്നെ മറന്നപ്പോള്‍ അനിയന് മാത്രമേ ഓര്‍ത്തുള്ളൂ‘ എന്ന ചെറിയ വിമ്മിഷ്ടത്തില്‍ മഹത്ഗായിക സ്വന്തം സ്ഥാനാന്തരണം ഒതുക്കിയെടുത്തു.
‘തേങ്ങിടല്ലെ തേങ്ങിടല്ലെ തേന്‍ കുയിലെ” പാടിയ ഗായിക നെടുനാളാണ് സ്വന്തം കൂട്ടില്‍ താനേ തേങ്ങിയുറങ്ങിയത്. ചില ചെറിയ തേങ്ങലുകള്‍ ഇവിടെ വിട്ടും വച്ച് പറന്നും കഴിഞ്ഞു.
“എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി....
നിഭൃതം ഞാനതു കേള്‍പ്പൂ സതതം നിതാന്ത വിസ്മയ ശൈലി
.......
അലതല്ലീടുകയാണധിഗഗനം വായുവിലീ സ്വരചലനം
അലിയിക്കുന്നൂ സിരകളെ ഈ സ്വരഗംഗാസരഭസഗമനം
പാടണമെന്നുണ്ടീരാഗത്തില്‍ പക്ഷേ സ്വരമില്ലല്ലൊ
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നീലല്ലൊ
പ്രാണനുറക്കെ കേണീടുന്നു പ്രഭോ, പരാജിത നിലയില്‍
നിബദ്ധമിഹ ഞാന്‍ നിന് ഗാനത്തിന് നിരന്തമാകിയ വലയില്‍
....
എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി......”
23 comments:
ഈയിടെ അന്തരിച്ച ശാന്ത പി. നായര്‍ക്ക് ഒരു അനുസ്മരണം. പൂമുറ്റത്തു വിരിഞ്ഞ മുല്ലയുടെ പൂമണം നമ്മള് ഓര്മ്മിച്ചെടുക്കണ്ടെ?
നല്ല അനുസ്മരണം, എതിരന്‍സ്..
ശാന്ത ഇത്രയധികം പാട്ടുകള്‍ പാടിയിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ജാനകിയോടൊത്തു പാടിയ “കടവത്ത് തോണി...” എന്റെയൊരിഷ്ട ഗാനമാണ്.
ethiran maashe,
nalla lekhanam..
puthiya arivukalkk nandi.
സത്യം. ഞാനും വിചാരിച്ചത് അവര്‍ വിരലിലെണ്ണാവുന്ന പാട്ടുകളേ പാടിയിട്ടുള്ളൂ എന്നാണ്.
നല്ല ലേഖനം. :)
യഥാർത്ത സംഗീതാസ്വാദകരുടെ ചെവിയും ആവേശവും യഥാ:ക്ര അടഞ്ഞും അണഞ്ഞും പോയിട്ടില്ലെന്നതിനു തെളിവാണീ വസ്തു നിഷ്ഠമായ ലേഖനം.ഒരു പക്ഷേ ശാന്ത പി നായർ ഇത് കണ്ടിരുന്നെങ്കിൽ ശ്രീകുമാരൻ തമ്പിയോട് പറഞ്ഞതു തന്നെ ആവർത്തിച്ചേനെ.
അന്നന്നു കാണുന്ന സംഗീത അപ്പന്മാരെ സൃഷ്ടിക്കുന്ന ചാനൽ-പത്രമാധ്യമങ്ങൾക്ക് എങ്ങനെ ബ്ലോഗ് ഒരു തിരിച്ചടീ അവുന്നതിന്റെ വ്യക്തമായ ഉദാഹരണം.
ആ 33,33,34ന്റെ കണക്ക് ഒരു വൻ സംഭവം ആയിപ്പോയി ( അല്ലീലിനെപ്പോലെ തന്നെ )
നന്ദി കതിരോനെ.!
മാഷേ,
മികച്ച ഒരു ലേഖനം.
മുന്‍പ് ഒരു അഭിമുഖത്തില്‍ അവര്‍ അല്പം നിരാശയോടെ പറഞ്ഞിരുന്നു.1964-65 കാലഘട്ടത്തിനുശേഷം എന്തുകൊണ്ടോ അവരെ ആരും പാട്ടുപാടാന്‍ വിളിച്ചില്ല, എന്ന്. അതില്‍ അല്പം സ്വകാര്യദുഃഖവും ഉണ്ട് എന്ന്.
മാഷേ, നല്ല അനുസ്മരണം.
ആശംസകളോടെ...
എതിരന്‍
ഗംഭീരമായി. ഒന്നും പറയാനില്ല.
ഒരു സംശയം. ‘കന്യാമറിയമേ തായേ’ എന്ന പാട്ട് പി.ലീലയുടേതല്ലേ? രവി മേനോനും (പാട്ടെഴുത്ത്) അങ്ങിനെയൊരിക്കല്‍ പറഞ്ഞതായി ഒരു ഓര്‍മ്മ.
ഓര്‍മ്മയായി മാറിയ, മലയാളിയുടെ ആ ഗായികയെ ഇവിടെ അനുസ്മരിച്ചതിന് പ്രത്യേകനന്ദി. മൊബൈലിലെ അലാറത്തിലൂടെ കഴിഞ്ഞ രണ്ടു വര്‍ഷമായി എന്നെ വിളിച്ചുണര്‍ത്തുന്നത് ആ ശബ്ദമാണ്.
അഭിവാദ്യങ്ങളോടെ
എല്ലാവര്ക്കും നന്ദി.
രാജീവ്:
ശാന്ത പി. നായരെ അത്യന്താധുനിക വിദ്യ (മൊബൈല്‍ അലാറം)യില്ക്കൂടിയ്ം ഓര്‍ക്കുന്നു എന്നത് അവരോട് ചെയ്യുന്ന മിനിമം ആദരവ്. നന്നായി.
‘ജ്ഞാനസുന്ദരി’യിലെ ‘കന്യാമറിയമെ തായേ എനിയ്ക്കെന്നാളുമാശ്രയം നീയെ കഴല് കൂപ്പിടുമെന്‍ അഴല് നീക്കുക നീ ജഗദീശ്വരിയേ കരുണാകരിയേ...’ ആണ് പി. ലീല പാടിയത്. ശാന്ത പി നായര്‍ പാടിയ കന്യാമറിയമേ ‘ലില്ലി’ യിലെ. വിശ്വനാഥന്-രാമമൂര്‍ത്തി സംഗീതം
വേലുത്തമ്പിദളവയിലെ “ആകാശത്തിരിക്കും ബാവായെ ന്ിന് നാമം പരിശുദ്ധമാക്കപ്പെടേണമേ...’, മറിയക്കുട്ടിയിലെ “കരള്‍ കനിയും (കമുകറയോടൊപ്പം) യും ശാന്തയുടേതു തന്നെ.
.....along with P. Leela it was Santha P. Nair.
ഹൃദ്യയസ്പർശിയായ ഈ അനുസ്മരണം കാണാൻ വൈകിയല്ലൊ.
തലത്തിന്റേത്പോലെ,സുഖദമായ നേരിയൊരു തരംഗഛായയുണ്ടായിരുന്നു ശാന്ത.പി.നായരുടെ
ശബ്ദത്തിനും.
സുശീലയുടെയും ജാനകിയുടെയും സ്വരഭംഗിയിൽ മുഴുകി,ആദ്യമൊന്നും എനിയ്ക്കത് ആസ്വദിയ്ക്കാൻ പറ്റിയിരുന്നില്ല.
പിന്നെ,കുറെക്കൂടി
വളർന്നപ്പോഴാൺ അവരുടെ പാട്ടുകളറിഞ്ഞാസ്വദിയ്ക്കാൻ തുടങ്ങിയത്.
33-33-34 കണക്കിൽ,ശ്രുതിയുടെ സ്ഥാനം?
എതിരൻജി ഇവിടെ എത്താൻ വൈകി. ശ്രീമതി ശാന്ത പി നായർ മരിച്ചപ്പോൾ പല പത്രങ്ങളിലും അവരെപ്പറ്റിവന്ന ലേഖനങ്ങൾ വായിച്ചിരുന്നു. എന്നാൽ അവയിൽനിന്നെല്ലാം വളരെ വ്യത്യസ്തവും വിശദവും ആണ് ഈ ലേഖനം. ശാന്താ പി നായരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം.
നന്നായി എതിരന്‍ജീ. മറന്നു പോകാതിരിക്കാന്‍.
പോസ്റ്റ് വളരെ നന്നായി, എതിരന്‍ മാഷേ. ഇത്ര വിശദമായ ഒരു ലേഖനം ശാന്ത പി നായരെ കുറിച്ച് ഇതിനു മുന്‍പ് വായിച്ചിട്ടില്ല, നന്ദി.
എതിരന്‍ ജീ,
ഇതുവായിക്കുന്നതുവരെ എനിക്കു ശാന്താ പി നായരെയും അറിയില്ലായിരുന്നു അവര്‍ പാടിയ പാട്ടുകളില്‍ നാലില്‍ മൂന്നെണ്ണവും കേട്ടിട്ടുമില്ല എന്ന് ഇതു വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്.
എതിരന്‍ജീ, സ്വല്പം വൈകിപ്പോയെങ്കിലും, നല്ല അനുസ്മരണം...
പാട്ടിന്റെ ആ അമ്മയ്ക്ക് അഞ്ജലികള്‍!!
ലേഖനം നന്നായിട്ടുണ്ട്... ശാന്ത പി നായരെ പറ്റി കേട്ടിട്ടുണ്ട്.. പക്ഷേ ഇത്ര നല്ല ഒരുലേഖനം വായിക്കുന്നത് ഇതാദ്യം....
‘ഉലുവയും മഞളും” വായിച്ചു. എന്റെ അഭിപ്രായം അവിടെ ഇട്ടട്ടുണ്ട്. കണ്ടില്ലെങ്കിലൊ എന്നു വിചാരിച്ചാണു ഇവിടെ പറഞ്ഞത്.
സന്തോഷം. വളരെ നന്നായി..
ഈ വെകിയ വരവിന് ഉദ്ദേശം ഇത്രയേ ഉള്ളൂ:
“എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി....
നിഭൃതം ഞാനതു കേള്‍പ്പൂ സതതം നിതാന്ത വിസ്മയ ശൈലി
.......
അലതല്ലീടുകയാണതി ഗഹനം വായുവിലീ സ്വരചലനം
അലിയിക്കുന്നൂ സിരകളെ ഈ സ്വരഗംഗാതരപദഗമനം
പാടണമെന്നുണ്ടീരാഗത്തില്‍ പക്ഷേ സ്വരമില്ലല്ലൊ
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നീലല്ലൊ
പ്രാണനുറക്കി കേണീടുന്നു തപോപരാജിത നിലയില്‍
വിവര്ത്തമിഹ ഞാന്‍ നിന് ഗാനത്തിന് വിളംബമാകിയ വലയില്‍
....
എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി......”
ഇത് കതിരവന്റെ പോസ്റ്റ് അവസാനിക്കുന്ന വരികൾ.ടാഗോറിന്റെ ഗീതാജ്ഞലി ശങ്കറക്കുറുപ്പ് തർജ്ജമിച്ചതാണൊത്.പക്ഷേ,ചിലയിടത്ത് ചില കുഴപ്പങ്ങളില്ലേ എന്നു സംശയം.
ഞാനറിവീലാ ഭവാന്റെ മോഹനഗാനാലാപനശൈലി-എന്നല്ലേ തുടക്കം?ആരാണീ തുടക്കം അർത്ഥത്തെത്തന്നെ മാറ്റിക്കൊണ്ട് മാറ്റിയത്?മൂലകൃതിയിലെ അർത്ഥം എന്താണ്?
പ്രഭോ!പരാജിതനിലയിൽ എന്നാണു കേട്ടിട്ടുള്ളത്.ഇവിടെ തപോപരാജിതനിലയിൽ-ഇതിന്റെ അർത്ഥം തന്നെ മനസ്സിലായില്ല.
ഗാനവും കവിതയും തമ്മിൽ വ്യത്യാസങ്ങളുണ്ടോ?ഉണ്ടെങ്കിൽ ആരു വരുത്തി?ശങ്കരക്കുറുപ്പിന്റെ അനുവാദത്തോടെയോ വരുത്തിയത്?അതോ ഈ വരികൾ കതിരവസൃഷ്ടിയോ?സംശയങ്ങൾ നീളുന്നു.
വികടശിരോമണിയുടെ ഓർമ്മ, നിരീക്ഷണപാടവം, കൂർമ്മബുദ്ധി ഇവയ്ക്കൊക്കെ മുന്നിൽ സാഷ്ടാംഗപ്രണാമം.
ശാന്ത പി. നായരുടെ ഗാനശൈലിയെപ്പറ്റി അവർ പാടിയ ഈ പാട്ടുതന്നെയാണ് എന്ന വിശ്വാസത്താലാണ് “എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി..” എന്നെഴുതിയത്. ഈ പാട്ടു കേട്ടതാകട്ടെ ഒട്ടും വ്യക്തമല്ലാത്ത ഒരു ഓഡിയൊയിൽ നിന്നും. പല വാക്കുകളും പിടി കിട്ടിയില്ല. തെറ്റായിരിക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പലവാക്കുകളും എഴുതിവിട്ടത്. ടാഗോറും ശങ്കരക്കുറുപ്പും എന്റെ ഈ വികൃതികളൊക്കെ ക്ഷമിച്ചു കളയുമെന്ന തീർച്ചാഭാവം തെമ്മാടിത്തരം തന്നെ. ഗംഗാസരഭസഗമനം, പ്രഭോ പരാജിത, നിബദ്ധമിഹ എന്നതിനൊക്കെ ഞാൻ കൊണ്ടുവന്ന വാക്കുകൾക്ക് എന്തു സമാധാനം പറയും?
വികടശിരോമണിയ്ക്കും നാട്ടുകാർക്കും മുൻപിൽ ക്ഷമ ചോദിച്ച് ഇതാ ഞാൻ കുമ്പിടുന്നു.
ശങ്കരക്കുറുപ്പിന്റെ ഗീതാഞ്ജലി വിവർത്തനത്തിൽ നിന്നും സിനിമക്കാർ എടുത്തതാണ് ഈ ഗാനം. “ഞാനറിവീല, ഭവാന്റെ മോഹന ഗാനാലാപനശൈലി” എന്നാണ് ശങ്കരക്കുറുപ്പിന്റെ വരി. ഗീതാഞ്ജലിയിലെ 22-)മത്തെ ഗീതം. “I know not how thou singst, my master" എന്നു ടാഗോറിന്റെ ഒറിജിനൽ. കഥാസന്ദർഭത്തിനിണങ്ങാനായിരിക്കണം സിനിമയിൽ അതു മാറ്റി “എത്രമനോഹരമാണവിടത്തെ...” എന്നാക്കിയത്. ബാക്കിയൊക്കെ ശങ്കരക്കുറുപ്പിന്റെ വരികൾ തന്നെ. ആദ്യവരി മാറ്റാൻ ആരു കൊടുത്തു സ്വാതന്ത്ര്യം?
ഗീതാഞ്ജലി വിവർത്തനങ്ങൾ ഇതിനു മുൻപും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും “എത്ര മനോഹരം” എന്ന് ആരും എഴുതാൻ സാദ്ധ്യത ഇല്ല.
“നിതാന്ത വിസ്മയശാലി” എന്നത് വിസ്മയശൈലി” എന്ന് ഞാൻ എഴുതിയത് ശാന്തയുടെ ശൈലിയിൽ അത്രമാത്രം മോഹമുഗ്ദ്ധനായതുകൊണ്ടാണ്.
157 ഗീതങ്ങളുള്ള ഗീതാഞ്ജലി ടാഗോറ് തന്നെ ഇംഗ്ലീഷിലാക്കിയപ്പോൽ 51 എണ്ണമേ എടുത്തുള്ളൂ. മലയാളവിവർത്തനങ്ങൾ ഈ 51ൽ ഒതുങ്ങിയിട്ടുണ്ട്. പൂർണ്ണമായും 157 ഉം മലയാളത്തിൽ വിവർത്തനം ചെയ്തത് ശങ്കരക്കുറുപ്പ് മാത്രം.
പണ്ഡിത (വികട) ശിരോമണി എന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിൽ സന്തോഷം.
ഇപ്പോഴാണിതു കണ്ടത്..ഈ ഒരു ഗായികയെക്കുറിച്ചു പലയിടങ്ങളിലും വായിച്ചിട്ടുണ്ടെങ്കിലും, ഒരിക്കലും വിശദമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ പഴമയെ അറിയാന്‍ എന്നും വല്ലാത്ത അഭിനിവേശം സൂക്ഷിക്കുന്ന എനിക്കു ഇതു വല്ലാതെ ഇഷ്ടപ്പെട്ടു...
വികടശിരോമണിയുടെ കമന്റിനു മുന്നില്‍ എന്തു പറയാന്‍? ആ അറിവിനു ഒരു നമോവാകം.
പാട്ടുകള്‍ കേട്ടുതുടങ്ങുന്ന
കാലത്ത് ശാന്താപീ നായരുടെ
പാട്ടുകള്‍ ധാരാളം കേട്ടിരുന്നു.....
“നാഴൂരി പാലു കൊണ്ട്
നാടാകെ കല്യാണം
നാലഞ്ച് തുമ്പകോണ്ട്
മനത്തൊരു പൊന്നോണം.. “
ഗ്രാമഫോണ്‍ റിക്കോര്‍ഡില്‍ കേട്ടത്,പാട്ടിന് മനസ്സിനെ സന്തോഷിപ്പിക്കാനാകുമെന്ന് ആ ശബ്ദത്തില്‍ കൂടിയാണ് മലയാളി തിരിച്ചറിയുന്നത്.
ജീവിതവും ചുറ്റും ഉളതുമായി ഇണക്കി കെട്ടിയ വരികള്‍ ശാന്താ പീ നായരുടെ മലയാളിത്തമുള്ള, ശബ്ദത്തില്‍ ഒരു തലമുറ മനസ്സിലേറ്റി...
ഇന്നും കേട്ടാല്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പാട്ടുകള്‍....
“തുമ്പി തുമ്പീ വാവാ
ഈ തുമ്പ തണലിലു വാവാ ...”
ഇന്നും ആശയത്തില്‍ ഭാവത്തില്‍ പഴക്കം ഏല്‍ക്കാത്ത ഗാനം തന്നെ..
ഈ പോസ്റ്റ് ഒത്തിരി ഓര്‍മ്മകള്‍ കൊണ്ടു തന്നു...
ശാന്താ പീ നായര്‍ എന്നും ജീവിക്കും ഈ മനോഹര ഗാനങ്ങളിലൂടെ. ആ അനുഗ്രഹീത ഗായികക്ക്
ആദരാംഞ്ജലികള്‍..
ഇത്രയും നല്ലൊരു പോസ്റ്റ് ബൂലോകത്തില്‍ എത്തിച്ചതിന് നന്ദി എതിരന്‍ കതിരവന്‍ നന്ദി..
നല്ല അനുസ്മരണം .
Post a Comment