അന്യഗ്രഹജീവികൾ പറക്കും തളികയിൽ വന്നിറങ്ങുന്നവർ, ഹോളിവുഡ് സിനിമകളിലാണ് കാണാറ്.
നമ്മെ നശിപ്പിക്കാൻ അങ്ങു ദൂരെ നിന്ന് വന്ന് മിക്കവാറും അമേരിക്കയിൽ പ്രശ്നങ്ങളുണ്ടാക്കാറാണ്
ഇവരുടെ പതിവ്. അമേരിക്കയുടെ പൊതു സൈക്കിൽ ഉള്ള കുറ്റബോധത്തിന്റെ തോത് അനുസരിച്ച് ഈ
ജീവികൾക്ക് വിവിധ സ്വഭാവ-പെരുമാറ്റ വിശേഷങ്ങൾ കൽപ്പിച്ചരുളാറുണ്ട്. രണ്ടു കാലിൽ നിവർന്നു
നിൽക്കുന്ന മെലിഞ്ഞ രോമരഹിതമായ ശരീരമുള്ള ഇവർക്ക് നീണ്ട കണ്ണുകളും മൊട്ടത്തലയുമാണ്
പതിവ്. നിഷകളങ്കരായവരെങ്കിൽ ഒരു കുഞ്ഞിന്റെ സ്വരൂപവും. പാട്ടിനോട് അതും ശാസ്ത്രീയ സംഗീതത്തോട്
താൽപ്പര്യമുള്ളവരും ഇക്കൂട്ടരിൽ ഉണ്ടത്രെ. പ്രപഞ്ചസമസ്യകളുടെ അനുരണനങ്ങൾ ഭൂമിയിൽ പ്രതിഫലിക്കപ്പെട്ടാൽ,
അതു നിർദ്ധാരണം ചെയ്യാൻ പ്രയാസമെങ്കിൽ ഇത്തരം ‘ഏലിയൻസ” ഇന്റെ തലയിൽ ഉത്തരവാദിത്തം വച്ചുകെട്ടുകയും
പതിവുണ്ട്. ഭാരതീയ പുരാണങ്ങൾ പല വിചിത്രജീവികളേയും മെനഞ്ഞെടുത്തിട്ടുങ്കിലും ഇത്തരം
ജീവികളെ വെറുതേ വിടുകയാണ് ഉണ്ടായത്. അന്യഗ്രഹങ്ങൾക്ക്
മനുഷ്യസങ്കൽപ്പമാണ്. അല്ലെങ്കിൽ രാഹു, കേതു പോലെ സർപ്പങ്ങളാണവ.
പറക്കും തളികയിൽ പാതിരാത്തളികയിൽ
പണ്ടൊരു രാജകുമാരൻ വന്നിറങ്ങിയ കാര്യം നമ്മൾ സിനിമാപ്പാട്ട്ഭാവനയിൽ നിറച്ച് സംതൃപ്തി
പൂണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യരൂപമുള്ള ജീവി
പോയിട്ട് ഒരു ചെറിയ അന്യഗ്രഹജീവിയ്ക്കു പോലും ഇവിടെ ഭൂമിയിൽ വന്നിറങ്ങി തലങ്ങും വിലങ്ങും നടന്ന് കലാപനാടകങ്ങളിലോ കുട്ടിക്കളികളിലോ
ഏർപ്പെടാൻ സാദ്ധ്യമല്ല. ഒന്നാമത് മറ്റു ഗ്രഹങ്ങളിലെ അന്തരീക്ഷമർദ്ദം നമ്മുടേത് പോലെയല്ല.
ഒന്നെങ്കിൽ കൂടിയോ അല്ലെങ്കിൽ കുറഞ്ഞോ ഇരിക്കും അത്. അതനുസരിച്ച് ഈ ജീവികൾ ഒന്നെങ്കിൽ
ചീർത്ത് ബലൂൺ പൊട്ടുന്നതുപോലെ പൊട്ടിപ്പോകുകയോ അല്ലെങ്കിൽ നേർത്ത് ചുരുങ്ങി ചൊട്ടിപ്പോയി
ഇല്ലാതാവുകയോ ചെയ്യും. അന്യഗ്രഹങ്ങളിൽ ഓടിനടക്കുന്ന ജീവികൾ പോയിട്ട് ജീവിച്ചിരിക്കുന്ന
ഒരു ബാക്റ്റീരിയ പോലും ഉണ്ടോ എന്നത് ഇന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇല്ലെന്നു
പറയാൻ കാരണങ്ങളുമില്ല. ആധുനിക പരീക്ഷണങ്ങൾ വെളിവാക്കുന്നത് ജീവന്റെ അംശങ്ങൾ ചൊവ്വയിലെങ്കിലും
ഉണ്ടെന്നോ ഉണ്ടായിരുന്നു എന്നോ ആണ്. ആകാശഗംഗയിലെ മറ്റ് സൌരയൂഥങ്ങളിലെ ഗ്രഹങ്ങളിലും
ജീവന്റെ തുടിപ്പുകൾ കാണാൻ സാദ്ധ്യതയുണ്ട്. ജ്യൂപിറ്ററിന്റെ അമ്പിളിയായ യൂറോപ, ശനിയുടെ അമ്പിളിയായ
എൻസെഡേലസ് എന്നിവയിലൊക്കെ ജീവൻ ഉരുത്തിരിഞ്ഞിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രമാണം. ശനിയുടെ
തന്നെ മറ്റൊരു ഉപഗ്രഹമായ ടൈറ്റാൻ (Titan) നിനു കട്ടിയുള്ള അന്തരീക്ഷമുണ്ട്. ജൈവാംശമായ
ഹൈഡ്രോകാർബൺ ധാരളമുണ്ടവിടെ.. ഭൌമേതരമായ ജീവസാന്നിദ്ധ്യത്തെക്കുറിച്ച്
അപഗ്രഥനം ചെയ്യുന്ന
ആസ്ട്രോബയോളജി, എക്സോബയോളജി
എന്നൊക്കെയുള്ള പുതിയ ശാസ്ത്രവകുപ്പുകൾ വരെ പിറവിയെടുത്തിരിക്കുന്നു ഇക്കാലത്ത്. ആസ്ട്രൊബയോളജി
എന്നൊരു ശാസ്ത്രമാസികയുമുണ്ട്.
. ജീവൻ ഉരുത്തിരിഞ്ഞത്
ജലത്തിലാണ്. പ്രളയപയോധിയിൽ ഉറങ്ങിയുണർന്നതാണ്
ജീവൻ എന്ന കവിഭാവന ശരി തന്നെ.കാർബൺ മറ്റു പല മൂലകങ്ങളുമായി സംയോജിച്ചുണ്ടാകുന്ന തന്മാത്രകൾ ഒന്നിച്ചു കൂടി ചില പ്രവൃത്തികൾ ചെയ്തു തുടങ്ങിയതും അവയെ എല്ലാം ഒന്നിച്ച് മേളിപ്പിച്ച്
നിയമാനുസാരിയായ നിയന്ത്രണങ്ങൾ ഉൾക്കൊള്ളിച്ച് ഒരു കോശം ഉണ്ടായി വന്നതും ജീവചരിത്രത്തിലെ
പുലർകാലസുന്ദരസ്വപ്നമല്ലാത്ത യാഥാർഥ്യം. സ്വയം വിഘടിക്കുക, തനിപ്പകർപ്പ് ഉണ്ടാക്കിയെടുത്ത് നിലനിൽക്കുക എന്നതാണ് ഈ തന്മാത്രാ സമ്മേളനത്തിന്റെ
പ്രധാനവും വിസ്മയകരവും ആയ കഴിവ്. ആന്തരികപ്രവർത്തനങ്ങൾ
ഫിസിക്സും കെമിസ്ട്രിയുമാണെങ്കിലും ഈ പ്രതിഭാസം ജീവന്റേതു മാത്രമാണ്. ഇതിന്റെ പൊരുളുകൾ
തേടിച്ചെല്ലുമ്പോൾ ചരിത്രാതീതകാലത്തെ ഭൂമിയിൽ എത്തി നിൽക്കും. സമാനമായ ചരിത്രമാണ് ചൊവ്വയ്ക്കും.
അതുകൊണ്ട് ജീവന്റെ ആദ്യകാലം ചൊവ്വയിൽ തേടുന്നതിൽ യുക്തി ഇല്ലാതില്ല.
ജീവന്റെ ഉദ്ഭവം
മറ്റേതെങ്കിലും ഗ്രഹങ്ങളിൽ
ജീവന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തണമെങ്കിൽ ജീവൻ ഉരുത്തിരിയാൻ വേണ്ട സാഹചര്യങ്ങൾ അവിടെയുണ്ടൊ
എന്ന് അന്വേഷിക്കേണ്ടതാണ്. അതിനു നമ്മുടെ ഭൂമിയിലെ ജീവോൽപ്പത്തി ചരിത്രം തന്നെ പാഠമാണ്.
ഒന്നാമതായി ദ്രവരൂപജലം (liquid water) തന്നെ ഈ വിസ്മയ പാചകക്കുറിപ്പിലെ ആദ്യ വസ്തു. പിന്നെ വേണ്ടത് തന്മാത്രകൾ ഉണ്ടാക്കിയെടുക്കാൻ ഏറ്റവും
പര്യാപ്തമായ മൂലകമായ കാർബൺ ആണ്. കാർബൺ ഡൈഓക്സൈഡും
കാർബൻ മോണോക്സൈഡും മീതെയ് നും കാർബൺ സ്രോതസ് ആണ്. പണ്ട് സ്റ്റാൻലി മില്ലർ എന്നൊരു ശാസ്ത്രജ്ഞൻ
മീതെയ്നും അമോണിയയും ഹൈഡ്രജനും വെള്ളവും കൂട്ടി ചെറിയ എലെക്ട്രിക് ഷോക്ക് കൊടുത്തപ്പോൾ
പ്രോടീൻ തന്മാത്രയുടെ കണങ്ങളായ അമിനോ ആസിഡ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നത് ഒരു തെളിവായി
കണക്കാക്കുന്നതുമാണ്. കടലിന്നഗാധതയിലെ ജലതാപവ്യവസ്ഥകൾ
(hydrothermal systems) അമിനോ ആസിഡ് നിർമ്മിച്ചെടുക്കാനുള്ള പരിസ്ഥിതി സൃഷ്ടിയ്ക്കുന്നുണ്ട്
എന്നത് പണ്ടേ അറിവുള്ളതാണ്. ചൂട് വളരെക്കൂടുലാണെങ്കിലും തണുജലത്തിലേക്ക് ഒഴുകിനീങ്ങാൻ
സാദ്ധ്യതയുള്ളതുകൊണ്ട് ഇത്തരം ചുറ്റുപാടുകളിൽ ആദ്യജീവൻപൊടിപ്പ് തിണർക്കാൻ സ്ഥിതിവിശേഷം
സംജാതമാവുകയാണ്. എന്നാൽ കാർബൻ ഡൈഓക്സൈഡ്, ഇരുമ്പിന്റെ ചില രാസസംയുക്തങ്ങളുടെ ഊർജ്ജസംഭാവനയോടെ
കാർബൺ മാത്രമായി മാറി ജീവോൽപ്പത്തിയ്ക്ക് അത്യാവശ്യമായ മറ്റു തന്മാത്രകളായി മാറിയെന്നാണ്
ആധുനിക നിഗമനം. ‘ഓർഗാനിക്’ അല്ലെങ്കിൽ ജൈവപരമായ തന്മാത്രകൾ എന്ന് ഇവയെ വിളിക്കാം. ഒരു
വലിയ ശതമാനം കാർബൺ ഭൂമിയിൽ എത്തപ്പെട്ടത് ഉൽക്കകളിൽ നിന്നാണ് എന്നത് വിസ്മരിക്കാൻ വയ്യ.
എന്നു വച്ചാൽ മറ്റു നക്ഷത്രങ്ങളിൽ നിന്നോ ഗ്രഹങ്ങളിൽ നിന്നോ വന്നു കൂടിയതുമാകണം ജീവന്റെ
അവശ്യ ഘടകങ്ങൾ. ജൈവതന്മാത്രകൾ (organic molecules) പ്രപഞ്ചത്തിലെവിടുന്നോ ഇവിടെ വന്നു
കൂടിയതാണെന്നുള്ള നിഗമനം കൌതുകകരം തന്നെ.
ജീവന്റെ ഒരു
പ്രധാന സവിശേഷം സ്വന്തം പ്രതിരൂപം നിർമ്മിച്ചെടുക്കുക എന്നതാണ്. ഒരു കോശമാണെങ്കിൽ നെടുകേ
പിളർന്ന് രണ്ടാകുക. പ്രവർത്തനത്തിനുള്ള വിവരങ്ങളും മാർഗ്ഗരേഖകളും അടങ്ങിയിരിക്കണം ഈ
പുതിയ കോശങ്ങളിൽ. ആർ എൻ എ ആണ് സന്ദേശവാഹകർ, ഡി എൻ എ ആകട്ടെ വിവരങ്ങൾ കോഡ് ഭാഷയിൽ സൂക്ഷിച്ചു
വയ്ക്കുന്ന ലൈബ്രറിയും. ചുരുക്കിപ്പറഞ്ഞാൽ കാർബൺ ഹൈഡ്രൊജൻ ഓക്സിജൻ നൈട്രൊജെൻ മുതലായ
മൂലകങ്ങൾ കൊണ്ട് നിർമ്മിച്ചെടുത്ത, നിരവധി വ്യത്യസ്ത തന്മാത്രകൾ കൊണ്ട് നിശ്ചിതനിർദ്ദേശങ്ങൾ
പ്രാവർത്തികമാക്കുന്ന, സ്വയം പ്രവർത്തിക്കുന്ന, സ്വന്തമായി നിലനിപ്പുള്ള കോശമാണ് ആദ്യത്തെ
ഉദ്ഭവപ്രതിഭാസം. ഡി.എൻ. എയുടെ പകർപ്പുകൾ നിർമ്മിച്ചെടുത്ത് ഓരൊ വിഭജനത്തിലും ആ വചനങ്ങൾ
രൂപമാർജ്ജിച്ച് പകർപ്പുകൾ ക്രിയാശീലമാക്കാനുള്ള സൂത്രവിദ്യകളുമാണ് അടുത്ത തലമുറയ്ക്ക്
കൈമാറ്റം ചെയ്യുന്നത്. ഊർജ്ജത്തിനു സൂര്യപ്രകാശം
സഹായത്തിനുണ്ട്. ഇപ്രകാരം ഈർപ്പം. കാർബൺ സംയുക്തങ്ങൾ, സൂര്യപ്രകാശം അധികം ചൂടോ തണുപ്പോ
ഇല്ലാത്ത പരിസ്ഥിതി ഇതൊക്കെയുണ്ടെങ്കിൽ ജീവിച്ചുപോകാമെന്നാണ് ഓരൊ കോശത്തിന്റേയും തീരുമാനം.
പിന്നെ പ്രപഞ്ചത്തിൽ നിന്നും വരുന്ന പലവിധം വികിരണങ്ങൾ ഈ കോശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനും
പാടില്ല. ഭൂമിയുടെ അതികാന്തശക്തി മിക്ക വികിരണങ്ങളേയും തടുക്കുന്നുണ്ടെന്നുള്ളത് ജീവനു
പിടിച്ചു നിൽക്കാൻ സഹായകമായി. ഇക്കാര്യങ്ങളിലൊന്നും ധിറുതി പാടില്ല എന്നത് ഓർമ്മയിരിക്കേണ്ടതാണ്;
100 മിർ ( 100 മില്യൻ വർഷങ്ങൾ) കൊണ്ടാണ് ഇതൊക്കെ സാധിച്ചെടുത്തത്.
തേടുന്നതാരെ ശൂന്യതയിൽ
അത്ര എളുപ്പം സാധിച്ചെടുക്കാവുന്ന
ഒരു പ്രക്രിയ അല്ലാത്ത ഈ കഥയുമായാണ് ഇന്ന് ശാസ്ത്രജ്ഞർ മറ്റു ഗ്രഹങ്ങളിൽ ജീവൻ തേടിപ്പോകുന്നത്.
പ്രപഞ്ചത്തിൽ എത്രയോ സൌരയൂഥങ്ങളുണ്ട്, അവയിൽ പലതിലും ഇതുപോലെ ജീവൻ ആവിർഭവിച്ചിരിക്കാം.
ആകാശഗംഗ (Milky Way) യിൽത്തന്നെ 17 ബില്യൺ ഗ്രഹങ്ങൾ ഉള്ളതായാണൂ കണക്കെടുപ്പുകൾ സൂചിപ്പിക്കുന്നത് ഭൂമിയിലെപ്പോലെ പരിണാമവഴികൾ പിൻ തുടർന്ന് നാനാവിധ
ജീവജാലങ്ങൾ ഉണ്ടായി വന്നില്ലെങ്കിലും പിന്നീട് ഉണങ്ങിപ്പോവുകയോ ചുട്ടുപഴുക്കുകയോ ചെയ്തു പോയിട്ടുണ്ടെങ്കിലും ചെയ്യരുതാത്തത്
ചെയ്തതിന്റെ പേരിൽ തള്ളിക്കളയാൻ പാടില്ല, അവശേഷിപ്പുകൾ കാണാൻ സാദ്ധ്യതയുണ്ട്. ആദ്യം
നമ്മുടെ അടുത്തുള്ള ചൊവ്വയിൽ അന്വേഷണം തുടങ്ങി വച്ചിരിക്കുകയാണ്. മറ്റ് സൌരയൂഥങ്ങളിലെ
ഗ്രഹങ്ങളുടെ അന്തരീക്ഷത്തെപ്പറ്റി പഠനങ്ങളും നടന്നു വരുന്നു. ‘ മറുഗ്രഹങ്ങൾ’ (Exoplanets) എന്നറിയപ്പെടുന്ന 760 ഓളം ഗോളങ്ങളുടെ
കണക്കെടുപ്പ് നടന്നിട്ടുണ്ട്. അവയിൽ 360 എണ്ണത്തിന്റെ ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
നാസയുടെ ‘കെപ്ലെർ’ എന്ന അന്വേഷണയന്ത്രവും ഫ്രാൻസിന്റെ കോറോട് എന്ന പരിശോധിനിയും ഇവയെ
നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പലതിലും വെള്ളം കാണാൻ സാധ്യതയുണ്ടത്രെ. ഹബ്ബിൾ, സ്പിറ്റ്
സെർ എന്നീ ടെലെസ്കോപ്പുകൾ രണ്ട് മറുഗ്രഹങ്ങളിലെ
അന്തരീക്ഷത്തിൽ വെള്ളവും മീതെയ് നും കാർബൺ ഡൈഓക്സൈഡും ഉണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറെ വർഷങ്ങളിൽ
പഠിച്ചെടുക്കാനാവാത്ത നിരീക്ഷണങ്ങൽ ഇന്ന് പുതിയ
സാങ്കേതികവിദ്യകളാൽ സാധിച്ചെടുക്കുന്നുണ്ട്. ‘മൾറ്റി-ഓബ്ജെക്റ്റ് സ്പെക്ട്രോസ്കോപ്പി’, ട്രാൻസ്മിഷൻ
സ്പെക്ട്രോസ്കോപ്പി ഇവയൊക്കെയാണ് പുതിയ യന്ത്രങ്ങൾ..നേരത്തെ 10-20 ഭ്രമണപഥങ്ങൾ ഉള്ള
സൌരയൂഥങ്ങളെപ്പറ്റിയാണ് പഠിച്ചിരുന്നെങ്കിൽ ഇന്ന് പതിന്മടങ്ങ് എണ്ണങ്ങളെ നിരീക്ഷിക്കാൻ
സാധിയ്ക്കുന്നുണ്ട്. 2009 ഇൽ ആരംഭിച്ച കെപ്ലർ ദൌത്യം 600 മില്യന്റെ ബഡ്ജെറ്റിൽ നൂറോള
ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന വൻ പദ്ധതിയാണ്, കൂടുതൽ വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുകയുമാണ്. 105 ഗ്രഹങ്ങൾ കെപ്ലർ സ്ഥിരീകരിച്ചിട്ടുണ്ട്,
27402070 2070 എണ്ണം നിരീക്ഷക്കപ്പെട്ടിട്ടും ഉണ്ട്. ‘കെപ്ലർ-11“ എന്നൊരു ‘സൂര്യനെ’ ചുറ്റുന്ന
ആറു ഗ്രഹങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സൂക്ഷ്മനിരീക്ഷണങ്ങളാൽ അറിയപ്പെട്ട, നാൽപ്പത്തി ഏഴോളം പ്രകാശവർഷങ്ങൾക്കകലെയുള്ള ഒരു
ഗ്രഹം-GJ1214b എന്ന് താൽക്കാലിക പേര് ഇതിനു-ചില
പ്രത്യേകതകൾ അർഹിക്കുന്നുണ്ടന്നാണ് ഭൌമശാസ്ത്രജ്ഞരുടെ അഭിപ്രായം. ഭൂമിയുടെ മൂന്നിരട്ടി
വലിപ്പമുള്ള ഒരു ‘ജലലോകം‘ ഇവിടെയുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. അന്യഗ്രഹങ്ങളിലെ ജലാംശത്തെക്കുറിച്ച് കൂടുതൽ അറിവുകൾ
നേടപ്പെടുകയാണിന്ന്. ഹബ്ബിൾ ടെലസ്കോപ് വഴി
അന്യഗ്രഹങ്ങളിലെ അന്തരീക്ഷത്തെക്കുറിച്ച്, പ്രത്യേകിച്ചും ഓക്സിജൻ അടങ്ങുന്ന അന്തരീക്ഷത്തെക്കുറിച്ച്
വിശദപഠനങ്ങൾ നടന്നു വരുന്നു. GJ1214b ഇൽ ജലാംശമുണ്ടൊ എന്നത് ഉടൻ സ്ഥിരീകരിച്ചേക്കും.
ആ ഗ്രഹത്തിൽ വെള്ളമുണ്ടെങ്കിൽ നമ്മുടെ സൌരയൂഥത്തിൽ നിന്നും ഏറെ വ്യത്യസ്ഥമായിരിക്കും
അവിടത്തെ സ്ഥിതിഗതികൾ എന്നാണ് ശാസ്ത്രലോകത്തിന്റെ പൊതു നിഗമനം. .
ആകാശഗംഗയിലും അതുപോലത്തെ ശതകോടി മറ്റ് ഗാലക്സികളിൽ ഉള്ളവയും ആയ
ഗ്രഹങ്ങൾ ഇപ്രകാരം ജീവന്റെ തുടിപ്പുകൾക്ക് കാതോർക്കപ്പെടാനുണ്ടെങ്കിലും പോയിക്കാണാവുന്ന
ഒരു ഗ്രഹത്തിൽ ജീവൻ ഉരുത്തിരിഞ്ഞിരിക്കാൻ ഏറെ സാദ്ധ്യതയുള്ളതാണ് നമ്മുടെ അടുത്തുള്ള
ചൊവ്വ. 1977 ഇൽ വൈകിങ് എന്ന യന്ത്രസൂത്രം അവിടെ ഇറങ്ങിയതോടെ ചൊവ്വയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ
മാറി മറിഞ്ഞു. ചുവന്ന നിറമുള്ള ചൂടൻ ചൊവ്വ ജീവനോട് ശത്രുത വച്ചു പുലർത്തുകയാണ് എന്ന
വിശ്വാസം മാറ്റപ്പെടേണ്ടി വന്നു ഇതോടെ. പുരാതീനകാലത്ത്
ഉപരിതലത്തിൽ വെള്ളമുണ്ടായിരുന്നു എന്നതിനു തെളിവുകൾ കിട്ടിക്കഴിഞ്ഞു. 2004 ഇലെ റൊവർ കണ്ടുപിടിച്ചത് ജലസാന്നിദ്ധ്യത്താൽ
ഉണ്ടാകുന്ന ഹീമറ്റൈറ്റ് ചൊവ്വയിൽ ഉണ്ടെന്നാണ്. ചൊവ്വയുടെ വടക്കെ ധ്രുവത്തിൽ മഞ്ഞുകട്ടകളുടെ പാളികൾ നേരത്തേ
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വയിലെ വേനൽക്കാലങ്ങളിൽ
അത്യുഗ്രമായ കാറ്റ് പൊടിയോടൊപ്പം ജലകണങ്ങളും മണ്ണിൽ വിന്യസിക്കാറുണ്ട്. ചില മേഘപാളികളും
ഈ മിശ്രിതം ഉണ്ടാക്കുമെന്ന് 2004 ലെ ഓപർച്യൂണിറ്റി എന്ന റോവർ കണ്ടുപിടിച്ചിരുന്നു.
2008 ഇൽ നാസ ശാസ്ത്രജ്ഞർ മഞ്ഞുകട്ടകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ
ജീവസന്ധാരണത്തിനു ആവശ്യമായ ദ്രവജലം ഉണ്ടോ എന്നതാണ് ഇനിയും അറിയേണ്ടത്. പണ്ടെങ്ങൊ ഉണ്ടായിരുന്ന
ജീവസാന്നിദ്ധ്യം തെളിയിക്കപ്പെട്ടേക്കാമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ജൈവവസ്തുക്കൾ
അടങ്ങിയ വെള്ളം തേടാൻ വേണ്ടിയാണ് ഇപ്പോഴത്തെ പരീക്ഷണോപകരണങ്ങൾ നിർമ്മിച്ചെടുക്കുന്നത്.
.
മീതെയ്ൻ ഉണ്ടോ?
2003 ഇൽത്തന്നെ നാസയുടെ
നിരീക്ഷണങ്ങൾ ചൊവ്വയിൽ മീതെയ് ൻ ഉണ്ടെന്നു സ്ഥിരപ്പെടുത്തിരുന്നു. എന്നാൽ ജൈവപരമായ
രാസപരിണാമങ്ങളാൽ ഉണ്ടാവുന്നതല്ല ഈ മീതെയ്ൻ എന്നാണു നിഗമനം. വെള്ളവും പാറകളിലെ കാർബണുമായി സങ്കലിച്ചോ ഹൈഡ്രജൻ
കാർബണുമായി സങ്കലിച്ചോ ഉളവാകുന്നതാവണം ഈ മീതെയ്ൻ. എന്നാൽ ജലവും മീതെയ്നും സമാനമായി
ഭവിക്കുന്നതിനാൽ ജൈവപരമാകാൻ സാദ്ധ്യതയുണ്ട് മീതെയ്നിന്റെ ഈ സാന്നിദ്ധ്യം. ഹൈഡ്രജന്റേയും
മീതെയ്നിന്റേയും അനുപാതം അളന്നെടുക്കുന്നത് ജൈവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള സൂചനകൾ
തരുമെന്നാണ് അഭിജ്ഞമതം. ഇതൊക്കെയായാലും നിരന്തരമുള്ള ഉൽക്കാപതങ്ങളും വികിരണവും സൂര്യന്റെ ആളിക്കത്തലുകളും (solar
flares) അത്യൂർജ്ജകണങ്ങളുമെല്ലാം കൂടെ ഗുഹകൾക്കുള്ളിലോ നിരപ്പിൽ നിന്നും വളരെ ആഴത്തിലോ മാത്രം ജീവൻസംരക്ഷിക്കപ്പെടുകയേ
ഉള്ളൂ എന്നാണ് സങ്കൽപ്പിക്കേണ്ടത്. എന്നാൽ ഈ ആഴത്തിൽ സൂര്യപ്രകാശം കടന്നു ചെല്ലുന്നില്ല
എന്നതിനാൽ അതുപയോഗിച്ചുള്ള ഫോടോ സിന്തെസിസ് എന്ന ഊർജ്ജസംഭരണപ്രക്രിയ നടക്കാതാകും. ഓക്സിജനു
പകരം ഹൈഡ്രജൻ ഉപയോഗിക്കുന്ന ജീവികൾക്ക് അതിജീവിക്കാം ഇത്തരം സാഹചര്യങ്ങളിൽ.
അതിതീവ്രമായ പരിസ്ഥിതികളിൽ
അതിജീവനം സാദ്ധ്യമാണെന്നുള്ളതിനു ഭൂമിയിൽ തന്നെ തെളിവുകളുണ്ട്. സൈബീരിയയിൽ നിത്യമായി
ഉറഞ്ഞ മഞ്ഞിൽ വളരെ താഴ്ന്ന ഊഷ്മാവിൽ ചില ബാക്റ്റീരിയകൾക്ക് (Camobacterium സ്പീഷീസ്) വളരാൻ സാധിയ്ക്കും. വളരെ
കുറഞ്ഞ അന്തരീക്ഷമർദ്ദത്തിൽ, ഓക്സിജൻ ഇല്ലാത്ത,
കാർബൻ ഡയോക്സൈഡ് നിറഞ്ഞ ചുറ്റുപാടുകൾ ഇവയെ അലോസരപ്പെടുത്തുകയില്ല. ചൊവ്വയിൽ ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും വന്നു ഭവിച്ചിട്ടുണ്ട്.
അന്റാർടിക്കയിലെ അന്റർസീ (Untersee) തടാകത്തിനടിയിൽ നേരിയ ജൈവസ്തരത്തിനുള്ളിൽ പുരാതനങ്ങളായ പരിണാമത്തിന്റെ ആദ്യ ദശയിലുള്ള ഏകകോശ
ജീവികളെ കണ്ടത്തിയിട്ടുണ്ട്. ചൊവ്വയിൽ ജീവസന്ധാരണത്തിനു
അയോഗ്യത പ്രഖ്യാപിക്കേണ്ടെന്നു സാരം. ചിലിയിലെ അറ്റാക്കാമ മരുഭൂമിയിലും അതിയായ ചൂടിൽ,
അതിലവണതാവളത്തിൽ, ഉണങ്ങിയ പരിസ്ഥിതിയിൽ ചില ബാക്റ്റീരിയകളെ കണ്ടെത്തിയിട്ടുണ്ട്. പ്രകാശസംശ്ലേഷണം (photosynthesis) വഴി നേടിയെടുത്ത
ഊർജ്ജത്തിന്മേൽ മാത്രമേ ജീവൻ നിലനിർത്താനാകൂ എന്ന പൊതുവിശ്വാസത്തെ ചോദ്യം ചെയ്യുന്ന
കണ്ടു പിടിത്തങ്ങൾ ഇന്ന് ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കയാണ്. ജീവൻ സൂര്യനെ ആധാരമാക്കി
മാത്രം നിലനിൽക്കേണ്ടതില്ലെന്ന ഈ അറിവ് വിപ്ലവാത്മകമാണ്. .ഗാലപ്പാഗോസ് ദ്വീപുകളുടെ
അടുത്തുള്ള സമുദ്രാടിത്തട്ടിൽ സൂര്യപ്രകാശം ഏൽക്കാത്ത ചുറ്റുപാടിൽ ചില ഞണ്ടുവർഗ്ഗങ്ങളും
ഞവിണികളും വിരകളും താമസമുണ്ട്. ചില പ്രത്യേകതരം ബാക്റ്റീരിയ ആണ് ഇവകളുടെ ആഹാരം. ഹൈഡ്രജനും
ഹൈഡ്രജൻ സൾഫൈഡുമൊക്കെ മതി ഇവറ്റകൾക്ക് ഊർജ്ജം ഉണ്ടാക്കിയെടുക്കാൻ. അതിതീവ്രപരിസരജീവികൾ
(extremeophiles) ആയ ഇത്തരം സൂക്ഷ്മജീവികൾ കടലിന്നഗാധതയിലെ ചൂടുറവയിലോ ആസിഡിലോ തിളയ്ക്കുന്ന വെള്ളത്തിലോ ഉപ്പുപരലുകൾക്കുള്ളിലോ
വിഷലിപ്തമാലിന്യങ്ങളിലോ ഒക്കെ താമസമാക്കും. മറ്റു ഗ്രഹങ്ങളിൽ ഇത്തരം ചുറ്റുപാടുകൾ നിരീക്ഷിക്കപ്പെടുമ്പോൾ
അവിടെ ജീവൻ ഉണ്ടായിരിക്കാനുള്ള സാദ്ധ്യതകൾ
തള്ളിക്കളയേണ്ടെന്നാണ് കടുംവെല്ലുവിളകൾ ഏറ്റെടുക്കുന്ന ഇത്തരം ജീവികൾ തെളിയിക്കുന്നത്.
40 മില്യൺ വർഷങ്ങൾ കഴിഞ്ഞിട്ടും ജീവൻ മിച്ചം വച്ചിട്ടുള്ള ബാക്റ്റീരിയ സ്പോറുകൾ, വികിരണം ബാധിയ്ക്കാത്ത പായലുകൾ
ഇവയൊക്കെ ജീവന്റെ അതിജീവനാസക്തി അപ്രമേയമാണെന്ന് ഉദ് ഘോഷിക്കുന്നു, പ്രപഞ്ചത്തിലെ വെല്ലുവിളികളെ
നിർഭയം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുന്നു. ചൊവ്വയിലെ പരിസ്ഥിതിയുടെ കടുപ്പത്തിൽ
ബേജാറാവേണ്ടെന്നു സാരം.
ഭൂമിയിൽത്തന്നെയുണ്ട്
ചൊവ്വയിലെ ജീവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള തെളിവുകൾ. പലയിടത്തും കാണപ്പെടുന്ന ഉൽക്കകളിൽ
ചിലത്- 34 എണ്ണം നാസയുടെ ലിസ്റ്റിൽ ഉണ്ട്- ചൊവ്വയിൽ നിന്നും നിപതിച്ചവയാണ്. അവയിൽ പലതിലും ‘ബയോമോർഫ്’ എന്നറിയപ്പെടുന്ന ഫോസ്സിൽ
ആയിത്തീർന്ന ബാക്റ്റീരിയ പോലത്ത ജീവികളെ കണ്ടിട്ടുണ്ട്. ഇവ ചൊവ്വയിൽ നിന്നും ഉൽക്കയോടൊപ്പം
വന്നതാണോ എന്നത് പൂർണ്ണമായും തെളിയിക്കാൻ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതേ ഉള്ളു. പക്ഷേ ഈ പാറക്കഷണങ്ങൾക്ക് ചൊവ്വയിലെ പാറകളുടെ പ്രായം തന്നെ
എന്നത് വിശ്വാസയോഗ്യമായ തെളിവാണ്. അന്റാർടിക്കയിലെ
മറ്റൊരു ഉൽക്കയിലും ഇതേപോലെ പ്രാചീനമായ ബാക്റ്റീരിയ സമാനമായ ജീവികളെ കണ്ടെത്തിയിട്ടുണ്ട്.
ഈജിപ്റ്റിൽ 1911 ഇൽ വീണ ‘നഖ് ല’ എന്ന ഉൽക്കയിലാകട്ടെ പല കാർബൺ രാസസംയോഗങ്ങളും ചില അമിനോ
ആസിഡുകളും കണ്ടെത്തി. ഭൂമിയിൽ ബാക്റ്റീരിയകൾ നിർമ്മിച്ചെടുക്കുന്നതരം മുദ്രകളും ഈ ഉൽക്കയിൽ
കണ്ടെത്തിയത് ചൊവ്വയിൽ ഇത്തരം ജീവികളുണ്ടായിരുന്നു എന്ന നിഗമനത്തിനു ബലമേറ്റി. ഭൂമിയുടേയും
ചൊവ്വയുടേയും പുരാതനചരിത്രങ്ങൾ സമാനമാണു താനും.
എന്നാൽ ചൊവ്വയിൽ പോയി
താമസിക്കാമെന്ന വ്യാമോഹമൊന്നും ആരും വച്ചുപുലർത്തേണ്ട. മനുഷ്യാവാസയോഗ്യമല്ല ചൊവ്വ.
അന്തരീക്ഷമർദ്ദം തീരെ കുറവാണ്. ഗുരുത്വാകർഷണമാവട്ടെ ഭൂമിയുടേതിന്റെ മൂന്നിലൊന്നേ ഉള്ളു.
നമ്മൾ മുകളിലേക്ക് പാറിപ്പോവുമെന്ന തമാശല്ല കാര്യം, ഉള്ളിലെ വായു മുഴുവൻ പുറത്തു കടന്ന്
ശരീരം ചൊട്ടിച്ചെറിതായി മിനുട്ടുകൾക്കകം മരണം സംഭവിക്കും. അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡാണു
നിറയെ. മാത്രമല്ല ഭൂമിയെ പൊതിയുന്ന ഓസോൺ പടലം വികിരണങ്ങളെ തടഞ്ഞു നിർത്തുന്നതു പോലെ
ചൊവ്വയ്ക്ക് ഓസോൺ പടലം ഇല്ല. വികിരണമേറ്റ് ശരീരം വേകും. ആഹാരമാകട്ടെ ചിലതരം പായലും
പിന്നെ കുറെ ഉപ്പും മാത്രം. ചൊവ്വയിലേക്ക് പോകുന്നത് ശാസ്ത്രപരീക്ഷണങ്ങൾക്ക് മാത്രം
മതി.
ജിജ്ഞാസ എന്ന റോബോട്
ഇന്ന് ചൊവ്വയിൽ പര്യവേഷണങ്ങളും
പരീക്ഷണങ്ങളും നടത്തുന്നത് വളരെ അന്വർത്ഥമായ
“ക്യൂരിയോസിറ്റി” (ജിജ്ഞാസ) എന്ന പേരുള്ള റോബോട് ആണ്. 2012 ഓഗസ്റ്റിൽ ചൊവ്വയുടെ
ഉപരിതലത്തിൽ ഇറങ്ങിയതാണ് ഈ മിടുക്കൻ റോബോട്. ഒരു കാറിന്റെ വലിപ്പമേ ഉള്ളുവെങ്കിലും
വലിയ ഒരു പരീക്ഷണശാല തന്നെയാണ് ക്യൂരിയോസിറ്റി. പത്ത് പ്രധാന ശാസ്ത്രോപകരണങ്ങളാണീ സ്വയം
തീർമാനങ്ങളെടുക്കുന്ന യന്ത്രസാമഗ്രിയിൽ. ഭൂമിയിലെ ശാസ്ത്രജ്ഞരുടെ ചൊൽ വിളിയിലാണു താനും
ഈ ജിജ്ഞാസി. ആല്ഫാ പാർടിക്കിൾ സ്പെക്ട്രൊമീറ്റർ
(എ പി എക്സ്), രസതന്ത്രവിദ്യയും ക്യാമെറയുമായി ഘടിപ്പിച്ച “കെംകാം’ (Chemcam), ന്യൂട്രോണുകളെപ്പറ്റി
പഠിയ്ക്കാൻ ഒരു യന്ത്രം, ധാരാളം ലെൻസുകളും പ്രതിബിംബനിർമ്മിതികളും, വികിരണമാപിനികൾ,
രാസവിഘടിത മൂലതത്വപരിശോധിനികൾ അങ്ങനെ പത്തുനൂറുപേരുടെ ജോലിയാണ് ക്യൂരിയോസിറ്റിയുടെ
ചുമതലയിൽ. രണ്ടുകൊല്ലത്തോളം അവിടെ ചുറ്റിത്തിരിയും ഈ ജിജ്ഞാസവര്യൻ. എ പി എക്സ് ചുറ്റുമുള്ള
മണ്ണെടുത്ത് മൂലകങ്ങൾ വേർതിരിക്കും, മറ്റൊരു യന്ത്രസമുച്ചയം ഹൈഡ്രൊജനെ തേടിപ്പിടിയ്ക്കും,
‘കെംകാം’ആവട്ടെ ദൂരേയ്ക്ക് ലേസർ രശ്മികൾ അയച്ച് ആവിയാക്കിയ വസ്തുക്കളെ സ്പെക്ട്രോ മീറ്റർ
വഴി വിശ്ലേഷണം ചെയ്യും. സാം (Sample Analysis at Mars- SAM) എന്നത് നെടുങ്കൻ
കെമിസ്ട്രി ലാബ് തന്നെയാണ്. ഒരു പെട്ടിയോളമാക്കിയെടുത്തിരിക്കുയാണ് വിവിധ വസ്തുക്കളെ
അപഗ്രഥിച്ചു പഠിച്ചെടുക്കുന്ന ഈ പരീക്ഷണശാലയെ. ശേഖരിയ്ക്കുന്ന വസ്തുക്കളെ 1000 ഡിഗ്രി
വരെ ചൂടാക്കി ഗ്യാസ് ക്രൊമാറ്റോഗ്രാഫി മുതലായ അതിപരിഷ്കൃതമായ വിശ്ലേഷണയന്ത്രങ്ങളാൽ അപഗ്രഥിക്കുകയും ചെയ്യും
ഈ “സാം“. ക്യൂരിയോസിറ്റി ആദ്യം തന്ന അറിവ്
ക്ലൊറോമീതെയ്ൻ അവിടെ ഉണ്ടെന്നാണ്, ശാസ്ത്രജ്ഞർക്ക് ഇത് ഉത്സാഹമേറ്റിയിട്ടുണ്ട്. നേരത്തത്തെ പര്യവേക്ഷണങ്ങൾ വെള്ളം തേടിയതാണെങ്കിൽ
ഇന്ന് കാർബണും കാർബൺ അടങ്ങിയ തന്മാത്രകളുമാണ് ക്യൂരിയോസിറ്റി തേടുന്നത്.
ഈയിടെ ക്യൂരിയോസിറ്റി
ചൊവ്വയിലെ ജലാംശസാദ്ധ്യതയെ ബലപ്പെടുന്ന വിവരങ്ങൾ തന്നിട്ടുണ്ട്. ഒരു പാറ തുരന്നപ്പോൾ
കളിമൺ ധാതുക്കൾ (clay minerals) കണ്ടെത്തിയത്
അമ്ലമോ ക്ഷാരമോ അല്ലാത്ത വെള്ളം ഉണ്ടായിരുന്നതിന്റെ തെളിവായി കണക്കാക്കാമെന്ന
നിഗമനത്തിൽ എത്തിച്ചേരാാൻ സഹായിക്കുന്നു. ജീവാംശത്തെ തുണച്ചിരുന്ന ഒരു അന്തരീക്ഷം
നിലവിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നുണ്ട് ക്യൂരിയോസിറ്റിയെ കൈകാര്യം ചെയ്യുന്ന
ശാസ്ത്രജ്ഞർ. ചൊവ്വയുടെ ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ള
‘ഗെയ്ല്’ എന്നഗർത്ത ത്തിലെ മൺ പാറ തുരന്നപ്പോൾ സ്മെക്റ്റൈറ്റ് (smectite) എന്ന ധാതുപദാർത്ഥം
ലഭിച്ചതാണ് ഈ നിരീക്ഷണത്തിനു അടിസ്ഥാനം. മറ്റിടങ്ങളിൽ നിന്നും മഗ്നീഷ്യത്തിന്റേയോ ഇരുമ്പിന്റേയോ
സൾഫേറ്റുകൾ ലഭിച്ചപ്പോൾ ‘ഗെയ്ല്’ ഇൽ നിന്നും കിട്ടിയത് കാൽഷ്യം സൾഫേറ്റ് ആണ്-ഈ പാറക്കളിമണ്ണ്
അമ്ല-ക്ഷാരമല്ലാത്ത (neutral) പരിസ്ഥിതിയെ
സൂചിപ്പിക്കുകയും വെള്ളം എന്ന സംഭാവ്യതയെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ പഠനം സൾഫർ, നൈറ്റ്രജൻ, ഹൌഡ്രജൻ, ഓക്സിജൻ, ഫോസ്ഫറസ്,
കാർബൺ എന്നീ മൂലകങ്ങളേയും കണ്ടെടുത്തിട്ടുണ്ട്. ഇവയൊക്കെയും ജീവന്റെ സുപ്രധാന മൂലകങ്ങൾ
ആണല്ലൊ. പാറകളിൽ നിന്നും ജീവോർജ്ജം നുകരാൻ കെൽപ്പുള്ള പ്രാചീന സൂക്ഷ്മജീവികൾ ഉണ്ടായിരുന്നിരിക്കണമെന്ന
ഊഹത്തിനു ഓക്സിഡൈസ് ചെയ്യപ്പെട്ട മറ്റു ചില രാസവസ്തുക്കളുടെ സാന്നിദ്ധ്യം വഴിതെളിയ്ക്കുന്നുമുണ്ട്.
എവിടെ നിന്നോ എവിടെ നിന്നോ
വഴിയമ്പലത്തിൽ വന്നുകയറിയവർ നമ്മൾ?
ജീവൻ ഭൂമിയിൽ തന്നെ
ഉദ്ഭവിച്ചതാണെന്നു കടും പിടിത്തം പിടിക്കേണ്ടതില്ല. ചൊവ്വയിൽ നിന്നോ മറ്റോ വന്നു വീണ
ഉൽക്കയിൽ നിന്ന് ഇവിടെ വന്നു ചേർന്ന ജീവാംശം പടർന്നു പന്തലിച്ചതാവാനും മതി. കോസ്മിക്
ധൂളികളിൽ ജൈവതന്മാത്രകൾ കാണപ്പെട്ടിട്ടുണ്ട്. വിദൂരാകാശങ്ങളിൽ ജലസാന്നിദ്ധ്യമുള്ള ഗോളങ്ങളുടെ
അടരുകൾ ഇവിടെ കൊണ്ടു വന്ന് ഇട്ടതായിരിക്കണം ജീവന്റെ അംശങ്ങൾ എന്ന നിഗമനത്തിൽ അത്ര തെറ്റൊന്നുമില്ല.
ചൊവ്വയിലെ ജലസമൃദ്ധിയുടെ കാലത്ത് ഉരുത്തിരിഞ്ഞ ജീവൻ ഭൂമിയിലെത്തിയെന്ന് ഒരു നേരമെങ്കിലും ചിന്തിച്ചുപോയെങ്കിൽ സത്യം ലേശം
ഉണ്ടെന്നു ധരിച്ചോളുക. അങ്ങനെയാണെങ്കിൽ നമ്മൾ
അന്യഗ്രഹത്തിൽ നിന്നും വന്നവരെന്ന് തമാശയ്ക്കെങ്കിലും വീമ്പിളക്കിയാൽ കടും കയ്
ആണെങ്കിലും അത്ര മോശപ്പെട്ട സംഗതിയല്ല.
അന്യഗ്രഹജീവികളെ കണ്ടാൽ
മിണ്ടാനൊന്നും പോകേണ്ടെന്നാണ് ഇക്കാര്യങ്ങൾ ആഴത്തിൽ പഠിച്ചിട്ടുള്ള സ്റ്റീഫൻ ഹാവ് കിങ്
പറയുന്നത്. അവർ സൂത്രക്കാരാണെങ്കിലോ? പ്രകൃത്യാ നിരുപദ്രവി എന്നു തോന്നിയാലും പെങ്ങളെ
കെട്ടിച്ചു കൊടുക്കാനൊന്നും ആലോചിക്കേണ്ട. ഭൂമിയിൽ ജീവൻ ഉരുത്തിരിഞ്ഞെങ്കിൽ കോടാനുകോടി
ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൌരയൂഥസഞ്ചയങ്ങളിൽ എവിടെയെങ്കിലും ജീവൻ ഉണ്ടായി വരാനും സാദ്ധ്യതയുണ്ട്.
ബുദ്ധിശക്തിയും വിവരവും വീറും പതിന്മടങ്ങു വർദ്ധിച്ച ജീവികൾ പരിണമിച്ചുണ്ടാവാനും വഴികൾ
ഇല്ലാതില്ല. ഒരു ചിമ്പാൻസിയ്ക്ക് ക്വാണ്ടം ഫിസിക്സ് മനസ്സിലാകില്ലാത്തതു പോലെ നമുക്ക്
ആ ജീവികളുടെ മനോ വ്യാപാരങ്ങളും കണക്കുകൂട്ടലുകളുമൊക്കെ എട്ടും പൊട്ടും തിരിയാതെ പോയാലോ? ഭൂമിയിലെ ബ്രഹുത്തും
വൈവിദ്ധ്യമാർന്നതുമായ പ്രകൃതിസമ്പത്തുകളിൽ അവർ ഒരു കണ്ണു വച്ചാൽ പിന്നെ നമുക്ക് പണി
കിട്ടിയതു തന്നെ.
.
4 comments:
“എങ്ങാനുമുണ്ടോ കണ്ടൂ....” പ്രപഞ്ചത്തിൽ മറ്റെവിടെവിടെയെങ്കിലും ജീവൻ തുടിയ്ക്കുന്നുണ്ടോ?ആധുനിക പരീക്ഷണങ്ങൾ എന്ത് ഉത്തരം നൽകുന്നു?
കറ്റത് കടുകളവ്
കല്ലാതത് കടലളവ്
ഒരു സംശയം. ബർമുഡ ട്രയാങ്കിൾ ഏലിയൻസിന്റെ ഭൂമിയിലേയ്ക്കുള്ള തുരങ്കമാണെന്നൊക്കെ പറഞ്ഞ് ഒരു റിപ്പോർട്ട് എവിടെയോ വായിച്ചിരുന്നു. അതിൽ വല്ല സത്യവുമുണ്ടോ?
Dr. Michio Kaku about Alien Civilizations
https://www.youtube.com/watch?v=ygLuaET5Zqo
Post a Comment