അക്ഷരങ്ങൾ കൊണ്ടുള്ള തകൃതികളും സ്ഥായികൾ സൃഷ്ടിയ്ക്കുന്ന കയറ്റിറക്കങ്ങളും ഇമ്പമാർന്ന മേളക്കൊഴുപ്പും ജഗദാനന്ദകാരകാ യെ അതിമനോഹരമാക്കുന്നു
ത്യാഗരാജരരുടെ
പഞ്ചരത്നകൃതികളിൽ ഏറ്റവും ജനസമ്മതി നേടിയവയാണ് ‘ജഗദാനന്ദകാരകാ” യും “എന്തരോ
മഹാനുഭാവലു”വും. പഞ്ചരത്നകൃതികൾ എല്ലാം ഒന്നിച്ച് പാടാറാണ് പതിവെങ്കിലും ഇവ രണ്ടും
കച്ചേരികളിൽ ഒറ്റയ്ക്ക് പാടപ്പെടുന്ന സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ‘എന്തരോ’ യിലെ ചരണങ്ങൾ സിനിമാ/ഫ്യൂഷൻ സംഗീതസംവിധായകർക്ക് പ്രചോദനമായിട്ടുണ്ട്. അവയിലെ സഞ്ചാരങ്ങൾക്ക്
വിപുലതയും വൈവിദ്ധ്യവും ഉൾച്ചേർത്ത് ജനപ്രിയത കൈവരുത്തിയിട്ടുമുണ്ട്. ‘ദേവദൂതനി‘ൽ വിദ്യാസാഗർ
വെസ്റ്റേൺ ഉപകരണങ്ങൾ ഉൾപ്പെടുത്തി ചെയ്ത ചെറു പരീക്ഷണങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. കേൾവിസുഖം
ഏറെയുണ്ട് ‘എന്തരോ’യിലെ ചരണങ്ങൾക്ക് എങ്കിലും
‘ജഗദാന്ദകാരക’യിലെ ചരണങ്ങളിലെ പോലെ ശിൽപ്പചാതുര്യവും സ്വരങ്ങളും
അക്ഷരങ്ങളും കൊണ്ട് വരച്ചെടുത്ത
സംഗീതചിത്രണവും മറ്റൊരു പഞ്ചരത്നകൃതിയിലും
കാണാനില്ല. ഏകതാനത വെടിഞ്ഞുള്ള, മന്ദ്ര-മദ്ധ്യ-താര സ്ഥായികളുടെ
ഔചിത്യപൂർവ്വനിർവ്വഹണം അനന്യവും
ആകർഷണീയവുമാണ്. സൃഷ്ടിയ്ക്കപ്പെടുന്ന
മേളക്കൊഴുപ്പാവട്ടെ അത്യൂർജ്ജവാഹിയാണു താനും.
ശങ്കരൻ നമ്പൂതിരി പാടിയത് ഇവിടെ കേൾക്കാം
.
പഞ്ചരത്നകൃതികൾക്ക് എട്ടോ പത്തോ ചരണങ്ങൾ എന്ന കണക്കനുസരിച്ച് പത്തു ചരണങ്ങളാണ് ജഗദാനന്ദകാരകയിലും. ‘താനവർണ്ണം’ എന്ന വകുപ്പിൽ പെടുത്തേണ്ടവയാണ് പഞ്ചരത്നകൃതികൾ. അതുകൊണ്ട് ചരണം എന്നല്ല ശാസ്ത്രാനുസാരിയായി ചിട്ടസ്വരം എന്നാണ് പറയേണ്ടത്. ശ്രീരാമന്റെ വിശേഷണനാമങ്ങൾ ഒന്നിനുപുറകേ ഒന്നായിട്ട് നിബന്ധിച്ചുണ്ടാക്കിയെടുത്തതാണ് ജഗദാന്ദകാരകാ എന്നതും സംസ്കൃതത്തിൽ എഴുതപ്പെട്ട ഒരെണ്ണം മാത്രം-മറ്റെല്ലാം തെലുങ്കിലാണ്- എന്നതും പ്രത്യേകതകൾ.
പഞ്ചരത്നകൃതികൾക്ക് എട്ടോ പത്തോ ചരണങ്ങൾ എന്ന കണക്കനുസരിച്ച് പത്തു ചരണങ്ങളാണ് ജഗദാനന്ദകാരകയിലും. ‘താനവർണ്ണം’ എന്ന വകുപ്പിൽ പെടുത്തേണ്ടവയാണ് പഞ്ചരത്നകൃതികൾ. അതുകൊണ്ട് ചരണം എന്നല്ല ശാസ്ത്രാനുസാരിയായി ചിട്ടസ്വരം എന്നാണ് പറയേണ്ടത്. ശ്രീരാമന്റെ വിശേഷണനാമങ്ങൾ ഒന്നിനുപുറകേ ഒന്നായിട്ട് നിബന്ധിച്ചുണ്ടാക്കിയെടുത്തതാണ് ജഗദാന്ദകാരകാ എന്നതും സംസ്കൃതത്തിൽ എഴുതപ്പെട്ട ഒരെണ്ണം മാത്രം-മറ്റെല്ലാം തെലുങ്കിലാണ്- എന്നതും പ്രത്യേകതകൾ.
നാട്ട രാഗത്തിന്റെ
സൂക്ഷ്മാന്തരങ്ങളാണ് ഓരോ ചരണങ്ങളും. അക്ഷരങ്ങളുടെ വിന്യാസക്രമമനുസരിച്ച് ഒരോ ചരണത്തിനും അതിന്റേതായ പ്രത്യേകതകൾ
ഉണ്ട്. ശ്വാസധാര അളക്കുന്ന അളവായ
മാത്ര അവിടവിടെയായി കോർത്തു വച്ചും യതികൾ നിയന്ത്രിച്ചും ഭേദങ്ങൾ
സൃഷ്ടിയ്ക്കപ്പെടുന്നു. സ്വരപ്രസ്താരങ്ങൾ
ആനന്ദകാരകം തന്നെ. സ്വരങ്ങൾക്കനുസരിച്ച്
അക്ഷരങ്ങൾ കൊണ്ടു നിരത്തുക എന്നതിൽപ്പരം അക്ഷരങ്ങൾക്ക് അപൂർവ്വ തെളിമ
വരുത്തിത്തീർക്കുന്ന സംവിധാനമാണ് ത്യാഗരാജർ സ്വീകരിച്ചിരിക്കുന്നത്. കൃതികൾ പൊതുവേ
മാതു (സാഹിത്യം) വിനേക്കാൾ ധാതു (സ്വരം) വിനു പ്രാധാന്യം നൽകുന്നതാണെങ്കിലും ഇവിടെ
രണ്ടും തുല്യത നേടുകയോ മാതു തെല്ലെങ്കിലും
പ്രകാശമാനമാകുകയോ ചെയ്യുന്നുണ്ടെന്നുള്ളത്
ഒരോ തവണയും പാടിക്കേൾക്കുമ്പോൾ തെളിഞ്ഞു വരികയാണ്. അതുകൊണ്ട് സ്വരങ്ങൾ പാടുന്നതിനേക്കാൾ സാഹിത്യാലാപനത്തിനു മിഴിവും ഊർജ്ജവും
ലഭിയ്ക്കുന്നു. ഇപ്രകാരം ചിട്ടസ്വരം എന്ന നിർവ്വചനത്തിൽ നിന്നും വഴുതിമാറുകയാണ് ഈ
ചരണങ്ങൾ. ഇതേ കാരണം കൊണ്ട് തന്നെ ഉപകരണങ്ങളാൽ
ആലപിക്കപ്പെട്ടാൽ ഈ കൃതിയുടെ ആത്മാവ്
നഷ്ടപ്പെട്ടു പോവും എന്ന സ്ഥിതി വിശേഷം ഉൾത്തിരിയുന്നുമുണ്ട്. അക്ഷരങ്ങളും വാക്കുകളും സ്വയമേ താളം സൃഷ്ടിയ്ക്കുക എന്ന വിദ്യ ത്യാഗരാജർക്ക് കുട്ടിക്കളി ആണെങ്കിലും ജഗദാനന്ദകാരകയിലെപ്പോലെ കൃത്യതയും സാരസ്യവും
ഈ അധിക ആവരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മറ്റു കൃതികളിൽ
കണ്ടെന്നു വരില്ല.. താളവാദ്യസഹായമില്ലാതെയുള്ള ആന്തരികമായ താളം ഈ അക്ഷരക്രമങ്ങളാണ്
പരിപാലിയ്ക്കുന്നത്.
പഞ്ചരത്നകൃതികളിലെ
ഗീതാത്മകസാഹിത്യം (ലിറിക്സ്) ത്യാഗരാജർ ചില വെല്ലുവിളികൾ ഏറ്റെടുത്ത് നിർമ്മിച്ചെടുത്തതാണെന്നാണു
കഥ. ജ്ഗദാനന്ദകാരകായിലാവട്ടെ നിരവധി വിശേഷണങ്ങൾ മാത്രമല്ല കഥകളും ഉപകഥകളും
സബ് റ്റെക്സ്റ്റിങ് (subtexting)ഉം
സങ്കീർണ്ണമാക്കിയതാണിത്. കൂടാതെ ദാർശനികമായ ഉല്ലേഖങ്ങളും ആഴത്തിലുള്ള വ്യവച്ചേദമോ അവ്യയമോ ആവശ്യപ്പെടുന്ന
പദസങ്കേതങ്ങളും –ഓംകാരപഞ്ജരകീര പോലത്ത-
ക്ലിഷ്ടവും എന്നാൽ അർത്ഥസമ്പന്നവുമായ പ്രയോഗങ്ങളും അതിസമ്മർദത്തോടെ
അടുക്കെക്കെട്ടി വച്ച് അന്വേഷണബുദ്ധികൾക്ക്
മൃഷ്ടാന്നം വിളമ്പിയിരിക്കുയാണ് ത്യാഗരാജർ**.
ഒഴുകുന്ന
പുഴയൊ കയറുകയും ഇറങ്ങുകയും ചെയ്യുന്ന നടകളോ വെള്ളച്ചാട്ടമോ കുന്നിൻ ചെരിവിലെ ഓടിയിറങ്ങലോ ഒക്കെയാണ് ഓരൊ
ചരണങ്ങളും സൃഷ്ടിച്ചെടുക്കുന്ന ത്രിമാന ഗതികൾ. സ്വരങ്ങൾ കൊണ്ടുള്ള വ്യവഹാരങ്ങളാൽ മാത്രമല്ല,
അക്ഷരങ്ങളും വാക്കുകളും യതിയുടെ ഉപയോഗവും കൊണ്ട് വാഗ്ഗേയകാരൻ ചെയ്തിരിക്കുന്ന വേലത്തരങ്ങൾ ഉദാത്തമാണ്.
“ഇന്ദ്രനീലമണി-സന്നിഭാപഘന-ചന്ദ്രസൂര്യനയ-.....” എന്നിങ്ങനെ പോകുന്ന മൂന്നാം ചരണം
ത്രിമാനസഞ്ചാരത്തിനു ഉദാഹരണമാണ്. മൂന്നാം അക്ഷരം നീട്ടിയെടുത്ത് അപാരമായ
പ്രാസഭംഗിയാണ് പാടുമ്പോൾ സൃഷ്ടിയ്ക്കപ്പെടുന്നത്. പിന്നീട് പാടിയെടുക്കുന്ന
ഖണ്ഡത്തിന്റെ ആദ്യാക്ഷരം നീട്ടുകയാണ്.
“നാപ്രമേയവാ-ഗീന്ദ്രജനകസക-ലേശുശുഭ്രനാ-ഗേന്ദ്രശയനശമ.........’ എന്നിങ്ങനെ. എന്നാൽ
ആറക്ഷരങ്ങൾ തന്നെ ഖണ്ഡങ്ങൾ ചമയ്ക്കുന്ന (9-)o ചരണം) ‘പുരാണപുരുഷ നൃ വരാത്മജാശ്രിത‘ മറ്റൊരു പരിമാണമാനത്തിലാണ്.
രണ്ടാം അക്ഷരമാണ് ഇവിടെ നീട്ടിയെടുക്കുന്നത്.രണ്ടാം ചരണത്തിലും ആറക്ഷരങ്ങൾ വീതം
മുറിച്ചെടുക്കുകയാനണെങ്കിലും വരിവരിയായി വരുന്ന മാലപോലെയാണ് സമസ്തപദങ്ങൾ. നിഗമനീരജാ-
മൃതജപോഷകാ-നിമിഷവൈരിവാ-രിദസമീരണാ..എന്നിങ്ങനെയാണ് വിഘടനം. ‘ഇന്ദ്രനീലമണി… പോലെ ആറക്ഷരങ്ങളുടെ
ആവർത്തനമാണ് ഇതെങ്കിലും ആറാം അക്ഷരമാണ് നീട്ടിയെടുക്കുന്നത്. നിമിഷ വൈരിവാ-രിദസമീരണാ
മദ്ധ്യസ്ഥായിയാണെങ്കിൽ പിന്നെ വരുന്ന “ഖഗതുരംഗസത്’ മുകളിലാണ്- ഉടൻ ഒരു ഇറക്കമാണു താനും-‘കവിഹൃദാലയ’ യിൽ.
ഇന്ദ്രനീലമണി..’യുടെ സ്വരങ്ങളായ പാനിപാനിപമ മാപമാപമരി
ഗാമഗാമരിസ ...ആവർത്തിക്കുമ്പോൾ ആദ്യത്തെ സ്വരം രണ്ടെണ്ണം കൂടെ കൂട്ടി (സ്ഫുരിതം എന്ന ഗമകം)ചടുലമാക്കാറുണ്ട്.
ഇങ്ങനെ:
പപനിപപനിപമ മമപമമപമരി
ഗഗമഗഗമരിസ....എന്ന്.
ഗാമഗാമരിസ ...ആവർത്തിക്കുമ്പോൾ ആദ്യത്തെ സ്വരം രണ്ടെണ്ണം കൂടെ കൂട്ടി (സ്ഫുരിതം എന്ന ഗമകം)ചടുലമാക്കാറുണ്ട്.
ഇങ്ങനെ:
പപനിപപനിപമ മമപമമപമരി
ഗഗമഗഗമരിസ....എന്ന്.
ഒന്നാം ചരണത്തിലെ ‘മാവരാജരാപ്തശുഭകരാ,,‘ എന്നുള്ളത് ആ “ര”യ്ക്ക് കടുപ്പംകൊടുക്കാൻ വേണ്ടി “വരാ---ജരാ………കരാ-“എന്നാക്കിയിരിക്കുന്നു. അതുപോലെ അഞ്ചാം ചരണത്തിൽ “മദഹരാനുരാഗരാഗരാജിത കഥാസാരഹിത” യിലെ “ര’ യ്ക്കും തൂക്കം കൂട്ടിയിട്ടുണ്ട്. “ഹരാ-നുരാ-ഗരാ-ഗരാ....” എന്നു പാടാനുള്ള വിദ്യയാണ് ചിട്ടപ്പെടുത്തി വച്ചിരിക്കുന്നത്. (മദഹര അനുരാഗ രാഗരാജിത എന്നാണ് വാക്കുകളുടെ നിഷ്പ്പത്തി) ഒൻപതാം ചരണത്തിലാണ് ഇത് വിശേഷപ്രാപ്തിയിലെത്തിയ്ക്കുന്നത്. “ര‘’ ദീർഘാക്ഷരമാക്കിയുള്ള പ്രയോഗങ്ങൾ കൊണ്ടുള്ള അമ്മാനമാട്ടം തന്നെ. ആറക്ഷരങ്ങൾ തിരിച്ചും മറിച്ചും ഓടിപ്പിച്ചും നടകൾ കയറിയിറങ്ങുകയാണ്. രാ എന്ന ദീർഘാക്ഷരത്തോട് ത്യാഗരാജർക്ക് പ്രത്യേകം പ്രതിപത്തിയുണ്ടെന്ന് തോന്നുന്നു. പുരാണ പുരുഷനൃവരാത്മജാശ്രിത പരാധീനകര വിരാധരാവണാവിരാവണാനഘ പരാശരമതോ ഹരാവികൃത ത്യഗരാജ സന്നുത….എന്നീവണ്ണം. പാടുമ്പോൾ ‘ര’ എന്ന അക്ഷരം തന്നെയാണ് പ്രാധാന്യം പിടിച്ചു പറ്റുന്നത്. കൃത്യമായി താളത്തിന്റെ അടികൾ ഈ ‘ര’ യിൽ തന്നെ വന്നു വീ ഴുന്നു എന്നത് സുന്ദരം തന്നെ. ഇതേപടി “ന്ദ“ പരിചരിക്കപ്പെടുന്നുണ്ട് ഒന്നാം ചരണത്തിൽ. സുന്ദരതര വദനസുധാമയ കഴിഞ്ഞ് “ വചോബൃന്ദ ഗോവിന്ദ സാനന്ദ എന്നതിൽ ‘ന്ദ’ യ്ക്ക് ഊർജ്ജം കൊടുത്ത് യമകഭംഗി വിളക്കിത്തെളിച്ചിരിക്കുന്നു.
സ്വരങ്ങൾ നീട്ടാതെ കൃത്യമായ ending കൊടുക്കുന്ന വിദ്യയാണ് അഞ്ചാം ചരണത്തിലെ “സൃഷ്ടിസ്ഥിത്യന്ത..” എന്ന ഭാഗത്ത്. വെസ്റ്റേൺ രീതിയിലെ staccato പ്രയോഗവുമായി ഇതിനെ താരതമ്യം ചെയ്യാം. “സ പ മ രി’ എന്ന ഇതേ സ്വരക്കൂട്ടം ഉടൻ മാറ്റിയെടുക്കുകയാണ് “പാ’ ദീർഘിപ്പിച്ച് “സപാമരി (കാരകാമിത എന്ന സാഹിത്യം) എന്നാക്കി. നാലാം ചരണത്തിൽ ഇതുപോലെ ആവർത്തിക്കുന്ന സ്വരങ്ങൾക്കിടയിൽ ഗമകവിശേഷമായി ഒരു സ്വരം കയറ്റി വിദ്യ കാണിച്ചിട്ടുണ്ട്.
പനിപമപനി പിന്നെ ‘പമനിപമപനി’ എന്ന്. ഒരു മ തൊടുത്തു കൂട്ടി! “പാദവിജിതമൌ- കഴിഞ്ഞ് “-നിശാപസവപരി’ വ്യത്യസ്തമാാകുന്നു ഇങ്ങനെ. ഇതേ ചരണത്തിലെ “സരോജ ഭവ വര ദാ” യിലെ “ദാ” (രീ സ്വരം) മേത്സ്ഥായിയിലാക്കി ഒന്നു നിറുത്തിയിട്ടുപോകുന്നത് (യതി എന്നു വേണമെങ്കിൽ പറയാം) അതിമനോഹരം. ഈ അക്ഷരങ്ങളിലൊക്കെ കൊണ്ടെ തൊടുക്കുന്ന മൃദംഗ ബീറ്റുകൾ അപാരമായ കേൾവി സുഖമാണ് ഉണർത്തുന്നത്.
വാക്കുകൾ വ്യത്യസ്ത അർത്ഥങ്ങളിൽ നിരത്തുക എന്നതും കൂട്ടക്ഷരനിയോഗങ്ങളാൽ ഒരേപോലെത്ത വാക്കുകൾ സൃഷ്ടിച്ചെടുക്കുക എന്നതും ഒരു വിനോദമാണ് മഹാനുഭാവന്. ‘രാവണ വിരാവണാനഘ‘ എന്നതിൽ ‘രാവണ’ എന്നത് ആവർത്തിച്ചിരിക്കുന്നു, രണ്ടാമത്തേത് രാവണനെ സംബന്ധിച്ചല്ലെങ്കിലും. എന്നാൽ അക്ഷരങ്ങളെ ദീർഘിപ്പിച്ച് ചില കളികൾ ഏഴാം ചരണത്തിലുണ്ട്. ജനകാന്തക കലാധര കലാധരാപ്ത എന്ന ഭാഗത്ത്. ഇവിടെ ആദ്യത്തെ കലാധര കലകളുടെ ആധാരം എന്നും രണ്ടാമത്തേത് ശിവസൂചക (ചന്ദ്രക്കല ധരിക്കുന്നവൻ)വും ആണ്. അഞ്ചാം ചരണത്തിൽ ‘സൃഷ്ടിസ്ഥിത്യന്തകാരകാമിത കാമിതഫല ‘ എന്ന ഭാഗത്ത് ‘കാമിത’ എന്ന് അടുത്തടുത്ത് വരുന്നുണ്ട് ആദ്യത്തേത് കാരകാ-അമിത എന്നും രണ്ടാമത്തേത് കാമിത എന്നുമാണ്. എട്ടാം ചരണത്തിൽ മറ്റൊരു യമകപ്രയോഗമുണ്ട്. കരധൃതശരജാലാസുര മദാപഹരണാവനീസുര സുരാവന എന്നതിൽ സുരാ എന്ന് ആവർത്തിക്കുന്നത് മൂന്നു വ്യതസ്ത സന്ദർഭസംബന്ധിയായാണ്. ജാല-അസുര മദാഹരണ, അവനീസുര, സുര അവന എന്നഇങ്ങനെ അന്വയം. ആദ്യചരണത്തിലും ‘സുര സുര’ എന്ന് അടുത്തടുത്തു വരാൻ വേണ്ടി കൽപ്പകവൃക്ഷത്തിനു “സുരഭൂജ” എന്ന അപൂർവ്വ വാക്ക് കണ്ടുപിടിച്ച് കൊണ്ടുവന്നിട്ടുണ്ട്.
ഉയർച്ച, താഴ്ച്ച- സൂര്യനിൽ നിന്നു സമുദ്രാടിത്തട്ടിലേക്ക്
കീഴ് (മന്ദ്ര) സ്ഥായിയിലോ മദ്ധ്യസ്ഥായിയിലോ തുടങ്ങി
നടുക്കു വച്ചൊ അവസാനമോ സ്ഥയി മുകളിൽ എത്തിയ്ക്കുന്ന വിധത്തിലാണ് ഇതിലെ ചരണങ്ങൾ
ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളത്. താരഷഡ്ജം (മേൽ സ്ഥായിയിലുള്ള ‘സ’) ആണ് പലപ്പോഴും
ഉപസ്ഥിതം. രി യുടെ മേൽ സ്ഥായിയും ചുരുക്കമായി വന്നു കൂടുന്നുണ്ട്. ഉദാഹരണത്തിനു നാലാം ചരണം പാദവിജിതമൌനിശാപ…..യുടെ
അവസാനം സരോജഭവ വരദാ യിലാണ്
മേത്സ്ഥായി വരുന്നത്. മൂന്നാം ചരണം ഇന്ദ്രനീലമണി… യിൽ’ജനകസകലേശ‘ മാത്രമാണ് മേൽ സ്ഥായിയിൽ. (സ്ഥായി വിന്യാസങ്ങൾ
സൂചിപ്പിക്കാൻ അതാത് ചരണങ്ങൾക്ക് നേരേ
___/\___ ഓ ---v—
ചിഹ്നങ്ങൾ കൊടുത്തിട്ടുണ്ട്. കീഴ്
സ്ഥായി (മന്ദ്രസ്ഥായി) സൂചിപ്പിക്കാൻ ---v----
എന്ന ചിഹ്നവും മദ്ധ്യസ്ഥായിയിൽ തുടങ്ങി ഇടയ്ക്കോ അവസാനമോ മേത്സ്ഥായി സൂചകമായി
_____/\______/\__ എന്ന
ചിഹ്നവും. ഓരോ ചരണവും തമ്മിൽ താരതമ്യത്തിനു ഈ ചിഹ്നങ്ങൾ സഹായിച്ചേക്കും.) കീഴ്സ്ഥായിൽ തുടങ്ങുന്നത് ആദ്യത്തെ ചരണവും (‘അമരതാരകാ’
എന്ന ഭാഗം) ആറാമത്തെ ചരണവും (സജ്ജനമാനസ) മാത്രമാണ്. എട്ടാമത്തെ ചരണത്തിലും നാലു സ്വരം കഴിഞ്ഞിട്ട് ‘നി, പ’ എന്നിവ
കീഴ്സ്ഥായിയിലാണ് (കരധൃ തശരജാല). എന്നാൽ ഈ ചരണം നടുക്കു വച്ച് ഉച്ചസ്ഥായിയിൽ ആകുന്നു.
സുന്ദരതരവദനായിലെ സുന്ദ എന്ന ഭാഗത്ത്. പിന്നീട് വരാജരാപ്ത
യിലെ ‘ജരാ‘ യും. ആറാം ചരണത്തിലെ സജ്ജനമാനസ യിലെ ‘ജന’ കീഴ്
സ്ഥായിയിലാണ്. ഈ രണ്ട് ചരണങ്ങളിലും കീഴ് സ്ഥായി സ്വരം കഴിഞ്ഞ് 32 ഓ 33ഓ സ്വരം
കഴിഞ്ഞാണ് മേത്സ്ഥായി സ്വരം വരുന്നത് എന്നത് വിചിത്രമാണ്. ത്യാഗരാജർ ഇത്ര
കൃത്യമായി കണക്കു കൂട്ടിയിരുന്നോ എന്നതിൽ സംശയം വേണ്ട. പൊതുവേ തുടക്കത്തിൽ നിന്ന്
292929 29ഓ 30ഓ സ്വരങ്ങൾ കഴിഞ്ഞാണ് മേൽ സ്ഥായി സ്വരം വരുന്നത് എന്നതും അദ്ദേഹത്തിന്റെ
കൃത്യതയുടെ ഭാഗമായിരിക്കാം. ( നാലാം ചരണം
പാദവിജിത.. അപവാദം. 38 ആമത്തെ സ്വരമാണ് താരസ്ഥായി).
എന്നാൽ “ഓങ്കാര
പഞ്ജര” എന്നതുമാത്രം മേൽ സ്ഥായിയിലാണു തുടങ്ങുന്നത്, ധാരാളം മേൽ സ്ഥായി സ്വരങ്ങളും
പിന്നീട് വരുന്നുണ്ട് ഇതിൽ. ഭക്തിലഹരിപാരമ്യ ത്തിൽ ശ്രീരാമനെ ഓംകാരപ്പൊരുളായും
(ഓംകാരമെന്ന കൂട്ടിൽ വസിക്കുന്ന തത്തയാണ് ശ്രീരാമൻ എന്ന്) ബ്രഹ്മാ-വിഷ്ണു-മഹേശന്മാരുടെ
എല്ലാം സമൂർത്തരൂപവും വേദസാരവുമായി പ്രഖ്യാപിക്കുമ്പോൾ ഉച്ചസ്ഥായിൽ തന്നെ ആവട്ടെ എന്ന് വാഗ്ഗേയകാരൻ
കരുതിക്കാണണം. ഇത്ര പ്രകടവും രൂക്ഷവും നിശിതവും ആയ പ്രഖ്യാപനം ത്യാഗരാജരുടെ മറ്റു കൃതികളിൽ
പ്രത്യക്ഷപ്പെടുന്നില്ല എന്നതിനാൽ ജഗദാനന്ദകാരകാ യുടെ സംതോലകശില ഈ ചരണം ആയിരിക്കണം. അപ്പുറത്തും
ഇപ്പുറത്തും ഉള്ള ചരണങ്ങൾ, പ്രത്യേകിച്ചും കീഴ്സ്ഥായിയിൽ തുടങ്ങുന്ന
‘സജ്ജനമാനസ” (ചരണം 6) ഒരു വശത്തും ‘കരധൃതശരജാല”
(ചരണം 8) അപ്പുറത്തും ഈ ചരണത്തിന്റെ ഔന്നത്യം കൂട്ടുകയാണ്. ഈ മൂന്നു ചരണങ്ങളും കൂടി ആകപ്പാടെ ഒരു ശിൽപ്പമെന്നനിലയ്ക്ക് ഒരു bell
shaped curve വരുത്തിത്തീർക്കുകയാണ്.
മേത്സ്ഥായിയിൽ
നിന്നും കീഴ്സ്ഥായിലേക്കുള്ള നിപാതത്തിനിടയിലാണ് ഈ പത്തു ചരണങ്ങളും
ഒരുക്കിയിരിക്കുന്നത് എന്നൊരു നിരീക്ഷണം ഇവിടെ സംഗതമാണ്. ഗഗനാധിപ (അനുപല്ലവി) മുതൽ അഗണിതഗുണ കനക്ചേല (പത്താം ചരണം) വരെ. ഗഗനാധിപ (സൂര്യൻ) കുലജാതനെ പ്രകീർത്തിക്കുമ്പോൾ
ഔന്നത്യസൂചകമായി മേത്സ്ഥായി സ (താരഷഡ്ജം) ‘ഗഗനാ’ യുടെ ‘നാ‘ യ്ക്ക്
വച്ചുകൊടുത്തിട്ടുണ്ട്. ആവർത്തിക്കുന്ന
സംഗതിപ്രയോഗത്തിൽ ഇത് താരരിഷഭവും
ഉൾപ്പെടുത്തി (സരിസ സരിസ) ദൃഢീകരിക്കപ്പെടുത്തിയിട്ടുണ്ട്. അവസാനത്തെ ചരണമായ ‘അഗണിതഗുണ’ ത്തിലാകട്ടെ നേർ
വിപരീതമാണ് സ്ഥായിപ്രയോഗം. ‘കലശനീരനിധിജാരമണാ ‘ (പാൽക്കടൽ നിധിയിൽ നിന്നും
ഉളവായവളുടെ-ലക്ഷ്മിയുടെ- രമണൻ) എന്ന സമസ്തപദവിശേഷണത്തിൽ കീഴ്സ്ഥായി സ്വരങ്ങൾ നിബന്ധിച്ചിരിക്കുന്നു.
സമുദ്രത്തിന്റെ ആഴദ്യോതകമായിട്ടാണ് ഈ താഴേയ്ക്കുള്ള പതനം. ഈ ചരണത്തിന്റെ
തുടക്കത്തിൽ ‘പ‘ യുടെ ആവർത്തിച്ചുള്ള പ്രയോഗം സമനിരപ്പിനെ ദ്യോതിപ്പിന്നുണ്ട്, ഒരേ
സ്വരം തന്നെ ആവർത്തിക്കപ്പെടുമ്പോഴുള്ള ഏകതാനതകൊണ്ട്. മറ്റു ചരണങ്ങളിൽ നിന്നും തികച്ചും
വ്യത്യസ്തമായി മേത്സ്ഥായി പ്രയോഗത്തെ അവസാന വാക്കിലേക്ക് മാത്രമായി
നീക്കിയിട്ടുമുണ്ട് ഈ അവസാന ചരണത്തിൽ.
സ്വരവും സാഹിത്യവും
സ്വരവും
സാഹിത്യവും ഒന്നോടൊന്ന് ലയിച്ചു
ചേർന്നിരിക്കയാണ് ഇപ്രകാരം. സ്വരാക്ഷരപ്രയോഗങ്ങൾ
ഇല്ലെങ്കിൽ ത്തന്നെയും. യമകഭംഗിയോടെ ആവർത്തിച്ചു വരുന്ന ഒരു അക്ഷരത്തിനു ഒരു സ്വരം
തന്നെ നിജപ്പെടുത്തുക എന്ന ട്രിക്കും ചയ്തു വച്ചിട്ടുണ്ട് ചിലയിടത്ത്. ആറാം
ചരണത്തിൽ ലാളിത ചരണാവഗുണാസുര ഗണ
മദ ഹരണ സനാതനാജനുത എന്ന ഭാഗത്തെ “ണ” എല്ലാം (‘സനാതനാ‘ യിലെ നാ ഉൾപ്പടെ) ‘പ’ എന്ന സ്വരത്തിലാണ്. ശാന്തിദ്യോതകമാവട്ടെ എന്നു കരുതിയായിരിക്കും ‘പരമശാന്തി’ യിലെ’പ’ മന്ദ്രസ്ഥായിലായതും. ഗരുഡൻ മേത്സ്ഥായിയിൽ ഉയരെ പറക്കുകയാണ്. (ഖഗതുരംഗ..രണ്ടാം ചരണം) സൌന്ദര്യം സൂചിപ്പിക്കുന്ന വാക്കുകൾ താരസ്ഥായിയിലാണെന്ന വിശേഷവും ഉണ്ട്. (മനോരമണ, മദഹരണ,, സുന്ദരതര). ചരണം അവസാനിയ്ക്കുമ്പോൾ ‘നിപമരിസ (സ) രിഗമ’ എന്ന സ്വരസഞ്ചയത്തിന്റെ വിവിധ പാഠാന്തങ്ങൾ നിബന്ധിക്കാനും നിഷ്കർഷയുണ്ട് ത്യാഗരാജർക്ക്. ആറുചരണങ്ങൾക്ക് ഈ സവിശേഷതയുണ്ട്. ശുഭകരാ, (വാ)നരാധിപാ, (ശ)മനവൈരി, ത്യാഗരാജ-മൂന്നിടത്ത് (ചരണം 8, 9, 10) എന്നിവയൊക്കെ. വ്യത്യസ്ത മാത്രാഭേദങ്ങളോ സ്ഥായികളോ കലർത്തിയാണിവ പ്രത്യക്ഷപ്പെടുന്നത്.
മദ ഹരണ സനാതനാജനുത എന്ന ഭാഗത്തെ “ണ” എല്ലാം (‘സനാതനാ‘ യിലെ നാ ഉൾപ്പടെ) ‘പ’ എന്ന സ്വരത്തിലാണ്. ശാന്തിദ്യോതകമാവട്ടെ എന്നു കരുതിയായിരിക്കും ‘പരമശാന്തി’ യിലെ’പ’ മന്ദ്രസ്ഥായിലായതും. ഗരുഡൻ മേത്സ്ഥായിയിൽ ഉയരെ പറക്കുകയാണ്. (ഖഗതുരംഗ..രണ്ടാം ചരണം) സൌന്ദര്യം സൂചിപ്പിക്കുന്ന വാക്കുകൾ താരസ്ഥായിയിലാണെന്ന വിശേഷവും ഉണ്ട്. (മനോരമണ, മദഹരണ,, സുന്ദരതര). ചരണം അവസാനിയ്ക്കുമ്പോൾ ‘നിപമരിസ (സ) രിഗമ’ എന്ന സ്വരസഞ്ചയത്തിന്റെ വിവിധ പാഠാന്തങ്ങൾ നിബന്ധിക്കാനും നിഷ്കർഷയുണ്ട് ത്യാഗരാജർക്ക്. ആറുചരണങ്ങൾക്ക് ഈ സവിശേഷതയുണ്ട്. ശുഭകരാ, (വാ)നരാധിപാ, (ശ)മനവൈരി, ത്യാഗരാജ-മൂന്നിടത്ത് (ചരണം 8, 9, 10) എന്നിവയൊക്കെ. വ്യത്യസ്ത മാത്രാഭേദങ്ങളോ സ്ഥായികളോ കലർത്തിയാണിവ പ്രത്യക്ഷപ്പെടുന്നത്.
നാട്ടയുടെ ആരോഹണസ്വരത്തിലെ ധൈവതം (ധ) വർജ്ജിച്ചിരിക്കയാണ് ഈ
രാഗത്തിന്റെ പ്രത്യക്ഷോദാഹരണമായി വാഴ്ത്തപ്പെടാറുള്ള
ജഗദാനന്ദകാരകായിൽ. ഇതേ രാഗത്തിലുള്ള നിന്നെ ഭജനസേയുവിലും ത്യ്യഗരാജർ ഈ
വിദ്യ പ്രയോഗിച്ചിട്ടുണ്ട്. രാഗഛായാസ്വരങ്ങളായ രി, മ, നി എന്നിവ ലോഭമന്യേ
പ്രയോഗിച്ചതിനു പുറമേ പ യും ധാരാളമായുണ്ട്. ‘നിപമരി‘’ ഇഷ്ട ഫ്രേയ്സ്
ആണ്. രണ്ട് നിപമരി യ്ക്ക് ഇടയ്ക്ക് ഒരു താരഷഡ്ജം പ്രയോഗിച്ച് ആവർത്തനവിരസത
ഒഴിവാക്കുന്നുണ്ട് ‘സൃഷ്ടിസ്ഥിത്യന്ത..’
ചരണത്തിൽ. ഗ തീരെ കുറവ്. ചരണങ്ങളെല്ലാം
‘സ’ യിലോ ‘പ’ യിലോ മാത്രം തുടങ്ങുന്നവയാണെന്ന പ്രത്യേകതയുണ്ട് എന്നു മാത്രമല്ല
എല്ലാ ചരണങ്ങളും ‘മ’ യിലാണ് അവസാനിക്കുന്നത്. എല്ലാ പഞ്ചരത്നകൃതികൾക്കും ത്യാഗരാജർ
അനുഷ്ഠിയ്ക്കുന്ന ഒരു ചര്യയാണ് ഒരേ സ്വരത്തിൽ ചരണങ്ങൾ അവസാനിപ്പിക്കുക എന്നത്.
‘എന്തരോ
മഹാനുഭാവലു’ യിലെ ചരണങ്ങൾക്ക് കുളിർമ്മയാണുള്ളതെങ്കിൽ ‘ജഗദാനന്ദ
കാരക’ യിലെ ചരണങ്ങൾക്ക് ചടുലതയും ഗാംഭീര്യവുമാണുള്ളത്. മനോഹാരിത തെല്ലും
വിട്ടുകളയാതെയുള്ള നിബന്ധന.
ജഗദാനന്ദകാരകാ
പല്ലവി
ജഗദാനന്ദകാരകാ
ജയജാനകീപ്രാണനായകാ
അനുപല്ലവി
ഗഗനാധിപ സത് കുലജരാജരാജേശ്വര
സുഗുണാകര സുരസേവ്യ ഭവ്യദായകാ
സദാ സകല
ചരണം 1
അമരതാരകനിചയ കുമുദഹിത പരിപൂർണ്ണാനഘ സുര സുരഭൂജ
ദധിപയോധിവാസഹരണ സുന്ദരതരവദന
സുധാമയ വചോ ബൃന്ദ ഗോവിന്ദ സാനന്ദ മാവരാജരാപ്ത v-v----------/\------/\---
ശുഭകരാനേക (ജഗ…)
ചരണം 2
നിഗമനീരജാമൃതജ പോഷകാ-
നിമിഷവൈരിവാരിദ സമീരണ
ഖഗതുരംഗ സത് കവിഹൃദാലയാ- -----v-------------/\--------/\---
ഗണിത വാനരാധിപ നതാംഘ്രിയുഗ
ചരണം 3
ഇന്ദ്രനീലമണി സന്നിഭാപഘന
ചന്ദ്രസൂര്യ നയനാപ്രമേയ വാ-
ഗീന്ദ്രജനക സകലേശ ശുഭ്ര നാ- ____________/\/\______
ഗേന്ദ്ര ശയന ശമന വൈരി സന്നുത
ഇന്ദ്രനീലമണി സന്നിഭാപഘന
ചന്ദ്രസൂര്യ നയനാപ്രമേയ വാ-
ഗീന്ദ്രജനക സകലേശ ശുഭ്ര നാ- ____________/\/\______
ഗേന്ദ്ര ശയന ശമന വൈരി സന്നുത
ചരണം 4
പാദവിജിത മൌനി ശാപ സവ
പരിപാല വരമന്ത്ര ഗ്രഹണ ലോല
പരമശാന്ത ചിത്ത ജനകജാധിപ _----------v---------/\--/\----
സരോജഭവ വരദാഖില
ചരണം 5
സൃഷ്ടി സ്ഥിത്യന്തകാരകാമിത
കാമിത ഫലദാസമാന ഗാത്ര
ശചീപതിനുതാബ്ധി മദ ഹരാനുരാഗ ___________/\_/\____
രാഗരാജിത കഥാസാര ഹിത
സൃഷ്ടി സ്ഥിത്യന്തകാരകാമിത
കാമിത ഫലദാസമാന ഗാത്ര
ശചീപതിനുതാബ്ധി മദ ഹരാനുരാഗ ___________/\_/\____
രാഗരാജിത കഥാസാര ഹിത
ചരണം 6
സജ്ജന മാനസാബ്ധി സുധാകര
കുസുമവിമാന സുരസാരിപു കരാബ്ജ
ലാളിത ചരണാവഗുണാസുരഗണ
മദഹരണ സനാതനാജനുത --v------------/\---/\----
ചരണം 7
ഓം കാര പഞ്ജരകീര പുരഹര
സരോജ ഭവ കേശവാദി രൂപ
വാസവരിപു ജനകാന്തക
കലാ-
ധര കലാധരാപ്ത ഘൃണാകര
ശരണാഗത ജനപാലന സുമനോ- /\__/\____/\_____/\____/\__
രമണ നിർവികാര നിഗമസാരതര
ധര കലാധരാപ്ത ഘൃണാകര
ശരണാഗത ജനപാലന സുമനോ- /\__/\____/\_____/\____/\__
രമണ നിർവികാര നിഗമസാരതര
ചരണം 8
കര ധൃത ശരജാല-അസുര
മദാപഹരണ അവനീസുര സുരാവന
കവീന ബിലജമൌനി കൃതചരിത്ര --v------------/\---------
സന്നുത ശ്രീ ത്യാഗരാജനുത
ചരണം 9
പുരാണ പുരുഷ നൃവരാത്മജാശ്രിത
പരാധീന ഖര വിരാധ രാവണ
വിരാവണാനഘ പരാശര മനോ- __________/\/\________
ഹരാവികൃത ത്യാഗരാജ സന്നുത
പുരാണ പുരുഷ നൃവരാത്മജാശ്രിത
പരാധീന ഖര വിരാധ രാവണ
വിരാവണാനഘ പരാശര മനോ- __________/\/\________
ഹരാവികൃത ത്യാഗരാജ സന്നുത
ചരണം 10
അഗണിത ഗുണ കനകചേല
സാല വിദളനാരുണാഭ സമാന
ചരണാപാര മഹിമാദ്ഭുത സുകവിജന
ഹൃദ്സദന സുരമുനിഗണ വിഹിത
കലശനീര നിധിജാരമണ പാപ ഗജ --------------------v------/\---
നൃസിംഹ വര ത്യാഗരാജാദിനുത
8 comments:
പ്രസിദ്ധ പഞ്ചരത്നകൃതി ജഗദാനന്ദകാരകാ യിലെ ചരണങ്ങളെപ്പറ്റി ഒരു വിശകലനം.
ഇന്ദ്രനീലമണി സന്നിഭാപഘന
ചന്ദ്രസൂര്യ നയനാപ്രമേയ വാഗീന്ദ്രജനക സകലേശ ശുഭ്ര നാഗേന്ദ്ര ശയന ശമന വൈരി സന്നുത....
പൊള്ളുന്ന വെയിലിലൂടെ മരുഭൂമിയിലൂടെ അലഞ്ഞുനടന്നിരുന്നപ്പോൾ അമൃതജലമായി ദാഹം തീർത്തിരുന്ന വരികൾ....
ഈ ചരണപ്രാശത്തിനു നന്ദി!
Very good evaluation ! I think such writings should be included in the syllabus of Kerala's music colleges.
സഃഗീതപാഠം
ഒരു കാര്യം കൂടി. നാട്ട വീരരസപ്രധാനമാണു. ദു കേട്ടാൽ അദ് മനസ്സിലാകും :)
സല്യൂട്ട്സ് !
One of my ever time favourite, and from the voice of Dr Balamurali krishna. thank u for the writing <3
പ്രിയപ്പെട്ട എതിരൻജീ .❣️❣️❣️
Post a Comment