Sunday, September 1, 2013

മരണത്തിലേക്കുള്ള പച്ചപ്പ് വഴികൾ-ഫ്രോഗ് സിനിമ കാണിച്ചു തരുന്നത്.



          നൂറുശതമാനവും മരണം ഉറപ്പാകുന്ന ആത്മഹത്യാമുനമ്പിലേക്കുള്ള വഴി ഹരിതാഭമാണ്. ജീവിതത്തിന്റെ പച്ചപ്പ് തന്നെ മരണത്തിന്റേയും. ഈ ഉഭയത്വം ആണ് ഫ്രോഗ് സിനിമയുടെ കാതൽ. കരയിലെ ജീവി ശ്വാസം മുട്ടി ചത്തുപോകുന്ന ജലാഗാധതയിൽ നിഷ്പ്രയാസം ജീവിയ്ക്കാൻ പറ്റുന്ന തവളയ്ക്ക് ഇതേപടി ജീവിതമരണ വാതാവരണത്തിൽ കൂടുവിട്ട് കൂടുമാറിക്കളിക്കാൻ പ്രയാസമില്ല. കഥയിൽ രണ്ടുപേരാണെങ്കിലും ഇവർ ഒന്നു തന്നെ. അത്യന്തം ക്ലിഷ്ടമായ മാനങ്ങളുള്ള , വേദാന്തികളുടെ പ്രിയമാനസനായ മരണത്തെ ജീവിതവും രതിയുമായി കൂട്ടിക്കെട്ടി കോഴിവിൽ‌പ്പനക്കാരന്റെ ഏതാനും മണിക്കൂറുകൾക്കുള്ളിലൊതുക്കുകയാണ് “ഫ്രോഗ്” ന്റെ സംവിധായകൻ.         

          മരിയ്ക്കാൻ പോകുന്നവനും ജീവിതം കൊണ്ടാടുന്നവനും തമ്മിലുള്ള യാദൃശ്ചിക സംഗമം മരണം/ജീവിതം എന്ന ദ്വന്ദത്തെ അപഗ്രഥിക്കാനുതകുന്ന വേളയായി എടുത്തിരിക്കുന്നതിലാണ് സംവിധായകന്റെ പാടവം തെളിയുന്നത്. ഈ കഥാപാത്രങ്ങൾക്ക് പേരുകൾ ഇല്ലാത്തതിനാൽ മരിയ്ക്കാൻ പോകുന്നവനെ  “എം” എന്നും ജീവിതാസക്തിയുള്ളവനെ “ജി” എന്നും തൽക്കാലം വിളിയ്ക്കാം. കോഴികളെ കച്ചവടം ചെയ്യുകയും യഥേഷ്ടം കശാപ്പുചെയ്യുകയും ചെയ്യുന്ന ജിയുടെ വാഹനത്തിൽ മരണത്തിന്റെ കോഴിച്ചോരയുണ്ട്.  മരിയ്ക്കാൻ പോകുന്നവർക്ക് പ്രത്യേക മണമുണ്ടെന്നും അവരെ അങ്ങ്നനെ തിരിച്ചറിയാം എന്നതും ‘ജി’യുടെ കഴിവു  മാത്രമല്ല കാഴ്ച്ചപ്പാടു കൂടിയാണ്.

          മരണത്തിലേയ്ക്കുള്ള കയറ്റം കയറാൻ വന്നവനാണു എം. എന്നാൽ പാതിവഴിയിൽ നിന്നുപോയവൻ, വഴിമുടങ്ങിപ്പോയവനാണവൻ. പല തവണ മരണത്തിലേക്കുള്ള വഴി നിശ്ചയദാർഢ്യത്തോടേ പിൻ തുടർന്നിട്ടും അവിടെ എത്താത്തവൻ. പക്ഷേ ഇത്തവണ ഗാരന്റി യുണ്ട് മരണത്തിനു. നൂറു ശതമാനവും ജീവിതത്തിന്റെ പച്ചപ്പിൽ അർമ്മാദിക്കുന്നവനായ ജിയ്ക്ക് മരണത്തെക്കുറിച്ച് ശരിയായ ധാരണയുണ്ട്. ഈ അർമ്മാദി തന്നെയാണ് നേർ വിപരീതത്തിനു വാഹനം നൽകുന്നത്. മരിയ്ക്കാൻ പോകുന്നവരുടെ മണത്തെക്കുറിച്ച് അയാൾക്ക് നല്ല തിട്ടമുണ്ടെന്നതിനാൽ ഇയാളും അതിനു തന്നെ പോകുന്നവനെന്ന് നിഗമനത്തിലെത്താൻ ഒരു നിമിഷം വേണ്ടി വരുന്നില്ല ജിയ്ക്ക്. എന്നാൽ ഈ രണ്ടു പേരും ഉഭയത്വത്തിന്റെ ഇരു ഭാഗങ്ങളാണ്, “ഫ്രോഗ്”തന്നെ.


ഓർഗാസം എന്ന മരണം

          സ്ഥലകാലങ്ങളാ‍യും ശാരീരികമായും ചുറ്റുപാടുമുള്ളവരാലും പ്രകൃതിയാലും  ബന്ധിതമായ നമുക്ക് ഒരു നിമിഷത്തേയ്ക്ക് അതിൽ നിന്നുള്ള വിടുതലാണ് രതിമൂർഛ അല്ലെങ്കിൽ ഓർഗാസം. ഫ്രെഞ്ച് ഫിലോസഫർ ബാറ്റെയ്ലിന്റെ ഭാഷയിൽ “തുടർച്ചയില്ലാ ജീവികൾ” (discontinuous beings) അല്ലെങ്കിൽ അവിച്ഛിഹ്നരൂപങ്ങളാണ് നമ്മൾ. ഇതിൽ നിന്നും ഒരു നിമിഷമെങ്കിൽ അത്രയും മാത്രം നിത്യതയ്ക്ക് കൊതിയ്ക്കുന്നവർ.  എല്ലാ ബാഹ്യകെട്ടുപാടുകളിൽ നിന്നും വിമുക്തി നേടുന്ന അവസരമാണ് സെക്സ്. മരണം പോലെ നിത്യതയിൽ ലയിക്കാനുള്ള അസുലഭാവസരം.  ബാറ്റെയ്ലിന്റെ വാദം ഓർഗസം നിത്യതയുടെ നിമിഷം തന്നെയെന്നാണ്. അക്രമത്തിന്റേയോ  പൊരുതലിന്റെ വിന്യാസങ്ങളുള്ള സെക്സ് ഓർഗാസത്തോടെ  മരിച്ചുവീഴലിന്റെ പ്രകൃതിയോടെ അവസാനിക്കുന്നു The temporary jolt of ordinary discontinuity in sex is analogous to the total ripping out of discontinuity death amounts to   എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ബാറ്റൈലിന്റെ സിദ്ധാന്തമനുസരിച്ച് സാഡിസം മനുഷ്യസഹജമാണ്, ഇത് രതിബോധവുമായി ബന്ധപ്പെട്ടുമിരിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ബാറ്റൈലിന്റെ ഗുരു സോദോമിന്റെ 120 ദിവസങ്ങൾ  (120 Days of Sodom)  എഴുതിയ സൈദ് (Sade) ആണ്. Murder is a branch of erotic activity, one of its extravagances”;  എന്നാണ് 1795 ഇൽ സെയ്ദ് എഴുതിയത്. സാർവ്വലൌകികമായ അക്രമാസ്കതിയ്ക്കു പിന്നിൽ രതിബോധം ഒളിഞ്ഞു കിടക്കുന്നു എന്നാണ് ബാറ്റൈൽ വാദിക്കുന്നത്. മൃത്യുവാഞ്ഛയും രതിവാഞ്ഛയും ഒന്നോടൊന്നു ചേർന്നു പോകുന്നവ തന്നെ. ഫ്രെഞ്ചിൽ ഓർഗാസത്തിനുള്ള വാക്ക് തന്നെ “ഒരു കുഞ്ഞു മരണം (‘la petite mort’ (‘the little death’) എന്നാണ്. രതിനിർവ്വേദം (രതിയ്ക്കുശേഷമുണ്ടാകുന്ന ഡിപ്രെഷൻ)  മരണത്തിന്റെ മുൻസൂചകസ്വാദാണ്. പദ്മരാജന്റെ രതിനിർവ്വേദവും മരണവും രതിയും തമ്മിലുള്ള സമ്യക് സമ്മേളനന്ത്തിന്റെ  കഥയാണല്ലോ. അത്രയ്ക്കൊന്നും പോകേണ്ട,  രതിസൂചകമായ സർപ്പത്തിനോട് ഹൃദന്തത്തിൽ കൊത്താനാവശ്യപ്പെട്ട് ഓർഗാസം കൊള്ളാൻ തുടിയ്ക്കുന്നത് നമ്മുടെ ശങ്കരക്കുറുപ്പ്   സാഗരഗീതത്തിൽ വൃത്തിയായി പാടിയിട്ടുണ്ട്. (“കൊത്തേറ്റാനന്ദമൂർഛാധീനം……..കത്തുകെന്നാത്മാവിങ്കൽ, കൊത്തുകെൻ ഹൃദന്തത്തിൽ”)

          ആത്മഹത്യാമുനമ്പിലെ രതി മരണവുമായി ബന്ധപ്പെട്ടാണ് നിർവ്വഹിക്കപ്പെടുന്നത്. നിത്യതയിലേക്ക് വിക്ഷേപിക്കപ്പെടുന്നത് രതിസുഖമനുഭവിച്ച ജി ആണ്. അയാൾ മരണം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. അയാൾ തന്നെ നിവർത്തിയ കത്തി സ്വന്തം ഹൃദയത്തിലേക്കു കയറ്റപ്പെടുകയേ വേണ്ടൂ.  ഉഭയത്വത്തിലെ ജീവിതം തത് ന്യായേന എം നു ലഭിയ്ക്കുകയും ചെയ്യുന്നു. കഥാപാത്രങ്ങൾക്കു സംഭവിക്കുന്ന തിരിമറി.  എം, ജിയായി മാറുകയാണിവിടെ..എന്തുകൊണ്ട് മരിക്കേണ്ട എന്ന് തീരുമാനിക്കുന്നു എം? അത് അയാൾ എടുത്ത തീരുമാനമല്ല. ഉഭയത്വത്തിന്റെ മറുപുറത്തിലേക്ക് സ്വയം ആവാഹിക്കപ്പെട്ടതാണ്. അവന്റെ മരണം  ജിയ്ക്ക് സമ്മാനിക്കപ്പെടുകയാണ്. സ്വവർഗ്ഗാനുരാഗി അല്ലാഞ്ഞിട്ടു കൂടി എം ഉമായുള്ള  രതി വഴി മരണം എന്ന ഓർഗാസത്തെ സഹജാവബോധത്തോടെയാണ് ജി പുൽകുന്നത്. രതി അതിന്റെ എല്ലാ തനിമയോടും കൂടി പ്രത്യക്ഷമാകുകയാണിവിടെ. രതിയുടെ പൂർണ്ണതയിൽ എം ശവമായി മാറിക്കഴിഞ്ഞെന്നുമാണ് ജി വിശ്വസിക്കുന്നത്. (‘വാടാ ശവമേ‘ എന്ന് ഡയലോഗ്). പെട്ടെന്നു സംഭവിച്ച ഈ തിരിമറി ഒരു അന്ധാളിപ്പു നൽകുന്നുണ്ട് ജിയ്ക്ക്. നീ ചാവുന്നില്ലെ എന്നു ചോദിക്കുന്ന ജി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്,  മരണം അയാളെ പുൽകിക്കഴിഞ്ഞു എന്ന് അറിയാതെ പോകുകയാണ്.. എം താഴെ ചാടിയാലേ ജിയ്ക്ക് ജീവിക്കാൻ പറ്റുകയുള്ളു എന്ന് അയാൾക്ക് മനസ്സിലാകുന്നുണ്ട്. അവസാനശ്വാസം വലിക്കാൻ നേരത്തും അയാൾ അതുകൊണ്ട്  ‘ചാട് താഴെപ്പോയി ചാട്“ എന്ന് എമിനോട് പറയുന്നത് എം ന്റെ ജീവിതം അയാൾക്ക് (ജിയ്ക്ക്) പിടിച്ചെടുക്കാൻ പറ്റുമെന്ന പ്രത്യാശയിലാ‍ാണ്.

കുന്നു കയറുന്ന മരണവും ജീവിതവും

          എം ഇന്റേയും ജിയുടേയും  സ്വത്വ രൂപമാണ് ഉഭയത്വമാർന്ന ഫ്രോഗ്.  തവള അതേപടിയും സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രതീകാത്മകതയ്ക്കും അപ്പുറത്ത് സാരൂപനായി. ഈ ഉഭയത്വത്തെ പിടിച്ചുള്ളിലാക്കിയ ജിയുടെ ജീവനഷ്ടത്തോടെ ഫ്രോഗ് വീണ്ടും സ്വതന്ത്രനാവുന്നുണ്ട്, ജീവിത-മരണ നൈരന്ത്യത്തിന്റെ ഉടലുണ്മയായി.  
ചാകാനും അർമ്മാദിക്കാനും ഉള്ള സ്ഥലം ഒന്നാണെന്നുള്ളതാണെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചെറുപ്രായകമിതാക്കളും അങ്ങോട്ടാണ് പുറപ്പെടുന്നത്. എന്നാൽ ജീവിതവും മരണവും തമ്മിലുള്ള കൂട്ടിക്കെട്ട് ജിയെക്കൊണ്ട് ‘ ഇത്തവണ നീ ചത്തിരിക്കും. ഞാൻ ഗ്യാരന്റി” എന്ന് പറയിപ്പിക്കുന്നുണ്ട്. അയാൾക്ക്  അത് പറയേണ്ടതുണ്ട്. അയാൾ തന്നെയാണ് മരണം പേറേണ്ടത് എന്ന അബോധജ്ഞാനം അയാളെക്കൊണ്ട് പറയിക്കുകയാണിത്. കാമനകളുടെ   കൂർമ്പൻ കൊടുമുടിയിലെ രതിമൂർഛ മൃത്യുവിന്റെ നിത്യത ഉടൻ സമ്മാനിച്ചലോ എന്ന ആശങ്കയായിരിക്കണം ജി ആയി മാറിയ എം ഇനെ “രാഗങ്ങളേ മോഹങ്ങളേ” എന്ന പാട്ട് ചൊടിപ്പിക്കുന്നതും അതിനെ നിരാകരിക്കാൻ പ്രേരിപ്പിക്കുന്നതും.

    ചലനങ്ങളുടെ ഫ്രെയ് മുകൾ  സിനിമയിലാകമാനം നിറച്ചിരിക്കുന്നത് ആകസ്മികമല്ലെന്നു തോന്നുന്നു.  മോടോർ ബൈക്കിന്റെ ചലനങ്ങളിലൂടെയാണ് കഥ മിക്കവാറും പറഞ്ഞുപോകുന്നത്.. ചലനമില്ലാതായ മറ്റൊരു മോടോർ സൈക്കിളാണ് കഥയ്ക്ക് വഴിത്തിരിവുണ്ടാക്കുന്നത്. ഈ പ്രയാണത്തിനിടയിൽ ഭാവി സൂചകമെന്ന പടി 360 ഡിഗ്രിയിൽ തിരിയുന്ന എംഇനേയും ജിയേയും പ്രത്യക്ഷപ്പെടുത്തുന്നുണ്ട്  മുകളിൽ നിന്നുള്ള ഒരു ഷോട്. ജീവിതമെന്നപോലെ മരണവും സുന്ദരമെന്ന സൂചന പോലെ ആത്മഹത്യാമുനമ്പും പർവ്വതപംക്തികളും മനോഹരമായിയാണ്  സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. മൂടൽമഞ്ഞ് സംഭാവന ചെയ്യുന്ന നിഗൂഢതയ്ക്കു പോലും അതിഭംഗിയാണുള്ളത്. ജിയെ കൂട്ടുപിടിയ്ക്കുന്ന എം ഇനു മരണം എന്നത് അതിലാഘവമാർന്നതും അഭിലഷണീയവും ആണെന്ന മട്ടിലുള്ള ജിയുടെ പെരുമാറ്റങ്ങളും സംഭാഷണങ്ങളുമാണ് സമ്മാനിക്കപ്പെടുന്നത്. ഇതിനു കൂട്ടു ചേരുന്നതാണ് പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന മരണവഴി. ആദ്യം എം ഇനെ ബൈക്കിൽ കയറ്റി ജി കുന്നു കയറുമ്പോൾ കാട്ടുചോലയുടെ ജലനിപാതം അതിമനോഹരമായി കാട്ടിത്തന്നുകൊണ്ടാണു സംവിധായകനും ക്യാമെറാക്കാരനും  നമ്മെ കൂടെക്കൊണ്ടുപോകുന്നത്.

          പലരുടേയും അത്യാസക്തികൾ തന്നെയാണ് മരണത്തിനു കാരണമാവുന്നതെന്നത് സാധാരണമാണ്.. ആനന്ദമൂർഛയിലേക്കുള്ള കയറ്റം അത് ജീവിതമകട്ടെ മരണമാകട്ടെ അതീവഭംഗിയാർന്നതായിരിക്കണം. ഈ ശുഭോദർക്കചിന്താപദ്ധതിയാണ് സിനിമയുടെ കാതൽ കടഞ്ഞുണ്ടാക്കുന്നത്.  ജിയുടെ ഫിലോസഫി തന്നെ ഋണാത്മകമല്ല. മരണം അനിവാര്യമാണ് ജീവികൾക്കെന്നിരിക്കെ  ജീവിതത്തിന്റെ ഹരിതാഭ ആസദിക്കുക തന്നെ പ്രായോഗിക ബുദ്ധി. ഈ അനിവാര്യത തന്നെ മരണത്തിന്റെ ഭംഗി. ഓർഗാസത്തിന്റെ നിത്യത അതിന്റെ ചാരുത വർദ്ധമാനമാക്കുന്നു.


          രതിയുടേയും മരണത്തിന്റേയും ദാർശനികപ്രതലങ്ങളും പരസ്പരപൂരിതബന്ധങ്ങളും ലാളിത്യബുദ്ധിയോടെ ആവാഹിയ്ക്കുന്നു എന്നതാണ് “ഫ്രോഗ്’ ന്റെ ദർശനനൈർമ്മല്യം.

10 comments:

എതിരന്‍ കതിരവന്‍ said...

സനൽ ശശിധരൻ സംവിധാനം ചെയ്ത “ഫ്രോഗ്” എന്ന ഷോർട് ഫിലിം കണ്ടപ്പോൾ തോന്നിയത്.

Sanal Kumar Sasidharan said...

ഒരു പുസ്തകം വെറും കടലാസുകെട്ടായി മാറാതിരിക്കുന്നത് ആരെങ്കിലുമൊക്കെ അത് വായിക്കുമ്പോഴും അതിൽ നിന്നും മറ്റൊരു ലോകം കണ്ടെത്തുമ്പോഴുമാണല്ലോ.. ഏതാനും വിഷ്വലുകളുടെ ഒരു വീഡിയോ ഒരു സിനിമയായി മാറുന്നതും അങ്ങനെ സംഭവിക്കുമ്പോൾ തന്നെ. നന്ദി മാഷെ ഈ വായനയ്ക്ക്/ എന്റെ ചിന്തകൾക്കുമപ്പുറത്തേക്ക് എന്നെ കൊണ്ടുപോയി കാട്ടിത്തന്നതിന്

Suraj said...

Quite a journey ! Thanks Ethiran ji!

സജീവ് കടവനാട് said...

ഇത്രയൊന്നുമുണ്ടായിരുന്നില്ല ഇരുപതുമിനിറ്റിന്റെ കുഞ്ഞു ഫ്രോഗ്‌. ഇരുപതിനായിരം മിനുറ്റിന്റെ ഈ വലിയ വായനക്കു നന്ദി.

ഇട്ടിമാളു അഗ്നിമിത്ര said...

ഒരിക്കൽ കണ്ടതാണ് ഫ്രോഗ്.. പക്ഷെ ഇത് വായിച്ച് കഴിഞ്ഞപൊ കണ്ടു കഴിഞ്ഞതിന്റെ മറ്റൊരു തലം .. നന്ദി ഈ വിവരണത്തിനു :)

Anonymous said...

Etiranji,Sanal ,

How do I get to see this short film. Is there a dvd available, so some links?

Thanks,
Saj

ശാശ്വത്‌ :: Saswath S Suryansh said...

ഇപ്പോള്‍ ഫ്രോഗ് യൂട്യൂബില്‍ കിട്ടുന്നതാണ്...

http://www.youtube.com/watch?v=b5mQ6_Y-hCc&feature=share

mumsy-മുംസി said...

ഈ നല്ല വായനക്ക് നന്ദി എതിരവന്‍...ഒരു ചിന്താലോകം തുറന്നിട്ടതിനും :)

muhammadrafi said...

സിനിമ യെ ഒരു പാഠമായിക്കണ്ട് നടത്തിയ നല്ല വായനാനുഭവം.

teh dini said...

Great blog youu have here